ചിദണോരന്തരേ സന്തി സമഗ്രാനുഭവാണവ:
യഥാ മധുരസസ്യാന്ത: പുഷ്പപത്രഫലാശ്രിയ: (3/81/35)
"അണുമാത്രമായ ബോധമണ്ഡലത്തില്‍ എല്ലാ അനുഭവങ്ങളും കുടികൊള്ളുന്നു. ഒരു തേന്‍ തുള്ളിയില്‍ പൂക്കളുടേയും, കായ്കളുടേയും, ഇലകളുടെയും സൂക്ഷ്മസത്ത ഉള്‍ക്കൊണ്ടിട്ടുണ്ടല്ലോ." ആ ബോധത്തില്‍നിനാണ് എല്ലാ അനുഭവങ്ങളും ഉദ്ഭൂതമായി വികസ്വരമാവുന്നത്.. അനുഭവമെന്നത് ഒരേയൊരു 'അനുഭവി' (ബോധം) തന്നെയാണ്.. ഒരനുഭവത്തെ എങ്ങിനെയെല്ലാം വിവരിച്ചാലും അവയെല്ലാം ബോധമണ്ഡലത്തിലെ അനുഭവം മാത്രമാണ്.. എല്ലാം അനന്താവബോധം മാത്രം. എല്ലാ കൈകാലുകളും ആ ബോധത്തിനധീനമാണെങ്കിലും അതീവ സൂക്ഷ്മമായതിനാല്‍ അതിന് അവയവങ്ങളില്ല. ഇമവെട്ടുന്ന നേരംകൊണ്ട് ഈ അനന്താവബോധം യുഗങ്ങളെ അനുഭവിച്ച് തീര്‍ക്കുന്നു. ചെറിയൊരു സ്വപ്നത്തില്‍ ഒരാള്‍ യുവത്വവും ജരാനരയും, മരണവും അനുഭവിക്കുന്നതു പോലെയാണത്.. ബോധമണ്ഡലത്തില്‍ കാണപ്പെടുന്ന എല്ലാം ബോധം തന്നെയാണ്.. കല്ലില്‍കൊത്തിയുണ്ടാക്കിയ ശില്‍പ്പം കല്ലു തന്നെയാണല്ലോ. വന്മരത്തിന്റെ ഭാവി സാദ്ധ്യതകള്‍ എല്ലാം ഒരു ചേറുവിത്തില്‍ അന്തര്‍ലീനമായിരിക്കുന്നതുപോലെ അണുമാത്രയായ ബോധത്തില്‍ ഭൂത-ഭാവി വര്‍ത്തമാനങ്ങളോടു കൂടിയ വിശ്വം ഉള്‍ക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ആത്മാവ് സ്വയം കര്‍ത്താവോ ഭോക്താവോ അല്ല എന്നിരിക്കിലും എല്ലാറ്റിന്റേയും കര്‍ത്താവും ഭോക്താവും ബോധത്തില്‍നിന്നും വിഭിന്നമല്ല. ബോധാണുവില്‍ കര്‍മ്മം ചെയ്യുന്നവനും ഫലങ്ങള്‍ അനുഭവിക്കുന്നവനും സഹജമായി കുടികൊള്ളുന്നു.
ഈ ലോകം സൃഷ്ടിക്കപ്പെട്ടിട്ടേയില്ല. അതിനാല്‍ത്തന്നെ അപ്രത്യക്ഷമാവുകയുമില്ല. അതിനെ 'അയഥാര്‍ത്ഥ്യം' എന്ന് ആപേക്ഷികമായി പറയുന്നു. എങ്കിലും നിരുപാധികമായി നോക്കിയാല്‍ ലോകവും ബോധമണ്ഡലവും വിഭിന്നങ്ങളല്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.