Jun 26, 2012

081 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 081

യഥാ വാസനയാ ജന്തോര്‍വിഷമപ്യമൃതായതേ
അസത്യ: സത്യതാമേതി പദാര്‍ത്ഥോ ഭാവനാത് തഥാ (3/56/31)
വസിഷ്ഠന്‍ തുടര്‍ന്നു: കടപുഴകിവീഴാന്‍ പോകുന്ന വൃക്ഷത്തില്‍ നിന്നും പക്ഷികള്‍ പറന്നകലുന്നതുപോലെ വിഥുരഥന്റെ ശരീരത്തില്‍ നിന്നും ജീവന്‍ വിട്ടുപോയി. അദ്ദേഹത്തിന്റെ പ്രജ്ഞ, സൂക്ഷ്മശരീരമായി ആകാശത്തേയ്ക്കുയര്‍ന്നു. ലീലയും സരസ്വതിയും ഇതുകണ്ട്‌ ആ ജീവനെപിന്തുടര്‍ന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പൊള്‍ ആ സൂക്ഷ്മശരീരം സചേതനമായി, മരണശേഷമുണ്ടായ താല്‍ക്കാലികമായ അബോധാവസ്ഥയില്‍ നിന്നും  പുറത്തുവന്നു. രാജാവിന്റെ ചിന്തയില്‍ തന്റെ സ്ഥൂലശരീരം ബന്ധുക്കളാല്‍ചുറ്റപ്പെട്ട്‌ ഉപചാരപൂര്‍വ്വം സംസ്കരിക്കാനായി കിടത്തിയിരിക്കുന്നതു കണ്ടു. അദ്ദേഹം (സൂക്ഷ്മദേഹം) വീണ്ടും യാത്രചെയ്ത്‌ യമരാജന്റെ സവിധത്തിലെത്തി. രാജാവ്‌ പാപകര്‍മ്മങ്ങള്‍ ഒന്നും ആര്‍ജ്ജിച്ചിട്ടില്ല,  അതിനാല്‍ അദ്ദേഹത്തെ പൂര്‍വ്വ ശരീരത്തിലേയ്ക്ക്‌ കടക്കാന്‍ അനുവദിച്ചിരിക്കുന്നുവെന്നും യമന്‍ തന്റെ കിങ്കരന്മാരെ അറിയിച്ചു. പദ്മ രാജാവിന്റെ ദേഹം എണ്ണത്തോണിയില്‍ ഭദ്രമായിസൂക്ഷിച്ചിരുന്നുവല്ലോ. ക്ഷണത്തില്‍ ഈ സൂക്ഷ്മശരീരം, പദ്മ രാജന്റെ കൊട്ടാരത്തില്‍പ്രവേശിച്ച്‌ രജാവിന്റെ ദേഹം കിടത്തിയ   അറയിലെത്തി. തീര്‍ച്ചയായും പദ്മ രാജാവിന്റെ അഹംകാരവുമായിബന്ധപ്പെട്ടാണ്‌ വിഥുരഥനുമായുള്ള ചാര്‍ച്ച ഉണ്ടായത്‌. വിദേശ  ങ്ങളില്‍ ദൂരെയാത്ര ചെയ്യുന്നയാള്‍ക്ക് നാട്ടില്‍ തന്റെ സമ്പത്ത്  കുഴിച്ചിട്ടയിടം എപ്പോഴും ഓര്‍മ്മയിലുണ്ടാകും.   എവിടെ യാത്രയില്‍  ആയിരുന്നാലും അതിനോട്‌ അയാള്‍ക്ക്  മമതയുണ്ടാകുമല്ലോ. അതുപോലെയാണ്‌ വിഥുരഥന്റെ അവസ്ഥയും. 

രാമന്‍ ചോദിച്ചു: മഹാത്മന്‍, ഒരുവന്റെ ബന്ധുക്കള്‍ അവനുവേണ്ടി മരണാനന്തര കര്‍മ്മങ്ങള്‍ ശരിയായി ചെയ്തില്ലെങ്കില്‍ അയാള്‍ക്ക്‌ എങ്ങിനെയാണ്‌ സൂക്ഷ്മശരീരം ലഭിക്കുക?

വസിഷ്ഠന്‍ പറഞ്ഞു; കര്‍മ്മങ്ങള്‍ ശരിയായി ചെയ്താലുമില്ലെങ്കിലും, ദിവംഗതനായ ആള്‍ കര്‍മ്മങ്ങള്‍ ശരിയായി ചെയ്തു എന്നു വിശ്വസിക്കുന്ന പക്ഷം അയാള്‍ക്ക്‌ സൂക്ഷ്മശരീരത്തിന്റെ പ്രയോജനം ലഭിക്കുന്നതാണ്‌. ഒരുവന്റെ ബോധം എങ്ങിനെയോ അവന്‍ അങ്ങിനെയായിത്തീരുന്നു. ഇതെല്ലാവര്‍ക്കുമറിയാവുന്ന സത്യമത്രേ. പദാര്‍ത്ഥങ്ങള്‍ (വസ്തുക്കള്‍ , വിഷയങ്ങള്‍ ) ഉണ്ടാവുന്നത്‌ ഒരാളുടെ ഭാവനയിലാണ്‌. പദാര്‍ത്ഥങ്ങളില്‍നിന്നും ഭാവനകളുണ്ടാവുകയും ചെയ്യുന്നു. "ഒരുവന്റെ ഭാവനകൊണ്ട്‌ വിഷം അമൃതായി മാറുന്നു. അയാഥാര്‍ത്ഥ്യമായ വസ്തു യാഥാര്‍ഥ്യമാണെന്നു തോന്നുന്നു. ഇതെല്ലാം രൂഢമൂലമായ വിശ്വാസം മൂലം സംജാതമാവുകയാണ്‌."

കാരണമില്ലാതെ യാതൊരു കാര്യവും ഇന്നുവരെ ഒരിടത്തുമുണ്ടായിട്ടില്ല. അതുകൊണ്ട്‌ ഈ ഭാവനകളും ചിന്തകളും 'ഉള്ളതാണെന്ന്' പറയുകവയ്യ. എന്നാല്‍ അനന്താവബോധത്തിന്റെ ആ ഒരു 'അഹൈതുകഹേതു- അകാരണകാരണം' കൊണ്ടുമാത്രമാണ്‌ എന്തെങ്കിലും സൃഷ്ടിക്കപ്പെടുകയോ ഉദിച്ചുയരുകയോ ചെയ്യുന്നുള്ളു.

ഒരുകാര്യം പക്ഷെ വ്യക്തമാണ്‌. ബന്ധുജനങ്ങള്‍ വിശ്വാസപൂര്‍വ്വം നടത്തുന്ന മരണാനന്തരകര്‍മ്മങ്ങള്‍ ജീവപ്രജ്ഞയെ മുന്നോട്ടുള്ള ഗമനത്തിനായി സഹായിക്കുന്നുണ്ട്‌. മരിച്ചവ്യക്തി അതീവ ദുഷ്ടത നിറഞ്ഞ ഒരാളായിരുന്നുവെങ്കില്‍ കര്‍മ്മങ്ങള്‍ കൊണ്ട്‌ വലിയപ്രയോജനമൊന്നുമില്ല. 

നമുക്ക്‌ പദ്മ രാജാവിന്റെ കൊട്ടാരത്തിലേയ്ക്കു പോവാം. ആദ്യം ഞാന്‍പറഞ്ഞ പോലെ ലീലയും സരസ്വതിയും മനോഹരമായ ആകൊട്ടാരത്തിലേയ്ക്ക്‌ വീണ്ടും പ്രവേശിച്ചു.അവിടെ എണ്ണത്തോണിയില്‍ രാജാവിന്റെ ദേഹം സൂക്ഷിച്ചിരുന്നു. എല്ലാ രാജസേവകരും അവിടെ ദീര്‍ഘനിദ്രയിലായിരുന്നു.

080 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 080

ന തു ജാഡ്യം പ്രഥക്കിഞ്ചി ദസ്തി നാപി ച ചേതനം
നാത്ര ഭേദോഽസ്തി സര്‍ഗാദൌ സത്താസാമാന്യകേന ച (3/55/57)
സരസ്വതി തുടര്‍ന്നു: അനന്ത അവബോധത്തിന്റെ ഭാഗമായ മേധാ ശക്തി സ്വയം ഒരു മരമാണെന്നു നിനച്ചപ്പോള്‍ അതു മരമായി. കല്ലെന്നുസങ്കല്‍പ്പിച്ചപ്പോള്‍ കല്ലായി. പുല്ലെന്നു വിചാരിച്ചപ്പോള്‍ പുല്ലായി. "ജീവനുള്ള വസ്തുവും അല്ലാത്തതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ജഢവസ്തുവും ജീവനുള്ളവയും തമ്മിലും വ്യത്യാസമില്ല. കാരണം, എല്ലാറ്റിലും എല്ലായിടത്തും അനന്താവബോധം ഒരേപോലെ സുസ്ഥിതമത്രേ" വ്യത്യാസമുണ്ടാവുന്നത്‌ ഓരോന്നുമായി താദാത്മ്യം പ്രാപിക്കാനുള്ള ബുദ്ധിയുടെ ത്വരകൊണ്ടുമാത്രമാണ്‌. ഒന്നേ ഒന്നുമാത്രമായ അവബോധം പദാര്‍ത്ഥവസ്തുക്കളില്‍ പല നാമങ്ങളില്‍ അറിയപ്പെടുന്നു. അതുപോലെതന്നെയാണ്‌ പുഴുവായും എറുമ്പായും പറവയായും ഉള്ള ബുദ്ധിയുടെ താദാത്മ്യഭാവം കൊണ്ട്‌ അവകളായിത്തീരുന്നത്‌. ആ സത്തയില്‍ താരതമ്യപ്പെടുത്താന്‍ മറ്റൊന്നില്ല! വ്യതിരിക്തതയെന്ന ധാരണയില്ല. ഉത്തരധ്രുവത്തില്‍ നിവസിക്കുന്നവര്‍ക്ക്‌ ദകഷിണധ്രുവത്തിലെ ജനങ്ങളെപ്പറ്റി അറിയില്ല. അവരതുകൊണ്ട്‌ തമ്മില്‍ത്തമ്മില്‍ താരതമ്യപ്പെടുത്തുന്നുമില്ല. 

ഈ ബുദ്ധിശക്തി തിരിച്ചറിഞ്ഞു കല്‍പ്പിച്ചുവച്ചപാര്‍ത്ഥങ്ങള്‍ അങ്ങിനെത്തന്നെ നിലകൊണ്ടു. അവ മറ്റു പദാര്‍ത്ഥങ്ങളില്‍നിന്നും വിഭിന്നമല്ല. അവയ്ക്ക്‌ സചേതനമെന്നും അചേതനമെന്നും വ്യത്യാസം കല്‍പ്പിക്കുന്നത്‌ പാറപ്പുറത്തുണ്ടായ തവളയും അതിനപ്പുറത്ത്‌ ചെളിക്കുണ്ടിലുണ്ടായ തവളയും വെവ്വേറെയണെന്നു - ഒന്നു ജീവനില്ലാത്തതും മറ്റേത്‌ ജീവനുള്ളതും-പറയുമ്പോലെയാണ്‌. മേധാശക്തി എന്തു സ്വയം 'ആയിത്തീര്‍ന്നു' എന്നു വിചാരിച്ചുവോ അത്‌ അങ്ങിനെ തന്നെയായി സൃഷ്ടിയാരംഭം മുതല്‍ നിലകൊണ്ടു. അത്‌ എല്ലായിടത്തും,എന്നും നിലനില്‍ക്കുന്ന അനന്ത ബോധത്തിന്റെ ഭാഗമാണല്ലോ. അത്‌ ആകാശമായും വായുവായും സ്വയം സചേതനമായും അചേതനമായുമെല്ലാം അലോചിച്ചു. അവയെല്ലാമുണ്ടായത്‌ ഈ ബുദ്ധിശക്തിയുടെ സങ്കല്‍പ്പമായാണ്‌. ഈ പ്രത്യക്ഷമായ കാഴ്ച്ചകളൊന്നും സത്തല്ല. അവ യാഥാര്‍ഥ്യമാണെന്നു തോന്നുന്നുവെന്നേയുള്ളു. 
ലീലേ, നോക്കൂ, വിഥുരഥ രാജാവിന്റെ ജീവന്‌ പദ്മ രാജാവിന്റെ ദേഹത്തുപ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്നെനിക്കു തോന്നുന്നു.

പ്രബുദ്ധയായ ലീല പറഞ്ഞു: ദേവീ നമുക്കങ്ങോട്ടു പോവാം.

സരസ്വതി പറഞ്ഞു: പദ്മ രാജാവിന്റെ ഹൃദയത്തിലെ അഹംകാര തത്വവുമായി അനുരണനം ചെയ്ത്‌ വിഥുരഥന്‍ മറ്റൊരു ലോകത്തെയ്ക്കു പോവുകയാണെന്നു ചിന്തിക്കുന്നു. നമുക്ക്‌ നമ്മുടെ വഴിയേ പോവാം. ഒരാള്‍ക്ക്‌ മറ്റൊരാളുടെ പാതയില്‍ സഞ്ചരിക്കാന്‍പറ്റുകയില്ലല്ലോ. 

079 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 079

ഇതി സര്‍വ്വ ശരീരേണ ജംഗമത്വേന  ജംഗമം സ്ഥാവരം
സ്ഥാവരത്വേന സര്‍വാത്മാ ഭാവയന്‍ സ്ഥിത: (3/5/54)

സരസ്വതി തുടര്‍ന്നു: ഈ പരേതാത്മാക്കളെല്ലാം അവരുടെയുള്ളില്‍ പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കുന്നു. ആദ്യം 'ഞാന്‍ മരിച്ചു' എന്നും പിന്നീട്‌ 'എന്നെ യമദൂതന്മാര്‍ കൂട്ടിക്കൊണ്ടുപോവുന്നു' എന്നുമുള്ള തോന്നലുകള്‍ അവര്‍ക്കുണ്ടാവുന്നു. അവരില്‍ ധര്‍മ്മിഷ്ഠരായവര്‍ കരുതുന്നു തങ്ങളെ സ്വര്‍ഗ്ഗത്തിലെയ്ക്കാണു കൊണ്ടുപൊവുന്നതെന്ന്. സാധാരണക്കാരും പാപഭീതിയുള്ളവരും തങ്ങളെ വിചാരണയ്ക്കായി ചിത്രഗുപ്തനുമുന്നിലേയ്ക്കാണു നയിക്കുന്നതെന്ന് അനുമാനിക്കുന്നു. ചിത്രഗുപ്തന്റെ കയ്യില്‍ പരേതന്റെ പൂര്‍വ്വകര്‍മ്മങ്ങളുടെ നിഗൂഢചരിത്രമെഴുതിയ പുസ്തകമുണ്ട്‌. ജീവാത്മാവ്‌ എന്തുകാണുന്നുവോ അതനുഭവമാകുന്നു. 

ഈനിശ്ശൂന്യമായ അനന്താവബോധത്തില്‍ കാലം, കര്‍മ്മമെന്നിങ്ങനെ യാതൊന്നുമില്ല. എന്നാല്‍ ജീവന്‍ ഇങ്ങിനെ ചിന്തിക്കുന്നു:'മരണദേവന്‍ എന്നെ സ്വര്‍ഗ്ഗത്തിലെയ്ക്ക്‌, അല്ലെങ്കില്‍ നരകത്തിലേയ്ക്കയച്ചു. അവിടെ ഞാന്‍ സുഖം അല്ലെങ്കില്‍ ദുരിതം അനുഭവിച്ചു.യമന്റെ ആജ്ഞപ്പടി ഞാന്‍ ഒരു മൃഗമായി ജനിച്ചു.' ആ ക്ഷണത്തില്‍ ജീവന്‍ പുരുഷശരീരത്തില്‍ അവന്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെ പ്രവേശിക്കുന്നു.അതുപിന്നെ സ്ത്രീശരീരത്തിലേയ്ക്ക്‌ കടത്തിവിട്ട്‌ കാലക്രമത്തില്‍ മറ്റൊരു ശരീരമായി പുറത്തുവരുന്നു. അതു വീണ്ടും തന്റെ പൂര്‍വ്വാര്‍ജ്ജിതകര്‍മ്മഫലങ്ങളനുസരിച്ച്‌ ജീവിതം നയിക്കുന്നു. അവിടെയവന്‍ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ പോലെ വര്‍ത്തിച്ച്‌ ഒരിക്കല്‍കൂടി ജരാനരകള്‍ക്കു വശംവദനായി മരണത്തെ പ്രാപിക്കുന്നു. ആത്മജ്ഞാനപ്രബുദ്ധത നേടുന്നതുവരെ ജീവാത്മാവ്‌ ഈ യാത്ര തുടരുന്നു.

പ്രബുദ്ധയായ ലീല ചോദിച്ചു: ദേവീ, ഇതെല്ലാം ആദ്യമെങ്ങിനെ തുടങ്ങിയെന്ന് ദയവായി പറഞ്ഞുതന്നാലും.

സരസ്വതി പറഞ്ഞു: മലകളുംകാടുകളും ഭൂമിയും അകാശവുമെല്ലാം അനന്ത ബോധമല്ലാതെ മറ്റൊന്നുമല്ല. അതുമാത്രമാണ്‌ ഉണ്മയായുള്ളത്‌. എല്ലാറ്റിന്റേയും സത്ത അതാണ്‌. എന്നാല്‍ ആ സത്ത സ്വയം പ്രകടമായപ്പോള്‍ അതു സ്വാംശീകരിച്ച രൂപഭാവങ്ങള്‍ അങ്ങിനെതന്നെ പ്രത്യക്ഷമായി കാണപ്പെട്ടു.അതിപ്പോഴും തുടരുകയും ചെയ്യുന്നു. ശരീരങ്ങളില്‍ (പദാര്‍ത്ഥസംഘാതങ്ങളില്‍ ) പ്രാണവായു പ്രവേശിച്ച്‌ വിവിധ ഭാഗങ്ങളില്‍ സ്പന്ദനങ്ങള്‍  തുടങ്ങുമ്പോള്‍ ആ ശരീരങ്ങള്‍ക്ക്‌ 'ജീവനുണ്ട്‌ ' എന്നു പറയുന്നു. അത്തരം ജീവികള്‍ സൃഷ്ടിയുടെ സമാരംഭം മുതല്‍ നിലവിലുണ്ട്‌. പ്രാണവായുവിന്റെ സാന്നിദ്ധ്യത്തിലും വേണ്ടത്ര തീവ്രമായി സ്പന്ദനമുണ്ടാകാതിരുന്ന ശരീരങ്ങള്‍ മരങ്ങളും ചെടികളുമായി. അവയിലും ഒരു ചെറിയ ബോധതലം ലീനമായി മരുവുന്നുണ്ട്‌. അതാണ്‌ ആ ശരീരങ്ങളുടെ പ്രജ്ഞക്കടിസ്ഥാനം. ഈ പ്രജ്ഞ ശരീരത്തില്‍ പ്രവേശിച്ച്‌ കണ്ണ് മുതലായ അവയവങ്ങള്‍ക്ക്‌ ചൈതന്യമേകുന്നു. ഈ ബോധത്തിന്റെ സങ്കല്‍പ്പമനുസരിച്ച്‌ അപ്രകാരം ഓരോന്നും ആയിത്തീരുകയാണ്‌. "അങ്ങിനെ ഈ ആത്മാവ്‌ എല്ലാ 'ശരീരങ്ങളിലും' നിലകൊള്ളുന്നു. അത്‌ ജംഗമവസ്തുക്കളില്‍ അവയുടെ ചലനാത്മകതയായും സ്ഥാവരവസ്തുക്കളില്‍ അചലാവസ്ഥയായും സ്വഭാവം പ്രകടിപ്പിക്കുന്നു." അങ്ങിനെ എല്ലാ ശരീരങ്ങളുമിപ്പോഴും ഇതു തുടരുന്നു.

078 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 078


ജീവാ ഇത്യുച്യതേ തസ്യ നാമാണോർവാസനാവത:
തത്രൈവസ്തേ സ ച ശവാഗാരേ ഗഗനകേ തഥാ (3/55/6)


പ്രബുദ്ധയായ ലീലപറഞ്ഞു: ജനനമരണങ്ങളേക്കുറിച്ച്‌ അവിടുന്നു പറഞ്ഞുവന്ന കാര്യങ്ങള്‍ എനിക്ക്‌ അറിവിന്റെ വെളിച്ചമാണ്‌. ദയവായി പ്രഭാഷണം തുടര്‍ന്നാലും. 

സരസ്വതി പറഞ്ഞു: പ്രാണവായുവിന്റെ ഒഴുക്ക്‌ നില്‍ക്കുമ്പോള്‍ വ്യക്തിയുടെ ബോധം തികച്ചും നിഷ്ക്രിയമാവുന്നു. ലീലേ, ആ ബോധം നിര്‍മ്മലവും അനന്തവും ശാശ്വതവുമാണെന്നകാര്യം ഓര്‍മ്മിക്കുക. അത്‌ ഉണ്ടായിമറയുന്ന ഒന്നല്ല. അത്‌ ചരാചരങ്ങളില്‍ , അകാശത്ത്‌, മലകളില്‍ , അഗ്നിയില്‍ , വായുവില്‍ എല്ലാം എപ്പോഴുമുള്ളതത്രേ. പ്രാണന്‍ നിലയ്ക്കുമ്പോള്‍ ആ ശരീരം മരിച്ചു, അല്ലെങ്കില്‍ അതു ജഢമാണ്‌ എന്നു പറയുന്നു. പ്രാണന്‍ അതിന്റെ സ്രോതസ്സിലേയ്ക്ക്‌ - വായുവിലേയ്ക്ക്‌ - മടങ്ങുന്നു. ഓര്‍മ്മകളില്‍നിന്നും വാസനകളില്‍നിന്നും വിടുതല്‍ നേടിയ ബോധം ആത്മാവായി അവശേഷിക്കുന്നു.

"ഓര്‍മ്മകളും വാസനകളും കുടികൊണ്ടിരിക്കുന്ന ആ സൂക്ഷ്മശരീരത്തിന്‌ ജീവന്‍ എന്നു പേര്‌. അത്‌ ശവശരീരത്തിനടുത്തു തന്നെ തങ്ങിനില്‍ക്കുന്നു." അതിനെ 'പ്രേതം' - പിരിഞ്ഞുപോയ ജീവന്‍' എന്നും പറയുന്നു. ജീവന്‍ ഇതുവരെയുണ്ടായിരുന്ന ആശയങ്ങളും കാഴ്ച്ചകളുമുപേക്ഷിച്ച്‌ സ്വപ്നത്തിലെയും ദിവാസ്വപ്നത്തിലേയും ദൃശ്യങ്ങള്‍ എന്നപോലെ പുതിയ ധാരണകളില്‍ എത്തുന്നു. ചെറിയൊരു ബോധവിസ്മൃതിക്കുശേഷം ജീവന്‍ മറ്റൊരു ശരീരത്തെ, മറ്റൊരു ലോകത്ത്‌, മറ്റൊരായുസ്സില്‍ സങ്കല്‍പ്പിച്ചു തുടങ്ങുന്നു. ലീലേ, ആറുതരത്തിലാണ്‌ പിരിഞ്ഞുപോയ ഈ ജീവനുകള്‍ വിഭജനം ചെയ്തിട്ടുള്ളത്‌. നിന്ദ്യം, അതിനിന്ദ്യം, അതീവ നിന്ദ്യം (കൊടും പാപികള്‍ ); ഉത്തമം, അത്യുത്തമം, മഹത്തുക്കള്‍ എന്നിങ്ങനെയാണീ ആറു തരക്കാര്‍ . ഇവയിലും ഉപ വിഭാഗങ്ങളുണ്ട്‌. ചില മഹാ പാപികളുടെ കാര്യത്തില്‍ മുന്‍പു പറഞ്ഞ ബോധവിസ്മൃതി ഏറെക്കാലത്തേയ്ക്ക്‌ നീണ്ടുനിന്നേക്കാം. അവര്‍ പുഴുക്കളായും മൃഗങ്ങളായും പുനര്‍ജനിക്കുന്നു. ചെറുപാപികള്‍ വീണ്ടും മനുഷ്യജന്മമെടുക്കുന്നു. ധര്‍മ്മിഷ്ഠരില്‍ ഉത്തമരായവര്‍ സ്വര്‍ഗ്ഗത്തിലേയ്ക്കുയര്‍ന്ന് അവിടെ ജീവിതമാസ്വദിക്കുന്നു. പിന്നീടവര്‍ ഭൂമിയിലേയ്ക്കു തിരികെവന്ന് ധനികരും സദ്ഗുണസമ്പന്നരുമായവരുടെയിടയില്‍ ജനിക്കുന്നു. മദ്ധ്യവര്‍ത്തികളായ ധര്‍മ്മിഷ്ഠര്‍ ഗന്ധര്‍വ്വലോകത്തുപോയി തിരികെ ഭൂമിയിലെത്തി ബ്രാഹ്മണകുടുംബങ്ങളില്‍ ജനിക്കുന്നു.മരിച്ചവരില്‍ ധര്‍മ്മിഷ്ഠര്‍ക്കുപോലും തങ്ങളുടെ ജീവിതകാലത്ത്‌ ചെയ്തുപോയ അനീതിയുടെ പരിണിതഫലം അനുഭവിക്കേണ്ടിവരുന്നു. അതിനായി അവര്‍ ഉപദേവതമാരുടെ സവിധങ്ങളില്‍ക്കൂടി കടന്നു പോകുന്നു.

077 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 077


കോധ്യയാവന്മൃതം ബ്രൂഹി ചേതനം കസ്യ കിം കഥം
മ്രിയന്തേ ദേഹലക്ഷാണി ചേതനം സ്ഥിതമക്ഷയം (3/54/69)


സരസ്വതി തുടര്‍ന്നു: ആദ്യത്തെ സൃഷ്ടിയിലെ ക്രമനിയമമനുസരിച്ച്‌ മനുഷ്യന്‌ നൂറ്‌,ഇരുന്നൂറ്‌,മുന്നൂറ്‌,നാനൂറ്‌, എന്നിങ്ങനെ വര്‍ഷങ്ങള്‍ ആയുസ്സുണ്ടായിരുന്നു. ജീവിച്ചിരിക്കുന്ന രാജ്യം, കാലം,കര്‍മ്മങ്ങള്‍ , ഉപയോഗിക്കുകയും ആഹരിക്കുകയും ചെയ്യുന്ന പദാര്‍ത്ഥങ്ങള്‍ എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ്‌ മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം ക്രമീകൃതമായിരുന്നത്‌. വേദഗ്രന്ഥങ്ങളിലെ ശാസ്ത്രവിധിപ്രകാരം ജീവിക്കുന്നവര്‍ക്ക്‌ ആ വേദങ്ങളില്‍പറഞ്ഞ പ്രകാരം ആയുസ്സുണ്ടായിരുന്നു.അങ്ങിനെ മനുഷ്യന്‍ ചെറുതോ നീണ്ടതോ ആയ ജീവിതം നയിച്ചശേഷം മരണപ്പെടുന്നു.

പ്രബുദ്ധയായ ലീല ചോദിച്ചു:ദേവീ മരണത്തെപറ്റി എനിക്കു കൂടുതല്‍ അറിയണമെന്നുണ്ട്‌. ആ യാത്ര സന്തോഷപ്രദമാണോ അല്ലയോ? മരണശേഷമെന്തു സംഭവിക്കുന്നു?

സരസ്വതി പറഞ്ഞു: കുഞ്ഞേ,മൂന്നു തരത്തിലാണ്‌ മനുഷ്യര്‍ . ഒന്ന്,മൂഢന്‍. രണ്ട്‌, ഏകാഗ്രതയും ധ്യാനവും സാധനയാക്കിയവന്‍. മൂന്ന്, യോഗി. ഇതില്‍ മൂന്നാമനാണ്‌ ബുദ്ധിമാന്‍. രണ്ടാമനും മൂന്നാമനും ഏകാഗ്രതയും ധ്യാനവും ശീലമാക്കി ശരീരബുദ്ധിയെ ത്യജിച്ച്‌ അവരുടെ ഇഷ്ടാനുസരണം സന്തോഷത്തോടെ ജീവിതത്തോട്‌ യാത്രപറയുന്നു. എന്നാല്‍ മൂഢന്‍ ധ്യാനാദി   പരിശീലനങ്ങളൊന്നുമില്ലാത്തതിനാല്‍ തനിക്കു പുറത്തുള്ള ശക്തികളുടെ ദയവിലാണവന്‍. അവന്‍ മരണമടുക്കുമ്പോള്‍ ഭയചകിതനാവുന്നു. അവന്റെയുള്ളില്‍ വല്ലാത്തൊരെരിച്ചില്‍ ഉണ്ടാവുന്നു. ശ്വാസം കഴിക്കാന്‍ മുദ്ധിമുട്ടനുഭവപ്പെടുകയും ശരീരം വിളര്‍ക്കുകയും ചെയ്യും. അവന്‍ കട്ടപിടിച്ച ഇരുട്ടിന്റെ ലോകത്ത്‌ പ്രവേശിച്ച്‌ പകലിലും നക്ഷത്രങ്ങളെ കാണുന്നു. അവന്റെതല ചുറ്റുന്നു.അവന്റെ കാഴ്ച്ചയില്‍ കുഴപ്പമുണ്ടാവുന്നു. ആകാശത്തെ ഭൂമിയായും ഭൂയെ ആകാശമായും അവനു തോന്നുന്നു. പലേ രീതികളില്‍ വിഭ്രമം അവനെ ബാധിക്കുന്നു. താന്‍ ഒരു കിണറിനുള്ളിലേയ്ക്കു പതിക്കുന്നതായും, ഒരു കല്ലിന്റെയുള്ളില്‍ നുഴയുന്നതായും അവന്‍ അനുഭവിക്കുന്നു. അതിവേഗമൊരു വാഹനത്തില്‍ സഞ്ചരിക്കുന്നതായും, മഞ്ഞുപോലെ ഉരുകുന്നതായും, കയറുകൊണ്ട്‌ ആരോ തന്നെ കെട്ടി വലിക്കുന്നതായും, തന്‍ കാറ്റിലൊരു പുല്‍ക്കൊടിപോലെ പാറിപ്പറക്കുന്നതായും അവനു തോന്നുന്നു. തന്റെ ദുരിതങ്ങള്‍ പറയണമെന്നവനുണ്ട്‌, എന്നാല്‍ അവനതിനു കഴിയുന്നില്ല. ക്രമത്തില്‍ അവന്റെ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തനരഹിതമാവുന്നു. ചിന്തിക്കാന്‍ കൂടി അവനു കഴിയാതാവുന്നു. അവന്‍ അജ്ഞതയിലേയ്ക്കും അവിദ്യയിലേയ്ക്കും ആഴ്ന്നാഴ്ന്നു പോവുന്നു.

ഉദ്ബുദ്ധയായ ലീല വീണ്ടും ചോദിച്ചു: എല്ലാവര്‍ക്കും എട്ട്‌ അവയവങ്ങളുണ്ടായിരുന്നിട്ടു കൂടി എന്തുകൊണ്ടാണ്‌ അവന്‌ ഈ അജ്ഞാനവും ദു:ഖവുമെല്ലാം അനുഭവിക്കേണ്ടിവരുന്നത്‌? 

സരസ്വതി പറഞ്ഞു: അങ്ങിനെയാണ്‌ സൃഷ്ടിയുടെ സമാരംഭത്തിലുണ്ടാക്കിയ ക്രമീകരണം. പ്രാണവായുവിന്റെ സഞ്ചാരം ഇല്ലാതാവുമ്പോള്‍ മരണമായി. എന്നാല്‍ ഇതെല്ലാം സാങ്കല്‍പ്പികമാണെന്നറിയുക. അനന്തതയ്ക്ക്‌ എങ്ങിനെയാണ്‌ അവസാനമുണ്ടാവുക? വ്യക്തി എന്നത്‌ അനന്താവബോധമല്ലാതെ മറ്റൊന്നല്ല. "എപ്പോള്‍ , ആരാണു മരിക്കുന്നത്‌? ഈ അനന്താവബോധം ആരുടേതാണ്‌?എങ്ങ്‌ിനെയാണത്‌? കോടിക്കണക്കിനാളുകള്‍ മരണമടഞ്ഞിട്ടും ഈബോധം മാത്രം കുറവൊന്നും ഇല്ലാതെ നിലകൊള്ളൂന്നു."

076 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 076

തസ്മിന്‍ പ്രഥമത: സര്‍ഗേ യാ യഥാ യാത്ര സംവിദ:
കചിതാസ്താസ്തഥാ തത്ര സ്ഥിതാ ആധാപി നിശ്ചലാ:  

സരസ്വതി പറഞ്ഞു: ജ്ഞാനസ്വരൂപതലത്തില്‍ എത്തിയവര്‍ക്കുമാത്രമേ സൂക്ഷ്മാവസ്ഥയെ പ്രാപിക്കാനാവൂ. മറ്റുള്ളവര്‍ക്കതു ലഭ്യമല്ല. ഈ ലീല ആ തലത്തിലെത്തിയിട്ടില്ല. അവളുടെ ഭര്‍ത്താവു ജീവിചിരുന്ന നഗരത്തിലെത്തിയതായി അവള്‍ സങ്കല്‍പ്പിച്ചിരുന്നുവെന്നു മാത്രം. പ്രബുദ്ധയായ ആദ്യത്തെ ലീല പറഞ്ഞു: ദേവി, അതെല്ലാം അവിടുന്നു പറഞ്ഞതുപോലെ തന്നെയാകട്ടെ. എങ്കിലും ഒന്നു പറഞ്ഞാലും: എങ്ങിനെയാണു പദാര്‍ത്ഥങ്ങള്‍ക്ക്‌ ഗുണങ്ങളുണ്ടാവുന്നത്‌? അഗ്നിയ്ക്ക്‌ ചൂട്‌, മഞ്ഞിനു തണുപ്പ്‌, ഭൂമിക്ക്‌ ദൃഢത എന്നിവ എങ്ങി്‌നെ ഉണ്ടാവുന്നു? എങ്ങി്‌നെയാണ്‌ നിയതി-ലോക ക്രമം ഉണ്ടായത്‌?

സരസ്വതി പറഞ്ഞു: വത്സേ, വിശ്വപ്രളയസമയത്ത്‌ വിശ്വം സമ്പൂര്‍ണ്ണമായും അപ്രത്യക്ഷമായി. അനന്തമായ ബ്രഹ്മം മാത്രമേ പ്രശാന്താവസ്ഥയില്‍ നിലനിന്നിരുന്നുള്ളു. ഈ അനന്തതയില്‍ , അതു ബോധസ്വരൂപമാകയാല്‍ 'ഞാന്‍' എന്നും അതിനുശേഷം 'ഞാന്‍ പ്രകാശരേണുവാണ്‌' എന്നുമുള്ള തോന്നലുകളുളവായി. അവ സ്വാനുഭവവുമായി. അതിനുള്ളില്‍ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളെ സങ്കല്‍പ്പിക്കുകമൂലം അവ യഥാര്‍ത്ഥ ഭാവം കൈക്കൊണ്ടു. അതിന്റെ സ്വഭാവം ശുദ്ധബോധമാകയാല്‍ അതിലെ സങ്കല്‍പ്പങ്ങള്‍ കൃത്യമായി അതേപടി നാനാവിധത്തിലുള്ള പദാര്‍ത്ഥങ്ങളായി പരിണമിച്ചു.

എന്തൊക്കെ എവിടെയൊക്കെ എങ്ങിനെയൊക്കെ അനന്താവബോധത്തില്‍ ആദ്യസൃഷ്ടിയില്‍ സങ്കല്‍പ്പിച്ചുവോ അവയെല്ലാം അങ്ങിനെത്തന്നെ അവിടെ നിലകൊണ്ടു. അവയ്ക്ക്‌ മാറ്റമൊന്നുമില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നു." അങ്ങിനെയാണ്‌ കൃത്യമായ ഒരു ക്രമം (പ്രകൃതിനിയമം) ഇവയ്ക്കുണ്ടായത്‌. വാസ്തവത്തില്‍ ഈ ക്രമസ്വഭാവം അനന്താവബോധത്തിന്റെ സഹജഭാവമത്രേ. ഈ പദാര്‍ത്ഥങ്ങള്‍ എല്ലാം അവയുടെ സ്വഭാവസവിശേഷതകളടക്കം വിശ്വപ്രളയസമയത്ത്‌ ഒരു സാദ്ധ്യതാസാന്നിദ്ധ്യമായി നിലനിന്നിരുന്നു. മറ്റ്‌ എന്തിലേയ്ക്കാണിതിനുപോവാന്‍ കഴിയുക? എങ്ങിനെയാണ്‌ ഉള്ള ഒരു വസ്തു ഇല്ലായ്മയാവുക? കൈവളയായി കാണപ്പെടുന്ന സ്വര്‍ണത്തിന്‌ രൂപമൊന്നുമില്ലാതാവുക അസാദ്ധ്യം. ഈ സൃഷ്ടിയുടെ ഘടകങ്ങളെല്ലാം തികഞ്ഞ ശൂന്യതമാത്രമാണെങ്കിലും ഏതൊക്കെ ഘടകങ്ങള്‍ ആദിയില്‍ ചിന്താമാത്രമായി ഉണ്ടായിരുന്നുവോ, അവയുടെ സ്വഭാവസവിശേഷതകളടക്കം കൃത്യമായ ഒരു പ്രകൃതിക്രമം ഇന്നുവരെ നിലനിന്നുപോന്നിട്ടുണ്ട്‌.ഇതെല്ലാം ആപേക്ഷികതലത്തിലേ ഉള്ളു- കാരണം വിശ്വം സൃഷ്ടിക്കപ്പെട്ടിട്ടേ ഇല്ല. എല്ലാം അനന്ത അവബോധമല്ലാതെ മറ്റൊന്നുമല്ല.

വസ്തുപ്രകടനം എന്നതിന്റെ ധര്‍മ്മം തന്നെ വസ്തുവിനെ യാഥാര്‍ഥ്യം എന്നു തോന്നിപ്പിക്കുക എന്നതാണ്‌. പ്രകൃതിനിയമം- നിയതി എന്നതിന്റെ സ്വഭാവമെന്തെന്നാല്‍ അതിനെ ആര്‍ക്കും മാറ്റാനിതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ്‌. അനന്താവബോധം തന്നെ ഈ ഘടകപദാര്‍ത്ഥങ്ങളെ സ്വപ്രജ്ഞയില്‍ ആലോചിച്ചുണ്ടാക്കി അവയെ അനുഭവിച്ചു. ആ അനുഭവങ്ങള്‍മൂര്‍ത്തീകരിച്ചതായി കാണപ്പെട്ടു.

Jun 22, 2012

075 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 075


മഹാചിദ്പ്രതിഭാസത്വാന്മഹാനിയതിനിശ്ചയാത്
അന്യോന്യമേവ പശ്യന്തി മിഥ: സമ്പ്രതിബിംബിതാത് (3/53/25)


വസിഷ്ഠന്‍ തുടര്‍ന്നു: രാമ: സരസ്വതീദേവിയുടെ വരം ലഭിച്ച രണ്ടാമത്തെ ലീല, ആകാശത്തുയര്‍ന്ന് അവിടെ തന്റെ മകളെ സന്ധിച്ചു. കുമാരി, സ്വയം പരിചയപ്പെടുത്തി. ലീല അവളോട്‌ തന്റെ ഭര്‍ത്താവ്‌-രാജാവ്‌ കിടക്കുന്നയിടത്തേയ്ക്കു വഴി കാട്ടാന്‍ അവളോട്‌ അഭ്യര്‍ത്ഥിച്ചു. അവള്‍ അമ്മയുമൊത്ത്‌ പറന്നകന്നു. ആദ്യമവര്‍ മേഘമാര്‍ഗ്ഗവും പിന്നെ വായുമാര്‍ഗ്ഗവും കടന്നു. അതിനപ്പുറം അവര്‍ സൂര്യപഥം കടന്ന് നക്ഷത്രം നിറഞ്ഞ ആകാശത്തെത്തി. അവര്‍ അതിനുമപ്പുറം ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ സവിധങ്ങള്‍ കടന്ന് വിശ്വത്തിന്റെ നെറുകയിലെത്തി. മഞ്ഞുകട്ടയിട്ടുവച്ചപാത്രത്തില്‍നിന്നും തണുപ്പിനു പ്രസരിക്കാന്‍ പാത്രം പൊട്ടിക്കേണ്ട ആവശ്യമില്ലാത്തതുപോലെ സ്വാഭാവികമായി അവര്‍ക്കിതെല്ലാം ചെയ്യാന്‍ കഴിഞ്ഞു. സൂക്ഷ്മശരീരിയായ ലീലയില്‍ മൂര്‍ത്തീകരിച്ച ചിന്തകളായി ഈ അനുഭവങ്ങളെല്ലാം വേദ്യമായി. ഈ വിശ്വതലങ്ങള്‍ എല്ലാം കടന്ന് ലീല സമുദ്രങ്ങളും വിശ്വത്തെ പൊതിഞ്ഞിരിക്കുന്ന മറ്റു മൂലകങ്ങളും തരണം ചെയ്ത്‌ അനന്തബോധത്തിലെത്തി. അവിടെ പരസ്പരം അറിയാത്ത എണ്ണമറ്റ പ്രപഞ്ചങ്ങളുണ്ട്‌. പദ്മരാജാവിന്റെ ശരീരം കിടക്കുന്ന വിശ്വപ്രപഞ്ചത്തില്‍ ലീല പ്രവേശിച്ചു. വീണ്ടും ബ്രഹ്മാദിദേവന്മാരുടെ ലോകം കടന്ന് അവിടെ പദ്മരാജാവിന്റെ ദേഹം പൂക്കള്‍കൊണ്ടു മൂടിവച്ച കൊട്ടാരതളത്തില്‍ ലീല പ്രവേശിച്ചു. എന്നാല്‍ പെട്ടെന്നു ചുറ്റും നോക്കുമ്പോള്‍ തന്റെ മകളെ കാണാനില്ല. അവള്‍ അദ്ഭുതകരമായി അപ്രത്യക്ഷയായിരിക്കുന്നു!. 

അവള്‍ താഴെ കിടത്തിയിരിക്കുന്ന ഭര്‍ത്തൃദേഹം തിരിച്ചറിഞ്ഞു. യുദ്ധത്തില്‍ വീരമൃത്യുവടഞ്ഞതിനാല്‍ അദ്ദേഹത്തിനു വീരസ്വര്‍ഗ്ഗം തന്നെ കിട്ടിയെന്നു ചിന്തിച്ചുറച്ചു. അവള്‍ ആലോചിച്ചു: സരസ്വതീ ദേവിയുടെ കൃപയാല്‍ ഞാന്‍ ഇവിടെ ഉടലോടെ എത്തിച്ചേര്‍ന്നിരിക്കുന്നു. ഞാന്‍ ഏറ്റവും അനുഗൃഹീതയാണ്‌. അവള്‍ രാജാവിന്റെ ദേഹത്തെ വീശാന്‍ തുടങ്ങി. ആദ്യത്തെ ലീല ദേവിയോടു ചോദിച്ചു: അവളെക്കണ്ടിട്ട്‌ രാജസേവകര്‍ എന്തുചെയ്തു?

സരസ്വതി പറഞ്ഞു: രാജാവും, സേവകരും രാജകൊട്ടാരവുമെല്ലാം അനന്താവബോധം മാത്രം. "എന്നാല്‍ എല്ലാറ്റിന്റെയും അടിസ്ഥാനം സത്യവസ്തുവായ അനന്തബോധമായതിനാലും സങ്കല്‍പ്പ രചിതമായ സൃഷ്ടികളുടെ ക്രമാനുഗതസ്വഭാവത്തെപറ്റി നിശ്ചയമുള്ളതിനാലും അവര്‍ പരസ്പരം തിരിച്ചറിയുന്നു". ഭര്‍ത്താവ്‌ പറയുന്നു: 'അവള്‍ എന്റെ ഭാര്യയാണ്‌'. ഭാര്യ പറയുന്നു: 'അദ്ദേഹം എന്റെ ഭര്‍ത്താവാണ്‌'. അവള്‍ക്ക്‌ അവളുടെ പൂര്‍വ്വശരീരത്തിലേയ്ക്ക്‌ പോവുകയെന്നത്‌ അസാദ്ധ്യമാണ്‌. കാരണം പ്രകാശത്തിന്‌ ഇരുട്ടിനൊപ്പം കഴിയുക എന്നതസാദ്ധ്യം. അതുപോലെ ഒരുവനെ അവിദ്യയെന്ന അന്ധത ബാധിച്ചിട്ടുണ്ടെങ്കില്‍ അവനിലെങ്ങിനെ വിജ്ഞാനത്തിന്റെ വിളക്കു തെളിയും? ഒരുവനില്‍ സൂക്ഷ്മശരീരസംബന്ധിയായ ജ്ഞാനമുണരുമ്പൊള്‍ ഭൌതികശരീരംസത്താണെന്ന ധാരണ ഇല്ലാതാവുന്നു. ഞാന്‍ അവള്‍ക്കു നല്‍കിയ വരത്തിന്റെ ഫലമായാണിത്‌. വരലബ്ധിയില്‍ അവളിങ്ങിനെ ചിന്തിക്കുന്നു: 'അവിടുന്നെന്നെ വരബലം മൂലം ഇങ്ങിനെ ചിന്തിക്കുമാറാക്കി; ഞാന്‍ അപ്രകാരമായി' അതുകൊണ്ട്‌ അവള്‍ വിചാരിക്കുന്നു താന്‍ തന്റെ ഭര്‍ത്താവിന്റെയടുത്ത്‌ ഉടലൊടെ എത്തിയെന്ന്. ഒരാള്‍ അജ്ഞതമൂലം കയറില്‍ പാമ്പിനെ ദര്‍ശിച്ചേക്കാം എന്നാല്‍ കയറിന്‌ പാമ്പിനേപ്പോലെപെരുമാറുവാന്‍ കഴിയില്ല. 

074 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 074


തിജഗച്ചിദണാവന്തരസ്തി സ്വപ്നപുരം യഥാ
തസ്യാപ്യന്തഛിദണവസ്തേഷ്വപ്യേ കൈകശോ ജഗത് (3/52/20)


വസിഷ്ഠന്‍ തുടര്‍ന്നു: വിഥുരഥന്റെ മരണശേഷം നഗരത്തില്‍ യുദ്ധാനന്തര കെടുതികളും കലാപവും ഉണ്ടായി. സിന്ധുരാജാവ്‌ തന്റെ മകനായിരിക്കും ഇനി രാജാവ്‌ എന്നു പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ പ്രജകള്‍ക്ക്‌ ആഹ്ലാദമായി. പെട്ടെന്നുതന്നെ മന്ത്രിമാര്‍ കിരീടധാരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പുതിയ ഭരണകൂടം നഗരത്തില്‍ പട്ടാളനിയമം കൊണ്ടുവന്ന് അവിടെ സമാധാനം പുന:സ്ഥാപിക്കുകയും ചെയ്തു. വിഥുരഥന്റെ വീഴ്ച്ചകണ്ട്‌ രണ്ടാമത്തെ ലീല ബോധരഹിതയായി കുഴഞ്ഞു വീണു. ആദ്യത്തെ ലീല സരസ്വതീ ദേവിയോടു പറഞ്ഞു: നോക്കൂ, എന്റെ ഭര്‍ത്താവ്‌ പ്രേതത്തെ ഉപേക്ഷിക്കാന്‍ പോവുന്നു.

സരസ്വതി പറഞ്ഞു: ഈ കൊടും യുദ്ധവും നാശവും, മരണവുമെല്ലാം ഒരു സ്വപ്നത്തിന്റെ യാഥാര്‍ഥ്യത മാത്രമുള്ളതാണെന്നറിയുക. അവിടെയൊരു സാമ്രാജ്യമില്ല, ഭൂമിയുമില്ല. ഇക്കാര്യങ്ങളെല്ലാം നടന്നത്‌ കുന്നിന്മുകളിലുള്ള വസിഷ്ഠന്‍ എന്നുപേരായ ആ മഹാത്മാവിന്റെ വീട്ടിലാണ്‌. ഈ കൊട്ടാരവും യുദ്ധക്കളവും ബാക്കിയുള്ള മറ്റുദൃശ്യങ്ങളുമെല്ലാം നിന്റെ അന്ത:പ്പുരത്തിന്റെ ഉള്ളറകളില്‍ത്തന്നെയല്ലാതെ  മറ്റ് എങ്ങുമല്ല. വാസ്തവത്തില്‍ ഈ വിശ്വം മുഴുവനും അവിടെയുണ്ട്‌. ആ മഹാത്മാവിന്റെ  ഗൃഹത്തിനുള്ളിലാണ്‌ പദ്മരാജാവിന്റെ ലോകം; ആ രാജാവിന്റെ കൊട്ടാരത്തിനുള്ളിലാണ്‌ നിങ്ങള്‍ ഇവിടെക്കണ്ട ലോകം. ഇതെല്ലാം വെറും ഭ്രമകല്‍പ്പന മാത്രം. ഉണ്മയായുള്ളത്‌ ആ സമ്പൂര്‍ണ്ണ സത്ത മാത്രം. അതിനെ ഉണ്ടാക്കാനോ നശിപ്പിക്കാനോ ആവില്ല. അജ്ഞാനികള്‍ വിശ്വപ്രപഞ്ചമായി കണക്കാക്കുന്നത്‌ ആ അനന്താവബോധത്തെയാണ്‌. "ഒരുവനില്‍ സ്വപ്നനഗരം മുഴുവനുമായി നിലനില്‍ക്കുന്നതുപോലെ ചെറിയൊരണുവില്‍ മൂന്നുലോകങ്ങളും സുസ്ഥിതമത്രേ. ആ ലോകങ്ങളിലും പരമാണുക്കളുണ്ട്‌; അവയിലെല്ലാം ത്രിലോകങ്ങളുമുണ്ട്‌."

മോഹാലസ്യപ്പെട്ടു വീണ ആ ലീല നിന്റെ ഭര്‍ത്താവ്‌ പദ്മ രാജാവിന്റെ ശരീരം കിടത്തിയിട്ടിരിക്കുന്ന ലോകത്താണിപ്പോള്‍ . ലീല ചോദിച്ചു: ദേവീ എങ്ങിനെയാണവള്‍ അവിടേയ്ക്ക്‌ നേരത്തേ എത്തിച്ചേര്‍ന്നത്‌? അവളോട്‌ ചുറ്റും കൂടിയവര്‍ എന്തൊക്കെയാണു പറയുന്നത്‌? സരസ്വതി പറഞ്ഞു: നിങ്ങള്‍ രണ്ടാളും രാജാവിന്റെ ആശാസങ്കല്‍പ്പസൃഷ്ടികളാണ്‌. അതുപോലെ രാജാവും ഈ ഞാനുമെല്ലാം സ്വപ്നവസ്തുക്കള്‍ മാത്രം. ഈ സത്യമറിയുന്നവന്‍ വിഷയവസ്തുക്കള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഉപേക്ഷിക്കുന്നു. അനന്താവബോധത്തില്‍ നാം സങ്കല്‍പ്പത്തില്‍ പരസ്പരം സൃഷ്ടിക്കുകയാണ്‌. യുവതിയായ മറ്റേ ലീല നീ തന്നെയാണ്‌. അവള്‍ എന്നെ പൂജിച്ചത്‌ ഒരിക്കലും വിധവയാവാതിരിക്കാനുള്ള വരലബ്ധിക്കായാണ്‌. അതുകൊണ്ട്‌ വിഥുരഥരാജാവ്‌ അന്തരിക്കും മുന്‍പ്‌ ലീല കൊട്ടാരം വിട്ടുപോയി. പ്രിയപ്പെട്ടവളേ നിങ്ങളെല്ലാവരും വിശ്വാവബോധത്തിന്റെ വ്യക്തിഗത സത്വങ്ങളാണ്‌. ഞാനാണ്‌ വിശ്വാവബോധം. ഞാനാണിതെല്ലാം സാദ്ധ്യമാക്കുന്നത്‌.

073 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 073


യോ യഥാ പ്രേരയതി മാം തസ്യ തിഷ്ഠാമി തത്ഫലാ
ന സ്വഭാവോന്യതാം ധത്തേ വഹ്നേരൗഷണ്യമിവൈഷ മേ (3/47/5)


രണ്ടാമത്തെ ലീല സരസ്വതീ ദേവിയോടു ചോദിച്ചു: ദേവീ, അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചുവെങ്കിലും എന്തുകൊണ്ടാണ്‌ എന്റെ പ്രിയതമന്‌ യുദ്ധത്തില്‍ ജയമില്ലാതെ പോകുന്നത്‌? 

സരസ്വതീദേവി പറഞ്ഞു: രാജാവ്‌ വിഥുരഥന്‍ തീര്‍ച്ചയായും ദീര്‍ഘകാലം എന്നെ പൂജിച്ചിരുന്ന ആളാണ്‌. എന്നാല്‍ യുദ്ധത്തിലെ വിജയത്തിനുവേണ്ടി അദ്ദേഹം എന്നോട്‌ പ്രാര്‍ത്ഥിക്കുകയുണ്ടായില്ല. എല്ലാവരുടെയും അറിവില്‍ നിറഞ്ഞ ബോധമായതുകൊണ്ട്‌ ഓരോരുത്തരും ആവശ്യപ്പെടുന്ന കാര്യങ്ങളാണ്‌ ഞാനവര്‍ക്കു സാധിപ്പിച്ചു കൊടുക്കുന്നത്‌. "ഒരാള്‍ എന്നില്‍നിന്നെന്തു ഫലമാവശ്യപ്പെട്ടാലും ഞാനാ ഫലമവര്‍ക്കു നല്‍കും; എന്നാല്‍ അഗ്നിയ്ക്ക്‌ തന്റെ സ്വാഭാവമായ ചൂട്‌ പ്രസരിപ്പിക്കാതിരിക്കാനാവില്ല എന്നറിയുക". അദ്ദേഹം മുക്തിയാണാഗ്രഹിച്ചത്‌. അതിനാല്‍ അദ്ദേഹത്തിനു മുക്തിലഭിക്കും. എന്നാല്‍ സിന്ധുരാജാവ്‌ പൂജചെയ്ത്‌ എന്നോടാവശ്യപ്പെട്ടത്‌ യുദ്ധത്തിലെ വിജയമാണ്‌. അതുകൊണ്ട്‌ വിഥുരഥന്‍ യുദ്ധത്തില്‍ ചരമമടഞ്ഞ്‌ കാലക്രമത്തില്‍ നിങ്ങളോട്‌ ചേര്‍ന്ന്, ഒടുവില്‍ മുക്തിപദം പ്രാപിക്കുന്നതാണ്‌. ഈ സിന്ധു രാജാവ്‌ ചക്രവര്‍ത്തിയായി സാമ്രജ്യം വാഴും.

വസിഷ്ഠന്‍ തുടര്‍ന്നു: ഈ വനിതകള്‍ യുദ്ധം വീക്ഷിച്ചുകൊണ്ടിരിക്കേ കിഴക്ക്‌ ഈ യുദ്ധത്തിന്റെ പര്യവസാനം എന്തെന്നറിയാനുള്ള ആകാംക്ഷയുള്ളതുപോലെ സൂര്യന്‍ ആ യുദ്ധദൃശ്യം ഒന്നൊളിഞ്ഞുനോക്കി. ആയിരം സേനകളാല്‍ ചുറ്റപ്പെട്ട്‌ ഇരു രാജാക്കന്മാരും പൊരിഞ്ഞ യുദ്ധം ചെയ്തു. പല വലിപ്പത്തിലും ആകൃതിയിലും ആയിരുന്നു അവരുടെ പരിഘങ്ങള്‍ . ഭൂമിയില്‍ ഒരു മുനമാത്രം ഉണ്ടായിരുന്ന അമ്പ്‌ ആയിരം മുനകളുമായി ആകാശത്തെത്തി താഴോട്ടുപതിക്കുമ്പോള്‍ പതിനായിരക്കണക്കിനു മുനകളുമായി നാശം വിതച്ചു. രണ്ടു രാജാക്കന്മാരും ഒന്നിനൊന്നു കിടപിടിക്കുന്ന യുദ്ധനിപുണരായിരുന്നു. വിഥുരഥന്‍ ജന്മനാ രണവീരനായിരുന്നു. ശത്രുരാജാവിന്റെ വീര്യം ഭഗവാന്‍ നാരായണന്റെ വരപ്രസാദലബ്ധിയില്‍ നിന്നുണ്ടായതാണ്‌. ഒരുനിമിഷം വിഥുരഥന്‌ ജയമുറപ്പാവുമെന്ന സ്ഥിതിവന്നപ്പോള്‍ രണ്ടാമത്തെ ലീല അതിസന്തോഷത്തോടെ സരസ്വതീ ദേവിക്ക്‌ അദ്ദേഹത്തെ ചൂണ്ടിക്കാട്ടി. എന്നാല്‍ അടുത്ത നിമിഷം ശത്രു രക്ഷപ്പെട്ടു. ഇരുവരും പരസ്പരം നിരോധിക്കുന്ന മട്ടിലുള്ള അസ്ത്രശസ്ത്രങ്ങള്‍ വര്‍ഷിച്ചു പൊരുതി. വിഷാദാസ്ത്രത്തെ നേരിട്ടത്‌ പടയാളികള്‍ ക്കുനേരേ ആവേശാസ്ത്രംതൊടുത്താണ്‌. സര്‍പ്പാസ്ത്രത്തെ ചെറുത്തത്‌ ഗരുഡാസ്ത്രം കൊണ്ട്‌. വരുണാസ്ത്രത്തെ ആഗ്നേയാസ്ത്രം കൊണ്ട്‌. രണ്ടുപേരും വൈഷ്ണവാസ്ത്രം ഉപയോഗിച്ചു. രണ്ടുപേരുടേയും രഥം യുദ്ധത്തില്‍ തകര്‍ന്നുവെങ്കിലും അവര്‍ ഭൂമിയില്‍ നിന്നു യുദ്ധം തുടര്‍ന്നു. വിഥുരഥന്‍ മറ്റൊരു രഥത്തിലേറാന്‍ തുടങ്ങവേ സിന്ധു രാജാവ്‌ അദ്ദേഹത്തെ വെട്ടി വീഴ്ത്തി. താമസിയാതെ വിഥുരഥന്റെ ദേഹം കൊട്ടാരത്തിലെത്തിച്ചു. സരസ്വതീ ദേവിയുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട്‌ ശത്രുസൈന്യത്തിന്‌ കൊട്ടാരത്തില്‍ പ്രവേശിക്കാനായില്ല.

072 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 072


തപോ വാ ദേവതാ വാപി ഭൂത്വാ സ്വൈവ ചിദന്യഥാ
ഫലം ദദാത്യഥ സ്വൈരം നാഭ: ഫലനിപാതവത് (3/45/19)


രണ്ടാമത്തെ ലീല സരസ്വതീ ദേവിയോടു പറഞ്ഞു: ദേവീ, ഞാന്‍ സരസ്വതീദേവിയെ പൂജിക്കാറുണ്ട്‌. ദേവി എന്റെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്‌. അവിടുന്ന് ആ ദേവിയുടെ തല്‍സ്വരൂപം പോലെയുണ്ട്‌. അവിടുന്ന് സരസ്വതീദേവി തന്നെയാണെന്നു ഞാന്‍ കരുതുന്നു. എനിക്കൊരു വരം തരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്റെ പ്രിയതമന്‍ യുദ്ധക്കളത്തില്‍ വീരചരമം പ്രാപിക്കുമ്പോള്‍ എനിക്കും അദ്ദേഹത്തോടൊപ്പം - ഏതൊരിടത്തേക്കാണദ്ദേഹം പോവുന്നതെങ്കിലും അങ്ങോട്ട്‌- എന്റെ ഈ ശരീരത്തോടെ തന്നെ പോവാന്‍ സാധിക്കുമാറാകണം.

സരസ്വതി പറഞ്ഞു: പ്രിയപ്പെട്ടവളേ, നീയെന്നെ ഏറെക്കാലമായി തീവ്രഭക്തിയോടെ പൂജിക്കുന്നുവല്ലോ. ആയതിനാല്‍ നീയാവശ്യപ്പെട്ടവരം ഇതാ ഞാന്‍ നല്‍കുന്നു. അപ്പോള്‍ ആദ്യത്തെ ലീല സരസ്വതിയോടു പറഞ്ഞു: ശരിയാണ്‌. അവിടുത്തെ വാക്കുകള്‍ പാഴാവുകയില്ല. അതെല്ലാം സത്യമായി ഭവിക്കുന്നു. എനിക്ക്‌ ഒരു ബോധതലത്തില്‍നിന്നും മറ്റൊന്നിലേയ്ക്ക്‌ ഒരേ ശരീരവുമായി സഞ്ചരിക്കാന്‍ അവിടുന്ന് എന്തുകൊണ്ട്‌ അനുവദിച്ചില്ല എന്നു ദയവായി പറഞ്ഞു തരൂ.

സരസ്വതി പറഞ്ഞു: ഞാന്‍ ആര്‍ക്കുംവേണ്ടി ഒന്നും ചെയ്യുന്നില്ല. എല്ലാ ജീവനും അവരവരുടെ പ്രയത്നത്തിന്റെ ഫലമായി അവസ്ഥകളെ പ്രാപിക്കുകയാണ്‌. ഞാന്‍ എല്ലാവരുടെയും ബുദ്ധിയെ പ്രദ്യോതിപ്പിക്കുന്ന ദേവതമാത്രമാണ്‌. അവരുടെ ജീവശക്തിയും ബോധബലവുമാണ്‌ ഞാന്‍. ഓരോ ജീവനും ഏതൊരുതരം ചൈതന്യമാണോ (ഊര്‍ജ്ജം) ഉള്ളില്‍ ആവഹിക്കുന്നത്‌ അതാണ്‌ ഫലപ്രാപ്തിയിലെത്തുന്നത്‌. നീ മുക്തിയാണാഗ്രഹിച്ചത്‌. നിനക്കതു സ്വായത്തമാവുകയും ചെയ്തു. "നിനക്കത്‌ നിന്റെ തപസ്സിന്റെ ഫലമെന്നോ, ഇഷ്ടദേവതയുടെ അനുഗ്രഹമെന്നോ പറയാം. എന്നാല്‍ ബോധം മാത്രമാണത്‌. അതാണ്‌ നിന്റെ ഫലദാതാവ്‌. അകാശത്തുനിന്നും ഒരു ഫലം വീഴുന്നുവെന്നു തോന്നിയെന്നാലും ഫലം വീഴുന്നത്‌ വൃക്ഷത്തില്‍ നിന്നും തന്നെയാണ്‌."

വസിഷ്ഠന്‍ തുടര്‍ന്നു: അവരിങ്ങിനെ സംസാരിച്ചുനില്‍ക്കേ വിദുരഥ രാജാവ്‌ തന്റെ തിളക്കമേറിയ രഥത്തില്‍ പടക്കളത്തിലേയ്ക്കു പുറപ്പെട്ടു. നിര്‍ഭാഗ്യമെന്നുപറയട്ടേ, ശത്രുക്കളുടെയും തന്റെയും ബലാബലങ്ങള്‍ നോക്കുന്നതില്‍ ഉണ്ടായ പിഴവുമൂലം ശത്രുപാളയത്തില്‍ എത്തുംവരെ രാജാവിന്‌ അവരുടെ യഥാര്‍ഥബലം അറിയാന്‍ കഴിഞ്ഞില്ല. രണ്ടു ലീലമാരും സരസ്വതിദേവിയും, ദേവിയുടെ അനുഗൃഹത്തിനു പാത്രമായ രാജകുമാരിയും കൊട്ടാരമുകളില്‍ നിന്നും ഭയാനകമായ ഈ യുദ്ധം വീക്ഷിച്ചുകൊണ്ടിരുന്നു. ഇരുസൈന്യങ്ങളില്‍നിന്നും വര്‍ഷിച്ച ആയുധങ്ങള്‍ ആകാശത്തെ മേഘാവൃതമാക്കി. സൈന്യങ്ങളുടെ മുറവിളി എങ്ങും കേള്‍ക്കായി. നഗരം മുഴുവന്‍ പൊടിയും കട്ടപിടിച്ച പുകയും നിറഞ്ഞു. വിദുരഥന്‍ ശത്രുപാളയത്തില്‍ പ്രവേശിച്ചതും വലിയ ടക്‌ ടക്‌ ശബ്ദം കേട്ടു. യുദ്ധം തീവ്രമായി തുടര്‍ ന്നു. പറക്കുന്ന വ്യോമായുധങ്ങള്‍ തമ്മിലിടിക്കവേ ഖടഖടാരവവും ഛുണുഛുണു നാദവും അവിടെ മുഴങ്ങി.

071 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 071


മൃതിർജന്മന്യസദ്രൂപ മൃത്യാം ജന്മാപ്യസന്മയം
വിശരേദ്വിശരാരുത്വാദനുഭൂതേശ്ച രാഘവ (3/44/26)


വസിഷ്ഠന്‍ തുടര്‍ന്നു: ആ സമയത്ത്‌ രാജ്ഞി അവിടെ വന്നുചേര്‍ന്നു. രാജ്ഞിയുടെ മുഖ്യതോഴി രാജാവിനോട്‌ ഇങ്ങിനെ പറഞ്ഞു: മഹാ രാജാവേ, അന്ത:പുരത്തിലെ സ്തീകളെയെല്ലാം ശത്രുക്കള്‍ വലിച്ചിഴച്ചുകൊണ്ടുപോവുകയാണ്‌. വിവരിക്കാനരുതാത്ത ഈ അതിദുരിതത്തില്‍നിന്നും ഞങ്ങളെ രക്ഷിക്കാന്‍ അങ്ങല്ലാതെ ആരുമില്ല.

രജാവ്‌ സരസ്വതീ ദേവിയോട്‌ വിടവാങ്ങി: ഈ ശത്രുവിനെ കീഴ്പ്പെടുത്താന്‍ ഞാന്‍ തന്നെ യുദ്ധക്കളത്തിലിറങ്ങാന്‍ പോവുന്നു. എന്റെ രാജ്ഞി അവിടുത്തെ സേവിക്കാന്‍ ഇവിടെയുണ്ടല്ലോ. അദ്ഭുതപരവശയായി ലീല രാജ്ഞിയെ നോക്കി. രാജ്ഞി, തന്റെ കൃത്യമായ പ്രതിരൂപം തന്നെ!

ലീല, സരസ്വതീ ദേവിയോടു ചോദിച്ചു: ദേവീ, ഇതെങ്ങിനെ സംഭവിച്ചു? രാജ്ഞി എന്നേപ്പോലെ തന്നെയിരിക്കുന്നു! എന്റെ യൌവ്വനത്തില്‍ ഞാന്‍ എങ്ങിനെയിരുന്നുവോ അങ്ങിനെയാണവരിപ്പോള്‍ . ഇതിന്റെ രഹസ്യം എന്താണ്‌? കൂടാതെ ഈ മന്ത്രിമാര്‍ എല്ലാം ഞങ്ങളുടെ കൊട്ടാരത്തിലുണ്ടായിരുന്നവര്‍ തന്നെയെന്നു തോന്നുന്നു. അവര്‍ നമ്മുടെ ചിന്തകളുടെ പ്രതിഫലനം മാത്രമാണെങ്കില്‍ അവര്‍ സചേതനരാണോ? അവരും അവബോധമുള്ളവരാണോ?

സരസ്വതി പറഞ്ഞു: ലീലേ, ഒരാളിന്റെയുള്ളില്‍ എന്തെന്തുകാഴ്ച്ചകള്‍ ഉയര്‍ന്നുണരുന്നുവോ അവയെല്ലാം ക്ഷണനേരത്തില്‍ അനുഭവങ്ങളാകുന്നു. ബോധം, സ്വയം വിഷയമായി (അറിയപ്പെടുന്ന വസ്തുവായി) മാറിയപോലെയാണത്‌. ബോധമണ്ഡലത്തില്‍ ലോകമെന്ന കാഴ്ച്ച ഉയരുമ്പോള്‍ ആ ക്ഷണത്തില്‍ അങ്ങിനെയായിത്തീരുകയാണ്‌. കാലം, ദൂരം, സമയദൈര്‍ഘ്യം, വസ്തുനിഷ്ഠത എന്നിവയെല്ലാം ഉണ്ടാവുന്നത്‌ പദാര്‍ത്ഥങ്ങളില്‍ നിന്നാവാന്‍ വയ്യ. കാരണം അങ്ങിനെയെങ്കില്‍ അവയും പദാര്‍ത്ഥങ്ങളാവണമല്ലോ. ഒരുവന്റെ ബോധതലത്തിലെ പ്രതിഫലനം പുറത്തും അതേപോലെ ദീപ്തമായി കാണപ്പെടുന്നു. ജാഗ്രദ വസ്ഥയില്‍ വസ്തുനിഷ്ഠമായി, സത്തായി, കാണപ്പെടുകയും അനുഭവിക്കുകയും ചെയ്യുന്ന പുറംലോകം സ്വപ്നത്തിലെ അനുഭവങ്ങളേക്കാള്‍ കൂടിയ യാഥാര്‍ത്ഥ്യമൊന്നുമല്ല. ഉറങ്ങുമ്പോള്‍ ലോകമില്ല. ഉണരുമ്പോള്‍ സ്വപ്നവുമില്ല! "മരണം ജീവനു വിപരീതമാണ്‌. ജീവിച്ചിരിക്കുമ്പോള്‍ മരണമില്ല, അതിനു നിലനില്‍പ്പില്ല. മരണത്തിനപ്പോള്‍ അസ്തിത്വമില്ല. മരണത്തിലോ, ജീവനു നിലനില്‍പ്പില്ല. കാരണം, അതത്‌ അനുഭവങ്ങളെ ചേര്‍ത്തുവയ്ക്കുന്നതെന്തോ അതിന്റെ അഭാവമാണ്‌ മറ്റേതില്‍ . അത്‌ സത്തോ അസത്തോ എന്നു പറയാന്‍ വയ്യ. ഒരുകാര്യം മാത്രം ഉറപ്പിക്കാം- എല്ലാറ്റിന്റേയും അടിസ്ഥാനം മാത്രമാണ്‌ സത്തായിട്ടുള്ളതെന്ന്. ബ്രഹ്മത്തില്‍ ഒരു വാക്കായി, ആശയമായി ഈ വിശ്വം മുഴുവന്‍ സ്ഥിതിചെയ്യുന്നു. അതു സത്യമോ അസത്യമോ അല്ല. കയറിലെ പാമ്പ്‌ സത്യമോ അസത്യമോ അല്ലാത്തതുപോലെയാണത്‌. ജീവന്റെ അനുഭവങ്ങള്‍ അപ്രകാരമത്രേ. സ്വന്തം ആശയാഭിലാഷങ്ങളെയാണ്‌ ജീവന്‍ അനുഭവിക്കുന്നത്‌. താന്‍ നേരത്തേ അനുഭവിച്ച ചില അനുഭവങ്ങള്‍ ഭാവനയില്‍ കൊണ്ടുവരുന്നു; ചില പുതിയ അനുഭവങ്ങളും സങ്കല്‍പ്പിക്കുന്നു. ചിലത്‌ സമാന സ്വഭാവമുള്ളവയും മറ്റുചിലത്‌ വിചിത്രവുമായിരിക്കും. ഇവയെല്ലാം യഥാര്‍ത്ഥ വിശകലനത്തില്‍ അസത്യമാണെങ്കിലും അവ സത്യമായി കാണപ്പെടുന്നു (അനുഭവപ്പെടുന്നു). ഈ മന്ത്രിമാരുടേയും മറ്റുള്ളവരുടേയും കാര്യം അങ്ങിനെയാണ്‌. ഇവിടെക്കാണുന്ന ലീലയും ബോധതലത്തിലെ വെറും പ്രതിഫലനം കൊണ്ടാണുണ്ടായിരിക്കുന്നത്‌. അപ്രകാരം തന്നെയാണ്‌ നീയും ഞാനുമൊക്കെ. ഈ അറിവിന്റെ നിറവില്‍ നീ പ്രശാന്തയായാലും.

070 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 070


ക ഇവാസ്മിൻപരിത്രാതാ സ്യാദിത്യാദീനവീക്ഷിതൈ:
ഉത്പലാലീവ വർഷദ്ഭി: പരിരോദിത സൈനികാ: (3/43/59)


സരസ്വതി പറഞ്ഞു: രാജാവേ, അങ്ങീ യുദ്ധത്തില്‍ ചരമമടയും. എന്നിട്ട്‌ അങ്ങയുടെ പഴയ സാമ്രാജ്യം തിരിച്ചുപിടിക്കും. ഈ ശരീരത്തിന്റെ മരണശേഷം അങ്ങ്‌ മുന്‍പുണ്ടായിരുന്ന നഗരത്തില്‍ അങ്ങയുടെ മകളുടേയും മന്ത്രിമാരുടേയും അടുത്തുവരും. ഞങ്ങള്‍ ഇപ്പോള്‍ തിരികെപ്പോകുന്നു. നിങ്ങളെല്ലാവരും സമയമാകുമ്പോള്‍ ഞങ്ങളെ അനുഗമിക്കുന്നതാണ്‌. ഒരാനയുടേയും, കുതിരയുടേയും ഒട്ടകത്തിന്റേയും ഗമനരീതികള്‍ ഒട്ടു വ്യത്യസ്തമാണല്ലോ.

വസിഷ്ഠന്‍ തുടര്‍ന്നു: സരസ്വതി ദേവി ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു ദൂതന്‍ പാഞ്ഞുവന്ന് തലസ്ഥാനനഗരിയെ ശത്രുസൈന്യം കയറി നശിപ്പിക്കുന്നതായി അറിയിച്ചു. കൊള്ളിവെയ്പ്പുമൂലം നഗരം എരിഞ്ഞടങ്ങുകയായിരുന്നു. നഗരത്തില്‍ കൊള്ളക്കാര്‍ ഉറക്കെ വിളിച്ചാര്‍ത്തുകൊണ്ട്‌ കവര്‍ച്ച ചെയ്തു. രണ്ടു ദിവ്യവനിതകളും, രാജാവും മന്ത്രിമാരും എല്ലാം ഒരു വാതായനത്തിനടുത്തേയ്ക്ക്‌ നീങ്ങി ഭയാനകമായ ആ നഗരക്കാഴ്ച്ചകള്‍ കണ്ടു. നഗരം ഒരു പുകയുടെ ഇരുണ്ട ഗോളത്തിനകത്തായി. ആകാശത്തുനിന്നും തീയാണു വര്‍ഷിച്ചിരുന്നത്‌. അര്‍ദ്ധചന്ദ്രാകൃതിയിലുള്ള ചാട്ടുളികള്‍ ആകാശത്തില്‍ മിന്നലുണ്ടാക്കി. വലിയ പാറകള്‍ പോലുള്ള ആയുധഗോളങ്ങള്‍ വീടുകള്‍ക്കുമുകളില്‍ വീണ്‌ അവയെ തരിപ്പണമാക്കി. വീഥികളേയും അവ നശിപ്പിച്ചു. നഗരവാസികളുടെ ദയനീയമായ കരച്ചില്‍ അവരെല്ലാം കേട്ടു. വിലാപങ്ങളും കണ്ണീരും സ്ത്രീകളുടേയും കുട്ടികളുടേയും അലമുറകളും എങ്ങും നിറഞ്ഞു. ഒരാള്‍ ഇങ്ങിനെ വിലപിച്ചു: 'കഷ്ടം, ആ സ്ത്രീയുടെ അച്ഛന്‍ മരിച്ചു; അമ്മയും, ജ്യേഷ്ഠനും കുഞ്ഞുമകനും എല്ലാവരും പോയി എന്നിട്ടും അവള്‍ ബാക്കിയായി. അവളുടെ ഹൃദയം എരിഞ്ഞുരുകുകയാണ്‌.' മറ്റൊരാള്‍ കൂകിയാര്‍ത്തു:'വേഗം ആ വീട്ടില്‍ നിന്നിറങ്ങിയോടൂ, അതിപ്പോള്‍ നിലം പൊത്തും'.'നോക്കൂ എല്ലാ വീടുകള്‍ക്കുമുകളിലും ആകാശത്തുനിന്നും ആയുധവര്‍ഷം തന്നെയാണ്‌' എന്നു മറ്റൊരാള്‍ . ഗൃഹങ്ങള്‍ക്ക്‌ ചുറ്റുമുള്ള മരങ്ങള്‍ തീയിലെരിഞ്ഞു ചാമ്പലായി. അവിടമെല്ലാം തരിശായിത്തീര്‍ന്നു

യുദ്ധസ്ഥലത്തുനിന്നും ആനകളേപ്പോലെയുള്ള ചാട്ടുകള്‍ ആകാശത്തുയര്‍ന്നു പൊങ്ങി. അവയില്‍ നിന്നും തീ പെയ്തു. എല്ലാ നഗരവീഥികളും അടഞ്ഞുകിടന്നു. സ്വന്തം കുടുംബത്തോടുള്ള ഒട്ടല്‍ നിമിത്തം ആളുകള്‍ തങ്ങളുടെ ഭാര്യമാരേയും കുട്ടികളേയും തിരഞ്ഞ്‌ തീപിടിച്ച വീടുകളില്‍ നിന്നും ഓടിപ്പോകാതെ തങ്ങിനിന്നു. രാജവനിതകളേപ്പോലും ശത്രുഭടന്മാര്‍ പിടികൂടി ഉപദ്രവം തുടങ്ങി. വിലപിച്ചു കണ്ണീരൊഴുക്കുന്ന അവര്‍ എന്തുചെയ്യണമെന്നറിയാതെ ഉഴറി. "കഷ്ടം ഞങ്ങള്‍ എന്തു ചെയ്യട്ടെ! ഈ ദുരിതത്തില്‍നിന്നും ആരാണു ഞങ്ങളെ രക്ഷിക്കുക?. അവരെ ഭടന്മാര്‍ അപ്പോഴേക്കും വളഞ്ഞു കഴിഞ്ഞിരുന്നു". അപ്രകാരമാണ്‌ പരമാധികാരത്തിന്റേയും സാമ്രാജ്യങ്ങളുടെയും രാജ്യങ്ങളുടേയും കീര്‍ത്തി പരക്കുന്നത്‌!

* അത്യാധുനീക യുദ്ധസന്നാഹങ്ങളുമായി ഈ യുദ്ധത്തിനുള്ള സാമ്യം നോക്കുക. നഗരവാസികള്‍ ക്കുമേല്‍പ്പോലും ബോംബുവര്‍ഷിക്കല്‍ എന്നത്‌ അത്ര പുതിയ ഏര്‍പ്പാടൊന്നുമല്ല.!

Jun 21, 2012

069 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 069


ദീർഘസ്വപ്നമിദം വിശ്വം വിദ്വയഹന്താദിസംയുതം
അത്രാന്യേ സ്വപ്നപുരുഷാ യഥാ സത്യാസ്തഥാ ശൃണു. (3/42/8)


സരസ്വതി തുടര്‍ന്നു: അപക്വമതിയായ ഒരാള്‍ , ഈ കാണപ്പെടുന്ന ലോകം യഥാര്‍ത്ഥ്യം തന്നെയെന്നുറച്ചു വിശ്വസിക്കുന്നുവെങ്കില്‍ അത്‌ അങ്ങിനെ തന്നെ തുടരുന്നു. ഭൂതപിശാചുക്കൾ തന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നുകരുതുന്ന കുട്ടിയുടെ അവസ്ഥയാണത്‌. ഒരാള്‍ തന്റെ കൈവളയുടെ ഭംഗിയില്‍ സമാകൃഷ്ടനായാല്‍ അതിന്റെ മൂല്യം സ്വര്‍ണ്ണമാണെന്നു കാണാതെപോവുന്നു. കൊട്ടാരങ്ങളുടേയും, നഗരങ്ങളുടേയും ആനകളുടേയും പകിട്ടിലും പ്രൌഢിയിലും മതിമറന്നയാള്‍ അവയുടെ എല്ലാം അടിസ്ഥാനതത്വമായ അനന്താവബോധത്തെ തിരിച്ചറിയുന്നില്ല.

"ഈ വിശ്വം ഒരു സുദീര്‍ഘസ്വപ്നമത്രേ. അഹംകാരവും 'മറ്റുള്ളവര്‍ ' എന്ന ഭാവവും, എല്ലാം സ്വപ്നവസ്തുക്കള്‍ എന്നപോലെ അയാഥാര്‍ഥ്യമാണ്‌." ഒരേയൊരുണ്മ അനന്താവബോധം മാത്രം. അത്‌ സര്‍വ്വവ്യാപിയും നിര്‍മ്മലവും, പ്രശാന്തവും, സര്‍വ്വശക്തിമാനുമാകുന്നു. അതിന്റെ ശരീരം 'അറിയപ്പെടവുന്ന' ഒരു 'പദാര്‍ത്ഥ'മല്ല. അതു ശുദ്ധപ്രജ്ഞയാകുന്നു. ബോധം, എവിടെ എങ്ങിനെ  പ്രകടമാവുന്നുവോ അതെല്ലാം ബോധം തന്നെ. അടിസ്ഥാനം ശാശ്വതവും സത്യവുമായതിനാല്‍ അതിനെ കാരണമാക്കി പ്രകടമാവുന്നതിനെല്ലാം യാഥാര്‍ഥ്യഭാവം സഹജമായും ഉണ്ടെങ്കിലും സത്തായിട്ടുള്ളത്‌ ആ അടിസ്ഥാനം മാത്രം. ഈ വിശ്വപ്രപഞ്ചവും അതിലുള്ളതെല്ലാം ഒരു നീണ്ട സ്വപ്നമാണ്‌. അങ്ങെനിക്ക്‌ സത്തായിതോന്നുന്നു. അങ്ങേയ്ക്കു ഞാനും ഉണ്മയാണ്‌. നമുക്ക്‌ മറ്റുള്ളവരും സത്യമാണ്‌. ഈ ആപേക്ഷിക യഥാര്‍ഥ്യം സ്വപ്നവസ്തുക്കളെപ്പോലെയാണ്‌. അയാഥാർത്ഥ്യം.

രാമന്‍ ചോദിച്ചു: മഹാത്മന്‍, ഒരാള്‍ സ്വപ്നത്തില്‍ ദര്‍ശിക്കുന്ന നഗരം യഥാര്‍ഥത്തില്‍ ഉള്ളതാണെങ്കില്‍ അതൊരു നഗരമായിത്തന്നെ തുടരുന്നു എന്നല്ലേ അങ്ങുദ്ദേശിച്ചത്‌?

വസിഷ്ഠന്‍ പറഞ്ഞു: ശരിയാണ്‌ രാമ: സ്വപ്നനഗരം എന്നത്‌ അനന്താവബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതാകയാല്‍ സ്വപ്നവസ്തുക്കള്‍ സത്യമാണെന്നു പ്രത്യക്ഷത്തില്‍ തോന്നുന്നു. എന്നാല്‍ ഉണര്‍ന്നിരിക്കുന്ന അവസ്ഥയും സ്വപ്നാവസ്ഥയും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. കാരണം, ഒരാളുടെ യാഥാര്‍ഥ്യം മറ്റൊരാള്‍ക്ക്‌ അങ്ങിനെയാവണമെന്നില്ല. അതുകൊണ്ട്‌ ഈ രണ്ടവസ്ഥകളും ഒരുപോലെയാണ്‌. അതുകൊണ്ട്‌ സ്വപ്നാവസ്ഥയും ജാഗ്രതവസ്ഥയും അയാഥാര്‍ഥമാണ്‌. അനന്താവബോധത്തിന്റെ  അടിസ്ഥാനത്തിലാണ്‌ അവയെല്ലാം ആരോപിതമാകുന്നത്‌. ഇത്രയും കാര്യങ്ങള്‍ രാജാവിനെ ഉദ്ബോധിപ്പിച്ച്‌ അനുഗ്രഹിച്ചശേഷം സരസ്വതീ ദേവി പറഞ്ഞു: താങ്കള്‍ക്ക്‌ എല്ലാവിധ ഐശ്വരങ്ങളും തുണയാകട്ടെ. കാണേണ്ടതെല്ലാം അങ്ങു കണ്ടുകഴിഞ്ഞു. ഞങ്ങൾ മടങ്ങിപ്പോവട്ടെ.

വിദുരഥന്‍ പറഞ്ഞു: ദേവീ, ഞാനുടനേതന്നെ ഇവിടെനിന്നും പുറപ്പെടുകയായി. ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊരു നിദ്രയിലേയ്ക്ക്‌. എന്റെ മന്ത്രിമാരേയും കന്യകയായ എന്റെ മകളേയും കൂടെ കൊണ്ടുപോവാന്‍ അനുമതി നല്‍കിയാലും. ദേവി അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റി.

Jun 20, 2012

068 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 068


പശ്യസീവൈതദഖിലം ന ച പശ്യസി കിഞ്ചന
സർവാത്മകതയാ നിത്യം പ്രകചസ്യാത്മനാത്മനി (3/41/55)


വസിഷ്ഠന്‍ തുടര്‍ന്നു: പൂര്‍ണ്ണചന്ദ്രന്മാരേപ്പോലെ പ്രഭാവതികളായ ലീലയും സരസ്വതീ ദേവിയും രാജാവിന്റെ പള്ളിയറയില്‍ കടന്നു. കാവല്‍ക്കാര്‍ ഉറക്കമായിരുന്നു. അവര്‍ വന്നിരുന്നപ്പോഴേയ്ക്കും രാജാവ്‌ ഉറക്കമുണര്‍ന്നു. അദ്ദേഹം എഴുന്നേറ്റിരുന്ന് അവരുടെ താമരപ്പാദങ്ങള്‍ പൂക്കള്‍കൊണ്ട്‌ അര്‍ച്ചിച്ചു പൂജ ചെയ്തു. രാജാവിന്റെ പൈതൃകത്തെപ്പറ്റി ലീലയെ മനസ്സിലാക്കാന്‍ മന്ത്രിയോടാവശ്യപ്പെടണമെന്ന് സരസ്വതി ചിന്തിച്ചമാത്രയില്‍ മന്ത്രി ഉറക്കമേണീറ്റു വന്നു. രാജാവിന്റെ പൈതൃകത്തെപറ്റി ആരായവേ മന്ത്രി പറഞ്ഞു: ഇഷ്വാകു വംശത്തിലെ നഭോരഥന്‍ എന്നുപേരായ ഒരു രാജാവ്‌ തന്റെ മകന്‌ പത്തു വയസ്സുള്ളപ്പോള്‍ രാജ്യം അവനെ ഏല്‍പ്പിച്ച്‌ വാനപ്രസ്ഥത്തിനു പോയി. ആ കുമാരനാണ്‌ ഈ രാജാവ്‌ - വിദുരഥന്‍. ദേവി രാജാവിന്റെ മൂര്‍ദ്ധാവില്‍ കൈവച്ച്‌ അനുഗ്രഹിക്കവേ അദ്ദേഹത്തിന്‌ തന്റെ പഴയ ജന്മങ്ങളിലെ കാര്യങ്ങള്‍ ഓര്‍മ്മയുണ്ടായി. 

എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞ രാജാവ്‌ സരസ്വതിയോട്‌ ചോദിച്ചു: എന്താണു ദേവീ ഇങ്ങിനെ? ഞാന്‍ മരിച്ചിട്ട്‌ ഒരുദിനമാവുന്നതല്ലേയുള്ളു? എന്നാല്‍ എന്റെ ഈ ശരീരം എഴുപതുകൊല്ലം ജീവിച്ചു. എന്റെ യൌവ്വനകാല സംഭവങ്ങളെല്ലാം എനിക്കു നല്ല ഓര്‍മ്മയുമുണ്ട്‌.

ദേവി പറഞ്ഞു: അല്ലയോ രാജാവേ, അങ്ങ്‌ മരിച്ച അതേ നിമിഷത്തില്‍ , അതേയിടത്ത്‌ അങ്ങ്‌ കാണുന്നതെല്ലാം മൂര്‍ത്തീകരിച്ചു. ഇവിടെയാണ്‌ ദിവ്യപുരുഷനായ വസിഷ്ഠന്‍, ആ മലമുകളിലെ ഗ്രാമത്തില്‍ ജീവിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ ലോകത്തിലാണ്‌ പദ്മ രാജാവുണ്ടായിരുന്നത്‌. ആ രാജാവിന്റെ ലോകത്താണ്‌ താങ്കള്‍ ഇപ്പോള്‍ ഉള്ളത്‌. ആ സങ്കല്‍പ്പലോകത്തിരുന്നുകൊണ്ട്‌ 'ഇതെല്ലാം എന്റെ ബന്ധുജനങ്ങളാണ്‌, ഇതെല്ലാം എന്റെ പ്രജകളാണ്‌, ഇതെന്റെ മന്ത്രിമാരാണ്‌, ഇവരെന്റെ ശത്രുക്കളാണ്‌' എന്നെല്ലാം അങ്ങു വിചാരിക്കുന്നു. താങ്കളാണു ഭരിക്കുന്നതെന്നും താങ്കള്‍ യാഗാദികള്‍ ചെയ്യുന്നുവെന്നും അഭിമാനിക്കുന്നു. ശത്രുക്കളോട്‌ യുദ്ധം ചെയ്യുന്നുവെന്നും ചിലപ്പോള്‍ താങ്കള്‍ യുദ്ധത്തില്‍ തോല്‍വിയടയുന്നുവെന്നും വിശ്വസിക്കുന്നു. ഞങ്ങളെ ഇപ്പോള്‍ കാണുന്നുവെന്നും പൂജിക്കുന്നുവെന്നും ഞങ്ങളില്‍നിന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്നുവെന്നും താങ്കള്‍ കരുതുന്നു. 'ഞാന്‍ ദു:ഖനിവൃത്തനായി, ഞാന്‍ പരമാനന്ദം അനുഭവിക്കുന്നു, പരമാര്‍ത്ഥപ്രകാശത്തില്‍ ഞാന്‍ ദൃഢപ്രജ്ഞനായിരിക്കുന്നു' എന്നെല്ലാം താങ്കള്‍ ചിന്തിക്കുന്നു. ഇതെല്ലാം സംഭവിക്കുന്നതിന്‌ സമയമൊന്നും എടുക്കുന്നില്ല. ഒരു ജീവിതകാലം മുഴുവനും, സ്വപ്നത്തില്‍ ഒരു ക്ഷണത്തിലാണല്ലോ അവതരിക്കപ്പെടുന്നത്‌. സത്യത്തില്‍ നീ ജനിക്കുന്നില്ല, മരിക്കുന്നുമില്ല.

"നീ ഇതെല്ലാം കാണുന്നു; എന്നാല്‍ കാണുന്നുമില്ല. ഇതെല്ലാം അനന്തബോധം മാത്രമാകുമ്പോള്‍ ആര്‌ എന്തു കാണാന്‍?"

വിദുരഥന്‍ ചോദിച്ചു: അപ്പോള്‍ എന്റെയീ മന്ത്രിമാര്‍ സ്വതന്ത്ര വ്യക്തികള്‍ അല്ലെന്നുണ്ടോ?

പ്രബുദ്ധനായ ഒരുവന്റെ ദൃഷ്ടിയില്‍ ഒരേയൊരു അനന്താവബോധം മാത്രമേയുള്ളു. 'ഞാന്‍', 'ഇത്‌', തുടങ്ങിയ ധാരണ   കള്‍ ഇല്ല.

വസിഷ്ഠമുനി ഇത്രയും പറഞ്ഞു നിര്‍ത്തവേ മറ്റൊരു ദിനം കൂടി അവസാനിച്ചു.

Jun 19, 2012

067 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 067


സുകൃതം ദുഷ്കൃതം ചേദം മമേതി കൃതകല്പനം
ബലോഭുവമഹം ത്വധ്യ യുവേതി വിലസദ്ധൃദി (3/40/50)


വസിഷ്ഠന്‍ തുടര്‍ന്നു: മരണത്തിനുശേഷം  ഉടനെ 'അവിടേയും ഇവിടേയും' അല്ലാത്ത ഒരു സ്ഥിതിയിലായിരിക്കും ജീവൻ. പ്രജ്ഞ, തന്റെ കണ്ണൊന്നു തുറന്നു തുറന്നില്ല എന്ന മട്ടിലുള്ള അവസ്ഥയിലാണപ്പോള്‍ - അതിന്‌ 'പ്രധാന' എന്നു പറയും. അതായത്‌ പദാര്‍ത്ഥ ബോധം, അല്ലെങ്കിൽ ജഢ ബോധം എന്ന അവസ്ഥ. അതിനെ സ്വര്‍ഗ്ഗീയപ്രകൃതി എന്നും അപ്രത്യക്ഷമായ പ്രകൃതി (സൂക്ഷ്മപ്രകൃതി) എന്നും പറയാം. അത്‌ സചേതനമാണെന്നും അല്ലെന്നും പറയപ്പെടുന്നു. അതാണ്‌ ഓര്‍മ്മകള്‍ക്കും ഓര്‍മ്മകളില്ലാതിരിക്കുന്നതിനും കാരണമാവുന്നത്‌. അതായത്‌ അടുത്ത ജന്മത്തിനുത്തരവാദി അതാണ്‌. പ്രധാനയില്‍ ഉണര്‍വ്വുയരുമ്പോള്‍ അതിലെ ബോധം, അഹംകാരം, സ്വയം പഞ്ചഭൂതങ്ങളായും (ഭൂമി, ജലം, വായു, ആകാശം, അഗ്നി), സമയ-ദൂരമെന്ന അവിച്ഛന്ന പ്രതിഭാസമായും ജനനജീവിതങ്ങള്‍ക്കു വേണ്ട മറ്റ് എല്ലാ വസ്തുക്കളുമായും പ്രകടമാവുന്നു. ഇതെല്ലാം പിന്നെ അതാതിന്റെ പദാര്‍ത്ഥ പ്രതിരൂപങ്ങളായി സാന്ദ്രീഭവിക്കുന്നു. സ്വപ്നാവസ്ഥയിലും ഉണര്‍ന്നിരിക്കുമ്പോഴും അവ ശരീരമെന്ന വികാരമുണ്ടാക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഇതെല്ലാം ചേരുന്നതാണ്‌ ജീവന്റെ സൂക്ഷ്മശരീരം. ഇതില്‍ 'ഞാന്‍ ശരീരമാണ്‌' എന്ന തോന്നല്‍ രൂഢമൂലമാവുമ്പോള്‍ ഈ സൂക്ഷ്മശരീരം സ്വയം ഭൌതികശരീരത്തിന്റെ സ്വഭാവസവിശേഷതകള്‍ വികസിപ്പിച്ച്‌ കണ്ണ്‌  മുതലായ അവയവങ്ങള്‍ ഉണ്ടാവുന്നു. ഇതെല്ലാം നടക്കുന്നത്‌ ചെറിയൊരു കമ്പനം പോലെയോ വായുവിന്റെ മന്ദഗമനം പോലെയോ ആണ്‌. ഇതെല്ലാം യാഥാര്‍ത്ഥ്യമാണെന്നു തോന്നുമെങ്കിലും അവ സ്വപ്നത്തിലെ ലൈംഗീകസുഖാനുഭവം പോലെ അയാഥാര്‍ത്ഥ്യമാണ്‌. ഒരുവന്റെ മരണസമയത്ത്‌ ജീവന്‍ ഇതെല്ലാം കാണുന്നു. അവിടെ ആ ബോധതലത്തില്‍ത്തന്നെ 'ഇതാണ്‌ ലോകം, ഇതു ഞാന്‍' എന്നു സങ്കല്‍പ്പിച്ച്‌, സ്വയം ജനിച്ചുവെന്നു വിശ്വസിച്ച്‌ ജീവന്‍ ലോകമെന്ന ആകാശത്തെ അനുഭവിക്കുന്നു. അയാള്‍ , ജീവന്‍, സ്വയമേവ ആകാശം തന്നെയാണുതാനും! 

അയാള്‍ 'ഇതെന്റെ അച്ഛന്‍, ഇതെന്റെ അമ്മ, ഇതെന്റെ ധനം' എന്നിങ്ങനെ ചിന്തിക്കുന്നു. "ഞാന്‍ ഈ അത്ഭുതങ്ങള്‍ ചെയ്തുവെന്നും, അയ്യോ! കഷ്ടം! ഞാന്‍ പാപം ചെയ്തുവെന്നും, ഞാന്‍ ചെറിയൊരു കുട്ടിയായെന്നും, ഞാന്‍ യുവാവായി എന്നുമെല്ലാം സങ്കല്‍പ്പിച്ച്‌ അയാള്‍ തന്റെ ഹൃദയത്തില്‍ ഇവയെല്ലാം ദര്‍ശിക്കുന്നു." സൃഷ്ടിയെന്ന ഈ കാനനം എല്ലാ ജീവഹൃദയങ്ങളിലും അങ്കുരിക്കുന്നു. ഒരാള്‍ മരിക്കുമ്പോള്‍ എവിടെയാണോ അവിടെ, അപ്പോള്‍ത്തന്നെ ജീവന്‍ ഈ കാട്‌ കാണുന്നു. ഈ രീതിയില്‍ വ്യക്തിജീവന്റെ ബോധത്തില്‍ എണ്ണമില്ലാത്ത ലോകങ്ങള്‍ ഉണ്ടായി നശിച്ചിട്ടുണ്ട്‌. അതുപോലെ എണ്ണമറ്റ ബ്രഹ്മാക്കളും, രുദ്രന്മാരും വിഷ്ണുമാരും, സൂര്യന്മാരും ഉണ്ടായി മറഞ്ഞിരിക്കുന്നു. സൃഷ്ടിയെന്ന ഈ മായാപ്രതിഭാസം അനവധിതവണ ഉണ്ടായിട്ടുണ്ട്‌, ഇപ്പോഴും ഉണ്ടാകുന്നു, ഇനിയും ഉണ്ടാവുകയും ചെയ്യും. കാരണം ഇതൊന്നും ചിന്തകളില്‍ നിന്നും വിഭിന്നമല്ല; അനന്താവബോധത്തില്‍ നിന്നും സ്വതന്ത്രവുമല്ല. മാനസീകവ്യാപാരം എന്നാല്‍ ബോധം തന്നെ. അതു തന്നെ പരമ സത്യവും.

066 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 066


യഥാ സംവിത്തഥാ ചിത്തം സാ തഥാവസ്ഥിതിം ഗതാ
പരമേണ പ്രയത്നേന നീയതേന്യദശാം പുന: (3/40/13)


രാമന്‍ ചോദിച്ചു: മഹാത്മന്‍, ശരീരം വലുതും ഭാരമേറിയതുമാണല്ലോ? അപ്പോള്‍പ്പിന്നെ അതെങ്ങിനെ ചെറിയൊരു താക്കോൽ സുഷിരത്തിലൂടെ കയറിയിറങ്ങും?

വസിഷ്ഠന്‍ പറഞ്ഞു: രാമ: തീര്‍ച്ചയായും 'താന്‍ ഭൌതികശരീരമാണെന്നു' വിചാരമുള്ളവന്‌ അതസാദ്ധ്യമാണ്‌. "ഞാന്‍ ശരീരമാണ്‌, എന്റെ പ്രയാണത്തില്‍ തടസ്സങ്ങള്‍ ഉണ്ട്‌ എന്നു ചിന്തിച്ചാല്‍ തടസ്സം മൂര്‍ത്തീകരിച്ചു പ്രകടമാവുന്നു. ആ ചിന്തയില്ലെങ്കില്‍ , തടസ്സവും ഇല്ല." താഴോട്ടൊഴുകുകയെന്നത്‌ ജലത്തിന്റെ സ്വഭാവം. ജ്വാലയായിമുകളിലേയ്ക്കുയരുക എന്നത്‌ അഗ്നിയുടെ സ്വഭാവം. ബോധമോ എപ്പോഴും ബോധമായി നിലനില്‍ ക്കും. എന്നാല്‍ ഈ അറിവുറച്ചിട്ടില്ലാത്തവന്‌ സ്വരൂപത്തേപ്പറ്റിയോ അതിന്റെ സൂക്ഷ്മ സ്വഭാവത്തെപ്പറ്റിയോ അനുഭവമുണ്ടാവുകയില്ല. "ഒരുവന്റെ ധാരണ എപ്രകാരമോ അപ്രകാരമാണ്‌ മനസ്സ്‌. ധാരണകളാണ്‌ മനസ്സ്‌. എന്നാല്‍ അതിന്റെ ദിശകള്‍ കഠിനപ്രയത്നത്തിലൂടെ മാറ്റാവുന്നതാണ്‌."

സ്വാഭാവികമായും ഒരാളുടെ മനസ്സിനെ (അല്ലെങ്കില്‍ ധാരണയെ) ആശ്രയിച്ചാണ്‌ അയാളുടെ പ്രവൃത്തികള്‍ . എന്നാല്‍ ഈ ശരീരം അതിസൂക്ഷ്മാണെന്നു തിരിച്ചറിവുള്ളവനെ എന്തിനാണു തടസ്സപ്പെടുത്താനാവുക? വാസ്തവത്തില്‍ എല്ലാശരീരങ്ങളും എവിടെയായാലും അവയെല്ലാം ശുദ്ധബോധം തന്നെയാണ്‌. എന്നാല്‍ ഒരുവനില്‍ ഓരോരോ ആശയങ്ങള്‍ ഉണ്ടാവുകമൂലം ഇത്തരം'പോക്കു വരവുകള്‍ ' കാണപ്പെടുന്നുവെന്നു മാത്രം. ഈ വ്യക്തിബോധമെന്നതും അനന്താവബോധമെന്നതും പദാര്‍ത്ഥബോധമെന്ന ഈ വിശ്വവും എല്ലാം ഒന്നുതന്നെ. അതിനാല്‍ സൂക്ഷ്മശരീരത്തിന്‌ എവിടെയും പ്രവേശിക്കാം ഹൃദയാഭിലാഷത്തിനൊത്ത്‌ സഞ്ചരിക്കാം. എല്ലാവരുടെ ബോധത്തിനും ഇപ്പറഞ്ഞവിധത്തിലുള്ള സാദ്ധ്യതകളും കഴിവുകളുമുണ്ട്‌. 

ഓരോരുത്തരുടെയുള്ളിലും ലോകത്തെക്കുറിച്ച്‌ വ്യത്യസ്തധാരണകളാണുള്ളത്‌. മരണവും അത്തരം അനുഭവങ്ങളും വിശ്വപ്രളയം പോലെയാണ്‌ - വിശ്വാവബോധത്തിന്റെ രാത്രിയാണത്‌. രാത്രികഴിഞ്ഞ്‌ എല്ലാവരും അവരവരുടെ മാനസീകസൃഷ്ടികളിലേയ്ക്കുണരുകയാണ്‌. അതാണ്‌ അവരുടെ ആശയങ്ങളുടെ മൂര്‍ത്തീകരണം. ഭ്രമം, ധാരണ, എല്ലാം അതാണ്‌. പ്രളയശേഷം വിശ്വപുരുഷന്‍ പ്രപഞ്ചത്തെ സൃഷ്ടിക്കുമ്പോലെ വ്യക്തികള്‍ മരണശേഷം അവരവരുടെ ലോകവും സൃഷ്ടിക്കുന്നു. എന്നാല്‍ ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ തുടങ്ങിയ ദേവതകളും മഹര്‍ഷികളും പ്രളയത്തില്‍ ശാശ്വതമുക്തിയടയുന്നു. അടുത്ത യുഗത്തിലെ അവരുടെ സൃഷ്ട്യുന്മുഖത്വം ഓര്‍മ്മകളില്‍ നിന്നല്ല. മറ്റുള്ളവരില്‍ മരണശേഷമുള്ള സൃഷ്ട്യുന്മുഖത്വം ഉണ്ടാവുന്നത്‌ പൂര്‍വ്വജന്മങ്ങളിലെ വാസനകളാല്‍ പ്രേരിതമായിട്ടാണ്‌. ഈ വാസനകള്‍ ക്കു കാരണം ആ ജന്മത്തിലെ വ്യത്യസ്ഥ അനുഭവങ്ങളാണ്‌.

Jun 17, 2012

065 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 065


പ്രജോപദ്രവനിഷ്ടസ്യ രാജ്ഞോരാജ്ഞോഥ വാ പ്രഭോ:
അർത്ഥേന യേ മൃതാ യുദ്ധേ തേ വൈ നിരയഗാമിന: (3/31/30)


വസിഷ്ഠന്‍ തുടര്‍ന്നു: ഇതെല്ലാം കണ്ടുകഴിഞ്ഞ്‌ ലീല അന്ത:പ്പുരത്തിനുള്ളില്‍ തന്റെ ഭര്‍ത്താവായ രാജാവിന്റെ മൃതദേഹം ഒരു പുഷ്പക്കൂമ്പാരത്തിനടിയില്‍ കിടത്തിയിരിക്കുന്നതു കണ്ടു. അതവളില്‍ തന്റെ ഭര്‍ത്താവിന്റെ മറുജന്മം കാണാനുള്ള അഭിവാഞ്ഛയുളവാക്കി. ക്ഷണത്തില്‍ അവള്‍ വിശ്വസൃഷ്ടിയുടെ കൊടുമുടിയില്‍നിന്നു മടങ്ങി തന്റെ ഭര്‍ത്താവു ഭരിച്ചിരുന്ന രാജ്യത്തിലേയ്ക്കു കുതിച്ചു. അതേസമയം സിന്ധു പ്രവിശ്യയിലെ രാജാവ്‌ ലീലയുടെ ഭര്‍ത്താവിന്റെ രാജ്യത്തെ ഉപരോധിച്ച്‌ കീഴടക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ വനിതകള്‍ അകാശമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍ യുദ്ധക്കളത്തിനുമുകളിലായി അനേകം ആകാശചാരികള്‍ , യക്ഷകിന്നരന്മാര്‍ , യുദ്ധം കാണാനും വീരയോദ്ധാക്കളുടെ പ്രകടനം ദര്‍ശിക്കാനുമായി നിരന്നു നിന്നിരുന്നു.

രാമന്‍ ചോദിച്ചു: മഹാത്മന്‍, യുദ്ധത്തില്‍ ആരാണ്‌ വീരന്‍? ആരാണ്‌ ക്രൂരന്‍ അല്ലെങ്കില്‍ യുദ്ധക്കുറ്റവാളി?

വസിഷ്ഠന്‍ പറഞ്ഞു: രാമ: ശാസ്ത്രസംഗതമായ രീതിയില്‍ കളങ്കമില്ലാത്തവനും ധര്‍മ്മിഷ്ഠനുമായ ഒരു രാജാവിനുവേണ്ടി യുദ്ധം ചെയ്യുന്നവന്‍ വിജയിയായാലും യുദ്ധത്തില്‍ മരണപ്പെട്ടാലും വീരയോദ്ധാവാണ്‌. അധര്‍മ്മിയായ ഒരേകാധിപതിക്കുവേണ്ടി ആളുകളെ ഉപദ്രവിക്കുകയും അവരുടെ ശരീരം വികലമാക്കി അംഗഭംഗപ്പെടുത്തുകയും ചെയ്യുന്നവനാണ്‌ യുദ്ധക്കുറ്റവാളി. അവന്‍ നരകത്തില്‍പ്പോവുന്നു. ആരൊരുവന്‍ പശുക്കളേയും സാധുക്കളേയും പരിരക്ഷിക്കുന്നുവോ ആരുടെയടുക്കല്‍ സദ്ജനങ്ങള്‍ക്ക്‌ അഭയം ലഭിക്കുമോ അവന്‍ സ്വര്‍ഗ്ഗത്തിനുപോലും ഭൂഷണമത്രേ. മറിച്ച്‌ "ആരൊരുവന്‍ ജനദ്രോഹിയായ, ജനങ്ങളുടെ ദു:ഖത്തില്‍ സന്തോഷിക്കുന്ന ഒരു രാജാവിനുവേണ്ടിയോ ജന്മിക്കുവേണ്ടിയോ യുദ്ധംചെയ്യുന്നുവോ അവന്‍ നരകത്തിലേയ്ക്കു പോവുന്നു." വീരചരമം പ്രാപിച്ചവനുള്ളതാണ്‌ സ്വര്‍ഗ്ഗം. അധാര്‍മ്മികമായി യുദ്ധത്തിലേര്‍പ്പെട്ടവന്‍ അതില്‍ മരിച്ചാലും അവന്‌ സ്വര്‍ഗ്ഗം അപ്രാപ്യം.

രാമാ, ആകാശത്തുനിന്നുകൊണ്ടുതന്നെ രണ്ടു പ്രബല സൈന്യങ്ങള്‍ യുദ്ധോത്സുകരായി അടുത്തടുത്തുവരുന്നത്‌ ലീല കണ്ടു. (ഇവിടെ യുദ്ധത്തെപറ്റി വലിയൊരു വിവരണമുണ്ട്‌. അതിലെ നാശങ്ങളുടെ വിശദവും ബീഭല്‍സവുമായ ചിത്രം ഗ്രന്ഥത്തിലുണ്ട്‌). വൈകുന്നേരമായപ്പോള്‍  രാജാവ്‌ (ലീലയുടെ ഭർത്താവ്) സഭ വിളിച്ചുകൂട്ടി അന്നത്തെ സംഭവങ്ങള്‍ വിലയിരുത്തി. എന്നിട്ട്‌ പള്ളിയറയിലേയ്ക്ക്‌ വിശ്രമത്തിനായി പോയി. വനിതകള്‍ രണ്ടാളും ഒരു ചെറിയ കാറ്റുപോലെ അയത്നലളിതമായി ആകാശത്തുനിന്നും പറന്ന് രാജാവുറങ്ങുന്ന പള്ളിയറയിലെത്തി.

Jun 15, 2012

064 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 064


ഉത്പധ്യോത്പധ്യതേ തത്ര സ്വയം സംവിത്സ്വഭാവത:
സ്വസങ്കല്പ്പൈ: ശമം യാതി ബാലസങ്കൽപ്പജാലവത് (3/30/8)


വസിഷ്ഠന്‍ തുടര്‍ന്നു: സരസ്വതീ ദേവിയോടൊപ്പം ലീല ആകാശത്തേക്കുയര്‍ന്നു. അവര്‍ ധ്രുവ നക്ഷത്രങ്ങള്‍ ക്കും, ഉത്തമരായ മാമുനിമാരിരിക്കുന്നിടത്തിനും, ദേവതകളുടെ ആസ്ഥാനങ്ങള്‍ക്കും ബ്രഹ്മലോകത്തിനും, ഗോലോകത്തിനും ശിവലോകത്തിനും പിതൃലോകത്തിനുമെല്ലാമപ്പുറത്തേയ്ക്ക്‌ പോയി. അവിടെനില്‍ക്കുമ്പോള്‍ സൂര്യചന്ദ്രന്മാരെ, കഷ്ടിച്ചു കാണാമെങ്കിലും അവര്‍ വളരെ താഴത്താണെന്നു കണ്ടു. സരസ്വതി പറഞ്ഞു: കുഞ്ഞേ ഇതിനുമപ്പുറം, സൃഷ്ടിയുടെ ഏറ്റവും ഉന്നത പീഠത്തിലേയ്ക്കു പോകൂ. നീ കണ്ടതൊക്കെ അവിടെനിന്നുയര്‍ന്ന വെറും പൊടിപടലങ്ങള്‍ മാത്രം. ഉടനേതന്നെ അവര്‍ ആ കൊടുമുടിയിലെത്തിച്ചേര്‍ ന്നു. അവിടെയെത്തുന്നവരുടെ ഇച്ഛാശക്തി വജ്രം പോലെ കഠിനവും മറ്യെല്ലാം നീക്കിയ ബോധം നിര്‍മലവുമാവുന്നു. ലീല അവിടെ ജലം, അഗ്നി, വായു, ആകാശം എന്നീ അടിസ്ഥാനഘടകങ്ങളുടെ പടലങ്ങളായി സൃഷ്ടിയെ ദര്‍ശിച്ചു. അതിനുമപ്പുറം ശുദ്ധബോധം മാത്രം. സ്വമഹിമയില്‍ സുസ്ഥാപിതമായ ആ അനന്താവബോധം നിര്‍മ്മലവും, ഭ്രമരഹിതവും പ്രശാന്തവുമാണ്‌. അതിലാണ്‌ ഒഴുകിനടക്കുന്ന പൊടിപടലങ്ങളായി അനേകം സൃഷ്ടിജാലങ്ങളെ ലീല ദര്‍ശിച്ചത്‌. ആ ലോകങ്ങളില്‍ ജീവിക്കുന്നവരുടെ സ്വവിക്ഷേപങ്ങളാണ്‌ അവയ്ക്ക്‌ രൂപഭാവങ്ങള്‍ നല്‍കുന്നത്‌. "ഒരു കുട്ടി യദൃച്ഛയാ കളികളിലേര്‍പ്പെടുന്നപോലെ അനന്താവബോധത്തിന്റെ തല്‍സ്വഭാവം കാരണം ഇതെല്ലാം ഉയര്‍ന്നുണര്‍ന്നുണ്ടായി അതതിന്റെ സ്വന്തം ചിന്താബലം കൊണ്ട്‌ തിരികെ പ്രശാന്തിയടയുകയാണ്‌."

രാമന്‍ ചോദിച്ചു: അനന്തത മാത്രം ഉണ്മയായിരിക്കേ എന്താണാളുകള്‍ 'ഉയരെ', 'താഴെ' എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌?

വസിഷ്ഠന്‍ പറഞ്ഞു: രാമ: ചെറിയ ഉറുമ്പുകള്‍ ഉരുണ്ട പാറമേല്‍ അരിച്ചുനടക്കുമ്പോള്‍ അവരുടെ കാലിനടിയില്‍ ഉള്ള ഇടങ്ങളെല്ലാം 'താഴെ'യും അവരുടെ പിന്‍ ഭാഗത്തിനു പിറകേയുള്ളവയെല്ലാം 'ഉയരെ'യും ആയിരിക്കുമല്ലോ. അതുപോലെയാണ്‌ ആളുകള്‍ ദിക്കുകളെക്കുറിച്ചു പറയുന്നത്‌. ഈ എണ്ണമറ്റ ലോകങ്ങളില്‍ ചിലതില്‍ സസ്യങ്ങള്‍ മാത്രമേയുള്ളു. ചിലതില്‍ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരാണ്‌ അദ്ധ്യക്ഷദേവതകള്‍ . ചിലതില്‍ ജീവജാലങ്ങളൊന്നുമില്ല. മറ്റുചിലതില്‍ പക്ഷിമൃഗാദികള്‍ മാത്രമേയുള്ളു. ചിലതില്‍ കടല്‍ മാത്രം, മറ്റുചിലതില്‍ കരിമ്പാറക്കെട്ടുകള്‍ മാത്രം. ചിലതില്‍ കൃമികീടങ്ങള്‍ മാത്രം, മറ്റുചിലതില്‍ ഘനസാന്ദ്രമായ ഇരുട്ടു മാത്രം. ചിലതില്‍ ദേവതകള്‍ വസിക്കുന്നു. ചിലത്‌ സദാ ഭാസുരപ്രദീപ്തിയില്‍ തിളങ്ങുന്നു. ചിലത്‌ പ്രളയത്തിലേയ്ക്കുള്ള പ്രയാണത്തിലാണ്‌. മറ്റുചിലത്‌ നാശത്തിലേയ്ക്കും നീങ്ങുന്നു. ബോധം എല്ലായിടത്തും നിലനില്‍ ക്കുന്നതുകൊണ്ട്‌ സൃഷ്ടിപ്രളയങ്ങള്‍ എല്ലായ്പ്പോഴും അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതിനെയെല്ലാം ഒരുക്കിയൊതുക്കിനടത്തുന്നത്‌ അജ്ഞ്യേയമായ ഏതോ ഒരു നിഗൂഢശക്തിയാണ്‌. രാമാ, എല്ലാം നിലനില്‍ക്കുന്നത്‌ ഒരേയൊരു അനന്താവബോധത്തിലാണ്‌. അതിലാണെല്ലാം ഉയര്‍ന്നുണരുന്നത്‌. അതുമാത്രമേ എല്ലാറ്റിന്റേയും ഉണ്മയായുള്ളു.

Jun 14, 2012

063 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 063


ഇഹൈവാംഗുഷ്ടമാത്രാന്തേ തദ്വ്യോമ്ന്യേവ പദം സ്ഥിതം
മദ്ഭർതൃരാജ്യം സമവഗതം യോജനകോടിഭാക് (3/29/36)


രാമന്‍ ചോദിച്ചു: ദിവ്യഗുരോ, ഈ രണ്ടു വനിതകള്‍ ദൂരെ അങ്ങകലത്തുള്ള അകാശഗംഗയിലൂടെ എങ്ങിനെയാണ്‌ സഞ്ചരിച്ചത്‌? എങ്ങിനെയാണവര്‍ അതിനിടയിലുള്ള വിഘ്നങ്ങളെ മറികടന്നത്‌?

വസിഷ്ഠന്‍ പറഞ്ഞു: രാമ: എവിടെയാണ്‌ വിശ്വം? എവിടെയാണ്‌ താരാപഥങ്ങളെല്ലാമുള്ള ആകാശഗംഗ? എവിടെയാണ്‌ തടസ്സങ്ങള്‍ ?. രണ്ടുപേരും രാജ്ഞിയുടെ അന്തപ്പുരത്തില്‍ ത്തന്നെയായിരുന്നു. അവിടെത്തന്നെയാണ്‌ ആ ദിവ്യപുരുഷന്‍ വസിഷ്ഠന്‍ വിദുരഥന്‍ എന്ന രാജാവായി വാണതും. പദ്മന്‍ എന്ന രാജാവായി നേരത്തേ വാണിരുന്നത്‌ ഇതേയാളാണ്‌. ഇതെല്ലാം നടന്നത്‌ ശുദ്ധമായ ആകാശത്തിലാണ്‌. അവിടെ വിശ്വമില്ല, ദൂരങ്ങളില്ല, വിഘ്നങ്ങളുമില്ല. വര്‍ത്തമാനം പറഞ്ഞുകൊണ്ട്‌ ഈ രണ്ടു വനിതകള്‍ മുറിക്കുപുറത്തുവന്ന് കുന്നിന്മുകളിലുള്ള ഒരു ഗ്രാമത്തിലെത്തി. ആ മലയുടെ മഹിമയും സൌന്ദര്യവും വര്‍ണ്ണനാതീതം.! അതിലെ ഓരോ വീട്ടിനുമുകളിലും വന്‍ മരങ്ങളില്‍നിന്നുമുള്ള പുഷ്പവൃഷ്ടി അഭംഗുരം കാണപ്പെട്ടു. മേഘങ്ങള്‍ തുന്നിയ കിടക്കമേല്‍ സുന്ദരതരുണികള്‍ ഉറങ്ങി. ഇടിമിന്നല്‍ വെളിച്ചത്തില്‍ വീടുകള്‍ ദീപാലംകൃതമായി. യോഗശക്തികൊണ്ട്‌ ഭൂത, ഭാവി, വര്‍ത്തമാന കാലങ്ങളെക്കുറിച്ച്‌ ലീലയ്ക്ക്‌ സമ്പൂര്‍ണ്ണമായ അറിവുണ്ടായിരുന്നു. തന്റെ ഭൂതകാലം ഓര്‍മ്മിച്ചുകൊണ്ട്‌ ലീല സരസ്വതീ ദേവിയോടു പറഞ്ഞു: ദേവീ, കുറച്ചുമുന്‍പ്‌ ഞാന്‍ ഇവിടെയൊരു വൃദ്ധയായി ജീവിച്ചിരുന്നു. ഞാന്‍ തികച്ചും ധാര്‍മ്മീകമായ ജീവിതമാണു നയിച്ചിരുന്നതെങ്കിലും സ്വരൂപത്തെപ്പറ്റി, ഞാനാര്‌? ഈ ലോകം എന്താണ്‌ തുടങ്ങിയ അന്വേഷണമൊന്നും ചെയ്തിരുന്നില്ല. എന്റെ ഭര്‍ത്താവും ധര്‍മ്മിഷ്ഠനായിരുന്നുവെങ്കിലും ആത്മജ്ഞാനാഭിവാഞ്ഛ അദ്ദേഹത്തിലും ഉണ്ടായിരുന്നില്ല. പ്രജ്ഞ ഉണര്‍ന്നിരുന്നില്ല. ഞങ്ങള്‍ ഉത്തമജീവിതം നയിച്ചു, മാത്രമല്ല മറ്റുള്ളവരെ അങ്ങിനെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 

ലീല അവളുടെ പഴയ വീട്‌ ദേവിയെ കാണിച്ചുകൊടുത്തു. എന്നിട്ട്‌ തുടര്‍ന്നു: നോക്കൂ ഇതാണെനിക്കേറ്റവും പ്രിയപ്പെട്ട പശുക്കിടാവ്‌. എന്നെ പിരിഞ്ഞിരിക്കുന്നതുകൊണ്ട്‌ പുല്ലുപോലും തിന്നാതെ അവള്‍ കഴിഞ്ഞ എട്ടു ദിവസമായി കണ്ണീരൊഴുക്കുകയാണ്‌. ഇവിടെ എന്റെ ഭര്‍ത്താവാണ്‌ ഭരിച്ചിരുന്നത്‌. തീവ്രമായ ആത്മശക്തിയും വലിയൊരു ചക്രവര്‍ത്തിയാകാനുള്ള അഭിവാഞ്ഛയും നിമിത്തം കാലമേറെക്കഴിഞ്ഞതായി ഞങ്ങള്‍ക്കു തോന്നിയിരുന്നുവെങ്കിലും ഈ ചുരുങ്ങിയ എട്ടു ദിവസംകൊണ്ട്‌ അദ്ദേഹം ആഗ്രഹിച്ചതെല്ലാം സാധിച്ചു. ആകാശത്തില്‍ മന്ദഗമനംചെയ്യുന്ന കാറ്റ്‌ അദൃശ്യനാണെന്നതുപോലെ ഇവിടെയിപ്പോഴും എന്റെ ഭര്‍ത്താവ്‌ അദൃശ്യനായി ജീവിക്കുന്നു. "വിരലോളം പോന്ന ഈ ആകാശദേശത്ത്‌ എന്റെ ഭര്‍ത്താവ്‌ ഭരിക്കുന്ന രാജ്യം അനേകം കോടി ചതുരശ്രമെയിലുകള്‍ വിസ്തീര്‍ണ്ണമുള്ളതാണെന്നു ഞങ്ങള്‍ സങ്കല്‍പ്പിച്ചു." ദേവീ, ഞാനും എന്റെ പ്രിയനുമെല്ലാം ശുദ്ധ അവബോധം മാത്രമാണെന്നറിയുന്നു. എങ്കിലും മായയില്‍ ഭ്രമം മൂലം എന്റെ ഭര്‍ത്താവിന്റെ രാജ്യം നൂറുകണക്കിന്‌ മലകളാല്‍ ചുറ്റപ്പെട്ടതായി കാണപ്പെടുന്നു. അഹോ എന്തത്ഭുതം!. ഈ രാജ്യത്തിന്റെ തലസ്ഥാനത്ത്‌ പോകാന്‍ എനിക്കാഗ്രഹമുണ്ട്‌. നമുക്കങ്ങോട്ടു പോകാം. പരിശ്രമവും ഉത്സാഹമുണ്ടെങ്കില്‍ സാദ്ധ്യമല്ലാത്തതായി എന്തുണ്ട്‌?

Jun 13, 2012

062 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 062


പരമാണൗ പരമാണൗ സർഗ്ഗവർഗ്ഗ നിരർഗളം
മഹച്ചിത്തേ സ്ഫുരന്ത്യർക്കരുചീവ ത്രസരേണവ: (3/27/29)


വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ആ മഹാത്മാവിന്റെ ഗൃഹത്തിലെ എല്ലാവരേയും അനുഗ്രഹിച്ചിട്ട്‌ അവര്‍ അപ്രത്യക്ഷരായി. ദു:ഖനിവൃത്തിവന്ന കുടുംബാംഗങ്ങള്‍ അവരവരുടെ ഇടങ്ങളിലേയ്ക്ക്‌ തിരിച്ചുപോയി. ലീല, സരസ്വതിയോട്‌ ഒരു ചോദ്യം ചോദിക്കാനായി തിരിഞ്ഞു. അപ്പോള്‍ അവരുടെ ശരീരങ്ങള്‍ രണ്ടുസ്വപ്നമൂര്‍ത്തികള്‍പോലെ മാത്രമായിരുന്നു. വിഷയവസ്തുക്കളോ മന:ശരീര സംബന്ധിയായ പ്രാണന്‍ മുതലായ ലക്ഷണങ്ങളോ അവര്‍ക്കുണ്ടായിരുന്നില്ല. ഈ 'അമൂര്‍ത്തികള്‍ ' തമ്മിലായിരുന്നു സംഭാഷണം. 

ലീല ചോദിച്ചു: നാം ആ കുടുംബത്തില്‍ പോയപ്പോള്‍ എന്തുകൊണ്ട്‌ രാജാവായ എന്റെ ഭര്‍ത്താവ്‌ എന്നെ കണ്ടില്ല?. എന്നാല്‍ 'എന്റെ കുടുംബം' എന്നെ കണ്ടതെങ്ങിനെ? ദേവി പറഞ്ഞു: അപ്പോള്‍ നീ, 'ഞാന്‍ ലീല' എന്ന അഹം ധാരണയില്‍ത്തന്നെയായിരുന്നു. ഇപ്പോള്‍ നീയാ ബന്ധനത്തില്‍ നിന്നും ഒഴിഞ്ഞ്‌ ശുദ്ധബോധമായിരിക്കുന്നു. ദ്വന്ദബോധം അസ്തമിക്കാതെ ഒരുവനില്‍ അനന്താവബോധം സ്ഫുരിക്കയില്ല. അതില്‍ വര്‍ത്തിക്കാനുമാവില്ല. ആ സ്ഥിതിയെപ്പറ്റി ഒരുവന്‌ അറിയാന്‍ കൂടിയാവില്ല. വെയിലത്തുനില്‍ക്കുന്നവന്‌ മരത്തണലിന്റെ ശീതളിമ അറിയാത്തതുപോലെയാണത്‌. എന്നാല്‍ ഇപ്പോള്‍ നിനക്ക്‌ നിന്റെ ഭര്‍ത്താവിന്റെയടുക്കല്‍ പോകാം. പഴയപോലെ പെരുമാറുകയും ചെയ്യാം.

ലീല പറഞ്ഞു: ദേവീ! അത്ഭുതം! ഇവിടെത്തന്നെ, എന്റെ ഭര്‍ത്താവായിരുന്നു ആ മഹാത്മാവ്‌. ഇപ്പോള്‍ അദ്ദേഹം രാജാവും ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയുമാണ്‌ പിന്നെയും !. അദ്ദേഹം മരിച്ചിട്ടു തിരിച്ചുവന്ന് ഇതാ രാജ്യം ഭരിക്കുന്നു.! ദയവായി എന്നെ അങ്ങോട്ടു കൊണ്ടുപൊയാലും.. സരസ്വതി പറഞ്ഞു: ലീലേ നീയും ഭര്‍ത്താവും പല ജന്മങ്ങള്‍ എടുത്തിട്ടുണ്ട്‌. ഈ ജന്മത്തില്‍ രാജാവ്‌ ലൌകീകകാര്യങ്ങളില്‍ ആണ്ടുമുങ്ങിയിരിക്കുന്നു. 'ഞാന്‍ രാജാവ്‌, ഞാന്‍ പ്രബലന്‍ , എനിയ്ക്കു സുഖമാണ്‌' തുടങ്ങിയ ചിന്തകളാണദ്ദേഹത്തിനുള്ളില്‍ . ആത്മനിഷ്ഠമായി നോക്കുമ്പോള്‍ വിശ്വം മുഴുവനും ഇവിടെ അനുഭവവേദ്യമാണെങ്കിലും ഭൌതീകമായി  നോക്കുമ്പോള്‍ ഈ തലങ്ങള്‍ക്ക്‌ അനേകകോടി കാതങ്ങള്‍ അകലമുണ്ട്‌. "അനന്താവബോധത്തില്‍ എല്ലാ അണുക്കളിലും വിശ്വപ്രപഞ്ചം വന്നുപോയിക്കൊണ്ടിരിക്കുന്നു. മേല്‍ക്കൂരയിലെ ചെറിയൊരുസുഷിരത്തിലൂടെ വരുന്ന പ്രകാശരശ്മി പൊടിപടലങ്ങളെ തിളക്കമുറ്റതാക്കുന്നതുപോലെയാണിത്‌." കടലിലെ അലകള്‍ പോലെ, ഇതു വന്നും പോയുമിരിക്കുന്നു.

ലീല ഓര്‍ത്തു: ദൈവമേ! അനന്താവബോധത്തില്‍നിന്നും ഒരു പ്രതിഫലനമായി വന്നതിനുള്ളില്‍ എനിയ്ക്ക്‌ എണ്‍പതു ജന്മങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഞാനതുമനസ്സിലാക്കുന്നു. ഞാന്‍ ഒരപ്സരസ്സായിരുന്നു. ദുര്‍ന്നടത്തക്കാരിയായ മനുഷ്യസ്ത്രീയായിരുന്നു, ഒരു സര്‍പ്പമായിരുന്നു, കാട്ടുജാതിക്കാരിയായ ഒരാദിവാസിയായിരുന്നു. എന്റെ ദുഷ്ടപ്രവര്‍ത്തികളുടെ പരിണിതഫലമായി ഞാന്‍ ഒരു വള്ളിച്ചെടിയായി. മഹാനായൊരു ഋഷിയുടെ സാമീപ്യം കൊണ്ട്‌ ഞാന്‍ ഒരു മുനികുമാരിയായി, പിന്നെ രാജാവായി. ദുഷ്ടപ്രവൃത്തികള്‍ ചെയ്ത്‌ ഒരു കൊതുകായി ജന്മമെടുത്തു. പിന്നെ, തേനീച്ച, മാന്‍ , പക്ഷി, മല്‍സ്യം; പിന്നെയും ഒരപ്സരസ്സ്‌, ആമ, അരയന്നം, പിന്നേയും കൊതുക്‌, എന്നിങ്ങിനെ. അപ്സരസ്സായിരുന്നപ്പോള്‍ ദേവന്മാര്‍ എന്റെ കാല്‍ക്കല്‍ വീണിരുന്നു. ത്രാസ്സിന്റെ തട്ടുപോലെ പൊങ്ങിയും താണും എനിക്ക് ജന്മങ്ങള്‍ അനേകം ഉണ്ടായിക്കഴിഞ്ഞു.

Jun 12, 2012

061 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 061


ബ്രഹ്മാത്മൈക ചിദാകാശമാത്ര ബോധവതോ മുനേ:
പുത്രമിത്രകളത്രാണി കഥം കാനി കദാ കുത: (3/26/54)


വസിഷ്ഠന്‍ തുടര്‍ന്നു: എന്നിട്ട്‌ ഈ മഹിളകള്‍ മുന്‍പേ പറഞ്ഞ ആ മഹാത്മാവിന്റെ ഗൃഹത്തില്‍ പ്രവേശിച്ചു. കുടുംബം മുഴുവന്‍ വിലപിക്കുകയായിരുന്നു. അവരുടെ ദു:ഖത്തില്‍ അന്തരീക്ഷം പോലും വിഷണ്ണമായിരുന്നു. ശുദ്ധപ്രജ്ഞയുടെ യോഗബലത്താല്‍ ലീലയ്ക്ക്‌ അവളുടെ ചിന്തകള്‍ അപ്പോള്‍ത്തന്നെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. 'എന്റെ ബന്ധുക്കളായ ഇവര്‍ക്ക്‌ സരസ്വതീദേവിയേയും എന്നെയും സാധാരണക്കാരായ സ്ത്രീകളായി കാണാന്‍ സാധിക്കട്ടെ' എന്നു സ്മരിച്ചപ്പോഴേയ്ക്ക്‌ അവരാ കുടുംബത്തിലെ ദു:ഖത്തില്‍ പങ്കെടുക്കാനെത്തിയവരായി. എന്നാല്‍ ഈ അഭൌമവനിതകളുടെ തേജസ്സ്‌ ദു:ഖപൂരിതമായ ആ ഗൃഹത്തിന്റെ വിഷാദഭാവം മാറ്റി. മരിച്ചയാളിന്റെ മൂത്തപുത്രന്‍ സ്തീകളെ സ്വാഗതം ചെയ്തു. അയാള്‍ വിചാരിച്ചത്‌ ഇവര്‍ വനദേവതകളാണെന്നാണ്‌. 

അയാള്‍ പറഞ്ഞു: വനദേവതമാരായ നിങ്ങള്‍ വന്നിട്ടുള്ളത്‌ ഞങ്ങളുടെ ദു:ഖത്തെ ദൂരീകരിക്കാനാണെന്നു നിശ്ചയം. അതാണ്‌ ദിവ്യാത്മാക്കളുടെ മഹത്വം. അവര്‍ മറ്റുള്ളവരുടെ സങ്കടനിവൃത്തിക്കായി സദാ ജാഗരൂകരാണ്‌. സ്ത്രീകള്‍ ചോദിച്ചു: ഈ കുടുംബത്തെ മുഴുവന്‍ ബാധിച്ചിട്ടുള്ള ദു:ഖത്തിന്റെ ഹേതു എന്താണ്‌? അയാള്‍ പറഞ്ഞു: മഹിളാമണികളേ ഈ ഗൃഹത്തില്‍ അതീവ ദിവ്യനായ ഒരാള്‍ തന്റെ സാത്വിയായ ഭാര്യയോടൊപ്പം ധാര്‍മ്മീകജീവിതം നയിച്ചു വന്നു. ഈയിടെ അവര്‍ മക്കളേയും അവരുടെ കുട്ടികളേയും ഉപേക്ഷിച്ച്‌, വീടിനേയും പശുക്കളേയും ഇവിടെ ബാക്കിവെച്ച്‌ സ്വര്‍ഗ്ഗാരോഹണം ചെയ്തു. അതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ ഈ ലോകം മുഴുവന്‍ ശൂന്യമായി അനുഭവപ്പെടുന്നു. പറവകള്‍പോലും മരിച്ചവര്‍ക്കുവേണ്ടി കേഴുകയാണ്‌. ദേവന്മാരും സങ്കടക്കണ്ണീര്‍ മഴയായി പൊഴിക്കുന്നു. മരങ്ങള്‍ പ്രഭാതത്തിലെ ഹിമകണങ്ങളാകുന്ന കണ്ണീരിറ്റി നില്‍ക്കുന്നു. ഈ ലോകമുപേക്ഷിച്ച്‌ എന്റെ അച്ഛനമ്മമാര്‍ അനശ്വരരായ പിതൃക്കളുടെ ലോകത്തിലേയ്ക്കു പോയിരിക്കുന്നു.

ഇതുകേട്ട്‌ ലീല അയാളുടെ ശിരസ്സില്‍ തന്റെ കൈവയ്ച്ചു. ആ ക്ഷണത്തില്‍ അയാളുടെ ദു:ഖം ഇല്ലാതായി. ഇതുകണ്ട്‌ മറ്റുള്ളവരും ദു:ഖമുക്തരായി.

രാമന്‍ ചോദിച്ചു: മഹാത്മന്‍ , എന്തുകൊണ്ടാണ്‌ ലീല തന്റെ പുത്രനുമുന്നില്‍ സ്വന്തം അമ്മയായി നില്‍ക്കാതിരുന്നത്‌?

വസിഷ്ഠമുനി പറഞ്ഞു: രാമ: വിഷയവസ്തുക്കള്‍ സത്തല്ല എന്നു ശരിയായുറച്ചവര്‍ വിശ്വത്തെ മുഴുവനും ഒരൊറ്റ അവിച്ഛന്നബോധസ്വരൂപമായേ ദര്‍ശിക്കൂ. സ്വപ്നം കാണുന്നവന്‍ ലോകം കാണുന്നില്ല. എന്നാല്‍ തീരെ ബോധംകെട്ടുറങ്ങുന്നവന്‍ ചിലപ്പോള്‍ മറ്റുലോകങ്ങള്‍ കണ്ടേക്കാം. ലീല സത്യസാക്ഷാത്കാരം നേടിയിരുന്നു. "ആരൊരാള്‍ ബ്രഹ്മം, ആത്മന്‍ , എന്നിങ്ങനെ അറിയപ്പെടുന്ന സത്യവസ്തുവിനെ ബോധസ്വരൂപമായി സാക്ഷാത്കരിച്ചുവോ അവന്‌ മകനാര്‌? സുഹൃത്താര്‌? ഭാര്യയയും ബന്ധൂക്കളുമാര്‌?" ലീല ചെറുപ്പക്കാരന്റെ ശിരസ്സില്‍ കൈവെച്ചത്‌ ബ്രഹ്മത്തിന്റെ യാദൃശ്ചികമായ ഒരു കാരുണ്യപ്രകടനം എന്നേ പറയാവൂ.

Jun 11, 2012

060 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 061


ഇതി ജലധി മഹാദ്രി ലോകപാല ത്രിദശ പുരാംബര ഭൂതലൈ: പരീതം
ജഗദുദരമവേക്ഷ്യ മാനുഷീ ദ്രാഗ്ഭുവി നിജമന്ദിരകോടരം ദദർശ (3/25/35)


വസിഷ്ഠന്‍ തുടര്‍ന്നു: കൈകള്‍ കോര്‍ത്തുപിടിച്ച്‌ സരസ്വതീ ദേവിയും ലീലയും സാവധാനം ആകാശത്തിലെ പല സ്ഥലങ്ങളിലും വിഹരിച്ചു. ഈ ആകാശമാവട്ടെ അതീവ നിര്‍മ്മലവും പരിപൂര്‍ണ്ണ ശൂന്യവുമായിരുന്നു. ഭൂമിയുടെ അച്ചുതണ്ടായ മേരുപര്‍വ്വതത്തിന്റെ മുകളില്‍ അവരല്‍പ്പം വിശ്രമിച്ചു. ചന്ദ്രമണ്ഡലത്തില്‍ നിന്നും ദൂരേയ്ക്കു പോകവേ അവര്‍ എണ്ണമറ്റ പല കൌതുകവസ്തുക്കളും കണ്ടു. അവര്‍ വലിയ വലിയ മേഘപാളികളില്‍ ചുറ്റിനടന്നു. അവര്‍ അനന്താകാശത്തില്‍ , ഹിരണ്യഗര്‍ഭത്തില്‍ - അനന്തമായ പ്രപഞ്ചങ്ങളുടേയും ജീവജാലങ്ങളുടേയും ഉറവിടത്തില്‍ - കടന്നു. അഗ്നിപ്രളയം പോലെ ഭാസുരമായ സപ്തശൈലങ്ങളെ അവര്‍ അണ്ഡകഠാഹത്തില്‍ ദര്‍ശിച്ചു. മേരുവിനുസമീപം സുവര്‍ണ്ണസമതലങ്ങളേയും ഇരുട്ടിന്റെ അഗാധഗര്‍ത്തങ്ങളേയും അവര്‍ കണ്ടു. 

അതീന്ദ്രിയശക്തികളുള്ള സിദ്ധന്മാരെയും അസുരവൃന്ദങ്ങളേയും ഭൂതപിശാചുക്കളെയും അവരവിടെ കണ്ടു. ആകാശവാഹനങ്ങള്‍ വരുന്നതും പോവുന്നതും കണ്ടു. അപ്സരസ്ത്രീകള്‍ ആടുന്നതും പാടുന്നതും കണ്ടു. പലേവിധ പക്ഷിമൃഗാദികളേയും അവരവിടെ കണ്ടു. മാലാഖമാരേയും ദേവതകളെയും കണ്ടു. ദിവ്യഗുണസമ്പന്നന്മാരും മഹാസിദ്ധന്മാരുമായ യോഗിവര്യന്മാരേയും അവര്‍ കണ്ടു. ബ്രഹ്മാവിന്റെേയും ശിവന്റേയും മറ്റു ദേവകളുടെയും ആസനസ്ഥാനങ്ങള്‍ രണ്ടു കൊതുകുകളെപ്പോലെ പറന്നു നടന്ന് അവര്‍ കണ്ടു. ചുരുക്കത്തില്‍ സരസ്വതീ ദേവിയുടെ ചിന്തയിലുണ്ടായിരുന്നതും, ലീലയെ കാണിക്കണമെന്നു കരുതിയതുമെല്ലാം അവര്‍ കണ്ടു.

ഹൃദയകമലമെന്നതുപോലെയാണത്‌ - ദിശകള്‍ അതിന്റെ ഇതളുകള്‍ ; പാതാളം അതു നിന്നു വളരുന്ന ചെളിക്കുണ്ട്‌; അതിനെ താങ്ങിനില്‍ ക്കുന്ന സര്‍പ്പം അതിന്റെ വേര്‌. അതിനുചുറ്റും ഉപ്പുവെള്ളം നിറഞ്ഞ സമുദ്രം. അതിനപ്പുറം പാല്‍ക്കടലില്‍ ശാകദ്വീപ്‌. തൈരു കടലില്‍ കുശദ്വീപാണതിനുമപ്പുറം. പിന്നെ നെയ്‌ക്കടലില്‍ ക്രൌഞ്ചദ്വീപ്‌; മുന്തിരിച്ചാറിന്റെ കടലില്‍ സാല്‍ മദ്വീപ്‌; പിന്നെയോ കരിമ്പിന്‍ നീരില്‍ ഗോമേദകദ്വീപ്‌; മധുരജലത്തില്‍ പുഷ്കരദ്വീപാണു പിന്നെ. പിന്നെയാണ്‌ വിശ്വഗഹ്വരം. ഭാസുരപ്രഭയോടെ വിളങ്ങുന്ന ലോകാലോകം എന്ന പര്‍വ്വതമുണ്ടതിനുമപ്പുറം. പിന്നെ അനന്തമായ കാടാണ്‌. അവസാനം അനന്തമായ ആകാശം, തികഞ്ഞ നിശ്ശൂന്യത. "അങ്ങിനെ കടലുകളും മലകളും പ്രപഞ്ചരക്ഷകരായ മഹത്പുരുഷന്മാരെയും ദൈവരാജ്യവും അകാശവും അണ്ഠകടാഹങ്ങളും, ലോകത്തിന്റെ ഇരിപ്പിടമായ ഉദരവും അതില്‍ തന്റെ ഭവനവും ലീല ദര്‍ശിച്ചു."

* ഭാഗവതത്തിലെ വിവരണവുമായി താരതമ്യപ്പെടുത്താവുന്നതാണീ വര്‍ണ്ണന.

Jun 10, 2012

059 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 059


തച്ചിന്തനം തത്കഥനമന്യോന്യം തത്പ്രബോധനം
ഏതദേകപരത്വം ച തദഭ്യാസം വിദുർബുധാ: (3/22/24)


സരസ്വതി പറഞ്ഞു: സ്വപ്നത്തില്‍ സ്വപ്നശരീരം തികച്ചും ഉള്ളതായി കാണപ്പെടുന്നു. എന്നാല്‍ അത്‌ സ്വപ്നമായിരുന്നു എന്ന അറിവുണര്‍ന്നുകഴിഞ്ഞാല്‍പ്പിന്നെ ആശരീരം ഉണ്മയായിരുന്നുവെന്ന തോന്നലേ ഇല്ലാതാവുന്നു. അതുപോലെ ഓര്‍മ്മകളിലും വാസനകളിലും നിലനില്‍ ക്കുന്നതായ ഈ ശരീരവും അയാഥാര്‍ത്ഥ്യമാണെന്നു 'കണ്ടാല്‍ ' അവ അങ്ങിനെതന്നെയാണ്‌. സ്വപ്നാന്ത്യത്തില്‍ നാം നമ്മുടെ ഭൌതീകശരീരത്തെപറ്റി ബോധവാനാവുന്നു. അതുപോലെ വാസനാന്ത്യത്തില്‍ നാം നമ്മുടെ സൂക്ഷ്മശരീരത്തെപ്പറ്റി ബോധവാനാവുന്നു. സ്വപ്നം ഇല്ലാത്തപ്പോള്‍ ദീര്‍ഘനിദ്രയായി. ചിന്തകളുടെ വിത്തു നശിക്കുമ്പോള്‍ മുക്തിയായി. അവിടെ ചിന്തകളില്ല. മുക്തനായ ഒരു മഹാത്മാവ്‌ ജീവിക്കുന്നതായും ചിന്തിക്കുന്നതായും എല്ലാം നാം കണ്ടുവെന്നിരിക്കട്ടെ; അതെല്ലാം തറയില്‍ കിടക്കുന്ന ഒരു കരിഞ്ഞതുണിപോലെ ഒരു പുറംകാഴ്ച്ച മാത്രം. എന്നാല്‍ ഇത്‌ ദീര്‍ഘനിദ്രപോലെയോ അബോധാവസ്ഥയോ അല്ല. കാരണം അവ രണ്ടിലും ചിന്തകള്‍ മറഞ്ഞിരിക്കുന്നുണ്ടല്ലോ. (ആ അവസ്ഥകളുടെ അന്ത്യത്തില്‍ ചിന്തകള്‍ തിരികേ വരുന്നുണ്ട്) 

നിസ്തന്ദ്രമായ പരിശ്രമംകൊണ്ട്‌ (അഭ്യാസം) അഹംകാരത്തെ നിശ്ശബ്ദമാക്കാം. അപ്പോൾ നീ സ്വാഭാവികമായും അവബോധത്തിലാണ്‌ നിലകൊള്ളുക. കാണപ്പെടുന്ന പ്രപഞ്ചം അദൃശ്യമായി മറയുന്നതിന്റെ ഉത്തുംഗതയിലെത്തും (പരിപൂര്‍ണ്ണമായി മറയുന്നില്ല എന്നര്‍ത്ഥം.) എന്താണീ അഭ്യാസം? "സദാ 'അതി'നെപ്പറ്റി ചിന്തിക്കുക, പറയുക, മറ്റുള്ളവരുമായി സംവദിക്കുക, 'അതില്‍ ' മാത്രം പരിപൂര്‍ണ്ണ സമര്‍പ്പണം, എന്നിവയെയാണ്‌ അഭ്യാസം എന്നതുകൊണ്ട്‌ ജ്ഞാനികള്‍ ഉദ്ദേശിക്കുന്നത്‌". എപ്പോള്‍ ഒരുവന്റെ ബുദ്ധിയില്‍ സൌന്ദര്യവും ആനന്ദവും നിറഞ്ഞുനില്‍ ക്കുന്നുവോ അവന്റെ വീക്ഷണം വിശാലമാവുന്നുവോ, ഇന്ദ്രിയ സുഖാനുഭവങ്ങള്‍ക്കായി ആസക്തിയില്ലാതിരിക്കുന്നുവോ അപ്പോളവന്‍ അഭ്യാസിയാണ്‌. ഈ വിശ്വം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്ന ഉറച്ചബോധമുള്ളതിനാല്‍ അതിനു നിലനില്‍ പ്പില്ലെന്നറിയുന്നവനില്‍ 'ഇതു ലോകമാണ്‌, ഇതു ഞാനാണ്‌' തുടങ്ങിയ ചിന്തകളുണ്ടാവുകയില്ല. അവന്‍ അഭ്യാസിയാണ്‌. അവനില്‍ ഒന്നിനോടും ആസക്തിയോ വിരക്തിയോ ഉണ്ടാവുകയില്ല. ഇഷ്ടാനിഷ്ടങ്ങളെ മറികടക്കാന്‍ ഇടയാക്കുന്ന ആത്മബലമാണ്‌ തപസ്സ്‌. വിജ്ഞാനമല്ല.

ഈ സമയം സന്ധ്യയായതിനാല്‍ സഭപിരിഞ്ഞു. പിറ്റേന്ന് അതിരാവിലെ വസിഷ്ഠമഹര്‍ഷി സഭയില്‍ തന്റെ പ്രഭാഷണം തുടര്‍ന്നു: രാമ:, സരസ്വതീ ദേവിയും ലീല രാജ്ഞിയും ഉടനേതന്നെ തീവ്രമായ ധ്യാനത്തിലാണ്ടു. നിര്‍വ്വികല്‍പ്പ സമാധി ! അവര്‍ ശരീരബോധത്തിന്റെ തലങ്ങളില്‍ നിന്നുയര്‍ന്നു പോയിരുന്നു. പ്രപഞ്ചത്തെപറ്റിയുള്ള എല്ലാ ധാരണകളും ഉപേക്ഷിച്ചിരുന്നതിനാല്‍ അവരുടെ ബോധമണ്ഡലത്തില്‍ ലോകമാകെ മറഞ്ഞുപോയിരുന്നു. അവര്‍ തങ്ങളുടെ ജ്ഞാനശരീരവുമായി സര്‍വ്വതന്ത്രസ്വതന്ത്രരായി പാറി നടന്നു. അനേകലക്ഷം യോജന സഞ്ചരിച്ചതായി തോന്നിയെങ്കിലും അവര്‍ അതേ 'മുറിയില്‍ ' ത്തന്നെയായിരുന്നു. പക്ഷേ അവര്‍ മറ്റൊരു ബോധമണ്ഡലത്തിലാണു വിഹരിച്ചിരുന്നത്‌.

Jun 9, 2012

058 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 058


മഹച്ചിദ്രൂപമേവത്വം സ്മരണം വിദ്ധി വേദനം
കാര്യകാരണതാ തേന സ ശബ്ദോ ന ച വാസ്തവ: (3/21/23)


ലീല ചോദിച്ചു: മുന്‍പേ തന്നെയുള്ള മതിവിഭ്രമം (പൂർവ്വാര്‍ജ്ജിതവാസനകൾ) ഇല്ലാതെ ആ മഹാത്മാവും ഭാര്യയും ഉണ്ടായതെങ്ങിനെയാണ്‌?

സരസ്വതി പറഞ്ഞു: തീര്‍ച്ചയായും അതിന്റെ ഹേതു സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ ചിന്തയാണ്‌. പ്രളയത്തിനുമുന്‍പ്‌ സമ്പൂര്‍ണ്ണ മുക്തിപ്രാപിച്ചിരുന്നതിനാല്‍ ബ്രഹ്മാവില്‍ ചിന്തകളോ ഓര്‍മ്മകളോ ഒന്നുമുണ്ടായിരുന്നില്ല. ഈ യുഗാരംഭത്തില്‍ ആരോ ഒരാളിൽ സ്വയം ഇങ്ങനെയൊരു ചിന്ത ഉദിച്ചു: 'ഞാനാണ്‌ ഇനി ബ്രഹ്മാവ്‌'. ഇതു തികച്ചും യാദൃശ്ചികം എന്നേ പറയാവൂ. കാക്കയും പനമ്പഴവും പോലെ - കാക്കവന്നിരുന്നതും ഒരു പഴം തിന്റെ തലയില്‍ വീണു- രണ്ടും തികച്ചും സ്വതന്ത്രസംഭവങ്ങളാണെങ്കിലും ഒരേ നിമിഷം അതു സംഭവിച്ചു. പക്ഷേ ഒന്നു മറക്കരുത്‌- ഇതൊക്കെ സംഭവിക്കുന്നതായി തോന്നുന്നുണ്ടെങ്കിലും സൃഷ്ടിയെന്നത്‌ ഉണ്മയല്ല. "അനന്തമായ അവബോധം തന്നെയാണ്‌ ചിന്തകള്‍ , അല്ലെങ്കില്‍ അനുഭവങ്ങള്‍ . കാര്യവും കാരണവും തമ്മില്‍ ബന്ധമൊന്നുമില്ല; രണ്ടും വെറും വാക്കുകള്‍ മാത്രം; വസ്തുതകളല്ല." അനന്താവബോധം എപ്പോഴും മാറ്റമേതുമില്ലതെ നിലകൊള്ളുന്നു.

ലീല പറഞ്ഞു: ദേവീ, അവിടുത്തെ വാക്കുകള്‍ വിജ്ഞാനപ്രദം തന്നെ. എങ്കിലും ഇതുവരെ ഞാന്‍ കേട്ടിട്ടേയില്ലാത്ത അറിവായതിനാല്‍ അതെന്നില്‍ ശരിക്കുറച്ചിട്ടില്ല. അതിനാല്‍ ദിവ്യനായ വസിഷ്ഠന്റെ ആദിമ ഗൃഹം കാണാന്‍ എനിക്കാഗ്രഹമുണ്ട്‌. 

സരസ്വതി പറഞ്ഞു: ലീലേ, നീ നിന്റെ രൂപം ഉപേക്ഷിച്ച്‌ നിര്‍മ്മലമായ ഉള്‍ക്കാഴ്ച്ചയിലേക്കുയര്‍ന്നാലും. കാരണം ബ്രഹ്മത്തിനു മാത്രമേ ബ്രഹ്മത്തെ സാക്ഷാത്കരിക്കാനാവൂ. എന്റെ ശരീരം ശുദ്ധപ്രകാശമാണ്‌; ശുദ്ധബോധമാണ്‌. നിന്റെ ശരീരം അങ്ങിനെയല്ല. ഈ ശരീരംകൊണ്ട്‌ നിന്റെ സ്വന്തം സങ്കല്‍പ്പലോകങ്ങളിലേയ്ക്കുപോലും നിനക്ക്‌ സഞ്ചരിക്കാനാവില്ല. പിന്നെയെങ്ങിനെ മറ്റുള്ളവരുടെ സങ്കല്‍പ്പലോകത്തില്‍ സഞ്ചരിക്കുവാനാകും? എന്നാല്‍ നീ ബോധശരീരിയായാല്‍ നിനക്കുടനേ തന്നെ ആ ദിവ്യാത്മാവിന്റെ ഗൃഹം കാണാം. നീ സ്വയം ഇങ്ങിനെ ധ്യാനിച്ചുറപ്പിച്ചാലും: 'ഞാന്‍ ഈ ശരീരമിവിടെയുപേക്ഷിച്ച്‌ പ്രകാശഗാത്രം സ്വീകരിക്കും. ആ ശരീരവുമായി സാമ്പ്രാണിയിലെ സുഗന്ധമെന്നപോലെ ഞാന്‍ മഹാത്മാവിന്റെ ഗൃഹത്തില്‍ പോവും'. അപ്പോള്‍ ജലം ജലത്തിലലിയും പോലെ നീ ബോധമണ്ഡലത്തില്‍ വിലീനയായി ഒന്നാവും. ഇതുപോലെ നിസ്തന്ദ്രമായി ധ്യാനിച്ചാല്‍ നിന്റെ ശരീരം പോലും സൂക്ഷ്മതപ്രാപിച്ച്‌ ശുദ്ധബോധസ്വരൂപമായിത്തീരും. ഞാന്‍ എന്റെ ശരീരത്തെ ശുദ്ധബോധമായാണ്‌ ദര്‍ശിക്കുന്നത്‌. നിനക്കതിനാവുന്നില്ല. കയ്യിലിരിക്കുന്ന രത്നത്തെ വിലകുറഞ്ഞ വെള്ളാരം കല്ലെന്നു കരുതുന്ന അജ്ഞാനിയേപ്പോലെയാണു നീ. അത്തരം അജ്ഞാനം ഉണ്ടാവുന്നതും സ്വമേധയാ ആണ്‌. എന്നാല്‍ ഈ അജ്ഞത അന്വേഷണം കൊണ്ടും അറിവുകൊണ്ടും ഇല്ലാതാക്കാം. ഈ അജ്ഞതപോലും വാസ്തവമല്ല. അവിദ്യ ഇല്ല; അറിവില്ലായ്മ ഇല്ല; ബന്ധനം ഇല്ല; മുക്തിയും ഇല്ല. എന്നാല്‍ ഒരേയൊരു നിര്‍മ്മലാവബോധം മാത്രം ഉണ്ട്‌.

Jun 8, 2012

057 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 057


യഥൈതത് പ്രതിഭാമാത്രം ജഗത് സർഗ്ഗാവഭാസനം
തഥൈതത് പ്രതിഭാമാത്രം ക്ഷണകൽപ്പാവഭാസനം (3/20/29)


സരസ്വതി തുടര്‍ന്നു: ലീലേ, നിന്റെ ഭവനവും നീയും ഞാനും ഇക്കാണായതെല്ലാം ശുദ്ധബോധമല്ലാതെ മറ്റൊന്നുമല്ല.  നിന്റെ വീട്‌ ആ വസിഷ്ഠന്റെ വീട്ടിനകത്തായിരുന്നു. അദ്ദേഹത്തിന്റെ ജീവാകാശത്തിലാണ്‌ നദികളും പര്‍വ്വതങ്ങളും മറ്റും നിലകൊണ്ടത്‌. ഇതെല്ലാം സൃഷ്ടിച്ചിട്ടും ആ മഹാത്മാവിന്റെ ഭവനം പഴയപോലെതന്നെ മാറ്റമേതുമില്ലാതെ ശേഷിച്ചു. തീര്‍ച്ചയായും ഓരോ അണുവിലും ലോകങ്ങളും അവയ്ക്കുള്ളില്‍ ലോകങ്ങളുമുണ്ട്‌.

ലീല ചോദിച്ചു: ദേവീ, അവിടുന്നുപറഞ്ഞു, വെറും എട്ടുനാള്‍ മുന്‍പു മാത്രമേ ആ ദിവ്യപുരുഷന്‍ ദേഹംവെടിഞ്ഞുള്ളു എന്ന്. എന്നാല്‍ ഞാനും എന്റെ പ്രിയനും ഏറെ നാള്‍ ജീവിച്ചുവല്ലോ. ഇതിലെ വിരുദ്ധതയെങ്ങിനെയാണു നാം മനസ്സിലാക്കേണ്ടത്‌?

സരസ്വതി പറഞ്ഞു: ലീലേ, ആകാശത്തിന്‌ പരിമിതമായ അളവുകള്‍ ഇല്ലാത്തതുപോലെ കാലത്തിനും പരിമിതമായ ദൈര്‍ഘ്യങ്ങള്‍ ഇല്ല. "പ്രപഞ്ചവും അതിലെ സൃഷ്ടിജാലവും എപ്രകാരം വെറും ദൃശ്യം മാത്രമാണോ അപ്രകാരം ഒരു ഞൊടിയിടയും ഒരു യുഗവുമെല്ലാം സങ്കല്‍പ്പം മാത്രം. അതൊന്നും സത്യമല്ല." കണ്ണിമ ചിമ്മുന്ന നേരത്തിനിടയ്ക്ക്‌ ജീവന്‍ മരണാനുഭവത്തിലൂടെ കടന്നുപോവുന്നു. അതുവരെയുണ്ടായ കാര്യങ്ങള്‍ എല്ലാം മറന്നുപോകുന്നു. അനന്തമായ അവബോധത്തില്‍ ജീവന്‍ , താന്‍ അതാണ്‌ , ഇതാണ്‌ , ഇതെന്റെ പുത്രനാണ്‌ , എനിക്കിത്ര വയസ്സായി, എന്നെല്ലാം ചിന്തിക്കുന്നു. ഈ ജീവിതത്തിലെ അനുഭവങ്ങളും മറ്റേ ജീവിതത്തിലെ അനുഭവങ്ങളും തമ്മില്‍ വ്യത്യാസം ഒന്നുമില്ല. എല്ലാം അനന്താവബോധത്തിലെ ചിന്താരൂപങ്ങള്‍ മാത്രം. ഒരേ സമുദ്രത്തിലെ രണ്ടു തിരകള്‍ . ഈ ലോകങ്ങള്‍ ഒരിക്കലും സൃഷ്ടിക്കപ്പെടാത്തതാകയാല്‍ അവയ്ക്കു നാശവുമില്ല. അങ്ങിനെയാണ്‌ നിയമം. അവയുടെയെല്ലാം ശരിയായ സ്വഭവം ബോധമാണ്‌.

സ്വപ്നത്തില്‍ ,  ജനനമരണങ്ങളും ബന്ധങ്ങളും ചെറിയൊരു കാലയളവില്‍ നാം അനുഭവിച്ചു തീര്‍ക്കുന്നു. വെറുമൊരു രാത്രിയിലെ വിരഹം കമിതാക്കള്‍ക്ക്‌ ഒരു യുഗം പോലെ നീണ്ടതാണല്ലോ. ജീവന്‍ കണ്ണുചിമ്മുന്ന നേരത്തിനിടയ്ക്ക്‌ അനുഭവവേദ്യമായതും അല്ലാത്തതുമായ വിഷയങ്ങളെക്കുറിച്ച്‌ ചിന്തിച്ചു കൂട്ടുന്നു. അവയെല്ലാം (ലോകം) യാഥാര്‍ത്ഥ്യമാണെന്നു സങ്കല്‍പ്പിക്കുകയും ചെയ്യുന്നു. താന്‍ അനുഭവിച്ചിട്ടില്ലാത്ത വിഷയങ്ങളും അവന്റെമുന്നില്‍ സ്വപ്നദൃശ്യങ്ങളേപ്പോലെ പ്രകടമാവുന്നു. ഈ ലോകവും സൃഷ്ടികളുമെല്ലാം സ്മൃതിയാണ്‌, സ്വപ്നമാണ്‌. ദൂരം, കാലം, നിമിഷം, യുഗം, എല്ലാം മോഹവിഭ്രമങ്ങള്‍ . സ്മൃതി-ഓര്‍മ്മ എന്നത്‌ ഒരു തരം അറിവാണ്‌. മറ്റൊരു തരം അറിവുള്ളത്‌ ഭൂതകാലാനുഭവങ്ങളുടെ ഓര്‍മ്മയെ ആശ്രയിച്ചുള്ളതല്ല. അത്‌ യാദൃശ്ചികമായി ഒരണുവും ബോധവും സന്ധിക്കുമ്പോള്‍ ഉണ്ടാവുന്ന ഫലപ്രാപ്തിയത്രേ. പ്രപഞ്ചത്തിന്റെ അയാഥാര്‍ത്ഥ്യത സമ്യക്കായി അറിയുക എന്നതാണ്‌ മുക്തി. അത്‌ അഹംകാരത്തേയും വിശ്വത്തേയും വെറുതേ നിരാകരിക്കുന്നതില്‍ നിന്നും ഭിന്നമാണ്‌ കാരണം ആ അറിവ്‌ അപൂര്‍ണ്ണമാണ്‌. എല്ലാം ശുദ്ധാവബോധം മാത്രമാണെന്നു സാക്ഷാത്കരിക്കുകയാണ്‌ മുക്തി.

Jun 7, 2012

056 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 056


പ്രാക്തനി സാ സ്മൃതിർ ലുപ്താ യുവയോരുദിതാന്യഥാ
സ്വപ്നേജാഗ്രത്സ്മൃതിര്യദ്വ ദേതന്മരണമംഗനേ (3/20/16)


സരസ്വതി തുടര്‍ന്നു: ആ മഹാത്മാവിന്റെ പേര്‍ വസിഷ്ഠന്‍ ; പത്നി അരുന്ധതി (ലോക പ്രശസ്തരായ വസിഷ്ഠനും അരുന്ധതിയുമല്ല ഇവര്‍ ). ഒരിക്കല്‍ അദ്ദേഹം ഒരു മലമുകളില്‍ ഇരിക്കുമ്പോള്‍ താഴ്വാരത്തുകൂടി വര്‍ണ്ണാഭമായ ഒരു ഘോഷയാത്ര പോവുന്നതു കണ്ടു. ഒരു രാജാവ്‌ ആനപ്പുറത്ത്‌ തന്റെ സൈന്യത്തോടും രാജപരിവാരങ്ങളോടും കൂടി എഴുന്നുള്ളുകയാണ്‌. അതുകണ്ട്‌ മഹാത്മാവിന്റെ ഉള്ളില്‍ ഒരാഗ്രഹം ഉണര്‍ന്നു: 'തീര്‍ച്ചയായും ഒരു രാജാവിന്റെ സമ്പന്നജീവിതം മഹിമയും സന്തോഷവും ഒത്തുചേര്‍ന്നതാണ്‌. എനിക്കിനിയെന്നാണ്‌ അതുപോലെ, രാജാവിനേപ്പോലെ ആനപ്പുറത്തെഴുന്നള്ളാനും സൈന്യസന്നാഹങ്ങളോടെ നീങ്ങാനും കഴിയുക?' താമസംവിനാ അദ്ദേഹത്തെ വാര്‍ദ്ധക്യം പിടികൂടി അവസാനം മരണം വന്നു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ, തന്റെ ഭര്‍ത്താവിനോട്‌ അങ്ങേയറ്റം പ്രിയമുണ്ടായിരുന്നതുകൊണ്ട്‌ നീ എന്നോടാവശ്യപ്പെട്ട വരങ്ങള്‍ തന്നെ ആദരവോടെ എന്നെ സം പ്രീതയാക്കി ചോദിച്ചുവാങ്ങി. അതായത്‌ അദ്ദേഹത്തിന്റെ ജീവന്‍ അവളുടെ വീടു വിട്ട്‌ പോവരുതെന്ന്. ഞാന്‍ ആ വരം നല്‍കി. 

സൂക്ഷ്മശരീരിയായിരുന്നുവെങ്കിലും ആ മഹാത്മാവ്‌ കഴിഞ്ഞ ജന്മത്തിലെ തന്റെ നിരന്തരമായ ആഗ്രഹം ഹേതുവായി പ്രഗത്ഭനായ ഒരു രാജാവായിത്തീര്‍ന്നു. അദ്ദേഹം തന്റെ സാമ്രാജ്യം, ഭൂമിയെ സ്വര്‍ഗ്ഗസമാനമാക്കി ഭരിച്ചു. അദ്ദേഹം ശത്രുക്കള്‍ ക്കു ഭയമുണ്ടാക്കി; സ്ത്രീകള്‍ക്ക്‌ അദ്ദേഹം കാമദേവനായി; പ്രലോഭനങ്ങള്‍ക്കെതിരേ പര്‍വ്വതം പോലെ ഉറച്ചനിലപാടെടുത്തു അദ്ദേഹം. വേദശാസ്ത്രങ്ങള്‍ കണ്ണാടിയിലെന്നവണ്ണം അദ്ദേഹത്തില്‍ പ്രതിഫലിച്ചു. പ്രജകളുടെ എല്ലാ ആവശ്യങ്ങളും അദ്ദേഹം നടത്തിക്കൊടുത്തു. സദ്പുരുഷന്മാര്‍ക്ക്‌ അദ്ദേഹം ഒരത്താണിയായി. ധാര്‍മ്മീകജീവിതത്തിന്റെ പൂര്‍ണ്ണചന്ദ്രനായി അദ്ദേഹം തിളങ്ങി. അരുന്ധതിയും ഭര്‍ത്താവിനെ പിന്തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഇതെല്ലാം നടന്നിട്ട്‌ എട്ടു ദിവസങ്ങളായിരിക്കുന്നു.

ലീലേ, ഈ മഹാത്മാവാണ്‌ നിന്റെ പ്രിയതമനായ രാജാവ്‌. നീ തന്നെയാണദ്ദേഹത്തിന്റെ ഭാര്യ അരുന്ധതി. അവിദ്യയും മോഹവിഭ്രാന്തിയും കാരണം ഇതെല്ലാം അനന്താവബോധത്തില്‍ സംഭവിക്കുന്നതായി തോന്നുന്നു. ഇതെല്ലാം ശരിയെന്നോ തെറ്റെന്നോ നിനക്കു ബോധിച്ചപോലെ കണക്കാക്കാം. 

ലീല പറഞ്ഞു: ദേവീ, ഇതെല്ലാം അവിശ്വസനീയവും വിചിത്രവുമായെനിക്കു തോന്നുന്നു. വലിയൊരാന ചെറിയൊരു കടുകുമണിയില്‍ ബന്ധിതനാണെന്നു പറയുമ്പോലെ വിചിത്രം! ഒരണുവില്‍ ഒരുകൊതുക്‌ സിംഹത്തോട്‌ യുദ്ധംചെയ്തു എന്നു പറയുമ്പോലെ അവിശ്വസനീയം! ഒരുതാമരമൊട്ടില്‍ പര്‍വ്വതമിരിക്കുന്നു എന്നപോലെ അസംബന്ധം!

സരസ്വതി പറഞ്ഞു: ഞാന്‍ കള്ളം പറയുകയില്ല. സത്യം അവിശ്വസനീയം തന്നെ. എന്നാല്‍ ഞാന്‍ പറഞ്ഞ രാജ്യം പ്രത്യക്ഷമായത്‌ ഈ കുടിലില്‍ മാത്രമാണ്‌. അതിനുകാരണമോ ആ മഹാത്മാവിന്റെ രാജാവാകാനുള്ള ആഗ്രഹവുമാണ്‌. "ഭൂതകാലസ്മരണകള്‍ നമ്മില്‍ നിന്നും മറഞ്ഞിരിക്കുന്നു. നിങ്ങള്‍ രണ്ടാളും വീണ്ടും ആവിര്‍ഭവിച്ചിരിക്കുന്നു. മരണം എന്നത്‌ സ്വപ്നത്തില്‍നിന്നുമുള്ള ഉണരല്‍ മാത്രം." ആഗ്രഹത്തില്‍നിന്നുദ്ഭൂതമവുന്ന ജനനത്തിന്‌ ആഗ്രഹത്തിനേക്കാള്‍ യാഥര്‍ത്ഥ്യതയൊന്നുമല്ല. മരുപ്പച്ചയിലെ അലകള്‍പോലെയാണത്‌.

Jun 6, 2012

055 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 055


ആദർശേന്തർ ബഹിശ്ചൈവ യതാ ശൈലോനുഭൂയതേ
ബഹിരന്തശ്ചിദാദർശേ തഥാ സർഗോനുഭൂയതേ (3/18/5)

വസിഷ്ഠന്‍ തുടര്‍ന്നു: സഭയില്‍ എല്ലാ അംഗങ്ങളേയും കണ്ട്‌ ലീലയ്ക്ക്‌ അദ്ഭുതമായി. 'ഇതതിശയം തന്നെ. ഇവര്‍ ഒരേ സമയം രണ്ടിടത്ത്‌ ജീവിച്ചിരിക്കുന്നു. ഇവരെ ഞാന്‍ ധ്യാനാവസ്ഥയില്‍ അവിടെ കണ്ടിരുന്നു. ഇപ്പോള്‍ ഇവിടെ എന്റെ മുന്നിലൂം!' "ഒരുപര്‍വ്വതം കണ്ണാടിയിലെ പ്രതിബിംബത്തിലും പുറത്തും ഒരേസമയം കാണുന്നതുപോലെ ഈ സൃഷ്ടികള്‍ ബോധതലത്തിലും അതിനുപുറത്തും കാണപ്പെടുന്നു." 'പക്ഷേ ഇതില്‍ ഏതാണ്‌ ഉണ്മ? ഏതാണ്‌ പ്രതിബിംബം?. സരസ്വതീ ദേവിയോടു ചോദിക്കുക തന്നെ'

രാജ്ഞി, ദേവിയെ പൂജിച്ചു പ്രത്യക്ഷയാക്കിയിട്ട്‌ ചോദിച്ചു: ദേവീ, ദയവായി പറഞ്ഞാലും. ഈ ലോകം പ്രതിബിംബിക്കുന്നയിടം അതീവനിര്‍മ്മലവും അവിച്ഛിന്നവുമാണല്ലോ. അത്‌ അറിവിനു വിഷയമല്ല. ലോകം പ്രതിബിംബമായും പുറത്ത്‌ ഘനരൂപത്തില്‍ വസ്തു-പദാര്‍ത്ഥ സമുച്ചയങ്ങളായും നിലകൊള്ളുന്നു. ഇവയില്‍ ഏതാണുണ്മ?, ഏതാണു നിഴല്‍ ?

ദേവി ചോദിച്ചു: 'ആദ്യം ഇതിനു നീ മറുപടി പറയുക. നീ എങ്ങിനെയാണ്‌ ഉണ്മയേയും ഉണ്മയല്ലാത്തതിനേയും തരം തിരിക്കുന്നത്‌?'

ലീല പറഞ്ഞു: 'ഞാന്‍ ഇവിടെയും അവിടുന്ന് എന്റെ മുന്നിലും ഉണ്ട്‌. അതുണ്മയായി ഞാന്‍ പരിഗണിക്കുന്നു. എന്റെ പ്രിയതമന്‍ ഇപ്പോള്‍ ഉള്ളയിടത്തെ ഞാന്‍ അയഥാര്‍ത്ഥമായി കണക്കാക്കുന്നു.'

സരസ്വതി ചോദിച്ചു: 'സത്യമല്ലാത്തത്‌ സത്യത്തിനു കാരണമാവുന്നതെങ്ങിനെ? കാര്യം എന്നത്‌ കാരണം തന്നെയാണല്ലോ. അവതമ്മില്‍ തത്ത്വത്തില്‍ യാതൊരു വ്യത്യാസവുമില്ല. മണ്ണ് കൊണ്ടുണ്ടാക്കിയ കുടത്തില്‍ ജലം നിറയ്ക്കാം എന്നാല്‍ അതിന്റെ കാരണമായ മണ്ണിനു ജലം ഉള്‍ക്കൊള്ളാന്‍ ആവില്ല. ഈ വ്യത്യാസം മറ്റു കാരണങ്ങള്‍ കൊണ്ടാണുണ്ടാവുന്നത്‌. നിന്റെ ഭര്‍ത്താവിന്റെ മരണം പ്രാപഞ്ചികമായ ഏതു കാരണത്താലാണുണ്ടായത്‌? സ്ഥൂലമായ (പ്രാപഞ്ചികമായ) ഏതൊരു ഫലസിദ്ധിക്കും സ്ഥൂലമായ കാരണങ്ങള്‍ ഉണ്ടായിരിക്കും. അതിനാല്‍ ഒരു കാര്യത്തിന്റെ കാരണം ഉടനേതന്നെ കണ്ടെത്താനായില്ലെങ്കില്‍ ഒന്നുറപ്പിക്കാം - അതിന്റെ കാരണം മുന്‍പേ തന്നെ സ്മരണയായി നിലനിന്നിരുന്നു. ഈ സ്മരണ അകാശം പോലെ ശൂന്യമാണ്‌. അതിനാല്‍ സൃഷ്ടിയും ശൂന്യമത്രേ. നിന്റെ ഭര്‍ത്താവിന്റെ ജനനം പോലും സ്മരണയിലെ ഒരു വിഭ്രാന്തി മാത്രമാണ്‌. ഇതെല്ലാം അങ്ങനെതന്നെ. ഇത്‌ അയഥാര്‍ത്ഥവും സങ്കല്‍പ്പഫലവുമാണ്‌. സൃഷ്ടിയുടെ മോഹ വിഭ്രാന്തിയെപ്പറ്റി വ്യക്തമാക്കാന്‍ ഞാന്‍ ഒരു കഥ പറയാം. ശുദ്ധബോധത്തില്‍ , സൃഷ്ടാവിന്റെ മനസ്സിന്റെ ഒരു കോണില്‍ നീലമകുടംകൊണ്ടു മൂടിയ ഒരിടിഞ്ഞുപൊളിഞ്ഞ കോവിലുണ്ടായിരുന്നു. അതില്‍ മുറികളായി പതിന്നാലു ലോകങ്ങളുണ്ടായിരുന്നു. അതിലെ ദ്വാരങ്ങള്‍ ആകാശത്തിലെ മൂന്നു ഭാഗങ്ങളായിരുന്നു. സൂര്യന്‍ വിളക്കായിരുന്നു. അതില്‍ ചിതല്‍പ്പുറ്റുകളും (നഗരങ്ങള്‍ ) ചെറു മണ്‍കൂനകളും (മലകളും) ചെറു ജലാശയങ്ങളും (കടല്‍ ) ഉണ്ടായിരുന്നു. ഇതാണ്‌ സൃഷ്ടി; പ്രപഞ്ചം. അതിന്റെയൊരു മൂലയ്ക്ക്‌ ഒരു മഹാത്മാവ്‌ ഭാര്യയോടും കുട്ടികളോടുമൊപ്പം കഴിഞ്ഞുവന്നു. അയാള്‍ നിര്‍ഭയനും ആരോഗ്യവാനുമായിരുന്നു. ധാര്‍മ്മീകവും സമൂഹികവുമായ എല്ലാക്കാര്യങ്ങളും അയാള്‍ ഭംഗിയായി നിര്‍വ്വഹിച്ചു വന്നു.

Jun 5, 2012

054 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 054


ചിത്താകാശം ചിദാകാശം അകാശം ച തൃതീയകം
ദ്വാഭ്യാം ശൂന്യതരം വിദ്ധി ചിദാകാശം വരാനനേ (3/17/10)


അശരീരി, സരസ്വതീ ദേവിയുടെ സ്വരത്തില്‍ മൊഴിഞ്ഞു: "കുഞ്ഞേ രാജാവിന്റെ ശരീരം പൂക്കള്‍കൊണ്ടു മൂടുക. അതു ജീര്‍ണ്ണിക്കുകയില്ല. അദ്ദേഹം കൊട്ടാരം വിട്ടു പോവുകയില്ല"

ലീല അപ്രകാരം ചെയ്തു. എങ്കിലും അവള്‍ക്കു തൃപ്തിയായില്ല. ധനികനായ ഒരാളെ ധനം കയ്യിലുണ്ടായിട്ടും ആരോ തന്ത്രം പ്രയോഗിച്ച്‌ ദരിദ്രനേപ്പോലെ കഴിയാനിടയാക്കിയതുപോലെ അവള്‍ക്കു ആകെയൊരു പോരായ്മ തോന്നി. അവള്‍ സരസ്വതീ ദേവിയെ സ്മരിച്ചു വരുത്തി. ദേവി ചോദിച്ചു: 'കുഞ്ഞേ നിന്റെ ദു:ഖത്തിനു കാരണമെന്താണ്‌? ദു:ഖം മരീചികയിലെ ജലം പോലെ വെറും ഭ്രമം മാത്രമാണ്‌.'
ലീല ചോദിച്ചു. 'ദയവായി പറയൂ എന്റെ പ്രിയതമന്‍ എവിടെയാണ്‌?'
'കുഞ്ഞേ മൂന്നു തരം തലങ്ങളുണ്ട്‌- മാനസീകതലം, ഭൌതീകതലം പിന്നെ അനന്തമായ ബോധമെന്ന മറ്റൊന്ന്. ഇവയില്‍ ഏറ്റവും സൂക്ഷ്മമായത്‌ അനന്തമായ ബോധതലമാണ്‌.'  ഈ ബോധതലത്തിനെ തീവ്രമായ ധ്യാനംകൊണ്ട്‌ നിനക്ക്‌ കാണാനും അനുഭവിക്കാനുമാവും. എന്നാല്‍ അവിടെ നിന്റെ പ്രിയനേപ്പോലെയുള്ളവരുടെ ദേഹം അനന്തതയില്‍ വിലീനമായിരിക്കുന്നതിനാല്‍ അദ്ദേഹത്തെ ഒരു വ്യക്തിയായി കാണാന്‍ നിനക്കു കഴിയില്ല. അത്‌ അനന്തതയാണ്‌. പരിമിതികളുള്ള മേധാശക്തി ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക്‌ സഞ്ചരിക്കുമ്പോള്‍ അനന്തതയിലായതിനാല്‍ അത്‌ മദ്ധ്യത്തിലായി നിലകൊള്ളുന്നു. നീ എല്ലാ ചിന്തകളും ഉപേക്ഷിച്ചാല്‍ ഇപ്പോള്‍ ഇവിടെ വച്ച്‌ നിനക്കും ആ ഏകാത്മകത്വം അനുഭവിക്കാം. വിശ്വനിര്‍മ്മിതിയുടെ അയാഥാര്‍ത്ഥ്യത്തെപ്പറ്റി തികഞ്ഞ അറിവുറച്ചവര്‍ക്കുമാത്രമേ ഈ ദര്‍ശനം സാക്ഷാത്കരിക്കുവാനാവൂ. എങ്കിലും എന്റെ കാരുണ്യത്താല്‍ നിനക്കീ ദര്‍ശനം സാദ്ധ്യമാണ്‌.'

വസിഷ്ഠന്‍ തുടര്‍ന്നു: ലീല ധ്യാനനിരതയായി. എല്ലാ ആകര്‍ഷണങ്ങളില്‍ നിന്നും വിമുക്തയായി അവള്‍ പെട്ടെന്നുതന്നെ നിര്‍വികല്‍പ്പസമാധിയില്‍ , ബോധത്തിന്റെ ഉന്നത തലത്തില്‍ എത്തിച്ചേര്‍ ന്നു. അവള്‍ അനന്തബോധത്തില്‍ ആമഗ്നയായി. അവിടെ അവള്‍ രജാവിനെ വീണ്ടും കണ്ടു. സിംഹാസനനസ്ഥനായി വിരാജിക്കുന്ന അദ്ദേഹത്തിനുചുറ്റും മറ്റു രാജാക്കന്മാര്‍ അദ്ദേഹത്തെ ആരാധനയോടെ നോക്കുന്നു. മഹര്‍ഷികളും മാമുനിമാരും വേദാലാപനം ചെയ്യുന്നു. ആയുധമേന്തിയ സൈന്യങ്ങളും സ്ത്രീകളും അദ്ദേഹത്തെ പരിചരിക്കുന്നു. അവള്‍ അവരെ കണ്ടെങ്കിലും അവരാരും അവളെ കണ്ടില്ല. കാരണം ഒരാളുടെ ചിന്താകല്‍പ്പനകള്‍ അയാള്‍ക്കു മാത്രമാണ്‌ ഗോചരമായിട്ടുള്ളത്‌. രാജാവിന്‌ യൌവ്വനയുക്തമായ ശരീരമാണുള്ളതെന്ന് അവള്‍ കണ്ടു. പദ്മരാജാവിന്റെ സഭയിലെ പലരേയും അവളവിടെ കണ്ടു. അവള്‍ അത്ഭുതം കൊണ്ടു: 'അവരും മരണത്തിനടിപ്പെട്ടുകഴിഞ്ഞോ!?' 

പിന്നെ സരസ്വതീദേവിയുടെ കൃപകൊണ്ട്‌ അവള്‍ വീണ്ടും കൊട്ടാരത്തിലെത്തിയപ്പോള്‍ കൊട്ടാരസേവകരെല്ലാം ഉറക്കത്തിലാണെന്നു കണ്ടു. അവരെ ഉണര്‍ത്തി കൊട്ടാരത്തിലെ രാജസഭ ഉടനേ വിളിച്ചുകൂട്ടാന്‍ രാജ്ഞി കല്‍പ്പിച്ചു. ദൂതന്മാര്‍ എല്ലാവരേയും വിളിക്കാനായി പോയി. താമസം വിനാ പദ്മരാജാവിന്റെ സഭ മന്ത്രിമാരാലും മഹര്‍ഷിമാരാലും ഉദ്യോഗസ്ഥരാലും ബന്ധുമിത്രാദികളാലും നിറഞ്ഞതുകണ്ട്‌ രാജ്ഞി സന്തോഷം പ്രകടിപ്പിച്ചു.

Jun 4, 2012

053 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 053


തപോജപയാമൈർദേവി സമസ്താ: സിദ്ധസിദ്ധയ:
സം പ്രാപ്യന്തേമരത്വം തു ന കദാചന ലഭ്യതേ (3/16/24)


വസിഷ്ഠന്‍ തുടര്‍ന്നു: പദ്മരാജാവും ലീലരാജ്ഞിയും ഉത്തമമായ ജീവിതം നയിച്ചു വന്നു. അവര്‍ ധാര്‍മ്മീകമായ എല്ലാവിധ സുഖസൌകര്യങ്ങളും ആസ്വദിച്ച്‌ ജീവിതം നയിച്ചു. അവര്‍ യൌവ്വനയുക്തരും ദേവതമാരേപ്പോലെ താരുണ്യം കൈവിടാത്തവരുമായിരുന്നു. അവരുടെ പ്രേമം കാപട്യലേശമില്ലാത്തതും, കളങ്കരഹിതവും തീവ്രവുമായിരുന്നു. 

ഒരു ദിവസം രാജ്ഞി ആലോചിച്ചു: "എന്റെ ജീവനേക്കാള്‍ എനിക്കു പ്രിയപ്പെട്ടതാണ്‌ സുന്ദരനായ എന്റെ പ്രിയതമന്‍ . ഞാനും അദ്ദേഹവും എന്നെന്നും ഒരുമിച്ചു  ആഹ്ളാദവും    സന്തോഷവും പങ്കുവെച്ച്‌ കഴിയണമെങ്കില്‍ എന്താണു ഞാന്‍ ചെയ്യേണ്ടത്‌? അതിനായി, മഹാന്മാരായ മുനിമാരോട്‌ ചോദിച്ച്‌ അവര്‍ ഉപദേശിക്കുന്ന തപ:ശ്ചര്യകള്‍ ഞാന്‍ അനുഷ്ഠിക്കും" രാജ്ഞി മഹര്‍ഷിമാരോട്‌ ആരാഞ്ഞതിനു മറുപടിയായി അവര്‍ പറഞ്ഞു: "അല്ലയോ രാജ്ഞി, തപശ്ചര്യകള്‍ , വ്രതം, മന്ത്രജപം, അച്ചടക്കമുള്ള ജീവിതം എന്നിവകൊണ്ട്‌ ഈ ലോകത്തില്‍ ലഭിക്കാവുന്ന എല്ലാം നിനക്കു നേടാന്‍ കഴിയും. എന്നാല്‍ ഭൌതികമായി അമര്‍ത്ത്യത എന്ന അവസ്ഥ, ഈ ലോകത്തില്‍ അസാദ്ധ്യമാണ്‌."

രാജ്ഞി അവരുടെ ഉപദേശത്തെക്കുറിച്ച്‌ ഇങ്ങിനെ ചിന്തിച്ചു: 'ഞാന്‍ എന്റെ പ്രിയന്‍ മരിക്കുന്നതിനുമുന്‍പ്‌ മരിക്കുകയാണെങ്കില്‍ എനിക്ക്‌ ആത്മജ്ഞാനവും അങ്ങിനെ ദു:ഖനിവൃത്തിയും ഉണ്ടാവണം. അദ്ദേഹം എനിയ്ക്കു മുന്‍പ്‌ മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ കൊട്ടാരം വിട്ട്‌ പോവാതിരിക്കാനായി ദേവതകളില്‍ നിന്ന് എനിക്കൊരു വരം നേടണം. അദ്ദേഹം കൊട്ടാരത്തില്‍ എന്റെയടുത്തുണ്ടെന്ന സന്തോഷത്തില്‍ എനിക്കങ്ങനെ ജീവിക്കാമല്ലൊ.' അങ്ങിനെ തീരുമാനിച്ച്‌ രാജ്ഞി സരസ്വതി ദേവിയെ പ്രസാദിപ്പിക്കാന്‍ തപസ്സാരംഭിച്ചു. ഇക്കാര്യം രാജാവിനോട്‌ പറഞ്ഞില്ല. ഭഗവദ്‌ പൂജ കഴിഞ്ഞ്‌ മഹര്‍ഷിമാരേയും ഗുരുക്കന്മാരേയും പ്രസാദിപ്പിച്ചശേഷം മൂന്നു ദിവസത്തിലൊരിക്കല്‍ മാത്രം ഭക്ഷണം കഴിച്ച്‌ അവള്‍ തന്റെ വ്രതം തുടര്‍ന്നു. ഈ തപസ്സ്‌ അത്യന്തം ഫലപ്രദമാവുമെന്ന് അവള്‍ ക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ തപശ്ചര്യകള്‍ പ്രബലമായിത്തീര്‍ന്നിരുന്നു. രജാവിനോട്‌ തപസ്സിന്റെ കാര്യം പറഞ്ഞിരുന്നില്ലെങ്കിലും തന്റെ തപസ്സുകൊണ്ട്‌ അദ്ദേഹത്തിന്‌ യാതൊരു ബുദ്ധിമുട്ടും സൌകര്യക്കുറവും വരുത്താതെ രാജ്ഞി ശ്രദ്ധയോടെ പെരുമാറി. അങ്ങിനെ നൂറ്‌ ത്രിദിന പൂജകള്‍ കഴിഞ്ഞപ്പോള്‍ സരസ്വതീ ദേവി അവള്‍ ക്കുമുന്നില്‍ പ്രത്യക്ഷയായി അവള്‍ക്കാവശ്യമുള്ള വരങ്ങള്‍ നല്‍ കി.

ലീല പറഞ്ഞു: 'ദിവ്യ ജനനീ എനിയ്ക്കു രണ്ടു വരങ്ങള്‍ തന്നാലും: ഒന്ന്- എന്റെ പ്രിയതമന്‍ ശരീരമുപേക്ഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‍ കൊട്ടാരത്തില്‍ത്തന്നെയുണ്ടാവണം. രണ്ട്‌- ഞാന്‍ പ്രാര്‍ത്ഥിച്ചാലുടന്‍ എനിക്കവിടുത്തെ ദര്‍ശനം കിട്ടണം' ദേവി, വരങ്ങള്‍ നല്‍കിയിട്ട് അപ്രത്യക്ഷയായി. കാലമേറെ കടന്നുപോയി. യുദ്ധക്കളത്തില്‍ പദ്മരാജാവിനു മുറിവേറ്റു. താമസിയാതെ കൊട്ടാരത്തിലെത്തി മരിക്കുകയുംചെയ്തു. രാജ്ഞി ദു:ഖാകുലയായി സഹിക്കവയ്യാത്ത സങ്കടത്തിലിരിക്കുമ്പോള്‍ ഒരശരീരി തന്നോടു സംസാരിക്കുന്നതായിക്കേട്ടു.