Sep 2, 2013

369 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 369

സമസ്തം സുശിവം ശാന്തമതീതം വാഗ്വിലാസത:
ഓമിത്യസ്യ ച തന്മാത്രാ തുര്യാ സാ പരമാ ഗതി: (6/34/30)

ഭഗവാന്‍ പറഞ്ഞു: അങ്ങിനെ വിശ്വം സത്തായും അസത്തായും നിലകൊള്ളുന്നു. എന്നാല്‍ ദിവ്യത്വം സ്വയം ദ്വന്ദതയ്ക്കു വശംവദമല്ലാത്തതുകൊണ്ട് അത് ഈ ‘രണ്ടിനെയും’ ഒന്നാക്കി അവയ്ക്കതീതമായി വര്‍ത്തിക്കുന്നു. അതിനാല്‍ യാഥാര്‍ത്ഥ്യമായതും അല്ലാത്തതുമായ എല്ലാം ദിവ്യമാണ്. പ്രത്യക്ഷമായി പ്രകടിക്കപ്പെട്ട ബോധമാണ് വിശ്വം. എന്നാല്‍ അപ്രകടിതമായ വിശ്വമാണ് ബോധം.

‘ഞാന്‍ ഇതാണ്’, എന്ന ധാരണയുണ്ടാവുമ്പോള്‍ ബോധം പരിമിതപ്പെട്ട് ബന്ധനത്തിലാവുന്നു. എന്നാല്‍ ബന്ധനത്തെപ്പറ്റിയുള്ള അവബോധമുണ്ടാവുമ്പോള്‍ അത് സ്വതന്ത്രമാവുകയും ചെയ്യുന്നു. വസ്തുബോധം എന്ന ധാരണാരൂപീകരണം ബോധത്തെ സ്വയം മറക്കുവാന്‍ ഇടയാക്കുന്നു. എന്നാല്‍ ഈ വൈവിദ്ധ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുമ്പോഴും ബോധം അവിഛിന്നവും അവിഭിന്നവുമാണ്. മനസ്സെന്ന ഉപകരണത്തിലൂടെയും അതിന്റെ മൂന്നു ഭാവങ്ങളിലുടെയും (സത്വരജസ്തമോ ഗുണങ്ങള്‍ , ജാഗ്രദ്സ്വപ്നസുഷുപ്തി അവസ്ഥകള്‍ ) വിശ്വമായി പ്രകടിതമാകുന്ന പ്രശാന്തസ്വരൂപസത്യമാണ് പരബ്രഹ്മം.

എന്നാല്‍ മനസ്സിന്റെ പ്രയത്നംകൊണ്ട് തന്നെ മനസ്സിനെ ഇല്ലായ്മചെയ്‌താല്‍ ഈ മൂടുപടം പൊട്ടിത്തകര്‍ന്നു ചിതറും. അപ്പോള്‍ ലോകമെന്ന മായക്കാഴ്ചയുടെ സത്യം അറിയുമാറാകും. അപ്പോള്‍ പ്രത്യക്ഷലോകമെന്ന ധാരണയും ജീവന്റെ അസ്തിത്വവും നശിക്കുന്നു. വിഷയധാരണകളുടെ ആവര്‍ത്തനം ഉപേക്ഷിച്ച് മനസ്സിനങ്ങിനെ സുതാര്യമാകുന്ന അവസ്ഥയ്ക്ക് ‘പശ്യന്തി’ എന്ന് പറയും. ആ മനസ്സ്‌ വിഷയവസ്തുക്കളുടെ ഛായകള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കും.

അത് ദീര്‍ഘനിദ്രയെന്നപോലുള്ള ഒരവസ്ഥയെ പ്രാപിച്ച്, ബോധസാന്ദ്രതയില്‍ മാത്രം നിലകൊണ്ട് പുനര്‍ജന്മസാദ്ധ്യതകള്‍ക്കുമപ്പുറം പോവുന്നു. പ്രശാന്തതയില്‍ അഭിരമിക്കുന്ന ഈ അവസ്ഥ ആദ്യത്തേതാണ്.  

ഇനി രണ്ടാമത്തെ അവസ്ഥയെന്തെന്നു പറയാം. മനസ്സില്ലാത്ത ബോധം, അന്ധകാരവിമുക്തമായതും പ്രകാശം മാത്രമുള്ളതുമായ അതിസുന്ദരമായ ഒരാകാശമത്രേ. ഇനിയും ശില്‍പ്പിയാല്‍ കൊത്തുപണിചെയ്തുണ്ടാക്കിയിട്ടില്ലാത്ത വെണ്ണക്കല്‍ശില്‍പ്പമെന്നപോലെ അനന്താവബോധം സ്വയം സര്‍വ്വസ്വതന്ത്രമാണ്. അതില്‍ ദ്വന്ദതയുടെ ഉപാധികള്‍ ഒന്നുമില്ല.

സമയദൂരഘടകങ്ങളുടെ പരിമിതികളെ അതുപേക്ഷിക്കുന്നു. അത് ചരാചരഭാവങ്ങള്‍ക്കും അപ്പുറം എല്ലാ വ്യാഖ്യാനങ്ങള്‍ക്കും അതീതമായി നിത്യശുദ്ധമായി നിലകൊള്ളുന്നു. അവസ്ഥാത്രയങ്ങളെയും മറികടന്ന് നാലാമത്തെ അവസ്ഥയില്‍ അവിഛിന്നമായ അനന്താവബോധമായിട്ടാണതിന്റെ നില.  

‘ബ്രഹ്മം, ആത്മാവ്’, എന്നൊക്കെപ്പറയുന്നതിനും അപ്പുറമായ മൂന്നാമത്തെ അവസ്ഥയാണ് തുരീയാതീതാവസ്ഥ. അതാണ്‌ പരമമായ തലം. അത് യാതൊരുവിധ വിവരണങ്ങള്‍ക്കും വഴങ്ങാത്തതും സാധകരുടെ സാധനാക്രമങ്ങള്‍ക്ക്‌ അതീതവുമാണ്. മഹര്‍ഷേ, ഈ തലത്തില്‍ എപ്പോഴും വിരാജിച്ചാലും. അതാണ്‌ ഏറ്റവും ഉത്തമമായ ഭഗവല്‍ പൂജ.

അങ്ങിനെ ഭാവാഭാവങ്ങള്‍ക്ക് അതീതമായ ഒരു തലത്തില്‍ അങ്ങേയ്ക്ക്‌ സുദൃഢമായി നിലകൊള്ളാന്‍ സാധിക്കും. യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒന്നിനെയും നശിപ്പിക്കാനും ഇല്ല. ഏകത്തിനും ദ്വൈതത്തിനും അതീതമാണാ തലം. അത് ശാശ്വതമാണ്, ശാശ്വതാതീതമാണ്, ക്ഷണികമാണ്, ശുദ്ധമായ ബോധഘനമാണ്. അതില്‍ വൈവിദ്ധ്യതയുടെ നിഴല്‍പോലുമില്ല.

“അത് എല്ലാമാണ്, പരമാനന്ദവും പ്രശാന്തവുമാണ്, വിവരണാതീതമാണ്. ശുദ്ധമായ ‘ഓം’ ആണത്. ക്ഷണികമാണത്. പരംപൊരുളുമാണ്.”

വാല്മീകി പറഞ്ഞു: ഇത്രയും പറഞ്ഞശേഷം പരമശിവന്‍ നിശ്ശബ്ദനായിരുന്നു ധ്യാനത്തിന്റെ അഗാധതയില്‍ ആമഗ്നനായി.  

No comments:

Post a Comment

Note: Only a member of this blog may post a comment.