Sep 30, 2012

144 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 144

അപരിജ്ഞായമാനൈഷാ മഹാമോഹപ്രദായിനീ
പരിജ്ഞാതാ ത്വനന്താഖ്യാ സുഖദാ ബ്രഹ്മദായിനീ (3/122/29)

വസിഷ്ഠൻ തുടർന്നു: മഹാത്മാക്കളുമായുള്ള സത്സംഗംകൊണ്ടു മാത്രമേ ഇക്കാണപ്പെടുന്ന അന്തമില്ലാത്ത അവിദ്യാപ്രവാഹത്തെ  മറികടക്കുവാനാകൂ. അത്തരം സത്സംഗങ്ങളിൽ നിന്നും ഏതു വസ്തുവാണ്‌ അന്വേഷണത്തിനനുയോജ്യമായത് എന്നും ഏതൊക്കെയാണ്‌ വർജ്ജിക്കേണ്ടതെന്നുമുള്ള വിജ്ഞാനവിവേകം നമുക്ക് ലഭിക്കും. അങ്ങിനെ മുക്തിപദപ്രാപ്തിക്കായുള്ള ശുദ്ധമായ ആഗ്രഹം നമ്മിലുദിക്കും. ഇത് ഗൗരവതരമായ അന്വേഷണത്തിലേയ്ക്ക് വഴിതെളിക്കും. അപ്പോൾ മനസ്സ് സൂക്ഷ്മമാവും, കാരണം മനോപാധികൾക്ക് അന്വേഷണം മൂലം ക്ഷയം സംഭവിക്കുമല്ലോ. അങ്ങിനെ ശുദ്ധജ്ഞാനത്തിൽ ജീവന്റെ ബോധമണ്ഡലം സത്തിലേയ്ക്കുന്മുഖമാവുന്നു. അപ്പോൾ മനോപാധികളെല്ലാമൊഴിഞ്ഞ് അനാസക്തി സഹജമാവുന്നു. കർമ്മങ്ങളോടുള്ള ബന്ധവും കർമ്മഫലങ്ങളോടുള്ള ആശകളും ആശങ്കകളും നിലയ്ക്കുന്നു.

സത്യത്തിൽ ദൃഢീകരിച്ച ദർശനം, തനിക്ക് അയഥാർത്ഥ്യമായതിനോടുണ്ടെന്നു തെറ്റിദ്ധരിച്ചിരുന്ന ബന്ധത്തെ ക്ഷയിപ്പിക്കുന്നു. ഇഹലോകത്തിൽ ജീവിച്ച് പ്രവർത്തിക്കുമ്പോഴും അപരിമേയമായ ദർശനമുള്ളവൻ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഭംഗിയായിത്തന്നെ നിർവ്വഹിക്കുന്നു. ഉറക്കത്തിലെ കർമ്മങ്ങളിൽ (ശരീര ധർമ്മങ്ങളുടെ നടത്തിപ്പ്) എന്നപോലെ ഈ കർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ അവൻ ലോകത്തെപ്പറ്റിയോ അതിലെ സുഖാനുഭവങ്ങളെപ്പറ്റിയോ വ്യകുലപ്പെടുന്നില്ല. ഇങ്ങിനെ കുറേക്കഴിഞ്ഞാൽ അവൻ എല്ലാ അവസ്ഥകൾക്കുമതീതമായ മുക്തിപദം പ്രാപിക്കുന്നു. അവൻ ജീവൻ മുക്തനത്രേ.

ജീവിച്ചിരിക്കേ മുക്തനായ ഒരുവൻ ലാഭങ്ങളിൽ സന്തോഷവാനോ നഷ്ടങ്ങളിൽ ദു:ഖിതനോ അല്ല. രാമ: നിന്നിലും മനോപാധികൾ നിന്നെ പരിക്ഷീണനാക്കിയിരിക്കുന്നു. സത്യത്തെ അറിയാനായി പരിശ്രമിക്കൂ. ആത്മാവിനെ, അനന്താവബോധത്തെ അറിയുന്നതിലൂടെ നിനക്ക് ദുരിതങ്ങളുടെ, മോഹത്തിന്റെ, ജനനമരണങ്ങളുടെ, സുഖദു:ഖങ്ങളുടെ അപ്പുറം പോകാൻ കഴിയും.

ആത്മാവ് ഏകവും അവിച്ഛിന്നവുമാകയാൽ നിനക്ക് ബന്ധുക്കളാരുമില്ല. അതുകൊണ്ടുതന്നെ അയാഥാർഥ്യമായ ബന്ധുത്വം മൂലമുള്ള ദു:ഖങ്ങളുമില്ല. അത്മാവ് ഏകവും അദ്വിതീയവുമാകയാൽ മറ്റൊന്നും ആഗ്രഹിക്കാനോ കിട്ടാനോ ഇല്ല. അത്മാവിന്‌ മാറ്റങ്ങളില്ല, മരണമില്ല. മൺ കുടമുടയുമ്പോൾ കുടത്തിനകത്തെ ആകാശം ഉടയുന്നില്ല. മനോപാധികളെ മറികടന്ന്‌ മന:ശ്ശാന്തി കൈവരുമ്പോൾ അജ്ഞാനിയെ മോഹിപ്പിക്കുന്ന മായക്കാഴ്ചകൾക്ക് അവസാനമായി.

ഈ മായയെ ശരിയായി മനസ്സിലാക്കാതിരിക്കുമ്പോൾ മാത്രമാണ്‌ അത് വലിയ വലിയ വിഭ്രാന്തികൾക്ക് കാരണമാവുന്നത്. എന്നാൽ മായയെ ശരിയായി അറിഞ്ഞാൽ, അത് അനന്തമാണെന്നുറച്ചാൽ, പിന്നെ ആഹ്ളാദത്തിനും പരബ്രഹ്മ സാക്ഷാത്കാരത്തിനും അത് കാരണമാവുകയും ചെയ്യും. വേദപഠനത്തിനായി മാത്രമാണ്‌ ആത്മാവ്, ബ്രഹ്മം എന്നൊക്കെ വാക്കുകളുണ്ടാക്കിപ്പറയുന്നത്. വാസ്തവത്തിൽ ഒരേയൊരു സത്യവസ്തുവായ ആ 'ഒന്നു' മാത്രമാണുണ്മ. അതു ശുദ്ധ അവബോധമത്രേ. ശരീരഭാവത്തിലുള്ള ഒന്നല്ല. അറിഞ്ഞാലുമില്ലെങ്കിലും, ശരീരമെടുത്താലുമില്ലെങ്കിലും, അതാണുണ്മ.

നാം കാണുന്ന ദുരിതാനുഭവങ്ങളെല്ലാം ശരീരത്തിനുമാത്രമുള്ളതാണ്‌..  അത്മാവാകട്ടെ ഇന്ദ്രിയസംവേദനങ്ങളുടെ പരിധിയിലും പരിമിതിയിലും പെടാത്തതുകൊണ്ട് അതിനെ ദു:ഖം ബാധിക്കയില്ല. അത്മാവിൽ ആഗ്രഹങ്ങൾ ഒന്നുമില്ല. ലോകം അതിൽ പ്രതിഫലിച്ചുകാണുന്നത് ആഗ്രഹംകൊണ്ടോ അത്മാവ് അതിനായി ഇച്ഛിച്ചതുകൊണ്ടോ അല്ല.

രാമ: എന്റെ പ്രഭാഷണംകൊണ്ട് നിന്നിൽ സൃഷ്ടിസ്ഥിതികളെക്കുറിച്ചുണ്ടായിരുന്ന തെറ്റിധാരണകൾ നീങ്ങിയിരിക്കുന്നു. നിന്റെ ബോധമണ്ഡലം ദ്വൈതഭാവം വെടിഞ്ഞ് നിർമ്മലമായിരിക്കുന്നു.

(ഉത്പത്തി പ്രകരണം എന്ന മൂന്നാം ഭാഗം അവസാനിച്ചു)

Sep 29, 2012

143 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 143

 സംബന്ധേ ദൃശ്യദൃഷ്ടീനാം മദ്ധ്യേ ദൃഷ്ടുർ ഹി യദ്വപു:
ദൃഷ്ടുർദർശന ദൃശ്യാദിവർജിതം തദിതം പരം (3/121/53)

വസിഷ്ഠൻ തുടർന്നു: എല്ലാ ബന്ധങ്ങളും മുൻപേ നിലവിലുണ്ടായിരുന്ന ചാര്‍ച്ചയുടെ  സാക്ഷാത്കാരമാണ്‌....   മുന്‍പു തന്നെയുള്ള  വിഷയം, വിഷയി മുതലായ  മോഹനിബദ്ധമായ അനുമാനങ്ങൾ മൂലമാണ്‌ ഈ ‘ബാന്ധവം’ എന്ന ധാരണതന്നെയുണ്ടാവുന്നത്. വാസ്തവത്തിൽ അനന്താവബോധം മാത്രമേയുള്ളു. അതുകൊണ്ട് രാമാ, ഈ വിശ്വത്തെ അനന്താവബോധമായി സാക്ഷാത്കരിച്ചാലും. ആ ബോധത്തിന്റെ പ്രഭാവമാണ്‌ ഇക്കാണായ മായജാലങ്ങളെല്ലാം. എങ്കിലും യാതൊന്നും 'സംഭവിച്ചിട്ടില്ല' എന്നതാണു സത്യം. സർവ്വവും നിറഞ്ഞുനിൽക്കുന്ന ആ ‘ഒന്നിൽ’ കൂടുതലായി മറ്റ് ഒന്നും ചേർക്കാൻ കഴിയില്ലല്ലോ. ആകാശത്ത് ഭാവനയിലുണ്ടാക്കിയ ഒരു നഗരം പണിതുയർത്തുംപോലെ മാത്രമേ അനന്തതയിലേയ്ക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കുവാനാകൂ. സ്വർണ്ണത്തിന്റെ സാന്നിദ്ധ്യം മറന്നാലേ കൈവള കാണുകയുള്ളൂ. കൈവള സ്വർണ്ണത്തിന്റെ തന്നെ ഒരു മായക്കാഴ്ച്ചയാണെന്നതുപോലെ മിഥ്യയാണ്‌ രാജ്യം, ലോകം, ആവർത്തിച്ചുള്ള ജനനമരണങ്ങൾ, തുടങ്ങിയ എല്ലാ ധാരണകളും.

ആഭരണത്തിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീങ്ങുമ്പോൾ സ്വർണ്ണമെന്ന സത്യം കാണാകും. അതുപോലെ വിഷയം-വിഷയി (ദൃക്ക്-ദൃശ്യം) എന്ന 'തെറ്റിദ്ധാരണ' ഉപേക്ഷിച്ചാൽപ്പിന്നെ ‘ഒന്നിനെ’ പലതാക്കി വിഭജനം ചെയ്യുന്ന അവിദ്യയ്ക്ക് അവിടെ ഇടമില്ല. ചിന്തകളാണ്‌ എല്ലാ വൈവിദ്ധ്യങ്ങള്‍ക്കും മോഹദൃശ്യങ്ങൾക്കും കാരണം. ചിന്തകളവസാനിക്കുമ്പോൾ സൃഷ്ടിയും അവസാനിച്ചു. അപ്പോൾ കടലിലെ തിരകൾ കടൽ തന്നെയെന്നു തിരിച്ചറിയുന്നു. മരപ്പാവകൾ മരമായും, മൺകുടങ്ങൾ മണ്ണായും, ത്രിലോകങ്ങൾ എല്ലാം പരബ്രഹ്മമായും വെളിപ്പെടുന്നു.

ദൃശ്യത്തിനും ദർശനം എന്ന പ്രക്രിയക്കുമിടയിൽ മൂന്നാമതായി ദൃഷ്ടാവുണ്ട്. ഈ മൂന്നും (ദൃശ്യം, ദർശനം, ദൃഷ്ടാവ്) തമ്മിലുള്ള അന്തരമവസാനിപ്പിക്കുമ്പോൾ പരമ്പൊരുളായി. മനസ്സ് ഒരു രാജ്യത്തു നിന്ന്‌ മറ്റൊരിടത്തേയ്ക്കു പോകുമ്പോൾ വിശ്വപ്രജ്ഞ കൂടെയുണ്ട്. അതങ്ങിനെയായിരിക്കട്ടെ. നിന്റെ ഉണ്മയായ അവസ്ഥ പരിമിതമായ ജാഗ്രത്-സ്വപ്ന-സുഷുപ്തികളല്ല. പിന്നെയോ, അത് ശാശ്വതമായതും, അറിവിനപ്പുറമുള്ളതും, ജഢത തൊട്ടുതീണ്ടാത്തതുമാണ്‌.   അതങ്ങിനെ തന്നെയായിരിക്കട്ടെ. നിന്റെ ഉൽസാഹമില്ലായ്മയെല്ലാം മാറ്റി ഹൃദയത്തിൽ സത്യത്തെ ഉറപ്പിക്കൂ. പിന്നെ ധ്യാനനിരതനായാലും, കർമ്മനിരതനായാലും വേണ്ടില്ല, ആസക്തിയും, വെറുപ്പും, ശരീരാഭിമാനവും വെടിഞ്ഞ് അങ്ങിനെതന്നെ തുടരുകയാണ് വേണ്ടത്. ഭാവിയിൽ ഉണ്ടായേക്കാന്‍ പോവുന്ന ഒരു ഗ്രാമത്തിന്റെ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ നീ വ്യഗ്രതപ്പെടാത്തതുപോലെ, മനസ്സിന്റെ ഗതിമാറ്റത്തിനനുസരിച്ച് ചാഞ്ചാടാതിരിക്കുക. സത്യത്തിൽ മാത്രം  ചിത്തമുറപ്പിക്കുക.

മനസ്സിനെ ഒരു വിദേശിയായോ, ഒരു കഷണം കല്ലോ മരമായോ കണക്കാക്കുക. അനന്താവബോധത്തിൽ മനസ്സില്ല. അതുകൊണ്ട് ഈ അയഥാർത്ഥമായ മനസ്സുണ്ടാക്കുന്നതൊന്നും യാഥാർഥ്യമല്ലെന്ന സത്യത്തിൽ അടിയുറപ്പിക്കുക. മനസ്സിന്‌ അസ്തിത്വമില്ല. അഥവാ താല്‍ക്കാലികമായി ഉണ്ടായിരുന്നുവെങ്കിൽത്തന്നെ അതിന്‌ അന്ത്യമായിരിക്കുന്നു. മരിച്ചുവെങ്കിലും ഈ മനസ്സ് എല്ലാം കാണുന്നു.  അതുകൊണ്ട് അതു നൽകുന്നത് തെറ്റായ ധരണകളാണ്‌...  ഈ അറിവ് ഉറപ്പാക്കുക. അസ്തിത്വമില്ലാത്ത ഈ മനസ്സിന്റെ വരുതിയിൽ കാലം കഴിച്ചുകൂട്ടുന്നവൻ ഭ്രാന്തനത്രേ. അവന്‌ ഇടിമിന്നൽപ്പിണരുകള്‍  ചന്ദ്രനിൽ നിന്നിറങ്ങി വരുന്നതായി തോന്നും. അതുകൊണ്ട്  മനസ്സ് സത്യമാണെന്ന മിഥ്യാധാരണയെ നീ  ദൂരെ ഉപേക്ഷിക്കുക. എന്നിട്ട് ഉചിതമായി ചിന്തിക്കുകയും ധ്യാനം പരിശീലിക്കുകയും ചെയ്യുക. രാമ: ഞാൻ മനസ്സിനെ ഏറെക്കാലം അന്വേഷിച്ചിരിക്കുന്നു. ഒരിടത്തും അതെനിക്ക് കണ്ടെത്തനായിട്ടില്ല. കാരണം അനന്താവബോധം മാത്രമേ സത്തായി നിലനിൽക്കുന്നുള്ളു. 

Sep 28, 2012

142 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 142

അവിദ്യയാത്മതത്ത്വസ്യ സംബന്ധോ നോപപദ്യതേ
സംബന്ധ: സദൃശാനാം ച യ: സ്ഫുട: സ്വാനുഭൂതിത: (3/121/33)

വസിഷ്ഠൻ തുടർന്നു: ലവണരാജൻ മോഹവിഭ്രാന്തമായ ബോധത്തിൽ ഒരു രാജകുമാരൻ ഗോത്രയുവതിയുമായി വിവാഹബന്ധത്തിലേർപ്പെടുന്ന കാഴ്ച്ച, തന്നിൽ പ്രതിഫലിച്ചു കണ്ടു. അത് അദ്ദേഹത്തിന്‌ സ്വന്തം അനുഭവമായിത്തോന്നി. ചിലപ്പോൾ ഒരുവൻ തന്റെ പൂർവ്വകാലചെയ്തികളെ പാടേ മറക്കുവാനിടയാകുന്നുണ്ടല്ലോ. അയാൾ അതതിന്റെ സമയത്ത് കർമ്മങ്ങൾക്കായി എത്ര സമയം ചിലവഴിച്ചതാണെന്നാലും ആ കാര്യങ്ങൾ അയാൾക്ക് സംഭവിച്ചതായി തോന്നുന്നേയില്ല. ഓർമ്മയിൽ ഈദൃശമായ അപഭ്രംശങ്ങൾ സ്വാഭാവീകമത്രേ. പണ്ടത്തെ കാര്യങ്ങൾ ഇപ്പോൾ സ്വപ്നം കാണുന്നപോലെ, ഗോത്രവർഗ്ഗവുമായി താൻ ബന്ധപ്പെട്ട കാര്യങ്ങൾ ലവണൻ തന്റെ മോഹദർശനത്തിൽ അനുഭവിച്ചു. വിന്ധ്യാചലത്തിന്റെ താഴ്വാരങ്ങളിലെ ഗോത്രവർഗ്ഗക്കാർക്ക് അവരുടെ മനസ്സിലും ലവണരാജാവിന്റെ ബോധമണ്ഡലത്തിലുദിച്ച ദർശനം അനുഭവവേദ്യമായതാവാം. ലവണരാജാവിന്റെയും ഗോത്രവർഗ്ഗക്കാരുടേയും മനസ്സുകൾ അന്യോന്യം അനുഭവങ്ങൾ സ്വായത്തമാക്കിയതുമാവാം. പലരും പറഞ്ഞുറപ്പിച്ചതുകൊണ്ടുമാത്രം സത്യമായി കണക്കാക്കപ്പെടുന്ന പ്രസ്താവനകളെന്നപോലെ മോഹവിഭ്രാന്തികൾ പലരും അനുഭവിക്കുന്നതുകൊണ്ട് യാഥാർത്ഥ്യമാണെന്ന പ്രതീതിയുണ്ടാവുന്നു. ഈ അനുഭവങ്ങൾ ഒരാളുടെ ജീവിതത്തിൽ സ്വാംശീകരിച്ചുകഴിഞ്ഞാൽ അവയ്ക്ക് സ്വന്തമായൊരു യാഥാർത്ഥ്യഭാവം കൽപ്പിക്കപ്പെടുന്നു. ഒരാളുടെ ബോധമണ്ഡലത്തിലെ അനുഭവം തന്നെയാണല്ലോ ഇഹലോകവസ്തുക്കളെ സംബന്ധിച്ച സത്യം.

എത്ര ആട്ടിയാലും മണലിൽ നിന്നും എണ്ണകിട്ടാനിടയില്ലാത്തതുപോലെ അവിദ്യ എന്നത് ഉണ്മയാവുക അസാദ്ധ്യം. അവിദ്യയും ഉണ്മയും തമ്മിൽ ഒരു ബന്ധവും ഉണ്ടാവുക വയ്യ. കാരണം ഒന്ന് സത്തും മറ്റേത് അസത്തുമാണ്‌.. ഒരേ തരം വസ്തുക്കൾ തമ്മിലേ ബന്ധം സാദ്ധ്യമാവൂ എന്നതാണ്‌ നമുക്കനുഭവം. ബോധം അനന്തമായതിനാലാണ്‌ ലോകത്തുള്ള എല്ലാം ബോധത്തിന്‌ അറിയാനാവുന്നത്. വിഷയി (ഭോക്താവ്) സ്വയംപ്രഭമല്ലാത്ത വിഷയത്തെ (വസ്തുവിനെ)പ്രകാശമാനമാക്കുന്നു എന്നതു ശരിയല്ല. കാരണം ബോധം സർവ്വവ്യാപിയായതിനാൽ എല്ലാം സ്വയംപ്രഭമത്രേ. അതിന്‌ പ്രത്യേകിച്ചൊരു പ്രജ്ഞാശക്തി ആവശ്യമില്ല. ബോധത്തിൽ അവബോധമുണ്ടാവുമ്പോൾ പ്രജ്ഞാശക്തി സ്വയം അങ്കുരിക്കുകയാണ്‌.. അത് ബോധം ജഢവസ്തുവിനെ 'കാണുന്നതു'കൊണ്ടുണ്ടാവുന്നതല്ല.

വിശ്വമെന്നത് ചൈതന്യവസ്തുവും ജഢവും ചേർന്ന മിശ്രിതമാണെന്നു പറഞ്ഞാൽ അതു ശരിയല്ല. കാരണം അവ തമ്മിൽ ചേരുകയില്ല. എല്ലാ വസ്തുക്കളിലും ബോധം നിറഞ്ഞുതിങ്ങി നിൽക്കുന്നതുകൊണ്ട് ഈ ബോധത്തിൽ സ്വയം അവബോധമുണ്ടാകുന്നതാണ്‌ അറിവ്. ജഢങ്ങളാണെങ്കിലും പാറക്കല്ലും മരവും തമ്മിൽ ബന്ധമുണ്ടെന്ന് ഒരാൾക്കു തോന്നിയേക്കാം. എന്നാൽ അവകളിലെ അടിസ്ഥാനഘടകങ്ങളിലാണ്‌ അത്തരം ബന്ധങ്ങളുള്ളത്. ആ ഘടകങ്ങളിൽ സംഗതമായ ചില വ്യതിയാനങ്ങളാണ്‌ അവയെ യഥാക്രമം കല്ലും മരവും ആക്കി മാറ്റിയത്. ഇത്തരം സമാനതകൾ നാവിന്റെ രുചിഭേദങ്ങളിലും മറ്റും നമുക്ക് കാണാനാവും. 

Sep 27, 2012

141 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 141

ഇത്യേവം രാഘവാവിദ്യാ മഹതി ഭ്രമദായനി
അസത്സത്താം നയത്യാശു സച്ചാസത്താം നയത്യലം (3/121/10)

വസിഷ്ഠൻ തുടർന്നു: തനിക്ക് മോഹവിഭ്രാന്തിയുണ്ടായതിന്റെ പിറ്റേന്ന് ലവണ രാജാവ് ഇങ്ങിനെ ചിന്തിച്ചു: “ഞാൻ ഇന്നലെയാ മോഹദർശനത്തിൽ കണ്ട സ്ഥലങ്ങളെല്ലാം എനിക്കൊന്നു സന്ദർശിക്കണം. അവ യഥാർത്ഥത്തിൽ ഉണ്ടെങ്കിലോ?” ഉടനേ തന്നെ പരിവാരസമേതം രാജാവ് തെക്കുദേശത്തേക്ക് യാത്ര പുറപ്പെട്ടു. താമസംവിനാ അദ്ദേഹം തന്റെ മോഹദർശനത്തിൽ കണ്ടതരം ആളുകളേയും ദേശവും കണ്ടു. ഗോത്രവർഗ്ഗക്കാരനായിരുന്നപ്പോൾ കണ്ടുമുട്ടിയ അതേ ആൾക്കാരെ അദ്ദേഹമവിടെ കണ്ടു. തന്റെ അഗതികളായ മക്കളും അവിടെയുണ്ടായിരുന്നു. അവിടെ ഒരു വൃദ്ധ ദു:ഖിച്ചു വിലപിക്കുന്നു: എന്റെ പ്രിയതമാ, ഞങ്ങളെ ഇവിടെയിട്ട് അങ്ങ് പോയതെങ്ങോട്ടാണ്‌? എന്റെ മകൾ ഭാഗ്യശാലിയായതുകൊണ്ട് സുന്ദരനും വീരനുമായൊരു രാജാവിനെ അവൾക്ക് ഭർത്താവായി ലഭിച്ചു. അവളും ഇപ്പോഴെനിക്കു നഷ്ടമായിരിക്കുന്നു. അവരെല്ലാം എവിടെപ്പോയി? എല്ലാവരും  എന്നെ വിട്ടു പോയിരിക്കുന്നു!.

രാജാവ് അവരെ സമീപിച്ച് ആശ്വാസവചനങ്ങൾ പറഞ്ഞു. അവർ തന്റെ ഗോത്രവർഗ്ഗഭാര്യയുടെ മാതാവാണെന്നു തിരിച്ചറിഞ്ഞു. താൻ തലേന്ന് ദർശനത്തിൽ കണ്ടിട്ടുള്ളതും ഇപ്പോൾ അവർ അനുഭവിക്കുന്നതുമായ വരൾച്ചയിൽ കഷ്ടപ്പെടുന്ന അവർക്കുവേണ്ടി രാജാവ് ദയാപൂർവ്വം ആവശ്യമുള്ള ധനം നൽ കി. അവരുമൊത്ത് കുറച്ചു സമയം ചിലവഴിച്ചശേഷം രാജാവ് കൊട്ടാരത്തിൽ തിരിച്ചെത്തി. പിറ്റേന്ന് രാജാവ് എന്നെ വിളിച്ച് ഇതിന്റെയെല്ലാം അർത്ഥം മനസ്സിലാക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടു. എന്റെ വിശദീകരണത്തിൽ രാജാവ് സന്തുഷ്ടനായി. രാമാ, സത്തിനേയും അസത്തിനേയും തമ്മിൽ വേർതിരിക്കാനാവാത്തവണ്ണം സങ്കീർണ്ണമാക്കാൻ അവിദ്യയ്ക്കുള്ള ശക്തി അദമ്യമാണ്‌. .

രാമൻ ചോദിച്ചു: മഹർഷേ തികച്ചും വിസ്മയകരമാണത്. സ്വപ്നത്തിൽ അല്ലെങ്കിൽ വിഭ്രാന്തിയിൽ കണ്ട കാര്യങ്ങൾ ജാഗ്രദാവസ്ഥയിൽ യാഥാർത്ഥ്യമായി കാണാൻ സാധിക്കുന്നതെങ്ങിനെ?

വസിഷ്ഠൻ പറഞ്ഞു: രാമാ, ഇതെല്ലാം അവിദ്യയാണ്‌.. അകലെ, അരികെ, ക്ഷണനേരം, യുഗപര്യന്തം, ഭ്രമകൽപ്പനകൾ, എല്ലാം - അവിദ്യയുടെ പ്രഭാവത്താൽ സത്തായത് അസത്തായും, അസത്തായത് സത്തായും കാണപ്പെടുന്നു. മനോപാധികൾ ഉള്ളതിനാൽ ജീവബോധത്തിൽ ഏതേതു ചിന്തകളുണ്ടാവുന്നുവോ അവ ധാരണകളാവുന്നു. അജ്ഞാനംമൂലം അഹംകാരഭാവം ഉദിക്കുമ്പോൾ ആദിമദ്ധ്യാന്തങ്ങളുള്ള ഒരു മോഹവിഭ്രാന്തികൂടി അവിടെ ഉദയം ചെയ്യുന്നു. അങ്ങിനെ മോഹത്തിനടിമയായവൻ സ്വയം ഒരു മൃഗമെന്നുകരുതി ഇതെല്ലാം അനുഭവിക്കുന്നു.

ഇതെല്ലാം സംഭവിക്കുന്നത് തികച്ചും ആകസ്മികമായാണ്‌.. കാക്കയും പനമ്പഴവും പോലെ. കാക്ക ഒരു മരക്കൊമ്പിൽ പറന്നുവന്നിരിക്കുമ്പോഴേക്കും പഴം വീഴുന്നത് കാക്കയുടെ ചെയ്തിയൊന്നും അല്ല. അങ്ങിനെ കാണുന്നവർക്കു തോന്നുമെങ്കിലും. അപ്രകാരം വെറും ആകസ്മികതകൊണ്ടു മാത്രം അയാഥാർത്ഥ്യമായത് യാഥാർത്ഥ്യമായി തോന്നുകയാണ്‌.. 

Sep 26, 2012

140 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 140


ത്വത്താഹന്താത്മതാ തത്താ സത്താസത്താ ന കാചന
ന ക്വചിദ്ഭേദകലനാ ന ഭവോ ന ച രഞ്ജനാ (3/119/21)

വസിഷ്ഠൻ തുടർന്നു: അത്മാവ് അജ്ഞതകൊണ്ട് അഹംകാരത്തിൽ ആമഗ്നമായി സ്വയം വേറിട്ടു നില്ക്കുകയാണ്‌..  സ്വർണ്ണമോതിരം, സ്വയം അടിസ്ഥാനപരമായി മൂല്യവസ്തുവായ സ്വർണ്ണമാണെന്നതു മറന്ന് മോതിരമായതോടെ  ‘അയ്യോ! എന്റെ സ്വർണ്ണത്വം’ നഷ്ടമായി എന്നു വിലപിക്കുന്നതുപോലെയാണിത്.

രാമൻ ചോദിച്ചു: ഭഗവൻ, ഈ അജ്ഞാനവും അഹംകാരവും ആത്മാവിലുദിക്കുന്നതെങ്ങിനെ?

വസിഷ്ഠൻ പറഞ്ഞു: രാമാ, നമ്മുടെ ചോദ്യങ്ങൾ യാഥാർത്ഥ്യമായതിനെ, ഉണ്മയെക്കുറിച്ചുള്ളതാകണം. അയാഥാർത്ഥ്യമായതിനെക്കുറിച്ചാകരുത്. സത്യത്തിൽ ‘മോതിരം, സ്വർണ്ണം, പരിമിതപ്പെട്ട അഹംകാരം’ എന്നിവയൊന്നും നിലനിൽക്കുന്ന വസ്തുക്കളല്ല. സ്വർണ്ണവ്യാപാരി മോതിരത്തെ സ്വർണ്ണത്തിന്റെ തൂക്കം നോക്കി വിൽക്കുന്നു. കാരണം അയാൾക്ക് അത് സ്വർണ്ണം മാത്രമാണ്‌..  മോതിരത്തിലെ ‘മോതിരത്വം’ ചർച്ചയ്ക്കെടുക്കുകയാണെങ്കിൽ, അത് അനന്തതയിലെ പരിമിതപ്പെട്ട നാമരൂപത്തിനെപ്പറ്റിയുള്ള ചർച്ചപോലെയാണ്‌..  എന്നാലത് `വന്ധ്യയുടെ`  പുത്രൻ എന്നു പറയും പോലെ അസംബന്ധവുമാണ്‌.. 

അയാഥാർത്ഥ്യമായതിന്റെ നിലനിൽപ്പെന്നതും അയാഥാർത്ഥ്യമാണ്‌..  അത് അവിദ്യയിൽ ഉദിച്ച് അന്വേഷണത്താൽ മറയുന്നു. അജ്ഞാനംകൊണ്ട് മുത്തുച്ചിപ്പിയിൽ ഒരുവൻ വെള്ളി കാണുന്നു. എന്നാൽ അതിന്‌ വെള്ളി എന്ന ലോഹമായി ഒരു നിമിഷം പോലും അസ്തിത്വമുണ്ടാവുകയില്ല. അത് മുത്തുച്ചിപ്പിയാണെന്ന സത്യം മനസ്സിലുറയ്ക്കുംവരെ അജ്ഞത വിട്ടുപോവുകയില്ല എന്നു മാത്രം. മണലിൽ നിന്നും എണ്ണയൂറ്റാനാവാത്തതുപോലെ, സ്വർണ്ണമോതിരത്തിൽ നിന്നും സ്വർണ്ണം മാത്രമേ മൂല്യവത്തായി എടുക്കാനാവൂ എന്നപോലെ, വസ്തുത ഒന്നേയുള്ളു. അനന്താവബോധം മാത്രമാണ്‌ എല്ലാ നാമരൂപങ്ങളിലും പ്രഭയോടെ ജ്വലിച്ചു നിൽക്കുന്നത്. അങ്ങിനെയൊക്കെയാണ്‌ അവിദ്യയുടെ കാര്യം. മോഹവിഭ്രാന്തിയും ലോകമെന്ന പ്രക്രിയയും അപ്രകാരം തന്നെ. അസ്തിത്വമില്ലെങ്കിലും അഹംകാരമെന്ന മിഥ്യാധാരണ ഉണ്ടാവുന്നുണ്ട് . സത്യത്തിൽ അനന്തമായ ആത്മാവിൽ അഹംകാരം നിലനിൽക്കുന്നില്ല.

അനന്താത്മാവിൽ സൃഷ്ടാവില്ല, സൃഷ്ടികളില്ല, ലോകങ്ങളില്ല, സ്വർഗ്ഗമില്ല, രാക്ഷസരില്ല, ശരീരങ്ങളില്ല, ധാതുക്കളില്ല, കാലമില്ല, അസ്തിത്വമില്ല, നാശവുമില്ല. ‘നീ’ യും ‘ഞാനും’ ഇല്ല. ആത്മാവില്ല, ‘അത്’ ഇല്ല, ‘സത്യം’ ഇല്ല, ‘അസത്യം’ ഇല്ല, ഇതൊന്നുമില്ല, നാനാത്വമെന്ന ധാരണയില്ല, ധ്യാനമില്ല, സുഖാസ്വാദനവുമില്ല. ഉള്ളത് പരമശാന്തി മാത്രം. അതാണ്‌ വിശ്വമെന്നറിയപ്പെടുന്നത്. അതിന്‌ ആദിമദ്ധ്യാന്തങ്ങൾ ഇല്ല. അതെല്ലായ്പ്പോഴും ഉള്ളതാണ്‌..  മനസാ വാചാ ഉള്ള ധാരണകൾക്കെല്ലാമതീതമാണത്. സത്യത്തിൽ സൃഷ്ടിയെന്നത് ഇല്ല. അനന്തത തന്റെ അനന്താവസ്ഥയെ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. ‘അത്’ ഒരിക്കലും ‘ഇത്’ ആയിട്ടില്ല. അത് ചലനമില്ലാത്ത അനന്തസമുദ്രം പോലെയത്രേ. അത് സ്വയം പ്രഭമായ സൂര്യനെപ്പോലെയാണെങ്കിലും അതിനു കർമ്മങ്ങളില്ല. 

അജ്ഞതയിൽ പരമപുരുഷനെ വസ്തുപ്രപഞ്ചമായി കാണുന്നു. ആകാശം സ്ഥിതിചെയ്യുന്നത് ആകാശത്തിൽത്തന്നെ! ‘സൃഷ്ടിക്കപ്പെട്ടവ’ എല്ലാം, ബ്രഹ്മത്തിൽ സ്തിതിചെയ്യുന്ന ബ്രഹ്മം തന്നെ. കണ്ണാടിയിൽ പ്രതിഫലിക്കുന്ന നഗരദൃശ്യത്തിലെ രണ്ടു വസ്തുക്കൾ തമ്മിലുള്ള അകലം പോലെയാണ്‌, അകലെ, അരികെ, വൈവിദ്ധ്യം, അവിടെ, ഇവിടെ എന്നെല്ലാം നാം വിവക്ഷിക്കുന്ന മിഥ്യാ ധാരണകൾ.

Sep 25, 2012

139 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 139

ജ്ഞാനഭൂമി: ശുഭേച്ഛാഖ്യാ പ്രഥമാ സമുദാഹൃത:
വിചാരണാ  ദ്വിതീയാ തു തൃതീയാ തനുമാനസാ (3/118/5)
സത്ത്വാപത്തിശ്ചതുർത്ഥാ സ്യാത്തതോസംസക്തിനാമികാ
പദാർത്ഥാഭാവനീ  ഷഷ്ഠീ  സപ്തമീ തുര്യഗാ  സ്മൃതാ (3/118/6)

വസിഷ്ഠൻ തുടർന്നു: രാമാ, ഞാനിനി വിജ്ഞാനതലങ്ങളുടെ ഏഴുപടികൾ എന്തെന്നു വിശദമാക്കാം. അതറിഞ്ഞുകഴിഞ്ഞാൽ നീ മോഹവലയത്തിലകപ്പെടുകയില്ല. “ശുദ്ധമായ ഇച്ഛയാണ്‌ ഒന്നാമത്. രണ്ടാമത് അന്വേഷണം. മൂന്നാമത് മനസ് സൂക്ഷ്മമാവുന്ന അവസ്ഥ. നാലാമത് സത്യത്തിൽ മനസ്സുറച്ച അവസ്ഥ . കെട്ടുപാടുകളിൽ നിന്നുമുള്ള മോചനമാണ്‌ അഞ്ചാമത്. വസ്തുനിഷ്ഠസമീപനത്തിന്റെ (വിഷയ-വിഷയി കാഴ്ച്ച ) അവസാനമാണ്‌ ആറാമത്. ഏഴാമത് ഇവയ്ക്കെല്ലാമുപരിയുള്ള മറൊരു തലമത്രേ.”

‘ഞാനിങ്ങിനെ മൂഢനായി തുടരുന്നതെന്തേ? ഇതില്‍നിന്നും എനിക്കൊരു മോചനം വേണം. മഹാത്മാക്കളേയും വേദഗ്രന്ഥങ്ങളേയും സമാശ്രയിച്ച് എനിക്ക് അനാസക്തി വളർത്തിയെടുക്കണം’ ഇങ്ങിനെയുള്ള ഇച്ഛയാണ്‌ ആദ്യത്തെ പടി. അതിനുശേഷം നേരിട്ടുള്ള അന്വേഷണമാണടുത്ത പടി. ഇതുമൂലം ആസക്തിയിൽ കുറവുണ്ടായി, മനസ്സ് സൂക്ഷ്മവും സുതാര്യവുമാവുന്നതാണ്‌ മൂന്നാമത്തെ അവസ്ഥ. ഈ മൂന്നവസ്ഥകളും അഭ്യസിച്ചുവരുമ്പോൾ ഇന്ദ്രിയസുഖങ്ങളിൽ നിന്നും സ്വാഭാവികമായി ഒരകൽച്ചയും അതുമൂലം സത്യവസ്തുവിൽ അഭിരമിക്കാനുള്ള സഹജഭാവവും ഉണ്ടാവുന്നു. ഇവയെല്ലാം നന്നായി അഭ്യസിച്ച് തികഞ്ഞ അനാസക്തിയാവുമ്പോൾ സത്യത്തിൽ മാത്രം മനസ്സുറയ്ക്കുന്നതാണ്‌ അഞ്ചാമത്തെ അവസ്ഥ. അങ്ങിനെ ആത്മാവിൽ അഭിരമിച്ച് അകത്തും പുറത്തുമുള്ള ദ്വന്ദഭാവനകളും വൈവിദ്ധ്യമാര്‍ന്ന  കാഴ്ച്ചകളും അവസാനിക്കുന്നു. മഹാത്മാക്കളുടെ പ്രചോദനം മൂലം തുടങ്ങിയ ആത്മാന്വേഷണത്തിന്‌ സ്വയം 'നേരനുഭവം' എന്ന ഫലം കാണുന്നു. അതിനുശേഷം മറ്റൊരുപാധിയും, വിഭാഗീയതയും ഇല്ലാതെ ആത്മജ്ഞാനം സഹജവും ഇടമുറിയാത്തതുമായ അനുഭവമാകുന്നു. ഇതാണ്‌ ഏഴാമത്തെ പടിയായ അതീന്ദ്രിയതലം. ഇത് ജീവന്മുക്താവസ്ഥയാണ്‌.. അതിനുമപ്പുറമാണ്‌ ശരീരബോധാതീതമായ തുരീയമെന്ന അവസ്ഥ. രാമാ, ഇപ്പറഞ്ഞ വിജ്ഞാനത്തിന്റെ ഏഴുപടികൾ കയറിയവർ മഹാത്മാക്കളത്രേ. അവർ മുക്തരാണ്‌.. സന്തോഷദു:ഖങ്ങൾ അവരെ ബാധിക്കയില്ല. അവർ കർമ്മനിരതരോ കർമ്മമുപേക്ഷിച്ചവരോ ആകാം. ആത്മാരാമന്മാരായ അവർക്ക് സന്തോഷം കണ്ടെത്താൻ മറ്റുള്ളവരുടെ സഹായം ആവശ്യമില്ല.

പരമോന്നതമായ ബോധാവസ്ഥയെ പ്രാപിക്കാൻ എല്ലാവർക്കുമാവും. ശരീരമുള്ള മനുഷ്യർക്കും, മൃഗങ്ങൾക്കും, ശരീരമെടുക്കാത്ത സത്ത്വങ്ങൾക്കുപോലും ഇതു സാദ്ധ്യമാണ്‌.. കാരണം, വിജ്ഞാനത്തിന്റെ ഉദയം മാത്രമാണല്ലോ ഇതിനുവേണ്ടത്. ഇങ്ങിനെ പരമോന്നതബോധതലത്തിലെത്തിയവർ മഹാത്മാക്കൾ തന്നെയാണ്‌.. അവർ ഏവര്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ്‌.. അവർക്കു മുന്നിൽ ചക്രവർത്തിമാർ പോലും തൃണതുല്യരത്രേ. അവർ, ഇവിടെ ഇപ്പോൾ, മുക്തരായി ജീവിക്കുന്നു. 

Sep 24, 2012

138 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 138

ബീജജാഗ്രത്തഥാ ജാഗ്രൻ മഹജാഗ്രത് തഥൈവ ച
ജാഗ്രത്സ്വപ്നസ്തഥാ സ്വപ്ന: സ്വപ്നജാഗ്രത്സുഷുപ്തകം
ഇതി സപ്തവിധോ മോഹ: പുനരേവ പരസ്പരം (3/117/12)

വസിഷ്ഠൻ തുടർന്നു: ലവണ രാജാവിന്റെ കൊട്ടാരത്തിൽ ആ ജാലവിദ്യക്കാരൻ വന്നപ്പോൾ ഞാനും അവിടെയുണ്ടായിരുന്നു എന്നു പറഞ്ഞല്ലോ. സഭയിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷനായ അയാൾ ആരാണെന്നറിയാൻ സഭാവാസികൾക്ക് ആകാംക്ഷയായി. അയാൾ ഒരു ദേവദൂതനാണെന്ന് എന്റെ ദിവ്യദൃഷ്ടിയാൽ ഞാനറിഞ്ഞു . ഉന്നതമായ യാഗകർമ്മങ്ങൾ ചെയുന്നവരെ പരീക്ഷിക്കാനായി അവർക്കു പലതരത്തിലും ഉപദ്രവം നല്കുക ഇന്ദ്രന്റെ പതിവാണ്‌.. ലവണരാജാവ്‌ മാനസീകമായി യാഗമനുഷ്ഠിക്കുകയായിരുന്നല്ലോ. അദ്ദേഹത്തില്‍ മോഹവിഭ്രാന്തിയുണ്ടായത്  ഇങ്ങിനെയാണ്. യാഗകർമ്മങ്ങൾ നടത്തിയതും മനസ്സ്; ദുരിതം സഹിച്ചതും മനസ്സ്. ഇതേ മനസ്സ് നിർമ്മലമാവുമ്പോൾ അതുണ്ടാക്കിയ ദ്വന്ദഭാവവും നാനാത്വവും സ്വയം അപ്രത്യക്ഷമാവും. രാമാ, ചാക്രികമായി നടക്കുന്ന സൃഷ്ടിസർഗ്ഗത്തെപ്പറ്റി, അതായത്  കഴിഞ്ഞ വിശ്വപ്രളയശേഷം ഉള്ള കാര്യങ്ങളെപ്പറ്റി, ഞാൻ പറഞ്ഞുകഴിഞ്ഞു. ‘ഞാൻ’, ‘എന്റേത്’ എന്നീ തെറ്റിധാരണകൾ ഒരുവനിൽ അങ്കുരിക്കുന്നതെങ്ങിനെയെന്നും പറഞ്ഞു. ജ്ഞാനത്തിന്റെ വെളിച്ചത്തിൽ ആരൊരുവൻ ക്രമമായി യോഗമാർഗ്ഗത്തിലെ എഴു പടികൾതാണ്ടി പരിപൂർണ്ണതയിലെത്തുന്നുവോ അവന്‌ മുക്തിയായി.

രാമൻ ചോദിച്ചു : ഭഗവൻ, ഏതാണീ ഏഴുപടികൾ?

വസിഷ്ഠൻ പറഞ്ഞു: രാമ: അജ്ഞാനത്തിൽ താഴോട്ട് ഏഴും; വിജ്ഞാനത്തിൽ മുകളിലേയ്ക്ക് ഏഴും പടികളാണുള്ളത്. അതെപ്പറ്റി ഞാനിനി പറയാം. മനസ്സ് ആത്മജ്ഞാനത്തിൽ ദൃഢീകൃതമായാൽ മോക്ഷമായി. എന്നാല്‍ അതിലുണ്ടാവുന്ന ക്ഷോഭം അഹംകാരത്തിനും ബന്ധനത്തിനും കാരണമാവുന്നു. ആത്മജ്ഞാനാവസ്ഥയിൽ മനസ്സ് ക്ഷോഭങ്ങളൊഴിഞ്ഞ് പ്രശാന്തമാണ്‌.. മനസ്സിൽ മന്ദതയോ അസ്വസ്ഥതയോ, അഹംകാരമോ നാനാത്വധാരണകളോ അപ്പോഴില്ല. “ആത്മജ്ഞാനത്തെ മൂടിമറയ്ക്കുന്ന മോഹവിഭ്രാന്തികൾ ഏഴുതരമാണ്‌.. ബീജാവസ്ഥയിലിരിക്കുന്ന ജാഗ്രത്ത്, ജാഗ്രതാവസ്ഥ, മഹാ ജാഗ്രത്ത്, ജാഗ്രത്തായ സ്വപ്നാവസ്ഥ, സ്വപ്നാവസ്ഥ, സ്വപ്നാവസ്ഥയിലുള്ള ജാഗ്രത്ത്, സുഷുപ്തി എന്നിവയാണവ.”

നിർമ്മലബോധത്തിൽ മനസ്സും ജീവനും നാമമാത്രമായി ഉള്ളപ്പോൾ, അതിന്‌ ബീജാവസ്ഥയിലുള്ള ജാഗ്രത്ത് എന്നു പറയും. ‘ഞാൻ’.‘എന്റെ’ തുടങ്ങിയ ധാരണകൾ ഉണരുമ്പോൾ അത് ജാഗ്രതാവസ്ഥയായി. ഈ ധാരണകൾ പൂർവ്വജന്മങ്ങളിലെ ഓർമ്മകളുമായിച്ചേർന്ന് പ്രബലമാവുമ്പോൾ അത് മഹാജാഗ്രത്തായി. മനസ്സ് പൂർണ്ണമായും ഉണർന്നിരിക്കുമ്പോൾ സ്വന്തം ഭാവനകളാലും മോഹങ്ങളാലും നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയാണ്‌ ജാഗ്രത്തായ സ്വപ്നാവസ്ഥ. ഉറക്കത്തിലെ അനുഭവങ്ങളെന്ന തെറ്റിദ്ധാരണ- ഇനിയും യാഥാർത്ഥ്യമാവാത്ത അനുഭവങ്ങൾ- സ്വപ്നാവസ്ഥയാണ്‌.. സ്വപ്നത്തിൽ പൂർവ്വാനുഭവങ്ങൾ അനുഭവവേദ്യമാകുന്ന അവസ്ഥയാണ്‌ സ്വപ്നാവസ്ഥയിലെ ജാഗത്ത്. ഇതെല്ലാം പരിപൂർണ്ണമായ മാന്ദ്യത്തിനു വഴിമാറിക്കൊടുക്കുമ്പോൾ സുഷുപ്തിയായി. ഈ ഏഴു പടികൾക്കുള്ളിൽ അനേകം ഉപവിഭാഗങ്ങളുണ്ട്.

Sep 23, 2012

137 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 137

സർവ്വേഷു സുഖദു:ഖേഷു സർവാസു കലനാസു ച
മന: കർതൃ മനോ ഭോക്തൃ, മാനസം വിദ്ധി മാനവം (3/115/24)

കുറച്ചുനേരം ധ്യാനനിരതനായിരുന്നശേഷം രാമൻ ചോദിച്ചു: മഹർഷേ, യഥാർത്ഥ്യത്തില്‍ നിലനിൽപ്പില്ലാത്ത അജ്ഞാനത്തിന്‌ ഇത്രയധികം ചിന്താക്കുഴപ്പമുണ്ടാക്കാൻ കഴിയുന്നു എന്നത് എത്ര അത്ഭുതകരം! സത്യത്തിൽ ‘ഇല്ലാത്ത’ ഈലോകം എത്ര യഥാർത്ഥ്യമായാണ്‌ നമുക്കനുഭവപ്പെടുന്നത്‌!. ഇതെങ്ങിനെ സാധിക്കുന്നുവെന്ന് ഒന്നുകൂടി വിശദമാക്കിയാലും. ലവണ മഹാരാജാവിന്‌ പലവിധ ദുരിതാനുഭവങ്ങൾ ഉണ്ടാവാൻ എന്താണു കാരണം? മാത്രമല്ല, അരാണ്‌, അല്ലെങ്കിൽ എന്താണ്‌ ഈ അനുഭവങ്ങളുടെ ഭോക്താവ്?

വസിഷ്ഠൻ പറഞ്ഞു: രാമ: ബോധം ഈ ശരീരവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് സത്യമല്ല. ശരീരം ബോധമണ്ഡലത്തിലെ ഒരു ഭ്രമകൽപ്പന മാത്രമാണ്‌.. ഒരു സ്വപ്നദൃശ്യം പോലെ. ബോധം, ചൈതന്യമെന്ന (ഊര്‍ജ്ജം) വസ്ത്രമുടുത്ത് സ്വയം ഒരു ജീവനായി പരിമിതഭാവം ധരിക്കുകയാണ്‌. ജീവനോ, വിക്ഷുപ്തമായ  ഈ ഊർജ്ജത്തിന്റെ ശക്തികൊണ്ട് പ്രത്യക്ഷലോകത്തിൽ ആമഗ്നമാവുകയാണ്‌.. പൂർവ്വാർജ്ജിതകർമ്മഫലങ്ങൾ അനുഭവിക്കുന്ന, സുഖവും ദു;ഖവും അറിയുന്ന, ശരീരമെടുത്ത ഈ സത്ത, അഹംകാരം, മനസ്സ്, ജീവൻ എന്നൊക്കെ അറിയപ്പെടുന്നു. ശരീരത്തിനോ, പ്രബുദ്ധതയാർജ്ജിച്ച ജീവനോ അനുഭവങ്ങൾ ഇല്ല. അജ്ഞാനാവൃതമായ മനസ്സാണ്‌ സുഖദുഖാനുഭവങ്ങളുടെ ഭോക്താവ്. സ്വപ്നദൃശ്യങ്ങളുണ്ടാവുന്നത് ഉറക്കത്തിൽ മാത്രമാണല്ലോ. അതുപോലെ അവിദ്യയിലാണ്‌ മനസ്സ് ബാഹ്യപ്രകടനമായ പ്രത്യക്ഷലോകത്തെ ഭാവനചെയ്തുണ്ടാക്കുന്നത്. ഉറക്കമുണരുമ്പോൾ സ്വപ്നമില്ല; ജ്ഞാനത്തിന്റെ പ്രബുദ്ധതയിൽ ലോകം ഇല്ല. മനസ്സ്, അവിദ്യ, മാനസീകോപാധികൾ, വ്യക്തി ബോധം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ജീവനാണ്‌ അനുഭവഭോക്താവ്‌.. ശരീരം ചൈതന്യരഹിതമാകയാൽ സുഖിക്കാനോ ദുരിതം സഹിക്കാനോ അതിനാവില്ല. അവിദ്യയാണ്‌ അശ്രദ്ധയ്ക്കും അജ്ഞാനത്തിനും ഹേതു. അതിനാൽ അവിദ്യയാണ്‌ സുഖദു:ഖങ്ങളുടെ ഭോക്താവ്.

മനസ്സുതന്നെയാണ്‌ ജനിക്കുന്നതും, വിലപിക്കുന്നതും, കൊല്ലുന്നതും, പോവുന്നതും, മറ്റുള്ളവരെ ഉപദ്രവിക്കുന്നതും. ഈ ശരീരമല്ല. “സുഖ ദു:ഖാനുഭവങ്ങളിലും എല്ലാ മോഹവിഭ്രാന്തികളിലും ഭാവനകളിലും മനസ്സാണെല്ലാം ചെയ്യുന്നത്; മനസ്സാണെല്ലാം അനുഭവിക്കുന്നത്; മനസ്സ് മനുഷ്യനാണ്‌.” ലവണ രാജാവിന്‌ ദുരിതങ്ങൾ സഹിക്കേണ്ടതായി വന്നതിനെക്കുറിച്ച് ഞാൻ പറഞ്ഞുതരാം. ഹരിശ്ചന്ദ്രന്റെ കുലത്തിലാണ്‌ ലവണൻ ജനിച്ചത്.

ലവണൻ ആലോചിച്ചു: 'എന്റെ മുത്തശ്ശനായ ഹരിശ്ചന്ദ്രന്‍ വലിയ യാഗകർമ്മങ്ങള്‍  ചെയ്ത്   മഹത്വമാർജ്ജിച്ച വ്യക്തിയാണ്‌.. എനിയ്ക്കും അതേപോലെ  യാഗം ചെയ്ത് മഹത്വം പ്രാപിക്കണം.' അദ്ദേഹം മനസാ  യാഗസാമഗ്രികളെല്ലാമൊരുക്കി; മനസ്സില്‍ത്തന്നെ പരികർമ്മികളെയെല്ലാം സംഘടിപ്പിച്ചു. സ്വന്തം പൂന്തോട്ടത്തിലിരുന്ന് ഒരുവർഷക്കാലം ഭാവനയിൽ ഈ യാഗം ഭംഗിയായി ചെയ്തു. മാനസീകമായി യാഗം പൂർത്തീകരിച്ചതിനാൽ അതിന്റെഫലവും അദ്ദേഹത്തിനു ലഭിച്ചു. അതുകൊണ്ട് രാമാ, മനസ്സാണ്‌ കർത്താവും ഭോക്താവും. അതുകൊണ്ട് മനസ്സിനെ മുക്തിപദത്തിലേയ്ക്ക് നയിച്ചാലും. 

Sep 22, 2012

136 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 136

തസ്മാന്‍മനോനുസന്ധാനം ഭാവേഷു ന കരോതി യ:
അന്തശ്ചേതന യത്നേന സ ശാന്തിമധിഗച്ഛതി (3/114/48)

വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സ്‌ മോഹ ജഢിലവും, മൂഢത്വം നിറഞ്ഞ ആശയങ്ങളില്‍ അഭിരമിക്കുന്നതുമായാല്‍ അതു ഭ്രമാത്മകമാവും. എന്നാല്‍ മനസ്സ്‌ പ്രബോധാത്മകവും ഉന്നതവുമായ ആശയങ്ങളിലാണഭിരമിക്കുന്നതെങ്കില്‍ അത്‌ പ്രബുദ്ധമാവും. മനസ്സില്‍ അവിദ്യാചിന്ത സന്ദേഹത്തോടെ തൂങ്ങിനില്‍ക്കുന്നുവെങ്കില്‍ ആ ചിന്തകള്‍ ദൃഢീകരിക്കപ്പെടും. എങ്കിലും അത്മസാക്ഷാത്കാരം നേടിയാല്‍പ്പിന്നെ അവിദ്യ അപ്രത്യക്ഷമാവും. മനസ്സ്‌ എന്തുനേടുവാന്‍ ആഗ്രഹിക്കുന്നുവോ അവയെ ലഭ്യമാക്കാന്‍ പഞ്ചേന്ദ്രിയങ്ങള്‍ അവയുടെ മുഴുവന്‍ ഊര്‍ജ്ജവുമെടുത്ത്‌ സദാ സന്നദ്ധമായി നില്‍ക്കുന്നു. "അതുകൊണ്ട്‌ ഏതൊരുവന്‍ മനസ്സിനെ വിഷയചിന്തകളിലും ആശയങ്ങളിലും മുഴുകാന്‍ അനുവദിക്കുന്നില്ലയോ, അവന്‍ ആത്മബോധലാഭത്തിനായി പരിശ്രമിക്കുന്നതിലൂടെ ശാന്തി കണ്ടെത്തുന്നു."

തുടക്കത്തിലേ ഇല്ലാതിരുന്ന ഒന്നും ഇപ്പോഴും സത്തായിട്ട്‌ ഇല്ല. ആദിയിലേ ഉണ്ടായിരുന്നതും ഇപ്പോഴുള്ളതുമായ ഒന്ന്, പരബ്രഹ്മം മാത്രമാണ്‌...  ഇതിനെപ്പറ്റി ധ്യാനിക്കുന്നതിലൂടെ പ്രശാന്തി കൈവരുന്നു. ബ്രഹ്മം, ശാന്തി തന്നെയാണ്‌.. ഒരുവന്‍ മറ്റൊന്നിനേയും ഒരിക്കലും ഒരിടത്തും ധ്യാനിക്കേണ്ടതില്ല. സുഖസമ്പാദനം എന്ന ചിന്തയുടെ വേരുതന്നെ എല്ലാശക്തിയുമുപയോഗിച്ച്‌, ബുദ്ധികുശലതയോടെ നാം അറുത്തുമാറ്റണം. അജ്ഞാനമാണ്‌ വാര്‍ദ്ധക്യത്തിനും മരണത്തിനും ഹേതു. ആശകളും ആസക്തികളും ശാഖോപശാഖകളായി വളര്‍ന്ന് പന്തലിക്കുന്നത്‌ മാനസീകോപാധികള്‍ എന്ന ഈ അജ്ഞാനത്താലാണ്‌...  ഈ ശാഖകളുടെ സ്വഭാവം, 'ഇതെന്റെ ധനം', 'ഇതെന്റെ മക്കള്‍ ' മുതലായവയാണ്‌...

ഈ പുറംതോടായ ശരീരത്തില്‍ 'ഞാന്‍' എന്നറിയപ്പെടുന്ന വസ്തു എവിടെയാണ്‌? രാമ: സത്യത്തില്‍ , 'ഞാന്‍', 'എന്റെ', തുടങ്ങിയ ഭാവങ്ങള്‍ക്ക്‌ അസ്തിത്വമില്ല. ഒരേയൊരാത്മാവു മാത്രമേ സത്യമായുള്ളു. അജ്ഞാനത്തിന്റെ ഫലമായാണ്‌ കയറില്‍ ഒരുവന്‍ പാമ്പിനെ കാണുന്നത്‌..  പ്രബുദ്ധര്‍ക്ക്‌ അത്തരം തെറ്റിദ്ധാരണയില്ലല്ലോ. പ്രബുദ്ധരായവരുടെ ദര്‍ശനത്തില്‍ അനന്താവബോധം മാത്രമേ ഉണ്മയായുള്ളു. രാമ: അജ്ഞതയില്‍ തുടരാതെ ഋഷിയാവൂ. ഈ ലോകമെന്ന കാഴ്ച്ചയെ നല്‍കുന്ന മാനസീകോപാധികളെ നശിപ്പിച്ചാലും. ഒരജ്ഞാനിയേപ്പോലെ, ഈ ശരീരം നിന്റെ സ്വത്വമാണെന്നു ധരിച്ച്‌ ദു:ഖിതനായിരിക്കുന്നതെന്തിന്‌? ഈ ശരീരവും ആത്മാവും ഒരുമിച്ചു സ്ഥിതിചെയ്യുന്നു എന്നു തോന്നുന്നുവെങ്കിലും അവ വേര്‍പിരിക്കാനരുതാത്തതല്ല. ശരീരം മരിക്കുമ്പോള്‍ ആത്മാവ്‌ മരിക്കുന്നില്ല.

രാമ: എന്തത്ഭുതമാണെന്നു നോക്കൂ, മനുഷ്യര്‍ പരബ്രഹ്മം മാത്രമേയുള്ളൂ എന്ന സത്യം മറന്ന് അസത്യമായ, അവിദ്യയാണ്‌ ഉണ്മയെന്ന് വിശ്വസിക്കുകയാണ്‌...  രാമ: ഈ അവിദ്യയുടെ അസ്തിത്വത്തെപ്പറ്റിയുള്ള മൂഢവിശ്വാസം നിന്നില്‍ വേരുറക്കാതിരിക്കട്ടെ. ബോധമണ്ഡലം മലീമസമായാല്‍ അത്‌ അന്തമില്ലാത്ത ദുരിതാനുഭവങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അജ്ഞാനം ഉണ്മയല്ലെങ്കിലും അതിന്‌ ശരിയായ ദുരിതാനുഭവം നല്‍കാന്‍ കഴിയും. അവിദ്യകൊണ്ടാണ്‌ മരീചികപോലെയുള്ള ഭ്രമങ്ങള്‍ ഉണ്ടാവുന്നത്‌...  ആകാശഗമനം, പറക്കല്‍ , തുടങ്ങി വിവിധങ്ങളായ ദൃശ്യവിസ്മയങ്ങള്‍ , സ്വര്‍ഗ്ഗനരകങ്ങളിലെ അനുഭവങ്ങള്‍ എല്ലാം അവിദ്യയാല്‍ ഉണ്ടാവുന്നു. അതുകൊണ്ട്‌ രാമ:, ദ്വന്ദഭാവനകള്‍ക്കു കാരണമായ മാനസീകോപാധികളെ തീര്‍ത്തുമുപേക്ഷിച്ച്‌ സര്‍വ്വ സ്വതന്ത്രനായാലും. അങ്ങിനെ നിനക്ക്‌ സമാനതകളില്ലാത്ത ഉത്കൃഷ്ടത സ്വായത്തമാക്കാം. 

Sep 21, 2012

135 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 135

നാ  ഹം ബ്രഹ്മേതി സങ്കല്‍പാത്സുദൃഢാത്ബദ്ധ്യതേ മന:
സര്‍വ്വം ബ്രഹ്മേതി സങ്കല്‍പാത്‌ സുദൃഢാന്മുച്യതേ മന: (3/114/23)

രാമന്‍ ചോദിച്ചു: മഹാത്മന്‍, ഈ ഭയാനകമായ അജ്ഞാനത്തിന്റെ ഇരുട്ട്‌ എങ്ങിനെയാണ്‌ ഇല്ലാതെയാവുക?

വസിഷ്ഠന്‍ പറഞ്ഞു: രാമ: നമ്മുടെ നോട്ടം വിളക്കിലേയ്ക്കു തിരിഞ്ഞാല്‍പ്പിന്നെ നമ്മെസംബന്ധിച്ചിടത്തോളം ഇരുട്ട്‌ ഇല്ലാതെയായി. അതുപോലെ ആത്മാവിലേക്ക്‌ ശ്രദ്ധതിരിച്ചാല്‍ അജ്ഞാനത്തിനും അവസാനമായി. അത്മജ്ഞാനമാര്‍ജ്ജിക്കാന്‍ സ്വാഭാവികമായ ഒരുള്‍വിളി ഉണ്ടാവുന്നതുവരെ ഈ അവിദ്യ, അല്ലെങ്കില്‍ മാനസീകോപാധികള്‍ എണ്ണമറ്റ ലോകങ്ങളെ പ്രകടമാക്കിക്കൊണ്ടേയിരിക്കും. പ്രകാശമെന്തെന്നറിയാന്‍ ഒരു നിഴല്‍ ആഗ്രഹിച്ചാല്‍ വെളിച്ചത്തിന്റെ അറിവില്‍ നിഴല്‍ ഇല്ലാതെയാവുന്നു. അതുപോലെയാണ്‌ ആത്മാന്വേഷണത്തിലൂടെ അജ്ഞാനത്തിന്റെ നാശമുണ്ടാവുന്നത്‌.. രാമ: ആശയാണ്‌ അജ്ഞാനം. ആശകളൊടുങ്ങലാണ്‌ മുക്തി. മനസ്സില്‍ ചിന്തകളില്ലാത്തപ്പോഴാണിതു സാദ്ധ്യമാവുക.

രാമന്‍ ചോദിച്ചു: മഹര്‍ഷേ, അങ്ങുപറഞ്ഞല്ലോ ആത്മജ്ഞാനം ഉണ്ടാവുമ്പോള്‍ അവിദ്യ ഇല്ലാതാവുന്നു, എന്ന്. എന്താണീ ആത്മാവ്‌?

വസിഷ്ഠന്‍ പറഞ്ഞു: രാമ: ബ്രഹ്മാവു മുതല്‍ പുല്‍ക്കൊടിവരെ എല്ലാം ആത്മാവുതന്നെ. അവിദ്യയെന്നത്‌ നിലനില്‍പ്പില്ലാത്ത ഒരു അയഥാര്‍ഥ്യമാണ്‌ (അസത്ത്‌). ))  മനസ്സ്‌ എന്നുപറയുന്നത്‌ രണ്ടാമതൊരു വസ്തുവല്ല. അത്മാവിലാണ്‌ ഈ മൂടുപടത്തിന്റെ (അവിദ്യയുടെ) പ്രഭാവത്താല്‍ വിഷയം-വിഷയി എന്നീ ഭാവങ്ങളുണ്ടാവുന്നതും അവയെ അനന്താവബോധത്തില്‍നിന്നു വേറിട്ടു കാണാനിടയാവുന്നതും. അതാണ്‌ മനസ്സെന്നറിയപെടുന്നത്‌.. ഈ മൂടുപടം പോലും അത്മാവുതന്നെ.

ഈ മൂടുപടമെന്നത്‌ അനന്താവബോധത്തില്‍ ഒരു ചിന്ത, അല്ലെങ്കില്‍ ആശയം, ഉദ്ദേശം, അങ്കുരിക്കുന്നതാണ്‌.. മനസ്സ്‌ ഈ ചിന്തയുടെ സന്തതിയാണ്‌.. ഈ മനസ്സിനെ ഇല്ലാതാക്കാനും ചിന്തകളുടെ സഹായം വേണം. അതായത്‌ ചിന്തകളുടെ, ആശയങ്ങളുടെ, അവസാനമെത്താനും ചിന്തകള്‍ വേണം.  'ഞാന്‍ പരബ്രഹ്മമല്ല' എന്നൊരു സുദൃഢമായ വിശ്വാസം (ചിന്ത) മനസ്സിനെ ബന്ധിക്കുന്നു. മനസ്സിനെ സ്വതന്ത്രമാക്കാന്‍ 'എല്ലാം പരബ്രഹ്മം മാത്രം' എന്നൊരു സുദൃഢവിശ്വാസത്തിനു സാധിക്കും." ആശയങ്ങളും ചിന്തകളും ബന്ധനമാണ്‌.. അവയുടെ അവസാനം മോചനവും. അതുകൊണ്ട്‌ അവയില്‍ നിന്നു സ്വതന്ത്രനാവുക. എന്നിട്ട്‌ സ്വേഛയാ സഹജമായ കര്‍മ്മങ്ങള്‍ ചെയ്യുക.

ചിന്ത, അല്ലെങ്കില്‍ ഒരാശയമാണ്‌ ആകാശത്തിന്റെ നീലനിറത്തിനു നിദാനം. അതുപോലെ മനസ്സ്‌ ലോകത്തെ സത്തായി കാണുന്നു. ആകാശത്തിന്‌ സത്യത്തില്‍ നീലനിറമില്ല. പ്രകാശതരംഗംങ്ങളെ ഒരു പരിധിക്കപ്പുറം സ്പഷ്ടമായി കാണാന്‍ കണ്ണുകള്‍ അപര്യാപ്തമായതിനാലാണ്‌ നീലനിറം കാണപ്പെടുന്നത്‌. അതുപോലെ നമ്മുടെ ചിന്തകളുടെ പരിമിതിയാണ്‌ ലോകമെന്ന ഈ 'കാഴ്ച്ച'. രാമ: ഈ ലോകമെന്നത്‌ വെറും ഭ്രമമാണ്‌.. അതിനെക്കുറിച്ചുള്ള ചിന്തപോലും മനസ്സില്‍ ഉയരാതിരിക്കട്ടെ. 'ഞാന്‍ മതിമയങ്ങിയിരിക്കുന്നു' എന്ന ചിന്ത ദു:ഖത്തിനു കാരണമാവുന്നു. 'ഞാന്‍ ഉണര്‍ന്നിരിക്കുന്നു' എന്ന ചിന്ത ആനന്ദത്തിനും കാരണമാവുന്നു.

Sep 20, 2012

134 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 134

സനിതംബസ്തനീ  ചിത്രേ ന സ്ത്രീ സ്ത്രിധര്‍മ്മിണീ  യഥാ
തഥൈവാകാരചിന്തേയം കര്‍ത്തും യോഗ്യാ ന കിഞ്ചന (3/113/32)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ വാസനകളെ, അജ്ഞതയെ, മനുഷ്യന്‍ നിഷ്പ്രയാസം ആര്‍ജ്ജിച്ചു കൂട്ടിവയ്ക്കുന്നു. സുഖദായകമാണെന്നുതോന്നുമെങ്കിലും അവ ദു:ഖത്തിനു കാരണമാകുന്നു. ആത്മജ്ഞാനത്തെ മറയ്ക്കുന്നതുകൊണ്ടാണ്‌ ഇത്‌ സുഖം തരുന്നതായി തോന്നുന്നത്‌..  ലവണ രജാവിന്‌ ഒരേയൊരുമണിക്കൂറിനെ ഒരായുസ്സുകാലമാക്കാന്‍ കഴിഞ്ഞുവല്ലോ. ഈ മനോപാധി, വാസന, എന്തെങ്കിലും ചെയ്യാന്‍ സ്വയം അശക്തമാണ്‌.. എന്നാല്‍ കണ്ണാടിയില്‍ക്കാണുന്ന ദീപനാളത്തിന്റെ ഇളക്കം പോലെ വാസനകള്‍ വളരെ ഊര്‍ജ്ജസ്വലമായി കാണപ്പെടുന്നു.

"മനോഹരമായി വരച്ചുവച്ച ചിത്രപടത്തിലെ സ്ത്രീയ്ക്ക്‌ ഒരു സ്തീയുടെ കര്‍ത്തവ്യങ്ങള്‍ ചെയ്യാനാകാത്തതുപോലെ വാസനകള്‍ പ്രബലങ്ങളാണെന്നു തോന്നുമെങ്കിലും സ്വയമായി എന്തെങ്കിലും ചെയ്യാന്‍ അവ പര്യാപ്തമല്ല." ജ്ഞാനിയെ ഭ്രമിപ്പിക്കാന്‍ അതിനാവില്ല. എന്നാല്‍ മൂഢനെ അതു കീഴടക്കുന്നു. മരുഭൂമിയിലെ കാനല്‍ ജലം കണ്ട്‌ മൃഗങ്ങള്‍ വിഡ്ഢികളാവുന്നു. എന്നാല്‍  ബുദ്ധിയുള്ള മനുഷ്യന്‌ അതിന്റെ സത്യമറിയാം. മനോപാധികള്‍ക്ക്‌ നൈമിഷികമായ അസ്തിത്വമേയുള്ളു; എങ്കിലും ഒഴുക്കുള്ള നദിപോലെ അതിനു സ്ഥിരതയുള്ളതായി തോന്നുന്നു. അതിന്‌ സത്യത്തെ മൂടാന്‍ കഴിയുന്നതുകൊണ്ട്‌ സ്വയം ഉണ്മയാണെന്നു ഭാവിക്കുന്നു. എന്നാല്‍ അതിനെ അറിയാന്‍ തുനിഞ്ഞാലോ, അതിന്റെ 'കഥയില്ലായ്മ' വെളിപ്പെടുന്നു. തുലോം ദുര്‍ബ്ബലമായ ചെറുനാരുകള്‍ പിരിച്ചു കൂട്ടി ശക്തിയുള്ള കയറുണ്ടാക്കുന്നതുപോലെ വാസനകള്‍ ശക്തിയും ദൃഢതയും ആര്‍ജ്ജിക്കുന്നത്‌ പ്രത്യക്ഷലോകത്തിലെ മുമ്പു പറഞ്ഞ ഗുണഗണങ്ങളാലാണ്‌. . 

വാസനകള്‍ പെരുകുന്നതായി തോന്നുന്നുവെങ്കിലും അതു സത്യമല്ല. തീനാളത്തിന്റെ തുമ്പിനെ പിടിക്കാനാവാത്തതുപോലെ അന്വേഷണത്തില്‍ അതപ്രത്യക്ഷമാവുന്നു. എങ്കിലും ആകാശത്തിന്റെ നീലനിറം പോലെ വാസനകള്‍ക്ക്‌ അസ്തിത്വമുണ്ടെന്നു തോന്നുന്നു. 'രണ്ടാമതൊരു' ചന്ദ്രന്റെ ദൃശ്യം പോലെ, സ്വപ്നത്തിലെ വസ്തുക്കളെപ്പോലെ, അതു ചിന്താക്കുഴപ്പമുണ്ടാക്കുന്നു. ശാന്തമായി വഞ്ചിയില്‍ പോകുന്നവര്‍ക്ക്‌ നദീതീരമാണ്‌ നീങ്ങുന്നതെന്ന് തോന്നുമ്പോലെയാണിത്‌..  കര്‍മ്മോന്മുഖമാവുമ്പോള്‍ പ്രത്യക്ഷലോകമെന്ന ഒരു നീണ്ടസ്വപ്നത്തെ അതു കാണിക്കുന്നു. എല്ലാ ബന്ധങ്ങളേയും അനുഭവങ്ങളെയും അതു വികടമാക്കുന്നു.

ഈ അവിദ്യ, അല്ലെങ്കില്‍ വാസനകളാണ്‌ ദ്വന്ദതയെ ഉണ്ടാക്കുന്നതും ആ ഭാവത്തെ വളര്‍ത്തുന്നതും. അനുഭവങ്ങളും ധാരണകളും തമ്മിലുള്ള അന്തരത്തിനും വിഭാഗീയചിന്തയ്ക്കും അതുതന്നെ കാരണം. ഈ അയാഥാര്‍ത്ഥ്യ സ്ഥിതിയെപ്പറ്റി അവബോധമുദിക്കുമ്പോള്‍ മനസ്സു നിലയ്ക്കുന്നു. വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുമ്പോള്‍ നദിയില്ല.

രാമന്‍ ചോദിച്ചു: മഹാത്മന്‍, മരീചികയില്‍ കാണുന്ന നദി ഒരിക്കലും അവസാനിക്കുന്നില്ലല്ലോ! ലോകത്തെ മുഴുവന്‍ അന്ധമാക്കുന്ന ഈ അജ്ഞാനം എത്ര വിസ്മയകരം! ആശ, വെറുപ്പ്‌, എന്നീ രണ്ടു ചാലകശക്തികളാണ്‌ അജ്ഞാനത്തെ, വാസനകളെ, പരിപോഷിപ്പിക്കുന്നത്‌..  ഭഗവന്‍,   ഈ മനോപാധികള്‍ , അല്ലെങ്കില്‍ അജ്ഞാനം, വീണ്ടുമൊരിക്കലും ഉദിച്ചുയരാതിരിക്കുവാന്‍ എന്താണ്‌ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം?

Sep 19, 2012

133 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 133

മാ വാകര്‍ത്താ ഭവ പ്രാജ്ഞ കിമകര്‍തൃതയേഹിതേ
സാദ്ധ്യം സാദ്ധ്യം ഉപാദേയം തസ്മാത്‌ സ്വസ്ഥോ ഭവാനഘാ (3/113/7)

വസിഷ്ഠന്‍ തുടര്‍ന്നു: മാനസീകമായ ഉപാധികള്‍ , അഥവാ വാസന, യാഥാര്‍ത്ഥ്യമല്ലെങ്കിലും അത്‌ മനസ്സില്‍ ഉയര്‍ന്നുവരുന്നുണ്ട്‌. ഒരേവസ്തുവിനെ (ചന്ദ്രനെ) രണ്ടായിക്കാണുന്ന ഒരുതരം മാനസീക രോഗത്തോട്‌ ഇതിനെ ഉപമിക്കാം. അതുകൊണ്ട്‌ ഈ വാസനകളെ വെറും മതിഭ്രമമെന്നു മനസ്സിലാക്കി തീര്‍ത്തും ത്യജിക്കണം. അവിദ്യയുടെ പരിണിതഫലം അജ്ഞാനിയെ മാത്രമേ ബാധിക്കൂ. ജ്ഞാനിക്കോ, അത്‌ വെറും വാക്കുകള്‍ മാത്രം. വന്ധ്യയുടെ പുത്രന്‍ എന്നു പറയുന്നതുപോലെ അസംബന്ധം.

രാമാ, അജ്ഞതയില്‍ തുടരാതിരിക്കൂ. ജ്ഞാനിയാവാന്‍ ശ്രമിക്കൂ. രണ്ടാമതൊരു ചന്ദ്രനുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു തള്ളിക്കളയുന്നതുപോലെ മനസ്സിന്റെ ഉപാധികളെ ഉപേക്ഷിച്ചാലും. ഇവിടെ യാതൊരു കര്‍മ്മത്തിന്റേയും കര്‍ത്താവ്‌ നീയല്ല. രാമ: പിന്നെ നീയെന്തിന്‌ കര്‍ത്തൃത്വ ഭാവം കൈക്കൊള്ളുന്നു? 'ഒന്നു' മാത്രം ഉള്ളപ്പോള്‍ ആര്‌ എന്തു കര്‍മ്മം എങ്ങിനെ ചെയ്യാനാണ്‌? "നിഷ്ക്രിയനാകരുത്‌; ഒന്നും ചെയ്യാതിരുന്നിട്ട്‌ എന്തു കിട്ടാനാണ്‌? ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകതന്നെ വേണം. അതുകൊണ്ട്‌ ആത്മാവില്‍ അഭിരമിക്കൂ." സ്വയം സഹജമായ കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അവയോട്‌ നിനക്ക്‌ മമതയില്ലെങ്കില്‍ നീ കര്‍ത്താവല്ല. നീയൊന്നും ചെയ്യുന്നില്ലെങ്കിലും, ആ 'നിഷ്ക്രിയത്തോട്‌' മമതവെച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ നീ കര്‍ത്താവാണ്‌. .

പ്രത്യക്ഷ ലോകത്തിന്റെ ചാലകശക്തി വാസനകളാണ്‌.. അത്‌ മണ്‍കുടമുണ്ടാക്കുന്ന കുശവന്റെ ചക്രം പോലെ ചുറ്റിക്കൊണ്ടിരിക്കുന്നു. പാഴ്മുളത്തണ്ടുപോലെ അകം പൊള്ളയായ ഒന്നാണു വാസന. നദിയിലെ ഓളങ്ങളെപ്പോലെ, മുറിച്ചുമാറ്റിയാലും അതൊടുങ്ങുന്നില്ല. അതീവ സൂക്ഷ്മവും മൃദുവുമാണെങ്കിലും അതിന്‌ വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട്‌.. അതിനെ ഗ്രഹിക്കുക വയ്യ. അതിനെ അറിയുന്നത്‌ അതിന്റെ പ്രതിഫലനങ്ങളില്‍നിന്നുമാണ്‌.. എന്നാല്‍ ഒരുവന്റെ സത്യാന്വേഷണത്തില്‍ അതുകൊണ്ട്‌ പ്രയോജനങ്ങളൊന്നുമില്ല. സൃഷ്ടിജാലങ്ങളില്‍ നാനാത്വം കാണപ്പെടുന്നത്‌ ഈ ഉപാധികളാലാണ്‌..  അതിന്‌ പ്രത്യേകിച്ച്‌ വാസസ്ഥലങ്ങളൊന്നുമില്ല. എല്ലാടവും അതുണ്ട്‌..  മനോപാധികള്‍ മേധാശക്തിയുടെ പ്രകടനമല്ലെങ്കിലും അത്‌ ബുദ്ധിയില്‍ അധിഷ്ഠിതമായതിനാല്‍ അങ്ങിനെ തോന്നുന്നു. എപ്പോഴും മാറ്റത്തിനു വിധേയമായികൊണ്ടിരിക്കുമ്പോഴും അത്‌ ശാശ്വതമാണെന്ന തോന്നലുളവാക്കുന്നു. അനന്താവബോധവുമായുള്ള ഇടപഴകല്‍ നിമിത്തം അത്‌ കര്‍മ്മോന്മുഖമായും അനുഭവപ്പെടുന്നു. അനന്താവബോധം സാക്ഷാത്കരിക്കുമ്പോള്‍ ഈ മനോപാധികള്‍ക്ക്‌ അവസാനമായി. വിഷയങ്ങളോടുള്ള ആസക്തിയാണ്‌ വാസനകളെ ഊട്ടി വളര്‍ത്തുന്നത്‌.. ഈ ആസക്തിയുടെ അഭാവത്തില്‍പ്പോലും വാസന ഒരു സാദ്ധ്യതയായി അവശേഷിക്കുന്നു. 

Sep 18, 2012

132 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 132

യത്തു ചഞ്ചലതാഹീനം തന്‍മനോ മൃതമുച്യതേ
തദേവ ച തപ:ശാസ്ത്രസിദ്ധാന്തോ മോക്ഷ ഉച്യതെ (3/112/8)

വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സ്‌ എതേതു പദാര്‍ത്ഥങ്ങളിലേയ്ക്കാണോ തീക്ഷ്ണമായി ശ്രദ്ധതിരിച്ച് ചലിക്കുന്നത്‌, അവിടെ ആര്‍ത്തികളെ അടക്കാനുള്ള വഴി മനസ്സ്‌ സ്വയം കണ്ടെത്തുന്നു. എന്നാല്‍  ഈ ചലനത്തിന്റെ ദിശ തികച്ചും വ്യക്തമല്ല. സമുദ്രോപരിയുള്ള ഓളങ്ങളെപ്പോലെ അവ ചിലപ്പോള്‍ ചിലയിടത്ത്‌ അപ്പപ്പോള്‍ കാണപ്പെട്ടു മറയുകയാണ്‌.. മഞ്ഞുകട്ടയില്‍ തണുപ്പ്‌ സഹജമെന്നതുപോലെ മനസ്സും ഈ ചഞ്ചലത്വവും  തമ്മില്‍ വേര്‍പിരിക്കാനാവില്ല.

രാമന്‍ ചോദിച്ചു: മഹാത്മന്‍, മനസ്സിന്റെ ഈ അസ്വസ്ഥതയെ ബലമായി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്‌ കൂടുതല്‍ വിക്ഷോഭങ്ങള്‍ക്കിടയാക്കുകയില്ലേ?

വസിഷ്ഠന്‍ പറഞ്ഞു: ശരിയാണ്‌, അസ്വസ്ഥതകളില്ലെങ്കില്‍ മനസ്സില്ല. മനസ്സിന്റെ സഹജഭാവം തന്നെ അസ്വസ്ഥതയാണ്‌.. അനന്താവബോധത്തെ അടിസ്ഥാനമാക്കി മനസ്സിലുള്ള അസ്വസ്ഥതയാണ്‌ ഈ ലോകമായി പ്രകടമാവുന്നത്‌.. രാമ: അതാണ്‌ മനസ്സിന്റെ ശക്തി. "എന്നാല്‍ മനസ്സില്‍ നിന്ന് ഈ അസ്വസ്ഥതയെ നീക്കം ചെയ്താല്‍ അതു 'മരിച്ച' മനസ്സാണ്‌.. അതാണ്‌ തപസ്സ്‌.. വേദശാസ്ത്രങ്ങളിലൂടെ വെളിവാകുന്ന മുക്തിയും അതാണ്‌.". മനസ്സങ്ങിനെ അനന്താവബോധത്തില്‍ വിലയിക്കുമ്പോള്‍ പരമ ശാന്തിയും മനസ്സ്‌ ചിന്തകളില്‍ മുഴുകുമ്പോള്‍ ദു:ഖവുമാണ്‌ ഫലം.

മനസ്സിന്റെ ഈ അസ്വസ്ഥതയാണ്‌ അവിദ്യ, അജ്ഞാനം, എന്നൊക്കെ അറിയപ്പെടുന്നത്‌.. അതാണ്‌ വാസനകളുടെ ഇരിപ്പിടം. നിരന്തരമായ അന്വേഷണത്തിലൂടെ, സുഖദായികളായ വിഷയവസ്തുക്കളോടുള്ള ആസക്തി ഉപേക്ഷിച്ച്‌, അതിനെ ഇല്ലാതാക്കുക. രാമ: മനസ്സ്‌ ഒരു നാഴികമണിയുടെ നാക്കുപോലെ സത്തില്‍ നിന്നും അസത്തിലേയ്ക്ക്‌, ബോധത്തില്‍നിന്നും ജഢത്തിലേയ്ക്ക്‌, ചഞ്ചാടിക്കൊണ്ടേയിരിക്കുന്നു. ജഢവസ്തുവില്‍ ഏറെക്കാലം ശ്രദ്ധപതിപ്പിച്ചിരുന്നാല്‍ മനസ്സ്‌ ആ ജഢസ്വഭാവം സാത്മീകരിക്കുന്നു. അതേ മനസ്സ്‌ ആത്മാന്വേഷണത്തിന്റേയും ജ്ഞാനത്തിന്റേയും മാര്‍ഗ്ഗത്തിലേയ്ക്ക്‌ ഉന്മുഖമാവുമ്പോള്‍ എല്ലാ സങ്കല്‍പ്പങ്ങളും കുടഞ്ഞെറിഞ്ഞ്‌ നിര്‍മ്മലബോധമെന്ന സ്വരൂപത്തിലേയ്ക്ക്‌ തിരിച്ചെത്തുന്നു.

സ്വാഭാവികമായുള്ളതോ സങ്കല്‍പ്പിച്ചുണ്ടാക്കിയതോ ആയ വസ്തുവിന്റെ രൂപം മനസ്സ്‌ ആര്‍ജ്ജിക്കുന്നു. അതുകൊണ്ട്‌ ദൃഢനിശ്ചയത്തോടെ, ബുദ്ധിപൂര്‍വ്വം എല്ലാ ദു:ഖങ്ങള്‍ക്കുമതീതമായ, സംശയരഹിതമായ ആ അവസ്ഥയെ ധ്യാനിക്കൂ. മനസ്സിന്‌ സ്വയം നിയന്ത്രിക്കാന്‍ അറിയാം മറ്റൊരു മാര്‍ഗ്ഗം ഇല്ല താനും. ജ്ഞാനികള്‍ അവരുടെ ലീനവാസനകളെ (അതു മനസ്സു തന്നെ) അവ ഉയരുന്ന മാത്രയില്‍ത്തന്നെ നീക്കംചെയ്ത്‌ അവിദ്യയെ ജയിക്കുന്നു. ആദ്യം ആര്‍ത്തികളെ ത്യജിച്ച്‌ മനോപാധികളെ നശിപ്പിക്കുക. പിന്നീട്‌ ബന്ധനം, മോചനം തുടങ്ങിയ ധാരണകളെപ്പോലും മനസ്സില്‍നിന്നു നീക്കുക. അങ്ങിനെ എല്ലാ ഉപാധികളില്‍നിന്നും പൂര്‍ണ്ണമായി സ്വതന്ത്രനാവുക. 

Sep 17, 2012

131 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 131

സര്‍വ്വം സര്‍വ്വഗതം ശാന്തം ബ്രഹ്മ സംപദ്ധ്യതേ തദാ
അസങ്കല്‍പ്പനശസ്ത്രേണ ച്ഛിന്നം ചിത്തം ഗതം യദാ  (3/111/15)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ മനസ്സെന്ന ഭൂതത്തെ ജയിക്കാനുള്ള മാര്‍ഗ്ഗം സ്വപ്രയത്നത്തിന്റെ, അല്ലെങ്കില്‍ ആത്മജ്ഞാനത്തിന്റെ സഹായത്താല്‍ സുഖാനുഭവങ്ങള്‍ക്കായുള്ള അതിന്റെ ആര്‍ത്തിപൂണ്ട  ആശകള്‍ ഉപേക്ഷിക്കുക എന്നതാണ്‌.. വാസ്തവത്തില്‍ ഇതിന്‌ പ്രത്യേകിച്ച്‌ കഠിനാദ്ധ്വാനം ഒന്നും ആവശ്യമില്ല. ചെറിയ കുട്ടികളുടെ ശ്രദ്ധ എളുപ്പത്തില്‍ തിരിച്ചുവിടുന്നതുപോലെ, ഉചിതമായ ഭാവമുണ്ടാക്കിയെടുക്കുന്നതിലൂടെ, നമുക്കും ഇതു സാധിക്കാം. അത്യാര്‍ത്തികളെ ഉപേക്ഷിക്കാന്‍ കഴിയാത്തവന്‍ നശിക്കുന്നു; കാരണം അതിലൂടെ മാത്രമേ ഒരുവന്‍ നന്മയിലേയ്ക്കു നയിക്കപ്പെടുകയുള്ളു. തീവ്രമായ സാധനയിലൂടെ മനസ്സിനെ ജയിക്കാം. അങ്ങിനെ ക്ലേശലേശംകൂടാതെ വ്യക്തിബോധത്തിന്‌ അനന്താവബോധത്തില്‍ ആമഗ്നമാവാം. അപ്പോള്‍ വ്യക്തിത്വത്തിന്റെ ചട്ടക്കൂടെന്ന പരിമിതി ഇല്ലാതായിക്കഴിഞ്ഞു. ഇത്‌ തീര്‍ച്ചയായും എളുപ്പത്തില്‍ സാധിക്കാവുന്നതാണ്‌.. ഇതിനു കഴിയാത്തവന്‍ മനുഷ്യരൂപത്തിലുള്ള കഴുകന്മാരത്രേ.

മുക്തിപദപ്രാപ്തിക്ക്‌ മനോനിയന്ത്രണമല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അതായത്‌ മനസ്സിന്റെ ആര്‍ത്തികളെ ഉപേക്ഷിക്കാന്‍ തീവ്രപരിശ്രമം നടത്തുക എന്നതു തന്നെ. മനസ്സിനെ 'കൊല്ലാന്‍' സംശയലേശമന്യേ ഒരുറച്ച തീരുമാനമെടുക്കുക. ഇതു സാധിച്ചില്ലെങ്കില്‍ ഗുരുനാഥന്റെ നിദ്ദേശങ്ങള്‍ ക്കും, വേദഗ്രന്ഥപഠനത്തിനും മന്ത്രജപത്തിനുമെല്ലാം തൃണമൂല്യം മാത്രമേയുള്ളു എന്നറിയുക. "അസങ്കല്‍പ്പം എന്ന ആയുധംകൊണ്ട്‌ മനസ്സിന്റെ വേരറുത്താല്‍ മാത്രമേ ഒരുവന്‌ സര്‍വ്വവ്യാപിയും പരമശാന്തവുമായ പരബ്രഹ്മപദം പ്രാപിക്കുവാന്‍ കഴിയൂ." തെറ്റായ ധാരണകളുടെയും ദു;ഖത്തിന്റെയും സന്തതിയാണ്‌ സങ്കല്‍പ്പം, അല്ലെങ്കില്‍ ഭാവന. ഇത്‌ ആത്മജ്ഞാനംകൊണ്ട്‌ ഇല്ലാതാക്കിയാല്‍പ്പിന്നെ പരമശാന്തിയായി. എന്തുകൊണ്ടാണിത്‌ വളരെ ക്ലേശകരമായി തോന്നുന്നത്‌? മന്ദബുദ്ധികളാല്‍ ഉണ്ടാക്കപ്പെട്ട വിധി, നിയോഗം, ദൈവങ്ങള്‍ തുടങ്ങിയ പരിമിത സങ്കല്‍പ്പങ്ങളെ ഉപേക്ഷിക്കൂ എന്നിട്ട്‌ സ്വപ്രയത്നം കൊണ്ട്‌, ആത്മജ്ഞാനംകൊണ്ട്‌, മനസ്സിനെ 'അമനസ്സ്‌' ആക്കൂ. അനന്താവബോധത്തില്‍ വ്യക്തിബോധം മുങ്ങി വിലയനം  പ്രാപിച്ചപോലെ  ഇല്ലാതാവട്ടെ. എന്നിട്ട്‌ എല്ലാത്തിനും അപ്പുറം പോവുക.

പരംപൊരുളുമായി താദാത്മ്യം പ്രാപിച്ച നിന്റെ മേധാശക്തി, അനശ്വരമായ ആത്മാവില്‍ വിലീനമാവട്ടെ. അങ്ങിനെ മനസ്സടക്കി എല്ലാ വികല്‍പ്പങ്ങളുമൊഴിഞ്ഞ ഒരുവന്‌ മൂന്നുലോകങ്ങളെ കീഴടക്കുക എന്നതുപോലും പാഴ്വേലയായിത്തോന്നും. ഇതിന്‌ വേദപരിജ്ഞാനമോ, സമൂഹത്തിലെ ഉയര്‍ച്ച താഴ്ചകളോ പ്രശ്നമല്ല. ആത്മജ്ഞാനം മാത്രമാണു കാര്യം. എന്താണിതിനു പ്രയാസം? ഇതൊരാള്‍ക്ക്‌ പ്രയാസമെന്നു തോന്നിയാല്‍പ്പിന്നെ  എങ്ങിനെയാണീ ലോകത്ത്‌ അത്മജ്ഞാനമില്ലാതെ നിഷ്പ്രയാസം ജീവിക്കുക? അതും പ്രയാസമേറിയതുതന്നെയല്ലേ? ഒരിക്കലും മരണമില്ലാത്ത ആത്മാവിനെ അറിഞ്ഞവന്‌ മരണത്തെ പേടിയില്ല. ബന്ധുമിത്രാദികളുടെ വേര്‍പാട്‌ അവനെ ബാധിക്കുന്നില്ല. 'ഇതു ഞാന്‍', 'ഇതെന്റേത്‌', എന്നീ ചിന്തകളാണ്‌ മനസ്സ്‌.. ഇവയെ മാറ്റിയാല്‍ പിന്നെ മനസ്സില്ല. അത്‌ ഭയരഹിതമായ അവസ്ഥയാണ്‌.. വാള്‍ മുതലായ ആയുധങ്ങള്‍ ഭയജനകമാണ്‌.. എന്നാല്‍ അഹംകാരം നശിപ്പിക്കുന്ന വിജ്ഞാനമെന്ന ആയുധം അഭയമാണ്‌ നല്‍കുന്നത്‌.. 

Sep 16, 2012

130 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 130

ന സ്പന്ദതേ മനോ യസ്യ ശസ്ത്രസ്തംഭ ഇവോത്തമ:
സദ്‌ വസ്തുതോസൌ പുരുഷ: ശിഷ്ടാ: കര്‍ദ്ദമ കീടകാ: (3/110/63)

വസിഷ്ഠന്‍ തുടര്‍ന്നു: രാമ: സര്‍വ്വവ്യാപിയും, നിര്‍മ്മലവും, ശാശ്വതവും അനന്താവബോധവുമായ ആ പരം പൊരുളിനെ മൂടുപടംകൊണ്ടു മറയ്ക്കാന്‍ മനസ്സിനാവുന്നു എന്നതിനേക്കാള്‍ വിസ്മയകരമായി മറ്റ്‌ എന്തുണ്ട്‌? എന്നിട്ടോ, അതിനെ മനസ്സ്‌ ഈ ജഢമാത്രമായ ശരീരവുമായി കൂട്ടിക്കലര്‍ത്തി സംഭ്രമിപ്പിക്കുന്നു.

ചലനവസ്തുക്കളില്‍ മനസ്സ്‌ വായുവായി പ്രകടമാവുന്നു. ഭൂമിയുടെ ദൃഢതയും ആകാശത്തിലെ ശൂന്യതയും മനസ്സു തന്നെ. മനസ്സ്‌ മറ്റൊരിടത്താണെങ്കില്‍ കഴിക്കുന്ന ആഹാരത്തിന്റെ സ്വാദ്‌ അനുഭവവേദ്യമല്ല. മനസ്സ്‌ മറ്റൊരിടത്തുള്ളപ്പോള്‍ കണ്മുന്നിലുള്ളതുകൂടി നമുക്ക്‌ കാണാനാവില്ല. ഇന്ദ്രിയങ്ങള്‍ മനസ്സില്‍നിന്നുണ്ടായതാണ്‌-. തിരിച്ചല്ല. മനസ്സും ശരീരവും രണ്ടും രണ്ടാണെന്ന് വിഡ്ഢികളേ പറയൂ. അവ ഒന്നു തന്നെ. മനസ്സു മാത്രം. ഈ സത്യം സാക്ഷാത്കരിച്ച മഹര്‍ഷിമാര്‍ക്കു നമോവാകം. ഈ സത്യമറിഞ്ഞ മാമുനിമാര്‍ക്ക്‌, തന്നെയൊരു സ്ത്രീ വന്നു പുണര്‍ന്നാലും അതൊരു ശല്യമാവുന്നില്ല. ശരീരത്തിലൊരു തടിക്കഷണം സ്പര്‍ശിക്കുന്നതുപോലെയേ അതനുഭവമാകുന്നുള്ളു. കൈകള്‍ വെട്ടിമാറ്റിയാലും അചഞ്ചലമായിരിക്കാന്‍ അവര്‍ക്കാവും. എല്ലാ ദു:ഖങ്ങളേയും ആനന്ദാനുഭവമാക്കാനും അവര്‍ക്കാവും.

മനസ്സ്‌ മറ്റൊരിടത്താണെങ്കില്‍ അതിരസകരമായ ഒരു കഥ ചെവിയിലെത്തിയാലും നാം അതു കേള്‍ ക്കുന്നില്ല. സ്വയം പല കഥാപാത്രങ്ങളായി അഭിനയിക്കാന്‍ കഴിയുന്ന ഒരു കൃതഹസ്തനടനേപ്പോലെ സ്വപ്നം, ജാഗ്രത്ത്‌ തുടങ്ങിയ പലബോധതലങ്ങളും സൃഷ്ടിക്കാന്‍ മനസ്സിനു കഴിയുന്നു. ലവണ മഹാരാജാവിനേപ്പോലെയുള്ള ഒരു മഹാനെപ്പോലും അപരിഷ്കൃതനായ ഒരു ഗോത്രവര്‍ഗ്ഗക്കാരനായി മാറ്റാന്‍ മനസ്സിനെത്രവേഗമാണു സാധിച്ചത്‌!!. മനസ്സ്‌ സ്വന്തമായി കെട്ടിയുണ്ടാക്കുന്നതിനെയാണ്‌ അനുഭവിക്കുന്നത്‌.. ചിന്തകളാല്‍ പടുത്തുകെട്ടിയതാണ്‌ മനസ്സ്‌.. ഇതറിഞ്ഞ്‌ നീ നിനക്ക്‌ ബോധിച്ചതുപോലെ പ്രവര്‍ത്തിച്ചാലും. തുടര്‍ച്ചയായ ചിന്തകള്‍കൊണ്ട്‌ ദൃഢീകൃതമായ മനസ്സ്‌ താന്‍ ജനിച്ചെന്നും മരിച്ചെന്നും ചിന്തിക്കുന്നു. സ്വയം രൂപരഹിതമെങ്കിലും മനസ്സ്‌ ശരീരവുമായി തദാത്മ്യഭാവം കൈക്കൊള്ളുന്നു. ശരീരമുള്ള ഒരു ജീവനാണു താന്‍ എന്നു ധരിക്കുന്നു. ചിന്തകള്‍ കാരണമാണ്‌ ഒരുവനില്‍ ദേശചിന്തയും സുഖ-ദു:ഖാനുഭവങ്ങളും അങ്കുരിക്കുന്നത്‌.. വിത്തിലെ എണ്ണപോലെ ലീനമായി ഇതെല്ലാം മനസ്സിലുള്ളതുതന്നെ.

ആരൊരുവന്‍ മനസ്സിനെ സുഖം നേടാനായി വിഷയവസ്തുക്കളില്‍ അലയാന്‍ വിടുന്നില്ലയോ അവന്‍ മനസ്സിനെ വെന്നവനാണ്‌.. "തൂണില്‍ ബന്ധിച്ചവന്‍ തൂണിനെപ്പോലെ തന്നെ അചലമാണ്‌.. അതുപോലെ മഹാത്മാക്കളുടെ മനസ്സ്‌ ഉണ്മയില്‍നിന്നും വ്യതിചലിക്കുന്നില്ല. അവനാണ്‌ മനുഷ്യന്‍... മറ്റെല്ലാവരും വെറും പുഴുക്കളത്രേ." നിരന്തര ധ്യാനത്തിലൂടെ, സത്യമറിഞ്ഞവന്‍ പരമപദം പ്രാപിക്കുന്നു. 

Sep 15, 2012

129 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 129

മനോമാത്രം ജഗത്‌ കൃത്സ്നം മന: പര്യന്തമണ്ഡലം
മനോ വ്യോമ മനോ ഭൂമിര്‍മനോ വായുര്‍മനോ മഹാന്‍ (3/110/15)

വ്സിഷ്ഠന്‍ തുടര്‍ന്നു: ആദിയില്‍ പരമപുരുഷനില്‍ (അനന്താവബോധത്തില്‍ ഒരു വിഭജനം ഉണ്ടായി. എങ്ങിനെയെന്നാല്‍ , അനന്തത, കാഴ്ച്ചവസ്തുവും കാഴ്ച്ചക്കാരനും ആയി. ഈ ദൃഷ്ടാവ്‌ കാഴ്ച്ചയെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍, അറിയാന്‍ ശ്രമിക്കവേ ആകെ ചിന്താക്കുഴപ്പമായി. യാഥാര്‍ഥ്യമെന്ത്‌, കാഴ്ച്ചയെന്ത്‌ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ഒരവസ്ഥ. ഈ ചിന്താക്കുഴപ്പത്തിന്റെ ഫലമായി അനന്താവബോധത്തില്‍ പരിമിതമായ അനേകം ധാരണകള്‍ ഉണ്ടായി. ഈ പരിമിതമനസ്സ്‌ എണ്ണമില്ലാത്ത സങ്കല്‍പ്പങ്ങളും ആശയങ്ങളുമുണ്ടാക്കി. അവ ആത്മാവിനെ ക്ഷീണിതമാക്കി ഉണ്മയെ മറച്ച്‌ ദു:ഖാനുഭവം നല്‍കുന്നു. മനസ്സിവയെ പര്‍വ്വതാകാരമാക്കി അവതരിപ്പിക്കുന്നു. ഈ ആശയങ്ങളും അനുഭവങ്ങളും മനസ്സില്‍ മുദ്രിതമായി വാസനകളാവുന്നു. ഇവയില്‍ മിക്കതും പ്രകടമാവാതെ ലീനമായാണ്‌ നിലകൊള്ളുന്നത്‌.. മനസ്സവയെ ഉപേക്ഷിക്കുമ്പോള്‍ സൂര്യോദയത്തില്‍ മൂടല്‍ മഞ്ഞെന്നപോലെ മൂടുപടം നീങ്ങി സത്യം തെളിയുന്നു. അതോടെ ദു:ഖത്തിനവസാനവുമായി. അതുവരെ കുട്ടികള്‍ തുമ്പികളെ കളിപ്പിക്കുമ്പോലെ, മനസ്സ്‌ കളിയായി ലീലയാടുകയാണ്‌..

മലിനമായ മനസ്സ്‌ വെറുമൊരു വിളക്കുകാലില്‍ ഭൂതത്തെ കാണുന്നു. അതു ബന്ധങ്ങളെ നശിപ്പിക്കുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍പ്പോലും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി അവരെ ശത്രുക്കളാക്കുന്നു. മദ്യപിച്ചു ലക്കുകെട്ടവന്‌ ലോകം മുഴുവന്‍ അവനുചുറ്റും കറങ്ങുന്നതായി കാണുന്നതുപോലെയത്രേ ഇത്‌.. തീവ്രവ്യഥക്കടിമപ്പെട്ട മനസ്സ്‌ ഭക്ഷണത്തെ വിഷമാക്കുന്നു. രോഗത്തിനും മരണത്തിനും അതു കാരണമാകുന്നു. വാസനാമാലിന്യം നിറഞ്ഞ മനസ്സാണ്‌ ഭ്രമകല്‍പ്പനകള്‍ക്കും ഭയത്തിനും മോഹവിഭ്രാന്തികള്‍ക്കും കാരണം. ഇതിനെയെല്ലാം വേരോടെ കളയാന്‍ ഒരുവന്‍ പരിശ്രമിക്കേണ്ടതുണ്ട്‌..

മനസ്സല്ലാതെ മനുഷ്യന്‍ പിന്നെ മറ്റ്‌ എന്താണ്‌? ശരീരം ജഢമാണ്‌. അതിനു സ്വന്തമായി ചൈതന്യമില്ല. മനസ്സ്‌ ജഢമാണെന്നു പറയുകവയ്യ. അത്‌ ചൈതന്യവത്താണെന്നും ഉറപ്പില്ല. മനസ്സിന്റെ ചെയ്തികളാണ്‌ കര്‍മ്മങ്ങളായി പ്രകടമാവുന്നത്‌.. മനസ്സുകൊണ്ട്‌ ഉപേക്ഷിക്കുന്നതാണ്‌ സംന്യാസം.

"മനസ്സാണീ ലോകമഖിലം. മനസ്സാണ്‌ അന്തരീക്ഷം; മനസ്സാണ്‌ ആകാശം; മനസ്സാണ്‌ ഭൂമി; മനസ്സാണ്‌ വായു; മനസ്സ്‌ അതിമഹത്താണ്‌.". മനസ്സിനു ജളത്വം ബാധിച്ചവനത്രേ മൂഢന്‍.. എന്നാല്‍ മരണത്തില്‍ ശരീരത്തിലെ പ്രജ്ഞ നഷ്ടപ്പെടുമ്പോള്‍ ശവത്തെ ആരും 'വിഡ്ഢി' എന്നു വിളിക്കുകയില്ല. മനസ്സു കാണുന്നു; കണ്ണുകള്‍ അങ്ങിനെയുണ്ടായി. മനസ്സു കേള്‍ ക്കുന്നു; കാതുകള്‍ അങ്ങിനെയുണ്ടായി. മറ്റ്‌ ഇന്ദ്രിയങ്ങളും ഉണ്ടാക്കിയത്‌ മനസ്സാണ്‌..

ഏതു മധുരമെന്നും ഏതു കയ്പ്പെന്നും നിശ്ചയിക്കുന്നത്‌ മനസ്സാണ്‌.. ആരാണ്‌ ശത്രുവെന്നും ആരാണ്‌ മിത്രമെന്നും മനസ്സാണു തീരുമാനിക്കുന്നത്‌.. മനസ്സിലാണ്‌ കാലത്തെപ്പറ്റിയുള്ള ധാരണകളുള്ളത്‌.. ലവണരാജാവിന്റെ അനുഭവത്തില്‍ ഒരുമണിക്കൂറിന്‌ ഒരായുസ്സിന്റെ നീളമുണ്ടായിരുന്നല്ലോ. മനസ്സാണ്‌ സ്വര്‍ഗ്ഗനരകങ്ങളെ നിശ്ചയിക്കുന്നത്‌. അതുകൊണ്ട്‌ മനസ്സിനെ ജയിച്ചാല്‍ ഇന്ദ്രിയങ്ങളടക്കം എല്ലാത്തിനേയും ജയിച്ചു. 

Sep 14, 2012

128 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 128

മനോവിലാസ: സംസാര ഇതി യസ്യാം പ്രതിയതേ
സര്‍വ്വശക്തേരനന്തസ്യ വിലാസോ ഹി മനോജഗത്‌ (3/109/25)

രാജാവ്‌ തുടര്‍ന്നു: ക്ഷാമത്താല്‍ വലഞ്ഞ്‌ പലയാളുകളും നാടുവിട്ട്‌ മറ്റിടങ്ങളിലേയ്ക്ക്‌ കുടിയേറിപ്പാര്‍ത്തു. ഭാര്യയോടും മക്കളോടുമുള്ള ആസക്തിമൂലം ചിലര്‍ ആ മണ്ണില്‍ത്തന്നെ ജീവിക്കാന്‍ ശ്രമിച്ച് ചത്തൊടുങ്ങി. കുറേപ്പേരെ വന്യമൃഗങ്ങള്‍ കൊന്നുതിന്നു. ഞാനും എന്റെ ഭാര്യയോടും മക്കളോടും കൂടി അവിടം വിട്ടു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ക്കണ്ട ഒരു തണല്‍മരത്തിനുകീഴെ ചെറിയകുട്ടികളെ തോളില്‍ നിന്നിറക്കിവച്ച്‌ കുറച്ചുനേരം ഞാന്‍ വിശ്രമിച്ചു. ഏറ്റവും ഇളയകുട്ടിയുടെ നിഷ്കളങ്കതയും ഓമനത്വവുംകാരണം എനിക്കവന്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു. അവന്‍ വിശന്നു കരയുന്നു. നമ്മുടെ കയ്യില്‍ മാംസമൊന്നും ഇല്ലെന്നു പറഞ്ഞിട്ടും അവനതുകൂട്ടാക്കാതെ നിര്‍ബ്ബന്ധം പിടിച്ചു കരഞ്ഞു. അവസാനം സഹികെട്ട്‌ ഞാന്‍ പറഞ്ഞു: 'തിന്ന്, എന്റെ മാംസം തന്നെയാവട്ടെ'. കളങ്കമില്ലാത്ത അവന്‍ പറഞ്ഞു: 'തരൂ'. എന്റെ ഈ ദുര്‍വിധിയിലും ആസക്തിയിലും  എനിക്കു  സ്വയം വല്ലാത്ത അവമതിപ്പു തോന്നി. എന്തൊരു കഷ്ടം! ഇനിയും വിശപ്പു താങ്ങാന്‍ കുട്ടിക്കാവുമായിരുന്നില്ല. ഈ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ആത്മഹത്യയാണെന്നു തീരുമാനിച്ച്‌ അടുത്തുകണ്ട്‌ തടിക്കഷണങ്ങളെടുത്ത്‌ ഞാന്‍ ഒരു ചിതയൊരുക്കി. ചിതയിലേയ്ക്കു കയറുമ്പോഴാണ്‌ ഞാന്‍ പേടിച്ചുവിറച്ച്‌ എഴുന്നേറ്റത്‌.. അപ്പോള്‍ ഞാനിവിടെ ഈ രാജസഭയില്‍ ഇരിക്കുന്നു! നിങ്ങള്‍ എന്നെ ഉപചാരങ്ങള്‍കൊണ്ടു പൊതിയുന്നു! എന്തൊരു മറിമായം!

രാജാവ്‌ ഇത്രയും പറഞ്ഞപ്പോള്‍ ജാലവിദ്യക്കാരന്‍ അപ്രത്യക്ഷനായി. മന്ത്രിമാര്‍ പറഞ്ഞു: അയാളൊരു വെറും ജാലവിദ്യക്കാരനല്ല. അയാള്‍ പണത്തിനോ സമ്മാനത്തിനോവേണ്ടി കാത്തുനിന്നില്ലല്ലോ. തീര്‍ച്ചയായും ഏതോ ഒരു ദേവത അങ്ങേയ്ക്കും ഞങ്ങള്‍ ക്കും മായാപ്രപഞ്ചത്തെ ഒന്നു കാണിച്ചുതരാന്‍ ചെയ്തതാണിത്‌.. "ഇതില്‍നിന്നും ഒരുകാര്യം സുവ്യക്തമാണ്‌.. കാണപ്പെടുന്ന ഈ ലോകം മനസ്സിന്റെ സൃഷ്ടിയാണ്‌.. മനസ്സ്‌ സര്‍വ്വശക്തനായ അനന്തപുരുഷന്റെ ലീലയുമാണ്‌.". ഈ മനസ്സിന്‌ ജ്ഞാനമുറച്ച മഹാന്മാരെപ്പോലും വിഡ്ഢികളാക്കാന്‍ കഴിയുന്നു. അല്ലെങ്കില്‍പ്പിന്നെ സര്‍വ്വകലാവല്ലഭനും ജ്ഞാനിയുമായ രാജാവിന്‌ ഈ വിഭ്രാന്തി എങ്ങിനെയുണ്ടായി? ഇതു ജാലവിദ്യയല്ല. സാധാരണ ജാലവിദ്യക്കാരന്‍ സമ്മനങ്ങള്‍ക്കുവേണ്ടിയാണ്‌ ജോലിചെയ്യുന്നത്‌.. ഇത്‌ മായാശക്തിതന്നെ. അതാണ്‌ അയാള്‍ പ്രതിഫലത്തിനു കാത്തു നില്‍ക്കാതിരുന്നത്‌..

വസിഷ്ഠന്‍ പറഞ്ഞു: രാമ: ഞാന്‍ അന്നാ സഭയില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്‌ ഇത്ര കൃത്യമായി ഇതെല്ലാമറിഞ്ഞത്‌.. മനസ്സ്‌ ഇങ്ങനെയൊക്കെ സത്തിനെ മറച്ച്‌ ശിഖരങ്ങളും കായും പൂവും ഉള്ള മായക്കാഴ്ച്ചകള്‍ കാണിക്കുകയാണ്‌.. ഈ ഭ്രമത്തെ ഇല്ലാതാക്കി ശാന്തിയടഞ്ഞാലും. 

Sep 13, 2012

127 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 127

ആക്രുഷ്ടമുദ്ധരതരം രുദിതം വിപസ്തു
ഭുക്തം  കദന്നമുഷിതം  ഹതപക്കണേ ശു
കാലാന്തരം ബഹു മായോപഹതേന തത്ര
ദുര്‍വാസനാനിഗഡബന്ധഗതേന സഭ്യാ: (3/107/48)

രാജാവ്‌ തുടര്‍ന്നു: ഉടനേ ഞാനൊരു പ്രാകൃതവര്‍ഗ്ഗത്തില്‍പ്പെട്ട ഒരാളായി മാറി . എന്റെ ഭാര്യ ഒരു പെണ്‍കുട്ടിക്കു ജന്മം നല്‍കി. അതും എന്റെ ദു:ഖത്തെ വര്‍ദ്ധിപ്പിച്ചു. പിന്നെ കാലക്രമത്തില്‍ മൂന്നു കുട്ടികള്‍കൂടിയുണ്ടായി. ഞാനങ്ങിനെ ആ ആദിവാസിവര്‍ഗ്ഗത്തിലെ ഗൃഹസ്ഥനായി. അങ്ങിനെ ഭാര്യയേയും കുട്ടികളേയും ഭക്ഷണംകൊടുത്ത്‌ സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ കുറേകാലം കഴിച്ചുകൂട്ടി. ഞാന്‍ വിറകുവെട്ടിയാണ്‌ കഴിഞ്ഞിരുന്നത്‌. പലപ്പോഴും മരച്ചുവടായിരുന്നു രാത്രിയില്‍ എന്റെ കിടപ്പറ. തണുപ്പുള്ളപ്പോള്‍ ഞാന്‍ പൊന്തക്കാട്ടില്‍ ചൂടുകിട്ടാന്‍ ഒളിച്ചിരുന്നു. പന്നിമാംസമായിരുന്നു എന്റെ പ്രധാന ഭക്ഷണം. കാലക്രമത്തില്‍ വയസ്സേറിയപ്പോള്‍ ഞാന്‍ മാംസക്കച്ചവടം തുടങ്ങി. വിന്ധ്യാചലത്തിലുള്ള ഗ്രാമങ്ങളില്‍പ്പോയാണ്‌ പ്രധാനമായും ഞാന്‍ മാംസം വിറ്റിരുന്നത്‌.. വില്‍ക്കാന്‍ സാധിക്കാതെവന്നിരുന്ന ബാക്കി മാംസം ഞാന്‍ മുറിച്ചുണക്കിയിരുന്നത്‌ ഒരു വൃത്തികെട്ട സ്ഥലത്തായിരുന്നു. വിശക്കുമ്പോള്‍ ചിലപ്പോള്‍  ഒരുകഷണം മാംസത്തിനായിപ്പോലും  ഞാന്‍ മറ്റുള്ളവരുമായി വഴക്കിട്ടു.

എന്റെ ശരീരം കരിക്കട്ടയുടെ നിറമായി. പാപപങ്കിലമായ കര്‍മ്മങ്ങളിലേര്‍പ്പെട്ട്‌ എന്റെ മനസ്സും പാപവൃത്തികളിലേയ്ക്ക്‌ ഉന്മുഖമായിത്തീര്‍ന്നു. സദ്ച്ചിന്തകളും സഹാനുഭൂതിയും എന്നില്‍ അപ്രത്യക്ഷമായി. പാമ്പ്‌ പടം പൊഴിക്കുമ്പോലെ എന്നില്‍ ദയാവായ്പ്പ്‌ ഇല്ലാതെയായി. പക്ഷിമൃഗാദികളെ കെണിവച്ചും വലവച്ചും പിടിച്ച്‌ പറയാനരുതാത്തത്ര ക്രൂരമായി ഞാനവരെ ദ്രോഹിച്ചു. വെറുമൊരുകോണകം മാത്രമുടുത്ത്‌ ഋതുമാറ്റങ്ങളെല്ലാം ഞാന്‍ സഹിച്ചു. അങ്ങിനെ ഏഴുവര്‍ഷങ്ങള്‍ ഞാന്‍ കഴിഞ്ഞു. "തിന്മ നിറഞ്ഞ ദുര്‍വാസനകളാകുന്ന കയറാല്‍ ബന്ധിതനായി ഞാന്‍ ക്രുദ്ധനായി മാറി. അസഭ്യം പറയുകയും, ചിലപ്പോള്‍ ദുര്‍ഗ്ഗതിയില്‍ വിലപിച്ച്‌ കണ്ണീരൊഴുക്കുകയും ജീര്‍ണ്ണിച്ച ഭക്ഷണം കഴിക്കുകയും ചെയ്തു. അങ്ങിനെ ഞാന്‍ ഏറെക്കാലം അവിടെക്കഴിഞ്ഞു."

കാറ്റില്‍പ്പറക്കുന്ന കരിയില പോലെ ഞാന്‍ അലഞ്ഞു. ഭക്ഷണം കഴിക്കുക എന്നതുമാത്രമായി എന്റെ ജീവിത ലക്ഷ്യം. നാട്ടില്‍ അപ്പോള്‍ വരള്‍ച്ചയുണ്ടായി. തീനാളം പോലെ ചൂടുള്ളതായിരുന്നു അവിടുത്തെ കാറ്റ്‌.. കാടിനു തീപിടിച്ചു, ചാരം മാത്രം ബാക്കിയായി. ആളുകള്‍ പട്ടിണികൊണ്ട്‌ മരിക്കാന്‍ തുടങ്ങി. മരുപ്പച്ചക്കുപിറകേ ദാഹജലത്തിനായി ആളുകള്‍ ഓട്ടമായി. കല്‍ത്തുണ്ടുകള്‍ മാംസങ്ങളാണെന്നു തെറ്റിദ്ധരിച്ച്‌ ആളുകള്‍ അവയെടുത്ത്‌ ചവച്ചുനോക്കി. ചിലര്‍ മരിച്ചുപോയവരുടെ ശവം ഭക്ഷണമാക്കി. ചിലര്‍ സ്വന്തം വിരല്‍ മരിച്ചവരുടെ ദേഹത്തിലെ ചോരയില്‍ മുക്കി ആഹരിച്ചു. അതായിരുന്നു പട്ടിണിയുടെ ഭ്രാന്തമായ അവസ്ഥ. ഒരുകാലത്ത്‌ ഫലഭൂയിഷ്ടമായിരുന്ന വനപ്രദേശം ഇന്ന് ചുടുകാടായിരിക്കുന്നു. ആഹ്ലാദനാദങ്ങള്‍ക്കുപകരം ഇന്നു കേള്‍ക്കുന്നത്‌ വേദനാവിലാപങ്ങളാണ്‌.

(കുറിപ്പ്‌:: : ഈ രണ്ടു അദ്ധ്യായങ്ങള്‍ മുഴുവന്‍ വളരെ വിശദമായി പ്രദിപാദിച്ചിരിക്കുന്ന ഉചിതമായ ഉപമകള്‍കൊണ്ടു സമ്പന്നമാണ്‌.) ))

Sep 12, 2012

126 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 126

അനഭ്യസ്തവിവേകം ഹി ദേശകാലവശാനുഗം
മന്ത്രൌഷധിവശം യാതി മനോ നോദാരവൃത്തിമത്‌ (3/105/15)

വസിഷ്ഠന്‍ തുടര്‍ന്നു: രാമ: കുറച്ചുനേരം കഴിഞ്ഞ്‌ രാജാവ്‌ കണ്ണുതുറന്നു. ഭയംകൊണ്ടദ്ദേഹം വിറയ്ക്കാന്‍ തുടങ്ങി. താഴെവീഴാന്‍ തുടങ്ങിയപ്പോള്‍ മന്ത്രിമാര്‍ അദ്ദേഹത്തെ താങ്ങിയെടുത്തു. അവരെയെല്ലാം കണ്ട്‌ വിസ്മയത്തോടെ രാജാവു ചോദിച്ചു: നിങ്ങളൊക്കെ ആരാണ്‌? എന്നെ എന്താണു ചെയ്യുന്നത്‌? വിഷമത്തിലായ മന്ത്രിമാര്‍ പറഞ്ഞു: പ്രഭോ, അങ്ങു ഞങ്ങളുടെ വീര രാജാവല്ലേ? വിജ്ഞാനിയെങ്കിലും അങ്ങയെ ഒരു വിഭ്രമം പിടികൂടി കിഴടക്കിയിരിയിരിക്കുന്നു. അങ്ങയുടെ മനസ്സിനെന്തുപറ്റി? ഭാര്യ, മക്കള്‍ തുടങ്ങി തുലോം ചെറിയ വിഷയങ്ങളില്‍ ആസക്തിയോടെ ആമഗ്നരായവര്‍ മാത്രമേ മോഹവിഭ്രാന്തിക്കടിപ്പെടൂ. അങ്ങയേപ്പൊലെയുള്ള ജ്ഞാനികള്‍ക്ക്‌ അതുണ്ടാവുകവയ്യ. മാത്രമല്ല അങ്ങ്‌ പരമ്പൊരുളില്‍ അതീവഭക്തിയുള്ളവനുമാണ്‌.. "ജ്ഞാനമാര്‍ജ്ജിക്കാത്തവരെ മാത്രമേ മായക്കാഴ്ച്ചകളും ലഹരിമരുന്നുകളും ബാധിക്കുകയുള്ളു. മാനസ്സ്‌ പൂര്‍ണ്ണവികാസം പ്രാപിച്ചവനെ അത്തരം ബാധകള്‍ തീണ്ടുകയില്ല"

ഇതുകേട്ട്‌ രാജാവിനു കുറച്ചു സ്വബോധം തിരികെ കിട്ടി. എന്നാല്‍ ജാലവിദ്യക്കാരനെ നോക്കുമ്പോള്‍ അദ്ദേഹം പിന്നെയും പേടിച്ചു വിറച്ചു. എന്നിട്ടയാളോടു ചോദിച്ചു: മായാജാലക്കാരാ, നീ എന്നോടെന്താണീ ചെയ്തത്‌? നീ എനിക്കുമേല്‍ മോഹവലയമിട്ടിരിക്കുന്നു. വിജ്ഞാനിയെപ്പോലും മായ കീഴടക്കുന്നു. ഞാന്‍ ഈ ശരീരത്തിലിരുന്നുകൊണ്ട് ചെറിയൊരു സമയത്തിനുള്ളില്‍  അത്ഭുതകരമായ  പലതരം മായക്കാഴ്ച്ചകളാണ്‌ അവിടെക്കണ്ടത്‌....

സഭാവാസികള്‍ക്കുനേരേ തിരിഞ്ഞ്‌ അദേഹം തന്റെ അനുഭവങ്ങള്‍ ഇങ്ങിനെ വിവരിച്ചു: ഈ ജാലവിദ്യക്കാരന്‍ തന്റെ മയില്‍പ്പീലി വീശിയനിമിഷം ഞാന്‍ എന്റെ മുന്നില്‍ നിന്നിരുന്ന ആ കുതിരപ്പുറത്തു ചാടിക്കയറി. അപ്പോള്‍ ഞാന്‍ ചെറിയൊരു മനോവിഭ്രാന്തി അനുഭവിച്ചു. പിന്നെ ഞാന്‍ ഒരു നായാട്ടിനുപോയി. ആ കുതിര എന്നെയൊരു വരണ്ട മരുപ്രദേശത്തേക്കാണ്  കൊണ്ടുപോയത് . അവിടെ ജീവജാലങ്ങള്‍ യാതൊന്നുമില്ല. ഒന്നും കിളിര്‍ത്തു വളരുന്നുമില്ല. അവിടെ ജലമില്ല, പക്ഷേ വല്ലാത്ത തണുപ്പായിരുന്നു. ഞാന്‍ അതീവ ദു:ഖിതനായി, ദിവസം മുഴുവനും അവിടെക്കഴിഞ്ഞു. വീണ്ടും അതേ കുതിരപ്പുറമേറി അത്രതന്നെ ഭീകരമല്ലാത്ത മറ്റൊരു മരുഭൂവിലെത്തി. ഞാനൊരു മരക്കീഴില്‍ വിശ്രമിക്കേ കുതിര ഓടിപ്പോയി. കുറച്ച്നേരം കൂടി വിശ്രമിച്ചപ്പോഴേക്കും സൂര്യാസ്തമയമായി. പേടിച്ച്‌ വിറച്ച് ഞാന്‍ ഒരു പൊന്തക്കാട്ടില്‍ ഒളിച്ചു.  ആ രാത്രിക്ക്‌ ഒരു യുഗത്തേക്കാള്‍ ഏറെ ദൈര്‍ഘ്യം തോന്നി. നേരം പുലര്‍ന്നു. സൂര്യനുദിച്ചുയര്‍ന്നു. കുറച്ചുകഴിഞ്ഞ്‌ ഇരുണ്ട നിറമുള്ളൊരു പെണ്‍കൊടി കറുത്ത വസ്ത്രവും ധരിച്ച്‌ ഒരു തളികയില്‍ ഭക്ഷണവുമായി വരുന്നതു കണ്ടു. അവളെ സമീപിച്ച്‌ അല്‍പ്പം ഭക്ഷണത്തിനായി ഞാന്‍ യാചിച്ചു. എനിക്കു വിശക്കുന്നുണ്ടായിരുന്നു. അവള്‍ എന്നെ അവഗണിച്ചെങ്കിലും ഞാന്‍ അവളെ പിന്തുടര്‍ന്നു. അവസാനം അവള്‍ പറഞ്ഞു: ഞാന്‍ ഭക്ഷണം തരാം, പക്ഷേ എന്നെ അങ്ങു വിവാഹം ചെയ്യാം എന്നു സമ്മതിച്ചാല്‍മാത്രം. ഞാന്‍ സമ്മതിച്ചു. അവളെനിക്കു ഭക്ഷണം തന്നു. എന്നിട്ടവളുടെ പിതാവിനെ പരിചയപ്പെടുത്തി. അയാള്‍ അവളേക്കാള്‍ ഭീകരരൂപിയായിരുന്നു. ഉടനെ ഞങ്ങള്‍ മൂവരുംകൂടി അവരുടെ ഗ്രാമത്തിലെത്തി. അവിടെ വലിയൊരു സദ്യവട്ടം നടക്കുന്നുണ്ടായിരുന്നു. അതില്‍ ചോരയും മാംസവും നിറഞ്ഞു കവിഞ്ഞു. അവര്‍ എന്നെ അവളുടെ വരനെന്നു സദസ്സിനു  പരിചയപ്പെടുത്തി വലിയ ബഹുമാനത്തോടെ സ്വീകരിച്ചു. എന്നെ സന്തോഷിപ്പിക്കാന്‍ അവര്‍ പറഞ്ഞ ഭീതിജനകമായ കഥകള്‍ എന്നില്‍  വേദനയാണ് ഉണ്ടാക്കിയത്. രാക്ഷസീയമായ ഒരാഘോഷത്തിമിര്‍പ്പോടെ ഞാനാ പെണ്‍ കുട്ടിയെ വിവാഹം ചെയ്തു. 

Sep 11, 2012

125 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 125

തീവ്രമന്ദത്വ സംവേഗാദ്‌ ബഹൂത്വാല്പത്വ ഭേദത:
വിളംബനേന ച ചിരം ന തു ശക്തിമശക്തിത: (3/103/15)

വസിഷ്ഠന്‍ തുടര്‍ന്നു: അനന്താവബോധത്തില്‍ പ്രത്യക്ഷമായപ്പോള്‍ മനസ്സ്‌ അതിന്റെ തല്‍സ്വഭാവം പ്രകടമാക്കി. മനസ്സിന് നീണ്ടതിനെ കുറിയതാക്കാനും, കുറിയതിനെ നീണ്ടതാക്കാനും, സ്വയം വിഭിന്നമാക്കാനും, തിരിച്ചും, കഴിയും. ഒരു പദാര്‍ത്ഥം ഏറെ ചെറുതാണെങ്കില്‍ക്കൂടി, മനസ്സ്‌ ഒന്നുതൊട്ടാല്‍ അതിനെ വലുതാക്കി സ്വായത്തമാക്കുന്നു. ഇമവെട്ടുന്ന നേരംകൊണ്ട്‌ എണ്ണമറ്റ ലോകങ്ങളുണ്ടാക്കുന്ന മനസ്സ്‌, അതേ സമയം കൊണ്ടവയെ നശിപ്പിക്കുകയും ചെയ്യുന്നു. ഓരോരോ കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന കൃതഹസ്തനായ ഒരു നടനെന്നപോലെ മനസ്സ്‌ ഓരോരൊ ഭാവങ്ങള്‍ കൈക്കൊള്ളുകയാണ്‌. അത്‌ അസത്തിനെ സത്തായും തിരിച്ചും തോന്നിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സുഖദു:ഖങ്ങള്‍ അനുഭവവേദ്യമാവുന്നു. ഉടമസ്ഥതയെപ്പറ്റിയുള്ള ആശങ്കകൊണ്ട്‌ സ്വയമേവ വന്നുചേരുന്നതിനെപ്പോലും കൈക്കലാക്കാനും വശത്താക്കാനും പരിശ്രമിച്ച്‌ മനസ്സതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കുന്നു.

മരങ്ങളിലും ചെടികളിലും മാറ്റങ്ങള്‍ വരുത്താന്‍ ഋതുഭേദങ്ങള്‍ക്ക്‌ സാധിക്കുന്നതുപോലെ മനസ്സ്‌ ചിന്തകളെക്കൊണ്ടും ആശയരൂപീകരണത്തെക്കൊണ്ടും ഒരുവസ്തുവിനെ മറ്റൊന്നാക്കി കാണിക്കുന്നു. സമയവും ദൂരവും എല്ലാം മനസ്സിന്റെ വരുതിയിലാണെന്നര്‍ത്ഥം. "മനസ്സ്‌ അതിന്റെ രൂക്ഷതയോ മന്ദതയോ അനുസരിച്ച്‌; അതുണ്ടാക്കിയതോ മാറ്റം വരുത്തിയതോ ആയ വസ്തുക്കളുടെ വലുപ്പമനുസരിച്ച്‌; കാലക്രമത്തിലോ വല്ലാതെ വൈകിയോ; ചെയ്യേണ്ടതെന്തോ അതുചെയ്യുന്നു. എന്നാല്‍ സ്വയം മനസ്സിന്‌ ഒന്നും ചെയ്യാനാവില്ല എന്നതാണ്‌ സത്യം."

രാമാ, ഇതു മനസ്സിലാക്കാനായി മറ്റൊരു കഥകേട്ടാലും. ഉത്തരപാണ്ഡവം എന്ന ഒരുരാജ്യത്തുള്ള വനപ്രദേശങ്ങളില്‍ മാമുനിമാര്‍ താമസിച്ചിരുന്നു. അവിടത്തെ ഗ്രാമങ്ങള്‍ ഐശ്വര്യസമ്പൂര്‍ണ്ണമായിരുന്നു. സുപ്രസിദ്ധനായ ഹരിശ്ചന്ദ്രന്റെ പിന്മുറക്കാരനായ ലവണനായിരുന്നു ആ രാജ്യം ഭരിച്ചിരുന്നത്‌. അയാള്‍ ഉന്നതകുലജാതനും വീരനും, ദാനനിഷ്ഠനും, ധര്‍മ്മിഷ്ഠനും, രാജപദവിക്ക്‌ സര്‍വ്വദാ യോഗ്യനുമായിരുന്നു. അദ്ദേഹം തന്റെ ശത്രുക്കളെയെല്ലാം കീഴടക്കിയിരുന്നു. ശത്രുക്കളുടെ പിന്‍ഗാമികള്‍പോലും ലവണന്റെ പേരുകേട്ടാല്‍ത്തന്നെ ഞെട്ടിവിറച്ചു.

ഒരുദിവസം പതിവുപോലെ അദ്ദേഹം രാജസഭയില്‍ ആസനസ്ഥനായി. മന്ത്രിമാരും മറ്റുള്ളവരും രാജാവിന്‌ ഉപചാരങ്ങള്‍ അര്‍പ്പിച്ചു  കഴിഞ്ഞപ്പോള്‍ ഒരു ജാലവിദ്യക്കാരന്‍ വന്ന് രാജാവിനെ വണങ്ങി. അയാള്‍ പറഞ്ഞു: ഞാനിപ്പോള്‍ അങ്ങയെ ഒരു വിസ്മയം കാണിക്കാം. അദ്ദേഹം കുറച്ച്‌ മയില്‍പ്പീലികള്‍ വീശിയപ്പോള്‍ അതിസുന്ദരനായ കുതിരയെ നയിച്ചുകൊണ്ടൊരു പടയാളി അവിടെ പ്രത്യക്ഷനായി. അദ്ദേഹം രാജാവിനോട്‌ കുതിരയെ സമ്മാനമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ജാലവിദ്യക്കാരന്‍ രാജാവിനോട്‌ ആ കുതിരമേല്‍ക്കയറി ലോകം ചുറ്റിവരാനും അഭ്യര്‍ത്ഥിച്ചു. രാജാവും കുതിരയെക്കണ്ടു. അദ്ദേഹം കണ്ണടച്ചനങ്ങാതെയവിടെയിരുന്നു. ഇതുകണ്ട്‌ സഭാവാസികളും നിശ്ശബ്ദരായി. സഭയില്‍ പരമശാന്തി കളിയാടി. രാജാവിന്റെ പ്രശാന്തതയെ ഭഞ്ജിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.

Sep 10, 2012

124 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 124

അബദ്ധോ ബദ്ധ ഇത്യുക്ത്വാ കിം ശോചസി  മുധൈവ ഹി
അനന്തസ്യാത്മ തത്വസ്യ കിം കഥം കേന ബധ്യതേ (9)

വസിഷ്ഠന്‍ തുടര്‍ന്നു: ഒരു മൂഢന്‍ മാത്രമേ സ്വന്തം ആശയങ്ങളില്‍ മോഹിതനാവൂ. ജ്ഞാനിക്കാ മോഹമുണ്ടാവുന്നില്ല. ഒരു വിഡ്ഢിയേ ശാശ്വതമായതിനെ അശാശ്വതമെന്ന് കരുതി ഭ്രമചിത്തനാവൂ. അഹംകാരം എന്നത്‌ ആത്മാവിന്റെ ഭൌതീകവസ്തുക്കളുമായുള്ള ചാര്‍ച്ച മൂലമുണ്ടാവുന്ന ഒരാശയം മാത്രമാണ്‌.. എല്ലാം അനന്താവബോധമാണെന്ന ആ ഏകസത്യം നിറഞ്ഞുനില്‍ക്കുമ്പോള്‍ എങ്ങിനെയാണ്‌ ഈ അഹംകാരം ഉദയം ചെയ്തത്‌? സത്യത്തില്‍ മരുഭൂമിയിലെ മരുപ്പച്ചയുടെ യാഥാര്‍ഥ്യമേ അഹംകാരസങ്കല്‍പ്പത്തിനുള്ളു. അതുകൊണ്ട്‌ രാമാ, നിന്റെ അപക്വവും വസ്തുനിഷ്ഠമല്ലാത്തതുമായ കാഴ്ച്ചപ്പാട്‌ മാറ്റിയാലും. സത്യത്തിലധിഷ്ഠിതമായ, ആനന്ദഘനമായ സമ്യക്‌ ദര്‍ശനത്തില്‍ അഭിരമിച്ചാലും. സത്യത്തെ അന്വേഷിച്ചറിയൂ. അസത്തിനെ ഉപേക്ഷിക്കൂ.

"നീ എപ്പോഴും സ്വതന്ത്രനാണ്‌.. എന്തിനാണ്‌ നീ സ്വയം ബന്ധിതനെന്നു വിലപിക്കുന്നത്‌? ആത്മാവ്‌ അനന്തമാണ്‌.. അപ്പോള്‍ പിന്നെ ആര്‌, ആരെ, എങ്ങിനെയാണ്‌ ബന്ധിക്കുക?" ആത്മാവില്‍ വിഭിന്നതകളില്ല. കാരണം എല്ലാം പരബ്രഹ്മം മാത്രം. അപ്പോള്‍ ബന്ധനം എന്നതും മോചനം എന്നതും എന്താണ്‌? നിനക്ക്‌ വേദനാനുഭവം ഉണ്ട്‌ എന്നത്‌ അജ്ഞാനാവസ്ഥയിലെ ഒരു ചിന്തമാത്രം. വാസ്തവത്തില്‍ നീ വേദനകള്‍ക്ക്‌ അതീതനാണ്‌.. അവ ആത്മാവില്‍ ഇല്ല. ശരീരം വീഴുകയോ എഴുന്നേല്‍ക്കുകയോ മറ്റു പ്രപഞ്ചങ്ങളിലേയ്ക്കു പോവുകയോ ചെയ്താലും അതൊന്നും എന്നെ ബാധിക്കയില്ല. ഞാന്‍ ശരീരത്തില്‍ മാത്രം ഒതുങ്ങി പരിമിതപ്പെട്ടവനല്ല. ശരീരവും ആത്മാവും തമ്മിലുള്ള ബന്ധം മേഘവും കാറ്റും പോലെയാണ്‌.. താമരയും വണ്ടും പോലെയാണ്‌.. മേഘം നീങ്ങുമ്പോള്‍ വായു ആകാശത്തില്‍ വിലയിക്കുന്നു. താമര വിടരുമ്പോള്‍ മൊട്ടിനുള്ളിലെ വണ്ട്‌ ആകാശത്തേയ്ക്ക്‌ പറന്നുപോകുന്നു.

ശരീരം വീഴുമ്പോള്‍ ആത്മാവിന്‌ നാശമുണ്ടാവുന്നില്ല. ആത്മജ്ഞാനത്തിന്റെ തീയിലെരിഞ്ഞാലല്ലാതെ മനസ്സടങ്ങുകയില്ല. അത്മാവും അങ്ങിനെതന്നെ. മരണം എന്നത്‌ ചിരപ്രതിഷ്ഠമായ ആത്മാവിനെ മറയ്ക്കുന്ന ഒരു മറയാണ്‌. ആ മറയുണ്ടാക്കിയിരിക്കുന്നത്‌ കാലം, ദൂരം എന്നീ ഊടുപാവുകളെക്കൊണ്ടാണ്‌.. വിഡ്ഢികളേ മരണത്തെ ഭയക്കൂ. നിന്റെ ലീനവാസനകളെ ഉപേക്ഷിച്ചാലും. പക്ഷികള്‍ പറക്കമുറ്റുമ്പോള്‍ മുട്ടയുടെ തോടുപൊട്ടിച്ചാണല്ലോ വിഹായസ്സിലേയ്ക്കുയരുന്നത്‌.. അവിദ്യാജന്യമായതിനാല്‍ ഈ വാസനകള്‍ നശിപ്പിക്കാന്‍ അത്ര ഏളുപ്പമല്ല. അവ അന്തമില്ലാത്ത ദു:ഖങ്ങള്‍ക്ക്‌ കാരണമാവുന്നു. സ്വയം പരിമിതപ്പെടുത്തുന്ന മനസ്സിന്റെ ഈ പ്രവണതയാണ്‌ അനന്തത്തിന്‌ അതിരുകള്‍ കല്‍പ്പിക്കുന്നത്‌.. എന്നാല്‍ സൂര്യന്‍ മൂടല്‍മഞ്ഞിനെ ഇല്ലാതാക്കുമ്പോലെ സ്വയംകൃതമായ പരിമിതികളെ ആത്മാന്വേഷണം കൊണ്ട്‌ മറികടക്കാം.

വാസ്തവത്തില്‍ ആത്മാന്വേഷണത്വരതന്നെ നമ്മില്‍ മാറ്റങ്ങള്‍ വരുത്തുന്നു. തപസ്സോ മറ്റു ചര്യകളോ കൊണ്ട്‌ ഇതില്‍ പ്രയോജനമൊന്നുമില്ല. ഉള്ളിലുയരുന്ന ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ മനസ്സ്‌ ഭൂതകാലമുപേക്ഷിച്ച്‌ നിര്‍മ്മലമാവുമ്പോള്‍ അത്‌ ലീനവാസനകളെ ഉപേക്ഷിക്കുന്നു. മനസ്സ്‌ അത്മാന്വേഷണം നടത്തുന്നത്‌ ആത്മാവിനെ ആത്മാവില്‍ത്തന്നെ വിലയിക്കാനാണ്‌.. ഇതാണ്‌ മനസ്സിന്റെ സ്വഭാവം. രാമ: ഇതാണ്‌ പരമലക്ഷ്യം. അതിനായി പരിശ്രമിച്ചാലും.

മറ്റൊരു ദിവസം കൂടി അവസാനിക്കവേ സഭ പിരിഞ്ഞു.

Sep 9, 2012

123 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 123

സങ്കല്‍പ്പജാല കലനൈവ ജഗത്സമഗ്രം
സങ്കല്‍പ്പമേവ നനു വിദ്ധി വിലാസചേത്യം
സങ്കല്‍പമാത്രമലമുത്സൃജ നിര്‍വികല്‍പ്പ-
മാശ്രിത്യ നിശ്ചയമവാപ്നുഹി രാമ ശാന്തിം (3/101/39)

വസിഷ്ഠന്‍ തുടര്‍ന്നു: ഇതിനെപ്പറ്റി രസകരമായ ഒരു കഥയുണ്ട്‌. ശ്രദ്ധിച്ചു കേട്ടാലും. ചെറിയൊരാണ്‍കുട്ടി തന്റെ ആയയോട്‌ ഒരു കഥപറഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞ കഥ,കുട്ടി ശ്രദ്ധയോടെ കേട്ടിരുന്നു.

"ഒരിക്കല്‍ ഒരിടത്ത്‌ ഒരു നഗരത്തില്‍ - ഇല്ലാത്ത നഗരമാണ്‌ കെട്ടോ-, മൂന്നു രാജകുമാരന്മാര്‍ ഉണ്ടായിരുന്നു. അവര്‍ വീരന്മാരും സന്തുഷ്ടരുമായിരുന്നു. ഈ മൂന്നുപേരില്‍ രണ്ടുപേര്‍ ജനിച്ചിട്ടില്ല. മൂന്നാമനെ ഗര്‍ഭം ധരിച്ചിട്ടുപോലുമില്ല. കഷ്ടം അവരുടെ ബന്ധുജനങ്ങള്‍ എല്ലാവരും മരിച്ചുപോയി. സ്വന്തം നഗരം വിട്ട്‌ കുമാരന്മാര്‍ വേറൊരിടത്തേയ്ക്കു പുറപ്പെട്ടു. സൂര്യതാപം സഹിക്കാഞ്ഞ്‌ അവര്‍ മൂര്‍ഛിച്ചു വിണു. ചുട്ടുപഴുത്തമണലില്‍ അവരുടെ കാല്‍പ്പാദങ്ങള്‍ പൊള്ളി. പുല്‍ക്കൊടിമ്പുകള്‍ അവരെ കുത്തിനോവിച്ചു. അവര്‍ മൂന്നു മരങ്ങളുടെ തണലില്‍ എത്തി. അവയില്‍ രണ്ടു മരങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല. മൂന്നാമത്തെ മരം നട്ടിട്ടുകൂടിയുണ്ടായിരുന്നില്ല. കുറച്ചുനേരം വിശ്രമിച്ച്‌ ആ മരങ്ങളില്‍ നിന്നുള്ള ഫലങ്ങളും ഭക്ഷിച്ച്‌ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. അവര്‍ മൂന്നു നദികളുടെ കരയില്‍ എത്തിച്ചേര്‍ന്നു. അവയില്‍ രണ്ടു നദികള്‍ ഉണങ്ങിവരണ്ടിരുന്നു. മൂന്നാമത്തെതില്‍ ജലമുണ്ടായിരുന്നുമില്ല. കുമാരന്മാര്‍ മുങ്ങിക്കുളിച്ചു, ദാഹവും തീര്‍ത്തു.  അവര്‍ പിന്നീട്‌ വലിയൊരു നഗരത്തിലെത്തി. നഗരം ഇനിയും പണിയാന്‍ പോവുന്നതേയുണ്ടായിരുന്നുള്ളു. അവര്‍ ആ നഗരത്തില്‍ അതിസുന്ദരങ്ങളായ മൂന്നു കൊട്ടാരങ്ങള്‍ കണ്ടു. അതില്‍ രണ്ടെണ്ണം നിര്‍മ്മിച്ചിട്ടില്ല. മൂന്നാമത്തേതിന്‌ ചുവരുകളുമില്ല. കൊട്ടരങ്ങളില്‍ കടക്കവേ അവര്‍ മൂന്നു സ്വര്‍ണ്ണത്തളികകള്‍ കണ്ടു. അതില്‍ രണ്ടെണ്ണം രണ്ടു ഭാഗങ്ങളായി പൊട്ടിയിരുന്നു. മൂന്നാമത്തേത്‌ പൊട്ടി പൊടിഞ്ഞുമിരുന്നു. പൊട്ടിപൊടിഞ്ഞ ആ തളിക അവര്‍ എടുത്തു. അവര്‍ തൊണ്ണൂറ്റിയൊന്‍പതു ഗ്രാം അരിയെടുത്ത്‌ അതില്‍ നിന്നു നൂറുഗ്രാം അരി മാറ്റി, അതു വേവിച്ചു. അവര്‍ മൂന്നു മഹാത്മാക്കളെ ഭിക്ഷയ്ക്കായി ക്ഷണിച്ചു. അവരില്‍ രണ്ടുപേര്‍ക്ക്‌ ദേഹമുണ്ടായിരുന്നില്ല. മൂന്നാമന്‌ വായയും. മഹാത്മാക്കള്‍ ആഹരിച്ചശേഷം ബാക്കിയായവ കുമാരന്മാര്‍ ഉണ്ടു സംതൃപ്തരായി. അങ്ങിനെയവര്‍ ആ നഗരിയില്‍ സന്തോഷത്തോടും സമാധാനത്തോടും കൂടി കഴിഞ്ഞുവന്നു. കുഞ്ഞേ ഇതൊരു മനോഹരമായ കഥയാണ്‌. എപ്പോഴും ഇതോര്‍മ്മിക്കൂ, നിനക്ക്‌ ജ്ഞാനിയായി വളര്‍ന്നു വലിയൊരാളാകാം."

രാമാ, ഈ കഥകേട്ട്‌ ആ ബാലന്‍ ആഹ്ലാദിച്ചു. ഈ കുട്ടിക്കു പറഞ്ഞുകൊടുത്ത കഥയിലെ യാഥാര്‍ഥ്യത്തേക്കാള്‍ കൂടുതല്‍ ഉണ്മയൊന്നും ഈ ലോകസൃഷ്ടിയ്ക്കില്ല. ലോകമെന്നത്‌ വെറും ഭ്രമം മാത്രമാണ്‌. അതൊരാശയത്തിനപ്പുറം, അല്ലെങ്കില്‍ ഒരു സാദ്ധ്യതയ്ക്കപ്പുറം  ഒന്നുമല്ല. അനന്താവബോധത്തില്‍ സൃഷ്ടിയെന്നൊരാശയം ഉദയം ചെയ്തു. അത്രതന്നെ.

"രാമ: ലോകമെന്നത്‌ ഒരാശയം അല്ലെങ്കില്‍ സങ്കല്‍പ്പം  എന്നതിനപ്പുറം ഒന്നുമല്ല. ബോധത്തില്‍ അറിയപ്പെടുന്ന പദാര്‍ത്ഥങ്ങള്‍ എല്ലാം ആശയം മാത്രം. സങ്കല്‍പ്പമെന്ന മാലിന്യത്തെ നീക്കി, ആശയവിമുക്തനായി സത്യത്തില്‍ രൂഢമൂലനായി പരമശാന്തിയെ പ്രാപിച്ചാലും." 

Sep 8, 2012

122 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 122

കരണം കര്‍മ്മ കര്‍ത്താ ച ജനനം മരണം സ്ഥിതി:
സര്‍വ്വം ബ്രഹ്മൈവ നഹ്യസ്തി തദ്വിനാ കല്‍പനേതരാ (3/100/30)

വസിഷ്ഠന്‍ തുടര്‍ന്നു: രാമ: വ്യക്തിഗതബോധം, അല്ലെങ്കില്‍ മനസ്സ്‌, പരമപുരുഷനില്‍ നിന്നുത്ഭവിച്ചതാണ്‌.. എന്നാല്‍ അത്‌ അനന്താവബോധത്തില്‍ നിന്നും വിഭിന്നമാണെന്നും അല്ലെന്നും പറയാം. സമുദ്രജലത്തില്‍നിന്നും തിരമാലകള്‍ വിഭിന്നമണെന്നും അല്ലെന്നും പറയാവുന്നതുപോലെയത്രേ ഇത്‌.. പ്രബുദ്ധപദം പ്രാപിച്ചവന്‌ മനസ്സ്‌ പരബ്രഹ്മം തന്നെ. അജ്ഞാനിയുടെ, സംസാരമെന്ന ആവര്‍ത്തനചരിതത്തിന്റെ കാരണം ഈ മനസ്സാണ്‌.. അയാഥാര്‍ത്ഥ്യമാണെങ്കിലും നാം ദ്വന്ദധാരണകളെ ഉപയോഗിക്കുന്നുവെങ്കില്‍ അതെല്ലാം പഠനാവശ്യത്തിനു മാത്രമാണെന്ന് ഓര്‍മ്മിക്കുമല്ലോ. പരബ്രഹ്മം സര്‍വ്വ ശക്തമാണ്‌.. അതിനുവെളിയിലായി ഒന്നുമില്ല. ഏകവും അദ്വിതീയവുമാണത്‌.. അതിന്റെ ചൈതന്യം, ശക്തിയാണ്‌, എല്ലാടവും, എല്ലാത്തിനേയും വ്യാപരിച്ചിരിക്കുന്നത്‌..

ശരീരമുള്ള ജീവികളില്‍ അത്‌ ചിത്ശക്തിയാണ്‌.. അതായത്‌ ധിഷണ, അല്ലെങ്കില്‍ ബോധശക്തി. അത്‌ വായുവിന്റെ ചലനമാണ്‌; ആകാശത്തിലെ ശൂന്യതയാണ്‌.. ജീവികളില്‍ 'ഞാന്‍ ഉണ്ട്‌' എന്നു സ്ഫുരിച്ചുകൊണ്ടേയിരിക്കുന്ന ആത്മബോധത്തിന്റെ പ്രഭാവമാണ്‌.. എന്നാല്‍ ഇതെല്ലാം പരബ്രഹ്മത്തിന്റെ ശക്തിവിശേഷം മാത്രമാണ്‌.. ശിഥിലീകരണശക്തിയും, ദു:ഖിതരിലെ ദു:ഖഹേതുവും, ആഹ്ലാദചിത്തരിലെ ആഹ്ലാദഹേതുവും, യോദ്ധാക്കളിലെ ശൌര്യവും, വിശ്വ സൃഷ്ടി സ്ഥിതി സംഹാര ശക്തിയും എല്ലാം അതു തന്നെ. ജീവന്‍ ബോധത്തിന്റേയും പദാര്‍ത്ഥങ്ങളുടേയും ഇടയ്ക്കാണ്‌.. അത്‌ പരബ്രഹ്മത്തിന്റെ ഒരു പ്രതിഫലനമായതിനാല്‍ ജീവന്‍ ബ്രഹ്മത്തില്‍ നിലകൊള്ളുന്നു എന്നു പറയപ്പെടുന്നു. വിശ്വത്തെ മുഴുവനും ഏകമായി കാണൂ. 'ഞാന്‍' എന്നതും പരബ്രഹ്മം തന്നെയാണെന്നറിയുക. അത്മാവ്‌ സര്‍വ്വവ്യാപിയത്രേ.

അത്മാവില്‍ ചിന്തയുണ്ടാവുമ്പോള്‍ മനസ്സുണ്ടാവുന്നു. അത്‌ പരബ്രഹ്മത്തിന്റെ പ്രാഭവമാണ്‌. . 'ഞാന്‍', 'ഇത്‌' എന്നെല്ലാമുള്ള നിരങ്കുശവിഭിന്നതകള്‍ വെറും പ്രതിബിംബങ്ങള്‍ മാത്രം. മനസ്സ്‌ വാസ്തവത്തില്‍ ബ്രഹ്മം തന്നെ. ഇടയ്ക്കിടയ്ക്ക്‌ ചിലനേരങ്ങളില്‍ ബ്രഹ്മപ്രാഭവത്തില്‍ ചിലത്‌ പ്രകടമാവാറുണ്ട്‌.. അവയും വാസ്തവത്തില്‍ ഉണ്മയായ സൃഷ്ടിയൊന്നുമല്ല; വെറും പ്രതിഫലനങ്ങള്‍ മാത്രം. സൃഷ്ടി, പരിണാമം, സ്ഥിതി, സംഹാരം എന്നിവയെല്ലാം ബ്രഹ്മത്തിലുണ്ടായി, നിലനിന്ന്, വിലയിക്കുന്നു. ബ്രഹ്മമല്ലാതെ യാതൊന്നും ഇല്ല. "കര്‍മ്മേന്ദ്രിയങ്ങള്‍ , കര്‍മ്മം, കര്‍ത്താവ്‌, മരണം, അസ്തിത്വം, എല്ലാമെല്ലാം ബ്രഹ്മം മാത്രം. ഭാവനകളടക്കം, ബ്രഹ്മമല്ലാതെ യതൊന്നുമില്ല."

ഭ്രമം, ആര്‍ത്തി, അത്യാഗ്രഹം, ആസക്തി, തുടങ്ങിയ ഒന്നും നിലനില്‍പ്പുള്ളതല്ല. ദ്വന്ദത ഇല്ലാത്തപ്പോള്‍ ഇവയ്ക്കെങ്ങിനെ നിലനില്‍പ്പുണ്ടാവും? ബന്ധനം എന്നത്‌ ഇല്ലാത്തതാണെങ്കില്‍ മോക്ഷം എന്നതും മിഥ്യയത്രേ.

രാമന്‍ ചോദിച്ചു: മഹാത്മന്‍, മനസ്സ്‌ എന്തെങ്കിലും ചിന്തിച്ചാല്‍ അതു നടപ്പാവുന്നു എന്ന് അങ്ങു പറഞ്ഞു. ഇപ്പോള്‍ അങ്ങു പറയുന്നു ബന്ധനം എന്നത്‌ മിഥ്യയാണെന്ന്. ഇതെങ്ങിനെ ശരിയാവും?

വസിഷ്ഠന്‍ പറഞ്ഞു: രാമ: മനസ്സ്‌ അജ്ഞാനത്തിന്റെ പിടിയില്‍പ്പെട്ട്‌ താന്‍ ബദ്ധനാണെന്ന് ഭാവന ചെയ്യുകയാണ്‌.. അവിദ്യമൂടിയ മനസ്സിലേ ബന്ധനമുള്ളു. ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ അപ്രത്യക്ഷമാവുന്ന സ്വപ്നദൃശ്യങ്ങള്‍പോലെ, ബന്ധനം, മുക്തി തുടങ്ങിയ മോഹവിഭ്രാന്തികള്‍ പ്രബുദ്ധനായ ഒരുവന്റെ ദൃഷ്ടിയില്‍ മിഥ്യയാണ്‌..

Sep 7, 2012

121 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 121

സ്വയം പ്രഹരതി സ്വാന്തം സ്വയമേവ സ്വേച്ഛയാ
പലായതേ സ്വയം ചൈവ  പശ്യാജ്ഞാനവിജൃംഭിതം (3/99/36)

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമ: ഈ വന്‍ കാട്‌ ദൂരെയൊന്നുമല്ല. ഈ അജ്ഞാതമനുഷ്യന്‍ ജീവിക്കുന്നത്‌ അജ്ഞാതമായ ഒരു നാട്ടിലുമല്ല. ഈ ലോകം തന്നെയാണാ കാട്‌. . വലിയൊരു ശൂന്യതയാണതെങ്കിലും അന്വേഷണത്തിന്റെ വെളിച്ചത്തിലൂടെമാത്രമേ ആ സത്യമറിയാനാവൂ. ഈ വെളിച്ചമാണ്‌ 'ഞാന്‍' എന്ന പ്രഹേളിക. ഈ ജ്ഞാനം, എല്ലാവരും അംഗീകരിക്കുന്ന ഒന്നല്ല. അതിനെ നിരാകരിക്കുന്നവര്‍ ദുരിതാനുഭവങ്ങളിലൂടെ അനവരതം കടന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു. ഈ അറിവിനെ ഉള്‍ക്കൊണ്ടവരാണ്‌ പ്രബുദ്ധരായ മഹത്തുക്കള്‍.   എണ്ണമറ്റ പ്രകടിതഭാവങ്ങളോടുകൂടിയ മനസ്സാണ്‌ ആയിരം കയ്യുകളുള്ള മനുഷ്യന്‍.. മനസ്സ്‌ സ്വയം വാസനകളാല്‍ ശിക്ഷിക്കപ്പെടുന്നു. ശാന്തിയേതുമില്ലാതെ അലയുകയും ചെയ്യുന്നു. കഥയിലെ പൊട്ടക്കിണര്‍ നരകവും വാഴത്തോപ്പ്‌ സ്വര്‍ഗ്ഗവുമാണ്‌.. മുള്‍ച്ചെടികള്‍ നിറഞ്ഞ നിബിഢവനം ലൌകീകമനുഷ്യന്റെ ജീവിതമാണ്‌.. ഭാര്യ, കുട്ടികള്‍ , സമ്പത്ത്‌ എല്ലാം അവനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

അപ്പോള്‍ മനസ്സ്‌ ചുറ്റിത്തിരിഞ്ഞ്‌ നരകത്തിലെത്തുന്നു. പിന്നെ സ്വര്‍ഗ്ഗത്തില്‍ ; ഒടുവില്‍ തിരികെ മനുഷ്യലോകത്തുമെത്തുന്നു. വിവേകത്തിന്റെ വെളിച്ചം ഭ്രമാത്മകമനസ്സിനെ ഉണര്‍ത്താന്‍ ശ്രമിച്ചാലും മനസ്സതിനെ നിരാകരിക്കുന്നു. ഈ ജ്ഞാനത്തെ തന്റെ ശത്രുവെന്നു കണക്കാക്കുന്നു. പിന്നെ അവന്‍ ദു:ഖത്തിലാണ്ടു വിലപിക്കുകയായി. ചിലപ്പോള്‍ അവന്‍ പക്വതയില്ലാത്ത അറിവിന്റെ പ്രകാശധവളിമയില്‍ , ശരിയായ അറിവുറയ്ക്കാതെ തന്നെ ലോകസുഖങ്ങളെല്ലാം ഉപേക്ഷിക്കുന്നു. അത്തരം സന്യാസം പിന്നീട്‌ കൂടുതല്‍ ദു:ഖത്തിനിടയാക്കുന്നു. എന്നാല്‍ ഈ സന്യാസം പക്വമായ അറിവിന്റെ നിറവില്‍ , മനോവ്യാപാരങ്ങളേപ്പറ്റി ചെയ്ത അത്മാന്വേഷണത്തിന്റെ ഫലമായി ഉണ്ടായതാണെങ്കില്‍ അതു പരമാനന്ദത്തിലേയ്ക്കു നയിക്കുന്നു. ഒരുപക്ഷെ ആ നിലയെയിലെത്തിയ മനസ്സ്‌ പൂര്‍വ്വകാലത്തെ സന്തോഷം, ഉല്ലാസം എന്നീ ധാരണകളെ അമ്പരപ്പോടെയാവും കാണുക. കഥയിലെ മനുഷ്യന്റെ അവയവങ്ങള്‍ ഓരോന്നായി മുറിഞ്ഞ്‌ കൊഴിഞ്ഞുപോയപോലെ സംന്യസ്ഥനായ ജ്ഞാനിയുടെ മനസ്സില്‍നിന്നും ലീനവാസനകള്‍ അപ്രത്യക്ഷമാവുന്നു.

"അവിദ്യയുടെ ലീലയെന്തെന്നു നോക്കൂ. അതൊരുവനെ സ്വേച്ഛയാ സ്വയം ഉപദ്രവിപ്പിച്ച്‌ അവനെ യാതൊരു കാര്യവുമില്ലാതെ അവിടെയുമിവിടെയും ഓടിച്ച്‌ അര്‍ത്ഥശൂന്യമായ പരിഭ്രാന്തിയില്‍ ആഴ്ത്തുന്നു." ആത്മാജ്ഞാനത്തിന്റെ വെളിച്ചം എല്ലാവരിലും വീഴുന്നുണ്ടെങ്കിലും മനുഷ്യന്‍ സ്വന്തം ലീനവാസനകളുടെ പ്രേരണയാല്‍ ലോകത്തിലലയുകയാണ്‌.. മനസ്സാണെങ്കില്‍ ഇതിനു വളംവെച്ച്‌ ദുരിതങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിച്ച്‌ അവനെ വട്ടംചുറ്റിക്കുന്നു. സ്വയം മോഹത്താലും ചാപല്യത്താലും ആശയാലും പ്രത്യാശയാലും അവന്‍ ബദ്ധനാകുന്നു. ദു:ഖാനുഭവങ്ങള്‍ അവനെ അശാന്തനും നിരാശനുമാക്കുന്നു. എന്നാല്‍ ജ്ഞാനി അതിനെ കൈവിടാതെ ആത്മാന്വോഷണസാധന തുടരുന്നപക്ഷം ദു:ഖം അവനെ തീണ്ടുകയില്ല. നിയന്ത്രണമേതുമില്ലാത്ത മനസ്സാണ്‌ ദു:ഖകാരണം. എന്നാല്‍ അതിനെ ആത്മാന്വേഷണത്തിലൂടെ അറിഞ്ഞാല്‍ സൂര്യോദയത്തില്‍ മൂടല്‍മഞ്ഞെന്നപോലെ ദു:ഖം അലിഞ്ഞില്ലാതാവുന്നു.

Sep 6, 2012

120 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 120

യത: കുതശ്ചിദുത്പന്നം ചിത്തം യത്‌കിംചിദേവ ഹി
നിത്യമാത്മ വിമോക്ഷായ യോജയേദ്യത്നതോനഘ: (3/98/1)

വസിഷ്ഠന്‍ തുടര്‍ന്നു: "അല്ലയോ രാമ: മനസ്സിന്റെ ഉദ്ഭവം എന്തുതന്നെയായിരുന്നാലും എന്തുതന്നെയാവുമായിരുന്നുവെന്നാലും അതിനെ സ്വപ്രയത്നത്താല്‍ മുക്തിമാര്‍ഗ്ഗത്തിലേയ്ക്ക്‌ നയിക്കണം". ശുദ്ധമനസ്സ്‌ വസനകള്‍ ഇല്ലാത്തതാണ്‌.. അതുകൊണ്ട്‌ ആ മനസ്സിന്‌ ആത്മജ്ഞാനം പ്രാപ്തമാണ്‌.. വിശ്വം മുഴുവന്‍ മനസ്സില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതിനാല്‍ ബന്ധനവും മോക്ഷവുമെല്ലാം മനസ്സിനുള്ളില്‍ത്തന്നെയാണ്‌..

ഇതിനെപ്പറ്റിയൊരു കഥ ബ്രഹ്മാവു പറഞ്ഞ്‌ ഞാന്‍ കേട്ടിരിക്കുന്നു. ശ്രദ്ധിച്ചാലും: ഒരിടത്ത്‌ വലിയൊരുകാടുണ്ടായിരുന്നു. അനേകകോടി ചതുരശ്രമൈയില്‍ വിസ്തീര്‍ണ്ണം ഈ കാടിനെ സംബന്ധിച്ച്‌ ആകാശത്ത്‌ ഒരണു എന്നപോലെയായിരുന്നു. ആ കാട്ടില്‍ ആയിരം കയ്യുകളുംകാലുകളുമുള്ള ഒരേയൊരു മനുഷ്യന്‍ മാത്രം ജീവിച്ചു വന്നു. അദ്ദേഹം തികച്ചും അസ്വസ്ഥനായിരുന്നു. അയാളുടെ കയ്യിലിരുന്ന ഗദകൊണ്ടയാള്‍ സ്വയം പീഢിപ്പിച്ചു. എന്നിട്ട്‌ ആ താഡനത്തെ ഭയന്ന് പരവശനായി അയാള്‍ ഓട്ടം തുടങ്ങി. അങ്ങിനെ അയാള്‍ ഒരുപൊട്ടക്കിണറ്റില്‍ വീണു. പിന്നെ അയാള്‍ അതില്‍നിന്നു പുറത്തുവന്നു; വീണ്ടും ഗദകൊണ്ടുള്ള താഡനമേറ്റ്‌ ഭയന്ന് ഓടി മറ്റൊരു കാട്ടില്‍കയറി. അവിടെനിന്നും രക്ഷപ്പെട്ട്‌ വീണ്ടും സ്വന്തം ഗദാപ്രഹരമേറ്റ്‌ വലഞ്ഞോടി ഒരു വാഴത്തോപ്പിലെത്തി. അവിടെയും  ഭയപ്പെടാന്‍ മറ്റാരുമുണ്ടായിരുന്നില്ലെങ്കിലും അയാള്‍ കണ്ണീരൊഴുക്കി ഉറക്കെ വിലപിച്ചു. പണ്ടേപ്പോലെ അയാള്‍ സ്വയം പ്രഹരിച്ച്‌ ഭയന്ന് ഓടിക്കൊണ്ടിരുന്നു. ഞാന്‍ ഇതെല്ലാം എന്റെ ദിവ്യദൃഷ്ടിയാല്‍ ദര്‍ശിച്ചിട്ട്‌ അവനെ ഒരു നിമിഷം പിടിച്ചു നിര്‍ത്തി ചോദിച്ചു: 'നീ ആരാണ്‌?' അയാള്‍ തീവ്രദു:ഖിതനാകയാല്‍ എന്നെ ശത്രുവെന്നു വിളിച്ചു ആദ്യം ഉറക്കെ കരഞ്ഞു; പിന്നീട്‌ ഉറക്കെ ചിരിച്ചു. അതുകഴിഞ്ഞ്‌ അയാള്‍ തന്റെ ശരീരം, അവയവങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കാന്‍ തുടങ്ങി. ഉടനേ തന്നെ അവിടെ മറ്റൊരുവന്‍ ആദ്യത്തെയാളെപ്പോലെതന്നെ സ്വയം പ്രഹരിച്ചും ഉറക്കെ നിലവിളിച്ചും ഓടിവരുന്നതു കണ്ടു. ഞാന്‍ അവനേയും പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യവേ അവന്‍ എന്നെ പുലഭ്യം പറഞ്ഞുകൊണ്ട്‌ അവന്റെ വഴിക്ക്‌ ഓടിപ്പോയി. ഇങ്ങിനെ ഞാന്‍ പലരേയും കണ്ടു. ചിലര്‍ എന്റെ വാക്കുകള്‍ കേട്ട്‌ അവരുടെ പൂര്‍വ്വകര്‍മ്മങ്ങള്‍ ഉപേക്ഷിച്ച്‌ പ്രബുദ്ധരായിത്തീര്‍ന്നു. മറ്റുചിലര്‍ എന്നെ അവഗണിച്ചു; ചിലര്‍ വെറുക്കുകപോലുംചെയ്തു. ചിലര്‍ അന്ധകൂപത്തില്‍നിന്നും കാട്ടില്‍നിന്നും പുറത്തുവന്നതേയില്ല. രാമാ, അങ്ങിനെയാണീ ലോകമെന്ന വന്‍വിപിനം. ആരും പ്രശാന്തമായൊരിടം അവിടെ കണ്ടെത്തുന്നില്ല, അവര്‍ ഏതു ജീവിതരീതി അവലംബിച്ചാലും ഇതിനു വ്യത്യാസമില്ല. ഇപ്പോഴും ഈലോകത്തില്‍ നിനക്ക്‌ അത്തരം ആള്‍ക്കാരെ കാണാം. നീ തന്നെ അത്തരം ഭ്രമദൃശ്യങ്ങളും അജ്ഞതനിറഞ്ഞ ജീവിതവും കണ്ടിട്ടുണ്ടല്ലോ. നിന്റെ ചെറുപ്പവും അജ്ഞതയുംകാരണം നിനക്കത്‌ അപ്പോള്‍ മനസ്സിലായില്ല എന്നേയുള്ളു. 

Sep 5, 2012

119 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 119

മന ഏവ വിചാരേണ മന്യേ വിലയമേഷ്യതി
മനോവിലയമാത്രേണ തത: ശ്രേയോ ഭവിഷ്യതി (3/97/10)

വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സുണ്ടെന്നുള്ള ദൃഢബുദ്ധിയാല്‍ മറയ്ക്കപ്പെട്ട ബോധപ്രകാശമാണ്‌ മനസ്സ്‌. . ഈ മനസ്സ്‌, മനുഷ്യന്‍, ദൈവങ്ങള്‍ , രാക്ഷസര്‍ , ഉപദേവതമാര്‍ , സ്വര്‍ഗ്ഗവാസികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നാമരൂപങ്ങള്‍ സ്വീകരിക്കുന്നു. പിന്നീടത്‌ പല സ്വഭാവസവിശേഷതകളായും പട്ടണങ്ങളായും നഗരങ്ങളായും വികസ്വരമാവുന്നു. സത്യം അങ്ങിനെയായിരിക്കുമ്പോള്‍ ബാഹ്യമായി സത്യത്തെ തേടുന്നതില്‍ എന്താണര്‍ത്ഥം? മനസ്സിനെ മാത്രം നിരീക്ഷിച്ചാല്‍ മതിയല്ലോ. മനസ്സിനെ ആഴത്തിലറിയുമ്പോള്‍ സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളും, പ്രകടമായ എല്ലാ കാഴ്ചകളും മനസ്സുണ്ടാക്കിയതാണെന്നറിയുന്നു. അനന്താവബോധം മാത്രമേ മനസ്സിന്റെ സൃഷ്ടിയല്ലാതെയുള്ളു.

"ആഴത്തില്‍ നിരീക്ഷിക്കുമ്പോള്‍ മനസ്സ്‌ അതിന്റെ അടിസ്ഥാനത്തിലേയ്ക്ക്‌ ഉള്‍വലിയുന്നു. അങ്ങിനെ പൂര്‍ണ്ണമായും മഗ്നമായ മനസ്സില്‍ പരമസുഖം കളിയാടുന്നു." മനസ്സങ്ങിനെ ഇല്ലാതാവുമ്പോള്‍ മുക്തിയായി. പുനര്‍ജന്മങ്ങള്‍ ഇനിയില്ല. മനസ്സുതന്നെയാണല്ലോ ജനനമരണങ്ങളായി പ്രകടമായിക്കൊണ്ടിരുന്നത്‌!.

രാമന്‍ വീണ്ടും ചോദിച്ചു: ഭഗവാനേ അനന്താവബോധത്തില്‍ ഇതെല്ലാം എങ്ങി നെ സംഭവിച്ചു? എങ്ങിനെയാണ്‌ സത്തും അസത്തും ചേര്‍ന്നൊരു മിശ്രിതമായ മനസ്സ്‌ ബോധമണ്ഡലത്തില്‍നിന്നും ഉദ്ഭൂതമാവാനിടയായത്‌?

വസിഷ്ഠന്‍ പറഞ്ഞു: ആകാശം മൂന്നുവിധത്തിലാണ്‌. അവിച്ഛിന്ന ആകാശം, അനന്താവബോധം; പരിമിതമായ ആകാശം, ഭിന്നബോധം; പിന്നെ പദാര്‍ത്ഥങ്ങളുടെ ലോകമായ ഭൌതീക ആകാശം. ആദ്യത്തേത്‌ 'ചിദാകാശം'. അത്‌ അകത്തും പുറത്തും, സത്തിനും ജഢത്തിനും, ശുദ്ധ സാക്ഷിയായി സ്ഥിതിചെയ്യുന്നു. രണ്ടാമത്തേത്‌ 'ചിത്താകാശം'. പരിമിതമായ ആകാശമാണിത്‌.. അത്‌ സമയമെന്ന പരിധിയുണ്ടാക്കുന്നതും സര്‍വ്വവ്യാപിയും ജീവജാലങ്ങളുടെ ഗുണകാംഷിയുമത്രേ. മൂന്നാമത്തെ ആകാശമായ ഭൌതീകാകാശത്ത്‌ വായുമുതലായ മൂല ഘടകങ്ങള്‍ നിലനില്‍ക്കുന്നു. രണ്ടാമത്തേതും മൂന്നാമതേതും ഒന്നാമത്തെ ആകാശത്തില്‍നിന്ന്, അതായത് അനന്താവബോധത്തില്‍ നിന്ന് സ്വതന്ത്രമല്ല. വാസ്തവത്തില്‍ രണ്ടും മൂന്നും ആകാശങ്ങള്‍ ഇല്ലതന്നെ. അജ്ഞാനികള്‍ക്ക്‌ വിവേകമുദിക്കാനുള്ള മാര്‍ഗ്ഗമെന്നതില്‍ക്കവിഞ്ഞ്‌ ഈ 'ത്രിവിധ ആകാശം' എന്ന ധാരണയ്ക്ക്‌ യാതൊരു പ്രസക്തിയുമില്ല. പ്രബുദ്ധരായവര്‍ക്കറിയാം ഒരേയൊരുണ്മയേ ഉള്ളു എന്ന്. അത്‌ അനന്താവബോധമാണ്‌.. ആ ബോധം 'ഞാന്‍ ബുദ്ധിമാന്‍' എന്നോ; ഞാന്‍ ജഢം' എന്നോ ചിന്തിക്കുമ്പോള്‍ അതാണ്‌ മനസ്സ്‌.. ഈ തെറ്റിദ്ധാരണ മൂലമാണ് ഭൌതീകവും മാനസീകവുമായ എല്ലാ ഘടകങ്ങളും കല്‍പ്പനാസൃഷ്ടമായി പ്രകടമായത്‌.

Sep 4, 2012

118 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 118

കാകതാലീയയോഗേന ത്യക്ത്ത സ്ഫാരദൃഗകൃതേ:
ചിത്തേശ്ചേത്യാനുപാതിന്യാ: കൃതാ: പര്യായവൃത്തയ: (3/96/15)

വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സെന്നത്‌ പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള അറിവാണ്‌.. . അത്‌ ബോധത്തിലെ ചലനമാണ്‌.. ഈ ചലനം കര്‍മ്മമായി പുറത്തു പ്രകടമാവുന്നു. തുടര്‍ന്ന് ആ കര്‍മ്മത്തിന്‌ ഫലപ്രാപ്തിയും ഉണ്ടാവുന്നു. സര്‍വ്വശക്തമായ അനന്താവബോധത്തില്‍ ഉദിക്കുന്ന ഉദ്ദേശ്യങ്ങളാണ്‌, ലക്ഷ്യമാണ്‌, മനസ്സ്‌.. അത്‌ സത്തിനും അസത്തിനും മദ്ധ്യേ നിലകൊള്ളുന്നപോലെ തോന്നുന്നു. എങ്കിലും അതിന്‌ ധാരണാശക്തിയുമായാണ്‌ അടുപ്പം. അനന്താവബോധത്തില്‍ നിന്നും വിഭിന്നമല്ലെങ്കിലും സ്വയം അങ്ങിനെയാണെന്ന് മനസ്സു ചിന്തിക്കുന്നു. കര്‍മ്മബന്ധിതനല്ലെങ്കിലും സ്വയം കര്‍ത്താവാണെന്ന് അഭിമാനിക്കുന്നു. മനസ്സ്‌ ഇങ്ങിനെയൊക്കെയാണ്‌.. ഈ സ്വഭാവസവിശേഷതകള്‍ മാറ്റാന്‍ സാധിക്കുകയില്ല. കാരണം, അവയില്ലെങ്കില്‍ മനസ്സില്ല. മനസ്സും ജീവനും തമ്മില്‍ വേര്‍പിരിക്കാനാവില്ല. മനസ്സില്‍ ചിന്തിക്കുന്നത്‌ നടപ്പിലാക്കാന്‍ കര്‍മ്മേന്ദ്രിയങ്ങള്‍ പരിശ്രമിക്കുന്നു. അപ്പോള്‍ മനസ്സ്‌ കര്‍മ്മവുമാണ്‌. .

മനസ്സ്‌, ബുദ്ധി, അഹംകാരം, വ്യക്തി അവബോധം, കര്‍മ്മം, മോഹം, ജനന മരണങ്ങള്‍ , വാസനകള്‍ , അറിവ്‌, പരിശ്രമം, ഓര്‍മ്മ, ഇന്ദ്രിയങ്ങള്‍ , പ്രകൃതി, മായ, ഭ്രമം, പ്രവര്‍ത്തനം, തുടങ്ങിയ വാക്കുകള്‍ ഉണ്മയുമായി ബന്ധമൊന്നുമില്ലാത്ത കേവലശബ്ദങ്ങള്‍ മാത്രമാണ്‌.. ഉണ്മയായുള്ളത്‌ അനന്താവബോധം മാത്രം .  ഈ ധാരണകളെല്ലാം ആ അവബോധത്തില്‍ നിലനില്‍ക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നു എന്നുമാത്രം. "കാകതാലീയ ന്യായേനയുണ്ടായ ഒരു യാദൃശ്ചികത്വമായാണ്‌ മേല്‍പ്പറഞ്ഞ ധാരണകളെല്ലാം സംജാതമായത്‌.. അനന്താവബോധം ക്ഷണനേരത്ത്‌ സ്വരൂപത്തെ മറന്നതിന്റെ ഫലമായി അതു സ്വയം 'അറിയപ്പെടുന്ന' വസ്തുവായി തെറ്റിദ്ധരിച്ചു". ഇങ്ങിനെ അവിദ്യകൊണ്ടു മൂടിയ അനന്താവബോധം, വിക്ഷോഭസ്ഥിതിയില്‍ നനാത്വങ്ങളെ കാണുന്നു. അവയുമായി താദാത്മ്യം ഭാവിക്കുന്നതാണ്‌ മനസ്സ്‌.. അതേ മനസ്സ്‌ ചിലപ്രത്യേക ധാരണകളില്‍ യുക്തിസഹമായി ദൃഢീകൃതമാവുന്നതാണ്‌ ബുദ്ധി. സ്വയം എല്ലാറ്റില്‍നിന്നും സ്വതന്ത്രനായ ഒരു വ്യക്തിയാണെന്ന് അഭിമാനിക്കുമ്പോള്‍ അത്‌ അഹംകാരമായി. തുടര്‍ച്ചയായ അന്വേഷണങ്ങളെല്ലാം അവസാനിപ്പിച്ച്‌ എണ്ണമില്ലാതെ വന്നു പോയിക്കൊണ്ടിരിക്കുന്ന ചിന്തകള്‍ക്ക്‌ വിളയാടാന്‍ ഇടയാക്കുന്നതാണ്‌ വ്യക്തിബോധം (അതാണ് മനോവസ്തു).

ബോധത്തിലെ ശുദ്ധ ചലനം കര്‍മ്മമാണെങ്കിലും അതിന്‌ ഒരു 'കര്‍ത്താവ്‌' ഇല്ല. എന്നാല്‍ ബോധം ആ കര്‍മ്മഫലം കാംക്ഷിക്കുമ്പോള്‍ അത്‌ 'കര്‍മ്മം' ആവുന്നു. 'ഞാന്‍ ഇതു മുന്‍പു കണ്ടിട്ടുണ്ടല്ലോ' എന്നൊരു ധാരണ കാണുന്നതിനെക്കുറിച്ചോ കാണാത്തതിനെക്കുറിച്ചോ ബോധത്തിലുയരുന്നതാണ്‌ ഓര്‍മ്മ (സ്മൃതി). പൂര്‍വ്വാനുഭവങ്ങളുടെ ബാക്കിഫലപ്രതീതി ബോധതലത്തില്‍ പ്രകടമായോ അല്ലാതെയോ തങ്ങി നില്‍ക്കുന്നതാണ്‌ ലീനവാസന അല്ലെങ്കില്‍ സാദ്ധ്യത. വിഭിന്നതയും നാനാത്വവും അവിദ്യ ഹേതുവായുണ്ടായ ഒരുഭ്രമം മാത്രമാണെന്ന തിരിച്ചറിവ്‌ ബോധത്തില്‍ ഉണരുമ്പോള്‍ അത്‌ ജ്ഞാനം. എന്നാല്‍ ബോധം തെറ്റായ മാര്‍ഗ്ഗത്തില്‍ ചലിച്ച്‌ കൂടുതല്‍ ആത്മവിസ്മൃതിയിലാണ്ട്‌ ഭ്രമകല്‍പ്പനയില്‍ ആസക്തമാവുമ്പോള്‍ അത്‌ മലിനമാണ്‌.. അത്‌ അന്തര്യാമിയുമായി വൈകാരികതലത്തില്‍  സംവദിക്കുമ്പോള്‍ ഇന്ദ്രിയങ്ങളാവുന്നു. അപ്രത്യക്ഷമായി വിശ്വജീവനില്‍ നിലകൊള്ളുമ്പോള്‍ അത്‌ പ്രകൃതിയാണ്‌.. ഉണ്മയും പ്രത്യക്ഷലോകവും തമ്മിലുണ്ടാവുന്ന ചിന്താക്കുഴപ്പത്തില്‍ അത്‌ മായ എന്നറിയപ്പെടുന്നു. അത്‌ അനന്തതയില്‍ വിലയിക്കുമ്പോഴാണ്‌ മുക്തി. 'ഞാന്‍ ബദ്ധന്‍' എന്നു ചിന്തിക്കുമ്പോള്‍ ബന്ധനം. 'ഞാന്‍ സ്വതന്ത്രന്‍' എന്നു ചിന്തിക്കുമ്പോള്‍ സ്വാതന്ത്ര്യം. 

Sep 3, 2012

117 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 117

 കര്‍മ നാശോ  മനോനാശോ മനോനാശോ ഹ്യകര്‍മതാ
മുക്തസ്യൈവ ഭവത്യേവ നാമുക്തസ്യ കദാചന (3/95/36)

വസിഷ്ഠന്‍ തുടര്‍ന്നു: കര്‍മ്മവും അതിന്റെ കര്‍ത്താവും പരമപുരുഷനില്‍ സംജാതമായത്‌ പൂവും അതിന്റെ സുഗന്ധവുമെന്നപോലേ ഒരേ സമയത്താണ്‌.. എങ്കിലും ഒന്നറിയുക, അജ്ഞാനിയുടെ ദൃഷ്ടിയില്‍ മാത്രമേ ജീവന്റെ സൃഷ്ടി എന്നത്‌ ഉണ്മയായുള്ളു. നീലാകാശത്തിന്റെ നീലിമ സത്യമെന്നു കരുതുന്നത്‌ അജ്ഞാനികള്‍ മാത്രമാണല്ലോ. ജ്ഞാനികളെ സംബന്ധിച്ചിടത്തോളം ജീവന്‍ ബ്രഹ്മത്തില്‍ നിന്നുണ്ടായി എന്നു പറയുന്നതും ജീവന്‍ ബ്രഹ്മത്തില്‍നിന്നല്ല ഉണ്ടായത്‌ എന്നു പറയുന്നതും ഒരേപോലെ അസംബന്ധമാണ്‌. പഠനസൌകര്യത്തിനുവേണ്ടി ഈ ദ്വന്ദതാ സങ്കല്‍പ്പം താല്‍ക്കാലികമായെങ്കിലും എടുത്തില്ലെങ്കില്‍ ഇക്കാര്യം പറഞ്ഞുമനസ്സിലാക്കല്‍ അസാദ്ധ്യമാണ്‌..

ജീവന്‍ ബ്രഹ്മത്തില്‍നിന്നും ഉത്ഭവിച്ചു എന്നുപറഞ്ഞു. കാര്യം കാരണത്തില്‍നിന്നു വിഭിന്നമല്ല എന്ന തത്വമനുസരിച്ച്‌ ജീവന്‍ ബ്രഹ്മത്തില്‍ നിന്നും വിഭിന്നമല്ല എന്നും ഗുരു നമ്മെ ഉപദേശിക്കുന്നു. ഇക്കാണപ്പെടുന്നതെല്ലാം പൂവില്‍ നിന്നു സുഗന്ധം എന്നപോലെ ബ്രഹ്മത്തില്‍നിന്നു സംജാതമത്രെ. ഒരു ഋതു മറ്റൊന്നിലേയ്ക്ക്‌ കടക്കുമ്പോലെ ജീവാത്മാക്കള്‍ തിരികെ ബ്രഹ്മത്തില്‍ ലയിക്കുന്നു. പ്രപഞ്ചത്തിലെ ഓരോ ജീവിയും പ്രകടമായി മൂര്‍ത്തീകരിക്കുന്നതിനോടൊപ്പം അതാതിന്റെ സ്വഭാവഗുണങ്ങളും സംജാതമാകുന്നു. സ്വരൂപത്തെപ്പറ്റിയുള്ള അജ്ഞാനം കൊണ്ടാണ്‌ പുനര്‍ജന്മങ്ങളിലേയ്ക്കു നയിക്കുന്ന കര്‍മ്മങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആ ജീവനുകള്‍ ആമഗ്നരാകുന്നത്‌. .

രാമന്‍ പറഞ്ഞു: മഹാത്മന്‍, വേദഗ്രന്ഥങ്ങള്‍ തീര്‍ച്ചയായും മാമുനിമാരുടെ നിറഭേദമൊന്നുമില്ലാത്ത മനസ്സില്‍ നിന്നും നിര്‍ഗ്ഗളിച്ച പ്രസ്താവനകളാണല്ലോ. നിര്‍മ്മലഹൃദയരും ഭേദരഹിതമായ ദര്‍ശനത്തിന്റെ വക്താക്കളുമാണ്‌ ഋഷികള്‍ .  അജ്ഞാനിയായ ഒരുവന്‌ ഈദൃശ വേദങ്ങളുടെ സഹായത്താലും പ്രബുദ്ധനായ ഒരു ജ്ഞാനിയുടെ സ്വഭാവസവിശേഷതകളെന്തെന്ന ഉദാഹരണത്തിലൂടെയും മാത്രമേ പരമസത്യപ്രകാശം എന്തെന്ന്, എങ്ങിനെയെന്ന്, പ്രതീക്ഷിക്കാന്‍പോലുമാകൂ.

മഹര്‍ഷേ, ഈ ലോകത്ത്‌ വിത്ത്‌ മരത്തില്‍നിന്നുണ്ടാവുന്നതായി നാം കാണുന്നു. അതുപോലെ വിത്തില്‍നിന്നു മരവും. അപ്പോള്‍ പൂര്‍വ്വാര്‍ജ്ജിത കര്‍മ്മങ്ങളുടെ അഭാവത്തില്‍ നാനാവിധ ജീവജാലങ്ങള്‍ ആദ്യമായുണ്ടായത്‌ പരബ്രഹ്മത്തില്‍നിന്നാണെന്നു പറയുന്നത്‌ ഉചിതമാകുമോ?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, സൂക്ഷ്മമായി നോക്കിയാല്‍ നിനക്കറിയാന്‍ കഴിയും കര്‍മ്മത്തില്‍ മനസ്സിന്റെ ഇടപെടല്‍ ഉള്ളപ്പോള്‍ മാത്രമേ കര്‍മ്മത്തിന്റെ തുടര്‍ച്ചയായി കര്‍മ്മഫലങ്ങള്‍ ഉണ്ടാവുകയുള്ളു എന്ന്‍ . അതുകൊണ്ട്‌ മനസ്സാണ്‌ കര്‍മ്മത്തിനു വിത്ത്‌.. വിശ്വമനസ്സ്‌ പരബ്രഹ്മത്തില്‍ പ്രകടമായ അതേ ക്ഷണത്തില്‍ നാനാജീവ-നിര്‍ജ്ജീവജാലങ്ങള്‍ അവയുടെ സ്വഭാവസവിശേഷതകളോടുകൂടി ഉണ്ടായി. അവയില്‍ ശരീരങ്ങളോടുകൂടിയവ ജീവാത്മാക്കളായി. മനസ്സും കര്‍മ്മവും തമ്മില്‍ ഭേദമില്ല. പുറമേ പ്രാവര്‍ത്തികമാവുന്നതിനുമുന്‍പ്‌ കര്‍മ്മങ്ങള്‍ മനസ്സിലുയരുന്നു. കര്‍മ്മം എന്നത്‌ ബോധമണ്ഡലത്തിലെ ഊര്‍ജ്ജത്തിന്റെ ചലനമാണ്‌.. അവ നിയതമായ ഫലപ്രാപ്തിക്കു കാരണമാവുകയും ചെയ്യുന്നു.

"അത്തരം കര്‍മ്മങ്ങള്‍ അവസാനിക്കുമ്പോള്‍ മനസ്സും അവസാനിക്കുന്നു. മനസ്സൊടുങ്ങുമ്പോള്‍ കര്‍മ്മങ്ങളില്ല. മുക്തിപദം പ്രാപിച്ച മഹര്‍ഷിമാര്‍ക്കു മാത്രം ബാധകമാണിത്‌.. മറ്റുള്ളവര്‍ക്കല്ല."

Sep 2, 2012

116 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 116

സര്‍വ്വ ഏതാ: സമായാന്തി ബ്രഹ്മണോ ഭൂതജാതയ:
കിഞ്ചിത്‌പ്രചലിതാ  ഭോഗാത്‌പയോരാശോരിവോര്‍മയ: (3/94/19)

വസിഷ്ഠന്‍ തുടര്‍ന്നു: ഇനി ഞാന്‍ ആദികാലം മുതലുള്ള സൃഷ്ടികളിലെ ഉത്തമം, മധ്യമം, അധമം എന്നീ  മൂന്നു തരങ്ങളെക്കുറിച്ചു പറയാം. ഉത്തമ ജീവികള്‍ സദ്കര്‍മ്മങ്ങളുടെ ഫലമായാണുണ്ടാവുന്നത്‌... അവര്‍ സ്വാഭാവികമായും നന്മനിറഞ്ഞവരും സദ്കര്‍മ്മികളുമാണ്‌... അവര്‍ കുറച്ചു ജന്മങ്ങള്‍ക്കുശേഷം മുക്തിയെ പ്രാപിക്കുന്നു. അവരില്‍ നിര്‍മ്മലഗുണങ്ങള്‍ നിറഞ്ഞു വിളങ്ങുന്നു. (സത്വഗുണങ്ങള്‍ ).  പിന്നെയൊരുകൂട്ടരുണ്ട്‌., അധമര്‍ . അവരില്‍ മലിനത നിറഞ്ഞിരിക്കുന്നു. ലൌകീകത അവരില്‍ രൂഢമൂലവും അവരുടെ സ്വഭാവം നാനാതരത്തിലുള്ളതുമാണ്. അവരുടെ മുക്തിക്ക്‌ ആയിരക്കണക്കിനു ജന്മങ്ങള്‍ വേണ്ടിവരും. ഇക്കൂട്ടരെ നന്മയുടെ പാതയില്‍ കാണുക വിരളം. അവരില്‍ ചിലരുടെ കാര്യത്തില്‍ മുക്തിലഭിക്കുകയെന്നത്‌ ഈ ലോകചക്രത്തില്‍ സംശയമാണ്‌... അവര്‍ കൂരിരുട്ടിലകപ്പെട്ട ജീവികളത്രേ. (താമസീകം).

മധ്യമരായിട്ടുള്ളവര്‍ ഊര്‍ജ്ജിതരും ഉത്സാഹശീലരും സദാ ആഗ്രഹള്‍   ഉള്ളവരുമാണ്‌. (.(രാജസീകം). അങ്ങിനെയുള്ളവര്‍ മുക്തിപദത്തിലേക്കടുക്കുമ്പോള്‍ അവരില്‍ രജോഗുണങ്ങളും സത്വഗുണങ്ങളും സമിശ്രമാവുന്നു. എന്നാല്‍ രാജസവാസനകള്‍ അതീവ തീവ്രമാണെങ്കില്‍ (ആഗ്രഹങ്ങളോട്‌ വൈകാരീകമായി ആര്‍ത്തിയുള്ളവര്‍ ) അവര്‍ക്കതു തീര്‍ന്നുകിട്ടാന്‍ കുറച്ചുകാലംകൂടിയെടുക്കും.  ഈ രാജസവാസന അതീവ ഘനരൂപത്തില്‍ താമസവാസനയുടെ ഭാവം കൈക്കൊള്ളുന്നു. മുക്തിപദലഭ്യത സംശയമായിട്ടുള്ള അവരില്‍ രാജസഭാവം തികഞ്ഞ അന്ധകാരത്തിലേക്കാണു നയിക്കുന്നത്‌.. ആയിരം ജന്മമെടുത്താലും അജ്ഞതയുടെ ഇരുട്ടില്‍ നിന്നുമുണരാത്തവരാണ്‌ താമസഗുണമുള്ളവര്‍ .  അവര്‍ മുക്തിക്കായി വളരെയേറെക്കാലം അലയേണ്ടിവരും.

അവരില്‍ മുക്തിപദം അടുക്കാറാകുമ്പോള്‍ ഈ താമസീക വാസന, സാത്വീകവാസനയുമായി സമ്മിശ്രമാകുന്നു. മുക്തിപദത്തിലെത്തും മുന്‍പ്‌ അവരില്‍ തമസ്സും രാജസും ചേര്‍ന്നു വര്‍ത്തിക്കുന്നു. നൂറു ജന്മത്തിനുശേഷവും മുക്തിപദം ഇനിയുമൊരു നൂറു ജന്മങ്ങളകലെ ആയിട്ടുള്ളവര്‍ തമസ്സിലാണുള്ളത്‌... എന്നാല്‍ മുക്തിപദം സംശയമായിട്ടുള്ളവര്‍ അന്ധകാരത്തിന്റെ ആഴങ്ങളിലാണലയുന്നത്‌. (.. (സത്വരജസ്‌തമോ ഗുണങ്ങള്‍ മുക്തിക്കു തടസ്സമല്ല എന്നാണ്‌ ഈ അദ്ധ്യായം വിവക്ഷിക്കുന്നത്‌.. എന്നാല്‍ തെറ്റായ ചിന്തകളും കര്‍മ്മങ്ങളും ആണ്‌ മുക്തിപദത്തെ നീട്ടി നീട്ടിക്കൊണ്ടുപോവുന്നത്‌.-: - സ്വാമി വെങ്കിടേശാനന്ദ)

"സമുദ്രോപരിയുണ്ടാവുന്ന അലകള്‍പോലെ, ഈ ജീവജാലങ്ങളെല്ലാം ഉത്ഭവിച്ചത്‌ പരബ്രഹ്മത്തിന്റെ സമതുലിതാവസ്ഥയിലുണ്ടായ ചെറിയൊരു സ്പന്ദനത്തെത്തുടര്‍ന്നാണ്‌." . ഒരുകുടത്തിലെ അകാശം, മുറിയിലെ ആകാശം, ചെറിയൊരു ദ്വാരത്തിലെ ആകാശം എല്ലാം ഒരേയൊരു പ്രപഞ്ചാകാശം തന്നെയാണല്ലോ." അതുപോലെ അനന്തതയാണ്‌ ജീവജാലങ്ങളടക്കം എല്ലാം. അവ ഭാഗങ്ങളല്ല. അനന്തതയില്‍നിന്നും വിക്ഷേപിക്കപ്പെട്ടതുകൊണ്ട്‌ ഈ കാഴ്ചകളെല്ലാം അടങ്ങുന്നതും അതില്‍ത്തന്നെ. അങ്ങിനെ പരബ്രഹ്മത്തിന്റെ ഇച്ഛയ്ക്കൊത്ത്‌ ഇതെല്ലാം ഉണ്ടായി മറയുന്നതായി തോന്നുന്നു. 

Sep 1, 2012

115 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 115

ഏഷ ജഗജ്ജാംഗല ജീര്‍ണവല്ലീ
സമ്യക്‌സമാലോക കുഠാരകൃത്താ
വല്ലീവ വിക്ഷുബ്ധ മന:ശരീരാ
ഭൂയോ ന സംരോഹതി രാമഭദ്ര (3/93/24)

വസിഷ്ഠന്‍ തുടര്‍ന്നു: ഇത്‌ പണ്ടുകാലത്ത്‌ ബ്രഹ്മാവെനിക്കു പറഞ്ഞു തന്നതാണ്‌. രാമ: അതു ഞാന്‍ നിനക്കായി പറഞ്ഞു തന്നു. പറഞ്ഞുവന്നത്,  പരബ്രഹ്മം അതിന്റെ അവിച്ഛിന്നമായ അവസ്ഥയില്‍ സര്‍വ്വവ്യാപിയായതിനാല്‍ എല്ലാം അതേ അവിച്ഛിന്നസ്ഥിതിയിലാണു നിലകൊള്ളുന്നത്‌. അത്‌ സ്വാഭീഷ്ടപ്രകാരം ഘനീഭവിക്കുമ്പോള്‍ വിശ്വമനസ്സുണ്ടാവുന്നു. ആ മനസ്സില്‍ വിവിധങ്ങളായ മൂലഘടകങ്ങള്‍ അവയുടെ അതിസൂക്ഷ്മഭാവത്തില്‍ നിലകൊള്ളുന്നതായി ഭാവനയുണ്ടാവുന്നു. ഇതിന്റെയെല്ലാം ആകെത്തുകയായ (സമഷ്ടി) പ്രഭാവാനായ വിശ്വപുരുഷനാണ്‌. ബ്രഹ്മാവ്‌. ബോധസ്വഭാവമായതിനാല്‍ സ്വയം എന്തൊക്കെ കാണാനിച്ഛിക്കുന്നുവോ അവ സ്വന്തം മനസ്സില്‍ ദര്‍ശിക്കുന്നു. ഈ ബ്രഹ്മാവാണ്‌ പ്രപഞ്ചത്തിലെ നാനാത്വഭാവത്തിനു കാരണമായ അവിദ്യയെ ഇച്ഛിച്ചുണ്ടാക്കിയത്‌.. അവിദ്യയാണ്‌ ആത്മ-അനാത്മ വസ്തുക്കള്‍ എന്ന തരംതിരിവിനു കാരണം. ഈ അവിദ്യയാലാണ്‌ ബ്രഹ്മാവ്‌ മലകളും പുല്‍ച്ചെടികളും ജലം മുതലായ പഞ്ചഭൂതങ്ങളും അടങ്ങുന്ന വിശ്വത്തെ നാനാത്വങ്ങളുടെ സംഘാതമായി പ്രത്യക്ഷപ്പെടുത്തുന്നത്‌. ഇതിനാലാണ്‌ ഈ സമഷ്ടിപ്രപഞ്ചമാകെ അനന്താവബോധമാണെന്ന സത്യം നിലനില്‍ക്കുമ്പോഴും മാത്രാ-തന്മാത്രാ അണുക്കളില്‍ നിന്നും ജീവജാലങ്ങള്‍ ഉദ്ഭൂതമാവുന്നതായി തോന്നുന്നത്‌..

അതുകൊണ്ട്‌ രാമാ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പദാര്‍ത്ഥങ്ങളും, സമുദ്രജലത്തില്‍ നിന്നും തിരമാലകളെന്നപോലെ, പരബ്രഹ്മത്തില്‍നിന്നും ഉണ്ടായതാണ്‌.. ഈ 'സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത' വിശ്വത്തില്‍ , ബ്രഹ്മാവിന്റെ മനസ്സില്‍ സ്വയം അഹംകാരമുദിച്ച്‌ 'വിശ്വമനസ്സായ' ബ്രഹ്മാവ്‌ 'വിശ്വസൃഷ്ടാവായ' ബ്രഹ്മാവാകുന്നു. ആ വിശ്വമനസ്സിന്റെ ശക്തിയാണ്‌ നനാത്വം സഹജ സ്വഭാവമായ പ്രപഞ്ചമായിത്തീരുന്നത്‌.. അനന്തകോടി ജീവജാലങ്ങള്‍ ഈ വിശ്വമനസ്സില്‍ പ്രകടമായി, ജീവനുകളാവുന്നു. ഈ വിവിധ ജീവനുകള്‍ അനന്താകാശത്ത്‌ മൂലഘടകങ്ങളുടെ സംഘാതമായ ശരീരങ്ങളായി അതില്‍ ബോധം പ്രാണശക്തിയായി കടന്ന് ജീവ-നിര്‍ജീവ ജാലങ്ങളുടെ ശരീരങ്ങള്‍ക്ക്‌ ബീജമാവുന്നു. അങ്ങിനെ വ്യക്തിഗത ജീവാത്മാക്കള്‍ ജന്മമെടുക്കുന്നു. ഇവ ഓരോന്നും അകസ്മീകമായി (കാകതാലീയം എന്ന് ന്യായേന) വൈവിദ്ധ്യമാര്‍ന്ന സാദ്ധ്യതകള്‍ ആയിത്തീരുന്നു. ഈ സാധ്യതകളുടെ പ്രത്യക്ഷ പ്രകടനമാണ്‌ കാര്യ-കാരണ നിയമങ്ങളും കര്‍മ്മഫല സിദ്ധാന്തമനുസരിച്ചുള്ള ഉയര്‍ച്ച-താഴ്ച്ചകളും.

"രാമാ, അങ്ങിനെയൊക്കെയാണ്‌ ഈ പ്രത്യക്ഷലോകമെന്ന കാനനം. ആരൊരുവനാണോ ഈ വനത്തിന്റെ വേരുകളെ അന്വേഷണം എന്ന കോടാലികൊണ്ട്‌ വെട്ടി നീക്കുന്നത്‌, അവനതില്‍നിന്നു സ്വതന്ത്രനാണ്‌.". ചിലരില്‍ ഈ അറിവ്‌ വേഗത്തില്‍ ഉണരുന്നു; മറ്റുചിലരില്‍ ഈ അറിവുണ്ടാവാന്‍ വളരെയേറെ സമയമെടുത്തേക്കാം.