ബദ്ധാസ്ഥാ യേ ശരീരേഷു ബദ്ധാസ്ഥാ യേ ജഗത്സ്ഥിതൗ
താന്മോഹ മദിരോന്മത്താൻ ദ്ധിഗ് ദ്ധിഗസ്തു പുന: പുന: (1/18/42)
രാമന്‍ തുടര്‍ന്നു: ധമനികളും ഞരമ്പുകളും നാഡികളും ചേര്‍ന്ന ഈ ശരീരത്തിന്റെ അവസ്ത്ഥ പരിതാപകരവും വേദനാജനകവുമാണ്. ജഢമെങ്കിലും അവയ്ക്കു ബുദ്ധിയുണ്ടെന്നു തോന്നും. ചേതനമോ അചേതനമോ എന്ന് നിര്‍ണ്ണയിക്കാന്‍ ആകാത്തതുകൊണ്ട് ബുദ്ധിഭ്രമം ഉണ്ടാക്കാനേ ഇതുതകൂ. ചെറിയൊരു സുഖത്തില്‍ അതീവമായി ആഹ്ലാദിക്കുകയും ചെറിയൊരു ദുരനുഭവത്തില്‍ അതിയായി ദു:ഖിക്കുകയും ചെയ്യുന്ന ഈ ശരീരം അതീവ നിന്ദ്യമത്രേ. ശരീരത്തെ ഒരു മരത്തിനോടുപമിക്കാം. കൈകള്‍ ശിഖരങ്ങള്‍; ഉടല്‍ മരത്തടി, കണ്ണുകള്‍ മരത്തിലെ തുളകള്‍, തല കായ്കള്‍; ഇലകള്‍ എണ്ണമില്ലാത്ത പീഢകള്‍. അത് അനേകം ജീവജാലങ്ങള്‍ക്ക് വാസസ്ഥലവുമാണ്. അത് ഒരാള്‍ ക്കു 'സ്വന്തം' എന്നാര്‍ക്കൂ പറയാനാവും? ശരീരത്തെപ്പറ്റി പ്രത്യാശയോ നിരാശയോ നിരര്‍ത്ഥകമത്രേ. അത് ഈ സംസാരസാഗരത്തിന്റെ മറുകര താണ്ടാന്‍ തന്നിട്ടുള്ള ഒരു തോണിയാണ്. എന്നാല്‍ അത് തന്നെയാണ് ഒരുവന്റെ ആത്മസ്വത്വം എന്നു കരുതരുത്.
ഈ മരം, അതായത്, ശരീരം, ഉണ്ടായത് സംസാരം എന്ന വനത്തിലാണ്. ഇരിപ്പുറപ്പില്ലാത്ത ഒരു കുരങ്ങന്‍ അതില്‍ ചാടിക്കളിക്കുന്നു. അനേകം ചീവിടുകള്‍ (വേവലാതികള്‍) അതില്‍ താമസമാണ്. അനേകം പ്രാണികള്‍ (തീരാദുരിതങ്ങള്‍) മരത്തെ കാര്‍ന്നുകൊണ്ടിരിക്കുന്നു. വിഷം നിറഞ്ഞ ഒരു സര്‍പ്പത്തെ (അത്യാഗ്രഹങ്ങള്‍) പോറ്റുന്നുണ്ട് ആ മരം. ഒരു കാടന്‍ കാക്ക (ക്രോധം) അതില്‍ നിവസിക്കുന്നു. അതില്‍ ചിലപ്പോള്‍ പൂക്കള്‍ (ചിരി) വിരിയും; നന്മയും തിന്മയും ഫലങ്ങളായി വരും. കാറ്റില്‍ ആടുമ്പോള്‍ മരത്തില്‍ പ്രാണനുള്ളതായി കാണപ്പെടും. ഇന്ദ്രിയങ്ങളാകുന്ന പക്ഷികള്‍ ഈ മരത്തില്‍ ഇരിക്കുന്നു. കാമം, ആഗ്രഹം തുടങ്ങിയ വഴിപോക്കര്‍ ഈ മരത്തിന്റെ തണലില്‍ ചേക്കേറുന്നു. പക്ഷേ ഭീകരനായ ഒരു കഴുകന്‍ (അഹംകാരം) ഈ മരത്തില്‍ ഇരിപ്പുണ്ട്. ഈ മരത്തിന്റെയുള്ള് ശൂന്യവും പൊള്ളയുമാണ്. തീര്‍ച്ചയായും ഇത് സുഖദായകമല്ല. ദീര്‍ഘായുസ്സുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ശരീരം ഉപയോഗശൂന്യമത്രേ. രക്തമാംസാദികള്‍ കൊണ്ടുണ്ടാക്കിയ ശരീരത്തെ ജരാനരകളും മരണവും പിടികൂടുന്നു. എനിക്ക് ഇതിനോട് പ്രതിപത്തിയില്ല. എന്താണ് ചക്രവര്‍ത്തിപദം? എന്താണ് ധനം? എന്താണ് ശരീരം? കാലം (മരണം) ഏതു നിമിഷവും നിര്‍ദ്ദയം മുറിച്ചിട്ടേക്കാവുന്ന ഒരു തടിയല്ലേ ശരീരം? മരണസമയത്ത് ഇതുവരെ പോറ്റി പരിപാലിച്ചു സൂക്ഷിച്ചുപോന്ന ആത്മാവിനെ ശരീരം ഉപേക്ഷിക്കുന്നു. അതില്‍ എനിക്ക് എന്തു പ്രത്യാശയ്ക്കാണവകാശം? ലജ്ജയില്ലാതെ ശരീരം ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. അതിന്റെ ഒരേയൊരുദ്ദേശം അവസാനം എരിഞ്ഞടങ്ങുക എന്നതു മാത്രമാണെന്നു തോന്നുന്നു. ധനികനും ദരിദ്രനും, എല്ലാം നരകളും വാര്‍ദ്ധക്യവുമൊക്കെ അനിവാര്യങ്ങളാണെന്ന കാര്യം ഓര്‍ക്കാതെ ധനത്തിനും അധികാരത്തിനും പുറകേ പരക്കം പായുന്നു!.
ലജ്ജാകരം! ലജ്ജാകരം! അജ്ഞതയുടെ മധുലഹരിയില്‍ ശരീരത്തില്‍ ബദ്ധനായവന്റെ കാര്യം ലജ്ജാകരം! ഇഹലോകത്തില്‍ ബദ്ധനായവന്റെ കാര്യവും ഏറെ ലജ്ജാകരം!!
No comments:
Post a Comment
Note: Only a member of this blog may post a comment.