Apr 29, 2013

344 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 344


തത തതശ്ച പര്യസ്തം ലുഠിതം ന ച വൃത്തിഷു
നാപരാമൃഷ്ടതത്വാര്‍ത്ഥമസ്മാകം ഭഗവന്‍മന: (6/20/35)

ഭുശുണ്ടന്‍ തുടര്‍ന്നു: നമ്മുടെ ഓര്‍മ്മയില്‍ത്തന്നെയുള്ള അനതിവിദൂരഭൂതകാലത്തെ ഒരു ലോകം നാം നേരിട്ട് കാണുകയുണ്ടായി.

വസിഷ്ഠന്‍ ചോദിച്ചു: അങ്ങയുടെ സഹോദരങ്ങള്‍ എവിടെയാണ്? ഇപ്പോള്‍ അങ്ങയെ മാത്രമേ കാണുന്നുള്ളുവല്ലോ.

ഭുശുണ്ടന്‍ തുടര്‍ന്നു: കാലമേറെക്കഴിഞ്ഞുപോയിരിക്കുന്നു മഹാമുനേ, എന്റെ സഹോദരങ്ങള്‍ അവരുടെ ഭൌതീകശരീരം ഉപേക്ഷിച്ച് ശിവലോകം പൂകി. എത്ര പാവനചരിതനും ദീര്‍ഘയുസ്സുമാണെങ്കിലും കാലത്തിന്റെ വരുതിയില്‍പ്പെട്ട് എല്ലാവര്‍ക്കും മരണത്തിനു  വഴിപ്പെടണമല്ലോ.

വസിഷ്ഠന്‍ വീണ്ടും ചോദിച്ചു: അങ്ങെങ്ങിനെയാണ് ഇക്കാലം മുഴുവന്‍ ശീതോഷ്ണങ്ങളോ കാറ്റോ തീയോ ഏശാതെ കഴിഞ്ഞു പോരുന്നത്?

ഭുശുണ്ടന്‍ തുടര്‍ന്നു: വാസ്തവത്തില്‍ കേവലം ഒരു കാകന്റെ ജന്മം അത്ര സന്തോഷപ്രദമല്ല. അതിനു കഴിഞ്ഞു കൂടാനുള്ളത് സൃഷ്ടികര്‍ത്താവ് കനിഞ്ഞരുളിത്തന്നിട്ടുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് കാക്കയോടൊരു പുച്ഛമാണല്ലോ പൊതുവേ ഉള്ളത്‌.. എന്നാല്‍ ഞങ്ങള്‍ ആത്മരതിയില്‍ ആമഗ്നരായി സന്തോഷത്തോടെ സംപ്രീതരായി കഴിഞ്ഞു വന്നു. പരമമായ ജ്ഞാനത്തിന്റെ നിറവില്‍ പലവിധ ബുദ്ധിമുട്ടുകളും തരണം ചെയ്യാന്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ടായില്ല. മനോബുദ്ധികളെ വെറുതെ പിഢിപ്പിച്ചു വലയ്ക്കുന്ന വൃഥാപ്രവര്‍ത്തങ്ങളില്‍ ഒന്നും ഞങ്ങള്‍ ഏര്‍പ്പെട്ടില്ല. ജീവനോടെയോ മരണത്തിലോ ഈ ദേഹത്ത്‌ ദുരിതങ്ങള്‍ ഒന്നുമുണ്ടായില്ല. അതുകൊണ്ട് ഞങ്ങള്‍ മാറ്റങ്ങളില്ലാതെ ഇങ്ങിനെ നിലനിന്നു. നേരത്തെതന്നെ സ്വായത്തമായി ‘ഉള്ളത’ല്ലാതെ മറ്റൊന്നും പുതുതായി ഞങ്ങള്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല.

ലോകങ്ങളുടെ നിയതിയെന്തെന്ന് ഞങ്ങള്‍ കണ്ടറിഞ്ഞു. മനസാ ഞങ്ങള്‍ ദേഹവുമായുള്ള താദാത്മ്യം പാടെ ഉപേക്ഷിച്ചിരുന്നു. ഈ മരക്കൊമ്പില്‍ ആത്മനിഷ്ഠനായിരുന്ന് ഞാന്‍ സമയത്തെ വീക്ഷിച്ചുകൊണ്ടേയിരുന്നു. നിരന്തരമായ പ്രാണായാമം മൂലം സമയത്തിന്റെ വിഭജനങ്ങൾക്ക്  അതീതമായി സഞ്ചരിക്കാൻ, അതിൽ  നിന്നും ഉയരെപ്പോകാന്‍ എനിക്കായി. ഹൃദയത്തില്‍ പ്രശാന്തി വിളയാടുകമൂലം ലോകത്തിന്റെ സംഭവഗതികള്‍ എന്നെ വ്യാകുലപ്പെടുത്തിയില്ല. എല്ലാ ജീവികളും ഇല്ലാതാവുകയോ നിലനില്‍ക്കുകയോ ചെയ്യട്ടെ. എനിക്ക് ഭയമേതുമില്ല. ആ ജീവികള്‍ എല്ലാം കാലത്തിന്റെ മഹാസമുദ്രത്തില്‍ വീണുപോയ്ക്കോട്ടെ. ഞങ്ങളെ അത് ബാധിക്കുകയില്ല. കാരണം നാം ആ സമുദ്രത്തിന്റെ കരയിലാണല്ലോ അധിവസിക്കുന്നത്. നമ്മെ യാതൊന്നും ബാധിക്കുകയില്ല. നാം ഒന്നിനെയും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. പുറമേ കാണപ്പെടുന്നപോലെയല്ല നമ്മുടെ കാര്യങ്ങൾ . അതിനാലാണ് നാം  ഈ വൃക്ഷത്തില്‍ താമസിക്കുന്നത്.

“വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും നാം മനോപാധികളില്‍ മുങ്ങിപ്പോകുന്നില്ല. സത്തെന്ന ഉണ്മയുമായുള്ള നേര്‍ബന്ധത്തില്‍ നിന്നും നാം തീരെ വ്യതിചലിക്കുന്നുമില്ല.” ഭഗവന്‍, അങ്ങയെപ്പോലെയുള്ള മഹാത്മാക്കളുമായുള്ള സത്സംഗം പാലാഴി കടഞ്ഞെടുത്ത അമൃതിനേക്കാള്‍ മൂല്യവത്താണ്. ആശകളും ആസക്തികളുമൊഴിഞ്ഞ മഹര്‍ഷിമാരുടെ സാന്നിദ്ധ്യത്തെക്കാളുപരിയായി ഞാനൊന്നും ആഗ്രഹിക്കുന്നില്ല. ഭഗവന്‍, ഞാന്‍ ആത്മജ്ഞാനമാര്‍ജ്ജിച്ച ഒരുവനാണെങ്കിലും അങ്ങയുടെ ദര്‍ശനവും സത്സംഗവും  കൊണ്ട് എന്റെ ജന്മം കൂടുതല്‍ സഫലമായതായി ഞാന്‍ കണക്കാക്കുന്നു.

Apr 28, 2013

343 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 343

താത ജ്ഞാതമലം ജ്ഞേയം ബ്രാഹ്മ്യാ ദേവ്യാഃ പ്രസാദത:
കിംത്വേകാന്തസ്ഥിതേഃ സ്ഥാനമഭിവാഞ്ഛാമ ഉത്തമം (6/19/25)

ഭുശുണ്ടന്‍ തുടര്‍ന്നു: ഇങ്ങിനെ ദേവതമാര്‍ സ്വയം മറന്ന് മേളിച്ചു മദിക്കുമ്പോള്‍ അവരുടെ വാഹനങ്ങളും ലഹരിപിടിച്ചവരേപ്പോലെ നൃത്തമാടാന്‍ തുടങ്ങി. ആലംബുഷയുടെ വാഹനമായ ചണ്ഡയുടെ (കാക്ക) കൂടെ അരയന്നപ്പിടകള്‍ നൃത്തംചെയ്തു. അങ്ങിനെ നൃത്തമാടിക്കൊണ്ടിരിക്കെ അവരില്‍  മൈഥുനാസക്തിയുണ്ടായി. മധുലഹരിയില്‍ ആയിരുന്ന അരയന്നപ്പിടകള്‍ ഓരോരുത്തരായി ഈ കാക്കയുമായി മൈഥുനത്തില്‍ ഏര്‍പ്പെട്ടു. എല്ലാവരും കാലക്രമത്തിൽ ഗര്‍ഭിണികളുമായി.

ആഘോഷമെല്ലാം കഴിഞ്ഞ് ദേവതമാര്‍ ഹരന്റെ അടുക്കല്‍ ചെന്നു. അവര്‍ ഉമയുടെ ശരീരം പാകംചെയ്ത് അദ്ദേഹത്തിനു ഭക്ഷണമായി നല്‍കി. മായാവിദ്യകൊണ്ട് ഉമയുടെ ദേഹത്തെ അവര്‍ അങ്ങിനെയാക്കിമാറ്റിയിരുന്നു. ശിവന് കാര്യം മനസ്സിലായി. ദേവതമാരോടദ്ദേഹം ദേഷ്യപ്പെട്ടു. ഉടനെതന്നെ അവര്‍ ഉമയെ പുനരുജ്ജീവിപ്പിച്ചു ഭഗവാന് മുന്നില്‍ നിര്‍ത്തി. അങ്ങിനെ ഹരന് ഉമയെ തിരിച്ചു കിട്ടി. ദേവതമാര്‍ അവരവരുടെ വാസസ്ഥലങ്ങളിലേയ്ക്ക് മടങ്ങി. ബ്രാഹ്മിയുടെ വാഹനമായ അരയന്നങ്ങള്‍ ആ മേളയിൽ  സംഭവിച്ചതെന്താണെന്ന് തങ്ങളുടെ നാഥയോടു പറഞ്ഞു. ബ്രാഹ്മി അവരോടു പറഞ്ഞു: നിങ്ങള്‍ ഗര്‍ഭിണികളായതിനാല്‍ വലിയ വയറുമായി നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ ആവില്ലല്ലോ. അതിനാല്‍ കുറച്ചുകാലത്തേയ്ക്ക് നിങ്ങള്‍ക്കിഷ്ടമുള്ള എവിടെയെങ്കിലും പോയി ജീവിച്ചുകൊള്ളുക. 

ഇത്രയും പറഞ്ഞു ബ്രാഹ്മിദേവത ധ്യാനനിരതയായി ഇരുന്നു. അരയന്നങ്ങള്‍ കാലക്രമത്തില്‍ ഇരുപത്തിയൊന്നു മുട്ടകള്‍ ഇട്ടു. താമസംവിനാ അവയെല്ലാം  വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവന്നു. അങ്ങിനെ, ചണ്ഡയുടെ വര്‍ഗ്ഗമായാണ് ഞങ്ങള്‍ ഇരുപത്തിയൊന്നു കാക്കകള്‍ ഉണ്ടായത് ഞങ്ങള്‍ അമ്മമാരോടൊപ്പം കുലദേവതയായ  ബ്രാഹ്മിയെ ഉപാസിക്കുന്നു. ആ ദേവിയുടെ കൃപയാല്‍ ഞങ്ങള്‍ക്ക് ആത്മജ്ഞാനം സിദ്ധമായിട്ടുണ്ട്. ഞങ്ങൾ സദാ മുക്തരുമാണ് . 

അങ്ങിനെയിരിക്കെ ഞങ്ങളുടെ പിതാവ് അടുത്തുവന്നു ഞങ്ങളെ ആലിംഗനം ചെയ്തു. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പിന്നീട് ആലംബുഷാദേവിയെ പൂജിച്ചു.

ചണ്ഡന്‍ പറഞ്ഞു: കുഞ്ഞുങ്ങളേ വാസനകളാകുന്ന കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ്, മാനസീകോപാധികളുടെ ശല്യമില്ലാതെ പ്രത്യക്ഷലോകമെന്ന വലയില്‍ നിന്നും നിങ്ങള്‍ എന്നെങ്കിലും പുറത്തുകടന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ വരൂ, പരമോന്നതജ്ഞാനം പ്രദാനം ചെയ്യാന്‍ കഴിവുള്ള ആ ദേവതയെ  നമുക്ക്‌ ഒരുമിച്ചു പൂജിക്കാം.

ഞങ്ങള്‍ പറഞ്ഞു: ‘പിതാവേ, ബ്രാഹ്മിദേവതയുടെ കൃപകൊണ്ട് കിട്ടാന്‍ യോഗ്യമായവയില്‍ വെച്ചേറ്റവും പരമമായ ജ്ഞാനം ഞങ്ങള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്ക്‌ താമസിക്കാന്‍ ഉചിതമായ, വിജനമായ ഒരിടം ഇനി കണ്ടെത്തുകയാണാവശ്യം.”

ചണ്ഡന്‍ പറഞ്ഞു: ലോകത്ത് ഏറ്റവും ഉത്തമമായ ഒരു പര്‍വ്വതമുണ്ട്. മേരു എന്നാണതിന് പേര്. പതിന്നാലുലോകങ്ങളെയും അതില്‍ നിവസിക്കുന്ന ജീവികളെയും മെര് പർവ്വതം  താങ്ങി നിര്‍ത്തുന്നു. ദേവന്മാരും മഹര്‍ഷികളും അവിടെയാണ് വാസം. അതില്‍ അഭീഷ്ടവരപ്രദായിനിയായ ഒരു വൻമരമുണ്ട്. ആലംബുഷാ ദേവി ധ്യാനത്തിലിരുന്ന അവസരത്തില്‍ അതിന്റെ ഒരു ചില്ലയില്‍ പണ്ട് ഞാനൊരു കൂടു കൂട്ടിയിരുന്നു. എല്ലാവിധത്തിലും നല്ലൊരു കൂടായിരുന്നു അത്. കുഞ്ഞുങ്ങളേ, നിങ്ങള്‍ക്കതില്‍പ്പോയി താമസിക്കാം. യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. അച്ഛന്റെ നിര്‍ദ്ദേശപ്രകാരം ഞങ്ങളെല്ലാം ഇവിടെവന്ന് ആ കൂട്ടില്‍ താമസമാക്കി. 

Apr 27, 2013

342 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 342


അഥേയമായയൌ  താസാം കഥാവസരത: കഥാ
അസ്മാനുമാപതിര്‍ദേവ: കിം പശ്യത്യവഹേലയാ  (6/18/27)

ഭുശുണ്ടന്‍ പറഞ്ഞു: ഈ വിശ്വത്തില്‍ ഹരന്‍ എന്നുപേരായ ഒരു ദേവാദിദേവനുണ്ട്. സ്വര്‍ഗ്ഗത്തിലെ ദേവന്മാര്‍ക്കുപോലും  ഭഗവാനായി അദ്ദേഹം വാഴുന്നു. അദ്ദേഹത്തിന്‍റെ ദേഹത്തിന്റെപകുതിഭാഗം ഭാര്യയാണ്. ഉമ. അദ്ദേഹത്തിന്‍റെ ജടാമകുടത്തില്‍ നിന്നും ഗംഗ ഒഴുകുന്നു. തലയില്‍ ചന്ദ്രക്കല തിളങ്ങുന്നു. ഭീകരനായൊരു മൂര്‍ഖന്‍ പാമ്പ്‌ അദ്ദേഹത്തിന്‍റെ കഴുത്തുചുറ്റിക്കിടക്കുന്നു. എന്നാല്‍ ചന്ദ്രനില്‍ നിന്നും ഒഴുകുന്ന അമൃതിന്റെ പ്രാബല്യം കൊണ്ട് പാമ്പിന്റെ വിഷത്തിനു വീര്യം ഇല്ലാതായിപ്പോയിരിക്കുന്നു. അദ്ദേഹത്തിന്‍റെ ദേഹമാകെ ദിവ്യമായ ഭസ്മം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അതുമാത്രമാണ് ഹരന് ഭൂഷണമായുള്ളത്. ചുടലക്കളത്തിലാണദ്ദേഹം നിവസിക്കുന്നത്.

അദ്ദേഹം തന്റെ കഴുത്തില്‍ തലയോട്ടികള്‍ കോര്‍ത്ത ഒരു മാലയണിഞ്ഞിട്ടുണ്ട്. വെറും നോട്ടംകൊണ്ട് അസുരന്മാരെ അദ്ദേഹം ഭാസ്മമാക്കുന്നു. ലോകത്തിന്റെ കല്യാണമാണ് അവിടുത്തെ ഏക ലക്ഷ്യം. ഇപ്പോഴും ധ്യാനലീനരെന്നപോലെ നിലകൊള്ളുന്ന പര്‍വ്വതങ്ങളും കുന്നുകളും ആ ദേവനെ പ്രതിനിധാനം ചെയ്യുന്നു. കരടി, ഒട്ടകം, എലി മുതലായ ജീവികളുടെ മുഖത്തോടെയുള്ള ഭൂതഗണങ്ങള്‍ അദ്ദേഹത്തിനു സേവകരായുണ്ട്. അവരുടെ കയ്യുകള്‍ വാള്‍മുനകളെപ്പോലെ മൂര്‍ച്ചയേറിയതാണ്. മൂന്നു തിളക്കമുറ്റ കണ്ണുകള്‍ അദ്ദേഹത്തിനുണ്ട്. ഭൂതപിശാചുക്കള്‍ അദ്ദേഹത്തിനെ നമസ്കരിക്കുന്നു.  

പതിന്നാല് ലോകങ്ങളിലെയും ജീവികളെ ആഹരിക്കുന്ന പിശാചിനികളും ദേവതകളും ഹരന് മുന്നില്‍ നൃത്തമാടുന്നു. അവര്‍ക്ക് പലവിധ മൃഗങ്ങളുടെ മുഖങ്ങളാണുള്ളത്. മലമുകളിലും, ആകാശത്തും വിവിധ ലോകങ്ങളിലും ചുടലക്കളങ്ങളിലും രൂപമെടുത്തവരുടെ ദേഹത്തിലും അവര്‍ ജീവിക്കുന്നു. അവരില്‍ എട്ടു ദേവതമാര്‍ പ്രധാനികളത്രേ. ജയ, വിജയ, ജയന്തി, അപരാജിത,സിദ്ധ, രക്ത, ആലംബുഷ, ഉത്പല എന്നിങ്ങിനെയാണവരുടെ നാമങ്ങള്‍ .  മറ്റുള്ളവര്‍ ഈ എട്ടുപേരെ പിന്തുടരുന്നു. ഇവരില്‍ ആലംബുഷയാണ് ഏറ്റവും പ്രസിദ്ധ. അവളുടെ വാഹനം അതീവ ശക്തിയുള്ള നീലനിറത്തിലുള്ള ചണ്ഡ എന്ന് പേരായ ഒരു കാക്കയാണ്.

ഒരിക്കല്‍ ഈ ദേവതമാര്‍ എല്ലാവരുംകൂടി ആകാശത്തൊരിടത്ത് സഭചേര്‍ന്നു. രുദ്രന്റെ അംശമായ തുംബുരു എന്ന ഒരു ദേവനെ അവര്‍ ആദ്യം തന്നെ പൂജിച്ചു. എന്നിട്ട് പരമസത്യം വെളിപ്പെടുത്താനുതകുന്ന വാമമാര്‍ഗ്ഗത്തിലുള്ള ഒരനുഷ്ഠാനത്തില്‍ അവര്‍ ഏര്‍പ്പെട്ടു. മധുവുണ്ട് മയങ്ങിയവരെപ്പോലെ നൃത്തം ചെയ്ത് അവര്‍ തുംബുരുവിനെയും ഭൈരവനെയും പലവിധത്തിലും പൂജിച്ചു. 

“താമസംവിനാ അവര്‍ ഇങ്ങിനെ ചര്‍ച്ചചെയ്യാന്‍ തുടങ്ങി: എന്തുകൊണ്ടാണ് ഉമാപതിയായ ഹരന്‍ നമ്മോട് ഇങ്ങിനെ പുച്ഛത്തോടെ പെരുമാറുന്നത്?” എന്നിട്ടവര്‍ ഇപ്രകാരം തീരുമാനിച്ചു: നാം നമ്മുടെ ശക്തിയെന്തെന്ന് കാണിച്ചുകൊടുക്കണം. എന്നാൽ പിന്നീട്ദ്ദേഹം അങ്ങിനെ നമ്മോറെ മോശമായി പെരുമാറുകയില്ല.! അവര്‍ മായാവിദ്യകൊണ്ട് ഉമയെ ചിന്താക്കുഴപ്പത്തിലാക്കി, ഹരന്റെ അടുത്തുനിന്നും അകറ്റി. എന്നിട്ടവര്‍ ആനന്ദനൃത്തം ചെയ്തു. ചിലര്‍ മദിര കുടിച്ചു, ചിലര്‍ ആടി, ചിലര്‍ പാടി. ഉറക്കെ പൊട്ടിച്ചിരിച്ചു. ചിലര്‍ ഓടി, മറിഞ്ഞു വീണു. ചിലര്‍ മാംസം ഭക്ഷിച്ചു. ലഹരിയില്‍ മുങ്ങിയ അവരുടെ പ്രവൃത്തികള്‍ ഭൂമിയില്‍ ആകെ ക്രമസമാധാനത്തിന് ഭംഗം വരുത്തി.

Apr 26, 2013

341 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 341


അഹോ ഭഗവാതാസ്മാകം പ്രസാദോ ദര്‍ശിതാശ്ചിരാത്
ദര്‍ശനാമൃതസേകേന യത്സിക്താ സദ്‌ദൃമാ വയം (6/16/10)

വസിഷ്ഠന്‍ തുടര്‍ന്നു: ആ മരക്കൊമ്പിൽ ഇരുന്ന ഭുശുണ്ടന്റെ മുന്നില്‍ത്തന്നെ ഞാന്‍ ആകാശമാർഗ്ഗേ ചെന്നിറങ്ങി. ഞാന്‍ വസിഷ്ഠനാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഉചിതമായ ആചാരോപചാരങ്ങളോടെ അദ്ദേഹമെന്നെ സ്വീകരിച്ചു. ചിന്താമാത്രേണ അദ്ദേഹം പൂക്കള്‍ വരുത്തി എന്നെ അര്‍ച്ചിച്ചു. എന്നെ അടുത്തു വിളിച്ചിരുത്തി അദ്ദേഹം പറഞ്ഞു: “ഏറെക്കാലമെടുത്തുവെങ്കിലും ഒടുവില്‍ അങ്ങയുടെ ദര്‍ശനം ഞങ്ങള്‍ക്കുണ്ടായത് മഹാഭാഗ്യം. അങ്ങയുടെ സാന്നിദ്ധ്യത്തിന്റെയും സത്സംഗത്തിന്റെയും മധുരസം ഞങ്ങള്‍ക്ക് പുതുമയുള്ള ഒരു മരം കണ്ടെന്നപോലൊരുണര്‍വ്വ് നല്‍കിയിരിക്കുന്നു.”  

അങ്ങ് പൂജനീയരായവരില്‍ അഗ്രഗണ്യനാണ്. എന്റെ സഞ്ചിതപുണ്യത്തിന്റെ ഫലോദയമാണവിടുത്തെ സന്ദര്‍ശനം. ഇപ്പോള്‍ അങ്ങ് ആഗതനായത്തിന്റെ ഉദ്ദേശം എന്താണെന്ന് അരുളിയാലും. പ്രത്യക്ഷലോകമെന്ന മിഥ്യയെപ്പറ്റി  നിസ്തന്ദ്രമായി ചെയ്ത ആത്മാന്വേഷണത്തിന്റെ ഫലമാവണം അങ്ങയുടെ ഹൃദയത്തില്‍ ആത്മജ്ഞാനത്തിന്റെ വെളിച്ചം പ്രഭപരത്തി നിൽക്കാൻ ഇടയാക്കുന്നത്‌. അങ്ങെന്തിനാണിപ്പോള്‍  ഇവിടെ വന്നത്? ആഹാ; ആ തൃപ്പാദങ്ങള്‍ ദൂരെനിന്നു കണ്ടപ്പോഴേ അങ്ങയുടെ ആഗമനോദ്ദേശം എനിക്കൂഹിക്കാനാവുന്നുണ്ട്. എന്റെ ദീര്‍ഘയുസ്സിന്റെ രഹസ്യം എന്തെന്നറിയാനാണ്, അല്ലേ? എങ്കിലും അങ്ങയുടെ വാക്കുകളില്‍ത്തന്നെ അത് കേള്‍ക്കാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്.

അതിനുത്തരമായി ഞാന്‍ പറഞ്ഞു: എപ്പോഴും പ്രശാന്തത അനുഭവിക്കുന്ന അങ്ങ് എത്രമേല്‍ അനുഗ്രഹീതനാണ്! ഏറ്റവും വലിയ നേട്ടമായ ആത്മജ്ഞാനം അങ്ങേയ്ക്ക് സ്വായത്തവുമാണ്. ലോകമെന്ന ഈ കെട്ടുകാഴ്ചയുടെ വലയില്‍ അങ്ങ് ഒരിക്കലും വീഴുന്നില്ല. അങ്ങയെപ്പറ്റി കൂടുതല്‍ പറഞ്ഞു തന്നാലും. അങ്ങയുടെ ഗോത്രമേതാണ്? നേടാന്‍ യോഗ്യമായുള്ള ആ പരമജ്ഞാനം എങ്ങിനെയാണങ്ങു പ്രാപിച്ചത്‌? ഇപ്പോള്‍ അങ്ങേയ്ക്കെത്ര വയസ്സായി? ഭൂതകാലത്തെപ്പറ്റി അങ്ങ് ഓര്‍ക്കുന്നുണ്ടോ? അങ്ങേയ്ക്ക് ദീര്‍ഘായുസ്സ്‌ അനുഗ്രഹമായി അരുളിനല്‍കിയതാരാണ്? അങ്ങ് ഈ മരത്തില്‍ വസിക്കുന്നതിന് കാരണമെന്താണ്?

ഭുശുണ്ടന്‍ പറഞ്ഞു: അങ്ങ് ഇതെല്ലാം ചോദിച്ചതിനാല്‍ ഞാന്‍ വിശദമായിത്തന്നെ മറുപടി നല്‍കാം. ദയവായി ശ്രദ്ധിച്ചു കേട്ടാലും. ഞാന്‍ പറയാന്‍ പോവുന്ന കഥ, പറയുന്നവരുടെയും കേള്‍ക്കുന്നവരുടെയും പാപങ്ങളെ ഇല്ലാതാക്കാന്‍ പോന്നത്ര പ്രചോദനപരമാണ്.

രാമാ, ഇത്രയും പറഞ്ഞ് അദ്ദേഹം തന്റെ കഥയാരംഭിച്ചു. ആ വാക്കുകള്‍ ഗഹനമെങ്കിലും അതീവ സൌമ്യമായിരുന്നു. എല്ലാ ആശകള്‍ക്കും സുഖാസക്തികള്‍ക്കും അതീതനായിരുന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് എന്തെന്നില്ലാത്ത ശക്തിയും വശ്യതയും ഉണ്ടായിരുന്നു. സ്വയം സംപൂര്‍ണ്ണനായതുകൊണ്ട് അദ്ദേഹത്തിന്‍റെ ഹൃദയം നിര്‍മ്മലമായിരുന്നു. സർവ്വ സൃഷ്ടികളുടെയും  ജനനമരണങ്ങളെപ്പറ്റിയെല്ലാം അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ മധുരതരമായിരുന്നു. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ മഹത്വവും പ്രാഭവവും അദ്ദേഹത്തില്‍ കാണായി. അദ്ദേഹത്തിന്റെ അമൃതസമാനമായ വാക്കുകള്‍ എന്തൊക്കെയായിരുന്നുവെന്ന്  ഇനി ഞാൻ പറഞ്ഞു തരാം 

Apr 24, 2013

340യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 340


സ യഥാ ജീവതി ഖഗസ്തഥേഹ യദി ജീവ്യതേ
തദ്ഭവേജ്ജീവിതം പുണ്യം ദീര്‍ഘം ചോദയമേവ ച (6/14/11)

വസിഷ്ഠന്‍ തുടര്‍ന്നു:  അനന്തവും അവിച്ഛിന്നവുമായ ബോധത്തിന്റെ ഒരു മൂലയിലായി മരുമരീചികയായി പ്രത്യക്ഷലോകം നിലകൊള്ളുന്നു എന്നപോലെയാണ് കാര്യങ്ങള്‍.. ഈ ലോകത്തിന്റെ കാരണമായ, സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് താമസിക്കുന്നതവിടെയാണ്. ആ ബ്രഹ്മാവിന്റെ മാനസപുത്രനാണ് ഞാന്‍.. ഒരിക്കല്‍ ഞാന്‍ ഇന്ദ്രന്‍ വാഴുന്ന സ്വര്‍ഗ്ഗരാജ്യത്തുള്ളപ്പോള്‍ ദീര്‍ഘകാലം ജീവിച്ചിരുന്നവരെപ്പറ്റി നാരദാദി മുനിമാര്‍ പറയുന്ന ചില കഥകള്‍ കേട്ടിരുന്നു.

സംസാരമദ്ധ്യേ സതതപന്‍ എന്നുപേരായ ഒരു മാമുനി ഇങ്ങിനെ പറഞ്ഞു: മേരുപര്‍വ്വതത്തിന്റെ ഒരു കോണില്‍ അഭീഷ്ടങ്ങളെ സാധിപ്പിക്കുന്ന ഒരു മരമുണ്ട്. കൂടം എന്നാണതിന്റെ പേര്. അതിന്റെ ഇലകള്‍ സ്വര്‍ണ്ണംകൊണ്ടും വെള്ളികൊണ്ടും ഉള്ളവയാണ്. ആ മരത്തിന്റെ ഒരു ചില്ലയില്‍ ഭൂശുണ്ടന്‍ എന്ന് പേരായ ഒരു കാക്ക നിവസിക്കുന്നുണ്ട്. ഭുശുണ്ടന്‍ എല്ലാവിധ ആസക്തികള്‍ക്കും വിരക്തികള്‍ക്കും അതീതനായി കഴിഞ്ഞുവന്നു. ആ കാക്കയെക്കാള്‍ ആയുസ്സുള്ളതായി ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ ആരും ഉണ്ടായിരുന്നില്ല. ദീര്‍ഘായുസ്സ് മാത്രമല്ല, അയാള്‍ പ്രബുദ്ധനും പ്രശാന്തനുമായിരുന്നു താനും.

“അയാളെപ്പോലെ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ജീവിക്കാനാവുമെങ്കില്‍ അത് അതിപ്രശംസനീയവും പുണ്യപ്രദവും ആയിരിക്കും.” ഞാനീ വാക്കുകള്‍ കേട്ട് വളരെയധികം പ്രചോദിതനായി. ഉടനെതന്നെ ഞാന്‍ കാകഭുശുണ്ടനെ കാണാന്‍ പുറപ്പെട്ടു. അദ്ദേഹം ജീവിച്ചിരുന്ന മേരുപര്‍വ്വതത്തില്‍ ക്ഷണത്തില്‍ ഞാനെത്തിച്ചേര്‍ന്നു.യോഗാഭ്യാസത്തിലൂടെ തന്റെ സുഷുമ്നാനാഡിയുടെ (മേരുവെന്നും ഇതിനു പേരുണ്ട്) അഗ്രത്തുള്ള ശിരോമകുടത്തിലെ ചക്രം ഉണര്‍ന്ന യോഗിയുടെ മുഖപ്രസാദം പോലെ ആ പര്‍വ്വതം ശോഭായമാനമായിരുന്നു.  

മേരുപര്‍വ്വതശിഖരം സ്വര്‍ഗ്ഗംവരെ ഉയര്‍ന്നു നിന്നു. ഇലകളും പൂക്കളും രത്നങ്ങളെപ്പോലെ തിളങ്ങുന്ന കൂടമരം ആകാശംമുട്ടെ വളര്‍ന്ന്  അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അതില്‍ നിവസിക്കുന്ന യക്ഷകിന്നരന്മാര്‍ തങ്ങളുടെ മധുരാലാപനംകൊണ്ട് അവിടമാകെ മുഖരിതമാക്കിയിരുന്നു. പൂര്‍ണ്ണപ്രബുദ്ധരായ മാമുനിമാര്‍ അവരവര്‍ക്കിഷ്ടപ്പെട്ട രൂപഭാവങ്ങളില്‍ ആ മരത്തില്‍ നിവസിച്ചിരുന്നു. അളക്കാന്‍ വയ്യാത്തത്ര വലുപ്പത്തിലുള്ള ഒരു വന്മരമായിരുന്നു അത്. പലജാതി പക്ഷികള്‍ അതില്‍ പാര്‍ത്തിരുന്നു. ബ്രഹ്മാവിന്റെ വാഹനമായ അരയന്നവും അതിലുണ്ടായിരുന്നു. വേദശാസ്ത്രങ്ങളില്‍ അവഗാഹമുള്ള പക്ഷി, ശുകന്‍ അതിലുണ്ടായിരുന്നു. അഗ്നിദേവന്റെ വാഹനമാണ് ശുകന്‍.. ഭഗവാന്‍ കാര്‍ത്തികേയന്റെ വാഹനമായ മയിലും അവിടെയുണ്ടായിരുന്നു. ഭരദ്വാജന്‍ എന്ന പക്ഷിയും മറ്റു കിളികളും അവിടെയുണ്ട്. 

ആ മരത്തില്‍ ദൂരത്തായി ഞാന്‍ കുറെ കാക്കകളെയും കണ്ടു. അക്കൂട്ടത്തില്‍ കാകഭുശുണ്ടന്‍ പ്രശാന്തനായി ഇരിക്കുന്നു. അദ്ദേഹം സ്വയാര്‍ജ്ജിതമായ പ്രഭാപൂരത്തോടെ സുന്ദരനായി അവിടെ നിന്നു. അനേകം യുഗങ്ങള്‍ താണ്ടിയ ജീവിതമാണ് ദീര്‍ഘായുസ്സായ കാകഭുശുണ്ടന്‍റെത്‌. അതിനാല്‍ ഏറെ യുഗങ്ങള്‍ക്കപ്പുറം ജീവിച്ചിരുന്നവരെപ്പറ്റിപ്പോലും അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം നിശ്ശബദനായിരുന്നു. ‘ഞാന്‍, എന്റെ, തുടങ്ങിയ ഭാവങ്ങള്‍ ഇല്ലാത്ത ഭുശുണ്ടന്‍ എല്ലാവര്‍ക്കും സുഹൃത്തും ബന്ധുവും ആയിരുന്നു.

Apr 22, 2013

339യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 339


സംസാരോത്തരണേ യുക്തിര്‍യോഗശബ്ദേന കഥ്യതേ
തം വിദ്ധി ദ്വിപ്രകാരം ത്വം ചിത്തോപശമധര്‍മിണീം (6/13/3)

സത്യസാക്ഷാത്ക്കാരത്തിന്റെ നിറവില്‍ മഹാത്മാക്കളായ ഋഷികള്‍ സമതയിലും പ്രശാന്തതയിലും അഭിരമിച്ച് എക്കാലവും വാണിരുന്നു. അവരില്‍ മനോപാധികള്‍ ഇല്ലാതിരുന്നതുകൊണ്ട് ജീവിതമോ മരണമോ ഒന്നും അവര്‍ പ്രത്യേകിച്ച് ആഗ്രഹിക്കുകയോ തിരസ്കരിക്കുകയോ ചെയ്തില്ല. മേരുപര്‍വ്വതമെന്നപോലെ സുദൃഢമായി അവര്‍ തങ്ങളുടെ നേരനുഭവത്തിന്റെ വെളിച്ചത്തില്‍ അക്ഷോഭ്യരായി നിലകൊണ്ടു. എങ്കിലും അവര്‍ കാട്ടിലും ദ്വീപുകളിലും, നഗരങ്ങളും കൂടാതെ ദേവതകളെപ്പോലെ ആകാശങ്ങളിലും കറങ്ങി നടന്നു. അവര്‍ ശത്രുക്കളെ വെന്നു, രാജ്യങ്ങള്‍ ഭരിച്ചു. വൈവിദ്ധ്യമാര്‍ന്നതും ഉചിതവുമായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ സദാ മുഴുകിയിരുന്നു. ശാസ്തോക്തമായ ഉചിതകര്‍മ്മങ്ങള്‍ എന്തൊക്കെയെന്ന് അവര്‍ക്കറിയാമായിരുന്നു.

അവര്‍ ജീവിതസുഖങ്ങള്‍ അനുഭവിച്ചു. നന്ദനോദ്യാനങ്ങള്‍ സന്ദര്‍ശിച്ചു. അവരെ സ്വര്‍ഗ്ഗീയസുന്ദരികള്‍ പരിചരിച്ചു. ഒരു ഗൃഹസ്ഥന്റെ കടമകളും അവര്‍ ഭംഗിയായി നിര്‍വ്വഹിച്ചു. അവര്‍ മഹത്തായ യുദ്ധങ്ങളില്‍ പങ്കെടുത്തു. മറ്റുള്ളവര്‍ക്ക് പ്രശാന്തി നഷ്ടപ്പെടുന്ന അവസരങ്ങളില്‍പ്പോലും അവരുടെ സമതാഭാവത്തില്‍ മാറ്റമേതുമുണ്ടായില്ല. അവരുടെ മാന:ശാന്തിക്ക് കോട്ടമുണ്ടായില്ല. അവരുടെ മനസ്സ് പൂര്‍ണ്ണമായി സത്വഭാവമാര്‍ജ്ജിച്ചു കഴിഞ്ഞിരുന്നതിനാല്‍ അവര്‍ ഭ്രമചിന്തകളില്‍ നിന്നും മുക്തരായിരുന്നു. ‘ഞാന്‍ ഇത് ചെയ്യുന്നു’ എന്ന തരം അഹംഭാവത്തോടെ അവര്‍ നേട്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. അതേസമയം ഉണ്ടായ നേട്ടങ്ങളെയോ പരിശ്രമഫലങ്ങളെയോ  അവര്‍ നിരസിച്ചതുമില്ല.

ശത്രുക്കളെ വെല്ലുന്നതില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചില്ല. അതുപോലെ സ്വയം പരാജയം ഏറ്റുവാങ്ങേണ്ടിവരുമ്പോള്‍ ഖേദിച്ചുമില്ല. അവര്‍ അനിച്ഛാപൂര്‍വം നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭംഗിയായി നടത്തിവന്നു. രാമാ നീയും അവരുടെ മാര്‍ഗ്ഗം പിന്തുടരൂ. 

നിന്നിലെ വ്യക്തിത്വമാവുന്ന അഹംഭാവം ഉപേക്ഷിച്ച് ഉചിതമായും സ്വാഭാവീകമായും നിന്നില്‍നിന്നും ഉണ്ടാവുന്ന കര്‍മ്മങ്ങള്‍ അനവരതം നടക്കട്ടെ. അവിച്ഛിന്നമായ അനന്താവബോധം മാത്രമാണ് സത്യം. അതാണീ വൈവിദ്ധ്യങ്ങളുടെ കാഴ്ചയ്ക്ക് ഹേതുവാകുന്നത്. എന്നാലീ വൈദ്ധ്യമായ കാഴ്ചകളെ സത്തെന്നോ അസത്തെന്നോ നിര്‍വചിക്കുക വയ്യ. അതിനാല്‍ ഒന്നിനോടും ആസക്തികൂടാതെ പൂര്‍ണ്ണമായും ജീവിതത്തെ കൊണ്ടാടൂ. വെറുമൊരജ്ഞനെപ്പോലെ നീയെന്തിനാണ് രാമാ വിഷാദാകുലനാവുന്നത്?   

രാമന്‍ പറഞ്ഞു: ഭഗവന്‍, അങ്ങയുടെ കൃപകൊണ്ട് ഞാന്‍ സത്യത്തിലേയ്ക്ക് ഉണര്‍ന്നിരിക്കുന്നു. എന്നിലെ ഭ്രമചിന്തകള്‍ അസ്തമിച്ചിരിക്കുന്നു. അങ്ങയുടെ ഉപദേശപ്രകാരം ഞാന്‍ പ്രവര്‍ത്തിച്ചുകൊള്ളാം. ഇപ്പോള്‍ ജീവന്മുക്തന്റെ അവസ്ഥയില്‍ ഞാന്‍ അഭിരമിക്കുന്നു. പ്രാണനെ നിയന്ത്രണം ചെയ്തുകൊണ്ട്, പരിമിതികളെയും മനോപാധികളെയും ഒഴിവാക്കി ഒരുവന്‍ എങ്ങിനെയാണീ മുക്താവസ്ഥയില്‍ നിലകൊള്ളുന്നതെന്നു ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ തുടര്‍ന്നു: “ജനനമരണചക്രത്തിന്റെ ആവര്‍ത്തനം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗത്തിന് യോഗം എന്ന് പറയും. മനസ്സിനതീതമായ അതീന്ദ്രിയാവസ്ഥയാണത്. രണ്ടു  തരത്തിലാണതുള്ളത്.” ആത്മജ്ഞാനം വഴിയും പ്രാണായാമം വഴിയുമാണതു സാധിക്കുക. എങ്കിലും പൊതുവേ യോഗം എന്ന് പറയുമ്പോള്‍ പ്രാണായാമം എന്നാണ് വിവക്ഷ. രണ്ടു മാര്‍ഗ്ഗങ്ങളും ഒരേ ലക്ഷ്യത്തിലേയ്ക്കു നയിക്കുന്നു. ചിലര്‍ക്ക് ആത്മജ്ഞാനമാര്‍ജ്ജിക്കുക എന്നത് എളുപ്പമല്ല. മറ്റു ചിലര്‍ക്ക് യോഗം എളുപ്പമല്ല. എന്നാല്‍ ആത്മജ്ഞാനമാര്‍ഗ്ഗമാണ് എളുപ്പമെന്നു ഞാനുറപ്പിച്ചു പറയുന്നു. കാരണം ഇപ്പോഴും എങ്ങും നിറഞ്ഞു വിളങ്ങുന്ന സത്യമാണല്ലോ അത്. ഇനി ഞാന്‍ നിനക്ക് യോഗത്തെപ്പറ്റി പറഞ്ഞു തരാം.

Apr 21, 2013

338 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 338


അഖിലമിദമഹം മമൈവ സര്‍വ്വം
ത്വഹമപി നാഹമഥേതരച്ച നാഹം
ഇതി വിദിതവതോ ജഗത്‌കൃതം മേ
സ്ഥിരമഥവാസ്തു ഗതജ്വരോ ഭവാമി (6/11/112)

വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാ സ്വര്‍ണ്ണാഭരണങ്ങളുടെയും സത്ത സ്വര്‍ണ്ണം തന്നെയാണെന്നതുപോലെ ദേഹത്തിലെ ശുദ്ധമായ അവബോധം ഞാനാണ്. അകത്തും പുറത്തും എല്ലാടവും വ്യാപരിച്ചിരിക്കുന്ന ആത്മാവാണ് ഞാന്‍.. സ്വയം മലിനമാവാതെയും മാറ്റങ്ങള്‍ക്ക് വിധേയമാവാതെയും അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന ബോധമാണ് ഞാന്‍.. ചിന്തകളെ ഫലപ്രദമാക്കുന്ന ആ പൊരുളിനെ, പ്രോജ്വലത്തായ വസ്തുക്കളുടെ ഭാസുരതയായ ആ വസ്തുവിനെ, പരമമായ ആ നേട്ടത്തെ, അവയവങ്ങളെ ചൈതന്യവത്താക്കുന്ന ആ ബോധത്തെ,  എപ്പോഴും അവബോധമായുണര്‍ന്നു വിലസുന്ന ആ ആത്മാവിനെ ഞാന്‍ നമിക്കുന്നു. തികച്ചും ജാഗ്രരൂകമാണെങ്കിലും ദീര്‍ഘസുഷുപ്തിയിലെന്നവണ്ണം വികലതകളോ വിഭ്രമങ്ങളോ ബാധിക്കാതെ അണുമാത്രകളിലെല്ലാം അനവരതം കമ്പനം ചെയ്തുകൊണ്ട് നില്‍ക്കുന്ന ആ അവിച്ഛിന്നബ്രഹ്മത്തിനെന്റെ നമോവാകം.
     
വിശ്വത്തിലെ ഓരോരോ വസ്തുവിനും വ്യതിരിക്തമായ സ്വഭാവസവിശേഷതകള്‍ നല്‍കുന്നതും അവകളിലെല്ലാം നിലകൊണ്ടു വിളങ്ങുന്നതും ആ ബോധമാണ്. എല്ലാവര്‍ക്കും ഏറ്റവും അടുത്തുള്ളതാണതെങ്കിലും മനസ്സും ഇന്ദ്രിയങ്ങളും ഉള്ളിടത്തോളം കാലം വളരെയേറെ അകലത്താണതെന്നു തോന്നിക്കുന്ന സത്തയാണ് ബോധം.

ജാഗ്രദ്‌-സ്വപ്ന-സുഷുപ്തി അവസ്ഥകളിലും സജാതീയവും നിസ്തന്ദ്രവുമായ വിഷയ-വിഷയി അനുഭവങ്ങള്‍ നല്‍കുന്നതും നാലാമത്തെ അവസ്ഥയില്‍ ചിന്തകളൊടുങ്ങി, ഇഷ്ടാനിഷ്ടങ്ങള്‍ അവസാനിച്ച് വിളങ്ങുന്ന സത്ത ബോധമാണ്.  ആശകളോ അഹംകാരമോ ഇല്ലാത്തതും വിഭജിക്കാനരുതാത്തതുമായ ആ ബോധത്തെ ഞാന്‍ നമിക്കുന്നു. എല്ലാവിധ വൈവിദ്ധ്യങ്ങള്‍ക്കും അതീതമാണെങ്കിലും എല്ലാറ്റിന്റെയും അന്തര്യാമിയായ ബോധത്തെ ഞാന്‍ സാക്ഷാത്ക്കരിച്ചിരിക്കുന്നു. 

അനന്തകോടി ജീവജാലങ്ങള്‍ പക്ഷികളെപ്പോലെ വന്നു വീഴുന്ന പ്രപഞ്ചമെന്ന വലയാണത്. എല്ലാ ലോകങ്ങളും അവിടെയാണ് പ്രകടമാവുന്നത്. എന്നാല്‍ വാസ്തവത്തില്‍ യാതൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല തന്നെ. ആ ബോധം ഭാവാഭാവങ്ങളുടെ ഇരിപ്പിടമാണ്. എല്ലാ നന്മകളുടെയും പവിത്രതയുടെയും പരമോന്നത ഗേഹമാണ്. സ്വയം മുക്തവും എകാത്മകവും ആണെങ്കിലും അതാണ്‌ എല്ലാ ജീവജാലങ്ങളുടെയും ഭാഗം അഭിനയിച്ചു രസിക്കുന്നത്. സ്നേഹത്തിന്റെയും ശാന്തിയുടെയും സ്രോതസ്സാണത്.    

എല്ലാ ജീവജാലങ്ങളുടെയും ജീവനാണത്. മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത, ആര്‍ക്കും കവരാനാവാത്ത അമൃതാണത്. ശാശ്വതമായ സത്തയാണത്. ഇന്ദ്രിയാനുഭവങ്ങളില്‍ പ്രതിഫലിക്കപ്പെടുമെങ്കിലും അവയ്ക്ക് അനുഭവവേദ്യമല്ലാ അത്. അതില്‍ എല്ലാ ജീവികളും അഭിരമിക്കുന്നു. എന്നാല്‍ അത് സ്വയം എല്ലാ ആനന്ദാനുഭവങ്ങള്‍ക്കും അതീതമായി നിലകൊള്ളുന്നു. ഏറ്റവും മഹത്തരമാണത് – എന്നാല്‍ എല്ലാ മാഹാത്മ്യങ്ങള്‍ക്കും പുകഴുകള്‍ക്കും അതീതമാണത്.      

എല്ലാം പ്രവര്‍ത്തനോന്മുഖമാക്കുന്നത് അതാണെന്ന് തോന്നുമെന്കിലും അതൊന്നും ചെയ്യുന്നില്ല.

“ഇതെല്ലാം ഞാനാണ്; ഇതെല്ലാം എന്റേതാണ്.
ഞാന്‍ ഇല്ല; ഞാനല്ലാതെ 'ഞാനെന്നൊരു' സത്തയില്ല.
എന്നിലിത് അറിവായി തെളിഞ്ഞിരിക്കുന്നു
ഈ ലോകമൊരു മായക്കാഴ്ചയോ മൂല്യവത്തായ സത്തോ ആയിക്കൊള്ളട്ടെ
എനിക്ക് യാതൊരുവിധത്തിലുള്ള വ്യഥകളുമില്ല.”

Apr 20, 2013

337 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 337


ചിദാത്മാ  ബ്രഹ്മ സത്സത്യമൃതം ജ്ഞ ഇതി നാമഭി:
പ്രോച്യതേ സര്‍വഗം തത്വം ചിന്മാത്രം ചേത്യവര്‍ജിതം (6/11/66)

വസിഷ്ഠന്‍ തുടര്‍ന്നു: “സര്‍വ്വവ്യാപിയായ സത്യം, വിഷയനിബദ്ധമല്ലാത്ത ശുദ്ധബോധമാണ്. അതുതന്നെയാണ് ബോധം, ആത്മാവ്, സത്യം, അസ്തിത്വം, ക്രമം, ശുദ്ധജ്ഞാനം എന്നിങ്ങിനെയെല്ലാം വിവിധ നാമങ്ങളാല്‍ അറിയപ്പെടുന്നത്.” പരിശുദ്ധമായ അതിന്റെ പ്രകാശത്തിലാണ് എല്ലാ ജീവികളും അവരവരുടെ ആത്മസത്തയെ തിരിച്ചറിയുന്നത്. ബോധത്തിന്റെതന്നെ പ്രകടിത ഭാവങ്ങളായ മനോബുദ്ധിന്ദ്രിയാദികളെ നിരാകരിച്ചുകഴിഞ്ഞാല്‍ ശേഷിക്കുന്ന ശുദ്ധബോധമായ ബ്രഹ്മമാണ് ഞാന്‍.. നാശമേതുമില്ലാത്ത ഈ ബ്രഹ്മത്തിന്റെ വെളിച്ചത്തിലാണ് പഞ്ചഭൂതങ്ങളും വിശ്വമാകെയും പ്രോജ്വലത്താകുന്നത്.    

വിശ്വംമുഴുവനും പരന്നു നിറയുന്ന ബോധപ്രതിഫലനത്തിനു കാരണമായ ജ്യോതിസ്ഫുരണം ഉണ്ടാവുന്നത് കേവലബ്രഹ്മമായ എന്നില്‍നിന്നാണ്. ശുദ്ധമനസ്സുകൊണ്ട് കാണുമ്പോഴും അതിനെ വ്യാഖ്യാനിക്കാന്‍ മൌനത്തിനു മാത്രമേ കഴിയൂ. എണ്ണമറ്റ ജീവജാലങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത അഹംകാരനിബദ്ധമായ അനുഭവങ്ങളുമായി ബന്ധമുണ്ടെന്നു തോന്നുമെങ്കിലും, അവയെല്ലാം ബ്രഹ്മാനുഭാവത്തിന്റെ ആനന്ദം അറിയുന്നുണ്ടെങ്കിലും ബ്രഹ്മം  അവയ്ക്കൊന്നും പ്രാപ്യമല്ല. അവയ്ക്കൊന്നും ബ്രഹ്മത്തെ സ്പര്‍ശിക്കാനുമാവില്ല. എല്ലാ ആനന്ദത്തിന്റെയും പരമമായ അടിസ്ഥാനം അതാണെങ്കിലും ദീര്‍ഘസുഷുപ്തി അവസ്ഥയിലെന്നപോലെ വൈവിദ്ധ്യതകള്‍ ബാധിക്കാത്ത പ്രശാന്തനിര്‍മലമായ ഒരു തലമാണത്.

വിഷയ-വിഷയീ ബന്ധങ്ങള്‍ നല്‍കുന്ന സുഖാനുഭവങ്ങളില്‍ ബ്രഹ്മാനന്ദം തുലോം തുഛമായേ വേദ്യമാവൂ. സുഖദുഖങ്ങള്‍ മുതലായ ധാരണകള്‍ ഇല്ലാത്ത അനശ്വരമായ പരബ്രഹ്മമാണ് ഞാന്‍.. നിത്യശുദ്ധന്‍.. ശുദ്ധസത്യമായ  അനുഭവത്തിന്റെ ഇരിപ്പിടമായ ബോധമാണ് ഞാന്‍.. ചിന്താമാലിന്യങ്ങള്‍ ശല്യപ്പെടുത്താത്ത ശുദ്ധപ്രജ്ഞയുടെ ഇരിപ്പിടമാണ് ഞാന്‍.. എല്ലാ ഘടകങ്ങളിലും ജലം വായു മുതലായ പഞ്ചഭൂതങ്ങളിലും ഉള്ള ബുദ്ധിയും ചൈതന്യവും  ഞാനാണ്.

ഫലവര്‍ഗ്ഗങ്ങളുടെയും മറ്റും നൈസര്‍ഗ്ഗീകഗുണങ്ങളായ സ്വാദ്, മുതലായവയെ പ്രകടിപ്പിക്കുന്ന ശുദ്ധാവബോധം ഞാനാണ്. ഒരുവന്‍ എപ്പോഴാണോ വിലപിടിപ്പുള്ള നേട്ടങ്ങളില്‍ ഉണ്ടാകുന്ന അത്യാഹ്ലാദത്തിനും അവ നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന വിഷാദത്തിനും അതീതനായി വര്‍ത്തിക്കുന്നത്, അപ്പോള്‍ സാക്ഷാത്കരിക്കപ്പെടുന്ന മാറ്റങ്ങളേതുമില്ലാത്ത ബ്രഹ്മമാണ് ഞാന്‍..

സൂര്യന്‍ വസ്തുക്കളില്‍ പ്രഭചൊരിഞ്ഞ് അവയെ പ്രകാശിപ്പിക്കുമ്പോള്‍ അവയെ ദൃശ്യമാക്കി അനുഭവവേദ്യമാക്കുന്ന ശുദ്ധബോധമാണ് ഞാന്‍.. പ്രകാശത്തിന്റെ ആത്മാവും ശോഭായമാനമായ വസ്തുക്കളുടെ ആത്മസത്തയും  ഞാന്‍ തന്നെയാണ്.

ജാഗ്രദ്സ്വപ്നസുഷുപ്തികളാകുന്ന മൂന്ന്‍ അവസ്ഥകളിലും അവിച്ഛിന്നമായി നിലനില്‍ക്കുന്നതാകയാല്‍ ബ്രഹ്മം നാലാമത്തെ അവസ്ഥയാകുന്നു. അതീന്ദ്രിയമായ സത്യം. നൂറുകണക്കിന് കരിമ്പിന്‍തോട്ടങ്ങളില്‍ നിന്നുമുള്ള കരിമ്പുനീരിനെല്ലാം ഒരേ തരം മധുരമുള്ളതുപോലെ എല്ലാ ജീവജാലങ്ങളിലും ഒരേപോലെ നിറഞ്ഞു വിളങ്ങുന്ന ബോധമാണ് ഞാന്‍.. 

ഞാനാണ് വിശ്വത്തേക്കാള്‍ സ്ഥൂലമായ ചിത്ശക്തി. എന്നാല്‍ ഞാന്‍ അണുവിനെക്കാള്‍ സൂക്ഷ്മതരവുമാണ്. ഒരേസമയം സ്ഥൂലവും സൂക്ഷ്മവുമാകയാല്‍ ഞാന്‍ അദൃശ്യനാണ്. പാലില്‍ വെണ്ണപോലെ ഞാന്‍ എല്ലാടവും നിറഞ്ഞു നിലകൊള്ളുന്നു. അനുഭവവേദ്യതയാണെന്റെ പ്രകൃതി.

Apr 18, 2013

336 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 336


സ്വയം പ്രഭുര്‍മഹാത്മൈവ ബ്രഹ്മബ്രഹ്മവിദോ വിദു:
അപരിജ്ഞാതം അജ്ഞാനം അജ്ഞാനാമിതി കഥ്യതേ (6/11/47)

വസിഷ്ഠന്‍ തുടര്‍ന്നു: ഖനനം ചെയ്തെടുത്ത സ്വര്‍ണ്ണലോഹത്തിനെ അതിന്റെ തനത് ഭാവത്തില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മണ്ണുമായി കൂടിക്കലരുന്നു. അതുപോലെ ബ്രഹ്മത്തെ അങ്ങിനെത്തന്നെ അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍ അജ്ഞാനമെന്ന മാലിന്യം ഉയര്‍ന്നുപൊങ്ങിവരുന്നു. “ബ്രഹ്മജ്ഞാനമാര്‍ജ്ജിച്ചവന്‍ താന്‍ സ്വയം ഭഗവാനാണെന്നും ബ്രഹ്മമാണെന്നും പ്രഖ്യാപിക്കുന്നു. എന്നാല്‍ അജ്ഞാനിക്ക് ഈ സത്യം അറിയാന്‍ കഴിയുന്നില്ല. ഇതാണ് അവിദ്യ, അല്ലെങ്കില്‍ അജ്ഞാനം.”  മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബ്രഹ്മജ്ഞാനികള്‍ പരമപുരുഷന്‍ എന്നു തിരിച്ചറിയുന്നതും അജ്ഞാനികളില്‍ അവിദ്യയായി കാണപ്പെടുന്നതും ഒരേ ഭാഗവാനാണ്.  

സ്വര്‍ണ്ണത്തിൽ പണിത ആഭരണം അതിന്റെ തനത് സ്വഭാവത്തില്‍ തിരിച്ചറിഞ്ഞാല്‍ അത് ക്ഷണത്തില്‍ സ്വര്‍ണ്ണം തന്നെയായി. അതുപോലെയാണ് ബ്രഹ്മവും. സ്വയം സര്‍വ്വപ്രഭാവനാകയാല്‍ ബ്രഹ്മത്തിന് അനിച്ഛാപൂര്‍വ്വമായിത്തന്നെ എന്ത് രൂപഭാവങ്ങള്‍ വേണമെങ്കിലും സ്വീകരിക്കാം. അതിനു കാരണങ്ങള്‍ ആവശ്യമില്ല. ബ്രഹ്മജ്ഞാനികള്‍ ബ്രഹ്മത്തെ പരമാത്മാവായി, ഭാഗവാനായി കണക്കാക്കുന്നു. കര്‍ത്താവ്, കര്‍മ്മം ക്രിയ എന്ന ത്രിപുടികളാലോ കര്‍മ്മകാരണങ്ങളാലോ ഏതെങ്കിലും മാറ്റങ്ങളാലോ ബാധിക്കപ്പെടാത്ത മഹത്തത്വമാണത്. 

ഈ സത്യസാക്ഷാത്കാരമുണ്ടാകുന്നതുവരെ അജ്ഞാനിയില്‍ അത് അവിദ്യയായി നിലകൊള്ളുന്നു. സത്യജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അവിദ്യ ഇല്ലാതാവുന്നു. ഒരു ബന്ധുവിനെ തിരിച്ചറിയുന്നത്‌ വരെ അയാള്‍ മറ്റേയാൾക്ക് വെറുമൊരന്യന്‍ മാത്രം. എന്നാല്‍ അയാളുമായുള്ള ബന്ധം തിരിച്ചറിയുന്നതോടെ എല്ലാ അന്യതയും ഇല്ലാതാവുന്നു. 

ദ്വന്ദത വെറും മിഥ്യയാണെന്ന് അറിയുമ്പോള്‍ ബ്രഹ്മസാക്ഷാത്കാരമായി. ‘ഇത് ഞാനല്ല’ എന്ന വിവേകം ഉള്ളില്‍ ഉദിക്കുമ്പോള്‍ അഹങ്കാരത്തിന്റെ 'അസത്തയെ'പ്പറ്റി ബോധമുണ്ടാകുന്നു. അതില്‍ നിന്നും ശരിയായ അനാസക്തി ഉണ്ടാവുന്നു. “സത്യമായും ഞാന്‍ ബ്രഹ്മം തന്നെ’ എന്ന നിറവുള്ളില്‍ ഉണര്‍ന്ന്, ആ അവബോധത്തില്‍ ആമഗ്നമാവുമ്പോള്‍ എല്ലാമെല്ലാം ആ ബോധത്തില്‍ വിലീനമാവുന്നു. ‘ഞാന്‍’, ‘നീ’, എന്ന ധാരണകള്‍ അവസാനിച്ച് സത്യത്തെ സാക്ഷാത്കരിച്ച്, എല്ലാമെല്ലാം ബ്രഹ്മം മാത്രമാണെന്ന് അങ്ങിനെ അറിവുറയ്ക്കുന്നു.

എന്നാല്‍ എന്താണീ സത്യം?

എനിക്ക് ദുഖമായോ, കര്‍മ്മങ്ങളായോ, ഭ്രമങ്ങളായോ ആശകളായോ യാതൊരു സംഗവുമില്ല. ഞാന്‍ പ്രശാന്തനാണ്. ഞാൻ ദു:ഖരഹിതന്‍.. ഞാന്‍ ബ്രഹ്മം. ഇത് സത്യം.

ഞാന്‍ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും അതീതന്‍.. എല്ലാമെല്ലാം ഞാന്‍.എനിക്ക് നേടാനും ത്യജിക്കാനും ഒന്നുമില്ല. ഞാന്‍ ബ്രഹ്മം, ഇത് സത്യം.

ഞാന്‍ രക്തം, ഞാന്‍ മാംസം, ഞാന്‍ അസ്ഥി, ഞാന്‍ ദേഹം, ഞാന്‍ ബോധം, ഞാന്‍ മനസ്സ്, ഞാന്‍ ബ്രഹ്മം. ഇത് സത്യം.

ഞാന്‍ നക്ഷത്രഖചിതമായ ആകാശം, ഞാന്‍ ശൂന്യാകാശം, ഞാന്‍ സൂര്യന്‍, വിശ്വം നിറഞ്ഞ വസ്തുക്കളെല്ലാം ഞാന്‍.. ഞാന്‍ ബ്രഹ്മം, ഇത് സത്യം.

ഞാന്‍ പുല്‍ക്കൊടി, ഞാന്‍ ഭൂമി, ഞാന്‍ മരക്കുറ്റി, ഞാന്‍ വനം, ഞാന്‍ പര്‍വ്വതം, ഞാന്‍ സമുദ്രം, ഞാന്‍ അദ്വൈതമായ പരബ്രഹ്മം. ഇത് സത്യം.

ഞാനെന്ന ബോധത്തിലാണ് എല്ലാ വസ്തുക്കളും കോര്‍ത്തിണക്കിനിര്‍ത്തിയിരിക്കുന്നത്‌. എന്റെ പ്രാഭാവത്തിലാണ് അവ സ്വയം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എല്ലാറ്റിന്റെയും സത്ത ഞാനാണ്. ഇതാണ് സത്യം.

എല്ലാം ബ്രഹ്മത്തില്‍ നിലകൊള്ളുന്നു; എല്ലാം ബ്രഹ്മത്തില്‍ നിന്നുത്ഭവിക്കുന്നു; എല്ലാമെല്ലാം ബ്രഹ്മമാണ്, അത് സര്‍വ്വവ്യാപിയായ, ഏകമായ ആത്മവസ്തുവാണ്. ഇതാണ് സത്യം.

Apr 17, 2013

335 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 335


മനോബുദ്ധിരഹങ്കാരസ്തന്മാത്രാണീന്ദ്രിയാണി ച
ബ്രഹ്മൈവ സര്‍വം നാനാത്മ സുഖം ദുഃഖം ന വിധ്യതെ (6/11/43)

വസിഷ്ഠന്‍ തുടര്‍ന്നു: ലോകത്തിലെ എല്ലാ വസ്തുക്കളും ബ്രഹ്മം മാത്രമാണ്. ‘ഞാന്‍’ ബ്രഹ്മമാകുന്നു.

വികാരം, നിര്‍വികാരം, ആസക്തി, അനാസക്തി എന്നിവയെല്ലാം വെറും ധാരണകള്‍ മാത്രമാണ്. ദേഹം ബ്രഹ്മമാണ്. മരണവും ബ്രഹ്മം. സങ്കല്‍പ്പത്തിലുള്ള പാമ്പും ശരിയ്ക്കുമുള്ള കയറും ഒന്നാണെന്ന് അറിഞ്ഞാല്‍പ്പിന്നെ ദുഖമെവിടെ? അതുപോലെ ദേഹവും അതനുഭവിക്കുന്ന സുഖവും ബ്രഹ്മമാണ്. അപ്പോള്‍പ്പിന്നെ ശരീരസുഖത്തിന് കാരണമായിരിക്കുന്നതെന്താണ്?

ശാന്തമായ സമുദ്രോപരി കാണപ്പെടുന്ന അലകള്‍ അശാന്തമാണെങ്കിലും അത് ജലം തന്നെയാണല്ലോ. പ്രത്യക്ഷലോകമായി ബ്രഹ്മം അശാന്തമായിരിക്കുന്നുവെങ്കിലും അതിന്റെ സ്വരൂപം നഷ്ടമാവുന്നില്ല. അതിനാല്‍ ‘ഞാന്‍’, ‘നീ’ എന്നിത്യാദി വൈവിദ്ധ്യങ്ങള്‍ക്ക് യാതൊരു സാദ്ധ്യതയും ഇല്ല.   

ജലത്തിലെ ഓളങ്ങള്‍ നിലയ്ക്കുമ്പോള്‍ മൂല്യവത്തായ ഒന്നും ഇല്ലാതാവുന്നില്ല. മരണമെന്ന ബ്രഹ്മം ദേഹമെന്ന ബ്രഹ്മത്തെ ഏറ്റെടുക്കുമ്പോള്‍ ഒന്നും നഷ്ടമാവുന്നില്ല. ജലത്തിനെന്നപോലെ ബ്രഹ്മത്തിനും പ്രശാന്തമായിരിക്കാനും കലുഷമായി ഇളകാനും കഴിയുന്നു. അതാണ്‌ പ്രകൃതിനിയമം. ‘ഇത് ജീവാത്മാവ്’, ‘ഇത് ജഡം’, എനിങ്ങിനെ വിഭജിക്കുന്നത് അജ്ഞാനം മൂലമുള്ള വിഭ്രാന്തിയാണ്. ജ്ഞാനിക്ക് അത്തരം ധാരണകളില്ല.

അജ്ഞാനിക്ക് ലോകം മുഴുവനും ശോകഗ്രസ്ഥമാണ്. ജ്ഞാനിക്ക് അതേലോകം ആനന്ദസ്രോതസ്സുമാണ്. അന്ധന് ലോകം മുഴുവന്‍ ഇരുട്ടാണ്. നല്ല കാഴ്ചശക്തിയുള്ളവന് ലോകം പ്രകാശമയമാണ്. ബ്രഹ്മം എല്ലാടവും വ്യാപരിച്ചിരിക്കുമ്പോള്‍ മരണമെവിടെ? ജീവനെവിടെ? കടലലകള്‍ ജനിക്കുന്നും മരിക്കുന്നുമുണ്ടോ? അതുപോലെയാണ് ലോകത്തിലെ സൃഷ്ടികള്‍ .

‘ഇതുണ്ട്’, ‘ഇതില്ല’, എന്നിങ്ങിനെയുള്ള വിഭ്രമാത്മകധാരണകള്‍ ആത്മാവില്‍ ഉയരുന്നതിനു പ്രത്യേക കാരണങ്ങളോ ഉദ്ദേശങ്ങളോ ഇല്ല. സ്ഫടികക്കഷണം വിവിധ നിറങ്ങളില്‍ പ്രകാശം പ്രതിബിംബിപ്പിക്കുന്നത് നിയതമായ യാതൊരുദ്ദേശവും ഇല്ലാതെയാണല്ലോ. അതതിന്റെ സ്വഭാവമാണ്. പ്രകൃതിയാണ്.

ബോധമണ്ഡലത്തിലേയ്ക്ക് അനേകം വൈവിദ്ധ്യതകളെ വിക്ഷേപിക്കുന്ന ചൈതന്യം സജീവമായി ലോകമെന്ന നാമരൂപ സംഘാതമായി കാണപ്പെടുമ്പോഴും ആത്മാവ് മാറ്റമൊന്നുമില്ലാതെ നിലകൊള്ളുന്നു. ‘വ്യക്തി’, ‘ദേഹം’ മുതലായി സ്വതന്ത്രരൂപത്തില്‍ ലോകത്ത് യാതൊന്നും ഇല്ല. ശരീരമായും ധാരണകളായും, വിഷയപ്രതീതികളായും, നാശമുള്ളതായും ഇല്ലാത്തതായും, ചിന്തകളായും വികാരങ്ങളായും, അവയുടെ അര്‍ത്ഥതലങ്ങളായും ഉള്ള സകലതും ബ്രഹ്മമാണ്. അനന്താവബോധമാണ്.

അജ്ഞാനം മൂലം ഒരുവന്റെ വിഭ്രമാത്മകമായ കണ്ണില്‍ മാത്രമേ ദ്വന്ദത നിലനില്‍ക്കുന്നുള്ളു. “മനസ്സ്‌, ബുദ്ധി, അഹങ്കാരം, വിശ്വത്തിന്റെ മൂലഘടകങ്ങളായ പഞ്ചഭൂതങ്ങള്‍ , ഇന്ദ്രിയങ്ങള്‍ , വൈവിദ്ധ്യമാര്‍ന്ന പ്രതിഭാസങ്ങള്‍ , എന്നിവയെല്ലാം ബ്രഹ്മമാണ്. സുഖദുഃഖങ്ങള്‍ വെറും മായക്കാഴ്ചയാണ്.” അവ അര്‍ത്ഥമില്ലാത്ത വെറും വാക്കുകള്‍ മാത്രം. മലമുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഒരു ശബ്ദം അനേകം തവണ മാറ്റൊലിക്കൊളളുന്നതുപോലെ, ബോധം സ്വയമേവ അനവധി അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ‘ഇത് ഞാന്‍’, ‘ഇതെന്റെ മനസ്സ്’, തുടങ്ങിയ ധാരണകളില്‍ മുഴുകുന്നു. സ്വപ്നത്തില്‍ പലതു കാണുന്നവനെപ്പോലെ ഒരേയൊരു അനന്താവബോധം ആത്മാവില്‍ വൈവിദ്ധ്യതയെ ദര്‍ശിക്കുന്നു.  

Apr 16, 2013

334 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 334


പുന:പുനരിദം രാമ പ്രബോധാര്‍ത്ഥം മയോച്യതേ
അഭ്യാസേന വിനാ സാധോ നാഭ്യുദേത്യാത്മഭാവനാ (6/11/1)

വസിഷ്ഠന്‍ തുടര്‍ന്നു: “രാമാ, നിന്റെ ആത്മോല്‍ക്കര്‍ഷത്തിനായി ഞാനിത് ആവര്‍ത്തിച്ചു പറയുകയാണ്‌ . ഇങ്ങിനെ ആവര്‍ത്തിച്ചു പറഞ്ഞുറപ്പിച്ചാലല്ലാതെ, ആവര്‍ത്തിച്ചഭ്യസിക്കുന്ന സാധനകള്‍ കൂടാതെ നിന്നില്‍  ആത്മസാക്ഷാത്കാരമുണ്ടാവുകയില്ല.”

ദേഹത്തിനകത്തും പുറത്തുമായി അനേകായിരം ജന്മങ്ങളിലൂടെ പ്രകടിപ്പിച്ചും ഇന്ദ്രിയങ്ങളിലൂടെ അനുഭവിച്ചും ഈ അവിദ്യയെന്ന അജ്ഞാനം നമ്മില്‍ ഘനസാന്ദ്രമായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍ ആത്മജ്ഞാനമോ, അത് ഇന്ദ്രിയാനുഭാവങ്ങളുമായി ബന്ധമേതുമില്ലാത്തതാണ്. അതുണ്ടാവുന്നത് പഞ്ചേന്ദ്രിയങ്ങളും ആറാമിന്ദ്രിയമായ മനസ്സും അടങ്ങുമ്പോഴാണ്. രാമാ, അറിയേണ്ടതറിഞ്ഞ ശേഷം ഇഹലോക ജീവിതത്തില്‍ അഭിരമിച്ച ജനകമഹാരാജാവിനെപ്പോലെ, ആത്മജ്ഞാനം സിദ്ധിച്ചശേഷം നീയും ജീവിതം നയിക്കൂ. ജനകന്റെ കാര്യത്തില്‍ അദ്ദേഹം പ്രവര്‍ത്തനനിരതനായിരിക്കുമ്പോഴും അല്ലെങ്കിലും, ഉണര്‍ന്നിരിക്കുമ്പോഴും അല്ലെങ്കിലും സത്യത്തിന്റെ നേരറിവ് അദ്ദേഹത്തില്‍ സദാ പ്രോജ്വലിക്കുന്നുണ്ടായിരുന്നു. 
    
ഭഗവാന്‍ വിഷ്ണു ഇഹലോകത്തില്‍ അവതാരങ്ങളെടുക്കുന്നത് ആത്മജ്ഞാനത്തിന്റെ മൂര്‍ത്തരൂപങ്ങളായിട്ടാണ്. അതുപോലെ തന്നെയാണ് പരമശിവനും ബ്രഹ്മാവും. അവരെല്ലാം ആത്മജ്ഞാനത്തില്‍ രൂഢമൂലരാണ്. രാമാ, നീയും അതുപോലെയാവൂ.

രാമന്‍ ചോദിച്ചു: ഭഗവാനേ, ഈ മഹാത്മാക്കളെല്ലാം സുദൃഢമായി അഭിരമിക്കുന്ന ഈ ആത്മജ്ഞാനത്തിന്റെ സ്വരൂപം എന്താണ്? എന്താണതിന്റെ പ്രകൃതി?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, നിനക്കിത് നേരത്തെതന്നെ അറിയാവുന്നതാണ്. എങ്കിലും ഒന്നുകൂടി വ്യക്തമാക്കാന്‍വേണ്ടി നീയിതു ചോദിക്കുന്നതാണെന്ന് ഞാനറിയുന്നു. എന്തൊക്കെയുണ്ടോ? എന്തൊക്കെ ഈ മായാലോകമായി കാണപ്പെടുന്നോ അതെല്ലാം ബ്രഹ്മം, അല്ലെങ്കില്‍ അനന്താവബോധം മാത്രമാണ്.

ബോധം ബ്രഹ്മം. ലോകം ബ്രഹ്മം. പഞ്ചഭൂതങ്ങള്‍ ബ്രഹ്മം. ഞാനും എന്റെ ശത്രുവും ബ്രഹ്മം. എന്റെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ബ്രഹ്മം. ഭൂതഭാവിവര്‍ത്തമാനങ്ങളാകുന്ന മൂന്നു കാലങ്ങളും ബ്രഹ്മം തന്നെ. കാരണം എല്ലാമെല്ലാം വേരുറപ്പിച്ചിരിക്കുന്നത് ബ്രഹ്മത്തിലാണല്ലോ.

സമുദ്രം കൂടുതല്‍ വ്യാപരിച്ചിരിക്കുന്നതായി തോന്നുന്നത് അതിലെ അലകള്‍ കാരണമാണ്. അതുപോലെ ബ്രഹ്മത്തിനു അനന്തമായ വ്യാപ്തിയുള്ളതായി തോന്നുന്നത് അനന്തവൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ ഉള്ളതിനാലാണ്. ബ്രഹ്മം ബ്രഹ്മത്തെ അറിയുന്നു. ബ്രഹ്മം ബ്രഹ്മത്തെ അനുഭവിച്ചും ആസ്വദിച്ചും അറിയുന്നു. ബ്രഹ്മത്തിന്റെ പ്രാഭവംകൊണ്ട് ബ്രഹ്മത്താല്‍ ബ്രഹ്മം മൂര്‍ത്തീകരിക്കുന്നു.

ബ്രഹ്മമായ എന്നെ വിഷമിപ്പിക്കുന്ന ശത്രുവും ബ്രഹ്മം തന്നെയെങ്കില്‍ ആര്‍ക്ക് മറ്റൊരാളെ എന്ത് ചെയ്യാനാവും? ആകര്‍ഷണവികര്‍ഷണങ്ങള്‍ , ഇഷ്ടാനിഷ്ടങ്ങള്‍ , എന്നിവയെല്ലാം മനസ്സിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. ചിന്തകളുടെ അഭാവത്തില്‍ അവയെല്ലാം നശിക്കുന്നു. അപ്പോള്‍പ്പിന്നെ അവയെങ്ങിനെയാണ് പര്‍വ്വതീകരിച്ചു പ്രകടമാവുന്നത്?

ബ്രഹ്മത്തില്‍ത്തന്നെ ബ്രഹ്മമായി ചരിക്കുമ്പോള്‍ , എല്ലാറ്റിലും ബ്രഹ്മം മാത്രമാണെന്നറിവുറച്ചാല്‍പ്പിന്നെ എന്താണ് സുഖം ? എന്താണ് ദുഃഖം? ബ്രഹ്മം ബ്രഹ്മത്തില്‍ സംപ്രീതമത്രേ. അതില്‍ സ്വയം രൂഢമൂലവുമാണ്. ‘ഞാന്‍’, ‘മറ്റുള്ളവര്‍ ’ എന്നിങ്ങനെ രണ്ടു സത്തകള്‍ ഇല്ല. എല്ലാം ഒരേയോരുണ്‍മ മാത്രം.

Apr 15, 2013

333 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 333


യത്രാസ്തി വാസനാബീജം തത്സുഷുപ്തം ന സിദ്ധയേ
നിര്‍ബീജാ വാസനാ യത്ര തത്തുര്യം സിദ്ധിദം സ്മൃതം  (6/10/20)

വസിഷ്ഠന്‍ തുടര്‍ന്നു: ഹൃദയത്തില്‍ പരിമിതികളും മാനസീകോപാധികളും സൂക്ഷ്മമായൊരു ബീജം പോലെ ബാക്കിയുണ്ടെങ്കില്‍ അത് ദീര്‍ഘസുഷുപ്തിയില്‍ത്തന്നെയാണെന്ന് കണക്കാക്കാം. പ്രശാന്തതയുടെ അനുഭവം ആര്‍ജ്ജിച്ചാലും മനസ്സ് സ്വരൂപത്തില്‍ അഭിരമിച്ചുവെന്നു തോന്നിയാലും ആ ബീജം  പുനര്‍ജന്മത്തിന് വഴിതെളിക്കും. അത് ജഡാവസ്ഥയുടെ ഒരു തലം തന്നെയാണ്. അത് അസന്തുഷ്ടിയുടെ സ്രോതസ്സുമാണ്. കല്ല്, മുതലായ ചൈതന്യമറ്റ സ്ഥാവരജഡവസ്തുക്കളുടെ അവസ്ഥ അതാണ്‌. അവ സ്വപരിമിതികളില്‍ (വാസനകൾ ) നിന്നും സ്വതന്ത്രമല്ല. ഒരു വിത്ത്‌ മുളപൊട്ടി ചെടി വളര്‍ന്നു വലുതായി പൂത്ത് തളിര്‍ക്കാനുള്ള സാദ്ധ്യത വിത്തില്‍ ലീനമായുണ്ടല്ലോ.  വിത്തില്‍ പൂക്കള്‍ എന്നപോലെ, ചെളിമണ്ണില്‍ കുടമെന്നപോലെ വാസനകള്‍ ജഡാവസ്ഥയിലും വസ്തുക്കളിൽ  മറഞ്ഞിരിക്കുന്നു.

“സ്വപരിമിതി, ഉപാധി, പ്രവണത, എന്നെല്ലാം അറിയപ്പെടുന്ന വാസനയുടെ വിത്തുകള്‍ ഉള്ളപ്പോള്‍ അത് ദീര്‍ഘസുഷുപ്തിയുടെ അവസ്ഥയാണ്. അത് പരിപൂര്‍ണ്ണതയല്ല. എല്ലാ വാസനകളും ഇല്ലാതായി വാസനകളുടെ സാദ്ധ്യതകള്‍ പോലും അവസാനിച്ച് നിര്‍മനമായിരിക്കുന്ന തലമാണ് ജാഗ്രദ്,സ്വപ്ന,സുഷുപ്തി അവസ്ഥകള്‍ക്കു മൂന്നിനും അതീതമായ നാലാമത്തെ അതീന്ദ്രിയാവസ്ഥ.” അത് പരിപൂര്‍ണ്ണതയെ ആനയിക്കുന്നു.
  
വാസനകള്‍ , അഗ്നി, കടം, ശത്രുക്കള്‍ , സുഹൃത്തുക്കള്‍ , പശ, വെറുപ്പ്‌, വിഷം എന്നിവ പരിശ്രമത്തിലൂടെ മാറ്റിക്കളഞ്ഞിട്ടും അല്പമെങ്കിലും അവശേഷിക്കുകയാണെങ്കില്‍ അത് തീരെ ഇല്ലാതാക്കുക ക്ലേശകരമാണ്. എല്ലാ വാസനകളെയും പൂര്‍ണ്ണമായും നീക്കിക്കളഞ്ഞാല്‍പ്പിന്നെ സാധകന്‍ തന്റെ സ്വരൂപമായ ശുദ്ധഭാവത്തില്‍ പ്രതിഷ്ഠിതനാവും. അങ്ങിനെയുള്ള ഒരുവന്‍ ജീവനോടെയിരിക്കുന്നുവെങ്കിലും അല്ലെങ്കിലും അയാളെ ദുഃഖങ്ങള്‍ ബാധിക്കുകയില്ല. 

ചലനരഹിതമായ സ്ഥാവരവസ്തുക്കളില്‍ കുടികൊള്ളുന്ന ചിത്ശക്തി, അതായത്‌ ചൈതന്യം, ബോധം, ലീനവാസനയായാണ് നിലകൊള്ളുന്നത്. ഈ ചിത്ശക്തിയാണ് ആ വസ്തുവിന്റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത്. അതാണ്‌ ഓരോ വസ്തുക്കളുടെയും തന്മാത്രകളില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാനമായ നൈസര്‍ഗ്ഗീകഗുണങ്ങള്‍ . ഈ ചിത്ശക്തിയെ (വാസനയെ) ആത്മശക്തിയായി, ആത്മചൈതന്യമായി, അനന്താവബോധമായി സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രത്യക്ഷലോകമെന്ന ഭ്രമദൃശ്യം ഉണ്ടാവും. എന്നാല്‍ ആ വാസനയെ സത്യമായി, അനന്താവബോധമായി സാക്ഷാത്ക്കരിക്കുവാന്‍ സാധിച്ചാല്‍പ്പിന്നെ എല്ലാ ദുഖങ്ങള്‍ക്കും അന്ത്യമായി.
    
ഈ സത്യാവസ്ഥയെ കാണാന്‍ കഴിയാത്തതാണ് അവിദ്യ, അല്ലെങ്കില്‍ അജ്ഞാനം. ഈ അവിദ്യയാണ് പ്രത്യക്ഷലോകത്തിനു നിദാനമായിരിക്കുന്നത്. മറ്റെല്ലാ ധാരണകള്‍ക്കും കാരണമാവുന്നത് ലോകമെന്ന ‘അജ്ഞാനം’ ആണല്ലോ. ആദ്യമായുണ്ടാവുന്ന ചിന്താശകലം പോലും ദീര്‍ഘസുഷുപ്തിയെ ശല്യപ്പെടുത്തി നിദ്രയ്ക്കു ഭംഗം വരുത്തും. അതുപോലെ അജ്ഞാനത്തെ നീക്കി ഇല്ലാതാക്കുവാന്‍ സത്യത്തിലേയ്ക്കുള്ള അന്ത:പ്രജ്ഞയുടെ ചെറിയൊരുണര്‍വ്വിനുപോലും സാധിക്കും. ഇരുട്ടിലേയ്ക്ക് വിളക്കുമായി കടന്നുചെല്ലുന്നതോടെ ഇരുട്ടില്ലാതാവുന്നു. അന്വേഷണത്തിന്റെ വിളക്കാണ് അജ്ഞാനത്തിന്റെ ഇരുട്ടിനെ നീക്കുന്നത്.

രക്താസ്ഥിമാംസ സഞ്ചയമായ ഈ ദേഹത്തില്‍ കുടികൊള്ളുന്ന ‘ഞാന്‍’ ആരാണ്? എന്ന അന്വേഷണം ആരംഭിക്കുന്നതോടെ അവിദ്യ അവസാനിക്കുന്നു. തുടക്കമുള്ള എല്ലാറ്റിനും അവസാനമുണ്ട്. ആരംഭമുള്ള എല്ലാറ്റിനെയും മാറ്റി നിര്‍ത്തിയാല്‍ ശേഷിക്കുന്നത് സത്യം മാത്രം. അതാണ്‌ അവിദ്യയുടെ അവസാനം. അതിനെ എന്തെങ്കിലും വസ്തു ആയോ ഒന്നുമല്ലാത്ത 'അവസ്തു'വായോ കണക്കാക്കാം. അജ്ഞാനം ഇല്ലാതാവുമ്പോള്‍ ഇതിനെയാണ് നാം പ്രാപിക്കുന്നത്. 

ഒരാള്‍ക്ക് രുചിക്കുന്ന മധുരരസം മറൊരാള്‍ക്ക് അനുഭവവേദ്യമല്ല. മറ്റൊരാള്‍ അവിദ്യ അവസാനിച്ചതിനെപ്പറ്റി പറയുന്നത് കേട്ടതുകൊണ്ട് നീ പ്രബുദ്ധതയെ പ്രാപിക്കുകയില്ല. ഒരോരുത്തരും അത് സ്വയം സാക്ഷാത്കരിക്കേണ്ടതുണ്ട്.

ചുരുക്കത്തില്‍ അവിദ്യ എന്നത് ‘ബ്രഹ്മേതരമായി, വിശ്വാവബോധമല്ലാതെയുള്ള മറ്റേതോ ഒരു സത്ത ഉണ്ട് എന്ന വിശ്വാസമാണ്.’ എന്നാല്‍ എല്ലാമെല്ലാം ബ്രഹ്മം മാത്രമാണ് എന്ന അറിവുണരുമ്പോഴാണ് അവിദ്യ ഇല്ലാതാവുന്നത്.      

Apr 14, 2013

332 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 332


പരിജ്ഞായ പരിത്യാഗോ വാസനാനാം യ ഉത്തമ:
സത്താസാമാന്യരൂപത്വം തത്കൈവല്യപദം വിദു: (6/10/14)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ പ്രത്യക്ഷലോകവും അതിലെ ചരാചരങ്ങളും ഒന്നും വാസ്തവമല്ല. ഉന്മയല്ല. യാതൊന്നും ഭൗതീകമായി സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഭാവാഭാവധാരണകളെ സൃഷ്ടിക്കുന്ന സങ്കല്‍പ്പവിശേഷം ഇല്ലെങ്കില്‍പ്പിന്നെ ഈ വ്യക്തിഗതജീവനുകള്‍ - ജീവാത്മാവ്- എന്നത് വെറും വ്യര്‍ത്ഥജല്‍പ്പനങ്ങള്‍ മാത്രമാണ്. ഹൃദയത്തിലുണ്ടാകുന്ന അവിദ്യാജന്യമായ ബന്ധങ്ങള്‍ എല്ലാം സത്തില്ലാത്തവയാണ്. നിലനിൽപ്പില്ലാത്തവയാണ്. കയറിനെ പാമ്പായി തെറ്റിദ്ധരിച്ചുവെന്നിരിക്കിലും ആ ‘പാമ്പിന്’ ആരെയും കടിക്കാനാവില്ല.!  

ആത്മവിദ്യയുടെ അഭാവമാണ് അവിദ്യ, അല്ലെങ്കില്‍ ഭ്രമം. എന്നാല്‍ ആത്മതലത്തില്‍ എത്തിയാല്‍ ഒരുവന് അന്തമില്ലാത്ത പ്രജ്ഞയും മേധാശക്തിയും സ്വായത്തമാണ്. ബോധം തന്നെത്താന്‍ ഒരു ബോധവസ്തുവായി കണക്കാക്കി സ്വയം വിഷയവും വിഷയിയും ആയാല്‍ അതും അവിദ്യ തന്നെ. ഈ വിഷയ-വിഷയീഭിന്നതയും തല്‍ജന്യമായ ബന്ധങ്ങളും നീക്കിയാല്‍ ഉള്ള സത്താണുണ്മ. വ്യക്തിത്വമാര്‍ജ്ജിച്ച മനസ്സ് മാത്രമാണ് ജീവന്‍. മനസ്സൊടുങ്ങുമ്പോള്‍ വ്യക്തിയും ഇല്ലാതാകുന്നു. വ്യക്തിഗതമനസ്സുള്ളിടത്തോളമേ അതിനു നിലനില്‍പ്പുള്ളൂ.  

ഒരു കുടമുള്ളിടത്തോളം അതിനുള്ളിലെ ആകാശമെന്ന സങ്കല്‍പ്പത്തിനു സാധുതയുണ്ട്. എന്നാല്‍ ആ കുടമുടഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അനന്തമായ ആകാശം മാത്രമേയുള്ളൂ. കുടാകാശമായി നേരത്തേയുണ്ടായിരുന്ന ആ പരിമിതാകാശവും ഇപ്പോള്‍ അനന്താകാശത്തില്‍ വിലീനമാണല്ലോ. 

രാമന്‍ ചോദിച്ചു: ഭഗവാനേ, ഈ വിശ്വപ്രജ്ഞ, അല്ലെങ്കിൽ ചൈതന്യം, എങ്ങിനെയാണ് ചൈതന്യരഹിതമായ പാറക്കല്ലുകളും മറ്റുമായി ഭവിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ഈ പാറക്കല്ലുകളിലും ബോധമുണ്ട്. എന്നാല്‍ അത് ഇനിയും ചൈതന്യവത്തായി ഉണർന്നിട്ടില്ലാത്ത അവസ്ഥയിലാണ്. എന്നാല്‍ അവ ‘നിര്‍മ്മന’മെന്ന മനസ്സില്ലാത്ത അവസ്ഥയെത്തിയിട്ടുമില്ല. അത് ദീര്‍ഘനിദ്രപോലെയാണ്. ആ തലം മുക്തിപദത്തില്‍ നിന്നും എത്രയോ ദൂരെയാണ്!

രാമന്‍ വീണ്ടും ചോദിച്ചു: എങ്കിലും അവ ധാരണകള്‍ക്കും പ്രതീതികള്‍ക്കും വശംവദമാകാതെ ദീര്‍ഘസുഷുപ്തിയില്‍ നിലകൊളളുന്നുവെങ്കില്‍ അത് മുക്തിപദത്തോട് ഏറെ അടുത്ത ഒരവസ്ഥതന്നെയാണ് എന്നെനിക്ക് തോന്നുന്നു. 

വസിഷ്ഠന്‍ പറഞ്ഞു: മോക്ഷം, മുക്തി, അല്ലെങ്കില്‍ അനന്തതയെ സാക്ഷാത്കരിക്കല്‍ എന്ന് പറഞ്ഞാല്‍ വെറും അചരമായ ജീവിയായി, അചേതനമായി ഒരിടത്ത് കിടക്കുക എന്നല്ല അര്‍ത്ഥം. മോക്ഷമെന്നാല്‍ സാധനാനിരതനായ ഒരുവന്‍ ആത്മാന്വേഷണത്തിലൂടെ ലഭിക്കുന്ന അന്തരാവബോധത്തിലുണര്‍ന്ന് പരമപ്രശാന്തതയില്‍ വിലീനമാവുന്ന ഒരവസ്ഥയാണ്. “കൈവല്യം- പൂര്‍ണ്ണസ്വാതന്ത്ര്യം എന്നത് ബോധപൂര്‍വ്വമുള്ള ആത്മാന്വേഷണത്തിലൂടെ ലഭ്യമാകുന്ന, എല്ലാ മാനസീകോപാധികള്‍ക്കും ഉപരിയായി നിലകൊള്ളുന്ന ശുദ്ധബുദ്ധമായ ഒരു തലമാണ്.”

ശാസ്ത്രങ്ങളില്‍ പ്രതിപാദിക്കപ്പെട്ട സത്യത്തെക്കുറിച്ച്, പ്രബുദ്ധരായ മാമുനിമാരുടെ സത്സംഗസഹായത്തോടെ സമഗ്രമായ ആത്മാന്വേഷണം നടത്തിമാത്രമേ ബ്രഹ്മത്തെ പ്രാപിക്കുവാനാവൂ എന്നാണ് ജ്ഞാനികളുടെ അഭിപ്രായം.

Apr 13, 2013

331 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 331


ഉദേത്യവിദ്യാ വിദ്യായാ: സലിലാദിവ ബുദ്ബുദ:
വിദ്യായാം ലീയതേവിദ്യാ പയസീവ: ബുദ്ബുദ: (6/9/16)

രാമന്‍ ചോദിച്ചു: ഭഗവാനേ, അങ്ങ് പറയുന്നു വിഷ്ണുവും ശിവനും പോലുള്ള ഈശ്വരന്മാര്‍ പോലും ഈ അവിദ്യയുടെ ഭാഗമാണെന്ന്. എന്നെയിതത്ഭുതപ്പെടുത്തുന്നു. ദയവായി വിശദീകരിച്ചാലും.

വസിഷ്ഠന്‍ പറഞ്ഞു: സത്ത്-ചിത്ത്-ആനന്ദം എന്ന സമ്യഗവസ്ഥ ആലോചനകള്‍ക്കും അറിവുകള്‍ക്കും അതീതമാണ്. അത് സര്‍വ്വവ്യാപിയായ പരമപ്രശാന്തതയാണ്. സങ്കല്‍പ്പങ്ങള്‍ക്കും വിവരണങ്ങള്‍ക്കും വഴങ്ങാത്തതാണതിന്റെ അര്‍ത്ഥതലങ്ങള്‍ .  സങ്കൽപ്പ ധാരണകളുണ്ടാക്കാനുള്ള സഹജമായ കഴിവുകള്‍ സൂക്ഷ്മം, മധ്യമം, സ്ഥൂലം എന്നിങ്ങിനെ മൂന്നു തരമാണ്. പ്രജ്ഞ അവയെ സാത്വീകം, രാജസീകം, താമസം എന്ന് തിരിച്ചറിയുന്നു. ഈ മൂന്നും ചേര്‍ന്നാല്‍ പ്രകൃതിയായി.  

അവിദ്യ, അല്ലെങ്കില്‍ അജ്ഞാനം ഈ പ്രകൃതിയാണ്. അതും മൂന്നു തരമാണ്. ഇവയാണ് എല്ലാ ജീവജാലങ്ങള്‍ക്കും കാരണമാകുന്നത്. അതിനപ്പുറം കടന്നാല്‍ പിന്നെ പരംപൊരുളാണ്. സത്വ, രജസ്, തമോഗുണങ്ങള്‍ക്കും സൂക്ഷ്മം, മധ്യമം, സ്ഥൂലം എന്നിങ്ങിനെ മൂന്നു ഗുണവിശേഷങ്ങളുണ്ട് – അങ്ങിനെ എല്ലാം ചേര്‍ന്ന് ഒന്‍പതു തരം ഗുണഗണങ്ങളായി. വിശ്വം മുഴുവന്‍ ഉണ്ടായത്‌ ഈ ഒന്‍പതു ഗുണങ്ങള്‍ ചേര്‍ന്നാണ്.
 
മഹര്‍ഷിമാര്‍ , മുനികള്‍ , പ്രബുദ്ധര്‍ , പാതാളവാസികള്‍ , ദേവതകള്‍ , ആകാശവാസികള്‍ എന്നിവരെല്ലാം അവിദ്യയുടെ  സാത്വീകഭാഗത്തില്‍ നിന്നും ഉദ്ഭൂതമായവയാണ്. ഇവരില്‍ ആകാശവാസികളും പാതാളവാസികളും മറ്റും തമസ്സ് ആകുന്നു. സാധകരും മാമുനിമാരും ചേര്‍ന്ന്  രജസ്സും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും ദേവതകളും ചേര്‍ന്ന് സാത്വീകതയും ആകുന്നു. സാത്വീകതയില്‍ എത്തിയവര്‍ക്ക് പുനര്‍ജന്മങ്ങളില്ല. അതിനാല്‍ അവരെ മുക്തരെന്നു വിളിക്കുന്നു. ലോകമുള്ളിടത്തോളം കാലം അവരും ഉണ്ട്.

മാമുനിമാരെപ്പോലുള്ള സാധകര്‍ ജീവന്മുക്തരത്രേ. അവര്‍ സമയമാകുമ്പോള്‍ തങ്ങളുടെ ദേഹമുപേക്ഷിച്ച് ദേവലോകത്ത് എത്തുന്നു. ലോകമുള്ളിടത്തോളം കാലം അവിടെക്കഴിഞ്ഞിട്ട് ഒടുവില്‍ അവര്‍ സാത്വീകരെപ്പോലെ മുക്തിയെ പ്രാപിക്കുന്നു. അങ്ങിനെ അവിദ്യയുടെ ഈ അംശംതന്നെ സ്വയം ജ്ഞാനം അല്ലെങ്കില്‍ ആത്മവിദ്യയായി തീരുകയാണ്.! “കടലില്‍ അലകള്‍ ഉണ്ടാവുന്നതുപോലെ ജ്ഞാനത്തില്‍ അജ്ഞാനം ഉണ്ടാവുന്നു. ഒടുവില്‍ അലകള്‍ കടലില്‍ അലിഞ്ഞില്ലാതാവുന്നത്പോലെ  അജ്ഞാനം ജ്ഞാനത്തില്‍ വിലീനമാവുന്നു.”

അലകളും ജലവും തമ്മിലുള്ള അന്തരം വെറും വാക്കുകളില്‍ മാത്രമാണല്ലോ. ഈ അന്തരം സത്യമല്ല. വാസ്തവത്തില്‍ അജ്ഞാനം ഇല്ലാത്തതാണ്, ജ്ഞാനം പോലും ഉണ്മയല്ല. എപ്പോള്‍ ജ്ഞാനത്തെയും അജ്ഞാനത്തെയും രണ്ടായി വേറിട്ട്‌ കാണാതിരിക്കുന്നുവോ അപ്പോള്‍ നിലനില്‍ക്കുന്നതെന്താണോ അതാണ്‌ സത്ത. ജ്ഞാനത്തെക്കുറിച്ചുള്ള ചിന്തപോലും അവിദ്യയത്രേ. വിദ്യ, അവിദ്യ എന്നീ രണ്ടു ധാരണകളും ഒടുങ്ങിയാല്‍ ശേഷിക്കുന്നത് സത്യം. അത് ‘ഉള്ളതോ’ ‘ഇല്ലാത്തതോ’ എന്ന് നിര്‍വ്വചിക്കാന്‍ കഴിയില്ല.

അത് സര്‍വ്വശക്തമാണ്. ശൂന്യാകാശത്തെക്കാള്‍ നിശ്ശൂന്യമാണ്. എന്നാല്‍ അത് ശൂന്യമല്ല, കാരണം അത് നിറയെ ബോധമാണ്. കുടത്തിലെ ആകാശം പോലെ ഒരിക്കലും നശിപ്പിക്കാനാവാത്തതും എല്ലാടവും നിറഞ്ഞതുമാണത്. അതാണ്‌ എല്ലാ ജീവജാലങ്ങളിലെയും ഉണ്മ. കാന്തം അതിന്റെ സാന്നിദ്ധ്യമാത്രം കൊണ്ട് ഇരുമ്പുശകലങ്ങളെ ആകര്‍ഷിച്ചു ചലിപ്പിക്കുന്നതുപോലെ ‘അത്’ പ്രപഞ്ചത്തെ അനിച്ഛാപൂര്‍വ്വം നയിക്കുന്നു. എന്നാല്‍ ‘അത്’ യാതൊന്നും ചെയ്യുന്നില്ല.  

Apr 12, 2013

330 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 330


അജ്ഞാനാദ്വൃദ്ധിമായാതി തദേവ സ്യാത്ഫലം സ്ഫുടം
ജ്ഞാനേനായാതി സംവിത്തിസ്ഥാമേവാന്തേ പ്രയച്ഝതി (6/8/6)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ അജ്ഞാനമെന്ന വള്ളിച്ചെടി എങ്ങിനെയാണ് എല്ലാ ദിശകളിലേയ്ക്കും പടര്‍ന്നു വളരുന്നതെന്ന് ഞാനിനി പറഞ്ഞു തരാം. പ്രത്യക്ഷലോകമെന്ന കാട്ടില്‍ തഴച്ചുവളരുന്ന ഇതിന്റെ വേരുകള്‍ ബോധമെന്ന പര്‍വ്വതത്തിലാണ് ഉറച്ചിട്ടുള്ളത്. മൂന്നു ലോകങ്ങളുമാണതിന്റെ തടിത്തണ്ട്. പ്രപഞ്ചം മുഴുവനും അതിന്റെ തോലാണ്. അതിന്റെ വേരും കായുമാവുന്നത് സുഖദുഖങ്ങളും, ഭാവാഭാവങ്ങളും ജ്ഞാനാജ്ഞാനങ്ങളും ആണ്. ആ അജ്ഞാനം സുഖാനുഭവം സങ്കൽപ്പിക്കുമ്പോള്‍ സുഖാനുഭവം. മറിച്ചു സങ്കല്പ്പിക്കുമ്പോള്‍ ദുഖാനുഭവം. ഭാവസങ്കല്‍പ്പത്തില്‍ ഭാവം (ജീവികൾ) ഉണ്ട്. അഭാവസങ്കല്‍പ്പത്തില്‍ അഭാവവുമുണ്ട്.      

“ഈ അജ്ഞാനം വ്യാപരിക്കുന്നത് അജ്ഞാനം മൂലമാണ്. അത് കൂടുതല്‍ ഇരുണ്ട അജ്ഞാനത്തിനു വഴി തെളിക്കുന്നു. എന്നാല്‍ വിവേകത്തെ വിവേകം തന്നെ പരിപോഷിപ്പിക്കുന്നു. അത് ജ്ഞാനം തന്നെയായിത്തീരുന്നു.” അജ്ഞാനം മാനസീകാവസ്ഥകളിലും വിശ്രമവേളകളില്‍പ്പോലും പ്രകടമാവുന്നു. എന്നാല്‍ എപ്പോഴെങ്കിലും അത് ജ്ഞാനവുമായി ബന്ധപ്പെടാന്‍ ഇടയായി സ്വയം പവിത്രമാവുകതന്നെ ചെയ്യും. എന്നാല്‍ അത് വീണ്ടും വിഷയങ്ങളിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു സംഗത്തിലാവുന്നു. അതാണ്‌ എല്ലാ വികാരങ്ങള്‍ക്കും ഇന്ദ്രിയാനുഭവങ്ങള്‍ക്കും കാരണം. ആ വള്ളിച്ചെടിയുടെ മജ്ജ പൂര്‍വ്വാനുഭവസ്മൃതികളത്രേ. 

വിചാരം അല്ലെങ്കില്‍ ആത്മാന്വേഷണം ആ ചെടിയെ കാര്‍ന്നു തിന്നുന്ന ചിതലാണ്. അകാശത്തു തിളങ്ങിക്കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും അതിന്റെ പൂക്കളാണ്. മനസ്സാണീ ചെടിയെ പിടിച്ചു കുലുക്കുന്നത്. ധാരണകളാകുന്ന പക്ഷികള്‍ ഈ ചെടിയില്‍ വന്നിരിക്കുന്നു. ഇന്ദ്രിയങ്ങളാകുന്ന വിഷസര്‍പ്പങ്ങള്‍ ചെടിക്ക് ചുറ്റും വളഞ്ഞിരിക്കുന്നു. നിഷിദ്ധകര്‍മ്മങ്ങളാകുന്ന പെരുമ്പാമ്പ്‌ ഈ ചെടിയിലാണ് വസിക്കുന്നത്. സ്വര്‍ഗ്ഗത്തിന്റെ വെളിച്ചമാണിതിനെ പ്രകാശിപ്പിക്കുന്നത്. എല്ലാ ജീവികളുടെയും ജീവിതമാര്‍ഗ്ഗം ഈ ചെടിയെ അവലംബിച്ചിരിക്കുന്നു.

മൂഢനെ ഭ്രമിപ്പിക്കുവാനുതകുന്ന വസ്തുക്കള്‍ , സാധകനില്‍ വിവേകമുദിപ്പിക്കാന്‍ സഹായകമായ ഉപാധികള്‍ , എണ്ണമറ്റ ജീവജാലങ്ങള്‍ എന്നിവയാണ് ഇതിലുള്ള മറ്റു സംഗതികള്‍ .  ഇതിലാണ് ജനിച്ചിട്ടുള്ളവരും ഇനി ജനിക്കാനുള്ളവരും, മരിച്ചവരും ഇനി മരിക്കാനുള്ളവരും ഇരിക്കുന്നത്. ചിലപ്പോള്‍ ഈ ചെടി ഭാഗികമായി മുറിഞ്ഞും മറ്റു ചിലപ്പോള്‍ പൂര്‍ണ്ണമായ അവസ്ഥയിലും (വിവേകം തീരെയുദിക്കാത്തവര്‍ ) ഇരിക്കുന്നു. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സാദ്ധ്യമല്ല.

ഭൂത, വര്‍ത്തമാന, ഭാവികൾ ഇതിലാണുളളത്. ഈ ചെടി ജീവികളുടെ വിവരം കെടുത്തുന്ന കിനാവള്ളിയാണ്. എന്നാല്‍ ദൃഢനിശ്ചയത്തോടെ അന്വേഷിക്കുമ്പോള്‍ അതിനന്ത്യമാകുന്നു. ഈ ചെടിതന്നെയാണ് മുന്‍പ് പറഞ്ഞ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളും ജീവികളുമായി പരിണമിച്ചത്‌...  ഗ്രഹങ്ങളും താരകളും, ജീവികളും, ചെടികളും, പഞ്ചഭൂതങ്ങളും, സ്വര്‍ഗ്ഗവും, ഭൂമിയും, ദേവതകളും, കൃമികീടങ്ങളും എല്ലാമായി കാണുന്നത് ഈ ചെടിതന്നെയാണ്. ഇഹലോകത്തില്‍ , ഈ പ്രപഞ്ചത്തില്‍ നിലകൊള്ളുന്ന എല്ലാം ഈ അവിദ്യയാല്‍ വ്യാപരിച്ചിരിക്കുന്നു. ഇതിനപ്പുറം പോകാനായാല്‍ നിനക്ക് ആത്മജ്ഞാനം സിദ്ധമായി.

Apr 11, 2013

329 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 329


യാ: സംപദോ യദുത സംതതമാപദശ്ച
യദ്ബാല്യയൌവനജരാമരണോപതാപാ:
യന്മജ്ജനം ച സുഖദുഃഖപരമ്പരാഭി
രജ്ഞാനതീവ്രതിമിരസ്യ വിഭൂതയസ്താ: (6/7/47)

വസിഷ്ഠന്‍ തുടര്‍ന്നു: മരങ്ങള്‍ തണുപ്പും കാറ്റും ചൂടും സഹിച്ച് ദുരിതമയമായ ഒരേ നില്‍പ്പ് തുടരുന്നു. എന്നാല്‍ അപ്പോഴും അവ പൂക്കളും പഴങ്ങളും മറ്റുള്ളവർക്കായി കരുതി വയ്ക്കുന്നു. ലോകമെന്ന താമരമൊട്ടില്‍ കുടുങ്ങിയിരിക്കുന്ന ഈച്ചകളെപ്പോലെ അസ്വാസ്ഥ്യരായി ജീവികള്‍ മൂളി മൂളി കഴിച്ചു കൂട്ടുന്നു. ഈ വിശ്വം മുഴുവനും കലിയുടെ ഭിക്ഷാപാത്രമെന്നപോലെ സഹജമായ ചലനങ്ങളാലും കര്‍മ്മങ്ങളാലും സദാ തിരക്കില്‍ത്തന്നെയാണ്. കലി ഈ ഭിക്ഷാപാത്രത്തില്‍ ജീവികളെ നിറച്ചു വീണ്ടുംവീണ്ടും തന്റെ നാഥനായ കാലനുമുന്നില്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നു.   

ഈ വിശ്വമൊരു വൃദ്ധയാണ്. അജ്ഞാനമാകുന്ന അന്ധകാരമാണവളുടെ തലമുടി. സൂര്യചന്ദ്രന്മാര്‍ അവളുടെ വിശ്രാന്തിയെന്തെന്നറിയാത്ത കണ്ണുകളാണ്. അകത്തും പുറത്തുമായി വിരാജിക്കുന്ന ദേവതകളും, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും പര്‍വ്വതങ്ങളും, എന്നുവേണ്ട എല്ലാം അവളുടെ പ്രകൃതിയാണ്. ബ്രഹ്മത്തെക്കുറിച്ചുള്ള സൂക്ഷ്മരഹസ്യത്തിന്റെ അറ അവളുടെ നെഞ്ചിലാണുള്ളത്. ബോധചൈതന്യം, അല്ലെങ്കില്‍ ഊര്‍ജ്ജമാണ് അവളുടെ അമ്മ. മേഘപടലങ്ങള്‍പോലെ പെട്ടെന്ന് കലുഷമാകുന്നതും ഒരിടത്തും ഉറച്ചു നില്‍ക്കാത്തതുമാണ് അവളുടെ സ്വഭാവം. നക്ഷത്രങ്ങള്‍ അവളുടെ പല്ലുകളാണ്. ഉദയാസ്തമയങ്ങളാണ് അവളുടെ ചുണ്ടുകള്‍ .  അവളുടെ കൈപ്പത്തി താമരപ്പൂവാണ്. അകാശമാണവളുടെ വായ.  അവൾ പവിഴമണികൾ കോര്‍ത്തണിയുന്ന  കണ്ഠാഭരണമാണ് ഏഴു കടലുകള്‍. നീലാകാശത്തിന്റെ ഉടയാടയാണ്  അവളണിഞ്ഞിരിക്കുന്നത്. ധ്രുവം അവളുടെ നാഭിയാണ്. കാടുകള്‍ അവളുടെ ദേഹരോമങ്ങളാണ്.

ഈ വൃദ്ധ ആവര്‍ത്തിച്ചു ജനിച്ചു മരിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം സംഭവിക്കുന്നത് ബോധപ്രകാശത്തിലാണ്. ഇതില്‍ ബ്രഹ്മാവിന്റെ കണ്ണിമവെട്ടുന്ന നേരം കൊണ്ട് ദേവതകള്‍ സൃഷ്ടിക്കപ്പെടുന്നു. ബ്രഹ്മാവൊന്നു കണ്ണടയ്ക്കുമ്പോള്‍ അനേകം ജീവികള്‍ ഇല്ലാതാവുന്നു. ആ പരമബോധത്തില്‍ രുദ്രന്മാരുണ്ടായി അവര്‍ അനേകായിരം കാലചക്രങ്ങള്‍ തുടങ്ങി ഞൊടിയിടയില്‍ അവസാനിപ്പിക്കുന്നു. എന്നാല്‍ ഈ രുദ്രനെയും ഞൊടിയിടയില്‍ സൃഷ്ടിച്ചു സംഹരിക്കുന്ന ദേവതകളും ബോധത്തില്‍ ഉണ്ടാകുന്നുണ്ട്. തീര്‍ച്ചയായും ഇത്തരം  പ്രത്യക്ഷ മൂര്‍ത്തീകരണങ്ങള്‍ അനന്തമാണ്.

അനന്തവിഹായസ്സില്‍ , അനന്താവബോധത്തിനു നടത്തിയെടുക്കാന്‍ കഴിയാത്തതായി എന്തുണ്ട്? എന്നാല്‍ പ്രത്യക്ഷമായി കാണപ്പെടുന്ന ഇതെല്ലാം അവിദ്യയുടെ പരിധിയില്‍ വരുന്ന സങ്കല്‍പം മാത്രമാണെന്ന് ജ്ഞാനിക്കറിയാം.

“എല്ലാ ഐശ്വര്യങ്ങളും ദുരിതങ്ങളും, ബാല്യം, യൌവനം, വാര്‍ദ്ധക്യം, മരണം, ദുഃഖങ്ങള്‍ , സന്തോഷ സന്താപങ്ങള്‍ , എന്നുവേണ്ട എല്ലാം സാന്ദ്രഘനമാർന്ന അവിദ്യാന്ധകാരത്തിന്റെ സന്തതികള്‍ തന്നെയാണ്.