തൃണഗുല്‍മലതാദീനാം വൃദ്ധിമാഗച്ഝതാമൃതൌ
യ: സ്യാദുന്‍മമതോ ഭാവ: സ ചിദാകാശ ഉച്യതേ (6.2/106/8)
വസിഷ്ഠന്‍ തുടര്‍ന്നു: ഒരേകാര്യത്തിന് സൌകര്യാര്‍ത്ഥം രണ്ടു
നാമങ്ങള്‍ കൊടുത്തിരിക്കുന്നു. രണ്ടു പാത്രത്തില്‍ ജലമിരിക്കുന്നതുപോലെയാണ് ജാഗ്രദ്, സ്വപ്നം എന്നീ അവസ്ഥകള്‍. അവയ്ക്ക് രണ്ടിനും
പൊതുവായുള്ളത് അടിസ്ഥാനതത്വമായ ശുദ്ധബോധമാണ്.
ഒരു വൃക്ഷം മണ്ണില്‍നിന്നും വേരുകളിലൂടെ പോഷകാംശം
വലിച്ചെടുത്ത് വളരുന്നതിന്റെ പിന്നിലുള്ള സഹജഭാവം ശുദ്ധമായ ബോധമാണ്. അതുപോലെ
ആസക്തികള്‍ വെടിഞ്ഞ് മനസ്സ് പ്രശാന്തമായിരിക്കുമ്പോള്‍ അവിടെ ശുദ്ധബോധമാണുള്ളത്.
ആരോഗ്യമുള്ള ഒരാള്‍ അയാളുടെ
മനസ്സ് വിഷയധാരണയില്‍ നിന്നും മുക്തമായും എന്നാല്‍ ദീര്‍ഘനിദ്രയില്‍ എത്താതെയും
ഉള്ള അവബോധാവസ്ഥ ശുദ്ധബോധം തന്നെയാണ്.
“ ഞാന്‍, എന്റെ എന്നിത്യാദി
ചിന്തകളില്ലാതെ പുല്‍നാമ്പുകളും വള്ളിച്ചെടികളും അതതു കാലങ്ങളില്‍ വളരുവാനുള്ള
അവയുടെ സഹജസ്വഭാവം ശുദ്ധബോധമാണ്. ധാരണകളോ വികല്‍പ്പങ്ങളോ ഇല്ലാതെ, എന്നാല്‍
സജീവമായിരിക്കുന്നവന്റെ ഉള്ളം ശിശിരാകാശമെന്നപോലെ തെളിഞ്ഞ ശുദ്ധബോധമാണ്.”
കല്ലിന്റെയും
മരക്കക്ഷണത്തിന്റെയും ശുദ്ധഭാവവും ശുദ്ധജീവികളുടെ മനസ്സിന്റെ ഭാവവും രണ്ടും
ശുദ്ധബോധം തന്നെയാണ്. ശുദ്ധബോധം എന്ന ചിദാകാശം എല്ലാ ജീവജാലങ്ങളിലും
നിലകൊള്ളുന്നു. അതില്‍ നിന്നാണെല്ലാവരും ഉദ്ഭവിക്കുന്നത്. അതാണെല്ലാമെല്ലാമായി
നിലകൊള്ളുന്നത്. എല്ലാറ്റിന്റെയും സത്തയാണത്.
ഉറക്കം
അവസാനിക്കുമ്പോള്‍ ലോകമെന്ന കാഴ്ച ഉദിക്കുകയായി. ആ കാഴ്ച അവസാനിക്കുമ്പോള്‍
ചിദംബരമായി (ശുദ്ധബോധം). എല്ലാറ്റിനെയും ‘നേതി, നേതി’ – ഇതല്ല, ഇതല്ല, എന്ന്
നിരാകരിച്ചു കഴിഞ്ഞ് പിന്നെയും ബാക്കിയാവുന്നതാണ് ചിദംബരം. ഈ വിശ്വം മുഴുവനും
ശുദ്ധാവബോധമാണ്. എന്നും അങ്ങിനെയായിരുന്നു, ഇനിയും അങ്ങിനെതന്നെയായിരിക്കും.
വൈവിദ്ധ്യമാര്‍ന്ന ധാരണകള്‍, കല്‍പ്പനകള്‍, ഭാവനകള്‍, എല്ലാമുള്ളപ്പോള്‍ത്തന്നെ
ശുദ്ധബോധം മാത്രമാണ് സത്തായി ഉള്ളത്. ഇതറിഞ്ഞ്
ഇന്ദ്രിയവിഷയങ്ങളിലൂടെയുണ്ടാകുന്ന പ്രതീതികളെ നിരാകരിക്കാതെ തന്നെ മനോപാധികളില്‍
നിന്നും മുക്തിനേടൂ. ഉറങ്ങുന്നവന്‍ അകമേ ഉണര്‍ന്നിരിക്കുന്നതിനാലാണല്ലോ അവന്‍ ‘ഞാന്‍
ഉറങ്ങുകയായിരുന്നു’ എന്ന അറിവിലെത്തുന്നത്. അകമേ നിശ്ശബ്ദനായി പാറപോലെ
ഉറച്ചുനിന്ന് നടക്കൂ, എടുക്കൂ, കുടിക്കൂ, പറയൂ, എല്ലാം ചെയ്യൂ.
ഈ
ലോകം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. എന്തുകൊണ്ടെന്നാല്‍ സൃഷ്ടിക്കായി കാരണം
ഒന്നുമില്ല. കാരണമില്ലാതെ കാര്യമുണ്ടാവുക വയ്യ. അതിനാല്‍ ബോധം ബോധമായിത്തന്നെ, മാറ്റങ്ങള്‍ക്ക്
വിധേയമാകാതെ നിലകൊള്ളുന്നു എന്നറിയുക.
ബോധത്തില്‍
നിര്‍ലീനമായ പ്രഭാവസാദ്ധ്യതകള്‍ തുടരുന്നത് ലോകമായാണ്. അവ സാദ്ധ്യതകള്‍ മാത്രമാണ്-
യാഥാര്‍ത്ഥ്യമല്ല. വിഷയലോകം ഉണ്ടായിട്ടേയില്ല. അതിന് നിലനില്‍പ്പില്ല. അതിന്
നിലനില്‍ക്കാന്‍ സാദ്ധ്യതയേതുമില്ല. അതിനാല്‍ അതിന് നാശമില്ല. ‘അനസ്തിത്വ’ത്തിന്
എങ്ങിനെ നാശമുണ്ടാവാനാണ്? കാണപ്പെടുന്നത് ബോധത്തിലെ പ്രതിഫലനം മാത്രമാണ്. അതാണ്
കാഴ്ച്ചയാവുന്നത്. എന്നാല്‍ അതും ശരിയല്ല. ദ്വന്ദതയെന്നത് അസത്യമായിരിക്കെ
ബോധഭിന്നമായി ഒരു പ്രതിഫലനം എങ്ങിനെയുണ്ടാവാനാണ്? ഉണ്മയെന്നത് സത്യമോ മിഥ്യയോ
എന്നാര്‍ക്കു പറയാനാകും?
എന്തിനാണ്,
എങ്ങിനെയാണ് മനുഷ്യന്‍ സ്വപ്നം കാണുന്നതെന്ന് പറയാനാവുമോ? അതയാളുടെ സ്വന്തം
ബോധമാണെന്ന് പറയാം എന്നുമാത്രം. സൃഷ്ടാവ്, മറ്റുവസ്തുക്കള്‍, എല്ലാമെല്ലാം
ശുദ്ധമായ ബോധം മാത്രം. ഇക്കാര്യം ഉള്ളില്‍ ഉണര്‍വ്വായിത്തെളിയുമ്പോള്‍ അത്
ബ്രഹ്മം. ആ ഉണര്‍വ്വിലെത്താത്തപ്പോള്‍ അത് മായ, അല്ലെങ്കില്‍ വെറും ഭ്രമക്കാഴ്ച: ലോകം.
No comments:
Post a Comment
Note: Only a member of this blog may post a comment.