Apr 6, 2013

324 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 324


ആദ്യാഹം പ്രകൃതിസ്ഥോസ്മി സ്വസ്ഥോസ്മി മുദിതോസ്മി ച
ലോകാരാമോസ്മി രാമോസ്മി നമോ മഹ്യം നമോസ്തുതേ  (6/5/7)

വസിഷ്ഠന്‍ തുടര്‍ന്നു; രാമാ, മനസ്സ്‌, ബുദ്ധി, അഹംകാരം, ഇന്ദ്രിയങ്ങള്‍ എന്നിവയ്ക്കൊന്നും സ്വതന്ത്രമായ ഒരു  മേധാശക്തിയില്ല. അപ്പോള്‍പ്പിന്നെ ജീവനും മറ്റു പ്രഭാവങ്ങളും എവിടെയാണ് അധിവസിക്കുന്നത്? കണ്ണിന്റെ കാഴ്ച്ചത്തകരാറു കൊണ്ട് ചന്ദ്രബിംബം ഒന്നെയുളളുവെങ്കിലും അതിനെ പലതായി തോന്നുന്നതുപോലെയും, പ്രതിഫലിക്കുന്ന മാദ്ധ്യമത്തിലുണ്ടാകുന്ന ഇളക്കം പ്രതിബിംബത്തെ ചലിപ്പിക്കുന്നതുപോലെയുമാണ് ഒരെയോരാത്മാവിനെ, അല്ലെങ്കില്‍  അവബോധത്തിനെ, ചിന്തകളുടെ ചലനം ഹേതുവായി പലതായി കാണാന്‍ ഇടയാകുന്നത്. അന്ധകാരം ഇല്ലാതാവുന്നതോടെ രാത്രി അവസാനിക്കുന്നു. അതുപോലെയാണ് ആസക്തികള്‍ ഇല്ലാതാവുന്നതോടെ അവിദ്യയും മറയുന്നത്.   

വേദശാസ്ത്രങ്ങളിലെ ആഹ്വാനങ്ങള്‍ സുഖാന്വേഷണാസക്തിയെന്ന രോഗത്തെ ക്ഷണത്തില്‍ മാറ്റുവാനുള്ള ദിവ്യൗഷധമായ സൂക്തങ്ങളത്രേ. പവിഴമണിമാല കോര്‍ത്ത ചരട് പൊട്ടിയാല്‍ മണികള്‍ ഉതിര്‍ന്നുവീഴുംപോലെ മനസ്സിലെ ദുഷ്ടതയും മന്ദതയും ഇല്ലാതായാല്‍ മനസ്സും അതിന്റെ കൂട്ടുകാരും ക്ഷണത്തില്‍ ഇല്ലാതെയാകും. അതിനാല്‍ രാമാ, വേദശാസ്ത്രങ്ങളെ അവഗണിക്കുന്നവര്‍ വെറും പുഴുക്കളുടെ ജീവിതമാണ് നയിക്കുന്നത്. അത് അവരുടെ പതനത്തിനു കാരണമാകുന്നു. കാറ്റടങ്ങുമ്പോള്‍ സമുദ്രോപരിയുള്ള അലകളും അടങ്ങുന്നു. അതുപോലെ അവിദ്യാജന്യമായ വിക്ഷോഭങ്ങള്‍ ഇല്ലാതാവുമ്പോള്‍ ഭാര്യാപുത്രാദി ബന്ധങ്ങളും സുഖവസ്തുക്കളും സൃഷ്ടിക്കുന്ന  ദൃഷ്ടിഭ്രംശവും അവസാനിക്കുന്നു. 

രാമാ, നീ തീര്‍ച്ചയായും ആ സുദൃഢാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. എന്റെ വാക്കുകളെ നീ ശ്രദ്ധയോടെ ശ്രവിച്ചതിനാല്‍ നിന്നിലെ അജ്ഞാനത്തിന്റെ മൂടുപടം നീങ്ങിയിരിക്കുന്നു. സാധാരണ മനുഷ്യര്‍ പോലും അവരുടെ ഗോത്രഗുരുവിന്റെ ഉപദേശങ്ങള്‍ കേട്ട് സമൂല പരിവര്‍ത്തനത്തിന് വിധേയരാവുന്നു. അപ്പോള്‍പ്പിന്നെ നിന്നെപ്പോലെ വിശാലമായ വീക്ഷണമുള്ളവര്‍ക്ക് അതെത്ര പ്രയോജനപ്രദമായിരിക്കും!

രാമന്‍ പറഞ്ഞു: അങ്ങയുടെ വിജ്ഞാനപ്രദമായ വാക്കുകള്‍ കേട്ട് ബാഹ്യലോകത്തിന് ഞാന്‍ ഇതുവരെ കല്‍പ്പിച്ചിരുന്ന മൂല്യം നഷ്ടമായിരിക്കുന്നു. എന്നില്‍ മനസ്സ് നിലച്ചിരിക്കുന്നു. എന്നിലിപ്പോള്‍ പരമപ്രശാന്തിയാണുള്ളത്. അനന്താവബോധം അനന്തമായ നാമരൂപങ്ങളായി എന്റെ മുന്നില്‍ പ്രത്യക്ഷമാകുന്നത് ഞാന്‍ അറിയുന്നു. ഞാന്‍ ഇപ്പോള്‍ കാര്യങ്ങളെ അതിന്റെ സത്യസ്ഥിതിയില്‍ കാണുന്നു. എന്റെ സംശയങ്ങള്‍ക്കറുതിയായി. ശല്യപ്പെടുത്താന്‍ എന്നിലിപ്പോള്‍ ആകര്‍ഷണങ്ങളോ വികര്‍ഷണങ്ങളോ ഇല്ല. “സ്വരൂപത്തില്‍ അഭിരമിക്കുന്നതിനാല്‍ ഞാന്‍ സ്വസ്ഥനാണ്. സംപ്രീതനാണ്. ലോകത്തിനു മുഴുവന്‍ അഭയം പ്രാപിക്കാവുന്ന രാമനാണ് ഞാന്‍.. എനിക്കായും അങ്ങേയ്ക്കായും നമസ്കാരം!”

എന്നില്‍ മനോപാധികള്‍ ഇല്ലാതായിരിക്കുന്നു. മനസ്സ് നിലച്ചിരിക്കുന്നു. ഞാന്‍ എല്ലാറ്റിലും ആത്മാവിനെ കാണുന്നു. എന്നില്‍ എല്ലാറ്റിനെയും കാണുന്നു. ദ്വന്ദത എന്ന മായക്കാഴ്ച്ചയെ ഞാന്‍ ഇത്രകാലം കൊണ്ട് നടന്നത് എത്ര മൂഢതയായിരുന്നു! എനിക്കതോര്‍ത്ത് ചിരിവരുന്നു. അങ്ങയുടെ അമൃതസമാനമായ വാക്കുകളാണ് ഈ തിരിച്ചറിവെന്നിലുണ്ടാക്കിയത്. ഈ ലോകത്ത് ജീവിക്കുമ്പോള്‍ത്തന്നെ ഞാന്‍ ആ അനന്തപ്രഭയില്‍ അഭിരമിക്കുന്നു. വിജ്ഞാനത്തിന്റെ നിറകുടമായ അങ്ങയുടെ ഹൃദയത്തില്‍ നിന്നും നിര്‍ഗ്ഗളിച്ച  വാക്കുകളുടെ പ്രഭാപൂരത്താല്‍ ഞാന്‍ ഇപ്പോള്‍ , ഇവിടെത്തന്നെ, പരമാനന്ദത്തില്‍ അഭിരമിക്കുന്നു. 

No comments:

Post a Comment

Note: Only a member of this blog may post a comment.