Jan 11, 2015

706 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 706

ഇദമപ്രതിഘാരംഭം ഭ്രാന്തിമാത്രം ജഗത്ത്രയം
ന സംഭവതി കോ നാമ ഭ്രാന്തൌ ഭ്രാന്തി വിപര്യയ : (6.2/209/18)
വസിഷ്ഠന്‍ പറഞ്ഞു: ഒരു പുണ്യതീര്‍ത്ഥത്തില്‍ വസിക്കുന്ന ഒരാളുടെ സുഹൃത്തും ശത്രുവും അയാള്‍ക്ക് യഥാക്രമം നന്മയും തിന്മയും വരാന്‍ പ്രാര്‍ത്ഥിക്കുന്നതിനെപ്പറ്റി നീ പറയുകയുണ്ടായി. ഇതെല്ലാം അനന്ത ബോധം ആദ്യമേ തന്നെ നിര്‍ണ്ണയിച്ചിട്ടുള്ളതാണ്. ഒരു സ്ഥലത്തിന്റെ പവിത്രതയും ചെയ്യുന്ന കര്‍മ്മങ്ങളുടെ പാവനതയും ഒരാള്‍ക്ക് പുണ്യങ്ങള്‍ നേടിക്കൊടുക്കുന്നു. അയാള്‍ ഒരു പാപിയായിരുന്നാല്‍ക്കൂടി അയാളുടെ പാപഭാരം ലഘൂകരിക്കാന്‍ ഈ പുണ്യതീര്‍ത്ഥങ്ങള്‍ക്ക് കഴിയും. എന്നാല്‍ പുണ്യത്തിന്റെ അംശം പാപഭാരത്തെക്കാള്‍ കൂടുതലാണെങ്കില്‍ സകല പാപങ്ങളും തുടച്ചു നീക്കപ്പെടുന്നു. പാപപുണ്യ സമ്പത്തുകള്‍ ഒരേയളവിലാണെങ്കില്‍ രണ്ടും ബോധത്തില്‍ പ്രത്യക്ഷപ്പെട്ടു പരസ്പരപൂരകങ്ങളായി ശൂന്യവത്താകുന്നു.
അനന്തബോധത്തില്‍ എന്തെന്തു ധാരണകള്‍ ഉരുത്തിരിയുന്നുവോ എന്തെന്തു ഭാവാഭാവങ്ങള്‍ നിലകൊള്ളുന്നുവോ അവയാണ് പാപപുണ്യങ്ങളെ നിര്‍ണ്ണയിക്കുന്നത്. ഞാനും നീയും ഇതെല്ലാം തന്നെയും അനന്തബോധത്തിലെ സങ്കല്‍പ്പങ്ങളില്‍ അധിഷ്ടിതമാണ്. ആ സങ്കല്‍പ്പങ്ങള്‍ നിമ്മലമോ പങ്കിലമോ ആയാലും അവ ബോധത്തില്‍ നിലകൊള്ളുന്നു. മരിക്കാന്‍പോകുന്നയാള്‍ തന്റെ ആസന്നമരണത്തെ സങ്കല്‍പ്പിക്കുന്നു. മറ്റുള്ളവര്‍ അവനായി കണ്ണീര്‍ പൊഴിക്കുന്നു.!

അതുപോലെയാണ് മരണത്തെയും മരണാനന്തര കര്‍മ്മങ്ങളെപ്പറ്റിയുമൊക്കെയുള്ള ധാരണകള്‍ ബന്ധുജനങ്ങളില്‍ ഉണ്ടായിട്ട് അവര്‍ കണ്ണീര്‍ പൊഴിക്കുന്നതും.   

മരണത്തെ അഭിമുഖീകരിക്കുന്നയാള്‍ ലോകത്തെ അയാള്‍ക്ക് എങ്ങിനെ കാണപ്പെടുന്നുവോ അങ്ങിനെ നേരിടുന്നു. എന്നാല്‍ അയാളുടെ മരണത്തിനായി പ്രാരത്ഥിച്ചിരുന്നയാള്‍ വിചാരിക്കുന്നു അയാള്‍ മരിച്ചുവെന്ന്. അയാളുടെ നന്മയ്ക്കായി ആഗ്രഹിച്ചയാള്‍ വിചാരിക്കുന്നത് തന്റെ സുഹൃത്ത് അമര്‍ത്ത്യതയെ പുല്‍കി എന്നത്രേ! അങ്ങിനെ രണ്ടു പ്രാര്‍ത്ഥനകളും സഫലമായി എന്ന് പറയാം.

“മൂന്നു ലോകങ്ങള്‍ വിഭ്രമത്തിന്റെ ഫലമായുണ്ടാകുന്ന ഭ്രമകാഴ്ചകളാണ്. എന്നാല്‍ ഭ്രമക്കാഴ്ചകളില്‍ അസാദ്ധ്യമായി ഒന്നുമില്ലാത്തതിനാല്‍ ആ കാഴ്ചകളില്‍ അസാംഗത്യം ഒന്നും കാണേണ്ടതില്ല.”
 
രാജാവ് ചോദിച്ചു: എങ്ങിനെയാണ് നാമരൂപരഹിതമായ പുണ്യപാപങ്ങള്‍ക്ക് ദേഹങ്ങളെ ഉണ്ടാക്കാന്‍ കഴിയുക?

വസിഷ്ഠന്‍ പറഞ്ഞു: ഈ ലോകമെന്നത് ബ്രഹ്മാവിന്റെ സ്വപ്നനഗരമായിരിക്കെ അതില്‍ എന്തെന്തുതന്നെ സാദ്ധ്യമല്ല? അതില്‍ അസാദ്ധ്യമായി യാതൊന്നുമില്ല. ദിവാ സ്വപ്നത്തില്‍ അല്ലെങ്കില്‍ സാധാരണ സ്വപ്നത്തില്‍ ഒരാള്‍ക്ക് കൊടീശ്വരനാവാം. അതുപോലെ സ്വയം പലതാവാന്‍, സഹസ്രാവതാരങ്ങളാവാന്‍ അനന്തബോധത്തിന് ‘സ്വപ്നം’ കാണാമല്ലോ.
അതുപോലെ തന്നെ ഈ ആയിരവും സുഷുപ്തിയില്‍ ഒന്നായി ചുരുങ്ങുമല്ലോ. അതിനാല്‍ എന്തെങ്കിലും ഇവിടെ അസംഭാവ്യം എന്ന് പറയുന്നത് ശരിയല്ല. അതുപോലെ എന്തെങ്കിലും ഇവിടെ സംഭവ്യം എന്ന് പറയുന്നതും ശരിയല്ല.

എന്തെല്ലാം അനുഭവിക്കപ്പെടുന്നുവോ അവ അങ്ങിനെയാണ് സംഭവിക്കുന്നത്, എന്ന ഭാവത്തിലാണ് ജ്ഞാനികള്‍ എല്ലാറ്റിനെയും കാണുന്നത്. യാതൊരു വിരോധാഭാസവും അസംഭാവീകതയും അവരതില്‍ കാണുന്നില്ല.

സംഭവ്യം, അസംഭാവ്യം എന്നിങ്ങിനെ ഒരു കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്യണമെങ്കില്‍ ആ വസ്തു സത്യമായിരിക്കണം. വെറും സങ്കല്‍പ്പസൃഷ്ടിയെപ്പറ്റി അത്തരത്തിലൊരു ചര്‍ച്ചയെങ്ങിനെ യുക്തിസഹമാവും? ലോകമെന്ന കാഴ്ചതന്നെ വെറും ഭ്രമദൃശ്യമാവുമ്പോള്‍ അത്തരം ചര്‍ച്ചകള്‍ വൃഥാവിലാണ്.

സ്വപ്നസദൃശ്യമായ ഒരു സത്തയില്‍ മാനദണ്ഡമായി കണക്കാക്കാവുന്നത് അനുഭവങ്ങളെ മാത്രമാണ്. എന്തെന്ത് അനുഭവമാകുന്നുവോ അവയെല്ലാം സത്യമായി അനുഭവിക്കുകയാണ്. ഇവിടെ നിലകൊള്ളുന്നതായ എല്ലാമെല്ലാം അനന്തബോധത്തിലുയരുന്ന സങ്കല്‍പനങ്ങള്‍ മാത്രമാകുന്നു.


705 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 705

വിധീനാം പ്രതിഷേധാനാം ലോകസംസ്ഥാപ്രയോജനം
സൈവ സംവിദി രൂഢത്വാത്പ്രേത്യാപി ഫലദാ സ്ഥിതാ (6.2/208/19)

വസിഷ്ഠന്‍ പറഞ്ഞു: ബോധം എന്തെന്ത്‌ എപ്പെപ്പോള്‍ സങ്കല്‍പ്പിക്കുന്നുവോ അതനുഭവമാകുന്നു. അതുപോലെ അനുഗ്രഹങ്ങളും ശാപങ്ങളും അവയുടെ ശക്തിയാര്‍ജ്ജിക്കുന്നത് അനന്തബോധത്തില്‍നിന്നാണ്. ബോധത്തില്‍ ഉയര്‍ന്നുണരുന്ന സമുചിതമായ ധാരണകളാലാണ് യമനിയമങ്ങള്‍ക്ക് പ്രബലതയും സാധുതയും കൈവരുന്നത്.  
ഈ ലോകത്ത് ദേഹമെടുത്ത് ജീവിക്കുന്നവര്‍ക്ക് അവബോധിക്കാവുന്നതിനും അതീതമാണ് സൃഷ്ടിയാദ്യത്തിനു മുന്‍പുള്ള അവസ്ഥ. അതിനാലവര്‍ ആ അവസ്ഥ ‘അനസ്തിത്വ’മാണ് എന്ന് പറയുന്നു. എന്തൊക്കെയായാലും അസ്തിത്വാനസ്തിത്വ തലങ്ങള്‍ അനന്തബോധത്തിന്റെ ഇമകള്‍ ചിമ്മുന്നതുപോലെ മാത്രമാണ്.

ദിവാസ്വപ്നവേളകളില്‍ ഇമവെട്ടുന്ന സമയംകൊണ്ട് സങ്കല്‍പ്പലോകങ്ങള്‍ ഉണ്ടാക്കാനും ഇല്ലാതാക്കാനും നമുക്കാവുന്നു. അതുപോലെയാണ് അനന്തബോധം വിശ്വസൃഷ്ടി നടത്തുന്നതും അവയെ വിലയിപ്പിക്കുന്നതും.

അനന്തബോധത്തില്‍ ഉയരുന്ന ധാരണാസങ്കല്‍പ്പങ്ങള്‍ മാത്രമാണീ വിശ്വം. എന്നാല്‍ അത് യാതൊന്നും ചെയ്യുന്നില്ല. എല്ലായിടത്തും നിറഞ്ഞു വിളങ്ങുന്നതിനാല്‍, സര്‍വ്വവ്യാപിയായതിനാല്‍ അതിനു വിഘാതങ്ങള്‍ ഒന്നുമില്ല. എന്ത് സങ്കല്‍പ്പങ്ങള്‍ വേണമെങ്കിലും വിക്ഷേപിക്കാനും അവയെ ആവരണം ചെയ്യാനും ബോധത്തിനാകും.

“യമനിയമാദികള്‍ ഇവിടെയുള്ളത് ഒരു സാമൂഹിക ക്രമം വെച്ചുപുലര്‍ത്താന്‍വേണ്ടി മാത്രമാണ്. എന്നാല്‍ യമനിയമങ്ങളും ബോധത്തില്‍ രൂഢമായതിനാല്‍ ഇഹലോകത്തും പരലോകത്തും അവയ്ക്ക് ഫലപ്രാപ്തിയുണ്ട്.”

ബ്രഹ്മം ഒന്നും ആയിത്തീരുന്നില്ല. ആകാതിരിക്കുന്നുമില്ല. എന്നാല്‍ വിഷയ-വിഷയീ ബന്ധം ബോധത്തില്‍ ഉയര്‍ന്നുപൊങ്ങുമ്പോള്‍ ബോധത്തില്‍ ഭാവുകത്വം ഉണ്ടാവുന്നു. അതിലെ വിഷയമാണ് സൃഷ്ടി. എന്നാല്‍ ബ്രഹ്മം ആ ബന്ധുതയെ പിന്‍വലിക്കുമ്പോള്‍ സ്വയം ബ്രഹ്മത്തില്‍ ബ്രഹ്മമായി വര്‍ത്തിക്കുമ്പോള്‍ അത് അനന്തവിഹായസ്സായി, അനന്തപ്രശാന്തതയായി നിലകൊള്ളുന്നു. കാറ്റില്‍ ചലനമെന്നതുപോലെ  അസ്തിത്വാനസ്തിത്വങ്ങള്‍ ബ്രഹ്മത്തില്‍ സഹജമാകുന്നു.

വീണ്ടും വീണ്ടും കാണുന്ന ദിവാസ്വപ്നമെന്നതുപോലെ വാര്‍ദ്ധക്യം, മരണം മുതലായ കാലവിഭജനങ്ങള്‍ അനന്തബോധത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിക്ഷേപിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങിനെയാണ് സസ്യജാലങ്ങളും പച്ചമരുന്നുകളും എന്നുവേണ്ട വൈവിദ്ധ്യതയാര്‍ന്ന വസ്തുക്കളെല്ലാം ത്രിലോകങ്ങളിലും ഉല്‍പ്പന്നമായത്.

ഒരേയൊരനന്തബോധമാണ് അനന്തസങ്കല്‍പ്പങ്ങളെ അനന്തവൈവിദ്ധ്യതയായി അവതരിപ്പിക്കുന്നത്. എല്ലാറ്റിലും പ്രഭാസിക്കുന്നത് ഏകവും അദ്വയവുമായ ബ്രഹ്മം ഒന്നുമാത്രം! 

704 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 704

വര്‍ത്തമാനാനുഭവനമാത്രമോഹപ്രമാണകാ:
ശരീരകാരണാ സംവിദിത മോഹമുപാഗതാ: (6.2/207/10)

വസിഷ്ഠന്‍ പറഞ്ഞു: മഹാരാജന്‍, ഇത് കേട്ടാലും. അങ്ങയുടെ സംശയങ്ങള്‍ എന്നെന്നേയ്ക്കുമായി ദൂരീകരിക്കാന്‍ പോന്ന ഉത്തരങ്ങള്‍ ഞാന്‍ നല്‍കാം. ഈ ലോകത്തുള്ള എല്ലാം എല്ലായ്പ്പോഴും അയാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അവയെ യാഥാര്‍ത്ഥ്യമെന്നും പറയാം. കാരണം ലോകത്തിന്റെ അടിസ്ഥാനമായ ബോധം സത്യമാണല്ലോ. ലോകത്തിന്റെയും ആന്തരസത്ത ഏകാത്മകമായ ബോധമൊന്നുമാത്രമാണ്.
ആ ബോധം ‘ഇതങ്ങിനെ, അല്ലെങ്കില്‍ ഇതിങ്ങിനെ’ എന്ന് ചിന്തിച്ചാല്‍, സത്തായോ അസത്തായോ അതപ്രകാരം തന്നെ നടപ്പിലാവുന്നു. അതാണ്‌ ബോധത്തിന്റെ സവിശേഷത. ബോധം ഒരു ദേഹത്തെ സങ്കല്‍പ്പിച്ചു, എന്നിട്ടാ ദേഹത്തെ അവബോധിച്ചു, അല്ലെങ്കില്‍ തിരിച്ചറിഞ്ഞു. ആത്മാവബോധമാണ് ദേഹത്തെ തിരിച്ചറിഞ്ഞത്; മറിച്ച് ദേഹം ആത്മാവിനെയല്ല തിരിച്ചറിഞ്ഞത്.

സൃഷ്ടിയുടെ ആരംഭത്തില്‍ യാതൊന്നും ഉണ്ടായിരുന്നില്ല. ബോധം മാത്രമേയുള്ളൂ. അതിനാല്‍ ബോധത്തില്‍ ലോകമെന്ന കാഴ്ച്ചയുണ്ടായത് സ്വപ്നമെന്നതുപോലെയാണ്. എങ്ങിനെയാണോ ബോധം വിശ്വത്തെ സങ്കല്‍പ്പിച്ചത്, അങ്ങിനെതന്നെയാണ് ലോകം ഉദിച്ചുയര്‍ന്നത്. ബോധം തന്നെയാണ് വിശ്വമായത്. അല്ലാതെ ലോകമെന്ന വേറിട്ടൊരു വസ്തുവുണ്ടോ?

ലോകം ബ്രഹ്മഭിന്നമല്ല എന്നത് ശാസ്ത്രഗ്രന്ഥങ്ങള്‍ വ്യക്തമായിപ്പറയുന്നുണ്ട്

എങ്കിലും കൂപമണ്ഡൂപങ്ങളെപ്പോലെ “മൂഢരായ അജ്ഞാനികള്‍ അവരുടെ വാദഗതികള്‍ തുലോം തുഛമായ സ്വാനുഭവങ്ങളെയും വികലമായ അറിവുകളേയും അവലംബിച്ചാണ് ഉന്നയിക്കുന്നത്. ദേഹമാണ് അനുഭവത്തിന്റെയും അവബോധത്തിന്റെയും സ്രോതസ്സെന്നവര്‍ തെറ്റിദ്ധരിക്കുന്നു.”

നമുക്ക് അവരുമായി യാതൊരു ബന്ധവുമില്ല. എത്ര ബുദ്ധിമാനാണെങ്കിലും മറ്റുള്ളവന്റെ സംശയത്തെ ദൂരീകരിക്കാന്‍ കഴിയാത്തവനും അജ്ഞാനിയത്രേ!

ആത്മാവബോധം ദേഹത്തിന്റെ പ്രവര്‍ത്തനമാണെന്ന് പറഞ്ഞാല്‍ എന്തുകൊണ്ടാണൊരു ശവം യാതൊന്നും അനുഭവിക്കാത്തത്? സത്യം മറിച്ചാണ്. വസ്തുക്കള്‍ സ്വപ്നത്തില്‍ പ്രത്യക്ഷമാവുന്നതുപോലെ   അനന്തബോധം എന്ന ബ്രഹ്മമാണ് വിശ്വമായി ഇവിടെ പ്രകടമാവുന്നത്. ബ്രഹ്മം അനന്തബോധമാണ്. അതാണ്‌ ഈ സ്വപ്നനഗരിയെ സങ്കല്‍പ്പിച്ചത്. അതാണ്‌ വിശ്വപുരുഷനായ വിരാട്ട്.

ഈ വിശ്വപുരുഷനാണ് ബ്രഹ്മാവ്‌. ശുദ്ധബോധമാണ് വിശ്വമായി അറിയപ്പെടുന്നത്. ബ്രഹ്മാവിന്റെ സ്വപ്നത്തില്‍ ഉദിച്ചതാണ്‌ സൃഷ്ടിയായി ഇപ്പോഴും അനുഭവങ്ങളായി അതേപടി തുടരുന്നത്.
ദേഹത്തിനു രണ്ടവസ്ഥകളാണ്. ജീവനുള്ള അവസ്ഥയും ഇല്ലാത്ത അവസ്ഥയും. അതുപോലെ സൃഷ്ടികള്‍ ഉണ്ടായി മറയുന്നു. അതിനു ബ്രഹ്മേതരമായി കാരണങ്ങള്‍ ഒന്നുമില്ല. അതിനാല്‍ സൃഷ്ടി ബ്രഹ്മഭിന്നമല്ല.

ശരീരം ഉണ്ടെങ്കിലും ഇല്ലെങ്കിലും, എവിടെ വെച്ചോ, എക്കാലത്തോ മരണത്തിനു മുന്‍പോ പിന്‍പോ ബോധം അവബോധിക്കുന്നതെന്തോ അതാണനുഭവമാകുന്നത്. ഈ ബോധം തന്നെയാണ് ‘മറ്റേ ലോകങ്ങളെ’ സങ്കല്‍പ്പിക്കുന്നതും അനുഭവിക്കുന്നതും.


മുക്തിയ്ക്കായുള്ള ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രബുദ്ധതയാര്‍ജ്ജിച്ചാലല്ലാതെ ഇത്തരം വിഭ്രമാത്മകാനുഭവങ്ങള്‍ അവസാനിക്കുകയില്ല. മാനസീകോപാധികള്‍ക്കപ്പോള്‍ അവസാനമായി. ബോധത്തിലെ ഭ്രമകാഴ്ചകള്‍ക്ക് വിരാമമായി.  

703 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 703

യദാകാരണകം ഭാതി ഭാനം തന്നൈവ കിഞ്ചന
തത്തഥാ പരമാര്‍ത്ഥേന പരമാര്‍ത്ഥ: സ്ഥിതോനഘ (6.2/206/1)
വസിഷ്ഠന്‍ പറഞ്ഞു: “കാരണമില്ലാതെ പ്രകടമായി എന്ന് തോന്നുന്ന വസ്തുക്കള്‍ സത്യമല്ല. അതിനാല്‍ ഉണ്മയായി ഉള്ളത് ‘അത്’ മാത്രമാണ്; ഉണ്മ മാത്രമാണ്.’ നിനക്ക് കൂടുതല്‍ മനസ്സിലാവാന്‍ വേണ്ടി പണ്ട് എന്നോടൊരാള്‍ ചോദിച്ച ഒരു കാര്യം ഞാന്‍ വിശദീകരിക്കാം.
കുശദ്വീപ്‌ എന്നൊരു ദ്വീപുണ്ട്. അവിടെ ഇലാവതി എന്നൊരു നഗരം. പ്രജാപതി എന്ന രാജാവാണവിടം ഭരിക്കുന്നത്. ഒരിക്കല്‍ ഞാനദ്ദേഹത്തെ കാണാനിടയായി. എന്നെ വേണ്ട രീതിയില്‍ ഉപചരിച്ചശേഷം അദ്ദേഹം ചോദിച്ചു: കാണപ്പെടുന്ന ഈ വിശ്വം മുഴുവനും പ്രളയത്തില്‍ വിലീനമായശേഷം വീണ്ടും വിശ്വസൃഷ്ടിയുണ്ടാവാന്‍ എന്താണ് കാരണം? ഈ വിശ്വം എന്ന് പറഞ്ഞാല്‍ അതെന്താണ്? അതില്‍ ചിലയിടങ്ങള്‍ സദാ ഇരുട്ട് മൂടിയും ചിലയിടങ്ങള്‍ കൃമികീടങ്ങള്‍ നിറഞ്ഞും ഇരിക്കുന്നു.
മൂലഘടകസംഘാതമായ ലോകമെന്ന ഈ സൃഷ്ടി എങ്ങിനെ സംജാതമായി? മനസ്സ്, ബുദ്ധി, മുതലായവയും എങ്ങിനെയുണ്ടായി? ആരാണിതിന്റെയൊക്കെ കര്‍ത്താവ്? ആരാണിതൊക്കെ ആദ്യമായി ചിന്തിച്ചത്?

ആരാണിതിനെയെല്ലാം നിലനിര്‍ത്തിപ്പോരുന്നത്? വിശ്വത്തിന് ഒരന്ത്യപ്രളയം എന്നത് ഇല്ലതന്നെ. ഓരോരോ ജീവികള്‍ എന്തെന്ത് അവബോധിക്കുന്നുവോ അവ മാത്രമാണ് അനുഭവമാകുന്നത്. അപ്പോള്‍പ്പിന്നെ എന്താണ് നാശങ്ങള്‍ക്ക് വിധേയമാവാതെ ശാശ്വതമായി നിലകൊള്ളുന്നത്? എന്താണ് ഉണ്മ?

ഒരാള്‍ ലോകത്ത് മരിക്കുമ്പോള്‍ അയാളുടെ ദേഹം ദഹിപ്പിക്കുന്നു. അയാള്‍ക്ക് വേണ്ടി ആരാണ് നരകത്തിലും മറ്റും അയാള്‍ക്ക്‌ കരുതി വെച്ചിട്ടുള്ള നിയതാനുഭവങ്ങള്‍ക്കായി ഒരു ദേഹത്തെ ഉണ്ടാക്കുന്നത്? അമൂര്‍ത്തവും സൂക്ഷ്മവുമാകയാല്‍ അത് ധര്‍മ്മാധര്‍മ്മങ്ങളാവാന്‍ സാദ്ധ്യതയില്ല. 
വേദശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമാകയാല്‍ ‘മറ്റേ ലോകം’ എന്ന ഒന്നില്ല എന്ന് പറഞ്ഞാല്‍ അതും ശരിയല്ല. ‘അമൂര്‍ത്തമായ സത്തകള്‍ക്ക് ശിക്ഷാദി അനുഭവങ്ങള്‍ ആര്‍ജ്ജിക്കാന്‍ കഴിയും എന്നു പറഞ്ഞാലത് അസംബന്ധമാണ്. എങ്ങിനെയാണ് ഇവിടെ പദാര്‍ത്ഥങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതെന്നും പറഞ്ഞുതന്നാലും.

വേദശാസ്ത്രങ്ങളിലെ യമാനിയമാദികള്‍ കൊണ്ട് എന്താണ് പ്രയോജനം? അസത്ത് മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ അത് പിന്നീട് സത്തായി എന്നും മറ്റും ശാസ്ത്രഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളതിന്റെ അര്‍ത്ഥം എന്താണ്?

സൃഷ്ടാവായ ബ്രഹ്മാവ്‌ ശൂന്യത്തില്‍ നിന്നും ഉണ്ടായതാണെങ്കില്‍ അതേ ശൂന്യതയ്ക്ക് മറ്റനേകം ബ്രഹ്മാക്കളെ എല്ലായിടത്തും ഉണ്ടാക്കാന്‍ പറ്റുമല്ലോ? അല്ലെ?

എങ്ങിനെയാണ് ചെടികള്‍ക്കും പച്ചമരുന്നുകള്‍ക്കും അതാതിന്റെ സ്വഭാവ സവിശേഷതകള്‍ ഉണ്ടാകുന്നത്?

പുണ്യസ്ഥലമായ ഒരിടത്ത് എങ്ങിനെയാണ് രണ്ടാളുകള്‍ വ്യത്യസ്ത സ്വഭാവത്തോടെ ഒരേസമയം ജനിച്ചു ജീവിക്കുന്നത്? ഒരാള്‍ സുഹൃത്തും മറ്റേയാള്‍ ശത്രുവുമാണ്. സുഹൃത്ത് നമ്മുടെ ദീര്‍ഘായുസ്സ് നല്‍കാനായി പ്രാര്‍ത്ഥിക്കുന്നു, എന്നാല്‍ ശത്രു നമ്മുടെ മരണമാണ് പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെടുന്നത്. ആരുടെ പ്രാര്‍ത്ഥനയ്ക്കാണ് ഫലമുണ്ടാവുക?
  
ആയിരം ആളുകള്‍ ‘ഞാന്‍ ആകാശത്ത് ഒരു ചന്ദ്രനായി മാറട്ടെ’ എന്ന് ആഗ്രഹിച്ചാല്‍ എന്തുകൊണ്ട് ആകാശത്ത് ഒരേസമയം ആയിരം ചന്ദ്രന്മാര്‍ പ്രത്യക്ഷമായിക്കൂടാ?

ആയിരം ആണുങ്ങള്‍ ഒരേസമയം ഒരു സ്ത്രീയെ തങ്ങളുടെ ഭാര്യയാക്കാന്‍ ധ്യാനിച്ചു പ്രാര്‍ത്ഥിക്കുന്നു എന്നിരിക്കട്ടെ. എന്നാല്‍ അവള്‍ പ്രാര്‍ത്ഥിക്കുന്നത് തനിക്കെന്നും കന്യകയായിരിക്കണമെന്നാണ്. എന്തായിരിക്കും ഫലം?


എങ്ങിനെയാണ് മരണാനന്തരകര്‍മ്മങ്ങളും മറ്റും മരിച്ചുപോയവര്‍ അനുഭവിക്കുക? അവര്‍ രൂപരഹിതരായ അമൂര്‍ത്തരാണല്ലോ?

702 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 702

യദൂപര്‍വ്വമദൃഷ്ടം വാ നാ നുഭൂതം ന വാ ശ്രുതം
തദ്വര്‍ണ്ണ്യതേ സുദൃഷ്ടാന്തൈര്‍ഗൃഹ്യതേ ച തദൂഹ്യതേ (6.2/205/18)
രാമന്‍ ചോദിച്ചു: ഇങ്ങിനെ അനന്തബോധം എല്ലാമെല്ലാമായിരിക്കെ, ഈ ലോകമെന്നത് സ്വപ്നവും ആയിരിക്കെ, എങ്ങിനെയാണ് ബോധത്തിന് ജാഗ്രദ്-സ്വപ്ന തലത്തില്‍ മൂര്‍ത്തീകരിക്കാന്‍ കഴിയുക?
വസിഷ്ഠന്‍ പറഞ്ഞു: സ്വപ്നത്തിലോ ജാഗ്രദിലോ എന്തുതന്നെ കണ്ടുവെന്നാലും അതിനെല്ലാം ഉപാധിയയിരിക്കുന്നത് ആകാശമാണല്ലോ. അവ ആകാശത്തുനിന്നും ഉണ്ടായി, ആകാശത്തിന്റെ ഭാവത്തില്‍ത്തന്നെ (ശൂന്യഭാവം) നിലകൊള്ളുന്നു. ഈ ആകാശം ബോധമല്ലാതെ മറ്റൊന്നല്ല.
യാതൊന്നും, ഈ ദേഹം പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതിനാല്‍ അവയ്ക്ക് അസ്തിത്വവുമില്ല. അനന്തബോധം, ഒരു സ്വപ്നത്തിലെന്നവണ്ണം എല്ലാറ്റിന്റെയും അസ്തിത്വം അനുഭവിക്കുകയാണ്. ബോധത്തില്‍ ഈ അനുഭവം നിലകൊള്ളുന്നത് ഘര-ഖന-സാന്ദ്രമായ സൃഷ്ടികള്‍ എന്ന നിലയിലാണ്. ബോധത്തില്‍ ഉല്‍പ്പന്നമാവുന്ന വൈവിദ്ധ്യത അതിന്റെ അനന്ത സാദ്ധ്യതകളെ വെളിവാക്കുന്നു. അത് അനന്തമായ സൃഷ്ടിജാലങ്ങളായി പ്രകടമാവുന്നു.

രാമന്‍ ചോദിച്ചു: അനന്തകോടി വിശ്വസൃഷ്ടികള്‍ ഉണ്ടെന്നങ്ങു പറഞ്ഞു. അനന്തകോടി ജീവജാലങ്ങള്‍ വൈവിദ്ധ്യമാര്‍ന്ന സ്വഭാവഗുണങ്ങളോടെ അതാതിന്റെ ധര്‍മ്മനിഷ്ഠയോടെ നിലകൊള്ളുന്നുവെന്നും അങ്ങ് പറഞ്ഞുവല്ലോ? അവയില്‍ സൃഷ്ടിയെന്ന പ്രക്രിയ എങ്ങിനെയാണ് നിലകൊള്ളുന്നതെന്ന് പറഞ്ഞു തരൂ.

വസിഷ്ഠന്‍ പറഞ്ഞു: “മുന്‍പ് അനുഭവിച്ചിട്ടില്ലാത്തതും കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്തതുമായ കാര്യങ്ങളെ സുവിദിതമാക്കാന്‍ ഗുരുക്കന്മാര്‍ പലേവിധങ്ങളായ ഉദാഹരണങ്ങളും ഉപയോഗിക്കും. കാരണം അങ്ങിനെ സത്യത്തെ കൂടുതല്‍ എളുപ്പത്തില്‍ സാധകനെ മനസ്സിലാക്കാന്‍ സാധിക്കുമല്ലോ.” ഏതായാലും  നിനക്കീ വിശ്വത്തിന്റെ സ്വഭാവം അറിയാം- ഒരേയൊരു ബ്രഹ്മം മാത്രം ആദിയന്തരഹിതമായി, നാമരൂപരഹിതമായി, മാറ്റങ്ങള്‍ക്ക് വിധേയമല്ലാതെ നിലകൊള്ളുന്നു. വിശ്വവും അങ്ങിനെതന്നെയാണ്. ആദിയന്തങ്ങളില്ലാതെ, ബ്രഹ്മമായിത്തന്നെയാണത് നിലകൊള്ളുന്നത്.
 
അനന്തബോധം സ്വയമുള്ളില്‍ അവബോധിക്കുന്നതെന്തോ അനുഭവിക്കുന്നതെന്തോ, അതാണ്‌ വിശ്വമായി ‘പ്രസൃഷ്ടമാ’വുന്നത്. എന്നാലത് സ്വപ്നം കാണുന്നവന്റെയുള്ളില്‍ ‘ഉണ്ടാവുന്ന’ സ്വപ്നവസ്തുവെന്നതുപോലെ ഭ്രമാത്മകമാണ്. മലകള്‍ ദൃഢമല്ല, ജലം ദ്രവാത്മകവുമല്ല. ബോധം എന്തെന്തു ധരിക്കുന്നുവോ സങ്കല്‍പ്പിക്കുന്നുവോ (ഭാവിക്കുന്നുവോ) അത് അങ്ങിനെതന്നെ ഭവിക്കുന്നു.
സ്വപ്നത്തിലെ മല യാതൊന്നിലും നിലകൊള്ളുന്നില്ല. അത് നിശ്ശൂന്യമാണ്. അതുപോലെയാണ് വിശ്വവും. നിശ്ശൂന്യം.


ബ്രഹ്മം മാത്രമാണ് ബ്രഹ്മമായി എല്ലാക്കാലത്തും നിലനില്‍ക്കുന്നത്. യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. യാതൊന്നും നശിപ്പിക്കപ്പെട്ടിട്ടുമില്ല. ബ്രഹ്മത്തില്‍ വൈവിദ്ധ്യതയോ അതിന്റെ അഭാവമോ ഇല്ലതന്നെ. ഏകത, അനേകത, വൈവിദ്ധ്യത, സത്യം, അസത്യം, എന്നീ ധാരണകള്‍ക്കൊന്നും ബ്രഹ്മത്തില്‍ പ്രസക്തിയില്ല. 

701 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 701

യഥാ മയോപദിഷ്ടോസി യഥാ പശ്യസി ശാസ്ത്ര:
യഥാനുഭവസി ശ്രേഷ്ഠമേകവാക്യം തഥാ കുരു (6.2/203/21)

വസിഷ്ഠന്‍ രാമനോട് പറഞ്ഞു: രാമാ, കേള്‍ക്കാന്‍ യോഗ്യമായ കാര്യങ്ങള്‍ എല്ലാം നീ കേട്ട് കഴിഞ്ഞു. “ഞാന്‍ നിനക്ക് പറഞ്ഞുതന്ന കാര്യങ്ങളും നീ ശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയവയും ചേര്‍ത്ത് ഇനി നീയവയെ സമഗ്രമായി സ്വജീവിതത്തില്‍ ചേര്‍ത്ത് അവയെ നിന്റെ നേരനുഭവമാക്കി മാറ്റിയാലും”
ഇനിയുമൊരിക്കല്‍ക്കൂടി ഞാന്‍ നിനക്കായി പരം പൊരുള്‍ സംബന്ധിച്ച സത്യം വെളിപ്പെടുത്താം. കണ്ണാടിയില്‍ പ്രതിബിംബം കൂടുതല്‍ തെളിഞ്ഞു കാണാന്‍ അത് ഉരച്ചുതുടച്ചു മിനുക്കി തെളിയിച്ചെടുക്കണമല്ലോ. ഇഹലോകത്തിലെ വസ്തുക്കളെല്ലാം ഒരുവന്റെ അനുഭവതലങ്ങളുടെയും അവബോധത്തിന്റെയും പ്രതിഫലനങ്ങളാണ്. എല്ലാ ശബ്ദങ്ങളും ഒഴുക്കുവെള്ളമുണ്ടാക്കുന്ന ശബ്ദംപോലെയാണ്. ഇവിടെ കാണുന്നതെല്ലാം അനന്താവബോധത്തിന്റെ പ്രസ്ഫുരണങ്ങള്‍ മാത്രമാണ്; ഭ്രമാത്മകദൃശ്യങ്ങളാണവ.

ഈ ലോകം ഒരു സ്വപ്നമെന്നതുപോലെ ഉല്‍പ്പന്നമായതാണ്. ജാഗ്രദ് എന്ന് പറയുന്ന അവസ്ഥ വാസ്തവത്തില്‍ സ്വപ്നാവസ്ഥതന്നെയാണ്. അത് ബോധഭിന്നമല്ല. കാരണം ബോധം മാത്രമാണ് സത്യം. ലോകം വാസ്തവത്തില്‍ നാമരൂപരഹിതമാകുന്നു.

രാമാ, പറയൂ, ഈ ലോകം അതിന്റെ എല്ലാ സന്നാഹങ്ങളോടുംകൂടി ഈ സ്വപ്ന നഗരിയില്‍ എങ്ങിനെയാണ് ദൃശ്യമായത്? ആരാണിത് മെനഞ്ഞെടുത്തത്? അതിന്റെ ശരിയായ സ്വഭാവമെന്ത്‌? എന്താണതിന്റെ ഉദ്ദേശം?

രാമന്‍ പറഞ്ഞു: ആത്മാവ്, അല്ലെങ്കില്‍ അനന്തബോധം മാത്രമാണ് ഭൂമി, മലകള്‍, എന്നുവേണ്ട എല്ലാറ്റിന്റെയും സത്ത. ആത്മാവ്, ആകാശം പോലെയാണ്. നാമരൂപരഹിതം, ഉപാധിവീതം. ഇവയൊന്നും ഒരിക്കലും ആരാലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ബോധത്തിലെ മനസ്സെന്ന ഒരു ധാരണാവിശേഷത്തില്‍ നിലകൊള്ളുന്ന സങ്കല്‍പ്പനങ്ങളായി മാത്രമേ ഇപ്പറഞ്ഞ എല്ലാത്തിനും നിലനില്‍പ്പുള്ളൂ. 

കാലം, ദൂരം, എന്നുവേണ്ട, എല്ലാമെല്ലാം ബോധത്തിന്റെ പ്രകടിതഭാവങ്ങളാണ്. പര്‍വ്വതനിരകളും അതുപോലെ ബോധമാകുന്നു. ഭൂമിയുടെ ദൃഢത, ജലത്തിന്റെ ദ്രവാവസ്ഥ മുതലായ നൈസര്‍ഗ്ഗികസ്വഭാവസവിശേഷതകള്‍ ബോധം തന്നെയാണ്. എന്നാല്‍ ഇപ്പറഞ്ഞ വസ്തുക്കള്‍ ഒന്നും നിലനില്‍ക്കുന്നില്ല. സത്തായി ഉള്ളത് ബോധം മാത്രം.

ജലത്തിന്റെ ദ്രാവകാവസ്ഥയാണ് കടലില്‍ അടിയൊഴുക്കും തിരമാലകളും ചുഴികളും ഉണ്ടാക്കുന്നത്. അതുപോലെ ബോധത്തിന്റെ അനന്ത സാദ്ധ്യതകളാണ് വൈവിദ്ധ്യമാര്‍ന്ന് പ്രകടമാകുന്നത്. ബോധത്തില്‍ ദൃഢതയും ഉറപ്പും ധാരണകളായി ഉയര്‍ന്നുവരുമ്പോള്‍ അവ മലകളും മറ്റുമാവുന്നു. അതുപോലെയാണ് മറ്റു വസ്തുക്കളും ‘ഉണ്ടാവുന്നത്’. 
 
ഈ ‘പ്രക്രിയ’യില്‍ ബോധത്തിന് മാറ്റങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ല. ‘ഞാന്‍’, ‘നീ’, എന്നീ ധാരണകള്‍ ഉയര്‍ന്നുവരുന്നത് അഹൈതുകമാണ്. അനിച്ഛാപൂര്‍വ്വകമാണ്. അവയും ബോധം തന്നെയാണ്.

മനസ്സ്, ബുദ്ധി, അഹംകാരം, പഞ്ചഭൂതങ്ങള്‍, ലോകമെന്ന ഈ കെട്ടുകാഴ്ച, എല്ലാമെല്ലാം അനന്തബോധത്തില്‍ കാണപ്പെടുന്നു. അവയെല്ലാം അനന്തബോധത്തില്‍ നിന്നും ഭിന്നമല്ല താനും. യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല; യാതൊന്നും നഷ്ടമായിട്ടില്ല.

Jan 3, 2015

700 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 700

ബലോ ലീലാമിവ ത്യക്തശങ്കം സംസാരസംസ്ഥിതം
യാവദ്ദേഹമിമാം സാധോ പാലയാമ്യമലൈകദൃക് (6.2/201/29)
അപ്പോള്‍ വസിഷ്ഠന്‍ രാമനോട് ചോദിച്ചു: രാമാ, നിനക്കിനി എന്താണ് എന്നോടു ചോദിക്കാനുള്ളത്? ഇപ്പോള്‍ നീയീ വിശ്വത്തെ കാണുന്നത് എങ്ങിനെയാണ്? നിന്റെ ആന്തരാനുഭവം ഇപ്പോളെങ്ങിനെയാണ്?
രാമന്‍ പറഞ്ഞു: ഭഗവന്‍, അങ്ങയുടെ കൃപയാല്‍ ഞാന്‍ പൂര്‍ണ്ണമായും പ്രബുദ്ധനായിരിക്കുന്നു. എല്ലാ മാലിന്യങ്ങളും എന്നെ വിട്ടകന്നു. എന്നിലെ തെറ്റിദ്ധാരണകളും വിഭ്രമങ്ങളും പൊയ്പ്പോയിരിക്കുന്നു. എന്നെ ബന്ധിച്ചിരുന്ന എല്ലാ കെട്ടുപാടുകളും അഴിഞ്ഞുപോയിരിക്കുന്നു. എന്നിലെ മേധാശക്തിക്കിപ്പോള്‍ സ്ഫടികത്തിളക്കമുണ്ട്. മനസ്സില്‍ കൂടുതലായി ഒന്നും അറിയണമെന്നുള്ള ത്വരയില്ലിപ്പോള്‍. എനിക്ക് ഒന്നുമായും ബന്ധമില്ല. ബന്ധുക്കളോ, ശാസ്ത്ര ഗ്രന്ഥങ്ങളോ എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. സന്യാസം പോലും എന്നെ ആകര്‍ഷിക്കുന്നില്ല.
ഞാനീ ലോകത്തെ ശുദ്ധവും അനന്തവും അവിഭാജ്യവുമായ ബോധമായി കാണുന്നു. അല്ലെങ്കില്‍ ലോകമെന്നത് വെറും ശൂന്യതയാണ്. കാരണം ഭ്രമാത്മകമായ കാഴ്ചകള്‍ ഇല്ലാതാവുന്നതോടെ ലോകവും ഇല്ലാതെയാവുമല്ലോ. അങ്ങ് പറയുന്നതെന്തും ഞാന്‍ ചെയ്യാന്‍ ജാഗരൂകനാണ്. ഞാന്‍ എന്നില്‍ സഹജമായി വരുന്ന കര്‍മ്മങ്ങളെ യാതൊരാസക്തിയും കൂടാതെ ആഘോഷമോ വിഷാദമോ ഇല്ലാതെ ചെയ്തുകൊള്ളാം. എന്നിലിനി ഭ്രമക്കാഴ്ച്ചകളില്ല.

ഈ സൃഷ്ടിജാലം മറ്റെന്തെങ്കിലും ആയി മാറുകയോ വിശ്വപ്രളയത്തിന്റെ കൊടുങ്കാറ്റടിക്കുകയോ ചെയ്തുകൊള്ളട്ടെ. എന്റെ രാജ്യം സമ്പല്‍സമൃദ്ധമായിത്തീര്‍ന്നാലുമില്ലെങ്കിലും ഞാന്‍ ആത്മജ്ഞാനത്തില്‍ ആമഗ്നനാണ്.
  
ഞാനിപ്പോള്‍ പ്രശാന്തനാണ്. എന്റെ ദൃഷ്ടിയിപ്പോള്‍ തെളിഞ്ഞിരിക്കുന്നു. എന്റെ സഹജഭാവം എന്തെന്ന് പറഞ്ഞു മനസ്സിലാക്കിത്തരുക ദുഷ്ക്കരമാണ്. എന്നില്‍ ആശകളും ആസക്തികളും ഇല്ലിപ്പോള്‍. ഞാന്‍ മറ്റു രാജാക്കന്മാരെപ്പോലെ ഭരണം കയ്യാളി ജീവിക്കും. മറ്റുള്ളവര്‍ പ്രബുദ്ധരായാലും ഇല്ലെങ്കിലും എന്നില്‍ മാനസീകമായി യാതൊരാകുലതകളും ഉണ്ടാവുകയില്ല. എന്നില്‍ സമതാഭാവമാണിപ്പോള്‍.
 
“ഈ ദേഹമുള്ളിടത്തോളം കാലം ഞാനീ രാജ്യഭാരം കയ്യാളും. ശുദ്ധമായ കാഴ്ചപ്പാടോടെ സംസാരത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും തീര്‍ന്ന് ഒരു കുട്ടിയെങ്ങിനെ കളികളില്‍ ഏര്‍പ്പെടുമോ അങ്ങിനെ ഞാനുമീ ജീവിതം നയിക്കും”

വസിഷ്ഠന്‍ പറഞ്ഞു: ഭേഷ്, രാമാ, ബലേ ഭേഷ്. നീ തീര്‍ച്ചയായും സുഖദുഖങ്ങള്‍ക്ക് അതീതമായ ആ പരമപദം പ്രാപിച്ചിരിക്കുന്നു. ഇഹലോകത്തിനും പരലോകത്തിനും അതീതമായ സത്യത്തെ നീ കണ്ടെത്തിയിരിക്കുന്നു.

ഇനി നീ വിശ്വാമിത്ര മഹര്‍ഷിയുടെ അനുജ്ഞകള്‍ പൂര്‍ത്തീകരിച്ചശേഷം രാജ്യഭാരം വഹിക്കുക.

സഭ വീണ്ടും ഹര്‍ഷാരവം മുഴക്കി.

രാമന്‍ പറഞ്ഞു: ഭഗവന്‍, അഗ്നിയെങ്ങിനെ സ്വര്‍ണ്ണത്തെ നിര്‍മ്മലമാക്കുന്നു, അതുപോലെ അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചിരിക്കുന്നു. സ്വന്തം ദേഹമാണെല്ലാം എന്ന് കരുതിയിരുന്നവരിപ്പോള്‍ വിശ്വത്തെ ഒന്നാകെ ആത്മാവായി ദര്‍ശിക്കുന്നു. ഞാന്‍ ഇപ്പോള്‍ സംശയലേശമില്ലാത്തവനാണ്. ഞാന്‍ അസ്തിത്വത്തിന്റെ പരമകാഷ്ഠയിലാണിപ്പോള്‍. ശാശ്വതവും അവ്യയവുമായ ആനന്ദം എന്നിലങ്കുരിച്ചിരിക്കുന്നു. പരമവിജ്ഞാനമൂറുന്ന വാക്കുകളാകുന്ന അമൃതുണ്ട് എന്റെ ഹൃദയം ശുദ്ധമായ ആനന്ദമനുഭവിക്കുന്നു. ലോകമിപ്പോള്‍ ശാശ്വതവും അനന്തവുമായ സത്തായി എന്നില്‍ തെളിഞ്ഞത് അങ്ങയുടെ കൃപയാല്‍ മാത്രമാണ്.

699 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 699

അകല്‍പ്പം സിദ്ധസംഘേഷു മോക്ഷോപായാ: സഹസ്രശ:
വ്യാഖ്യാതാശ്ച ശ്രുതാശ്ചാലാമീദൃശാസ്തു ന കേചന   (6.2/200/18)

വാല്‍മീകി പറഞ്ഞു: നിര്‍വാണത്തെപ്പറ്റിയുള്ള ഈ പ്രഭാഷണം അവസാനിപ്പിച്ച ശേഷം വസിഷ്ഠന്‍ കുറച്ചു നേരം മൌനമവലംബിച്ചു. സഭാവാസികള്‍ എല്ലാവരും തന്നെ നിര്‍വികല്‍പ്പസമാധിയില്‍ അല്ലെങ്കില്‍ ധ്യാനലീനരായി അവിടെയിരുന്നു. ആകാശത്ത് സന്നിഹിതരായിരുന്ന മുനിവൃന്ദം മുഴക്കിയ ആഹ്ലാദനാദം എല്ലായിടത്തും അലയടിച്ചു. വാനത്തുനിന്നും പുഷവൃഷ്ടിയോടെ ഗന്ധര്‍വ്വന്മാര്‍ അവരുടെ ദുന്ദുഭിമുഴക്കിയും പാടിയും ആഘോഷിക്കുകയുണ്ടായി.

സിദ്ധന്മാര്‍ ഇങ്ങിനെ പറഞ്ഞു: “ഈ യുഗാരംഭം മുതല്‍ ഞങ്ങള്‍ മോക്ഷമാര്‍ഗ്ഗത്തെ പതിപാദിക്കുന്ന അനേകം പ്രഭാഷണങ്ങള്‍ കേട്ടിരിക്കുന്നു. എന്നാല്‍ ഈ ദിവ്യഭാഷണത്തിനെപ്പോലെ മറ്റൊന്നില്ല.” കുട്ടികളും മൃഗങ്ങളും പോലും ഈ മഹാമുനിയുടെ വാക്കുകള്‍ കേട്ടാല്‍ മുക്തിപദത്തെ പ്രാപിക്കാന്‍ പര്യാപ്തരാവും!

ദശരഥ മഹാരാജാവ് പറഞ്ഞു: ഭഗവന്‍, അങ്ങയെ പൂജിച്ച് ആദരിക്കാന്‍ ലോകത്തുള്ള യാതൊന്നുകൊണ്ടും കഴിയില്ല. എങ്കിലും എന്റെ എളിയ പ്രാര്‍ത്ഥന കേട്ടാലും അനൌചിത്യം എന്ന് വിചാരിക്കരുതേ. ഞാനും എന്റെ കുലവും അങ്ങയെ ഞാനാര്‍ജ്ജിച്ചിട്ടുള്ള എല്ലാ പുണ്യവും പവിത്രതയും അങ്ങേയ്ക്ക് മുന്നില്‍ അര്‍പ്പിക്കുന്നു. ഇതെല്ലാം അങ്ങയുടേതാണ് മഹാമുനേ. ഇനിയുള്ള ഞങ്ങളുടെ കര്‍മ്മധര്‍മ്മങ്ങള്‍ എന്തെന്ന് കല്‍പ്പിച്ചാലും.

വസിഷ്ഠന്‍ പറഞ്ഞു: മഹാരാജാവേ, അങ്ങയുടെ ഉപചാരവാക്കുകള്‍ നാമിതാ സ്വീകരിച്ചിരിക്കുന്നു. എനിക്കത് മതി. രാജ്യഭാരം വഹിക്കാന്‍ കഴിവുള്ളത് അങ്ങേയ്ക്കാണ്.

രാമന്‍ പറഞ്ഞു: ഭഗവന്‍, ഞാന്‍ അങ്ങേയ്ക്ക് എന്താണ് സമര്‍പ്പിക്കേണ്ടത്? ഞാന്‍ അങ്ങയുടെ കാല്‍ക്കല്‍ സ്വയം അര്‍പ്പിക്കുന്നു. 

രാമനെത്തുടര്‍ന്നു ലക്ഷ്മണാദിസഹോദരന്മാരും  മഹര്‍ഷിയെ നമസ്കരിച്ചു. തുടര്‍ന്നു ദൂരെ ദേശങ്ങളില്‍നിന്നു വന്നിട്ടുള്ള മറ്റു രാജാക്കന്മാരും അതിഥികളും മഹര്‍ഷിയെ നമസ്കരിച്ചു.
വസിഷ്ഠമുനിയെ അവര്‍ പൂക്കള്‍ കൊണ്ട് മൂടി. 

ഇതെല്ലാം കഴിഞ്ഞപ്പോള്‍ വസിഷ്ഠന്‍ പറഞ്ഞു: മാമുനിമാരേ, ഞാന്‍ ചെയ്ത പ്രഭാഷണത്തിലെന്തെങ്കിലും തെറ്റുകുറ്റങ്ങളൊ കുറവുകളോ ഉണ്ടെങ്കില്‍ അത് നിങ്ങള്‍ തുറന്നു പറഞ്ഞാലും.

മുനിവര്യന്മാര്‍ പറഞ്ഞു: മഹാമുനേ, അങ്ങയുടെ വാക്കുകളില്‍ ഒന്നുപോലും അനുചിതമെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. ഒരൊറ്റ ശ്രുതിയില്‍പ്പോലും പിഴവില്ല. അത്യുന്നതമായ ചിന്തകളില്‍മാത്രം വിഹരിക്കുകയായിരുന്നു ഈ പ്രഭാഷണം. ഞങ്ങളുടെ മനസ്സുകളും ഹൃദയങ്ങളും മൂടിക്കെട്ടിയിരുന്ന അജ്ഞാനപടലങ്ങളെ ഒറ്റയടിക്കു നിര്‍മ്മൂലം ഇല്ലാതാക്കാന്‍ അങ്ങേയ്ക്ക് സാധിച്ചു. അങ്ങ് ഞങ്ങളുടെ ഹൃദയകമലങ്ങളെ വിടര്‍ത്തി. അങ്ങയെ ഞങ്ങള്‍ നമസ്കരിക്കുന്നു. അങ്ങാണ് ഞങ്ങള്‍ക്ക് ഗുരു. 

ഇങ്ങിനെ പറഞ്ഞു മുനിമാര്‍ ഒരേസ്വരത്തില്‍ വസിഷ്ഠനോടു നമോവാകം ചൊല്ലി, പൂക്കള്‍ അര്‍പ്പിച്ചു.


അവിടെക്കൂടിയിരുന്ന മുനിമാര്‍ ദശരഥനെയും പുകഴ്ത്തി സംസാരിച്ചു. രാമന്റെ മഹിമയും വാഴ്ത്തി. രാമനെയും സഹോദരന്മാരെയും വണങ്ങി. വസിഷ്ഠനെയും വിശ്വാമിത്രനെയും വാഴ്ത്തി. അവരുടെ കൃപയൊന്നുകൊണ്ട് മാത്രമാണല്ലോ അവിദ്യാനിര്‍മ്മാര്‍ജ്ജനപ്രദമായ ഈ പ്രഭാഷണം ഇവിടെ നടക്കാനിടയായത്. വീണ്ടും വീണ്ടും ആ സത്സംഗസഭ വസിഷ്ഠന്റെ അപദാനങ്ങള്‍ വാഴ്ത്തി അദ്ദേഹത്തെ വീണ്ടും വീണ്ടും നമസ്കരിച്ചു.

698 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 698

ഹേയോപാദേയദൃഷ്ടി ദ്വേ യസ്യ ക്ഷീണേ ഹി തസ്യ വൈ
ക്രിയത്യാഗേന കോര്‍ത്ഥ: സ്യാത്ക്രിയാസംശ്രയണേന വാ (6.2/199/2)
രാമന്‍ ചോദിച്ചു: ഈ മഹര്‍ഷിവര്യന്മാര്‍ ആത്മജ്ഞാനാനന്ദനിമഗ്നരായി ഇരിക്കുകയാണല്ലോ. അവരെന്തുകൊണ്ടാണ് അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാത്തത്?
വസിഷ്ഠന്‍ പറഞ്ഞു: “ഇത് അഭികാമ്യം, ഇത് അനഭികാമ്യം എന്നിങ്ങനെ കര്‍മ്മങ്ങളെ അവര്‍ തരം തിരിച്ചിട്ടില്ല. അതിനാല്‍ അവരെസംബന്ധിച്ചിടത്തോളം, കര്‍മ്മവും കര്‍മ്മനിരാസവും, രണ്ടും സാരലേശമില്ലാത്ത കാര്യങ്ങളാണ്.”
അതിനാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ സമുചിതമായിത്തന്നെ ചെയ്തു തീര്‍ക്കുന്നു. രാമാ, ജീവനുള്ളിടത്തോളം കാലം ദേഹം നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമല്ലോ. അത് തുടര്‍ന്നുകൊള്ളട്ടെ. എന്തിനാണതിനെതിരെ നാം ആഗ്രഹിക്കുന്നത്? എന്തായാലും ചില കാര്യങ്ങള്‍ ചെയ്തേ പറ്റൂ എന്നുണ്ടെങ്കില്‍ എന്തുകൊണ്ടത് ഭംഗിയായി ചെയുതുകൂടാ? തെളിഞ്ഞുനിര്‍മ്മലമായ ഹൃദയത്തോട് കൂടി സമതയില്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം ഉചിതമായിരിക്കും. അതില്‍ ഒരിക്കലും തെറ്റുണ്ടാവുകയില്ല.

രാമാ നമ്മുടെയിടയില്‍ത്തന്നെ തെറ്റായ കര്‍മ്മങ്ങള്‍ ചെയ്യുന്ന പലരുമുണ്ട്. അവരില്‍ ചിലര്‍ ജ്ഞാനികളുമാണ്. ചിലര്‍ ഗൃഹസ്ഥരാണ്, എന്നാലവര്‍ ആസക്തിയേതും കൂടാതെ ജീവിക്കുന്നു. ചിലര്‍ നിന്നെപ്പോലെ രാജര്‍ഷികളാണ്. അവര്‍ ആസക്തിയേതും കൂടാതെ, മനോവികലതയൊന്നും ബാധിക്കാതെ  അവരവരുടെ രാജധര്‍മ്മങ്ങള്‍ ഭംഗിയായി ചെയ്യുന്നവരാണ്. മറ്റു ചിലരുണ്ട്. അവര്‍ വേദശാസ്ത്രാധിഷ്ടിതമായ കര്‍മ്മങ്ങളും ആചാരങ്ങളും  അനുഷ്ടിക്കുന്നവരാണ്.
  
ഇനിയും ചിലര്‍ ഇശ്വരനില്‍ ശ്രദ്ധാഭക്തിയോടെ ധ്യാനത്തിലും സ്വധര്‍മ്മപരിപാലനത്തിലും മുഴുകിയിരിക്കുന്നു. ചിലര്‍ എല്ലാമെല്ലാം മനസാ സംത്യജിച്ചശേഷം അജ്ഞാനികളെപ്പോലെ ജീവിതം നയിക്കുന്നു. പലവിധ ലൌകീക കര്‍മ്മങ്ങളിലും മുഴുകുന്നു. ചിലര്‍ കൊടുംകാടുകളില്‍ കഠിനമായ തപശ്ചര്യകളില്‍ ഏര്‍പ്പെട്ടുകഴിയുന്നു. ചിലര്‍ പുണ്യതീര്‍ത്ഥങ്ങളില്‍ താമസിക്കുന്നു. ഇനിയും ചിലര്‍ വിദൂരദേശങ്ങളില്‍ അലഞ്ഞു നടന്ന് തന്നിലെ ഇഷ്ടാനിഷ്ടങ്ങളെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിക്കുന്നു. 
    
ചിലര്‍ സദാ സഞ്ചാരികളായി അലയുന്നു. ചിലര്‍ അവരവരുടെ സ്വധര്‍മ്മങ്ങളെ ഉപേക്ഷിച്ചു നടക്കുന്നുവെങ്കിലും അവരെ പൂജിക്കാന്‍ ആളുകളുണ്ട്. ചിലര്‍ ജ്ഞാനികളായും മറ്റുചിലര്‍ ഭ്രാന്തരെപ്പോലെയും ജീവിക്കുന്നു. ചിലര്‍ മനുഷ്യര്‍, ചിലര്‍ അസുരന്മാര്‍, ചിലര്‍ ദേവന്മാര്‍.
ഈ ലോകത്ത് പൂര്‍ണ്ണപ്രബുദ്ധതയില്‍ എത്തിയവരുണ്ട്, പ്രബുദ്ധതയില്‍ എത്താത്തവരുമുണ്ട്. ധര്‍മ്മകര്‍മ്മങ്ങളെ ഉപേക്ഷിച്ചവരും പ്രബുദ്ധതയ്ക്കും അജ്ഞാനത്തിനും ഇടയില്‍ അങ്ങുമിങ്ങും എത്താതെ ജീവിക്കുന്നവരും ഉണ്ട്.

മുക്തിലാഭത്തിനായി കാട്ടില്‍പ്പോയി ജീവിക്കണമെന്നൊന്നുമില്ല. സ്വരാജ്യത്ത് വസിക്കണമെന്നോ, തപസജീവിതം സ്വീകരിക്കണമെന്നോ, കര്‍മ്മങ്ങളെ സംത്യജിക്കണമെന്നോ ഇല്ല. സഹജഭാവം പൂര്‍ണ്ണസ്വതന്ത്രമായും ബാഹ്യവസ്തുക്കളില്‍ ആസക്തിയില്ലാതെയും ജീവിക്കുന്നവര്‍ക്ക് മുക്തിപദം സുസാദ്ധ്യമാണ്. മനസ്സ് ഒരിക്കല്‍ സ്വതന്ത്രമായി ആസക്തിരഹിതമായിത്തീര്‍ന്ന ഒരാള്‍ വീണ്ടും സംസാരത്തിലേയ്ക്ക് ആകൃഷ്ടനാവുകയില്ല. 
 

രാമാ, നീയാ പരമാവസ്ഥയിലാണ്. ഇഷ്ടാനിഷ്ടങ്ങളുടെ പിടിയില്‍ നിന്നും സ്വതന്ത്രനായി അവിടെത്തന്നെ നിലകൊണ്ടാലും. ആ ബ്രഹ്മാവസ്ഥയില്‍ മാലിന്യലേശമില്ല. മാറ്റങ്ങളോ, ഉപാധികളോ, മൂടുപടങ്ങളോ, ആഗ്രഹങ്ങളോ, ത്വരയോ, ജുഗുപ്സയോ, യാതൊന്നുമില്ല. ഇനിയൊന്നും അതിനെപ്പറ്റി പറയാനില്ല.   

697 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 697

യദ്യഥാ തത്തഥാ യേന ക്രിയതേ ദൃശ്യതേ തഥാ
ആനന്ദോദ്വേഗമുക്തേന കസ്തം തോലയിതും ക്ഷമ: (6.2/198/19)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഞാനിനി പറയാന്‍ പോകുന്നതും നീ ശ്രദ്ധയോടെ കേട്ടാലും. സത്യത്തെ ആവര്‍ത്തിച്ചു കേള്‍ക്കുന്നതുകൊണ്ട്‌ അജ്ഞാനികള്‍ക്ക് പോലും പ്രബുദ്ധതയുണ്ടാവും. ആദ്യം ഞാന്‍ സ്ഥിതി പ്രകരണം വിവരിച്ചു പറഞ്ഞു. അതില്‍ ഈ വിശ്വസൃഷ്ടിയെ പ്രതിപാദിച്ചു. അതുകഴിഞ്ഞ് ഉപശാന്തി പ്രകരണത്തില്‍ ഞാന്‍ ലോകമെന്ന മായക്കാഴ്ചയെ ഉന്മൂലനം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുതന്നു. അങ്ങിനെ ലോകമെന്ന മിഥ്യാവിഭ്രമം ഇല്ലാതാക്കിയശേഷമാണ് ഒരുവന്‍ മാനസീക സമ്മര്‍ദ്ദങ്ങളോ ഉപാധികളോ കൂടാതെ ഇവിടെ സ്വതന്ത്രനായി ജീവിക്കേണ്ടത്. 

ഇഹലോകത്തില്‍ സര്‍വ്വാനുഗൃഹദായിയായ സമതാഭാവത്തോടെഒരു സാധകന്റെ സൌഭാഗ്യമാണത്.  സമതയാണ് നൈര്‍മ്മല്യത്തെ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുത്തുന്നത്. എല്ലാ പവിത്രഗുണങ്ങളും ഇതെത്തുടര്‍ന്നുണ്ടാവുന്നു. ലോകത്തിലെ യാതൊരനുഗ്രഹവും സമ്പത്തും സമതാഭാവത്തിനു തുല്യമാവുകയില്ല. അതെല്ലാ ആകുലതകളെയും അകറ്റുന്നു.  

സമതാഭാവത്തില്‍ സദാ അഭിരമിക്കുന്നവര്‍ തുലോം എണ്ണത്തില്‍ക്കുറവാണ്. എല്ലാവര്‍ക്കും സുഹൃത്തുക്കളായി അവര്‍ വര്‍ത്തിക്കുന്നു. സമതയില്‍ അഭിരമിക്കുന്നവര്‍ക്ക് ദുഃഖം സുഖമാണ്. മരണം എന്നത് പുതു ജന്മമാണ്.

“ഹര്‍ഷോന്മാദവും വിഷാദവും ബാധിക്കാതെ എന്തെന്തു ചെയ്യേണമോ എങ്ങിനെ ചെയ്യേണമോ അത് സമയോചിതമായി ഔചിത്യപൂര്‍വ്വം ചെയ്യുന്ന ഒരുവന്റെ മാഹാത്മ്യം എങ്ങിനെ അളക്കാനാണ്?”

സുഹൃത്തുക്കളും ബന്ധുക്കളും ശത്രുക്കളും രാജാക്കന്മാരും സഹജഭാവത്തില്‍ ജീവിക്കുന്നയാളെ ഏറ്റവും കൂടുതലായി വിശ്വസിക്കുന്നു. അങ്ങിനെ ജീവിക്കുന്നയാള്‍ ഇടയ്ക്ക് ക്രുദ്ധനായാല്‍പ്പോലും അത് ആരെയും ദ്രോഹിക്കാനായല്ല. അയാളുടെ എല്ലാ ചെയ്തികളും - അയാളുടെ കര്‍മ്മങ്ങള്‍, അയാളുടെ ഭക്ഷണരീതികള്‍, എല്ലാം അത് നല്ലതാണെങ്കിലും അല്ലെങ്കിലും മറ്റുള്ളവര്‍ ആഘോഷമാക്കുന്നു. സമതാഭാവത്തില്‍ വിരാജിക്കുന്ന അയാള്‍ മറ്റൊരാളെ കീഴടക്കിയാലും ശാസിച്ചാലും അതിനെയാളുകള്‍ അംഗീകരിക്കുന്നു. അയാളുടെ പൂര്‍വ്വകാല കര്‍മ്മങ്ങളും നന്മതിന്മകളും എല്ലാം ജനത്തിനു കയ്യടിക്കാന്‍ പോന്നവയാണ്. എത്ര സന്തോഷമോ സന്താപമോ ഉണ്ടായിക്കൊള്ളട്ടെ, സമതയില്‍ അഭിരമിക്കുന്നവര്‍ക്ക് ആകുലതകള്‍ ഇല്ല.

ഇനി സമതയില്‍ ജീവിതം കൊണ്ടാടിയ ചിലമഹാന്മാരെപ്പറ്റിപ്പറയാം. അവര്‍ കൊടിയ ദുരിതങ്ങളെപ്പോലും അതിജീവിച്ചത് നമുക്ക് ജീവിതപാഠങ്ങളാണ്. ശിബി ചക്രവര്‍ത്തിയുടെ മുന്നില്‍വെച്ച്‌ ഭാര്യ അപമാനിക്കപ്പെട്ടു, യുധിഷ്ടിരന്‍, ത്രിഗര്‍ത്ത രാജാവ്, ജനകമഹാരാജന്‍, സാല്‍വ രാജന്‍, സൌവീരന്‍, കണ്ഡപന്‍, കദംബവനത്തിലെ രാക്ഷസന്‍, ജഡഭരതന്‍, നല്ലവനായ വേടന്‍, കപര്‍ദ്ദനമുനി എന്നിവരെയെല്ലാം നമുക്ക് സ്മരിക്കാം.
   

ഇതില്‍ രണ്ടു കാര്യങ്ങള്‍ പ്രത്യേകിച്ച് ശ്രദ്ധയര്‍ഹിക്കുന്നു. ഒന്ന്, ഈ മഹാത്മാക്കള്‍ ജീവിതത്തിന്റെ പലേ തുറകളിലും കഴിയുന്നവരാണ്. രണ്ട്, ഇതില്‍ പരാമര്‍ശിച്ച പലരും ചരിത്രപരമായി നോക്കിയാല്‍ രാമന്റെ കാലത്തിനു ശേഷം വന്നവരാണ്. ഇവരെല്ലാം സമതാഭാവത്തില്‍ അഭിരമിച്ചതിനാല്‍ ദേവന്മാര്‍ക്ക് പോലും ആരാദ്ധ്യരായിത്തീര്‍ന്നു. അവരില്‍ ചിലര്‍ രാജാക്കന്മാരും മറ്റുള്ളവര്‍ സാധാരണക്കാരും ആയിരുന്നു. അതിനാല്‍ സുഖദുഖങ്ങളെ ഒരുപോലെ കാണാന്‍, മാനാപമാനങ്ങളെ ഒരുപോലെ സ്വീകരിക്കാന്‍ ഒരു സാധകന്‍ സമതാഭാവമാര്‍ജ്ജിക്കേണ്ടതുണ്ട്.

696 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 696

വര്‍ഗത്രയോപദേശോ ഹി ശാസ്ത്രാദിഷ്വസ്തി രാഘവാ
ബ്രഹ്മപ്രാപ്തിസ്ത്വവാച്യത്വാന്നാസ്തി തച്ഛാസനേഷ്വപി (6.2/197/15)
വസിഷ്ഠന്‍ തുടര്‍ന്നു: ചില ആളുകള്‍ ശാസ്ത്രപഠനങ്ങളെപ്പറ്റി ആകാംക്ഷാഭരിതരാകും, അല്ലെങ്കില്‍ സംശയഗ്രസ്ഥരായിരിക്കും. മറ്റുള്ളവര്‍ അതില്‍ നിന്നും ഐശ്വര്യാഭീഷ്ടങ്ങള്‍ നേടാന്‍ താല്പര്യമുള്ളവരായിരിക്കും. ഇനിയും ചിലര്‍ മറ്റുള്ള കാരണങ്ങളാല്‍ പ്രചോദിതരായിട്ടായിരിക്കും ശാസ്ത്രപഠനത്തില്‍ ഏര്‍പ്പെടുന്നത്. കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയ ഗ്രാമവാസികളെപ്പോലെ എന്ത് കാരണം കൊണ്ടായാലും പരിശ്രമശാലികള്‍ക്ക് ഒടുവില്‍ ചിന്താമണി കരഗതമായല്ലോ! അതുപോലെ ശാസ്ത്രപഠനം നമ്മെ പരമസത്യത്തിലേയ്ക്ക് നയിക്കുകതന്നെ ചെയ്യും.
ഇതിലെല്ലാം ആളുകള്‍ സ്വീകരിക്കുന്നത് മനവകുലത്തിനുതന്നെ മാര്‍ഗ്ഗദര്‍ശികളായ മഹാന്മാര്‍ പിന്തുടരുന്ന രീതികളെയാണ്. ഈ മഹാന്മാര്‍ ശാസ്ത്രങ്ങളെ ഉപയോഗിക്കുന്നത് പരമജ്ഞാനം നേടുകഎന്ന്‍ ഒരൊറ്റ ലക്ഷ്യത്തോടെയാണ്. അവരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സാധാരണക്കാരായ സാധകരും ശാത്രപഠനത്തില്‍ ഏര്‍പ്പെടുന്നു. വിറകു ശേഖരിക്കാന്‍പോയ ചിലര്‍ക്ക് ചന്ദനത്തടി കിട്ടിയതുപോലെ ശാസ്ത്രപഠനം നടത്തിയ ചിലര്‍ക്കെങ്കിലും സുഖസമ്പത്തുകള്‍ സ്വായത്തമായി. മറ്റുള്ളവര്‍ ധാര്‍മ്മികമായ പാതയില്‍ ആകൃഷ്ടരായി.

“വേദശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുള്ളത്‌ ഈ മൂന്നു കാര്യങ്ങള്‍ മാത്രമാണ്: സുഖം, സമ്പത്ത്, ധാര്‍മ്മികജീവനം, എന്നിവ. ബ്രഹ്മസാക്ഷാത്കാരം വിവരണങ്ങള്‍ക്ക് വഴങ്ങുന്നതല്ലാത്തതിനാല്‍ വേദഗ്രന്ഥങ്ങളില്‍ ഇതിനെപ്പറ്റി വിശദമായവിവരണങ്ങള്‍ ഇല്ല.”

പരംപൊരുളില്‍ എത്തിച്ചേരാന്‍ ശാസ്ത്രപഠനമോ ഗുരൂപദേശശ്രവണമോ, ദാനധര്‍മ്മങ്ങളോ ഈശ്വരപൂജയോ ഉതകുകയില്ല. കാരണം ബ്രഹ്മം ഇവയ്ക്കെല്ലാം അതീതമത്രേ.
എങ്കിലും ഇപ്പറഞ്ഞ മാര്‍ഗ്ഗങ്ങളെല്ലാം എന്തുകൊണ്ടാണ്, എങ്ങിനെയാണ് ആത്മസാക്ഷാത്ക്കാരത്തിനുള്ള വഴികളായി പരിഗണിക്കപ്പെട്ടത് എന്ന് ഞാന്‍ പറയാം.

ശാസ്ത്രപഠനം മനസ്സിനെ പരിപാവനമാക്കി തെളിഞ്ഞു സുതാര്യമാക്കിത്തീര്‍ക്കുന്നതിനാല്‍ ആഗ്രഹിക്കാതെതന്നെ പരമ്പൊരുള്‍ സാധകന്റെയുള്ളില്‍ തെളിഞ്ഞു വിളങ്ങുകയാണ്.

അജ്ഞാനത്തിലെ സാത്വികതയെ പ്രോജ്വലിപ്പിക്കുവാന്‍ ശാസ്ത്രപഠനത്തിനു കഴിയുന്നു. അതാണ്‌ മന:ശുദ്ധി. ഇങ്ങിനെയുല്‍പ്പന്നമാകുന്ന മന:ശുദ്ധിയ്ക്ക് അജ്ഞാനത്തിലുള്ള മനോമാന്ദ്യം എന്ന തമസ്സിനെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്.

ആകാശത്ത് പ്രകടമാവുന്നതുകൊണ്ടുതന്നെ സൂര്യന്‍ കടലില്‍ പ്രതിഫലിക്കുന്നത് സൂര്യനോ കടലോ ഇച്ഛിക്കുന്നതിനാലല്ല. അതുപോലെ ശാസ്ത്രം, സാധകന്‍, എന്നിവ സമ്യക്കായി ഒത്തുചേരുമ്പോള്‍ സത്യം സാധകനില്‍ പ്രോജ്വലിക്കുന്നു. 

കയ്യില്‍ ചളിപുരണ്ട കുട്ടി വീണ്ടും ചെളിവാരിക്കളിക്കുന്നു. എന്നാല്‍ ഒടുവിലവന്‍ കൂടുതല്‍ ചെളിയെടുത്ത് രണ്ടുകയ്യും കൂട്ടിത്തിരുമ്മി എല്ലാം കഴുകിക്കളഞ്ഞ് കൈ വൃത്തിയാക്കുന്നു. അതുപോലെയാണ് ശാസ്ത്രങ്ങള്‍ മനസ്സിനെ പരിപാവനമാക്കുന്നത്. അങ്ങിനെ നിര്‍മ്മലമായ മനസ്സില്‍ സത്യം തെളിഞ്ഞു കാണുന്നു.
  

ആകാശത്ത് എല്ലായിടത്തും പ്രകാശമുണ്ട്. എന്നാല്‍ ആ പ്രകാശം ഒരു വസ്തുവില്‍ത്തട്ടി പ്രതിഫലിക്കുമ്പോള്‍ മാത്രമേ അതിനു പ്രഭ പരത്താന്‍ കഴിയൂ. അതുപോലെ ശാസ്ത്രവും ഗുരുവും സാധകനെ കണ്ടുമുട്ടുമ്പോഴേ ജ്ഞാനപ്രഭ പരക്കുകയുള്ളു. ഗുരൂപദേശത്താലും സത്സംഗത്താലും ആത്മനിയന്ത്രണത്താലും മനോനിയന്ത്രണം വന്നു ശാസ്ത്രപഠനത്തിലും അതില്‍ പ്രതിപാദിച്ച വിഷയങ്ങളുടെ പോരുളറിയാനുള്ള ധ്യാന-മനനത്താലുമാണ് പരംപൊരുള്‍ സാധകനില്‍ പ്രകാശിക്കുന്നത്. 

695 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 695

ദാര്‍വര്‍ത്ഥമുധ്യതോ ഭാവി യഥാ സംപ്രാപ്തവാന്മണിം
ഭോഗാര്‍ത്ഥമാത്തശാസ്ത്രോയം തഥാപ്നോതി ജന: പദം (6.2/197/6)

രാമന്‍ പറഞ്ഞു: മഹര്‍ഷേ, ആത്മജ്ഞാനം വാക്കുകളുടെ പരിധികള്‍ക്ക് അതീതമാണെന്ന് സ്പഷ്ടമാണല്ലോ. ആത്മജ്ഞാനം എങ്ങിനെയാണ് ഒരു സാധകന്‍ ആര്‍ജ്ജിക്കേണ്ടതെന്നു നിശ്ചയമില്ല. വിവിധ വേദശാസ്ത്രങ്ങളില്‍ തുലോം പരസ്പരവിരുദ്ധങ്ങളായ പ്രസ്ഥാവനകളാണല്ലോ ഉള്ളത്!. ആത്മജ്ഞാനദായിയല്ലെങ്കില്‍ ഈ ശാസ്ത്രങ്ങള്‍കൊണ്ട് എന്താണ് പ്രയോജനം?
വേദശാസ്ത്രപഠനവും ഗൃരൂപദേശവും കൊണ്ട് ആത്മജ്ഞാനലാഭം ഉണ്ടാവുമോ എന്ന് ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: വേദശാസ്ത്ര പഠനമല്ല ആത്മജ്ഞാനത്തിനു കാരണമാകുന്നത്. സത്യം തന്നെയാണതിനു നിദാനം. ശാസ്ത്രങ്ങള്‍ വിവിധങ്ങളായ വ്യാഖ്യാനങ്ങള്‍ ഉള്ളവയാണ്. എന്നാല്‍ പരംപൊരുള്‍ അവര്‍ണ്ണനീയമാണ്.
   
എങ്കിലും ആത്മജ്ഞാനവുമായി ശാസ്ത്രപഠനം എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു ഞാന്‍ പറയാം. ഒരു ഗ്രാമത്തില്‍ ദൌര്‍ഭാഗ്യങ്ങള്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരുന്നു. ആളുകള്‍ പട്ടിണികൊണ്ട് വലഞ്ഞു. ചിലര്‍ ചത്തൊടുങ്ങി. ദാരിദ്ര്യവും ദുരിതവും കാരണം ജീവിതായോധനത്തിനായി എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാം എന്ന നിലയിലായി അവര്‍. അടുത്തുള്ള കാട്ടില്‍പ്പോയി മരംവെട്ടാം എന്നവര്‍ തീരുമാനിച്ചു. ആ മരം വിറ്റ് പണമുണ്ടാക്കി വിശപ്പടക്കാം എന്നായിരുന്നു അവരുടെ ചിന്ത. അങ്ങിനെയവര്‍ ഓരോരോ ദിനങ്ങള്‍ തള്ളി നീക്കി. അവിടെയാ കാട്ടില്‍ അവര്‍ വിലപിടിച്ച രത്നക്കല്ലുകളും കണ്ടുപിടിച്ചു. ചിലപ്പോള്‍ പുറത്തവ തെളിഞ്ഞു കണ്ടു. ചിലപ്പോളവ ഒളിഞ്ഞു മണ്ണിൽ പുതഞ്ഞിരുന്നു.

വിറകു ശേഖരിക്കാന്‍ പോയ ഗ്രാമവാസികളില്‍ ചിലര്‍ രത്നക്കല്ലുകളും മറ്റുള്ളവര്‍ ചന്ദനമരങ്ങളും ചിലര്‍ പഴവര്‍ഗ്ഗങ്ങളും ഇനിയും ചിലര്‍ വിറകിനുവേണ്ട പാഴ്ത്തടികളും കണ്ടെത്തി.

അവരില്‍ രത്നക്കല്ലുകള്‍ കണ്ടുപിടിച്ചവരുടെ ദാരിദ്ര്യദുരിതങ്ങള്‍ നിമിഷ നേരത്തില്‍ ഇല്ലാതെയായി.

അങ്ങിനെ വിറകു ശേഖരിച്ചു ജീവിതായോധനം നടത്തിവരവേ അവര്‍ അവിടെയൊരപൂര്‍വ്വ രത്നം കണ്ടെത്തി. എല്ലാ ആഗ്രഹങ്ങളെയും സാധിപ്പിക്കുന്ന ചിന്താമണിയായിരുന്നു അത്. അതിന്റെ സഹായത്തോടെ എല്ലാവർക്കും വേണ്ടതായ എല്ലാ വസ്തുക്കളും അവര്‍ക്ക് ലഭ്യമായി. അവരങ്ങിനെ സുഖമായി ജീവിച്ചു.

വെറും വിറകുശേഖരിക്കാന്‍ പോയവര്‍ അവസാനം വിലമതിക്കാനാവാത്ത ചിന്താമണിയുമായി മടങ്ങി.

ഇക്കഥയില്‍ ഗ്രാമവാസികള്‍ എന്ന് പറയുന്നത് ഭൂമിയില്‍ നിവസിക്കുന്ന മനുഷ്യജീവികളാണ്. അവരുടെ ദാരിദ്ര്യം ദാരിദ്ര്യങ്ങളില്‍ വെച്ചേറ്റവും കഠിനമാണ്. അജ്ഞാനം എന്ന ദാരിദ്ര്യമാണത്. അതാണെല്ലാ എല്ലാ ആകുലതകള്‍ക്കും കാരണം. ഇതില്‍പ്പറഞ്ഞ കാട് ശാസ്ത്രഗ്രന്ഥങ്ങളും ഗുരുവുമാണ്‌. അവര്‍ കാട്ടില്‍പ്പോയത് അവരവരുടെ കാര്യസാദ്ധ്യത്തിനായാണ്. വാസ്തവത്തില്‍ ആളുകള്‍ ഗുരുക്കന്മാരെ സമാശ്രയിക്കുന്നതും, ശാസ്ത്രം പഠിക്കുന്നതും അവരവരുടെ കാര്യങ്ങള്‍ നേടാനായാണ്. എന്നാല്‍ കാലക്രമത്തില്‍ ഗുരൂപദേശങ്ങളും ശാസ്ത്രോക്തികളും അവരെ വിലമതിക്കാനാവാത്ത വസ്തുക്കളിലേയ്ക്ക് നയിക്കുന്നു.


“വിറകു ശേഖരിക്കാന്‍ കാട്ടില്‍പ്പോയവര്‍ക്ക് കിട്ടിയത് അഭീഷ്ടവരദായിയായ ചിന്താമണിയാണ്. സാധകര്‍ അവരവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ക്കായി ശാസ്ത്രപഠനം നടത്തുമ്പോള്‍ അവര്‍ക്ക് പരമസത്യം വെളിവാകുന്നു.”

694 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 694

ബ്രഹ്മണോന്തര്‍ജഗത്തൈവം ജഗത്തൈവോപലഭ്യതേ
അസ്തി ചേത്തദ്ഭവേന്നിത്യം സാ ബ്രഹ്മൈവാവികാരി തത് (6.2/195/35)

വസിഷ്ഠന്‍ ചോദിച്ചു: വിത്ത് മുളയുടെ കാരണം ആണെന്നതുപോലെ ബ്രഹ്മമാണ് വിശ്വകാരണം എന്ന് കരുതുന്നതില്‍ എന്താണ് കുഴപ്പം?
രാമന്‍ പറഞ്ഞു: വിത്തിനുള്ളിലെ മുളയെ നാം കാണുന്നത് മുളയായിട്ടല്ല, വിത്തായിട്ടു തന്നെയാണ്. അതിനാല്‍ അത് വിത്ത് തന്നെയാകുന്നു.
“അതുപോലെ ലോകം ബ്രഹ്മത്തില്‍ നിലകൊള്ളുന്നു എന്നാണെങ്കില്‍ അത് ബ്രഹ്മം തന്നെയാണ്. അത് ലോകമല്ല. ബ്രഹ്മം മാറ്റങ്ങള്‍ക്ക് വിധേയമല്ല.”
ബ്രഹ്മം മാറ്റമില്ലാത്തതും നാമരൂപരഹിതവും ആകയാല്‍ അതാണ്‌ ലോകത്തിനു നിദാനമാകുന്നതെന്ന് അംഗീകരിക്കുക വയ്യ. കാരണം ലോകം മാറ്റങ്ങള്‍ക്ക് വിധേയവും നാമരൂപസഹിതവുമായാണല്ലോ കാണപ്പെടുന്നത്. പെട്ടിയില്‍ മുത്തിരിക്കുന്നു എന്നതുപോലെ  അവിച്ഛിന്നമായ ബ്രഹ്മത്തില്‍ ഈ വിശ്വം നിലകൊള്ളുന്നു എന്ന് പറയുന്നത് അസംബന്ധമാണ്.
പരബ്രഹ്മം വിശ്വത്തെ താങ്ങി നിര്‍ത്തുന്നു എന്ന പ്രമാണത്തിനും സാധുതയില്ല. കാരണം രൂപസഹിതമായ ലോകത്തിന് അവസാനമുണ്ടല്ലോ.

ലോകമെന്നത് സ്വപ്നവസ്തു മൂര്‍ത്തീകരിച്ചതാണെന്ന് പറഞ്ഞാല്‍ അതും സാധുതയില്ലാത്ത വാദഗതിയാണ്. കാരണം സ്വപ്നവസ്തുക്കള്‍ ഒരാള്‍ സ്വയം അനുഭവിച്ചതാണല്ലോ.  സ്വപ്നവസ്തുക്കളും ജാഗ്രദ് വസ്തുക്കളും രണ്ടു തലങ്ങളിലുള്ള തന്മയീഭാവങ്ങളിലാണുള്ളത്. സ്വപ്നത്തില്‍ മരണപ്പെട്ടയാളെ ഉണര്‍ന്നുകഴിയുമ്പോള്‍ നാം ജീവനോടെ കാണുന്നു!

അപ്പോള്‍ സ്വപ്നസൃഷ്ടിയായിപ്പോലും ലോകം സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നര്‍ത്ഥം. എന്നാല്‍ സ്വപ്നം ബോധം തന്നെയാണ്. അതുപോലെ ലോകം അനന്തബോധമാണ്.

വാസ്തവത്തില്‍ സത്യം, അസത്യം, ഭോക്താവ്, അനുഭവം, എന്നിവയൊന്നും ഉള്ളവയല്ല. അവയുടെ അനുഭവവും തഥൈവ. ഭാവാഭാവങ്ങള്‍ തമ്മിലുള്ള അന്തരങ്ങള്‍ അനന്തതയില്‍ അവസാനിക്കുന്നു. ബ്രഹ്മം ബ്രഹ്മമായി ബ്രഹ്മത്തില്‍ നിലകൊള്ളുന്നു. ആകാശം ആകാശമായി ആകാശത്തില്‍ നിലകൊള്ളുന്നു. സൃഷ്ടിയെന്ന് പറയുന്നത് അഭിന്നമായ ബ്രഹ്മത്തെത്തന്നെയാണ്.
വിത്ത് വിതറിക്കഴിയുന്നതോടെ മുളപൊട്ടാന്‍ ആരംഭിക്കുന്നു; അതുപോലെ ബ്രഹ്മത്തില്‍ ഉണ്ടാവുന്ന സ്പന്ദനം ബ്രഹ്മത്തെ വ്യാഖ്യാന-വിശദീകരണങ്ങള്‍ക്ക് വഴങ്ങുന്നതെന്നു തോന്നിപ്പിക്കുന്നു. ഈ വിശ്വത്തിലെ എല്ലാമെല്ലാം എന്റെ നോട്ടത്തില്‍ പ്രബുദ്ധമായിത്തോന്നുന്നു. 

ലോകത്തെ സത്തായി കണക്കാക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് സത്യം. എന്നാല്‍ ആത്മജ്ഞാനനിഷ്ഠരായിട്ടുള്ളവര്‍ക്ക് ലോകമെന്ന വിക്ഷേപം വെറും പൊയ്‌ക്കാഴ്ച മാത്രമാകുന്നു. 
വാസ്തവത്തില്‍ അത് ബ്രഹ്മം മാത്രമാകുന്നു. ചൈതന്യവത്തായും നിശ്ചേതനമായും ചലമായും അചലമായും നിലകൊള്ളുന്ന എല്ലാമെല്ലാം സത്യാജ്ഞാനികളെ സംബന്ധിച്ചിടത്തോളം ശുദ്ധശൂന്യമാണ്.

അങ്ങും ഞാനും ഈ വിശ്വവും എല്ലാം ശുദ്ധ ശൂന്യം.

അനന്തമായ അകാശമെന്നതു പോലെയുള്ള എല്ലാ ജീവജാലങ്ങളെയും ഞാന്‍ നമസ്കരിക്കുന്നു. അവയെല്ലാം അനന്തവിഹായസ്സുപോലെ അപരിമേയവും വിഷയ-വിഷയീ ബന്ധമോ, ഭേദമോ ഇല്ലാത്തതുമാകുന്നു എന്ന ജ്ഞാനത്തിന്റെ നിറവിലാണ് ഞാനിപ്പോള്‍.

ശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള എല്ലാതലങ്ങള്‍ക്കും അതീതമായി വര്‍ത്തിക്കുന്ന അങ്ങ് പരമമായ അദ്വയ-അനന്ത ബോധത്തില്‍ സുദൃഢമായി വിരാജിക്കുന്നു. ഈ പരമസത്യം വെളിപ്പെടുന്നത് പൂര്‍ണ്ണ നിശ്ശബ്ദതയിലാണ്. യുക്തിക്കോ തര്‍ക്കങ്ങള്‍ക്കോ വാദഗതികള്‍ക്കോ ഇവിടെ യാതൊരു സാംഗത്യവുമില്ല.    

693 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 693

പ്രബുദ്ധസ്യൈവ യാ പുംസ: ശിലാജഠരവതിസ്ഥിതി:
ശാന്തൌ വ്യവഹൃതൌ വാ പി സാമലാ മുക്തതോച്യതേ (6.2/195/4)

വസിഷ്ഠന്‍ പറഞ്ഞു: ഭേഷ്, രാമാ ഭേഷ്! നീ തീര്‍ച്ചയായും പ്രബുദ്ധതയില്‍ എത്തിയിരിക്കുന്നു. നിന്റെ വാക്കുകളില്‍ അതിന്റെ ആര്‍ജ്ജവവും പ്രഭാവവും എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ഇവിടെ നിലകൊള്ളുന്നു എന്ന് തോന്നിയിരുന്ന അയാഥാര്‍ത്ഥ്യം, അതിനെപ്പറ്റി ചിന്തകള്‍ ഇല്ലാതിരിക്കുമ്പോള്‍ അപ്രത്യക്ഷമാവുന്നു. പരമപ്രശാന്തതയാണ് നിര്‍വ്വാണം. അതാണ്‌ പരമസത്യം.
“വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍ ആമഗ്നമായിരിക്കുമ്പോഴും പ്രബുദ്ധന്‍ പാറയുടെ മദ്ധ്യഭാഗത്തു ജീവിക്കുന്നതുപോലെ, സുദൃഢമായി, അചഞ്ചലമായി, ഏകനും പ്രശാന്തനുമായി വര്‍ത്തിക്കുന്നു. അതാണ്‌ ശരിയായ നൈര്‍മ്മല്യം. അതാണ്‌ മുക്തി.” കര്‍മ്മനിരതരാണെങ്കിലും രാമാ, നാം ആ തലത്തിലാണിപ്പോള്‍ വര്‍ത്തിക്കുന്നത്. നീയും അതില്‍ നിന്നും വ്യതിചലിക്കാതെ സ്വധര്‍മ്മം ആചരിച്ചാലും.
രാമാ, ഇനി നീ പറയൂ, എങ്ങിനെയാണ്‌ നിലനില്‍ക്കുന്നു എന്ന് തോന്നുന്ന ഈ ലോകത്തെ നിശ്ശൂന്യമെന്നു മനസ്സിലാക്കുന്നത്? ലോകം മിഥ്യയാണെന്നു  സാക്ഷാത്ക്കരിക്കുന്നത്?  
രാമന്‍ പറഞ്ഞു: ലോകത്തിന്റെ ആദിയിലും ലോകം സൃഷ്ടിക്കപ്പെട്ടിട്ടില്ല. അപ്പോള്‍പ്പിന്നെ ലോകം ഇപ്പോള്‍ നിലനില്‍ക്കുന്നു എന്നെങ്ങിനെ പറയാന്‍ കഴിയും?അതിനു കാരണമൊന്നുമില്ല- കാരണമില്ലാതെ കാര്യത്തിന് നിലനില്‍പ്പുണ്ടോ? മാറ്റം എന്നുപറഞ്ഞാല്‍ ഒരവസ്ഥയുടെ അവസാനവും മറ്റൊന്നിന്റെ തുടക്കവുമാണല്ലോ. മാറ്റങ്ങള്‍ക്കു വിധേയമല്ലാത്ത സത്തിനെ സംബന്ധിച്ചിടത്തോളം മാറ്റമെന്നത് അസംബന്ധമാണ്. ഈ ലോകം ബ്രഹ്മം എന്ന സത്തില്‍ ആരോപിച്ച കെട്ട് കാഴ്ച്ചമാത്രമാണ്. അത് വെറും ഭ്രമമാകുന്നു.

സ്വപ്നത്തില്‍ ഒരു നിമിഷംകൊണ്ട് ഒരു ജന്മം മുഴുവന്‍ അനുഭവിച്ചു തീര്‍ക്കാം. അതുപോലെ തന്നെയാണ് സൂര്യചന്ദ്രന്മാരെ അവലംബിച്ച് കാലമെന്ന അനുഭവവും.
അനന്തബോധത്തില്‍ സൃഷ്ടിയെന്ന ധാരണ ഉണ്ടെന്നു തോന്നുന്നത്, അതിന്റെ കാലദേശസംബന്ധിയായ  എല്ലാ വൈഭവങ്ങളോടും കൂടിയാണ്. ഈ ‘അസത്ത്’ പ്രവര്‍ത്തനോന്മുഖമാണെന്ന് തോന്നിയാലും അത് മിഥ്യയാകുന്നു. ആകസ്മികമായി ഉല്‍പ്പന്നമായ ധാരണാവിശേഷം ആവര്‍ത്തനം കൊണ്ട് രൂഢിയാര്‍ജ്ജിക്കുന്നു. മിഥ്യക്ക് എങ്ങിനെ സത്യഭാവം കൈക്കൊള്ളാനാവും? അതിനെങ്ങിനെ യാഥാർത്ഥ്യഭാവത്തില്‍ നിലകൊള്ളാനാകും? ഒരുപക്ഷെ സത്തും അസത്തും മിഥ്യയാണ്. എല്ലാം നിശ്ശൂന്യം. എന്തൊക്കെയുണ്ടോ, അതിന്റെ ഉണ്മ സത്യം. അത് ആകാശംപോലെ സ്പഷ്ടം, പാറയുടെ അകംപോലെ ഘനസാന്ദ്രം, നിശ്ശബ്ദം, പ്രശാന്തം, അനന്തം!

അങ്ങിനെയാണ് സൃഷ്ടി. അത് നിത്യശുദ്ധപ്രബുദ്ധമായ അനന്തബോധത്തിലാണ് നിലകൊള്ളുന്നത്. എല്ലാ ചിന്തകളുടെയും ധാരണകളുടെയും സത്തയാണ്. അനന്തബോധത്തിന്റെ സൂക്ഷ്മശരീരമെന്നതുപോലെയാണത് കാണപ്പെടുന്നത്. ഈ സൂക്ഷ്മദേഹത്തില്‍ ഉയരുന്ന ശുദ്ധാനുഭവം അല്ലെങ്കില്‍ അവബോധമാണ് സൃഷ്ടിയായി പ്രഭാസിക്കുന്നത്. സൃഷ്ടി ബ്രഹ്മമാകുന്നു.

പരബ്രഹ്മത്തിലാണ് സൃഷ്ടി. പരബ്രഹ്മമാണ് സൃഷ്ടി. അവതമ്മില്‍ അന്തരമേതുമില്ല. അതിനാല്‍ പരമപ്രശാന്തതതന്നെയാണത്. വാസ്തവത്തില്‍ സൃഷ്ടിയോ ചലനമോ കര്‍മ്മങ്ങളോ ഇല്ല. സ്വപ്നത്തെ സ്വപ്നമെന്ന് തിരിച്ചറിയുമ്പോള്‍ എല്ലാ തെറ്റിദ്ധാരണകളും അവസാനിച്ചു.


അവബോധം തനിക്ക് അവബോധിക്കാനുള്ള വസ്തുവിനെ, വിശ്വത്തെ  നിരാകരിച്ച് അനന്തബോധത്തില്‍ വിശ്രാന്തിയടയുന്നു.  

692 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 692

ഏതാവദേവ ബോധസ്യ ബോധത്വം യദ്വിതൃഷ്ണതാ!
പാണ്ഡിത്യം നാമ തന്‍മൌര്‍ഖ്യം യത്ര നാസ്തി വിതൃഷ്ണതാ (6.2/194/34)

രാമന്‍ പറഞ്ഞു: നട്ടുച്ചയ്ക്ക് സൂര്യപ്രകാശം ജാജ്വല്യമാനമാകുന്നതുപോലെ സ്വയമേവയാണ് പ്രബുദ്ധത അല്ലെങ്കില്‍ സാക്ഷാത്കാരം ഉണ്ടാവുന്നത്. പ്രബുദ്ധനില്‍ എല്ലാ ആശകളും ആശങ്കകളും അസ്തമിച്ചിരിക്കുന്നു. അതിനാല്‍ നിര്‍വ്വാണപദം അയാളെ തേടിയെത്തുന്നത് അനിഛാപൂര്‍വ്വമായാണ്. 
അയാള്‍ സദാ ധ്യാനനിരതനാണ്. അയാള്‍ തന്റെ സ്വഭാവത്തില്‍ സുദൃഢചിത്തനാണ്. അയാള്‍ യാതൊന്നിനായും ആശിക്കുകയോ ഒന്നിനെയും നിരാകരിക്കുകയോ ചെയ്യുന്നില്ല.
കത്തിച്ചുവെച്ച വിളക്കിന്റെ പ്രകാശത്തില്‍ എല്ലാ കര്‍മ്മങ്ങളും നടക്കുന്നുവെങ്കിലും വിളക്കിന് ആ കര്‍മ്മങ്ങളില്‍ യാതോരു പ്രതിപത്തിയുമില്ല. പ്രബുദ്ധന്‍ ജീവിക്കുന്നു, കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു. എന്നാല്‍ അതെല്ലാം അനിഛാപൂര്‍വ്വമത്രേ.

അനന്താവബോധം മാത്രമേയുള്ളൂ. അത് സൃഷ്ടിയായി പ്രകടമാവുന്നു. അതിനെ ബ്രഹ്മം എന്നും വിളിക്കുന്നു. ഇത് സമ്യക്കായി ‘കാണുന്നവന്‍' ശാന്തിയറിയുന്നു.

ലോകവിഷയങ്ങളും വസ്തുക്കളുമൊന്നും ബ്രഹ്മഭിന്നമല്ല. ഇതിനുമപ്പുറം സത്യജ്ഞാനികള്‍ അനിര്‍വചനീയവും അവര്‍ണ്ണനീയവുമായ അനന്തത്തില്‍ വിരാജിക്കുന്നു. ‘ഇത് മാത്രമാണ് ഉണ്മ’ എന്നും മറ്റുമുള്ള വിവരണങ്ങള്‍ പോലും അപര്യാപ്തം.

സംസാരം ദുഖമയമാകുമ്പോള്‍ പ്രശാന്തശീതളിമയാണ് നിര്‍വാണപദം. തടിയില്‍ ഇനിയും കൊത്തിയെടുത്തിട്ടില്ലത്ത ശില്പമെന്നതുപോലെ അനന്തബോധത്തില്‍ സംസാരം നിലകൊള്ളുന്നു. അത് അവിച്ഛിന്നമാണ്. വിവിധ ജീവികള്‍ ആ ശില്‍പ്പത്തെക്കാണുന്നത് വിവിധരീതികളില്‍ ആണ്. അത് സുഖാനുഭവമാണെങ്കിലും  നിര്‍വ്വാണമാണെങ്കിലും  ഓരോരുത്തരും അവരവര്‍ക്ക് യോജിച്ച 'ശില്‍പ്പത്തെ' അവരവരുടെ ആഗ്രഹത്തിനൊത്ത്, വാസനയ്ക്കൊത്ത് രൂപപ്പെടുത്തുകയാണ്.

എന്നാല്‍ ഇതെല്ലാം വാസ്തവത്തില്‍ ആത്മാവ് മാത്രമാണ്. കൊത്തിയെടുത്ത ശില്‍പ്പങ്ങളും തടിതന്നെയാണല്ലോ. സ്വപ്നത്തില്‍ ബന്ധുക്കള്‍ മരിക്കുന്ന കാഴ്ചയ്ക്ക് ഉണരുമ്പോള്‍ ദുഖമുണ്ടാക്കാന്‍ കഴിയില്ല. അതുപോലെ പ്രബുദ്ധന്‍ ലോകമെന്ന കാഴ്ചയാല്‍ ബാധിക്കപ്പെടുന്നില്ല. എല്ലാമെല്ലാം ഒരേയൊരു അനന്തബോധം മാത്രമെന്ന അറിവില്‍ എല്ലാ വിഭ്രമങ്ങളും ഇല്ലാതാവുന്നു.
ആശകള്‍ക്ക് അന്തമായി. ആശകളുടെ, അന്ത്യം പ്രബുദ്ധതയെ പ്രോജ്വലിപ്പിക്കുന്നു. പ്രബുദ്ധത ആശകളെ അവസാനിപ്പിക്കുന്നത് കൂടുതല്‍ തീവ്രമാക്കുകയും ചെയ്യുന്നു.

“പ്രബുദ്ധതയുടെ മുഖ്യലക്ഷണം ആശകളുടെ, ആര്‍ത്തിത്വരകളുടെ അന്ത്യമാണ്. ആശകളൊടുങ്ങാത്തപ്പോള്‍ പ്രബുദ്ധതയില്ല. എന്നാല്‍ ശാസ്ത്രപരമായി നോക്കിയാല്‍ ആശകള്‍ വാസ്തവത്തില്‍ അജ്ഞാനമാണ്. കുടിലതയാണ്.


ആഗ്രഹവിരാമവും പ്രബുദ്ധതയും  പരസ്പരം പ്രോല്‍സാഹിപ്പിക്കുന്നില്ലെങ്കില്‍ അവ രണ്ടും അസത്താണ്. പൂര്‍ണ്ണപ്രബുദ്ധതയില്‍ ഉദിക്കുന്ന ആഗ്രഹവിരാമം മോക്ഷമാണ്. 

ഇതുണ്ടായിക്കഴിഞ്ഞാല്‍ ഒരുവന്‍ പിന്നീട് ദുഖിക്കുന്നില്ല. ജീവിതം മുന്നോട്ടു പോകുന്നതിനു യാതൊരു തടസ്സങ്ങളുമില്ല. ആത്മാരാമനായി വര്‍ത്തിക്കുമ്പോള്‍ അയാള്‍ ആനന്ദം അനുഭവിക്കുന്നു. ആശകള്‍ അടങ്ങിയതിനാല്‍ അയാളില്‍ അഹംകാരമില്ല. അയാളുടെ കര്‍മ്മങ്ങള്‍ അനിച്ഛാപൂര്‍വമാകുന്നു. ആ ജീവിതം പൂര്‍ണ്ണനിര്‍മ്മലമാണപ്പോള്‍. കോടികളില്‍ ഒരാള്‍ക്ക് ഈയവസ്ഥയില്‍, ശുദ്ധസത്തയില്‍ ഒരുപക്ഷേ എത്താനാകും.