ഏതദേവ പരം ധ്യാനം പൂജൈഷൈവ പരാ
സ്മൃതാ
യദനാരതമന്തസ്ഥ
ശുദ്ധചിന്മാത്രവേദനം (6/38/25)
ഭഗവാന്‍ തുടര്‍ന്നു: മഹര്‍ഷികളാല്‍പ്പോലും
പൂജാര്‍ഹനായ 'ദൈവം' അങ്ങിനെയൊക്കെയാണ്. ശിവനായും വിഷ്ണുവായും മറ്റ് ഭാവങ്ങളിലും
ജ്ഞാനികള്‍ പൂജിക്കുന്നത് ഒരേ ദൈവസങ്കല്‍പ്പത്തെയത്രേ.
ഇനി ഈ പൂജയിലെ വിവിധ
രീതികളെപ്പറ്റി പറയാം. ‘ഞാന്‍ ഈ ശരീരമാണ്’ എന്ന ചിന്ത ആദ്യമേ തന്നെ ഉപേക്ഷിക്കണം.
കാരണം ധ്യാനം തന്നെയാണ് ശരിയായ പൂജ. മൂന്നുലോകങ്ങളുടെയും അധിപനായ ആ ഭഗവാനെ
ധ്യാനത്തിലൂടെയാണ് ഉപാസിക്കേണ്ടത്. ആ ഭഗവാനെ ധ്യാനിക്കേണ്ടത്
എങ്ങിനെയെന്നാണെങ്കില്‍ , അദ്ദേഹം ശുദ്ധപ്രജ്ഞയാണ്. ലക്ഷം സൂര്യന്മാരുടെ കാന്തി
ഒന്നിച്ചു ചേര്‍ന്നാലുള്ള പ്രഭയാണവിടുന്ന്‍. എല്ലാ പ്രകാശങ്ങള്‍ക്കും
പ്രകാശമേകുന്ന അന്തര്‍ജ്യോതിയാണവിടുന്ന്. അനന്തമായ ആകാശമാണവിടുത്തെ കണ്ഠം.
അനന്തവിഹായസ്സാണവിടുത്തെ പാദങ്ങള്‍ . ദിക്കുകള്‍ കരങ്ങളത്രേ. ലോകങ്ങള്‍ ആ കരങ്ങളിലെ
ആയുധങ്ങള്‍ . വിശ്വം മുഴുവനും അവിടുത്തെ ഹൃദയത്തില്‍ കുടികൊള്ളുന്നു. അവിടുത്തെ
ദേഹത്തിലെ രോമങ്ങളാണ് ദേവന്മാര്‍ . വിശ്വസാദ്ധ്യതകളാണ് അവിടുത്തെ ചൈതന്യം, ഊര്‍ജ്ജം.
കാലത്തെ കാവല്‍ക്കാരനാക്കി വെച്ചിട്ടുള്ള ഭഗവാന് ആയിരം തലകളും കണ്ണുകളും ചെവികളും
കരങ്ങളുമുണ്ട്.
അവിടുന്നാണ് തൊടുന്നത്,
സ്വാദറിയുന്നത്, കേള്‍ക്കുന്നത്, ചിന്തിക്കുന്നത്. എന്നാല്‍ അദ്ദേഹം എല്ലാ
ചിന്തകള്‍ക്കും അതീതനാണ് താനും. എല്ലായിടത്തും എല്ലായ്പ്പോഴും എല്ലാം ചെയ്യുന്നത്
ആ ഭാഗവാനാണ്. എല്ലാവരുടെയും അന്തര്‍വാസിയായി അവരുടെയെല്ലാം ഇഛകളെ പൂര്‍ത്തീകരിച്ച്
നിലകൊള്ളുന്ന ഭഗവാനെ എല്ലാവരും സമാശ്രയിക്കുന്നു. ഇങ്ങിനെ ഭഗവാനെക്കുറിച്ച്
ധ്യാനിക്കണം.
ഈ ഭഗവാനെ പൂജിക്കേണ്ടത് പദാര്‍ത്ഥങ്ങള്‍
കൊണ്ടല്ല, മറിച്ച് സ്വന്തം ബോധസത്തകൊണ്ടുള്ള ധ്യാനം കൊണ്ടാണ്. ദീപാരാധനകൊണ്ടോ,
സാമ്പ്രാണികത്തിച്ചു പുകച്ചതുകൊണ്ടോ പുഷ്പാര്‍ച്ചനകൊണ്ടോ നിവേദ്യം കൊണ്ടോ
ചന്ദനച്ചാര്‍ത്തുകൊണ്ടോ കാര്യമൊന്നുമില്ല. കാരണം ആദ്ദേഹത്തെ പ്രാപിക്കാന്‍
പ്രയാസമേതുമില്ല. ആത്മസാക്ഷാത്കാരത്തിന്റെ മാര്‍ഗ്ഗം ഒന്നുകൊണ്ടുമാത്രമേ അദ്ദേഹത്തെ
പൂജിക്കാന്‍ സാധിക്കൂ.
“അതാണ് പരമായ ധ്യാനവും
ആരാധനയും. അവനവന്റെ ഉള്ളില്‍ കുടികൊള്ളുന്ന, അന്തര്യാമിയുടെ സാന്നിദ്ധ്യത്തെ, ഉള്‍വെളിച്ചത്തെക്കുറിച്ചുള്ള ഇടമുറിയാത്ത, തുടര്‍ച്ചയായ അവബോധം. അതാണ്
വേണ്ടത്.” എന്ത് തന്നെ ചെയ്യുമ്പോഴും – കാണുമ്പോള്‍ , കേള്‍ക്കുമ്പോള്‍ ,
തൊടുമ്പോള്‍ , മണക്കുമ്പോള്‍ , ആഹാരം കഴിക്കുമ്പോള്‍ , ചലിക്കുമ്പോള്‍ , ഉറങ്ങുമ്പോള്‍ ,
സംസാരിക്കുമ്പോള്‍ എന്നുവേണ്ട ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ ഒക്കെ ശുദ്ധമായ
ബോധമാണ് ഒരുവന്റെ മൂലസ്വരൂപമെന്ന് ഓര്‍മ്മയുണ്ടാവണം. അങ്ങിനെ ഒരുവന് മുക്തിയെ
പ്രാപിക്കാം.
പൂജയിലെ
അര്‍ഘ്യം ധ്യാനമാണ്, ദേവതയുടെ ഹസ്തപ്രക്ഷാളനത്തിനുള്ള ജലം ധ്യാനമാണ്.
ധ്യാനത്തിലൂടെ നേടിയ ആത്മജ്ഞാനം പൂജാപുഷ്പമാണ്- ഇതെല്ലാം ധ്യാനനിദാനങ്ങളാണ്.
ആത്മാവിനെ
സാക്ഷാത്കരിക്കാന്‍ ധ്യാനമല്ലാതെ മറ്റു മാള്‍ഗ്ഗങ്ങളില്ല. പതിമൂന്നു
നിമിഷമെങ്കിലും ഒരാള്‍ക്ക് ധ്യാനിക്കുവാന്‍ കഴിഞ്ഞാല്‍ അയാള്‍ നിരക്ഷരനായ
ഒരജ്ഞാനിയാണെങ്കില്‍ക്കൂടി അയാള്‍ക്ക് ഗോദാനപുണ്യം ലഭിക്കും. അത് നൂറ്റിയൊന്ന്
നിമിഷത്തെ ധ്യാനമാണെങ്കില്‍ ഒരുവന് പവിത്രമായൊരു യാഗം ചെയ്തതിന്റെ പുണ്യമാര്‍ജ്ജിക്കാം.
പന്ത്രണ്ടു മിനുറ്റ് നീണ്ടുനില്‍ക്കുന്ന ധ്യാനത്താല്‍ ഒരായിരം യാഗങ്ങളുടെ
പുണ്യമാണ് ലഭ്യമാവുക. ധ്യാനസപര്യ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പക്ഷം
സാധകന് ഉയര്‍ന്ന തലങ്ങളിലേയ്ക്ക് പ്രവേശനം ലഭിക്കും. ഇതാണ് പരമമായ യോഗം. പരമമായ
ക്രിയായോഗം. ഇങ്ങിനെ ആരാധിക്കുന്നവനെ പൂജിക്കാന്‍ ദേവന്മാരും അസുരന്മാരും മറ്റു
ജീവജാലങ്ങളും മത്സരിക്കുന്നു. എന്നാല്‍ ഇത് ബാഹ്യമായ പൂജാക്രമമാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.