Oct 6, 2013

371 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 371

തതശ്ചിദ്രൂപമേവൈകം സര്‍വ്വസത്താന്തരസ്ഥിതം
സ്വാനുഭൂതിമയം ശുദ്ധം ദേവം രുദ്രേശ്വരം വിദുഃ (6/36/1)

ഭഗവാന്‍ പറഞ്ഞു: “അങ്ങിനെ എല്ലാത്തിന്റെയും ഉള്ളില്‍ നിറഞ്ഞു നിവസിക്കുന്ന രുദ്രഭഗവാന്‍തന്നെയാണ് ശുദ്ധവും സ്വാനുഭൂതിമയവുമായ ഏകാത്മകബോധം.”

അത് എല്ലാ ബീജങ്ങള്‍ക്കും ബീജമാവുന്നു. അതാണ്‌ പ്രത്യക്ഷലോകത്തിന്റെ അടിസ്ഥാനം. പ്രവര്‍ത്തനങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായ കര്‍മ്മവും കാര്യവും അത് തന്നെ. എല്ലാ കാരണങ്ങള്‍ക്കും കാരണമായിരിക്കുന്ന, എല്ലാ ജീവജാലങ്ങള്‍ക്കും ഹേതുവായിരിക്കുമ്പോഴും അത് യാതൊന്നിനും ഉത്തരവാദിയല്ല. അതിനെക്കുറിച്ച് നിയതമായ ധാരണകളോ സങ്കല്‍പ്പങ്ങളോ ഉണ്ടാവുക അസാദ്ധ്യം. 

ചൈതന്യവത്തായ എല്ലാത്തിന്റെയും അവബോധമാണത്. അതിനു സ്വയം സ്വാത്മാവായി അറിയാം. അതാണ്‌ പരമവസ്തു. താന്‍ തന്നെ അനന്തവൈവിദ്ധ്യതയാര്‍ന്നു വികസിച്ചു നിറഞ്ഞു നില്‍ക്കുന്നതായി അത് സ്വയം അറിയുന്നുണ്ട്. എല്ലാ അനുഭവങ്ങളുടെയും ബോധസത്തയായ അത് ശുദ്ധവും ഉപാധിരഹിതവുമത്രേ. അത് പരമമായ സത്യമായതിനാല്‍ സത്യമെന്ന വെറുമൊരു ധാരണയല്ല അത്. സത്യാസത്യങ്ങളുടെ നിര്‍വചനങ്ങളുടെ പരിധിക്കുള്ളില്‍ അതിനെ തളച്ചിടാന്‍ ആവില്ല. പരമസത്യത്തിന്റെ അവസാനവാക്കും അനാദിയായ സത്യത്തിന്റെ സാക്ഷാത്കാരവുമാണ് അത്. 
 
പരമമായ ബോധമല്ലാതെ മറ്റൊന്നുമല്ലത്. എങ്കിലും സുഖാസക്തികളുടെ നിറഭേദം അതിനെ ബാധിക്കുന്നതുപോലെ തോന്നുന്നു. അത് സ്വയം സുഖവും സുഖാനുഭവവും, ഭോക്താവും ആ അനുഭവത്തിന്റെ ഹേതുവായ കളങ്കവും എല്ലാം അത് തന്നെ. ആകാശംപോലെ അനിയതവും നിത്യശുദ്ധവുമാണെങ്കിലും പൊടുന്നനെ അതിനു കളങ്കം ബാധിച്ചതുപോലെ അത് പരിമിതപ്രഭാവം കൈക്കൊള്ളുന്നു.

അനന്താവബോധത്തില്‍ ലക്ഷക്കണക്കിന് പ്രത്യക്ഷലോകമെന്ന മരുമരീചികകള്‍ ഉണ്ടായിട്ടുണ്ട് . ഇനിയും ഉണ്ടാവുകയും ചെയ്യും. എന്നാല്‍ സര്‍വ്വസ്വതന്ത്രമായ അനന്തതയ്ക്ക് മാറ്റങ്ങള്‍ ഒന്നുമില്ല. വെളിച്ചവും ചൂടും അഗ്നിയില്‍ നിന്നും വരുന്നതായി കാണപ്പെടുന്നു എന്നാല്‍ അവ അഗ്നിയില്‍ നിന്നും സ്വതന്ത്രമല്ല. മഹാമേരുക്കളുടെയുള്ളില്‍പ്പോലും ഒളിഞ്ഞിരിക്കുന്നതായ പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയൊരണുവിന്റെ സൂക്ഷ്മമായ തന്മാത്രയായുമായി ഈ അനന്താവബോധത്തെ താരതമ്യപ്പെടുത്താം.

അത് അനേകം യുഗങ്ങള്‍ താണ്ടുന്നു, എന്നാല്‍ ഒരു നിമിഷം പോലും ഇല്ലാതെയാകുന്നില്ല. ഒരു രോമാഗ്രത്തിനേക്കാള്‍ സൂക്ഷ്മവും അതേസമയം വിശ്വവ്യാപകവുമത്രേ അത്. അതിന്റെ അതിരുകള്‍ കണ്ടവരായി ആരുമില്ല. അത് സ്വയം ഒന്നും ചെയ്യുന്നില്ല. എന്നാല്‍ വിശ്വത്തിന്റെ എല്ലാം മൂലമതാണ്. വിശ്വസംരക്ഷണം അതിനാല്‍ നടക്കുന്നുവെങ്കിലും അതൊന്നും ചെയ്യുന്നില്ല. എല്ലാ വസ്തുക്കളും അതില്‍ നിന്നും വിഭിന്നമല്ല. എന്നാല്‍ അതൊരു വസ്തുവല്ല താനും.
അവസ്തുവാണത്. എന്നാല്‍ ലോകം മുഴുവനും വ്യാപരിചിരിക്കുന്നത് അത് തന്നെയാണ്. അതിന്റെ ദേഹമാണ് ഈ വിശ്വം. എന്നാല്‍ സ്വയം അത് ദേഹരഹിതമാണ്. അതിനെ സംബന്ധിച്ചിടത്തോളം എല്ലാക്കാലവും ‘ഇപ്പോഴാണ്’, ഈ നിമിഷമാണ്. എന്നാല്‍ അത് സുപ്രഭാതങ്ങളും പ്രദോഷങ്ങളുമാണ്.  പലപ്പോഴും അര്‍ത്ഥമൊന്നുമില്ലാത്ത ശബ്ദങ്ങള്‍ സംസാരമദ്ധ്യെ ആശയങ്ങളെ ഭംഗിയായിത്തന്നെ വിനിമയം ചെയ്യുന്നതുപോലെ അനന്താവബോധം എന്നത് ഒരേസമയം ഉള്ളതും ഇല്ലാത്തതുമാണ്. ‘എന്തല്ല’, എന്നതുമല്ല അത്.

ഇപ്പറഞ്ഞ വിവരണങ്ങള്‍ - എന്താണത്, എന്തല്ലത്, എന്നെല്ലാമുള്ള ചിന്തകള്‍ക്കെല്ലാം അപ്പുറമാണ് അനന്താവബോധം. യാതൊരു ധാരണകള്‍ക്കും വഴങ്ങാത്ത പരമസത്തയാണത്.    

No comments:

Post a Comment

Note: Only a member of this blog may post a comment.