Aug 31, 2014

600 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 600

ഏകദേശഗതാ: വിഷ്വഗ്വ്യാപ്യ കര്‍മാണി കുര്‍വതേ
യോഗിനസ്ത്രിഷു കാലേഷു സര്‍വാണ്യനുഭവന്ത്യാപി (6.2/124/8)
രാമന്‍ ചോദിച്ചു: ഭഗവന്‍, വിപശ്ചിത് രാജാവിന്റെ ഒരേയൊരു വ്യക്തിബോധമാണല്ലോ നാലായി നിന്നിരുന്നത്? അവര്‍ക്ക് എങ്ങിനെയാണ് നാല് വെവ്വേറെ ആശകള്‍ വെച്ചു പുലര്‍ത്താന്‍ ഇടയായത്?
വസിഷ്ഠന്‍ പറഞ്ഞു:  ബോധം വാസ്തവത്തില്‍ ഒന്നാണെങ്കിലും ‘അദ്വൈത’മാണെങ്കിലും സര്‍വ്വവ്യാപിയാണെങ്കിലും ഉറങ്ങിക്കിടക്കുന്നയാളിന്റെ സ്വപ്നം കാണുന്ന മനസ്സെന്നപോലെ വൈവിദ്ധ്യമാര്‍ന്ന ഭാവങ്ങള്‍ കൈക്കൊള്ളുകയാണ്‌. കണ്ണാടി വിവിധ വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതുപോലെ സ്വയം നിര്‍മ്മലമാകയാല്‍ ബോധം എല്ലാറ്റിനെയും അതിനുള്ളില്‍ പ്രതിഫലിപ്പിക്കുന്നു. കണ്ണാടിയുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തു ഒന്നാണെങ്കിലും അതില്‍ വൈവിദ്ധ്യദൃശ്യങ്ങളാണല്ലോ കാണുന്നത്?. ബോധം അതിന്റെ അവബോധപരിധിയില്‍ ഉള്ള എല്ലാറ്റിനെയും പ്രതിഫലിപ്പിച്ചു കാണിക്കുന്നു. 
അങ്ങിനെ നാനാത്വം ഏകാത്മകമാണെന്നു തോന്നുന്നു. എന്നാല്‍ അത് ഏകവും അനേകവുമാണ്. അത് ഏകമോ അനേകമോ അല്ല. അത് ഒരേസമയം അനേകവും എകവുമത്രേ. അതിനാല്‍ ഈ നാല് വിപശ്ചിത്‌ രാജന്മാരും അവരവരുടെ അനുഭവങ്ങളെ ബോധത്തില്‍ പ്രതിഫലിപ്പിച്ചു എന്ന് മനസ്സിലാക്കാം.

“യോഗികള്‍ക്ക് എല്ലായിടത്തും പ്രവര്‍ത്തിക്കുകയും മൂന്നു കാലങ്ങളിലുമുള്ള അനുഭവങ്ങളെ ഒരേയിടത്തു നിന്നുകൊണ്ടുതന്നെ സ്വായത്തമാക്കാനും കഴിയും.”

ജലം ഒന്നേയുള്ളൂ. അത് എല്ലാടവും നിറഞ്ഞാണ് നില്‍ക്കുന്നത്. ഒരേസമയം പലകാര്യങ്ങള്‍ ചെയ്യാന്‍ ജലത്തിന് കഴിവുമുണ്ട്. അത് വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളെ കൈക്കൊള്ളുന്നതായി പറയാം. ഒരേ വിഷ്ണുഭഗവാന്‍ തന്റെ നാല് കരങ്ങളും അല്ലെങ്കില്‍ നാല് ശരീരങ്ങളും കൊണ്ട് വിശ്വപരിപാലനാര്‍ത്ഥം പലപല കാര്യങ്ങളും ചെയ്യുന്നു. അനേകം കൈകളുള്ള സത്വം രണ്ടുകൈകള്‍ കൊണ്ടൊരു മൃഗത്തെ പിടിച്ച് മറ്റേ കൈകള്‍കൊണ്ടതിനെ കൊല്ലുന്നു!

വിപശ്ചിത് രാജാവ് ഇങ്ങിനെയാണ്‌ നാല്‍വരായി വിവിധകര്‍മ്മങ്ങള്‍ ഒരേസമയം ചെയ്തുകൊണ്ടിരുന്നത്. ഭൂമിയിലെ പുല്‍മെത്തയില്‍ അവര്‍ ഉറങ്ങി. പല ഭൂഖണ്ഡങ്ങളില്‍ അവര്‍ ജീവിച്ചു, വനങ്ങളില്‍ അവര്‍ ഉല്ലസിച്ചു നടന്നു. മരുഭൂമികളില്‍ അവര്‍ ചുറ്റി നടന്നു. മലമുകളിലും സമുദ്രത്തിന്റെ ആഴങ്ങളിലും അവര്‍ വസിച്ചു. സമുദ്രത്തിലും കാട്ടിലും അവര്‍ ലീലയാടി. കടല്‍ത്തീരത്തും നഗരങ്ങളിലും അവരുല്ലസിച്ചു. ചിലപ്പോള്‍ ഗുഹാന്തരങ്ങളില്‍ അവര്‍ ഒളിച്ചു വസിച്ചു.

കിഴക്കോട്ട് പോയ വിപശ്ചിത്‌, ശാകാ ഭൂഖണ്ഡത്തിലെ ഉദയഗിരിയുടെ  താഴ് വാരത്ത് ഏഴുകൊല്ലം നിദ്രയിലായിരുന്നു. അവിടെക്കണ്ട അപ്സരസ്സുകള്‍ അയാളെ മതിമയക്കിയിരുന്നു. കല്ലിനുള്ളില്‍ നിന്ന് കിട്ടിയ ജലം കുടിച്ച് അയാളൊരു കല്ലായിമാറി. ബോധം വന്ന രാജാവ് വേഷം മാറി ആ മഞ്ഞള്‍ക്കാട്ടില്‍ കുറച്ചുനാള്‍ കഴിഞ്ഞു. അവിടെയൊരു യക്ഷിയുടെ സഹായത്താല്‍ അയാള്‍ ഒരു സിംഹമായി കുറേനാള്‍ ആ കാട്ടില്‍ കഴിഞ്ഞു. ദുര്‍മാരണത്തിന്റെ വരുതിയില്‍പ്പെട്ട് പിന്നീടയാള്‍ പത്തുകൊല്ലത്തേയ്ക്ക് ഒരു തവളയായി ജീവിച്ചു.

പടിഞ്ഞാറോട്ട് പോയ വിപശ്ചിത്‌ സൂര്യാസ്തമയപര്‍വ്വതത്തില്‍ ഒരപ്സരസ്സിനെക്കണ്ട് അവളുടെ മായവലയത്തില്‍പ്പെട്ടു. ഒരു മാസക്കാലം അവള്‍ അയാളെ അനുഭവിച്ചു.

വടക്കോട്ട്‌ പോയ വിപശ്ചിത്‌, ശാകാഭൂഖണ്ഡത്തിലുള്ള നീലഗിരിയിലെ ഒരന്ധകൂപത്തില്‍  നൂറുകൊല്ലക്കാലം താമസിച്ചു. പടിഞ്ഞാറു പോയ രാജാവ് അവിടെവച്ച് സ്വയം ഒരു വിദ്യാധരനായി പതിനാലുകൊല്ലം താമസിച്ചു. 

599 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 599

സ്ഫുരതി ച ഘനം സ്മൃത്വാ സ്മൃത്വാ ന  ചാപി വിപദ്യതെ
ഗുണവതി ജനേ ബദ്ധാശാനാം ശ്രമോപി സുഖാവഹ: (6.2/118/26)
മന്ത്രിമാര്‍ ഇങ്ങിനെ തുടര്‍ന്നു: പ്രഭോ, ആ കൊക്കിനെ കണ്ടാലും... **
മീന്‍ പിടിച്ചു തിന്നാനുള്ള ആ കൊക്കിന്റെ ചാതുര്യം നോക്കൂ. എത്ര ജാഗ്രതയോടും അവധാനതയോടും കൂടിയാണത് തന്റെ കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്! ദുഷ്ടജനങ്ങള്‍ കൊക്കിന്റെ പ്രകൃതിസഹജമായ ഈ പ്രവൃത്തിയെ നോക്കി അവരുടെ ദുഷ്പ്രവര്‍ത്തനങ്ങളെയും സ്വാര്‍ത്ഥതയേയും ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. 
എന്നാല്‍ ആ മയിലിനെ നോക്കിയാലും. അത് ശുദ്ധമായ മഴവെള്ളം കൊണ്ടാണ് തന്റെ ദാഹശമനം നടത്തുന്നത്. അഴുക്ക് ചാലുകളിലും അരുവികളിലുമുള്ള ആശുദ്ധജലം അത് കുടിക്കുകയില്ല.

“എന്നാല്‍ ആ മയില്‍ തുടര്‍ച്ചയായി മഴമേഘത്തെത്തന്നെ ധ്യാനിച്ച്‌ മഴയ്ക്കുവേണ്ടി കാത്തിരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. മഹദ്വ്യക്തികളില്‍ ഭക്തിപ്രഹര്‍ഷമുള്ള സദ്‌ജനങ്ങള്‍ അരോചകമായ അനുഭവങ്ങളെപ്പോലും സന്തോഷപ്രദമാക്കാന്‍ പോന്ന ഹൃദയത്തോടു കൂടിയവരാണ്‌.”

രാജാവേ, ആ യുവമിഥുനങ്ങളെ കണ്ടാലും. അവര്‍ പരസ്പരം അനുരാഗവായ്പ്പില്‍ സംവദിച്ച് നിമിഷങ്ങളെ നവാനുഭവങ്ങളാക്കുകയാണ്. ആ യുവാവ് തന്റെ പ്രേയസിയെ ഏറെക്കാലം പിരിഞ്ഞിരുന്നശേഷം ഇപ്പോള്‍  കാണുകയാണ്.
 
അയാള്‍ പറയുന്നതിതാണ്: പ്രിയേ, നമ്മള്‍ പിരിഞ്ഞിരുന്ന കാലത്ത് എന്താണുണ്ടായതെന്നോ? ഞാന്‍ ആ മേഘത്തോട് നിനക്കായി ഒരു സന്ദേശം കൊണ്ടുപോകാമോ എന്ന് ചോദിച്ചു. നിന്നെക്കാണാന്‍ ആശമൂത്ത് ഞാന്‍ ബോധംകെട്ടുവീണു. എന്റെ ശ്വാസം പോലും നിലച്ചുപോയി. എന്റെ ഓര്‍മ്മശക്തി കെട്ടു. എന്റെ ദേഹം വിറങ്ങലിച്ച് വെറുമൊരു തടിക്കഷണം പോലെയായി. തന്റെ പ്രിയപ്പെട്ടവളെ പിരിഞ്ഞിരിക്കുന്നതിന്റെ പ്രയാസം ആര്‍ക്കാണ് കൃത്യമായി വിവരിക്കുവാന്‍ കഴിയുക? എന്റെ അവസ്ഥ കണ്ടിട്ട് വഴിയാത്രക്കാര്‍ വിചാരിച്ചത് എന്റെ ജീവനറ്റ്പോയി എന്നാണ്. അവരെന്റെ ദേഹം ദഹിപ്പിക്കാനുള്ള തയ്യാറെടുപ്പും ആരംഭിച്ചു. എന്നെയൊരു ചുടുകാട്ടിലേയ്ക്ക് കൊണ്ടുപോയി. ചിതയില്‍ ദേഹം വച്ച് തീയും കോളുത്തി. 

നിമിഷങ്ങള്‍ക്കുള്ളില്‍ എന്നില്‍ പലവിധ വികാരങ്ങള്‍ തിരതള്ളിവന്നു. വിചിത്രങ്ങളായ അനുഭവങ്ങളും ദൃശ്യങ്ങളും എന്നില്‍ ഉണരാന്‍ തുടങ്ങി. ഭൂമിയിലെ വലിയൊരു കൂപത്തിലേയ്ക്ക് വീഴുന്നതുപോലെ എനിക്ക് തോന്നി. എന്നാല്‍ നിന്റെ പ്രേമത്തിന്റെ കവചം എന്നെ അപ്പോഴും പൊതിഞ്ഞിരുന്നു. നിന്നെക്കുറിച്ചുള്ള ധ്യാനത്താല്‍ എന്റെ മനസ്സു നിറഞ്ഞിരുന്നു. അപ്പോഴും എന്റെ ഹൃദയത്തില്‍ നീയുമായുള്ള സംഗം ഞാന്‍ ആസ്വദിക്കുകയായിരുന്നു. നമ്മുടെ ശൃംഗാരകേളികളുടെ ഓരോ വിശദാംശങ്ങളും എനിക്കോര്‍മ്മയുണ്ടായിരുന്നു. അപ്പോഴേയ്ക്കും എനിയ്ക്ക് ചുറ്റും ഞാന്‍ അഗ്നിനാളങ്ങള്‍ കണ്ടുതുടങ്ങി.

ഇത്രയും കേട്ടപ്പോഴേയ്ക്ക് ആ തരുണി മോഹാലസ്യപ്പെട്ടു. കാമുകന്‍ അവളെ അതില്‍ നിന്നും എഴുന്നേല്‍പ്പിച്ച് തന്റെ കഥ തുടര്‍ന്നു. ‘തീ, തീ’ എന്നലറി വിളിച്ചു കൊണ്ട് ഞാന്‍ എന്റെ അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നു ചാടിയെണീറ്റു. ഞാന്‍ മരണത്തില്‍ നിന്നും തിരിച്ചു വന്നതാണെന്ന് കരുതി ആളുകള്‍ സന്തോഷിച്ചു തുള്ളിച്ചാടി. അവരെന്റെ ചുറ്റും നൃത്തം ചെയ്തു. പിന്നീട് എല്ലാവരും പിരിഞ്ഞു. അങ്ങിനെയാണ് ഞാന്‍ നിന്റെയടുക്കലിപ്പോൾ ഒാടിയണഞ്ഞത്.
 
വസിഷ്ഠന്‍ തുടര്‍ന്നു: ഇത്രയും കേട്ടപ്പോള്‍ നാല്‍വരായി നിന്ന വിപശ്ചിത് രാജാവ് അഗ്നിപൂജ ചെയ്തു. അഗ്നിദേവന്‍ അവര്‍ക്ക് മുന്നിലെത്തി. അവരിങ്ങിനെ അഗ്നിദേവനോടു പ്രാര്‍ത്ഥിച്ചു: ‘പഞ്ചഭൂത നിര്‍മ്മിതമായ ഈ വിശ്വത്തെ അതിന്റെ സമഗ്രഭാവത്തില്‍ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആ ദൃശ്യം ഉണ്ടാകുന്നതുവരെ മരണം ഞങ്ങളെ തീണ്ടുകയില്ല എന്ന് അനുഗ്രഹിച്ചാലും. സാധിക്കുമെങ്കില്‍ ഈ ദേഹത്തിലിരുന്നു കൊണ്ടുതന്നെ ഞങ്ങള്‍ക്കാ സമഗ്രവിശ്വദര്‍ശനം സാധിപ്പിച്ചു തരണം. മിഴികളാല്‍ കാണാന്‍  കഴിയാത്ത കാഴ്ചകള്‍ മനസ്സില്‍ കാണുമാറാക്കണം’
അഗ്നിദേവന്‍ അവര്‍ ആഗ്രഹിച്ച വരം നല്‍കി മറഞ്ഞു.  

** (ഈ ഭാഗത്ത് പ്രകൃതിയിലെ പല പ്രതിഭാസങ്ങളേയും പറ്റിയുള്ള വിശദമായ കാവ്യവര്‍ണ്ണനകള്‍ ഉണ്ട്. ആത്മീയതയിലെ സമാന്തരപാതകളെപ്പറ്റിയും പ്രകൃതിയിലെ സസ്യജാലങ്ങള്‍, മൃഗങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം വിശദമായി പ്രതിപാദിക്കുന്നതില്‍ നിന്നും രണ്ടുദാഹരണങ്ങള്‍ മാത്രം ഇവിടെ കൊടുത്തിരിക്കുന്നു.)

598 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 598

ആഹ്നി പ്രകാശമസി രക്തവപുര്‍ദിനാന്തേ
യാമാസു കൃഷ്ണാഥ ചാഖിലവസ്തുരിക്തം
നിത്യം ന കിഞ്ചിദപി സദ്‌വഹസീതി മായം
ന വ്യോമ വേത്തി വിദുഷോപി വിചേഷ്ടിതം തേ (6.2/116/17)
മന്ത്രിമാരും മറ്റുള്ളവരും ഇങ്ങിനെ പറഞ്ഞു: അതാ നോക്കൂ മഹാരാജാവേ, അതിര്‍ത്തിദേശങ്ങളിലെ രാജാക്കന്മാര്‍ പരസ്പരം പോരടിക്കുന്നു. യുദ്ധത്തില്‍ മുറിവേറ്റ പാവനചരിതന്മാരായ യോദ്ധാക്കളേയും വഹിച്ചുകൊണ്ട്  അപ്സരസ്സുകള്‍ ആകാശരഥങ്ങള്‍ ഓടിക്കുന്നു.
ആരോഗ്യം, സമ്പത്ത്, എന്നിവകൊണ്ട് ഐശ്വര്യപൂര്‍ണ്ണമായ ജീവിതം, സമൂഹത്തിന്റെ അപ്രീതി ഉണ്ടാവാതിരിക്കുക, മറ്റുള്ളവരുടെ  ധാര്‍മ്മികമായ കാര്യങ്ങള്‍ക്ക് വേണ്ടി പോരാടുക എന്നിവയാണ് ജീവിതത്തിന്റെ സഫലത.
ഒരുവന്‍ യുദ്ധത്തിനു പോര്‍ വിളിച്ചു വരുമ്പോള്‍ ധാര്‍മ്മികമായ യുദ്ധമുറയ്ക്കനുസരിച്ചു പോരാടി വീറോടെ അവനെ കൊന്നൊടുക്കുന്നത് ധര്‍മ്മം തന്നെയാണ്. ആ രണവീരനു വീരസ്വര്‍ഗ്ഗം ലഭിക്കുന്നു.
രാജന്‍, ആകാശത്തേയ്ക്ക് നോക്കിയാലും. അവിടെ ദേവന്മാരും അസുരന്മാരും നക്ഷത്രങ്ങളായി നിലകൊള്ളുന്നു. അതേ ആകാശമാണ്‌ മഹത്തായ ഗ്രഹങ്ങളുടെയും സൂര്യചന്ദ്രാദികളുടേയും വിഹാരരംഗം. മൂഢന്മാര്‍ ആകാശത്തെ നിശ്ശൂന്യമെന്നുതന്നെ ഇപ്പോഴും കരുതുന്നു. നക്ഷത്രാദികള്‍ അനവരതം ചലിച്ചിട്ടും ദേവാസുരന്മാര്‍ക്ക് (പ്രകാശത്തിനും ഇരുട്ടിനും) യുദ്ധംചെയ്യാനുള്ള ഇടമായി നിന്നിട്ടും ആകാശത്തിനു മാലിന്യമേതുമില്ല. അതിന് മാറ്റങ്ങളുമില്ല.

അല്ലയോ ആകാശമേ, സൂര്യനെ നിന്റെ മടിത്തട്ടില്‍ വച്ചിട്ടും ഭഗവാന്‍ നാരായണന്‍ തന്റെ അകമ്പടികളോടുകൂടി നിന്നില്‍ സഞ്ചരിച്ചിട്ടും നിന്നിലെ ഇരുട്ട് പൂര്‍ണ്ണമായും കളഞ്ഞില്ലല്ലോ? അതെത്ര വിസ്മയകരം! എന്നിട്ടും ആകാശത്തെ നാം പ്രബുദ്ധതയായി, ജ്ഞാനമായി, ഉപാധികളാല്‍ കളങ്കപ്പെടാത്തതായി കണക്കാക്കുന്നു.

“ആകാശമേ, പകല്‍ നീയെത്ര പ്രഭാപൂര്‍ണ്ണമായിരിക്കുന്നു! പ്രഭാതസന്ധ്യയിലും സായം സന്ധ്യയിലും നിന്റെ നിറം രക്താഭമാണ്. രാത്രിയില്‍ നീ കറുപ്പാണ്. നിന്നില്‍ വിഷയങ്ങളില്ല. യാതൊന്നിന്റെയും ഭാരം നീ വഹിക്കുന്നില്ല. നീയതിനാല്‍ മായയാകുന്നു. ജ്ഞാനികള്‍ക്കും പണ്ഡിതന്മാര്‍ക്കും ഒന്നും നിന്നെ ശരിയായി അറിയാനായിട്ടില്ല.”

ആകാശമേ, നനക്കൊന്നും തന്നെ സമ്പത്തായി ഇല്ല. നിനക്ക് നേടാനുമൊന്നുമില്ല. നീ നിന്നില്‍ സ്വയം ശുദ്ധശൂന്യതയാണെങ്കിലും നീ എല്ലാറ്റിനും നിന്നുവിളങ്ങാന്‍ വേണ്ട വിളനിലമാകുന്നു. ദിനവുമുള്ള  സവാരിക്കായി സൂര്യന്‍ കണ്ടെത്തിയ ആകാശത്ത് നഗരങ്ങളോ ഗ്രാമങ്ങളോ കാടുകളോ മരങ്ങളോ നിഴലുകളോ ഒന്നുമില്ല.! ശരിയാണ്; പാവനചരിതന്മാര്‍ അവരുടെ കര്‍മ്മങ്ങളെ എത്ര കഷ്ടതരമാണെങ്കിലും അലംഭാവമില്ലാതെ കൃത്യമായി അനുഷ്ടിക്കുകതന്നെ ചെയ്യും.

താന്‍ യാതൊന്നും ചെയ്യുന്നില്ല എന്ന മട്ടില്‍ നിലകൊണ്ട് ആകാശം ചെടികളുടെയും മരങ്ങളുടെയും വളര്‍ച്ചയെ നിയന്ത്രിക്കുന്നു. അവയുടെ അമിതവളര്‍ച്ചയെ തടയുന്നു. അനന്തമായ വിശ്വത്തിന് ജന്മഗേഹവും അതേസമയം ശ്മശാനവുമായ ആകാശത്തെ നിശ്ശൂന്യമെന്നു വിളിക്കുന്ന ജ്ഞാനികള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു.!

597 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 597

ഇത: സ്വപിതി കേശവ: കുലമിതസ്തദീയാദ്വിഷാ
മിതോപി ശരണാര്‍ത്ഥിന: ശിഖരിപത്രിണ: ശേരതേ
ഇതോപി വഡവാനല: സഹ സമസ്തസംവര്‍ത്തകൈ
രഹോ വിതതമൂര്‍ജ്ജിതം ഭരസഹം ച സിന്ധോര്‍വപു: (6.2/115/6)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ യുദ്ധക്കളത്തില്‍ നിന്നും പാലായനം ചെയ്യുന്ന സൈനികര്‍ക്ക് പിന്നാലെ നാല് വിപശ്ചിത് രാജാക്കന്മാരും ഏറെ ദൂരം സഞ്ചരിച്ചു. ഈ നാല്‍വരും കൂടി ഉള്ളിലുള്ള സര്‍വ്വഭൌമമായ അനന്തബോധത്തിന്റെ പ്രേരണയാല്‍ ലോകം കീഴടക്കാനുള്ള ദിഗ്വിജയ പരിശ്രമത്തിലാണ്. അവര്‍ സ്വന്തം സന്നാഹങ്ങളുമായി ഏറെ ദൂരം സഞ്ചരിച്ചു. അവരങ്ങിനെ അനവരതം വിശ്രമമില്ലാതെ നീങ്ങുമ്പോള്‍ കൂടെയുള്ള സൈന്യവും, സന്നാഹങ്ങളും ആയുധങ്ങളും അവര്‍ ഓടിച്ചിരുന്ന ശത്രുസൈന്യവുമെല്ലാം ക്ഷീണിതരായി നശിച്ചു.

ഈ (നാല്) രാജാക്കന്മാര്‍ അയച്ച ദിവ്യാസ്ത്രങ്ങളുടെ പ്രാഭവവും ഇല്ലാതായിരിക്കുന്നു. ഇന്ധനമില്ലാതായ അഗ്നിയെന്നപോലെ എല്ലാം അടങ്ങിയിരിക്കുന്നു!. ഈ നാല്‍വര്‍ നാല് സമുദ്രതീരങ്ങളില്‍ എത്തി. അവരുടെ കയ്യില്‍ ബാക്കിയുണ്ടായിരുന്ന അസ്ത്രങ്ങള്‍ മഴപെയ്തുണ്ടായ ചെളിയില്‍ പുതഞ്ഞും പൊടിഞ്ഞും തകര്‍ന്നുപോയി. അനന്തമായ സമുദ്രത്തെ നോക്കി ഈ നാല് സഹോദരന്മാര്‍ വിസ്മയം പൂണ്ടു.

അവരെ പിന്തുടര്‍ന്നു ചെന്നിരുന്ന മന്ത്രിമാര്‍ ഓരോരോ കാഴ്ചകള്‍ രാജാക്കന്മാര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു. കാടുകള്‍, മരങ്ങള്‍, സമുദ്രങ്ങള്‍, മേഘങ്ങള്‍, മലമുകളിലെ ആദിവാസികള്‍, എല്ലാം അവരവിടെ കാണുകയുണ്ടായി.

ബ്രഹ്മം ഏകമാണെങ്കിലും പലതായി കാണപ്പെടുന്നതുപോലെ, അനന്തമാണെങ്കിലും പരിമിതമായ, ക്ഷണികമായ ഈ ലോകം; ഒന്നാണെങ്കിലും പലതായി പിരിഞ്ഞു കാണുന്ന സമുദ്രം; ആന്തരീകവും ബാഹ്യവുമായ അലകളുടെ ലീലകള്‍, എല്ലാമേ എത്ര വിസ്മയകരം!

മന്ത്രിമാര്‍ സമുദ്രങ്ങളെ ചൂണ്ടിക്കാട്ടി ഇങ്ങിനെപറഞ്ഞു: “പ്രഭോ, ഭഗവാന്‍ നാരായണന്റെ ധാമമായ സമുദ്രമാണിത്. ഇതാ, മറ്റേ സമുദ്രത്തില്‍ നാരായണന്റെ ശതുക്കളായ രാക്ഷസരാണ്. മറ്റൊന്നില്‍ മലകള്‍ ഒളിഞ്ഞിരിക്കുന്നു. ഈ സമുദ്രത്തിനടിയില്‍ വിവരണാതീതമായ വീര്യത്തോടെ എരിയുന്ന അഗ്നികൂപമുണ്ട്. വിശ്വപ്രളയഹേതുവായ മേഘങ്ങളും അവിടെക്കാണാം. ഈ സമുദ്രമെത്ര അദ്ഭുതകരം! എത്ര വിസ്തൃതം! എത്ര ദൃഢതരം! എത്രതരം ഭാരങ്ങളാണ് അത് വഹിക്കുന്നത്? കര്‍ത്തവ്യങ്ങളാണ് നിര്‍വഹിക്കുന്നത്!

ചന്ദ്രനെ നോക്കൂ. കിഴക്കേ ചക്രവാളത്തില്‍ ഉദിക്കുമ്പോള്‍ അത് ലോലമായ കിരണങ്ങളാല്‍ മൃദുപ്രകാശം പരത്തുന്നു. എല്ലാവര്‍ക്കും ഐശ്വര്യത്തെ പ്രദാനംചെയ്യുന്നു. രാത്രിയുടെയും ഇരുട്ടിന്റെയും ഭയപ്പാടുകളെ പാടെയകറ്റാന്‍ അതിനാകുന്നു. ഈ ചന്ദ്രനില്‍പ്പോലും കളങ്കം ഉണ്ടല്ലോ.

സ്വര്‍ഗ്ഗീയവസ്തുക്കളില്‍പ്പോലും കളങ്കം ഉള്ളപ്പോള്‍ എന്തിനെയാണ് ഈ ലോകത്തില്‍ കളങ്കരഹിതമായി നമുക്ക് കാണാനാവുക? എന്തിനെയാണ് നാം നന്മയെന്നും ഉത്തമമെന്നും പറയുക? കണ്ണടച്ചുതുറക്കുന്ന ഞൊടിയിടകൊണ്ട് മാറി മറയുന്ന ഭാഗധേയത്തിനു വിധേയമാണല്ലോ എല്ലാം! തീര്‍ച്ചയായും അകളങ്കമായ യാതൊന്നും ഭൂമിയില്‍ ഇല്ല. 

* സമുദ്രത്തെപ്പറ്റി കാവ്യാത്മകമായ ഒരു വിവരണം ഈ ഭാഗത്തുണ്ട്.

596 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 596

പ്രവിഷ്ടാ  യാചനം സഹ്യേ ലബ്ധാ: സുരബിലാദ് ദ്വയം
അനര്‍ഥേനാര്‍ഥ ആയാതി കാകതാലീയത: ക്വചിത് (6.2/112/30)
വസിഷ്ഠന്‍ തുടര്‍ന്നു: രാജാവ് നാല് രൂപങ്ങളില്‍ യുദ്ധക്കളത്തിന്റെ നാല് ദിശകളിലേയ്ക്കും പാഞ്ഞുചെന്നു. തയ്യാറെടുപ്പിലും ആയുധങ്ങളിലും തന്റെ സൈന്യം ശത്രുസൈന്യത്തേക്കാള്‍ പിറകിലാണെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹമിങ്ങിനെ ആലോചിച്ചു: അഗസ്ത്യമുനി സമുദ്രം കുടിച്ചു വറ്റിച്ചതുപോലെ ഞാന്‍ മറ്റൊരഗസ്ത്യനായി ഈ ശത്രുസൈന്യത്തെ കുടിച്ചു വറ്റിക്കുകതന്നെ വേണം”
അദ്ദേഹം വായു അസ്ത്രത്തെപ്പറ്റി ചിന്തിക്കവേ അത് അടുത്തെത്തി. ഒരിക്കല്‍ക്കൂടി നമസ്കരിച്ചു പ്രാര്‍ത്ഥിച്ച് പ്രജകള്‍ക്കുവേണ്ടി അദ്ദേഹം വായു അസ്ത്രത്തെ ശത്രുക്കള്‍ക്ക്‌ നേരേ പ്രയോഗിച്ചു. ക്ഷണത്തില്‍ അവിടം മുഴുവന്‍ അസ്ത്രശസ്ത്രങ്ങളുടെ പുഴതന്നെ കാണായി. വിശ്വപ്രളയമെന്നു തോന്നുമാറ് കൊടുങ്കാറ്റടിച്ചു. ഈ ദിവ്യാസ്ത്രത്തിന്റെ വീര്യം ശത്രുസൈന്യത്തെ തരിപ്പണമാക്കി. അവിടം മുഴുവന്‍ മഹാമാരിയും കൊടുങ്കാറ്റും ഇരുണ്ടുകറുത്ത കാര്‍മേഘങ്ങളും നിറഞ്ഞു. സൈന്യങ്ങള്‍ പലഭാഗത്തേയ്ക്കും ചിന്നിച്ചിതറി.
മുത്തുകളും സര്‍പ്പങ്ങളും നിറഞ്ഞ നാട്ടില്‍ നിന്നുമുള്ള ചേടിസൈന്യം തെക്കന്‍ പ്രദേശങ്ങളിലേയ്ക്ക് പോയി. വാഞ്ഞുലവനത്തില്‍പ്പോയി പാര്‍സികള്‍ മണ്ണടിഞ്ഞു. ദാരദന്‍മാര്‍ ഗുഹകളില്‍ ഒളിച്ചു. ദാസര്‍ണപടയാളികള്‍ അടുത്തുള്ള കാട്ടിലേയ്ക്ക് പോയെങ്കിലും അവരെ സിംഹങ്ങള്‍ കൊന്നു. ശാകപ്രവിശ്യകളില്‍ നിന്നുമുള്ള പടയാളികള്‍ ഇരുമ്പ് കൊണ്ടുണ്ടാക്കിയ ആയുധങ്ങളുടെ പ്രഹരം സഹിയാഞ്ഞ്‌ പേടിച്ചോടിപ്പോയി.  

സ്വര്‍ണ്ണവര്‍ണ്ണത്തൊലികളുള്ള തുംഗുണന്മാരുടെ വസ്ത്രങ്ങള്‍പോലും കള്ളന്മാര്‍ കൊണ്ടുപോയി. രാക്ഷസന്മാര്‍ അവരെ തിന്നു. യുദ്ധത്തില്‍നിന്നും ജീവനോടെ രക്ഷപ്പെട്ടവര്‍ സഹ്യാദ്രി പര്‍വ്വതനിരകളില്‍ അഭയം തേടി, ഏഴു ദിവസം അവരവിടെ വിശ്രമിച്ചു. അവരുടെ മുറിവുകള്‍ ശുശ്രൂശിച്ചത് ഗാന്ധാരദേശത്തെ വിദ്യാധരനാരികളായിരുന്നു. വിപശ്ചിത രാജാവിന്റെ അസ്ത്രങ്ങള്‍ ഹൂന, ചീന, കിരാട ദേശങ്ങളില്‍ നിന്നും വന്ന സൈനികരില്‍ അംഗഭംഗം വരുത്തി, അവരെ ദുരിതക്കയത്തില്‍ ആഴ്ത്തി. മരങ്ങള്‍പോലും രാജാവിന്റെ യുദ്ധവീര്യം കണ്ടു ഭയചകിതരായി. യുദ്ധം കഴിഞ്ഞിട്ടും ഏറെക്കാലം അവ നിന്നനില്‍പ്പില്‍ അനങ്ങാതവിടെ നിന്നു.

വിദുരപ്രവിശ്യയില്‍ നിന്നും വന്ന വ്യോമയാനപ്പട കാറ്റിന്റെ താണ്ഡവത്തില്‍ അടുത്തുള്ള തടാകത്തില്‍ വീണടിഞ്ഞു. കണ്ണുമൂടി മഴപെയ്തതിനാല്‍ കാലാള്‍പ്പടയ്ക്ക് ഓടാന്‍ പോലും പറ്റിയില്ല. വടക്കോട്ട്‌ ഓടി രക്ഷപ്പെടാന്‍ നോക്കിയ ഹൂനാന്‍പട മണല്‍ക്കുഴികളുടെ ചുഴിയില്‍പ്പെട്ടു നശിച്ചു. കിഴക്കോട്ട് ഓടിയ ശാകസൈന്യത്തെ രാജാവ് തടവിലാക്കി ഒരു ദിവസം കഴിഞ്ഞ് അവരെ പുറത്തു വിട്ടു. മാന്ത്രപ്രവിശ്യയില്‍ നിന്നും വന്ന പടയാളികള്‍  മാഹേന്ദ്രപര്‍വ്വതത്തില്‍ അഭയം തേടി. ഇഴഞ്ഞിഴഞ്ഞ് ഓരോ അടിവെച്ചു മുകളിലേയ്ക്ക് കയറവേ താഴെവീണ അവരെ ആഹാരനീഹാരങ്ങള്‍ നല്‍കി പരിചരിച്ചുരക്ഷിച്ചത് അവിടങ്ങളിലെ പര്‍ണ്ണശാലകളില്‍ കഴിയുന്ന മാമുനിമാരാണ്.

“യുദ്ധക്കളത്തിലെ മരണത്തില്‍ നിന്നും രക്ഷതേടി ആഹാരത്തിനായി യാചിച്ച് മലമുകളില്‍ കയറിയ അവര്‍ക്ക് ക്ഷണത്തില്‍ രണ്ടനുഗ്രഹങ്ങള്‍ - അഭയവും ശാശ്വതശാന്തി പ്രദാനം ചെയ്യുന്ന മാമുനിമാരുടെ സത്സംഗവും ലഭിച്ചു. തിന്മയ്ക്ക് പിറകേ ചിലപ്പോള്‍ നന്മകൾ വന്നുകൂടിയെന്നിരിക്കും. ‘കാക്കയും പനമ്പഴവും’ എന്നപോലെയുള്ള തികഞ്ഞ ആകസ്മികതയാണിത്.”

ദാശരണസൈനികര്‍ അബദ്ധവശാല്‍ വിഷക്കായകള്‍ തിന്നു മരിച്ചു. എന്നാല്‍ ഹൈഹയ സൈനികര്‍ അബദ്ധത്തില്‍ കഴിക്കാനിടയായ്ത് ഏതോ ദിവ്യമായ ഔഷധച്ചെടിയാണ്. ആകാശഗമനാദി സിദ്ധികളോടെ അവര്‍ ഗന്ധര്‍വ്വന്മാരായിത്തീര്‍ന്നു.

595 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 595

പാപാ മ്ലേച്ഛാ ധനാഠ്യാശ്ച നാനാദേശ്യാ: സുസംഹൃതാ:
ബഹവോ ലബ്ധരന്ധ്രാശ്ച സമാദേനാര്‍സ്പദം ദ്വിഷ: : (6.2/109/4)
വസിഷ്ഠന്‍ തുടര്‍ന്നു: അപ്പോഴേയ്ക്കും എല്ലാ മത്രിമാരും രാജാവിന് ചുറ്റും കൂടി. അവര്‍ ഇങ്ങിനെ പറഞ്ഞു: പ്രഭോ, ശത്രുവിനെപ്പറ്റി ഞങ്ങള്‍ നന്നായി അറിഞ്ഞിരിക്കുന്നു. സാമ,ദാന,ഭേദങ്ങളാകുന്ന മൂന്നു ശാന്തമാര്‍ഗ്ഗങ്ങള്‍കൊണ്ട് ഇനി പ്രയോജനമില്ല. നാലാമത്തെ ‘ദണ്ഡം’ എന്ന മാര്‍ഗ്ഗമേ ഇനി അവശേഷിക്കുന്നുള്ളൂ. ഇതിനുമുന്‍പ് നാം ഈ ശത്രുവിനെ സുഹൃത്തായി കണക്കാക്കിയിട്ടേയില്ല. അവരുമായി നമുക്ക് സഖ്യവും ഇല്ല.
“പാപികള്‍, മ്ലേഛന്മാര്‍, വിദേശികള്‍, നല്ലവണ്ണം യോജിച്ചുനിന്നെതിര്‍ക്കുന്നവര്‍, നമ്മുടെ ദൌര്‍ബല്യം അറിയാവുന്നവര്‍ എന്നിത്യാദി ശത്രുക്കളോട് സമാധാനത്തിന്റെ ഭാഷയില്‍ പ്രതികരിച്ചതുകൊണ്ട് കാര്യമില്ല.”

അതിനാല്‍ താമസംവിനാ പൂര്‍ണ്ണയുദ്ധത്തിനായി ആഹ്വാനം ചെയ്താലും. രാജാവ് യുദ്ധത്തിനുള്ള ആജ്ഞാപണം നല്‍കി മന്ത്രിമാരെ പടക്കളത്തിലേയ്ക്കയച്ചു. പതിവുള്ള അഗ്നിപൂജാദികള്‍ക്ക്ശേഷം താനും യുദ്ധത്തിനെത്തുന്നതാണെന്ന് എന്നവരോടു പറയുകയും ചെയ്തു. രാജാവ് സ്നാനശേഷം പൂജാദികള്‍ ചെയ്തു.

അദ്ദേഹം ഇങ്ങിനെ പ്രാര്‍ത്ഥിച്ചു: ഭഗവാനേ, ഇതുവരെ ഞാന്‍ എന്റെ ശത്രുക്കളെ വെന്നത് അനായാസമായാണ്. ഈ വിസ്തൃമേറിയ രാജ്യത്തെ മാത്രമല്ല അനേകം ദ്വീപുകളേയും ഭൂഖണ്ഡങ്ങളെയും ഞാന്‍ ഭരിച്ചുവന്നു. രാക്ഷസന്മാരടക്കം പലരെയും ഞാന്‍ എന്റെ കീഴില്‍ കൊണ്ടുവന്നു. ഇപ്പോള്‍ ഞാന്‍ വയസ്സായിരിക്കുന്നത്കൊണ്ടാവും ശത്രുക്കള്‍ ഈ സമയത്ത് എന്നെ ആക്രമിക്കാന്‍ തീരുമാനിച്ചത്. ഇതുവരെ ഞാന്‍ പലതും ഈ പൂജയില്‍ ഭാഗവാനായി അര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ എന്റെ അര്‍ഘ്യം എന്റെ ശിരസ്സുതന്നെയാണ്. ഈ അഗ്നിയില്‍ നിന്നും ഭഗവാന്‍ നാരായണന്റെ നാല് തൃക്കരങ്ങള്‍പോലെ നാല് വീരസത്വങ്ങള്‍ പൊങ്ങിവരണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
 
ഇങ്ങിനെ പറഞ്ഞ് രാജാവ് അനായാസം തന്റെ ശിരസ്സറുത്തു. ദേഹവും ശിരസ്സും അഗ്നിയില്‍ വീണു. ആ അഗ്നിയില്‍ നിന്നും രാജാവ് നാല് വീരയോദ്ധാക്കളായി, അനിതരസാധാരണമായ പ്രശോഭയോടെ പുറത്തുവന്നു. അവരുടെ കയ്യില്‍ എല്ലാ വിവരണങ്ങള്‍ക്കും വഴങ്ങുന്ന ദിവ്യാസ്ത്രങ്ങള്‍ പലതും ഉണ്ടായിരുന്നു. അവരെ കീഴടക്കാന്‍ യാതൊരു ശത്രുസൈന്യസന്നാഹത്തിനും കഴിയില്ല എന്നത് സുവ്യക്തമായിരുന്നു. മന്ത്രങ്ങളായാലും, മരുന്നുകളായാലും ആകാശഭേദികളായ അസ്ത്രശസ്ത്രങ്ങളായാലും അവരെ എതിരിടാന്‍ പറ്റിയ ശത്രുക്കള്‍ ഉണ്ടാവുകയില്ല.

ശത്രുക്കള്‍ മുന്നോട്ടടുത്തു. തീവ്രമായ യുദ്ധം നടന്നു. വാളുകള്‍ വെട്ടിത്തിളങ്ങി. തീ തുപ്പുന്ന ആയുധങ്ങള്‍ തുടര്‍ച്ചയായി അഗ്നിഗോളങ്ങള്‍ വര്‍ഷിച്ചു.ആകാശം ആയുധങ്ങളുടെ പുകമറയില്‍ മൂടി. രക്തനദികളിലൂടെ  ആനകള്‍ പോലും ഒഴുകിനടന്നു. ആകാശത്ത് കൂട്ടിമുട്ടുന്ന ആയുധങ്ങള്‍ ഇടിമിന്നലുപോലെ ചിലപ്പോള്‍ തീയാളിച്ച് ആകാശത്തെ പ്രകാശിപ്പിച്ചു.

‘ഞാന്‍ ഈ ശത്രുവിനെ വകവരുത്തുകതന്നെ വേണം, അല്ലെങ്കില്‍ അവന്റെ കൈ കൊണ്ട് ഞാന്‍ മരിച്ചു പോകട്ടെ’ എന്ന ചിന്തയായിരുന്നു എല്ലാ പടയാളികളെയും നയിച്ചിരുന്നത്.

യുദ്ധം മനുഷ്യന്റെയുള്ളില്‍ ഉറങ്ങിക്കിടന്ന ചില നന്മകളേയും പാവനചിന്തകളും പുറത്തുകൊണ്ടുവരാന്‍ സഹായിച്ചുവെങ്കിലും അതീവ ക്രൂരമായ പ്രവര്‍ത്തികളും യുദ്ധത്തില്‍ കാണുകയുണ്ടായി. ചിലയിടങ്ങളില്‍ പട്ടാളക്കാര്‍ അഭയാര്‍ത്ഥികളെപ്പോലും കൊന്നൊടുക്കി. കൊള്ളയും കൊള്ളിവയ്പ്പും ഉണ്ടായി. യുദ്ധത്തില്‍ പങ്കെടുക്കാത്ത നഗരവാസികള്‍ രാജ്യം വിട്ടുപോയി. ജീവന്മരണഭേദമെന്തെന്നറിയാത്ത യോദ്ധാക്കള്‍ യുദ്ധക്കളം നിറഞ്ഞുകവിഞ്ഞു. 

594 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 594

അതോ ജീവന്നപി മൃത ഇവ  സര്‍വോവതിഷ്ഠതേ
അസാവഹം ച ത്വം ചേതി ജീവന്തോപി മൃതാ ഇവ (6.2/107/2)
വസിഷ്ഠന്‍ തുടര്‍ന്നു: ഈ ലോകം മുഴുവനും അനന്തബോധം തന്നെയാണെങ്കിലും ഒരു വിഷയമെന്നനിലയ്ക്ക് അതൊരു ജഡദൃശ്യമാണ്.
“അതിനാല്‍ ജീവനുണ്ടെങ്കിലും എല്ലാം ചത്തതുപോലെയാണ്. നീയും ഞാനും ജീവനോടെയുണ്ടെങ്കില്‍പ്പോലും മരിച്ചവരെപ്പോലെയാണ്.”
ലോകമെന്ന ഭാവനാസങ്കല്‍പ്പത്തെ ഈ ലോകത്തുപേക്ഷിച്ചിട്ട്, ‘ഞാന്‍, നീ’, മുതലായ ഭാവനകളെ നമ്മില്‍ത്തന്നെ കളഞ്ഞിട്ട് ഉചിതമായ കര്‍മ്മങ്ങളില്‍ വ്യാപൃതനായാലും.
എന്തുകൊണ്ടാണീ ലോകമെന്ന കാഴ്ച ആദ്യമായി ഉണ്ടാവാന്‍തന്നെ കാരണം?  
അതിന് നിയതമായ കാരണം ഒന്നും പറയുക വയ്യ. എന്തിനാണൊരു കുട്ടി കളിക്കുന്നത്? അതിന് കാരണമോ പ്രോല്സാഹനമോ ഒന്നും വേണ്ടല്ലോ? അതിനാല്‍ ഒരുവന്‍ തന്റെ ജീവിതകാലം വസ്തുവിനെയും മനസ്സിനെയും പറ്റിയുള്ള ഗവേഷണം നടത്തി പാഴാക്കരുത്. സ്വര്‍ണ്ണം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആകാശം വൃത്തിയാക്കിയതുകൊണ്ടെന്തുകാര്യം?

ഇനി ഈ കഥ കേട്ടാലും. ഈ ലോകത്ത്, ജംബുദ്വീപമെന്ന ഭൂഖണ്ഡത്തില്‍ തതം എന്ന നഗരത്തില്‍ വിപശ്ചിത്ത് എന്ന പേരുള്ള ജ്ഞാനിയായ ഒരു രാജാവ് വാണിരുന്നു. അയാളുടെ മഹിമ വിവരണാതീതമായിരുന്നു. കൊട്ടാരം കവികളും സ്തുതിപാഠകരുമെല്ലാം അവരവരുടെ കഴിവുകളെല്ലാം ഉപയോഗിച്ചിട്ടും അദ്ദേഹത്തിന്‍റെ മഹിമകളെ പൂര്‍ണ്ണമായി വര്‍ണ്ണിക്കാന്‍ കഴിയാതെ വിഷമിച്ചു. രാജാവിന്റെ സഹവാസം എല്ലാവര്‍ക്കും പ്രിയങ്കരമായിരുന്നു. രാജാവ് സഭാവാസികളെ സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. ബ്രഹ്മണഭക്തി, നിത്യേനയുള്ള അഗ്നിപൂജ എന്നിവയില്‍ അദ്ദേഹം ശ്രദ്ധചെലുത്തിയിരുന്നു.

രാജ്യത്തിന്റെ നാലതിര്‍ത്തികളിലായി നാലു മന്ത്രിമാര്‍ രാജ്യത്തെ പരിരക്ഷിച്ചുവന്നു. അവരുടെ രണവീരവും രാജ്യസ്നേഹവും കാരണം രാജാവെന്നും വിജയശ്രീലാളിതനായിരുന്നു. 
ഒരിക്കല്‍ കിഴക്കന്‍ പ്രദേശത്തുനിന്നും വന്ന ഒരു ജ്ഞാനി രാജാവിനെ മുഖം കാണിച്ചു. അയാള്‍ രാജാവിനോട് അശുഭകരമായ ചില അപ്രിയസത്യങ്ങള്‍ പറഞ്ഞു: രാജാവേ, അങ്ങ് കാലും കയ്യുമെല്ലാം ഈ ഭൂമിയില്‍ ബന്ധിച്ച്നിര്‍ത്തി ജീവിതം പാഴാക്കുന്നു. ഇനി ഞാന്‍ പറയുന്നത് കേട്ട് വേണ്ടതെന്താണെന്നു വച്ചാല്‍ ചെയ്യുക. അങ്ങയുടെ കിഴക്കന്‍ അതിര്‍ത്തി കാത്തിരുന്ന മന്ത്രി മരിച്ചു. രാജ്യത്തിന്റെ തെക്കേ അതിര്‍ത്തിയിലേ മന്ത്രി കിഴക്കേ അതിരുകൂടി പരിരക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും അയാളെ ശത്രുക്കള്‍ കീഴടക്കി. അയാളും മരിച്ചു. പടിഞ്ഞാറെ അതിരിലെ മന്ത്രി സൈന്യങ്ങളുമായി തെക്കുദേശത്തേയ്ക്ക് പുറപ്പെട്ടുവെങ്കിലും ശത്രുക്കള്‍ അയാളെയും വകവരുത്തി.

ഇത്രയും പറഞ്ഞപ്പോഴേയ്ക്കും രാജ്യത്തിന്റെ വടക്കെ അതിര്‍ത്തിയിലെ മന്ത്രി കൊട്ടാരവാതില്‍ക്കല്‍ വന്നിട്ടുള്ളതായി ഒരു രാജസേവകന്‍ അറിയിച്ചു.
രാജാവ് സൈന്യത്തെ തയാറാക്കി നിര്‍ത്തി, മന്ത്രിയോട് സഭയില്‍ വരാന്‍ കല്‍പ്പിച്ചു. മന്ത്രി സഭയിലെത്തി രാജാവിനെ അഭിവാദ്യം ചെയ്തു. അയാള്‍ പരിക്ഷീണനായിരുന്നു. ശത്രുക്കള്‍ അയാളെ കീഴടക്കിയിരുന്നു. അയാള്‍ രാജാവിനോട് പറഞ്ഞു: പ്രഭോ, അങ്ങയ്ക്ക് വേണ്ടി പൊരുതി മറ്റു മൂന്നു മന്ത്രിമാരും യമപുരിക്ക് പോയിക്കഴിഞ്ഞു. ഇനി അങ്ങ് വിചാരിച്ചാലേ ശത്രുവിനെ തോല്പ്പിക്കാനാവൂ.

അപ്പോള്‍ മറ്റൊരാള്‍ സഭയിലെത്തി ഇങ്ങിനെ പറഞ്ഞു: നഗരം മുഴുവന്‍ ശത്രുക്കള്‍ വളഞ്ഞിരിക്കുന്നു. അവരുടെ ആയുധങ്ങള്‍ എങ്ങുമെങ്ങും കാണാനുണ്ട്. രാക്ഷസവീര്യമാണ് അവര്‍ക്കുള്ളത്. അങ്ങയുടെ മഹിമയ്ക്ക് കിടപിടിക്കുമാറ് അവരുടെ കവചങ്ങള്‍ തിളങ്ങുന്നു.
അവരുടെ സൈന്യത്തില്‍ ഒന്നാന്തരം അണികളുണ്ട്. ക്രോധബാധിതരായ ആ സൈന്യം ഭീതിപ്പെടുത്തുന്ന യുദ്ധകാഹളം മുഴക്കുന്നു. ഈ വിവരം അങ്ങയെ ധരിപ്പിക്കാന്‍ ശത്രുക്കളുടെ നേതാവ് എന്നെ ചുമതലപ്പെടുത്തിയതാണ്. അയാള്‍ സഭയില്‍ നിന്നും പോയി.

രാജാവിന്റെ സൈന്യം, ആയുധമേന്തി യുദ്ധത്തിനായി തയ്യാറെടുത്തു. 

593 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 593

തൃണഗുല്‍മലതാദീനാം വൃദ്ധിമാഗച്ഝതാമൃതൌ
യ: സ്യാദുന്‍മമതോ ഭാവ: സ ചിദാകാശ ഉച്യതേ (6.2/106/8)
വസിഷ്ഠന്‍ തുടര്‍ന്നു: ഒരേകാര്യത്തിന് സൌകര്യാര്‍ത്ഥം രണ്ടു നാമങ്ങള്‍ കൊടുത്തിരിക്കുന്നു. രണ്ടു പാത്രത്തില്‍ ജലമിരിക്കുന്നതുപോലെയാണ്  ജാഗ്രദ്, സ്വപ്നം എന്നീ അവസ്ഥകള്‍. അവയ്ക്ക് രണ്ടിനും പൊതുവായുള്ളത് അടിസ്ഥാനതത്വമായ ശുദ്ധബോധമാണ്.
ഒരു വൃക്ഷം മണ്ണില്‍നിന്നും വേരുകളിലൂടെ പോഷകാംശം വലിച്ചെടുത്ത് വളരുന്നതിന്റെ പിന്നിലുള്ള സഹജഭാവം ശുദ്ധമായ ബോധമാണ്. അതുപോലെ ആസക്തികള്‍ വെടിഞ്ഞ് മനസ്സ് പ്രശാന്തമായിരിക്കുമ്പോള്‍ അവിടെ ശുദ്ധബോധമാണുള്ളത്. 
ആരോഗ്യമുള്ള ഒരാള്‍ അയാളുടെ മനസ്സ് വിഷയധാരണയില്‍ നിന്നും മുക്തമായും എന്നാല്‍ ദീര്‍ഘനിദ്രയില്‍ എത്താതെയും ഉള്ള അവബോധാവസ്ഥ ശുദ്ധബോധം തന്നെയാണ്.

“ ഞാന്‍, എന്റെ എന്നിത്യാദി ചിന്തകളില്ലാതെ പുല്‍നാമ്പുകളും വള്ളിച്ചെടികളും അതതു കാലങ്ങളില്‍ വളരുവാനുള്ള അവയുടെ സഹജസ്വഭാവം ശുദ്ധബോധമാണ്. ധാരണകളോ വികല്‍പ്പങ്ങളോ ഇല്ലാതെ, എന്നാല്‍ സജീവമായിരിക്കുന്നവന്റെ ഉള്ളം ശിശിരാകാശമെന്നപോലെ തെളിഞ്ഞ ശുദ്ധബോധമാണ്.”

കല്ലിന്റെയും മരക്കക്ഷണത്തിന്റെയും ശുദ്ധഭാവവും ശുദ്ധജീവികളുടെ മനസ്സിന്റെ ഭാവവും രണ്ടും ശുദ്ധബോധം തന്നെയാണ്. ശുദ്ധബോധം എന്ന ചിദാകാശം എല്ലാ ജീവജാലങ്ങളിലും നിലകൊള്ളുന്നു. അതില്‍ നിന്നാണെല്ലാവരും ഉദ്ഭവിക്കുന്നത്. അതാണെല്ലാമെല്ലാമായി നിലകൊള്ളുന്നത്. എല്ലാറ്റിന്റെയും സത്തയാണത്.

ഉറക്കം അവസാനിക്കുമ്പോള്‍ ലോകമെന്ന കാഴ്ച ഉദിക്കുകയായി. ആ കാഴ്ച അവസാനിക്കുമ്പോള്‍ ചിദംബരമായി (ശുദ്ധബോധം). എല്ലാറ്റിനെയും ‘നേതി, നേതി’ – ഇതല്ല, ഇതല്ല, എന്ന് നിരാകരിച്ചു കഴിഞ്ഞ് പിന്നെയും ബാക്കിയാവുന്നതാണ് ചിദംബരം. ഈ വിശ്വം മുഴുവനും ശുദ്ധാവബോധമാണ്. എന്നും അങ്ങിനെയായിരുന്നു, ഇനിയും അങ്ങിനെതന്നെയായിരിക്കും. 

വൈവിദ്ധ്യമാര്‍ന്ന ധാരണകള്‍, കല്‍പ്പനകള്‍, ഭാവനകള്‍, എല്ലാമുള്ളപ്പോള്‍ത്തന്നെ ശുദ്ധബോധം മാത്രമാണ് സത്തായി ഉള്ളത്. ഇതറിഞ്ഞ് ഇന്ദ്രിയവിഷയങ്ങളിലൂടെയുണ്ടാകുന്ന പ്രതീതികളെ നിരാകരിക്കാതെ തന്നെ മനോപാധികളില്‍ നിന്നും മുക്തിനേടൂ. ഉറങ്ങുന്നവന്‍ അകമേ ഉണര്‍ന്നിരിക്കുന്നതിനാലാണല്ലോ അവന്‍ ‘ഞാന്‍ ഉറങ്ങുകയായിരുന്നു’ എന്ന അറിവിലെത്തുന്നത്. അകമേ നിശ്ശബ്ദനായി പാറപോലെ ഉറച്ചുനിന്ന് നടക്കൂ, എടുക്കൂ, കുടിക്കൂ, പറയൂ, എല്ലാം ചെയ്യൂ.

ഈ ലോകം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. എന്തുകൊണ്ടെന്നാല്‍ സൃഷ്ടിക്കായി കാരണം ഒന്നുമില്ല. കാരണമില്ലാതെ കാര്യമുണ്ടാവുക വയ്യ. അതിനാല്‍ ബോധം ബോധമായിത്തന്നെ, മാറ്റങ്ങള്‍ക്ക് വിധേയമാകാതെ നിലകൊള്ളുന്നു എന്നറിയുക.

ബോധത്തില്‍ നിര്‍ലീനമായ പ്രഭാവസാദ്ധ്യതകള്‍ തുടരുന്നത് ലോകമായാണ്. അവ സാദ്ധ്യതകള്‍ മാത്രമാണ്- യാഥാര്‍ത്ഥ്യമല്ല. വിഷയലോകം ഉണ്ടായിട്ടേയില്ല. അതിന് നിലനില്‍പ്പില്ല. അതിന് നിലനില്‍ക്കാന്‍ സാദ്ധ്യതയേതുമില്ല. അതിനാല്‍ അതിന് നാശമില്ല. ‘അനസ്തിത്വ’ത്തിന് എങ്ങിനെ നാശമുണ്ടാവാനാണ്? കാണപ്പെടുന്നത് ബോധത്തിലെ പ്രതിഫലനം മാത്രമാണ്. അതാണ്‌ കാഴ്ച്ചയാവുന്നത്. എന്നാല്‍ അതും ശരിയല്ല. ദ്വന്ദതയെന്നത് അസത്യമായിരിക്കെ ബോധഭിന്നമായി ഒരു പ്രതിഫലനം എങ്ങിനെയുണ്ടാവാനാണ്? ഉണ്മയെന്നത് സത്യമോ മിഥ്യയോ എന്നാര്‍ക്കു പറയാനാകും?

എന്തിനാണ്, എങ്ങിനെയാണ് മനുഷ്യന്‍ സ്വപ്നം കാണുന്നതെന്ന് പറയാനാവുമോ? അതയാളുടെ സ്വന്തം ബോധമാണെന്ന് പറയാം എന്നുമാത്രം. സൃഷ്ടാവ്, മറ്റുവസ്തുക്കള്‍, എല്ലാമെല്ലാം ശുദ്ധമായ ബോധം മാത്രം. ഇക്കാര്യം ഉള്ളില്‍ ഉണര്‍വ്വായിത്തെളിയുമ്പോള്‍ അത് ബ്രഹ്മം. ആ ഉണര്‍വ്വിലെത്താത്തപ്പോള്‍ അത് മായ, അല്ലെങ്കില്‍ വെറും ഭ്രമക്കാഴ്ച: ലോകം.

‘ഞാന്‍ പര്‍വ്വതം’, ‘ഞാന്‍ രുദ്രന്‍’, ‘ഞാന്‍ സമുദ്രം’, ‘ഞാന്‍ വിശ്വപുരുഷന്‍’, എന്നെല്ലാം അറിയപ്പെടുന്നത് ബോധമാണ്. സ്വപ്നവേളയില്‍ ഒരുവന്‍ അവന്റെ സ്വപ്നക്കാഴ്ചയില്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളിക്കുന്നു. ബോധത്തിന്റെ കണ്ണാടിയില്‍ എല്ലാ ബാഹ്യവസ്തുക്കളും പ്രതിഫലിച്ചു കാണപ്പെടുന്നു. എന്നാല്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ അവയെല്ലാം ഓരോന്നോരോന്നായി ഇല്ലാതാകുന്നു. ശുദ്ധമായ ബോധം മാത്രം അവശേഷിക്കുന്നു. അങ്ങിനെയുള്ള അന്വേഷണം ബോധസാക്ഷാത്ക്കാരത്തിലേയ്ക്ക് വഴിതെളിക്കുന്നു.   

592 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 592

മൃണ്‍മയം തു യഥാ ഭാണ്ഡം മൃച്ഝൂന്യം നോപലഭ്യതേ
ചിന്മയം തു തഥാ ചേത്യം ചി ചിച്ഝൂന്യം നോപലഭ്യതേ (6.2/105/38)
വസിഷ്ഠന്‍ തുടര്‍ന്നു: അതിസൂക്ഷ്മമായ ശബ്ദകമ്പനം ആകാശത്തിനും അതിസൂക്ഷ്മമായ സ്പര്‍ശസ്പന്ദനം വായുവിനും നിദാനമാവുന്നു. അവയുടെ ഘര്‍ഷണം ചൂടിനു കാരണമാവുന്നു. അത് അഗ്നിഭൂതമായി. അഗ്നിയടങ്ങുമ്പോള്‍ ജലം. ഇവയെല്ലാം ഒന്നിച്ചുചേരുമ്പോള്‍ ഭൂമി ഉണ്ടാവുന്നു. എന്നാല്‍ ഇതെല്ലാം രൂപഭാവങ്ങളില്ലാത്ത വെറും സ്പന്ദനങ്ങള്‍ മാത്രമാണ്. അപ്പോള്‍ എങ്ങിനെയാണ് രൂപങ്ങള്‍ ഉരുവാകുന്നത്? ഇതേക്കുറിച്ച് ധ്യാനിക്കുമ്പോള്‍ സാധകനു മനസ്സിലാവും ബോധമാണ് ഈ രൂപഭാവനയ്ക്ക് നിദാനമായിരിക്കുന്നതെന്ന്.
ഈ സത്യത്തെക്കുറിച്ചുള്ള അറിവ് എന്തുകൊണ്ടാണ് ഒരുവനില്‍ ആദ്യമേതന്നെ അങ്കുരിക്കാത്തത്? വാസ്തവത്തില്‍ സ്ഥൂലമായ ഭൂതങ്ങളോ രൂപങ്ങളോ നിലനില്‍ക്കുന്നില്ല. അവ, ഒരു സ്വപ്നത്തിലെന്നവണ്ണം ഉണ്ടായിമറയുകയാണ്. സ്വപ്നത്തില്‍ രൂപങ്ങള്‍ ഉണ്ടാവുന്നു; അതുപോലെ ജാഗ്രദ് അവസ്ഥയിലും രൂപങ്ങള്‍ ഉണ്ടാവുന്നു. ഇതറിഞ്ഞാല്‍ മോക്ഷമായി. ദേഹം തുടര്‍ന്നും നില നില്‍ക്കുകയോ നശിക്കുകയോ ചെയ്യട്ടെ; പിന്നെ ദുഃഖമില്ല. ജാഗ്രദിലും സ്വപ്നത്തിലും യഥാര്‍ത്ഥത്തില്‍ ലോകമില്ല. ബോധം അനുഭവിക്കുന്ന ‘ലോകമെന്ന’ അവസ്ഥയാണ് ലോകം. സ്വപ്നത്തില്‍ ലോകം ‘ഒന്നുമില്ലായ്മ’ ആണെന്നതുപോലെ ജാഗ്രദിലും ലോകം അങ്ങിനെയാണ്.

ഒരുവന്റെ സ്വപ്നാനുഭവം തൊട്ടടുത്ത് കിടന്നുറങ്ങുന്ന മറ്റൊരാള്‍ക്ക് അജ്ഞാതമാണെന്നതുപോലെ ഒരാളുടെ ലോകാനുഭവം മറ്റൊരാള്‍ക്ക് അറിയുവാനാവില്ല. സ്വപ്നത്തില്‍ വന്ധ്യയായ ഒരു സ്ത്രീയ്ക്ക് പുത്രന്‍ ഉണ്ടാവാം. എന്നാല്‍ ജാഗ്രദില്‍ അതസംഭവ്യമാണ്.

അസത്ത് സത്തായി കാണപ്പെടുന്നു. ശരിക്കും അനുഭവിക്കാത്ത കാര്യം അനുഭവമെന്നപോലെ തോന്നുന്നു. ഒരുവന്‍ സ്വപ്നത്തില്‍ തന്റെ ശവസംസ്കാരം കാണുന്നതുപോലെ വിചിത്രമാണത്. സ്വപ്നത്തില്‍ ഒരുവന്‍ വലിയൊരു കിണറില്‍ വീഴുമ്പോള്‍ താനുറങ്ങുന്ന കിടക്ക തന്നെയാണാ കിണര്‍.

വല്ലാതെ പ്രോജ്വലിക്കുന്ന വെളിച്ചം ഇരുട്ടിലെന്നപോലെ ദൃശ്യത്തെ മറയ്ക്കുന്നു. 

സ്വപ്നത്തില്‍ ഒരുവന്‍ മരിക്കുമ്പോള്‍ തന്റെ സ്വപ്നബന്ധുക്കളെയെല്ലാം ഉപേക്ഷിക്കുന്നു. എന്നാല്‍ ആ സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ അയാള്‍ സ്വപ്നത്തിലുണ്ടായിരുന്ന ജീവിതത്തില്‍ നിന്നും മരണത്തില്‍നിന്നുമെല്ലാം മോചിതനാവുന്നു. അതുപോലെ ഇഹലോകജീവിതത്തിന്റെ സുഖദുഖങ്ങള്‍ ഏറ്റുവാങ്ങി ഒരുവനൊടുവില്‍ യാത്രയാകുന്നു. സ്വപ്നം കാണുന്നവന്‍ അത് കഴിയുമ്പോള്‍ മറ്റൊരവബോധതലത്തിലേയ്ക്ക്, അനുഭവത്തിലെയ്ക്ക് ഉണര്‍ന്നു പോവുകയാണ്. അതുപോലെതന്നെയാണ് ജാഗ്രദിലും. സ്വപ്നസമയത്ത് ഒരുവന്‍ താന്‍ തൊട്ടുമുന്‍പ് കണ്ടതായ സ്വപ്നം സത്യത്തില്‍ യഥാര്‍ത്ഥമായിരുന്നില്ല എന്ന് തിരിച്ചറിയുന്നില്ല. അതുപോലെതന്നെ പൂര്‍വ്വജന്മങ്ങള്‍ ഒരുവനില്‍ ഓര്‍മ്മയുണ്ടാകുന്നില്ല. അങ്ങിനെ ഈ ജന്മം മാത്രമേ സത്യമായുള്ളൂ എന്ന നിഗമനത്തില്‍ അയാള്‍ എത്തിച്ചേരുന്നു. സ്വപ്നം കാണുന്നവന്‍ ഉറക്കത്തിന്റെ അവസാനത്തില്‍ ‘ഉണരുന്നു’. അതുപോലെ ഈ ലോകത്ത് ജീവിക്കുന്നവന്‍ മരിച്ച് മറ്റൊരിടത്ത് പുനര്‍ജന്മത്തിലൂടെ ‘ഉണരുക’യാണ്.

അപ്പോള്‍ സ്വപ്നത്തിനും ജീവിതത്തിനും തമ്മിലുള്ള അന്തരം അനിയന്ത്രിതവും ഗവേഷണപരവും ആണെന്ന് പറയാം. രണ്ടും അനന്താവബോധത്തിന്റെ സത്തയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ചരാചരവസ്തുക്കളെല്ലാം ശുദ്ധബോധമാണ്. അതില്‍ ഭ്രമാത്മകമായി ഉണ്ടാവുന്ന ഭേദഭാവനയാണ് ലോകമായി പ്രകടമാവുന്നത്.

“മണ്‍കുടം കളിമണ്ണാണ്. കളിമണ്ണിന്റെ അഭാവത്തില്‍ കുടമില്ല. എല്ലാ വസ്തുക്കളും ബോധമാണ്. ബോധമില്ലെങ്കില്‍ ഒന്നും കാണപ്പെടുകയില്ല.”

ജലം ഒരു ദ്രാവകമാണ്. ദ്രവത്വം എന്ന സഹജസ്വഭാവമില്ലെങ്കില്‍ അത് ജലമാവില്ല. ‘ഉണങ്ങിയ ജലം’ എന്നൊന്നുണ്ടോ? അതുപോലെയാണ് ബോധം. എല്ലാമെല്ലാം ബോധമാണ്. ബോധത്തിന്റെ അഭാവത്തില്‍ എങ്ങും ഒന്നുമില്ല.

591 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 591

നാബുദ്ധിപൂര്‍വ്വം തത്കര്‍മ സംഭവത്യംഗ കസ്യചിത്
ബുദ്ധിപൂര്‍വ്വം തു യദ്വ്യര്‍ത്ഥം കുര്യാദുന്‍മത്തകോ ഹി ക: (6.2/103/69)
വസിഷ്ഠന്‍ തുടര്‍ന്നു: അജ്ഞാനംകൊണ്ടോ ഭ്രമചിന്തകള്‍ കൊണ്ടോ ഈ ശാസ്ത്രത്തെ നിന്ദിക്കുന്നവരുമായുള്ള സംഗം ഉപേക്ഷിക്കുക. ഞാന്‍ ആരാണെന്ന് എനിക്കറിയാം. നിങ്ങള്‍ എന്താണെന്നും എനിക്കറിയാം. ഞാന്‍ നിങ്ങളുടെ ബോധം തന്നെയാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഈ ശാസ്ത്രം പറഞ്ഞുതരാന്‍ ഇരിക്കുന്നു എന്നേയുള്ളു. ഞാന്‍ മനുഷ്യനോ ദേവനോ ഗന്ധര്‍വ്വനോ ഒന്നുമല്ല. നിങ്ങളുടെ പുണ്യം പൂവണിഞ്ഞ ഫലമാണ് ഞാന്‍ എന്നറിയുക. ഞാന്‍ ‘അതോ’, ‘ഇതോ’, ‘മറ്റെന്തെങ്കിലു’മോ ഒന്നുമല്ല.
സംസാരമെന്ന രോഗത്തിനുള്ള, ലോകമെന്ന ഭ്രമക്കാഴ്ചക്കുള്ള പ്രതിവിധി നാം ഈ ജന്മത്തില്‍ ഇവിടെ കണ്ടെത്തുകതന്നെ വേണം.
ഭൌതീകമായ ഈ ലോകത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള വിശ്വാസവും ചിന്തയും കുറച്ചുകൊണ്ടുവന്നില്ലെങ്കില്‍ ഈ ഭാവനാത്മകലോകമെന്ന ധാരണയെ ക്ഷീണപ്രായമാക്കാന്‍ നമുക്ക് കഴിയില്ല. സ്വപരിമിതിയെന്ന അശുദ്ധിയെ ഇല്ലാതാക്കാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലതന്നെ. വാസനകളെ, പരിമിതികളെ, ഉപാധികളെ, ലോകധാരണകളെ ശോഷിപ്പിച്ചില്ലാതെയാക്കുക മാത്രമാണൊരു വഴി. വസ്തു ഉണ്ടെന്നുവരികില്‍ അതിനെക്കുറിച്ചുള്ള ധാരണ സഹജമാണ്. എന്നാല്‍ ഇല്ലാത്തവസ്തുവിനെ ഉണ്ടെന്നുകരുത്തുന്നത് അന്വേഷണത്തിന്റെ അഭാവമാണ് കാണിക്കുന്നത്. ഈ ലോകമെന്ന കാഴ്ചയ്ക്ക് നിയതമായ കാരണങ്ങള്‍ ഒന്നുമില്ല. അയാഥാര്‍ത്ഥമായ ഒന്നിന്റെ പരിണിതഫലമെങ്ങിനെയാണ് യാഥാര്‍ത്ഥ്യമാവുക?

‘അവസ്തു’(ആത്മീയത) വിഷയവസ്തുവിനു കാരണമാകാന്‍ എങ്ങിനെകഴിയും? സൂര്യനില്‍ നിഴല്‍ ഉണ്ടാകുമെങ്കില്‍ മാത്രമേ ബോധത്തില്‍ വിഷയം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളൂ. ലോകമെന്നത് അണുക്കളുടെ ഒരു ശുദ്ധ സംഘാതമാണെന്ന് പറഞാല്‍ അതെങ്ങിനെ ശരിയാവും? കാരണം അണുക്കളും ജഡവസ്തുക്കള്‍ തന്നെയല്ലേ? 

“ലോകമെന്ന സൃഷ്ടി വെറും അജ്ഞതാ കര്‍മ്മമല്ല. എന്നാലത് ബുദ്ധിശക്തിയുടെ പ്രവര്‍ത്തനഫലമാണ് എന്ന് പറഞ്ഞാല്‍ അതും ശരിയല്ല. ഏതൊരു ബുദ്ധിമാനാണ് ഭ്രാന്തുപിടിച്ച ലോകസൃഷ്ടിയെപ്പോലൊരു വൃഥാ വ്യായാമത്തില്‍ ഏര്‍പ്പെടുക?”

അതിനാല്‍ ഒന്ന് ശരിയാണ്; ലോകമെന്ന കാഴ്ച വെറും പ്രകടനം മാത്രമാണ്. സത്തില്ലാത്ത കുമിള മാത്രമാണത്. ശരിയായ അസ്തിത്വം ലോകത്തിനില്ല. സ്വപ്നത്തിലെ വസ്തുക്കളെപ്പോലെ നാം ശുദ്ധശൂന്യതയില്‍ ഉരുവായതാണ്. ലോകം വാസ്തവത്തില്‍ ശുദ്ധബോധം തന്നെയാണ്. രണ്ടും തമ്മില്‍ വ്യത്യാസമില്ല. ഒരേ മൂലധാതുതന്നെ വായുവായും ആകാശത്തുള്ള ചലനമായും  (കാറ്റായും) പ്രകടമാവുന്നതുപോലെയാണിത്. 

സ്വപ്നം കാണുന്നയാളില്‍ സ്വപ്നമുണ്ടാക്കുന്നത്പോലെ, ജാഗ്രദ് അവസ്തയിലുള്ളവരില്‍ ലോകത്തെയുണ്ടാക്കുന്നതും ബോധമാണ്. രണ്ടും ഉണ്ടായത് ഒരേ വസ്തുഘടകത്തില്‍ നിന്നുമാണ്. കാര്യങ്ങള്‍ അങ്ങിനെയിരിക്കെ ബ്രഹ്മാവിന്റെയാണെങ്കില്‍പ്പോലും ശരീരത്തിനെന്താണ് സാംഗത്യം? അത് ആദ്യത്തെ സ്വപ്നവസ്തുവായി ബോധത്തില്‍ ഉരുത്തിരിഞ്ഞുവന്നു എന്നേയുള്ളു
ബ്രഹ്മം മാത്രമേയുള്ളൂ. ഏറെക്കാലമായി സത്യമെന്നപോലെ എല്ലാവരും അനുഭവിച്ചുവരുന്നവയാണെങ്കിലും വിശ്വപുരുഷനെന്നതുപോലും വെറും ഭാവനയാണ്. ഈ കാര്യങ്ങളെല്ലാം,  ബ്രഹ്മാവുമുതല്‍ വെറുമൊരു തൂണുവരെ എല്ലാമെല്ലാം മിഥ്യയായ വിഷയക്കാഴ്ചകളാണ്. 

സ്വപ്നത്തിലെ വസ്തുക്കളെപ്പോലെയാണെല്ലാം.  സ്വപ്നത്തിലെ വസ്തുക്കള്‍ക്ക് രൂപഭാവങ്ങള്‍ ഉള്ളതുപോലെ ലോകത്തിലെ വസ്തുക്കള്‍ക്കും രൂപഭാവങ്ങള്‍ പ്രകടമായിക്കാണുന്നു. അപ്പോള്‍പ്പിന്നെ ഭൌതീകമായ അസ്തിത്വം എന്നാലെന്താണ്? ഈ ലോകമെന്ന കാഴ്ചയില്‍ എന്തെല്ലാം ഉണ്ട്? എവിടെയാണവ? എന്താണവ? എന്താണ് എകാത്മകത? എന്താണ് വൈവിദ്ധ്യത? അസ്തിത്വത്തെ സംബന്ധിച്ച ധാരണകള്‍ എന്തൊക്കെയാണ്? ലോകമെന്ന ധാരണയെ നിലനിര്‍ത്താനായി സ്വപരിമിതികളെപ്പറ്റിയും മനോപാധിപകളെപ്പറ്റിയും വാസനകളെപ്പറ്റിയുമുള്ള  എന്തെല്ലാം ഭാവനകളാണുള്ളത്? എന്തൊക്കെയാണത്! അവയൊന്നും സത്യമല്ല!

ഈ സത്യം തിരിച്ചറിഞ്ഞു നിര്‍വാണപദത്തെ പ്രാപിച്ചാലും. അതില്‍ അഭിരമിച്ചാലും.