Jan 31, 2014

412 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 412

ജീവോജീവോ ഭവത്യാശു യാതി ചിത്തമചിത്തതാം
വിചാരാദിത്യവിദ്യാന്തോ മോക്ഷ ഇത്യഭിതീയതേ (6/70/1)

വസിഷ്ഠന്‍ തുടര്‍ന്നു: “ആത്മാന്വേഷണത്തിലൂടെ ക്ഷണത്തില്‍ മനസ്സ് നിര്‍മനമാവുകയും ജീവന്‍ നിര്‍ജീവനായി അവിദ്യ അവസാനിക്കുന്ന അവസ്ഥയാണ് മോക്ഷം അല്ലെങ്കില്‍ മുക്തി.” 

അഹങ്കാരാദികള്‍ മരുപ്പച്ചയിലെ ജലമെന്നപോലെയാണ്. അന്വേഷണത്തിന്റെ വെളിച്ചത്തില്‍ ഇല്ലാതാവുന്ന മിഥ്യയാണവ. 

ഇതിനെക്കുറിച്ച്‌ വിന്ധ്യാവനത്തില്‍ വസിച്ചിരുന്ന ഒരു യക്ഷി ചോദിച്ച പ്രബോധദീപ്തമായ ചോദ്യങ്ങള്‍ നമുക്ക് എന്നും പ്രചോദനപ്രദമാണ്. കാറ്റില്‍ സ്വൈരവിഹാരം നടത്തിയിരുന്ന അവള്‍ ഒരിക്കല്‍ ഭക്ഷണം തേടി ഒരിടത്തെത്തിച്ചേര്‍ന്നു. വിശന്നിരിക്കുകയാണെങ്കിലും  നിരപരാധികളായ ആരെയും, അവര്‍ വധമര്‍ഹിക്കുന്നില്ലെങ്കില്‍ അവള്‍ കൊന്നുതിന്നുകയില്ല. കാട്ടിലെങ്ങും കൊന്നുതിന്നാന്‍ അനുയോജ്യരായ ആരെയും കാണാതെ അവള്‍ നഗരത്തിലെത്തി രാജാവിനെ കണ്ടു. 

യക്ഷി രാജാവിനോട് പറഞ്ഞു  'അങ്ങ് വധാര്‍ഹനല്ലെങ്കില്‍ ഞാന്‍ അങ്ങയെ കൊന്നുതിന്നുകയില്ല. അങ്ങ് രാജ്യത്തിനെ ഭരണാധികാരിയാകയാല്‍ പ്രജകളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണ് . എന്റെ ആഗ്രഹവും അങ്ങ് നിറവേറ്റിയാലും. ഞാന്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാം. അവയ്ക്ക് ഉചിതമായ മറുപടികള്‍ തരിക.

ഏതു സൂര്യപ്രഭാകിരണങ്ങള്‍ പ്രകടമാക്കുന്ന ധൂളീകണങ്ങളാണ് ഈ വിശ്വമായി കാണപ്പെടുന്നത്?

ഏതു മഹത്തായ കാറ്റിനാലാണ് മഹത്തായ ആകാശം സുവിദിതമാവുന്നത്?

ഒരാള്‍ ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് അവസാനമില്ലാത്ത തുടര്‍പ്രയാണം ചെയ്യുന്നു. സ്വപ്നവസ്തുവിനെ എപ്പോഴും ഉപേക്ഷിക്കുന്നുവെങ്കിലും അയാള്‍ ആത്മാവിനെ ഉപേക്ഷിക്കുന്നില്ല. എന്താണീ ആത്മാവ്?

ഒരു വാഴത്തട തുറന്നാല്‍ ഓരോ അടരുകളായി നീക്കിനീക്കി അവസാനം അതിന്റെ പിണ്ടി കണ്ടെത്തുന്നു. അതുപോലെ ഈ ലോകത്തിന്റെ നിജസ്ഥിതിയെപ്പറ്റി അന്വേഷണം ചെയ്തുചെയ്ത് അവസാനമെത്തുന്നത് ഏതു സാരസത്തയിലാണ്?

ഏതൊരു അണുകണത്തിന്റെ അതിസൂക്ഷ്മകണങ്ങളാണ് വിശ്വമായി കാണപ്പെടുന്നത്?

ഇനിയും കൊത്തിയെടുക്കപ്പെടാത്ത ശില്പമുറങ്ങുന്ന പാറപോലെ ഏതൊരു നിരാകാരമായ പാറമേലാണ് മൂലോകങ്ങള്‍ നിലകൊള്ളുന്നത്?

ഇവയ്ക്കെല്ലാം ഉത്തരം പറയൂ. അല്ലെങ്കില്‍ തീര്‍ച്ചയായും അങ്ങയെ എനിക്ക് കൊന്നു തിന്നാം.

രാജാവ് പറഞ്ഞു: അല്ലയോ യക്ഷീ, ഒരു പഴത്തിനെ പൊതിഞ്ഞിരിക്കുന്ന പഴത്തൊലിയെന്നപോലെ ഈ വിശ്വം പലപല ആവരണങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഒരു ശാഖയില്‍ അനേകായിരം പഴങ്ങള്‍. ആ ശാഖ അനേകായിരം ശാഖകളുള്ള ഒരു വൃക്ഷത്തിന്റേതാണ്. ആ വൃക്ഷം അനേകായിരം മരങ്ങളുള്ള ഒരു കാട്ടിലേതാണ്. ആ കാട് അനേകായിരം കാടുകള്‍ നിറഞ്ഞ ഒരു മലയടിവാരത്തിലേതാണ്. ആ മല ഒരു രാജ്യത്തിലെ അനേകായിരം മലകളില്‍ ഒന്നാണ്. ആ രാജ്യം അനേകായിരം രാജ്യങ്ങളുള്ള ഒരു ഭൂഖണ്ഡത്തിലേതാണ്. അത് അങ്ങിനെയുള്ള അനേകായിരം ഭൂഖണ്ഡങ്ങള്‍ ഉള്ള ഒരു ഗോളത്തിലേതാണ്. അത്തരം ഗോളങ്ങള്‍ അനേകായിരമുള്ള ഒരു സമുദ്രമുണ്ട്. അത്തരം സമുദ്രങ്ങള്‍ അനേകായിരം ഉള്ളിലുള്ള ഒരു സത്വമുണ്ട്. അങ്ങിനെയുള്ള അനേകായിരം സത്വങ്ങളെ മാലയായി കഴുത്തിലണിഞ്ഞ പരമപുരുഷനുമുണ്ട്. അങ്ങിനെയുള്ള അനേകായിരം പരമപുരുഷന്മാരെ പ്രകാശിപ്പിക്കുന്ന ഒരു സൂര്യനുണ്ട്. ആ സൂര്യനാണ് എല്ലാവരെയും എല്ലാത്തിനെയും പ്രദ്യോദിപ്പിക്കുന്നത്. അല്ലയോ യക്ഷീ, അത് ബോധത്തിന്റെ സൂര്യനാണ്. ആ സുര്യന്റെ വെളിച്ചത്തിലാണ് അനേകായിരം വിശ്വങ്ങള്‍ വെറും അണുകണികകളെപ്പോലെ നിലകൊള്ളുന്നത്. ആ പ്രകാശധോരണിയിലാണ് ഇപ്പറഞ്ഞ വസ്തുക്കളെല്ലാം സത്തെന്നപോലെ നിലനില്‍ക്കുന്നത്. 

Jan 30, 2014

411 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 411

ചേതോ ഹി വാസനാമാത്രം തദ്ഭാവേ പരം പദം
തത്വം സംപദ്യതെ ജ്ഞാനം ജ്ഞാനമാഹുര്‍വിചാരണം (6/69/38)

രാമന്‍ ചോദിച്ചു: മഹര്‍ഷേ, പ്രാണന്റെ സഞ്ചാരം നിലയ്ക്കുമ്പോഴാണ് മുക്തിയെങ്കില്‍ മരണം മുക്തിയാകണമല്ലോ?

വസിഷ്ഠന്‍ പറഞ്ഞു: പ്രാണന്‍ ശരീരമുപേക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അത് പിന്നീട് സ്വീകരിക്കാന്‍ പോവുന്ന ദേഹത്തിനു യോജിച്ച വസ്തുക്കളുമായി സമ്പര്‍ക്കം തുടങ്ങിയിരിക്കും. ജീവന്റെ ആര്‍ജ്ജിതവാസനകള്‍ (മനോപാധികള്‍ , ഓര്‍മ്മകള്‍ , മുന്‍ധാരണകള്‍ എന്നിവ) ഘനീഭവിച്ചുണ്ടാകുന്നതാണീ വസ്തുഘടകങ്ങള്‍ . അല്ലെങ്കില്‍ വാസനകളാണ് ഈ വസ്തുക്കളോട് ജീവനില്‍ ആഭിമുഖ്യമുണ്ടാക്കുന്നത് എന്ന് പറയാം.  പ്രാണന്‍ ദേഹത്തെ വെടിയുമ്പോള്‍ ജീവന്‍ വാസനകളുടെ ഭാണ്ഡവും പേറിയാണ് നീങ്ങുക. വാസനകള്‍ എല്ലാം അവസാനിച്ചാലല്ലാതെ മനസ്സൊടുങ്ങിയ ‘നിര്‍മനം’ എന്ന ഒരു തലം ഉണ്ടാവുകയില്ല.

ആത്മജ്ഞാനസിദ്ധിയില്ലാതെ മനസ്സ് ജീവനില്‍ നിന്നുള്ള പിടി വിടുകയില്ല. ആത്മജ്ഞാനം വാസനകളെ ഇല്ലാതാക്കുന്നതോടെ മനസ്സിനും അവസാനമായി. അപ്പോഴാണ്‌ പ്രാണന്റെ ചലനം അവസാനിക്കുന്നത്. അത് പരമപ്രശാന്തതയുടെ ഒരുന്നതതലമാണ്. വാസനകളാണ് മനസ്സ്.

“മനസ്സ് എന്നത് വാസനകളുടെ ഒരു സഞ്ചയമത്രേ. മനസ്സും വാസനയും തമ്മില്‍ വ്യത്യാസമില്ല. വാസനകളുടെ അവസാനം എന്നത് പരമമായ ഒരതീതതലമാണ്. അറിവ് ഉണരുകയെന്നാല്‍ സത്യസാക്ഷാത്കാരമാണ്. ആത്മാന്വേഷണം, വിചാരം എന്നത് അറിവ് തന്നെയാണ്.”

ഏതെങ്കിലും ഒന്നിനോടുള്ള നിസ്തന്ദ്രമായ സമര്‍പ്പണം, പ്രാണനിരോധനം, മനസ്സിനെ നിയന്ത്രിക്കല്‍ , ഇവയില്‍ ഏതെങ്കിലും പരിപൂര്‍ണ്ണതയോടെ ചെയ്യുകയാണെങ്കില്‍ പരമമായ ആ അവസ്ഥയെ പ്രാപിക്കാം. മനസ്സും ജീവശക്തിയും പൂവും പൂമണവുമെന്നപോലെ, എള്ളും എണ്ണയുമെന്നപോലെ  ഇഴചേര്‍ന്നിരിക്കുന്നു. 

അതുകൊണ്ട് മനോവ്യാപാരങ്ങള്‍ അവസാനിക്കുമ്പോള്‍ പ്രാണന്റെ ചലനവും ഇല്ലാതെയാവുന്നു. മനസ്സ് ഏകാത്മകമായ ആ സത്യത്തില്‍ ഏകാഗ്രമായി ഉണ്മുഖമാവുമ്പോള്‍ മനസ്സിന്റെ ചലനവും അങ്ങിനെ പ്രാണശക്തിയും നിലയ്ക്കുന്നു. ഇതിന് അനന്തമായ ആത്മാവിനെക്കുറിച്ചുള്ള അന്വേഷണം തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. അതില്‍ നിന്റെ മനസ്സ് പൂര്‍ണ്ണമായും ആമഗ്നമാവും. എന്നിട്ട് ഈ അന്വേഷണവും നിലയ്ക്കും. അതിന് ശേഷവും എന്ത് ബാക്കിയാവുന്നുവോ ആ അവസ്ഥയില്‍  അഭിരമിച്ചു സുദൃഢമായി  നിലകൊള്ളൂക.
  
മനസ്സ് സുഖാന്വേഷണത്വരയില്ലാതെയിരിക്കുമ്പോള്‍ പ്രാണനോടുകൂടി  ആത്മാവില്‍ വിലയിക്കുന്നു. അവിദ്യ എന്നത് ഇല്ലാത്ത ഒന്നാണ്. ആത്മജ്ഞാനമെന്നതോ, പരമമായ സത്തയുടെ ഉത്തുംഗസീമയും. മനസ്സ് തന്നെയാണ് അത്. സത്യമെന്ന തോന്നലുണ്ടാക്കുന്ന അജ്ഞാനം. അതിന്റെ അനസ്തിത്വത്തെപ്പറ്റിയുള്ള തിരിച്ചറിവാണ് ഞാന്‍ പറഞ്ഞ പരമമായ അവസ്ഥ.
 
മനസ്സ് വെറും കാല്‍ മണിക്കൂറെങ്കിലും പൂര്‍ണ്ണമായി വിലയിച്ചിരുന്നാല്‍ അത് പൂര്‍ണ്ണമായ പരിണാമത്തിനു വിധേയമാവും. കാരണം പരമാത്മജ്ഞാനത്തിന്റെ സ്വാദറിഞ്ഞ ഒരുവന്‍ അതിനെ ഉപേക്ഷിക്കുന്നതെങ്ങിനെ? അരമണിക്കൂര്‍ വേണ്ട, ഒരു നിമിഷത്തേക്കെങ്കിലും പരംപൊരുളിനെ സാക്ഷാത്ക്കരിച്ചവന്‍ വിഷയലോകത്തേയ്ക്ക് തിരിച്ചു വരികയില്ല. ജനനമരണ ചക്രത്തിന്റേതായ സംസാരത്തിന്റെ വിത്തുതന്നെ വറുത്തെടുത്തതുപോലെ ഇങ്ങിനി മുളപൊട്ടാത്തവണ്ണം ഉണങ്ങി വരണ്ടിരിക്കുന്നു. അതോടെ അജ്ഞാനത്തിനവസാനമായി. വാസനകള്‍ ശുഭ്രനിര്‍മ്മലമായി. ഈ അവസ്ഥയില്‍ അഭിരമിക്കുന്നവന്‍ സത്യത്തില്‍ പ്രതിഷ്ഠിതനാണ്. ആന്തരീകമായി പ്രോജ്വലിക്കുന്ന പരമപ്രഭയില്‍ പ്രശാന്തയോടെ അയാളിരിക്കുന്നു.

Jan 29, 2014

410 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 410

അജ്ഞസ്തുദിതചിത്തത്വാത്ക്രിയാനിയമനം വിനാ
ഗച്ഛന്യായേന മാത്സ്യേന പരം ദുഃഖം പ്രയാതി ഹി (6/69/9)

രാമന്‍ ചോദിച്ചു: മഹര്‍ഷേ, അങ്ങ് പറഞ്ഞ നൂറുരുദ്രന്മാര്‍ എങ്ങിനെയാണുണ്ടായത്?

വസിഷ്ഠന്‍ പറഞ്ഞു: ആ സന്യാസി ഈ രുദ്രന്മാരെയെല്ലാം സങ്കല്പ്പിച്ചുണ്ടാക്കിയതാണ്. മാലിന്യലേശം മനസ്സില്‍ തീണ്ടാത്തവര്‍ എന്ത് ഇച്ഛിക്കുന്നുവോ അതവരുടെ അനുഭവങ്ങളായിത്തന്നെ ഭവിക്കുന്നു.  അനന്താവബോധത്തില്‍ എന്ത് ചിന്താരൂപങ്ങള്‍ പ്രകടമാവുന്നുവോ അതപ്രകാരം തന്നെ പ്രത്യക്ഷവുമാവുന്നു.

രാമന്‍ വീണ്ടും ചോദിച്ചു.: മഹര്‍ഷേ, എന്തുകൊണ്ടാണ് ഭഗവാന്‍ പരമശിവന്‍ അല്‍പ്പവസ്ത്രധാരിയായി ശ്മശാനങ്ങളില്‍ വസിക്കുന്നത്?അദ്ദേഹമെന്തുകൊണ്ടാണ് മനുഷ്യന്റെ തലയോട്ടികളാല്‍ തീര്‍ത്ത മാലയും ധരിച്ച് ചുടലഭസ്മവും പൂശി എപ്പോഴും കാമത്തിന് വശംവദനായതുപോലെ കഴിയുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: സാധാരണക്കാര്‍ക്ക് ചേര്‍ന്ന പെരുമാറ്റസംഹിതകളും സാമൂഹികമായ അചാരമര്യാദകളും പ്രബുദ്ധന്മാര്‍ക്കും മുക്തിയാര്‍ജ്ജിച്ച മാമുനിമാര്‍ക്കും ആത്മസാക്ഷാത്കാരം നേടിയ മഹത്തുക്കള്‍ക്കും ബാധകമല്ല. അത്തരം നിയമങ്ങള്‍ ഉണ്ടാക്കിയത് വെറും അജ്ഞാനികളാണ്. “അവര്‍ക്ക് അത്തരം നിയമശാസനകള്‍ ആവശ്യം തന്നെയാണ്. അജ്ഞാനിയുടെ മനസ്സ് വളരെയധികം ഉപാധികളാല്‍ ബന്ധിതമാണ്. അതിനാല്‍ ഈ നിയമങ്ങളുടെ അഭാവം സമൂഹത്തെ അരാജകത്വത്തിലേയ്ക്ക് വഴിതെളിക്കും. ചെറുമല്‍സ്യങ്ങളെ പെരുമീനുകള്‍ വിഴുങ്ങുന്ന അവസ്ഥയായിരിക്കും അപ്പോള്‍ സംജാതമാവുക.”

എന്നാല്‍ ജ്ഞാനി ഇഷ്ടാനിഷ്ടങ്ങളുടെ കയങ്ങളില്‍ മുങ്ങിപ്പോവുന്നില്ല. കാരണം അയാളുടെ ഇന്ദ്രിയങ്ങള്‍ സ്വാഭാവികമായും പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. അയാള്‍ സദാ ജാഗരൂകനും ഉണര്‍ന്നിരിക്കുന്നവനുമാണല്ലോ. അയാള്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അനിച്ഛാപൂര്‍വ്വമാണ്‌. കാരണസംബന്ധിയായി സംഭവങ്ങളോട് പ്രതികരിക്കാതെതന്നെ അയാളുടെ പ്രവര്‍ത്തനങ്ങള്‍ തുലോം നിര്‍മ്മലവും നൈസര്‍ഗ്ഗികവും ആയിരിക്കും. കാക്ക തെങ്ങോലയില്‍ പറന്നു വന്നിരിക്കുന്നതും തേങ്ങ നിലത്തു വീഴുന്നതും തമ്മില്‍ യാതൊരു കാര്യ-കാരണ ബന്ധവുമില്ല. ചിലപ്പോള്‍ അയാള്‍ യാതൊരു പ്രവര്‍ത്തനങ്ങളിലും വ്യാപൃതനാവുന്നുമില്ല. അങ്ങിനെയാണ് ത്രിമൂര്‍ത്തികളായ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ പുനരവതാരങ്ങളില്‍ പ്രകടമാവുന്നത്.

പ്രബുദ്ധതയെ പ്രാപിച്ചവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസയ്ക്കും നിരൂപണത്തിനും അതീതമത്രേ. അവ സ്വീകാര്യ-നിരാകരണങ്ങള്‍ക്കുമെല്ലാം അതീതമാണ്.  അവരില്‍ ‘ഇതെന്റേത്’, ‘ഇത് മറ്റേത്’, തുടങ്ങിയ പ്രതീതികളേയില്ല. അഗ്നിയിലെ ചൂടെന്നപോലെ നിത്യശുദ്ധമാണവരുടെ പ്രവര്‍ത്തനങ്ങള്‍ . 

നീയിപ്പോഴും ശരീരത്തില്‍ നിലകൊള്ളുന്നതിനാല്‍ നിന്നോടു ഞാനിതുവരെ വിദേഹമൌനാചരണത്തിന്റെ കാര്യം വിശദമാക്കിയില്ല. എന്നാല്‍ അത് ഞാന്‍ ചുരുക്കി വിവരിക്കാം. പൂര്‍ണ്ണപ്രബുദ്ധതയില്‍ സമാധിസ്ഥനായി ആത്മസാക്ഷാത്കാരം പ്രാപിച്ചവരെ ‘സംഖ്യയോഗികള്‍ ’ എന്ന് പറയുന്നു. എന്നാല്‍ പ്രാണായാമം മുതലായ മാര്‍ഗ്ഗങ്ങളിലൂടെ ദേഹരഹിതമായ അവബോധത്തെ സാക്ഷാത്ക്കരിച്ചവരെ ‘യോഗയോഗികള്‍ ’ എന്നാണ് പറയുക. ഇവര്‍ രണ്ടും വാസ്തവത്തില്‍ ഒന്നാണ്.

മനസ്സിന്റെ പരാധീനതകളാണ് പ്രകടിതലോകത്തിന്റെ കാരണം. ഞാന്‍ പറഞ്ഞ രണ്ടു മാര്‍ഗ്ഗങ്ങളും (സാംഖ്യം, യോഗം) മനസ്സിനെ ഇല്ലാതാക്കാന്‍ പറ്റിയവയാണ്. പ്രാണായാമം, ചിന്താവിരാമം തുടങ്ങിയ നിസ്തന്ദ്രസാധനകളിലൂടെ മുക്തിപദം പ്രാപിക്കാന്‍ കഴിയും എന്നതാണ് മുക്തിസംബന്ധിയായ എല്ലാ ശാസ്ത്രങ്ങളുടെയും സാരസത്ത. 

Jan 19, 2014

409 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 409

അഹമസ്മി ജഗത്യസ്മിന്‍സ്വസ്‍തി ശബ്ദാര്‍ത്ഥമാത്രകം
സത്താസാമാന്യമേവേതി സൌഷുപ്തം മൌനമുച്യതേ (6/68/26)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ദീര്‍ഘനിദ്രയിലെന്നപോലുള്ള പ്രശാന്തിയും നിശ്ശബ്ദതയും സ്വാംശീകരിച്ചുകൊണ്ട് ചിന്താസഞ്ചാരങ്ങളില്‍ നിന്നും പരിപൂര്‍ണ്ണമായി വിമുക്തനായി ദൃഢഭാവത്തില്‍ നിലകൊണ്ടാലും.

രാമന്‍ പറഞ്ഞു: നാവിന്റെ മൌനത്തെപ്പറ്റിയും കണ്ണുകളെ മൌനമാക്കുന്നതിനെപ്പറ്റിയും മറ്റിന്ദ്രിയങ്ങളെ പ്രശാന്തമാക്കുന്നതിനെപ്പറ്റിയും തീവ്രസന്യാസത്തിലെ ദൃഢമൌനത്തെപ്പറ്റിയെപ്പറ്റിയും ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ദീര്‍ഘനിദ്രയിലെ മൌനം എന്നാല്‍ എന്താണ്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, മുനിമാര്‍ (മൌനികളായ സന്യാസിവര്യന്മാര്‍ ) രണ്ടുതരത്തിലാണുള്ളത്. ഒന്ന്‍ ദൃഢമൌനികളായ സന്യാസിമാര്‍ . മറ്റേത് തുലോം ഉല്‍പതിഷ്ണുക്കളായ സന്യാസിമാരും. ദൃഢമൌനസന്യാസിമാര്‍ ഇന്ദ്രിയങ്ങളെ ബലമായി നിയന്ത്രിക്കുന്നു. ചിലപ്പോള്‍ അതവരെ വരണ്ടുണങ്ങിയ ജീവിത ചര്യകളിലേയ്ക്കും ജ്ഞാനസംബന്ധിയല്ലാത്ത തീവ്രസാധനകളിലേയ്ക്കും നയിച്ചേക്കാം. എന്നാല്‍ മഹാനുഭാവനായ മുനിയ്ക്ക് സത്യാസത്യങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിവുള്ളതിനാല്‍ അത്തരം സാധനകള്‍ അയാള്‍ക്ക് സ്വീകാര്യമല്ല. 

ആത്മജ്ഞാനം ഉള്ളതിനാല്‍ മറ്റേതൊരു മനുഷ്യനെപ്പോലെയും അയാള്‍ക്ക് സ്വാഭാവികമായി പെരുമാറാന്‍ കഴിയുന്നു. ഇത്തരം മുനിമാരുടെ മൌനം അവരുടെ പ്രവര്‍ത്തനങ്ങളേയും മാനോഭാവങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

സംസാരമൌനം, ഇന്ദ്രിയമൌനം, തീവ്രമായ നിയന്ത്രണത്തിലൂടെയുള്ള മൌനാചരണം (കഷ്ടമൌനം), ദീര്‍ഘനിദ്രയിലെ മൌനം (സുഷുപ്തിമൌനം) എന്നിങ്ങിനെ നാലുതരം മൌനങ്ങളാണുള്ളത്. പിന്നെ ‘മനോമൌനം’ എന്നൊരുതരം കൂടിയുണ്ട്. ദേഹവിമുക്തി വന്നവര്‍ക്കും കഷ്ടമൌനം ആചരിക്കുന്നവര്‍ക്കും സുഷുപ്തി മൌനക്കാര്‍ക്കും മാത്രമേ ഇത് സാദ്ധ്യമാവൂ. ആദ്യത്തെ മൂന്നു മൌനത്തിലും ഏതെങ്കിലും തരത്തിലുള്ള തീവ്രനിയന്ത്രണം ആവശ്യമായി വരുന്നുണ്ട്. നാലാമത്തെ മൌനം മാത്രമേ വാസ്തവത്തില്‍ മുക്തിപ്രദമായുള്ളു

അതില്‍ പ്രാണനെ അല്ലെങ്കില്‍ ജീവസ്പന്ദനത്തെ പിടിച്ചു നിര്‍ത്തുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നില്ല. ഇന്ദ്രിയങ്ങളെ പ്രീണിപ്പിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നില്ല. പ്രകടമോ അല്ലാതെയോ ആയി നാനാത്വം അവിടെയില്ല. ആ അവസ്ഥയില്‍ മനസ്സോ നിര്‍മനമോ ഇല്ല. വിഭിന്നത എന്ന അവസ്ഥയേയില്ലാത്തതിനാല്‍ അതിനെ നിരാകരിക്കുവാനുള്ള പ്രയത്നവും അവിടെയില്ല. ദീര്‍ഘനിദ്രാവസ്ഥയില്‍ , മൌനത്തില്‍ ഇരിക്കുന്നതിനാല്‍ ആ അവസ്ഥയില്‍ ആമഗ്നനായ ഒരുവന്‍ ധ്യാനനിരതനാവാം, അല്ലാതെയുമിരിക്കാം. ജ്ഞാനത്തിന്റെ കറപുരളാത്ത അറിവ് യഥാതഥമായി ഉള്ളപ്പോള്‍ സംശയങ്ങള്‍ക്കവിടെ സ്ഥാനമില്ല.

അതൊരു നിശ്ശൂന്യനിശ്ശബ്ദാവസ്ഥയാണ്. അതിന് ഉപസ്തംഭങ്ങളില്ല. പരമപ്രശാന്തതയുടെ ഭാവമാണതിന്. ഉണ്മയാണതെന്നോ അല്ലെന്നോ പറയാനാവില്ല. ‘അവിടെ ഞാന്‍ ഇല്ല. മറ്റുള്ളവര്‍ ഇല്ല. മനസ്സില്ല. മനോജന്യങ്ങളായ ഒന്നുമില്ല. അങ്ങിനെ ‘ഞാന്‍’ എന്നത് വിശ്വത്തിലെ വെറുമൊരാശയമോ, സങ്കല്പമോ മാത്രമാണ്. അത് ശുദ്ധമായ അസ്ഥിത്വമാണ്.’ 

സുഷുപ്തിമൌനത്തിന്റെ തലം ഈ അവസ്ഥയാണ്. അനന്തമായ, നിത്യശുദ്ധമായ അവബോധം മാത്രമായിരിക്കുന്നിടത്ത് ‘ഞാന്‍’, ‘മറ്റുള്ളവര്‍ ’ എന്നീ ആശയങ്ങള്‍ എവിടെ നിലനില്‍ക്കാനാണ്?

Jan 16, 2014

408 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 409

ഏഷാ ഗുണമയീ മായാ ദുര്‍ബോധേന ദുരത്യയാ
നിത്യം സത്യാവബോധേന സുഖേനൈവാതിവാഹ്യതേ (6/67/7)

ദശരഥരാജാവ് ചോദിച്ചു: മഹര്‍ഷേ, പറഞ്ഞാലും, ആ സന്യാസി എവിടെയാണ് ധ്യാനത്തില്‍ ഇരിക്കുന്നത്? ഞാനിപ്പോള്‍ത്തന്നെ നമ്മുടെ സൈന്യത്തെ വിട്ട് അദ്ദേഹത്തെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവരാം.

വസിഷ്ഠന്‍ പറഞ്ഞു: രാജാവേ, ആ സന്യാസിയുടെ ശരീരം ചേതനയറ്റ് നിശ്ചലമായിക്കഴിഞ്ഞു. അതിനെ ഇനി ഉണര്‍ത്താന്‍ ആവില്ല. അദ്ദേഹത്തിന്‍റെ ജീവന്‍ പ്രബുദ്ധതയെ പ്രാപിച്ച് മുക്തിപദം പൂകിക്കഴിഞ്ഞു.

അതിനെ ഇനി ഇഹലോകാനുഭവങ്ങളിലൂടെ വലിച്ചിഴക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ ഗുരുവിന്റെ  നിര്‍ദ്ദേശപ്രകാരം വാതിലിനു പുറത്ത് വാതില്‍ തുറക്കാന്‍ മാസാവസാനമാവുന്നത് കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ സ്ഥാനത്ത് മറ്റൊരാളെ അവരോധിച്ചതായും സ്വശരീരം ഉപേക്ഷിച്ചതായും അവര്‍ കാണും.

“ഈ മായയെന്നത് ഭ്രമാത്മകമായ ലോകക്കാഴ്ചയാണ്. അത് പരിമിതങ്ങളായ ഗുണഗണങ്ങളോടു കൂടിയതാണ്. അജ്ഞാനത്തിന്റെ മാര്‍ഗ്ഗത്തില്‍ (അവിദ്യാമാര്‍ഗ്ഗത്തില്‍ ) ഈ മായയെ തരണം ചെയ്യുക അസാദ്ധ്യം. എന്നാല്‍ സത്യജ്ഞാനമാര്‍ഗ്ഗേണ ഇത് സുസാദ്ധ്യമാണ് താനും". 

സ്വര്‍ണ്ണത്തില്‍ കൈവളയെക്കാണുന്നതാണ് തെറ്റിദ്ധാരണ. അത്തരം ധാരണകള്‍ ഉണ്ടാകുന്നത് വെറും കാഴ്ച്ചകളാലാണ്. മായ എന്നുപറയുന്നതെല്ലാം വെറും വാക്കുകളുടെ കസര്‍ത്താണ്‌. കടലലകള്‍ക്ക് കടലിനോടുള്ള ബന്ധമാണ് കാണപ്പെടുന്ന ലോകത്തിന് സത്യവുമായി ഉള്ളത്. സത്യദര്‍ശനം ഉണ്ടാവുമ്പോള്‍ അതുവരെ ഭ്രാമാത്മകമായിരുന്ന പുറംകാഴ്ചയിലെ ‘ഭ്രമം’ ഇല്ലാതാകുന്നു. അജ്ഞാനം ഒന്നുകൊണ്ട് മാത്രമാണ് നീണ്ടൊരു സ്വപ്നദൃശ്യം മാത്രമായ ഈ ലോകം യാഥാര്‍ഥ്യമായി തോന്നുന്നത്. അതാണ് ജീവന്റെ ഉത്ഭവത്തിനു നിദാനം. ഈ സത്യം സാക്ഷാത്ക്കരിക്കുമ്പോള്‍ എല്ലാമെല്ലാം ആത്മാവ് മാത്രമെന്ന് കാണാകുന്നു.

എന്തെല്ലാം ധാരണകള്‍ ആര് വച്ചുപുലര്‍ത്തിയാലും അതെല്ലാമായി പ്രകടമാവുന്നത് ആത്മാവ് തന്നെയാണ്. ഈ വിശ്വം എണ്ണമറ്റ വ്യക്തികളുടെ അത്തരത്തിലുള്ള ധാരണകളുടെ ഫലമായാണ് ഉണ്ടായിട്ടുള്ളത്. അതാണ്‌ ഈ ലോകത്തെ നിലനിര്‍ത്തുന്നതും. ബ്രഹ്മാവിന്റെ സങ്കല്‍പ്പത്തില്‍ ആദ്യമായുണ്ടായ ധാരണയെ ജീവനുകള്‍ സത്യവസ്തുവായി അനുഭവിക്കാന്‍ തുടങ്ങി. എന്നാല്‍ ഈ ജീവന്മാരും ബോധനൈര്‍മ്മല്യം നേടി പ്രബുദ്ധരാവുമ്പോള്‍ ബ്രഹ്മബോധത്തില്‍ ഈ ദീര്‍ഘസ്വപ്നത്തിന്റെ യാഥാര്‍ഥ്യം തിരിച്ചറിയും.

വസ്തുധാരണകളാലാണ് മനസ്സുണ്ടാവുന്നതും അത് അനന്താവബോധത്തില്‍ നിന്നും താഴോട്ടു നിപതിക്കുന്നതും. പിന്നീടത് വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ കടന്നുപോവുന്നു.
എന്നാല്‍ ഈ മനസ്സ് പരമാത്മാവില്‍ നിന്നും വിഭിന്നമാണോ? പരമാത്മാവ്‌ എന്ന് പറയുന്നതും മനസ്സ് തന്നെയല്ലേ? ജീവന്‍, ശരീരം, എന്നുവേണ്ട മറ്റുള്ളതെല്ലാം പരമാത്മാവിന്റെ പ്രതിഫലനങ്ങളോ കാഴ്ച്ചകളോ മാത്രമാണ്. എല്ലാ ചലനങ്ങളും അനന്താവബോധത്തിലാണ് നടക്കുന്നത്. അതെന്നും ‘അനന്തവും’ ‘ബോധവു’മാണ്. ചലനങ്ങളോ, സാങ്കല്‍പ്പികമായ വെറും ആവിഷ്ക്കാരങ്ങള്‍ മാത്രം. അനന്താവബോധത്തില്‍ ചലനമോ ചലനരാഹിത്യമോ വാസ്തവത്തില്‍ ഇല്ല. അത് ഏകമോ അനേകമോ അല്ല. മാറ്റങ്ങള്‍ക്കു വിധേയമല്ലാതെ, അതെങ്ങിയാണോ അതങ്ങിനെത്തന്നെ നിലകൊള്ളുന്നു.

ഇനിയും ‘ഉണര്‍ച്ച’യെത്തിയിട്ടില്ലാത്ത ഒരു തലത്തില്‍ മാത്രമേ നാനാത്വമുള്ളു. അത് ആത്മാന്വേഷണത്തില്‍ ഇല്ലാതാവുന്നതുമാണ്. സംശയലേശമന്യേ സാധകന്‍ നിലകൊള്ളുന്ന അവസ്ഥ പരമമായ ഒന്നാണ്. ശാന്തിയാണ് ലോകമെന്നറിയപ്പെടുന്നത്. അതാണ്‌ ലോകമെന്ന ഈ കാഴ്ച. അജ്ഞാനം എന്നത് അയാഥാര്‍ഥ്യമാണ്. ‘കാഴ്ചക്കാരനും, കാഴ്ചയും കാണലും’ എന്നീ ത്രിപുടികള്‍ ഇല്ലാത്തവയാണ്. മനസ്സ് ചന്ദ്രനില്‍ ഒരു കളങ്കം ആരോപിക്കുന്നു. എന്നാല്‍ അത് യഥാര്‍ഥത്തില്‍ ഇല്ലാത്തതാണ്. അനന്താവബോധത്തില്‍ ബോധം മാത്രമാണതിന്റെ ശരീരം, അല്ലെങ്കില്‍ മൂര്‍ത്തിമദ്ഭാവം.  

Jan 14, 2014

407 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 407

പ്രത്യേകമേവമുദിത: പ്രതിഭാസഖണ്ഡ:
ഖണ്ഡാന്തരേഷ്വപി ച തസ്യ വിചിത്രഖണ്ഡ:
സര്‍വ്വേ സ്വയം നനു ച തേപി മിഥോ ന മിഥ്യാ
സര്‍വ്വാത്മനി സ്ഫുരതി കാരണകാരണേസ്മിന്‍  (6/66/28)

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, രാജാവേ! എന്റെ ജ്ഞാനദൃഷ്ടിയില്‍  ഞാനാ യോഗിവര്യനെ തിരഞ്ഞു. അദ്ദേഹത്തെ കാണാനുള്ള ആഗ്രഹത്തോടെ ഞാന്‍ തീവ്രമായ ധ്യാനത്തില്‍ ഏര്‍പ്പെട്ടു.ഈ വിശ്വം മുഴുവന്‍ ഞാന്‍ തിരഞ്ഞിട്ടും അദ്ദേഹത്തെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. എങ്ങിനെയാണ് ഒരാളുടെ സങ്കല്‍പ്പം പുറത്ത് മറ്റൊരിടത്ത് യാഥാര്‍ഥ്യമായി കാണപ്പെടുക? പിന്നെ ഞാന്‍ വടക്കുദേശത്ത് ജീനന്മാരുടെ നാട്ടില്‍പ്പോയി. അവിടെയൊരു മണ്‍പുറ്റിനു മുകളിലായി ജനവാസമുള്ള ഒരുവിഹാരമുണ്ട്. അവിടെയൊരു കുടിലില്‍ ഒരു ഭിക്ഷു ജീവിക്കുന്നു.ദീര്‍ഘദൃശന്‍ എന്ന് പേരുള്ള അദ്ദേഹത്തിന്‍റെ തലയ്ക്ക് മഞ്ഞനിറമാണ്. ആഴമേറിയ ധ്യാനത്തിലായിരുന്നു ഭിക്ഷു. 

അദ്ദേഹത്തിനു ശല്യമായെങ്കിലോ എന്ന് ഭയന്നിട്ട് അനുചരന്മാര്‍പോലും ആ കുടിലില്‍ കയറിയില്ല. അത് ധ്യാനത്തിന്റെ ഇരുപത്തിയൊന്നാം ദിനമായിരുന്നു. ധ്യാനം തീരുന്ന ദിവസം. ഒരുവിധത്തില്‍ പറഞ്ഞാല്‍ അദ്ദേഹം ഇരുപത്തിയൊന്നു ദിനം ധ്യാനത്തിലായിരുന്നു. അല്ലെങ്കില്‍ അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നും പറയാം. അങ്ങിനെയായിരുന്നു ആ മനസ്സില്‍ ഉണ്ടായ ധാരണകള്‍ .

അങ്ങിനെയൊരു യോഗി വേറൊരു കല്‍പ്പത്തില്‍ ഉണ്ടായിരുന്നതായി എനിക്കറിയാം. ഈ യുഗത്തിലും ഇദ്ദേഹം ഇത്തരത്തിലുള്ള രണ്ടാമത്തെ യോഗിയാണ്. എന്നാല്‍ മൂന്നാമതൊരു യോഗിയെ ഞാന്‍ കാണുകയുണ്ടായില്ല. എന്നിലെ സര്‍വ്വപ്രാഭവങ്ങളും സംഭരിച്ച് ഞാന്‍ ആ യോഗിയുടെ ഹൃദയത്തില്‍ കയറി മൂന്നാമത്തെ യോഗിയെ കൂലങ്കഷമായി തിരഞ്ഞു. ഒടുവില്‍ അദ്ദേഹത്തെ കണ്ടെത്തിയെങ്കിലും അദ്ദേഹം ഈ വിശ്വത്തില്‍ ആയിരുന്നില്ല. ആ വിശ്വമാകട്ടെ മറ്റൊരു ബ്രഹ്മാവിനാല്‍ സൃഷ്ടിക്കപ്പെട്ടതും ഈ വിശ്വത്തിനോട് സമാനവുമായിരുന്നു.

അങ്ങിനെ എണ്ണമറ്റ ജീവജാലങ്ങള്‍ ഉണ്ടായിരുന്നു. അവ അങ്ങിനെ ഇനിയും ഉണ്ടാവുകയും ചെയ്യും. ഈ സഭയിലെത്തന്നെ മാമുനിമാരും ബ്രാഹ്മണാദികളും എല്ലാം മറ്റുള്ള ജീവികളെക്കുറിച്ചുള്ള ധാരണകള്‍ വെച്ചുപുലര്‍ത്തുകയും അവയെല്ലാം അപ്രകാരം മൂര്‍ത്തീകരിക്കുകയും ചെയ്യും. അതാണ് മായയുടെ വിസ്മയം. ഈ ജീവജാലങ്ങളില്‍ ചിലതിന് തങ്ങള്‍ സങ്കല്‍പ്പിച്ച ജീവികളുടെ സ്വഭാവസവിശേഷതകള്‍ ഉണ്ടാവാം. മറ്റു ചിലതിന് സങ്കല്‍പ്പങ്ങളില്‍ നിന്നും തുലോം വിഭിന്നങ്ങളായ സ്വഭാവങ്ങളാണുണ്ടാവുക. മറ്റു ചിലവയ്ക്ക് ചില സാദൃശ്യസ്വഭാവങ്ങള്‍ മാത്രമാണുണ്ടാവുക. മഹാന്മാരെപ്പോലും വലയ്ക്കുന്ന മഹാമായയുടെ പ്രാഭവമാണിത്.

എന്നാലീ മായ നിലനില്‍ക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. എല്ലാത്തിനെയും പ്രത്യക്ഷവും അപ്രത്യക്ഷവുമാക്കുന്ന വെറുമൊരു ഭ്രമക്കാഴ്ച്ച മാത്രമാണത്. അല്ലെങ്കില്‍പ്പിന്നെ ഈ ഇരുപത്തൊന്നുദിനവും ഒരു യുഗവും എങ്ങിനെ പൊരുത്തപ്പെടും? മനസ്സിന്റെ ഇത്തരം കളികളെപ്പറ്റി ചിന്തിക്കുന്നതേ ഭയാനകമാണ്. കൂമ്പിയ താമരപ്പൂ പ്രഭാതത്തില്‍ വിടരുന്നതുപോലെ പതിയെ തുറന്ന് ഒടുവില്‍ പൂര്‍ണ്ണമായും വിടര്‍ന്ന താമരപോലെ വൈവിദ്ധ്യങ്ങളെ സുവിദിതമാക്കിത്തരുന്നത് മായക്കാഴ്ചകളാണ്.   

ഇതെല്ലാം നിത്യശുദ്ധമായ അനന്താവബോധത്തിലാണ് ഉണരുന്നത്. എന്നാലും അതിന്റെ പ്രകടിതദൃശ്യങ്ങളെ മാലിന്യം ബാധിച്ചതുപോലെ തോന്നുന്നു. “എല്ലാമെല്ലാം വിഘടിതമായ നിലനില്‍പ്പാണ്. ആ നിലനില്‍പ്പിനു ശേഷവും അവ വിചിത്രങ്ങളായ വിഘടനത്തിന് വിധേയമാവുന്നുണ്ട്. ഇവയെല്ലാം ആപേക്ഷികമായി സത്യമാണ്. തികച്ചും അസത്യമെന്ന് പറയുന്നത് ശരിയല്ല. എല്ലാമെല്ലാം എല്ലാറ്റിലും മൂര്‍ത്തീകരിക്കുന്നു. കാര്യത്തിനുള്ളില്‍ത്തന്നെയാണ് കാരണങ്ങളുടെ ബീജമുള്ളത്.

Jan 6, 2014

406 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 406

 സര്‍വ്വശക്ത്യ: സ്വരൂപത്വാജ്ജീവസ്യാസ്ത്യേകശക്തിതാ
അനന്തശ്ചാന്തപൃക്തശ്ച  സ്വഭാവോസ്യ സ്വഭാവത:  (6/64/26)

വസിഷ്ഠന്‍ തുടര്‍ന്നു: അനന്താവബോധം സര്‍വ്വശക്തമാണ്. അത് എല്ലാറ്റിന്റെയും ആത്മാവാണല്ലോ. എന്നാല്‍ ജീവന് അത് ബോധത്തില്‍ നിന്നും വിഭിന്നമല്ല. എങ്കിലും ചിലപരിമിതികള്‍ ഉണ്ട് താനും. ജീവന് അതിന്റെ ധാരണകള്‍ക്കനുസൃതമായ കഴിവുകളേ ഉള്ളു. അതിനാല്‍ സ്വന്തം ചിന്താധാരണകള്‍ക്കനുസരിച്ച് ജീവന് പരിമിതമായ കഴിവുകളോ അനന്തമായ കഴിവുകളോ സ്വായത്തമാക്കാം.

അനന്താവബോധം സങ്കോചവികാസങ്ങള്‍ക്ക് വിധേയമല്ല. ജീവന് താന്‍ ഇഛിക്കുന്നതെന്തോ അത് ലഭ്യമാണ്. യോഗിവര്യന്മാര്‍ സിദ്ധികളാര്‍ജ്ജിച്ച് ഇവിടെയും മറ്റെല്ലായിടത്തും വിരാജിക്കുന്നത് കാണാമല്ലോ. ഇത്തരം കാര്യങ്ങള്‍ അവിടെയും ഇവിടെയുമെല്ലാം ആസ്വദിക്കുന്നതിനാല്‍ ആ അനുഭവങ്ങള്‍ക്ക് വ്യത്യസ്ഥതയുണ്ടെന്നും അവ വെവ്വേറെയാണെന്നും തോന്നുന്നുണ്ട്. പ്രഖ്യാതനായ കാര്‍ത്തവീര്യന്റെ കാര്യമെടുക്കാം. അയാള്‍ ശത്രുക്കളില്‍ ഭയമുണര്‍ത്തിയത് സ്വന്തം ഭവനത്തില്‍ ഇരുന്നുകൊണ്ടാണ്!

അതുപോലെ ഭഗവാന്‍ വിഷ്ണു തന്റെ ധാമത്തില്‍ നിന്നും പോവാതെതന്നെ ഭൂമിയില്‍ മനുഷ്യനായി അവതരിക്കുന്നു. ധാര്‍മ്മിക കര്‍മ്മാചാരങ്ങളുടെ ദേവതയായ ഇന്ദ്രന്‍ തന്റെ സ്വര്‍ഗ്ഗീയധാമം വിടാതെതന്നെ, ഒരേസമയം ആയിരക്കണക്കിന് സ്ഥലങ്ങളില്‍ സാധകരുടെ അര്‍ഘ്യം സ്വീകരിക്കുന്നു. ഭക്തരുടെ അഭീഷ്ടപ്രകാരം അവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട് ഭഗവാന്‍ വിഷ്ണു ആയിരക്കണക്കിന് ഭക്തരെ അനുഗ്രഹീതരാക്കുന്നു.

അതുപോലെയാണ് ജീവടന്‍ മുതലായ ജന്മങ്ങള്‍ . സന്യാസിയുടെ ഇഛാസങ്കല്‍പ്പത്തില്‍ ഉണ്ടായവയാണങ്കിലും, അവയെ രുദ്രബോധം ചൈതന്യവത്താക്കിയിരുന്നു. അവര്‍ സ്വയം സര്‍വ്വസ്വതന്ത്രരെന്നപോലെ സ്വധാമങ്ങളിലും ഗേഹങ്ങളിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. അവര്‍ കുറച്ചുകാലം തങ്ങളുടെ ഭാഗം ഭംഗിയായി അഭിനയിച്ചു തീര്‍ത്ത് രുദ്രലോകത്തേയ്ക്ക് തിരിച്ചുവന്നു. ഇവയെല്ലാം സന്യാസിയുടെ ഭ്രമകല്‍പ്പനയില്‍ തെളിഞ്ഞു വന്നവയാണെങ്കിലും അവയ്ക്കെല്ലാം ആ യോഗിയില്‍നിന്നും സ്വതന്ത്രമായ ഒരസ്തിത്വം ഉള്ളതുപോലെയായിരുന്നു. അങ്ങിനെയാണ് എണ്ണമറ്റ അനേകകോടി ജീവജാലങ്ങള്‍ അനന്താവബോധത്തില്‍ ജന്മമെടുക്കുന്നത്.

പ്രത്യക്ഷപ്രകടനം മാത്രമായ ഈ ലോകത്തില്‍ അവര്‍ നാനാത്വം സങ്കല്‍പ്പിച്ചുണ്ടാക്കിയിട്ട് പിന്നീട് ആത്മാവുമായി തിരികെ ഒന്നുചേരാന്‍ വ്യഗ്രപ്പെടുകയാണ്. അവരുടെ മരണസമയത്ത് അവര്‍ മറ്റ് തലങ്ങളിലും തരങ്ങളിലുമുള്ള നിലനില്‍പ്പിനെക്കുറിച്ച് ചിന്തിക്കുന്നു. അവര്‍ ആ അസ്തിത്വങ്ങള്‍ക്ക് പുറമേയാണെന്നവര്‍ വൃഥാ വിചാരിക്കുന്നു. ആത്മസാക്ഷാത്കാരം ഉണ്ടാവുന്നതുവരെ ശരീരമെടുത്തിട്ടുള്ള എല്ലാവരും അളവില്ലാത്ത ശോകാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ഈ സത്യത്തെ വെളിവാക്കാനാണ് ഞാനീ കഥ പറഞ്ഞത്. ഇതാണ് ആ യോഗിയുടെ മാത്രമല്ലാ എല്ലാ ജീവജാലങ്ങളുടെയും ഗതി.

സ്വയം പരമാത്മാവില്‍ നിന്നും വിഭിന്നനല്ല എന്ന സത്യം മറന്നുപോയ ജീവന്‍ സ്വന്തം ഭ്രമകല്‍പ്പനകളെ സര്‍വ്വസ്വതന്ത്രവും നിയതവുമായ സത്യാവസ്ഥകളായി കണക്കാക്കുന്നു. അങ്ങിനെ ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ശരീരബുദ്ധി ഇല്ലാതാവുന്നതുവരെ മാറിമാറി പോയ്ക്കൊണ്ടേയിരിക്കുന്നു.

രാമന്‍ ചോദിച്ചു: ഇക്കഥ എത്ര വിസ്മയകരമായിരിക്കുന്നു! അങ്ങ് പറഞ്ഞു എന്തെല്ലാം നാം സത്യമായി കരുതുന്നുവോ അവ സത്യമാകുന്നു, സത്യമായി അനുഭവപ്പെടുന്നു എന്ന്. എങ്കിലും പറയൂ ഈ യോഗിവര്യന്‍ എവിടെയെങ്കിലും ഇപ്പോൾ  ജീവിച്ചിരിപ്പുണ്ടോ?

വസിഷ്ഠന്‍ പറഞ്ഞു: ഞാനീ ചോദ്യത്തെപ്പറ്റി ഒന്ന്‍ ആലോചിക്കട്ടെ. അതിനുള്ള മറുപടി നാളെപ്പറയാം.

(സഭ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കായി പിരിഞ്ഞു)

Jan 5, 2014

405 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 405

ഇഹ വിദ്യാധരോയം സ്യാമഹം സ്യാമിഹ പണ്ഡിത:
ഇത്യേക ധ്യാനസാഫല്യം ദൃഷ്ടാന്തോസ്യാംക്രിയാ സ്ഥിതൌ
ഏകത്വം ച ബഹൂത്വം ച മൌര്‍ഖ്യം പാണ്ഡിത്യമേവ വാ (6/64/23,24)

വസിഷ്ഠന്‍ തുടര്‍ന്നു: ഭഗവാന്‍ രുദ്രനോടൊപ്പം അവര്‍ക്കെല്ലാം ആത്മപ്രബുദ്ധത കൈവന്നു. തങ്ങളും രുദ്രന്റെ ഭാഗമാണെന്നറിഞ്ഞ് അവരെല്ലാം സംപ്രീതരായി. മായയുടെ വിസ്മയം എന്തെന്ന് നന്നായറിഞ്ഞ രുദ്രദേവന്‍ അവരോടു തങ്ങളുടെ ഭാഗങ്ങള്‍ വീണ്ടുമൊരിക്കല്‍ കൂടി ഭംഗിയായി അഭിനയിച്ചുവരാന്‍ ആവശ്യപ്പെട്ടു. അങ്ങിനെ തികച്ചും വ്യതിരിക്തമെന്നു തോന്നുന്നമട്ടിലുള്ള ജീവിതങ്ങള്‍ നയിച്ചശേഷം ലോകാവസാനത്തില്‍ അവര്‍ക്ക് ഭാഗവാനിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയും എന്ന് വാക്ക് നല്‍കി. അങ്ങിനെ അവര്‍ക്ക് പരമപദം പൂകാനാകും.

രുദ്രദേവന്‍ അവിടം വിട്ടുപോയി. ജീവടനും കൂട്ടരും രുദ്രന്‍ നിര്‍ദ്ദേശിച്ചപോലെ അവരവരുടെ ഇടങ്ങളിലേയ്ക്ക് തിരിച്ചു പോയി.

രാമന്‍ ചോദിച്ചു: ജീവടനും മറ്റുള്ളവരും ആ സന്യാസിയുടെ ഭാവനാസങ്കല്പം (സ്വപ്നം) മാത്രമായിരുന്നുവല്ലോ? അപ്പോള്‍പ്പിന്നെ അവരെങ്ങിനെ യാഥാര്‍ഥ്യഭാവം കൈക്കൊണ്ടു?

വസിഷ്ഠന്‍ പറഞ്ഞു: സങ്കല്‍പ്പത്തെ സത്യമാണെന്ന് ധരിക്കുന്ന പ്രവണത നിന്നിൽ നിന്നും തീരെ  അകറ്റിയാലും. അത്തരം മായക്കാഴ്ചകള്‍ എല്ലാം മാറ്റിക്കഴിയുമ്പോള്‍ എന്തവസാനിക്കുന്നുവോ അത് അനന്താവബോധം മാത്രമാണ്. ഒരു യാത്രികന് താല്‍ക്കാലിക അനുഭവങ്ങളും ദേശങ്ങളും എത്രമാത്രം യതാതഥമാണോ അതുപോലെ സ്വപ്നദൃശ്യങ്ങള്‍ സത്യമാണെന്ന് സങ്കല്‍പ്പിച്ചു നാം ഉറപ്പിച്ചിരിക്കുന്നു. അനന്താവബോധത്തിലാണ് എല്ലാം നിലകൊള്ളുന്നത്. ഒരുവന് അനുഭവവേദ്യമാവുന്നതാണ് അവനു ദൃശ്യമാവുന്നത്. എന്നാല്‍ സ്വപ്നസദൃശ്യമായ ചിന്തകള്‍ സാക്ഷാത്കരിക്കാന്‍ തീവ്രമായ യോഗസാധനകൊണ്ടേ കഴിയുകയുള്ളൂ. പരമശിവനും മറ്റും അത്തരം യോഗബലത്തിലാണ് എല്ലായിടത്തും എല്ലാത്തിനെയും സാക്ഷാത്ക്കരിക്കുന്നത്. 

തന്റെ മുന്നിലുള്ള വസ്തുവിനെ മനസ്സിലായി എങ്കിലും അതൊരു വസ്തുതയായി തിരിച്ചറിയണമെങ്കില്‍ ആ വസ്തുവിന്റെ നിലനില്‍പ്പിനെപ്പറ്റി യാതൊരു തെറ്റിദ്ധാരണകളും ഉണ്ടാവുക വയ്യ. തെറ്റിദ്ധാരണകള്‍ നീങ്ങുമ്പോള്‍ അറിവുണരുന്നു. അപ്പോള്‍ സാക്ഷാത്ക്കാരമായി.

ഒരുവന്‍ എന്താഗ്രഹിക്കുന്നുവോ അത് സാധിതമാകണമെങ്കില്‍ അവന്റെ ആന്തര ചോദന അതിനോട് പൂര്‍ണ്ണമായി താദാത്മ്യത്തില്‍ ആയിരിക്കണം. ഒരുവന്റെ മുന്നിലുള്ള വസ്തുവിനോട് അത്തരം താദാത്മ്യം പ്രാപിച്ചവന്‍  ആ വസ്തുവിനെ പൂര്‍ണ്ണമായി അറിയുന്നു. അതുപോലെ സാങ്കല്‍പ്പികമായ വസ്തുവുമായും പൂര്‍ണ്ണതാദാത്മ്യം പ്രാപിച്ചാല്‍ അതിനെയും നമുക്ക് പൂര്‍ണ്ണമായി അറിയാം. അത്തരം ഏകാഗ്രതയില്ലെങ്കില്‍ ആ വസ്തുവിനെ തീരെ ഇല്ലാതാക്കി എന്നും പറയാം. എങ്ങിനെയെന്നാൽ അതിനെപ്പറ്റിയുള്ള അവബോധം അവനിൽ ഇല്ലാതായതിനാൽ  ആ വസ്തുവും ഇല്ലാതായി  എന്നര്‍ത്ഥം. അത്തരം എകാഗ്രതയാലാണ് യോഗി രുദ്രനായതും ബാക്കി അനേകം ജീവജാലങ്ങളായി അവതരിച്ചതും.

ഓരോരുത്തര്‍ക്കും അവരവരുടെതായ ലോകമുണ്ടായിരുന്നതിനാല്‍ അവരില്‍ ‘രുദ്രബോധം’ ഉണരുന്നതുവരെ അവര്‍ക്ക് പരസ്പരം അറിയാമായിരുന്നില്ല. വാസ്തവത്തില്‍ രുദ്രന്‍റെ ഇച്ഛയാല്‍ത്തന്നെയാണ് ഈ മൂടുപടം അവരെ മൂടിയിരുന്നത്.

“ഞാന്‍ ഗഗനചാരിയായ ഒരപ്സരസ്സാവട്ടെ’, ‘ഞാനൊരു പണ്ഡിതനാവട്ടെ’ എന്നൊക്കെ എകാഗ്രചിത്തത്തോടെ ധ്യാനിക്കുന്നതിന്റെ ഫലമായി ഒരുവന് അങ്ങിനെ ഒന്നോ അതിലധികമോ ജന്മം സിദ്ധമാണ്. പണ്ഡിതനായോ പാമരനായോ അയാള്‍ക്ക്‌ മാറാം.” ധ്യാനത്തിനും അതിന്റെ എകാഗ്രതയ്ക്കുമനുസരണമായി അയാള്‍ക്ക്‌ മനുഷ്യജന്മമോ ദേവജന്മമോ എടുത്ത് അതാതു കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാം. 

Jan 1, 2014

404 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 404

യോ യോ ഭിത: സ ജീവസ്യ സംസാര: സമുദേതി ഹി
തത്രാപ്രബുദ്ധാ ജീവൌധാ: പശ്യന്തി ന പരസ്പരം  (6/63/60)
രുദ്രന്‍ തന്റെ ചിന്തകള്‍ ഇങ്ങിനെ തുടര്‍ന്നു: തീര്‍ച്ചയായും ‘ഈ ശരീരം ഞാനാണ്” എന്നുള്ള ഉറച്ച ചിന്തയാലാണ് തെറ്റായ പ്രതീതികള്‍ വളര്‍ന്നു വലുതാവുന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചറിയാന്‍, അന്വേഷണബുദ്ധി ഉപയോഗിക്കുന്നവന് അതിന്റെ അന്തത്തില്‍ യാതൊന്നും അവശേഷിക്കുന്നില്ല എന്ന്‍ പെട്ടെന്ന് തന്നെ മനസ്സിലാവും. നിശ്ശൂന്യതയിലേയ്ക്കു നയിക്കുന്ന ഇത്തരം അന്വേഷണങ്ങളും ഇനി ഞാന്‍ അവസാനിപ്പിക്കട്ടെ.
ആകാശത്തിന്റെ നീലനിറം പോലെ, ഈ ലോകം ഒരു ഭ്രമക്കാഴ്ച്ച മാത്രം. ആ അജ്ഞാനത്തെ ഇല്ലാതാക്കാനുള്ള പ്രയത്നവും എനിക്ക് മതിയായിരിക്കുന്നു! ഈ ലോകക്കാഴ്ച തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതങ്ങിനെ അഭംഗുരം തുടരട്ടെ. അതിന് എന്നെയൊരു പോറല്‍ പോലുമേല്‍പ്പിക്കാന്‍ കഴിയില്ല. ഭാവനാവിലാസം മാത്രമായ ഈ പരിണാമപ്രക്രിയയെക്കുറിച്ചപഗ്രഥിച്ചു പഠിച്ച് ഞാനതിന്റെ മൂലഭാവമായ എകാത്മകതയെ കണ്ടെത്തി ഉറപ്പിക്കുകതന്നെ ചെയ്യും.  
വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ തീരുമാനിച്ച് രുദ്രന്‍ ആ പരിവ്രാജകന്റെ ശരീരം കിടക്കുന്നയിടത്തുപോയി. അതിനെ ഉണര്‍ത്തി ചൈതന്യവത്താക്കിയശേഷം എന്തൊക്കെയാണതിനു സംഭവിച്ചതെന്ന് ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു. ആ സന്യാസി രുദ്രനെ തന്റെതന്നെ സ്വരൂപമായി അറിഞ്ഞു. സംഭവിച്ചതെല്ലാം ഓര്‍ത്തെടുക്കുകയും ചെയ്തു. അതുകഴിഞ്ഞ് രണ്ടാളും കൂടി അതേ അനന്താവബോധത്തിന്റെ തലത്തില്‍ ജീവടന്‍ ജീവിച്ചിരുന്നയിടത്തേയ്ക്ക് ചെന്നു. അവര്‍ ആ ശരീരത്തെ പുനരുജ്ജീവിപ്പിച്ചു. തീര്‍ച്ചയായും അവർ  മൂവരും വാസ്തവത്തില്‍ ഒരാളായിരുന്നുവല്ലോ.

വിസ്മയചകിതരായ ഈ മൂവരും കൂടി സ്വപത്നിയെ പുണര്‍ന്നു കിടന്നുറങ്ങുന്ന ബ്രാഹ്മണന്റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. അയാളുടെ ബോധത്തെ അവര്‍ ഉണര്‍ത്തി. അവരെല്ലാം കൂടി രാജകൊട്ടാരത്തില്‍ ദീര്‍ഘനിദ്രയിലായിരുന്ന രാജാവിനെ ചെന്നുണര്‍ത്തി. രാജാവും സത്യമറിഞ്ഞു വിസ്മയം പൂണ്ടു.

അവര്‍ പിന്നീട് അരയന്നത്തിന്റെ അടുത്തുപോയി. അതാണല്ലോ പിന്നീട് രുദ്രനായത്. അങ്ങിനെ പണ്ടുണ്ടായിട്ടുള്ള ഒരു നൂറു രുദ്രന്മാരുടെ ലോകങ്ങളില്‍ അവര്‍ വിഹരിച്ചു. ഇതെല്ലാം ഒരേയൊരു അനന്തബോധം മാത്രമെന്ന് അവര്‍ തിരിച്ചറിഞ്ഞു. വൈവിദ്ധ്യമാര്‍ന്ന ഈ ലോകക്കാഴ്ചകളെല്ലാം ആ ബോധസീമയിലാണ് സംഭവിച്ചപോലെ കാണപ്പെടുന്നത് എന്നവര്‍ ഉറപ്പിച്ചു. ഒന്ന് പലതായപോലെയാണ് കാര്യങ്ങളുടെ കിടപ്പ്. ആ നൂറു രുദ്രന്മാര്‍ വിശ്വത്തെ വ്യാപരിച്ചു നിറഞ്ഞിരിക്കുന്നു.

“ജീവന്‍ തന്നില്‍ നിന്നുതന്നെ ഉണര്‍ന്നുയര്‍ന്ന വൈവിദ്ധ്യമാര്‍ന്ന ലോകക്കാഴ്ചകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നത് കൊണ്ട് പ്രബുദ്ധജീവന്മാര്‍ അതിന്റെ എകാത്മകതയെ സാക്ഷാത്ക്കരിക്കുകയും പരസ്പരം തിരിച്ചറിയുകയും ചെയ്യുന്നു.”

കടലിലെ അലകളെല്ലാം ഒരേ വസ്തു –ജലം- മാത്രമാണ്. പ്രബുദ്ധരല്ലാത്തതിനാല്‍ അവയ്ക്ക് പരസ്പരം തിരിച്ചറിയാനാവുന്നില്ല. ഓരോ ജീവനും തന്റേതായ ഒരു മാസ്മരിക ലോകമുണ്ട്. എന്നാല്‍ ഓരോരുത്തരും ജീവന്റെ പ്രത്യക്ഷലോകത്തെപ്പറ്റി അന്വേഷിക്കുമ്പോള്‍ അവസാനം ചെന്നെത്തുന്നത് തീര്‍ച്ചയായും അനന്താവബോധത്തില്‍ത്തന്നെയത്രേ.

വ്യതിരിക്തമായ, വ്യക്തിപരമായി വേറിട്ട്‌ നില്‍ക്കുന്ന ബോധം തന്നെയാണ് ബന്ധനം. അതിന്റെ അഭാവമാണ് മോക്ഷം. നിനക്കേതാണ് ഹിതമെങ്കിലും അതില്‍ ഉറച്ചു നില്‍ക്കുക. വാസ്തവത്തില്‍ അവ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. കാരണം അവ രണ്ടിനും ഒരേ അവബോധം തന്നെയാണല്ലോ ഉള്ളത്? അജ്ഞാനത്തില്‍ മാത്രം നിലകൊള്ളുന്ന ഒരു വസ്തു നഷ്ടപ്പെടുന്നതില്‍ ദുഖിക്കാനെന്തുണ്ട്? ആരാണതില്‍ പരിതപിക്കുക?. സംപൂര്‍ണ്ണനിശ്ചലതയില്‍ കിട്ടുന്നതെന്താണോ അത് നേരത്തെതന്നെ നമ്മില്‍ സ്വായത്തമാണ്. ആ നിശ്ചലതയില്‍ നേടാനായി യാതൊന്നും അവശേഷിക്കുന്നില്ല.