Oct 31, 2012

173 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 173

അഹമർത്ഥോപരിജ്ഞാത: പരമാർത്ഥാംബരേ മലം
പരിജ്ഞാതോഹമർത്ഥസ്തു പരമാത്മാംബരം ഭവേത് (4/33/24)

വസിഷ്ഠൻ തുടർന്നു: “ശരിയായ അറിവിന്റെ വെളിച്ചത്തിലല്ലെങ്കിൽ, ‘ഞാൻ’ എന്നത് അനന്താവബോധത്തിലെ ഒരു തെറ്റിദ്ധാരണയാണ്‌.. എന്നാൽ ശരിയായ അറിവിന്റെ നിറവിലോ അത് അനന്തതാവബോധം തന്നെയാണ്‌.” സ്വന്തം ഉണ്മയെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ‘ഞാൻ’ എന്നത് അഹംഭാവമാണെന്ന ധാരണ പാടേ നീങ്ങി ഒരേയൊരു അനന്താവബോധം മാത്രമാണു ഞാൻ എന്ന സാക്ഷാത്കാരം ഉണ്ടാവുന്നു. വാസ്തവത്തിൽ ‘ഞാൻ’ എന്ന ഒരു പ്രത്യേക അസ്തിത്വം ഇല്ല തന്നെ. ഈ സത്യം നിർമ്മലമനസ്സുള്ള ഒരുവനു വെളിപ്പെടുമ്പോൾ അവന്റെ അജ്ഞാനം ക്ഷണനേരംകൊണ്ട് ഇല്ലാതെയാവുന്നു. മറ്റുള്ളവർ അവരുടെ തെറ്റിദ്ധാരണയ്ക്കു മാറ്റമൊന്നുമില്ലാതെ ചെറിയകുട്ടികൾ ഭൂതപിശാചുക്കളുടെ അസ്തിത്വത്തിൽ വിശ്വസിക്കുന്നതുപോലെ കഴിഞ്ഞു കൂടുന്നു. ‘ഞാൻ’ എന്ന ഒന്നിന്‌ അസ്തിത്വമില്ല എന്ന വസ്തുത അറിയുന്നവൻ എങ്ങിനെയാണ്‌ ‘ഞാനു’ മായി ബന്ധമുള്ള സ്വർഗ്ഗം, നരകം തുടങ്ങിയ മറ്റു ധാരണകൾക്ക് വില കൽപ്പിക്കുക? ‘ഞാൻ’ എന്ന ധാരണ സത്യമാണെന്നു കരുതുമ്പോൾ മാത്രമേ സ്വർഗ്ഗലാഭത്തിനും മുക്തിപദപ്രാപ്തിക്കും പോലുമുള്ള അഭിവാഞ്ഛ ഒരുവനിൽ ഉയരുകയുള്ളു.

‘ഞാൻ’ ഉള്ളിടത്തോളം ഒരുവന്റെ ജീവിതത്തിൽ അസന്തുഷ്ടി മാത്രമേയുള്ളു. ‘അഹം’ ഇല്ലാതാകാൻ ആത്മജ്ഞാനമല്ലാതെ മറ്റൊരുമാർഗ്ഗമില്ല. ഈ ‘അഹം’ എന്ന ഭൂതം ആവേശിച്ചുകഴിഞ്ഞാൽ ഒരു ശാസ്ത്രഗ്രന്ഥത്തിനും, മന്ത്രങ്ങൾക്കും ഒന്നും അതിനെ ഒഴിപ്പിക്കാൻ കഴിയില്ല. ആത്മാവ്, അനന്താവബോധത്തിന്റെ ശുദ്ധമായ പ്രതിഫലനം മാത്രമാണെന്ന സത്യം നിരന്തരമായി സ്മരിക്കുന്നതുകൊണ്ടു മാത്രമേ അഹത്തിന്റെ വളർച്ചയെ തടയുവാനാവൂ.

ലോകമെന്ന കാഴ്ച്ച (പ്രകടനം) ഒരു മികച്ച ജാലവിദ്യക്കാരന്റെ കൺകെട്ടാണ്‌.. വിഷയ-വിഷയീ ബന്ധങ്ങളും ‘എനിയ്ക്ക്’ അവയുമായുള്ള ബന്ധവും ശുദ്ധ അസംബന്ധവും. ഈ അറിവുറയ്ക്കുമ്പോള്‍ അഹംഭാവത്തിന്റെ വേരറ്റുപോവുന്നു. ഈ അഹമാണ്‌ ‘ലോകം’ എന്ന ധാരണയ്ക്ക് കാരണമാവുന്നതെന്ന് അറിയുമ്പോൾ രണ്ടും പ്രശാന്തിയടഞ്ഞില്ലാതാവുന്നു. എന്നാൽ  അഹംഭാവത്തിന്റെ ഉന്നതമായ ഒരു തലത്തിലാണ്‌ പ്രബുദ്ധനായവൻ കഴിയുന്നത്. അതിൽ 'ഞാനാ'ണീ വിശ്വം മുഴുവനും നിറഞ്ഞുവിളങ്ങുന്നത്; 'എന്നി'ൽ നിന്നുവേറിട്ട് യാതൊന്നുമില്ല എന്ന ദൃഢമായ ധാരണയാണുള്ളത്. മറ്റൊരു തലത്തിലുള്ള അഹംഭാവത്തിൽ, 'ഞാന്‍' അതീവസൂക്ഷ്മമായ അണുമാത്രമാണെന്നും അതിനാൽ ഈ വിശ്വത്തിലെ എല്ലാറ്റിൽനിന്നും സർവ്വതന്ത്രസ്വതന്ത്രമാണെന്നും ഉള്ള അറിവാണുള്ളത്. ഇതും മുക്തിദായകമത്രേ. എന്നാൽ ദേഹാഭിമാനിയായ അഹം, ആത്മാവിനെ ശരീരത്തോട് തദാത്മ്യഭാവത്തിൽ കാണുന്നതാണ്‌ തീർച്ചയായും വർജ്ജിക്കേണ്ടത്.

തുടർച്ചയായി ഉയർന്ന തലത്തിലുള്ള ഉത്തമ ‘അഹം’ ഭാവം ഉള്ളിൽ വളർത്തിയുറപ്പിക്കുകവഴി അധമമായ അഹംഭാവത്തെ ഇല്ലാതെയാക്കാം. അധമമായ അഹംഭാവത്തെ നിരാകരിച്ച് ഉന്നതമായ ‘അഖിലവും ഞാൻ’ എന്ന ഭാവമോ ‘ഏറ്റവും സൂക്ഷ്മമവും സ്വതന്ത്രവുമാണു ഞാൻ’ എന്ന ഭാവമോ നിരന്തരം ഉള്ളിലുറപ്പിക്കുക. കാലക്രമത്തില്‍ ഈ രണ്ട് ‘ഉന്നതാഹംഭാവങ്ങളും’ വർജ്ജിക്കണം. അതിനുശേഷം എല്ലാവിധ കർമ്മങ്ങളിലും സർവ്വാത്മനാ മുഴുകിക്കഴിയുകയോ ഒന്നിലും ഏർപ്പെടാതെ ഏകാന്തതയിൽ കഴിയുകയോ ചെയ്യാം. കാരണം അങ്ങിനെയുള്ള ജ്ഞാനിക്ക് അപചയം ഉണ്ടാകുന്നതല്ല. 

Oct 30, 2012

172 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 172

സർവാതിശയ സാഫല്യാത് സർവം സർവത്ര സർവദാ
സംഭവത്യേവ തസ്മാത്വം ശുഭോദ്യോഗം ന സംത്യജ (4/33/1)

വസിഷ്ഠൻ തുടർന്നു: അല്ലയോ രാമാ, ഉൽസാഹത്തോടെ, ശുഷ്കാന്തിയോടെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ഫലപ്രദമാവുകതന്നെ ചെയ്യും. അതിനാൽ ശരിയായ പ്രവർത്തനങ്ങളെ ഉപേക്ഷിക്കാതിരിക്കുക. തീർച്ചയായും അത്യുൽസാഹത്തോടെ ഒരു പ്രവർത്തനത്തിലേർപ്പെടും മുൻപ് അതിന്റെ വരും വരായ്കളെക്കുറിച്ച് നന്നായി ചിന്തിക്കണം. പ്രയത്നത്തിനനുസരിച്ച് പ്രയോജനമുണ്ടാവുമോ എന്നാലോചിക്കുകയും വേണം. ഇങ്ങിനെ പരിചിന്തനംചെയ്ത് നോക്കുമ്പോൾ മനസ്സിലാവും അത്യുൽസാഹത്തോടെയുള്ള പ്രവർത്തനത്തിനു യോഗ്യമായുള്ളത് ആത്മാന്വേഷണം മാത്രമാണെന്ന്. അത് സുഖദു:ഖങ്ങളെ വേരോടെ നശിപ്പിക്കുന്ന ഒന്നാണല്ലോ. നിന്നിലെ സുഖാന്വേഷണത്വര ഉണ്ടാക്കിയ എല്ലാ വസ്തുബോധവും മനസ്സിൽ നിന്നു ദൂരെക്കളഞ്ഞാലും. സന്താപത്തിന്റെ കറപുരളാത്ത സന്തോഷം എന്തെങ്കിലുമുണ്ടോ? പരബ്രഹ്മത്തിന്റെ തലത്തിൽ ആത്മനിയന്ത്രണം ഉള്ളതും ഇല്ലാത്തതും തമ്മിൽ അന്തരമേതുമില്ല. അത് ഫലത്തിൽ ഒന്നുതന്നെ. എന്നാൽ ആത്മനിയന്ത്രണസാധന നിന്നിൽ ആനന്ദവും പവിത്രതയും നിറ്യ്ക്കും. അതിനാൽ അഹംഭാവത്തെ വെടിഞ്ഞ് ആത്മനിയന്ത്രണത്തോടെ ജീവിച്ചാലും.

സത്യാന്വേഷണം സാധനയാക്കുക. സദ്ജനങ്ങളുടെ സംസർഗ്ഗം തേടുക. ശസ്ത്രാധിഷ്ഠിതമായ പാതയിൽ ജീവിച്ച് കാമക്രോധലോഭങ്ങളെ അതിജീവിച്ചവരാണ്‌ വിവേകശാലികളായ സദ്ജനങ്ങൾ. സദ്ജനങ്ങളുടെ സാമീപ്യമാത്രയിൽ ആത്മജ്ഞാനം ഉണരുന്നു. അതേസമയം അവരുടെ സാന്നിദ്ധ്യംകൊണ്ട് വസ്തുതാബോധം -വസ്തുക്കൾ സത്യമാണെന്ന ധാരണ- കുറഞ്ഞു കുറഞ്ഞു വന്ന് ഒടുവിൽ ഇല്ലാതെയാവുകയും ചെയ്യുന്നു. അങ്ങിനെ വിഷയപ്രപഞ്ചമില്ലാതെയാകുമ്പോൾ പരമസത്യം മാത്രം ശേഷിക്കുന്നു. കടിച്ചു തൂങ്ങിനിൽക്കാൻ വിഷയങ്ങളൊന്നും തന്നെ അവശേഷിക്കുന്നില്ലാത്തതുകൊണ്ട് വ്യക്തിഗതജീവൻ ആ സത്യത്തിൽ അഭിരമിക്കുന്നു. ഈ ലോകമെന്ന ‘വസ്തു’ ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. സ്ഥിതിചെയ്തിട്ടില്ല. ഇനിയും ഉണ്ടാകാൻ പോകുന്നുമില്ല. പരംപൊരുള്‍ മാത്രമേ എക്കാലവും ഉണ്മയായി ഉള്ളു. അതു മാത്രമാണ്‌ സത്യം. ഇങ്ങിനെ ആയിരം തരത്തിൽ ഞാനീ വസ്തുപ്രപഞ്ചത്തിന്റെ അയാഥാർത്ഥ്യത്തെപ്പറ്റി നിനക്കു വിവരിച്ചു തന്നു.

അത് ശുദ്ധമായ അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല. അത് അവിച്ഛിന്നമാണ്‌.. ‘ഇതാണുണ്മ’ എന്നോ ‘ഇതുണ്മയല്ല’ എന്നോ അതിനെ നിര്‍വചിക്കാന്‍ ആവില്ല. അനന്താവബോധമെന്ന ഈ അത്യത്ഭുതപ്രകടനം തന്നെയാണ്‌ ലോകമായി നാം കാണുന്നതും. അതു മറ്റൊന്നാവുക വയ്യ. സൂര്യപ്രകാശവും സൂര്യരശ്മിയും എന്ന മട്ടിലുള്ള തരംതിരിവ് എത്ര അപഹാസ്യമാണോ അതുപോലെയാണ്‌ വിഷയവും വിഷയിയും വേറിട്ടിരിക്കുന്നത്. വസ്തുവും അതിന്റെ നിഴലും തമ്മിലുമുള്ള ബന്ധവും അങ്ങിനെയാണല്ലോ. മാറ്റങ്ങൾക്കോ വിഭജനങ്ങൾക്കോ വിധേയമല്ലാത്ത ഒരേയൊരു ബോധം മാത്രമേയുള്ളു. ഈ അവബോധം തന്റെ കണ്ണു തുറക്കുമ്പോൾ വിശ്വസൃഷ്ടിയും അടയ്ക്കുമ്പോൾ വിശ്വവിലയനവും നടക്കുന്നു എന്നു വേണമെങ്കിൽ പറയാം 

Oct 29, 2012

171 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 171

ആചാരചാരുചിരതസ്യ വിവിക്തവൃത്തേ:
സംസാരസൗഖ്യഫലദു:ഖദശാസ്ത്രഗൃധ്നോ:
ആയുര്യശാംസി ച ഗുണാശ്ച സഹൈവ ലക്ഷ്മ്യാ
ഫുല്ലന്തി മാധവലതാ ഇവ സത്ഫലായ (4/32/60)

വസിഷ്ഠൻ തുടർന്നു: ശാസ്ത്രവിധിപ്രകാരം മുക്തിപദത്തിൽ ശ്രദ്ധയുറപ്പിച്ചവർ ഈ സംസാരമെന്ന പ്രത്യക്ഷലോകം തരണം ചെയ്യുന്നത് അവരുടെ ബോധം ആത്മാവിലേയ്ക്ക് ഒഴുകുമ്പോഴാണ്‌.. എന്നാൽ ദുരിതങ്ങൾക്കും ചിന്താക്കുഴപ്പങ്ങൾക്കും ഇടയാക്കുന്ന വിവാദവിഷയങ്ങളിൽ ആമഗ്നരായിരിക്കുന്നവർ അവരുടെതന്നെ ഏറ്റവും ഉന്നതമായ നന്മകളെ ഉപേക്ഷിക്കുന്നവരത്രേ. ശാസ്ത്രോക്തമായ പാതകൾ അനവധിയുണ്ടെങ്കിലും ഒരുവന്റെ നേരറിവും അനുഭവവും മാത്രമേ അവനെ പരമപദത്തിലേയ്ക്ക് നയിക്കുകയുള്ളു. എത്ര ദുരാഗ്രഹിയായ മനുഷ്യനും അവസാനം ബാക്കിവെയ്ക്കാൻ ഉള്ളത് ഒരു പിടി ചാരം മാത്രമാണല്ലോ. എന്നാൽ ഈ ലോകവിഷയങ്ങളെ തൃണവൽഗണിക്കുന്നവനെ ദു:ഖം തീണ്ടുകയില്ല. അനന്താവബോധം സാക്ഷാത്കരിച്ചവനു സംരക്ഷയേകാൻ വിശ്വദേവതകളുണ്ട്. അതുകൊണ്ട് അത്യാപത്തിന്റെ സമയത്തും ഒരുവൻ തെറ്റായ വഴികൾ തേടി പോകരുത്. പുണ്യകർമ്മങ്ങൾകൊണ്ടു സമ്പന്നമായ ജീവിതം നയിച്ച് സൽപ്പേരുണ്ടാക്കിയ ആൾക്ക് നേടാൻ കഴിയാതിരുന്നവ അചിരേണ നേടുവാനാകും. ദുർവിധിയെ വെല്ലാനുമാവും.

അവനവന്റെ സ്ഥിതിയിൽ അലംഭാവത്തോടെ തൃപ്തനായിരിക്കുന്നവൻ മനുഷ്യനാമത്തിനർഹനല്ല. സ്വന്തം അഭിവൃദ്ധിയിൽ എപ്പോഴും ജാഗരൂകനായിരിക്കുന്നവനേയും, താൻ പഠിച്ചത് മറ്റുള്ളവർക്കു പകർന്നു നൽകുന്നവനേയും, സത്യത്തിന്റെ പാത പിന്തുടരുന്നവനേയും മാത്രമേ മനുഷ്യനെന്ന് വിളിക്കാനാകൂ. മറ്റുള്ളവരെല്ലാം വേഷപ്രച്ഛന്നരായ മൃഗങ്ങൾ മാത്രം. മാനുഷീകതയുടെ ദുഗ്ദ്ധം ഹൃദയത്തിൽ നിറഞ്ഞവൻ ശ്രീഹരിയുടെ ഇരിപ്പിടമത്രേ. (ശ്രീഹരിയുടെ വാസം പാൽ ക്കടലിൽ ആണല്ലോ). വിജ്ഞാനിയായ ഒരാൾ ആസ്വദിക്കേണ്ടതെല്ലാം ആസ്വദിച്ചു കഴിഞ്ഞു; കാണേണ്ടതെല്ലാം കണ്ടും കഴിഞ്ഞു. അയാൾക്ക് ഈ ലോകത്തിൽ നിന്നും ഇനിയെന്തുണ്ട് നേടാൻ? അതുകൊണ്ട് എല്ലാ വിഷയസുഖാസക്തികളേയും വെടിഞ്ഞ് ശാസ്ത്രോക്തമായ കർമ്മങ്ങളിൽ ഏർപ്പെട്ടു കഴിയുന്നതാണുചിതം. മഹാത്മാക്കളെ പൂജിക്കൂ. അതുകൊണ്ട് നിനക്ക് മൃത്യുവിൽ നിന്നുപോലും രക്ഷ നേടാം. ശാസ്ത്രാനുസാരിയായ ജീവിത രീതിയും സാധനയും അനുഷ്ഠിച്ച്, ക്ഷമയോടെ പരിപൂർണ്ണതയ്ക്കായി കാത്തിരിക്കുക. സമയമാവുമ്പോൾ അതു സംഭവിക്കും. അധ:പ്പതനത്തിലേയ്ക്ക് നീങ്ങാതെയിരിക്കാൻ മഹത്തായ ദിവ്യഗ്രന്ഥങ്ങളുടെ പഠനം സഹായിക്കും.

ഇക്കാണുന്നതെല്ലാം വെറും പ്രതിഫലനം മാത്രം എന്ന അറിവോടെ സത്യത്തിന്റെ സ്വഭാവത്തെ അനവരതം ഉപാസിക്കുക. മറ്റുള്ളവരാൽ നയിക്കപ്പെടരുത്- അത് മൃഗങ്ങളുടെ രീതിയാണ്‌..  അജ്ഞതയുടെ നിദ്രയിൽ നിന്നും ഉണർന്നെണീറ്റാലും. ആ ഉണർച്ചയിൽ വാർദ്ധക്യത്തെയും മരണത്തെയും ജയിച്ചാലും. സമ്പത്താണ്‌ ദുഷ്ടതയുടെ മാതാവ്. ഇന്ദ്രിയസുഖങ്ങളാണ്‌ വേദനയുടെ ഉറവിടം. നിർഭാഗ്യം ഏറ്റവും വലിയ ഭാഗ്യം. പരിത്യജിക്കൽ ഏറ്റവും വലിയ വിജയം. “ജീവിതം, ബഹുമാനം, സദ്ഗുണങ്ങൾ എന്നിവ ഫലപ്രാപ്തിയെത്തുന്നത് ഒരുവന്റെ സ്വഭാവവും പ്രവർത്തനവും നന്മനിറഞ്ഞതാവുമ്പോഴാണ്‌..  അയാള്‍ ഏകാന്തനായി വസിക്കുന്നു. ദു:ഖ ദുരിതങ്ങൾക്ക് കാരണമാകുന്ന ലോകസുഖങ്ങളിൽ അവന്‌ ആസക്തിയേതുമില്ല.” 

Oct 28, 2012

170 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 170

ചിദാകാശോഹമിത്യേവ രജസാ രഞ്ജിതപ്രഭ:
സ്വരൂപമത്യജന്നേവ വിരൂപമപി ബുദ്ധ്യതേ (4/32/31)

രാമൻ ചോദിച്ചു: മഹാമുനേ ഈ മൂന്നു രാക്ഷന്മാർക്ക് എപ്പോൾ എവിടെവെച്ചാണ്‌ മോക്ഷം ലഭിക്കുക?

വസിഷ്ഠൻ പറഞ്ഞു: അവർ അവരുടെ തന്നെ പൂർവ്വ കഥ കേൾക്കാനിടവരികയും തങ്ങളുടെ സ്വരൂപമെന്തെന്ന ഓർമ്മ - അനന്താവബോധമാണെന്ന സത്യം- അവരിൽ അങ്കുരിപ്പിക്കുകയും ചെയ്യുമ്പോൾ അവർക്കു മോക്ഷമാവും. കാശ്മീരത്തിൽ അധിഷ്ഠാന എന്നുപേരായ ഒരു നഗരം വളർന്നുയരും. അതിനുമധ്യത്തിലായി പ്രദ്യുമ്ന എന്നുപേരായ കൊടുമുടിയുള്ള ഒരു മലയുമുണ്ടാവും. അതിനും മുകളിൽ അംബരചുംബിയായ ഒരു കെട്ടിടം. അതിലെ ഒരു മൂലയ്ക്ക് വ്യാളാസുരൻ ഒരു ചെറുകിളിയായി ജന്മമെടുക്കും. ആ കൊട്ടാരത്തിലാണ്‌ യശസ്കരൻ എന്ന രാജാവു താമസിക്കുന്നത്. ആ കൊട്ടാരത്തിന്റെ തൂണുകളിലൊന്നിലെ ഒരു പൊത്തിൽ കൊതുകായിട്ടാണ്‌ ദാമാസുരൻ ജനിക്കാൻ പോകുന്നത്. നഗരത്തിലെ മറ്റൊരിടത്ത് രത്നാവലിവിഹാരം എന്നു പേരായ കൊട്ടാരത്തിൽ മുഖ്യമന്ത്രിയായ നരസിംഹൻ വസിക്കുന്നു. മൂന്നാമത്തെ അസുരൻ - കടാസുരൻ ആ കൊട്ടാരത്തിൽ ഒരു മൈനയായി ജനിക്കും.

ഒരു ദിവസം നരസിംഹൻ ഈ മൂന്നു രാക്ഷസന്മാരുടെ - ദാമൻ, വ്യാളൻ, കടൻ എന്നിവരുടെ കഥ പറയുന്നതു കേൾക്കുമ്പോൾ മൈനയ്ക്ക് ബോധോദയമുണ്ടാവും. തന്റെ പൂർവ്വരൂപം ശംഭരൻ മായാവിദ്യകൊണ്ടുണ്ടാക്കിയതാണെന്ന് തിരിച്ചറിയുന്ന നിമിഷം അവൻ ആ മായാവലയത്തിൽ നിന്നും വിമുക്തനാവും. അങ്ങിനെ കടാസുരനു മോക്ഷമാവും. മറ്റുള്ളവർ ഈ കഥ പറയുന്നതുകേട്ട് ചെറുകിളിയും (വ്യാളാസുരൻ) നിർവ്വാണപദം പ്രാപിക്കും. ദാമാസുരനും (കൊതുക്) കഥാശ്രവണംകൊണ്ട് മുക്തിയെ പ്രാപിക്കും. ഇതാണു രാമാ ദാമൻ മുതലായ മൂന്നു രാക്ഷസന്മാരുടെ കഥ. അവരുടെ അഹംഭാവം എങ്ങിനെ അവരെ നരകഗർത്തങ്ങളിൽ ചാടിച്ചു എന്നു നാം കണ്ടു. ഇവയെല്ലാം അവിദ്യയുടേയും മോഹവിഭ്രാന്തിയുടേയും ലീലകളാണ്‌..

“വാസ്തവത്തിൽ ശുദ്ധാവബോധം തന്നെയാണ്‌ ‘ഇതു ഞാൻ’ എന്ന ധാരണയെ വച്ചുപുലർത്തുന്നത് എന്നു തോന്നുന്നു. ഒരു ലീലപോലെ, ഒരിക്കലും സഹജസ്വരൂപമായ അനന്താവബോധത്തെ ഉപേക്ഷിക്കാതെ തന്നെ അതു സ്വയം വികൃതമായ ദൃശ്യങ്ങളെ ഉള്ളിൽക്കണ്ട് അനുഭവമാക്കുന്നു എന്നാണു തോന്നുന്നത്.” ഈ വൈകൃത ദൃശ്യങ്ങൾ തികച്ചും അയാഥാർത്ഥ്യമാണെങ്കിലും അഹംഭാവം അവയെ ഉണ്മയാണെന്നു കരുതി സ്വയം മോഹത്തിനടിമയാകുന്നു. 

Oct 27, 2012

169 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 169

അഹംകാരമതോ രാമ മാർജയാന്ത: പ്രയത്നത:
അഹം ന കിംചിദേവേതി ഭാവയിത്വാ സുഖീ ഭവ (4/31/7)

വസിഷ്ഠൻ തുടർന്നു: അങ്ങിനെ വിജ്ഞാനമില്ലാത്തതിന്റെ ദാരുണഫലങ്ങൾ എന്തെന്നു നാം കണ്ടു. അജയ്യരായിരുന്ന രാക്ഷസപ്രമുഖർ അവരിലെ അഹംഭാവത്തിന്റെ ഫലമായുണ്ടായ ഭയത്താൽ നിശ്ശേഷം പരാജിതരായി അധ:പ്പതിച്ചതും നാം കണ്ടുവല്ലോ. കൊടും വിപത്തായൊരു കിനാവള്ളിയാണീ ലൗകീകത. അതിന്റെ വിത്താണ്‌ അഹം ഭാവം. "അതുകൊണ്ട് രാമാ, അഹംഭാവത്തെ അതിനുള്ളിലെ എല്ലാ ശക്തിവിശേഷങ്ങളടക്കം വർജ്ജിക്കൂ. സ്വയം ’ഞാനൊന്നുമല്ല‘ എന്നുറച്ച് സന്തോഷവാനായിരിക്കൂ". ഏകവും അദ്വിതീയവുമായ അനന്താവബോധം ശുദ്ധമായ ആനന്ദസ്വരൂപമാണ്‌., എന്നാൽ അതിനെ അഹംഭാവം എന്ന ഗ്രഹണം ബാധിക്കുന്നു.

ദാമൻ, വ്യാളൻ, കടൻ എന്നിവർ ജനനമരണങ്ങൾക്കതീതരായിരുന്നു. എന്നാൽ അവരുടെ അഹംഭാവം കാരണം അവർ സംസാരചക്രത്തിൽ വീണുപോയി. ദേവന്മാർ പോലും ഭയപ്പെട്ടിരുന്ന അവരിപ്പോൾ മൽസ്യങ്ങളായി കാശ്മീരത്തിലെ തടാകത്തിൽ ജീവിക്കുന്നു.

രാമൻ ചോദിച്ചു: മഹാത്മാവേ, ദാമൻ, വ്യാളൻ, കടൻ എന്നീ മൂവർ ശംഭരന്റെ മായാ സൃഷ്ടികൾ മാത്രമായിരുന്നുവല്ലോ. അവർ എങ്ങിനെയാണ്‌ നമ്മെപ്പോലെ ഉണ്മയെ പ്രാപിച്ചത്?

വസിഷ്ഠൻ പറഞ്ഞു: രാമാ, ദാമൻ മുതലായ രാക്ഷസന്മാർ മായാസൃഷ്ടികളും അയാഥാർത്ഥ്യവുമാണെന്നതുപോലെ തന്നെ നാമും ദേവന്മാരുമെല്ലാം മിഥ്യ മാത്രമാണ്‌. 'ഞാൻ', 'നീ' തുടങ്ങിയ എല്ലാ ധാരണകളും അയാഥാർത്ഥ്യമാണ്‌. ഞാനും നീയും ഇപ്പോൾ ‘ഉള്ളതുപോലെ’ കാണപ്പെടുന്നുവെങ്കിലും സത്യം മാറുകില്ലല്ലോ. മരിച്ചവർ ഇപ്പോൾ നിന്റെമുന്നിൽ പ്രത്യക്ഷപ്പെട്ടുവെന്നിരിക്കട്ടെ. അവർ മരണപ്പെട്ടവരാണെന്ന സത്യത്തിനു മാറ്റമുണ്ടാകയില്ലല്ലോ. എങ്കിലും ഒന്നു പറയാം “ബ്രഹ്മം മാത്രമേ ഉണ്മയായുള്ളു (ബ്രഹ്മസത്യം ജഗത് മിഥ്യ)” എന്ന സത്യം അജ്ഞാനിക്ക് ഉപദേശിക്കരുത്. കാരണം ലോകത്തിന്റെ ഉണ്മയെപ്പറ്റി അവനിൽ രൂഢമൂലമായിരിക്കുന്ന തെറ്റിദ്ധാരണകൾ തീവ്രമായ സാധനയാലും ശാസ്ത്രഗ്രന്ഥങ്ങളിൽ നിന്നുമാർജ്ജിക്കുന്ന അറിവിന്റെ വെളിച്ചത്താലും മാത്രമേ മാറുകയുള്ളു.

‘ബ്രഹ്മം മാത്രമാണു സത്യം; ലോകം മിഥ്യയാണ്‌’ എന്നു പ്രസ്താവിക്കുന്നവനെ അജ്ഞാനികൾ പരിഹസിക്കും. എത്ര വിവരിച്ചു പറഞ്ഞാലും അവർക്കിതു മനസ്സിലാവുകയില്ല. ഒരു ശവശരീരത്തിനെ നടക്കാൻ പഠിപ്പിക്കുക അസാദ്ധ്യം. സത്യം വിവേകശാലിക്ക് അനുഭവവേദ്യമാകുന്ന ഒന്നാണ്‌.. രാമാ, നാമും ഇപ്പറഞ്ഞ രാക്ഷസന്മാരും ഒന്നും ഉണ്മയല്ല. സത്യമായുള്ളത് മാറ്റങ്ങൾക്കു വിധേയമല്ലാത്ത അനന്താവബോധം മാത്രം. അനന്താവബോധത്തിൽ ‘നീ’, ‘ഞാൻ’, ‘അവൻ’, ‘അസുരന്മാർ’ എന്നീ ധാരണകൾ ഉയർന്നുവന്ന് അവയിൽ യാഥാർത്ഥ്യബോധം അങ്കുരിക്കുന്നു. കാരണം ഈ ‘അറിവ്’ തെളിയുന്ന ബോധം സത്യമാണല്ലോ. ഈ ബോധം ഉണർന്നിരിക്കുമ്പോൾ മേൽപ്പറഞ്ഞ ധാരണകൾ ഉയരുന്നു. ആ ബോധമുറങ്ങുമ്പോൾ ഈ ധാരണകൾ ഇല്ലാതെയാവുന്നു. എങ്കിലും അനന്താവബോധത്തിൽ സുഷുപ്തിയും ജാഗ്രത്തുമൊന്നും ഇല്ലെന്നറിയുക. അതു നിർമ്മലമായ അവബോധം മാത്രമാണ്‌. ഈ സത്യമറിഞ്ഞ് ഭിന്നതയാലുണ്ടാവുന്ന ദു:ഖത്തിൽ നിന്നും ഭയത്തിൽ നിന്നും സ്വതന്ത്രനാവൂ. 

Oct 26, 2012

168 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 168

നൈകട്യാതിശയാദ്യദ്വദർപണം ബിംബവദ്ഭവേത്
അഭ്യാസാതിശയാത്തദ്വത്തേ സാഹംകാരതാം ഗതാ: (4/29/6)

വസിഷ്ഠൻ തുടർന്നു: അപ്രകാരം അരുളിച്ചെയ്ത് ബ്രഹ്മദേവൻ അപ്രത്യക്ഷനായി. ദേവന്മാർ അവരുടെ ഗൃഹങ്ങളില്‍പ്പോയി വിശ്രമിച്ച് അസുരന്മാരെ നേരിടാനുള്ള ഒരുക്കങ്ങൾ ചെയ്തു. പുതുതായി ദേവാസുരന്മാർ തമ്മിലുണ്ടായ യുദ്ധം മുന്‍പത്തേതിലും അതിഘോരമായിരുന്നു. എല്ലായിടത്തും കൊടിയ നാശമുണ്ടായി. യുദ്ധത്തിൽ തുടർച്ചയായി ആമഗ്നമാവുകമൂലം ഈ മൂന്നു രാക്ഷസവീരന്മാരിൽ ‘ഞാൻ’ എന്നൊരു ഭാവം ഉണ്ടായി. “ഒരു കണ്ണാടി പ്രതിഫലിപ്പിക്കുന്നത് അതിനോട് ചേർത്തുവച്ച വസ്തുക്കളെയാണല്ലോ. അതുപോലെ ഒരുവന്റെ പെരുമാറ്റരീതി ബോധമണ്ഡലത്തിൽ അഹംഭാവമായി പ്രതിഫലിക്കുന്നു.” എന്നാൽ ഈ പെരുമാറ്റരീതിയെ ദൂരെ മാറ്റി ബോധത്തിൽ നിന്നും അകലത്തിൽ നിർത്തിയാൽ അവയുമായി താദാത്മ്യം പ്രാപിക്കുകയോ അഹംഭാവം ഉദിക്കുകയോ ചെയ്യുന്നില്ല. ഒരിക്കൽ ഈ അഹംഭാവം ഉദിച്ചുപോയാൽ പിന്നെ ദേഹത്തിന്റെ ആയുസ്സ് നീട്ടുക, ധനം സമ്പാദിക്കുക, ആരോഗ്യം പരിപോഷിപ്പിക്കുക, സുഖം തേടുക എന്നി പ്രവർത്തനങ്ങൾ തുടങ്ങുകയായി. രാക്ഷസരെ ഈ ആഗ്രഹങ്ങൾ ക്ഷീണിതരാക്കി.

അവരുടെ മനസ്സിലുണ്ടായ ചിന്താക്കുഴപ്പം 'ഇതെന്റേതാണ്‌', 'ഇതെന്റെ ശരീരമാണ്‌', തുടങ്ങിയ തോന്നലുകളുണ്ടാക്കി. ഈ ധാരണകൾ അവരുടെ സ്വധര്‍മ്മങ്ങള്‍ ചെയ്യുന്നതിലെ കാര്യക്ഷമതയെ സാരമായി ബാധിച്ചു. അവർക്ക് തിന്നാനും കുടിക്കാനും വലിയ ആസക്തിയുണ്ടായി. വസ്തുക്കൾ സുഖാനുഭവം നല്‍കുമെന്ന തോന്നല്‍ അവരിലുണ്ടായപ്പോള്‍  അവരുടെ സ്വാതന്ത്ര്യം പൊയ്പ്പോയി. സ്വതന്ത്രതാബോധം പോയതോടെ അവരിൽ ഭയം അങ്കുരിച്ചു. 'ഞങ്ങൾ ഈ യുദ്ധത്തിൽ മരിച്ചുപോവും', എന്നൊരു ഭീതിചിന്ത അവരിലുണ്ടായി. ദേവന്മാർ ഈ സമയം മുതലെടുത്ത് അസുരന്മാരെ ആക്രമിക്കാൻ ഒരുമ്പെട്ടു. മരണഭീതിയിൽ ഈ മൂന്നസുരന്മാർ പാലായനം ചെയ്തു. തങ്ങളുടെ രക്ഷകരെന്നു കരുതിയിരുന്ന രാക്ഷസനേതാക്കൾ യുദ്ധത്തിൽ നിന്നു തിരിഞ്ഞോടുന്നതുകണ്ട് അസുരസൈന്യത്തിന്റെ ആത്മവീര്യം നഷ്ടപ്പെട്ടു. അവർ ആയിരക്കണക്കിന്‌ മരിച്ചു വീണു. ദേവസൈന്യത്തിന്റെ ആക്രമണവൃത്താന്തം കേട്ട് ശംഭരൻ കുപിതനായി. ദാമൻ, വ്യാളൻ, കടൻ എന്നിവർ എവിടെപ്പോയി എന്നയാൾ ആക്രോശിച്ചു. ശംഭരന്റെ കോപത്തെ ഭയന്ന് മൂവരും പാതാളത്തിന്റെ അങ്ങേയറ്റത്ത് പോയൊളിച്ചു. യമദേവന്റെ സേവകർ അവർക്കവിടെ അഭയം നൽ കി. മൂന്നു കന്യകമാരെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. പാതാളത്തിൽ അവർ ഏറെക്കാലം കഴിഞ്ഞുകൂടി. ഒരുദിവസം തന്റെ സേവകസന്നാഹങ്ങളൊന്നുമില്ലാതെ യമദേവൻ സ്വയം അവരെ സന്ദർശിച്ചു. അവരദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല; ബഹുമാനിച്ചുമില്ല. ക്രുദ്ധനായ യമൻ അവരെ ഏറ്റവും കൊടിയ നരകങ്ങളിലേയ്ക്ക് കൊണ്ടുപോയി. അവിടെ ദുരിതമനുഭവിച്ച്, പിന്നീട് അനേകം ഹീനയോനികളിൽ ജനിച്ചു മരിച്ച് അവസാനം കാഷ്മീരിലെ ഒരു തടാകത്തിൽ മൽസ്യങ്ങളായി അവരിപ്പോഴും ജീവിക്കുന്നു. 

Oct 24, 2012

167 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 167

യസ്യാന്തർവാസനാരജ്ജ്വാ ഗ്രന്ഥിബന്ധ: ശരീരിണ:
മഹാനപി ബഹൂശോപി സ ബാലേനാപി ജീയതേ (4/27/20)

വസിഷ്ഠൻ തുടർന്നു: താനുണ്ടാക്കിയ മൂന്നു പുതിയ രാക്ഷസപുത്രന്മാരുടെ നേതൃത്വത്തിൽ ദേവന്മാരോട് യുദ്ധംചെയ്യാൻ ശംഭരൻ തന്റെ ശേഷിക്കുന്ന സൈന്യത്തെ അയച്ചു. ദേവസൈന്യവും യുദ്ധത്തിനു തയ്യാറായി അണിനിരന്നു. ആയുധമൊന്നുമില്ലാതെ കൈക്കരുത്തുകൊണ്ടുള്ള യുദ്ധമാണവിടെ ആദ്യം നടന്നത്. അതിഭീകരമായി പോരാട്ടം നടന്നു. പിന്നീടവർ പലേവിധത്തിലുള്ള ആയുധങ്ങളും അസ്ത്രങ്ങളും ഉപയോഗിക്കാൻ തുടങ്ങി. നഗരങ്ങളും ഗ്രാമങ്ങളും ഗുഹകളും മൃഗങ്ങളുമെല്ലാം യുദ്ധത്തിൽ നശിച്ചു. ഇടവിട്ടിടവിട്ട് രണ്ടു കൂട്ടർക്കും ജയ പരാജയങ്ങൾ ഉണ്ടായി. പ്രധാന അസുരനേതാക്കളായ ഈ മൂന്നുപേർ ദേവന്മാരുടെ പ്രധാന സേനാപതികളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അവർക്കതിനു കഴിഞ്ഞില്ല. രാക്ഷസർ ശംഭരനെക്കണ്ടു കാര്യം പറഞ്ഞു. ദേവന്മാർ സൃഷ്ടാവായ ബ്രഹ്മാവിനോട് പരാതി പറഞ്ഞു. അദ്ദേഹം ഉടനേ അവർക്കു മുന്നിൽ പ്രത്യക്ഷനായി. ഈ മൂന്നു രാക്ഷസന്മാരെ വകവരുത്താനുള്ള മാർഗ്ഗമാണ്‌ ദേവന്മാർ ബ്രഹ്മാവിനോട് യാചിച്ചത്.

ബ്രഹ്മാവു പറഞ്ഞു: ശംഭരനെ ഇപ്പോൾ കൊല്ലാൻ കഴിയില്ല.ഒരു നൂറു കൊല്ലം കഴിഞ്ഞ് ഭഗവാൻ വിഷ്ണുവിന്റെ കൈകൊണ്ടാണവനു മരണം. അതിനാൽ ഇപ്പോൾ ഈ മൂന്നു രാക്ഷസന്മാരോട് തോറ്റിട്ടെന്നവണ്ണം പിന്മാറുന്നതാണ്‌ ബുദ്ധി. കാലക്രമത്തിൽ, ഈ യുദ്ധത്തിലേർപ്പെട്ട് ജയിച്ചതിന്റെ അഹംഭാവം അവരിൽ അങ്കുരിക്കുമ്പോൾ മനസ്സ് ഉപാധികൾക്കു വശംവദമായി അവരിൽ വാസനാമാലിന്യം അടിഞ്ഞുകൂടും. ഇപ്പോള്‍ ഈ മൂവർക്കുള്ളിൽ അഹംഭാവം ലേശം പോലുമില്ല; അഹത്തിന്റെ സന്താനങ്ങളാണല്ലോ വാസനാമാലിന്യങ്ങൾ. അവരിലിപ്പോൾ ആഗ്രഹങ്ങളോ ക്രോധമോ ഇല്ല. അവരിപ്പോൾ അജയ്യരത്രേ. “ആരിലാണോ അഹംഭാവവും തൽ ജന്യങ്ങളായ മനോപാധികളും ഉള്ളത്, അയാൾ എത്ര മഹാനായിരുന്നാലും, എത്ര വിദ്വാനായിരുന്നാലും ഒരു ചെറിയ കുട്ടിക്കുപോലും അയാളെ തോല്‍പ്പിക്കാൻ കഴിയും”. വാസ്തവത്തിൽ ‘ഞാൻ’, ‘എന്റെ’ തുടങ്ങിയ ധാരണകളാണ്‌ ദു:ഖങ്ങളേയും ദുരിതങ്ങളേയും ആകർഷിച്ചു വരുത്തുന്നത്. സ്വന്തം ശരീരവുമായി താതാത്മ്യം പ്രാപിക്കുന്നവൻ ദുരിതത്തിലാണ്ടു പോവുന്നു. എന്നാൽ ആത്മാവിനെ സർവ്വവ്യാപിയായിക്കാണുന്നവൻ ദു:ഖനിവൃത്തി നേടുന്നു. ഇവരെ സംബന്ധിച്ചിടത്തോളം ത്രിലോകങ്ങളിലും ആത്മാവല്ലാതെ മറ്റൊന്നുമില്ല. തന്നിൽ നിന്നു വിഭിന്നമായി ഒന്നുമില്ലാത്തതുകൊണ്ട് അവർ യാതൊന്നിനായും ആഗ്രഹിക്കുന്നുമില്ല. മനസ്സ് ഉപാധികളാൽ ബന്ധിതമായവനെ എളുപ്പത്തിൽ പരാജയപ്പെടുത്താം എന്നാൽ മനോപാധികൾ ഇല്ലാത്തപക്ഷം ഒരു കൊതുകിന്റെ ജീവിതം പോലും അനശ്വരമായി തീരാം. ഉപാധികളുള്ള മനസ്സ് ദുരിതങ്ങളും ഉപാധിരഹിതമായ മനസ്സ് ആനന്ദവും അനുഭവിക്കുന്നു. ഉപാധികൾ അല്ലെങ്കിൽ ആസക്തികൾ ഒരുവനെ പരിക്ഷീണനാക്കുന്നു. അതിനാൽ ഈ മൂവരെ എതിർക്കാൻ ധൃതി പിടിക്കേണ്ടതില്ല.

‘ഞാൻ’, ‘എന്റെ’ എന്നീ ധാരണകൾ അവരിൽ ഉണ്ടാക്കാൻ എന്തെല്ലാം നിങ്ങൾക്ക് ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുക. ശംഭരന്റെ സൃഷ്ടികളായ അവർക്ക് പ്രത്യേക ജ്ഞാനമൊന്നുമില്ലാത്തതുകൊണ്ട് നിങ്ങളെറിയുന്ന ‘ഇര’യിൽ അവർ കൊത്താതിരിക്കില്ല. അപ്പോൾ നിങ്ങൾക്കവരെ നിഷ് പ്രയാസം ജയിക്കാം. 

Oct 23, 2012

166 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 166

മഹാനരകസാമ്രാജ്യേ മത്തദുഷ്കൃത വാരണാ:
ആശാശരശലാകാഢ്യാ ദുർജയാ ഹീന്ദ്രിയാരയ:(4/24/1)

വസിഷ്ഠൻ തുടർന്നു: രാമ: അതി ഭീകരമായ നരകമെന്ന സാമ്രാജ്യത്തിൽ ദുഷ്കര്‍മ്മങ്ങള്‍ മദമിളകിയ ആനകളെപ്പോലെ അലഞ്ഞു മേയുകയാണ്‌.. ഈ ക്രിയകൾക്കുത്തരവാദികളായ ഇന്ദ്രിയങ്ങളാകട്ടെ ഭോഗതൃഷ്ണയുടെ ഒഴിയാത്ത ആവനാഴികളാൽ സുസജ്ജവുമാണ്‌.. അതുകൊണ്ട് ഇന്ദ്രിയങ്ങളെ വെല്ലുക എളുപ്പമല്ല.

“ഈ നന്ദികെട്ട ഇന്ദ്രിയങ്ങൾ തങ്ങളുടെ വാസസ്ഥലമായ ദേഹത്തിനെത്തന്നെയും നശിപ്പിക്കുന്നു. എന്നാൽ വിവേകമുള്ളവന്‌ ജീവനെ അപായപ്പെടുത്താതെതന്നെ ഈ തൃഷ്ണകളെ നിയന്ത്രിക്കാൻ കഴിയും." ആനയ്ക്കിട്ട വിലങ്ങുപോലെ നിരുപദ്രവമായി, എന്നാൽ കാര്യക്ഷമമായിത്തന്നെ ഇതു സാദ്ധ്യമാണ്‌.. കല്ലും മണ്ണും കൊണ്ടു പടുത്തുയർത്തിയ നഗരം ഭരിക്കുന്ന ഒരു രാജാവിന്റെ ആനന്ദത്തേക്കാൾ എത്രയോ ഉയർന്നതാണ്‌ ഇന്ദ്രിയനിയന്ത്രണം വന്ന ഒരുവൻ അനുഭവിക്കുന്ന ആനന്ദാവസ്ഥ.! ഇന്ദ്രിയാസക്തികൾ ക്ഷീണിതമാവുന്ന മുറയ്ക്ക് ഒരുവന്റെ ബുദ്ധിക്ക് തെളിമയേറുന്നു. എന്നാൽ പരമസത്യം സാക്ഷാത്കരിക്കുമ്പോൾ മാത്രമേ എല്ല്ലാ ആസക്തികളും പരിപൂർണ്ണമായി ഇല്ലാതാവുകയുള്ളു. വിവേകശാലിയുടെ മനസ്സ് അയാളുടെ ഉത്തമഭൃത്യനും, നല്ലൊരുപദേഷ്ടാവും, ഇന്ദ്രിയങ്ങളുടെ സേനാപതിയും, ഉത്തമയായ ഭാര്യയും, സുരക്ഷയേകുന്ന പിതാവും, ഉത്തമസുഹൃത്തുമാണ്‌.. മനസ്സയാളെ ഉത്തമകർമ്മങ്ങളിലേയ്ക്കുന്മുഖനാക്കുന്നു.

രാമാ, സത്യത്തിലുറച്ചു നിന്ന് മനസ്സില്ലാത്ത ഒരവസ്ഥയുടെ സ്വാതന്ത്ര്യത്തോടെ ജീവിച്ചാലും. ദാമന്‍, വ്യാളന്‍, കടന്‍,  മുതലായ രാക്ഷസന്മാരെപ്പോലെ പെരുമാറാതിരിക്കുക. ഈ മൂവരുടെ കഥ ഞാനിനി പറഞ്ഞുതരാം. നരകത്തിൽ ശംഭരൻ എന്ന പേരുള്ള ഒരു പ്രബലനായ രാക്ഷസൻ ഉണ്ടായിരുന്നു. അയാൾ കൺകെട്ടുവിദ്യയിൽ നിപുണനായിരുന്നു. അയാള്‍ ഒരു മായികനഗരമുണ്ടാക്കി. അതിൽ നൂറു സൂര്യന്മാരും, നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന സ്വർണ്ണനിർമ്മിതങ്ങളായ സത്വങ്ങളും, വിലപിടിച്ച കല്ലുകൾ കൊണ്ടുണ്ടാക്കിയ അരയന്നങ്ങളും, മഞ്ഞുകട്ടയുടെ തണുപ്പുള്ള തീയും ഉണ്ടായിരുന്നു. കൂടാതെ അയാൾക്ക് സ്വന്തമായി ആകാശചാരികളായ യക്ഷകിന്നരന്മാരും ഉണ്ടായിരുന്നു. സ്വർഗ്ഗവാസികളായ ദേവന്മാർ അയാളെ ഭയന്നുകഴിഞ്ഞു. അയാൾ ഉറങ്ങിക്കിടന്നപ്പോഴോ വിഇടുവിട്ടു ദൂരെപ്പോയിരുന്നപ്പോഴോ ഒക്കെ സൂത്രത്തിൽ ദേവന്മാർ അയാളുടെ സൈന്യത്തെ കൊന്നൊടുക്കി. കുപിതനായ അസുരൻ സ്വർഗ്ഗത്തെ ആക്രമിച്ചു കീഴടക്കി. ശംഭരന്റെ മായാവിദ്യയിൽ വിരണ്ടുപോയ ദേവന്മാർ ഓടിയൊളിച്ചു. അയാൾക്ക് അവരെ കണ്ടെത്താനായില്ല. എന്നാൽ അസുരന്റെ സേനാംഗങ്ങളെ തരംകിട്ടുമ്പോഴൊക്കെ അവർ കൊന്നുകളഞ്ഞു. തന്റെ സേനാംഗങ്ങളെ സംരക്ഷിക്കാൻ ശംഭരൻ മൂന്നു സത്വങ്ങളെ ഉണ്ടാക്കി. ദാമന്‍, വ്യാളന്‍, കടന്‍, എന്നീ രാക്ഷസരാണവര്‍. അവർക്ക് മുൻ ജന്മങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് അവരുടെ മനസ്സിൽ യാതൊരു ധാരണകളും വാസനകളായി അവശേഷിച്ചിരുന്നില്ല. അവർക്കു ഭയമോ, സംശയങ്ങളോ, മറ്റു ചിത്തവൃത്തികളോ ഉണ്ടായിരുന്നില്ല. അവർ ശത്രുക്കളിൽ നിന്നും ഓടിയകന്നില്ല, കാരണം അവർക്കു മരണഭയം ഉണ്ടായിരുന്നില്ല. യുദ്ധം, ജയം, പരാജയം എന്നീ വാക്കുകളുടെ അർത്ഥവും അവർക്കറിയില്ലായിരുന്നു. അവർ സ്വതന്ത്ര ജീവനുകൾ ആയിരുന്നില്ല. ശംഭരന്റെ ആജ്ഞാനുവർത്തികളായ വെറും യന്ത്രമനുഷ്യരായിരുന്നു അവർ. അവരുടെ പെരുമാറ്റം, എല്ലാ വാസനകളും ഉപാധികളും ഒഴിഞ്ഞവരുടേതുപോലെയായിരുന്നു. എന്നാൽ അവർക്ക് സത്യസാക്ഷാത്കാരം ഉണ്ടായിരുന്നില്ലല്ലോ. തന്റെ സൈന്യത്തെ രക്ഷിക്കാൻ അജയ്യരായ ഈ മൂന്നുപേരുള്ളതിൽ ശംഭരൻ ആഹ്ളാദിച്ചു. 

Oct 22, 2012

165 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 165

അജ്ഞസ്യേയമനന്താനാം ദു:ഖാനാം കോശമാലികാ
ജ്ഞസ്യ ത്വിയമനന്താനാം സുഖാനാം കോശമാലികാ (4/23/18)

വസിഷ്ഠൻ തുടർന്നു: പരമപദത്തിലേയ്ക്കുന്നം വച്ചു ചലിക്കുന്നവർ, ശരീരാവസ്ഥയിൽ ഉള്ളപ്പോൾ കുശവന്റെ ചക്രത്തിന്റെ ആയംകൊണ്ടുള്ള തുടർച്ചുറ്റൽ പോലെയാണ്‌ വർത്തിക്കുന്നത്. അവർ ചെയ്യുന്ന പ്രവർത്തികൾ കർമ്മങ്ങളാകുന്നില്ല. അവ വാസനകളെയുണ്ടാക്കുന്നുമില്ല. അവർക്ക് ശരീരം സ്വാഭീഷ്ടനിവൃത്തിക്കും മുക്തിസമ്പാദനത്തിനുമുള്ള ഒരുപാധി മാത്രമത്രേ. ശരീരംകൊണ്ട് അയാൾക്ക് യാതൊരുവിധ ദു:ഖവും അനുഭവിക്കേണ്ടിവരുന്നില്ല.

“അജ്ഞാനിക്ക്, ശരീരം ദു:ഖസ്രോതസ്സാകുമ്പോൾ പ്രബുദ്ധനത് അനന്തമായ ആനന്ദത്തിന്റെ ഒടുങ്ങാത്ത ഉറവയാണ്‌.” നിലനില്‍ക്കുന്നിടത്തോളം കാലം ജ്ഞാനി സ്വശരീരത്തിൽത്തന്നെ ആഹ്ളാദം കണ്ടെത്തുന്നു. പ്രബുദ്ധതയിൽ അഭിരമിക്കാനുള്ള ഉപാധിയായി അതിനെ ഉപയോഗിക്കുന്നു. ദേഹത്തിനു മരണമുണ്ടാകുമ്പോൾ അതൊരു നഷ്ടമായി അയാൾ കണക്കാക്കുന്നതേയില്ല. പ്രബുദ്ധതയിൽ വിരാജിക്കുന്നവന്‌ ശരീരം ആഹ്ളാദവാഹിനിയാണ്‌... കാരണം ഈ ലോകത്ത് സർവ്വസ്വതന്ത്രമായി വിഹരിക്കുവാൻ അയാൾക്ക് സഹായകമായുള്ളത് ഈ ദേഹം തന്നെയാണല്ലോ. ശരീരമെന്നത് വിജ്ഞാനത്തിന്റെ വാഹനമാണ്‌... ജ്ഞാനിക്ക് ശരീരം പലവിധത്തിലുള്ള അനുഭവങ്ങൾ നല്‍കുന്നു; അവരെ മറ്റുള്ളവരുടെ സ്നേഹാദരങ്ങൾക്ക് പാത്രമാക്കാന്‍ ഇടവരുത്തുകയും ചെയ്യുന്നു. ആകയാൽ ശരീരം അയാൾക്ക് ഒരു നേട്ടം തന്നെയാണ്‌... ജ്ഞാനി ശരീരമെന്ന നഗരത്തിൽ സ്വർഗ്ഗം ഭരിക്കുന്ന ഇന്ദ്രനെന്നപോലെ പൂർണ്ണ സ്വതന്ത്രനാണ്‌... ഈ ശരീരം അയാളെ കാമത്തിനോ ലോഭത്തിനോ വശംവദനാക്കുന്നില്ല. അജ്ഞതയെയോ ഭയത്തെയോ തീണ്ടാനിടവരുത്തുന്നുമില്ല.

ജ്ഞാനിയുടെ ശരീരം നയിക്കപ്പെടുന്നത് ഇന്ദ്രിയസുഖങ്ങളുടെ വികാരപ്രചോദനങ്ങളാലല്ല, മറിച്ച് ധ്യാനാവസ്ഥയുടെ പ്രശാന്തതയാലാണ്‌.. ശരിരമെടുത്ത ജീവൻ ദേഹമുള്ളിടത്തോളം അതുമായി സഹവാസത്തിലാണെങ്കിലും അതു പോയിക്കഴിഞ്ഞാൽപ്പിന്നെ ആ ബന്ധം നിലനിർത്തുന്നില്ല. ഒരു കുടമുള്ളിടത്തോളം അതിനുള്ളിൽ വായുവുണ്ട്. അതുടഞ്ഞാൽ, ആ വായുവിന്‌ കുടവുമായുള്ള ബന്ധം എങ്ങിനെയാണോ അതുപോലെയാണ്‌ ദേഹവുമായി ദേഹിക്കുള്ള ചാർച്ച. പരമശിവനെ ഏറ്റവും കൊടിയ വിഷം കുടിച്ചിട്ടുപോലും അതു ബാധിക്കുകയുണ്ടായില്ല. മറിച്ച് അദ്ദേഹത്തിന്റെ ആകർഷണീയത വർദ്ധിക്കുകയാണല്ലോ ചെയ്തത് (നീലകണ്ഠന്‍ ). ശരീരത്തിൽ അനുഭവവേദ്യമാകുന്ന സുഖദു:ഖാദികൾ ജ്ഞാനിയെ ബന്ധിക്കുന്നില്ല. അവ അദ്ദേഹത്തിനെ ജനന മരണചക്രത്തിലേയ്ക്ക് തിരികെ വലിച്ചിഴക്കുന്നുമില്ല. ഒരുവനെ അയാൾ കള്ളനെന്നറിഞ്ഞുകൊണ്ട് തന്നെ അയാളുമായി സൌഹൃദഭാവത്തില്‍ ഇടപെടുന്നതായാൽ അയാളെ സുഹൃത്താക്കാം. അതുപോലെ പദാർത്ഥങ്ങളെ അവയുടെ യാഥാർത്ഥ്യമറിഞ്ഞ് അറിവോടെ അനുഭവിച്ചാൽ അവ ആഹ്ളാദദായകമാണ്‌.. ജ്ഞാനി സംശയങ്ങളെല്ലാം ഒഴിഞ്ഞവനാണ്‌.. സ്വയമുണ്ടാക്കിയ ഒരു പ്രതിച്ഛായയാൽ അയാൾ ബന്ധിതനുമല്ല. അങ്ങിനെയുള്ളവൻ തന്റെ ശരീരത്തിന്റെ ചക്രവർത്തിയാണ്‌..

അതിനാൽ എല്ലാവിധ സുഖാസക്തികളും ഉപേക്ഷിച്ച് വിജ്ഞാനപദം പ്രാപിക്കുക. ശരിയായി നിയന്ത്രണംവന്ന മനസ്സുള്ളപ്പോഴേ സന്തോഷം ആസ്വദിക്കാനാവൂ. ബന്ധനസ്ഥനായ ഒരു രാജാവ് സ്വതന്ത്രനായ ശേഷം കിട്ടുന്ന ഒരു കഷണം അപ്പം എത്ര സന്തോഷത്തോടെയാണ്  ആസ്വദിക്കുന്നത്? ഒരിക്കലും ബന്ധനത്തിന്റെ അനുഭവമുണ്ടായിട്ടില്ലാത്ത രാജാവിന്‌ അടുത്തുള്ളൊരു രാജ്യത്തെ കീഴടക്കി തന്റെ വരുതിയിലാക്കിയാൽപ്പോലും ഇത്ര സൗഖ്യം ഉണ്ടാവുകയില്ല. ആയതിനാൽ ജ്ഞാനി മനസ്സേന്ദ്രിയങ്ങളെ കീഴടക്കി നിയന്ത്രിക്കാൻ തീവ്രമായി പരിശ്രമിക്കുന്നു. കാരണം അത്തരം കീഴടക്കൽ പുറമേയുള്ള ശത്രുക്കളെ വെല്ലുന്നതിനേക്കാൾ ഉന്നതമായ വിജയമത്രേ. 

Oct 21, 2012

164 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 164

മയി സർവ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ
ചിത്തം തു നാഹമേവേതി യ: പശ്യതി സ പശ്യതി(4/22/31)

വസിഷ്ഠൻ തുടർന്നു: ശരീരത്തെ ഭ്രമാത്മകമായ ഒരു ധാരണയുടെ സന്താനവും ദൗർഭാഗ്യങ്ങളുടെ ശ്രോതസ്സും മത്രമാണെന്നു തിരിച്ചറിയുന്നവൻ സത്യദർശിയാണ്‌..  ശരീരമല്ല ആത്മാവെന്ന തിരിച്ചറിവും അയാൾ ക്കുണ്ടല്ലോ. ഈ ശരീരത്തിൽ ഉളവാകുന്ന സുഖവും ദു:ഖവും സമയനിബദ്ധമായി, ചുറ്റുപാടുകൾക്കധീനമായി സംഭവിക്കുന്നതാണെന്നും അവയ്ക്ക് താനുമായി സംഗമൊന്നുമില്ലെന്നും അറിഞ്ഞവൻ സത്യദർശിയാണ്‌..  എല്ലായിടത്തും സംഭവിക്കുന്ന എല്ലാക്കാര്യവും സമഗ്രമായി ഉൾക്കൊള്ളുന്ന സർവ്വവ്യാപിയായ അന്താവബോധമാണ്‌ താനെന്നറിഞ്ഞവനും സത്യദർശിയത്രേ. മുടിനാരിഴയുടെ കോടിയിലൊരംശത്തോളം സൂക്ഷ്മമായ അത്മാവിന്റെ സർവ്വവ്യാപിത്വം തിരിച്ചറിഞ്ഞവനും സത്യമറിഞ്ഞവനാണ്‌..

സ്വാത്മാവും മറ്റുള്ളവയും തമ്മിൽ അന്തരമേതുമില്ലെന്ന് തിരിച്ചറിയുകയും ഉണ്മയായുള്ളത് അനന്തമായ അവബോധത്തിന്റെ പ്രഭയൊന്നുമാത്രമാണെന്നുറപ്പിക്കുകയും ചെയ്തവൻ സത്യദർശിയാണ്‌.. എല്ലാ ജീവ നിർജ്ജീവ ജാലങ്ങളിലും സർവ്വാന്തര്യാമിയായി, സർവ്വവ്യാപിയായി, സർവ്വശക്തനായി വർത്തിക്കുന്നത് അദ്വൈതമായ അനന്താവബോധം മാത്രമാണെന്നറിഞ്ഞവൻ സത്യദർശി. രോഗപീഢകൾ, ഭയം, വിക്ഷോഭങ്ങൾ, വാർദ്ധക്യം, മരണം എന്നിവയാൽ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ശരീരമാണു താനെന്ന മോഹവിഭ്രമത്തിനടിപ്പെടാത്തവൻ സത്യദർശി തന്നെ. “ഞാൻ മനസ്സല്ല എന്ന തിരിച്ചറിവോടെ സർവ്വവും ഒരു മാലയുടെ ചരടിൽ കോർത്ത മുത്തുമണികൾപോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നറിഞ്ഞവൻ സത്യമറിയുന്നു.”

ഞാനോ, നീയോ പരമസത്യമല്ലെന്നും സര്‍വ്വവും ബ്രഹ്മമാണെന്നുമറിഞ്ഞവൻ സത്യദർശിയാകുന്നു. മൂന്നുലോകത്തിലെ സർവ്വ ജീവജാലങ്ങളും തന്റെ കുടുംബാംഗങ്ങളാണെന്നും അവർക്കെല്ലാം വേണ്ട സേവനങ്ങൾ ചെയ്തു കൊടുക്കേണ്ടത് തന്റെ കർത്തവ്യമാണെന്നും അവയ്ക്കെല്ലാം തന്റെ അനുകമ്പയ്ക്കും സംരക്ഷണത്തിനും അർഹതയുണ്ടെന്നും അറിഞ്ഞവൻ സത്യമറിഞ്ഞവനത്രേ. അത്മാവുമാത്രമേ ഉണ്മയായുള്ളു എന്നും വസ്തു-വിഷയങ്ങൾ അയാഥാർത്ഥ്യമാണെന്നും അവനറിയാം. സുഖം, ദു:ഖം, ജനനം, മരണം എന്നിവയെല്ലാം ആത്മാവു തന്നെയെന്നും അവനറിയുന്നതുകൊണ്ട് ഈ അവസ്ഥകൾ അവനെ ബാധിക്കുന്നില്ല. “ഞാനടക്കം ഈ കാണുന്നതെല്ലാം ആത്മാവു മാത്രമാകയാൽ ഞാൻ എന്തു സമ്പാദിക്കാനാണ്‌? ഞാൻ എന്തു ത്യജിക്കുവാനാണ്‌?” എന്ന തോന്നലുള്ളവൻ സത്യത്തിൽ ഉറച്ചിരിക്കുന്നു. സൃഷ്ടി സ്ഥിതി സംഹാരങ്ങൾ എന്ന പ്രകടമായ മാറ്റങ്ങളിലെല്ലാം മാറ്റമില്ലാതെ അചഞ്ചലമായി നിലകൊള്ളുന്ന ബ്രഹ്മമാണ്‌ വിശ്വത്തിനടിസ്ഥാനമെന്ന അറിവു സാക്ഷാത്കരിച്ചവർക്കെല്ലാം നമസ്കാരം. 

Oct 20, 2012

163 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 163

വിചാരണാ പരിജ്ഞാതസ്വഭാവസ്യോദിതാത്മന:
അനുകമ്പ്യാ ഭവന്തീഹ ബ്രഹ്മ വിഷ്ണ്വിന്ദ്രശങ്കരാ: (4/22/15)

വസിഷ്ഠൻ തുടർന്നു: കിണറിനുള്ളിലിട്ട ഒരുകഷണം തുരിശ് (ആലം) അതിലെ ജലത്തെ  ശുദ്ധീകരിക്കുന്നതുപോലെ ആത്മാന്വേഷണത്തിലൂടെ ജ്ഞാനമാർജ്ജിച്ച ഒരുവൻ തികഞ്ഞ തെളിമയോടെ മനസ്സുണർന്ന്‍ ആത്മജ്ഞാനിയാവുന്നു. അവന്റെ മനസ്സിൽ മാറ്റങ്ങൾകൊണ്ട് അല്ലലൊന്നും ഉണ്ടാവുന്നില്ല. അവനിലെ സ്വത്വബോധം, ആത്മജ്ഞാനമായതിനാൽ അവനിൽ വിഷയ-വസ്തു ധാരണകൾ ഇല്ലേയില്ല. ദൃക്ക്, ദൃശ്യം, ദൃഷ്ടാവ് എന്നീ ഭേദചിന്തകൾ അവനിലില്ല. അവൻ പരംപൊരുളിൽ, സത്യത്തിൽ, പൂർണ്ണമായി ഉണർന്നിരിക്കുന്നു. പ്രകടമായ ലോകത്തെ സംബന്ധിച്ചിടത്തോളം അവൻ സമ്പൂർണ്ണ സുഷുപ്തിയിലാണ്ടിരിക്കുന്നു എന്നു പറയാം. അവന്റെ നിർമമതയുടെ സർവ്വവ്യാപിത്വം കാരണം അവന്‌ സുഖത്തിലോ ദു:ഖത്തിലോ ആസക്തിയില്ല. അവനിലെ ആർത്തികളെല്ലാം അടങ്ങിയിരിക്കുന്നു. നദിയുടെ കുത്തൊഴുക്ക് സമുദ്രത്തിലെത്തും വരെ മാത്രമാണല്ലോ.

കാണപ്പെടുന്ന ഈ ലോകമെന്ന വല, എലി കയർ കരണ്ടുമുറിക്കുന്നതുപോലെ അവൻ മുറിച്ചു കളഞ്ഞിരിക്കുന്നു. മനസ്സ് ഭ്രമകല്‍പ്പനകളുടെ ബന്ധനത്തിൽ നിന്നും മോചിക്കപ്പെടണമെങ്കിൽ അത് എല്ലാ ആസക്തികളിൽനിന്നും മുക്തമായിരിക്കണം. പരസ്പരവിരുദ്ധമായ ദ്വന്ദഭാവങ്ങളുടെ പിടിയിൽപ്പെടാത്തതായിരിക്കണം. വസ്തു-വിഷയങ്ങളോട് ആകർഷണം ഇല്ലാത്തതായിരിക്കണം. ഉപാധികളെ ആശ്രയിക്കാതെ നിലകൊള്ളാനും മനസ്സിനാകണം. സംശയങ്ങളൊഴിഞ്ഞ് ശാന്തമായ മനസ്സിൽ ആഹ്ളാദമോ വിഷാദമോ ചലനമുണ്ടാക്കുന്നില്ല. അപ്പോൾ പൂർണ്ണചന്ദ്രനെപ്പോലെ മനസ്സു പ്രശോഭിക്കുന്നു. നിർമ്മലമായ മനസ്സ് ഹൃദയത്തിൽ ഏകാത്മതാദർശനം സാദ്ധ്യമാക്കുന്നു. അവിടെ ശുഭോദർക്കമായ ഗുണഗണങ്ങൾ ഉയരുന്നു. സൂര്യപ്രകാശത്തിൽ ഇല്ലാതാവുന്ന ഇരുട്ടെന്നപോലെ മായാപ്രപഞ്ചം അനന്താവബോധത്തിന്റെ സാന്നിദ്ധ്യംകൊണ്ട് ഇല്ലാതാവുന്നു. അത്തരം വിജ്ഞാനവിവേകം ജീവജാലങ്ങളുടെ ഹൃദയങ്ങളെ ആഹ്ളാദനിരതമാക്കുന്നു. ചുരുക്കത്തിൽ അറിയാൻ അനുയോജ്യമായ അറിവെന്താണോ അതറിഞ്ഞവൻ എല്ലാ മാറ്റങ്ങൾക്കും അതീതനാണ്‌.. അവൻ ജനന-മരണങ്ങൾ എന്ന മാറ്റങ്ങൾക്കുമപ്പുറം കണ്ടവനാണ്‌..

ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ പോലും ആത്മജ്ഞാനം ലഭിച്ച മഹാത്മാക്കളോട് അനുഭാവമുള്ളവരാണ്‌.. ആത്മാന്വേഷണത്തിലൂടെയും നേരറിവിലൂടെയും ആത്മജ്ഞാനമാർജ്ജിച്ചവർ ഈ ത്രിമൂർത്തികൾക്കുപോലും സഹായികളായി വർത്തിക്കുന്നു. അഹങ്കാരം ഇല്ലാത്തപ്പോൾ ചിന്താക്കുഴപ്പങ്ങൾ ഒന്നുമില്ലാതെ മനസ്സ് സഹജഭാവമാർജ്ജിക്കുന്നു. കടലിൽ അലകൾ ഉണ്ടായി മറയുന്നതുപോലെ ലോകം ഉണ്ടായി മറയുന്നു. ഈ മാറ്റങ്ങൾ അജ്ഞാനിയെ ഭ്രമിപ്പിക്കുന്നു. ജ്ഞാനിയെ ഇതു ബാധിക്കുന്നതേയില്ല.

ഒരു മൺകുടത്തിനുള്ളിലെ ആകാശം, കുടം ഉണ്ടാക്കുന്നതിന്റെയൊപ്പം ഉണ്ടാവുന്നതോ ഉണ്ടാക്കുന്നതോ അല്ല. കുടമുടയ്ക്കുമ്പോൾ ഈ ആകാശം നശിക്കുന്നതുമല്ല. കുടത്തിന്റെയും ആകാശത്തിന്റെയും (ശരീരത്തിന്റെയും ആത്മാവിന്റെയും) ബന്ധമെങ്ങിനെയെന്ന് അറിയാവുന്നവരെ നിന്ദാസ്തുതികൾ ബാധിക്കുകയില്ല. ഈ വർണ്ണാഭമായ ലോകം ആത്മാന്വേഷണത്തിലേർപ്പെടാത്തവരെ മാത്രമേ വിടാതെ പിന്തുടർന്നു പിടികൂടി ബാധിക്കുകയുള്ളു. ജ്ഞാനമുദിക്കുന്നതോടെ ഒരുവന്റെ ഭ്രമകൽപ്പനകൾ എല്ലാം അസ്തമിക്കുന്നു. 

Oct 19, 2012

162 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 162

ശൂന്യ ഏവ ശരീരേന്തർബദ്ധോസ്മിതി ഭയം തഥാ
ശൂന്യ ഏവ കുസൂലെ തു പ്രേക്ഷ്യ സിംഹോ ന ലഭ്യതേ (4/21/50)

വസിഷ്ഠൻ തുടർന്നു: മനസ്സിന്റെ വിവിധതലങ്ങളെക്കുറിച്ച് ഞാൻ വിശദീകരിച്ചത് മനസ്സിന്റെ സ്വഭാവങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ മാത്രമാണ്‌..  മറ്റൊരുപയോഗവും ഈ ചർച്ചകൊണ്ടില്ല. കാരണം, മനസ്സ്, എന്തിനെ തീവ്രമായി ധ്യാനിക്കുന്നുവോ അതിന്റെ രൂപഭാവങ്ങൾ ആർജ്ജിക്കുകയാണ്‌..  സ്ഥിതി, സ്ഥിതിനിരാസം, നേടൽ, ത്യജിക്കൽ, എല്ലാം മനസ്സിന്റെ ഭാവങ്ങൾ മാത്രം.

രാമൻ ചോദിച്ചു: മനസ്സ് ഈ പറഞ്ഞതുമാത്രമാണെങ്കിൽ അതെങ്ങിനെ കളങ്കിതമായി?

വസിഷ്ഠൻ പറഞ്ഞു: അതൊരു നല്ല ചോദ്യമാണു രാമാ. എന്നാൽ അതു ചോദിക്കാൻ ഉചിതമായ സമയമല്ല ഇത്. കാരണം എനിയ്ക്കു പറയാനുള്ളതു കേട്ടു കഴിഞ്ഞാല്‍പ്പിന്നെ നിനക്ക് ഈ സംശയം ഉണ്ടാവുകയില്ല. എല്ലാം നിന്റെയുള്ളിൽ സംശയലേശമില്ലാതെ തെളിയും. മുക്തിയാഗ്രഹിക്കുന്ന, അതിനായി പരിശ്രമിക്കുന്ന, എല്ലാവരുടേയും അനുഭവമാണ്‌ തന്റെ മനസ്സ് അശുദ്ധമാണ്‌ എന്ന തോന്നൽ. ഓരോരുത്തരും അവരവരുടെ വീക്ഷണത്തിനനുസരിച്ച് അതിനെ വിവിധതരത്തിൽ വിവരിക്കുന്നു. വൈവിദ്ധ്യമാർന്ന സുഗന്ധപുഷ്പങ്ങളുമായി സമ്പർക്കത്തിലാവുന്ന കാറ്റ് ആതാത് പുഷ്പഗന്ധങ്ങൾ വഹിക്കുന്നതുപോലെ മനസ്സ് വിവിധ ഭാവങ്ങളെ ആവഹിച്ച് അവയെ സാക്ഷാത്ക്കരിക്കാനുചിതമായ ശരീരങ്ങളെ സൃഷ്ടിക്കുന്നു. അവയ്ക്കനുയോജ്യമായ കർമ്മോർജ്ജവും ചൈതന്യവും ഇന്ദ്രിയങ്ങളിൽ നിറയ്ക്കുന്നു. തത്കർമ്മ- ധാരണാ- ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. ഈ മനസ്സാണ്‌ കർമ്മേന്ദ്രിയങ്ങൾക്ക് ചലിക്കാൻ കരുത്തേകുന്നത്. മനസ്സാണ്‌ കർമ്മം. കർമ്മമാണ്‌ മനസ്സ്. പൂവും അതിന്റെ സുഗന്ധവുമെന്നതുപോലെയാണത്, അവ രണ്ടല്ല.

മനസ്സിലെ തീരുമാനങ്ങളുടെ ദൃഢതയാണ്‌ കർമ്മങ്ങൾക്ക്‌ ശക്തിനല്കുന്നത്. കർമ്മങ്ങൾ ഈ തീരുമാനങ്ങൾക്ക് സാധുതയും നല്കുന്നു. എല്ലാവരുടേയും മനസ്സ് ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയിലേയ്ക്ക് ഉന്മുഖമായാണിരിക്കുന്നത്. എന്നാൽ ഓരോരുത്തർക്കും ഈ പുരുഷാർത്ഥങ്ങളെപ്പറ്റി വൈവിദ്ധ്യമായ കാഴ്ച്ചപ്പാടും നിർവ്വചനങ്ങളുമാണുള്ളത്. ഒരോരുത്തർക്കും അവരുടേതാണു ശരി എന്നുറപ്പുമാണ്‌.. എങ്കിലും കപില മുനിയുടെ സിദ്ധാന്തം പിന്തുടരുന്നവരും, വേദാന്തികളും, വിജ്ഞാനവാദികളും, ജൈനന്മാരും മറ്റുള്ളവരും അവരുടെ പാത മാത്രമാണ്‌ മുക്തിയിലേയ്ക്കുള്ള ഏകമാർഗ്ഗമെന്നു ശഠിക്കുന്നു. അവരുടെ തത്വചിന്തകളും അനുഭവകഥനങ്ങളും അവരുടെ സ്വന്തം അനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിൽ, മനോദാർഢ്യത്തോടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്‌.. 

രാമാ, ബന്ധനം എന്നത് വിഷയത്തെപ്പറ്റിയുള്ള ധാരണ തന്നെയാണ്‌.  ഈ ധാരണയാണ്‌ മായ, അല്ലെങ്കിൽ അജ്ഞാനം. ഇത് സത്യത്തെ മറയ്ക്കുന്ന തിമിരമാണ്‌.  അജ്ഞാനം സംശയത്തെ ഉണ്ടാക്കുന്നു. അതുണ്ടാക്കുന്ന ധാരണ വൈകൃതമായ തെറ്റിദ്ധാരണയാകുന്നു. “അജ്ഞാനിക്ക് ഇരുട്ടത്ത് ഒരൊഴിഞ്ഞ സിംഹക്കൂടിനടുത്തുകൂടിപ്പോകാൻ പേടിയാണ്‌.. അതുപോലെ അജ്ഞാനി, താൻ ഈ ശൂന്യ ശരീരത്തിൽ ബന്ധിതനാണെന്ന തെറ്റിദ്ധാരണയിൽ കഴിയുകയാണ്‌.”

‘ഞാൻ’, ‘ഈ ലോകം’, എന്നീ ധാരണകൾ വെറും നിഴലുകളാണ്‌..  സത്യമല്ല. ഇത്തരം ധാരണകളാണ്‌ വസ്തുക്കളെ (വിഷയങ്ങളെ) സൃഷ്ടിക്കുന്നത്. ഈ വസ്തുക്കളാകട്ടെ സത്യമെന്നോ അല്ലെന്നോ പറയാൻ വയ്യ. ഒരമ്മ, വീട്ടിലെ ജോലിക്കാരിയായി സ്വയം വിചാരിച്ചാൽ അങ്ങിനെയായിത്തീരുന്നു. എന്നാൽ അവർ തന്റെ ഭർത്താവിന്റെ അമ്മയായി സ്വയം വിചാരിച്ചാൽ തല്‍ക്കാലം അങ്ങിനെ പെരുമാറുന്നു. അതുകൊണ്ട് രാമാ, ‘ഞാൻ’, ‘ഇത്’, എന്നൊക്കെയുള്ള ധാരണകൾ ഉപേക്ഷിച്ച് സത്യത്തിൽ മനസ്സുറപ്പിച്ചാലും.

Oct 18, 2012

161 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 161

ദേവാന്‍ ദേവയജോ യാന്തി യക്ഷ യക്ഷാന്‍ വ്രജന്തി ഹി
ബ്രഹ്മ ബ്രഹ്മയജോ യാന്തി യദതുച്ഛം തദാശ്രയേത് (4/19/5)

വസിഷ്ഠൻ തുടർന്നു: എല്ലാ ജീവനുകളുടേയും ബീജം പരബ്രഹ്മമാണ്‌...  അത് എല്ലായിടവും നിറഞ്ഞു നിൽക്കുന്നു. മാത്രമല്ല, ജീവനുകൾക്കുള്ളിൽ മറ്റ് എണ്ണമില്ലാത്തത്ര ജീവനുകൾ ഉണ്ട് താനും. അനന്താവബോധം പരിപൂർണ്ണമായും ഈ വിശ്വത്തെ മുഴുവൻ വിലയനം ചെയ്തിരിക്കുന്നതുകൊണ്ടാണിതു സാധിക്കുന്നത്. ജീവനുകളായി പ്രത്യക്ഷമായാൽപ്പിന്നെ അതത് ജീവൻ അവലംബിക്കുന്ന ധ്യാനാവസ്ഥയ്ക്കനുസൃതമായി വൈവിദ്ധ്യമാര്‍ന്ന സഹജഭാവം ആർജ്ജിക്കുന്നു. "ഈശ്വരഭക്തിയുള്ളവർ ഈശ്വരനെ പ്രാപിക്കുന്നു. ഉപദേവതമാരെ പൂജിക്കുന്നവർ അവരെ പ്രാപിക്കുന്നു. പരബ്രഹ്മത്തെ ധ്യാനിക്കുന്നവർ ബ്രഹ്മം തന്നെയാവുന്നു. അതിനാൽ ഒരുവൻ നിയതമായതിനെ, പരിമിതമായതിനെ അവലംബിക്കാതെ അപരിമേയമായതിനെ ധ്യാനിക്കുന്നതാണ്‌ അഭികാമ്യം."  അപ്സരസ്സിനെ ധ്യാനിച്ച് ശുക്രൻ ബന്ധിതനായി. എന്നാൽ തന്റെ ആത്മശുദ്ധി, അതായത് അനന്താവബോധം സാക്ഷാത്കരിച്ചപ്പോൾ അദ്ദേഹം ബന്ധവിമുക്തനുമായി.

രാമൻ ചോദിച്ചു: മഹാത്മൻ, ദയവായി ജാഗ്രത്ത്, സ്വപ്നാവസ്ഥകളുടെ സത്യമെന്തെന്ന്‌ പറഞ്ഞു തരൂ. എന്താണ്‌ ജാഗ്രത്തായി അനുഭവവേദ്യമാകുന്നത്? എങ്ങിനെയാണ്‌ സ്വപ്നവും ഭ്രമങ്ങളും ജാഗ്രദവസ്ഥയിൽ ഉയരുന്നത്?

വസിഷ്ഠൻ പറഞ്ഞു: നീണ്ടു നിലനിൽക്കുന്ന അവസ്ഥയാണ്‌ ജാഗ്രദവസ്ഥ. സ്വപ്നമോ താൽ ക്കാലികമാണ്‌..  എന്നാൽ സ്വപ്നാവസ്ഥയിൽ അത് ജാഗ്രദവസ്ഥയുടെ സ്വഭാവസവിശേഷതകൾ പ്രദർശിപ്പിക്കുന്നു. ജാഗ്രദവസ്ഥയിൽ, അതിന്റെ ക്ഷണഭംഗുരത മൂലം അത്‌ സ്വപ്നസ്വഭാവം ആർജ്ജിക്കുന്നു. അതായത് രണ്ടും വാസ്തവത്തിൽ ഒരേ അവസ്ഥ തന്നെ. ഒരുശരീരത്തിൽ ജീവശക്തി ചലിക്കുമ്പോൾ ചിന്തകളുടെ, വാക്കുകളുടെ, കർമ്മങ്ങളുടെ എല്ലാം അവയവങ്ങൾ പ്രവർത്തനോന്മുഖമാകുന്നു. അവ മനസ്സിലുണ്ടായ ഭ്രമധാരണകളുടെ അടിസ്ഥാനത്തിൽ അതതിന്റെ വിഷയങ്ങളിലേയ്ക്ക് ഓടിയണയുകയാണ്‌..  ജീവശക്തി ആത്മാവിനുള്ളിൽ വൈവിദ്ധ്യമാർന്ന രൂപങ്ങൾ ധരിക്കുന്നു. ഈ ധാരണകൾക്ക് ദൃഢതയുള്ളതായി തോന്നുമ്പോൾ അത് ജാഗ്രദവസ്ഥ. എന്നാൽ ഈ ജീവശക്തിയെ (ജീവചേതന) മനസ്സും ശരീരവും ഇപ്രകാരത്തിൽ വഴി തെറ്റിച്ചു വിടാതിരുന്നാൽ അത് ഹൃദയത്തിൽ പ്രശാന്തതയായിത്തീരുന്നു. ശരീരത്തിലെ നാഡീവ്യൂഹങ്ങളിലൂടെ ബോധം ചലിക്കുന്നില്ല. ജീവശക്തി ഇന്ദ്രിയങ്ങളെ ചലിപ്പിക്കുന്നുമില്ല.  എന്നാൽ ദീർഘനിദ്രയിലും ഉണർന്നിരിക്കുന്ന, സ്വപ്നത്തിലും ജാഗ്രത്തിലും വെളിച്ചമായി പരിലസിക്കുന്ന ആ ബോധം, അതീന്ദ്രിയമാണ്‌..  അതിന്‌ തുരീയം എന്നു പറയുന്നു. എന്നാൽ പിന്നീട് അജ്ഞതയുടെയും ഭ്രമത്തിന്റെയും ബീജങ്ങൾ വളർന്ന് 'ആദ്യചിന്ത' ഉദയം ചെയ്യുന്നു. ‘ഞാൻ’ ഉണ്ട് എന്ന ചിന്ത. എന്നിട്ട് ചിന്താരൂപങ്ങളെ മനസ്സിനുള്ളിൽ സ്വപ്നങ്ങളായി കാണുന്നു. ഈ സമയം ബാഹ്യേന്ദ്രിയങ്ങൾ പ്രവർത്തനോന്മുഖമല്ല. അന്തരേന്ദ്രിയങ്ങൾ പ്രവർത്തിക്കുകയും ഒരുവനുള്ളിൽ ധാരണകൾ സംജാതമാവുകയും ചെയ്യുന്നു. ഇത് സ്വപ്നാവസ്ഥ. ജീവശക്തി വീണ്ടും ഇന്ദ്രിയങ്ങളെ സംചലിപ്പിക്കുമ്പോൾ വീണ്ടും ജാഗ്രദവസ്ഥയായി. 

160 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 160

ചിത്രാമൃതം നാമൃതമേവ വിദ്ധി ചിത്രാനലം നാനലമേവ വിദ്ധി
ചിത്രാംഗനാ നൂനമനംഗനേതി വാചാ വിവേകസ്ത്വവിവേക ഏവ (4/18/69)

വസിഷ്ഠൻ തുടർന്നു: ഓരോ ജീവനും സ്വപ്രാണബലത്തിന്റെ സഹായത്താൽ എന്തെന്തെല്ലാം, എങ്ങിനെയെല്ലാം സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്നുവോ അവ അനുഭവിക്കുന്നു. രാമ: നിന്റെ ഉൾക്കണ്ണിലെ വിവേകവെളിച്ചത്താൽ ഓരോ അണുവിലും എണ്ണമറ്റ ലോകങ്ങൾ പ്രകടമായിക്കൊണ്ടിരിക്കുന്നതു ദർശിച്ചാലും. എല്ലാവരുടെയും മനസ്സിൽ, ആകാശത്തിൽ, കല്ലുകളിൽ, അഗ്നിജ്വാലയിൽ, ജലത്തിൽ എല്ലാം എള്ളിൽ എണ്ണയെന്നപോലെ എണ്ണമറ്റ ലോകങ്ങൾ നിലകൊള്ളുന്നു എന്നറിയുക. മനസ്സ് തികച്ചും പരിശുദ്ധമാവുമ്പോഴാണ്‌ അത് ശുദ്ധ അവബോധമായി, അനന്താവബോധവുമായി വിലയിക്കുന്നത്.

പ്രത്യക്ഷലോകമെന്നത് എല്ലായിടത്തും പ്രകടമാവുന്ന ഒരു നീണ്ട സ്വപ്നമത്രേ. അത് സൃഷ്ടികർത്താവായ ബ്രഹ്മാവിന്റെയും മറ്റെല്ലാവരുടേയും സങ്കൽപ്പമാണ്‌.. അങ്ങിനെ സൃഷ്ടാവിന്റെ സങ്കൽപ്പത്തിൽ നിന്നുത്ഭവിച്ച് ഒരു സ്വപ്നത്തിൽ നിന്നു മറ്റൊന്നിലേയ്ക്ക് പ്രവേശിച്ച്, ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പരിക്രമിച്ച് പ്രത്യക്ഷ ലോകത്തിന്‌ മായികമായ ഒരുണ്മ തോന്നിപ്പിക്കുന്നു. സ്വപ്നസമയത്ത് ഈ മായക്കാഴ്ച്ച സത്യമത്രേ. ഓരോ അണുവിലും സർവ്വവിധത്തിലുമുള്ള അനുഭവസാദ്ധ്യതകൾ, വിത്തിൽ പൂക്കൾ, കായ്കൾ, ഇലകൾ എന്നിവപോലെ നിലകൊള്ളുകയാണ്‌. ഓരോ അണുവിലും അവിച്ഛിന്നമായ അനന്താവബോധമാണുള്ളത്. അതിനാൽ നിന്റെയുള്ളിലെ നാനാത്വം, ഏകത്വം എന്നിങ്ങനെയുള്ള ധാരണകളെല്ലാം ദൂരെക്കളയുക.

സമയം, ദൂരം, കർമ്മം (ചലനം), വസ്തുക്കൾ എന്നിവയെല്ലാം ആ അനന്താവബോധത്തിന്റെ വൈവിദ്ധ്യമാർന്ന ഭാവങ്ങളത്രേ. ബോധം അവയെ സ്വയം അനുഭവിക്കുന്നു. അത് ബ്രഹ്മാവിന്റെ ശരീരത്തിലോ ഒരു കീടത്തിന്റെ ശരീരത്തിലോ ആയാലും അനുഭവിക്കുന്നത് ബോധം തന്നെയാണ്‌.. ബോധത്തിന്റെ കണം പൂർണ്ണവളർച്ചയെത്തിയ ശരീരമായി സ്വയം അനുഭവങ്ങളെ സാക്ഷാത്കരിക്കുന്നു. ചിലർക്ക് വസ്തുക്കൾ അവനവനു പുറമേയുള്ളതായി തോന്നുന്നത് അനന്താവബോധം സർവ്വവ്യാപിയായതിനാലാണ്‌.. മറ്റു ചിലർ എല്ലാറ്റിനേയും ഉള്ളിൽക്കണ്ട് വികാസം പ്രാപിച്ച്, വിലയം പ്രാപിച്ച് നിലകൊള്ളുന്നു. ഇനിയും ചിലർ ഒരു സ്വപ്നാനുഭവത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക്- ഈ പ്രത്യക്ഷലോകത്തിൽത്തന്നെ അലയുന്നു. എന്നാൽ തുലോം ചെറിയൊരു വിഭാഗം ആളുകൾ ഈ ലോക കാഴ്ച്ചയെന്നത് വെറും മായയാണെന്ന തിരിച്ചറിവോടെ, അനന്താവബോധം മാത്രമാണുണ്മയെന്നറിയുന്നു.

ഈ ബോധത്തിന്റെ പ്രഭാവത്താൽ ജീവനിൽ ലോകം പ്രകടമാവുന്നു. ജീവനുള്ളിൽ അനേകം ജീവനുകൾ അന്തമില്ലാതെ അന്തർലീനമായിരിക്കുന്നു. എപ്പോഴാണോ ഒരുവൻ ഈ സത്യത്തെ സാക്ഷാത്കരിക്കുന്നത് അപ്പോഴാണ്‌ അവൻ മുക്തനാകുന്നത്. അപ്പോൾ അവനിലെ സുഖാസക്തിക്കും ശമനമുണ്ടാകുന്നു. അതുമാത്രമാണ്‌ ജ്ഞാനത്തിന്റെ ലക്ഷണം. "ഭംഗിയായി വരച്ചു ചായമടിച്ച അമൃതിന്റെ കുംഭം അമൃതല്ല; ചിത്രപടത്തിലെ ജ്വാല അഗ്നിയല്ല; ചിത്രത്തിലെ സ്ത്രീ സ്ത്രീയല്ല; ഉന്നതമൂല്യങ്ങളുള്ള, വിജ്ഞാനദായിയായ വാക്കുകൾ വെറും വാക്കുകൾ മാത്രം- അവ വിജ്ഞാനമല്ല. ഈ വാക്കുകൾ മൂല്യവത്താവുന്നത് ആശകളുടേയും ക്രോധത്തിന്റെയും അഭാവത്താലാണ്‌.." 

Oct 16, 2012

159 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 159

ദൃശ്യം പശ്യൻ സ്വമാത്മാനം ന ദൃഷ്ടാ സമ്പ്രപശ്യതി
പ്രപഞ്ചാക്രാന്ത സംവിത്തേ: കസ്യോദേതി നിജാ സ്ഥിതി: (4/18/27)

വസിഷ്ഠൻ തുടർന്നു: രാമ: ഒരുവിത്തിനുള്ളിൽനിന്നും മരം ഉണ്ടാവുന്നത് ആ വിത്തിനെ നശിപ്പിച്ചിട്ടാണ്‌.. എന്നാൽ പരബ്രഹ്മം ലോകസൃഷ്ടി ചെയ്യുന്നത് സ്വയം നശിച്ചിട്ടല്ല. മരം (ലോകം) പ്രത്യക്ഷമാവുമ്പോൾത്തന്നെ വിത്ത് (ബ്രഹ്മം) മാറ്റമൊന്നുമില്ലാതെ നിലകൊള്ളുന്നു. അതുകൊണ്ട് യാതൊരുവിധത്തിലും ബ്രഹ്മത്തിനെ മറ്റൊരു വസ്തുവുമായും താരതമ്യം ചെയ്യുക വയ്യ. മരം, വിത്ത്, തുടങ്ങിയവയ്ക്ക് നിയതമായ നിർവ്വചനങ്ങളുണ്ടല്ലോ, എന്നാൽ ബ്രഹ്മം എന്നത് നാമ-രൂപ-രഹിതവും നിർവ്വചനാതീതവുമത്രേ. ഈ ബ്രഹ്മം തന്നെയാണ്‌ വൈവിദ്ധ്യമാർന്നവകളെ പ്രത്യക്ഷപ്പെടുത്തുന്നത്. എന്നാൽ മറ്റൊരുവിധത്തിൽ നോക്കിയാൽ അതിനു മാറ്റമൊന്നുമില്ല, അതു മറ്റൊന്നായി പരിണമിക്കുന്നില്ല, അത് ശാശ്വതമാണ്‌. അചലമാണ്‌..

അതിനാൽ ബ്രഹ്മത്തെക്കുറിച്ച് ആർക്കുമൊരു തത്വം പറയാനാവില്ല. ബ്രഹ്മമാണ്‌ ഇക്കാണായതെല്ലാമായത് എന്നോ ബ്രഹ്മമല്ല പ്രത്യക്ഷലോകമായത് എന്നോ പറയുക വയ്യ. “ആത്മാവിനെ ഒരു വസ്തുവായി ദർശിക്കുമ്പോൾ അവിടെ ദൃഷ്ടാവ് സാക്ഷാത്കരിക്കപ്പെടുന്നില്ല. വസ്തുപ്രപഞ്ചമെന്ന അനുഭവം ഉള്ളിടത്തോളം ഒരുവനിൽ ആത്മസാക്ഷാത്കാരം സാദ്ധ്യമല്ല.” മരുഭൂമിയിൽ കാനൽ ജലം കാണുമ്പോൾ അവിടെ ഉയരുന്ന ചൂടുകാറ്റിനെ നാം കാണുന്നില്ല. എന്നാൽ ചൂടുകാറ്റിനെപ്പറ്റി അറിയുന്നയാൾ കാനൽ ജലം കാണുന്നുമില്ല. ഒന്ന് സത്യമായിരിക്കുമ്പോള്‍ മറ്റേത് അങ്ങിനെയല്ല. ലോകത്തിലെ വസ്തുക്കളെ കാണുന്ന കണ്ണുകൾക്ക് സ്വയം കാണാൻ കഴിവില്ല. വസ്തുനിഷ്ടത എന്ന ധാരണ നിലനിൽക്കുമ്പോൾ ആത്മസാക്ഷാത്കാരം ഉണ്ടാവുകയില്ല.

ബ്രഹ്മം ആകാശം പോലെ സൂക്ഷ്മമാണ്‌.. യാതൊരു പരിശ്രമങ്ങൾ കൊണ്ടും അതിനെ സാക്ഷാത്കരിക്കുവാനാവില്ല. കാണപ്പെടുന്ന വസ്തുക്കൾ തന്നിൽ നിന്നും വിഭിന്നമാണെന്ന തോന്നൽ ഉള്ളിലുള്ളിടത്തോളം (ദൃഷ്ടിയും ദൃഷ്ടാവും വെവ്വേറെയെന്ന തോന്നൽ) ബ്രഹ്മസാക്ഷാത്കാരം അകലെത്തന്നെയാണ്‌..  ദൃഷ്ടിയും ദൃഷ്ടാവും തമ്മിലുള്ള ഈ അന്തരം ഇല്ലാതായി രണ്ടും ഒന്നായി ‘കാണുമ്പോൾ’ മാത്രമേ സത്യസാക്ഷാത്കാരം സാദ്ധ്യമാവൂ.

യാതൊരു വിഷയവും വിഷയത്തിൽ നിന്നും പരിപൂർണ്ണമായും വ്യത്യസ്ഥ സ്വഭാവമുള്ളതല്ല. വിഷയിയെ വിഷയമായി ‘കാണുക’ എന്നതും സാദ്ധ്യമല്ല. വാസ്തവത്തിൽ വിഷയി (ആത്മാവ്) വിഷയമായി (വസ്തുക്കൾ) കാണപ്പെടുകയാണ്‌. ഇതല്ലാതെ മറ്റുവിഷയങ്ങൾ ഇവിടെയില്ല. എന്നാൽ വിഷയി (ആത്മാവ്) മാത്രമേ ഉള്ളു എന്നു പറയുമ്പോൾ അത് വിഷയം ആവുന്നതെങ്ങിനെ? (വിഷയമില്ലാതെ വിഷയി ഇല്ലല്ലോ). ഇവിടെ വിഷയി-വിഷയ വിവേചനം ഇല്ല തന്നെ.

പഞ്ചസാര വിവിധ മധുരപലഹാരങ്ങളാവുന്നത് അതിന്റെ സഹജഭാവമായ മാധുര്യത്തിനു കോട്ടമൊന്നും ഉണ്ടാവാത്തവിധത്തിലാണ്‌..  അതുപോലെ ബ്രഹ്മം, അനന്താവബോധം, സ്വയം സങ്കല്‍പ്പിച്ചുണ്ടാക്കുന്ന അനന്തമായ വൈവിധ്യങ്ങൾ അതിന്റെ സഹജഭാവത്തെ മാറ്റുന്നില്ല. ഈ എണ്ണമില്ലാത്ത വൈജാത്യങ്ങൾ അനന്തമായിത്തന്നെ പ്രകടമായിക്കൊണ്ടിരിക്കുന്നു. 

Oct 15, 2012

158 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 158

നകാരണേ കരണാദിപരേ വാസ്തവാദികാരണേ
വിചാരണീയ: സാരോ ഹി കിമസാരവിചാരണൈ: (4/18/23)

വസിഷ്ഠൻ തുടർന്നു: രാമാ, ഈ സൃഷ്ടിയിൽ കാണുന്ന വൈജാത്യവും നാനാത്വവും വെറുമൊരു കാഴ്ച്ച മാത്രമാണ്‌.. പരിണാമങ്ങൾക്കെല്ലാം ഒരേയൊരു അനന്താവബോധം മാത്രമേ അതിന്റെ കാരണവും ലക്ഷ്യവുമായി ഉള്ളൂ. അനന്താവബോധത്തിൽ പ്രകടമാവുന്ന ധാരണകൾക്കനുസരിച്ച്, പരിണാമസമയത്ത് ആ ബോധത്തിൽ നാനാത്വം ഉള്ളതായി തോന്നുന്നു. ഈ ധാരണകളിൽ ചിലവ കൂട്ടുചേർന്ന് അസംഖ്യം വൈവിദ്ധ്യമായ കാഴ്ച്ചകളെ പ്രകടമാക്കുന്നു. മറ്റു ചിലവ കൂട്ടുചേരാതെ നിലകൊള്ളുന്നു. വാസ്തവത്തിൽ ഓരോ അണുക്കളിലും ഇത്തരം ധാരണകൾ ഉണ്ട്. ഈ അണുക്കളാകട്ടെ ഒന്നിൽനിന്നു മറ്റൊന്ന് സ്വതന്ത്രവുമാണ്‌..

എല്ലാറ്റിന്റേയും ആകെത്തുകയാണ്‌ ബ്രഹ്മം. ഒരു വ്യക്തി അവന്റെ മനസ്സിനുള്ളിൽ രൂഢമൂലമായിരിക്കുന്ന വസ്തുക്കൾ മാത്രമേ കാണുന്നുള്ളു. മനസ്സിലെ ആശയങ്ങള്‍ക്ക് ഫലപ്രാപ്തിയില്ലാതാകുമ്പോൾ മനസ്സിൽ മാറ്റങ്ങളുണ്ടാവുന്നു. ഈ മാനസീക വ്യതിയാനങ്ങൾക്കനുസൃതമായി  ജീവന്‍ തുടർച്ചയായി ജന്മങ്ങളെടുക്കുന്നു. ഈ മാനസീക ബന്ധമാണ്‌ ജനന മരണങ്ങളും ശരീരങ്ങളും യാഥാർത്ഥ്യമാണെന്ന മിഥ്യാധാരണകൾക്കടിസ്ഥാനം. ഈ തെറ്റിദ്ധാരണകൾ നീങ്ങിയാൽപ്പിന്നെ ശരീരമെടുത്ത് ജീവന്‌ അനുഭവം നേടേണ്ടതില്ല. മറവിയാണ്‌ അസത്തിനെ സത്തായി ധരിക്കാനിടയാക്കുന്ന ചിന്താക്കുഴപ്പങ്ങൾക്കു കാരണം. പ്രാണശക്തിയെ സംശുദ്ധമാക്കുന്നതിലൂടെയും അതിനുമപ്പുറമുള്ള അറിവിനെ സ്വായത്തമാക്കുന്നതിലൂടെയും ഒരുവൻ താൻ അറിയേണ്ടതായ എല്ലാ അറിവുകളും ആർജ്ജിക്കുന്നു. മനോവ്യാപാരങ്ങളെപ്പറ്റിയും പുനർജന്മങ്ങളുടെ ഗതിവിഗതികളെപ്പറ്റിയും ഇങ്ങിനെ അറിവുറയ്ക്കുന്നു.

എല്ലാ ജീവികളുടെ ആത്മാക്കളും മൂന്നവസ്ഥകൾ കടന്നുപോവുന്നു. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി. ഇവയ്ക്ക് ശരീരവുമായി ബന്ധമൊന്നുമില്ല. ജീവജാലങ്ങൾ ഒരേയൊരാത്മാവിൽ നിലകൊള്ളുന്നു എന്ന തെറ്റായ അനുമാനങ്ങൾക്കനുസൃതമായാണിത് പറയുന്നത്. ഇതു പരമസത്യമല്ല. ജ്ഞാനി സുഷുപ്തി അവസ്ഥയ്ക്കുമപ്പുറമുള്ള ശുദ്ധബോധത്തിൽ എത്തുന്നു. അതായത് എല്ലാറ്റിന്റേയും ഉറവയായ അനന്താവബോധത്തിൽ വിരാജിക്കുന്നു. അജ്ഞാനിയോ, ജീവചക്രത്തിൽ ഉഴന്നുകൊണ്ടേയിരിക്കുന്നു.

ബോധം അനന്തമായതുകൊണ്ട് ഒരു ജീവചക്രത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക് ഒരുവൻ നയിക്കപ്പെടുന്നു. അതിന്‌ ലോകമെന്ന അതിർത്തിയില്ല. ഇഹലോകത്തിനപ്പുറത്തേയ്ക്കും ഈ യാത്ര തുടരുന്നു. ഇങ്ങിനെയുള്ള സൃഷ്ടികൾക്ക് അവസാനമില്ല. വാഴത്തണ്ടിൽനിന്നും മറ്റൊരു വാഴക്കന്നു കിളിർക്കുമ്പോലെ ഒന്നിനുള്ളിൽ ചിലപ്പോൾ മറ്റൊന്നുണ്ടാവുന്നു. എന്നാൽ പരബ്രഹ്മത്തെ മറ്റൊന്നുമായി താരതമ്യപ്പെടുത്തുന്നത് ജ്ഞാനികൾക്കു ചേർന്നതല്ല.

എല്ലാ പ്രപഞ്ചപദാർത്ഥങ്ങൾക്കും ‘അകാരണ കാരണമായ’ ആ ഒന്നിനെപ്പറ്റി ഒരുവൻ അന്വേഷിക്കണം. അത് എല്ലാ കാരണാന്വേഷണങ്ങൾക്കും അതീതമാണെങ്കിലും അതുമാത്രമേ ധ്യാനയോഗ്യമായുള്ളു. അതുമാത്രമാണ്‌ ആവശ്യമുള്ളതായ ഒരേ ഒരു വസ്തു. അനാവശ്യമായ മറ്റ് വസ്തുക്കളെപ്പറ്റി അന്വേഷിച്ച് വിലപ്പെട്ട സമയം നാം വ്യർത്ഥമാക്കുന്നതെന്തിന്‌? 

Oct 14, 2012

157 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 157

പ്രതിഭാസവശാദസ്തി  നാസ്തി വസ്ത്വവലോകനാത്
ദീർഘസ്വപ്നോ ജഗജ്ജാലമാലാനം ചിത്തദന്തിന: (4/17/18)

രാമൻ ചോദിച്ചു: മഹർഷേ, ശുക്രൻ സ്വർഗ്ഗത്തിൽ പോകണമെന്നാഗ്രഹിച്ചത് അപ്രകാരം തന്നെ നിറവേറിയല്ലോ. എന്നാൽ മറ്റുള്ളവരുടെ ആഗ്രഹങ്ങൾ എന്തുകൊണ്ടാണ്‌ അതുപോലെ  നടപ്പിലാവാത്തത്?

വസിഷ്ഠൻ പറഞ്ഞു: ശുക്രന്റെ മനസ്സ് അതീവ നിർമ്മലമായിരുന്നു. അത് അദ്ദേഹത്തിന്റെ ആദ്യജന്മമായിരുന്നതിനാൽ പൂർവ്വജന്മവാസനകളാകുന്ന കളങ്കങ്ങളൊന്നും അദ്ദേഹത്തിന്റെ മനസ്സിനു ഭാരമുണ്ടാക്കിയിരുന്നില്ല. എല്ലാ ആശകളും അടങ്ങിയ മനസ്സ് നിർമ്മലമത്രേ. അങ്ങിനെയുള്ള ശുദ്ധമനസ്സ് ഇച്ഛിക്കുന്നതെന്തും സാധിതമാകുന്നു. ശുക്രനാൽ സാധിച്ച ഇക്കാര്യം ആർക്കും നേടാവുന്നതേയുള്ളു.

ഒരോ ജീവനിലും ഈ ലോകമൊരു വിത്തുപോലെ എല്ലാ സാദ്ധ്യതകളും ഉള്ളിലടങ്ങി നിലനിൽക്കുന്നു. പിന്നീട് അതിനൊരു മുളപൊട്ടി വൃക്ഷമായി പടർന്നു പന്തലിച്ചു  പ്രകടമാവുന്നു. ഇപ്രകാരം ഓരോരുത്തരം അവരവരുടെ ഭാവനയ്ക്കനുസരിച്ച് ലോകത്തെ സൃഷ്ടിക്കുന്നു. വാസ്തവത്തിൽ ലോകം ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല. അതെല്ലാം വിഭ്രാന്തമനസ്സിന്റെ ഭാവന മാത്രം. നമ്മിലെല്ലാം ഭാവനയുടെ ഒരു ലോകമുണ്ട്. ഒരാളുടെ സ്വപ്നം അന്യർക്ക് അറിയാത്തതുപോലെ അയാളുടെ ലോകവും മറ്റുള്ളവർക്ക് അറിയാനാവില്ല.

ദേവതമാർ, അസുരന്മാർ എന്നുവേണ്ട ഭൂതപിശാചുക്കളുമെല്ലാം മനസ്സിന്റെ മോഹവിഭ്രാന്തികൾ ഉടലെടുത്തുണ്ടാവുന്നവയാണ്. നമ്മളും അങ്ങിനെ ജനിച്ചതാണു രാമാ. ശുദ്ധചിത്തത്തിൽ നിന്നും ഉണ്ടായതെങ്കിലും ജീവികൾ അസത്തിനെ സത്തായി ധരിക്കുന്നു. അനന്താവബോധത്തിലെ സൃഷ്ടിയുടെ ഉദ്ഭവം ഇങ്ങിനെയാണ്‌.. വസ്തുക്കൾ യാഥാർത്ഥ്യമല്ലെങ്കിലും ശൂന്യതയിൽ അത് യാഥാർത്ഥ്യമാണെന്നു കരുതപ്പെടുന്നു. എല്ലാവരും അവരവരുടെ ലോകം ഭാവനയിൽ കാണുന്നു. എന്നാൽ സത്യസാക്ഷാത്കാരത്തോടെ ഈ ലോകമെല്ലാം അവസാനിക്കും.

“ഈ ലോകം പ്രകടമായി നിലകൊള്ളുന്നത് പദാർത്ഥങ്ങളെ, വസ്തുക്കളെ നാം  കാണുന്നതുകൊണ്ടല്ല. ഭാവനയിലും കാഴ്ച്ചയിലും മാത്രമാണ്‌. അതുള്ളത്. അത് നീണ്ടൊരുസ്വപ്നമോ ജാലവിദ്യക്കാരന്റെ കൺകെട്ടുവിദ്യയോ പോലെയാണ്‌... മനസ്സാകുന്ന ആനയെ കെട്ടിയിട്ട സ്തംഭമാണത്.” മനസ്സാണ്‌ ലോകം. ലോകമാണു മനസ്സ്. അവയിൽ ഒന്നിന്റെ സത്യാവസ്ഥ- അയാഥാർത്ഥ്യമാണെന്ന സത്യം- അറിഞ്ഞാൽ മറ്റേതിന്റെ സത്യവും അറിഞ്ഞു. അതായത് രണ്ടും ഇല്ലാതാവുന്നു. മനസ്സ് ശുദ്ധമാവുമ്പോൾ അതിൽ സത്യം പ്രതിഫലിക്കുന്നു. അയാഥാർത്ഥ്യമായ ലോകമെന്ന ഈ കാഴ്ച്ച അങ്ങിനെ ഇല്ലാതാകുന്നു. നിരന്തരമായ ധ്യാനംകൊണ്ട് മനസ്സിനെ ശുദ്ധമാക്കാം.

രാമൻ ചോദിച്ചു: എങ്ങിനെയാണ്‌ ശുക്രന്റെ മനസ്സിൽ തുടർച്ചയായുള്ള ജന്മങ്ങൾ ഭാവനയായുദിച്ചത്?

വസിഷ്ഠൻ പറഞ്ഞു: ശുക്രന്റെ അച്ഛൻ ഭൃഗുമഹർഷി അദ്ദേഹത്തെ ജീവന്റെ പുനർജന്മങ്ങളെപ്പറ്റി പഠിപ്പിച്ചിരുന്നു. ആ പഠനം ശുക്രന്റെ മനസ്സിൽപ്പതിഞ്ഞ് പിന്നീടത് വാസനകളായും ഉപാധികളായും പരിണമിച്ചു. എല്ല ഉപാധികളുമൊഴിഞ്ഞു ശുദ്ധീകരിച്ച മനസ്സിലേ പരിപൂർണ്ണമായ പരിശുദ്ധി വീണ്ടും സംജാതമാവുകയുള്ളു. ഈ ശുദ്ധമനസ്സാണ്‌ മുക്തിപദമനുഭവിക്കുന്നത്. 

Oct 13, 2012

156 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 156

മത്പുത്രോയമിതി സ്നേഹോ ഭൃഗുമപ്യഹരത്തദാ
പരമാത്മീയതാ ദേഹേ യാവദാകൃതിഭാവിനീ (4/16/18)

വസിഷ്ഠൻ തുടർന്നു: യുവമുനിയായ വാസുദേവൻ തന്റെ പൂർവ്വജന്മശരീരത്തിന്റെ ഇപ്പോഴത്തെ സ്ഥിതികണ്ട് വിലപിക്കവേ കാലദേവൻ (യമൻ) വസുദേവശരീരത്തിലുള്ള ശുക്രനോടായി ഇങ്ങിനെ പറഞ്ഞു: അല്ലയോ ഭൃഗുപുത്രാ ഒരു രാജാവ് തന്റെ സാമ്രാജ്യത്തിലേയ്ക്ക് പുന:പ്രവേശനംചെയ്യുന്നതുപോലെ നിന്റെ ഈ ശരീരമുപേക്ഷിച്ച് മറ്റേ ശരീരത്തിൽ കയറിയാലും. ശുക്രന്റെ ആ ശരീരമുപയോഗിച്ച് വീണ്ടും തപസ്സനുഷ്ഠിക്കണം. അങ്ങിനെ അസുരവംശത്തിന്റെ അത്മീയ ഗുരുസ്ഥാനമേറ്റെടുക്കുകയും വേണം. ഈ യുഗമവസാനിക്കുമ്പോൾ അങ്ങേയ്ക്ക് ഈ ശരീരം പോലും ഉപേക്ഷിക്കാം. പിന്നീട് ഒരിക്കലും ശരീരമെടുക്കേണ്ടിവരികയില്ല. ഇത്രയും പറഞ്ഞ് യമൻ അവിടെനിന്നും അപ്രത്യക്ഷമായി.

ശുക്രൻ സാമംഗാ നദിക്കരയിൽ തീവ്രതപസ്സനുഷ്ഠിച്ചിരുന്ന തന്റെ വാസുദേവനായുള്ള ശരീരത്തെ ഉപേക്ഷിച്ച് ശുക്രന്റെ ജീർണ്ണിച്ച ദേഹത്തിലേയ്ക്ക്, ഭൃഗുപുത്രനായി കൂടുമാറി. ആ ക്ഷണത്തിൽ വാസുദേവന്റെ ശരീരം വെട്ടിയിട്ട മരം പോലെ ശവമായി നിലത്തു വീണു. ഭൃഗു മഹർഷി തന്റെ കമണ്ഡലുവിൽ നിന്നും ദിവ്യജലമെടുത്ത് മന്ത്രജപങ്ങളോടെ ശുക്രന്റെ ജീർണ്ണദേഹത്തിൽ തളിച്ചു. ശരീരത്തെ മാംസാദികളായ വസ്ത്രങ്ങളുടുപ്പിച്ച് പുനരുദ്ധരിക്കാൻ ശക്തിയുള്ള മന്ത്രങ്ങളായിരുന്നു അദ്ദേഹമുച്ചരിച്ചത്. ആ ശരീരത്തിന്‌ പഴയപോലെ യൗവ്വനവും തേജസ്സും തിരികെ കിട്ടി. ധ്യാനാസനത്തിൽ നിന്നും എഴുന്നേറ്റ ശുക്രൻ മുന്നിൽ നിൽക്കുന്ന പിതാവിനെ സാഷ്ടാംഗം നമസ്കരിച്ചു. ഭൃഗുമുനി ആളാദത്തോടെ പുഞ്ചിരിതൂകി മരണത്തിൽ നിന്നും തിരികെവന്ന മകനെ ഗാഢമായി ആലിംഗനം ചെയ്തു.

“ഇതാ എന്റെ മകൻ എന്ന സ്നേഹഭാവം ഭൃഗുവിൽ തീവ്രമായി അങ്കുരിച്ചു. ശരീരബോധമുള്ളിടത്തോളം ഇതു സഹജമാണ്‌.” രണ്ടാളും ഈ പുന:സമാഗമത്തിൽ സന്തോഷചിത്തരായി. പിന്നീടവർ 'വാസുദേവൻ എന്ന ബ്രാഹ്മണകുമാരന്റെ' ശരീരത്തെ ദഹിപ്പിച്ച് വേണ്ടരീതിയിൽ കർമ്മങ്ങൾ അനുഷ്ഠിച്ചു. ജ്ഞാനികൾ സമൂഹത്തിലെ നിയതകർമ്മങ്ങളേയും പാരമ്പര്യങ്ങളേയും ബഹുമാനിക്കുന്നവരത്രേ. സൂര്യചന്ദ്രന്മാരെപ്പോലെ അവര്‍ രണ്ടുപേരും ഭാസുരപ്രഭയാർന്നു നിലകൊണ്ടു. ലോകത്തിന്റെ മുഴുവൻ ആത്മീയഗുരുക്കളായി അവർ വിശ്വം മുഴുവൻ സഞ്ചരിച്ചു. ആത്മവിദ്യയിൽ അടിയുറച്ചിരുന്നതിനാൽ അവരെ സ്ഥലകാലവ്യതിയാനങ്ങൾ ബാധിച്ചതേയില്ല. കാലക്രമത്തിൽ ശുക്രൻ അസുരവംശത്തിന്റെ ഗുരുവായി. ഭൃഗുമുനി പരമവിജ്ഞാനത്തിന്റെ ഉത്തുംഗത്തിൽ വിരാജിക്കുന്ന ഋഷിവര്യനായി.

ഇതാണ്‌ ഒരപ്സരസ്സിനെ കണ്ടു മോഹിച്ചതിന്റെ ഫലമായി അനേകം യോനികളിൽ ജനിച്ച് അലയേണ്ടിവന്ന ശുക്രന്റെ കഥ. 

Oct 12, 2012

155 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 155

ജ്ഞാനസ്യ ച ദേഹസ്യ യാവദ്ദേഹമയം ക്രമ:
ലോകവദ്വ്യവഹാരോയം സക്ത്യാസക്ത്യാധവാ സദാ (4/15/35)

വസിഷ്ഠൻ തുടർന്നു: ഭൃഗുപുത്രനായ ശുക്രന്റെ ജീർണ്ണിച്ചുവരണ്ട ദേഹമിരിക്കുന്നയിടത്ത് അവരെത്തി. അതുകണ്ട് ശുക്രൻ വിലപിച്ചു: ദേവകന്യകകളും അപ്സരസ്സുകളും പുകഴ്ത്തി ബഹുമാനിച്ചിരുന്ന ദേഹമിതാ കൃമികീടങ്ങളുടെ വാസസ്ഥലമായിരിക്കുന്നു. ചന്ദനം പൂശിയിരുന്ന ദേഹമിപ്പോൾ പൊടിമൂടിയിരിക്കുന്നു. ശരീരമേ! നീയിപ്പോൾ ശവമെന്നാണറിയപ്പെടുന്നത്. ഭയാനകമാണെനിക്ക് ഈ കാഴ്ച്ച. വന്യമൃഗങ്ങൾക്കുപോലും ഭയം ജനിപ്പിക്കുന്നു ഈ ദൃശ്യം. എല്ലാ ഇന്ദ്രിയചോദനകളും ഒഴിഞ്ഞ് ആശയങ്ങളുടേയും ചിന്തകളുടേയും കെട്ടുപാടുകൾ തീണ്ടാതെ ഈ ശരീരം സർവ്വതന്ത്രസ്വതന്ത്രമായിരിക്കുന്നു. മനസ്സെന്ന പിശാചിൽ നിന്നു മുക്തമായി പ്രകൃതിദുരിതങ്ങൾപോലും ബാധിക്കാത്ത അവസ്ഥയിലാണത്. മനസ്സെന്ന കുരങ്ങന്റെ വികൃതികളെല്ലാം ഒഴിഞ്ഞ് ശരീരമെന്ന ഈ മരം വേരോടെ കടപുഴകിയിരിക്കുന്നു. ഇവിടെയീ ഘോരവിപിനത്തിൽ ദു:ഖവിമുക്തമായ ഈ ശരീരം കാണാനിടയായത് എന്റെ സൗഭാഗ്യമത്രേ.

രാമൻ ചോദിച്ചു: മഹാത്മൻ, ശുക്രൻ എണ്ണമറ്റ ജന്മങ്ങളിലൂടെ കടന്നുപോയി എന്നു പറഞ്ഞല്ലോ. പിന്നെയെന്താണ്‌ ഭൃഗുപുത്രന്റെ രൂപത്തിലുള്ള ഈ ശരീരദർശനമാത്രയിൽ അതിന്റെ നിയോഗങ്ങളെപ്പറ്റി വിലപിച്ചത്?

വസിഷ്ഠൻ പറഞ്ഞു: അതിനു കാരണം, മറ്റു ജന്മങ്ങളും ശരീരങ്ങളുമെല്ലാം ശുക്രന്റെ മനോവിഭ്രാന്തിമാത്രമായിരുന്നു. ഭൃഗുപുത്രനായ ശുക്രനുണ്ടായ വിഭ്രാന്തികൾ. കഴിഞ്ഞയുഗാവസാനത്തിൽ അനന്താവബോധത്തിന്റെ ഇച്ഛപ്രകാരം ജീവാത്മാവ് ഭക്ഷണരൂപത്തിൽ ഭൃഗുമുനിയിൽ പ്രവേശിച്ചതാണ്‌ ശുക്രനെന്ന പുത്രനായി ജന്മമെടുത്തത്. ആ ജന്മത്തിലാണ്‌ അദ്ദേഹം ബ്രാഹ്മണകുമാരനനുയോജ്യമായ യാഗകർമ്മാദികൾ ചെയ്തത്. പിന്നെന്തുകൊണ്ടാണ്‌ ഇപ്പോൾ വാസുദേവനായിരിക്കുന്ന ശുക്രൻ ആ ദേഹം കണ്ട് ദു:ഖിച്ചത്?   "ഒരുവൻ ജ്ഞാനിയാണെങ്കിലും അജ്ഞാനിയാണെങ്കിലും ശരീരത്തിന്റെ ധർമ്മം, പ്രകൃതിനിയമം, തെറ്റാതെ മുറപോലെ നടക്കും. ശരീരമെടുത്ത വ്യക്തിത്വം ലോകോചിതമായി, സക്തിയോടെയോ അനാസക്തിയോടെയോ ലോകത്തിൽ വർത്തിക്കും." രണ്ടും തമ്മിലുള്ള വ്യത്യാസം മനോനിലയെ ആശ്രയിച്ചിരിക്കുന്നു. ജ്ഞാനിക്ക് അനുഭവങ്ങൾ മുക്തിപ്രദായകമാണ്‌.. അജ്ഞാനിക്കോ, അവ ബന്ധഹേതുവുമാണ്‌..

ശരീരമുണ്ടോ, വേദന വേദനാജനകവും, സുഖാനുഭവം സുഖദായകവുമാണ്‌..  ജ്ഞാനിക്ക് രണ്ടിലും ആസക്തിയില്ല. ദു:ഖത്തിൽ വിലപിച്ചും സുഖത്തിൽ സന്തോഷിച്ചും ജ്ഞാനി ഒരജ്ഞാനിയേപ്പോലെ പെരുമാറിയാലും അയാളുടെ പ്രബോധാവസ്ഥയിൽ മാറ്റമില്ല. ആരൊരാളുടെ ഇന്ദ്രിയങ്ങൾ സ്വതന്ത്രം, എന്നാൽ കർമ്മേന്ദ്രിയങ്ങൾ നിയന്ത്രണാധീനം ആണെങ്കിൽ അയാൾ മുക്തനത്രേ. എന്നാൽ ആരൊരാളുടെ ഇന്ദ്രിയങ്ങൾ നിയന്ത്രിതമെങ്കിലും കർമ്മേന്ദ്രിയങ്ങൾ നിയന്ത്രണമില്ലാത്തതാണെങ്കിൽ അയാൾ ബന്ധനത്തിലാണ്‌..

ജ്ഞാനിക്ക് സമൂഹത്തിൽനിന്ന് ഒന്നും നേടുവാനില്ലെങ്കിലും അയാളുടെ പെരുമാറ്റം ഉചിതമായിരിക്കും. രാമ: നീ സ്വയം നിർമ്മലമായ അനന്താവബോധമാണെന്ന അറിവിന്റെ നിറവിൽ എല്ലാ ആസക്തികളും ഉപേക്ഷിക്കൂ.  എന്നിട്ട് ചെയ്യേണ്ടതെല്ലാം ഭംഗിയായി ചെയ്തുതീർക്കൂ. 

Oct 11, 2012

154 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 154

യോ ന ശാസ്ത്രേണ തപസാ ന ജ്ഞാനേനാപി വിദ്യയാ
വിനഷ്ടോ മേ മനോ മോഹ: ക്ഷീണോസൗ ദർശനേന വാം (4/14/31)

വസിഷ്ഠൻ തുടർന്നു: രാമ: ഭൃഗു മഹർഷിയും കാലദേവനായ യമനും സാമംഗാ നദിക്കരയിലേയ്ക്ക് പുറപ്പെട്ടു. അവർ ആകാശമാർഗ്ഗേ മന്ദാര പർവ്വതമുകളിലെത്തിയപ്പോൾ ഉത്തമരും പ്രബുദ്ധരുമായ മാമുനിമാർ വാഴുന്ന വനപ്രദേശങ്ങൾ കണ്ടു. ഗജവീരന്മാർ അവിടെ മേഞ്ഞു നടക്കുന്നു. അപ്സരസ്സുകൾ പ്രബുദ്ധരായ ഋഷിപുംഗവന്മാരുടെമേൽ കളിയായി പുഷ്പവൃഷ്ടി നടത്തുന്നു. വനത്തിൽ വാഴുന്ന സന്യാസികളേയും അവരവിടെ കണ്ടു. ഗ്രാമപ്രദേശങ്ങളും പട്ടണങ്ങളുമുള്ള ഒരിടത്ത് അവർ ഇറങ്ങി. താമസിയാതെ അവർ സാമംഗ നദിക്കരയിലെത്തിച്ചേർന്നു.

ഭൃഗുമുനി അവിടെ തന്റെ പുത്രനെ മറ്റൊരു ശരീരത്തില്‍ ജീവിക്കുന്നതായി കണ്ടു. തികച്ചും വേറെയൊരു രൂപഭാവവും സ്വഭാവവും. അദ്ദേഹത്തിന്റെ പ്രശാന്തമായ മനസ്സ് പ്രബുദ്ധതയിൽ നിമഗ്നമായിരിക്കുന്നു. പ്രപഞ്ചജീവികളെക്കുറിച്ചുള്ള തീവ്രധ്യാനത്തിൽ അവരുടെ നിയോഗങ്ങളെക്കുറിച്ചുള്ള ചിന്തയിൽ അദ്ദേഹം മുഴുകിയിരിക്കുന്നു. ചൈതന്യവാനായ ഈ യുവാവ് മനശ്ശാന്തിയുടെ പരമപദത്തിലെത്തി ചിന്തകളും പ്രതിചിന്തകളുമവസാനിച്ചവനായിരിക്കുന്നു. നിർമ്മലമായൊരു സ്ഫടികമെന്നപോലെ തനിക്കുചുറ്റുമുള്ള യാതൊന്നിനേയും പ്രതിഫലിപ്പിക്കാൻ താൽപ്പര്യപ്പെടാതെ അയാളിരിക്കുന്നു. ‘ഇതെനിയ്ക്കു നേടണം’ അല്ലെങ്കിൽ 'ഇതെനിയ്ക്കു വർജ്ജ്യമാണ്‌' എന്നും മറ്റുമുള്ള യാതൊരു ചിന്തകളും അവനെ അലട്ടുന്നില്ല.

യമരാജന്‍ യുവാവിനെ ചൂണ്ടിക്കാട്ടി ഭൃഗുവിനോടിങ്ങിനെ പറഞ്ഞു: ഇതാ അങ്ങയുടെ പുത്രൻ. ‘എഴുന്നേൽക്കുക’ എന്ന വാക്കുകേട്ട ശുക്രൻ കണ്ണുതുറന്നു. ഭാസുരപ്രഭയാർന്ന രണ്ടുപേരെ മുന്നിക്കണ്ട ശുക്രൻ അവരെ ഉപചാരപൂർവ്വം ഒരു പാറമേൽ സ്വീകരിച്ചിരുത്തി. സൗമ്യമധുരമായി അദ്ദേഹമവരോടു പറഞ്ഞു: അല്ലയോ ദിവ്യന്മാരേ നിങ്ങളുടെ ദർശനത്താൽ ഞാൻ അനുഗൃഹീതനായിരിക്കുന്നു. “നിങ്ങളുടെ ദർശനം കിട്ടിയപ്പോൾത്തന്നെ എന്നിലെ മോഹങ്ങളെല്ലാം നശിച്ചിരിക്കുന്നു. ഈ മോഹവിഭ്രാന്തികൾ ഇല്ലാതാക്കാൻ വേദപഠനംകൊണ്ടോ തപശ്ചര്യകൾ കൊണ്ടോ ജ്ഞാനംകൊണ്ടോ സാദ്ധ്യമല്ല തന്നെ. അമൃതിന്റെ മഴപോലും മഹാത്മാക്കളുമായുള്ള സത്സംഗത്തിനോളം അനുഗ്രഹപ്രദമല്ല. നിങ്ങളുടെ പാദസ്പർശമേറ്റ മണ്ണുപോലും ദിവ്യമത്രേ.

ഭൃഗുമഹർഷി പറഞ്ഞു: നീ പ്രബുദ്ധനാണല്ലോ. അജ്ഞാനിയല്ലാത്തതിനാൽ നിനക്ക് എല്ലാം ഓർമ്മിക്കുവാനാകും. ഉടനേ തന്നെ ശുക്രന്‌ തന്റെ പൂർവ്വസ്ഥിതിയെപ്പറ്റി സ്മരണയുണ്ടായി. കണ്ണടച്ച് ധ്യാനനിമഗ്നനായി അതദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്തു.

ശുക്രൻ പറഞ്ഞു: നോക്കൂ, ഞാൻ അനവധി രൂപങ്ങളെടുത്തു . അവയിലൂടെ അനേകം സുഖദു:ഖാനുഭവങ്ങളിലൂടെ കടന്നുപോയി. ജ്ഞാനവും മോഹവും അനുഭവിച്ചു. ഞാനൊരു ദുഷ്ടരാജാവായിരുന്നു. അത്യാഗ്രഹിയായ കച്ചവടക്കാരനായിരുന്നു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഒരവധൂതനുമായിരുന്നു ഞാന്‍. ഞാനനുഭവിക്കാത്ത സുഖങ്ങളൊന്നുമില്ല. ഞാൻ ചെയ്യാത്ത കർമ്മങ്ങളില്ല. സന്തോഷവും ദു;ഖവും ഞാനനുഭവിക്കാത്തതായി വേറെയില്ല. ഇപ്പൊൾ ഞാനൊന്നിനും വേണ്ടി ആഗ്രഹിക്കുന്നില്ല. പ്രകൃതി അതിന്റെ വഴിക്കു നീങ്ങട്ടെ. പിതാവേ വന്നാലും; എന്റെ പഴയ ശരീരം വരണ്ടുണങ്ങിക്കിടക്കുന്നയിടത്തേയ്ക്ക് നമുക്ക് പോകാം.

Oct 10, 2012

153 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 153

സ്വയ വാസനയാ ലോകോ യദ്യത്കർമ്മ കരോതി യ:
സ തഥൈവ തദാപ്നോതി നേതരസ്യേഹ കര്‍തൃതാ (4/13/11)

കാലം (യമരാജന്‍) തുടർന്നു: അല്ലയോ മഹർഷേ, ദേവന്മാരും അസുരന്മാരും മനുഷ്യരും എല്ലാം ബ്രഹ്മം എന്നറിയപ്പെടുന്ന അനന്താവബോധത്തിൽ നിന്നും വേറിട്ട ഒന്നല്ല. ഇതു മാത്രമാണു സത്യം. മറ്റെല്ലാ അവകാശവാദങ്ങളും തെറ്റാണ്‌...  ദേവതകളും മറ്റും ‘ഞാൻ പരബ്രഹ്മമല്ല’ എന്ന  തെറ്റിദ്ധാരണയ്ക്കു വശംവദരായി സ്വയം അശുദ്ധിയാരോപിച്ച് താഴോട്ടുപതിക്കുന്നതായി സങ്കൽപ്പിക്കുന്നു. അവരും അനന്താവബോധത്തിൽത്തന്നെയാണ്‌.... എങ്കിലും സ്വയം അതില്‍ നിന്നും വിഭിന്നരാണെന്ന മതിഭ്രമത്തിലാണവർ എന്നുമാത്രം.

നിത്യശുദ്ധരായവർ സ്വയമേവ തങ്ങളിൽത്തന്നെ അശുദ്ധി ആരോപിക്കുന്നതാണ്‌ അവരുടെ കർമ്മങ്ങൾക്കും അവയുടെ പരിണിതഫലങ്ങളായ സന്തോഷം, സന്താപം, അജ്ഞാനം, പ്രബുദ്ധത എന്നിവയ്ക്കെല്ലാം ബീജമാവുന്നത്. ഈ ജീവികളിൽ ചിലർ ശിവനെപ്പോലെയും വിഷ്ണുവിനെപ്പോലെയും ശുദ്ധരത്രേ. മനുഷ്യരേയും ദേവന്മാരെപ്പോലെയും അല്പം കളങ്കപ്പെട്ടവരാണ്  മറ്റൊരുകൂട്ടർ. മരങ്ങളും ചെടികളും കട്ടിപിടിച്ച മോഹത്താൽ ബന്ധിതരാണ്‌.. മറ്റുചിലർ പുഴുക്കളെപ്പോലെ അജ്ഞാനബന്ധനത്തിലാണ്‌...  ചിലർ ജ്ഞാനത്തിൽ നിന്നും വളരെ അകലെയാണ്‌...   കുറച്ചുപേർ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെപ്പോലെ പ്രബുദ്ധരും മുക്തിയാർജ്ജിച്ചവരുമാണ്‌..

ഇങ്ങിനെ അജ്ഞതയുടേയും മോഹവിഭ്രമങ്ങളുടേയും ചക്രത്തിൽ ചുറ്റുന്നതിനിടയ്ക്ക് പരമസത്യത്തിന്റെ, ജ്ഞാനത്തിന്റെ പടിയിൽ ഒന്നു ചവിട്ടാനിടയായാൽ അവൻ ക്ഷണത്തിൽ മുക്തനായി. ഇവരിൽ മരങ്ങളെപ്പോലെ വേരുറച്ച അജ്ഞതയ്ക്കടിമയാവാത്തവർ, എന്നാൽ മോഹവലയത്തിൽനിന്നുമിനിയും പുറത്തു വരാത്തവർ, അന്വേഷണപാതയിൽ വേദഗ്രന്ഥങ്ങളെയും സദ്ഗുരുക്കളേയും ആശ്രയിക്കേണ്ടതാണ്‌..  ഈ വേദഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളത് പ്രബുദ്ധരാണ്‌..  നികൃഷ്ട ജീവിതമുപേക്ഷിച്ച് മലിനചോദനകൾ ഇല്ലാതെയായവരും അവിദ്യയുടെ നിദ്രയിൽനിന്നുമുണർന്നവരുമായ സാധകർക്കു മാർഗ്ഗനിർദ്ദേശം നൽകുവാനാണ്‌ ഈ മഹദ് ഗ്രന്ഥങ്ങൾ. ഇത്തരം സാധകർക്ക് അവയിൽ സഹജമായ താൽപ്പര്യം ഉണ്ടാവും.

മഹർഷേ, മനസ്സാണ്‌ സുഖദു:ഖങ്ങൾ അനുഭവിക്കുന്നത്. ശരീരമല്ല. ശരീരമെന്നത് മനസ്സിന്റെ സങ്കൽപ്പങ്ങളുടെ ഫലമാണ്‌..  മനസ്സുമായി വേറിട്ട് ശരീരത്തിന്‌ അസ്തിത്വമില്ല. അങ്ങയുടെ പുത്രൻ മനസ്സിൽ സങ്കൽപ്പിച്ചത് അനുഭവിച്ചു. ഞങ്ങൾക്കതിൽ യാതൊരുത്തരവാദിത്തവുമില്ല. എല്ലാ ജീവികൾക്കും അവരവരുടെ ഉള്ളിലങ്കുരിക്കുന്ന സാദ്ധ്യതകൾക്കും കഴിവുകൾക്കുമനുസരിച്ചുള്ള കർമ്മങ്ങളാണ്‌ സ്വായത്തമാക്കാൻ കഴിയുക. മറ്റ് ആർക്കുമതിൽ പങ്കില്ല. അതിമാനുഷർക്കും, ദൈവങ്ങൾക്കും അതിന്റെ ഗതിമാറ്റാൻ ആവില്ല. വരൂ, നമുക്ക് അങ്ങയുടെ മകൻ തപസ്സുചെയ്യുന്നിടത്തേയ്ക്ക് പോകാം. സ്വർഗ്ഗത്തിലെ നൈമിഷികസുഖാനുഭവത്തിനുശേഷമാണദ്ദേഹം അവിടെയെത്തിയിരിക്കുന്നത്.

യമൻ ഭൃഗുമഹർഷിയെ കൂട്ടിക്കൊണ്ട് യാത്രയായി. വസിഷ്ഠമുനി എട്ടാം ദിവസത്തെ കഥാകഥനം അവസാനിപ്പിച്ചു. സഭ പിരിഞ്ഞു. 

Oct 9, 2012

152 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 152

നാസ്തി ബന്ധോ ന മോക്ഷോസ്തി തന്മയസ്ത്വിവ ലക്ഷ്യതേ
ഗ്രസ്തം നിത്യമനിത്യേന മായാമയമഹോ ജഗത് (4/11/63)

കാലം തുടർന്നു: ഞാൻ ദുർബ്ബലൻ, അസന്തുഷ്ടൻ, മൂഢൻ തുടങ്ങിയ വിവിധങ്ങളായ ധാരണകളാൽ മനസ്സ് പ്രത്യക്ഷലോകത്തിൽ നിമഗ്നമാവുന്നു. എന്നാൽ ജ്ഞാനമുദിക്കുമ്പോൾ ഇവയെല്ലാം മനസ്സിന്റെ വ്യാജസൃഷ്ടികളായിരുന്നുവെന്ന ബോധമുദിക്കുന്നു. ഞാൻ, ഞാൻ മാത്രമെന്നറിയുമ്പോൾ ബോധത്തിൽ പരമശാന്തി വിളയാടുന്നു. മനസ്സ് അസംഖ്യം വിവിധജന്തുക്കൾ നിവസിക്കുന്ന ഒരു വലിയ പാരാവാരം തന്നെ. ഈ സമുദ്രോപരി അനേകം ഓളങ്ങളും അലകളും, പല തരത്തിലും വലുപ്പത്തിലും ഉണ്ടായി മറയുന്നു. ചെറിയ അല സ്വയം ചെറുതെന്നു ചിന്തിക്കുന്നു. വലുതോ സ്വയം അതിന്റെ വലുപ്പം ചിന്തിക്കുന്നു. കാറ്റിൽ തകർന്നടിഞ്ഞ അല, താൻ നശിച്ചുവെന്നും കരുതുന്നു. ചിലവ തണുപ്പെന്നും മറ്റുചിലവ ചൂടെന്നും സ്വയം വിലയിരുത്തുന്നു. എന്നാൽ എല്ലാ അലകളും സമുദ്രജലം മാത്രം. സമുദ്രത്തിലെ അലകൾ സത്യമല്ല എന്നുപറയാം. കാരണം സമുദ്രമില്ലാതെ അലകൾക്ക് അസ്തിത്വം ഇല്ലല്ലോ. അലകൾ ഉള്ളതാണെന്നും പറയാം. ബ്രഹ്മം മാത്രമേ നിലകൊള്ളുന്നതായുള്ളു എന്നുപറയുന്നത് ഇപ്രകാരമാണ്‌... സർവ്വശക്തമായതിനാൽ അതിന്റെ സ്വാഭാവീകമായ ആവിഷ്കാരമാണ്‌ അനന്തമായ വൈവിദ്ധ്യങ്ങളായി പ്രപഞ്ചത്തിൽ പ്രകടമാകുന്നത്. ഒരുവന്റെ ഭാവനയിലല്ലാതെ മറ്റെങ്ങും വൈവിദ്ധ്യം എന്ന ധാരണയ്ക്ക്‌ നിലനിൽപ്പില്ല.

‘ഇതെല്ലാം പരബ്രഹ്മം’ എന്നതാണു സത്യം. മറ്റു ധാരണകളെല്ലാം ഉപേക്ഷിക്കൂ. അലകൾ സമുദ്രത്തിൽനിന്നും വിഭിന്നമല്ല. പ്രപഞ്ചവസ്തുക്കൾ ബ്രഹ്മത്തിൽ നിന്നും വിഭിന്നമല്ല. വിത്തിൽ മുഴുവൻ വന്മരവും സാദ്ധ്യതയായി നില കൊള്ളുന്നതുപോലെ വിശ്വം മുഴുവൻ എക്കാലവും ബ്രഹ്മത്തിൽ നിലകൊള്ളുന്നു. വർണ്ണവൈവിദ്ധ്യതയോടെ കാണുന്ന മഴവില്ല് സൂര്യന്റെ 'സൃഷ്ടി'യാണ്‌.. വെറും ജഢമായചിലന്തിവല ജീവനുള്ള എട്ടുകാലിയിൽനിന്നും പുറത്തുവരുമ്പോലെ അനന്താവബോധത്തിൽനിന്നും ജഢപ്രപഞ്ചം പ്രകടമാവുന്നു. പട്ടുനൂൽപ്പുഴു സ്വയം ചുറ്റിവരിഞ്ഞൊരു പുഴുക്കൂടുണ്ടാക്കുന്നു. അതിൽ ബന്ധിതമാവുന്നു. അനന്താവബോധം വിശ്വത്തെ സങ്കൽപ്പിച്ചുണ്ടാക്കുന്നു. എന്നിട്ടതിൽ ആമഗ്നമാവുന്നു. ആന, അതിനെ തളച്ചിരിക്കുന്ന വിളക്കുകാലിൽ നിന്നും ആയാസരഹിതമായി ചങ്ങലപൊട്ടിച്ചു വരുമ്പോലെ ആത്മാവ് സ്വയം ബന്ധവിമോചിതമാവുന്നു. അത്മാവു മാത്രമേ നിജമായുള്ളു. ഈശ്വരന്‌ ബന്ധനമോ ബന്ധമോചനമോ ഇല്ല. ഈ ബന്ധനം, മോക്ഷം എന്ന ധാരണകൾ എവിടെനിന്നുവന്നുവെന്ന് എനിക്കറിയില്ല.

“ബന്ധനമോ മോക്ഷമോ ഇല്ല. ഉള്ളത് അനന്തമായ പരമപുരുഷൻ മാത്രം. എങ്കിലും ശാശ്വതമായ സത്യത്തെ ക്ഷണികമായ കാഴ്ച്ചകൾ എന്ന മായ, മറയിട്ടുമൂടുന്നു. ഇത് എത്ര വിചിത്രമായ അത്ഭുതം!” മനസ്സ് അനന്താവബോധത്തിൽ അങ്കുരിച്ചപ്പോൾ മുതൽ വൈവിദ്ധ്യം - നാനാത്വം- എന്ന ധാരണയും ഉടലെടുത്തു. ഈ ധാരണകൾ അനന്താവബോധത്തിൽ സ്ഥിതിചെയ്യുന്നു. അതിനാൽത്തന്നെ ഈ പ്രപഞ്ചത്തിൽ പലദേവതകളും അസംഖ്യം ജീവജാലങ്ങളും ഉള്ളതായി കാണുന്നു. ചിലവയ്ക്ക് ദീർഘായുസ്സുണ്ട്, ചിലവയ്ക്ക് ക്ഷണികജീവിതമാണുള്ളത്. ചിലത് ഭീമാകരം, മറ്റു ചിലതിന്‌ സൂക്ഷ്മരൂപം. ചിലർക്ക് സന്തോഷം ചിലർക്ക് ദു:ഖം. ഈ ജീവജാലങ്ങളെല്ലാം അനന്താവബോധത്തിലെ ധാരണകൾ മാത്രം. ചിലർ സ്വയം അജ്ഞാനിയെന്നും, ബന്ധനസ്ഥനെന്നും കരുതുന്നു. മറ്റുള്ളവർ ജ്ഞാനികളും ബന്ധവിമുക്തരുമാണെന്നും.

Oct 8, 2012

151 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 151

നനു വിജ്ഞാതസംസാരഗതയോ വയമാപദാം 
സംപദാം  ചൈവ ഗച്ഛാമോ ഹർഷമർഷവശം വിഭോ (4/11/13)

വസിഷ്ഠൻ തുടർന്നു: യമന്റെ (കാലം) പ്രചോദനത്താൽ ഭൃഗുമഹർഷി ജ്ഞാനദൃഷ്ടിയിൽക്കൂടി  തന്റെ മകന്റെ പ്രയാണം കണ്ടു. ക്ഷണനേരത്തിൽ ശുക്രന്റെ പരകായപ്രവേശങ്ങളുടെ മുഴുവൻ കഥയും മനസ്സിലാക്കി. വിസ്മയചകിതനായ മഹർഷി തന്റെ പൂര്‍വ്വസ്ഥിതിയിലേയ്ക്ക് തിരികെ വന്നു. മകനോടുള്ള എല്ലാ ആസക്തിയും ഉപേക്ഷിച്ച് ഭൃഗുമഹര്‍ഷി  പറഞ്ഞു: ഭഗവൻ, അങ്ങ് ഭൂത ഭാവി വർത്തമാനങ്ങൾ അറിയുന്നവനാണ്‌.. ഞങ്ങളോ അൽപ്പജ്ഞാനികൾ. ഇക്കാണപ്പെടുന്ന ലോകം അവാസ്തവമെങ്കിലും സത്യമാണെന്നു തോന്നുകയാണ്‌.. വീരനായകന്മാർ പോലും മോഹത്തിനടിമയാകുന്നു. അങ്ങേയ്ക്കുള്ളിൽത്തന്നെ ഇതെല്ലാം നിലകൊള്ളുന്നു. മനസ്സിന്റെ ഭാവനകൾകൊണ്ടുണ്ടാക്കിയ മായാരൂപങ്ങളുടെ യാഥർത്ഥ്യം അങ്ങേയ്ക്കറിയാം.

എന്റെ പുത്രൻ മരിച്ചിട്ടില്ല. എന്നാൽ അങ്ങിനെ വിചാരിച്ച് എന്റെ മനസ്സ് കലുഷിതമായി. കാലമാവുന്നതിനു മുൻപ് അവനെ കൊണ്ടുപോയതാണെന്നു ഞാൻ തെറ്റിദ്ധരിച്ചു. “ഭഗവൻ, ഭൂമിയിലെ സംഭവവികാസങ്ങളുടെ ഗതിവിഗതികൾ നമുക്കറിയാമെങ്കിലും ഭാഗ്യനിർഭാഗ്യങ്ങളെന്നു നാം കരുതുന്നവയുടെ വരുതിയിൽപ്പെട്ട് നാം സന്തോഷിക്കുകയും ദു:ഖിക്കുകയും ചെയ്യുന്നു.” ഈ ലോകത്ത് ക്രോധം മൂലം ആളുകൾ ചെയ്യരുതാത്ത കർമ്മങ്ങൾ ചെയ്യുന്നു. പ്രശാന്തമനസ്സ് മനുഷ്യനെ ഉചിതകർമ്മങ്ങൾ ചെയ്യാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ലോകാനുഭവം എന്ന മായ ഉള്ളിടത്തോളം കർമ്മങ്ങളെ ഉചിതം, അനുചിതം എന്നിങ്ങനെ തിരിക്കുന്നതിന്‌ പ്രസക്തിയുണ്ട്. അങ്ങയുടെ സഹജകർമ്മം ജീവികളുടെ മരണത്തിലേയ്ക്കു നയിക്കുന്നു. അത് നമ്മുടെ മനസ്സിനെ ക്ഷോഭിപ്പിക്കുന്നത് തികച്ചും അനുചിതം തന്നെ. അങ്ങയുടെ കൃപയാൽ ഞാൻ മകനെ വീണ്ടും കണ്ടു. മനസ്സുതന്നെയാണ്‌ ശരീരമെന്നും ഈ മനസ്സാണ്‌ പ്രപഞ്ചദർശനത്തിനു ഹേതുവെന്നും ഞാനറിയുന്നു.

കാലന്‍ പറഞ്ഞു: വളരെ ശരിയാണ്‌ മുനേ. മനസ്സുതന്നെയാണ്‌ ശരീരം. കുശവൻ മൺപാത്രമുണ്ടാക്കുന്നതുപോലെ മനസ്സാണ്‌ ശരീരത്തെ കേവലം ചിന്തകൾ കൊണ്ട് മാത്രം ‘സൃഷ്ടിക്കുന്നത്’. വെറും ഇച്ഛാശക്തികൊണ്ട് പുതിയ ശരീരങ്ങളെ നിർമ്മിക്കുകയും ഉള്ളവയെ നശിപ്പിക്കുകയും ചെയ്യുന്നത് മനസ്സാണ്‌.. മനസ്സിലാണ്‌ മായക്കാഴ്ച്ചകളും, വിഭ്രാന്തികളും യുക്തിരാഹിത്യവും മൂലം ആകാശക്കോട്ടകളുയരുന്നത്. അങ്ങിനെയാണ്‌ ശരീരത്തെ ഉള്ളിൽ പ്രകടമാക്കുന്നത്. എന്നാൽ അജ്ഞാനി ഭൗതീകശരീരത്തെ മനസ്സിൽനിന്നും വിഭിന്നമായ മറ്റൊരു രൂപമായിക്കാണുന്നു. ജാഗ്രത്-സ്വപ്ന-സുഷുപ്തികൾ എന്ന ത്രിലോകങ്ങൾ മനസ്സിന്റെ പ്രഭാവങ്ങളുടെ  ഒരാവിഷ്ക്കാരം മാത്രം. ഇത് യാഥാർത്ഥ്യമെന്നോ അല്ലെന്നോ പറയാൻ വയ്യ. മനസ്സ് പല പല ഭാവങ്ങളില്‍ ആമഗ്നമായിരിക്കുമ്പോൾ കാണുന്നതും  വൈവിദ്ധ്യം തന്നെ. 

Oct 6, 2012

150 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 150

കർത്തവ്യമേവ നിയതം കേവലം കാര്യകോവിദൈ:
സുഷുപ്തിവൃത്തിമാശ്രിത്യ കദാചിത്വം ന നാശയ (4/10/39)

കാലം (കാലന്‍ ) തുടർന്നു: ക്രോധത്തിനു വശംവദനാവാതിരിക്കൂ മഹർഷേ, അത് നാശത്തിലേയ്ക്കുള്ള പാതയാണെന്നു നിശ്ചയം. എന്താണു നടക്കേണ്ടതെന്നുവെച്ചാൽ നടന്നിരിക്കും. ഈ സത്യം മനസ്സിലാക്കൂ. ഞങ്ങൾ മായാമോഹത്തിനടിമകളല്ല. സ്വാഭാവികമായുള്ള പ്രവർത്തനങ്ങളിലേർപ്പെട്ട് അവയെ ഞങ്ങൾ പൂർത്തീകരിക്കുന്നു എന്നു മാത്രം. ജ്ഞാനികൾ അങ്ങിനെയാണ്‌.. “എന്താണു ചെയ്തുതീർക്കേണ്ടതെന്നുവെച്ചാൽ അത് അഹംകാരം കൂടാതെ, സ്വാർത്ഥലാഭേച്ഛകൂടാതെ, ദീർഘനിദ്രയിലെന്നപോലെ  നിർമമതയോടെ  നിവഹിക്കണം. ഈ സ്വാഭാവികതയ്ക്ക് ഭംഗം വരുത്തരുത്.” അങ്ങയുടെ വിവേകവിജ്ഞാനാദികളും ധർമ്മബോധവും എവിടെപ്പോയി? സച്ചിദാനന്ദത്തിലേയ്ക്കുള്ള പാതയെന്തെന്ന് അറിയാമായിരുന്നിട്ടുകൂടി അങ്ങെന്താണ്‌ ഒരു വിഡ്ഢിയേപ്പോലെ പെരുമാറുന്നത്? പാകം വന്ന പഴം താഴെ വീഴുമെന്ന് അങ്ങേയ്ക്കറിയായ്കയല്ല. പിന്നെന്തിനാണ്‌ എന്നെ ശപിക്കാനൊരുങ്ങുന്നത്?

എല്ലാവർക്കും രണ്ടു ശരീരങ്ങളുണ്ട്. ഒന്ന് ഭൗതീകം, മറ്റേത് മാനസീകം. ഭൗതീകശരീരം ചൈതന്യരഹിതമാകയാൽ സ്വയം നശിക്കുന്നു. മനസ്സും പരിമിതമാണെങ്കിലും അതിന്‌ ചിട്ടവട്ടങ്ങളും ക്രമവുമുണ്ട്. എന്നാൽ അങ്ങയുടെ മനസ്സിപ്പോൾ കലുഷമായിരിക്കുന്നു. മനസ്സ് ശരീരത്തെ അതിന്റെ താളത്തിനൊത്ത് തുള്ളിക്കുന്നു. കുട്ടികൾ മണ്ണെടുത്ത് കളിക്കുന്നതുപോലെ മനസ്സ് ശരീരത്തെ മാറ്റങ്ങൾക്കു വിധേയമാക്കുന്നു. മാനസീകമായ കർമ്മങ്ങളാണു കർമ്മങ്ങൾ. മനസ്സിലെ ചിന്തകളാണ്‌ ബന്ധനം. നിർമ്മലവും പ്രശാന്തവുമായ മനസ്സാണ്‌ മോക്ഷം. അവയവങ്ങളോടുകൂടിയ ശരീരത്തെ ഉണ്ടാക്കുന്നതും മനസ്സാണ്‌.. മനസ്സാണ് ചൈതന്യമുള്ളതും അല്ലാത്തതുമായ എല്ലാം. ഈ എണ്ണമില്ലാത്ത വൈവിദ്ധ്യങ്ങളെല്ലാം മനസ്സല്ലാതെ മറ്റൊന്നല്ല.

മനസ്സ് നിർണ്ണയങ്ങൾ നടത്തുമ്പോൾ അതു ബുദ്ധിയാണ്‌.. വിഷയവസ്തുക്കളുമായി തദാത്മ്യം പ്രാപിക്കുമ്പോൾ അത് അഹംകാരം. ശരീരം വെറും ജഢപദാർത്ഥങ്ങളുടെ സംഘാതമാണെങ്കിലും മനസ്സ് അതിനെ സ്വന്തമെന്നു കരുതുന്നു. എന്നാൽ മനസ്സ് സത്യാന്വേഷണോന്മുഖമാവുമ്പോൾ ശരീരാഭിമാനം വെടിഞ്ഞ് പരമപദം പ്രാപിക്കുന്നു.

മഹർഷേ അങ്ങ് ധ്യാനത്തിലാണ്ടിരുന്നപ്പോൾ അങ്ങയുടെ പുത്രൻ സ്വന്തം മായക്കാഴ്ച്ചയിൽ നിന്നൊക്കെ ഏറെ അകന്നുപോയിരുന്നു. ‘ഭൃഗുവിന്റെ മകൻ’ എന്ന മേല്‍വിലാസത്തോടു കൂടിയ ശരീരം അദ്ദേഹമിവിടെ ഉപേക്ഷിച്ചിട്ട് സ്വർഗ്ഗത്തിൽ ഉയിർത്തെഴുന്നേറ്റു. അവിടെ അപ്സരസ്സുകളുമായി അദ്ദേഹം സുഖിച്ചു വാണു. എന്നാൽ കാലം കുറേക്കഴിഞ്ഞപ്പോൾ, പുണ്യമെല്ലാം തീർന്നപ്പോൾ, അദ്ദേഹം പാകമെത്തിയ ഒരു പഴം വീഴുമ്പോലെ താഴേയ്ക്ക്, ഭൂമിയിലേയ്ക്ക് തിരിച്ചു വന്നു. കൂടെ അപ്സരസ്സും ഭൂമിയിലെത്തി. എന്നാൽ തന്റെ സ്വർഗ്ഗീയ ശരീരം അദ്ദേഹത്തിനവിടെത്തന്നെ ഉപേക്ഷിക്കേണ്ടിയും വന്നു.

മറ്റൊരു ഭൗതീകശരീരമെടുക്കാനാണദ്ദേഹം ഭൂമിയിലെത്തിയത്. ഇവിടെ അദ്ദേഹം അനേകം ജന്മങ്ങളെടുത്തു. ബ്രാഹ്മണ കുമാരൻ, രാജാവ്, മുക്കുവൻ, അരയന്നം, വീണ്ടും രാജാവ്, സിദ്ധികളുള്ള ഒരു മുനിവര്യൻ, സ്വർഗ്ഗവാസിയായ ദേവത, മുനികുമാരൻ , മറ്റൊരു മുനികുമാരൻ, വീണ്ടും രാജാവ്, വീണ്ടും മുനികുമാരൻ, നായാട്ടുകാരൻ, രാജാവ്, പുഴുക്കൾ, ചെടികൾ, കഴുത, മുളംകാട്, മാൻ കിടാവ്, പാമ്പ്, വീണ്ടും ദേവത, എന്നീ ജന്മങ്ങൾക്കുശേഷം ഇപ്പോൾ വാസുദേവൻ എന്നപേരിൽ ഒരു ബ്രാഹ്മണകുമാരനായി അദ്ദേഹം ജനിച്ചിരിക്കയാണ്‌. വേദശാസ്ത്രനിപുണനായ അദ്ദേഹമിപ്പോൾ പുണ്യനദിയായ സാമംഗയുടെ തീരത്ത് തപസ്സിലേർപ്പെട്ടു കഴിയുന്നു. 

Oct 5, 2012

149 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 149

സ്വയമൂർധ്വം പ്രയാത്യഗ്നി: സ്വയം യാന്തി പയാംസ്യധ:
ഭോക്താരം ഭോജനം യാതി സൃഷ്ടിം ചാപ്യന്തക: സ്വയം (4/10/29)

വസിഷ്ഠൻ തുടർന്നു: ഒരുനൂറു ദിവ്യവർഷങ്ങൾ തപസ്സിലിരുന്നശേഷം ഭൃഗുമഹർഷി തന്റെ ആസനത്തിൽ നിന്നും എഴുന്നേറ്റു. തന്റെ മുന്നിലിരുന്ന മകൻ ശുക്രനെ അദ്ദേഹം കണ്ടില്ല. എന്നാൽ അവിടെ ഉണങ്ങിവരണ്ട് ഒരു ശരീരം കണ്ടു. അതിനികൃഷ്ടമായ ഒരു ദേഹമായിരുന്നു അത്. കൺകുഴികളിൽ പുഴുക്കൾ ഞുളച്ചുപെരുകുന്നു. ഈ കാഴ്ച്ചയിൽ അതിവികാരാധീനനായി ക്രുദ്ധനായ മഹർഷി കാര്യവിചാരം ഏറെയൊന്നും ചെയ്യാതെ തന്റെ മകന്റെ അകാലമരണത്തിനിടയാക്കിയ കാലനെ ശപിക്കാൻ തീരുമാനിച്ചു.

കാലൻ ഉടനേതന്നെ മഹർഷിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. ഒരുകയ്യിൽ വാളും മറ്റേക്കയ്യിൽ കയറുമായാണ്‌ കാലന്റെ വരവ്. പ്രതിരോധിക്കാനാവാത്ത കവചമാണദ്ദേഹത്തിന്റെ വസ്ത്രം. ആറുകരങ്ങളും ആറുമുഖങ്ങളുമാണദ്ദേഹത്തിന്‌.. ചുറ്റും സേവകരും ദൂതന്മാരുമുണ്ട്. കയ്യിലെ ആയുധങ്ങളിൽ നിന്നും ദേഹത്തുനിന്നും നാശത്തിന്റെ തീനാളങ്ങൾ പൊങ്ങുന്നു.

ശാന്തനായി, ദൃഢസ്വരത്തിൽ കാലൻ ഭൃഗുവിനോടു പറഞ്ഞു: മഹർഷേ, അങ്ങയേപ്പോലെ ഉന്നതനായ ഒരു ഋഷി ഇങ്ങിനെ അനുചിതമായൊരു  ശാപത്തിനൊരുങ്ങാനെന്തേ?  ജ്ഞാനികൾ അവരെ അപമാനിച്ചാൽപ്പോലും ചഞ്ചലചിത്തരാകയില്ല. അങ്ങയെ ആരും അപമാനിക്കാതെ തന്നെ അങ്ങയുടെ സമനില തെറ്റിയിരിക്കുന്നു. അങ്ങ് ബഹുമാന്യനായ ഒരാളാണ്‌.. ഞാനാണെങ്കില്‍  ഉചിതമായും അനുയോജ്യമായും മാത്രം പ്രവർത്തിക്കുന്നയാളുമാണ്‌.. ആയതിനാൽ ഞാനങ്ങയെ നമസ്കരിക്കുന്നു - മറ്റൊരുദ്ദേശത്തിലുമല്ല ഈ നമസ്കാരം. ഈ വ്യർത്ഥമായ ശാപത്തിലൂടെ അങ്ങാർജ്ജിച്ച തപോബലം നശിപ്പിക്കാതിരിക്കൂ. വിശ്വപ്രളയാഗ്നിക്കുപോലും എന്നെ നശിപ്പിക്കാനാവില്ല. എന്നെ ശപിച്ചില്ലാതാക്കാമെന്ന ആഗ്രഹം എത്ര ബാലിശം!

ഞാൻ കാലമാണ്‌.. വിശ്വപാലകന്മാരായ ദേവതമാരെയടക്കം എത്രയോപേരെ ഞാൻ ഇല്ലാതാക്കിയിരിക്കുന്നു. നിങ്ങളെല്ലാം എനിയ്ക്കുള്ള ഭക്ഷണം മാത്രം. ഇത് പ്രകൃതിനിയമമാണെന്നറിയുക. പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങളെ ആസ്പദമാക്കിയുള്ളതല്ല ഈ ബന്ധം. ”തീയിന്റെ സഹജസ്വഭാവമാണ്‌ അതിന്റെ നാളം മേലോട്ടുയരുകയെന്നത്. അതുപോലെ ജലപ്രവാഹം തഴോട്ട്. അഹാരവസ്തുക്കൾ ആഹരിക്കുന്നവനെ തേടുന്നു. ഉണ്ടായ/ഉണ്ടാക്കിയ എല്ലാ വസ്തുക്കൾക്കും അവസാനവുമുണ്ട്.“ ഈശ്വരനിശ്ചയമാണിത്. എല്ലാറ്റിന്റേയും ആത്മസത്തയുടെ, സ്വയം നിലകൊള്ളുന്ന ആത്മാവിന്റെ സഹജഭാവം. ശുദ്ധദൃഷ്ടിയിൽ കർത്താവോ ഭോക്താവോ ഇല്ല. കളങ്കമുള്ള  ദൃഷ്ടിയിലാണ്‌ ഇത്തരം വിഭജനങ്ങളുള്ളത്. അങ്ങ് ജ്ഞാനിയല്ലേ? സത്യമറിയുന്നയാളല്ലേ? കർത്തൃത്വവും ഭോക്ത്തൃത്വവും മിഥ്യയാണെന്ന് ഞാനങ്ങേയ്ക്കു പറഞ്ഞു തരേണ്ടതില്ലല്ലോ.

ജീവികൾ, മരങ്ങളിലെ പൂക്കളും കായ്കളും പോലെ, വന്നും പോയുമിരിക്കും. അവയുടെയെല്ലാം കാരണം അഭ്യൂഹങ്ങൾ മാത്രമാണ്‌.. എല്ലാം കാലനിബദ്ധം. അവ ഉണ്മയാണെന്നും അല്ലെന്നും പറയാം. തടാകജലത്തിൽ പ്രതിബിംബിക്കുന്ന ചന്ദ്രന്‌ ഇളക്കമുള്ളതായി തോന്നുന്നത് ജലോപരിയുണ്ടാവുന്ന ചലനം മൂലമാണല്ലോ. അത് സത്യമെന്നും അല്ലെന്നും വാദിക്കാം. 

Oct 4, 2012

148 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 148

വിവിധ ജന്മദശാം വിവിധാശയ:  സമനുഭൂയ ശരീരപരമ്പരാ:
സുഖമതിഷ്ഠദസൗ ഭൃഗുനന്ദനോ വരനദീസുതടേ  ദൃഢവൃക്ഷവത് (4/8/29)

വസിഷ്ഠൻ തുടർന്നു: ശുക്രൻ തന്റെ പഴയ വ്യക്തിത്വം പാടേ മറന്നുപോയിരുന്നു. കുറച്ചുനാൾ ഇന്ദ്രന്റെ സഭയിൽ ചുറ്റിനടന്നശേഷം ശുക്രൻ താൻ നേരത്തേ കണ്ടുമോഹിച്ച അപ്സരസ്സിന്റെ ചുറ്റുപാടുകളെക്കുറിച്ച് മനസ്സിലാക്കി. അവർ തമ്മിൽ കണ്ടപാടെ പരസ്പരമുള്ള ആകർഷണത്താലവർ മതിമറന്നുപോയി. ആശകളെ സഫലീകരിക്കുക എന്നത് സ്വർഗ്ഗത്തിന്റെ പ്രത്യേകതയാണല്ലോ. താൻ അപ്സരസ്സുമായി സന്ധിച്ച നന്ദനോദ്യാനത്തില്‍  രാത്രിയുടെ ഇരുട്ടു മൂടട്ടെ  എന്ന് ശുക്രൻ ചിന്തിക്കവേ അവിടം ഇരുട്ടായി. ശുക്രൻ അവിടെയുള്ള ഒരു മന്ദിരത്തിൽ പ്രവേശിച്ചു. അപ്സരസ്സ് ശുക്രനുപിറകേ അവിടെയെത്തി. അവൾ പറഞ്ഞു: പ്രിയതമാ, അങ്ങയോടുള്ള ആശയാൽ എന്റെ ഉള്ളം തപിക്കുന്നു. മൂഢന്മാർ മാത്രമേ പ്രേമത്തെ തള്ളിപ്പറയൂ. ജ്ഞാനികൾ അങ്ങിനെയല്ല. മൂന്നുലോകങ്ങളുടെ അധിപസ്ഥാനം പോലും പ്രണയബദ്ധരുടെ സംഗത്തിനോളം വിലയുള്ളതല്ല. അങ്ങയുടെ ഹൃദയത്തിൽ എനിക്കിടം തന്നാലും.” എന്നുപറഞ്ഞ് അവൾ അദ്ദേഹത്തിന്റേ നെഞ്ചിലേയ്ക്ക് ചാഞ്ഞു. ശുക്രൻ അപ്സരസ്സുമൊത്ത് ഏറെക്കാലം സ്വർഗ്ഗത്തിൽ സുഖിച്ചു കറങ്ങി നടന്നു. എട്ടു ലോകചക്രങ്ങൾ അങ്ങിനെ കഴിഞ്ഞു. ഇക്കാലംകൊണ്ട് അദ്ദേഹത്തിന്റെ ആർജ്ജിതപുണ്യം മുഴുവനും നഷ്ടമായി. അപ്സരസ്സുമായി അദ്ദേഹം താഴോട്ടു പതിച്ച് ഭൂമിയിലെത്തി.

അവരുടെ സൂക്ഷ്മശരീരം ഭൂയിൽ പതിച്ചപ്പോൾ മഞ്ഞുതുള്ളികളായി കുറേ ധാന്യമണികളിൽ കയറി. അതാഹരിച്ച മഹാബ്രാഹ്മണനിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യയിൽ അതു ബീജമായി പ്രവേശിച്ചു. ശുക്രൻ അവരുടെ പുത്രനായി അവിടെ വളർന്നു. അപ്സരസ്സ് ഒരു മാനായി. ശുക്രൻ ആ മാൻപേടയിൽ ഒരു മനുഷ്യക്കുട്ടിയെ ജനിപ്പിച്ചു. അദ്ദേഹം സ്വപുത്രനോട് ഏറെ മമതയുള്ളവനായി. ഈ മകനെക്കുറിച്ചുള്ള ആധിയിലും ആകാംക്ഷയിലും ശുക്രൻ വേഗം വൃദ്ധനായി. അയാൾ സുഖാനുഭവാസക്തനായി മരണംവരിക്കുകയും ചെയ്തു. ആഗ്രഹനിവൃത്തിക്കായി അടുത്ത ജന്മം ശുക്രൻ ഒരു രാജാവായി. തപശ്ചര്യയിലും ആത്മീയതയിലും താല്‍പ്പര്യത്തോടെ മരിച്ചതിനാൽ അടുത്തജന്മം അദ്ദേഹം ഒരു മഹാത്മാവായി.

“അങ്ങിനെ ഒരു ജന്മത്തിൽനിന്നും മറ്റൊന്നിലേയ്ക്ക് - വിവിധശരീരങ്ങളിൽ- നീങ്ങി അവയുടെ എല്ലാ ഭാഗധേയങ്ങൾക്കും വിധേയനായി, ഒരു നദിക്കരയിൽ അദ്ദേഹം തീവ്രതപസ്സിൽ ആമഗ്നനായി." അങ്ങിനെ തന്റെ അച്ഛന്റെ മുന്നില്‍  തപസ്സിരുന്ന്‍ ശുക്രൻ കുറെയേറെക്കാലം ചിലവഴിച്ചു. ശരീരം ശോഷിച്ചുണങ്ങി. അതിനിടെ ശുക്രന്റെ അശാന്തമായ മനസ്സ് ദൃശ്യങ്ങളനവധി ഒന്നിനുപുറകേ ഒന്നായി മിനഞ്ഞെടുത്തു. അവയ്ക്കനുസരിച്ച് തുടർച്ചയായി ജന്മങ്ങളെടുത്ത് ജനന മരണ ചക്രങ്ങൾ താണ്ടി, സ്വർഗ്ഗവാസവും ഭൂമിയിലേയ്ക്കുള്ള മടക്കവും, താപസന്റെ പ്രശാന്തജീവിതവും ആവർത്തിച്ചുകൊണ്ടിരുന്നു. അവയിൽ പൂർണ്ണമായി മുഴുകിക്കഴിഞ്ഞിരുന്നതിനാൽ അവ സത്യമാണെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. എല്ലാത്തരം കാലാവസ്ഥകൾക്കും വശംവദമായി അദ്ദേഹത്തിന്റെ ശരീരം എല്ലും തോലുമായി, കണ്ടാൽ ഭയമുളവാക്കുന്ന രൂപത്തിലായി. അദ്ദേഹത്തെ നരഭോജികൾ ആക്രമിച്ചില്ല. തീവ്രതപസ്സിലായിരുന്ന ഭൃഗുമഹർഷിയുടെ മുന്നിലായിരുന്നല്ലോ ശുക്രനും ധ്യാനത്തിലാണ്ടിരുന്നത്. യോഗസാധനകൊണ്ട് അദ്ദേഹവും പല സിദ്ധികളും നേടിയിരുന്നു. 

Oct 3, 2012

147 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 147

മന: സർവ്വമിദം രാമ: തസ്മിന്നന്തശ്ചികിത്സിതേ
ചികിത്സിതോ വൈ സകലോ ജഗജ്ജാലാമയോ ഭവേത് (4/4/5)

വസിഷ്ഠൻ തുടർന്നു: രാമ: ഈ ദുർഘടമായ സംസാരസാഗരത്തെ കടക്കാൻ ഇന്ദ്രിയങ്ങളെ വിജയകരമായി നിയന്ത്രിക്കുക എന്നൊരു മാർഗ്ഗം മാത്രമേയുള്ളു. മറ്റൊരു പ്രയത്നംകൊണ്ടും പ്രയോജനമില്ല. ശാസ്ത്രപഠനങ്ങളിലൂടെയും മഹർഷിമാരുമായുള്ള സത്സംഗം വഴിയും ജ്ഞാനമാർജ്ജിച്ച് ഇന്ദ്രിയങ്ങളെ തന്റെ വരുതിയിൽ നിർത്തിയവന്‌ കാണപ്പെടുന്ന വസ്തുക്കൾ - ദൃശ്യപ്രപഞ്ചം- മിഥ്യയാണെന്ന ധാരണ ദൃഢീകരിക്കുന്നു. “രാമ: ഇതെല്ലാം മനസ്സു മാത്രമാണ്‌.. ഈ മനസ്സ് ശമിച്ചാൽ ദൃശ്യപ്രപഞ്ചമെന്ന ഈ മായക്കാഴ്ച്ചയും ശമിക്കും.“

മനസ്സാണ്‌ ശരീരത്തെ ചിന്തിച്ചുണ്ടാക്കുന്നത്. മനസ്സു പ്രവർത്തിക്കാത്ത ഒരിടവും ആരും കണ്ടിട്ടില്ല. അതിനാൽ വിഷയവസ്തുക്കളെക്കുറിച്ചുള്ള തെറ്റിദ്ധാരണയെന്ന മാനസീകരോഗം മാറാനുള്ള ചികിൽസയാണ് എറ്റവും ഉത്തമമായ ചികിൽസ. മനസ്സ് മോഹവിഭ്രാന്തിയുണ്ടാക്കുന്നു; ജനന മരണാദി ആശയങ്ങളുണ്ടാക്കുന്നു. മാത്രമല്ല, സ്വയം ചിന്തിച്ചുണ്ടാക്കിയ ബന്ധനങ്ങളിൽപ്പെട്ടുഴന്ന് അവസാനം മുക്തിയും പ്രാപിക്കുന്നു.

രാമൻ ചോദിച്ചു: മഹർഷേ, ഇത്ര മഹത്തായ ലോകം മനസ്സിലെങ്ങിനെ നിലകൊള്ളുന്നു? ദയവായി വിശദീകരിച്ചാലും.

വസിഷ്ഠൻ പറഞ്ഞു: അത് ആ ബ്രാഹ്മണകുമാരന്മാർ ഉണ്ടാക്കിയ വിശ്വങ്ങൾ പോലെയാണ്‌.. ലവണരാജാവിന്റെ മായകാഴ്ച്ചകൾ പോലെയാണ്‌.. മറ്റൊരുദാഹരണംകൂടിയുണ്ട്. അത് ശുക്രമുനിയുടെ കഥയാണ്‌.. ഞാനത് വിശദമാക്കാം.

പണ്ട് ഭൃഗുമഹർഷി മലമുകളിൽ തീവ്രമായ ഒരു തപസ്സിലേർപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ ശുക്രൻ അന്ന് ചെറുപ്പം. അച്ഛൻ ധ്യാനനിമഗ്നനായിരുന്നപ്പോൾ മകൻ അദ്ദേഹത്തിനുവേണ്ട ശുശ്രൂഷകൾ ചെയ്തുവന്നു. യുവാവായ ശുക്രൻ ഒരുദിവസം ആകാശചാരിയായ ഒരപ്സരസ്സിനെ കണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അവളോടുള്ള ആശയാൽ അസ്വസ്ഥമായി. അപസരസ്സിന്റെ മനസ്സിലും അപ്രകാരമൊരു വികാരം തേജസ്വിയായ മുനികുമാരനെക്കണ്ടപ്പോഴുണ്ടായി. അവളോടുണ്ടായ ഉൾക്കടമായ ആശയാൽ ശുക്രൻ കണ്ണടച്ച് ധ്യാനിച്ച് അവളെ പിന്തുടർന്ന് സ്വർഗ്ഗത്തിലെത്തി. അവിടെ സ്വർഗ്ഗവാസികളായ ദേവഗന്ധർവ്വാദികളെ അദ്ദേഹം കണ്ടു. സ്വർഗ്ഗത്തിലെ ആനകളെയും കുതിരകളെയും കണ്ടു. ബ്രഹ്മാവിനെയും പ്രപഞ്ചത്തെ ഭരിക്കുന്ന മറ്റ് ദേവതമാരെയും അദ്ദേഹമവിടെക്കണ്ടു. സിദ്ധന്മാരെക്കണ്ടു. സ്വർഗീയസംഗീതമാസ്വദിച്ചു. സ്വർഗ്ഗത്തിലെ നന്ദനോദ്യാനങ്ങൾ കണ്ടു. അവസാനം സ്വർഗ്ഗാധിപനായ ഇന്ദ്രനെയും കണ്ടു. അനേകം അതിസുന്ദരികളായ അപ്സരസ്സുകളാൽ പരിലാളിതനായി അദ്ദേഹം ഉന്നതമായൊരു സിംഹാസനത്തിലിരിക്കുന്നു. ശുക്രൻ ഇന്ദ്രനെ അഭിവാദ്യം ചെയ്തു. ഇന്ദ്രൻ സിംഹാസനത്തിൽ നിന്നെണീറ്റ് മുനികുമാരനെ ഉപചാരപൂർവ്വം സീകരിച്ച് കുറച്ചധികം നാളുകൾ സ്വർഗ്ഗത്തിലെ അഥിതിയായി താമസിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. ശുക്രൻ ക്ഷണം സ്വീകരിച്ചു. 

Oct 2, 2012

146 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 146

ഇത്യസ്തന്തോ ന സദ്ദൃഷ്ടേർ അസദ്ദൃഷ്ടേശ്ച വാ ക്വചിത്
അസ്യാസ്ത്വാഭ്യുദിതം ബുദ്ധം നാബുദ്ധം പ്രതി വാനഘ (2/3/15)

വസിഷ്ഠൻ തുടർന്നു: രാമ: പ്രളയസമയത്ത് പരബ്രഹ്മത്തിൽ വിശ്വം ഒരു വിത്തായി നിലകൊണ്ടിരുന്നുവെങ്കിൽ പ്രളയാവസാനം വീണ്ടും വിശ്വമായി പ്രത്യക്ഷപ്പെടാൻ മറ്റൊരു സഹ-കാരണം കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു. വിശ്വമുണ്ടാവാൻ അപ്രകാരമുള്ളൊരു സഹ-കാരണം ഉണ്ടായിരുന്നില്ല എന്നു പറയുന്നത് വന്ധ്യയുടെ പുത്രി എന്നു പറയും പോലെയുള്ള അസംബന്ധമത്രേ. അതുകൊണ്ട് അടിസ്ഥാനകാരണം എന്നത് പരബ്രഹ്മത്തിന്റെ സഹജ സ്വഭാവമാണെന്നറിയുക. പ്രളയശേഷവും ഈ വിശ്വസൃഷ്ടിയില്‍ അതപ്രകാരം തുടരുന്നു. പരബ്രഹ്മവും വിശ്വവും തമ്മിൽ കാര്യ-കാരണ ബന്ധമില്ല. ചിദാകാശത്തിൽ, അനന്താവബോധത്തിൽ, അനേക കോടി വിശ്വങ്ങൾ ഉള്ളത് തിളക്കമുള്ള പൊടിപടലങ്ങൾ പോലെയാണ്‌.. ഒരിരുട്ടുമുറിയില്‍  മേൽക്കൂരയിലെ ദ്വാരത്തിലൂടെ വരുന്ന സൂര്യരശ്മിയിൽ പൊടിപടലങ്ങൾ തിളക്കമാർന്നു കാണുന്നു. എന്നാൽ പുറത്ത് സൂര്യപ്രകാശത്തിൽ അവ ദൃശ്യമല്ല എന്നതുപോലെ പരമമായ അദ്വൈതബോധത്തിൽ വിശ്വം കാണപ്പെടുന്നില്ല. ഒരാളുടെ സ്വഭാവം അയാളിൽ നിന്നു വിഭിന്നമല്ലാത്തതുപോലെ വിശ്വം അനന്താവബോധത്തിൽ നിന്നു വിഭിന്നമല്ല.

പ്രളയാനന്തരം വിശ്വസൃഷ്ടിക്കായി ഒരു സൃഷ്ടാവുണ്ടായി. അത് സ്മരണ - ഓർമ്മയാണ്‌. ആ സ്മരണയിലുണ്ടായ ചിന്തകളാണ്‌ കാണപ്പെടുന്ന ഈ ലോകത്തിനു കാരണം. അതോ, 'ആകാശത്തിലെ അപ്പം' എന്ന പോലെയുള്ള ഒരു അയാഥാർത്ഥ്യം മാത്രം.  ഈ ചിന്തകളുടലെടുത്ത സ്മരണയ്ക്ക് ശരിയായ അടിത്തറയൊന്നുമില്ല. കാരണം കഴിഞ്ഞ ലോകചക്രത്തിലെ ബ്രഹ്മാദിദേവതകൾ എല്ലാം മുക്തിപദം പൂകിയതാണല്ലോ. സ്മരണ ഉൾക്കൊണ്ടു നിൽക്കാൻ ആരുമില്ലാത്തപ്പോൾ അതിനെങ്ങിനെ അസ്തിത്വം സാദ്ധ്യമാവും? ബോധത്തിലുയരുന്ന, പൂർവ്വാനുഭവസംബന്ധിയായോ അല്ലാതെയോ ഉള്ള സ്മരണ വിശ്വമായി കാണപ്പെടുന്നു. അങ്ങിനെ അനന്താവബോധത്തിൽ പൊടുന്നനേ കാണപ്പെടുന്ന ലോകം യാദൃശ്ചികമായ സൃഷ്ടിയാണ്‌.

ഇങ്ങിനെയുള്ള പ്രത്യക്ഷലോകം വിശ്വപുരുഷൻ എന്നപേരിൽ ഒരു ദിവ്യരൂപം ധരിച്ചു. ചെറിയൊരണുവിൽ മൂന്നുലോകങ്ങള്‍, അവയുടെ ഘടകങ്ങളായ കാലം, ദൂരം, കർമ്മം, പദാർത്ഥങ്ങൾ, പകൽ, രാത്രി എന്നിവകളോടെ കാണപ്പെടുന്നു. ആ അണുവിനുള്ളിൽത്തന്നെ  അനേകം അണുക്കളുണ്ട്; അനേകം ലോകദൃശ്യങ്ങളും. ഒരു വെണ്ണക്കല്ലിൽ തീർത്ത ശിൽപ്പത്തിന്റെ കയ്യിലൊരു ശിൽപ്പം; ആ ശിൽപ്പത്തിന്റെ കയ്യിലും ഒരു ശിൽപ്പമുണ്ട്. അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത വെണ്ണക്കൽ ശിൽപ്പങ്ങളുടെ അനന്തമായ കാഴ്ച്ചപോലെയാണീ ജഗത്ത്.

അതിനാൽ രാമ: പ്രബുദ്ധനായവന്റെയും അജ്ഞാനിയുടേയും കണ്ണിൽ നിന്നും ദൃശ്യങ്ങൾ മായുകയില്ല. ജ്ഞാനിക്ക് ഇതെല്ലാം എപ്പോഴും ബ്രഹ്മം മാത്രം. അജ്ഞാനിക്ക് ഇതെപ്പോഴും ലോകം മാത്രം. തികഞ്ഞ ശൂന്യതയിൽ കാണുന്നതിനെ ‘ദൂരം’ എന്നും അനന്താവബോധത്തിൽ കാണുന്നതിനെ ‘സൃഷ്ടി’ യെന്നും വിവക്ഷിക്കപ്പെടുന്നു. സൃഷ്ടി എന്നത് വെറുമൊരു വാക്കു മാത്രം - അതിനനുയോജ്യമായ സത്യസ്ഥിതി ഇല്ലതന്നെ. 

Oct 1, 2012

145 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 145

ഭാഗം 4. സ്ഥിതി പ്രകരണം ആരംഭം 

സാകാരവടധാനാദാവങ്കുരാ: സന്തി യുക്തിമത്
നാകാരേ തന്മഹാകാരം ജഗദസ്തി ത്യയുക്തികം (33)

വസിഷ്ഠൻ തുടർന്നു: രാമ: ലോകസൃഷ്ടിയുടെ പുറകിലുള്ള സത്യം ഞാൻ വെളിപ്പെടുത്തിയല്ലോ. ഇനി ഞാൻ ഈ സൃഷ്ടികളുടെയും പ്രത്യക്ഷമായ ഈ ലോകത്തിന്റെയും സ്ഥിതി പരിപാലനം എങ്ങിനെയാണു നടക്കുന്നതെന്ന് നിനക്കു പറഞ്ഞു തരാം. ലോകമെന്ന ഈ മായക്കാഴ്ച്ച ഉള്ളിടത്തോളം കാലം മാത്രമേ ഈ ലോകം ‘അറിയപ്പെടുന്ന’ ഒരു വസ്തുവായി നിലനിൽക്കുന്നുള്ളു. സ്വപ്നദൃശ്യത്തിന്റെ പോലെയുള്ള സത്യാവസ്ഥയാണിതിനുള്ളത്. കാരണം ഒന്നുമില്ലായ്മയിൽനിന്നും യാതൊരുപകരണങ്ങളും കൂടാതെ, സൃഷ്ടാവായി ആരുമില്ലാതെ, ‘ഉണ്ടായതാണ്‌’ ഈ ലോകം. അതായത് ദിവാസ്വപ്നം പോലെ അയാഥാർത്ഥമാണിത്. മഴവില്ലുപോലെ, ശൂന്യതയിൽ വരച്ച ചിത്രപടമാണത്. പരന്നു വികസിച്ച മൂടൽ മഞ്ഞുപോലെ പിടിക്കാൻ ചെന്നാൽ ഒന്നുമവശേഷിക്കാത്ത ഒന്നാണത്. ചിലചിന്തകന്മാർ ലോകത്തെ ജഢമെന്നു കരുതുന്നു. ചിലർ ശൂന്യമെന്നും മറ്റുചിലർ അണുക്കളുടെ സംഘാതമാണിതെന്നും പറയുന്നു.

രാമൻ ചോദിച്ചു: വിശ്വം ബീജാവസ്ഥയിൽ പരമപുരുഷനിൽ നിലകൊള്ളുന്നു എന്നും അടുത്തയുഗാരംഭത്തിൽ പ്രകടമാവുന്നു എന്നും പറയപ്പെടുന്നു. ഇതെങ്ങിനെയാണ്‌? ഈ വിശ്വാസം വച്ചുപുലർത്തുന്നവരെ പ്രബുദ്ധരെന്നാണോ അജ്ഞാനികളെന്നാണോ കരുതേണ്ടത്?

വസിഷ്ഠൻ തുടർന്നു: ഈ കാണപ്പെട്ട വിശ്വം പ്രളയശേഷം ബീജാവസ്ഥയിൽ നിലകൊള്ളൂന്നു എന്നു പറയുന്നവർ ഈ വിശ്വം സത്യമാണെന്ന് ഉറച്ച വിശ്വാസമുള്ളവരാണ്‌.. അത് ശുദ്ധമായ അജ്ഞാനമാണ്‌ രാമാ. ഈ വികലദർശനം ഗുരുവും ശിഷ്യനും മോഹവലയത്തിലാണെനുള്ളതിന്‌ തെളിവാണ്‌.. ഒരു മരത്തിന്റെ വിത്തിൽ സൂക്ഷ്മമായുള്ളത് ഭാവിയിലുണ്ടാകാൻ പോവുന്ന മരമാണ്‌.. ആ സാദ്ധ്യതമാത്രമാണ്. വിത്ത്, മുള, ചെടി, മരം, ഒക്കെ ‘അറിവിന്റെ’ തലത്തിലുള്ള പദാർത്ഥങ്ങളാണ്‌. മനസ്സിനും ഇന്ദ്രിയങ്ങൾക്കും ‘അറിയാൻ’ കഴിയുന്ന വിഷയവസ്തുക്കളാണവ. 

എന്നാൽ മനസ്സേന്ദ്രിയങ്ങളാൽ അറിയാൻ കഴിയുന്നതിനതീതമായുള്ളവ എങ്ങിനെയാണ്‌ ലോകങ്ങൾക്ക് ബീജമാവുന്നത്? ആകാശത്തേക്കാൾ സൂക്ഷ്മമായതിന്റെ അകത്ത് വിശ്വത്തിന്റെ ബീജമെങ്ങിനെ നിലകൊള്ളൂം? കാര്യങ്ങളങ്ങിനെയിരിക്കുമ്പോൾ പരമപുരുഷനിൽ നിന്ന് വിശ്വത്തിന്റെ ബീജം എങ്ങിനെ ആവിർഭവിക്കാനാണ്‌? ശൂന്യതയിൽ എന്തിനാണ്‌ നിലനിൽക്കാൻ കഴിയുക? അഥവാ ശൂന്യതയിൽ വിശ്വമെന്നൊരു വസ്തു ഉണ്ടെങ്കിൽ അതെന്തുകൊണ്ട് കാണപ്പെടുന്നില്ല? ഒരു പാത്രത്തിനുള്ളിലെ ശൂന്യസ്ഥലത്ത് ഒരു മരമുണ്ടാവുന്നതെങ്ങിനെ? രണ്ടു വിരുദ്ധ വസ്തുക്കൾ (വിശ്വവും ബ്രഹ്മവും) ഒന്നിച്ചു നിലനിൽക്കുന്നതെങ്ങിനെ? സൂര്യനുള്ളപ്പോൾ ഇരുട്ടിനു നിലനിൽക്കാനാവുമോ? മരം വിത്തിൽ നിലകൊള്ളുന്നു എന്നുപറയുന്നതിൽ തെറ്റില്ല. കാരണം അവയ്ക്കു രണ്ടിനും നിയതമായ രൂപങ്ങളുണ്ട്. എന്നാൽ രൂപബദ്ധമല്ലാത്ത ബ്രഹ്മത്തിൽ വിശ്വബീജം നിലകൊള്ളുന്നുവെന്നു പറയുന്നത് യുക്തിയല്ല. അതിനാൽ ബ്രഹ്മവും വിശ്വവും തമ്മിൽ ‘കാര്യ-കാരണബന്ധം’ ഉണ്ടെന്നു പറയുന്നത് മൂഢത്വമാണ്‌.. സത്യത്തിൽ ബ്രഹ്മം മാത്രമേ നിലനില്‍ക്കുന്നുള്ളു. പ്രത്യക്ഷമായി, പ്രകടമായി കാണപ്പെടുന്ന ലോകവും ബ്രഹ്മം തന്നെയാണ്.