Sep 6, 2014

605 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 605

സര്‍വ്വദിക്കം  മഹാഗോളേ നഭസി സ്വര്‍കതാരകം
കിമാത്രോര്‍ദ്ധ്വമധ: കിം സ്യാത്സര്‍വമൂര്‍ദ്ധ്വമധശ്ച വാ (6.2/127/22)

ശ്രീരാമന്‍ പറഞ്ഞു: ഭഗവന്‍, ഈ ലോകമെങ്ങിനെ നിലനില്‍ക്കുന്നു എന്നും, ചക്രവാളത്തില്‍ ഭൂഗോളം എങ്ങിനെ ചംക്രമണം ചെയ്യുന്നുവെന്നും ലോകാലോകപര്‍വ്വതനിരകള്‍ നിലകൊള്ളുന്നതെങ്ങിനെയെന്നും ദയവായി പറഞ്ഞ് തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: ചെറിയൊരു കുട്ടി ശൂന്യമായ ഒരിടത്ത് തന്‍റെ കളിപ്പാട്ടം ഉണ്ടെന്നു സങ്കല്‍പ്പിക്കുന്നു. അതുപോലെയാണ് അനന്തമായ ബോധത്തില്‍ ലോകത്തിന്റെ അസ്തിത്വം.

വികലമായ ദൃഷ്ടിയുള്ളവന്‍ ആകാശത്ത് പന്തുപോലെയുള്ള ചെറിയ മുടിച്ചുരുളുകള്‍ കാണുന്നു. എന്നാല്‍ ആകാശത്ത് അവ ഇല്ല എന്ന് നമുക്കറിയാം. അത്തരം ധാരണകള്‍ അനന്തബോധത്തില്‍ ഉദിച്ചുവരുന്ന മാത്രയില്‍ അതിന് നാം സൃഷ്ടി എന്ന പേര് നല്‍കുന്നു. ദിവാസ്വപ്നത്തിലും സങ്കല്‍പ്പത്തിലും ‘നിര്‍മ്മിച്ച’ നഗരത്തിന് താങ്ങായി ഒന്നും തന്നെ ആവശ്യമില്ല. കാരണം ആ നഗരത്തെ നിലനിര്‍ത്തുന്നത് ആ സങ്കല്‍പ്പം മാത്രമാണല്ലോ. ലോകം എന്ന സങ്കല്‍പ്പത്തെ അറിയുന്നത് അനന്തബോധത്തില്‍ അതിനെപ്പറ്റി അനുഭവം സംജാതമാവുമ്പോള്‍ മാത്രമാണ്.

ബോധത്തില്‍ അന്തര്‍ലീനമായ ശക്തിവിശേഷംകൊണ്ട് എന്തെല്ലാം കാണപ്പെടുന്നുവോ, അവ എത്ര നേരത്തേയ്ക്ക് അനുഭവപ്പെടുന്നുവോ അവ അപ്രകാരം ഉള്ളതായി തോന്നുകയാണ്. 

അതായത് ദൃഷ്ടി വൈകല്യം ഉള്ളവന്‍ ആകാശത്ത് കാണുന്ന ‘മുടിച്ചുരുള്‍പ്പന്ത്’ പോലെ ലോകം ബോധത്തില്‍ നിലകൊള്ളുന്നു. ബോധം തുടക്കത്തിലേ തന്നെ ജലം മേലോട്ടൊഴുകുകയും അഗ്നി താഴേയ്ക്ക് പടര്‍ന്നു പിടിക്കുകയും ചെയ്യുന്നതായി കണ്ടിരുന്നുവെങ്കില്‍ കാര്യങ്ങള്‍ അങ്ങിനെതന്നെ ആകുമായിരുന്നു. അതായത് പ്രഥമസങ്കല്‍പ്പം അനുസരിച്ചാണ് ഘടകപദാര്‍ഥങ്ങളും അവയുടെ സംഘാതങ്ങളും ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ബോധത്തില്‍ ആകാശത്ത് ഭൂമി ‘പതിക്കുന്നതായി’ കാണപ്പെട്ടു. അതിപ്പോഴും തുടരുന്നു. ആപേക്ഷികമായി ബോധം ഭൂമിക്ക് മേല്‍ ‘ഉയര്‍ന്നു’കൊണ്ടിരിക്കുന്നു. അങ്ങിനെയാണ് ദ്വന്ദശക്തികളുടെ, വൈവിദ്ധ്യമാര്‍ന്ന ചലനങ്ങളുടെ ഉത്ഭവം. ലോകാലോക പര്‍വ്വതനിരകള്‍ ഭൂമിയുടെ അതിരാണ്. അതിനുമപ്പുറം അനന്തമായ തമോഗര്‍ത്തമാണ്. അവിടെയും ചില വസ്തുക്കള്‍ ഉണ്ടായേക്കാം. 

നക്ഷത്രഖചിതമായ ആകാശഗോളം ഏറെ അകലത്താണ്‌. അവിടെയും വെളിച്ചത്തിന്‍റെയും ഇരുട്ടിന്റെയും സാന്നിദ്ധ്യം അറിയാനാവും. ലോകാലോകപര്‍വ്വതങ്ങളില്‍ നിന്നും വളരെയേറെ അകലത്താണ്‌ നക്ഷത്രങ്ങള്‍ നിലകൊള്ളുന്നത്. ധ്രുവ നക്ഷത്രമൊഴികെ എല്ലാ നക്ഷത്രങ്ങളും സ്വന്തം അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം ബോധത്തില്‍ ഉരുത്തിരിഞ്ഞ ധാരണകള്‍ മാത്രമാണെന്ന് നാം മറന്നുകൂടാ. ലോകാലോകപര്‍വ്വതത്തിനുമപ്പുറം ലോകത്തിന്റെ സീമയ്ക്ക് പുറമെയുള്ള ചക്രവാളം ഒരു പഴത്തിന്റെ തൊലിപോലെയാണിരിക്കുന്നത്.

ഇവയെല്ലാം വെറും ബോധധാരണകള്‍ മാത്രം. ഇവയെ ഉണ്മയായി കണക്കാക്കരുത്. നക്ഷത്ര ചക്രവാളത്തിനുമപ്പുറം ഉള്ള ആകാശം അതിന്റെ ഇരട്ടി വലുപ്പമുള്ളതാണ്. അവിടെയുമുണ്ട് ഇരുട്ട് മുങ്ങിയതും പ്രകാശം പരന്നതുമായ ഇടങ്ങള്‍. ഇവയെല്ലാം ആകാശത്തിന്റെ അതിരുകളായ രണ്ടർത്ഥഗോളങ്ങള്‍ക്കുള്ളില്‍ ഒതുക്കി വച്ചതുപോലയാണ്. ഒന്ന് മുകളില്‍, മറ്റേത് താഴെ. അവയ്ക്കിടയില്‍ ആകാശ ചക്രവാളം.

‘വിശ്വം എന്നത് സൂര്യചന്ദ്രന്മാര്‍ പ്രകാശമാനമാക്കുന്ന ചക്രവാളമാണ്. അതില്‍ ‘താഴെ’, ‘മുകളില്‍’ എന്നെല്ലാമുള്ള സങ്കല്‍പ്പം തന്നെ എങ്ങിനെ സാദ്ധ്യമാവും?’

‘ഉയര്‍ന്നുപൊങ്ങല്‍’, ‘താഴല്‍’, ‘ചലിക്കല്‍’, ‘അചരമായ് നില്‍ക്കല്‍’ എന്നിവയെല്ലാം ബോധത്തിലെ ധാരണകള്‍ മാത്രമാകുന്നു. അവയൊന്നും ഉണ്മയല്ല. സത്യത്തില്‍ അവയൊന്നും ‘ഉള്ളവ’യല്ല. 

No comments:

Post a Comment

Note: Only a member of this blog may post a comment.