Oct 14, 2013

372 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 372

നിയതിര്‍നിത്യമുദ്വേഗവര്‍ജിതാ പരിമാര്‍ജിതാ
ഏഷാ നൃത്യതി വൈ നൃത്യം ജഗജ്ജാലകനാടകം (6/37/23)

ഭഗവാന്‍ തുടര്‍ന്നു: ഭൂമി, ജലം, സമയം, മുതലായവയുടെ സഹായത്താല്‍ വിത്തിനെ മുളപ്പിച്ചു ചെടിയാക്കി അവസാനം ഭക്ഷണമാക്കി മാറ്റുന്നതും അനന്താവബോധമാണ്. പൂക്കളെ വിരിയിക്കുന്നതും മൂക്കിനു ഘ്രാണശക്തി നല്‍കുന്നതും ഇതേ ബോധം തന്നെ. അതുപോലെ ഉചിതമായ ഉപകരണങ്ങളുടെ സഹായത്താല്‍ വസ്തുക്കളെ സൃഷ്ടിച്ചു നിലനിര്‍ത്തി അതാതിന്റെ സ്വഭാവബന്ധമുള്ള ഇന്ദ്രിയങ്ങളുമായി ഘടിപ്പിച്ചു വിനിമയം ചെയ്യിക്കുന്നതും ബോധമാണ്.

ബോധചൈതന്യത്തിന് ഈ വിശ്വത്തെ മുഴുവനും സൃഷ്ടിക്കാന്‍ മാത്രമല്ല, ‘ഇതൊന്നും അല്ല’ എന്നൊരു ധാരണയെ വെച്ചുപുലര്‍ത്താനും കഴിയുന്നതിനാല്‍ വെറുമൊരു നിശ്ശൂന്യതയിലേയ്ക്ക് അതിനെ ചുരുക്കാനും കഴിയുന്നു. ഈ സൃഷ്ടിയെന്ന ‘സങ്കല്‍പ്പം’ ബോധത്തില്‍ത്തന്നെ ബോധമുണ്ടാക്കുന്ന പ്രതിഫലനം മാത്രമാണ്. അതിനെ അനുഭവിക്കാനായി സമയബന്ധിതമായ ഒരു ദേഹം അത് സ്വീകരിക്കുന്നു എന്നുമാത്രം. വിശ്വചൈതന്യം ‘ഇതങ്ങിനെയാകട്ടെ, അങ്ങിനെയല്ലാതെ മറ്റൊന്നാകാതിരിക്കട്ടെ,’ എന്നു നിശ്ചയിച്ചതിന്റെ മൂര്‍ത്തീകരണമാണ് ത്രിമൂര്‍ത്തികളായി കാണപ്പെടുന്നത്. എങ്കിലും ബോധം ഒന്നിന്റെയും സൃഷ്ടാവല്ല. സംഭവങ്ങള്‍ നടക്കുന്നയിടത്തു കത്തിച്ചുവെച്ച വിളക്കുപോലെയാണ് ബോധം.

വസിഷ്ഠന്‍ ചോദിച്ചു: ഭഗവാനേ, ശിവന്റെ (ബോധത്തിന്റെ) ചൈതന്യവിശേഷങ്ങള്‍ ഏതൊക്കെയാണ്? അവയുടെ ശക്തിയും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്നും പറഞ്ഞു തന്നാലും.

ഭഗവാന്‍ പറഞ്ഞു: പരംപൊരുള്‍ രൂപരഹിതമാണ്. എന്നാല്‍ ഇഛ, ആകാശം, സമയം, ക്രമം, അമൂര്‍ത്തമായ പ്രകൃതി എന്നീ അഞ്ചു വസ്തുക്കള്‍ അതിന്റെ ഘടകങ്ങളാണ് എന്നു പറയപ്പെടുന്നു. അതില്‍ അസംഖ്യം ശക്തിവിശേഷങ്ങളും ചൈതന്യവും സാദ്ധ്യതകളും അടങ്ങിയിരിക്കുന്നു. അവയില്‍ പ്രധാനപ്പെട്ടവ, ജ്ഞാനം, ചലനം, കര്‍മ്മം, അകര്‍മ്മം എന്നിവയാണ്. എന്നാല്‍ ഇവയെല്ലാം ശുദ്ധമായ അവബോധം മാത്രമാണ്. 

ബോധത്തിലെ സാദ്ധ്യതകളായതിനാല്‍ അവയെ ബോധത്തില്‍ നിന്നും വിഭിന്നങ്ങളായി കണക്കാക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ അവ ബോധഭിന്നമല്ല. ഈ സൃഷിയെന്നത് ബോധത്തിലെ അനന്തസാദ്ധ്യതകള്‍ക്ക് കാലത്തിന്റെ താളത്തിനൊത്ത്  നടമാടാനുള്ള ഒരു വേദി മാത്രമാണ്. അവയില്‍ ഏറ്റവും പ്രധാനമായത് പ്രകൃതിയുടെ ധാര്‍മ്മികക്രമമാണ്. അത് കര്‍മ്മമെന്നും ഇഛയെന്നും, ആശയെന്നും, കാലമെന്നും എല്ലാം അറിയപ്പെടുന്നു. പുല്‍ക്കൊടിമുതല്‍ ബ്രഹ്മാവുവരെയുള്ള എല്ലാറ്റിനും ഉള്ള നൈസര്‍ഗ്ഗികസ്വഭാവസവിശേഷതകള്‍ സാദ്ധ്യതകളായി നിലനില്‍ക്കുന്നു 

“ഈ പ്രകൃതിധര്‍മ്മക്രമം, അതായത് സാദ്ധ്യത, വികാരവിക്ഷോഭങ്ങള്‍ക്ക് വശംവദമല്ല എന്നിരിക്കിലും അത് പൂര്‍ണ്ണമായും നിര്‍മ്മലമല്ല. ഈ പ്രകൃതിയുടെ ക്രമാനുഗതമായ അവതരണമാണ് പ്രത്യക്ഷലോകമെന്ന ഈ നൃത്തനാടകം”

അത് ദയ, ക്രോധം മുതലായ വിവിധവികാരങ്ങളെ പ്രകടിപ്പിക്കുന്നു. അത് വിവിധ ഋതുക്കളെയും യുഗങ്ങളെയും കടന്നുപോകുന്നു. ആകാശചാരികളായ ഗന്ധര്‍വ്വന്മാരുടെ ദിവ്യസംഗീതവും സമുദ്രങ്ങളുടെ ഘോരാരവവും അതിനു പിന്നണിയാകുന്നു. വേദിയെ പ്രകാശിപ്പിക്കുന്നത് സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളുമാണ്. വേദിയിലെ നടീനടന്മാര്‍ ജീവജാലങ്ങളാണ്. അങ്ങിനെയാണീ പ്രപഞ്ചനാടകത്തിന്റെ ധാര്‍മ്മികക്രമം.     

ഈശ്വരന്‍ അല്ലെങ്കില്‍ അനന്താവബോധം ഈ നാടകത്തിന്റെ നിശ്ശബ്ദനെങ്കിലും തികച്ചും ഉണര്‍വ്വുള്ള സാക്ഷിയാണ്. ഈ ഭഗവാന്‍ ഒരേസമയം നൃത്തവും (സംഭവങ്ങള്‍ ) നര്‍ത്തകനുമാണ് (ലോകക്രമം )

No comments:

Post a Comment

Note: Only a member of this blog may post a comment.