പാപാ മ്ലേച്ഛാ ധനാഠ്യാശ്ച നാനാദേശ്യാ: സുസംഹൃതാ:
ബഹവോ ലബ്ധരന്ധ്രാശ്ച സമാദേനാര്‍സ്പദം ദ്വിഷ: : (6.2/109/4)
വസിഷ്ഠന്‍ തുടര്‍ന്നു: അപ്പോഴേയ്ക്കും എല്ലാ മത്രിമാരും
രാജാവിന് ചുറ്റും കൂടി. അവര്‍ ഇങ്ങിനെ പറഞ്ഞു: പ്രഭോ, ശത്രുവിനെപ്പറ്റി ഞങ്ങള്‍
നന്നായി അറിഞ്ഞിരിക്കുന്നു. സാമ,ദാന,ഭേദങ്ങളാകുന്ന മൂന്നു ശാന്തമാര്‍ഗ്ഗങ്ങള്‍കൊണ്ട്
ഇനി പ്രയോജനമില്ല. നാലാമത്തെ ‘ദണ്ഡം’ എന്ന മാര്‍ഗ്ഗമേ ഇനി അവശേഷിക്കുന്നുള്ളൂ.
ഇതിനുമുന്‍പ് നാം ഈ ശത്രുവിനെ സുഹൃത്തായി കണക്കാക്കിയിട്ടേയില്ല. അവരുമായി നമുക്ക്
സഖ്യവും ഇല്ല.
“പാപികള്‍, മ്ലേഛന്മാര്‍,
വിദേശികള്‍, നല്ലവണ്ണം യോജിച്ചുനിന്നെതിര്‍ക്കുന്നവര്‍, നമ്മുടെ ദൌര്‍ബല്യം
അറിയാവുന്നവര്‍ എന്നിത്യാദി ശത്രുക്കളോട് സമാധാനത്തിന്റെ ഭാഷയില്‍
പ്രതികരിച്ചതുകൊണ്ട് കാര്യമില്ല.”
അതിനാല്‍ താമസംവിനാ പൂര്‍ണ്ണയുദ്ധത്തിനായി
ആഹ്വാനം ചെയ്താലും. രാജാവ് യുദ്ധത്തിനുള്ള ആജ്ഞാപണം നല്‍കി മന്ത്രിമാരെ
പടക്കളത്തിലേയ്ക്കയച്ചു. പതിവുള്ള അഗ്നിപൂജാദികള്‍ക്ക്ശേഷം താനും യുദ്ധത്തിനെത്തുന്നതാണെന്ന്
എന്നവരോടു പറയുകയും ചെയ്തു. രാജാവ് സ്നാനശേഷം പൂജാദികള്‍ ചെയ്തു.
അദ്ദേഹം ഇങ്ങിനെ പ്രാര്‍ത്ഥിച്ചു:
ഭഗവാനേ, ഇതുവരെ ഞാന്‍ എന്റെ ശത്രുക്കളെ വെന്നത് അനായാസമായാണ്. ഈ വിസ്തൃമേറിയ
രാജ്യത്തെ മാത്രമല്ല അനേകം ദ്വീപുകളേയും ഭൂഖണ്ഡങ്ങളെയും ഞാന്‍ ഭരിച്ചുവന്നു.
രാക്ഷസന്മാരടക്കം പലരെയും ഞാന്‍ എന്റെ കീഴില്‍ കൊണ്ടുവന്നു. ഇപ്പോള്‍ ഞാന്‍ വയസ്സായിരിക്കുന്നത്കൊണ്ടാവും
ശത്രുക്കള്‍ ഈ സമയത്ത് എന്നെ ആക്രമിക്കാന്‍ തീരുമാനിച്ചത്. ഇതുവരെ ഞാന്‍ പലതും ഈ
പൂജയില്‍ ഭാഗവാനായി അര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ എന്റെ അര്‍ഘ്യം എന്റെ
ശിരസ്സുതന്നെയാണ്. ഈ അഗ്നിയില്‍ നിന്നും ഭഗവാന്‍ നാരായണന്റെ നാല് തൃക്കരങ്ങള്‍പോലെ
നാല് വീരസത്വങ്ങള്‍ പൊങ്ങിവരണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഇങ്ങിനെ
പറഞ്ഞ് രാജാവ് അനായാസം തന്റെ ശിരസ്സറുത്തു. ദേഹവും ശിരസ്സും അഗ്നിയില്‍ വീണു. ആ
അഗ്നിയില്‍ നിന്നും രാജാവ് നാല് വീരയോദ്ധാക്കളായി, അനിതരസാധാരണമായ പ്രശോഭയോടെ
പുറത്തുവന്നു. അവരുടെ കയ്യില്‍ എല്ലാ വിവരണങ്ങള്‍ക്കും വഴങ്ങുന്ന ദിവ്യാസ്ത്രങ്ങള്‍
പലതും ഉണ്ടായിരുന്നു. അവരെ
കീഴടക്കാന്‍ യാതൊരു ശത്രുസൈന്യസന്നാഹത്തിനും കഴിയില്ല എന്നത് സുവ്യക്തമായിരുന്നു.
മന്ത്രങ്ങളായാലും, മരുന്നുകളായാലും ആകാശഭേദികളായ അസ്ത്രശസ്ത്രങ്ങളായാലും അവരെ
എതിരിടാന്‍ പറ്റിയ ശത്രുക്കള്‍ ഉണ്ടാവുകയില്ല.
ശത്രുക്കള്‍
മുന്നോട്ടടുത്തു. തീവ്രമായ യുദ്ധം നടന്നു. വാളുകള്‍ വെട്ടിത്തിളങ്ങി. തീ തുപ്പുന്ന
ആയുധങ്ങള്‍ തുടര്‍ച്ചയായി അഗ്നിഗോളങ്ങള്‍ വര്‍ഷിച്ചു.ആകാശം ആയുധങ്ങളുടെ പുകമറയില്‍
മൂടി. രക്തനദികളിലൂടെ ആനകള്‍ പോലും ഒഴുകിനടന്നു.
ആകാശത്ത് കൂട്ടിമുട്ടുന്ന ആയുധങ്ങള്‍ ഇടിമിന്നലുപോലെ ചിലപ്പോള്‍ തീയാളിച്ച് ആകാശത്തെ
പ്രകാശിപ്പിച്ചു.
‘ഞാന്‍
ഈ ശത്രുവിനെ വകവരുത്തുകതന്നെ വേണം, അല്ലെങ്കില്‍ അവന്റെ കൈ കൊണ്ട് ഞാന്‍ മരിച്ചു
പോകട്ടെ’ എന്ന ചിന്തയായിരുന്നു എല്ലാ പടയാളികളെയും നയിച്ചിരുന്നത്.
യുദ്ധം
മനുഷ്യന്റെയുള്ളില്‍ ഉറങ്ങിക്കിടന്ന ചില നന്മകളേയും പാവനചിന്തകളും
പുറത്തുകൊണ്ടുവരാന്‍ സഹായിച്ചുവെങ്കിലും അതീവ ക്രൂരമായ പ്രവര്‍ത്തികളും
യുദ്ധത്തില്‍ കാണുകയുണ്ടായി. ചിലയിടങ്ങളില്‍ പട്ടാളക്കാര്‍ അഭയാര്‍ത്ഥികളെപ്പോലും
കൊന്നൊടുക്കി. കൊള്ളയും കൊള്ളിവയ്പ്പും ഉണ്ടായി. യുദ്ധത്തില്‍ പങ്കെടുക്കാത്ത
നഗരവാസികള്‍ രാജ്യം വിട്ടുപോയി. ജീവന്മരണഭേദമെന്തെന്നറിയാത്ത യോദ്ധാക്കള്‍
യുദ്ധക്കളം നിറഞ്ഞുകവിഞ്ഞു.
No comments:
Post a Comment
Note: Only a member of this blog may post a comment.