Dec 31, 2012

233 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 233


ഭവ്യോസി ചേത്തദേതസ്മാത്സര്‍വമാപ്നോഷി നിശ്ചയാത്
നോ ചേത്തദ്വഹ്വപി പ്രോക്തം ത്വയി ഭസ്മനി ഹൂയതേ  (5/26/12)
ബലി സ്വയം ഇങ്ങിനെ പറഞ്ഞു: ഭാഗ്യാതിരേകം കൊണ്ട് അച്ഛന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ എനിക്കോര്‍മ്മ വന്നു. ഇപ്പോള്‍ സുഖാനുഭാവങ്ങള്‍ക്കായുള്ള ആസക്തി എന്നില്‍ ഇല്ലാതായിരിക്കുന്നു. എനിക്ക് അമൃതസമാനമായ ആ  പ്രശാന്ത സ്ഥിതിയെ പ്രാപിക്കണം. ആവര്‍ത്തിച്ചുള്ള ധനസമ്പാദനത്തിലും ആഗ്രഹപൂര്‍ത്തീകരണത്തിലും ലൈംഗീകസുഖത്തിലും  എനിക്ക് താത്പ്പര്യമറ്റിരിക്കുന്നു. ഈ പ്രശാന്താവസ്ഥ തികച്ചും ആഹ്ലാദദായകം തന്നെ. ആന്തരീകമായ പ്രശാന്തിയില്‍ എല്ലാ സുഖദു:ഖങ്ങളും മൂല്യമറ്റവയായിത്തീരുന്നു. ജീവിതം എന്നത് അനുഭവങ്ങളുടെ തുടര്‍ച്ചയായ ആവര്‍ത്തനങ്ങളാണ്. യാതൊരു നവീനാനുഭവങ്ങളും വാസ്തവത്തില്‍ നമുക്കുണ്ടാവുന്നില്ല.
ഞാന്‍ എല്ലാമുപേക്ഷിച്ച് മനസാ സുഖാസക്തികളില്‍ നിന്നും പിന്മാറി ആത്മസ്വരൂപത്തില്‍ അഭിരമിക്കാന്‍ തീരുമാനിക്കുന്നു. ഈ വിശ്വം എന്നത് മനസ്സിന്റെ സൃഷ്ടിയാണല്ലോ. അതുപേക്ഷിച്ചതുകൊണ്ട് നമുക്ക് നഷ്ടപ്പെടാന്‍ എന്തുണ്ട്? മാനസാന്തരത്തെപ്പറ്റിയുള്ള ഈ ചര്‍ച്ചയും എനിക്ക് മതിയായി. കാരണം ഒരു രോഗത്തിന് അവശ്യം വേണ്ടത് ഉടനെയുള്ള ചികിത്സയാണ്. അവസാനിക്കാതെ നീളുന്ന ചര്‍ച്ചകളല്ല. ‘ഞാന്‍ ആരാണ്?’; ‘ഇതെല്ലാം എന്താണ്?’ ഈ ചോദ്യങ്ങള്‍ ശുക്രാചാര്യനോടു തന്നെ ചോദിക്കാം. 

വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ തീരുമാനിച്ചുറച്ച് ബലി ശുക്രാചാര്യരെ ധ്യാനിച്ചു. അനന്താവബോധത്തില്‍ സ്വയം അഭിരമിച്ചിരുന്നതുകൊണ്ട് സര്‍വ്വവ്യാപിയായ ശുക്രാചാര്യര്‍ തന്റെ ശിഷ്യന് തന്റെ സാന്നിദ്ധ്യം ആവശ്യമുണ്ടെന്നറിഞ്ഞു. ക്ഷണത്തില്‍ അദ്ദേഹം ബലിയുടെ സവിധം എത്തിച്ചേര്‍ന്നു. ഗുരുസമക്ഷം ബാലിയില്‍ ഒരു ദിവ്യപ്രഭ കളിയാടി. ബലി അതീവഭക്തിയോടെ ഗുരുവിനെ ഉചിതമായി സ്വീകരിച്ച് പാദപൂജ ചെയ്തു നമസ്കരിച്ചു.

ബലി ശുക്രനോടു ചോദിച്ചു: ഭഗവന്‍, അങ്ങയുടെ ദിവ്യപ്രഭ തന്നെയാണ് അവിടുത്തെ മുന്നില്‍ ഈ പ്രശ്നം അവതരിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. എനിക്ക് സുഖങ്ങളില്‍ ആസക്തി ഒന്നുമില്ല. പക്ഷേ, എനിക്ക് സത്യമറിയാന്‍ ആഗ്രഹമുണ്ട്. ഞാന്‍ ആരാണ്? അങ്ങ് ആരാണ്? ഈ ലോകം എന്താണ്? ഇതെല്ലാം എനിക്ക് പറഞ്ഞു തന്നാലും. 

ശുകമുനി പറഞ്ഞു: അല്ലയോ ബലീ ഞാന്‍ മറ്റൊരു ലോകത്തേയ്ക്ക് പോകുന്ന വഴിയാണ്. അതുകൊണ്ട് ചുരുങ്ങിയ വാക്കുകള്‍കൊണ്ട് ജ്ഞാനത്തിന്റെ സാരാംശം ഞാന്‍ പറയാം. 'ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു. ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം. എല്ലാടവും നിറഞ്ഞു നില്‍ക്കുന്നതും ബോധം. നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല.'   

“നിനക്ക് വിനയവും ആത്മാര്‍ത്ഥതയും ഉള്ളപക്ഷം ഞാനീ പറഞ്ഞതില്‍ നിന്നുതന്നെ നിനക്കെല്ലാം നേടാം. അതില്ലെങ്കില്‍ എത്ര വിവരിച്ചു പറഞ്ഞാലും അഗ്നികുണ്ഡത്തിലവശേഷിച്ച ചാരക്കൂമ്പാരത്തില്‍ അര്‍ഘ്യം അര്‍പ്പിക്കുന്നതുപോലെ വ്യര്‍ത്ഥമാവുമത്.” ആളുന്ന അഗ്നിയില്‍ അര്‍പ്പിച്ചാല്‍ മാത്രമേ അര്‍ഘ്യം സ്വീകരിക്കപ്പെടുകയുള്ളു എന്ന് നിനക്കറിയാം.

ബോധത്തില്‍ ഉണ്ടാവുന്ന വിഷയത്വം, ധാരണാകല്‍പ്പനകള്‍ എന്നിവയാണ് ബന്ധനങ്ങള്‍.  അവയുടെ നിരാസമാണു മുക്തി. അവബോധത്തില്‍ നിന്നും ധാരണകള്‍ (വസ്തുബോധം) നീക്കിയാല്‍ എല്ലാറ്റിന്റെയും സത്യസ്ഥിതിയായി. എല്ലാ തത്വചിന്തകളുടെയും അടിസ്ത്ഥാനമിതാണ്. ഈ ദര്‍ശനത്തില്‍ സ്വയം സ്ഥിരപ്രതിഷ്ഠനായാല്‍ നിനക്ക് അനന്താവബോധത്തിലെത്താം. ഇനിയെനിക്ക് ദേവന്മാര്‍ക്കായുള്ള കുറച്ചു ജോലികള്‍ ചെയ്യാനുണ്ട്. ഞാനിപ്പോള്‍ പോകുന്നു. ദേഹമെടുത്താല്‍പ്പിന്നെ അതിനനുയോജ്യമായ ഉചിതകര്‍മ്മങ്ങളെ ഉപേക്ഷിക്കുന്നത് ശരിയല്ലല്ലോ.

Dec 30, 2012

232 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 232

ദേശക്രമേണ ധനമല്‍പ്പ വിഗര്‍ഹണേന
തേനാംഗ സാധുജനമര്‍ജയ മാനപൂര്‍വ്വം
തത്സംഗമോത്ഥവിഷയാധൃവ ഹേളലനേന
സമ്യഗ്വിചാരവിഭവേന തവാത്മലാഭ:   (5/24/71)

വിരോചനന്‍ തുടര്‍ന്നു: ഉള്ളില്‍ നന്മ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഏറ്റവും ഉയര്‍ന്ന വിജ്ഞാനശ്രവണത്തിന് ഒരുവന്‍ യോഗ്യനാവുന്നത്. അതുകൊണ്ട് എപ്പോഴും മനസ്സിനെ ശുദ്ധീകരിക്കാന്‍പോന്ന അറിവുകളാണ് പഠിക്കേണ്ടത്. ശാസ്ത്രപഠനത്തിലൂടെയാണ് മനസ്സിനെ പുഷ്ടിപ്പെടുത്തി ആന്തരീകമായ പരിണാമം സാധിക്കേണ്ടത്. അങ്ങിനെ മാറ്റംവന്ന മനസ്സിന് വികലമാവാത്ത ചിന്താധാരകളിലൂടെ സത്യത്തെ അന്വേഷിക്കാന്‍ കഴിവുണ്ടാവും. താമസംവിനാ അങ്ങിനെയുള്ള സാധകന്‍ ആത്മാവിനെ ദര്‍ശിക്കാന്‍ ശ്രമമാരംഭിക്കണം. 

ആത്മസാക്ഷാത്കാരവും അനാസക്തിയും ഒരേ സമയം പുരോഗതി പ്രാപിക്കുന്നു. ശരിയായ അനാസക്തി ഒരുവനിലുണ്ടാവുന്നത് തപ:ശ്ച്ചര്യകളിലൂടെയോ തീര്‍ത്ഥാടനങ്ങളിലൂടെയോ, ദാനധര്‍മ്മങ്ങളിലൂടെയോ  അല്ല. അത് സാധിക്കുന്നത് അവനവന്റെ സ്വരൂപത്തെ, ആത്മാവിനെ നേരിട്ടറിയുന്നതിലൂടെ മാത്രമാണ്.  ഇതിനുവേണ്ടത് ശരിയായ സ്വപരിശ്രമം തന്നെയാണ്. അതിനാല്‍ സാധകന്‍ ഈശ്വരനിലും വിധിയിലും മറ്റുമുള്ള പരാധീനത ഉപേക്ഷിച്ച് ശരിയായ പരിശ്രമത്തിലൂടെ സുഖാസക്തിയെ തരണം ചെയ്യണം. നിര്‍മമത അങ്ങിനെ പക്വമാവുമ്പോള്‍ അയാളില്‍ ആത്മാന്വേഷണം താനേ ഉദിച്ചുയരും. ഈ അന്വേഷണത്വര നിര്‍മമതയെ ഊട്ടിയുറപ്പിക്കുന്നു. കടലും മേഘവുംപോലെ ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അത്മസാക്ഷാത്കാരവും നിര്‍മമതയും, അന്വേഷണത്വരയും മൂന്നുത്തമ സുഹൃത്തുക്കളാണ്.

അതിനാല്‍ ഒരുവന്‍ ആദ്യമായി ഈശ്വരന്‍ തുടങ്ങിയ ബാഹ്യമായ എല്ലാ അവലംബനങ്ങളേയും ഉപേക്ഷിച്ച് പല്ലുഞെരിച്ചും ശരിയായ പ്രവൃത്തിയിലേര്‍പ്പെട്ട് അനാസക്തി വളര്‍ത്തിയെടുക്കണം. എന്നാല്‍ സമൂഹത്തിന്റെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ധനം സമ്പാദിക്കുന്നതില്‍ തെറ്റില്ല. അത് ബന്ധുക്കളെയോ മറ്റുള്ളവരേയോ വഞ്ചിച്ചാവരുത്. ഈ ധനം പാവന ചരിതന്മാരായ മഹത് വ്യക്തികളുമായുളള സത്സംഗത്തിനായി ഉപയോഗിക്കണം. അത്തരം സത്സംഗവും  അനാസക്തിയെ പ്രദാനം ചെയ്യും. അങ്ങിനെ ആത്മാന്വേഷണത്വരയും, ശാസ്ത്രപഠനവും ജ്ഞാനസമ്പാദനവും അവിടെ സഹജമാവും. ക്രമേണ, പടിപടിയായി പരമസത്യത്തിലേക്ക് സാധകന്‍ എത്തിച്ചേരുന്നു.

സുഖാനുഭവപ്രയത്നങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുമ്പോള്‍ ആത്മാന്വേഷണത്താല്‍ പരമസത്യം വെളിവാകുന്നു. ആത്മാവ് തികച്ചും  നിര്‍മ്മലമാവുമ്പോള്‍ നിനക്ക് പരമശാന്തിയില്‍ അഭിരമിക്കാം. വീണ്ടുമൊരിക്കലും നിനക്ക് ദു:ഖനിദാനമായ വാസനാമാലിന്യങ്ങളിലേയ്ക്കും (തെറ്റി)ദ്ധാരണകളിലേയ്ക്കും നിപതിക്കേണ്ടാതായി വരികയില്ല. തുടര്‍ന്നും ഈ ലോകത്ത് ജീവിക്കുന്നുവെങ്കിലും നീ എല്ലാ ആശകള്‍ക്കും പ്രതീക്ഷകള്‍ക്കും അതീതനായി വര്‍ത്തിക്കുന്നതാണ്. നീ തികച്ചും ശുദ്ധനത്രേ. ശുഭോദര്‍ക്കമായ എല്ലാറ്റിന്റെയും മൂര്‍ത്തിമദ്രൂപമായ നിനക്കെന്റെ നമസ്കാരം.

“അപ്പപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹ്യപരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആവശ്യത്തിനു ധനം സമ്പാദിച്ച് ആ ധനംകൊണ്ട് മഹാത്മാക്കളുമായി സത്സംഗവും സാധനയും ചെയ്ത് അവരെ ബഹുമാനിക്കുക. ആ സത്സംഗം നിന്നെ സുഖാനുഭവങ്ങളില്‍ താല്‍പ്പര്യമില്ലാത്തവനാക്കും. പിന്നെ ശരിയായ അന്വേഷണത്താല്‍ നിന്നില്‍  ആത്മജ്ഞാനം സംജാതമാകും.”   

Dec 29, 2012

231 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 231

അവശ്യം ഭാവിതവ്യാഖ്യാ സ്വേഹയാ നിയതിശ്ച യാ  
ഉച്യതേ ദൈവശബ്ദേന സാ നരൈരേവ നേതരൈ: (5/24/27)

വിരോചനന്‍ തുടര്‍ന്നു: ഉചിതമായ പ്രയത്നം ഒന്നുകൊണ്ടു മാത്രമേ നാം നിര്‍മമതയില്‍ എത്തുകയുള്ളൂ. ആളുകള്‍ ദൈവകൃപ, വിധി എന്നിവയെപ്പറ്റി സംസാരിക്കുന്നു. എന്നാല്‍ നാം ഈ ലോകത്ത് ശരീരത്തെ മാത്രമാണ് കാണുന്നത്. ഒരു ദൈവത്തെയല്ല. “ആളുകള്‍ ദൈവത്തെപ്പറ്റി പറയുമ്പോള്‍ അവരുദ്ദേശിക്കുന്നത് അനിവാര്യമായ കാര്യങ്ങളെയാണ്. അവരുടെ പിടിയിലൊതുങ്ങാത്ത, നിയന്ത്രണത്തില്‍ നില്‍ക്കാത്ത കാര്യങ്ങള്‍ , പ്രകൃതി നിയമമനുസരിച്ചുള്ള സഹജവും സ്വാഭാവികവുമായ സംഭവപരമ്പരകള്‍ , എന്നിവയെപ്പറ്റിയാണവര്‍ വിവക്ഷിക്കുന്നത്.”  എന്നാല്‍ സമ്പൂര്‍ണ്ണമായ സമതാഭാവം, സുഖദു:ഖദ്വന്ദങ്ങളുടെ അന്ത്യം എന്നിവയ്ക്കും ദൈവകൃപ എന്നു തന്നെയാണ് പറയുന്നത്. 

ദൈവകാരുണ്യം, പ്രകൃതിനിയമം, ശരിയായ സ്വപ്രയത്നം എന്നെല്ലാം പറയുന്നവ ഒരേ സത്യത്തെക്കുറിക്കുന്നു. തെറ്റായ കാഴ്ച്ചപ്പാട് അല്ലെങ്കില്‍ ഭ്രമമാണ് അവ തമ്മില്‍ വ്യത്യാസമുണ്ടെന്നു തോന്നിപ്പിക്കുന്നത്. സ്വപ്രയത്നത്താല്‍ മനസ്സ് മെനഞ്ഞുണ്ടാക്കുന്നവ ഫലപ്രദമാവുമ്പോള്‍ , മനസ്സ് ആ ഫലസംപാദനം അറിയുമ്പോള്‍ , സന്തോഷമെന്ന അനുഭവമുണ്ടാകുന്നു.

മനസ്സാണ് കര്‍മ്മം ചെയ്യുന്നത്. നിയതിക്കനുസൃതമായി, പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് മന്സ്സോരോന്നു ചിന്തിക്കുകയും സൃഷ്ടിക്കുകയും അവയെ പ്രകടമാക്കുകയും ചെയ്യുന്നു. മനസ്സിന് പ്രകൃതിനിയമങ്ങള്‍തിരായും പ്രവര്‍ത്തിക്കുവാനാകും. അതിനാല്‍ മനസ്സാണ് പ്രകൃതിയെ നിയന്ത്രിക്കുന്നതെന്നും പറയാം. ആകാശത്ത് കാറ്റു സഞ്ചരിക്കും പോലെ വ്യക്തിജീവന്‍ ഈ ലോകത്ത് വര്‍ത്തിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ സ്വാര്‍ത്ഥപരവും അഹങ്കാരവും ആണെന്ന് തോന്നുന്നുവെങ്കിലും പ്രകൃതി നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യേണ്ട കര്‍മ്മങ്ങള്‍ ജീവന്‍ ചെയ്തുകൂട്ടുന്നു. പ്രകൃതിയുടെ വിളിക്കനുസരിച്ച് ചലിച്ചോ ഒരിടത്ത് ചലനമില്ലാതെ നിന്നോ ജീവികള്‍ തങ്ങളുടെ ഭാഗം അഭിനയിക്കുന്നു. ഇതെല്ലാം വെറും തെറ്റിദ്ധാരണമാത്രമാണല്ലോ. മലമുകളിലെ മരച്ചില്ലകള്‍ ചാഞ്ചാടുമ്പോള്‍ മലയാണ് ചലിക്കുന്നതെന്ന് തോന്നുംപോലെ അസംബന്ധമത്രേ ഇത്. മനസ്സുള്ളപ്പോള്‍ ദൈവവുമില്ല പ്രകൃതി നിയമവുമില്ല. മനസ്സോടുങ്ങുമ്പോഴോ? അവിടെ എന്തെങ്കിലുമായിക്കൊള്ളട്ടെ.! 


ബലി ചോദിച്ചു: ഭഗവന്‍, സുഖാസക്തിയുടെ അന്ത്യം എന്റെ ഹൃദയത്തില്‍ എങ്ങിനെയാണ് ദൃഢീകരിക്കുക?

വിരോചനന്‍ പറഞ്ഞു: മകനേ ആത്മവിദ്യയാകുന്ന വളളിച്ചെടിയിലാണ് സുഖാസക്തിയുടെ അന്ത്യമെന്ന ഫലം കായ്ക്കുന്നത്. അതുണ്ടാവുന്നതോ? ആത്മദര്‍ശനം ഉണ്ടായിക്കഴിഞ്ഞുമാത്രം. അപ്പോള്‍ ഹൃദയത്തില്‍ അനാസക്തി രൂഢമൂലമാവും. ഒരേ സമയം ബുദ്ധിപൂര്‍വ്വമായ അന്വേഷണത്തിലൂടെ ആത്മാവിനെ തേടുകയും അങ്ങിനെ ആസക്തികളെ ഉപേക്ഷിക്കാന്‍ ആവുകയും വേണം.

ഒരുവന്റെ ബുദ്ധി ഉണര്‍ന്നിട്ടില്ലെങ്കില്‍ തന്റെ മനസ്സിന്റെ  പകുതി സുഖാനുഭവങ്ങളിലും, കാല്‍ഭാഗം ശാസ്ത്രപഠനങ്ങളിലും, ബാക്കി ഗുരുപൂജയിലും ആമഗ്നമാക്കണം. കുറച്ചൊന്നുണര്‍ന്ന ബുദ്ധിയുള്ളവര്‍ മനസ്സിന്റെ പകുതി ഗുരുപൂജയ്ക്കും കാല്‍ഭാഗം വീതം മറ്റുരണ്ടിനായും മാറ്റി വയ്ക്കണം. ബുദ്ധി മുഴുവനായി ഉണര്‍ന്നവര്‍  നിതാന്തജാഗ്രമായ നിര്‍മമതയോടെ മനസ്സിന്റെ പകുതിഭാഗം ഗുരുപൂജയിലും മറ്റേപകുതി ശാസ്ത്രപഠനത്തിലും മുഴുകിവേണം കഴിയാന്‍......

Dec 28, 2012

230 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 230

വിഷയാൻപ്രതി ഭോ: പുത്ര സർവാനേവ ഹി സർവഥാ
അനാസ്ഥാ പരമാ ഹ്യേഷാ സാ യുക്തിർമനസോ ജയേ (5/24/17)

ബലി ചോദിച്ചു: അച്ഛാ, ഈ അതിശക്തനായ മന്ത്രിയെ ഏതു മാർഗ്ഗത്തിലൂടെയാണു കീഴ്പ്പെടുത്താനാവുക?

വിരോചനൻ പറഞ്ഞു: ഈ മന്ത്രിപുംഗവൻ അജയ്യനാണെങ്കിലും അവനെ കീഴടക്കാനുള്ള വിദ്യ ഞാൻ പറഞ്ഞു തരാം. ബുദ്ധികൂർമ്മതയോടെയുള്ള കർമ്മംകൊണ്ടയാളെ ഒരൊറ്റ നിമിഷത്തിൽ പിടികൂടാം. എന്നാൽ അങ്ങിനെയല്ലാത്ത പക്ഷം അയാൾ ഒരു വിഷം മുറ്റിയ സർപ്പം പോലെ എല്ലാത്തിനേയും കരിച്ചുകളയും. അയാളെ ബുദ്ധിപൂർവ്വം സമീപിക്കുന്നയാൾ കുട്ടികളുമായെന്നപോലെ അയാളുമായി കളികളിലേർപ്പെടുന്നു. അങ്ങിനെ അയാളെ കളിയിലൂടെ കീഴ്പ്പെടുത്തുന്നു. അപ്പോള്‍ അയാൾക്ക് മന്ത്രിയെ മറികടന്ന് രാജാവിനെ ദർശിച്ച് പരമപദം പൂകാം. രാജാവിനെ കണ്ടുകഴിഞ്ഞാൽപ്പിന്നെ മന്ത്രിയെ ചൊൽപ്പടിക്കു നിർത്താം. മന്ത്രി തന്റെ വരുതിയിലായാലോ, രാജാവിനെ കൂടുതൽ അടുത്തു ചെന്ന് തെളിമയോടെ ദർശിക്കം.

രാജാവിനെ കാണുംവരെ മന്ത്രി പിടിതരില്ല. മന്ത്രി പിടിയിലായാലല്ലാതെ രാജാവിനെ ദർശിക്കാനും കഴിയില്ല. രാജാവിന്റെ  ദർശനാം ലഭിക്കാത്തിടത്തോളം കാലം ഈ മന്ത്രി ശല്യക്കാരനാണ്‌, ദു:ഖം പരത്തുന്നവനാണ്‌.. മന്ത്രിയെ പിടിയിലാക്കുംവരെ രാജാവിനെ കാണാൻ സാധിക്കില്ല. അതിനാൽ ഒരുവന്റെ ബുദ്ധിപൂർവ്വമുള്ള പരിശ്രമം ഒരേസമയത്ത് രണ്ടുതരത്തിലാവണം. ഒന്ന് രാജാവിനെ കാണുവാനുള്ള പ്രയത്നം; രണ്ട് മന്ത്രിയെ കീഴ്പ്പെടുത്തുവാനുള്ള പരിശ്രമം. നിരന്തരമായുള്ള തീവ്ര സാധന കൊണ്ട് നിനക്ക് ഇതു രണ്ടും സാദ്ധ്യമാണ്‌.. അങ്ങിനെ നിനക്ക് ഇനിയൊരിക്കലും ദു:ഖാനുഭവങ്ങളുണ്ടാവുകയില്ലാത്ത ഒരിടത്തെത്താം. നിത്യപ്രശാന്തനിരതരായ മാമുനിമാർ അവിടെയാണു വാഴുന്നത്.

മകനേ ഇനി ഇക്കാര്യങ്ങൾ തെളിച്ചുതന്നെ പറഞ്ഞു തരാം. ഞാൻ പറഞ്ഞ രാജ്യം മുക്തിപദമാണ്‌.. അവിടെ ദു:ഖങ്ങളില്ല. അവിടുത്തെ രാജാവാണ്‌ ആത്മാവ്. ആത്മാവ് എല്ലാ മണ്ഡലങ്ങൾക്കും ബോധാവസ്ഥകൾക്കും അതീതനത്രേ. മനസ്സാണ്‌ മന്ത്രി. ഈ മനസ്സാണ്‌ കളിമണ്ണിൽ നിന്നു കുടമെന്നപോലെ ഈ ലോകമുണ്ടാക്കിയത്. മനസ്സു കീഴടക്കിയാൽ എല്ലാം കീഴടക്കി. ബുദ്ധികൂർമ്മതയോടെയുള്ള പ്രവൃത്തിയെക്കൂടാതെ മനസ്സിനെ വെല്ലുക അസാദ്ധ്യം.

ബലി വീണ്ടും ചോദിച്ചു: അച്ഛാ ഏതു തരം ബുദ്ധിസാധനയാണ്‌ മനസ്സു കീഴടക്കാൻ എനിക്കുതകുക?

വിരോചനൻ പറഞ്ഞു:“ എല്ലാ സമയത്തും വിഷയവസ്തുസംബന്ധിയായ പ്രതീക്ഷകളിൽ നിന്നും, ആശകളിൽ നിന്നും, പ്രത്യാശകളിൽ നിന്നുമുള്ള പരിപൂർണ്ണ മോചനം നേടുകയാണ്‌ മനസ്സു കീഴടക്കാനുള്ള ഏറ്റവും ബുദ്ധിപരമായ മാർഗ്ഗം.” ഇങ്ങിനെ ശക്തിമാനായ മനസ്സെന്ന ഈ മദയാനയെ മെരുക്കാൻ നമുക്കു കഴിയും.

ഇത് ക്ഷിപ്രസാദ്ധ്യവും എന്നാല്‍ അതേസമയം അതികഠിനവുമണെന്നുപറയാം. തീവ്രമായ സാധനയിലേർപ്പെടാത്തവർക്കിതു കഠിനം. എന്നാൽ സ്വപരിശ്രമത്തിൽ അലംഭാവമില്ലാത്ത സാധകനിതെളുപ്പമാണ്‌.. വിത്തിടാതെ, നനച്ചു വളര്‍ത്താതെ, വിളവെടുക്കാനാവില്ല. നിരന്തരമായ സാധനകൂടാതെ മനസ്സടങ്ങുകയില്ല. അതുകൊണ്ട് ത്യാഗത്തിന്റെ, സംന്യാസത്തിന്റേതായ ഈ മാർഗ്ഗം സ്വീകരിച്ചാലും. ഇന്ദ്രിയസുഖാനുഭവങ്ങളിൽ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയൽ അവസാനിക്കുകയില്ല. അതിശക്തനാണെങ്കിലും ഒരുവന്‌ ലക്ഷ്യത്തിലെത്താൻ അവിടേയ്ക്ക് യാത്ര പുറപ്പെടുകതന്നെ വേണം. പരിപൂർണ്ണമായ നിർമമതയുടെ, അനാസക്തിയുടെ തലത്തിലേയ്ക്കെത്താൻ നിസ്തന്ദ്രമായ സാധന കൂടിയേ തീരൂ. 

Dec 27, 2012

229 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 229

ഏക ഏവാസ്മി സുമഹാംസ്തത്ര രാജാ മഹാദ്യുതി:
സർവകൃത് സർവഗ: സർവ: സ ച തൂഷ്ണീം വ്യവസ്ഥിത: (5/23/6)

വിരോചനൻ ബലിയോടായി തുടർന്നു പറഞ്ഞു: മകനേ മൂന്നു ലോകങ്ങളേയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മണ്ഡലമുണ്ട്. അതിൽ തടാകങ്ങളോ സമുദ്രങ്ങളോ മലകളോ കാടുകളോ നദികളോ ഭൂമിയോ ആകാശമോ കാറ്റോ ഞാനോ വിഷ്ണു ഭഗവാൻ തുടങ്ങിയ ദേവന്മാരോ ഇല്ല. “അവിടെയുള്ള ഒരേയൊരു വസ്തു പരമപ്രകാശം മാത്രം. സർവ്വശക്തനും സർവ്വവ്യാപിയും ആയി വിളങ്ങുന്ന ആ സത്ത എല്ലാറ്റിന്റേയും എല്ലാമാണ്‌.. ശാന്തമായി കർമ്മരഹിതമെന്നപോലെ അതു നിലകൊള്ളുന്നു.” 'മഹാരാജാവായ' അദ്ദേഹത്തിന്റെ ആജ്ഞയ്ക്കനുസരിച്ച് മന്ത്രിയാണ്‌ കാര്യങ്ങളെല്ലാം നടത്തുന്നത്. ഇല്ലാത്തതിനെ അദ്ദേഹം ഉണ്ടാക്കുന്നു. ഉള്ളതിനെ മാറ്റിമറിക്കുനു. ഈ മന്ത്രിയാകട്ടെ യതൊന്നും അനുഭവിക്കാനോ ആസ്വദിക്കാനോ കഴിയുന്നവനല്ല. അയാൾക്ക് ഒന്നും അറിയുകയുമില്ല.

അജ്ഞനും ജഢനുമാണെങ്കിലും തന്റെ രാജാവിനുവെണ്ടി ഈ മന്ത്രിപുംഗവൻ എല്ലാക്കാര്യങ്ങളും ചെയ്യും. രാജാവാകട്ടെ ഏകാന്തതയിൽ പ്രശാന്തനായി കഴിയുന്നു.

ബലി ചോദിച്ചു: അച്ഛാ, ശാരീരികവും മാനസീകവുമായ പീഢകൾ ഒന്നുമേൽക്കാത്ത ആ മണ്ഡലം ഏതാണ്‌? ആരൊക്കെയാണീ മന്ത്രിയും രാജാവും? ഇക്കഥ വിചിത്രമായിരിക്കുന്നു, ഞാനിതുവരെ കേട്ടിട്ടുമില്ലിത്. ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തന്നാലും.

വിരോചനൻ പറഞ്ഞു: എല്ലാ ദേവന്മാരും അസുരന്മാരും ചേർന്നൊരു പടയൊരുക്കിയാലും ഈ മന്ത്രിയെ വെല്ലാനാവില്ല. അതു ദേവരാജാവായ ഇന്ദ്രനല്ല. മരണദേവനായ യമനല്ല. സമ്പത്തിന്റെ അധിദേവനായ കുബേരനുമല്ല. നിനക്ക് വേഗത്തിൽ കീഴടക്കാനാവുന്ന ഒരു ദേവനോ അസുരനോ അല്ല അത്. ഭഗവാൻ വിഷ്ണു അസുരന്മാരെ കൊന്നൊടുക്കിയതായി കേട്ടിട്ടുണ്ടല്ലോ?. വാസ്തവത്തിൽ ഈ മന്ത്രിയാണതെല്ലാം ചെയ്തത്. വിഷ്ണുഭഗവാൻ പോലും ഈ മന്ത്രിയുടെ വലയിൽ വീണ്‌ ജന്മങ്ങളെടുക്കേണ്ടി വനിട്ടുണ്ട്. കാമദേവനു ശക്തി നല്‍കുന്നതിദ്ദേഹമാണ്‌. ക്രോധത്തിന്റെ ശക്തിസ്രോതസ്സും ഇദ്ദേഹമാണ്‌..

ഈ മന്ത്രിയുടെ ഇച്ഛയ്ക്കൊത്താണ്‌ നന്മതിന്മകളുടെ പോരാട്ടങ്ങൾ നടക്കുന്നത്. ഇദ്ദേഹത്തെ ജയിക്കാൻ രാജാവിനല്ലാതെ മറ്റാർക്കും കഴിയില്ല. കാലക്രമത്തിൽ രാജാവിന്റെയുള്ളിൽ മന്ത്രിയെ തോല്‍പ്പിക്കണമെന്നു തോന്നിയാൽ അതു ക്ഷിപ്രസാധ്യമാണ്‌.. പക്ഷേ ത്രിലോകങ്ങളിൽ ഏറ്റവും ശക്തിമാനാണിദ്ദേഹം. വാസ്തവത്തിൽ ഈ ത്രിലോകങ്ങൾ അദ്ദേഹത്തിന്റെ ഉഛ്വാസം മാത്രമാണ്‌.. നിനക്കദ്ദേഹത്തെ വെല്ലാൻ കഴിയുമെങ്കിൽ നീ തികച്ചുമൊരു വീരനായകൻ തന്നെ. ഈ മന്ത്രി ഉണരുമ്പോൾ മൂന്നു ലോകങ്ങളും പ്രകടമാവുന്നു. താമര വിടരുന്നത് സൂര്യനുദിക്കുമ്പോഴാണല്ലോ. അദ്ദേഹമുറങ്ങുമ്പോൾ ത്രിലോകങ്ങളും നിദ്രാവസ്ഥയെ പുൽകുന്നു.

നിന്റെ മനസ്സ് ഏകാഗ്രമാക്കി എല്ലാ വിഭ്രാന്തികളിൽ നിന്നും വിട്ടകന്ന് അജ്ഞാനലേശമില്ലാതെ നിനക്കദ്ദേഹത്തെ കീഴടക്കാമെങ്കിൽ നീയൊരു വീരൻ തന്നെ. അദ്ദേഹം കീഴടങ്ങിയാൽപ്പിന്നെ മൂന്നുലോകങ്ങളും അവയിലുള്ളതുമെല്ലാം നിനക്കു സ്വന്തം. അയാളെ കീഴടക്കിയില്ലെങ്കിൽ നിനക്ക് ഒന്നിനേയും വെല്ലാൻ കഴിയില്ല. അദ്ദേഹത്തെ നിന്റെ വരുതിയിലാക്കിയാലല്ലാതെ ഈ ലോകമോ മറ്റെന്തൊക്കെയോ  നേടിയെന്നു നീ കരുതിയാലും അവയ്ക്കൊന്നും യാതൊരു മൂല്യവുമില്ല.

അതുകൊണ്ട് മകനേ, പരിപൂർണ്ണതയും ശാശ്വതാനന്ദവും വേണമെന്നുണ്ടെങ്കിൽ നിന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് എല്ലാ തടസ്സങ്ങളേയും തരണം ചെയ്ത് ഈ മന്ത്രിയെ കീഴടക്കി നിന്റെ വരുതിയിലാക്കിയാലും.

Dec 26, 2012

228 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 228

തമേവ ഭുക്തവിരസം വ്യാപാരൗഘം പുന: പുന:
ദിവസേ ദിവസേ കുർവൻപ്രാജ്ഞ: കസ്മാന്ന ലജ്ജതേ (5/22/33)

വസിഷ്ഠൻ തുടർന്നു:രാമാ, ഞാൻ മുൻപുപറഞ്ഞു തന്ന മാർഗ്ഗമല്ലെങ്കിൽപ്പിന്നെ ബലിരാജാവ് ചെയ്തതുപോലെ മനസ്സിന്റെ പരിവർത്തനത്തിലൂടെയും ഇതു സാദ്ധ്യമാണ്‌.. ഇനി ഞാൻ ബലിയുടെ കഥപറയാം. അതുകേട്ടാൽ നിനക്ക് ശാശ്വതമായ സത്യത്തെക്കുറിച്ചുള്ള അറിവുണ്ടാകും. ലോകത്തിന്റെ മറ്റൊരു ഭാഗത്ത് പാതാളം എന്നൊരു ലോകമുണ്ട്. അതിസുന്ദരികളായ രാക്ഷസസ്ത്രീകളും ഒന്നില്‍ക്കൂടുതൽ തലകളുള്ള വിചിത്ര സർപ്പങ്ങളും, വലിയ ശരീരങ്ങളുള്ള രാക്ഷസന്മാരും, വലിയ ആനകളും അവിടെയുണ്ട്. മാലിന്യം നിറഞ്ഞതും എപ്പോഴും ഭീകരമായ കടകടാരവം നിറഞ്ഞതുമാണവിടം. അവിടെയുള്ള ഗുഹകളിലും ഖനികളിലും വിലപിടിച്ച രത്നക്കല്ലുകളുണ്ട്. കപിലമുനിയുടെ പാവനമായ പാദപാംശുസ്പർശമേറ്റു പുണ്യമാർജ്ജിച്ച ഇടങ്ങളും അവിടെയുണ്ട്. സ്വർഗ്ഗവാസികളായ അപ്സരസ്സുകൾ പൂജിക്കുന്ന ഹാടകേശ്വരൻ പവിത്രമാക്കിയ ഇടവും പാതാളത്തിലാണ്. (കാലിഫോർണിയയാണ്‌ കപിലമുനി വസിച്ചിരുന്ന കപിലവനം എന്നു പറയുന്നവരുണ്ട്)

വിരോചനപുത്രനായ ബലി പാതാളത്തിന്റെ രാജാവായിരുന്നു. വിശ്വരക്ഷിതാവായ ശ്രീഹരിയാണു പാതാളത്തിന്റെയും ബലിയുടെയും രക്ഷകർത്താവ്. ദേവരാജനായ ഇന്ദ്രൻപോലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഈ ബലിരാജന്റെ പ്രഭാവത്തിന്റെ തിളക്കത്തിൽ സമുദ്രങ്ങൾപോലും വറ്റിവരണ്ടെന്നപോലെ നിഷ് പ്രഭമായി തോന്നിയിരുന്നു. അദ്ദേഹത്തിന്റെ വെറുമൊരു ദൃഷ്ടി കൊണ്ട് മലകളെപ്പോലും നീക്കാനുള്ള പ്രാഭവം അദ്ദേഹത്തിനുണ്ടായിരുന്നു. ബലി ഏറെക്കാലം പാതാളലോകം ഭരിച്ചു. കാലക്രമത്തിൽ തീവ്രമായ ഒരനാസക്തി അദ്ദേഹത്തെ ബാധിച്ചു. അദ്ദേഹമിങ്ങിനെ ആലോചിക്കാൻ തുടങ്ങി: ഞാൻ എത്രകാലം ഈ പാതാളം വാഴണം? എത്രകാലമീ ത്രിലോകങ്ങൾ ചുറ്റണം? ഈ രാജ്യം ഭരിച്ചിട്ടെനിക്കെന്തുനേടാൻ? മൂന്നു ലോകങ്ങളിലുമുള്ള എല്ലാം നാശത്തിനു വിധേയമാണെന്നറിഞ്ഞ് നാമെങ്ങിനെയാണു സന്തോഷത്തിനായി ആശിക്കുകപോലും ചെയ്യുക?

“വീണ്ടും വീണ്ടും ആവർത്തിക്കുന്ന വൃത്തികെട്ട സുഖാനുഭവങ്ങളും കർമ്മങ്ങളും ദിനംതോറും സംഭവിക്കുന്നു. എന്നിട്ട് ജ്ഞാനികൾ പോലും അതിൽ ലജ്ജിക്കാത്തതെന്തേ?” ദിനരാത്രങ്ങൾക്ക് വ്യത്യാസങ്ങൾ ഇല്ല. ചുഴിയിലേതുപോലെ ജീവിതമിങ്ങിനെ ചുറ്റുകയാണ്‌.. ഇതിങ്ങിനെ ദിവസവും ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ഇതിനൊരന്തം കാണാൻ എങ്ങിനെയാണ് സാധിക്കുക? ഈ ചുഴിയിലെ ചംക്രമണം നാമെത്രനാൾകൂടി തുടരണം? എന്താണതിന്റെ ഉദ്ദേശം?

അങ്ങിനെ ആലോചിച്ചിരിക്കേ അദ്ദേഹം ഓർത്തു: ആഹാ, എന്റെ ചോദ്യത്തിനുത്തരമായി അച്ഛൻ വിരോചനൻ പണ്ടിങ്ങിനെ പറഞ്ഞിരുന്നുവല്ലോ? അന്നു ഞാൻ ചോദിച്ചതിങ്ങിനെയാണ്: അച്ഛാ, ഈ പ്രത്യക്ഷ ലോകത്തിന്റെ ലക്ഷ്യമെന്താണ്‌?ഈ ചാക്രികമായ ആവർത്തനങ്ങളുടെ ഉദ്ദേശമെന്താണ്‌? എപ്പോഴാണിതവസാനിക്കുക? എപ്പോഴാണു മനസ്സിന്റെ ഭ്രമമടങ്ങുക? മറ്റൊന്നും തേടാതെ എന്തു നേടിയാലാണൊരുവൻ പരിപൂർണ്ണ തൃപ്തിയടയുക? ഈ ലോകത്തിലെ സുഖാനുഭവങ്ങളോ കർമ്മാദികളോ നമ്മെ ഇതിനു പര്യാപ്തരാക്കുകയില്ല എന്നെനിക്കറിയാം. കാരണം അവ വിഭ്രമത്തെ കൂടുതൽ വഷളാക്കുകയേയുള്ളു. എങ്ങിനെയാണെനിയ്ക്ക് പരമ പ്രശാന്തതയിൽ അഭിരമിക്കാനാവുക എന്നു ദയവായി ഉപദേശിച്ചാലും. 

Dec 25, 2012

227 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 227

തസ്മാദാസാമനന്താനാം തൃഷ്ണാനാം രഘുനന്ദന
ഉപായസ്ത്യാഗ ഏവൈകോ ന നാമ പരിപാലനം (5/21/5)

വസിഷ്ഠൻ തുടർന്നു: അങ്ങിനെ തന്റെ സഹോദരന്റെ വാക്കുകള്‍കേട്ട് പവനന്‌ ബോധോദയമുണ്ടായി. രണ്ടാളും നേരറിവിന്റെ, ജ്ഞാനത്തിന്റെ, പ്രഭാവം കൊണ്ടുണ്ടായ പ്രബുദ്ധതയിൽ അഭിരമിച്ചു. അവർ കാട്ടിൽ ഇഷ്ടം പോലെ അലഞ്ഞു നടന്നു. അവരെ യാതൊന്നും ബാധിച്ചില്ല. എണ്ണയില്ലാത്ത ദീപമണയുന്നതുപോലെ കുറച്ചുകാലം കഴിഞ്ഞ് അവർ ദേഹമുപേക്ഷിച്ചു മുക്തരായി.

“രാമാ, ആസക്തിയാണ്‌ എല്ലാ ദു:ഖങ്ങൾക്കും കാരണം. എല്ലാ ആസക്തികളേയും ഉപേക്ഷിച്ച് അവയിലൊന്നും ആമഗ്നമാവാതിരിക്കുക എന്ന ഒരൊറ്റ മാർഗ്ഗമേ ബുദ്ധിയുള്ളവർ തിരഞ്ഞെടുക്കൂ.” കൂടുതൽ ഇന്ധനമിടുമ്പോൾ തീ ആളിക്കത്തും. അതുപോലെ ചിന്തകൾ കൂടുതൽ ചിന്തകളെയുണ്ടാക്കുന്നു. അവ പെരുകി വളരുന്നതു തടയണമെങ്കിൽ ചിന്തകൾ ഇല്ലാതാക്കുക എന്നതേ വഴിയുള്ളു. അതിനാൽ രാമാ, ചിന്താരാഹിത്യത്തിന്റെ തേരിലേറി അപരിമിതവും കൃപാനിർഭരവുമായ ഒരന്തര്‍ദർശനത്താൽ ദു:ഖനിബദ്ധമായ ലോകത്തെ നോക്കിക്കാണൂ.

ഇതാണു ബ്രാഹ്മി-സ്ഥിതി. എല്ലാ ഭവരോഗങ്ങളിൽ നിന്നും ആസക്തികളിൽ നിന്നുമൊഴിഞ്ഞ ശുദ്ധമായ, സ്വതന്ത്രമായ സ്ഥിതിയാണിത്. മൂഢനായി വർത്തിച്ചിരുന്നവൻ പോലും ഈ സ്ഥിതിയെത്തിയാൽ എല്ലാ ഭ്രമകൽപ്പനകൾക്കും അതീതനാകും. ജ്ഞാനത്തെ സുഹൃത്താക്കി അവബോധത്തെ സഹധർമ്മിണിയാക്കി ഈ ലോകത്തിൽ ജീവിക്കുന്നവർ ഭ്രമങ്ങൾക്കു വശംവദരാവുകയില്ല. ആസക്തിരഹിതമായ മനസ്സിനു ലഭിക്കാത്തതായി വിലപിടിപ്പുള്ള യാതൊന്നും ത്രിലോകങ്ങളിലുമില്ല. ദേഹമെടുത്തതുകൊണ്ടുണ്ടാവുന്ന ഉയർച്ച താഴ്ച്ചകൾ ഇങ്ങിനെ ആസക്തിശമനം വന്നവരെ ബാധിക്കുകയില്ല. മനസ്സു നിറയണമെങ്കിൽ അതിനെ നിർമമമാക്കണം. ആശകൾകൊണ്ടും പ്രത്യാശകൾകൊണ്ടും നിറച്ചാൽ മനസ്സിനു നിറവുണ്ടാവുകയില്ല. ആസക്തികളും ആർത്തികളുമില്ലാത്തവരെ സംബന്ധിച്ചിടത്തോളം  ത്രിലോകങ്ങൾക്ക്  പശുക്കുളമ്പിന്റെയത്രയേ വിസ്തൃതിയുള്ളു. യുഗങ്ങളോ ചെറിയൊരുനിമിഷം മാത്രവും.

അനാസക്തന്റെ മന:ശീതളത, ഹിമാലയത്തിന്റെ ശീതളിമയെ നിഷ് പ്രഭമാക്കും. പൂർണ്ണചന്ദ്രന്റെ പൂനിലാവും, സമുദ്രത്തിന്റെ നിറവും, ഐശ്വര്യദേവതയും ഒന്നും അനാസക്തന്റെ മനസ്സിന്റെ ഭാസുരതയ്ക്കു സമമാവില്ല. ആശ, പ്രത്യാശ, ആർത്തി തുടങ്ങിയ ശിഖരങ്ങൾ മുറിച്ചാൽപ്പിന്നെ മനസ്സെന്ന വൃക്ഷത്തിന്‌ സ്വരൂപത്തിലേയ്ക്കു മടങ്ങാം. മനോദാർഢ്യത്തോടെ ആശകൾക്ക് എന്റെ മനസ്സിൽ ഇടംകൊടുക്കുകയില്ല എന്നുറച്ചാൽ നിനക്കു ഭയമുണ്ടാവുകയില്ല.

മനസ്സിൽ ചിന്തകളുടെ സഞ്ചാരം നിലയ്ക്കുമ്പോൾ, ആശകളും ആർത്തികളും വലയ്ക്കാതിരിക്കുമ്പോൾ പിന്നെ മനസ്സില്ല. ‘അമനസ്സ്’എന്ന സ്ഥിതിയാണു മുക്തി. ആഗ്രഹങ്ങളും പ്രത്യാശകളും മനസ്സിൽ കൊണ്ടുവരുന്ന ചിന്തകൾക്ക് ‘വൃത്തി’ എന്നു പറയുന്നു - അതായത് ചിന്തകളുടെ സഞ്ചാരം. ആശകളില്ലാത്തപ്പോൾ വൃത്തിയുമില്ല. കാരണത്തെ നീക്കം ചെയ്തപ്പോൾ കാര്യം അപ്രത്യക്ഷമായി! അതുകൊണ്ട് മന:സമാധാനമുണ്ടാവാൻ അതിനെ ശല്യപ്പെടുത്തുന്ന കാരണങ്ങളെ (ആശയും ആർത്തിയും) നീക്കം ചെയ്താൽ മതി.

Dec 24, 2012

226 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 226

മധ്യസ്ഥദൃഷ്ടയ: സ്വസ്ഥാ യഥാപ്രാപ്താർഥദർശിന:
തജ്ജ്ഞാസ്തു പ്രേക്ഷകാ ഏവ സാക്ഷിധർമ്മേ വ്യവസ്ഥിതാ: (5/20/40)

പുണ്യൻ തുടർന്നു: കാറ്റടിക്കുമ്പോൾ പൊടിപടലങ്ങൾ പറന്നുപോകുന്നതുപോലെ അച്ഛൻ, അമ്മ, സുഹൃത്ത്, ബന്ധു തുടങ്ങിയ മിഥ്യാ ധാരണകൾ ജ്ഞാനത്തിന്റെ വെളിച്ചത്തിൽ ഇല്ലാതെയാകും. ഈ ബന്ധുക്കളൊന്നും സത്യമല്ല. അവയെല്ലാം വെറും വാക്കുകൾ മാത്രം. ഒരാളെ സുഹൃത്തെന്നു നിനച്ചാൽ അവൻ സുഹൃത്ത്. അവനെ മറ്റൊരുവൻ എന്നുനിനച്ചാൽ അങ്ങിനെ. എന്നാൽ എല്ലാറ്റിനേയും അഖണ്ഡമായ ഒരു സർവ്വവ്യാപിയെന്നു തിരിച്ചറിഞ്ഞാൽപ്പിന്നെ സുഹൃത്ത്, ബന്ധു, ശത്രു എന്നിങ്ങനെയുള്ള തരംതിരിവിനെന്താണർത്ഥം?

അനിയാ, നിന്റെ ഉള്ളിൽത്തന്നെ അന്വേഷിക്കൂ. ദേഹം വെറും ജഢം. മാംസാസ്ഥിരക്ത നിര്‍മ്മിതമായ ഒരു കൂടാണത്. അതിൽ ‘ഞാൻ’ എവിടെ? അങ്ങിനെ നിന്റെ അന്വേഷണം തുടർന്നാൽ ‘നീ’ എന്നതും ‘ഞാൻ’ എന്നതും എല്ലാം മിഥ്യയാണെന്നറിയാം. പുണ്യൻ, പവനൻ, എന്നെല്ലാം പറയുന്നതും മിഥ്യ തന്നെ. എന്നിട്ടും നിനക്ക് ‘ഞാനുണ്ട്’ എന്ന തോന്നലുണ്ടെങ്കിൽ, നിനക്ക് പൂർവ്വജന്മങ്ങളിൽ ഉണ്ടായിരുന്ന അനേകം ബന്ധുക്കളെക്കുറിച്ച് നീയെന്തുകൊണ്ട് വിലപിക്കുന്നില്ല? നീയൊരരയന്നമായിരുന്നപ്പോൾ നിനക്ക് അനേകം ബന്ധുക്കൾ ആവർഗ്ഗത്തിൽപ്പെട്ടവരായുണ്ടായിരുന്നു. നീയൊരു മരമായിരുന്നപ്പോൾ വൃക്ഷങ്ങളായും; പിന്നീട് സിംഹജന്മത്തിൽ സിംഹബന്ധുക്കളും, മൽസ്യജന്മത്തിൽ അനേകം മൽസ്യബന്ധുക്കളും നിനക്കുണ്ടായിരുന്നു.

നീയൊരു രാജകുമാരനായിരുന്നു; കഴുതയായിരുന്നു; പേരാൽ മരമായിരുന്നു, അരയാലുമായിരുന്നു. നിനക്കൊരു ബ്രാഹ്മണജന്മമുണ്ടായിരുന്നു, നീയൊരീച്ചയായിരുന്നു, കൊതുകായിരുന്നു, ഉറുമ്പായിരുന്നു. നീയൊരു ഒരു ജന്മം തേളായിരുന്നു, പിന്നെ തേനീച്ച. ഇപ്പോള്‍ നീയെന്റെ സഹോദരൻ! ഇങ്ങിനെ അനേകദേഹങ്ങളിൽ നീ വീണ്ടും വീണ്ടും ജന്മമെടുത്തിട്ടുണ്ട്. എനിയ്ക്കും അനേകം ജന്മങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ എന്റെ സൂക്ഷ്മദൃഷ്ടിയിൽ എനിക്കിതെല്ലാം വ്യക്തമായിക്കാണാം. ഞാനൊരു പക്ഷിയായിരുന്നു, തവള, വൃക്ഷം, ഒട്ടകം, രാജാവ്, പുലി, ഇപ്പോൾ നിന്റെ സഹോദരൻ. പത്തുകൊല്ലം ഞാനൊരു പരുന്തായിരുന്നു. അഞ്ചുമാസം ഒരു ചീങ്കണ്ണി; ഒരു നൂറുകൊല്ലം സിംഹം- ഇപ്പോള്‍ നിന്റെ സഹോദരൻ. ഇങ്ങിനെ എണ്ണമറ്റ ജന്മങ്ങൾ അജ്ഞാനത്തിന്റെയും ഭ്രമത്തിന്റെയും പിടിയിലകപ്പെട്ട് കഴിഞ്ഞുപോയതു ഞാനിപ്പോള്‍ വ്യക്തമായി ഓർക്കുന്നു.

ആജന്മങ്ങളിലെല്ലാം എനിയ്ക്ക് അനേകം ബന്ധുക്കളുണ്ടായിരുന്നു. അവരില്‍ ആരെയോർത്താണു ഞാൻ വിലപിക്കേണ്ടത്? അതുകൊണ്ട് എനിയ്ക്ക് ആരെക്കുറിച്ചും ദു:ഖമില്ല. ജീവിതമെന്ന ഈ കാട്ടുപാതയിലെ കരിയിലപോലെ ചിതറിക്കിടക്കുകയാണീ ബന്ധുക്കൾ. ഈ ലോകത്ത് ശരിയായി സന്തോഷിക്കാനോ ദു:ഖിക്കാനോ എന്താണുള്ളത്? അതുകൊണ്ട് നമുക്കീ വിലാപമെല്ലാം മതിയാക്കി പ്രശാന്തരാവാം. നിന്റെയുള്ളിൽ ‘ഞാൻ’ എന്ന പ്രതീതി ജനിപ്പിക്കുന്ന, ലോകമെന്ന ധാരണതന്നെ നമുക്കില്ലാതാക്കാം. താഴോട്ടു നിപതിക്കാതെയും മേലോട്ടു പൊങ്ങിപ്പോവാതെയും സമതയോടെ നമുക്കിരിക്കാം. നിനക്ക് ദു:ഖമില്ല; ജനനമില്ല; അച്ഛനില്ല, അമ്മയില്ല. നീ ആത്മാവാണ്‌.. മറ്റൊന്നുമല്ല.

“മഹർഷിമാർ മദ്ധ്യമാർഗ്ഗം അവലംബിക്കുന്നു. അവർ അപ്പപ്പോൾക്കാണുന്നതിനെ* അതുപോലെ ക്ഷണികമെന്നറിഞ്ഞ് പ്രശാന്തയോടെയിരിക്കുന്നു. അവർ സാക്ഷിബോധത്തിൽ സ്ഥിരപ്രതിഷ്ഠരത്രേ.” അവർ ഇരുട്ടിൽത്തിളങ്ങുന്ന വെളിച്ചമാണ്‌. വിളക്കും എണ്ണത്തിരിയുമില്ലാതെ സ്വയമുണ്ടാവുന്ന ആ വെളിച്ചത്തിലാണ്‌ എല്ലാം സംഭവിക്കുന്നത്.

*അന്നന്നു കാണ്മതിനെ വാഴ്ത്തുന്നു മാമുനികള്‍ എന്നത്രേ തോന്നി ഹരി നാരായണായ നമ:

Dec 23, 2012

225 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 225

കിം പുത്ര ഘനതാം ശോകം നയസ്യാന്ധ്യൈകകാരണം
ബാഷ്പധാരാധരം ഘോരം പ്രവൃട്കാല ഇവാംബുജം (5/19/26)

വസിഷ്ഠൻ തുടർന്നു: രാമാ, ഇതോടനുബന്ധിച്ച് പുരാതനമായ ഒരു കഥയുണ്ട്. ജംബുദ്വീപ് എന്ന ഭൂഖണ്ഡത്തിൽ മഹേന്ദ്രം എന്നുപേരായ ഒരു മഹാപർവ്വതം. അതിന്റെ താഴ്വാരങ്ങളിലുള്ള വനപ്രദേശങ്ങളിൽ അനേകം മാമുനിമാർ തപസ്സനുഷ്ഠിച്ചു വസിച്ചുവന്നു. അവരാ പർവ്വതപ്രദേശത്തേയ്ക്ക് അവരുടെ സ്നാനത്തിനും നിത്യോപയോഗത്തിനായും ആകാശഗംഗയെപ്പോലും കൊണ്ടുവന്നിരുന്നു. ആകാശഗംഗയുടെ തീരത്ത് ദീർഘതപൻ എന്നുപേരായ ഒരു മഹർഷി വസിച്ചിരുന്നു. അദ്ദേഹം, തന്റെ നാമം സൂചിപ്പിക്കുന്നതുപോലെ നിരന്തരം തപസ്സനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്‌ രണ്ടു പുത്രന്മാർ- പുണ്യനും പവനനും.

ഇവരിൽ പുണ്യൻ പൂർണ്ണപ്രബുദ്ധനായിരുന്നു. എന്നാൽ പവനന്‌ അജ്ഞാനനിവൃത്തി വന്നിരുന്നുവെങ്കിലും അയാള്‍ പ്രബുദ്ധത പ്രാപിച്ചിട്ടില്ലായിരുന്നു. അർദ്ധജ്ഞാനിയായിരുന്നു അദ്ദേഹം. അദൃശ്യവും ദുർഗ്രാഹ്യവുമായ സമയത്തിന്റെ ഒഴുക്കിൽ ദീർഘതപമുനി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ശരീരമുപേക്ഷിക്കുമ്പോഴേയ്ക്ക് അദ്ദേഹം എല്ലാവിധ ആസക്തികളിൽ നിന്നും മുക്തനായിരുന്നു. ഒരു പക്ഷി തന്റെ കൂടുവിട്ടു പറന്നുപോകുമ്പോലെ അനായാസമായി മഹർഷി ദേഹമുപേക്ഷിച്ച് പരമപദം പൂകി. ഭർത്താവിൽ നിന്നും യോഗമുറകൾ പഠിച്ച മുനി പത്നിയും അദ്ദേഹത്തെ പിന്തുടർന്നു.

മാതാപിതാക്കളുടെ പെട്ടെന്നുള്ള വിയോഗം പവനനെ വല്ലാതെ ദു:ഖിതനാക്കി. അയാൾ ഉറക്കെ വാവിട്ടു നിലവിളിച്ചു. പുണ്യനാകട്ടെ മാതാപിതാക്കൾക്കായുള്ള മരണാനന്തര കർമ്മങ്ങൾ പ്രശാന്തതയോടെ അനുഷ്ഠിച്ചു. എങ്കിലും മരണത്തോടെയുണ്ടായ ഈ വേർപാടിനെക്കുറിച്ച് അദ്ദേഹത്തിനു വ്യാകുലതയൊന്നും ഉണ്ടായിരുന്നില്ല. അയാൾ തന്റെ സഹോദരനായ പവനന്റെ അടുക്കൽ ചെന്ന് ഇങ്ങിനെ സമാധാനിപ്പിച്ചു.

പുണ്യൻ പറഞ്ഞു: അനിയാ, നീയെന്തിനാണീ കൊടിയ ദു:ഖത്തെ ക്ഷണിച്ചുവരുത്തി മാഴ്കുന്നത്? അജ്ഞാനത്തിന്റെ അന്ധകാരം ഒന്നുമാത്രമാണ്‌ നിന്റെ കണ്ണിൽ നിന്നും ധാരധാരയായി ഒഴുകുന്ന കണ്ണീരിനു കാരണം. “നമ്മുടെ അച്ഛൻ അമ്മയോടൊപ്പം എന്നെന്നേയ്ക്കുമായി പോയത് ഏറ്റവും ഉയർന്ന ഒരു മുക്തിതലത്തിലേയ്ക്കാണ്‌.. അതെല്ലാ ജീവജാലങ്ങൾക്കും സഹജമായി എത്തിച്ചേരേണ്ട ഒരിടമാണ്‌.. ജീവിച്ചിരിക്കുമ്പോൾത്തന്നെ ആത്മജ്ഞാനികളുടെ സഹജാവസ്ഥയും അതു തന്നെ. അവർ അവരുടെ സ്വരൂപസവിധത്തിലേയ്ക്കു മടങ്ങിയതിൽ നിനക്കു ദു:ഖിക്കേണ്ട കാര്യമെന്ത്?  അറിവില്ലായ്മകൊണ്ട്, നീ അച്ഛൻ, അമ്മ, തുടങ്ങിയ ബന്ധങ്ങളുടെ ബന്ധനത്തിൽപ്പെട്ടു കേഴുന്നു. അതേ ബന്ധനങ്ങളാകുന്ന അജ്ഞാനത്തിൽ നിന്നു മുക്തിനേടിയവരെക്കുറിച്ചാണു നീ ദു:ഖിക്കുന്നത്. അവർ നിന്റെ അച്ഛനമ്മമാരോ നീ അവരുടെ മകനോ ആയിരുന്നില്ല. അനേകമനേകം ജന്മങ്ങളിലായി നിനക്ക് എണ്ണിയാലൊടുങ്ങാത്തത്ര അച്ഛനമ്മമാർ ഉണ്ടായിരുന്നു. അവർക്കും അനേകം മക്കളുമുണ്ടായിരുന്നു.  നീ നിന്റെ ഈ മാതാപിതാക്കൾക്കായി ദു:ഖിക്കുന്നുവെങ്കിൽ എണ്ണിയാലൊടുങ്ങാത്ത ആ 'സഹോദരങ്ങള്‍ക്കായും' വിലപിക്കാത്തതെന്തേ?

പാവനനായ പവനാ, നീ ലോകമായി കാണുന്നത് വെറുമൊരു മായക്കാഴ്ച്ച മാത്രമാണ്‌.. വാസ്തവത്തിൽ സുഹൃത്തുക്കളും ബന്ധുക്കളുമൊന്നും ഇല്ല. അതുകൊണ്ടു തന്നെ മരണവും വേർപെടലുമെല്ലാം വെറും മിഥ്യ. നീ കാണുന്ന മഹത്തായ ഐശ്വര്യസമ്പത്തുക്കളെല്ലാം വെറും ജാലവിദ്യകളാണ്‌.. അവയിൽ ചിലത് മൂന്നു ദിവസം, ചിലത് അഞ്ചു ദിവസം നിലനിൽക്കുന്നു!. അത്രയേയുള്ളൂ. നിന്റെ കുശാഗ്രബുദ്ധികൊണ്ട് സത്യത്തെ അന്വേഷിച്ചറിയൂ. ‘ഞാൻ’, ‘നീ’ തുടങ്ങിയ എല്ലാ ധാരണകളേയും ഉപേക്ഷിക്കൂ. ‘അദ്ദേഹം മരിച്ചു’, ‘അദ്ദേഹം എന്നെ വേർപെട്ടുപോയി’ എന്നുള്ള തോന്നലും ദൂരെക്കളയൂ. കാരണം ഇവയെല്ലാം നിന്റെ തോന്നലുകളാണ്‌.. അവ സത്യമല്ല. 

Dec 22, 2012

224 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 224

സുബന്ധു: കസ്യചിത്ക: സ്യാദിഹ നോ കശ്ചിദപ്യരി:
സദാ സർവേ ച സർവസ്യ സർവം സർവേശ്വരേച്ഛയാ (5/18/49)

വസിഷ്ഠൻ തുടർന്നു: രാമ, നീ ജ്ഞാനിയാണ്‌..  അഹംകാരരഹിതനായി, ആകാശം പോലെ പരിശുദ്ധനായി നിലകൊണ്ടാലും. അഹമെന്നൊരു ധാരണതന്നെയില്ലെങ്കിൽ “ഇതെന്റെ ബന്ധുക്കളാണ്‌” എന്ന ചിന്ത എവിടെനിന്നുവരാനാണ്‌? ആത്മസ്വരൂപത്തിൽ അത്തരം ധാരണകൾ ഇല്ല. സുഖദു:ഖങ്ങളോ നന്മ-തിന്മകളോ അതിലില്ല. ഈ പ്രത്യക്ഷജഗത്തുണ്ടാക്കുന്ന ഭയവും വിഭ്രമവും നിന്നെ ബാധിക്കതിരിക്കട്ടെ. ഒരിക്കലും ‘ജനിച്ചിട്ടില്ലാത്തവന്‌’ (അജൻ) ബന്ധുക്കളെവിടെ? അവർ മൂലമുണ്ടാകുന്ന ദു:ഖങ്ങളെവിടെ?

നീ പണ്ട് ആരോ ഒരാളായിരുന്നു; ഇപ്പോഴും നീ ആരോ ആണ്‌.  നാളേയും അങ്ങിനെതന്നെയായിരിക്കും. ഇക്കാര്യങ്ങളെല്ലാം നിന്റെ ബന്ധുക്കളെസംബന്ധിച്ചും ശരിയാണെന്നു നീ തിരിച്ചറിഞ്ഞാൽപ്പിന്നെ ഭ്രമകൽപ്പനകളിൽ നിന്നും നിനക്കു മോചനമായി. പണ്ടു നീയുണ്ടായിരുന്നു; ഇപ്പോഴുമുണ്ട്, എന്നാൽ ഇനി മുതൽ നീയില്ല എന്നാണു നിനക്കു തോന്നുന്നതെങ്കിലും ദു:ഖിക്കാനൊന്നുമില്ല. കാരണം  ലോകമെന്ന ഈ പ്രകടനം അവസാനിച്ചു എന്നാണല്ലോ അതിനർത്ഥം. അതിനാൽ ഈ ലോകത്ത് എന്തിനെയെങ്കിലും പറ്റി വ്യകുലപ്പെടുന്നത് മൂഢത്വമാണ്‌..  സമുചിതമായ കർമ്മങ്ങളിലേർപ്പെട്ട് എപ്പോഴും സന്തോഷമായിരിക്കുകയാണ്‌ വിവേകം.

എങ്കിലും രാമ, അമിതാഹ്ലാദത്തിലും വിഷാദത്തിലും ആമഗ്നനാവരുത്. സമതാഭാവം കൈക്കൊണ്ടാലും. അതീവ സൂക്ഷ്മവും നിത്യശുദ്ധവുമായ, അനന്തശാശ്വതമായ പ്രകാശമാണു നീ. ഈ പ്രത്യക്ഷലോകം ഉണ്ടായി, നിലനിന്ന്, ഇല്ലാതാവുന്നത് അജ്ഞാനിയെ സംബന്ധിച്ചിടത്തോളം മാത്രമേ സത്യമായുള്ളു. ജ്ഞാനിയ്ക്ക് അതെല്ലാം മായയാണ്‌..  ജഗത്തിന്റെ സഹജഭാവമാണ്‌ ദു:ഖം. അജ്ഞാനം അതിനെ വികസിപ്പിച്ച് വലുതാക്കി വഷളാക്കുന്നു. പക്ഷേ നീ ബുദ്ധിമാനാണു രാമ. സന്തോഷമായിരിക്കൂ. മായക്കാഴ്ച്ചയെന്നാൽ മായ തന്നെ. സ്വപ്നം എന്നത് മറ്റൊരു സ്വപ്നം മാത്രം. ഇതെല്ലാം സർവ്വശക്തന്റെ പ്രാഭവം. പ്രകടിതലോകമെന്നത് വെറും ബാഹ്യപ്രകടനം മാത്രം.

“ഇവിടെ ആര്‌ ആർക്കാണൊരു ബന്ധുവായുള്ളത്? ആര്‌ ആർക്കാണൊരു ശത്രു? ജീവജാലങ്ങളുടെയെല്ലാം നാഥനായ ജഗദീശ്വരന്റെ ഇച്ഛയ്ക്കൊത്ത് എല്ലാവരും എല്ലാവർക്കും എല്ലാക്കാലവും എല്ലാമെല്ലാമായി വർത്തിക്കുന്നു.” ബന്ധുതയുടെ പുഴയൊഴുക്ക് അനവരതം തുടർന്നുകൊണ്ടിരിക്കുന്നു. ഒരുരഥചക്രത്തിലെന്നപോലെ താഴെയുള്ളവ മുകളിലേയ്ക്കും മുകളിലുള്ളവ താഴേയ്ക്കും പോയിക്കൊണ്ടേയിരിക്കുന്നു. സ്വർഗ്ഗത്തിലുള്ളവർ ആ വാസം മതിയാക്കി നരകത്തിൽപ്പോവുന്നു. നരകവാസികൾ സ്വർഗ്ഗത്തിലേയ്ക്കും പോവുന്നു.അവർ ഒരു ജീവിവർഗ്ഗത്തിൽ ജനിച്ചുമരിച്ച് പിന്നീട് മറ്റൊരു വർഗ്ഗത്തിൽ ജന്മമെടുക്കുന്നു. ലോകത്തിന്റെ ഒരു കോണിൽ നിന്നും മറ്റൊരു കോണിലേയ്ക്ക് വാസം മാറിപ്പോകുന്നു. ധീരൻ ഭീരുവും ഭീരു ധീരനുമാവുന്നു. കുറച്ചുകാലം ബന്ധുക്കളായിരുന്നവർ പിന്നീട് അകന്നുപോകുന്നു. മാറ്റമില്ലാത്തതായി ഈ വിശ്വത്തിൽ യാതൊന്നുമില്ല, രാമ.

സുഹൃത്ത്, ശത്രു, ബന്ധു, അപരിചിതൻ, ഞാൻ, നീ എന്നീ വാക്കുകൾക്കൊന്നും കാതലായ, ശാശ്വതമായ അർത്ഥങ്ങൾ ഒന്നുമില്ല. അവ വെറും വാക്കുകൾ മാത്രം. സങ്കുചിതമനസ്കന്റെ ഉള്ളിൽ ‘അയാളെന്റെ സുഹൃത്താണ്‌’, 'ഇയാളെന്റെ ബന്ധുവല്ല', തുടങ്ങിയ ചിന്തകൾ ഉണ്ടാവുമ്പോൾ വിശാലമനസ്കന്‌ ഇത്തരം ഭിന്നചിന്തകളില്ല. രാമ, എല്ലാ ജീവജാലങ്ങളും നിന്റെ ബന്ധുക്കളാണ്‌..  ഈ പ്രപഞ്ചത്തിൽ പരസ്പര ബന്ധമില്ലാത്ത ഒന്നുമില്ല. ആത്യന്തികമായി യാതൊന്നു തമ്മിലും 'അബന്ധുത്വം' എന്ന ഒന്ന് ഇല്ലേയില്ല. എല്ലാം പരസ്പര പൂരകങ്ങള്‍ . “ഞാനില്ലാത്ത ഒരിടവും ഇല്ല” എന്നും “എന്റേതല്ലാത്ത യാതൊന്നും ഇല്ല” എന്നുമുള്ള അറിവിൽ ജ്ഞാനികള്‍ അഭിരമിക്കുന്നു. അങ്ങിനെ അവർ പരിമിതികൾക്കും ഉപാധികൾക്കും അതീതരായി വർത്തിക്കുന്നു. 

Dec 21, 2012

223 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 223

വയം തു വക്തും മൂർഖാണാമജിതാത്മീയചേതസാം
ഭോഗകർദമമഗ്നാനാം ന വിദ്മോഭിമതം മതം (5/18/13)

വസിഷ്ഠൻ തുടർന്നു: മുക്തനായ ഋഷി സ്വയം ആകൃഷ്ടനല്ലെങ്കിലും ലോകത്തിലെ ഭൂത ഭാവി വർത്തമാനകാല സംഭവങ്ങളെ അദ്ദേഹം കൗതുകപൂർവ്വം കാണുന്നു. എപ്പോഴും സമുചിതമായ കർമ്മങ്ങളിലേർപ്പെട്ടുകൊണ്ട് സന്തോഷകരമായ ഒരു മദ്ധ്യമാർഗ്ഗം സ്വീകരിച്ച് യാതൊരുവിധത്തിലും കർമ്മബന്ധിതനാവാതെ കഴിയുന്നു. ഒരുവിധത്തിലുമുള്ള ഉപാധികളേയും ധാരണകളേയും സ്വാംശീകരിക്കാതെ അദ്ദേഹം സ്വതന്ത്രനായി വിഹരിക്കുന്നു. സമൃദ്ധിയുടെ പരമപദം ആദ്ദേഹത്തിനു സ്വന്തം. ഇഹലോകത്തിലെ സംഭവവികാസങ്ങൾ അദ്ദേഹത്തെ ബാധിക്കുന്നില്ല. അദ്ദേഹമവയിൽ പ്രത്യേകിച്ച് സന്തുഷ്ടനോ വ്യാകുലഹൃദയനോ അല്ല. കാലുഷ്യമേറിയ സന്ദർഭങ്ങളില്‍പ്പോലും അദ്ദേഹത്തിനു പക്ഷഭേദമില്ല. എന്നാൽ കൃപയും കാരുണ്യവും അദ്ദേഹത്തിനു സഹജമാണ്‌. താനും. പ്രത്യക്ഷലോകം അദ്ദേഹത്തെ ബാധിക്കുന്നതേയില്ല.

അദ്ദേഹത്തോട് എന്തെങ്കിലും ചോദിച്ചാൽ ഉചിതവും ലളിതവുമായ മറുപടി കിട്ടും. നാം ഒന്നും അദ്ദേഹത്തോടു സംസാരിച്ചില്ലെങ്കിൽ മൗനമാണദ്ദേഹത്തിനു സഹജം. അദ്ദേഹത്തിന്‌ ഒന്നിന്റേയും ആവശ്യമില്ല. ഒന്നിനോടും അദ്ദേഹത്തിനു വെറുപ്പുമില്ല. ലോകം അദ്ദേഹത്തെ വ്യാകുലപ്പെടുത്തുന്നതേയില്ല. എല്ലാവർക്കും നല്ലതു വരുത്തുന്ന കാര്യങ്ങളണദ്ദേഹം ചെയ്യുക. അദ്ദേഹത്തിന്റെ വാദമുഖങ്ങൾ തികച്ചും വിശ്വസനീയമായിരിക്കും. ഉചിതവും അനുചിതവും എന്തെന്ന് അദ്ദേഹത്തിനു നല്ലവണ്ണം അറിയാം. മറ്റുള്ളവർ എങ്ങിനെ കാര്യങ്ങൾ നോക്കിക്കാണുന്നു എന്നദ്ദേഹത്തിനറിവുണ്ട്. പരമസത്യത്തിൽ അടിയുറച്ച് പ്രശാന്തശീതള ഹൃദയനായി അദ്ദേഹം ലോകത്തെ സാകൂതം വീക്ഷിക്കുന്നു.

അങ്ങിനെയൊക്കെയാണ്‌ ജീവന്മുക്തന്റെ - ജീവിച്ചിരിക്കേ മുക്തനായ- ഒരുവന്റെ സ്ഥിതിവിശേഷങ്ങൾ. “മനോനിയന്ത്രണം വന്നിട്ടില്ലാത്ത മൂഢന്മാരുടേയും ഇന്ദ്രിയസുഖാസക്തിയുടെ ചെളിയിലാണ്ടുമുങ്ങിയവരുടേയും ചിന്താസരണികള്‍ വിവരിക്കാൻ നമുക്കാവില്ല.” അവർക്ക് ലൈംഗീകസുഖങ്ങളിലും ലൗകീകസമ്പത്തു വർദ്ധിപ്പിക്കുന്നതിലും മാത്രമാണു ശ്രദ്ധ. സുഖദു:ഖസമ്മിശ്രമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന യാഗകർമ്മങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും പുറകിലുള്ള ചിന്തകളും വിവരിക്കാൻ നമുക്കാവില്ല.

രാമാ, അപരിമിതമായ സമ്യക്ദർശനത്തോടെ എല്ലാ പരിമിതികളേയും ഉറപ്പോടെ ഉപേക്ഷിച്ച് ജീവിതം നയിച്ചാലും. അകമേ യാതോരാഗ്രഹങ്ങളും പ്രത്യാശകളും ഇല്ലാതെ ബാഹ്യമായി ചെയ്യേണ്ട കർമ്മങ്ങൾ ഭംഗിയായി ചെയ്യുക. എല്ലാത്തിനേയും പരിശോധിച്ചറിഞ്ഞ് പരിമിതികളില്ലാത്തതിനെ മാത്രം കണ്ടെത്തുക. അനന്തതയിൽ സദാ ധ്യാനനിഷ്ഠനായി ഈ ലോകത്തിൽ ജീവിച്ചാലും.

അകമേ പ്രത്യാശകൾ വയ്ക്കാതെ എന്നാൽ പുറമേയ്ക്ക് പ്രത്യാശാനിര്‍ഭരതയോടെ ശാന്തഹൃദയത്തോടെ മറ്റുള്ളവർ കഴിയുന്നതുപോലെ തന്നെ ജീവിക്കുക. ‘ഞാൻ ഇതു ചെയ്യുന്നു’ എന്ന ധാരണകൾ ഒന്നും വെച്ചു പുലർത്താതെ വൈവിദ്ധ്യമാര്‍ന്ന പ്രവർത്തനങ്ങളില്‍ മുഴുകുക. അങ്ങിനെ അഹംകാരലേശം പോലുമില്ലാതെ ഈ ലോകത്തിൽ വാണാലും.

വാസ്തവത്തിൽ 'ബന്ധനം' എന്നതു സത്യമല്ല. അതിനാൽ 'മുക്തി' എന്നതും സത്യത്തില്‍ 'ഇല്ലാ'ത്ത ഒന്നത്രേ. ഈ പ്രത്യക്ഷലോകമോ, ജാലവിദ്യക്കാരന്റെ വെറുമൊരു മായക്കാഴ്ച്ചമാത്രം. അതിനു സത്തയില്ല. സർവ്വവ്യാപിയായ അനന്താത്മാവിനെ ബന്ധിക്കാൻ എന്തിനു കഴിയും? എങ്ങിനെയാണതിനു മുക്തിയുണ്ടാവുക? ഈ ചിന്താക്കുഴപ്പങ്ങൾക്കെല്ലാം കാരണം സത്യത്തെ അറിയാത്തതാണ്‌.. അവിദ്യയാണത്. ജ്ഞാനമുദിക്കുമ്പോൾ ഈ ചിന്താക്കുഴപ്പങ്ങൾ ഇല്ലാതാകുന്നു. കയറിൽ കാണപ്പെട്ട സങ്കൽപ്പജന്യമായ പാമ്പിനെപ്പോലെയാണത് പൊടുന്നനേ അപ്രത്യക്ഷമാവുന്നത് .  ഒരിക്കല്‍ കയറാണതെന്ന് അറിഞ്ഞാല്‍പ്പിന്നെ ഒരിക്കലും  'പാമ്പി'നെ കാണാന്‍ കഴിയുകയില്ല.

Dec 20, 2012

222 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 222

ഭാവാദ്വൈതമുപാശ്രിത്യ സത്താദ്വൈതമയാത്മക:
കർമാദ്വൈതമനാദൃത്യ ദ്വൈതാദ്വൈതമയോ ഭവ (5/17/29)

വസിഷ്ഠൻ തുടർന്നു: അല്ലയോ രാമാ, ദേഹബോധത്തിന്റെ പരിമിതികൾക്കതീതരായി വർത്തിക്കുന്നവർ വിവരണങ്ങള്‍ക്കെല്ലാം അതീതരാണ്‌.. അതിനാൽ ജീവന്മുക്തരായവരുടെ ലക്ഷണങ്ങൾ എന്തെന്നു ഞാൻ പറയാം. സ്വാഭാവികമായി ഒരുവനിൽ നടക്കുന്ന ധർമ്മ കർമ്മങ്ങൾക്കായുള്ള ത്വരകള്‍ -ശരീരധർമ്മങ്ങൾപോലെയുള്ളവ - ആസക്തികളെയും വാസനകളെയും ഉണ്ടാക്കുന്നില്ല. ജീവന്മുക്തന്റെ കർമ്മങ്ങൾ അപ്രകാരമുള്ളവയാണ്‌.. ആർത്തിത്വരകളുണ്ടാക്കുന്ന കർമ്മങ്ങൾ ബന്ധനങ്ങളാണല്ലോ. മുക്തിപദം പ്രാപിച്ച ഋഷിയിൽ അഹംകാരധാരണകൾ ഇല്ല. അങ്ങിനെയുള്ള മുക്തനിലുളവാകുന്ന സഹജഭാവങ്ങൾ എന്താണോ അതുതന്നെയാണയാളുടെ ലക്ഷ്ണങ്ങൾ.

ബാഹ്യവസ്തുക്കളുമായുള്ള സംസർഗ്ഗം ബന്ധനത്തിനു കാരണമാകുന്നു. എന്നാൽ മനപ്പൂർവ്വമല്ലാത്ത, സഹജവും നൈസര്‍ഗികവുമായ ഇച്ഛ യാതൊന്നിനേയും ആശ്രയിച്ചല്ല ഉണ്ടാകുന്നത്. വസ്തുക്കളുമായി സമ്പർക്കമുണ്ടാവുന്നതിനു മുൻപേയുണ്ടായിരുന്ന ഇച്ഛ തന്നെയാണ്‌ ഇപ്പോഴും, എപ്പോഴും ഉള്ളത്. അതു സഹജവും ദു:ഖവിമുക്തവും നിർമ്മലവുമത്രേ. അത്തരം ഇച്ഛ ബന്ധനങ്ങളെ ഉണ്ടാക്കുന്നില്ല എന്ന് ജ്ഞാനികൾ കരുതുന്നു.

‘ഇതെനിയ്ക്കു സ്വന്തമാക്കണം’ എന്ന ഒരു ത്വര ഒരുവനിലുദിക്കുമ്പോൾ അതവന്റെ ഹൃദയത്തെ മലിനമാക്കുന്നു. ജ്ഞാനി അത്തരം ആശകളെ ഏതുവിധേനെയും ഇല്ലായ്മചെയ്യണം. ബന്ധനങ്ങളുണ്ടാക്കുന്ന എല്ലാ ആഗ്രഹങ്ങളേയും മോക്ഷം ലഭിക്കണമെന്ന ആശയെപ്പോലും ഉപേക്ഷിക്കൂ. ഒരു സമുദ്രംപോലെ സ്ഥിതപ്രജ്ഞനാകൂ. ആത്മാവ് ജരാനരകൾക്കും മരണത്തിനും അതീതമാണെന്ന അറിവിൽ ഇവയെക്കുറിച്ചുള്ള ആശങ്കകൾ ഉപേക്ഷിക്കൂ. ഈ പ്രപഞ്ചം മുഴുവൻ ഒരു മായക്കാഴ്ച്ചയാണെന്ന തിരിച്ചറിവിൽ ആഗ്രഹങ്ങളുടെ വ്യർത്ഥത മനസ്സിലാക്കൂ.

മനുഷ്യ ഹൃദയത്തിൽ നാലുതരം ഭാവങ്ങളുണ്ടാവുന്നുണ്ട്. അവ ഇങ്ങിനെയാണ്‌.:: :
1. ഞാനെന്റെ മാതാപിതാക്കളിൽ നിന്നുണ്ടായ ഈ ദേഹമാണ്‌...
2. ഞാൻ ഈ ദേഹത്തിൽ നിന്നു വിഭിന്നമായ, സുസൂക്ഷ്മമായ ഒരണുതത്വമാണ്‌..
3. ലോകത്തിൽ നിറഞ്ഞിരിക്കുന്ന വിഭിന്നങ്ങളായ വസ്തുക്കളുടെയെല്ലാം സനാതനമായ തത്വം ഞാൻ തന്നെയാണ്‌. .
4, ഞാനും ലോകവും ആകാശം പോലെ ശുദ്ധമായ നിശ്ശൂന്യതയാണ്‌..

ഇതിൽ ആദ്യത്തേത് മനുഷ്യനെ ബന്ധനത്തിൽ നിർത്തുമ്പോൾ, മറ്റുള്ളവ അവനെ മുക്തിയിലേയ്ക്കു നയിക്കുന്നു. ആദ്യത്തേതുമായി ബന്ധപ്പെട്ട ആശകൾ മനുഷ്യനെ കൂടുതൽ ബന്ധനങ്ങളിലേയ്ക്കു നയിക്കുമ്പോള്‍ മറ്റു മൂന്നുമായി ബന്ധപ്പെട്ട ആശകളും പ്രതിജ്ഞാബദ്ധതയും അവനെ പരാധീനനാക്കുന്നില്ല.

ഒരിക്കൽ ‘ഞാൻ എല്ലാറ്റിന്റേയും ആത്മാവാണ്‌’ എന്നു തിരിച്ചറിഞ്ഞാൽപ്പിന്നെ ഒരുവൻ അധ:പ്പതിക്കുകയോ വ്യാകുലചിത്തനാവുകയോ ഇല്ല. ഈ ആത്മാവിനെയാണ്‌ ശാസ്ത്രങ്ങളിൽ ശൂന്യത, പ്രകൃതി, മായ, ബ്രഹ്മം, ബോധം, ശിവൻ, പുരുഷൻ എന്നെല്ലാം ഉള്ള വാക്കുകളാൽ വിവരിക്കുന്നത്. അതുമാത്രമാണുണ്മ. മറ്റൊന്നിനും സത്തയില്ല.

“ഈ അദ്വൈത - രണ്ടില്ലാത്ത- സത്യാവസ്ഥയെ അറിയുക. എന്നാൽ കർമ്മങ്ങള്‍ ദ്വൈതതലത്തിലാണുള്ളത് എന്നതുകൊണ്ട് ആപേക്ഷികമായി ദ്വൈതാവസ്ഥയെയും അറിയുക. അങ്ങിനെ നിന്റെ സ്വഭാവം ദ്വൈതാദ്വൈതങ്ങളിൽ ഉചിതമായി വിഹരിക്കട്ടെ.” ദ്വൈതവും ഏകാത്മകതയും ഒന്നും യദാർത്ഥത്തിൽ ഇല്ല. ഏകത എന്നത് ദ്വൈതത്തിന്റെ വിപരീത ആശയമാണ്‌. ഈ രണ്ടു ധാരണകളും മനസ്സിന്റെ സൃഷ്ടികളാണു താനും. ഈ ധാരണകളെല്ലാം അവസാനിക്കുമ്പോൾ അനന്താവബോധം മാത്രം ഒരേയൊരുണ്മയായി സാക്ഷാത്കരിക്കപ്പെടും. 

Dec 19, 2012

221 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 221

സർവത്ര വാസനാത്യാഗോ രാമ രാജീവലോചന
ദ്വിവിധ: കഥ്യതേ തജ്ഞൈർജ്ഞേയോ ധ്യേയശ്ച മാനദ (5/16/6)

രാമൻ പറഞ്ഞു: ഭഗവൻ, അങ്ങെന്നോട് അഹംകാരവും  അതുണ്ടാക്കുന്ന എല്ലാ ത്വരകളേയും ഉപേക്ഷിക്കാൻ പറഞ്ഞുവല്ലോ. അപ്പോൾപ്പിന്നെ ഞാൻ അഹംകാരം ഉപേക്ഷിക്കുന്നതിനോടൊപ്പം എന്റെ ശരീരവും അഹംകാരജന്യങ്ങളായ മറ്റെല്ലാ കാര്യങ്ങളും ഉപേക്ഷിക്കണമല്ലോ? ഈ ശരീരവും പ്രാണനുമെല്ലാം അഹംകാരത്തിനെ ആധാരമായാണല്ലോ സ്ഥിതിചെയ്യുന്നത്? വേര്‌ (അഹംകാരം) അറുത്താൽപ്പിന്നെ മരം (ദേഹാദികൾ) വീഴുമെന്നുറപ്പ്. അഹംകാരത്തെ ഉപേക്ഷിച്ച് എനിക്കെങ്ങിനെ ജീവിതം നയിക്കാൻ കഴിയും ?

വസിഷ്ഠൻ പറഞ്ഞു: “രാമാ, ധാരണകളേയും ഉപാധികളേയും ആശയസങ്കൽപ്പങ്ങളേയും ഉപേക്ഷിക്കുന്നത് രണ്ടു വിധത്തിലാണ്‌.. ഒന്ന് നേരറിവിന്റെ, അതായത് സാക്ഷാത്കാരത്തിന്റെ നിറവിലും മറ്റേത് ധ്യാനത്തിന്റെ മാർഗ്ഗത്തിലുമാണ്‌ സാധിക്കുക.” അവയെ ഞാൻ വിശദമായി പറഞ്ഞു തരാം. ‘ഞാനീ വിഷയവസ്തുക്കളുടെ അധീനതയിലാണ്‌, ഞാൻ അവയെ ആശ്രയിച്ചാണു നിലകൊള്ളുന്നത്' എന്നും മറ്റുമുള്ള ചിന്ത  വെറും ഭ്രമകൽപ്പനയാണെന്ന് ഒരുവൻ തികച്ചും ബോധവാനായിരിക്കണം. എന്നാല്‍ അവയെക്കൂടാതെ 'എനിയ്ക്കു' ജീവിക്കാൻ സാദ്ധ്യമല്ല എന്നും ഈ വസ്തുക്കൾക്ക് എന്നെക്കൂടാതെ ഒരസ്തിത്വവുമില്ലെന്നും അയാളറിയണം. എന്നിട്ട് തീക്ഷ്ണമായ ധ്യാനസപര്യയിലൂടെ ’ഞാനീ വസ്തുക്കളുടെ ഉടമസ്ഥനല്ല; അവ എന്റെ ഉടമസ്ഥരുമല്ല' എന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരണം.

അങ്ങിനെ അഹംകാരത്തെ തീവ്രസാധനയിലൂടെ ഉപേക്ഷിച്ചശേഷം ഒരു ലീലയെന്നപോലെ ഒരുവൻ തനിക്കു സഹജമായി വന്നുചേരുന്ന കർമ്മങ്ങൾ ഭംഗിയായി ചെയ്യണം. ഈ കർമ്മങ്ങൾ സ്വാഭാവികമായി അനുഷ്ഠിക്കുമ്പോൾ ഹൃദയവും മനസ്സും പ്രശാന്തശീതളമായിരിക്കും. അങ്ങിനെ ധ്യാനസാധനകൊണ്ട് അഹംകാരം ഇല്ലാതാകുന്ന ഒരവസ്ഥ സംജാതമാകും. ഇനി അദ്വൈത സത്യത്തിന്റെ നേരറിവിൽ ഒരുവൻ അഹംകാരത്തെ ഉപേക്ഷിക്കുന്ന രീതി - ദേഹാഭിമാനമോ, ’ഇതെന്റേത്‘ എന്ന തോന്നലോ ഇല്ലാത്ത ഒരവസ്ഥയാണിത്.

ജീവിച്ചിരിക്കുമ്പോൾത്തന്നെ ധ്യാനസപര്യകൊണ്ട് വെറുമൊരു ലീലപോലെ അഹംകാരത്തെ ഇല്ലാതാക്കി വർത്തിക്കുന്നവൻ ജീവന്മുക്തനത്രേ. അതുപോലെ നേരറിവിന്റെ നിറവിൽ അഹംകാരത്തെ വേരോടെ പിഴുതുകളഞ്ഞവനും മുക്തനാണ്‌.. ജനകനെപ്പോലുള്ളവർ ധ്യാനമാർഗ്ഗികളാണ്‌.. നേരറിവായി ബ്രഹ്മസാക്ഷാത്കാരം നേടിയവർ ദേഹബോധത്തിനതീതരാണ്‌.. ഇവിടെപ്പറഞ്ഞ രണ്ടു മാർഗ്ഗത്തിൽ സഞ്ചരിച്ചു ലക്ഷ്യം നേടിയവരും ബ്രഹ്മലീനരത്രേ. ഇഷ്ടാനിഷ്ടങ്ങളാൽ ചഞ്ചലപ്പെടാത്തെ, ഈ ലോകത്തിൽ എല്ലാ കർമ്മധർമ്മങ്ങളോടുംകൂടി ജീവിക്കുമ്പോഴും അകമേ യാതൊരു വിഷയങ്ങളും ബാധിക്കാതെ, ദീർഘനിദ്രയിലെന്നപോലെ വർത്തിക്കുന്നവനാണ്‌ മുക്തൻ.

വസിഷ്ഠമുനി ഇത്രയും പറഞ്ഞു നിർത്തിയപ്പോഴേയ്ക്കും മറ്റൊരു ദിനം കൂടി അവസാനിച്ചു. സഭ പിരിഞ്ഞു. 

Dec 18, 2012

220 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 220


അദൃശ്യൈവാത്തി മാംസാസ്ഥിരുധിരാദി ശരീരകാത് 
മനോബിലവിലീനൈഷാ തൃഷ്ണാവനശുനീ നൃണാം (5/15/8) 

വസിഷ്ഠൻ തുടർന്നു: അത്മാവ് സ്വയംമറന്ന് വസ്തുക്കളുമായും അവനൽകുന്ന അനുഭവങ്ങളുമായും താദാത്മ്യഭാവം കൈക്കൊള്ളുമ്പോൾ താനേ അശുദ്ധമാകുന്നു. അവിടെ ആസക്തി ഉദയം ചെയ്യുന്നു. കൂടുതൽ അനുഭവിക്കുവാനുള്ള ത്വര, ഭ്രമാത്മകതയെ പരിപോഷിപ്പിച്ചു തീവ്രമാക്കുന്നു. വിശ്വപ്രളയത്തെ നേരിടാൻ ശിവാദിദേവകൾക്കു കഴിയുമായിരിക്കും എന്നാൽ ആർത്തിയുടെ അഗ്നിയെ ചെറുക്കാൻ ആർക്കുമാവില്ല. രാമാ, എന്തെല്ലാം ദുരിതങ്ങളും കലാപങ്ങളും ഈ ലോകത്തുണ്ടായിട്ടുണ്ടോ അവയെല്ലാം ആർത്തിയുടെ ഫലമാണ്‌.. “കാണാമറയത്തിരുന്നുകൊണ്ട് ആർത്തിയെന്ന ഈ സത്വം ദേഹത്തിലെ മാംസ-രക്താസ്ഥികളെയെല്ലാം നിശ്ശേഷം ആഹരിക്കുന്നു.” 

ചില നിമിഷങ്ങളിൽ അതൊന്നടങ്ങിയപോലെ തോന്നുന്നുവെന്നാലും അടുത്ത നിമിഷം അതു വളർന്നു വലുതാവുന്നു. ആർത്തിയുടെ പിടിയിൽപ്പെട്ട് മനുഷ്യൻ ക്ഷീണിതനായി, ശോഭയറ്റ്, പരിതാപകരമായ അവസ്ഥയിൽ ദുഷ് പ്രവണതകളോടെ വിഭ്രാന്തിയിൽ കഴിഞ്ഞുകൂടുന്നു. എന്നാൽ ഈ ആർത്തിത്വര ഇല്ലാതായാലോ പ്രാണൻ ശുദ്ധദിവ്യമായിത്തീർന്ന് പവിത്രഗുണങ്ങൾ അവന്റെ ഹൃദയത്തെ അലങ്കരിക്കുന്നു. അജ്ഞാനിയുടെ ഹൃദയത്തെ മാത്രമേ ആർത്തിയുടെ ഒഴുക്ക് ബാധിക്കുകയുള്ളു. മൃഗങ്ങൾ തീറ്റയ്ക്കു കൊതിച്ച് കെണിയിൽപ്പെടുന്നതുപോലെ മനുഷ്യൻ ആർത്തിയുടെ പിന്നാലെപോയി നരകങ്ങളില്‍പ്പതിക്കുന്നു. 

ജരാജന്യമായ ആന്ധ്യം പോലും ആർത്തിത്വര നിമിഷനേരംകൊണ്ട് ഒരുവനിലുണ്ടാക്കുന്ന വിഭ്രാന്തിയോളം വരില്ല. ആർത്തി അവനെ തീരെ ചെറുതാക്കി നാണംകെടുത്തുന്നു. ഭഗവാൻ വിഷ്ണുപോലും ഭിക്ഷ യാചിക്കാൻ പോയപ്പോൾ കുള്ളനായ വാമനവേഷമെടുത്തു. അതുകൊണ്ട് ആർത്തിയെ വളരെ ദൂരെനിന്നേ ഉപേക്ഷിക്കണം.കാരണം എല്ലാ ദു:ഖങ്ങൾക്കും കാരണമായി മനുഷ്യനെ അധ:പ്പതിപ്പിക്കുന്നത് ആർത്തിയാണല്ലോ. 

എന്നാൽ സൂര്യനുദിക്കുന്നതും പ്രഭാസിക്കുന്നതും ആര്‍ത്തിയാല്‍ത്തന്നെയാണ്. കാറ്റടിക്കുന്നു; പർവ്വതങ്ങൾ നിലകൊള്ളുന്നു; ഭൂമി ജീവജാലങ്ങൾക്കു താങ്ങാകുന്നു; എന്നുവേണ്ട, മൂന്നു ലോകങ്ങളും നിലനില്‍ക്കുന്നത് പോലും ഈ ത്വരകൊണ്ടാണ്‌.. ത്രിലോകങ്ങളിലെ ജീവജാലങ്ങളെ ബന്ധിപ്പിക്കുന്നത് ആർത്തിയെന്ന ഈ കയറാണ്‌. ഈ കയറൊഴിച്ച് എത്ര ബലമുള്ളതാണെങ്കിലും  മറ്റേതുകയറും വേണമെങ്കിൽ നമുക്കു പൊട്ടിക്കാം. അതിനാൽ രാമാ, ആശയ-സങ്കൽ പ്പ ധാരണകൾ എല്ലാം ഉപേക്ഷിച്ച് ആസക്തികളിൽ നിന്നു വിടുതൽ നേടൂ. ചിന്തകളോ ധാരണകളോ ഇല്ലെങ്കിൽ മനസ്സില്ല എന്നറിയൂ. 

ആദ്യമായി ‘ഞാൻ’, ‘നീ’, ‘അത്’, തുടങ്ങിയ ചിന്തകളെ മനസ്സിൽ നിന്നു കളയുക. കാരണം ഈ ധാരണകളുണ്ടാക്കുന്ന മനോദൃശ്യങ്ങളാണ്‌ ആഗ്രഹാസക്തികളേയും പ്രത്യാശകളേയും ഉണ്ടാക്കുന്നത്. അങ്ങിനെയുള്ള മനോദൃശ്യങ്ങൾ നിന്റെ ഉള്ളിലുയരാൻ ഇടയാവാതെയിരുന്നാൽ നീയും ജ്ഞാനിയാകും. ആർത്തിയും അഹംകാരവും രണ്ടല്ല. എല്ലാ പാപങ്ങൾക്കും ഉറവിടമതാണ്‌.. രാമാ, ജ്ഞാനത്തിന്റെ, വിവേകത്തിന്റെ വാളുകൊണ്ട് അഹംകാരത്തിന്റെ വേരറുത്ത് ഭയമകറ്റൂ. 

Dec 17, 2012

219 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 219

ആത്മനോ ജഗതശ്ചാന്തർ ദൃഷ്ടൃദൃശ്യദശാന്തരേ
ദർശനാഖ്യേ സ്വമാത്മാനം സർവദാ ഭാവയൻഭവ (5/14/50)

വസിഷ്ഠൻ തുടർന്നു: ബുദ്ധിവൈകല്യമുള്ളവരെ ആത്മീയതയിലേയ്ക്കുണര്‍ത്താന്‍ ശ്രമിക്കുന്നവർ ഒരു ചെറിയ കുടകൊണ്ട് ആകാശത്തെ മറയ്ക്കാൻ ശ്രമിക്കുന്നവരാണ്‌.. കാരണം, മൃഗങ്ങളെപ്പോലെ ജീവിക്കുന്നവരെ ഉന്നതനിലവാരത്തിലുള്ള തത്വചിന്താപാഠങ്ങള്‍ മനസ്സിലാക്കുക അസാദ്ധ്യം. സ്വന്തം മനസ്സാകുന്ന കയറാൽ ബന്ധിക്കപ്പെട്ട് അവർ മേയ്ക്കപ്പെടുകയാണ്‌.. അവർ സ്വന്തം മനസ്സിന്റെ മായാബന്ധത്തിൽപ്പെട്ടുഴന്ന് അജ്ഞാനത്തിന്റെ ചെളിക്കുണ്ടിലേയ്ക്കാഴ്ന്നു പോകുന്നതു കണ്ടാൽ കല്ലിനുപോലും കണ്ണീരു വരും. അതുകൊണ്ട് ജ്ഞാനികൾ അങ്ങിനെയുള്ള, മനോനിയന്ത്രണമില്ലാതെ വ്യാകുലചിത്തരായവരെ ആത്മവിദ്യ പഠിപ്പിക്കാൻ തുനിയുകയില്ല.

എന്നാൽ മനോനിയന്ത്രണം വന്ന് ആത്മാന്വേഷണത്തിനായി പക്വതയാർജ്ജിച്ചവരുടെ ദു:ഖം നീക്കാൻ മഹാത്മാക്കൾ മുൻകയ്യെടുക്കുകയും ചെയ്യും. രാമാ, മനസ്സിന്‌ അസ്തിത്വമില്ല. ആവശ്യമില്ലാതെ അതിന്റെ അസ്തിത്വത്തെ സങ്കൽപ്പിച്ചുണ്ടാക്കാതിരിക്കൂ. കാരണം സങ്കൽപ്പിച്ചുണ്ടാക്കിയാല്‍ മനസ്സൊരു ഭൂതത്തെപ്പോലെയാണ്‌.. നമ്മെയത് നശിപ്പിച്ചുകളയും. ആത്മാവിനെ നാം മറന്നുവെന്നാൽ ഈ സാങ്കൽപ്പിക വസ്തു- മനസ്സുണ്ട് എന്നർത്ഥം. മനസ്സ് വലുതാവുന്നത് തുടർച്ചയായി അതിനെക്കുറിച്ചാലോചിച്ചുറപ്പിച്ചുകൊണ്ടിരിക്കുന്നതിനാലാണ്‌.. അത്തരം ചിന്തകളുപേക്ഷിക്കൂ.

നിന്നിൽ വസ്തുതാബോധം അങ്കുരിക്കുമ്പോൾ നിന്റെ ബോധമണ്ഡലം പരിമിതപ്പെടുന്നു. നീ ഉപാധികൾക്കടിമയാവുന്നു. അതാണു ബന്ധനം. ഈ ഉപാധികളാകുന്ന  പരിമിതികളില്ലാതാവുന്നതാണു മുക്തി. മനസ്സില്ലാത്ത അവസ്ഥ. പ്രകൃതിയുടെ ഗുണഗണങ്ങളുമായി സമ്പർക്കമുണ്ടാവുന്നത് ബന്ധനത്തിനു കാരണമാകുന്നു. ആ സമ്പർക്കമുപേക്ഷിച്ചാൽ അതു മുക്തിയിലേയ്ക്കാണു നയിക്കുക. ഇതറിഞ്ഞ് നിനക്കിഷ്ടമുള്ള പാത സ്വീകരിക്കാം.

‘ഞാൻ അല്ല’, ‘ഇതല്ല’ (നേതി, നേതി) എന്നിങ്ങനെ ഉറപ്പിച്ച് അനന്താകാശം പോലെ അചഞ്ചലനായി വർത്തിക്കുക. ആത്മാവ്, ലോകം എന്നിങ്ങനെ 'രണ്ടായി പിരിഞ്ഞിരിക്കുന്ന' ലോകത്തെ സൃഷ്ടിക്കുന്ന മലിനചിന്തകളെ ഉപേക്ഷിക്കൂ. “ആത്മാവെന്ന ദൃഷ്ടാവിനും ലോകമെന്ന ദൃശ്യത്തിനും മദ്ധ്യേ നീ ദൃഷ്ടിയായി നിലകൊള്ളുന്നു. ഈ ദർശനത്തിന്റെ സാക്ഷാത്കാരം നിന്നുള്ളിലെപ്പോഴും നിറഞ്ഞുവിളങ്ങട്ടെ”. അനുഭവിക്കുന്നയാളിനും അനുഭവത്തിനും ഇടയിൽ നീയാണ്‌ ‘അനുഭവിക്കൽ’ എന്ന പ്രതിഭാസം എന്നറിഞ്ഞ് ആ ആത്മജ്ഞാനത്തിൽ ഉറച്ചു നിൽക്കുക.

ഈ ആത്മാവിനെവിട്ട് നീയൊരു വസ്തുവിനെക്കുറിച്ചു (വിഷയം) ചിന്തിക്കുമ്പോൾ നീ മനസ്സാകുന്നു (വിഷയി). അങ്ങിനെ ദു:ഖത്തിനു പാത്രമാകുന്നു. ആത്മവിദ്യയിൽ നിന്നു വേറിട്ട ബുദ്ധിശക്തിയാണു മനസ്സ്. ദു:ഖത്തിന്റെ മൂലഹേതുവാണത്. ‘എല്ലാമെല്ലാം ആത്മാവുമാത്രം’ എന്ന സാക്ഷാത്കാരമുണ്ടായാൽപ്പിന്നെ മനസ്സില്ല. വിഷയമില്ല, വിഷയി ഇല്ല, ചിന്തകളുമില്ല. ‘ഞാൻ ജീവനാണ്‌’ എന്നു ചിന്തിച്ചാലോ ദു:ഖസങ്കുലമായ മനസ്സുണ്ടാവുന്നു.

‘ഞാൻ ആത്മാവാണ്‌; ജീവനോ അതുപോലെ മറ്റെന്തെങ്കിലും വസ്തുക്കളോ സത്യത്തിൽ ഇല്ല’ എന്ന അറിവുണ്ടായാൽപ്പിന്നെ മനസ്സു നിലച്ചു. പരമാനന്ദമാണു പിന്നെ. “ഈ പ്രപഞ്ചം മുഴുവനും ആത്മാവു മാത്രം‘ എന്ന അറിവിന്റെ വെളിച്ചത്തിൽ മനസ്സെന്ന ഇരുട്ടിനു നിലനിൽപ്പില്ല. മനസ്സെന്ന സർപ്പം ദേഹത്തു കുടിയിരിക്കുമ്പോൾ മാത്രമേ ഭയമുള്ളു. യോഗസാധനകൾ കൊണ്ട് മനസ്സിനെ നീക്കംചെയ്താൽപ്പിന്നെ ഭയത്തിനു സ്ഥനമെവിടെ? 

Dec 16, 2012

218 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 218

ന പശ്യത്യേവ യോത്യർഥം തസ്യ ക: ഖലു ദുർമതി:
വിചിത്രമഞ്ജരീ ചിത്രം സംദർശയതി കാനനം (5/14/3)

വസിഷ്ഠൻ തുടർന്നു: ഈ മായികലോകത്തെ സത്യമെന്നുധരിച്ച് അതിൽ വിശ്വാസമുറപ്പിച്ച് സുഖാനുഭവങ്ങൾക്കായി പരിശ്രമിക്കുന്നവർക്കായല്ല ഞാനീ സംഗതികൾ പറഞ്ഞു തരുന്നത്. “കാണാൻ വിസമ്മതിക്കുന്നവനുവേണ്ടി ഏതൊരു മന്ദബുദ്ധിയാണ്‌ വർണ്ണവൈവിദ്ധ്യമാർന്ന ഒരു വനപ്രദേശം കാട്ടിക്കൊടുക്കാൻ മെനക്കെടുക?” ഏതൊരു വിഡ്ഢിയാണ്‌ മൂക്കു മുഴുവൻ കുഷ്ടം പിടിച്ചറ്റുപോയവനെ സുഗന്ധദ്രവ്യങ്ങളെ മണത്തറിഞ്ഞു വേർതിരിക്കുന്ന സൂക്ഷ്മമായ കല അഭ്യസിപ്പിക്കാൻ ശ്രമിക്കുക? ലഹരിക്കടിമയായ ഒരുവനെ ആരാണ്‌ അതിഭൗതീകതയും തത്വശാസ്ത്രവും പഠിപ്പിക്കുക? ഗ്രാമത്തിലെ കാര്യങ്ങളെപ്പറ്റി ശ്മശാനത്തിൽക്കിടക്കുന്ന ശവത്തോട് ആരാണു തിരക്കുക? അഥവാ അങ്ങിനെ ആരെങ്കിലും ചെയ്താൽത്തന്നെ ആ വിഡ്ഢിത്തത്തെ ആരാണു തടയാൻ ശ്രമിക്കുക? അതുപോലെ അന്ധവും മൂകവുമായ മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്തവനെ ആരാണ്‌ ആത്മവിദ്യ അഭ്യസിപ്പിക്കുക?

വാസ്തവത്തിൽ മനസ്സ് എന്നതൊരു മിഥ്യയാണ്‌..  അതുകൊണ്ടുതന്നെ അതെന്നും കീഴടക്കപ്പെട്ടതുതന്നെയാണ്‌..  എന്നാൽ ഈ മനസ്സെന്ന ‘അവസ്തു’വിനെ വെല്ലാൻ കഴിയാതെ കഷ്ടപ്പെടുന്നവൻ വിഷം കഴിക്കാതെതന്നെ അതിന്റെ ദുരിതമനുഭവിക്കുന്നവനാണ്‌..  ജ്ഞാനി എല്ലായ്പ്പോഴും ആത്മാവിനെ കാണുന്നു. അയാൾ എല്ലാ ചലനങ്ങളേയും പ്രാണന്റെ ഗതിവിഗതികളായി അറിയുന്നു. ഇന്ദ്രിയങ്ങൾ അതാതിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതായും അയാളറിയുന്നു.

അപ്പോൾ ഈ മനസ്സെന്നു പറയുന്നതെന്തിനെയാണ്‌? എല്ലാ ചലനങ്ങളും പ്രാണന്റേതാണ്‌.  എല്ലാ ബോധവും ആത്മാവിന്റേതുമാണ്‌..  ഇന്ദ്രിയങ്ങൾക്ക് അതതിന്റെ ശക്തിയുമുണ്ട്. അപ്പോൾപ്പിന്നെ ഇവയെ എല്ലാം ബന്ധിപ്പിച്ചു നിർത്തുന്നതെന്താണ്‌? ഇതെല്ലാം സർവ്വവ്യാപിയായ ആ അനന്താവബോധത്തിന്റെ ഭാവങ്ങളാണ്‌..  വൈവിദ്ധ്യത, അല്ലെങ്കിൽ ഭിന്നത എന്ന വാക്കിന്‌ യാതൊരു സാംഗത്യവും ഇല്ല തന്നെ. ഈ വിഭിന്നത എന്ന ധാരണ തന്നെ നിന്നിൽ എങ്ങിനെയാണുദയം ചെയ്തത്?

വ്യക്തിഗത ആത്മാവ്, അല്ലെങ്കിൽ ജീവൻ എന്നത് ബുദ്ധിമാന്മാരെപ്പോലും കുഴക്കുന്ന വെറുമൊരു വാക്കല്ലേ? വ്യക്തിബോധം, പരിമിത ബോധം എന്നെല്ലാം പറയുന്നതും അസത്തായ വെറും ഭ്രമകൽപ്പനകൾ മാത്രം. അതിനെന്തുചെയ്യാൻ കഴിയും?

ഏകാത്മകമായ സത്യത്തെ മറയ്ക്കുന്ന മനസ്സെന്ന ഒരു പ്രഹേളികയെ സങ്കൽപ്പിച്ചുണ്ടാക്കി അതിനെക്കൊണ്ടുള്ള ദു;ഖങ്ങളനുഭവിക്കുന്ന അജ്ഞരായവരുടെ നിയതിയോർത്ത് എനിക്കു കഷ്ടം തോന്നുന്നു. ഈ ലോകത്ത് മന്ദബുദ്ധികൾ ജനിക്കുന്നത് ദുരിതാനുഭവങ്ങൾ അനുഭവിച്ചു മരിക്കുവാനായാണ്‌..  ദിനംതോറും ലക്ഷക്കണക്കിനു മൃഗങ്ങൾ കൊല്ലപ്പെടുന്നു. കാറ്റിന്റെ ഊക്കിൽപ്പെട്ട് കോടിക്കണക്കിനു കൊതുകുകൾ ചാവുന്നു. സമുദ്രത്തിലെ ചെറുജീവികളെ വലിയ ജീവികൾ ഭക്ഷിക്കുന്നു. അതിലെല്ലാം ദു:ഖിക്കാനെന്തുണ്ട്?

ബലമേറിയ മൃഗങ്ങൾ ബലം കുറഞ്ഞവയെ കൊന്നു തിന്നുന്നു. ചെറിയൊരെറുമ്പു മുതൽ മഹാദിവ്യന്മാർവരെ എല്ലാവരും ജനനമരണങ്ങൾക്കടിമകളാണ്‌..  ഓരോ നിമിഷവും എണ്ണമറ്റ ജന്തുക്കൾ ജനിക്കുന്നു, മരിക്കുന്നു. ഇതൊന്നും ആളുകൾക്കിഷ്ടപ്പെടുന്നോ ഇല്ലയോ അവർ ദു:ഖിക്കുന്നോ സന്തോഷിക്കുന്നോ എന്നൊന്നും നോക്കിയല്ല സംഭവിക്കുന്നത്. അതുകൊണ്ട് അനിവാര്യമായും സംഭവിക്കുന്ന ഒന്നിനെപ്പറ്റിയും വ്യാകുലപ്പെടാതിരിക്കുകയാണ്‌ ജ്ഞാനികൾ ചെയ്യുക. 

Dec 15, 2012

217 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 217

ജഢത്വാന്നി:സ്വരൂപത്വാത്സർവദൈവ മൃതം മന:
മൃതേന മാര്യതേ ലോകശ്ചിത്രേയം മൗർഖ്യചക്രികാ (5/13/100)

വസിഷ്ഠൻ തുടർന്നു: “മനസ്സ് ജഢമാണ്‌.. അതിനുണ്മയില്ല. അതെന്നും മൃതമാണ്‌.. എന്നാലും ഈ മൃതസത്വം ലോകത്തിലെ ജീവജാലങ്ങളെ 'കൊന്നു'കൊണ്ടേയിരിക്കുന്നു. എത്ര വിചിത്രവും വിസ്മയകരവുമാണീ വിഡ്ഡിത്തം!” മനസ്സിനു സ്വന്തമായി ആത്മാവോ, ദേഹമോ, ആലംബമോ, രൂപമോ ഇല്ല. എങ്കിലും ഈ മനസ്സ് ലോകത്തിലെ എല്ലാമെല്ലാമാണ്‌.. തീർച്ചയായും ഇതൊരു സമസ്യതന്നെ. യഥാർത്ഥ്യത്തിൽ 'ഇല്ലാത്ത മനസ്സെന്നെ പീഢിപ്പിക്കുന്നു' എന്നു പറഞ്ഞാൽ അത് താമരപ്പൂവിതൾ കൊണ്ടെന്റെ തലയടിച്ചുടയ്ക്കുന്നു എന്നു പരാതിപറയും പോലെ അസംബന്ധമാണ്. ആരെങ്കിലും താൻ മനസ്സിന്റെ ഉപദ്രവത്താൽ വലയുന്നു എന്നു പറയുന്നത് ചാന്ദ്രരശ്മിയുടെ ‘ചൂടിൽ’ ചുട്ടുപൊള്ളൂന്നു എന്നു പറയുന്നതുപോലുള്ള വിഡ്ഡിത്തമാണ്‌ . മനസ്സ് ജഢവും, മൂകവും അന്ധവുമാണ്‌..

തന്റെ മുന്നിലുള്ള സൈന്യത്തെ മുഴുവൻ അടിച്ചമർത്തി ഇല്ലാതാക്കുന്ന വീരയോദ്ധാവിനെപ്പോലും ഈ ‘ഇല്ലാത്ത’ മനസ്സ് നശിപ്പിക്കുന്നു. ചിന്തകൾ കൊണ്ടു മെനഞ്ഞ ഈ മനസ്സെന്ന പ്രഹേളികയ്ക്ക് അസ്തിത്വമില്ല. അതിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള അന്വേഷണം നടത്തിയാലോ, അത് അസത്തായിത്തീരുന്നു. മൂഢത്വവും അജ്ഞതയുമാണ്‌ ഈ ലോകത്തിലെ ദു:ഖങ്ങൾക്കു കാരണം. ഈ ലോകസൃഷ്ടിയുടെ കാരണവും മറ്റൊന്നല്ല. ഇതറിഞ്ഞിട്ടുപോലും ഈ അസത്തായ ‘അവസ്തു’ വിനെ ജീവജാലങ്ങൾ പരിപോഷിപ്പിക്കുന്നത് എത്ര വിചിത്രം!

ലോകമെന്ന ഈ വിസ്മയക്കാഴ്ച്ച ഒരു സേനാനായകന്റെ ദു:സ്വപ്നം പോലെയാണ്‌.. സങ്കൽപ്പത്തിലെ ശത്രുവിന്റെ കണ്ണിൽ നിന്നും കാണാച്ചങ്ങലകൾ ബഹിര്‍വമിച്ചു  വന്ന് തന്നെ കെട്ടിവരിയുന്നു എന്ന തോന്നല്‍ !. ശത്രുവിനെപ്പറ്റിയുള്ള സ്വചിന്തകൾ സൃഷ്ടിച്ച അദൃശ്യരായ ശത്രുസേനകളാൽ താൻ ഉപദ്രവിക്കപ്പെടുന്നു. ഇങ്ങിനെ അസ്തിത്വമില്ലാത്ത, മനസ്സുണ്ടാക്കിയ ലോകത്തെ മറ്റൊരു മനസ്സ് നശിപ്പിക്കുന്നു. അതും 'അവസ്തു' തന്നെയെന്നു പറയേണ്ടതില്ലല്ലോ.

ഈ മായക്കാഴ്ച്ചയാകുന്ന ലോകം മനസ്സുതന്നെയാണ്‌.. മനസ്സിന്റെ ഈ സത്യാവസ്ഥ അറിയാൻ കഴിവില്ലാത്തവർക്ക് ശാസ്ത്രം ഉദ്ഘോഷിക്കുന്ന പരമസത്യമെന്തെന്നറിയാൻ യോഗ്യതയില്ല. അങ്ങിനെയുള്ള ഒരാളില്‍ ഈ അതിസൂക്ഷ്മമായ ശാസ്ത്രവിഷയം പതിയുകയില്ല. ആ മനസ്സിന്‌ ലോകമെന്ന മായാക്കാഴ്ചയുടെ പരിമിതമായ അറിവു തന്നെ ധാരാളം. ആ മനസ്സിൽ നിറയെ ഭയമായിരിക്കും. മധുരമായ വീണാനാദവും ദീർഘനിദ്രയിലുള്ള ബന്ധുജനങ്ങൾപോലും അവരെ ഭയപ്പെടുത്തുന്നു. അന്യരുടെ ഒച്ചപ്പാടും കൃമികീടങ്ങളുടെ ദൃശ്യവും അവർക്കു ഭയമാണ്‌.. അജ്ഞാനിയായവൻ ഈ ലോകദൃശ്യത്തിൽ, സ്വന്തം മൂഢമനസ്സിൽ ആമഗ്നനാണ്‌.. അയാൾ തന്റെ തന്നെ ഹൃദയനിവാസിയായ മനസ്സിന്റെ താപത്താൽ ചുട്ടെരിക്കപ്പെടുന്നു. ചിലപ്പോൾ സന്തോഷാനുഭവങ്ങളെ പ്രദാനംചെയ്യുമെങ്കിലും ഈ മനസ്സ് കൊടിയവിഷം പോലെ വിനാശകാരിയാണ്‌.. മൂഢമനസ്സെന്ന ഭ്രമക്കാഴ്ച്ചയിലാകയാൽ അയാൾ സത്യമറിയുന്നില്ല. ഇതെത്ര വിചിതം! 

Dec 14, 2012

216 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 216

പ്രാണശക്തൗ നിരുദ്ധായാം മനോ രാമ വിലീയതേ
ദ്രവ്യച്ഛായാനു തദ്ദ്രവ്യം പ്രാണരൂപം ഹി മാനസം (5/13/83)

വസിഷ്ഠൻ തുടർന്നു: പരമ്പൊരുളിൽ ഉയർന്നുവരുന്ന ഒരു ചിന്താശകലമാണ്‌ വ്യക്തിഗതബോധം. ഈ ബോധശകലം സ്വദേഹബോധത്തിൽ നിന്നും ചിന്തയിൽനിന്നും സ്വതന്ത്രമാവുമ്പോൾ മുക്തിയായി. ലോകമെന്ന ഈ കാഴ്ച്ചയ്ക്കു കാരണം അനന്താവബോധത്തിലുണ്ടാകുന്ന ചിന്താസ്ഫുരണങ്ങളത്രേ. അവ പരിമിതപ്പെട്ട വ്യക്തിഗതബോധങ്ങൾക്കു ബീജമാവുന്നു. ഇങ്ങിനെ  തന്റെ സഹജസ്ഥിതിയായ പ്രശാന്തതയിൽ നിന്നും സ്വയം അകന്നെന്നപോലെ, ചിന്താശകലങ്ങളാൽ കളങ്കപ്പെട്ടപോലെ, വ്യക്തിബോധത്തിൽ ചിന്താശക്തി ഉദയംചെയ്തു. അതിലൂടെ മനസ്സ് ഒരു പ്രപഞ്ചത്തെ സങ്കല്‍പ്പിച്ചു ചിന്തിച്ചുണ്ടാക്കി. “രാമാ, പ്രാണശക്തിയെ നിയന്ത്രിക്കുന്നതിലൂടെ മനസ്സും നിയന്ത്രിക്കപ്പെടുന്നു. വസ്തുവിനെ മാറ്റിയാൽപ്പിന്നെ അതിന്റെ നിഴലുമാത്രമായുണ്ടാവുന്നതെങ്ങിനെ? പ്രാണശക്തിയുടെ നിയന്ത്രണം കൊണ്ട് മനസ്സില്ലാതാകുന്നു.”

പ്രാണശക്തിയുടെ സഞ്ചാരംകൊണ്ടാണ്‌ ഒരുവൻ തനിക്കെവിടെയെങ്കിലും വെച്ചുണ്ടായ അനുഭവങ്ങളെ ഓർമ്മിക്കുന്നത്. അതിനു മനസ്സെന്നു പറയുന്നു. പ്രാണന്റെ ചലനം അനുഭവിക്കുന്നതു മനസ്സാണ്‌.. പ്രാണശക്തിയെ ഇനിപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ നിയന്ത്രണവിധേയമാക്കാം. നിർമമത, പ്രാണായാമം, പ്രാണസഞ്ചാരങ്ങളെക്കുറിച്ചുള്ള അന്വേഷണം, മേധാശക്തികൊണ്ട് ദു:ഖങ്ങളെ ഇല്ലാതാക്കൽ, പരമ്പൊരുളിനെക്കുറിച്ചുള്ള നേരറിവ്, അല്ലെങ്കിൽ അനുഭവം എന്നിവയിലൂടെ പ്രാണനെ നിയന്ത്രിക്കാനാവും.

ഒരു കല്ലിൽ ബുദ്ധിയുണ്ടെന്നനുമാനിക്കാൻ മനസ്സിനാവും, എന്നാൽ മനസ്സിന്‌ സ്വയം ബുദ്ധിയുടെ കണികപോലുമില്ല. കേവലം ജഢമായ പ്രാണശക്തിയാണ്‌ ചലനത്തെ നയിക്കുന്നത്. ബുദ്ധി, ബോധം, വിവേകം എന്നിവ ശുദ്ധവും ശാശ്വതവും സർവ്വവ്യാപിയുമായ ആത്മാവിന്റെ ഭാവങ്ങളാണ്‌.. മനസ്സാണീ രണ്ടും തമ്മിലൊരു ബന്ധമുണ്ടെന്നനുമാനിക്കുന്നത്. എന്നാൽ ഒന്ന് സത്തും മറ്റേത് അസത്തുമാവുമ്പോൾ അവ തമ്മിലുള്ള ബന്ധം സാദ്ധ്യമല്ല. ആ മിഥ്യാബന്ധുതയിൽ നിന്നുണ്ടാവുന്ന എല്ലാ ധാരണകളും അപ്പോള്‍ അസംബന്ധങ്ങൾ തന്നെ. ഇതിനാണ്‌ മായ, അവിദ്യ, അജ്ഞാനം എന്നെല്ലാം പറയുന്നത്. പ്രപഞ്ചമെന്ന ഭ്രമക്കാഴ്ച്ചയാണിത്. പ്രത്യക്ഷലോകമെന്ന പ്രകടനം. പ്രാണശക്തിയും ബോധവും തമ്മിലുള്ള ബന്ധം വെറും സങ്കൽപ്പം മാത്രം. ഈ സങ്കൽപ്പമില്ലെങ്കിൽ പ്രത്യക്ഷപ്പെടാൻ ലോകവുമില്ല.

പ്രാണന്‌ ബോധവുമായുള്ള ഈ ചാർച്ചകാരണം ലോകത്തെ അറിയാനും അനുഭവിക്കാനും സാധിക്കുന്നു. എന്നാൽ ഇതെല്ലാം വ്യർത്ഥമത്രേ. ഒരു കുട്ടി ഇല്ലാത്ത ഭൂതത്തെ ഇരുട്ടിൽ കണ്ടു പേടിക്കുന്നതുപോലെ അയാഥാർത്ഥ്യമത്രേ ഇത്. സത്യത്തിൽ എല്ലാം അനന്താവബോധത്തിലെ സഞ്ചാരങ്ങൾ മാത്രം. പരിമിതമായ ഏതെങ്കിലും ഘടകങ്ങൾക്ക് അനന്തതയെ ബാധിക്കാനാവുമോ? താഴെക്കിടയിലുള്ള ഒരു വസ്തുവിന്‌ ഉയർന്ന തലത്തിലുള്ള ഒന്നിനെ സ്വാധീനിക്കാൻ എങ്ങിനെ സാധിക്കും?

അതുകൊണ്ട് രാമാ, മനസ്സും പരിമിതമായ ബോധവും ഒന്നും ഉണ്മയല്ല. ഈ സത്യം നേരറിവായി മാറുമ്പോൾപ്പിന്നെ മനസ്സില്ല. കാരണം മനസ്സെന്നത് ആദ്യമേ തന്നെ വെറും തെറ്റിദ്ധാരണ മാത്രമായിരുന്നല്ലോ. അപൂർണ്ണമായ അറിവാണിതിനു കാരണം. തെറ്റിദ്ധാരണ നീങ്ങുമ്പോൾ മനസ്സില്ലാതാവുന്നു. 

Dec 13, 2012

215 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 215

യഥാ ശിലമയീ കന്യാ ചോദിതാപി ന നൃത്യതി
തഥേയം കലനാ ദേഹേ ന കിഞ്ചിദവബുദ്ധ്യതേ (5/13/65)

വസിഷ്ഠൻ തുടർന്നു: ഞാനിപ്പറഞ്ഞ ആന്തരീകമായ മേധാശക്തി ഉണർന്നില്ലെങ്കിൽ ജീവനില്‍ യാതൊരറിവും ഉണ്ടാകയില്ല. വെറും  ചിന്തകളിലൂടെയുണ്ടാവുന്ന അറിവ് സത്തായ അറിവല്ലല്ലോ. ചിന്തകൾക്ക് മൂല്യമുണ്ടാവുന്നത് ബോധത്തിന്റെ വെളിച്ചത്തിലാണ്‌.. സുഗന്ധദ്രവ്യം വെച്ച പാത്രത്തിനുണ്ടാവുന്ന സൗരഭ്യത്തിനു കാരണം അതിൽ വെച്ചിട്ടുള്ള വസ്തുവിന്റെ പ്രാഭവമാണല്ലോ. ഇങ്ങിനെ കടം വാങ്ങിയ ബുദ്ധികൊണ്ടാണ്‌ ചിന്തകൾക്ക് അനന്താവബോധത്തിന്റെ ഒരു ചെറുകണികയോളമെങ്കിലും  അറിയാനിടവരുന്നത്. അനന്തമായ പരമപ്രകാശത്തിന്റെ പ്രഭയിൽ മാത്രമേ മനസ്സ് പൂർണ്ണമായും വികാസം പ്രാപിച്ച് പൂത്തുവിടരുകയുള്ളു.

“കല്ലിൽ കൊത്തിവച്ച നർത്തകീ ശിൽപ്പത്തിനോട് നൃത്തമാടാൻ ആവശ്യപ്പെട്ടാൽ അതു സാധിക്കാത്തതുപോലെ ബുദ്ധിശക്തിയുണ്ടെന്നു തോന്നിക്കുമെങ്കിലും ചിന്തകൾക്ക് സ്വയം ഒന്നും അറിയാൻ കഴിയുകയില്ല.” അതിന്‌ ബോധത്തിന്റെ വെളിച്ചം കൂടിയേ തീരൂ. ഛായാപടത്തിലെ പോർക്കളത്തിന്‌ ശരിയായ പോരാട്ടത്തിലുണ്ടാകുന്നപോലെ ഹുങ്കാരമുണ്ടാക്കാനാവുമോ? ഒരു ശവശരീരത്തിന്‌ എഴുന്നേറ്റോടാനാവുന്നതെങ്ങിനെ? ശ്രദ്ധാപൂർവ്വം കല്ലിൽ കൊത്തിവച്ച സൂര്യന്റെ ചിത്രത്തിന്‌ ഇരുട്ടിനെ അകറ്റുവാനാകുമോ? അതുപോലെ ജഢവസ്തുവായ മനസ്സിന്‌ സ്വന്തമായി എന്തുചെയ്യാൻ കഴിയും?

മരുഭൂമിയിലെ മരുപ്പച്ചയ്ക്കുപോലും ജലസദൃശതയുണ്ടാവുന്നത് സൂര്യരശ്മിയുടെ സാന്നിദ്ധ്യംകൊണ്ടു മാത്രമാണ്‌.. അതുപോലെ മനസ്സ് ബുദ്ധിമത്താണെന്നും കർമ്മനിരതമാണെന്നും തോന്നുന്നത് ആന്തരീകമായി ബോധത്തിന്റെ വെളിച്ചം  പരിലസിക്കുന്നതുകൊണ്ടാണ്‌.. അജ്ഞാനികൾ ജീവന്റെ സഞ്ചാരം മനസ്സാണെന്നു തെറ്റിദ്ധരിക്കുന്നു. പക്ഷെ അത് ജീവൻ- പ്രാണശക്തി മാത്രമാണ്‌.. എന്നാൽ ഏതൊരുവന്റെ ബുദ്ധിശക്തി ഛിന്നഭിന്നമാക്കപ്പെടാതെയും ചിന്തകളാൽ പരിമിതപ്പെടാതെയുമിരിക്കുന്നുവോ അവനിൽ പ്രസ്ഫുരിക്കുന്നത് പരമാത്മാവു തന്നെയാണ്‌..

വ്യക്തികൾ വെച്ചുപുലർത്തുന്ന ധാരണകളായ ‘ഇതു ഞാൻ’, ‘ഇതെന്റേത്’ എന്നിവ ജീവശക്തിയുടെ ചിന്താ സഞ്ചാരങ്ങളാണ്‌. ബുദ്ധി അവയുമായി താദാത്മ്യം പ്രാപിക്കുമ്പോൾ അത് ജീവൻ, ജീവാത്മാവ് എന്നെല്ലാം അറിയപ്പെടുന്നു. ബുദ്ധി, മനസ്സ്, ജീവൻ തുടങ്ങിയവ വെറും നാമങ്ങൾ മാത്രമാണ്‌.. ജ്ഞാനികൾപോലും അവ ഉപയോഗിക്കുന്നുണ്ടെങ്കിലും വാക്കുകള്‍ ആത്യന്തികമായ സത്യമല്ലെന്നറിയുക. വെറും ആപേക്ഷികതലത്തിലേ അവയ്ക്ക് സാംഗത്യമുള്ളു. സത്യത്തിൽ മനസ്സില്ല, ബുദ്ധിയില്ല, ശരീരമെടുത്ത ജീവികളും ഇല്ല. ആത്മാവു മാത്രമേ എപ്പോഴും എല്ലായിടത്തും ഉണ്മയായുള്ളു.

ആത്മാവുതന്നെയാണ്‌ ലോകം, ആത്മാവാണു കാലം. ആത്മാവാണ്‌ പരിണാമപ്രക്രിയയും. അതീവസൂക്ഷ്മമായി നിലകൊള്ളുന്നതിനാൽ അതിന്റെ അസ്തിത്വം തന്നെ അത്ര സുവിദിതമല്ല എന്ന് മാത്രം. പ്രതിഫലനമോ പ്രകടനമോ മാത്രമായി പ്രത്യക്ഷമാകുമ്പോഴും അതു സത്യമായി സാക്ഷാത്കരിക്കപ്പെടുന്നുണ്ട്. സത്യം എന്നത് എല്ലാ വിശദീകരണങ്ങൾക്കുമതീതമാണ്‌.. ആത്മവിദ്യയുടെ നേരറിവിലൂടെ മാത്രമേ അതനുഭവേദ്യമാവൂ. ഉൾവെളിച്ചം പ്രകാശിക്കുമ്പോൾ മനസ്സില്ല. വെളിച്ചമുള്ളപ്പോൾ ഇരുട്ടിനെവിടെയാണിടം?

ഇന്ദ്രിയവസ്തുക്കളെ അനുഭവിക്കുന്നതിനായിട്ട് ബോധത്തെ വിഷയമായിക്കാണുമ്പോൾ ആത്മാവിനെ പാടേ മറന്നുപോയിട്ടെന്നപോലെ അവിടെ മനോസൃഷ്ടികളെക്കുറിച്ചുള്ള ചിന്തകളുയരുകയായി. 

Dec 12, 2012

214 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 214

ചേത്യേന രഹിതാ യൈഷാ ചിത്തദ്ബ്രഹ്മ സനാതനം
ചേത്യേന സഹിതാ യൈഷാ ചിത്സേയം കലനോച്യതേ (5/13/53)

വസിഷ്ഠൻ തുടർന്നു: നീ എല്ലാറ്റിനേയും അറിയുന്ന ആത്മാവാണ്‌..  നീ അജനാണ്‌.. പരം പൊരുളാണ്‌..  സർവ്വവ്യാപിയായ ആത്മാവിൽ നിന്നും വിഭിന്നനല്ല നീ. ആത്മാവല്ലാതെ വേറൊരു വിഷയമില്ല എന്ന അറിവുറച്ചവന്‌ സുഖദു:ഖജന്യങ്ങളായ പ്രശ്നങ്ങൾ ബാധിക്കുകയില്ല. കളിമണ്ണിനും സ്വർണ്ണക്കട്ടയ്ക്കും ഒരേ മൂല്യം കൽപ്പിക്കുന്നവന്‌ ഒന്നിനോടും ഇഷ്ടാനിഷ്ടങ്ങളില്ല. അങ്ങിനെ, പ്രത്യക്ഷലോകമെന്ന ദൃശ്യത്തെ ന്യായീകരിക്കുന്ന വാസനകൾ യാതൊന്നുമില്ലാത്തവൻ യോഗിയാണ്‌..  അയാൾ എന്തൊക്കെ ചെയ്താലും, എന്തൊക്കെ ആസ്വദിച്ചാലും, എന്തൊക്കെ നശിപ്പിച്ചാലും അയാളുടെ ബോധം സർവ്വസ്വതന്ത്രവും സുഖദു:ഖങ്ങളെ ഒരേപോലെ കാണാൻ പര്യാപ്തവുമത്രേ. അഭിമതം, അനഭിമതം എന്നിങ്ങനെ കർമ്മങ്ങളെ വേർതിരിക്കാതെ ചെയ്യുന്നവരെ ആ കർമ്മങ്ങൾ പിടികൂടുന്നില്ല. അനന്താവബോധമല്ലാതെ മറ്റൊന്നുമില്ല എന്നു ദൃഢമായുറച്ചവനെ സുഖാനുഭവചിന്തകൾ അലട്ടുന്നില്ല. അവൻ ആത്മനിയന്ത്രണമുള്ളവനും പ്രശാന്തനുമാണ്‌.. 

മനസ്സിന്റെ സഹജഭാവം ജഢമാണ്‌..  അത് അനന്താവബോധത്തിൽ നിന്നും ബുദ്ധിയെ കൈക്കൊണ്ട് അനുഭവലാഭത്തിയായി പരിശ്രമിക്കുന്നു. ചിത്ശക്തിയുടെ പ്രഭാവത്താൽ വന്നുചേരുന്ന വിഷയങ്ങളുമായി മനസ്സിനു സമ്പർക്കമുണ്ടാവുന്നു. മനസ്സ് അവബോധത്തിന്റെ ദയവിലാണ്‌ പ്രവർത്തനോന്മുഖമാവുന്നത്. അതീ പ്രപഞ്ചത്തെപ്പറ്റിയുള്ള വൈവിദ്ധ്യമാർന്ന ധാരണകളെ ചിന്തകളായി നിലനിർത്തുന്നു. മനസ്സിന്റെ വെളിച്ചം ഈ അവബോധമൊന്നു മാത്രമാണ്‌..  അല്ലെങ്കിൽ ഈ ജഢമനസ്സിന്‌ ബുദ്ധിയോടെ വർത്തിക്കാനാവുന്നതെങ്ങിനെ? ബോധമണ്ഡലത്തിലെ ചൈതന്യത്തിലുണ്ടാകുന്ന മിഥ്യയായ ചലനമാണ്‌ മനസെന്ന് വേദശാസ്ത്ര വിജ്ഞാനമുള്ളവർ പറയുന്നു. സർപ്പശീൽക്കാരം പോലെ മനസ്സിൽ നിന്നു വിക്ഷേപിക്കുന്നവയാണ്‌ ചിന്തകളും ആശയങ്ങളും.

“ബോധത്തിൽനിന്നും സങ്കൽപ്പധാരണകൾ മാറ്റിയാല്‍ അവശേഷിക്കുന്നതു പരബ്രഹ്മം. ബോധത്തിനോട് സങ്കൽപ്പധാരണകൾ ചേർന്നാൽ ചിന്തകൾ.” അവയിലൊരംശമെന്നപോലെ ഹൃദയത്തിൽ ഉണ്മയായി അതു നിലകൊള്ളൂന്നു. ഇത്‌ പരിമിതബുദ്ധി അല്ലെങ്കിൽ വ്യക്തിഗത ബോധം എന്നറിയപ്പെടുന്നു. എന്നാൽ ഈ പരിമിതബോധം തന്റെ മൂലസ്വഭാവമായ അനന്താത്മകതയെ ‘മറന്ന്’ ജഢമായി തുടരുകയാണ്‌..  അതുപിന്നെ ചിന്താശക്തിയായി ഇഷ്ടാനിഷ്ടങ്ങളുടെ പ്രകടനങ്ങളായ ‘തള്ളലും കൊള്ളലും’ സഹജഭാവങ്ങളാക്കുന്നു.

വാസ്തവത്തിൽ അനന്താവബോധമാണിതൊക്കെ 'ആയിത്തീർ'ന്നത്. എന്നാൽ ആ വസ്തുതയിലേയ്ക്ക്, അനന്തതയിലേയ്ക്ക്, ഉണരുംവരെ അതിന്‌ സ്വയം ആത്മാവാണു താനെന്ന അറിവില്ല. അതുകൊണ്ട് മനസ്സിനെ ശാസ്ത്രോക്തങ്ങളായ നിർമമത, ഇന്ദ്രിയനിയന്ത്രണം മുതലായവയുടെ സഹായത്തോടെ ഉണർത്താനുള്ള പരിശ്രമം ചെയ്യണം. മേധാശക്തി അങ്ങിനെ ഉണർത്തിയാൽ അതു പരബ്രഹ്മമായി തെളിയുകയായി. അല്ലെങ്കിൽ അതു ലോകാനുഭവങ്ങൾ ആർജ്ജിച്ചുകൊണ്ടേയിരിക്കും 

Dec 11, 2012

213 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 213

ധാവമാനമധോഭാഗേ ചിത്തം പ്രത്യാഹരേദ്ബലാത്
പ്രത്യാഹാരേണ പതിതമധോ വാരീവ സേതുനാ (5/13/30)

വസിഷ്ഠൻ തുടർന്നു: ആരിലാണോ വിഷയാദികൾക്കായുള്ള അത്യാഗ്രഹവും അവയോടുള്ള നിരാസവും എന്നീ ദ്വന്ദഭാവങ്ങൾ ഒടുങ്ങിയത്, അവർ ഒന്നിനുവേണ്ടിയും ആശിക്കുന്നില്ല. ഒന്നിനേയും അവർക്ക് തള്ളാനുമില്ല. ഈ ദ്വന്ദചോദനകൾ (ആഗ്രഹ-നിരാസങ്ങൾ) ഒടുങ്ങിയാലല്ലാതെ മനസ്സിൽ പ്രശാന്തിയും സമതാഭാവവും ഉണ്ടാവുകയില്ല. ‘ഇതു സത്ത’, ‘ഇതസത്ത’ എന്നിങ്ങനെയുള്ള തരംതിരിവ് ഉള്ളിലുള്ളവർക്കും സമാധാനമുണ്ടാവുകയില്ല. ‘ഇതു ലാഭം’, ‘ഇതു നഷ്ടം’ എന്നും ‘ഇതു ശരി’, ‘ഇതു തെറ്റ്’ എന്നുമെല്ലാം വേർതിരിച്ച് കാണുന്നവരിൽ സമത, നൈർമ്മല്യം, നിർമമത എന്നീ സദ്ഗുണങ്ങൾ എങ്ങിനെയുണ്ടാവാനാണ്‌? ബ്രഹ്മം എന്ന ഒന്നേയൊന്നുമാത്രം എന്നെന്നും ഒന്നായും പലതായും നിലകൊള്ളുമ്പോൾ ശരി തെറ്റുകൾക്കെന്തു സ്ഥാനം? മനസ്സ് ഇഷ്ടാനിഷ്ടങ്ങളിൽ അഭിരമിക്കുമ്പോൾ സമതാഭാവം ഇല്ലല്ലോ?.

സഹജമായും പ്രയത്നരഹിതമായും ആഗ്രഹ-നിരാസ ദ്വന്ദചോദനകളില്ലാത്തവരിൽ പ്രത്യാശയില്ലായ്മ, ഭയമില്ലായ്മ, നൈഷ്കർമ്മ്യം, ദൃഢത, സമത, ധൈര്യം, സഹിഷ്ണുത, മേധാശക്തി, അനാസക്തി, നന്മ, കുടിലതയില്ലായ്മ, സദ്ഭാഷണം, സൗഹൃദം, ജ്ഞാനം, സംതൃപ്തി എന്നീ ഗുണങ്ങൾ വിരാജിക്കുന്നു.

“മനസ്സിന്റെ ഒഴുക്കിനെ അധ:പ്പതനത്തിൽ നിന്നും തടയുക എന്നത് സാധകന്റെ കടമയാണ്‌.. പുഴയുടെ ഒഴുക്കിനെ തടയാനായി അണകെട്ടാറുണ്ടല്ലോ.” ബാഹ്യവസ്തുക്കളുമായുള്ള ബന്ധമെല്ലാമവസാനിപ്പിച്ചശേഷം വൈവിദ്ധ്യമാർന്ന കർമ്മങ്ങളിലേർപ്പെട്ടിരിക്കുകയാണെങ്കിലും മനസ്സിനെ ഉള്ളിലേക്കുന്മുഖമാക്കി അവിടെയുള്ള എല്ലാറ്റിനേയും പറ്റി ചിന്തിക്കുക. വിജ്ഞാനത്തിന്റെ മൂർച്ചയേറിയ വാളുകൊണ്ട് മനോപാധികളാകുന്ന വലയുടെ കണ്ണികളെ  അറുത്തെറിയുക. ആസക്തികൾ, ധാരണകൾ, ചോദനകൾ, സ്വീകാര-നിരാസങ്ങൾ എല്ലാം ഈ വലയുടെ കണ്ണികളത്രേ. അവയാണല്ലോ ലോകമെന്ന ഈ പ്രകടനത്തിനുത്തരവാദികൾ. മനസ്സിനെ മനസ്സുകൊണ്ടറുത്തുമാറ്റുക. ശുദ്ധനൈർമ്മല്യാവസ്ഥയെ പ്രാപിച്ചാൽ അതിൽത്തന്നെ ദൃഢമായുറച്ചുനിൽ ക്കുക.

മനസ്സുകൊണ്ട് മനസ്സിനെ നീക്കി മനസ്സിനെ നിരാകരിക്കുന്ന ആ ചിന്താശകലത്തെപ്പോലും ഉപേക്ഷിക്കുക. അങ്ങിനെ നിനക്കീ പ്രത്യക്ഷലോകത്തെ അപ്പാടെ ഇല്ലാതാക്കാം. ഇങ്ങിനെ ലോകമില്ലാതായാല്‍പ്പിന്നെ ഭ്രമകൽപ്പനകൾ ഇല്ല. മനസ്സിൽ ലോകം വിണ്ടും വീണ്ടും പ്രത്യക്ഷപ്പെടുകയില്ല. ലോകത്തിന്റെ അയാഥാർത്ഥ്യസ്ഥിതിയിൽ രൂഢമൂലമായിരിക്കുമ്പോഴും ലൗകീകകർമ്മങ്ങൾ ഭംഗിയായി അനുഷ്ഠിക്കുക. ആ കർമ്മങ്ങളിൽ ആശയോ പ്രതീക്ഷകളോ അർപ്പിച്ച് അവയോടു ബന്ധം സ്ഥാപിക്കേണ്ടതില്ല. സമതയിലഭിരമിച്ച് സ്വാഭാവികമായി, സഹജമായി വന്നുചേരുന്ന കർമ്മങ്ങളെ ഭംഗിയായി ചെയ്തുതീർക്കുക. എന്താണു വന്നുചേർന്നതെന്നതിനെപ്പറ്റി ചിന്തിക്കാതെ, ഒന്നും പ്രതീക്ഷിക്കാതെ, ചോദിക്കാതെ വന്നുചേർന്നവയെ നിർമമതയോടെ സ്വീകരിക്കുക. ഭഗവാൻ സ്വയം കർത്താവും അകർത്താവുമാണെന്നു പറയപ്പെടുന്നു. നീയും അതുപോലെയാവുക. അനിച്ഛാപൂർവ്വം കർമ്മം ചെയ്യുക. അങ്ങിനെ നിയതകർമ്മങ്ങളുടെ കർത്താവും അകർത്താവുമാവുക. 

Dec 10, 2012

212 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 212

അയമേവാഹമിത്യസ്മിൻ സങ്കോചേ വിലയം ഗതേ
അനന്തഭുവനവ്യാപീ വിസ്താര ഉപജായതേ (5/13/15)

വസിഷ്ഠൻ തുടർന്നു: അതുകൊണ്ട് രാമാ, ജനകമഹാരാജാവ് ചെയ്തതുപോലെ ആത്മവിചാരംചെയ്യൂ. അങ്ങിനെ നിനക്ക് അറിയപ്പെടേണ്ടതായി എന്തുണ്ടോ അതറിഞ്ഞ ജ്ഞാനികളുടെ അവസ്ഥയെ നിഷ് പ്രയാസം പ്രാപിക്കാം. തുടർച്ചയായി ഇന്ദ്രിയങ്ങളാകുന്ന ശത്രുക്കളെ നേരിടേണ്ടി വന്നേക്കാമെങ്കിലും സ്വപരിശ്രമത്തിൽ നിന്നുണ്ടാകുന്ന ആത്മസംതൃപ്തി വലുതാണല്ലോ. അങ്ങിനെ അനന്തമായ ആത്മാവിനെ സാക്ഷാത്കരിക്കുമ്പോൾ ദു:ഖങ്ങൾക്ക് അറുതിയായി. ഭ്രമാത്മകതയുടെ വിത്തുകളും ദൗർഭാഗ്യങ്ങളും നശിക്കുമ്പോള്‍ ദുഷ് പ്രവണതകൾ ഇല്ലാതാവുന്നു. അതുകൊണ്ട് ജനകനേപ്പോലെയാവൂ. സ്വയംപ്രഭമായ ആത്മാവിന്റെ വെളിച്ചത്തിൽ ആത്മാവിനെ സാക്ഷാത്കരിച്ചാലും.

രാമാ, ഉത്തമനായിത്തീരൂ. ജനകനേപ്പോലെ നിരന്തരം ആത്മവിചാരംചെയ്യുന്ന,  നിരന്തരം മാറ്റങ്ങൾക്കുവിധേയമായിക്കൊണ്ടിരിക്കുന്ന ജഗത്തിനെ സാക്ഷിഭാവത്തില്‍ വീക്ഷിക്കുന്ന, ഏതൊരുവനും കാലക്രമത്തിൽ ആത്മജ്ഞാനം ലഭ്യമത്രേ. ഈശ്വരനോ യാഗകർമ്മങ്ങളോ, സമ്പത്തോ, ബന്ധുക്കളോ ഒന്നും ഇതിൽ നമുക്കുതകുകയില്ല. ലോകമെന്ന മായക്കാഴ്ച്ചയിൽ ഭീതിയുള്ളവർക്ക് ആത്മജ്ഞാനത്തിനുള്ള മാർഗ്ഗം ആത്മാന്വേഷണം എന്ന സ്വപ്രയത്നം തന്നെയാണ്‌... നിന്നെപ്പോലുള്ളവർ ദൈവങ്ങളിലോ, യാഗകർമ്മങ്ങളിലോ, എന്നുവേണ്ട വിചിത്രങ്ങളായ ആചാരധർമ്മങ്ങളെ ആശ്രയിക്കുന്ന ഭ്രമചിത്തന്മാരായ ഗുരുക്കന്മാരുടെ പാതകളിലോ ഒന്നും പോയി വീഴരുതേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

സംസാരസാഗരം തരണംചെയ്യാൻ പരമാർത്ഥജ്ഞാനംകൂടിയേ തീരൂ. അതായത് മേധാശക്തിയെ ഛിന്നഭിന്നമായിപ്പോകാതെ ഏകാത്മകമായും ഇന്ദ്രിയങ്ങളുടെ നിറഭേദങ്ങൾക്കടിമപ്പെടാതെ ജാഗ്രതയോടെയും ഉചിതമായി വിനിയോഗിച്ച് സ്വയം ആത്മാവിനെ ആത്മാന്വേഷണത്തിലൂടെ ആത്മാവെന്നു തിരിച്ചറിഞ്ഞു കണ്ടാലാണിതു സാദ്ധ്യമാവുക. ജനകമഹാരാജാവിന്‌ ആത്മജ്ഞാനമുണ്ടായ കഥ ഞാൻ പറഞ്ഞു. എങ്ങുനിന്നോ ലഭിച്ച കൃപാലേശം മൂലം സ്വർഗ്ഗത്തിൽ നിന്നും ജ്ഞാനത്തിന്റെ അമൃതബിന്ദു താഴെവീണുകിട്ടിയതുപോലെയായിരുന്നു അത്. ജനകനെപ്പോലെ വിവേകശാലികളായവർക്ക് അവരുടെയുള്ളിലങ്കുരിക്കുന്ന ആത്മപ്രകാശംകൊണ്ട് ലോകമെന്ന മായക്കാഴ്ച്ച ക്ഷണത്തിൽ ഇല്ലാതാകുന്നതാണനുഭവം.

“ഞാൻ ഇന്നയാളാണ്‌ എന്ന പരിമിതവും ഉപാധിസ്ഥവുമായ തോന്നൽ ഇല്ലാതാവുമ്പോൾ സർവ്വവ്യാപിത്വമാർന്ന അനന്താവബോധത്തിന്റെ ഉദയമായി” അതുകൊണ്ട് രാമാ, നീയും ജനകൻ ചെയ്തതുപൊലെ മനസ്സിലുദിക്കുന്ന ഭാവനാത്മകവും അസത്തുമായ അഹം ഭാവത്തെ ഉപേക്ഷിച്ചാലും. അഹംഭാവം നീങ്ങിയാൽ ആത്മജ്ഞാനത്തിന്റെ വെളിച്ചം നിന്നിലുദിക്കും, തീർച്ച. അഹമാണ്‌ ഏറ്റവും കൊടിയ അന്ധകാരം. അതില്ലാതായാൽ അകമ്പൊരുൾ പ്രകാശം സ്വയം പ്രഭാസിക്കുന്നു.

ആരൊരുവൻ സ്വയം ‘ഞാൻ ഇല്ല’ എന്നറിയുന്നുവോ അവന്‌ ‘മറ്റുള്ളവരും ഇല്ലെന്ന്’അറിയാം. അയാൾക്ക് ‘ഇല്ലായ്മപോലും ശരിക്കും ഉള്ളതല്ല’ എന്നുമറിയാം. ഇങ്ങിനെ മാനസീകവ്യാപാരങ്ങളൊഴിഞ്ഞയാൾക്ക് 'നേടേണ്ട'തായി യാതൊന്നുമില്ല. രാമാ, ബന്ധനം എന്നത് എന്തെങ്കിലും നേടാനുള്ള ആർത്തിയും മറ്റുള്ളവർ അനഭികാമ്യമെന്നുകരുതുന്നതിനെ വരിക്കാതിരിക്കാനുള്ള ആശങ്കാകുലതയുമാണ്‌.. അത്തരം ആശങ്കയ്ക്കടിമയാകാതിരിക്കൂ. അഭിമതങ്ങളായവയെ നേടുക എന്നത് നിന്റെ ലക്ഷ്യവുമാകാതെയുമിരിക്കട്ടെ. ഈ രണ്ടു മനോഭാവങ്ങളേയുമുപേക്ഷിച്ച് ബാക്കി എന്താണോ ഉള്ളത്, അതിൽ അഭിരമിച്ചാലും.

Dec 9, 2012

211 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 211

പ്രജ്ഞയേഹ ജഗത്സർവം സംമ്യഗേവാംഗ ദൃശ്യതേ
സംയഗ് ദർശനമായാന്തി നാപദോ നച സമ്പദ: (5/12/38)

വസിഷ്ഠൻ തുടർന്നു: പരിഹരിക്കാനാവാത്ത എന്തെന്തു ദു:ഖങ്ങളുണ്ടായാലും അന്ത:പ്രകാശമാവുന്ന വിജ്ഞാനത്തിന്റെ തോണിയില്‍ക്കയറി പോംവഴി കണ്ടെത്താം. എന്നാൽ ഈ വിജ്ഞാനമില്ലാത്തവൻ ചെറിയൊരു പ്രശ്നത്തിൽപ്പോലും വ്യാകുലചിത്തനാകുന്നു. ഈ ഉൾവെളിച്ചമുള്ളവന്‌, അവന്‍ പഠിക്കാത്തവനാണെങ്കിലും, ഏകാന്തനാണെങ്കിലും ദു:ഖസാഗരത്തിന്റെ മറുകരകാണുക ക്ഷിപ്രസാദ്ധ്യമത്രേ. മറ്റൊരാളിന്റെ സഹായമവനാവശ്യമില്ല. എന്നാൽ വിജ്ഞാനമില്ലാത്തവന്‌ അവന്റെ മൂലധനമടക്കം എല്ലാം നഷ്ടമാവുന്നു.

അതുകൊണ്ട് ഈ ഉൾവെളിച്ചത്തിനായി ഏവരും പരിശ്രമിക്കണം. ഫലങ്ങളാഗ്രഹിക്കുന്നയാൾ തോട്ടത്തിനെ പരിരക്ഷിക്കുമ്പോലെ ജാഗ്രതയോടെവേണം ഇതുചെയ്യാൻ. വേണ്ടപോലെ പരിപോഷിപ്പിച്ചാൽ ഈ ഉൾവെളിച്ചം ആത്മജ്ഞാനത്തെ പ്രദാനംചെയ്യുന്നു. ലൗകീകകാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുന്നതിനുപകരം, ആതമജ്ഞാനം നേടുവാനാണ്‌ ആദ്യം ശ്രമിക്കേണ്ടത്. ആദ്യം തന്നെ ദു:ഖദുരിതങ്ങളുടെ വിളനിലമായ മനോമാന്ദ്യത്തെ നീക്കണം. കാരണം, ലോകമെന്ന  വൃക്ഷത്തിന്റെ വിത്താണത്. സ്വർഗ്ഗനരകങ്ങളിൽ നേടാവുന്നതെല്ലാം ആത്മജ്ഞാനിക്ക് ‘ഇവിടെ ഇപ്പോൾ’ സാദ്ധ്യമാണ്‌.. ജ്ഞാനത്താല്‍  മാത്രമാണ് സംസാരസാഗരം തരണംചെയ്യാൻ കഴിയുക. ദാനധർമ്മാദികൾക്കോ തീർത്ഥാടനങ്ങൾക്കോ സന്യാസത്തിനോ ഒന്നും അതിനു കഴിയില്ല. ഈ വിജ്ഞാനംകൊണ്ടാണ്‌ സിദ്ധന്മാരായ ദിവ്യപുരുഷന്മാർ അവരുടെ കഴിവുകൾ നേടിയത്. രാജാക്കന്മാരും അവരുടെ സിംഹാസനം നേടിയതും ജ്ഞാനത്താലത്രേ.

ജ്ഞാനം സ്വർഗ്ഗപാതയെ സുഗമമാക്കുന്നു. പരമമായ നന്മയെ, മുക്തിയെ പ്രദാനംചെയ്യുന്നു. ഈ വിജ്ഞാനമാണ്‌ ഒരു സാധാരണക്കാരനെ ശക്തനായൊരു എതിരാളിയെപ്പോലും ജയിക്കാൻ പര്യാപ്തനാക്കുന്നത്. കഥകളില്‍പ്പറയുന്ന, ആഗ്രഹിക്കുന്നതെന്തും നല്കുന്ന ചിന്താമണിപോലെയാണു രാമാ, ഈ ജ്ഞാനം എന്നു പറയുന്ന ഉൾവെളിച്ചം. ഈ വെളിച്ചത്തിൽ സംസാരസാഗരത്തിന്റെ മറുകരയെത്തൽ സുസാദ്ധ്യം. അതില്ലാത്തവനോ, അവനീ സാഗരത്തിൽ മുങ്ങിപ്പോകുന്നു. ജ്ഞാനപ്രകാശം ഒരുവന്റെ ബുദ്ധിശക്തിയെയും അറിവിനെയും നേരായവഴിയിൽ നയിക്കുന്നതിനാൽ ജ്ഞാനിക്ക് പാതയിൽ തടസ്സങ്ങൾ നേരിടേണ്ടി വരുന്നില്ല. വിഭ്രാന്തലേശമില്ലാത്ത മനസ്സിനെ ആശകളോ ദുഷ്ടചിന്തകളോ, പോരായ്മകളോ സമീപിക്കുകപോലുമില്ല.

“ജ്ഞാനമാകുന്ന ഉൾവെളിച്ചത്തിൽ ലോകത്തെ അതിന്റെ സഹജഭാവത്തിൽ വ്യക്തമായി കാണാം. ഇങ്ങിനെ വ്യക്തവും പൂർണ്ണവുമായ കാഴ്ച്ചയുള്ളവനെ ഭാഗ്യനിർഭാഗ്യങ്ങൾ സമീപിക്കുകകൂടിയില്ല.” സൂര്യനെ മറയ്ക്കുന്ന കാർമേഘത്തെ മാറ്റാൻ കാറ്റിനാവും. ആത്മാവിനെ വലയം ചെയ്തിരിക്കുന്ന അഹംഭാവമെന്ന ആന്ധ്യമകറ്റാൻ ജ്ഞാനമെന്ന ഉൾവെളിച്ചത്തിനാവും. ധാന്യവിള കൊയ്യാനാഗ്രഹിക്കുന്നവൻ പാടമുഴുത് മണ്ണു തയ്യാറാക്കുന്നതുപോലെ പരമാവബോധം ലക്ഷ്യമായുള്ളവൻ ആദ്യം തന്റെ മനസ്സ് ശുദ്ധീകരിക്കണം. അതിനായി ജ്ഞാനമെന്ന ഉൾവെളിച്ചംകൊണ്ട് തന്റെ ഉള്ളം നിറയ്ക്കണം. 

Dec 8, 2012

210 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 210

അനാമൃഷ്ടവികല്പാംശുശ്ചിദാത്മാ വിഗതാമയ:
ഉദിയായ ഹൃദാകാശോ തസ്യ വ്യോമ്നീവ ഭാസ്കര: (5/12/6)

വസിഷ്ഠൻ തുടർന്നു: ജ്ഞാനസാക്ഷാത്കാരത്തിന്റെ നിറവിൽ ജനകരാജൻ തന്റെ  നിയതകര്‍മ്മമായ  രാജഭരണം വളരെ ഭംഗിയായി നിർവ്വഹിച്ചു വന്നു. അദ്ദേഹത്തിൽ ആ കർമ്മങ്ങൾ ഒരു വിധത്തിലുമുള്ള  ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് മാനസീകവും ആത്മീയവുമായ അടിത്തറയും ആർജ്ജവവും ഉണ്ടായിരുന്നു താനും. അദ്ദേഹത്തിന്റെ മനസ്സ് രാജകീയഭോഗങ്ങളിലേയ്ക്ക് ആകർഷിക്കപ്പെട്ടില്ല. നിരന്തരം സുഷുപ്തിയിലെന്നപോലെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥിതി. അദ്ദേഹത്തിന്‌ ഒന്നും നേടാനോ ഉപേക്ഷിക്കുവാനോ ഇല്ലായിരുന്നു. യാതൊരു മന:ശ്ചാഞ്ചല്യവുമില്ലാതെ അദ്ദേഹം ‘ഇപ്പോൾ, ഇവിടെ’ (വർത്തമാനത്തിൽ) എന്ന ഉണർവ്വോടെ ഉത്തമജീവിതം നയിച്ചു. അദ്ദേഹത്തിന്റെ വിവേകവിജ്ഞാനാദികളിൽ വീഴ്ച്ചയോ മേധാശക്തിയിൽ  കളങ്കമോ ഒരിക്കല്‍പ്പോലും  ഉണ്ടായില്ല.

“അദ്ദേഹത്തിന്റെ ഹൃദയത്തിൽ ആത്മജ്ഞാനത്തിന്റെ വെളിച്ചം - ചിദാത്മാവുദിച്ചിരുന്നു. ചക്രവാളത്തിലുദിച്ചുയരുന്ന സൂര്യനെപ്പോലെ, മാലിന്യലേശമേശാതെ, ദു:ഖത്തിന്റെ കണികപോലുമില്ലാതെയാണാ ചിദാത്മസ്വരൂപോദയം ഉണ്ടായത്.” ഈ വിശ്വത്തിലെ എല്ലാമെല്ലാം സ്ഥിതിചെയ്യുന്നത് ചിദ്-ശക്തിയിലാണെന്നദ്ദേഹം കണ്ടു. ആത്മജ്ഞാനനിരതനാകയാൽ അനന്തമായ ആത്മാവിൽ അദ്ദേഹം എല്ലാം ദർശിച്ചു. എന്തു സംഭവിക്കുന്നതും അതതിന്റെ സഹജസ്വഭാവം മൂലമാണെന്നറിഞ്ഞതുകൊണ്ട് അദ്ദേഹത്തെ അതീവമായ ആഹ്ലാദമോ ദു:ഖമോ തീണ്ടിയില്ല. നിരന്തരമായ സമതാഭാവം അദ്ദേഹത്തിൽ നിലനിന്നിരുന്നു. ജീവന്മുക്തനായിരുന്നു അദ്ദേഹം - ജീവിച്ചിരിക്കേ മുക്തിപദം പ്രാപിച്ചയാൾ.

നിസ്സംഗനായി, എന്നാൽ ഭംഗിയായി രാജഭരണം ചെയ്തുവരുമ്പോൾ തനിക്കു ചുറ്റുമുള്ള നന്മ-തിന്മകൾ ജനകനിലുണ്ടായിരുന്ന ആത്മജ്ഞാനത്തെ വളർത്തുകയോ തളർത്തുകയോ ചെയ്തില്ല. അനന്താവബോധത്തിൽ സ്ഥിരപ്രതിഷ്ഠനായിരുന്നതുകൊണ്ട് വൈവിദ്ധ്യമാർന്ന രാജകീയ കർമ്മധർമ്മങ്ങൾ ഉചിതമായി നടത്തുമ്പോഴും അദ്ദേഹം കർമ്മരഹിതന്റെ അവസ്ഥയിലായിരുന്നു. കാരണം, അദ്ദേഹത്തിൽ എല്ലാവിധ വാസനകളും ധാരണകളും അസ്തമിച്ചിരുന്നു. അതുകൊണ്ട് പ്രത്യക്ഷത്തിൽ കർമ്മനിരതനായിരിക്കുമ്പോഴും അദ്ദേഹം ഗാഢസുഷുപ്തിയിലെന്നപോലെ  പ്രശാന്തനായിരുന്നു. ഭൂത-ഭാവി കാല കാര്യങ്ങൾ അദ്ദേഹത്തെ അലട്ടിയില്ല. ഒരു പുഞ്ചിരിയോടെ, പാരിപൂർണ്ണമായും വർത്തമാനത്തിൽ മാത്രമായി അദ്ദേഹം ജീവിച്ചു.

ജനകന്റെ നേട്ടങ്ങളെന്തായിരുന്നാലും അതുണ്ടായത് ആത്മജ്ഞാനാന്വേഷണത്തിന്റെ ശക്തിമൂലമാണ്‌... ജനകനെ മാതൃകയാക്കി സത്യാന്വേഷണം ചെയ്ത് ജ്ഞാനത്തിന്റെ പരമസീമയിലെത്താൻ നാം പരിശ്രമിക്കണം. ഒരു ഗുരുവിനെ കിട്ടിയതുകൊണ്ടോ ശാസ്ത്രഗ്രന്ഥപഠനംകൊണ്ടോ സദ്കർമ്മങ്ങൾ ചെയ്തതുകൊണ്ടോ ആത്മജ്ഞാനം ഉണ്ടാവുകയില്ല. അതിന്‌ സദ് വൃത്തരുമായുള്ള സദ്സംഗം നല്‍കുന്ന പ്രചോദനത്താല്‍  സ്വയം ചെയ്യുന്ന ആത്മാന്വേഷണം മാത്രമേ വഴിയുള്ളു. ഒരുവനില്‍ അകമേ ഉദിക്കുന്ന ജ്ഞാനപ്രകാശം മാത്രമേ അതിനു വഴികാട്ടിയായുള്ളു. ഈ വെളിച്ചം കെടാതെ സൂക്ഷിച്ചാൽ യാതൊരന്ധകാരത്തിനും അവിടെ സ്ഥാനമുണ്ടാവുകയില്ല. 

Dec 7, 2012

209 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 209

ചിത്ത ചഞ്ചല സംസാര ആത്മനോ ന സുഖായ തേ
ശമമേഹി ശമാച്ഛാന്തം സുഖം സാരമവാപ്യതേ (5/11/5)

വസിഷ്ഠൻ തുടർന്നു: ഇങ്ങിനെ ചിന്തിച്ച് ജനകരാജാവ് അവിടെ നിന്നെഴുന്നേറ്റു. ദിവസവും സൂര്യൻ ചക്രവാളത്തിലുദിക്കുമ്പോള്‍ മുതൽ തന്റെ രാജധർമ്മങ്ങൾ യാതൊരാസക്തിയുമില്ലാതെ അദ്ദേഹം  നിർവ്വഹിച്ചു വന്നു. എല്ലാ മനോപാധികളിൽ നിന്നും, ധാരണാസങ്കൽപ്പ-വികൽപ്പങ്ങളിൽ നിന്നും അദ്ദേഹം മുക്തനായിരുന്നു. തികച്ചും ജാഗ്രദാവസ്ഥയിലാണെങ്കിലും ദീർഘനിദ്രയിലെ ശരീരകർമ്മങ്ങളെന്നപ്പോലെ നിസ്സംഗതയോടെ ഉത്തമവും ഉചിതവുമായ കർമ്മങ്ങളിലേർപ്പെട്ട് അദ്ദേഹം രാജധർമ്മം പരിപാലിച്ചു. മാമുനിമാരെ ആദരിക്കുന്നതുൾപ്പടെയുള്ള നിത്യകർമ്മങ്ങളനുഷ്ഠിച്ച് ദിനാന്ത്യത്തിൽ തന്റെ പള്ളിയറയിലെ ഏകാന്തതയിൽ ധ്യാനനിരതനായിക്കഴിഞ്ഞു. അതദ്ദേഹത്തിനു സഹജമായും ക്ഷിപ്രസാദ്ധ്യമായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് സ്വാഭാവികമായും കാലുഷ്യമകന്ന്, ഭ്രമങ്ങളൊഴിഞ്ഞ് സമതയിൽ അഭിരമിച്ചിരുന്നുവല്ലോ.

പ്രഭാതത്തിലുണർന്നപ്പോൾ അദ്ദേഹം ഇങ്ങിനെ ചിന്തിച്ചു: “ചഞ്ചലമായ മനസ്സേ! ഈ ലൗകീകജീവിതം നിനക്കു ശരിയായ സന്തുഷ്ടിയേകാൻ പര്യാപ്തമല്ല. അതുകൊണ്ട് നീ സമതാഭാവമെന്ന ആ ഉന്നത തലത്തിലേയ്ക്കെത്തുക. കാരണം ഈ സമതയുടെ തലത്തിൽ എത്തിയാൽ മാത്രമേ നിനക്ക് സമാധാനവും, ആനന്ദവും സത്യവും അനുഭവിക്കാനാവൂ.” നിന്നിലെ അച്ചടക്കമില്ലായ്മ കാരണം ഉണ്ടാവുന്ന വിചിത്രവും വികലവുമായ ചിന്തകൾ കാരണമാണ് ലോകമെന്ന  ഭ്രമക്കാഴ്ച്ച ഇങ്ങിനെ നീണ്ടുപരന്നു വികസിക്കുന്നത്. നിന്നിൽ സുഖാസക്തിയുണ്ടാകുമ്പോഴാണ്‌ ഈ മായക്കാഴ്ച്ചയ്ക്ക് എണ്ണമില്ലാത്തത്ര ശാഖകൾ മുളപൊട്ടുന്നത്. ചിന്തകളാണ്‌ ലോകമെന്ന ഈ കാഴ്ച്ചാശൃംഖലയ്ക്കു നിദാനം. അതുകൊണ്ട് ഈ ഭ്രമകൽപ്പനകളെ ഉപേക്ഷിച്ച് സമതയിലെത്തൂ. നിന്റെ ജ്ഞാനത്തെ ഒരു തുലാസ്സിൽ വെച്ചു തൂക്കിനോക്കുക. ഒരുതട്ടിൽ ഇന്ദ്രിയ സുഖങ്ങൾ, മറ്റേ തട്ടിൽ പ്രശാന്തിയുടെ ആനന്ദം. ഇവയിൽ സത്യമേതെന്നു നീ കരുതുന്നുവോ അതിന്റെ പാത സ്വീകരിക്കുക.

എല്ലാ പ്രതീക്ഷകളും ആശകളും ഉപേക്ഷിച്ച്, അന്വേഷണത്വരയും സന്യാസത്വരപോലും  കളഞ്ഞ് സ്വാതന്ത്ര്യത്തോടെ നടക്കൂ. ഈ ലോകമെന്നത് സത്തോ അസത്തോ ആകട്ടെ. അതുദിക്കുകയോ അസ്തമിക്കുകയോ ചെയ്യട്ടേ! അവയുടെ ഗുണാഗുണങ്ങൾ നിന്റെ സമതാ ഭാവത്തെ ബാധിക്കാതിരിക്കട്ടെ. നിനക്ക് ഈ ലോകവുമായി ഒരിക്കലും ശരിയായ ഒരു ബന്ധവുമുണ്ടായിട്ടില്ല. നിന്റെ അജ്ഞാനം കൊണ്ടാണ്‌ നിന്നിൽ അങ്ങിനെയൊരു ബന്ധുത്വം ഉണ്ടെന്ന തോന്നലുദിച്ചത്. മനസ്സേ നീ വെറും മിഥ്യയാണ്‌.. ലോകമെന്ന ഈ കെട്ടുകാഴ്ച്ചയും മിഥ്യ. അതിനാൽ നിങ്ങൾതമ്മിലുള്ള ബന്ധം വളരെ വിചിത്രമാണ്‌.. വന്ധ്യയുടെ പുത്രൻ എന്നു പറയും പോലെ അസംബന്ധം!

നീ സത്തും, ലോകം അസത്തും ആണ് എന്നു നീ കരുതുന്നതെങ്കിൽ നിങ്ങൾ തമ്മിൽ എങ്ങിനെയാണൊരു ബന്ധുതയുണ്ടാവുക? മറിച്ച് രണ്ടും സത്യമാണെങ്കിൽ സുഖദു:ഖങ്ങളെന്ന അനുഭവങ്ങൾക്ക് എന്താണൊരു ന്യായീകരണം? അതുകൊണ്ട് എല്ലാ ദു:ഖചിന്തകളുമുപേക്ഷിക്കൂ, ധ്യാനത്തിൽ ആമഗ്നമാകൂ. ഇഹലോകത്തിൽ നിന്നെ പരിപൂർണ്ണതയിലേയ്ക്കു നയിക്കാൻ തക്കതായി യാതൊന്നുമില്ല. അതുകൊണ്ട് സധീരം, ദൃഢതയോടെ നിന്റെ മനശ്ചാഞ്ചല്യത്തെ മറികടന്ന് ധ്യാനത്തിലൂടെ സമതയിൽ അഭിരമിച്ചാലും. 

Dec 6, 2012

208 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 208

സ്ഥിതേ മനസി നിഷ്കാമേ സമേ വിഗതരഞ്ജനേ
കായാവയവജൗ കാര്യൗ സ്പന്ദാസ്പന്ദൗ ഫലേ സമൗ (5/10/28)

വസിഷ്ഠൻ തുടർന്നു: രാജാവങ്ങിനെ തീവ്രമായ സാധനയിലിരിക്കുന്നതുകണ്ട് ഒരംഗരക്ഷകൻ ആദരപൂർവ്വം അദ്ദേഹത്തെ സമീപിച്ച് ഇങ്ങിനെ പറഞ്ഞു: ‘മഹാരാജാവേ, ഭരണകാര്യങ്ങൾ നോക്കാനുള്ള സമയമായി. പരിചാരികമാർ അങ്ങയെ പരിചരിക്കാൻ തയ്യറായി നില്‍ക്കുന്നു. നീരാട്ടിനായി സുഗന്ധതൈലമിട്ട ജലമെടുത്തുവെച്ചിരിക്കുന്നു. ഉചിതമായ മന്ത്രോച്ചാരണങ്ങൾ തുടങ്ങാനായി വന്ദ്യരായ പൂജാരിമാർ അങ്ങയെക്കാത്ത് സ്നാനഗൃഹത്തിൽ കാത്തുനിൽപ്പുണ്ട്. എഴുന്നേക്കൂ, അനുഷ്ഠിക്കേണ്ട കർമ്മങ്ങളെല്ലാം നടക്കണമല്ലോ. ഉത്തമരും പാവനചരിതന്മാരും ഒരിക്കലും സമയനിഷ്ഠ തെറ്റിക്കുകയോ അലംഭാവം കാണിക്കുകയോ ഇല്ല.’

എന്നാൽ രാജാവ് സേവകന്റെ വാക്കുകൾകേട്ടിട്ടും അങ്ങിനെ തന്നെയിരുന്ന് തന്റെ ആലോചന തുടർന്നു: 'ഈ രാജസഭയും രാജധർമ്മങ്ങളും കൊണ്ട് എനിക്കെന്തു പ്രയോജനം? ഇതെല്ലാം വെറും താൽക്കാലികമല്ലേ? അവകൊണ്ടെനിക്ക് യാതൊരു ഗുണവുമില്ല. ഞാൻ എല്ലാ കർമ്മധർമ്മങ്ങളും ഉപേക്ഷിച്ച് ആത്മാനന്ദത്തിൽ ആമഗ്നനാവാൻ പോവുന്നു. മനസ്സേ നീ ലൗകീകസുഖാനുഭവാസക്തി തീരെ ഉപേക്ഷിച്ചാലും. അങ്ങിനെ ജനന മരണചക്രത്തിന്റെ ആവർത്തനം മൂലമുണ്ടാകുന്ന ദുരിതങ്ങൾ ഒഴിവാക്കാമല്ലോ. സന്തോഷവാഹിയെന്നു കരുതുന്ന എന്തൊക്കെ നീ ആഗ്രഹിക്കുന്നുവോ അതൊക്കെ ദു:ഖമാണു നൽകുന്നതെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. പാപപങ്കിലമായ, സുഖാസക്തമായ ഈ ജീവിതം ഇനി മതി. സഹജമായി നിന്നിൽ എന്നുമുള്ളതുമായത്  എന്താണൊ അതിനെ അന്വേഷിക്കുന്നതിൽ ആഹ്ളാദം കണ്ടെത്തൂ.' രാജാവ് മൗനമവലംബിച്ചതുകണ്ട് സേവകനും മൂകനായി അവിടെ നിന്നു.

രാജാവ് വീണ്ടും ആത്മഗതമായി ഇങ്ങിനെ പറഞ്ഞു: 'ഞാനീ ലോകത്ത് എന്താണു നേടേണ്ടത്? ഈ പ്രപഞ്ചത്തിലെ ഏതൊരു ശാശ്വതസത്യത്തെയാണ്‌ ആത്മവിശ്വാസത്തോടെ ഞാൻ ആലംബമാക്കേണ്ടത്? ഞാൻ തുടർച്ചയായി കർമ്മങ്ങൾ ചെയ്താലുമില്ലെങ്കിലും എന്തു വ്യത്യാസമാണുണ്ടാവാൻ പോവുന്നത്? ഈ ലോകത്ത് നിലനില്ക്കുന്നതായി യാതൊന്നുമില്ല. കർമ്മനിരതമായാലും അല്ലെങ്കിലും ഈ ശരീരം എപ്പോഴും മാറ്റങ്ങൾക്കു വിധേയമാണ്‌.. അതു ശാശ്വതവുമല്ല. സമത എന്ന ഭാവത്തിൽ ബുദ്ധിയുറച്ചിരിക്കുമ്പോൾ പിന്നെ എന്ത്, എങ്ങിനെ നഷ്ടപ്പെടാൻ? ഏനിക്കു കിട്ടാത്തതിനെക്കുറിച്ച് വ്യാകുലതയില്ല. സ്വയമേവ ഞാനാവശ്യപ്പെടാതെ എന്നിൽ വന്നുചേർന്നതിനെ വിട്ടുകളയാൻ ഞാൻ പരിശ്രമിക്കുന്നുമില്ല. ഞാൻ ആത്മനിഷ്ഠനാണ്‌.. എനിക്കുള്ളത് എനിക്കുതന്നെയാണ്‌.. ഒന്നിനുവേണ്ടിയും ഞാൻ പ്രയത്നിക്കേണ്ടതില്ല. എന്നാൽ കർമ്മവിമുഖനാവുന്നതുകൊണ്ടും എന്താണു പ്രയോജനം? കർമ്മംകൊണ്ടോ കർമ്മനിരാസംകൊണ്ടോ നേടുന്നതെല്ലാം വിഫലമത്രേ.'

“മനസ്സ്  ആഗ്രഹരഹിതവും സുഖാന്വേഷണാസക്തിയില്ലാതെയും ശരീരാവയവങ്ങൾ അവയവയുടെ സഹജധർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുമ്പോൾ കർമ്മത്തിനും കർമ്മരാഹിത്യത്തിനും ഒരേ സാരവും മൂല്യവുമാണ്‌.” അതുകൊണ്ട് ദേഹം അതിന്റെ കർമ്മങ്ങൾ സഹജഭാവത്തിൽത്തന്നെ ചെയ്യട്ടെ. കാരണം അതില്ലെങ്കിൽ ഈ ദേഹം നശിക്കുമല്ലോ. മനസ്സിൽ ’ഞാനിതു ചെയ്യുന്നു‘ ’ഞാൻ ഇതാസ്വദിക്കുന്നു‘ എന്നിങ്ങനെയുള്ള ധാരണകൾ വെച്ചുപുലർത്താതിരിക്കുമ്പോൾ കർമ്മം അകർമ്മമാവുന്നു. കർമ്മരാഹിത്യമല്ല ഇത്. 

Dec 5, 2012

207 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 207

കാകതാലീയയോഗേന സമ്പന്നായം ജഗത്സ്ഥിതൗ
ധൂർതേന കല്പിതാ വ്യർഥം ഹേയോപാദേയഭാവനാ (5/9/49)

ജനകമഹാരാജാവ് തുടർന്നു: അഹംഭാവമെന്ന പിശാചുബാധിച്ചൊരു മൂഢനാണു ഞാൻ. ഈ അഹംഭാവമാണ്‌ ‘ഞാൻ ഇന്നയാളാണ്‌’ എന്ന ചിന്ത എന്റെയുള്ളിലുണ്ടാക്കുന്നത്. അനേകം ദേവതകളും ത്രിമൂർത്തികൾപോലും കാലത്താല്‍  ചവിട്ടിമെതിക്കപ്പെട്ടിട്ടുണ്ടെന്നറിഞ്ഞിട്ടും ഞാനീ ജീവിതത്തെ സ്നേഹിക്കുന്നു. അനന്താവബോധത്തിന്റെ ആനന്ദമനുഭവിക്കുന്നതിനു പകരം ഞാൻ വ്യർത്ഥവ്യാപാരങ്ങളിലും ആസക്തികളിലുമാണു ദിനരാത്രങ്ങൾ ചിലവാക്കുന്നത്. ദു:ഖത്തിൽനിന്നും കൊടിയ ദു:ഖങ്ങളിലേയ്ക്കു പോയിട്ടും എന്നിൽ നിർമമത ഉയർന്നില്ല. ഈ ലോകത്ത് അഭികാമ്യമായും ഉത്തമമായും എന്തിനെയാണു ഞാൻ കണക്കാക്കേണ്ടത്? കാരണം ഏതൊന്നിനെയായാലും എങ്ങിനെ പരിപോഷിപ്പിച്ചു കാത്തുസൂക്ഷിച്ചാലും അവയെല്ലാം  നാശവിധേയമാണ്‌..  ഒടുവിൽ ഉടമസ്ഥനു ബാക്കിയാവുന്നത് ശോകം മാത്രം.

ദിനംതോറും പാപപങ്കിലവും അക്രമാസക്തവുമായ കാര്യങ്ങളാണ് ലോകത്തു വളരുന്നത്. അവ കൂടുതൽ ദുരിതങ്ങളും ദു:ഖങ്ങളും ഉണ്ടാക്കുന്നു. കുട്ടിക്കാലം അജ്ഞതയിൽ കഴിഞ്ഞുപോകുന്നു. യൗവ്വനം കാമാസക്തിയിലും സുഖാന്വേഷണത്തിലും മുഴുകിക്കഴിയുന്നു. ബാക്കികാലം കുടുംബത്തിന്റെ കാര്യങ്ങളിൽ ഉഴറി നടക്കുകയാണു മനുഷ്യൻ. മൂഢനായ അവനു ജീവിതത്തിൽ സ്വന്തമായി, ശാശ്വതമായി, എന്താണു നേടാനാവുക?

മഹത്തായ യാഗാദികർമ്മങ്ങൾ അനുഷ്ഠിച്ചാലും ഏറിയാൽ ഒരു സ്വർഗ്ഗപ്രാപ്തി, അത്രയല്ലേ ലഭിക്കൂ? എന്താണീ സ്വർഗ്ഗം? അതു ഭൂമിയിലാണോ? അതൊരധോലോകമാണോ? സന്താപലേശമേൽക്കാത്ത ഒരിടമാണോ അത്? ദു:ഖം സുഖത്തെയും സുഖം ദു:ഖത്തേയും കൂട്ടിയാണു നടപ്പ്. ഈ ഭൂമിയിലെ കുഴികളെല്ലാം ശവശരീരങ്ങൾ കൊണ്ടു നിറച്ചിരിക്കുകയാണ്‌..  അതുകൊണ്ടാവും ഭൂമിക്കിത്ര ദൃഢത തോന്നുന്നത്!.

ഈ ഭൂമിയിലെ ചില ജീവികൾക്ക് അവരുടെ ഇമചിമ്മുന്നതിന്റെ കാലയളവ് യുഗങ്ങളോളമാണ്‌..  അതുമായി താരതമ്യംചെയ്യുമ്പോൾ എന്റെ ആയുസ്സെത്ര നിസ്സാരം! തീർച്ചയായും ലോകത്ത് ഉല്ലാസഭരിതവും ദീർഘായുസ്സുള്ളതുമായ വസ്തുക്കളുണ്ട്. എന്നാൽ അവയും അന്തമില്ലാത്ത വ്യാകുലതകളും ആശങ്കകളും നമുക്ക് സമ്മാനിക്കുന്നു. ഐശ്വര്യം സത്യത്തിൽ ആപത്താണ്‌..  ഈ ആപത്ത് നമ്മുടെ മനോനിലയനുസരിച്ച് അഭികാമ്യമായേക്കാം എന്നുമാത്രം. മനസ്സു മാത്രമാണല്ലോ ഈ പ്രത്യക്ഷലോകമെന്ന മായക്കാഴ്ച്ചയ്ക്കു കാരണം. ‘ഞാൻ’, ‘എന്റെ’ എന്നീ ധാരണകൾക്കു വിത്തായത് മനസ്സു തന്നെയാണ്‌.. 

“കാകതാലീയ ന്യായേന, (കാക്കയും പനമ്പഴവും - 'കാക്ക പനങ്കയ്യില്‍ വന്നിരുന്നതുകൊണ്ടാണ്‌ പനമ്പഴം താഴെ വീണത്' എന്നു പറയുമ്പോലെ), ഈ ലോകം സൃഷ്ടിക്കപ്പെട്ടതായി തോന്നുന്നത്,  ആകസ്മികമായാണ്‌..  അതുപോലെ തന്നെയാണ്‌ അജ്ഞാനം മൂലം ‘ഇതെനിയ്ക്കു വേണം’, ‘ഇതെനിയ്ക്കു ഹിതകരമല്ല’ എന്ന തോന്നലുകളും നമ്മില്‍ ഉണ്ടാവുന്നത്.”

'ഒറ്റക്കൊരിടത്തോ നരകത്തിൽത്തന്നെയോ കഴിയുന്നതാണ്‌ ഈ ലോകത്തിലെ ജീവിതത്തേക്കാൾ ഉത്തമം. ഇച്ഛാ ധാരണകളും പ്രചോദനങ്ങളുമാണ്‌ ലോകമെന്ന ഈ പ്രകടനത്തിനു കാരണം. ഈ പ്രചോദനത്തെ ഞാനിന്നില്ലാതാക്കും. ഞാനിതുവരെ പലവിധത്തിലുള്ള അനുഭവങ്ങൾ ആസ്വദിക്കുകയും സഹിക്കുകയും ചെയ്തു. എനിക്കിനി വിശ്രമിക്കണം. ഇനി ഞാൻ ദു:ഖിക്കുകയില്ല. ഞാൻ പ്രബുദ്ധനായിരിക്കുന്നു. എന്റെ ജ്ഞാനത്തെ അപഹരിച്ച കള്ളനെ ഞാനിന്നു കൊല്ലും! എനിക്ക് മഹർഷിമാരുടെ ഉപദേശം വേണ്ടപോലെ കിട്ടിയിട്ടുണ്ട്. ഇനി ഞാൻ ആത്മജ്ഞാനം തേടാൻ പോവുന്നു.' 

Dec 4, 2012

206 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 206

അരജ്ജുരേവ ബദ്ധോഹമപങ്കോസ്മി കളങ്കിത:
പതിതോസ്മ്യുപരിസ്ഥോപി ഹാ മമാത്മൻഹതാ സ്ഥിതി: (5/9/16) 
വസിഷ്ഠൻ തുടർന്നു: മാമുനിമാരുടെ വാക്കുകൾ കേട്ട് ജനകൻ ചിന്താകുലനായി. അദ്ദേഹം തന്റെ ഉല്ലാസനടത്തം മതിയാക്കി കൊട്ടാരത്തിലേയ്ക്കു തിരിച്ചു പോയി. തന്റെ സേവകരെയെല്ലാം പറഞ്ഞുവിട്ട് പള്ളിയറയിൽ ഏകാന്തനായിരുന്ന് ആശങ്കയോടെ സ്വയം ഇങ്ങിനെ  പറഞ്ഞു: ഇഹലോകമെന്ന ദുരിതത്തിൽ ഞാനൊരു കല്ലുപോലെ ഉരുളുകയാണ്‌.. ഈ ജീവിതത്തിൽ ആയുസ്സെത്രനാളുണ്ട്? എന്നിട്ടും എനിക്കതിനോടൊരു മമതയുണ്ടായിരിക്കുന്നു! ഛീ! എന്തൊരു കഷ്ടമാണീ മനസ്സിന്റെ കാര്യം!

ജീവിതകാലം മുഴുവൻ ലോകത്തിന്റെ പരമാധികാരിയായിരുന്നിട്ടും എന്തു കാര്യം? വ്യര്‍ത്ഥമെന്നറിഞ്ഞിട്ടും  ഒരു മൂഢനെപ്പോലെ ലോകം എനിക്കനിവാര്യമാണെന്നു ഞാൻ കരുതുന്നു. എന്റെ ആയുസ്സ്  തുലോം ചെറിയൊരു കാലയളവു മാത്രം. അനശ്വരത എന്നത് എന്റെ ആയുസ്സിനു മുൻപും പിൻപുമായങ്ങിനെ നീണ്ടു പരന്നു കിടക്കുന്നു. അതിനെ  എങ്ങിനെയിപ്പോൾ ഞാൻ പരിപോഷിപ്പിക്കും? ആരാണ്‌ ലോകമെന്ന ഈ മായാപ്രപഞ്ചത്തെ വിക്ഷേപിച്ച് പ്രത്യക്ഷമാക്കിയത്? ലോകമെന്ന കാഴ്ച്ചയിൽ ഞാനിത്ര ഭ്രമിക്കാൻ കാരണമെന്താണ്‌? അടുത്തും അകലത്തും എല്ലാമുള്ളത് എന്റെ മനസ്സിന്റെയുള്ളിൽത്തന്നെയാണെന്നറിഞ്ഞ് ബാഹ്യവസ്തുക്കളിലുള്ള എല്ലാ ആശങ്കകളും ഞാനുപേക്ഷിക്കും. ഇഹലോകത്തിലെ എല്ലാ ധൃതിപിടിച്ച പ്രവർത്തനങ്ങളും അന്തമില്ലാത്ത ദു:ഖത്തിനു കാരണമാകുന്നു എന്നറിയുമ്പോൾ സന്തോഷത്തിനായി ഞാനെന്തിനെ ആശ്രയിക്കുവാനാണ്‌?

ദിനംതോറും, മാസംതോറും, വർഷംതോറും, നിമിഷങ്ങൾതോറും കാണുന്ന സന്തോഷങ്ങൾ സന്താപങ്ങളേയും കൂട്ടിക്കൊണ്ടാണു വരുന്നത്. എന്നാൽ ദു:ഖങ്ങളോ അനവരതം വന്നുകൊണ്ടേയിരിക്കുന്നു. ഇവിടെ കാണുന്നതും അനുഭവിക്കുന്നതുമെല്ലാം മാറ്റങ്ങൾക്കും നാശത്തിനും വിധേയമാണ്‌.. വിവേകശാലിക്ക് അവലംബമായി ഇഹലോകത്തിൽ യാതൊന്നുമില്ല. ഇന്ന് പ്രശസ്തിയും സ്ഥാനമാനങ്ങളും കിട്ടി പുകഴ്ത്തപ്പെട്ടവർ നാളെ ചവിട്ടിത്താഴ്ത്തപ്പെടുന്നു. മൂഢമനസ്സേ, ഈ ലോകത്തിൽ എന്തിനെയാണു നാം വിശ്വസിക്കുക?

“കഷ്ടം! ഞാൻ കയറില്ലാതെയുള്ള ഒരു ബന്ധനത്തിലാണ്‌.. അശുദ്ധനല്ലെങ്കിലും ഞാൻ കളങ്കപ്പെട്ടിരിക്കുന്നു! ഉയർന്നൊരു സ്ഥാനത്തിലാണെങ്കിലും ഞാൻ പതിതൻ. ഞാൻ എന്നത് തന്നെ എന്തൊരു സമസ്യയാണ് !” എപ്പോഴും പ്രോജ്ജ്വലിക്കുന്ന സൂര്യനെ ഒരു തുണ്ട് മേഘം മറയ്ക്കുന്നു. ഈ മായീകവിഭ്രമം എന്നെ വലയംചെയ്തിരിക്കുന്നു. ആരാണീ ബന്ധുക്കളും സുഹൃത്തുക്കളും? എന്താണീ സുഖം? ഇരുട്ടത്ത് ഭൂതപിശാചുക്കളെക്കണ്ടു പേടിക്കുന്ന ബാലനെപ്പോലെ ഈ വിചിത്രരായ ബന്ധുക്കളെന്നിൽ ഭീതിയുളവാക്കുന്നു. അവരാണല്ലോ എന്നെ വാർദ്ധക്യവുമായും മരണവുമായും ബന്ധിപ്പിക്കുന്നത്? ഇതറിഞ്ഞിട്ടും ഞാനവരെ വിടാതെ ഒട്ടിപ്പിടിച്ചിരിക്കുന്നു. ഈ ബന്ധുക്കൾ ജീവിച്ചാലും നശിച്ചാലും എനിക്കെന്ത്?

ഈ ലോകത്ത് മഹാത്മാക്കൾ എത്രയോപേർ ജനിച്ചുമരിച്ചു? മഹത്സംഭവങ്ങളും എത്രയുണ്ടായി? അവയെല്ലാം നമ്മില്‍  ഒരോർമ്മ മാത്രം അവശേഷിപ്പിക്കുന്നു. എന്താണു നമുക്കൊരവലംബം? ദേവതമാരും ത്രിമൂർത്തികൾ പോലും കോടിക്കണക്കിനു വന്നുപോയിരിക്കുന്നു. എന്താണീ പ്രപഞ്ചത്തിൽ ശാശ്വതമായുള്ളത്?  പ്രത്യക്ഷലോകമെന്ന ഈ പേടിസ്വപ്നത്തിൽ പ്രത്യാശയെന്ന ഒരു കയർ മാത്രമാണീ ബന്ധനത്തിനെല്ലാം കാരണം. ഛെ! എത്ര നികൃഷ്ടമാണീ അവസ്ഥ!

Dec 3, 2012

205 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 205

ഉപശമസുഖമാഹരേത് പവിത്രം
സുശമവത: ശമമേതി സാധുചേത:
പ്രശമിതമനസ: സ്വകേ സ്വരൂപേ
ഭവതി സുഖേ സ്ഥിതിരുത്തമാ ചിരായ (5/8/18)

വസിഷ്ഠൻ തുടർന്നു: രാമാ, ജനകൻ എന്നുപേരായി വിദേഹരാജ്യം ഭരിക്കുന്ന ഒരു ചക്രവർത്തിയുണ്ട്. അനന്തമായ ആ ദിവ്യദർശനത്തില്‍ സദാ അഭിരമിക്കുന്ന ആളാണദ്ദേഹം. തന്നെ ആശ്രയിച്ചുവരുന്നവർക്കൊരക്ഷയപാത്രം തന്നെയാണ് ജനകന്‍. അദ്ദേഹത്തിന്റെ സാന്നിദ്ധ്യമാത്രയിൽ സുഹൃത്തുകളുടെ ഹൃദയകമലങ്ങൾ പൂത്തുലയുകയായി. അവർക്കദ്ദേഹം സൂര്യനാണ്‌... എല്ലാ സദ് വൃത്തരുടേയും ഉത്തമസഹചാരിയാണദ്ദേഹം.

ഒരുദിവസം തന്റെ നന്ദനോദ്യാനത്തിൽ ഉല്ലാസനടത്തത്തിലായിരുന്നപ്പോള്‍ അദ്ദേഹം എവിടെനിന്നോ അശരീരിയായി പ്രചോദനപ്രദമായ ചില ഗീതകങ്ങള്‍ പാടിക്കേട്ടു. ജ്ഞാനസമ്പന്നരായ ഏതോ മാമുനിമാരുടേതാവണം ഈ അശരീരി. അവരിങ്ങിനെ പാടി:

‘അനുഭവമെന്ന സാധകൻ സാധകവിഷയവുമായി (അനുഭവങ്ങളുമായി) ബന്ധപ്പെടുമ്പോൾ സ്വയം വെളിപ്പെടുന്ന ആനന്ദസ്വരൂപമായ, ആശയജന്യമോ ധാരണാത്മകമോ അല്ലാത്ത; ഭിന്നതകളില്ലാത്ത അത്മാവിനെ ഞങ്ങൾ ധ്യാനിക്കുന്നു.

വിഷയം, വിഷയി എന്ന വിഭിന്നാനുഭങ്ങളെല്ലാമവസാനിക്കുമ്പോൾ മേധാശ്രയമില്ലാതെ തന്നെ വിഷയങ്ങളെ പ്രതിഫലിപ്പിക്കുന്ന ആത്മാവിനെ ഞങ്ങൾ ധ്യാനിക്കുന്നു.

ദ്വിവിധ ധാരണകളാകുന്ന അസ്തിത്വം, അനസ്തിത്വം (ഉണ്ട്, ഇല്ല)എന്ന അവസ്ഥകൾക്കതീമായി വർത്തിച്ച് അവയ്ക്കു മദ്ധ്യത്തിലെന്നപോലെ നിലകൊള്ളുന്ന അത്മാവെന്ന ആ പ്രകാശവസ്തുവിനെ ഞങ്ങൾ ധ്യാനിക്കുന്നു.

എല്ലാത്തിനും കാര്യകാരണവസ്തുതയായിരിക്കുന്ന, എല്ലാറ്റിന്റേയും സൃഷ്ടി-സ്ഥിതി-സംഹാരകാരകവുമായ ആത്മാവിനെ ഞങ്ങൾ ധ്യാനിക്കുന്നു.

ആദ്യാക്ഷരമായ 'അ' യ്ക്കും അന്ത്യാക്ഷരമായ 'ക്ഷ' യ് ക്കും ഇടയ്ക്കുള്ള എല്ലാ അക്ഷരങ്ങളാലും വ്യവക്ഷിക്കപ്പെട്ട, എല്ലാ ഭാവാവിഷ്കാരങ്ങൾക്കും ഭാഷകൾക്കും അടിസ്ഥാനമായ ആത്മാവിനെ ഞങ്ങൾ ധ്യാനിക്കുന്നു.

കഷ്ടമെന്നുപറയട്ടേ, സ്വന്തം ഹൃദയഗുഹയിൽ നിവസിക്കുന്ന ഭഗവാനെ ഉപേക്ഷിച്ച് മനുഷ്യർ മറ്റു വസ്തുക്കൾക്കുപിറകേ പരക്കം പായുന്നു. ലൗകീകവസ്തുക്കളുടെ നിരർത്ഥകതയെപ്പറ്റി അറിവുണ്ടായിട്ടും ഹൃദയത്തിൽ അവയോടുള്ള മമത ഉപേക്ഷിക്കാത്തവർ മനുഷ്യരല്ല. ഹൃദയത്തിൽ ഇടം  പിടിച്ചിട്ടുള്ളതും അവിടെ വേരുറയ്ക്കാൻ സാദ്ധ്യതയുള്ളതുമായ എല്ലാ ആസക്തികളേയും നാം വിവേകമാവുന്ന ദണ്ഡുകൊണ്ട് അടിച്ചോടിക്കുകതന്നെ വേണം.

“പ്രശാന്തതയിൽ നിന്നും ഉയരുന്ന ആഹ്ളാദമാണു നാം ആസ്വദിക്കേണ്ടത്. മനോനിയന്ത്രണം വന്ന ഒരുവന്റെ മനസ്സ് പ്രശാന്തമാണല്ലോ. അങ്ങിനെ അവിടെ ശുദ്ധമായ ആനന്ദം നിറയുന്നു.” 

Dec 2, 2012

204 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 204

കേചിത്വകർമണി രതാ വിരതാ അപി കർമണ:
നരകാന്നരകം യാന്തി ദു:ഖാദ്ദു:ഖം ഭയാദ്ഭയം (5/6/3)

വസിഷ്ഠൻ തുടർന്നു: സ്ഫടികത്തിനു സമീപം വെച്ചിട്ടുള്ള വസ്തുക്കൾ അതിൽ പ്രതിഫലിച്ചുകാണുന്നപോലെ ബോധത്തിന്റെ അസ്തിത്വം ഹേതുവായാണ്‌ എല്ലാ കർമ്മങ്ങളും സംഭവിക്കുന്നതെന്നറിയുന്നവൻ മുക്തനത്രേ. എന്നാൽ മനുഷ്യജന്മം നേടിയിട്ടും ഈദൃശകാര്യങ്ങളിൽ ശ്രദ്ധാലുക്കളല്ലാത്തവർ സ്വർഗ്ഗങ്ങളിൽനിന്നു നരകങ്ങളിലേയ്ക്കും തിരിച്ചും പൊയ്ക്കൊണ്ടിരിക്കുന്നു. “കർമ്മവിമുഖരായവരായി ചിലരുണ്ട്. അവർ കർമ്മങ്ങളെയെല്ലാം ബലമായടക്കി അല്ലെങ്കിൽ അതിൽനിന്നു പിന്തിരിഞ്ഞ് നരകങ്ങളിൽ നിന്നു നരകങ്ങളിലേയ്ക്ക്, ദു:ഖത്തിൽ നിന്നു ദു:ഖത്തിലേക്ക്, നരകത്തിൽനിന്നു നരകത്തിലേക്ക് പോയ്ക്കൊണ്ടേയിരിക്കുന്നു.”

ചിലർ അവരുടെ സ്വകർമ്മഫലങ്ങളുമായും തൽജന്യങ്ങളായ വാസനകളുമായും ഗാഢബന്ധത്തിലാണ്‌..  അവർ കൃമികീടങ്ങളായും പുഴുക്കളായും, ചെടികളും മരങ്ങളുമായും, വീണ്ടും കൃമികീടങ്ങളായും ജനനമരണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

ഇനിയും ചിലർ ആത്മജ്ഞാനമാർജ്ജിച്ചവരാണ്. അനുഗൃഹീതരാണവർ. അവർ മനസ്സിന്റെ സ്വഭാവങ്ങളെപ്പറ്റി ആരാഞ്ഞറിഞ്ഞ്, ആസക്തികളുപേക്ഷിച്ചവരത്രേ. അവർ ബോധമണ്ഡലത്തിന്റെ ഉയർന്ന തലങ്ങളിലേയ്ക്കു പോകുന്നു. ജനനമരണചക്രത്തിൽ അവസാനജന്മമെടുത്ത ജീവനിൽ ഏറിയ പങ്കും സത്വപ്രകാശവും ചെറിയൊരംശം രജസ്സും (മാലിന്യം) ഉണ്ടായിരിക്കും. ജനനസമയം മുതൽ അയാൾ പവിത്രത പ്രകടമാക്കും. ജ്ഞാനവിജ്ഞാനങ്ങൾ അയാൾക്ക് എളുപ്പം ഹൃദിസ്ഥമാവും. സൗഹൃദം, കാരുണ്യം, വിവേകം, നന്മ, മഹാമനസ്കത തുടങ്ങിയ ഗുണങ്ങൾ അയാളെത്തേടിയെത്തും. അയാൾ ഉചിതമായ  കർമ്മങ്ങളിലേർപ്പെടുന്നു, എന്നാൽ അവയുടെ ഫലങ്ങളെപ്പറ്റി അയാള്‍ ചിന്താകുലനല്ല. ലാഭനഷ്ടങ്ങൾ അയാൾക്ക് സന്തോഷസന്താപങ്ങൾക്കു കാരണമാവുന്നില്ല. അയാളുടെ ഹൃദയം നിർമ്മലം. അയാൾ എല്ലാവർക്കും അഭിമതൻ. സദ്സ്വഭാവനിരതനായ അയാൾ അനുയോജ്യനായ ഒരു ഗുരുവിനെ കണ്ടെത്തുന്നു. ഗുരുവിൽ നിന്നും ആത്മജ്ഞാനമാർഗ്ഗം അറിയുന്നു. അങ്ങിനെ അയാൾ ആത്മാവിനെ അനന്താവബോധമായി സാക്ഷാത്കരിക്കുന്നു; ഏകവും അദ്വയവുമായ വിശ്വസത്വമായി ലോകത്തെ അറിയുന്നു. അതുവരെ നിദ്രാവസ്ഥയിലിരുന്ന മേധാശക്തി അയാളിൽ ഉണർന്നുവിടരുകയായി. എല്ലാമെല്ലാം അനന്താവബോധം തന്നെയാണെന്ന് അയാളറിയുന്നു. ആന്തരീകമായ ഈ പ്രകാശശ്രോതസ്സുമായി നിരന്തരസമ്പർക്കത്തിലായതുകൊണ്ട് അയാൾ അതിനിർമ്മലമായ ഒരു പാവന തലത്തിൽ വിരാജിക്കുന്നു. ഇതാണ്‌ സാധാരണയായി കണ്ടുവരുന്ന പരിണാമപ്രക്രിയ. എന്നാൽ ഇതിനപവാദങ്ങളുമുണ്ട്.

ഈ ലോകത്തുജന്മമെടുത്തവരുടെ കാര്യത്തിൽ മുക്തിപദപ്രാപ്തിക്കായി രണ്ടുമാർഗ്ഗങ്ങളാണുള്ളത്.  ഒന്ന്, ഗുരുവിന്റെ പാതയെ ശ്രദ്ധയോടെ പിന്തുടരുക- ശിഷ്യൻ കാലക്രമത്തിൽ മുക്തിപദമെന്ന ലക്ഷ്യത്തിലെത്തിച്ചേരും. രണ്ടാമത്, ആത്മജ്ഞാനമാർഗ്ഗം. അക്ഷരാർത്ഥത്തിൽ ആരോ മടിയിലിട്ടു കൊടുത്തതുപോലെ ആത്മജ്ഞാനം ഒരുവനിൽ പൊടുന്നനേ അങ്കുരിക്കുന്നു. നിർവ്വാണപദത്തിലേയ്ക്ക് സാധകൻ താനേ വിലയനംചെയ്യപ്പെടുന്നു. രണ്ടാമത്തെ തരം പ്രബുദ്ധതയെക്കുറിക്കുന്ന പുരാതനമായ ഒരു കഥ ഞാൻ പറയാം. ശ്രദ്ധിച്ചു കേട്ടാലും.. 

Nov 30, 2012

203 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 203

യഥാ രജോഭിർഗഗനം യഥാ കമലമംബുഭി:
ന ലിപ്യതേ ഹി സംശ്ലിഷ്ടൈർദേഹൈരാത്മാ തഥൈവ ച (5/5/31)

വസിഷ്ഠൻ തുടർന്നു: ദേഹവും ആത്മാവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിന്നിലുള്ള ചിന്താക്കുഴപ്പത്തെ മാറ്റിയാൽപ്പിന്നെ ശാന്തിയായി. ചെളിക്കുണ്ടിൽ വീണാലും സ്വർണ്ണക്കട്ടയ്ക്ക് കളങ്കമേൽക്കുന്നില്ലല്ലോ. അതുപോലെ ആത്മാവിനെ മലീമസമാക്കുവാൻ ശരീരത്തിനാവുകയില്ല. കൈകളുയർത്തി ഞാനിതാ ആവർത്തിച്ചു പ്രസ്താവിക്കുന്നു: ‘താമരയും വെള്ളവും പോലെ ആത്മാവും ശരീരവും തികച്ചും വിഭിന്നങ്ങളാണ്‌..’ എന്നാൽ കഷ്ഠം, ആരും ഇതു ചെവിക്കൊള്ളുന്നില്ല. ജഢമായ ഈ മനസ്സ് സുഖാനുഭവങ്ങളുടെ പിറകേ പോകുന്നിടത്തോളം കാലം ലോകമെന്ന ഈ മായാപ്രപഞ്ചം ഇല്ലാതാവുകയില്ല. എന്നാൽ ഇതിൽനിന്നുണർന്നാലുടൻ, അത്മാന്വേഷണമാരംഭിച്ചാൽത്തന്നെ ഈ മായയുടെ മുഖംമൂടി ഇല്ലാതാവും. അതിനാൽ എല്ലാവരും ശരീരത്തിൽ സ്ഥിതിചെയ്യുന്ന ഈ മനസ്സിനെ ഉണർത്താൻ പരിശ്രമിക്കണം. കാരണം അങ്ങിനെയാണ്‌ നാം എല്ലാ പരിണാമപ്രക്രിയകൾക്കുമതീതരായി വർത്തിക്കുക. പരിണാമങ്ങൾ ദു:ഖപൂരിതമാണല്ലോ.

“അന്തരീക്ഷത്തിൽ പൊങ്ങിക്കിടക്കുന്ന പൊടിപടലങ്ങൾ ആകാശത്തിനെ ബാധിക്കാത്തതുപോലെ ശരീരം ആത്മാവിനെ ബാധിക്കുന്നില്ല.” സുഖദു:ഖങ്ങൾ ആത്മാവിനാണനുഭവവേദ്യമാകുന്നതെന്ന തെറ്റായ ചിന്ത, ആകാശത്തിനെ പൊടിപടലങ്ങൾ മലീമസമാക്കുന്നു എന്നു പറയും പോലെ അസംബന്ധമാണ്‌.. വാസ്തവത്തിൽ സുഖദു:ഖങ്ങൾ ശരീരത്തിന്റേതോ ആത്മാവിന്റേതോ അല്ല. അവ വെറും അജ്ഞാനത്തിന്റേതാണ്‌.. അവയുടെ ലാഭനഷ്ടങ്ങൾ ആരേയും ബാധിക്കുന്നില്ല. അവയ്ക്കാരുമായും സംബന്ധവുമില്ല.

എല്ലാമെല്ലാം ആത്മാവുമാത്രം. പരമപ്രശാന്തം, അനന്തം. രാമാ, ഈ സത്യം സാക്ഷാത്കരിക്കൂ. ആത്മാവും ലോകവും ഒന്നല്ല; അവ രണ്ടും വെവ്വേറെയാണെന്നും പറയുക വയ്യ. ഇതെല്ലാം സത്യാന്വേഷണചിന്തകൾ മാത്രം. അദ്വിതീയമായ ബ്രഹ്മം മാത്രമേ ഉണ്മയായുള്ളു. ‘ഞാൻ ഇതിൽ നിന്നു വിഭിന്നമാണ്‌’ എന്ന തോന്നൽ വെറും ഭ്രമം. രാമാ ഇതുപേക്ഷിക്കൂ. ഒരേയൊരാത്മാവ്, ആത്മാവിൽത്തന്നെ ആത്മാവിനെ അനന്താത്മാവായി അറിയുന്നു. അതിനാൽ ദു:ഖം, മോഹം, ജനനം, സൃഷ്ടി, ജീവികള്‍ എന്നുവേണ്ട ഒന്നും വാസ്തവത്തില്‍ ഇല്ല. ഇള്ളതോ സത്യവസ്തു മാത്രം. രാമാ, ദു:ഖമൊഴിവാക്കിയാലും. ദ്വന്ദത ഒഴിവാക്കിയാലും; സ്വന്തം ക്ഷേമത്തിൽ പോലും ആശങ്കയില്ലാതെ ആത്മാവിൽ ദൃഢചിത്തനാവൂ. സ്വയം ശാന്തിയെ പ്രാപിക്കൂ. മനസ്സിനെ സുദൃഢമാക്കൂ.

നിന്റെ മനസ്സിൽ ദു:ഖത്തിനിടമില്ല. ആന്തരീകമായുള്ള നിശ്ശബ്ദതയിലഭിരമിക്കൂ. ഏകാന്തനായിരുന്ന് സ്വയമിനിയും ചിന്താധാരണകള്‍  പുതുതായൊന്നുമുണ്ടാക്കാതിരിക്കൂ. ധീരതയോടെ മനസ്സിനേയും ഇന്ദ്രിയങ്ങളേയും അടക്കൂ. ആഗ്രഹലേശമില്ലാതെ, കിട്ടുന്നതുകൊണ്ട് സംതൃപ്തിയടയൂ. യാതൊന്നും കയ്യടക്കാതെയും യാതൊന്നും വിട്ടുകൊടുക്കാതെയും ആയാസരഹിതമായി ജീവിക്കൂ. മനോവൈകല്യങ്ങളെ ഒഴിവാക്കി മോഹാന്ധകാരത്തെ ഇല്ലാതാക്കൂ. ആത്മാഭിരാമനാവൂ. അങ്ങിനെ ദു:ഖനിവൃത്തനാവൂ. നിറസമുദ്രമെന്നപോലെ സർവ്വവ്യാപിത്വമാർന്ന് ആത്മാവിൽ അഭിരമിക്കൂ. ചാന്ദ്രശീതളിമയിലെന്നപോലെ ആത്മാവിനാൽ ആത്മാനന്ദമറിഞ്ഞ് ജീവിക്കൂ. 

Nov 29, 2012

202 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 202

ഹേ ജനാ അപരിജ്ഞാത ആത്മാ വോ ദു:ഖസിദ്ധയേ
പരിജ്ഞാതസ്ത്വനന്തായ സുഖായോപശമായ ച (5/5/23)

വസിഷ്ഠൻ പറഞ്ഞു: രാമാ, വിശ്വപ്രളയത്തെക്കുറിച്ചും പരമശാന്തിയടയുന്നതിനെക്കുറിച്ചുമുള്ള ഈ പ്രഭാഷണം കേട്ടാലും. ഈ പ്രത്യക്ഷലോകത്തെ താങ്ങി നിലനിർത്തുന്നത് രാജസീകതയും (മലിനത) താമസീകതയും (മന്ദത) ആണ്‌...  ഒരു കെട്ടിടത്തെ താങ്ങി നിർത്തുന്ന സ്തംഭങ്ങൾ പോലെയാണവ. ഒരു പാമ്പ് പടം പൊഴിക്കുന്നതുപോലെ നിർമ്മലരായവർ ഈ ലോകത്തെ നിഷ് പ്രയാസം  ഉപേക്ഷിക്കുന്നു. സാത്വീകതയും (നിർമ്മലത) കർമ്മപടുത്വവും (രാജസീയത) ഉള്ളവർ യാന്ത്രികമായി വെറുതേ ജീവിക്കുന്നവരല്ല. അവർ ഈ ലോകത്തിന്റെ ഉത്ഭവത്തെപ്പറ്റിയും പ്രകടനാത്മകതയെപ്പറ്റിയും കൂലങ്കഷമായി ആലോചിച്ച് അന്വേഷിക്കുന്നവരാണ്‌..  ഈ അന്വേഷണങ്ങൾ ശരിയായ ശാസ്ത്രപഠനങ്ങളിലൂടെയും മഹത്തുക്കളായ ഗുരുവരന്മാരുടെ സഹായത്താലും നടത്തുന്ന പക്ഷം അവരിൽ സത്യസാക്ഷാത്കാരമുണ്ടാവും. സത്യം വിളക്കിന്റെ വെളിച്ചത്തിലെന്നവണ്ണം അവർക്കു സ്വരൂപമായി തെളിഞ്ഞു കാണാകുന്നു. സ്വാത്മാവിൽ ആത്മപ്രയത്നത്താൽ സ്വയം അന്വേഷിച്ചു കണ്ടെത്തിയാലല്ലാതെ ഈ സത്യം തെളിയുകയില്ല.

രാമാ, നീ തീർച്ചയായും ശുദ്ധനൈർമ്മല്യം തന്നെയാണ്‌..  അതിനാൽ നീ സത്യാന്വേഷണം ചെയ്താലും. സത്യവും മിഥ്യയുമെന്തെന്നാരാഞ്ഞ് സത്യത്തിനായി സ്വയം സമർപ്പിക്കുക. ആദ്യമേ തന്നെ ഇല്ലാത്തതും കുറേക്കാലത്തിനപ്പുറം നിലനിൽക്കാത്തതുമായതിനെ എങ്ങിനെയാണു സത്യമെന്നെണ്ണുക? എന്നെന്നും ഉണ്ടായിരുന്ന, നിലനില്‍ക്കുന്ന ഒന്നിനെ മാത്രമേ സത്യമെന്നു കരുതാനാവൂ. ജനനം എന്നതും, വളർച്ചയെന്നതും മനസ്സിനാണു രാമാ. ഈ സത്യം തെളിഞ്ഞുറച്ചാല്‍പ്പിന്നെ മനസ്സാണ്‌ സ്വയമുണ്ടാക്കിയ പരിമിതിയായ അജ്ഞാനത്തിൽ നിന്നും സ്വതന്ത്രമാവുന്നത്. അതുകൊണ്ട് മനസ്സിനെ ശാസ്ത്രപഠനങ്ങളാകുന്ന തയ്യാറെടുപ്പോടെ  ധർമ്മത്തിന്റെ പാതയിലേയ്ക്കു നയിക്കുക. സദ്സംഗം, അനാസക്തി പരിശീലനം എന്നിവയും ഇതിനുള്ള തയ്യാറെടുപ്പുതന്നെയാണ്‌..  ഇങ്ങിനെ സ്വയം പക്വതയാർജ്ജിച്ച ശേഷം പരിപൂർണ്ണ ജ്ഞാനിയായ ഒരു ഗുരുവിന്റെ പാദങ്ങളെ ശരണം പ്രാപിക്കുക. ഗുരു അരുളിത്തരുന്ന ശാസ്ത്രപാഠങ്ങൾ ശ്രദ്ധാഭക്തിവിശ്വാസങ്ങളോടെ പിന്തുടരുന്നതിലൂടെ കാലക്രമത്തിൽ ശിഷ്യൻ പരിപൂർണ്ണ പരിശുദ്ധിയെ പ്രാപിക്കുന്നു.

രാമാ, ഈ നിർമ്മലതയിൽ ആത്മാവിനെ ആത്മാവുകൊണ്ടറിയുക. ചന്ദ്രന്റെ ശീതളിമയാര്‍ന്ന പ്രഭ  ആകാശത്തെ മുഴുവൻ കാണിച്ചുതരുന്നുവല്ലോ. മായികമായ സംസാരസമുദ്രത്തിൽ ഒരു വയ്ക്കോൽത്തുരുമ്പുപോലെ നമ്മുടെ ജീവിതം തട്ടിക്കളിച്ചുകൊണ്ടിരിക്കുന്നു. അതിനൊരവസാനം വരണമെങ്കിൽ ആത്മാന്വേഷണമെന്ന വഞ്ചിയിൽ കയറുക എന്ന ഒരൊറ്റ പോംവഴിയേയുള്ളു. നദികളിൽ പൊങ്ങിയൊഴുകി നീങ്ങുന്ന മണൽത്തരികൾ അടിയുന്നത് പ്രശാന്തമായ ജലത്തിലാണല്ലോ. ആത്മവിദ്യാനിരതനായ ഒരുവന്റെ മനസ്സിൽ സത്യം പ്രശാന്തതയോടെ അറിവായുറയ്ക്കുന്നു. ഒരിക്കലുറച്ചാൽ നശിക്കാത്ത അറിവാണത്. ചാരം മൂടിക്കിടക്കുന്നുവെങ്കിലും ഒരുകഷണം സ്വർണ്ണം കണ്ടെത്താൻ സ്വർണ്ണപ്പണിക്കാരന്‌ വിഷമങ്ങളേതുമില്ല. സത്യം കണ്ടെത്തുംവരെ മാത്രമേ ചിന്താക്കുഴപ്പങ്ങളുള്ളു. സത്യത്തിന്റെ അറിവുറച്ചാൽപ്പിന്നെ എല്ലാം വ്യക്തമായി തെളിഞ്ഞുകാണാം. “ആത്മാവിനെക്കുറിച്ചുള്ള അജ്ഞതയാണ്‌ നിന്റെ ദു:ഖത്തിനു കാരണം. എന്നാൽ ആത്മാവിനെക്കുറിച്ചുള്ള ജ്ഞാനം നിനക്കു പ്രശാന്തിയും പ്രഹർഷവുമേകും.” 

Nov 28, 2012

201 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 201

യദ്യദ് രാഘവ സംയാതി മഹാജനസപര്യയാ
ദിനം തദിഹ സാലോകം ശേഷാസ്ത്വന്ധാ ദിനാലയ: (5/4/12)

വാല്‍മീകി തുടർന്നു: നേരം പുലർന്നപ്പോൾ രാമനും മറ്റുള്ളവരും എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾ ചെയ്ത ശേഷം വസിഷ്ഠമുനിയുടെ  ഗൃഹത്തിലേക്കുചെന്നു. മഹർഷി ഗാഢമായ ധ്യാനത്തിലായിരുന്നു. അദ്ദേഹം ധ്യാനമുണർന്നപ്പോൾ എല്ലാവരുംകൂടി ഒരു  തേരിൽ കയറി ദശരഥന്റെ രാജധാനിയിലേക്കുപോയി. രാജാവവരെ സ്വീകരിക്കാൻ ഉപചാരപൂർവ്വം മൂന്ന് അടിവെച്ചു. അതുകഴിഞ്ഞ് സഭാവാസികളോരോരുത്തരായി ആസനസ്ഥരായി. അവരിൽ ദേവന്മാരും ഉപദേവതമാരും മഹർഷിമാരും ഉണ്ടായിരുന്നു.

ദിനാരംഭത്തിനു നാന്ദികുറിച്ച് ദശരഥരാജൻ ഇങ്ങിനെ പറഞ്ഞു: ഭഗവൻ, ഇന്നലത്തെ തുടർച്ചയായ പ്രഭാഷണപരമ്പരയ്ക്കുശേഷം അങ്ങേക്ക് ഉചിതമായ വിശ്രമം ലഭിച്ചുവെന്നു കരുതുന്നു. അങ്ങയുടെ പരമവിജ്ഞാനപ്രദമായ പ്രഭാഷണം ഞങ്ങളെ അറിവിന്റെ ഉന്നതശിഖരങ്ങളിലെത്തിച്ചിരിക്കുന്നു. തീർച്ചയായും പ്രബുദ്ധരായ മാമുനിമാരുടെ വാക്കുകൾ ജീവജാലങ്ങളുടെ ദു:ഖനിവാരണം വരുത്തുവാനുതകുന്നതും അവരിൽ ആനന്ദാനുഗ്രഹം ചൊരിയുന്നവയുമാണ്‌. നമ്മുടെ സ്വയംകൃതാനർത്ഥങ്ങളെ നീക്കി മനസ്സിനെ നിർമ്മലമാക്കാൻ അവയ്ക്കു കഴിയുന്നു. ലൗകീകാസക്തി, അത്യാഗ്രഹം തുടങ്ങിയ ദുഷ്ച്ചിന്തകളെ ക്ഷീണിപ്പിക്കാൻ ആ വാക്കുകൾക്കാവുന്നു. ഞങ്ങൾ മോഹത്തിനടിപ്പെട്ട് ഈ പ്രത്യക്ഷലോകത്തെ യാഥാർത്ഥ്യമെന്നു കരുതിയാണിരുന്നത്. ആ വിശ്വാസത്തിനൊരു വെല്ലുവിളിയാണവിടുത്തെ വാക്കുകൾ.  “രാമാ, ജ്ഞാനികളായ മാമുനിമാരെ പൂജിച്ചുബഹുമാനിക്കുന്ന ദിനങ്ങളെ മാത്രമേ ഫലപ്രദമായി നമുക്കു കണക്കാക്കുവാനാകൂ. മറ്റു ദിനങ്ങൾ വെറും അന്ധകാരം മാത്രം”. ഇതു നിനക്കുള്ള സുവർണ്ണാവസരമാണ്‌.. ഈ മഹർഷിയിൽ നിന്നും നിനക്ക് വേണ്ട ജ്ഞാന വിജ്ഞാനാദികള്‍ ആരാഞ്ഞറിയൂ. പഠനയോഗ്യമായ കാര്യങ്ങൾ എന്തെന്നറിയൂ.

വസിഷ്ഠൻ പറഞ്ഞു: രാമാ, ഞാൻ നിനക്കുപദേശിച്ച കാര്യങ്ങൾ നീ ഗാഢമായി  ധ്യാനിക്കുകയുണ്ടായോ? രാത്രിയിൽ നീ അവയെക്കുറിച്ച് ചിന്തിച്ചുവോ? നിന്റെ ഹൃദയഭിത്തിയിൽ അവ തെളിഞ്ഞുകിടക്കുന്ന രേഖാചിത്രങ്ങളായിത്തീർന്നുവോ? നീയോർക്കുന്നുവോ മനുഷ്യൻ മനസ്സാണെന്നു ഞാൻ പറഞ്ഞത്? ഈ ലോകസൃഷ്ടികളെപ്പറ്റി ഞാൻ വിശദമായിപ്പറഞ്ഞത് നീ ഓർത്തുവോ? തുടർച്ചയായി ഇവയെല്ലാം ആവർത്തിച്ചോർക്കുന്നതുകൊണ്ടു മാത്രമേ ഈദൃശമായ ആശയങ്ങൾക്കു തെളിമയുണ്ടാവൂ.

രാമൻ പറഞ്ഞു: ഭഗവൻ, ഞാൻ അങ്ങുപറഞ്ഞതുമാത്രമാണ്‌ രാത്രിയിൽ ചെയ്തത്. നിദ്രയുപേക്ഷിച്ച് രാത്രിമുഴുവൻ അങ്ങയുടെ പ്രബുദ്ധമായ ഉപദേശങ്ങളെ ഞാൻ ധ്യാനിക്കുകയായിരുന്നു. അവയിലൂടെ അങ്ങു കാണിക്കാൻ ശ്രമിച്ച സത്യത്തെ കാണാൻ ഞാൻ ശ്രമിച്ചു. ആ സത്യമിപ്പോൾ എന്റെയുള്ളിൽ ചിരപ്രതിഷ്ഠമാണ്‌. ഏറ്റവും ഉയർന്ന തലത്തിലുള്ള ആനന്ദത്തെ പ്രദാനം ചെയ്യുമെന്നറിഞ്ഞാൽപ്പിന്നെ ആരെങ്കിലും അങ്ങയുടെ വാക്കുകളെ ശിരസാവഹിക്കാതിരിക്കുമോ? അവ കേൾക്കാൻ അതീവ മധുരിമയാർന്നവയത്രേ. അവ നമ്മിലുണർത്തുന്നത് അതിപാവനമായ ഒരു പവിത്രതാ ഭാവമാണ്. അത്  നമ്മെ നയിക്കുന്നതോ, സമാനതകളില്ലാത്ത ഒരനുഭവമേഘലയിലേയ്ക്കുമാണ്‌. ഭഗവൻ, അങ്ങ്  പ്രഭാഷണം തുടർന്നാലും.