പാവനം പാവനാനാം യദ്യത സര്‍വതമസാം ക്ഷയ:
തദിദാനീം പ്രവക്ഷ്യേഽഹമന്ത: പൂജനമാത്മന: (6/39/1)
ഭഗവാന്‍ തുടര്‍ന്നു: “ഇനി ഞാന്‍
എല്ലാ ശുദ്ധീകരണ പ്രക്രിയകളിലും വെച്ച് ഉത്തമമായതും അന്തരാ അനുഷ്ഠിക്കേണ്ടതുമായ
ആരാധനാക്രമത്തെപ്പറ്റി പറഞ്ഞു തരാം. എല്ലാ അന്ധകാരത്തെയും അശേഷം ഇല്ലാതാക്കാന്‍
ഉത്തകുന്നതാണീ ആരാധന.”
ഇത് നിസ്തന്ദ്രമായി, ഇടമുറിയാതെ
എപ്പോഴും അനുഷ്ഠിക്കപ്പെടുന്ന ധ്യാനമാണ്. നടക്കുമ്പോഴും, നില്‍ക്കുമ്പോഴും
ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും, എല്ലാ പ്രവൃത്തിവേളകളിലും നാമിതില്‍ നൈസര്‍ഗ്ഗികമായി
ആമഗ്നമായിരിക്കണം. സ്വാത്മാവില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്കെല്ലാം നാന്ദിയായ,
ഹൃദയനിവാസിയായ പരമപുരുഷനെ ധ്യാനിക്കുക.
ബോധലിംഗം എന്ന പ്രത്യക്ഷബോധത്തെ
അല്ലെങ്കില്‍ സ്വാവബോധത്തെയാണ് നാം ആരാധിക്കുന്നത്. അതാണ് ഉറങ്ങുന്നതും
ഉണരുന്നതും നടക്കുന്നതും എല്ലാം. തൊടേണ്ടതിനെ തൊടുകയും തള്ളേണ്ടതിനെ തള്ളുകയും,
സുഖാനുഭവങ്ങളെ വേദിക്കുകയും, ബാഹ്യകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും, എല്ലാ
പ്രവൃത്തികള്‍ക്കും മൂല്യമേകുകയും, ശരീരത്തിലെ സുപ്രധാനഭാഗങ്ങളില്‍ പ്രശാന്തതയായി
വര്‍ത്തിക്കുകയും ചെയ്യുന്നത് ഇതാണ്. മനസ്സുമായി ബന്ധപ്പെട്ട മൂന്നു ലിംഗങ്ങളായി
തിരിച്ചിട്ടുള്ള ദേഹലിംഗം എന്ന സംജ്ഞയാലും ഇതറിയപ്പെടുന്നുണ്ട്.
ഈ
അന്തര്‍പ്രജ്ഞയെയാണ് നാം ആരാധിക്കേണ്ടത്. ഇതിനായി തനിയെ വന്നു ചേരുന്ന എന്തെന്തു
വസ്തുക്കളായാലും ഉപയോഗിക്കാവുന്നതാണ്. അടിയുറച്ച ആത്മവിദ്യയില്‍ പൂര്‍ണ്ണമായും
ആമഗ്നമായി, ജീവധാരയിലും അതിലെ
അനുഭവതലങ്ങളിലും നിലകൊണ്ട്, ആത്മസാക്ഷാത്കാരമെന്ന പൂജാസാമഗ്രിയാലാണ് ഈ
അന്തര്‍പ്രജ്ഞയെ പൂജിക്കേണ്ടത്.
ഇപ്രകാരണ്
ഭഗവാനെ ധ്യാനിക്കേണ്ടത്:
സൂര്യന്റെയും
ചന്ദ്രന്റെയും പ്രഭയാണവിടുന്ന്.
എല്ലാ വസ്തുക്കളിലും മറഞ്ഞ്നില്‍ക്കുന്ന പ്രജ്ഞയും
ശാശ്വതമായി നിലനില്‍ക്കുന്ന അന്ത:സത്തയുമാണവിടുന്ന്.
ശരീരത്തിലൂടെ
പ്രവഹിച്ച് ബാഹ്യലോകവുമായി ബന്ധപ്പെടുത്തുന്ന അവബോധമാണവിടുന്ന്.
ഒരുവന്റെ
നാസാഗ്രത്തില്‍ ചലിക്കുന്ന പ്രാണവായുവാണവിടുന്ന്.
ഇന്ദ്രിയങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥവത്തായ മാനങ്ങള്‍ നല്‍കുന്നത് അവിടുന്നാണ്.
പ്രാണാപാനന്മാരുടെ
രഥമോടിക്കുന്നത് അവിടുന്നുതന്നെയാണ്.
അവിടുന്നു
ജീവികളുടെ ഹൃദയഗുഹരത്തില്‍ നിവസിക്കുന്നു.
അറിവുകളുടെ
അറിവാളിയും പ്രവര്‍ത്തനങ്ങളുടെ കര്‍ത്താവും അവിടുന്നാണ്.
അനുഭവങ്ങളെ
വേദിക്കുന്നതും അവിടുന്നാണ്.
ചിന്തകളുടെ
ചിന്തകന്‍ അവിടുന്നാണ്.
എല്ലാ
ഭാഗങ്ങളും അവയുടെ സംഘാതവും അവിടുത്തേയ്ക്ക് സുപരിചിതം.
ജീവ-നിര്‍ജീവ-ജാലങ്ങള്‍ക്കെല്ലാം
അങ്ങയെ അറിയാം. എല്ലാവരുടെയും അനുഭവങ്ങള്‍ക്ക് പ്രഭയേകുന്നത് അങ്ങാണല്ലോ.
ഭാഗങ്ങളില്ലാത്ത, വിഭജിക്കാനരുതാത്ത അങ്ങാണ് എല്ലാറ്റിന്റെയും സത്ത.
അവിടുന്ന്
എല്ലാമെല്ലാം ആസ്വദിക്കുന്നു, എന്നാല്‍ ഒന്നും
ആസ്വദിക്കുന്നില്ലതാനും.
എല്ലാ അവയവങ്ങളുടെയും ജീവനാണങ്ങ്.
മനസ്സിന്റെ
ചിന്താശക്തിയാണ്.
പ്രാണന്റെയും അപാനന്റെയും മദ്ധ്യേ അങ്ങ് വിളങ്ങുന്നു.
ഹൃദയത്തിലും,
കണ്ഠത്തിലും, അണ്ണാക്കിലും, പുരികമദ്ധ്യത്തിലും, നാസാഗ്രത്തിലും അങ്ങ് വാഴുന്നു.
അഭൌമഘടകങ്ങളായ മുപ്പത്തിയാറു ഭൂതങ്ങളുടെയും സത്ത അവിടുന്നാണ്.
അന്തരാ ഉള്ളതും
ഉണ്ടാവുന്നതുമായ അനുഭവതലങ്ങള്‍ക്കെല്ലാം അതീതനാണവിടുന്ന്.
ഉള്ളിലെ
എല്ലാ ശബ്ദങ്ങള്‍ക്കും കാരണഭൂതനാണവിടുന്ന്.
മനസ്സെന്ന പക്ഷിയെ പറത്തിവിടുന്നതും
മറ്റാരുമല്ല.
സങ്കല്‍പ്പങ്ങള്‍ക്കും അസങ്കല്‍പ്പങ്ങള്‍ക്കും പിന്നിലുള്ള സത്യം
അങ്ങ് മാത്രം.
വിത്തില്‍ എണ്ണയെന്നപോലെ എല്ലാടവും അങ്ങ് നിറഞ്ഞു വിളങ്ങുന്നു.
ഹൃദയ
കമലത്തില്‍ മാത്രമല്ല, ശരീരമാകെ അങ്ങ് നിറഞ്ഞു നില്‍ക്കുന്നു.
അങ്ങ് ശുദ്ധബോധമായി
പ്രോജ്വലിക്കുന്നു.
എല്ലാടവും
എപ്പോഴും കാണപ്പെടുന്ന സത്യം അങ്ങാണ്. കാരണം എല്ലാ അനുഭവങ്ങളുടെയും വേദ്യത
അങ്ങാണല്ലോ. എന്നാല്‍ അനുഭവങ്ങള്‍ക്ക് വിധേയമായ വസ്തുക്കളെ അങ്ങില്‍നിന്നും
വ്യതിരിക്തമായി കാണുന്നതോടെ ഒരു ധ്രുവീകരണം നടക്കുന്നതായി തോന്നുന്നു.