Aug 6, 2013

362 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 362

ന സ ദൂരേ സ്ഥിതോ ബ്രഹ്മന്ന ദുഷ് പ്രാപ: സ കശ്യചിത്

സംസ്ഥിത: സ സദാ ദേഹേ സര്‍വത്രൈവ ച ഖേ തഥാ (6/30/21)

ഭഗവാന്‍ തുടര്‍ന്നു: ആത്മസ്വരൂപമായ ആ ഭഗവാനെ പൂജിക്കുന്നതാണ് ശരിയായ ആരാധന. അതുകൊണ്ട് എല്ലാം സ്വായത്തമാക്കാം. അവിച്ഛിന്നവും അദ്വയവും അദ്വൈതവും അജവും, അസൃഷ്ടവും ആയ ഭഗവാനെ ബാഹ്യമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടൊന്നും നേടാവുന്നതല്ല. എന്നാല്‍ അദ്ദേഹത്തെ ആരാധിക്കുന്നതുതന്നെ ആനന്ദദായകമത്രേ. ബാഹ്യമായ പൂജാവിധികള്‍ കല്‍പ്പിച്ചിരിക്കുന്നത് അപക്വമതികള്‍ക്കായാണ്. അവരുടെ ബുദ്ധി ചെറുബാലന്മാരുടെതുപോലെ ഇനിയും വളര്‍ച്ചയെത്തിയിട്ടില്ലാത്തതിനാല്‍ അവര്‍ക്കാ നിര്‍ദ്ദേശങ്ങള്‍ ആവശ്യമുണ്ട്. 

ആത്മാവിനെ ബാഹ്യമായ ഒരു രൂപത്തില്‍ ആരാധിക്കുന്നത് വാസ്തവത്തില്‍ വൃഥാപ്രവര്‍ത്തിയാണ്. ആത്മസംയമനമില്ലാത്തവനാണ് പൂക്കള്‍കൊണ്ട് മൂര്‍ത്തികളെ അര്‍ച്ചിക്കുന്നത്. അതിനു ഫലമൊന്നുമില്ല. എന്നാല്‍ അപക്വമതികളെങ്കിലും അവര്‍ സ്വയം ഉണ്ടാക്കിയ ഒരു മൂര്‍ത്തിയെ പൂജിച്ചു ആരാധിക്കുന്നതില്‍ സംതൃപ്തിയടയുന്നുണ്ട്. അതില്‍നിന്നും പ്രത്യേകിച്ച് വിലയൊന്നുമില്ലാത്ത കുറച്ചു പുണ്യങ്ങളും അവര്‍ക്ക് ലഭിച്ചേക്കാം.

എന്നാല്‍ താങ്കളെപ്പോലെ പ്രബുദ്ധനായ ഒരു സാധകന് അനുഷ്ഠിക്കാവുന്ന ഉചിതമായ പൂജാക്രമത്തെ ഞാന്‍ പറഞ്ഞു തരാം. പൂജയ്ക്ക് അര്‍ഹനായ ഭഗവാന്‍ എല്ലാ സൃഷ്ടികള്‍ക്കും അടിസ്ഥാനമാണ്. എല്ലാ ചിന്തകള്‍ക്കും ധാരണകള്‍ക്കും അതീതനാണ്. ‘എല്ലാം, സമഷ്ടി’, എന്നൊക്കെയുള്ള ആശയങ്ങള്‍ക്കും അതീതമാണാ പരംപൊരുള്‍ . കാലദേശാദികളാല്‍ വിഭിന്നമാക്കാന്‍ കഴിയാത്തതെന്താണോ, എന്തിന്റെ പ്രഭയാണ് വസ്തുക്കളെയും വിഷയങ്ങളെയും പ്രകാശിപ്പിക്കുന്നത്, എന്താണോ നിത്യശുദ്ധമായ ബോധമായിരിക്കുന്നത്, അതിനെ മാത്രമേ ‘ദൈവം’ എന്ന് വിളിക്കുവാന്‍ പറ്റൂ.

വൈവിദ്ധ്യമാര്‍ന്ന ഭാഗങ്ങളുടെ ബുദ്ധിശക്തികള്‍ എല്ലാം ചേര്‍ന്നാലും അതിന്റെ മേധാശക്തിക്ക് തുല്യമാവില്ല. എല്ലാത്തിന്റെയും സത്യത്തെ മറയ്ക്കുന്നതും എല്ലാത്തിലും ഒളിഞ്ഞിരിക്കുന്നതും, എല്ലാത്തിന്റെയും എല്ലാമായിരിക്കുന്നതും ആ ഭാഗവാനാണ്. ഭാവാഭാവങ്ങളുടെ മദ്ധ്യേയാണ് പരബ്രഹ്മം. ‘ഓം’ എന്നറിയപ്പെടുന്ന സത്യമായ പരംപൊരുളാണത്. ഒരു ചെടിയുടെ അന്തസത്തപോലെ അതെല്ലാടവും നിറഞ്ഞിരിക്കുന്നു. എന്നിലും നിന്നിലും എല്ലാ ദേവീദേവന്മാരിലും കുടികൊള്ളുന്ന ശുദ്ധബോധമാണ് ആ സത്യം. മഹര്‍ഷേ മറ്റു മൂര്‍ത്തങ്ങളായ ദേവന്മാരും അത് തന്നെ. വിശ്വം മുഴുവന്‍ ശുദ്ധ ബോധമാണ്. അതാണ്‌ ദൈവം. എല്ലാം ഞാനാണ്. എല്ലാം പ്രാപിക്കുന്നത് അതില്‍നിന്നാണ്. അതിലൂടെയാണ്. അതായിത്തന്നെ എല്ലാം സാക്ഷാത്ക്കരിക്കപ്പെടുകയാണ്.  

“ഭഗവാന്‍ ആരില്‍ നിന്നും അകലെയല്ല. മഹര്‍ഷേ, അദ്ദേഹം ആര്‍ക്കും അപ്രാപ്യനല്ല. അദ്ദേഹം ഈ ദേഹത്തിലും മറ്റെല്ലായിടത്തും ആകാശമെന്നപോലെ വ്യാപരിച്ചു നിലകൊള്ളുന്നു.” അദ്ദേഹമാണെല്ലാം ചെയ്യുന്നത്. അദ്ദേഹം ഭുജിക്കുന്നു, എല്ലാത്തിനെയും ഒരുമിച്ചു നിര്‍ത്തുന്നു, പോവുന്നു, ശ്വസിക്കുന്നു, ദേഹാവയവങ്ങളെയെല്ലാം അറിയുന്നു. അദ്ദേഹമാണ് എല്ലാ അവയവങ്ങളെയും പ്രവര്‍ത്തനക്ഷമമാക്കുന്ന ചൈതന്യം. കൈകാലുകള്‍ക്ക് ചലനശേഷി നല്‍കുന്ന ഊര്‍ജ്ജം. സര്‍വ്വഭൂതങ്ങളുടെയും ഹൃദയഗുഹയിലാണ് അദ്ദേഹത്തിന്‍റെ അധിവാസം. 


മനസ്സിനും ജ്ഞാനേന്ദ്രിയങ്ങള്‍ക്കും അതീതമായി വര്‍ത്തിക്കുന്നതിനാല്‍ അതിനെ അറിയാനോ വിവരിക്കാനോ സാധ്യമല്ല. എങ്കിലും ബോധമെന്ന സംജ്ഞയാല്‍ അത് വിവക്ഷിക്കപ്പെടുന്നത് പഠനസൌകര്യത്തിനായി മാത്രമാണ്. അത് എല്ലാമെല്ലാം ‘ചെയ്യുന്നു’ എന്ന് തോന്നുമെങ്കിലും വാസ്തവത്തില്‍ അതൊന്നുമേ ‘ചെയ്യുന്നില്ല’. പൂച്ചെടികള്‍ തളിര്‍ക്കാനായി വസന്തഋതു  എന്തുചെയ്യുന്നുവോ അതുപോലെ ശുദ്ധബോധം ലോകത്തിലെ എല്ലാ പ്രവര്‍ത്തങ്ങളും ‘ചെയ്യുന്നു’ എന്ന് പറയാം.   

No comments:

Post a Comment

Note: Only a member of this blog may post a comment.