ബഹു ദൃഷ്ടം മായാ ദൃശ്യം ബഹു ഭ്രാന്തമഖേദിനാ
വഹ്വേവ ബഹുദാ നൂനമനുഭൂതം സ്മരാമ്യാഹം (6.2/131/30)
ഭാസന്‍ പറഞ്ഞു: ഞാന്‍ പലയിടത്തും അലഞ്ഞു നടന്നു, പലതും
കണ്ടു, അനുഭവിച്ചു. എങ്കിലും എനിക്ക് ക്ഷീണം തോന്നിയില്ല. ഞാന്‍ പല കാര്യങ്ങളും
വിവിധരീതികളില്‍ അനുഭവിക്കുകയുണ്ടായി എന്നും ഞാന്‍ ഓര്‍ക്കുന്നു.
എനിക്ക് പലപല ദേഹങ്ങളില്‍ക്കൂടി, വിദൂരദേശങ്ങളിലും
മറ്റുമായി ഏറെക്കാലം നിരവധി
സുഖ-ദുഖാനുഭവങ്ങള്‍ ഉണ്ടായി.
അനുഗ്രഹങ്ങളും
ശാപങ്ങളും നിമിത്തം എനിക്ക് പലവിധത്തിലുള്ള ദേഹങ്ങളെ സ്വീകരിക്കേണ്ടിവന്നു.
എണ്ണമറ്റ വസ്തുക്കളും കാഴ്ചകളും എനിക്ക് അനുഭവിക്കാന്‍ ഇടവന്നിട്ടുണ്ട്.
എനിക്കെല്ലാമെല്ലാം കാണണമെന്നും അനുഭവിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു താനും.
അഗ്നിഭഗവാനില്‍ നിന്നും എനിക്കങ്ങിനെയൊരു വരം ആദ്യമേതന്നെ ലഭിച്ചിരുന്നു.
വിശ്വത്തെപ്പറ്റിയുള്ള അറിവുണ്ടാകണമെന്നതായിരുന്നു എന്നിലുണ്ടായിരുന്ന ആഗ്രഹം.
അതുകൊണ്ട് വിവിധ ദേഹങ്ങളില്‍ കുടികൊള്ളുമ്പോഴും ഞാനാ പ്രഥമലക്ഷ്യം മറന്നില്ല. ഒരായിരം
കൊല്ലം ഞാനൊരു മരമായിക്കഴിഞ്ഞു. അപ്പോള്‍ എന്റെ മനസ്സ് എന്നില്‍ മാത്രം
കേന്ദ്രീകരിച്ചിരുന്നതിനാല്‍ പലപല ദുരിതങ്ങളും ഞാന്‍ അക്കാലത്ത് അനുഭവിച്ചു.
മനോവ്യാപാരങ്ങള്‍ ഒന്നും കൂടാതെതന്നെ ഞാന്‍ പൂക്കളും കായ്കളും
സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
പിന്നെയൊരു നൂറുകൊല്ലം ഞാന്‍ മേരുപര്‍വ്വതത്തില്‍
മേയുന്ന സുവര്‍ണ്ണവര്‍ണ്ണത്തിലുള്ള ഒരു മാനായിരുന്നു. പുല്ലുമേഞ്ഞു നടന്ന എനിക്ക്
സംഗീതത്തോട് ആസക്തിയുണ്ടായിരുന്നു. വളരെ ചെറിയ ജീവിയായ ഞാന്‍ തികച്ചും
നിരുപദ്രവിയുമായിരുന്നു.
അമ്പതുവര്‍ഷം
ഞാന്‍ ഒരു ശരഭമായിരുന്നു. ആ ജന്മത്തില്‍ എട്ട് കാലുകളുണ്ടായിരുന്ന ഞാന്‍
സിംഹത്തെക്കാള്‍ പ്രബലനുമായിരുന്നു. പിന്നീട് ഞാനൊരു വിദ്യാധരനായി. പിന്നെ ഒരു
ഹംസമായി ആയിരത്തിയഞ്ഞൂറു കൊല്ലക്കാലം ഞാന്‍ കഴിഞ്ഞു. ബ്രഹ്മവാഹനമായ ഹംസത്തിന്റെ
പുത്രനായിരുന്നു ഞാന്‍. ഒരു നൂറുകൊല്ലം ഞാന്‍ ഭഗവാന്‍ നാരായണന്റെ പാര്‍ഷദന്മാര്‍
പാടുന്ന ദിവ്യസംഗീതം കേട്ടു.
പിന്നീട് ഞാനൊരു കുറുക്കനായി കാട്ടില്‍ക്കഴിഞ്ഞു. ഞാന്‍
പാര്‍ത്തിരുന്ന ആ കാട്ടിലൊരു മദയാന കാടിളക്കി നടന്നിരുന്നു. ആനയുടെ
മുന്നിലകപ്പെട്ടു ഞാന്‍ മൃതപ്രായനായിനില്‍ക്കെ ആനയെ ഒരു സിംഹം കൊന്നു. അതുകഴിഞ്ഞ്
ഞാനൊരപ്സരസ്സായി, മറ്റൊരു ലോകത്ത് ഒറ്റയ്ക്ക് ഒരു യുഗത്തിന്റെ പകുതി കഴിയാനിടയായത്
ഒരു മുനിശാപത്താലാണ്. പിന്നീട് ഒരു നൂറുകൊല്ലം ഞാന്‍ ഒരു വാല്‍മീക പക്ഷിയായി.
എന്റെ കൂടും അതിരുന്ന മരവും നശിച്ചപ്പോള്‍ എന്റെ കൂട്ടുകാരനും എന്നെ വിട്ടുപോയി.
പിന്നെ ഞാന്‍ ഏറെക്കാലം ദൂരെയൊരിടത്ത് ഏകനായി വസിച്ചു. പിന്നീട്
ഞാനൊരു താപസനായി കുറച്ച് അനാസക്തിയൊക്കെ പരിശീലിച്ചു വരവേ പല കാര്യങ്ങളും
കാണുകയുണ്ടായി. ജലം മാത്രം കൊണ്ട് നിര്‍മ്മിതമായ ഒരു ലോകം ഞാന്‍ കണ്ടു.
മറ്റൊരിടത്ത് ഒരു സ്ത്രീയുടെ ദേഹത്ത് മൂന്നു ലോകങ്ങളും ഒരു കണ്ണാടിയില്‍ എന്നവണ്ണം
പ്രതിഫലിച്ചതായി ഞാന്‍ കണ്ടു. അവളോട് ആരാണ് നീ എന്ന് ചോദിക്കവേ അവള്‍ പറഞ്ഞു: ഞാന്‍
ശുദ്ധബോധമാണ്. ലോകങ്ങള്‍ എന്റെ അവയവങ്ങളാണ്. അങ്ങയില്‍ ഞാന്‍ വിസ്മയത്തെ
ഉണ്ടാക്കിയതുപോലെ മറ്റെല്ലാ വസ്തുക്കളും വിസ്മയകരംതന്നെ. എല്ലാറ്റിനേയും ഇതേ
രീതിയില്‍ അത്ഭുതത്തോടെ, വിസ്മയത്തോടെ കാണാന്‍ കഴിയുന്നതുവരെ അങ്ങേയ്ക്ക്
ഒന്നിന്റെയും സത്യസ്ഥിതി അറിയാന്‍ കഴിയില്ല. ലോകങ്ങള്‍ ഒരുവന്റെ സ്വന്തം
അവയവങ്ങളത്രേ. സ്വപ്നത്തില്‍ കേള്‍ക്കുന്ന ശബ്ദങ്ങളെന്നപോലെ ഞാന്‍ എല്ലാവരെയും
കേള്‍ക്കുന്നു.
എണ്ണമറ്റ
ജീവികള്‍ അവളില്‍ ഉണ്ടായിട്ട് അവളില്‍ത്തന്നെ വിലയിക്കുന്നു. വേറൊരിടത്ത് ആകാശത്ത്
ഞാനൊരസാധാരണമായ മേഘത്തെ കണ്ടു. അതില്‍ നിന്നും പരസ്പരം കൂട്ടിയിടിക്കുന്ന
ശരങ്ങളുടെ അതിഭീകര ശബ്ദം ഉയര്‍ന്നിരുന്നു. ആ മേഘം ഭൂമിയില്‍ പെയ്തത് ആയുധവര്‍ഷമായിരുന്നു.
മറ്റൊരുലോകം
ആകെ ഇരുട്ട് മൂടിയതായിരുന്നു. അവിടത്തെ ഗ്രാമങ്ങള്‍ അകലെയേതോ ലോകത്തേയ്ക്ക്
പറന്നകന്നു പൊയ്ക്കൊണ്ടിരുന്നു. അങ്ങയുടെ ഗ്രാമം ഞാന്‍ മറ്റൊരു ലോകത്ത്
കണ്ടിരുന്നു. ഇനിയും മറ്റൊരിടത്ത് എല്ലാ ജീവികളും കാഴ്ചയില്‍ ഒരേപോലെയായിരുന്നു.
മറ്റൊരു ലോകത്ത് സൂര്യചന്ദ്രന്മാരോ നക്ഷത്രങ്ങളോ ഇല്ലായിരുന്നു. എന്നാലവിടെ
ഇരുട്ടും ഉണ്ടായിരുന്നില്ല. അവിടത്തെ ജീവികള്‍ സ്വയം പ്രഭരായിരുന്നു. അവരാണ് ആ
ലോകത്തെ പ്രകാശമാനമാക്കിയത്.
ഞാന്‍
കാണാത്ത ലോകങ്ങളോ എനിയ്ക്ക് വേദ്യമാവാത്ത അനുഭവങ്ങളോ ഇല്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.