Sep 6, 2014

604 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 604

ആതിവാഹികസംവിത്തേസ്തേവ്യോമ്നി വ്യോമതാത്മകാ:
ആധിഭൌതികദേഹത്വ ഭാവാന്തദൃശുരഗ്രത: (6.2/126/12)

വസിഷ്ഠന്‍ തുടര്‍ന്നു: ഇനി ആ നാല് വിപശ്ചിത്‌ രാജാക്കന്മാര്‍ക്കും എന്താണ് സംഭവിച്ചത് എന്ന് കേള്‍ക്കുക. അതില്‍ ഒരാളെ ഒരാന കുത്തിക്കൊന്നു. രണ്ടാമനെ യക്ഷന്മാര്‍ കൊണ്ടുപോയി എരിയുന്ന തീക്കൂനയിലിട്ടു കൊന്നു. മൂന്നാമനെ വിദ്യാധരന്മാര്‍ കൊണ്ടുപോയി. സ്വര്‍ഗ്ഗത്തില്‍ ഇന്ദ്രനെ ബഹുമാനിക്കാഞ്ഞതുകൊണ്ട് അദ്ദേഹത്തെ അവര്‍ ശപിച്ചു ഭസ്മമാക്കിക്കളഞ്ഞു. നാലാമനെ ഒരു മുതല കൊന്നു.

സൂക്ഷ്മ ശരീരത്തില്‍ ഇരുന്നുകൊണ്ട് ഈ നാലുപേര്‍ അവരുടെ പൂര്‍വ്വജന്മചരിതം ഓര്‍ത്തു. അവയാണല്ലോ അവരില്‍ വാസനാസ്മരണകള്‍ ഉണ്ടാക്കിയത്. അവരുടെ ബോധാകാശത്തില്‍ വിശ്വം മുഴുവന്‍ പ്രതിഫലിച്ചു. സൂര്യചന്ദ്രാദികളും കടലും മലയും പട്ടണങ്ങളും നഗരങ്ങളും നക്ഷത്രങ്ങളും മേഘവും അതിലുണ്ടായിരുന്നു. അവരുടെ ദേഹങ്ങളെ മുന്‍പുണ്ടായിരുന്ന രൂപത്തിലവര്‍ കാണുകയും ചെയ്തു.
 
“ആതിവാഹികദേഹഭാവത്തില്‍ അവര്‍ തങ്ങളുടെ ഭൌതീക ശരീരത്തെ പുറമേ കണ്ടു.” ലോകമെന്ന സ്ഥൂലപ്രപഞ്ചത്തെ കാണാന്‍ തങ്ങളെ ശരീരമെന്ന വസ്ത്രമണിയിച്ചത് തങ്ങള്‍ സ്വയമാര്‍ജ്ജിച്ച പൂര്‍വ്വജന്മ വാസനകളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ലോകത്തിന്റെ അതിരുകള്‍ കാണാന്‍ അവര്‍ അതീതതലങ്ങളില്‍ അലഞ്ഞു നടന്നു. പടിഞ്ഞാറെ വിപശ്ചിത്തിന് ഏഴു ഭൂഖണ്ഡങ്ങളും സപ്തസമുദ്രങ്ങളും തരണം ചെയ്ത് ഭഗവാന്‍ വിഷ്ണുവിനെ ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി. ഭഗവാനില്‍ നിന്ന് ജ്ഞാനത്തിന്‍റെ പാരമ്യത എന്തെന്നറിഞ്ഞ അദ്ദേഹം അഞ്ചുവര്‍ഷം സമാധിയിലിരുന്നു. അതുകഴിഞ്ഞ് ദേഹമുപേക്ഷിച്ച അദ്ദേഹം നിര്‍വ്വാണപദം പൂകി.

പൌരസ്ത്യദേശത്തു പോയ വിപശ്ചിത് രാജാവ് ചാന്ദ്രരശ്മികളോടു ചേര്‍ന്ന് നിലകൊണ്ടു. അദ്ദേഹം ചന്ദ്രനെത്തന്നെ ധ്യാനിച്ച്‌ ഒടുവില്‍ ചന്ദ്രനില്‍ വിലീനനായി. തെക്കന്‍ പ്രദേശത്ത് പോയ രാജാവ് എല്ലാ ശത്രുക്കളേയും വകവരുത്തി. ഇപ്പോഴും അദ്ദേഹം തന്റെ രാജ്യം ഭരിക്കുന്നു. തന്റെ നിര്‍ണ്ണയങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും അദ്ദേഹത്തില്‍ ഉള്ളതുകൊണ്ടാണ് ഇത് സാധിക്കുന്നത്. വടക്കോട്ടുപോയ രാജാവിനെ ഒരു മുതല പിടിച്ചു തിന്നു. എന്നാല്‍ ആ മുതലയുടെ ദേഹത്തില്‍ അദ്ദേഹം ആയിരത്തൊന്നു  കൊല്ലക്കാലം കഴിഞ്ഞു. പിന്നീട് ആ മുതല ചത്തപ്പോള്‍ മറ്റൊരു മുതലയായി അദ്ദേഹം പുറത്തു വന്നു. മുതലയുടെ രൂപത്തില്‍ അദ്ദേഹം സമുദ്രങ്ങളും മഞ്ഞുമലകളുംകടന്നുപോയി അനേകമനേകം നാഴികകള്‍ പിന്നിട്ട് ദേവന്മാരുടെ തടാകമായ സുവര്‍ണ്ണസരസ്സില്‍ എത്തിച്ചേര്‍ന്നു. അവിടെയദ്ദേഹം ദേഹമുപേക്ഷിച്ചു. ദേവന്മാരുടെ സവിധത്തില്‍ വച്ച് മൃതിയടഞ്ഞതിനാല്‍ അദ്ദേഹം സ്വയം ഒരു ദേവനായിത്തീര്‍ന്നു. തീക്കനലിന്നടുത്തു കിടക്കുന്ന വിറകുകഷണത്തി നു തീപിടിക്കാന്‍ എന്താണ് ബുദ്ധിമുട്ട്? 

ഇപ്പറഞ്ഞ അവസാനത്തെ വിപശ്ചിത്ത് ഭൂമിയുടെ അതിരായ ലോകാലോകപര്‍വ്വതങ്ങളില്‍ എത്തിയിരുന്നു. കാരണം പൂര്‍വ്വജന്മങ്ങളിലെ അനുഭവങ്ങള്‍ ഓര്‍മ്മകളായി അദ്ദേഹത്തില്‍ ഉണ്ടായിരുന്നല്ലോ. അനേകായിരം കാതങ്ങൾ ഉയരത്തിലാണ് ആ പര്‍വ്വതനിരകള്‍ നിലകൊള്ളുന്നത്. അതിന്റെ ഒരു വശം വെളിച്ചം പരന്നും  മറ്റെ വശം ഇരുണ്ടുമാണ് കാണപ്പെടുന്നത്. അവിടെനിന്ന് ദൂരെദൂരെയുള്ള നക്ഷത്രങ്ങളെപ്പോലെ അദ്ദേഹം ഭൂമിയെയും മറ്റും കണ്ടു. പിന്നീട് പര്‍വ്വതത്തിന്റെ ഇരുട്ട് മൂടിയ ആ ഭാഗത്തേയ്ക്ക് അദ്ദേഹം പോയി. അതിനുമപ്പുറം മഹത്തായ ശൂന്യതയാണ്. അവിടെ ഭൂമിയില്ല, ജീവികളില്ല, ചാരാചരങ്ങളായി യാതൊന്നുമില്ല. അവിടെ സൃഷ്ടിയെന്നത് ഒരു സാദ്ധ്യതയായിപ്പോലും നിലനില്‍ക്കുന്നില്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.