ചിദസ്തി ഹി ശരീരേഹ സര്‍വ്വഭൂതമയാന്മികാ
ചാലോന്മുഖാത്മികൈകാ തു നിര്‍വികല്‍പാ
പരാ സ്മൃതാ (6/30/67)
വസിഷ്ഠന്‍ തുടര്‍ന്നു:
അതുകഴിഞ്ഞപ്പോള്‍ ഞാന്‍ ഭഗവാനോട് ചോദിച്ചു: ഈ ബോധം സര്‍വ്വവ്യാപിയാണെങ്കില്‍
ഒരുവന്‍ ചൈതന്യവത്തും ജഡവും ആകുന്നതെങ്ങിനെയാണ്? ഒരിക്കല്‍ ചൈതന്യവത്തായിരുന്നതിന്റെ
ചൈതന്യം എങ്ങിനെയാണ് നഷ്ടമാവുന്നത്?
ഭഗവാന്‍ എന്റെ ചോദ്യത്തെ
ശ്ലാഘിച്ചശേഷം ഇങ്ങിനെ മറുപടി പറഞ്ഞു: “സര്‍വ്വവ്യാപിയായ ബോധം ഈ ശരീരത്തിലെ
എല്ലാമെല്ലാമായി, ചരവും അചരവുമായും, മാറ്റങ്ങള്‍ക്ക്
വിധേയമായും അല്ലാതേയും, അനശ്വരമായും എല്ലാം നിലകൊള്ളുന്നു.” ഒരു സ്ത്രീ
സ്വപ്നത്തില്‍ താന്‍ മറ്റൊരു സ്ത്രീയാണെന്നും, അവള്‍ക്കു മറ്റൊരാള്‍ ഭര്‍ത്താവായുണ്ടെന്നും
കാണുന്നു. അതുപോലെ ബോധം സ്വയം മറ്റൊരാളായി താദാത്മ്യം പ്രാപിക്കുകയാണ്.
അതീവക്രോധത്തിനടിപ്പെട്ട
ഒരുവന്റെ പെരുമാറ്റം സാധാരണയില്‍ നിന്നും തുലോം വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ
ബോധം മറ്റു ഭാവങ്ങള്‍ സ്വീകരിച്ചു തികച്ചും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു.
പടിപടിയായി അതിന്റെ ചൈതന്യം നഷ്ടമായി ഒടുവില്‍ ജഡമാവുന്നു. ബോധം അങ്ങിനെ അതിന്റെ
ബോധവിഷയമായ വസ്തുവായി മാറുന്നു. അങ്ങിനെയാണ് ആകാശവും പിന്നീട് അതത് ഗുണഗണങ്ങളോടെ
വായു മുതലായവയും ആയി മാറുന്നത്. മറ്റു പഞ്ചഭൂതങ്ങളും അപ്രകാരം തന്നെയാണ് ഉണ്ടാവുന്നത്. അതേസമയം ആത്മാവില്‍ത്തന്നെ അത് കാലവും ദേശവുമായി
പരിണമിച്ച് ഒരു ജീവനാവുന്നു. അതേത്തുടര്‍ന്ന് ജീവനില്‍ വ്യക്തിഗതമായ ബുദ്ധിയും
മനസ്സും സംജാതമാവുന്നു.
ഇതില്‍
നിന്ന് പ്രത്യക്ഷമായ ഈ ചാക്രികലോകത്തിന്റെ ആവിര്‍ഭാവമായി, ‘ഞാനൊരു ചണ്ഡാളന്‍’,
തുടങ്ങിയ ധാരണകള്‍ ഉടലെടുക്കുന്നു. പരിമിതമായ അളവിലുള്ള ജലം ഘനീഭവിക്കുന്നതുപോലെ, ഈ ബോധം
സ്വയം ജഡസമാനമാവുന്നു. പിന്നെ മനസ്സ് ഭ്രമാത്മകമായി ആസക്തികളെ പരിപോഷിപ്പിക്കുന്നു.
എന്നിട്ട് കാമക്രോധാദികളാല്‍ വലഞ്ഞ്, ഐശ്വര്യവും ദുരിതവും സുഖദുഖങ്ങളും അനുഭവിച്ച്, പ്രത്യാശകളില്‍ കടിച്ചുതൂങ്ങി,
ഇഷ്ടാനിഷ്ടങ്ങളുടെ പിടിയില്‍പ്പെട്ടു
ഭ്രമിക്കുന്നു.
അങ്ങിനെ
മോഹഭ്രമങ്ങളില്‍ വലഞ്ഞ് തെറ്റില്‍നിന്നും തെറ്റിലേയ്ക്കും അജ്ഞാനത്തില്‍നിനും കൂടുതല്‍
അജ്ഞാനത്തിലേയ്ക്കും ജീവൻ നീങ്ങുകയാണ്. ബാല്യത്തില്‍ വിഭ്രമാത്മകമായ ഈ ബോധം പൂര്‍ണ്ണമായും
മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നു. യൌവ്വനത്തില്‍ സമ്പത്തിനുപിറകേ ഓടി നടന്ന്
ആകുലപ്പെടുന്നു. വാര്‍ദ്ധക്യത്തില്‍ ദുഖദുരിതത്തിന് വശംവദരായി സ്വകര്‍മ്മമനുസരിച്ച്
മരണത്തിനു കീഴടങ്ങുന്നു. ആ കര്‍മ്മത്തിന്റെ ഗതിവിഗതികള്‍ക്കനുസരിച്ചു ജീവന്‍
സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പാതാളത്തിലോ ഭൂമിയിലോ പുനര്‍ജനിച്ചു മനുഷ്യനോ
അതിമാനുഷനോ ഉപമാനുഷനോ, ചിലപ്പോള്‍ ജഡവസ്തുവോ ആയിത്തീരുന്നു.
അതേ
ബോധം തന്നെയാണ് ബ്രഹ്മാവിഷ്ണുശിവന്‍മാരാകുന്നത്. അതാണ് സൂര്യചന്ദ്രന്മാര്‍ ,
കാറ്റ്, രാത്രിപകലുകള്‍ , ഋതുക്കള്‍ , എന്നിവയാകുന്നതും, വിത്തുകളിലെ ജീവശക്തിയും
വസ്തുക്കളിലെ നൈസര്‍ഗ്ഗികഗുണങ്ങളും അതേ ബോധം തന്നെ.
ഈ
ബോധം സ്വപരിമിതികളാല്‍ ആത്മാവിനെ ഭയപ്പെട്ടുകഴിയുന്നു. ഇതൊക്കെയാണ് ജീവബോധത്തിന്റെ
സത്യസ്ഥിതി. അതിനു കര്‍മ്മാത്മാ എന്നും പേരുണ്ട്. അതായത് കര്‍മ്മ-പ്രതികര്‍മ്മങ്ങളുടെ
ചക്രത്തില്‍ കുടുങ്ങിയ ആത്മാവാണത്. അജ്ഞാനത്തിന്റെയും തമസ്സിന്റെയും ശക്തിയെത്ര
പ്രബലമാണെന്ന് നോക്കൂ!
സ്വന്തം
അവസ്ഥ, അതായത് സ്വരൂപത്തെ മറക്കുകമൂലം ബോധം പലവിധ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി
ദുഖമനുഭവിച്ച് സ്വയം അധപ്പതിക്കുന്നു. എത്ര കഷ്ടം!
No comments:
Post a Comment
Note: Only a member of this blog may post a comment.