Sep 22, 2013

370 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 370

ന തസ്യാഹ്വാനമന്ത്രാദി കിഞ്ചിദേവോപയുജ്യതേ
നിത്യാഹൂത: സ സര്‍വസ്ഥോ ലഭ്യതേ സര്‍വത: സ്വചിത് (6/35/24)

അങ്ങിനെ സ്വരൂപത്തില്‍ സ്വയം ആമഗ്നനായി കുറച്ചുനേരം ഇരുന്നശേഷം പരമശിവന്‍ തന്റെ കണ്ണുകള്‍ തുറന്ന് ഇങ്ങിനെ പറഞ്ഞു: അല്ലയോ മഹര്‍ഷേ, മനസ്സുകൊണ്ട് വിഷയങ്ങളെ പിടിച്ചുവെയ്ക്കുന്ന സ്വഭാവം അവസാനിപ്പിച്ചാലും. ആത്മാവിനെ അറിഞ്ഞവര്‍ അറിയേണ്ടതെല്ലാം അറിഞ്ഞുകഴിഞ്ഞു. അതില്‍ കൂടുതലായി ഇനിയെന്താണ് കാണാനും കാണാതിരിക്കാനുമുള്ളത്? 

ആത്മാവിനെ കാണൂ. പ്രശാന്തമെന്നു കരുതുന്നതിനെയും അശാന്തമെന്നു കരുതുന്നതിനെയും തുണ്ടം തുണ്ടമാക്കുന്ന ഒരു ഖട്ഗമാവൂ. അല്ലെങ്കില്‍ ഒരല്‍പം ബഹിര്‍മുഖത്വം കൈക്കൊണ്ട് ഞാന്‍ പറയാന്‍ പോവുന്നത് ശ്രദ്ധിച്ചാലും. വെറുതെ മൌനം അവലംബിക്കുന്നതുകൊണ്ട് യാതൊരു നേട്ടവുമില്ല. പ്രാണശക്തിയാലാണ് ഈ ദേഹം ജീവത്തായി, ചലനമുള്ളതായി നിലകൊള്ളുന്നത്. ദേഹത്തെ ചലിപ്പിക്കുന്നത് പ്രാണനാണ്. പ്രാണന്‍ ഇല്ലെങ്കില്‍ ദേഹം വെറും ജഡമാണ്. 

എല്ലാത്തിലും, എല്ലാത്തിലൂടെയും അനുഭവങ്ങള്‍ വേദ്യമാവുന്നത് ബോധം മൂലമാണ്. ആകാശത്തേക്കാള്‍ രൂപരഹിതവും, സൂക്ഷ്മവും, നിര്‍മലവുമാണത്. ദേഹവും പ്രാണനും തമ്മിലുള്ള ബന്ധം അവസാനിക്കുമ്പോള്‍ ജീവശക്തിമാത്രം ദേഹത്തില്‍ നിന്നും വേര്‍പെടുകയാണ് ചെയ്യുന്നത്. ആകാശത്തേക്കാള്‍ പരിശുദ്ധമായ ബോധത്തിന് നാശമുണ്ടാകുന്നില്ല. ശുദ്ധമായ കണ്ണാടിക്ക് മുന്നിലെ പ്രതിബിംബം ഭംഗിയായി തെളിഞ്ഞു കാണും.  എന്നാല്‍ ചെളിപിടിച്ച കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം മങ്ങിയതായിരിക്കും. അതുപോലെ ദേഹമുണ്ടെങ്കിലും പ്രാണന്‍ പോയിക്കഴിഞ്ഞാല്‍ വിഷയങ്ങളെ പ്രതിഫലിപ്പിക്കാന്‍ ബുദ്ധിക്കു കഴിയുകയില്ല.

ബോധം അനന്തവും സര്‍വ്വവ്യാപിയും ആണെങ്കിലും മനോദേഹങ്ങളുടെ  ചലനത്തെപ്പറ്റി അതിനറിയാനാവുന്നു. ദര്‍ശനത്തിലെ ഈ വികലത (ധാരണാ മാലിന്യം) ഇല്ലാതായിക്കഴിഞ്ഞാല്‍ ബോധം മാത്രം പരംപൊരുളായി പ്രോജ്വലിക്കുന്നു.      

ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സൂര്യന്‍, ചന്ദ്രന്‍, ഇന്ദ്രന്‍, എന്നുവേണ്ട പരമദൈവതം തന്നെയായി അത് സ്വയം പരിലസിക്കുന്നു. എന്നാല്‍ ബ്രഹ്മാ-വിഷ്ണു-ശിവ-സ്വരൂപങ്ങളായറിയപ്പെടുന്ന ചില ദൈവസത്വങ്ങള്‍ വിശ്വപ്രളയം മുതലായ മായക്കാഴ്ചകളില്‍ മയങ്ങിപ്പോകുന്നില്ല. തീയില്‍ പഴുത്ത്ചുവന്ന ഇരുമ്പ് തീയിന്റെ തനത് സ്വഭാവത്തെ പ്രകടിപ്പിക്കുന്നതുപോലെ അവര്‍ അനന്താവബോധത്തിന്റെ പ്രസ്ഫുരണങ്ങള്‍ തന്നെയാണ് ദൃശ്യമാക്കി നല്‍കുന്നത്. വാസ്തവത്തില്‍ ഇവരൊന്നും അനന്താവബോധത്തിന്റെ സൃഷ്ടികളല്ല. എന്നാല്‍ അവയ്ക്കൊന്നും ബോധവിഭിന്നമായി നിലകൊള്ളാനും സാദ്ധ്യമല്ല.

എല്ലാമെല്ലാം ധാരണകള്‍ മാത്രം. ചില ധാരണകള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് സാന്ദ്രത കൂടുതലുണ്ട്. അവിദ്യാജന്യമായ അവയുടെ വ്യാപ്തി എത്രയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. പരംപൊരുളാണ് (അനന്താവബോധം) ബ്രഹ്മാവിഷ്ണുശിവപ്രഭൃതികള്‍ക്കും മറ്റുള്ളവര്‍ക്കും പിതാവാകുന്നത് എന്ന് വേണമെങ്കില്‍ പറയാം. അനന്തമായ ബോധം മാത്രമാണ് പൂജാര്‍ഹമായുള്ളത്.


എന്നാല്‍ അതിനെ പൂജിക്കാനായി ആവാഹിച്ചു വരുത്തുന്നതില്‍ അര്‍ത്ഥമില്ല. യാതൊരുവിധ മന്ത്രങ്ങള്‍കൊണ്ടും ഇത്ര അടുത്തുള്ള സ്വന്തം ആത്മാവിനെ വിളിച്ചു വരുത്താന്‍ കഴിയില്ല. അത്രമേല്‍ അടുത്തായതിനാല്‍ അതിന്റെ ആവശ്യവുമില്ല. സര്‍വ്വവ്യാപിയായ ആത്മാവാണത്. ആയാസരഹിതമായി ഈ അനന്താവബോധത്തെ സാക്ഷാത്ക്കരിക്കുകയെന്നതാണ് ഏറ്റവും ഉചിതമായ പൂജയും ആരാധനയും.  

Sep 2, 2013

369 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 369

സമസ്തം സുശിവം ശാന്തമതീതം വാഗ്വിലാസത:
ഓമിത്യസ്യ ച തന്മാത്രാ തുര്യാ സാ പരമാ ഗതി: (6/34/30)

ഭഗവാന്‍ പറഞ്ഞു: അങ്ങിനെ വിശ്വം സത്തായും അസത്തായും നിലകൊള്ളുന്നു. എന്നാല്‍ ദിവ്യത്വം സ്വയം ദ്വന്ദതയ്ക്കു വശംവദമല്ലാത്തതുകൊണ്ട് അത് ഈ ‘രണ്ടിനെയും’ ഒന്നാക്കി അവയ്ക്കതീതമായി വര്‍ത്തിക്കുന്നു. അതിനാല്‍ യാഥാര്‍ത്ഥ്യമായതും അല്ലാത്തതുമായ എല്ലാം ദിവ്യമാണ്. പ്രത്യക്ഷമായി പ്രകടിക്കപ്പെട്ട ബോധമാണ് വിശ്വം. എന്നാല്‍ അപ്രകടിതമായ വിശ്വമാണ് ബോധം.

‘ഞാന്‍ ഇതാണ്’, എന്ന ധാരണയുണ്ടാവുമ്പോള്‍ ബോധം പരിമിതപ്പെട്ട് ബന്ധനത്തിലാവുന്നു. എന്നാല്‍ ബന്ധനത്തെപ്പറ്റിയുള്ള അവബോധമുണ്ടാവുമ്പോള്‍ അത് സ്വതന്ത്രമാവുകയും ചെയ്യുന്നു. വസ്തുബോധം എന്ന ധാരണാരൂപീകരണം ബോധത്തെ സ്വയം മറക്കുവാന്‍ ഇടയാക്കുന്നു. എന്നാല്‍ ഈ വൈവിദ്ധ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുമ്പോഴും ബോധം അവിഛിന്നവും അവിഭിന്നവുമാണ്. മനസ്സെന്ന ഉപകരണത്തിലൂടെയും അതിന്റെ മൂന്നു ഭാവങ്ങളിലുടെയും (സത്വരജസ്തമോ ഗുണങ്ങള്‍ , ജാഗ്രദ്സ്വപ്നസുഷുപ്തി അവസ്ഥകള്‍ ) വിശ്വമായി പ്രകടിതമാകുന്ന പ്രശാന്തസ്വരൂപസത്യമാണ് പരബ്രഹ്മം.

എന്നാല്‍ മനസ്സിന്റെ പ്രയത്നംകൊണ്ട് തന്നെ മനസ്സിനെ ഇല്ലായ്മചെയ്‌താല്‍ ഈ മൂടുപടം പൊട്ടിത്തകര്‍ന്നു ചിതറും. അപ്പോള്‍ ലോകമെന്ന മായക്കാഴ്ചയുടെ സത്യം അറിയുമാറാകും. അപ്പോള്‍ പ്രത്യക്ഷലോകമെന്ന ധാരണയും ജീവന്റെ അസ്തിത്വവും നശിക്കുന്നു. വിഷയധാരണകളുടെ ആവര്‍ത്തനം ഉപേക്ഷിച്ച് മനസ്സിനങ്ങിനെ സുതാര്യമാകുന്ന അവസ്ഥയ്ക്ക് ‘പശ്യന്തി’ എന്ന് പറയും. ആ മനസ്സ്‌ വിഷയവസ്തുക്കളുടെ ഛായകള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കും.

അത് ദീര്‍ഘനിദ്രയെന്നപോലുള്ള ഒരവസ്ഥയെ പ്രാപിച്ച്, ബോധസാന്ദ്രതയില്‍ മാത്രം നിലകൊണ്ട് പുനര്‍ജന്മസാദ്ധ്യതകള്‍ക്കുമപ്പുറം പോവുന്നു. പ്രശാന്തതയില്‍ അഭിരമിക്കുന്ന ഈ അവസ്ഥ ആദ്യത്തേതാണ്.  

ഇനി രണ്ടാമത്തെ അവസ്ഥയെന്തെന്നു പറയാം. മനസ്സില്ലാത്ത ബോധം, അന്ധകാരവിമുക്തമായതും പ്രകാശം മാത്രമുള്ളതുമായ അതിസുന്ദരമായ ഒരാകാശമത്രേ. ഇനിയും ശില്‍പ്പിയാല്‍ കൊത്തുപണിചെയ്തുണ്ടാക്കിയിട്ടില്ലാത്ത വെണ്ണക്കല്‍ശില്‍പ്പമെന്നപോലെ അനന്താവബോധം സ്വയം സര്‍വ്വസ്വതന്ത്രമാണ്. അതില്‍ ദ്വന്ദതയുടെ ഉപാധികള്‍ ഒന്നുമില്ല.

സമയദൂരഘടകങ്ങളുടെ പരിമിതികളെ അതുപേക്ഷിക്കുന്നു. അത് ചരാചരഭാവങ്ങള്‍ക്കും അപ്പുറം എല്ലാ വ്യാഖ്യാനങ്ങള്‍ക്കും അതീതമായി നിത്യശുദ്ധമായി നിലകൊള്ളുന്നു. അവസ്ഥാത്രയങ്ങളെയും മറികടന്ന് നാലാമത്തെ അവസ്ഥയില്‍ അവിഛിന്നമായ അനന്താവബോധമായിട്ടാണതിന്റെ നില.  

‘ബ്രഹ്മം, ആത്മാവ്’, എന്നൊക്കെപ്പറയുന്നതിനും അപ്പുറമായ മൂന്നാമത്തെ അവസ്ഥയാണ് തുരീയാതീതാവസ്ഥ. അതാണ്‌ പരമമായ തലം. അത് യാതൊരുവിധ വിവരണങ്ങള്‍ക്കും വഴങ്ങാത്തതും സാധകരുടെ സാധനാക്രമങ്ങള്‍ക്ക്‌ അതീതവുമാണ്. മഹര്‍ഷേ, ഈ തലത്തില്‍ എപ്പോഴും വിരാജിച്ചാലും. അതാണ്‌ ഏറ്റവും ഉത്തമമായ ഭഗവല്‍ പൂജ.

അങ്ങിനെ ഭാവാഭാവങ്ങള്‍ക്ക് അതീതമായ ഒരു തലത്തില്‍ അങ്ങേയ്ക്ക്‌ സുദൃഢമായി നിലകൊള്ളാന്‍ സാധിക്കും. യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒന്നിനെയും നശിപ്പിക്കാനും ഇല്ല. ഏകത്തിനും ദ്വൈതത്തിനും അതീതമാണാ തലം. അത് ശാശ്വതമാണ്, ശാശ്വതാതീതമാണ്, ക്ഷണികമാണ്, ശുദ്ധമായ ബോധഘനമാണ്. അതില്‍ വൈവിദ്ധ്യതയുടെ നിഴല്‍പോലുമില്ല.

“അത് എല്ലാമാണ്, പരമാനന്ദവും പ്രശാന്തവുമാണ്, വിവരണാതീതമാണ്. ശുദ്ധമായ ‘ഓം’ ആണത്. ക്ഷണികമാണത്. പരംപൊരുളുമാണ്.”

വാല്മീകി പറഞ്ഞു: ഇത്രയും പറഞ്ഞശേഷം പരമശിവന്‍ നിശ്ശബ്ദനായിരുന്നു ധ്യാനത്തിന്റെ അഗാധതയില്‍ ആമഗ്നനായി.