Apr 30, 2012

018 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 018


ഇതി മേ ദോഷദാവാഗ്നിദഗ്ധേ മഹതി ചേതസി
പ്രസ്ഫുരന്തി ന ഭോഗാശാ മൃഗതൃഷ്ണാ:  സര:സ്വിവ (1/29/1)


രാമന്‍ തുടര്‍ന്നു: ഈ ക്ഷണഭംഗുരമായ ലോകത്ത്‌ കാണപ്പെടുന്നതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. പണ്ട്‌ വലിയൊരു പര്‍വ്വതമുണ്ടായിരുന്നിടത്ത്‌ ഇന്ന് വലിയൊരു ഗര്‍ത്തമാണു കാണുന്നത്‌.. അതുപോലെ പണ്ടുണ്ടായിരുന്ന കിടങ്ങിന്റെ സ്ഥാനത്ത്‌ ഇന്നൊരു മലയാണ്‌. ഘോരവനം ഉണ്ടായിരുന്നിടങ്ങളില്‍ ഇപ്പോള്‍ വന്‍ നഗരങ്ങളാണുള്ളത്‌.. ഫലഭൂയിഷ്ടമായ കൃഷിയിടങ്ങള്‍ മരുപ്പറമ്പുകളായി മാറിപ്പോയി. അതുപോലെയാണ്‌ മനുഷ്യന്റെ ശാരീരികമായ മാറ്റങ്ങളും, ജീവിതശൈലിയിലും ഭാഗ്യത്തിലുമുള്ള വ്യതിയാനങ്ങളും. ജനമരണചക്രമെന്നത്‌ പ്രാപ്തിയും വൈദഗ്ധ്യവുമുള്ളൊരു നര്‍ത്തകിയാണ്‌. അവളുടെ ഉടയാടയുടെ ഞൊറികള്‍ ജീവാത്മാക്കള്‍. അവരെ സ്വര്‍ഗ്ഗത്തിലേയ്ക്കുയര്‍ത്തുന്നതും നരകത്തിലേയ്ക്കു താഴ്ത്തുന്നതും ഭൂമിയിലേയ്ക്ക്‌ തിരികെ കൊണ്ടുവരുന്നതും അവളുടെ അംഗവിക്ഷേപങ്ങള്‍. ഏറ്റവും മഹത്തരമായ പ്രവര്‍ത്തനങ്ങളും മതകര്‍മ്മങ്ങളും പോലും ഓര്‍മ്മയിലേയ്ക്ക്‌ മാത്രമായി ഒതുങ്ങിപ്പോകുന്നു.

മനുഷ്യന്‍ മൃഗങ്ങളായി പിറക്കുന്നു. മൃഗങ്ങള്‍ മനുഷ്യരായും. ദേവതകള്‍ക്കുപോലും അവരുടെ ദിവ്യത്വം നഷ്ടമാവുന്നു. ഇവിടെ ശാശ്വതമായി എന്തുണ്ട്‌? സൃഷ്ടി കര്‍ത്താവായ ബ്രഹ്മാവ്‌, സംരക്ഷകനായ വിഷ്ണു, സംഹാരകനായ രുദ്രന്‍, എല്ലാവരും വിനാശത്തിലേയ്ക്ക്‌ നീങ്ങുന്നു. ഇഹലോകത്ത്‌ ഇന്ദ്രിയവസ്തുക്കള്‍ സുഖപ്രദമാണെന്നുള്ള തോന്നല്‍ ഈ അനിവാര്യമായ വിനാശത്തെപ്പറ്റി ഓര്‍മ്മയുണ്ടാകുമ്പോള്‍ ഇല്ലാതാവുന്നു. കളിമണ്ണുകൊണ്ട്‌ കുട്ടി പലവിധ രൂപങ്ങളും ഉണ്ടാക്കുന്നതുപോലെ വിശ്വനിയന്താവ്‌ നവംനവങ്ങളായ പല സൃഷ്ടികളും ഉണ്ടാക്കി നിലനിര്‍ത്തി നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

"ലോകത്തിന്റെ ഈദൃശമായ കുറവുകളെപ്പറ്റി ചിന്തിക്കാനിടയായതുകൊണ്ട്‌ എന്റെ മനസ്സില്‍ അനഭികാമ്യമായ വാസനകള്‍ ഉണ്ടാവുന്നില്ല. ജലനിരപ്പിനു മുകളില്‍ മരീചിക കാണപ്പെടാത്തതുപോലെ എന്റെയുള്ളില്‍ ഇന്ദ്രിയസുഖാസക്തി ഉയരുന്നുമില്ല."

ഇഹലോകദൃശ്യങ്ങളും രമണീയതയും എന്നില്‍ കയ്പ്പുളവാക്കുന്നു. സുഖോദ്യാനങ്ങളില്‍ അലയാന്‍ എനിയ്ക്കു താല്‍പ്പര്യമില്ല. പെണ്‍കുട്ടികളുടെ സാമീപ്യം എനിയ്ക്കു ഹൃദ്യമല്ല. ധനസമ്പാദനത്തില്‍ എനിക്ക്‌ മതിപ്പില്ല. മന:ശാന്തിയോടെയിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നിരന്തരം ചഞ്ചലമായ ഈ മായക്കാഴ്ച്ചയില്‍ നിന്നും ഹൃദയത്തെ എങ്ങിനെ മോചിപ്പിക്കാമെന്നാണ്‌ ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്‌. എനിയ്ക്കു മരണത്തോടോ ജീവിതത്തോടോ ആസക്തിയില്ല. കാമപ്പനിയുടെ പിടിയില്‍പ്പെടാതെ ഞാന്‍ ഞാനായി നിലകൊള്ളുന്നു. രാജപദവികൊണ്ടോ ധനസമൃദ്ധികൊണ്ടോ സുഖഭോഗങ്ങളെക്കൊണ്ടോ എനിയ്ക്കെന്തുപ്രയോജനം? എല്ലാം അഹംകാരത്തെ പരിപോഷിപ്പിക്കാനേ ഉതകൂ. എന്നില്‍ അഹംകാരം ഇല്ല. ഇപ്പോള്‍ വിവേകവിജ്ഞത്തില്‍ അടിയുറച്ചില്ലെങ്കില്‍ ഇത്തരം ഒരവസരം എനിക്കിനിയെന്നാണു കിട്ടുക? ഇന്ദ്രിയസുഖങ്ങളാകുന്ന വിഷത്തിന്റെ വാസനാമാലിന്യം പല ജന്മങ്ങള്‍ നിലനില്‍ക്കുന്നു.   ആത്മജ്ഞാനം ലഭിച്ചവനു മാത്രമേ ഇതില്‍ നിന്നു മോചനമുള്ളു. 

അതിനാല്‍ മഹര്‍ഷേ, ഭയത്തില്‍നിന്നും, ദുരിതത്തില്‍നിന്നും, ആശങ്കകളില്‍ നിന്നും, മോചനം കിട്ടാനുള്ള മാര്‍ഗ്ഗം എനിയ്ക്കുപദേശിച്ചുതന്നാലും. അങ്ങയുടെ ഉപദേശത്തിന്റെ വെളിച്ചം എന്നിലെ അജ്ഞാനാധകാരത്തെ അകറ്റുമാറാകട്ടെ.

Apr 27, 2012

017 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 017


തരന്തി മാതംഗഘടാതരംഗം രണാംബുധിം യേ മയി തേ ന ശൂരാ:
സുരസ്ത ഏവേഹ മനസ്തരംഗം ദേഹേന്ദ്രിയാംബോധിമിമം തരന്തി (1/27/9)


രാമന്‍ തുടര്‍ന്നു: അങ്ങിനെ ബാല്യത്തിലും യൌവ്വനത്തിലും വാര്‍ദ്ധക്യത്തിലും മനുഷ്യന്‍ സുഖം അനുഭവിക്കുന്നില്ല. ഇഹലോകവസ്തുക്കള്‍ ഒന്നും ആര്‍ക്കും സൌഖ്യമേകാന്‍ ഉദ്ദേശിച്ചിട്ടുള്ളവയുമല്ല. മനസ്സ്‌ വൃഥാ സുഖം തേടി ഈ വസ്തുക്കളില്‍ അലയുന്നു എന്നു മാത്രം. ഇന്ദ്രി യസുഖങ്ങളുടെ പിടിയില്‍പ്പെടാത്ത അഹംകാരമുക്തന്‍ മാത്രമേ 'സുഖ'മായിരിക്കുന്നുള്ളു. അങ്ങിനെയുള്ളവര്‍ വളരെ വിരളമാണു താനും. 

"ശക്തിമത്തായ ഒരു സൈന്യത്തെ വിജയിച്ചവന്‍ എന്റെ കണക്കില്‍ വീരനായകനൊന്നുമല്ല. എന്നാല്‍ മനസ്സേന്ദ്രിയങ്ങളാകുന്ന സംസാരസാഗരത്തെ വെന്നവനാണ്‌ യഥാര്‍ത്ഥത്തില്‍ വീരന്‍".." 

ക്ഷണനേരത്തില്‍ നഷ്ടപ്പെടുന്ന നേട്ടം ഒരു നേട്ടമല്ല; സ്ഥിരമായി നിലനില്‍ക്കുന്നതിനെ സാക്ഷാത്കരിക്കുന്നതാണ്‌ യഥാര്‍ത്ഥ നേട്ടം. എത്ര കഠിനമായി അദ്ധ്വാനിച്ചാലും മനുഷ്യന്‌ അത്തരം ഒരു നേട്ടമുണ്ടാവുന്നില്ല. എന്നാല്‍ ക്ഷണികമായ നേട്ടങ്ങളും താല്‍ക്കാലീകമായ ബുദ്ധിമുട്ടുകളും ആവശ്യപ്പെടാതെതന്നെ അവനെ തേടിയെത്തുന്നു. പകല്‍ മുഴുവനും അവിടേയുമിവിടേയും കറങ്ങി നടന്ന് സ്വാര്‍ത്ഥകാര്യങ്ങളില്‍ തിരക്കുപിടിച്ചുഴറി ഒരിക്കല്‍പ്പോലും നന്മയുടെ വഴിക്കു തിരിയാത്ത ഒരുവന്‌ രാത്രിയില്‍ എങ്ങിനെ ഉറങ്ങാന്‍ കഴിയുന്നു എന്നു ഞാന്‍ അത്ഭുതപ്പെടുന്നു മഹര്‍ഷേ!.

തന്റെ ശത്രുക്കളെയെല്ലാം വെന്ന് സമ്പത്തിന്റേയും ആര്‍ഭാടങ്ങളുടേയും നടുവില്‍ സുഖിമാന്‍ എന്നു സ്വയം വിശേഷിപ്പിച്ച്‌ കഴിയുന്നവനേയും മരണം പിടികൂടുന്നതെങ്ങിനെയെന്ന് ഈശ്വരനേ അറിയൂ. ഈ ലോകമെന്നത്‌ പരിചയമില്ലാത്ത അനേകംപേര്‍ താല്‍ക്കാലികമായി ലക്ഷ്യമേതുമില്ലാതെ ഒരുമിക്കുന്ന തീര്‍ത്ഥാടനകേന്ദ്രം മാത്രം. അക്കൂട്ടത്തില്‍ ഭാര്യ, പുത്രന്‍, സുഹൃത്തുക്കള്‍ എല്ലാം ഉണ്ട്‌. മണ്‍പാത്രമുണ്ടാക്കുന്നവന്റെ ചക്രം പോലെയാണ്‌ ലോകം - ചക്രം അനങ്ങുന്നില്ല എന്നു കാഴ്ച്ചയില്‍ തോന്നുമെങ്കിലും അതിവേഗതയില്‍ അതു ചുറ്റിക്കൊണ്ടേയിരിക്കുന്നു എന്നതാണ്‌ സത്യം. അതുപോലെ ലോകവും അനുനിമിഷം മാറ്റത്തിനുവിധേയമായിക്കൊണ്ടിരിക്കുന്നുവെങ്കിലും കാഴ്ച്ചയില്‍ അത്‌ സുസ്ഥിരമെന്നു തോന്നുകയാണ്‌.

ലോകം ബന്ധപ്പെടുന്നവരെയെല്ലാം മന്ദബുദ്ധികളാകുന്ന ഒരു വിഷച്ചെടിയാണ്‌. ഇഹലോകത്തിലെ എല്ലാ വീക്ഷണങ്ങളും കറപുരണ്ടതാണ്‌; എല്ലാ രാജ്യങ്ങളും ദുഷ്ടതനിറഞ്ഞതാണ്‌; മനുഷ്യരെല്ലാം മരണവിധേയരാണ്‌; എല്ലാ കര്‍മ്മങ്ങളും വ്യാജവുമാണ്‌. പലയുഗങ്ങള്‍ വന്നുപോയിക്കഴിഞ്ഞിരിക്കുന്നു. അവ 'കാല'ത്തിന്റെ വെറും മാത്രകള്‍ മാത്രം. ഒരു യുഗത്തിന്റെ കാലയളവും നിമിഷനേരവും തമ്മില്‍ യഥാര്‍ത്ഥത്തില്‍ വ്യത്യാസമില്ല. രണ്ടും സമയത്തിന്റെ അളവുകള്‍. ദേവദൃഷ്ടിയില്‍ യുഗമെന്നത്‌ വെറുമൊരു നിമിഷം മാത്രം. പഞ്ചഭൂതങ്ങളില്‍ ഒന്നായ ഭൂമിയുടെ പരിഷ്കൃത ഭാവമായ ഈ ലോകത്തിനുമേല്‍ നമ്മുടെ ശ്രദ്ധയും പ്രതീക്ഷയും അര്‍പ്പിക്കുന്നത്‌ എത്ര വ്യര്‍ത്ഥം! 

016 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 016


ദാനവാ അപി ദീയന്തേ ധ്രുവാപ്യധ്രുവ ജീവിതാ:
അമരാ അപി മാര്യന്തേ കൈവാസ്ഥാ മാദൃശേ ജനേ (1/26/26)


രാമന്‍ തുടര്‍ന്നു: ഞാന്‍ ഇതുവരെപ്പറഞ്ഞ 'കാല' ത്തിനുപുറമേ ജനന മരണങ്ങള്‍ ക്കുത്തരവാദിയായ മറ്റൊരു 'കാലം' കൂടിയുണ്ട്‌. ആളുകള്‍ ഇതിനെ മരണദേവതയായ 'കാലന്‍' എന്നു പറയുന്നു. മറ്റൊരു കാലസങ്കല്‍പ്പം ഉള്ളതിനെ 'കൃതാന്തം' എന്നുപറയും. അതാണ്‌ അനിവാര്യമായ കര്‍മ്മഫലം. നര്‍ത്തകനായ കൃതാന്തന്‌, നിയതി (പ്രകൃതിനിയമം) ഭാര്യയാണ്‌. ഈ ദമ്പതികള്‍ ചേര്‍ന്ന് എല്ലാ ജീവജാലങ്ങള്‍ക്കും ഉചിതമായ കര്‍മ്മഫലങ്ങള്‍ നല്‍കുന്നു. ഈ വിശ്വം നിലനില്‍ക്കുന്നിടത്തോളം അവര്‍ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ അതീവ ജാഗ്രതയുള്ളവരും, തളര്‍ച്ചയറിയാത്ത കര്‍മ്മനിരതരുമാണ്‌. ഇങ്ങിനെ കാലം ബ്രഹ്മാണ്ഡങ്ങളില്‍ വിഹരിക്കുമ്പോള്‍ നമുക്കെന്തു പ്രതീക്ഷയാണുള്ളത്‌? അടിയുറച്ച വിശ്വാസികള്‍ പോലും കൃതാന്തന്റെ പിടിയില്‍ ആടിയുലയുന്നു. ഈ  കൃതാന്തന്‍ കാരണമാണ്‌ ലോകത്തിലെ എല്ലാം മാറ്റങ്ങള്‍ക്കു വിധേയമാവുന്നത്‌. ഒന്നും ഇവിടെ ശാശ്വതമല്ല.

എല്ലാ ജീവജാലങ്ങളിലും ദുഷ്ടതയുടെ കറ പുരണ്ടിരിക്കുന്നു. എല്ലാ ബന്ധങ്ങളും ബന്ധനങ്ങള്‍.  ആസ്വാദനങ്ങളെന്നത്‌ കൊടിയ പീഢകളും സുഖത്തിനുള്ള ആശ, മരുമരീചികയുമത്രേ. ഒരുവന്റെ ഇന്ദ്രിയങ്ങള്‍ അവനുതന്നെ ശത്രുവാകുന്നു. ശാശ്വതമായത്‌ അജ്ഞേയമാവുന്നു. മനസ്സാണ്‌ ഏറ്റവും വലിയ ശത്രു. അഹംകാരമാണ്‌ ഏറ്റവും വലിയ അനര്‍ത്ഥത്തിനു കാരണം. വിജ്ഞാന വിവേകങ്ങള്‍ തുലോം ക്ഷീണിതം. കര്‍മ്മങ്ങള്‍ അസൌഖ്യകരം. ഉല്ലാസം വിഷയസുഖത്തില്‍ മാത്രം. മനുഷ്യന്റെ ബുദ്ധിയെ അഹംകാരം വരുതിയില്‍ നിര്‍ത്തുന്നു- തിരിച്ചാണു വേണ്ടതെങ്കിലും. അതുകൊണ്ട്‌ ശാന്തിയോ മന:സുഖമോ ഉണ്ടാവുന്നില്ല. യുവത്വം ക്ഷയിക്കുന്നു. സദ്സംഗമെന്നത്‌ ദുര്‍ല്ലഭം. ഈ ദുരിതാനുഭവത്തില്‍ നിന്നും നിവൃത്തി അസാദ്ധ്യം. സത്യവസ്തുവിന്റെ സാക്ഷാത്കാരം എവിടെയും കാണുന്നില്ല. അപരന്റെ ഐശ്വര്യത്തില്‍ സന്തോഷമോ മറ്റുള്ളവരോട്‌ അനുകമ്പയോ ആരിലും കാണാനില്ല. ആളുകള്‍ അനുദിനം അധ:പ്പതിച്ചുകൊണ്ടിരിക്കുന്നു. ബലത്തെ ദൌര്‍ബ്ബല്യവും ധൈര്യത്തെ ഭീരുത്വവും കീഴടക്കിയിരിക്കുന്നു. ദുഷ്ടസഹവാസം എളുപ്പവും സദ്ജനസംസര്‍ഗ്ഗം ദുര്‍ല്ലഭവുമാവുന്നു. കാലമാണ്‌ മാനവീകതയുടെ മുഴുവന്‍ സാരഥിയെന്നെനിക്കു തോന്നുന്നു. 

"മഹാത്മന്‍, ഈ മാസ്മരീക ശക്തിതന്നെ സൃഷ്ടിയെ ഭരിക്കുന്നു, ശക്തിശാലികളായ രാക്ഷസന്മാരെപ്പോലും നശിപ്പിക്കുന്നു, ശാശ്വതമെന്നു കരുതിപ്പോന്ന എല്ലാറ്റിനേയും ഇല്ലാതാക്കുന്നു, ചിരഞ്ജീവികളെപ്പോലും കൊല്ലുന്നു. അപ്പോള്‍പ്പിന്നെ എന്നേപ്പോലുള്ള നിസ്സാരന്മാര്‍ക്ക്‌ എന്തു പ്രത്യാശ?"

ഈ നിഗൂഢജീവി എല്ലാവരിലും നിവസിക്കുന്നുവെന്നു തോന്നുന്നു. അത്‌ വ്യക്തികളില്‍ അഹംകാരമായി വര്‍ത്തിക്കുന്നു. ഒന്നിനും അതിനെ നശിപ്പിക്കാനാവില്ല. ഈ ബ്രഹ്മാണ്ഡം മുഴുവന്‍ നിയന്ത്രിക്കുന്ന അഹംകാരം മാത്രമേ കാലത്തെ അതിജീവിക്കുന്നുള്ളു. 

015 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 015


യുഗവത്സര കല്പാഖൈ: കിഞ്ചിത്പ്രകടതാം ഗത:
രൂപൈരലക്ഷ്യ രൂപാത്മാ സർവ്വമാക്രമ്യ തിഷ്ടതി (1/23/7)


രാമന്‍ തുടര്‍ന്നു: എല്ലാ രസാനുഭവങ്ങളും വാസ്തവത്തില്‍ മിഥ്യയാണ്‌. കണ്ണാടിയിലെ നിഴലിലൂടെ പഴങ്ങളുടെ സ്വാദനുഭവിക്കുന്നതുപോലെ ഭ്രാന്തമായ ഒരു രസമാണത്‌. മനുഷ്യന്റെ പ്രത്യാശകളെല്ലാം കാലം സ്ഥിരമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലം എല്ലാത്തിനേയും ക്ഷയിപ്പിച്ചുകളയുന്നു. സൃഷ്ടികളില്‍ ഒന്നിനും കാലത്തിന്റെപിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. കാലമാണ്‌ എണ്ണമില്ലാത്ത ബ്രഹ്മാണ്ഡങ്ങളെ സൃഷ്ടിക്കുന്നതും ക്ഷണനേരം കൊണ്ട്‌ അവയെ ഇല്ലാതാക്കുന്നതും. 

"വര്‍ഷം, പ്രായം, യുഗം എന്നിവയിലൂടെ തന്റെ പ്രഭാവത്തിന്റെ ചെറിയൊരംശം കാലം നമുക്ക്‌ അനുഭവവേദ്യമാക്കുന്നു. എന്നാല്‍ അതിന്റെ ശരിയായ സ്വഭാവം നമുക്കറിയില്ല തന്നെ. കാലം എല്ലാത്തിനേയും കീഴടക്കുന്നു."

കാലം ദയവില്ലാത്തതും, വശപ്പെടുത്താനാവാത്തതും ക്രൂരവും, തൃപ്തിപ്പെടുത്താനാവാത്തതും അത്യാര്‍ത്തിപൂണ്ടതുമത്രേ. നമ്മെ മോഹവിഭ്രാന്തിയിലാക്കുന്ന അനേകം കൌശലങ്ങളുള്ള മഹാമാന്ത്രികനാണ്‌ കാലം. കാലത്തെ വിശകലനം ചെയ്യാന്‍ സാദ്ധ്യമല്ല. കാരണം എത്രചെറുതായി ഖണ്ഡിച്ചാലും അത്‌ അനശ്വരമായി ശേഷിക്കുന്നു. അതിന്‌ അടങ്ങാത്ത വിശപ്പാണ്‌. കൃമികീടങ്ങളും മാമലകളും സ്വര്‍ഗ്ഗത്തിന്റെ ചക്രവര്‍ത്തിയും എല്ലാം കാലത്തിന്റെ വരുതിയിലാണ്‌. നേരമ്പോക്കിന്‌ പന്തു തട്ടിക്കളിക്കുന്ന ബാലനേപ്പോലെ സൂര്യചന്ദ്രന്മാര്‍ എന്ന രണ്ടു പന്തുകളുമായി കാലം വിളയാടുന്നു. ബ്രഹ്മാണ്ഡങ്ങളെ നശിപ്പിക്കുന്ന രുദ്രനായതും, ദേവരാജാവായ ഇന്ദ്രനായതും, സമ്പത്തിന്റെ അധിദേവതയായ കുബേരനായതും വിശ്വം ലയിച്ചില്ലാതാവുന്ന ശൂന്യതയും എല്ലാം കാലം തന്നെയാണ്‌. തീര്‍ച്ചയായും കാലമാണ്‌ തുടര്‍ച്ചയായി അണ്ഡകടാഹങ്ങളെ സൃഷ്ടിച്ച്‌ സംഹരിച്ചുകൊണ്ടേയിരിക്കുന്നത്‌..

മഹത്തും ബൃഹത്തുമായ പര്‍വ്വതങ്ങള്‍ ഭൂമിയില്‍ വേരുറപ്പിച്ചിരിക്കുന്നതുപോലെ പ്രതാപിയായ കാലം പരബ്രഹ്മത്തില്‍ സ്ഥാപിതമത്രേ. കാലം എണ്ണമില്ലാത്ത അണ്ഡകടാഹങ്ങളെ സൃഷ്ടിക്കുന്നുവെങ്കിലും അതിന്‌ അപചയമില്ല, അതു സന്തോഷിക്കുന്നില്ല, വരുന്നും പോകുന്നുമില്ല, ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നില്ല. കാലമെന്ന പാചകവിദഗ്ധന്‍ ലൌകീകവസ്തുക്കളെ സൂര്യന്റെ തീയില്‍ പാകപ്പെടുത്തി പാകമാവുന്നമുറയ്ക്ക്‌ ആഹരിക്കുന്നു. കാലം നിറപ്പകിട്ടുള്ള ജീവജാലങ്ങളാകുന്ന രത്നക്കല്ലുകള്‍ കൊണ്ട്‌ യുഗാന്തരങ്ങളായി അണിഞ്ഞൊരുങ്ങിയിട്ട്‌ കളിയായി അവയെല്ലാം നശിപ്പിച്ചുകളയുന്നു.

യൌവ്വനമെന്ന താമരയ്ക്ക്‌ കാലം രാത്രിയാണ്‌. ആയുസ്സെന്ന ആനയ്ക്ക്‌ കാലം സിംഹമാണ്‌.കാലം നശിപ്പിക്കാത്തതായി ഇഹലോകത്ത്‌ ഉയര്‍ന്നതോ താഴ്ന്നതോ ആയ ഒന്നുമില്ല. ഈ നശീകരണങ്ങള്‍ക്കെല്ലാമിടയിലും കാലം നാശരഹിതമായി അവശേഷിക്കുന്നു. ദിവസത്തെ മുഴുവന്‍ കഠിനാദ്ധ്വാനത്തിനുശേഷം ഒരുവന്‍ വിശ്രമിക്കുന്നതുപോലെ അജ്ഞാനത്തിലെന്നവണ്ണം വിശ്വപ്രളയം കഴിയവേ കാലം തന്റെ സര്‍ഗ്ഗശക്തി സംഭരിച്ചുറങ്ങുന്നു. കാലം എന്തെന്ന് ആര്‍ക്കും അറിയില്ല.

Apr 26, 2012

014 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 014


ന ജിതാ: ശത്രുഭി: സംഖ്യേ പ്രവിഷ്ടാ യേദ്രികോടരേ
തേ ജരാജീർണരാക്ഷസ്യാ പശ്യാശു വിജിതാ മുനേ (1/22/31)


രാമന്‍ തുടര്‍ന്നു: യൌവ്വനത്തില്‍ മനുഷ്യന്‍ ലൈംഗീകാകര്‍ഷണത്തിനടിമയാണ്‌. രക്തമാംസാസ്ഥി രോമചര്‍മ്മങ്ങളുടെ കൂടിച്ചേരലായ ശരീരത്തില്‍ സൌന്ദര്യവും ആകര്‍ഷണീയതയും അവന്‍ കണ്ടെത്തുന്നു. ഈ സൌന്ദര്യമാകട്ടെ സുസ്ഥിരമായിരുന്നുവെങ്കില്‍ ഈ ആസക്തിയെ നമുക്ക്‌ ന്യായീകരിക്കാം, പക്ഷേ ഈ ശരീരസൌന്ദര്യം അധികം നീണ്ടുനില്‍ക്കുന്നില്ലല്ലോ. മറിച്ച്‌ ആകര്‍ഷണം നല്‍കിയിരുന്ന തന്റെ പ്രിയപ്പെട്ടവള്‍ , ഈ മാംസസഞ്ചയമായ സൌന്ദര്യധാമം, താമസംവിനാ വാര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ ബാധിച്ച്‌ ഒടുവില്‍ അഗ്നിക്കോ മണ്ണിലെ കീടങ്ങള്‍ക്കോ കഴുകനോ ഇരയായിത്തീരുന്നു. എങ്കിലും നിലനില്‍ക്കുന്നിടത്തോളം കാലം ലൈംഗീകാകര്‍ഷണം മനുഷ്യന്റെ ഹൃദയവും വിവേകവും കവരുന്നു. ഈ ആസക്തികൊണ്ടാണ്‌ സൃഷ്ടി നിലനില്‍ക്കുന്നത്‌. ഈ ആകര്‍ഷണം നിലച്ചാല്‍ ജനനമരണമെന്ന സംസാരചക്രത്തിനും അവസാനമായി.

ബാല്യം അസംതൃപ്തമാവുമ്പോള്‍ യൌവ്വനം അവനെ കൈവശപ്പെടുത്തുന്നു. യൌവ്വനകാലം ദുരിതത്തിലും അസംതൃപ്തിയിലും വിഫലമായിത്തീരുമ്പോഴേയ്ക്ക്‌ വാര്‍ദ്ധക്യം പിടികൂടുന്നു. ജീവിതം എത്ര ക്രൂരം! കാറ്റ്‌ ഇലയില്‍പ്പറ്റിയിരിക്കുന്ന ജലകണത്തെ തെറിപ്പിച്ചു കളയുമ്പോലെ വാര്‍ദ്ധക്യം ശരീരത്തെ ഇല്ലായ്മചെയ്യുന്നു. ഒരു വിഷത്തുള്ളിയെപ്പോലെ ജരാതുരത്വം ശരീരത്തെമുഴുവന്‍ ബാധിച്ച്‌ ഓരോ അവയവങ്ങളുടെയും പ്രാപ്തി കുറച്ച്‌ അവനെ എല്ലാവരുടെയും പരിഹാസപാത്രമാക്കുന്നു. ശാരീരികമായി വയ്യെങ്കിലും വാര്‍ദ്ധക്യത്തിലും അവന്റെ തൃഷ്ണയ്ക്കു കുറവൊന്നുമില്ല. അവ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. "ഞാന്‍ ആരാണ്‌? ഞാന്‍ എന്താണു ചെയ്യേണ്ടത്‌?" തുടങ്ങിയ ചോദ്യങ്ങള്‍ മനസ്സിനുള്ളില്‍ ഉണരുമ്പോഴേയ്ക്കും ജീവിതപ്പാതയെ നേര്‍വഴിക്കു കൊണ്ടുപോവാനും ജീവിതശെയിലിയില്‍ മാറ്റം വരുത്താനും ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കാനും തുലോം വൈകിയിരിക്കും. ജരാതുരതയ്ക്കൊപ്പം ചുമ പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ , നര, ശ്വാസതടസ്സം, അജീര്‍ണ്ണം, ശരീരശോഷണം എന്നിവയെല്ലാം സ്വഭാവീകമായി ഉണ്ടാവും. ഒരുപക്ഷേ മരണദേവന്‍ മുകളില്‍ നിന്നു നോക്കുമ്പോള്‍ ഈ വെളുത്ത തല കണ്ടിട്ട്‌ ഉപ്പിട്ടുവച്ച മത്തനാണെന്നു കരുതി അതെടുക്കാന്‍ തിരക്കിട്ടു വരാനും മതി!

നദീ തീരത്തുനില്‍ക്കുന്ന വൃക്ഷങ്ങളെ വേരോടെ പുഴക്കിയെറിയുന്ന വെള്ളപ്പൊക്കം പോലെ വാര്‍ദ്ധക്യം ജീവിതവൃക്ഷത്തിന്റെ വേര്‌ ആവേശത്തോടെ മുറിച്ചെറിയുന്നു. മരണം അതു കൊണ്ടുപോവുകയും ചെയ്യുന്നു. വാര്‍ദ്ധക്യപീഢകള്‍ മരണദേവനുമുന്‍പേ നടക്കുന്ന യമദൂതരത്രേ. അഹോ എത്ര നിഗൂഢം! വിസ്മയകരം!

"ശത്രുക്കളില്‍ നിന്ന് ഒരിക്കലും പരാജയമേറ്റുവാങ്ങാത്തവരും മറ്റാര്‍ക്കും എത്തിപ്പെടാനാവാത്ത മലമുകളില്‍ താമസമാക്കിയവരും എല്ലാം വാര്‍ദ്ധക്യത്തിലെ ജരാതുരത്വം എന്ന രാക്ഷസിയുടെ പിടിയില്‍ നിന്നു രക്ഷപ്പെടുന്നില്ല."

Apr 25, 2012

013 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 013


ഉദ്ബോധയതി ദോഷാലിം നികൃന്തതി ഗുണാവലിം
നരാണാം യൗവ്വനോല്ലാസോ വിലാസോ ദുഷ്കൃതശ്രിയാം (1/20/29)


രാമന്‍ തുടര്‍ന്നു: ബാല്യം കടന്ന് മനുഷ്യന്‍ യൌവ്വനത്തില്‍ എത്തുന്നു. എന്നാല്‍ അവന്റെ നിര്‍ഭാഗ്യത്തെ അവന്‌ പിരിയാനാവുന്നില്ല. യൌവ്വനാവസ്ഥയില്‍ അവന്‍ പലേവിധ മാനസീക വ്യതിയാനങ്ങള്‍ക്കും വിധേയനായി ദുരിതങ്ങളില്‍ നിന്നും കൂടിയ ദുരിതങ്ങളിലേയ്ക്ക്‌ നീങ്ങുന്നു. അവന്‍ വിവേകബുദ്ധി ഉപേക്ഷിച്ച്‌ തന്റെ ഹൃദയത്തില്‍ നിവസിക്കുന്ന കാമം എന്ന പിശാചിനെ ആലിംഗനം ചെയ്യുന്നു. അവനില്‍ ആശകളും ആശങ്കകളും നിറയുന്നു. യൌവ്വനത്തില്‍ വിവേകനഷ്ടം വന്നിട്ടില്ലാത്തവന്‌ ഏതൊരനുഭവവും നിഷ്പ്രയാസം നേരിടാനാവും. എനിക്ക്‌ ഈ ക്ഷണികമായുള്ള യൌവ്വനാവസ്ഥ പ്രിയമേയല്ല. ഇക്കാലത്ത്‌ അല്‍പ്പായുസ്സായ സുഖാനുഭവത്തിനു പിറകേ നീണ്ടുനില്‍ക്കുന്ന ദുരിതാനുഭങ്ങള്‍ ഉണ്ടാകുമ്പോഴും മനുഷ്യന്‍ അസ്ഥിരമായതിനെ സ്ഥിരമെന്നു കണക്കാക്കി അതിനു പിറകേ ഓടിക്കൊണ്ടേയിരിക്കുന്നു. കഷ്ടം! മറ്റുള്ളവരെക്കൂടി ദുരിതത്തിലാഴ്ത്തുന്ന പല പ്രവര്‍ത്തനങ്ങളിലും അവന്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

പ്രിയപ്പെട്ടയാള്‍ പിരിഞ്ഞുപോവുമ്പോള്‍ യുവാവിന്റെ ഹൃദയം കാട്ടുതീയില്‍പ്പെട്ട വൃക്ഷമെന്നപോല്‍ കാമത്തീയില്‍ എരിയുന്നു. എത്ര പരിശ്രമിച്ചാലും യുവാക്കളുടെ ഹൃദയം കറപുരണ്ടതും അശുദ്ധവുമത്രേ. തന്റെ പ്രിയപ്പെട്ടവള്‍ അരികില്‍ ഇല്ലാത്തപ്പോഴും അവന്‍ അവളുടെ സൌന്ദര്യത്തെപ്പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങിനെ ആശാപാശത്തിലുഴറുന്നവനെപ്പറ്റി സദ്ജനങ്ങള്‍ക്ക്‌ മതിപ്പുണ്ടാവുകയില്ല. യൌവ്വനം ശാരീരികവും മാനസീകവുമായ രോഗങ്ങളാല്‍ ബാധിക്കപ്പെട്ടിരിക്കുന്നു. നന്മയും തിന്മയും ചിറകുകളാക്കിയ ഒരു പക്ഷിയുമായി യൌവ്വനകാലത്തെ താരതമ്യപ്പെടുത്താം. ഒരുവന്റെ സദ്ഗുണങ്ങളെ കാറ്റില്‍പ്പറത്തുന്ന മണല്‍ക്കാറ്റാണത്‌..

"യൌവ്വനം മനുഷ്യഹൃദയത്തില്‍ നൈസര്‍ഗ്ഗീകമായുള്ള നന്മകളെ അടിച്ചമര്‍ത്തി തിന്മകളെ ഉത്തേജിപ്പിക്കുന്നു. ദുഷ്ടതയ്ക്കു വളംവയ്ക്കുന്ന ഒരു കാലഘട്ടമാണ്‌ യൌവ്വനം."

യൌവ്വനത്തില്‍ മോഹവിഭ്രാന്തിയും ആസക്തിയും സഹജം. യൌവ്വനം ശരീരത്തിന്‌ അഭികാമ്യമാണെങ്കിലും മനസ്സിന്‌ അപചയമാണതിന്റെ ഫലം. മനുഷ്യന്‍ സുഖം എന്ന മരീചികയ്ക്കുവേണ്ടി പരിശ്രമിച്ചലഞ്ഞ്‌ ഒടുവില്‍ ദു:ഖത്തിന്റെ കൂപത്തില്‍ പതിക്കുന്നു. എനിക്കതുകൊണ്ട്‌ യൌവ്വനത്തോട്‌ പ്രതിപത്തിയില്ല. 

യൌവ്വനകാലം ശരീരത്തെവിട്ടു പോവുമ്പോഴും ആസക്തികള്‍ക്ക്‌ കുറവൊന്നുമുണ്ടാകുന്നില്ല എന്നു മാത്രമല്ല അവ കൂടുതല്‍ ശക്തിയോടെ മനുഷ്യന്റെ നാശത്തിനു വഴിതെളിക്കുന്നു. യൌവ്വനത്തില്‍ അതിയായി അഭിരമിക്കുന്നവന്‍ മനുഷ്യരൂപത്തിലുള്ള ഒരു മൃഗമത്രേ. പ്രലോഭനങ്ങളില്‍ വീണുപോവാതെ യൌവ്വനത്തിന്റെ ദുഷ്‌വികാരങ്ങളെ തരണം ചെയ്തു ജീവിതം നയിച്ചവര്‍ ആരാധ്യരും മഹാത്മാക്കളുമാണ്‌.. കാരണം വലിയൊരു സമുദ്രത്തിന്റെ മറുകരയെത്താന്‍ ഒരുവനു സാധിച്ചേക്കാം. എന്നാല്‍ ഇഷ്ടാനിഷ്ടങ്ങളുടെ പിടിയില്‍പ്പെടാതെ യൌവ്വനത്തിന്റെ മറുകരയെത്തുക എന്നത്‌ അതീവദുഷ്കരം തന്നെ.

Apr 24, 2012

012 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 012


അശക്ത്തിരാപദസ്തൃഷ്ണാ മൂകതാ മൂഢബുദ്ധിതാ
ഗൃധ്നുതാ ലോലതാ ദൈന്യം സർവം ബാല്യേ പ്രവർത്തതേ (1/19/2)


രാമന്‍ പറഞ്ഞു: അറിവില്ലാത്തതുകൊണ്ട്‌ എല്ലാവരാലും ആഹ്ലാദകരമെന്നു പറയപ്പെടുന്ന ബാല്യം പോലും ക്ലേശം നിറഞ്ഞതാണ്‌ മഹാമുനേ. "നിസ്സഹായത, അപകടങ്ങള്‍ , കൊതികള്‍ , തന്റെകാര്യങ്ങള്‍ പറയാനുള്ള കഴിവില്ലായ്മ, തികഞ്ഞ വിഡ്ഢിത്തങ്ങള്‍ ചെയ്തുകൂട്ടുക, കാര്യങ്ങളില്‍ കളി, ഉറപ്പില്ലായ്മ, ബലഹീനത എല്ലാം ബാല്യത്തിന്റെ പ്രത്യേകതകളാണല്ലോ". 

കുട്ടികള്‍ പെട്ടെന്നു തന്നെ വികാരത്തിനടിപ്പെടുന്നു. അവനില്‍ പെട്ടെന്ന് ദേഷ്യം വരുന്നു. പെട്ടെന്നു കണ്ണുനീരും പൊടിയുന്നു. ഒരുപക്ഷേ മരിക്കാന്‍ പോവുന്നവന്റെയോ വൃദ്ധന്റേയോ, തീരാരോഗത്തിനടിപ്പെട്ടവന്റേയോ മുതിര്‍ന്നവരുടേയോ വേദനയേക്കാള്‍ തീവ്രമാണ്‌ ഒരു കുട്ടിയുടെ വേദനാനുഭവം എന്നു പറയാം. കാരണം അവന്റെ അവസ്ഥ ഒരു മൃഗത്തിന്റേതുമായി സാമ്യമുള്ളതാണ്‌.. മറ്റുള്ളവരുടെ ദയവിലാണ്‌ അവന്‍ ജീവിക്കുന്നത്‌.. കുട്ടിയുടെ ചുറ്റും നടക്കുന്ന എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങള്‍ അവനെ സംഭ്രമിപ്പിക്കുന്നു. അവന്റെയുള്ളില്‍ അവ ആശങ്കയും ചിന്താക്കുഴപ്പവും, മതിഭ്രമവും ഭയവും ഉണ്ടാക്കുന്നു. കുട്ടികള്‍ പെട്ടെന്നു തന്നെ മറ്റുള്ളവരെ അനുകരിക്കാന്‍ തുടങ്ങും- പ്രത്യേകിച്ച്‌ ദുഷ്ടബുദ്ധികളിലേയ്ക്ക്‌ അവര്‍ അറിയാതെ ആകര്‍ഷിക്കപ്പെടുന്നു. അച്ഛനമ്മമാരുടെ ശിക്ഷയും അച്ചടക്കനടപടികളും ആണ്‌ അതിന്റെ ഫലം. ബാല്യം പരാധീനതയുടെ ഒരു കാലം തന്നെയാണ്‌. .

കുട്ടി കാഴ്ച്ചയില്‍ നിഷ്കളങ്കനായിരിക്കാം. എന്നാല്‍ സത്യത്തില്‍ ദുഷ്ടവാസനകളും, ദോഷങ്ങളും ഞരമ്പുരോഗം ബാധിച്ചപോലുള്ള പെരുമാറ്റവും എല്ലാം അവനിലുമുണ്ട്‌.. പകല്‍സമയം ഒരിരുണ്ട പൊത്തില്‍ ഒളിച്ചിരിക്കുന്ന ഊമനേപ്പോലെയാണവ. മഹാമുനേ ബാല്യകാലം ആഹ്ലാദകരമാണെന്നു പറയുന്ന വിഡ്ഢികളെപ്പറ്റി എനിയ്ക്കു കഷ്ടം തോന്നുന്നു. കരയലും കണ്ണീരൊലിപ്പിക്കലുമാണ്‌ കുട്ടികളുടെ പ്രധാന ജോലിയെന്നു തോന്നുന്നു. അതിന്‌ വേണ്ടതു കിട്ടാത്തപ്പോള്‍ ഹൃദയം പൊട്ടുമാറു കരയുന്നു. സ്കൂളില്‍ പോയാലോ അദ്ധ്യാപകരുടെ ശിക്ഷകളും അനുഭവിക്കണം. അതും ദു:ഖകാരണം തന്നെ.

ഒരു കുട്ടി കരയുമ്പോള്‍ അച്ഛനമ്മമാര്‍ അവനെ സമാധാനിപ്പിക്കാനായി ഈ ലോകം തന്നെ അവനു വാഗ്ദ്ദാനം ചെയ്യുന്നു. അതുമുതല്‍ അവന്‍ ഈ ലോകത്തെ 'മൂല്യ'വത്തായി കാണുന്നു. വസ്തുക്കളില്‍ ആശയുണ്ടാവുകയും ചെയ്യുന്നു. അവര്‍ പറയും "ഞാന്‍ നിനക്ക്‌ അമ്പിളിമാമനെ കളിക്കോപ്പായി പിടിച്ചു തരാം". അതു വിശ്വസിച്ച്‌ കുട്ടി അവന്റെ ഉള്ളംകയ്യില്‍ ചന്ദ്രനെ പിടിക്കാം എന്നു കരുതുന്നു. അങ്ങിനെ മോഹത്തിന്റെ വിത്ത്‌ ആ കൊച്ചു ഹൃദയത്തില്‍ പാകിക്കഴിഞ്ഞു. ചൂടും തണുപ്പും അനുഭവിക്കുമ്പോള്‍ അവന്‌ ഒന്നും ചെയ്യാനാവുന്നില്ല. അപ്പോള്‍ കുട്ടിയുടെ ജീവിതം ഒരു മരത്തേക്കാള്‍ ഭേദമുണ്ടോ? മൃഗങ്ങളേയും പക്ഷികളേയും പോലെ കുട്ടികള്‍ അവനു വേണ്ടതുകിട്ടാന്‍ വെറുതേ കൈനീട്ടുന്നു. അവന്‍ വീട്ടിലെ എല്ലാ മുതിര്‍ന്നവരേയും ഭയപ്പെട്ടു കഴിയുന്നു.

Apr 23, 2012

011 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 011


ബദ്ധാസ്ഥാ യേ ശരീരേഷു ബദ്ധാസ്ഥാ യേ ജഗത്സ്ഥിതൗ
താന്മോഹ മദിരോന്മത്താൻ ദ്ധിഗ് ദ്ധിഗസ്തു പുന: പുന: (1/18/42)


രാമന്‍ തുടര്‍ന്നു: ധമനികളും ഞരമ്പുകളും നാഡികളും ചേര്‍ന്ന ഈ ശരീരത്തിന്റെ അവസ്ത്ഥ പരിതാപകരവും വേദനാജനകവുമാണ്‌. ജഢമെങ്കിലും അവയ്ക്കു ബുദ്ധിയുണ്ടെന്നു തോന്നും. ചേതനമോ അചേതനമോ എന്ന് നിര്‍ണ്ണയിക്കാന്‍ ആകാത്തതുകൊണ്ട്‌ ബുദ്ധിഭ്രമം ഉണ്ടാക്കാനേ ഇതുതകൂ. ചെറിയൊരു സുഖത്തില്‍ അതീവമായി ആഹ്ലാദിക്കുകയും ചെറിയൊരു ദുരനുഭവത്തില്‍ അതിയായി ദു:ഖിക്കുകയും ചെയ്യുന്ന ഈ ശരീരം അതീവ നിന്ദ്യമത്രേ. ശരീരത്തെ ഒരു മരത്തിനോടുപമിക്കാം. കൈകള്‍ ശിഖരങ്ങള്‍; ഉടല്‍ മരത്തടി, കണ്ണുകള്‍ മരത്തിലെ തുളകള്‍, തല കായ്കള്‍; ഇലകള്‍ എണ്ണമില്ലാത്ത പീഢകള്‍. അത്‌ അനേകം ജീവജാലങ്ങള്‍ക്ക്‌ വാസസ്ഥലവുമാണ്‌. അത്‌ ഒരാള്‍ ക്കു 'സ്വന്തം' എന്നാര്‍ക്കൂ പറയാനാവും? ശരീരത്തെപ്പറ്റി പ്രത്യാശയോ നിരാശയോ നിരര്‍ത്ഥകമത്രേ. അത്‌ ഈ സംസാരസാഗരത്തിന്റെ മറുകര താണ്ടാന്‍ തന്നിട്ടുള്ള ഒരു തോണിയാണ്‌. എന്നാല്‍ അത്‌ തന്നെയാണ്‌ ഒരുവന്റെ ആത്മസ്വത്വം എന്നു കരുതരുത്‌. 

ഈ മരം, അതായത്‌, ശരീരം, ഉണ്ടായത്‌ സംസാരം എന്ന വനത്തിലാണ്‌. ഇരിപ്പുറപ്പില്ലാത്ത ഒരു കുരങ്ങന്‍ അതില്‍ ചാടിക്കളിക്കുന്നു. അനേകം ചീവിടുകള്‍ (വേവലാതികള്‍) അതില്‍ താമസമാണ്‌. അനേകം പ്രാണികള്‍ (തീരാദുരിതങ്ങള്‍) മരത്തെ കാര്‍ന്നുകൊണ്ടിരിക്കുന്നു. വിഷം നിറഞ്ഞ ഒരു സര്‍പ്പത്തെ (അത്യാഗ്രഹങ്ങള്‍) പോറ്റുന്നുണ്ട്‌ ആ മരം. ഒരു കാടന്‍ കാക്ക (ക്രോധം) അതില്‍ നിവസിക്കുന്നു. അതില്‍ ചിലപ്പോള്‍ പൂക്കള്‍ (ചിരി) വിരിയും; നന്മയും തിന്മയും ഫലങ്ങളായി വരും. കാറ്റില്‍ ആടുമ്പോള്‍ മരത്തില്‍ പ്രാണനുള്ളതായി കാണപ്പെടും. ഇന്ദ്രിയങ്ങളാകുന്ന പക്ഷികള്‍ ഈ മരത്തില്‍ ഇരിക്കുന്നു. കാമം, ആഗ്രഹം തുടങ്ങിയ വഴിപോക്കര്‍ ഈ മരത്തിന്റെ തണലില്‍ ചേക്കേറുന്നു. പക്ഷേ ഭീകരനായ ഒരു കഴുകന്‍ (അഹംകാരം) ഈ മരത്തില്‍ ഇരിപ്പുണ്ട്‌. ഈ മരത്തിന്റെയുള്ള്‌ ശൂന്യവും പൊള്ളയുമാണ്‌. തീര്‍ച്ചയായും ഇത്‌ സുഖദായകമല്ല. ദീര്‍ഘായുസ്സുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ശരീരം ഉപയോഗശൂന്യമത്രേ. രക്തമാംസാദികള്‍ കൊണ്ടുണ്ടാക്കിയ ശരീരത്തെ ജരാനരകളും മരണവും പിടികൂടുന്നു. എനിക്ക്‌ ഇതിനോട്‌ പ്രതിപത്തിയില്ല. എന്താണ്‌ ചക്രവര്‍ത്തിപദം? എന്താണ്‌ ധനം? എന്താണ്‌ ശരീരം? കാലം (മരണം) ഏതു നിമിഷവും നിര്‍ദ്ദയം മുറിച്ചിട്ടേക്കാവുന്ന ഒരു തടിയല്ലേ ശരീരം? മരണസമയത്ത്‌ ഇതുവരെ പോറ്റി പരിപാലിച്ചു സൂക്ഷിച്ചുപോന്ന ആത്മാവിനെ ശരീരം ഉപേക്ഷിക്കുന്നു. അതില്‍ എനിക്ക്‌ എന്തു പ്രത്യാശയ്ക്കാണവകാശം? ലജ്ജയില്ലാതെ ശരീരം ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്‌. അതിന്റെ ഒരേയൊരുദ്ദേശം അവസാനം എരിഞ്ഞടങ്ങുക എന്നതു മാത്രമാണെന്നു തോന്നുന്നു. ധനികനും ദരിദ്രനും, എല്ലാം നരകളും വാര്‍ദ്ധക്യവുമൊക്കെ അനിവാര്യങ്ങളാണെന്ന കാര്യം ഓര്‍ക്കാതെ ധനത്തിനും അധികാരത്തിനും പുറകേ പരക്കം പായുന്നു!. 

ലജ്ജാകരം! ലജ്ജാകരം! അജ്ഞതയുടെ മധുലഹരിയില്‍ ശരീരത്തില്‍ ബദ്ധനായവന്റെ കാര്യം ലജ്ജാകരം! ഇഹലോകത്തില്‍ ബദ്ധനായവന്റെ കാര്യവും  ഏറെ ലജ്ജാകരം!!

Apr 22, 2012

010 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 010


ഭീഷയത്യപി ധീരം മാമന്ധയത്യപി സേക്ഷണം
ഖേദയത്യപി സാനന്ദം തൃഷ്ണാ കൃഷ്ണേവ ശർവരീ (1/17/16) 


രാമന്‍ തുടര്‍ ന്നു: മനസ്സ്‌ ആര്‍ത്തിയോടെ ആഗ്രഹങ്ങളാല്‍ മൂടുമ്പോള്‍ അജ്ഞാനാന്ധകാരത്തില്‍ എണ്ണമില്ലാത്ത തെറ്റുകള്‍ സംഭവിക്കുന്നു. ഈ അത്യാഗ്രഹങ്ങള്‍ ഹൃദയത്തിലെ നന്മയും മഹത്വവും ഇല്ലായ്മചെയ്യുന്നു. എന്റെ മാധുര്യഭാവവും മാന്യതയ്ക്കും പകരം കഠിനതയും ക്രൂരതയും പകടമാവുന്നു. ഈ അന്ധകാരത്തില്‍ ആശകള്‍ പല രൂപത്തിലാടുന്ന പിശാചുക്കളായി മാറുന്നു. പലവിധ മാര്‍ഗ്ഗങ്ങളിലൂടെ ഞാന്‍ ഇവയെ നിയന്ത്രിച്ചാലും അവ എന്നെ നിമിഷനേരംകൊണ്ടു കീഴടക്കി കാറ്റിലാടുന്ന പുല്‍ക്കൊടിപോലെ നിസ്സഹായനാക്കുന്നു. ഞാന്‍ നിര്‍മമത തുടങ്ങിയ ഉത്തമഗുണങ്ങള്‍ എന്നിലുണ്ടാക്കാനാലോചിച്ചു തുടങ്ങുമ്പോഴേയ്ക്ക്‌ ഒരെലി ചരടുമുറിക്കുമ്പോലെ ആ പ്രത്യാശയും നഷ്ടപ്രായമാവുന്നു. ഈ ആശാചക്രത്തില്‍ ഞാന്‍ നിസ്സഹായനായി ഉഴറുകയാണ്‌. ചിറകുകള്‍ ഉണ്ടെങ്കിലും വലയില്‍ കുടുങ്ങിയ പക്ഷികള്‍ക്കു പറക്കാന്‍ കഴിയാത്തപോലെ നമുക്കും നമ്മുടെ ലക്ഷ്യത്തിലേയ്ക്ക്, ആത്മജ്ഞാനത്തിലേയ്ക്ക്‌ ഉയരാന്‍ പറ്റുന്നില്ല. അമൃതു കിട്ടിയാല്‍ പോലും ഈ ആഗ്രഹങ്ങള്‍ അടങ്ങുകയില്ല. ആശകള്‍ക്ക്‌ നിയതമായ ദിശകള്‍ ഒന്നുമില്ല. മതിഭ്രമം വന്ന കുതിരയേപ്പോലെ ഒരുനിമിഷം ഒരു ദിശയിലേക്കാണെങ്കില്‍ അടുത്ത നിമിഷം മറ്റൊരു ദിശയിലേയ്ക്ക്‌ അതു നമ്മെ കൊണ്ടുപോകുന്നു. നമ്മുടെ മുന്നില്‍ ഭാര്യ, മക്കള്‍ സുഹൃത്ത്‌ മറ്റു ബന്ധുക്കള്‍ എന്നിങ്ങനെ വിപുലമായ ശൃംഖലകളോടെ ഒരു വലവിരിച്ചിട്ടുണ്ടല്ലോ.

ഞാനൊരു വീരയോദ്ധാവാണെങ്കിലും ആശകള്‍ എന്നെ ഭീരുവാക്കുന്നു.
എനിക്കു കണ്ണുകളുണ്ടെങ്കിലും അതെന്നെ അന്ധനാക്കുന്നു.
എന്റെ സ്വത്വം ആനന്ദം നിറഞ്ഞെതെങ്കിലും ആശകള്‍ എന്നെ ദു:ഖിതനാക്കുന്നു.
അവ പിശാചുക്കളെപ്പോലെ ഭീകരങ്ങള്‍. 

നമ്മുടെ നിര്‍ഭാഗ്യങ്ങള്‍ക്കും ബന്ധനത്തിനും കാരണം ഈ ആശാപിശാചാണ്‌. മനുഷ്യന്റെ ഹൃദയം തകര്‍ത്ത്‌ അവനില്‍ മതിഭ്രമം നിറയ്ക്കുന്ന സത്വം. ഈ പിശാചിന്റെ ബാധയേറ്റ്‌ അവനവന്റെ വരുതിയിലുള്ള സുഖം പോലും മനുഷ്യന്‌ നിഷേധിക്കപ്പെടുന്നു. അഗ്രഹങ്ങള്‍ സുഖസമ്പാദനത്തിനാണെന്നു തോന്നുമെങ്കിലും അവ നമ്മെ സുഖത്തിലേയ്ക്കു നയിക്കുന്നില്ല. മറിച്ച്‌ വൃഥാ പ്രവര്‍ത്തനങ്ങളിലേയ്ക്കും അമംഗളകാര്യങ്ങളിലേയ്ക്കുമാണ്‌ നയിക്കുന്നത്‌. ജീവിതനാടകത്തിലെ പല സുഖ ദു:ഖ രംഗങ്ങളിലും, ഈ ആശാപിശാച്‌ വയസ്സുചെന്ന ഒരഭിനേത്രിയേപ്പോലെ നന്മയോ മഹത്വമോ പ്രകടിപ്പിക്കാനാവാതെ എല്ലായിടത്തും പരാജയം ഏറ്റുവാങ്ങുന്നു. എങ്കിലും അവള്‍ വേദിയിലെ നൃത്തം ഉപേക്ഷിക്കാന്‍ തയ്യാറല്ല! ശാന്തിയില്ലാതെ, ആശകള്‍ ആകാശം മുട്ടെ ഉയരത്തിലും അതീവ ആഴത്തിലും സഞ്ചരിക്കുന്നു. മനസ്സിന്റെ ശൂന്യതയെ ആശ്രയിച്ചിരിക്കുന്നു ആശകള്‍. ചിലസമയം വിജ്ഞാനത്തിന്റെ പ്രഭ നിമിഷനേരത്തേയ്ക്ക്‌ മിന്നിയാലുടന്‍ മോഹത്തിന്റെ ഇരുട്ട്‌ പടരുകയായി. മാമുനിമാര്‍ക്ക്‌ ആത്മജ്ഞാനം കൊണ്ട്‌ ഈ ആശാപാശത്തെ അറുത്തുകളയുവാന്‍ സാധിക്കുന്നു എന്നത്‌ എത്ര അത്ഭുതം!

Apr 21, 2012

009 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 009


ചിത്തം കാരണമർത്ഥാനാം തസ്മിൻസതി ജഗത്രയം
തസ്മിൻ ക്ഷീണേ ജഗത്ക്ഷീണം തച്ചികിത്സ്യം പ്രയത്നത: (1/16/25)


രാമന്‍ തുടര്‍ന്നു: ജ്ഞാനത്തിന്റെ നേര്‍ ശത്രുവായ അഹംകാരത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക്‌ ഭയവും അങ്കലാപ്പും ഉണ്ട്‌.. ഈ അഹന്ത വളര്‍ന്നു പെരുകുന്നത്‌ അജ്ഞതയുടെ ഇരുട്ടിലാണ്‌. അതാകട്ടെ എണ്ണമറ്റ പാപ വാസനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിദാനമാവുന്നു. എല്ലാ ദു:ഖങ്ങള്‍ക്കും മന:പ്രയാസങ്ങള്‍ക്കും കാരണം 'ഞാന്‍' ദു:ഖിക്കുന്നു എന്നും മറ്റുമുള്ള അഹം ഭാവമാണ്‌.. ഈ അഹങ്കാരമാണ്‌ എന്റെ ഏറ്റവും വലിയ രോഗമെന്നെനിയ്ക്കു തോന്നുന്നു. ലോകത്തില്‍ സുഖസമ്പാദനത്തിനുള്ള വസ്തുക്കളാകുന്ന വല വിരിച്ച്‌ ഈ അഹംകാരം ജീവജാലങ്ങളെ ബന്ധിപ്പിക്കുന്നു. ലോകത്ത്‌ എല്ലാ അത്യാപത്തുകള്‍ക്കും കാരണവും ഈ അഹംകാരം തന്നെ. അത്‌ ആത്മനിയന്ത്രണം കെടുത്തി നന്മയെ നശിപ്പിച്ച്‌ സമതാ ഭാവത്തെ ഇല്ലാതാക്കുന്നു. എനിക്ക്‌ "ഞാന്‍ രാമനാണ്‌" തുടങ്ങിയ അഹംഭാവത്തെ വിട്ടു കളഞ്ഞ്‌ ആഗ്രഹങ്ങളില്‍ നിന്നും മോചിതനായി ആത്മാവില്‍ അഭിരമിക്കണം. 
അഹംകാരത്തോടെ ഇതുവരെ ചെയ്തതെല്ലാം വൃഥാവിലായി എന്നു ഞാന്‍ അറിയുന്നു. അഹംകാരരഹിതമായ അവസ്ഥ മാത്രമാണുണ്മ. അഹംകാരത്തിന്റെ പിടിയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ദു:ഖിതനും അതില്‍ നിന്നും മോചിതനാവുമ്പോള്‍ സന്തോഷവാനുമാണ്‌. അഹംകാരം ആര്‍ത്തിയെ പോഷിപ്പിക്കുന്നു. അഹംകാരത്തിന്റെ അഭാവത്തില്‍ ആര്‍ത്തിക്ക്‌ വളരാനാവില്ല. സാമൂഹികവും കുടുംബപരവുമായ എല്ല ബന്ധങ്ങള്‍ക്കും കാരണം അഹംകാരമത്രേ. അത്‌ ജാഗ്രതയില്ലാത്ത ആത്മാവിനെ പിടികൂടി ബന്ധിക്കുകയാണ്‌. 


എനിക്കു തോന്നുന്നത്‌ ഞാന്‍ അഹംകാരത്തില്‍നിന്നും സ്വതന്ത്രനാണെന്നാണ്‌. എങ്കിലും ഞാന്‍ കഷ്ടപ്പെടുകതന്നെയാണ്‌. എന്നെ പ്രബുദ്ധനാക്കിയാലും. മഹാത്മാക്കള്‍ക്ക്‌ സേവ ചെയ്താലല്ലാതെ ഈ മലിനമായ മനസ്സെന്ന വസ്തു കാറ്റുപോലെ അശാന്തമായി വര്‍ത്തിക്കും. ഈ മനസ്സ്‌ എന്തുകിട്ടിയാലും കൂടുതല്‍ കൂടുതല്‍ ചഞ്ചലപ്പെട്ടുകൊണ്ടേയിരിക്കും. ഒരരിപ്പയില്‍ എത്ര വെള്ളമൊഴിച്ചാലും അതു നിറയാത്തപോലെ എത്രമാത്രം ലൌകീകനേട്ടങ്ങള്‍ ഉണ്ടായാലും വസ്തുവകകള്‍ സമ്പാദിച്ചാലും മനസ്സ്‌ നിറയുകയില്ല. മനസ്സ്‌ എല്ലാ ദിശകളിലേയ്ക്കും ദ്രുതഗമനം നടത്തുന്നുവെങ്കിലും ഒരിടത്തും സുഖം കണ്ടെത്തുന്നില്ല. മരണാനന്തരം നരകത്തില്‍ കിട്ടാന്‍ പോകുന്ന കൊടും ദുരിതങ്ങളെപ്പറ്റി ആലോചിക്കാതെ മനസ്സ്‌ സുഖത്തിനു പിറകേ പായുന്നു. എന്നാല്‍ ഈ ജീവിതത്തില്‍ സുഖം ലഭിക്കുന്നുമില്ല. കൂട്ടില്‍ കിടക്കുന്ന സിംഹത്തിനേപ്പോലെ അസ്വസ്ഥമാണ്‌ മനസ്സ്‌. സ്വാതന്ത്ര്യമില്ല, സുഖവുമില്ലാത്ത അവസ്ഥ. മഹാത്മാവേ കഷ്ടം! ഞാന്‍ ആ മനസ്സു വിരിച്ച വലയില്‍ കുടുങ്ങിയിരിക്കുന്നു. കുതിച്ചു പായുന്ന നദീജലം വൃക്ഷത്തെ കടയോടെ പിഴുതെടുക്കുമ്പോലെ മനസ്സ്‌ എന്റെ സ്വത്വത്തിനെ വേരോടെ പറിച്ചിരിക്കുന്നു. കാറ്റില്‍ പറക്കുന്ന ഉണങ്ങിയ കരിയിലപോലെ മനസ്സെന്നെ ചാഞ്ചാട്ടുന്നു.

"ഈ മനസ്സാണ്‌ ലോകത്തിലെ എല്ലാ വസ്തുക്കള്‍ക്കും കാരണം. മൂന്നു ലോകവും മനസ്സെന്ന വസ്തുവിനാല്‍ നിലനില്‍ ക്കുന്നു. മനസ്സില്ലാതാകുമ്പോള്‍ ലോകവും അപ്രത്യക്ഷമാവുന്നു.

Apr 20, 2012

008 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 008


ഭാരോവിവേകിന: ശാസ്ത്രം ഭാരോ ജ്ഞാനം ച രാഗിണ:
അശാന്തസ്യ മനോ ഭാരോ ഭാരോനാത്മവിദോ വപു:  (1/14/13)


രാമന്‍ തുടര്‍ന്നു: അജ്ഞാനിയെ മോഹിപ്പിക്കുന്ന സമ്പത്ത്‌ തികച്ചും ഉപയോഗശൂന്യമാണ്‌ മഹര്‍ഷേ. ധനം പലേവിധത്തിലുള്ള ദുരിതങ്ങള്‍ക്കും കാരണമാവുന്നു. മാത്രമല്ല അത്‌ ഒരിക്കലും അടങ്ങാത്ത ആര്‍ത്തിക്കു ഹേതുവുമായിത്തീരുന്നു. സദ്ഗുണസമ്പന്നര്‍ക്കും ദുഷ്ടജനത്തിനും സമ്പല്‍സമൃദ്ധി ഉണ്ടാവാം അതുകൊണ്ട്‌ സമ്പത്ത്‌ ഒരുവന്റെ മാന്യതയ്ക്ക്‌ നിദാനമൊന്നുമല്ല എന്നു തെളിഞ്ഞു. എന്തൊക്കെയായാലും ധനസമ്പാദനത്തിനുള്ള ഉള്‍ക്കടവാഞ്ഛയുടെ പിടിയില്‍ പ്പെട്ട്‌ ഹൃദയകാഠിന്യം വന്നാല്‍പ്പിന്നെ ആളുകളുടെ സദ്സ്വഭാവത്തിനു മാറ്റമുണ്ടാവുന്നുണ്ട്‌. സ്നേഹഭാവം അപ്രത്യക്ഷമാവുന്നു. ജ്ഞാനസമ്പന്നനായ വിദ്വാന്റെയും, കൃതജ്ഞന്റേയും, രണവീരന്റേയും മൃദുഭാഷിയുടേയും നൈപുണ്യമുള്ളവന്റേയും എന്നുവേണ്ട എല്ലാവരുടേയും ഹൃദയത്തെ ധനം കളങ്കപ്പെടുത്തുന്നു. സമ്പത്തും സന്തോഷവും ഒരുമിച്ചു നിലനില്‍ ക്കുക അസാദ്ധ്യം. ധനികന്‌ ശത്രുക്കളോ തനിക്കെതിരേ ഉപജാപം നടത്തുന്ന എതിരാളികളോ ഇല്ലാതിരിക്കുക എന്നത്‌ ദുര്‍ലഭം. 

സദ്കര്‍മ്മങ്ങളാകുന്ന താമരയ്ക്ക്‌ ധനം രാത്രിയാണ്‌. ദു:ഖമാവുന്ന വെള്ളത്താമരയ്ക്ക്‌ ധനം നിലാവാണ്‌. തെളിഞ്ഞ ഉള്‍ക്കാഴ്ച്ചയാകുന്ന ദീപനാളത്തിനത്‌ കാറ്റാണ്‌. ശത്രുതയാകുന്ന തിരകള്‍ക്കത്‌ ജലപ്രളയം. ചിന്താക്കുഴപ്പത്തെ വര്‍ദ്ധിപ്പിക്കുന്ന കാറ്റാണത്‌. വിഷാദമെന്ന വിഷത്തിനത്‌ ശക്തി കൂട്ടുന്നു. ധനം ദുഷ്ചിന്തകളാകുന്ന സര്‍പ്പമാകുന്നു. അത്‌ ഒരുവന്റെ ദുരിതത്തിനുമേല്‍ ഭയം കൂട്ടിച്ചേര്‍ക്കുന്നു. അനാസക്തിപ്രവണതയ്ക്കുമേല്‍ പ്പതിക്കുന്ന നാശോന്മുഖമായ മഞ്ഞാണത്‌. ദുഷ്ചിന്തകള്‍ക്കത്‌ ഊമനു (നത്ത്‌) രാത്രിപോലെ ഹിതം. ജ്ഞാനചന്ദ്രന്റെ ഗ്രഹണമാണത്‌. ധനത്തിന്റെ സാന്നിദ്ധ്യത്തില്‍ ഒരുവന്റെ സല്‍സ്വഭാവങ്ങള്‍ സങ്കുചിതമാവുന്നു. തീര്‍ച്ചയായും മരണം നേരത്തേതന്നെ നോട്ടമിട്ടു തിരഞ്ഞെടുത്തവനെയാണ്‌ ധനം തേടിത്തിരഞ്ഞെടുക്കുന്നത്‌. എങ്കിലും മഹാമുനേ ഈ ജീവിതകാലം എന്നത്‌ ഒരിലയില്‍ വീണ ജലകണത്തിന്റേതുപോലെ ക്ഷണികം. 


ആത്മജ്ഞാനിക്കുമാത്രമേ ഈ ജീവിതകാലം സഫലമാവുകയുള്ളു. നാം കാറ്റിനെ കീഴടക്കിയേക്കാം, ആകാശത്തെ ഛിന്നഭിന്നമാക്കിയേക്കാം, തിരമാലകള്‍കൊണ്ട്‌ മാലകള്‍ കൊരുത്തേക്കാം. എന്നാല്‍ നമ്മുടെ ആയുസ്സിനെപ്പറ്റി നമുക്ക്‌ യാതൊരുറപ്പും ഇല്ല. മനുഷ്യന്‍ വെറുതേ തന്റെ ആയുസ്സു നീട്ടിക്കിട്ടാന്‍ പരിശ്രമിക്കുന്നു. അതിലൂടെ കൂടുതല്‍ ദു:ഖങ്ങളെ ക്ഷണിച്ചുവരുത്തി സഹനത്തിന്റെ കാലയളവു കൂട്ടുന്നു.

ആത്മജ്ഞാനം ആര്‍ജ്ജിക്കാന്‍ പരിശ്രമിക്കുന്നവന്‍ മാത്രമേ 'ജീവിക്കുന്നുള്ളു'. അതുമാത്രമേ ഈ ജിവിതത്തില്‍ നേടാന്‍ കൊള്ളാവുന്നതായി ഉള്ളു. കാരണം അത്‌ ഭാവിയിലെ ജനനനമരണങ്ങളെ ഇല്ലായ്മ ചെയ്യുന്നു. മറ്റുള്ളവര്‍ കഴുതകളേപ്പോലെ ജീവിതം തുടരുന്നു. 

അജ്ഞാനിക്ക്‌ വേദഗ്രന്ഥങ്ങളിലെ അറിവ്‌ ഭാരം.
ആഗ്രഹങ്ങള്‍കൊണ്ടുള്ളു നിറഞ്ഞവന്‌ ജ്ഞാനം പോലും ഭാരം.
മന:ശാന്തിയില്ലാത്തവന്‌ സ്വന്തം മനസ്സ്‌ ഭാരം.
ആത്മജ്ഞാനമില്ലാത്തവന്‌ ഈ ശരീരവും ആയുസ്സും പോലും ഭാരം.

സമയം എന്ന എലി ആയുസ്സു കരണ്ടു തിന്നുകൊണ്ടേയിരിക്കുന്നു. എല്ലാ ജീവജാലങ്ങളുടേയും പ്രാണനെ അസുഖമാവുന്ന ചിതലരിക്കുന്നു. എലിയെപ്പിടിക്കാന്‍ ജാഗരൂകനായിരിക്കുന്ന ഒരു പൂച്ചയേപ്പോലെ മരണം ജീവന്റെ ആയുസ്സിനുമേല്‍ ദൃഷ്ടിപതിപ്പിച്ച്‌ എപ്പോഴും തയ്യാറായി കാത്തിരിക്കുന്നു. 

Apr 19, 2012

007 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 007


കിം നാമേദം വത സുഖം യേയം സംസാരസംതതി:
ജായതേ മൃതയേ ലോകോ മ്രിയതേ ജനനായ ച (1/12/7)


വിശ്വാമിത്രന്‍ പറഞ്ഞു: അങ്ങിനെയെങ്കില്‍ രാമനോട്‌ ഇവിടെ വരാന്‍ പറയുക. കുമാരന്റെ അവസ്ഥ വെറും മനോവിഭ്രമത്തിനേതല്ല. മറിച്ച്‌ അത്‌ വിജ്ഞാനത്തിന്റേയും നിര്‍വ്വികാരതയുടെയുമാണ്‌. അത്‌ ചൂണ്ടിക്കാട്ടുന്നത്‌ കുമാരന്റെ പ്രബുദ്ധതയെയാണ്‌.. കുമാരനെ വിളിച്ചുകൊണ്ടുവരൂ. ഈ വിഷണ്ണാവസ്ഥയെ നമുക്ക്‌ മാറ്റിയെടുക്കാം.

വാല്‍മീകി പറഞ്ഞു: അപ്പോള്‍ മഹാരാജാവ്‌ രാമനെ വിളിച്ചുകൊണ്ടുവരാന്‍ പള്ളിയറസേവകനോട്‌ കല്‍പ്പിച്ചു. എന്നാല്‍ ഈ സമയം രാമന്‍ സ്വയം അച്ഛനെ മുഖം കാണിക്കാന്‍ എഴുന്നേറ്റുവന്ന് ദൂരെ നിന്നു തന്നെ അച്ഛനേയും മഹര്‍ഷിമാരേയും അഭിവാദ്യം ചെയ്തു. യുവാവായ രാമന്റെ തേജസ്സുറ്റ മുഖത്ത്‌ അവര്‍ വയസ്സിനപ്പുറം പ്രശാന്തമായ ഒരു പക്വത ദര്‍ശിച്ചു. രാജാവിന്റെ കാല്‍ക്കല്‍ വീണ രാമനെ പിതാവ്‌ ആലിംഗനത്തോടെ എഴുന്നേല്‍പ്പിച്ചു. "മകനേ എന്താണു നിന്നെ വ്യാകുലപ്പെടുത്തുന്നത്‌? വിഷാദം മറ്റു ആപത്തുകളെ വിളിച്ചു വരുത്തും എന്നറിയുക". വസിഷ്ഠനും വിശ്വാമിത്രനും രാജാവിന്റെ വാക്കുകള്‍ ശരിവച്ചു.

ശ്രീ രാമന്‍ പറഞ്ഞു: "പൂജ്യരേ ഈ ചോദ്യത്തിനു ഞാന്‍ മറുപടി പറയാം. അച്ഛന്റെ കൊട്ടാരത്തില്‍ അതീവ സന്തോഷവാനായി ഞാന്‍ വളര്‍ന്നു. വിദ്യാഭ്യാസത്തിന്‌ എനിക്കു കിട്ടിയത്‌ അഗ്രഗണ്യരായ ഗുരുവരന്മാരെയാണ്‌.. ഈയിടയ്ക്ക്‌ ഞാന്‍ ഒരു തീര്‍ത്ഥാടനത്തിനു പോയിരുന്നു. ആ സമയത്ത്‌ എന്റെയുള്ളില്‍ കടന്നു കൂടിയ ഒരു ചിന്ത എന്റെയുള്ളിലെ എല്ലാ പ്രത്യാശകളേയും കവര്‍ന്നു കളഞ്ഞു. എന്റെ ഹൃദയം ഇപ്രകാരം ചോദ്യങ്ങള്‍ തുടങ്ങി. "എന്തിനെയാണ്‌ മനുഷ്യര്‍ സുഖം എന്നു പറയുന്നത്‌? വസ്തുക്കള്‍ എപ്പോഴും പരിണാമത്തിനു വിധേയമായ ഈ ലോകത്ത്‌ നിത്യസുഖം സാദ്ധ്യമാണോ? ലോകത്തിലെ എല്ലാ ജീവജാലങ്ങളും ജനിയ്ക്കുന്നതു മരിക്കുവാനല്ലേ? മരിക്കുന്നതോ, വീണ്ടും ജനിക്കുവാനും! ഈ ക്ഷണികമായ പ്രതിഭാസമാണ്‌ എല്ലാ ദു:ഖങ്ങള്‍ക്കും പാപങ്ങള്‍ക്കും ഹേതു. എന്നാല്‍ ഇതിന്റെ അര്‍ത്ഥം എനിക്കു മനസ്സിലാവുന്നില്ല. ബന്ധമൊന്നുമില്ലാത്തവര്‍ കൂടിച്ചേരുമ്പോള്‍ മനസ്സ്‌ അവരുമായി ഒരു ബന്ധുത്വം ഉണ്ടാക്കിയെടുക്കുന്നു. എല്ലാം മനസ്സിനെ, മനസ്ഥിതിയെ, ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ അന്വേഷി ക്കുമ്പോള്‍ നാമറിയുന്നു മനസ്സ്‌ എന്നതും സത്യമായ ഒന്നല്ല എന്ന്. എന്നാല്‍ നാം അതിനാല്‍ മയക്കപ്പെട്ടിരിക്കുകയാണ്‌. മരുഭൂമിയിലെ കാനല്‍ജലത്തിനു പുറകേ നാം ദാഹമടക്കാന്‍ ഓടി നടക്കുന്നു. നാം ആര്‍ക്കും വിറ്റുപോയ അടിമകള്‍ അല്ലെങ്കിലും നാം നയിക്കുന്നത്‌ യാതൊരു സ്വാതന്ത്ര്യവും ഇല്ലാത്ത അടിമകളുടെ ജീവിതമത്രേ. ഈ സത്യം അറിയാതെ ലോകമെന്ന ഈ കാനനത്തില്‍ നാം ലക്ഷ്യമില്ലാതെ അലയുകയാണ്‌. എന്താണീ ലോകം? എന്താണ്‌ ജന്മമെടുത്ത്‌ വളര്‍ന്ന് മരിക്കുന്നത്‌? ഈ സങ്കടാവസ്ഥ എങ്ങിനെയാണവസാനിക്കുക? എന്റെ ഹൃദയത്തില്‍ ദു:ഖത്തിന്റെ ചോര പൊടിയുമ്പോഴും എന്റെ സുഹൃത്തുക്കളുടെ വികാരത്തെ മാനിച്ച്‌ ഞാന്‍ കണ്ണീര്‍ പൊഴിക്കുന്നില്ല".

Apr 18, 2012

006 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 006


നിരസ്താസ്ഥോ നിരാശേസൗ നിരീഹോസൗ നിരാസ്പദ:
ന മൂഠോ ന ച മുക്തോസൗ തേന തപ്യാമഹേ ഭൃശം (1/10/45)


വാല്‍മീകി തുടര്‍ ന്നു: തന്റെ ഗുരുവായ വസിഷ്ഠന്റെ ആഗ്രഹപ്രകാരം ദശരഥന്‍ ഒരു സേവകനോട്‌ ശ്രീരാമനെ സഭയിലേയ്ക്കു കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. സേവകന്‍ മടങ്ങിവന്ന് രാമന്‍ ഉടനെ വന്നുചേരുന്നതാണെന്ന് അറിയിച്ചു. എന്നിട്ടു പറഞ്ഞു: "രാജകുമാരന്‍ ഇപ്പോള്‍ വളരെ വിഷാദവാനായി കാണപ്പെടുന്നു. മാത്രമല്ല ആരുടേയും സാമീപ്യം ഇഷ്ടപ്പെടുന്നുമില്ല" ഇതുകേട്ട്‌ സംഭ്രമത്തോടെ ദശരഥന്‍ രാമന്റെ പള്ളിയറയിലെ സേവകനോട്‌ രാമന്റെ ശാരീരികവും മാനസീകവുമായ പ്രശ്നങ്ങള്‍ എന്താണെന്ന് ചോദിച്ചു. 


സേവകനും ആശങ്കാകുലനായിരുന്നു. അയാള്‍ പറഞ്ഞു: "തീര്‍ത്ഥാടനം കഴിഞ്ഞു വന്നതില്‍പ്പിന്നെ രാജകുമാരനില്‍ എന്തോ വലിയൊരു മാറ്റം കാണുന്നുണ്ട്‌. സ്നാനത്തിലോ പൂജയിലോ താല്‍പ്പര്യം കാണിക്കുന്നില്ല. അന്ത:പുരത്തിലെ ആരുമായും അടുപ്പമില്ല. ആഭരണങ്ങളിലോ വിലപിടിച്ച കല്ലുകളിലോ താല്‍പ്പര്യമില്ല. മനം കവരുന്നതും സന്തോഷമുണ്ടാക്കുന്നതുമായ എന്തു കൊടുത്താലും വിഷാദമാര്‍ന്ന ഒരു നോട്ടമാണു കുമാരന്‌. രാജനര്‍ത്തകിമാരു പോലും അദ്ദേഹത്തിനൊരു ശല്യമാണ്‌. ആഹാരം, നിദ്ര, വിശ്രമം, കുളി, ഇരിപ്പ്‌, കിടപ്പ്‌ എല്ലാം യാന്ത്രീകമായി ഒരു മൂകനെയും ബധിരനേയും പോലെയാണിപ്പോള്‍ ചെയ്യുന്നത്‌. പലപ്പോഴും തന്നോടു തന്നെ പുലമ്പുന്നതു കാണാം. "ഈ സമ്പത്തുകൊണ്ടും ഐശ്വര്യം കൊണ്ടും എന്തുകാര്യം? ശത്രുതയും മിത്രഭാവവും കൊണ്ടെന്തു കാര്യം? ഒന്നും യാദാര്‍ത്ഥ്യമല്ല" എന്നെല്ലാം. മിക്കവാറും സമയം അദ്ദേഹം മൌനത്തിലാണ്‌. വിനോദപരിപാടികളില്‍ തീരെ താല്‍പ്പര്യം കാണിക്കുന്നില്ല. ഏകാന്തതയില്‍ കുമാരന്‍ അഭിരമിക്കുന്നു. സ്വയം ഏതോ ചിന്തയില്‍ മുഴുകിയിരിക്കുന്നു. കുമാരന്‌ എന്താണ്‌ സംഭവിച്ചതെന്നോ എന്താണാ മനസ്സിലെ ചിന്തകളെന്നോ എന്താണദ്ദേഹം ആഗ്രഹിക്കുന്നതെന്നോ നമുക്കറിയാന്‍ കഴിയുന്നില്ല. ദിനം പ്രതി ശരീരം ക്ഷീണിച്ചു വരുന്നു. 

വീണ്ടും വീണ്ടും കുമാരന്‍ പാടുന്നത്‌ ഇതാണ്‌: "കഷ്ടം! ആ പരമപദം പ്രാപിക്കാന്‍ ശ്രമിക്കുന്നതിനു പകരം നാം നമ്മുടെ ഊര്‍ജ്ജം പലവിധത്തില്‍ പാഴാക്കിക്കളയുന്നു. ആളുകള്‍ തങ്ങളുടെ ദു:ഖത്തെപ്രതി ഉറക്കെ കരയുന്നു. തങ്ങള്‍ അഗതികളാണെന്നു വിലപിക്കുന്നു. എന്നാല്‍ ആരും തന്നെ ആ ദു:ഖങ്ങളുടെ മൂലകാരണങ്ങളില്‍ നിന്നും വഴിമാറിപ്പോകാന്‍ കൂട്ടാക്കുന്നില്ല." ഇതുകണ്ട്‌ കുമാരന്റെ എളിയ സേവകരായ ഞങ്ങള്‍ എന്തുചെയ്യണം എന്നറിയാതെ വല്ലാതെ വിഷമിക്കുകയാണ്‌. 'അദ്ദേഹത്തിന്‌ പ്രത്യാശകളില്ല. ആഗ്രഹങ്ങളും. ഒന്നിനോടും മമതയില്ല. ഒന്നിനേയും ആശ്രയിക്കുന്നുമില്ല. അദ്ദേഹത്തിന്‌ മതിഭ്രമമോ ബുധിമാന്ദ്യമോ ഇല്ല. പക്ഷേ അദ്ദേഹം പ്രബോധവാനാണെന്നു പറയാനും വയ്യ.' ചിലസമയം മനസ്സുതളര്‍ന്ന് ആത്മഹത്യാപരമായ ചിന്തകള്‍ ക്കു വശംവദനാവുന്നു: "ഈ സമ്പത്തുകൊണ്ടും അമ്മമാരേക്കൊണ്ടും മറ്റു ബന്ധുജനങ്ങളേക്കൊണ്ടും എന്തു പ്രയോജനം? ഈ രാജ്യം കൊണ്ട്‌ എന്തു പ്രയോജനം? ഈ ലോകത്ത്‌ ഉല്‍ കര്‍ഷേച്ഛ കൊണ്ടും എന്താണു കാര്യം?" 


പ്രഭോ അങ്ങേയ്ക്കു മാത്രമേ കുമാരന്റെ ഈ അവസ്ഥയ്ക്കു പരിഹാരം കണ്ടുപിടിക്കുവാനാവൂ.

Apr 17, 2012

005 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 005


കാലേ കാലേ പ്രഥഗ്ബ്രഹ്മൻ ഭൂരിവീര്യവിഭൂതയ:
ഭൂതേഷ്വഭ്യുദയം യാന്തി പ്രലീയന്തേ ച കാലത:  (1/8/29)


വാല്‍മീകി തുടര്‍ ന്നു: ദശരത്ഥ മഹാരാജന്റെ വാക്കുകള്‍ കേട്ട്‌ സം പ്രീതനായ വിശ്വാമിത്രന്‍ തന്റെ ആഗമനോദ്ദേശം അറിയിച്ചു. "മഹാരാജന്‍, ഞാന്‍ നടത്തുന്ന ഒരു യാഗം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ എനിയ്ക്ക്‌ അങ്ങയുടെ സഹായം ആവശ്യമുണ്ട്‌. ഞാന്‍ യാഗം ചെയ്യുന്നിടത്ത്‌ രാക്ഷസരായ ഖരന്റേയും ദൂഷണന്റേയും അനുയായികള്‍ അതിക്രമിച്ചുവന്ന് യജ്ഞകുണ്ഡം മലിനമാക്കുന്നു. യാഗത്തിന്റെ വ്രതവിധിപ്രകാരം അവരെ എനിയ്ക്കു ശപിക്കാനും വയ്യ. അങ്ങേയ്ക്ക്‌ എന്നെ സഹായിക്കാന്‍ കഴിയും. അങ്ങയുടെ പുത്രന്‍ രാമന്‌ ഈ ദുഷ്ടപ്പരിശകളെ നിഷ്പ്രയാസം നേരിട്ടു നശിപ്പിക്കാന്‍ സാധിക്കും. ഇതിനു പകരമായി ഞാന്‍ രാമന്‌ പലേവിധങ്ങളായ അനുഗ്രഹങ്ങളും നല്‍കാം. അത്‌ താങ്കള്‍ക്ക്‌ ഉന്നതമായ പ്രശസ്തിയെ പ്രദാനം ചെയ്യും. മകനോടുള്ള മമതകൊണ്ട്‌ അങ്ങ്‌ സ്വന്തം കര്‍ത്തവ്യത്തെ മറക്കാനിടവരുത്തരുത്‌... ഈ ലോകത്ത്‌ മഹാന്മാര്‍ ആരും തന്റെ കഴിവിനനുസരിച്ചേ സമ്മാനങ്ങള്‍ നല്‍കൂ. അങ്ങ്‌ ശരി എന്നു പറഞ്ഞാല്‍ ആ നിമിഷം രാക്ഷസന്മാര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു എന്നു ഞാന്‍ കണക്കാക്കും. കാരണം രാമന്‍ ആരെന്ന് എനിയ്ക്കറിയാം. ഈ വസിഷ്ഠമുനിയ്ക്കും സഭയിലെ മറ്റു മഹാന്മാര്‍ക്കും അതറിയാം. ഇനി ഒട്ടും താമസമരുത്‌. മഹാരാജന്‍, രാമനെ എന്റെകൂടെ അയച്ചാലും."

മഹര്‍ഷിയുടെ ഈ അനഭിമതമായ ആവശ്യംകേട്ട്‌ രാജാവ്‌ സ്തബ്ധനായിപ്പോയി. അല്‍പ്പനേരം കഴിഞ്ഞ്‌ അദ്ദേഹം പറഞ്ഞു: "ഭഗവന്‍, രാമന്‌ വെറും പതിനാറു വയസ്സേ ആയിട്ടുള്ളു. യുദ്ധത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത കൈവന്നിട്ടില്ല. മാത്രമല്ല ഇതുവരെ അവന്‍ ഒരു യുദ്ധം കണ്ടിട്ടുകൂടിയില്ല. രാമനുപകരം എന്നോട്‌ ആജ്ഞാപിച്ചാലും. ഞാനും എന്റെ സൈന്യവും അങ്ങയുടെ ആജ്ഞാനുസാരം രാക്ഷസരെ സമൂലം ഇല്ലായ്മ ചെയ്തുകൊള്ളാം. എനിയ്ക്കു രാമനെ വിട്ടുതരാന്‍ വയ്യ. ഞാന്‍ രാവണന്‍ എന്ന പേരുള്ള അതീവശക്തിശാലിയായ ഒരു രാക്ഷസനെപ്പറ്റി കേട്ടിട്ടുണ്ട്‌. അയാളാണോ ഈ യാഗങ്ങളെ മുടക്കുന്നത്‌? എന്നാല്‍ ഒരു വിധത്തിലും അങ്ങയെ സഹായിക്കാന്‍ എനിക്കാവില്ല. കാരണം ദേവന്മാര്‍ പോലും അയാള്‍ക്കെതിരേ പൊരുതാന്‍ അശക്തരാണ്‌.. ചില കാലങ്ങളില്‍ അങ്ങിനെയുള്ള അതിശക്തരായ സത്വങ്ങള്‍ ഈ ഭൂമിയില്‍ ജനിക്കുന്നു. കാലക്രമേണ അവ ഇഹലോകവാസം വെടിയുകയും ചെയ്യുന്നു."

വിശ്വാമിത്രന്‍ പെട്ടെന്നു ക്രോധിഷ്ഠനായതുകണ്ട്‌ വസിഷ്ഠമുനി ഇടപെട്ട്‌ ശ്രീരാമനെ വിശ്വാമിത്രന്റെ കൂടെ അയക്കാന്‍ രാജാവിനെ ഉപദേശിച്ചു. "ഒരു രാജാവ്‌ താന്‍ കൊടുത്ത വാഗ്ദ്ദാനത്തില്‍ നിന്നും ഒരിക്കലും പിന്മാറരുത്‌.. ധര്‍മ്മനിഷ്ഠയില്‍ രാജാവ്‌ എല്ലാവര്‍ക്കും മാതൃകയായിരിക്കണം. തീര്‍ച്ചയായും വിശ്വാമിത്രന്റെ കൂടെ രാമന്‍ സുരക്ഷിതനാണെന്നറിയുക. അദ്ദേഹം പ്രബലന്‍ മാത്രമല്ല അനേകം അജയ്യങ്ങളായ ദിവ്യാസ്ത്രങ്ങള്‍ കൈവശമുള്ളയാളുമാണ്‌". 

Apr 16, 2012

004 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 004


കോപം വിഷാദകലനാം വിതതം ച ഹർഷം
നാൽ പേന കാരണവശേന വഹന്തി സന്ത:
സർഗേണ സംഹൃതിജവേന വിനാ ജഗത്യാം 
ഭൂതാനി ഭൂപ ന മഹാന്തി വികാരവന്തി. (1/5/15)


വാല്‍മീകി തുടര്‍ ന്നു: കൊട്ടാരത്തില്‍ മടങ്ങിയെത്തിയ ശ്രീരാമന്‍ അച്ഛനേയും വസിഷ്ഠമുനിയേയും മറ്റു മുതിര്‍ന്നവരേയും സന്യാസികളേയും വന്ദിച്ചു. അയോദ്ധ്യാനഗരി എട്ടുദിവസത്തേയ്ക്ക്‌ ഒരുത്സവമായിതന്നെ രാമന്റെ തീര്‍ത്ഥാടനപൂര്‍ത്തി കൊണ്ടാടി. കുറച്ചുകാലം ശ്രീരാമന്‍ നിത്യകര്‍മ്മങ്ങളുമായി കൊട്ടാരത്തില്‍ കഴിഞ്ഞുകൂടി. എന്നാല്‍ അധികം താമസിയാതെ അദ്ദേഹത്തില്‍ നിഗൂഢമായ കുറേ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ശരീരം ക്ഷീണിച്ചുണങ്ങി. അവശതയും വിളര്‍ച്ചയും മുഖത്തുകാണപ്പെട്ടു. ദശരഥമഹാരാജാവ്‌ മകന്റെ അപ്രതീക്ഷിതമായ ഈ മാറ്റത്തിലും സ്വഭാവത്തിലും ആശങ്കാകുലനായി. ശാരീരികമായി എന്തുപറ്റിയെന്ന അച്ഛന്റെ ചോദ്യത്തിന്‌ 'ഒരു കുഴപ്പവുമില്ല' എന്ന മറുപടിയാണ്‌ രാമന്‍ നല്‍കിയത്‌. ദശരഥന്‍ ചോദിച്ചു: "മകനേ നിന്നെ അലട്ടുന്ന കാര്യം എന്താണ്‌?" "ഒന്നുമില്ല അച്ഛാ", രാമന്‍ പറഞ്ഞു. 


സ്വാഭാവികമായും രാജാവ്‌ വസിഷ്ഠമുനിയുടെ ഉപദേശം തേടി. വസിഷ്ഠന്‍ പറഞ്ഞു: "തീര്‍ച്ചയായും രാമന്റെ ഈ സ്വഭാവ മാറ്റത്തിനു ചില കാരണങ്ങള്‍ ഉണ്ട്‌. ഈ ലോകത്ത്‌ ഏതൊരു മഹത്‌കാര്യങ്ങളും നടക്കുന്നതിനു മുന്‍പ്‌ അതിനു ഹേതുവായ കാരണങ്ങള്‍ ഉണ്ടാവണം - പ്രപഞ്ചത്തിന്റെ ആധാരമായാലും, മഹാന്മാരുടെയുള്ളില്‍ ദു:ഖം, വിഷാദം, ആഹ്ലാദം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാവുന്നതായാലും ഉചിതമായ കാരണങ്ങള്‍ കൂടാതെ ഒന്നും സംഭവിക്കുകയില്ല."

ദശരഥന്‍ വീണ്ടും അതേപറ്റി അന്വേഷിക്കാന്‍ തുനിഞ്ഞില്ല. എന്നാല്‍ അധികം താമസിയാതെ ലോകപ്രശസ്തനായ വിശ്വാമിത്രമഹാമുനി കൊട്ടാരത്തില്‍ വന്നു ചേര്‍ന്നു. രാജാവ്‌ മഹര്‍ഷിയെ സ്വീകരിക്കാന്‍ ഓടിച്ചെന്നു."മഹര്‍ഷേ അങ്ങേയ്ക്ക്‌ സുസ്വാഗതം. ഈ ഗൃഹത്തില്‍ അങ്ങയുടെ എഴുന്നള്ളത്ത്‌ എനിയ്ക്കെത്ര സന്തോഷപ്രദമാണെന്നോ?. അന്ധനു കാഴ്ച്ച പോലെയും വരണ്ട ഭൂമിയിലെ മഴപോലെയും അനപത്യയ്ക്കു പുത്രലാഭം പോലെയും, മരിച്ചവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പു പോലെയും, നഷ്ടപ്പെട്ട നിധി തിരിച്ചു കിട്ടുമ്പോലെയുമാണ്‌ അങ്ങയുടെ ആഗമനം. മഹാമുനേ ഞാന്‍ അങ്ങേയ്ക്കുവേണ്ടി എന്താണു ചെയ്യേണ്ടത്‌? അങ്ങേയ്ക്ക്‌ എന്താവശ്യമുണ്ടെങ്കിലും ആയത്‌ നടത്തിക്കഴിഞ്ഞു എന്നു തന്നെ കരുതുക. അങ്ങെന്റെ ആരാധാനാമൂര്‍ത്തിയാണ്‌. അവിടുത്തെ ആജ്ജ്ഞയാണ്‌ എനിക്കു ഹിതം. ദയവായി പറഞ്ഞാലും."

Apr 15, 2012

003 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 003


ഭ്രഹ്മസ്യ ജഗതസ്യാസ്യ ജതസ്യാകാശവർണവത്
അപുന: സ്മരണം മന്യേ സാധോ വിസ്മരണം വരം (1.3.2)


വാല്‍മീകി തുടര്‍ന്നു: "ആകാശത്തിന്റെ നീലിമ ഒരു ദൃശ്യ സംഭ്രമം മാത്രമാണെന്നതുപോലെ ഈ കാണപ്പെടുന്ന ലോകം ആകെ ചിന്താക്കുഴപ്പം പിടിച്ചതാണ്‌. ആയതിനാല്‍ എനിക്കു തോന്നുന്നത്‌ ഈ ലോകത്തിനെപ്പറ്റി അധികം വിചിന്തനം ചെയ്ത്‌ മനസ്സു ഭ്രമിപ്പിക്കുന്നതിനു പകരം അതിനെ നമ്മുടെ ചിന്തയില്‍പ്പെടുത്താതിരിക്കുകയാണു നല്ലത്‌ എന്നാണ്‌." 

ഇക്കാണപ്പെടുന്ന പ്രപഞ്ചം യാഥാര്‍ത്ഥ്യമല്ലെന്ന ഉറച്ച ബോധം ഉള്ളില്‍ അങ്കുരിച്ചു വളര്‍ന്നുനിറഞ്ഞാലല്ലാതെ നമുക്ക്‌ ദു:ഖനിവൃത്തിയോ ഉണ്മയുടെ സാക്ഷാത്കാരമോ സാദ്ധ്യമല്ല. യോഗവാസിഷ്ഠം  അതീവ ശ്രദ്ധയോടെ പഠിച്ചാല്‍ ഈ ബോധം നമ്മില്‍ വളര്‍ത്തിയുറപ്പിക്കാന്‍ സാധിക്കും. അങ്ങിനെ നാം അനുഭവിക്കുന്ന ഈ ദൃശ്യ-വസ്തു പ്രപഞ്ചം എന്നത്‌ ഉണ്മയില്‍ അസ്ഥിരമായ വസ്തുവിനെ കണ്ടുവെന്നു തോന്നുന്ന വെറും വിഭ്രാന്തി മാത്രമാണെന്നുള്ള ദൃഢബോധം നമ്മിലുണ്ടാവും. ഈ ഗ്രന്ഥം പഠിക്കാത്ത ഒരുവന്റെയുള്ളില്‍ അനേകലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഈ ജ്ഞാനം ഉണരുകയില്ല.

മോക്ഷം എന്നത്‌ നമ്മിലുള്ള എല്ലാ 'വാസന'കളേയും സമൂലം നീക്കം ചെയ്യുക എന്നതാണ്‌. ഈ വാസനകളാകട്ടെ രണ്ടു തരത്തിലാണ്‌. ഒന്ന് പരിശുദ്ധവും പുണ്യപ്രദവും ആകുമ്പോള്‍ മറ്റേത്‌ അശുദ്ധവും പാപജന്യവും ആണ്‌. പാപ വാസനകള്‍ ജനനഹേതുവാകുമ്പോള്‍ പുണ്യവാസനകള്‍ മോക്ഷഹേതുവാണ്‌. അശുദ്ധവാസനകള്‍ അജ്ഞാനത്തേയും  അഹങ്കാരത്തേയും വളര്‍ത്തി പുനര്‍ജന്മങ്ങള്‍ക്കു ബീജമായിത്തീരുന്നു. ഈ വാസനാ ബീജങ്ങളെ തീര്‍ത്തും ഉപേക്ഷിച്ചാല്‍ ശരീരത്തെ നിലനിര്‍ത്തുവാന്‍ വേണ്ട പരിശുദ്ധ മനോപാധികള്‍ മാത്രം ബാക്കിയാവുന്നു. ജീവന്‍ മുക്തരായവരില്‍ പോലും ഇത്തരം വാസനകള്‍ നിലനില്‍ക്കുന്നുണ്ട്‌. ഇവ പുനര്‍ജന്മത്തിനു കാരണമാകുന്നില്ല. എന്തെന്നാല്‍, അവ നിലനില്‍ ക്കുന്നത്‌ ഭൂതകാലകര്‍മ്മങ്ങളുടെ സംവേഗശക്തിയാലാണ്‌- ഇപ്പോഴത്തെ കര്‍മ്മങ്ങളുടെ പ്രേരണയാല്‍ അല്ല എന്നര്‍ത്ഥം. ശ്രീരാമന്‍ ഒരു മുക്തതാപസനേപ്പോലെ പ്രബുദ്ധമായ ജീവിതം നയിച്ച കഥ ഞാനിനി പറഞ്ഞുതരാം. ജനനമരണസംബന്ധിയായ എല്ലാ തെറ്റിദ്ധാരണകളും നീക്കാന്‍ നിനിക്കീ അറിവുതകും. 

ഗുരുകുലത്തിലെ പഠനശേഷം ശ്രീരാമന്‍ അച്ഛന്റെ കൊട്ടാരത്തില്‍ പലവിധ വിനോദങ്ങളില്‍ ഏര്‍പ്പെട്ട്‌ കഴിഞ്ഞുവന്നു. ഒരു ദിവസം തന്റെ ദേശം മുഴുവന്‍ കാണാനുള്ള ആഗ്രഹത്തോടെ ശ്രീരാമന്‍ അച്ഛനോട്‌ തീര്‍ഥാടനത്തിനുള്ള അനുവാദം ചോദിച്ചു. മഹാരാജാവ്‌ ശുഭമായ ഒരുദിനം തിരഞ്ഞെടുത്തു. ആ ദിവസം കുടുംബത്തിലെ മുതിര്‍ന്നവരുടെ സ്നേഹപൂര്‍ണ്ണമായ അനുവാദാശീര്‍വാദങ്ങളോടെ രാമന്‍ യാത്ര പുറപ്പെട്ടു. രാമനും അനുജന്മാരും ഹിമാലയം മുതല്‍ താഴോട്ട്‌ രാജ്യമെല്ലാം ചുറ്റിക്കണ്ട്‌ തലസ്ഥാനത്ത്‌ മടങ്ങിയെത്തി. അതുകണ്ട്‌ രാജ്യവാസികള്‍ അതീവസന്തുഷ്ടരായി.

Apr 14, 2012

002 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 002

അഹം ബദ്ധോ വിമുക്ത: സ്യാമിതി യസ്യാസ്തി നിശ്ചയ:
നാത്യന്തമജ്ഞോ നോ തജ്ജ്ഞ: സോസ്മിൻച്ഛാസ്ത്രേധികാരവാൻ (1.2.2)

വാല്‍മീകി പറഞ്ഞു: "ഞാന്‍ ബദ്ധനാണ്‌ എന്ന തോന്നലും, എനിയ്ക്കു മുക്തി വേണം എന്ന  ആഗ്രഹവുമുള്ളവര്‍ക്കു  പഠിക്കാനുള്ളതാണ്‌ ശ്രീരാമ-വസിഷ്ഠ  സംഭാഷണരൂപ ത്തിലുള്ള  ഈ ഗ്രന്ഥം. തികഞ്ഞ അജ്ഞാനിക്കും പൂര്‍ണ്ണവിജ്ഞാനിക്കും ഇതുകൊണ്ട്‌ പ്രയോജനമില്ല."  ഈ ഗ്രന്ഥത്തില്‍ കഥാരൂപത്തില്‍ പ്രതിപാദിച്ചിട്ടുള്ള മോക്ഷമാര്‍ഗ്ഗങ്ങളേപ്പറ്റി വിചിന്തനം ചെയ്യുന്നവര്‍ ജനന മരണചക്രം എന്ന തുടര്‍ക്കഥയില്‍ നിന്നു വിടുതല്‍ നേടുന്നു.

ഞാന്‍ രാമകഥ നേരത്തേ തന്നെ രചിച്ചതും എന്റെ ശിഷ്യനായ ഭരദ്വാജന്‌ ചൊല്ലിക്കൊടുത്തതുമാണ്‌. ഒരിക്കല്‍ മേരുപര്‍വ്വതത്തില്‍ സന്ദര്‍ശനത്തിനുപോയപ്പോള്‍ അദ്ദേഹം സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്‌ ആ കഥ പറഞ്ഞുകൊടുത്തു. കഥയില്‍ അതീവസന്തുഷ്ടനായ ബ്രഹ്മാവ്‌ ഭരദ്വാജന്‌ ഒരു വരം നല്‍കി. ഭരദ്വാജന്‍ ആവശ്യപ്പെട്ട വരം ഇതാണ്‌. "എല്ലാ മനുഷ്യര്‍ക്കും അവരുടെ സന്താപങ്ങളില്‍ നിന്നും മുക്തിയുണ്ടാവണം. ഇതു നേടാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗം പറഞ്ഞു തരികയും വേണം"

ബ്രഹ്മാവു പറഞ്ഞു: "വാല്‍മീകി മഹര്‍ഷിയുടെ അടുക്കല്‍ പോയി അദ്ദേഹത്തോട്‌ ശ്രോതാക്കളുടെ അജ്ഞാനാന്ധകാരം നീങ്ങും വിധത്തില്‍ ശ്രീരാമ കഥാ കഥനം തുടരാന്‍ അഭ്യര്‍ത്ഥിക്കുക." അതുകൊണ്ടും പൂര്‍ണ്ണതൃപ്തനാവാതെ ബ്രഹ്മാവ്‌ ഭരദ്വാജനുമൊത്ത്‌ എന്റെ ആശ്രമത്തില്‍ വന്നു. എന്റെ ഉപചാരങ്ങള്‍ സ്വീകരിച്ചശേഷം അദ്ദേഹം പറഞ്ഞു: "മഹാമുനേ അങ്ങ്‌ രചിച്ച രാമകഥ മനുഷ്യന്‌ സംസാരസാഗരം കടക്കുവാനുള്ള തോണിയായിത്തീരും. അതിനാല്‍ വിജയകരമായി കഥാ രചന പൂര്‍ത്തിയാക്കിയാലും". ഇത്രയും പറഞ്ഞ്‌ സൃഷ്ടികര്‍ത്താവ്‌ അപ്രത്യക്ഷനായി. അപ്രതീക്ഷിതമായി ബ്രഹ്മാനുശാസനം കിട്ടിയതുകൊണ്ട്‌ ചിന്താക്കുഴപ്പത്തിലായ ഞാന്‍ ബ്രഹ്മാവ്‌ എന്താണു കല്‍പ്പിച്ചതെന്ന് ഒന്നുകൂടി പറഞ്ഞുതരാന്‍ ഭരദ്വാജനോട്‌ അഭ്യര്‍ത്ഥിച്ചു. 

ഭരദ്വാജന്‍ പറഞ്ഞു: "സകലര്‍ക്കും ദു:ഖത്തിന്റെ മറുകരയെത്താന്‍ ഉതകും വിധം ശ്രീരാമന്റെ കഥ പറയുവാനാണ്‌ ബ്രഹ്മദേവന്‍ ആവശ്യപ്പെട്ടത്‌. ഞാനും അഭ്യര്‍ത്ഥിക്കുന്നു പ്രഭോ, രാമ ലക്ഷ്മണന്മാരും മറ്റു ഭ്രാതാക്കളും എങ്ങിനെയാണ്‌ ദു:ഖനിവാരണം നടത്തിയതെന്ന് വിശദമായി പറഞ്ഞു തന്നാലും."  അങ്ങിനെ രാമലക്ഷ്മണന്മാരും, മറ്റു ഭ്രാതാക്കളും അച്ഛനമ്മമാരും രാജസഭയിലുള്ള മറ്റുള്ളവരും മുക്തിപദം പ്രാപിച്ചതിന്റെ രഹസ്യം ഞാന്‍ അനാവരണം ചെയ്തു. എന്നിട്ട്‌ ഭരദ്വാജനോട്‌ പറഞ്ഞു: "കുഞ്ഞേ നിനക്കും അവരേപ്പോലെ ജീവിച്ച്‌ ഇപ്പോള്‍ , ഇവിടെ വച്ച്‌, ദു:ഖനിവൃത്തി നേടാം."

Apr 13, 2012

001 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 001

ഭാഗം 1. വൈരാഗ്യ പ്രകരണം ആരംഭം 

ഉഭാഭ്യാമേവ പക്ഷാഭ്യാം യതാ ഖേ പക്ഷിണാം ഗതി:
തഥൈവ ജ്ഞാനകർമ്മഭ്യാം ജായതേ പരമം പദം (1.1.7)


ഋഷിവര്യനായ അഗസ്ത്യനോട്‌ സുതീക്ഷ്ണമുനി ചോദിച്ചു: "മാമുനേ മുക്തിലാഭത്തിനായി ഏറ്റവും ശ്രേഷ്ഠമായത്‌ കര്‍മ്മമാര്‍ഗ്ഗമാണോ അതോ ജ്ഞാനമാര്‍ഗ്ഗമോ? ദയവായി പറഞ്ഞു തന്നാലും".

അഗസ്ത്യമുനി മറുപടി അരുളി: "പക്ഷികള്‍ക്ക്‌ പറക്കാന്‍ രണ്ടു ചിറകുകള്‍ ആവശ്യമുള്ളതുപോലെ കര്‍മ്മവും ജ്ഞാനവും സമ്യക്കായി വര്‍ത്തിക്കുമ്പോഴാണ്‌ പരമ ലക്ഷ്യമായ മോക്ഷം സാദ്ധ്യമാവുക. കര്‍മ്മം മാത്രമായോ ജ്ഞാനം മാത്രമായോ മോക്ഷം സാദ്ധ്യമല്ല തന്നെ. രണ്ടും വേണ്ട പോലെചേര്‍ന്നാല്‍ മാത്രമേ നാം മോക്ഷത്തിലേയ്ക്കു നയിക്കപ്പെടൂ". 

അങ്ങയുടെ ചോദ്യത്തിനുത്തരമായി ഞാന്‍ ഒരു കഥ പറയാം. ഒരിടത്ത്‌ അഗ്നിവേശന്റെ പുത്രനായി കാരുണ്യ എന്നൊരുവന്‍ ഉണ്ടായിരുന്നു. ഈ ചെറുപ്പക്കാരന്‌ ശാസ്ത്രങ്ങള്‍ എല്ലാം പഠിച്ചു സാരം ഹൃദിസ്ഥമാക്കിയതിന്റെ പരിണിതഫലമായി ജീവിതത്തോട്‌ ഒരു തരം ഉദാസീനത ഉണ്ടാവാനിടയായി. കാരുണ്യയോട്‌ എന്തുകൊണ്ടാണ്‌ തന്റെ നിയതകര്‍മ്മങ്ങളില്‍ വീഴ്ച വരുത്തുന്നതെന്ന് അഗ്നിവേശന്‍ ചോദിക്കവേ അയാള്‍ പറഞ്ഞു: "ചില വേദശാസ്ത്രങ്ങള്‍ പ്രകാരം ഒരുവന്‍ തന്റെ കര്‍മ്മങ്ങള്‍ ശാസ്ത്രോക്തമായി കൃത്യമായിത്തന്നെ മരണം വരെയും ചെയ്തുകൊണ്ടേയിക്കണമെന്ന് പറയുന്നുണ്ടല്ലോ. മറ്റു ചില ശാസ്ത്രങ്ങളില്‍ കര്‍മ്മത്യാഗംകൊണ്ടു മാത്രമേ അമര്‍ത്ത്യത കൈവരുകയുള്ളു എന്നാണു പറയുന്നത്‌. ഈ രണ്ടു മതങ്ങളില്‍ ഏതാണ്‌ എനിക്ക്‌ ശുഭകരം? ഞാന്‍ എന്തുചെയ്യണമെന്ന് പറഞ്ഞു തന്നാലും. അങ്ങ്‌ എന്റെ പിതാവും ഗുരുവുമാണല്ലോ".

അഗ്നിവേശന്‍ പറഞ്ഞു: ഞാന്‍ നിനക്കൊരു കഥ പറഞ്ഞുതരാം. അതു കേട്ടിട്ട്‌ അതിലെ ഗുണാഗുണങ്ങള്‍ സ്വയം വിശകലനം ചെയ്ത്‌ നിനക്കിഷ്ടം പോലെ ഒരു തീരുമാനത്തില്‍ എത്താം. ഒരിക്കല്‍ ദേവസുന്ദരിയായ സുരുചി ഹിമാലയ പര്‍വ്വതശിഖരങ്ങളിലൊന്നില്‍ ഇരിക്കുമ്പോള്‍ ഇന്ദ്രന്റെ സന്ദേശവാഹകരിലൊരാള്‍ ആകാശമാര്‍ഗ്ഗേ പോകുന്നതു കണ്ടു. എന്താണ്‌ അയാളുടെ യാത്രോദ്ദേശം എന്ന് സുരുചി ചോദിച്ചതിനു മറുപടിയായി അയാള്‍ പറഞ്ഞു: ഗന്ധമാദന പര്‍വ്വതത്തില്‍ ഒരിടത്ത്‌ അരിഷ്ടനേമി എന്നൊരാള്‍ തന്റെ രാജ്യമെല്ലാം പുതനു നല്‍കിയിട്ടു വന്ന് തീവ്രമായ തപസ്സിലേര്‍പ്പെട്ടിരിക്കുന്നു. ഇന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ അപ്സരസ്ത്രീകളേയും കൂട്ടി ആ രാജര്‍ഷിയെ സ്വര്‍ഗ്ഗത്തിലേയ്ക്ക്‌ കൊണ്ടുപോവാനായി അവിടെ ചെന്നു. സ്വര്‍ഗ്ഗത്തിന്റെ ഗുണദോഷങ്ങളെപ്പറ്റി രാജര്‍ഷി എന്നോട്‌ ചോദിച്ചറിഞ്ഞു. "സ്വര്‍ഗ്ഗത്തില്‍ ഉത്തമജീവിതം നയിച്ചവരേയും മധ്യമാര്‍ഗ്ഗികളേയും അധമജീവിതം നയിച്ചവരേയും അവരവരുടെ കര്‍മ്മഗുണമനുസരിച്ചുള്ള അനുഭവങ്ങള്‍ക്കു വിധേയരാക്കിയ ശേഷം അതത്‌ കര്‍മ്മനുസാരിയായ ഫലങ്ങള്‍ അനുഭവിച്ചു തീരുമ്പോള്‍ അവരെ മര്‍ത്ത്യലോകത്തിലേയ്ക്കു തിരികെ അയക്കുകയാണു ചെയ്യുന്നത്‌". ഇതുകേട്ട്‌ സ്വര്‍ഗ്ഗവാസത്തിനായുള്ള ഇന്ദ്രന്റെ ക്ഷണം രാജര്‍ഷിയായ അരിഷ്ടനേമി സ്വീകരിച്ചില്ല. ഇന്ദ്രന്‍ ഒരിക്കല്‍ കൂടി ഋഷിക്കൊരു സന്ദേശവുമായി എന്നെ അയച്ചു. ക്ഷണം പൂര്‍ണ്ണമായി നിരസിക്കും മുന്‍പ്‌ മഹര്‍ഷി വാല്‍മീകിയോട്‌ പര്യാലോചിക്കുന്നത്‌ ഉചിതമായിരിക്കും എന്ന് അദ്ദേഹത്തെ അറിയിക്കാനാണ്‌ ഞാന്‍ പോയത്‌. രാജര്‍ഷി വാല്‍മീകിയോട്‌ ചോദിച്ചു: "ജനന മരണങ്ങളില്‍ നിന്നു മുക്തി നേടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമെന്താണ്‌?" ഇതിനുത്തരമായി ശ്രീരാമനും  വ്സിഷ്ഠമുനിയുമായി   ഉണ്ടായ സംഭാഷണം വാല്‍മീകി വിവരിച്ചു പറഞ്ഞു കൊടുത്തു.

000 യോഗവാസിഷ്ഠം നിത്യപാരായണം - ആമുഖം

ഹരി: ഓം. ശ്രീ ഗുരുഭ്യോ നമ:

hnhÀ¯\w: tUm. F. ]n. kpæamÀ

ആമുഖം 

യോഗവാസിഷ്ഠം എന്ന ഈ വേദശാസ്ത്രം ആത്മീയതയേയും തത്വവിചാരത്തേയും കുറിച്ച്‌ ഇതുവരെ എഴുതിയിട്ടുള്ളതില്‍ ഏറ്റവും വിപുലമായ ഒരു മഹത്ഗ്രന്ഥമാണ്‌.. ഇതിന്റെ വലുപ്പം കാരണം സമയവും ക്ഷമയുമില്ലാത്തവ രുടെ ഉപയോഗത്തിനായി പല വിദ്വാന്മാരും ഈ കൃതിയിലെ ആശയങ്ങള്‍ ചുരുക്കി വിവരിച്ച്‌ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സ്വാമി ശിവാനന്ദ മഹാരാജിന്റെ ഉത്തമശിഷ്യരില്‍ ഒരാളായ സ്വാമി വെങ്കിടേശാനന്ദ രണ്ടു ഭാഗങ്ങളിലായി യോഗവാസിഷ്ഠം നിത്യപാരായണ രീതിയില്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. അതായത്‌ ഒരു ദിവസം ഒരു പുറം എന്നമട്ടില്‍ ഒരു വര്‍ഷം കൊണ്ട്‌ ഒന്നാം ഭാഗവും രണ്ടാം വര്‍ഷം രണ്ടാമത്തെ ഭാഗവും വായിച്ചു പഠിക്കാവുന്ന് രീതിയിലാണ്‌ ഇതു ക്രമീകരിച്ചിരിക്കുന്നത്‌.  നേരത്തെ പ്രസിദ്ധീകരിച്ച  ഭാഗവതം നിത്യപാരായണം (link) പ്രചുര പ്രചാരം നേടിയിട്ടുണ്ട്.

സമര്‍പ്പണം

ഈ ഗ്രന്ഥം എന്റെ ഗുരുനാഥന്‍ സ്വാമി ശിവാനന്ദയ്ക്ക്‌ സമര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം "ഞാന്‍ നിരന്തരം പരമസച്ചിദാനന്ദസ്വരൂപം മാത്രമാണെന്ന് പാടുന്ന ഒരു സിംഫണിയായിരുന്നു. സ്വാമി ശിവാനന്ദ, പരമയോഗത്തെ മൂര്‍ത്തീകരിക്കാന്‍ എന്റെ മുന്നില്‍ വസിഷ്ഠന്റെ  പുനരവതാരമായി.
               ----ഗുരുദേവന്റെ പാദധൂളിയായ സ്വാമി വെങ്കിടേശാനന്ദ

അവതാരിക
വിദ്വാന്മാര്‍ ഈ ബൃഹദ്ഗ്രന്ഥത്തിന്റെ രചയിതാവിനെപ്പറ്റി പല അനുമാനങ്ങളും ഊഹിച്ചു പറയുന്നുണ്ട്‌.. അവയെല്ലാം ഗവേഷണവിഷയങ്ങളായതുകൊണ്ട്‌ എല്ലാ ഗവേഷണകുതുകികള്‍ ക്കും ഞാന്‍ വിജയമാശംസിക്കുന്നു.

യോഗവാസിഷ്ഠം ആത്മസാക്ഷാത്കാരത്തിന്‌ ഏറ്റവും സഹായകരമായ സത്യത്തിന്റെ നേരനുഭവമത്രേ. അതാണ്‌ നിങ്ങള്‍ തേടുന്നതെങ്കില്‍ യോഗവാസിഷ്ഠത്തിലേയ്ക്കു സുസ്വാഗതം. ഇതില്‍ പലകാര്യങ്ങളും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും അവ ആവര്‍ത്തനവിരസങ്ങളല്ല. നിങ്ങള്‍ക്ക്‌ ഇങ്ങിനെയുള്ള   ആവര്‍ത്തനം പ്രിയമല്ല എന്നുണ്ടെങ്കില്‍ ഈ ഒരു ശ്ലോക സംഗ്രഹം  മാത്രം വേണ്ടപോലെ പഠിച്ചാല്‍ മതി. " ആകാശത്തിന്റെ നീലിമ ഒരു ദൃശ്യസംഭ്രമം മാത്രമാണെന്നതുപോലെ ഈ കാണപ്പെടുന്ന ലോകം ആകെ ചിന്താക്കുഴപ്പം പിടിച്ചതാണ്‌ - അതിനാല്‍ എനിക്കു തോന്നുന്നത്‌ ഈ ലോകത്തിനെപ്പറ്റി അധികം വിചിന്തനം ചെയ്ത്‌ മനസ്സു ഭ്രമിപ്പിക്കുന്നതിനു പകരം അതിനെ നമ്മുടെ ചിന്തയില്‍ പ്പെടുത്താതിരിക്കുകയാണു നല്ലത്‌ എന്നാണ്‌.".  ഈ ശ്ലോകം പലയിടത്തും ആവര്‍ത്തിച്ചു കൊടുത്തിട്ടുണ്ട്‌. കാരണം യോഗവാസിഷ്ഠത്തിന്റെ കാതലായ സന്ദേശം ഇതാണെന്നു തോന്നുന്നു. ഇത്‌ കൃത്യമായും മനസ്സിലായില്ലെങ്കില്‍ ഗ്രന്ഥം മുഴുവനും പഠിക്കുക. പലരീതികളില്‍ ഈ സത്യത്തെ വെളിപ്പെടുത്തിയിരിക്കുന്നത്‌ നിങ്ങളുടെ മനസ്സു തുറക്കാനുതകും. ദിവസവും ഈ ഗ്രന്ഥത്തിന്റെ ഒരു പുറം വീതം വായിച്ചാല്‍ മതി. പഠനവിഷയം അതിഗഹനമായതുകൊണ്ട്‌ മുന്‍വിധികളുള്ള മനസ്സില്‍ ഈ  വിഷയം സ്വീകരിക്കപ്പെടുകയില്ല. നിത്യവും പാരായണശേഷം ധ്യാനിക്കൂ. അതിലെ സന്ദേശം ഉള്ളിലാഴ്ന്നിറങ്ങട്ടെ.

"കാകതാലീയം" എന്നൊരു കല്‍പന ഇതില്‍ പലയിടത്തും കാണാം. ഒരു കാക്ക തെങ്ങോലയില്‍ ഇരിക്കുന്ന അതേമാത്രയില്‍ത്തന്നെ ഒരു കൊട്ടത്തേങ്ങ കാക്കയുടെ തലയില്‍ വീഴുന്നു. രണ്ടു സംഭവങ്ങള്‍ക്കും തമ്മില്‍ കാലദേശാനുസാരിയായോ കാരണപരമായോ യാതൊരു ബന്ധവുമില്ല, എന്നാല്‍ അവ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു. ജീവിതവും സൃഷ്ടിയും അപ്രകാരമത്രേ. എന്നാല്‍ മനസ്സ്‌ സ്വയംകൃതമായ യുക്തിയിലും ചോദ്യങ്ങളിലും കുടുങ്ങി 'എന്തുകൊണ്ട്‌?', 'എവിടെനിന്ന്' എന്നെല്ലാം അന്വേഷിച്ച്  സ്വയം സംതൃപ്തിപ്പെടാന്‍ വേണ്ടി ചില ഉത്തരങ്ങളൂം കണ്ടെത്തുന്നു. എന്നാല്‍ ഉള്ളില്‍ അപ്പോഴും ബുദ്ധിക്ക്‌ അലോസരമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ബാധപോലെ അവശേഷിക്കുന്നു. വസിഷ്ഠമുനി ആവശ്യപ്പെടുന്നത്‌ മനസ്സിനെ അതിന്റെ വ്യാപാരങ്ങളോടെ നേരേ നിരീക്ഷിക്കാനാണ്‌. അതിന്റെ ഗതിവിഗതികള്‍ , അനുമാനങ്ങള്‍ , നിഗമനങ്ങള്‍ , ഫലങ്ങള്‍ എന്നിവ മാത്രമല്ല നിരീക്ഷിക്കുക എന്ന പ്രവര്‍ത്തിയേപ്പോലും നിരീക്ഷിക്കുക എന്നാണ്‌ ആഹ്വാനം. അങ്ങിനെ അനന്തവും അവിഛിന്നവുമായ ബോധസ്വരൂപത്തെ സാക്ഷാത്കരിക്കാം.

ഈ വേദഗ്രന്ഥം സ്വയം അതിന്റെ പരമോത്കൃഷ്ടതയെപ്പറ്റി ഉദ്ഘോഷിക്കുന്നത്‌ തികച്ചും അതുല്യമായ രീതിയിലത്രേ. "ഈ ഗ്രന്ഥത്തിലൂടെയല്ലാതെ ഒരുവന്‌ സദ്‌വസ്തുബോധം ഒരുകാലത്തും ഉണ്ടാവുകയില്ല. അതുകൊണ്ട്‌ പരമസാക്ഷാത്കാരത്തിനായി ഇതിലെ പാഠങ്ങള്‍ ആവേശത്തോടെ വിചിന്തനം ചെയ്യേണ്ടതാണ്‌.. യാതൊരു ഗ്രന്ഥവും മഹര്‍ഷിയും പഠനവിഷയ ത്തേക്കാള്‍ മഹത്തരമല്ല. അതിനാല്‍ വസിഷ്ഠമുനി സധൈര്യം പറയുന്നു: "ഇതു മനുഷ്യന്റെ സൃഷ്ടിയായതുകൊണ്ട്‌ ആധികാരികമല്ല എന്ന് കരുതുന്ന ആള്‍ക്ക്‌ ആത്മജ്ഞാനത്തെപ്പറ്റിയും പരമസാക്ഷാത്കാരമായ മുക്തിയെപ്പറ്റിയും പ്രതിപാദിക്കുന്ന മറ്റേതു ഗ്രന്ഥങ്ങളേയും ആശ്രയിക്കാവുന്നതാണ്‌." (6.2.175.


ഏതു വേദഗ്രന്ഥം പഠിച്ചാലും ആരു പഠിപ്പിച്ചാലും ഏതു പാത സ്വീകരിച്ചാലും മാനസീകോപാധികള്‍ പരിപൂര്‍ണ്ണമായി അവസാനിക്കുംവരെ  അന്വേഷണം   നിര്‍ത്തരുത്. അതുകൊണ്ട്‌ വസിഷ്ഠമുനി  പറയുന്നു: 'ഒരുവന്‍ ഈ വേദശാസ്ത്രത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും ദിവസവും പഠിക്കണം. ഇതിന്റെ പ്രത്യേകത എന്തെന്നാല്‍ പഠിതാവിനെ പാതിവഴിയില്‍ ആശയക്കുഴപ്പത്തോടെ ഇതുപേക്ഷിക്കുന്നില്ല. ആദ്യവായനയില്‍ ചില ആശയങ്ങള്‍ വ്യക്തമായില്ലെങ്കില്‍പ്പോലും തുടര്‍ന്നു പഠിക്കുന്നതിലൂടെ അവയുടെ ആന്തരാര്‍ത്ഥം ഉള്ളില്‍ തെളിഞ്ഞുവരുന്നതാണ്‌.' (6.2.175)

പ്രാര്‍ത്ഥന

ഓം തത്‌ സത്‌
ഓം നമ: ശിവാനന്ദായ
ഓം നമോ നാരായണായ
ഓം നമോ വെങ്കിടേശായ

യത: സര്‍വ്വാണി ഭൂതാനി പ്രതിഭാന്തി സ്ഥിതാനി ച
യത്രൈവോപശമം യാന്തി തസ്മൈ സത്യാത്മനേ നമ: (1)
ജ്ഞാതാ ജ്ഞാനം തഥാ ജ്ഞേയം ദൃഷ്ടാ ദര്‍ശന ദൃശ്യഭു:
കര്‍ത്താ ഹേതു: ക്രിയാ യസ്മാത്‌ തസ്മൈ ജ്ഞപ്ത്യാത്മനേ നമ: (2)
സ്പുരന്തി സീകരാ യസ്മാദ്‌ അനന്ദാസ്യാംബരേ വനൌ
സര്‍വേശാം ജീവനം തസ്മൈ ബ്രഹ്മാനന്ദാത്മനേ നമ: (3)

എല്ലാ സജീവ-നിര്‍ജ്ജീവ ജാലങ്ങള്‍ക്കും പ്രഭയേകി അവയ്ക്ക്‌ സ്വതന്ത്രമായ ഒരസ്തിത്വമുണ്ടെന്നപോലെ  കുറച്ചുകാലം നിലനില്‍ക്കാന്‍ ഇടയാക്കി അവസാനം തിരിയെ സ്വത്വത്തിലേയ്ക്ക്‌ നിര്‍ലീനമാക്കിച്ചേര്‍ക്കുന്ന ആ ഉണ്മയ്ക്ക്‌ നമോവാകം. വ്യതിരിക്തമായി കാണപ്പെടുന്ന ത്രിപുടികള്‍ (അറിയുന്നയാള്‍ , അറിയപ്പെടുന്ന വസ്തു, അറിവ്‌; കാണുന്നയാള്‍ , കാഴ്ച്ച, കാണല്‍ ; കര്‍ത്താവ്‌ , കര്‍മ്മം, ക്രിയ) ഏതൊന്നിന്റെ പ്രഭാവത്താല്‍ ഉദ്ഭൂതമാവുന്നുവോ ആ പരമബോധത്തിനു നമോവാകം. ഏതൊരാനന്ദവാരിധിയില്‍ നിന്നും തെറിച്ചുവീഴുന്ന ആനന്ദകണമാണ്‌ ജീവജാലങ്ങളുടെ ആഹ്ലാദത്തിനും ആത്മവികാസത്തിനും ഹേതുവായത്‌, ആ പരമാനന്ദബോധത്തിനു സമസ്കാരം.


ഓം തത്‌ സത്‌
ഓം നമ: ശിവാനന്ദായ
ഓം നമോ നാരായണായ
ഓം നമോ വെങ്കിടേശായ

കടപ്പാട് 

പൂജനീയ സ്വാമി ചിദാനന്ദപുരി, അദ്വൈതാശ്രമം, കുളത്തൂര്‍, കോഴിക്കോട്.
ഡല്‍ഹിയില്‍ നിന്നും യോഗവാസിഷ്ഠം മൂലം പുസ്തകം വരുത്തിത്തന്ന്‍ സഹായിച്ച് അനുഗ്രഹിച്ച സ്വാമിജിക്ക് നമസ്കാരം. 
 -                                              വിവര്‍ത്തകന്‍