Oct 23, 2014

627 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 627

സ്വപ്നേ തു ജാഗ്രത്സംസ്കാരോ യസ്തജ്ജാഗ്രത് കൃതം നവം
അജാഗ്രജ്ജാഗ്രദാഭാസം കൃതമിത്യേവ തദ്വിദ: (6.2/144/19)
മുനി തുടര്‍ന്നു: അസ്തിത്വമുള്ളതും ഇല്ലാത്തതുമായ എല്ലാമെല്ലാം സ്വപ്നാനുഭവങ്ങള്‍ മാത്രമാണ്. സത്യം അങ്ങിനെയിരിക്കുമ്പോള്‍ എന്താണ് ബന്ധനം? ആരാണ് മോചിതന്‍? ആകാശത്തുണ്ടാവുന്ന മേഘക്കൂട്ടങ്ങള്‍ പലവിധത്തിലുള്ള രൂപങ്ങളും മാതൃകകളും ഉണ്ടാക്കുന്നു. അതുപോലെയാണ് ഈ ലോകത്തിലെ പ്രകടിത രൂപങ്ങളും. അവയ്ക്ക് താല്‍ക്കാലികമായി ഉറപ്പും ദാര്‍ഢ്യവും ഉണ്മയും തോന്നുന്നത്, അവയ്ക്ക് മാറ്റമേതുമില്ലായെന്നു പ്രതീതിക്കുന്നത് അജ്ഞാനം മൂലമാണ്. 

അനന്തമായ വിഹായസ്സില്‍ എണ്ണമറ്റ ലോകങ്ങളുണ്ട്. നമ്മുടെ ലോകം ഒന്ന്, മറ്റുള്ളവരുടേത് വേറൊന്ന്. ഒരാളുടെ ലോകാനുഭവം മറ്റെയാള്‍ക്ക് ഉണ്ടാവുന്നില്ല. ഒരു കിണറ്റിലോ, തടാകത്തിലോ, സമുദ്രത്തിലോ വസിക്കുന്ന തവളകളുടെ ജീവിതാനുഭവങ്ങളുടെ അളവും വ്യാപ്തിയും വളരെ വ്യത്യാസപ്പട്ടിരിക്കും. അവര്‍ പരസ്പരം താന്താങ്ങളുടെ അനുഭവജ്ഞാനം പങ്കുവയ്ക്കുന്നില്ല. ഒരു വീട്ടില്‍ത്തന്നെ കിടന്നുറങ്ങുന്നവര്‍ കാണുന്ന സ്വപ്‌നങ്ങള്‍ വൈവിദ്ധ്യമാര്‍ന്നിരിക്കുന്നു. അവര്‍ തുലോം വിഭിന്നങ്ങളായ സ്വപ്നലോകങ്ങളെ അനുഭവിക്കുന്നു. അതുപോലെയാണ് ഈ ജാഗ്രദ് ലോകവും. ഇതെല്ലാം അനന്തബോധമെന്ന അപരിമേയവും വിസ്മയകരവുമായ പ്രതിഭാസം തന്നെയാണ്.

ബോധത്തിന് ഓരോരോ കാര്യങ്ങളെ സ്വായത്തമാക്കി സൂക്ഷിക്കുന്ന സ്വഭാവമുണ്ട്. സംസ്കാരം എന്നാണതിനെ വിളിക്കുക. എന്നാല്‍ ഈ ഓര്‍മ്മയും സ്വഭാവവുംപോലും ബോധത്തിന്റെ പ്രതിഫലനം മാത്രമാണ് എന്ന് തിരിച്ചറിയുമ്പോള്‍ സംസകാരത്തിനു തനതായ ഒരസ്തിത്വം ഇല്ല എന്ന് നാമറിയുന്നു. ഒരു സ്വപനത്തില്‍ നമുക്ക് പൂര്‍വ്വകാലസ്മൃതിയൊന്നുമില്ല. സ്വപ്ന  സമയത്തുണ്ടാവുന്ന വസ്തുക്കളെ നാം അനുഭവിക്കുന്നു എന്ന് മാത്രം. ഒരാള്‍ ഒരുപക്ഷെ സ്വന്തം മരണത്തെക്കൂടി സ്വപ്നത്തില്‍ കണ്ടുവെന്നു വരാം. പണ്ട് കണ്ടു പരിചിതമായ വസ്തുക്കളെയും സ്വപ്നത്തില്‍ കാണാം.

ആദിയില്‍ത്തന്നെ ഈ സൃഷ്ടിയെന്ന പ്രതിഭാസം അനന്തബോധത്തിന്റെ പ്രതിബിംബം എന്ന രീതിയില്‍ ആയിരുന്നതിനാല്‍ അത് ബോധഭിന്നമല്ല. ലോകമായി പ്രഭാസിക്കുന്നത് ഈ ബോധമെന്ന ബ്രഹ്മം തന്നെയാണ്. പുതുതായി ഒന്നും ഉണ്ടായിട്ടില്ല. കാരണം തന്നെ കാര്യം. കാരണം, കാര്യത്തിന് മുന്‍പേ ഉണ്ടായിരുന്നുവെങ്കില്‍ കാര്യം കഴിഞ്ഞാലും അത് തുടരണമല്ലോ. കാര്യത്തെ പ്രകടിപ്പിക്കുന്നതിനായി കാരണം സമ്യക്കായി വര്‍ത്തിക്കുകമൂലം അതിനെ സംസ്കാരം എന്നും വിളിക്കുന്നു.

സ്വപ്നത്തിനു മുന്പ് നിലനില്‍ക്കുകയും എന്നാല്‍ നേരത്തെ കണ്ടിട്ടുള്ളതുപോലെതന്നെ പ്രോജ്വലിക്കുകയും ചെയ്തു നിലകൊള്ളുന്നതാണ് സംസ്കാരം. പൂര്‍വ്വകാലാനുഭവസ്മൃതികളും കര്‍മ്മങ്ങളും അവയുടെ ഉപബോധസ്വാധീനവുമാണല്ലോ സംസ്കാരമായി പറയപ്പെടുന്നത്. അല്ലാതെ സംസ്ക്കാരം എന്ന മറ്റൊരു വസ്തു ഇല്ല. കണ്ടതും കാണാത്തതുമായ വസ്തുക്കള്‍ ബോധത്തിലുണ്ട്. അവ സ്വന്തം പ്രഭയില്‍ പ്രോജ്വലിക്കുന്നു. അവയാല്‍ ഉല്‍പ്പന്നമാവുന്ന അനുഭവങ്ങള്‍ പണ്ട് കണ്ടിട്ടുള്ളതുപോലെ തന്നെയാണ് വീണ്ടും സ്വപ്നത്തില്‍ ദൃശ്യമാവുന്നത്.

“ജാഗ്രദ് അവസ്ഥയില്‍ ആര്‍ജ്ജിച്ച സംസ്ക്കാരം പുതിയതെന്ന മട്ടില്‍ സ്വപ്നത്തില്‍ ഉണര്‍ന്നു പ്രകടമാവുകയാണ്. പക്ഷെ ജാഗ്രദ് അവസ്ഥയില്‍ അവ നേരത്തെതന്നെ പുതുതായി സൃഷ്ടമായവയാണ്. എന്നാല്‍ ഇതിനെപ്പറ്റി അറിവുള്ളവര്‍ പറയുന്നത് ഇതെല്ലാം സൃഷ്ടിക്കപ്പെട്ടത് ജാഗ്രദായി തോന്നിയ ഉണര്‍വ്വിന്റെ തലത്തിലാണെന്നാണ്. എന്നാല്‍ ആ ജാഗ്രദാവസ്ഥ സത്യത്തില്‍ ജാഗ്രദല്ല.” 

കാറ്റില്‍ പൊടുന്നനെയുണ്ടാകുന്ന ചലനങ്ങള്‍ എന്നതുപോലെ ബോധത്തില്‍ ആശയങ്ങളും ചിന്തകളും ഉദിക്കുന്നു. അവയുണ്ടാക്കാന്‍ സംസ്ക്കാരത്തിന്റെ ആവശ്യമെന്തുള്ളൂ?
ബോധത്തില്‍ ആയിരക്കണക്കിന് വസ്തുക്കളുടെ അനുഭവങ്ങള്‍ ഉദിച്ചുയരുമ്പോള്‍ വിശ്വസൃഷ്ടിയായി. ആയിരക്കണക്കിനുള്ള സൃഷ്ടികളുടെ അനുഭവങ്ങള്‍ ബോധത്തില്‍ അവസാനിക്കുമ്പോള്‍ വിശ്വപ്രളയവുമായി.

നാം സ്വപ്നത്തില്‍ പുതു ലോകങ്ങളെയുണ്ടാക്കുന്നതുപോലെ  നിര്‍മ്മലചിദാകാശമാണ് സ്വയം ഒരിക്കലും അതിന്റെ ഏകാത്വഭാവത്തെ കളയാതെ തന്നെ നാമരൂപവൈവിദ്ധ്യങ്ങളെ ലോകങ്ങളായി പ്രകടമാക്കുന്നത്. 

626 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 626

ഏകം തഥാ ച ചിന്മാത്രം സ്വപ്നേ ലക്ഷാത്മ തിഷ്ഠതി
പുനര്‍ലക്ഷാത്മ തത്സ്വപ്നാദേകമാസ്തേ സുഷുപ്തകേ (6.2/143/58)
മുനി തുടര്‍ന്നു: എത്ര ജാഗരൂകമായി നാം നോക്കിയാലും ഗവേഷണം ചെയ്താലും അവസാനം യാഥാര്‍ത്ഥ്യമൊഴികെ യാതൊന്നും നാം കാണുന്നില്ല. അജ്ഞാനികളും മൂഢമതികളും എന്താണ് കാണുന്നതെന്ന് നമുക്കറിയില്ല.
പ്രബുദ്ധനായ ഋഷിക്ക് ഇതെല്ലാം ശുദ്ധബോധം മാത്രമാകുന്നു. അത് തന്നെയാണ് എണ്ണമറ്റതും വ്യത്യസ്ഥങ്ങളും സചേതനവും അചേതനവും ആയ വസ്തുക്കളായി അജ്ഞാനിക്ക് ദൃശ്യമാവുന്നത്.
“സ്വപ്നത്തിലെ വൈവിദ്ധ്യമാര്‍ന്ന സ്വപ്നവസ്തുക്കള്‍പോലെ ഒരേയൊരു ബോധം പ്രകടിതമാവുന്നു. എന്നാല്‍ സ്വപ്നത്തില്‍ കാണുന്ന ഈ കോടാനുകോടി വസ്തുക്കള്‍ എല്ലാം ദീര്‍ഘനിദ്രയില്‍  വീണ്ടും ഒന്നായിത്തീരുന്നു” അതുപോലെ അനന്താവബോധത്തില്‍ പ്രത്യക്ഷമാവുന്ന സ്വപ്നലോകം തന്നെയാണ് സൃഷ്ടികളാവുന്നത്. എന്നാല്‍ അത് ദീര്‍ഘനിദ്രയിലെന്നപോലെയുള്ള ഒരു തലത്തില്‍ വിലീനമാവുന്നതാണ് വിശ്വപ്രളയം. 

വാസ്തവത്തില്‍ ഇത് കേവലം പൊതുവിജ്ഞാനം മാത്രമാണ്. ഒരേയൊരവിഛിന്നബോധം വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളായി; പിന്നീട് അനന്തം ജീവികളായി. അത് തന്നെ നിശ്ശൂന്യതയായി. സ്വപ്നത്തിലെന്നപോലെയുള്ള പദാര്‍ത്ഥസംഘാതങ്ങളായി. ഈ നാനാത്വങ്ങളെല്ലാം കേവലം അനുഭവത്തിന്റെ തലത്തിലാണുള്ളത്. നിര്‍മ്മലമാണത്. ഏതുരീതിയില്‍ ചിന്തിക്കുന്നുവോ, ആ രീതിയില്‍ അത് പ്രഭാസിക്കുന്നു. അതിനെ മറ്റൊരിടത്തേയ്ക്ക് മാറ്റാന്‍ കഴിയില്ല.

ഈ ബോധം തന്നെയാണ് സര്‍ഗ്ഗാരംഭത്തില്‍ സ്വപ്നലോകം സൃഷ്ടിക്കുന്നതിനാവശ്യമായ അഗ്നിയും മറ്റുമാവുന്നത്. ശുദ്ധാനുഭവം തന്നെയായ ഇത് തന്നെയാണ് ഭൂമിയും മറ്റുമായി പ്രോജ്വലിക്കുന്നത്. എന്നാല്‍ അതും ആകാശമോ മിഥ്യാമൂടുപടമോ ഒക്കെയാണെങ്കിലും സൃഷ്ടിക്കപ്പെട്ട ലോകമായി കാണപ്പെടുന്ന ബോധം തന്നെയാകുന്നു.

ഈ അവബോധം, അല്ലെങ്കില്‍ അനുഭവം ചിലപ്പോള്‍ നമ്മെ വിടാതെ പിന്തുടരുന്നു; എന്നാല്‍ മറ്റുചിലപ്പോള്‍ അതിനൊരവസാനമായതുപോലെ തോന്നുന്നു. വാസ്തവത്തില്‍ ഈ അവബോധത്തിനവസാനമില്ല. കാരണം എല്ലാമെല്ലാം അവസാനിച്ചാലും ശുദ്ധാനുഭവം മാത്രമാണ് ബാക്കിയുണ്ടാവുക. അത് നാം കിഴക്കുനിന്നും പടിഞ്ഞാറോട്ട് യാത്രപോകുന്നതുപോലെയാണ്. ഇപ്പോള്‍ നമുക്ക് കിഴക്കുമറിയാം പടിഞ്ഞാറുമാറിയാം. എന്നാല്‍ അവയെ അറിയുന്നതിന്റെ അനുഭവം ഒന്നായിത്തന്നെ നിലനില്‍ക്കുമല്ലോ.
നാം എന്തെന്തു തുടര്‍ച്ചയായി ചിന്തിക്കുന്നുവോ അത് അനുഭവമാകുന്നു. നാം പ്രശാന്തിയില്‍ അഭിരമിക്കുമ്പോള്‍ നാമാ ശാന്തി അനുഭവിക്കുന്നു. നിങ്ങള്‍ കിഴക്കുനിന്നും പടിഞ്ഞാറോട്ടുപോകുമ്പോള്‍ നമുക്ക് അനുഭവജ്ഞാനമുണ്ടാകുന്നു. മറ്റൊരാള്‍ ഈ യാത്ര ചെയ്യാതെ ഒരിടത്തിരിക്കുന്നു. എന്നാല്‍ അയാള്‍ക്കും ഈ അറിവുണ്ടാവുന്നു. 

അനന്തബോധം അചലമായതിനാല്‍ അനുഭവിച്ചാലുമില്ലെങ്കിലും അതപ്രകാരം തന്നെ നിലകൊള്ളുന്നു. രണ്ടനുഭവങ്ങളും ഉണ്ടായി മറയുന്നു. ഒരാള്‍ ‘എനിക്ക് തെക്ക്നിന്നും വടക്കോട്ട്‌ പോകണം’ എന്ന തോന്നല്‍ നിസ്തന്ദ്രമായ ബോധത്തില്‍ ഉദിച്ച ഒരാളില്‍ ‘തെക്കും’, ‘വടക്കും’ ആശയങ്ങളായി ഉയരുന്നുണ്ട്. എന്നാല്‍ ഈ യാത്രയുടെ ആഗ്രഹം ഇല്ലാത്ത ഒരാളില്‍ ‘തെക്കു’മില്ല, ‘വടക്കു’മില്ല.

‘ആകാശത്തില്‍ ഞാനൊരു നഗരമായിത്തീരട്ടെ’ എന്നോ ‘ഭൂമിയില്‍ ഞാനൊരു മൃഗമാകട്ടെ’ എന്നോ ബോധത്തില്‍ തോന്നലുണ്ടായാല്‍ അത് സംഭവിക്കുന്നു. എന്നാല്‍ ആ തോന്നലിന്റെ അവസാനത്തില്‍ ആ സൃഷ്ടിയും ഇല്ലാതാകുന്നു.

മറ്റുള്ളവര്‍ക്ക് ലോകം മറ്റെന്തൊക്കെയോ ആണ്. ഈ ദേഹം നശ്വരമോ അനശ്വരമോ ആയിക്കൊള്ളട്ടെ ഈ സംസാരസാഗരവും ജീവനുമെല്ലാം സ്വപ്നസമാനമാണ്. പുനര്‍ജന്മങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകള്‍ കൊണ്ടുനടക്കുന്ന ആളുകള്‍ പലരുമുണ്ട്. അവരൊന്നും ‘മരിച്ചില്ല’ എന്ന് നിശ്ചയം.

അതായത് അനന്താവബോധം ശാശ്വതമാണ്, മാറ്റങ്ങള്‍ക്ക് വിധേയമാവാത്തതാണ്. മരണമില്ലാത്തതാണ്. അചഞ്ചലമായ ബോധം അതെന്തു ചിന്തിക്കുന്നുവോ അപ്രകാരം അവിടെയുമിവിടെയും ഉല്‍പ്പന്നമാവുന്നു. എന്താണ് സത്യം? എന്താണ് മിഥ്യ?

അപ്പോള്‍പ്പിന്നെ ദേഹത്തെയും കര്‍മ്മത്തെയും സുഖാനുഭവങ്ങളെയും എല്ലാമെല്ലാം അവ ഉല്‍പ്പന്നമാവുന്ന മുറയ്ക്ക് അനുഭവിക്കുകതന്നെ. അല്ലെങ്കില്‍ അവയെ എല്ലാറ്റിനെയും തള്ളിക്കളയുക. ഇതിലൊന്നും യാതോരര്‍ത്ഥവുമില്ല. അത് ‘ഇങ്ങിനെയോ’, ‘അങ്ങിനെയോ’ ആവട്ടെ; ഉണ്മയോ അസത്തോ ആവട്ടെ ഈ മോഹത്തെ നമുക്കുപേക്ഷിക്കാം. പ്രബുദ്ധതയില്‍ നമുക്കഭിരമിക്കാം. 

Oct 12, 2014

625 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 625

മൃതൌ ന ജായതേ തസ്മാത്ച്ചേതസൈവ സ കേവലം
ഇഹായമിത്ഥ്യമിത്യേവ വേത്തി ഖേ വാസനാത്മകം (6.2/143/42)

വ്യാധന്‍ ചോദിച്ചു: ഈ ദേഹം ഉപേക്ഷിച്ചു കഴിഞ്ഞാല്‍പ്പിന്നെ മറ്റു സുഖദുഖങ്ങള്‍ അനുഭവിക്കുന്നതിനായി ഒരുവന് മറ്റൊരുദേഹം എങ്ങിനെയാണ് ലഭിക്കുന്നത്? എന്തൊക്കെയാണ് കാരണങ്ങള്‍? എന്തൊക്കെയാണ് അവയ്ക്ക് അനുകൂലമായി വര്‍ത്തിക്കുന്ന ഹേതുക്കള്‍?
മുനി മറുപടി പറഞ്ഞു: ധര്‍മ്മം, അധര്‍മ്മം, വാസന, മനോപാധികള്‍, സചേതനമായ ജീവന്‍ എന്നീ സങ്കല്‍പ്പധാരണകള്‍ക്കൊന്നും അവയ്ക്ക് ചേര്‍ന്ന ഉണ്മകളില്ല. ബോധമാണ് ബോധാകാശത്തില്‍ ഈ ആശയങ്ങളെ സാദ്ധ്യമാക്കുന്നത്. സ്വയം ശുദ്ധബോധമാകയാല്‍ ആത്മാവിന്  ദേഹസംബന്ധിയായ ആശയങ്ങള്‍ അനുഭവവേദ്യമാണ്. എന്നാല്‍ അത് ദേഹത്തില്‍ നിന്നും പൂര്‍ണ്ണ സ്വതന്ത്രമാണ്.
ദേഹമെന്ന ആശയം മിഥ്യയാണെങ്കിലും അത് സത്യമെന്നപോലെയാണനുഭവം. സ്വപ്നവസ്തുക്കളും അനുഭവങ്ങളും അങ്ങിനെതന്നെയാണല്ലോ. മരിച്ച ഒരാളുടെ ബോധത്തില്‍ ‘അങ്ങേ ലോകം’ ഒരു സങ്കൽപ്പമായി പ്രഭാസിക്കുകയാണ്. ഇക്കാര്യം കുറച്ചു നേരം കണ്ടുകണ്ട് അത് സത്യമാണെന്ന പ്രതീതി അയാളില്‍ ഉണ്ടാവുകയാണ്.

മരിച്ച ഒരാള്‍ക്ക് മറ്റൊരാള്‍ മറ്റൊരിടത്ത് ജന്മം നല്‍കുന്നു എന്നു കരുതുകയാണെങ്കില്‍ എങ്ങിനെയാണയാള്‍ പൂര്‍വ്വജന്മത്തെപ്പറ്റി ഈ ജന്മത്തില്‍ ഓര്‍ക്കുന്നത്?

“മരിച്ചയാള്‍ വീണ്ടും ജനിക്കുകയല്ല ചെയ്യുന്നത്. അയാള്‍ സ്വന്തം മനോപാധികളുടെ ഫലമായി ‘ഞാനിവിടെ ഇങ്ങിനെ’ എന്ന് തന്റെ ബോധത്തില്‍ സങ്കല്‍പ്പിക്കുകയാണ്” ആ അനുഭവം കുറച്ചു സമയം തുടരുമ്പോള്‍ അതയാളില്‍ രൂഢമൂലമാവുന്നു. അതിനു യഥാര്‍ത്ഥ്യത്തിന്റെ സ്വഭാവം കൈവരുന്നു.

ആത്മാവ്, ശുദ്ധബോധം തന്നെയാകുന്നു. അത് ആകാശമെന്ന ശൂന്യതയില്‍ സ്വയം സ്വപ്നം കാണുന്നു. ആസ്വപ്നത്തെ അത് വീണ്ടും വീണ്ടും ഓര്‍ത്തോര്‍ത്ത് പുനര്‍ജന്മങ്ങളും പുതുലോകങ്ങളും ഉല്‍പ്പന്നമാകുന്നു. പിന്നീട് ആ ജന്മങ്ങളും ലോകങ്ങളും ഉണ്മയാണെന്നത് വിശ്വസിക്കുന്നു. അങ്ങിനെയത് ജീവനായി ലോകത്ത് വര്‍ത്തിക്കുന്നു. 

ഇങ്ങിനെ കോടാനുകോടി ലോകങ്ങളുണ്ട്. എന്നാല്‍ അതിന്റെ സത്യാവസ്ഥ സാക്ഷാത്ക്കരിക്കപ്പെടുമ്പോള്‍, അത് ബ്രഹ്മം അല്ലെങ്കില്‍ ശുദ്ധബോധമായി തെളിഞ്ഞ അറിവുറയ്ക്കുമ്പോള്‍, ലോകമെന്ന ‘സൃഷ്ടി’ പോയി മറയുന്നു. കാരണം അതൊന്നും സത്യമല്ല. അതൊരിക്കലും ഉണ്ടായിട്ടുമില്ല. ഓരോരോ ജീവനും ഓരോരോ ലോകങ്ങളെ ‘ഇതാണ് ലോകമെന്ന’ ഉറപ്പോടെ അനുഭവിക്കുകയാണ്.

ഈ ഉഭയബന്ധുത്വമാണ് മായയില്‍ യാഥാര്‍ത്ഥ്യത്തിന്റെ ബോധമുളവാക്കുന്നത്. എന്നാല്‍ സത്യം തെളിയുമ്പോള്‍ ലോകം ഒരിക്കലുമുണ്ടായിട്ടേയില്ലാത്ത ‘അസൃഷ്ടമായ ഉണ്മ’യാകുന്നു.
  
ഋഷിക്ക് സത്യമായ കാര്യം അജ്ഞാനിയ്ക്ക് അപ്രാപ്യമാണ്. എന്നാല്‍ ഋഷിക്ക് അജ്ഞാതമായത് അജ്ഞാനിക്ക് സുവിദിതമായ ‘സത്യ’മാകുന്നു. അനന്താവബോധം എന്തൊക്കെ അനുഭവിക്കുന്നുവോ അത് 'അപ്പോള്‍', 'അവിടെ', ക്ഷണത്തില്‍ സത്യമായി തോന്നുന്നു. അതിനാല്‍ ആ അനുഭവഭോക്താവിനെ സംബന്ധിച്ചിടത്തോളം ആ അനുഭവങ്ങള്‍ യഥാതഥമാകുന്നു.

എന്നാല്‍ ഇപ്പറയുന്ന അനുഭവവും അനുഭവിക്കുന്നയാളും എല്ലാം ശുദ്ധമായ അവബോധം മാത്രമാകയാല്‍ ദ്വന്ദതയെപ്പറ്റി, അല്ലെങ്കില്‍ ‘മറ്റേലോകത്തെ’പ്പറ്റി എന്ത് പറയാനാണ്? അനന്തബോധത്തില്‍ ‘ഇതാണ്’ എന്ന സങ്കല്‍പ്പം ഉദിക്കുമ്പോള്‍ ‘ഇത് തന്നെ’ എന്ന പ്രതീതിയുളവാകുന്നു. എന്നാല്‍ ‘ഇതി’ന്റെ സത്യം വെളിവാകുമ്പോള്‍ അത് അസത്താണെന്നു തെളിയുന്നു.

ബോധത്തിന്റെ അനുഭവമാണെങ്കില്‍ അത് ബോധത്തില്‍ നിന്നും വിഭിന്നമല്ല. വാസ്തവത്തില്‍ അജ്ഞാനമെന്ന അനസ്തിത്വതലത്തില്‍ മാത്രമേ സ്വതന്ത്രമായ ഒരനുഭവം വേദ്യമാവൂ.

ആത്മജ്ഞാനത്തിനു വിഷയമായി, അറിയാനായി, ഒന്നുമില്ല. അറിവ് അറിയപ്പെട്ടതാവുമ്പോള്‍ ആത്മാവ് സ്വയമറിയുന്നു.  

624 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 624

സര്‍ഗദാവഥ ദേഹാന്തേ ഭാതം യാദ്വേദനം യഥാ
തത്തഥാ മോക്ഷമേവാസ്തേ തദിദം സര്‍ഗ്ഗ ഉച്യതേ  (6.2/143/17)
മുനി തുടര്‍ന്നു: ധര്‍മ്മ-കര്‍മ്മ ജ്ഞാനങ്ങളാകുന്ന താമരപ്പൂക്കളെ വിടര്‍ത്തുന്ന സൂര്യനാണ് ആത്മജ്ഞാനിയായ പണ്ഡിതന്‍. ആത്മജ്ഞാനവിവേകിയായ ഋഷിവര്യനുമായി താരതമ്യം ചെയ്‌താല്‍ ദേവരാജന്റെ സ്ഥാനം പോലും വെറും പുല്‍ത്തുരുമ്പുപോലെ നിസ്സാരം.
ആത്മജ്ഞാനോദയത്തില്‍ ലോകമെന്ന ഭ്രമാത്മക സങ്കല്‍പ്പം ഇല്ലാതാവുന്നു. ബ്രഹ്മം മാത്രമാണുണ്മ എന്ന സത്യം സാക്ഷാത്ക്കരിക്കപ്പെടുന്നു. വെളിച്ചം ഇരുട്ടിനെയകറ്റുമ്പോള്‍ അതുവരെ പമ്പാണെന്നു കരുതിയിരുന്ന പൂമാല, പൂമാലയായിത്തന്നെ പ്രഭാസിക്കുന്നു.
സ്വപ്നത്തില്‍ നാം കാണുന്നയാളുകള്‍ക്ക് മാതാപിതാക്കളില്ല; അതുപോലെ ഈ ലോകത്തിനു നിയതമായ കാരണമൊന്നുമില്ല. സ്വപ്നത്തിലെ ആളുകള്‍ക്ക് ഈ സ്വപ്നജന്മത്തിനു ഹേതുവായി പൂര്‍വ്വജന്മകര്‍മ്മങ്ങള്‍ ഒന്നുമില്ലല്ലോ. ആപേക്ഷികമായി സത്യമെന്ന് തോന്നുന്ന ഈ ലോകത്തിലെ ജനങ്ങള്‍ക്കും അവരുടെ ഈ സ്വപ്നസമാന ലോകത്തിനും കാരണമൊന്നുമില്ല. 

ജീവന്‍ ഈ ലോകത്തില്‍ സ്വപ്നത്തെ എങ്ങിനെ കണ്ടും അനുഭവിച്ചും കഴിയുന്നുവോ അത് അവയെ സത്യമെന്ന് നിനയ്ക്കുകയാണ്. സ്വന്തം വാസനയനുസരിച്ച് പൂര്‍വ്വാസ്തിത്വങ്ങളും കര്‍മ്മങ്ങളും ജീവന്‍ സങ്കല്‍പ്പിച്ചുണ്ടാക്കുകയാണ്. സൃഷ്ടിയുടെ ആദി മുതല്‍ ദേഹത്തിന്റെ നില്നില്‍പ്പവസാനിക്കുന്നതുവരെ ജീവന്‍ ഈ സ്വപ്നാനുഭവങ്ങളെ സ്വംശീകരിക്കുകയാണ്. എന്തെല്ലാം ജീവന് അനുഭവവേദ്യമാകുന്നുവോ അവയെല്ലാം ഒരേസമയം സത്തും അസത്തുമാവുന്നു. സ്വപ്നത്തില്‍ നമ്മില്‍ നിന്നു വേറിട്ട വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാവുന്നതായി തോന്നിയാലും അത് സത്യമല്ല എന്ന് നമുക്കറിയാം.    

അതുപോലെ ജാഗ്രദ് അവസ്ഥയിലും ‘ഇതര വസ്തുക്കളെ’ യാഥാര്‍ത്ഥ്യമെന്നപോലെ നാം കാണുന്നു. ജാഗ്രദ്, സ്വപ്നം എന്നീ അവസ്ഥകള്‍ ബോധസഞ്ചാരത്തെ സൂചിപ്പിക്കുന്ന കേവലം രണ്ടു വാക്കുകള്‍ മാത്രമാകുന്നു. എന്നാല്‍ അവ നമ്മില്‍ അവബോധമങ്കുരിപ്പിക്കാന്‍ സഹായകമാണ്.

“സര്‍ഗ്ഗാദിയിലും ദേഹാന്തത്തിലും ഉദ്ഭൂതമാകുന്ന അവബോധം അല്ലെങ്കില്‍ അനുഭവം മോക്ഷപ്രാപ്തിയാകുന്നതുവരെ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കും.  ഇതിനെയാണ് സൃഷ്ടിയെന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.”

കാറ്റും അതിന്റെ ചലനവും തമ്മില്‍ അന്തരമേതുമില്ലാത്തതുപോലെ ജാഗ്രദ്-സ്വപ്ന സമയങ്ങളില്‍ കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ബോധത്തിനോ അവബോധത്തിനോ യാതൊരു വ്യത്യാസവുമില്ല. ബ്രഹ്മം തന്നെയാണ് വസ്തുക്കളുടെ രൂപമാര്‍ജ്ജിച്ചുയരുന്നതായി കാണപ്പെടുകയും നിലനിന്നു നശിക്കുകയും ചെയ്യുന്നത്. ശുദ്ധമായ ബോധമാണ് എല്ലാറ്റിനെയും അനുഭവിക്കുന്നത്. എന്നാല്‍ ഈ ശുദ്ധബോധത്തില്‍ മാറ്റങ്ങള്‍ ഒന്നുമുണ്ടാവുന്നില്ല. അത് നിതാന്തശാന്തവും നിര്‍മ്മലവുമാണല്ലോ. 

ആ ബോധപുരുഷന്‍ (അനന്താവബോധം) സ്വയം തിരിച്ചറിയുമ്പോള്‍ അത് കാര്യവും കാരണവുമാണ്. അനന്തബോധത്തിന്റെ ഹൃദയമാണ് സര്‍ഗ്ഗം. ജീവന്റെ ഹൃദയമാണ് സ്വപ്നം. കാര്യവും കാരണവുമാണത്. സൃഷ്ടി, അതെങ്ങിനെ തുടങ്ങിയോ അതിന്റെ കാലദേശാനുഗതമായ പരിണാമം അണുവിടതെറ്റാതെ മുന്നേറുകയാണ്.

സര്‍ഗ്ഗാരംഭത്തില്‍ സൃഷ്ടികളുടെ സ്വഭാവസവിശേഷതകള്‍ എങ്ങിനെയായിരുന്നുവോ അത്  അങ്ങിനെതന്നെ തുടര്‍ന്നുവന്നു. ആദ്യം സ്വാവബോധം എന്ന തിരിച്ചറിവ് ബോധത്തില്‍ ഉണര്‍ന്നു. തുടര്‍ന്നു സൃഷ്ടിയായി. എന്നാല്‍ ഇതെല്ലാം ബോധത്തിന്റെ വിസ്മയകരമായ ഭാവപ്രകടനം മാത്രമാണ്. അപരിമേയമായ ആകാശത്തിനു നീലനിറം ഉണ്ടെന്നു തോന്നുന്നതുപോലെ അപരിമേയമായ ബോധത്തില്‍ സൃഷ്ടി നിലകൊള്ളുകയാണ്. 

623 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 623

യഥാ സ്വപ്നേഷു ദൃഷ്ടാനാം ന പ്രാക്കര്‍മ്മ നൃണാം ഭവേത്
ആദിസര്‍ഗ്ഗേഷു ജീവാനാം തഥാ ചിന്മാത്രരൂപിണാം. (6.2/142/40)
വ്യാധന്‍ ചോദിച്ചു: ഭഗവാനേ, ആരൊക്കെയാണ് പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലഭോക്താക്കള്‍? ആര്‍ക്കൊക്കെയാണ് അതില്‍ നിന്നും വിടുതല്‍ കിട്ടുക?
മുനി പറഞ്ഞു: സൃഷ്ടിയുടെ ആദ്യനിമിഷത്തില്‍ ഉണ്ടായവര്‍ക്ക്- ബ്രഹ്മാവ്‌ മുതലായവര്‍ക്ക് ജനനമോ അതിനാല്‍ത്തന്നെ കര്‍മ്മഫലങ്ങളോ ഇല്ല. അവരില്‍ ദ്വന്ദതയെന്ന ആശയം പോലുമില്ല. അതിനാല്‍ത്തന്നെ സംസാരമില്ല, ധാരണകളില്ല. അവരുടേത് ശുദ്ധബോധം മാത്രമാണ്. തീര്‍ച്ചയായും സൃഷ്ടിസര്‍ഗ്ഗത്തിന്റെ ആരംഭത്തില്‍ ആര്‍ക്കും കര്‍മ്മങ്ങളുടെ കെട്ടുപാടുകള്‍ ഉണ്ടായിരുന്നില്ല. കാരണം അതിനുമുന്‍പ്‌ അനന്തമായ ബോധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരബ്രഹ്മം മാത്രമായിരുന്നു അപ്പോള്‍. 
സൃഷ്ടി കര്‍ത്താവായ ബ്രഹ്മാവും മറ്റും ഉരുവായതുപോലെ മറ്റനേകം ജീവാത്മാക്കളും അപ്പോള്‍ സംജാതമായി. എന്നാല്‍ അവരില്‍ ചിലര്‍ അവിദ്യമൂലം സ്വയം ബ്രഹ്മേതരരായി കണക്കാക്കിയതോടെ ദ്വന്ദതയുണ്ടായി. അവരുടെ കാര്യത്തില്‍ ജനനനവും കര്‍മ്മവും സ്വയംകൃതമാണ്. കാരണം ഈ ജീവികള്‍ അസത്തിനെയാണ് സ്വത്വമായി കരുതിയത്.

എന്നാല്‍ ബ്രഹ്മത്തില്‍ നിന്നും വിഭിന്നമായ ധാരണകള്‍ ഒന്നുമില്ലാത്ത ബ്രഹ്മാ-വിഷ്ണു-ശിവാദികള്‍ക്ക് കര്‍മ്മപാശത്തിന്റെ ബന്ധനമില്ല.

അനന്താവബോധം തികച്ചും ശുദ്ധം. ബ്രഹ്മം സ്വയം വിരാജിക്കുന്നു. ജീവനെന്ന ധാരണ ഉയരുന്നതോടെ അജ്ഞാനം ഉണ്ടാവുന്നു. എന്നാല്‍ ഈ അജ്ഞാനവും അതേ ബോധത്തിന്റെ സന്തതിയത്രേ. ഈ സ്വയാവബോധം തന്നെയാണ് ജീവനില്‍ താനെന്നും നിത്യ-ശുദ്ധ-ബുദ്ധ-സ്വരൂപമാണെന്ന തിരിച്ചറിവ് നിറയ്ക്കുന്നതും. 

ജലധികളില്‍ അലകളായും ചുഴികളായും നിമിഷനേരത്തേയ്ക്ക് വിരാജിക്കുന്നതും ജലം തന്നെയാണല്ലോ. ബ്രഹ്മം തന്നെയാണ് സൃഷ്ടിജാലങ്ങളായി പ്രകടമാവുന്നത്. സൃഷ്ടിയെന്നത് പ്രത്യക്ഷമായ, പ്രകടമായ ബ്രഹ്മമാണ്. അത് സ്വപ്നമോ ജാഗ്രദോ അല്ല. കാര്യങ്ങള്‍ അങ്ങിനെയിരിക്കുമ്പോള്‍ കര്‍മ്മം ആരെ എങ്ങിനെയെല്ലാം ബാധിക്കുന്നു? കര്‍മ്മങ്ങള്‍ എത്ര തരമുണ്ട്?

വാസ്തവത്തില്‍ കര്‍മ്മം എന്ന് പറയുന്നതും സത്തല്ല. ഉള്ളതല്ല. അവിദ്യയും സത്തല്ല.സൃഷ്ടിയും മിഥ്യയാണ്. ഈ ധാരണകള്‍ എല്ലാം ഉണ്ടാവുന്നത് ഒരുവന്റെ അനുഭവത്തിന്റെ രൂപത്തിലാണ്. ബ്രഹ്മം മാത്രമാണ് സൃഷ്ടിയായും വ്യക്തിഗതജീവനായും, കര്‍മ്മങ്ങളായും ജനനാദിധാരണകളായും തോന്നുന്നത്. ഭഗവാന്‍ ഈ അനുഭവങ്ങളെ സ്വാംശീകരിക്കുന്നതിനാല്‍ അവയ്ക്കെല്ലാം യഥാര്‍ഥ്യ പ്രതീതിയുണ്ടാവുകയാണ്.

സൃഷ്ട്യാരംഭത്തില്‍ ജീവന് യാതൊരു കര്‍മ്മപാശങ്ങളുമില്ല. പിന്നീട് അത് സ്വാംശീകരിക്കുന്ന ധാരണകളനുസരിച്ച് അത് കര്‍മ്മവശഗതമാവുന്നു. എന്താണീ ദേഹം? എന്താണൊരു ചുഴിയുടെ വ്യക്തിത്വം? എന്താണതിന്റെ കര്‍മ്മബന്ധങ്ങള്‍? തീര്‍ച്ചയായും അത് ജലമാണ്. അതുപോലെ എല്ലാമെല്ലാം ബ്രഹ്മം മാത്രമാണ്.

“സ്വപ്നത്തില്‍ കാണുന്ന ആളുകള്‍ക്ക് പൂര്‍വ്വ കര്‍മ്മങ്ങള്‍ ഒന്നുമില്ല. അതുപോലെ സര്‍ഗ്ഗാരംഭത്തില്‍ ഉല്‍പ്പന്നമായ ജീവനുകള്‍ക്ക് കര്‍മ്മങ്ങള്‍ ഇല്ല.അവര്‍ ശുദ്ധബോധം മാത്രമാകുന്നു.”

ലോകമെന്ന കാഴ്ചയെ സത്യമെന്ന് കരുതി അതിലുറച്ചുനില്‍ക്കുമ്പോള്‍ മാത്രമേ കര്‍മ്മങ്ങള്‍ ഉയരുകയുള്ളൂ. അങ്ങിനെ ജീവന്‍ കർമ്മചക്രത്തില്‍ കറങ്ങി ഇവിടെ അലയുന്നു.

എന്നാല്‍ ഈ സൃഷ്ടിയെന്ന് പറയുന്ന കാര്യം തന്നെ സത്യമല്ല എന്നറിഞിട്ട്  ബ്രഹ്മം മാത്രമേ സത്തായിട്ടുള്ളു എന്ന് ഉറപ്പിച്ചാല്‍പ്പിന്നെ കര്‍മ്മം എവിടെ? ആര്‍ക്കാണീ കര്‍മ്മം ബാധകമാവുക? ആരുടേതാണ് കര്‍മ്മം?

അജ്ഞാനത്തില്‍ മാത്രമേ കര്‍മ്മമുള്ളു. ശരിയായ അറിവുദിക്കുന്ന നിമിഷം കര്‍മ്മപാശമില്ലാതെയാവുന്നു. 

622 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 622

തത്ര ദംദഹ്യമാനോപി നാഭവം ദുഃഖഭാഗഹം
സ്വപ്നേ സ്വപ്നോയമിത്യേഷ ജാനന്നഗ്നാവപി ച്യുത: (6.2/141/1)

മുനി തുടര്‍ന്നു: “എനിക്ക് ചുറ്റും അതിഭയങ്കരമായ അഗ്നിവലയം ആളിക്കത്തിയിരുന്നുവെങ്കിലും ഞാന്‍ ആകുലചിത്തനായിരുന്നില്ല. സ്വപ്നം കാണുമ്പോള്‍ നാമത് സ്വപ്നമാണെന്ന് തിരിച്ചറിയുമെങ്കില്‍ സ്വപനത്തിലെ അഗ്നി നമ്മെ ബാധിക്കുകയില്ലല്ലോ.”

ഞാന്‍ അഗ്നിയെപ്പറ്റി അന്വേഷണം നടത്തുമ്പോള്‍ എന്നെയതു തീരെ ബാധിക്കുകയുണ്ടായില്ല. കാരണം അത് സ്വപനമാണെന്നെനിക്ക് അറിയാമായിരുന്നല്ലോ. പെട്ടെന്ന് അതിശക്തമായ ഒരുഷ്ണവാതം ആഞ്ഞടിച്ചു. ആ കൊടുങ്കാറ്റില്‍ ചുറ്റുമുള്ള എല്ലാം പറക്കാനും തീപിടിക്കാനും തുടങ്ങി.

നാശത്തിന്റെ താണ്ഡവനൃത്തംപോലെയായിരുന്നു ആ കാഴ്ച. ഞാനാലോചിച്ചു: ഇതെല്ലാം വെറും സ്വപ്നദൃശ്യം മാത്രം. അതും ഞാന്‍ മറ്റൊരാളുടെ ഹൃദയത്തില്‍ നിവസിക്കുമ്പോള്‍ ഉണ്ടായ ഭ്രമക്കാഴ്ച. ഇതാനുഭവിച്ചു തീര്‍ക്കുന്നതിനു പകരം, ഈ ദുരിതത്തില്‍ നിന്നും പുറത്തുകടക്കാന്‍ ഞാനെന്തിനാണ് വൈകുന്നത്?

വേടന്‍ ചോദിച്ചു: അങ്ങ് അയാളുടെ ഹൃദയത്തില്‍ കയറിക്കൂടിയത് സ്വപ്നം എന്നാല്‍ എന്തെന്നറിയാന്‍ ആയിരുന്നല്ലോ? പിന്നെ അങ്ങെന്താണ് അതില്‍ നിന്നും പിന്മാറിയത്? അങ്ങ് സത്യം കണ്ടെത്തിയോ?

മുനി പറഞ്ഞു: സൃഷ്ടിക്ക് പിന്നില്‍ കാരണമായി ഒന്നുമില്ല എന്ന് നാം ആദ്യമേ മനസ്സിലാക്കണം. അതിനാല്‍ സൃഷ്ടി എന്ന വാക്കോ സൃഷ്ടിക്കപ്പെട്ട വസ്തുവോ യഥാര്‍ത്ഥമല്ല. അവയ്ക്ക് അസ്തിത്വമില്ല. എന്നാല്‍ ഈ ‘അയഥാര്‍ത്ഥത’ എന്ന ആശയവും ഉദിച്ചുയരുന്നത് ബോധം എന്ന സത്യവസ്തുവിലാണ്. ബോധത്തില്‍ എന്താണ് സത്തെന്നും അസത്തെന്നും വ്യക്തമാണല്ലോ.

ഞാന്‍ സത്യത്തെപ്പറ്റി പറയുമ്പോള്‍ അത് അജ്ഞാനവും മൌഢ്യവും അവസാനിച്ച ഒരുവന്റെ വീക്ഷണകോണിലൂടെ മാത്രമേ ആവുകയുള്ളൂ. അജ്ഞാനിയുടെയും മൂഢന്റെയും നോട്ടത്തില്‍ എന്താണ് സത്യമെന്നത് എനിക്കറിയില്ല. ബോധം മാത്രമേ സത്യമായുള്ളൂ. അതെല്ലാടവും നിറഞ്ഞു നില്‍ക്കുന്നു. എനിക്കറിയാവുന്ന സത്യം ഇതാണ്.

എവിടെയാണ് ദേഹം?, എവിടെയാണ് ഹൃദയം?, എന്താണ് സ്വപ്നം?, എവിടെയാണ് പ്രളയജലവും മറ്റുമുള്ളത്? ഉണര്‍ച്ചയും അതിന്റെ അവസാനവും എവിടെയാണ്? ജനനമരണങ്ങള്‍ എവിടെയാണുണ്ടാവുന്നത്? എല്ലാമെല്ലാം ശുദ്ധമായ ബോധം മാത്രമല്ലേ?

ബോധമുള്ളത് കൊണ്ട് അണുസമാനമായ വസ്തുവാണെങ്കിലും അതി സൂക്ഷ്മഘടകമാണെങ്കിലും അവ  അതിമഹത്തായി കാണപ്പെടുന്നു. പൊടുന്നനെ ഈ ബോധം ഒരു നിമിഷത്തേയ്ക്ക് ചിന്തയിലാണ്ടുപോവുമ്പോള്‍ ലോകം ഉദിച്ചുയരുകയായി. അപ്പോഴും അത് ശുദ്ധാകാശം മാത്രം. സ്വപ്നത്തില്‍ നടക്കുന്നതുപോലെ ബോധം പലവേഷങ്ങള്‍ അണിഞ്ഞു പ്രത്യക്ഷമാവുന്നു.

നഗരങ്ങളും മറ്റും ഒന്നും സത്യമല്ല. ലോകമായി ഉള്ളത് ബോധം മാത്രം.
നമ്മെ സംബന്ധിച്ചിടത്തോളം കാഴ്ചകളില്ല, സത്തായും അസത്തായും ഒന്നുമില്ല. ആകാശമില്ല, ഉള്ളതോ നിരാകാരമായ, ആദിയന്തരഹിതമായ രണ്ടല്ലാത്ത (അദ്വൈത) അനന്തബോധം മാത്രമാണ്.

സ്വപ്നം ഉണ്ടാകുന്നതിനു കാരണങ്ങള്‍ ഇല്ല. വേറിട്ട്‌ അറിയാന്‍ വസ്തുക്കളില്ലാതെ തന്നെ അറിയുന്നവനായി ഉള്ളത് ശുദ്ധമായ ബോധം മാത്രമാണ്. കാരണമൊന്നും ഇല്ലാത്തതിനാല്‍ വിഷയമോ വിഷയിയോ ഇല്ല. ബോധത്തില്‍ ഉള്ളത് വാക്കുകള്‍ക്ക് കീഴടങ്ങാത്ത ശുദ്ധമായ അനുഭവം മാത്രമാണ്. അതില്‍ കാര്യകാരണങ്ങള്‍ ഒന്നുമില്ല. രണ്ടല്ലാത്തതാണത്. ഒരേയോന്ന്.

സമയം അസ്തിത്വത്തെയും അതിന്റെ നാശത്തെയും കുറിക്കുന്നു. വളര്‍ന്നു വരാന്‍ സാദ്ധ്യതയുള്ളതെല്ലാം വിത്തില്‍ അടങ്ങിയിരിക്കുന്നു. അതില്‍ നിന്നും ഉണ്ടാവുന്ന പൂവും കായുമെല്ലാം സൂക്ഷ്മമായി അതിലടങ്ങിയിരിക്കുന്നു. ബ്രഹ്മവും അങ്ങിനെ എല്ലാമെല്ലാമാണെന്നു പറയാം. സദാ പ്രശോഭിക്കുന്ന സത്തയാണ്  ബോധം.
സ്വപ്നത്തില്‍ ജാഗ്രദിന്റെ അനുഭവം ഉള്ളതുപോലെതന്നെ ജാഗ്രദിനും  സ്വപ്നസ്വഭാവം തന്നെയാകുന്നു.

എല്ലാ മനോവ്യാപാരങ്ങളും അടങ്ങുമ്പോള്‍ നീ എന്താണോ അതാണ് ഉണ്മ. (മനോവ്യാപാരമുള്ളപ്പോള്‍ നീ മറ്റെന്തോ ആണെന്ന തെറ്റിദ്ധാരണയിലായിരിക്കും) 

621 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 621

ബലം ബുദ്ധിശ്ച തേജശ്ച ക്ഷയകാല ഉപസ്ഥിതേ
വിപര്യസ്യതി സര്‍വത്ര സര്‍വഥാ മഹതാമപി  (6.2/140/6)

വ്യാധന്‍ പറഞ്ഞു: മഹര്‍ഷെ, അത്തരം ഭ്രമചിന്തകള്‍ അങ്ങയെപ്പോലെയുള്ള മഹാന്മാര്‍ക്കും ഉണ്ടാവുമോ? ധ്യാനസാധനകൊണ്ട് അതിനറുതി വരില്ലേ?
മഹര്‍ഷി പറഞ്ഞു: ഈ ലോകചക്രാവസാനത്തോടെ എല്ലാത്തിനും അന്ത്യമായി. ചില കാര്യങ്ങള്‍ അവസാനിക്കുന്നത് ക്രമാനുഗതമായും മറ്റുചിലത് പൊടുന്നനെയുമാണ്. എന്നിരിക്കിലും നടക്കേണ്ട സംഗതികള്‍ നടന്നു തന്നെ തീരണം.
“മാത്രമല്ല ബലം, ബുദ്ധി, പ്രഭ, തേജസ്സ് എന്നിവയ്ക്കെല്ലാം ആപത്തുകാലത്ത് തടസ്സങ്ങള്‍ ഉണ്ടാവുന്നു. അതെല്ലാ കാലത്തും മഹാന്മാര്‍ക്കടക്കം എല്ലാവര്‍ക്കും  ബാധകമത്രേ.”

അവസാനമായി പറയട്ടെ, ഞാന്‍ ഇതുവരെ പറഞ്ഞതെല്ലാം സ്വപ്നദൃശ്യത്തെപ്പറ്റിയായിരുന്നു.  ഒരു സ്വപ്നത്തില്‍ അസംഭാവ്യമായി എന്തുണ്ട്? എങ്കിലും ഈ സ്വപ്നാനുഭവത്തെപ്പറ്റി നിനക്ക് വിവരിച്ചു തരണം എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇനി ഞാന്‍ സത്യാവസ്ഥ എന്തെന്ന് പറയാം.

ഞാന്‍ അങ്ങിനെ ആ മഹാ പ്രളയം കാണുമ്പോള്‍ ഒരു മലമുകളിലായിരുന്നു.ഞാനതിന്റെ തുഞ്ചത്ത് കയറി. അവിടെയെത്തിയ നിമിഷം ദൃശ്യങ്ങള്‍ പാടെ മാറിപ്പോയി. പ്രളയജലമെല്ലാം എവിടെപ്പോയി മറഞ്ഞു എന്നെനിക്കറിഞ്ഞില്ല. മുഴുവന്‍ ചെളി നിറഞ്ഞുനിന്ന ഭൂമിയില്‍ ഇന്ദ്രനും മറ്റു ദേവതകളും ആന മുതലായ മൃഗാദികളും എല്ലാം കഴുത്തുവരെ മുങ്ങി കാണപ്പെട്ടു. പെട്ടെന്നെന്നെ ക്ഷീണം ബാധിച്ചു; ഞാന്‍ തളര്‍ന്നുറങ്ങിപ്പോയി.

ഇതുകഴിഞ്ഞു ഞാന്‍ എന്റെ സ്വന്തം ഓജസ്സില്‍ ആയിരുന്നുവെങ്കിലും എന്റെ പൂര്‍വ്വാനുഭവങ്ങളുളേല്‍പ്പിച്ച മാനസീകോപാധികള്‍ എന്നില്‍ നിന്നും ഒഴിവായിരുന്നില്ല. അങ്ങിനെ രണ്ടു ബോധസീമകളില്‍ അനുഭവമാര്‍ജ്ജിച്ച ഞാന്‍ ഉണര്‍ന്നപ്പോള്‍ ആ കൊടുമുടി മറ്റൊരാളുടെ ഹൃദയത്തിലായിരുന്നു. രണ്ടാം ദിനം ഞാനവിടെ സൂര്യോദയം ദര്‍ശിച്ചു. അത് കഴിഞ്ഞ് ലോകത്തിലെ മറ്റു വസ്തുക്കള്‍ ഉദിച്ചു വന്നു. എല്ലാം മറന്നു സാധാരണജീവിതം നയിക്കാന്‍ ഞാന്‍ ശ്രമിച്ചു.

ഞാന്‍ സ്വയം പറഞ്ഞു: ‘എനിക്ക് പതിനാറു വയസ്സായി. ഇവര്‍ എന്റെ മാതാപിതാക്കളാണ്’ അപ്പോള്‍ ഒരു ഗ്രാമവും അതില്‍ ഞാനൊരാശ്രമവും കണ്ടു. ഞാനാ ആശ്രമത്തില്‍ കഴിയാന്‍ തുടങ്ങി. അതെനിക്ക് യഥാര്‍ത്ഥ്യം തന്നെയായിരുന്നു. പഴയ അനുഭവങ്ങളുടെ ഓര്‍മ്മകൾ ആകെ മങ്ങിപ്പോയി. എന്റെ ദേഹം മാത്രമേ എനിക്കൊരത്താണിയായി വര്‍ത്തിച്ചുള്ളു.
 
ജ്ഞാനം എന്നില്‍ നിന്നും വളരെ അകലെയായിരുന്നു. എന്റെ ജീവസത്ത വാസനയെന്നു വിളിക്കുന്ന മനോപാധികള്‍ മാത്രമായി. ഞാന്‍ സമ്പത്തിനായി എന്റെ ജീവിതം ഉഴിഞ്ഞുവച്ചു. ഞാന്‍ എല്ലാ സാമൂഹ്യവും ധാര്‍മ്മികവുമായ കടമകളും നിര്‍വഹിച്ചു വന്നു. എന്താണ് കരണീയമെന്നും ഗര്‍ഹണീയമെന്നും എനിക്കറിയാമായിരുന്നു. ഒരു ദിവസം ഒരു മുനിവര്യന്‍ എന്റെ അതിഥിയായിയെത്തി. ഞാനദ്ദേഹത്തെ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. ആ രാത്രി അദ്ദേഹമെന്നോടൊരു കഥ പറഞ്ഞു. അദ്ദേഹം അപരിമേയമായ വിശ്വത്തെ അതിന്റെ എല്ലാ പ്രാഭവങ്ങളോടും എനിക്കായി വിവരിച്ചു തന്നു. എല്ലാമെല്ലാം അനന്തമായ ബോധം മാത്രമാണെന്ന് വിശദമായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നിലെ മേധാശക്തി ഉണര്‍ന്നു. ക്ഷണത്തില്‍ എനിക്കെന്റെ പൂര്‍വ്വ കാര്യങ്ങള്‍ ഓര്‍മ്മ വന്നു. മറ്റൊരാളുടെ ദേഹത്തില്‍ ഞാനെങ്ങിനെ കയറിക്കൂടി എന്നും ഞാന്‍ മനസ്സിലാക്കി. അയാള്‍ വിശ്വപുരുഷനാണെന്നു കരുതി ഞാനയാളില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമിച്ചു. ഞാന്‍ ആ പുരുഷന്റെ പ്രാണനില്‍ കയറിക്കൂടി. അയാളുമായി അങ്ങിനെ ഒന്നായിച്ചേര്‍ന്നു ഞാന്‍ പുറത്തുവന്നു.

ഉടനെ ഞാന്‍ എന്റെ മുന്നില്‍ എന്റെ ദേഹം പത്മാസനത്തില്‍ ഇരിക്കുന്നതായി കണ്ടു. ഞാനൊരാശ്രമത്തിലാണപ്പോള്‍. ഗുരുവായ എന്നെ പരിചരണം ചെയ്യുന്ന ശിഷ്യന്മാര്‍ എനിക്ക് ചുറ്റുമുണ്ട്. ഈ ശിഷ്യന്മാര്‍ പറയുന്നത് ഞാന്‍ സമാധിസ്ഥനായിട്ട് കേവലം ഒരു മണിക്കൂറേ ആയിട്ടുള്ളൂ എന്നാണ്. ഞാന്‍ ഹൃദയത്തില്‍ കയറിയ ആള്‍ മറ്റൊരു സഹയാത്രികനായിരുന്നു. അയാള്‍ ഉറക്കത്തിലാണ്. ആരോടും ഇതൊന്നും പറയാതെ പെട്ടെന്ന് ഞാനാ ഉറങ്ങുന്നയാളിന്റെ ഹൃദയത്തില്‍ വീണ്ടും കയറി. അയാളുടെ ഹൃദയത്തില്‍ വിശ്വപ്രളയം അവസാനിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ താമസിച്ചിരുന്ന ഗ്രാമവും ബന്ധുക്കളും അപ്രത്യക്ഷമായി. എല്ലാം പ്രളയത്തീയില്‍ എരിഞ്ഞുപോയിരുന്നു. ഞാന്‍ വായുവിനെ ധ്യാനിച്ച്‌ ചുറ്റിക്കറങ്ങാന്‍ തുടങ്ങി.

620 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 620

സുഷുപ്തേ തനുതാം യാതേ ഹൃദയാദിവ നിര്‍ഗതം
അപശ്യമഹമത്രൈവ ഭുവനം ഭാസ്കരാദിമത് (6.2/139/23)

മുനി തുടര്‍ന്നു: “അങ്ങിനെ സുഷുപ്തി ക്ഷീണിതമായപ്പോള്‍  സൂര്യനും മറ്റും എന്റെ ഹൃദയത്തില്‍ ഉദിച്ചുയര്‍ന്നതുപോലെ ഞാന്‍ ലോകത്തെ കണ്ടു. ഞാന്‍ ഇതെല്ലാം കണ്ടത് ഞാനിരുന്നയിടത്തുവച്ച് തന്നെയാണ്.”

എന്നാല്‍ ഈ ലോകം വിശ്വപ്രളയത്തില്‍ ആണ്ടു മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ എന്റെ വധുവുമൊത്ത് എന്റെ വീട്ടിലിരിക്കുന്നതായും കണ്ടു. പ്രളയജലം ഞങ്ങളെയെല്ലാം വീടടക്കം ഒഴുക്കുകയായിരുന്നു. പ്രളയത്തെ ചെറുക്കാനെന്നമട്ടില്‍ ഞാന്‍ ജലത്തില്‍ പൊങ്ങികിടന്നു പൊരുതി.

പെട്ടെന്ന് ഒഴുക്കില്‍ എന്നെയും കൊണ്ട് നീങ്ങിയിരുന്ന വീട് പൊട്ടിത്തകര്‍ന്നു. ഞാന്‍ ജലത്തിലേയ്ക്കെടുത്തു ചാടി. ഞാന്‍ എന്റെ ജീവസംരക്ഷണത്തില്‍ മാത്രം ശ്രദ്ധാലുവായി ബന്ധുമിത്രാദികളെ അവഗണിച്ചാണ് ഇത്രനാള്‍ കഴിഞ്ഞത്. ഞാന്‍ പ്രളയജലത്തിന്റെ ആഴങ്ങളില്‍ ചിലപ്പോള്‍ ഇറങ്ങിച്ചെന്നു. മറ്റുചിലപ്പോള്‍ ഞാന്‍ ജലോപരി പൊങ്ങിക്കിടന്നു. ഇടയ്ക്കൊരു പാറക്കല്ലില്‍ ചവിട്ടി നിന്നു ഞാന്‍ വിശ്രമിച്ചു. എനിക്ക് അനുഭവവേദ്യമല്ലാത്ത യാതൊരു ദുരിതങ്ങളും ഇക്കാലത്ത് ലോകത്തുണ്ടായിരുന്നില്ല. വേദനജനകങ്ങളായ എല്ലാ അനുഭവങ്ങളും എനിക്കുണ്ടായി.

അപ്പോള്‍ തികച്ചും പരിതാപകരവും ആകുലതകള്‍ നിറഞ്ഞതുമായ എന്റെയീ അവസ്ഥയില്‍ എന്നില്‍ ബോധമുണ്ടായിരുന്നതുകൊണ്ട് ഞാനെനെന്റെ പൂര്‍വ്വജന്മത്തിലെ അനുഭവത്തെപ്പറ്റി സമാധിയിലെന്നവണ്ണം ഓര്‍ക്കുകയുണ്ടായി. അപ്പോള്‍ ഞാനൊരു മുനിയായിരുന്നു. ഞാന്‍ മറ്റൊരാളിന്റെ ഉള്ളില്‍ അവന്റെ സ്വപ്നാവസ്ഥയെ മനസ്സിലാക്കാനായി കയറിക്കൂടിയിരുന്നു. ഞാനൊരു ഭ്രമദൃശ്യമാണ് കാണുന്നതെന്ന് എനിക്കറിയാമായിരുന്നു. അതേസമയം തന്നെ എനിക്കിപ്പോഴത്തെ അനുഭവവും ഉണ്ടായിരുന്നു. എന്നെ പ്രളയജലം ഒഴുക്കിലെടുത്ത് കൊണ്ടുപോയിക്കൊണ്ടിരുന്നുവെങ്കിലും ഞാന്‍ ആനന്ദമനുഭവിച്ചു.

പ്രളയജലത്തെയും അതുണ്ടാകുന്ന നാശനഷ്ടങ്ങളെയും കണ്ടു ഞാനിങ്ങിനെ ആലോചിച്ചു. ‘വിധിയ്ക്ക് ചെയ്യാന്‍ കഴിയാത്തതായി എന്താണുള്ളത്?’

മൂന്നു കണ്ണുള്ള ദേവദേവന്‍ പോലും ഈ പ്രളയത്തിന്റെ ദുരിതത്തില്‍ ഉഴറുകയാണ് 
ദേവന്മാരും അസുരന്മാരുമെല്ലാം പ്രളയജലത്തിലെ ചുഴികളില്‍പ്പെട്ടു കറങ്ങുകയാണ്. മലകളോളം ഉയര്‍ന്നുപൊങ്ങുന്ന പ്രളയത്തിരമാലകള്‍ സൃഷ്ടാവായ ബ്രാഹ്മാവിന്റെ സവിധംവരെ അതിക്രമിക്കുന്നു. ആനകളേപ്പോലെയാണീ തിരകള്‍. സിംഹങ്ങളെപ്പോലെ പ്രബലമാണവ. ആകാശത്തില്‍ മേഘങ്ങളെന്നപോലെയവ ഒഴുകി നടക്കുന്നു.

ഭൂമിപാലകന്മാരായ രാജാക്കന്മാര്‍ അവരുടെ കൊട്ടാരങ്ങളും രഥങ്ങളുമടക്കം പ്രളയജലത്തില്‍ മുങ്ങിപ്പോകുന്നു. ദേവന്മാരും അസുരന്മാരും വെള്ളത്തില്‍ മുങ്ങുന്ന സമയം അവര്‍ പരസ്പരം സഹായത്തിനായി കൈകോര്‍ക്കുന്നു!

തകര്‍ന്നടിഞ്ഞു വീഴുന്ന നഗരങ്ങളും പൊങ്ങിയൊഴുകുന്ന കൊട്ടാരങ്ങളും നിറഞ്ഞ് പ്രളയജലം വലിയൊരു മതില്‍ കെട്ടിയതുപോലെ കാണപ്പെടുന്നു.

സൂര്യനെപ്പോലും പ്രളയം ബാധിച്ചതായി കാണുന്നു. സൂര്യനെ പാതാളലോകത്തേയ്ക്ക് കൊണ്ടുപോകുന്നതുപോലെ കാണപ്പെടുന്നു. സത്യം സാക്ഷാത്ക്കരിച്ചവരും ആത്മജ്ഞാനമാര്‍ജ്ജിച്ചവരുമായ മാമുനികള്‍ ഒഴികെ ആകുലമൊഴിഞ്ഞതായി മറ്റാരും ഉണ്ടായിരുന്നില്ല. ഈ മാമുനിമാര്‍ അവരുടെ ദേഹം പ്രളയജലത്തില്‍ എടുത്തെറിയപ്പെടുമ്പോഴും അക്ഷോഭ്യരായിന്നു. ‘ഇതെന്റെ ദേഹമാണ്’ എന്ന തെറ്റിദ്ധാരണ അവര്‍ക്കില്ലല്ലോ.

നിരാലംബരായ സ്ത്രീകളും മുങ്ങിത്താണുകൊണ്ടിരുന്നു. വിശ്വപ്രളയത്തില്‍ സകലരും മൃത്യുവിനു ഭക്ഷണമാവുമ്പോള്‍ ആര്‍ക്കാണവരെ രക്ഷിക്കാനാവുക? വിശ്വമാകെ അനന്തമായ ഒരു സമുദ്രമായതുപോലെ കാണപ്പെട്ടു. ഇന്ദ്രാദികളുടെ കീഴിലുള്ള ദേവവൃന്ദം എവിടെയാണ് പോയി മറഞ്ഞത്?   

619 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 619

യദാ സ്വകര്‍മണി സ്പന്ദേ വ്യഗ്ര: പ്രാണോ ഭൃശം ഭവേത്
തദാ തദീഹിതവ്യഗ്ര: പ്രാണോ നാത്മോദ്യമി ഭവേത് (6.2/139/12)
വസിഷ്ഠന്‍ തുടര്‍ന്നു: ചിത്തമാണ് ലോകത്തിന്റെ സൃഷ്ടാവ്. അതില്‍ സത്തും അസത്തും രണ്ടും കലര്‍ന്നതുമെല്ലാം അടങ്ങിയിരിക്കുന്നു. ‘പ്രാണന്‍ എന്റെ ചലനമാണ്. എനിയ്ക്ക് പ്രാണനില്ലാതെ നിലനില്‍പ്പില്ല’ എന്ന ആശയത്തോടെ മനസ്സ് പ്രാണനെ കൊണ്ടുവന്നു. അങ്ങിനെ അതെന്റെ ലക്ഷ്യമായി. ‘കുറച്ചുനേരം എന്റെ പ്രാണന്‍ നഷ്ടമായാലും ഉടനെതന്നെ എനിയ്ക്ക് പ്രാണന്‍ തിരിച്ചു കിട്ടും’ എന്ന് ഞാന്‍ സങ്കല്‍പ്പിച്ചു.
ഈ പ്രാണന്‍ മനസ്സുമായി ചേരുമ്പോള്‍ അത് ഭ്രമാത്മകലോകത്തെ കാണുന്നു. ‘ഞാനിനി ഒരിക്കലും പ്രാണനും ദേഹവുമില്ലാതെ നിലകൊള്ളുകയില്ല എന്ന സങ്കല്പം ഉള്ളതിനാല്‍ അത് പിന്നീട് തന്റെ സഹജസ്വരൂപമായ ശുദ്ധബോധമാര്‍ജ്ജിക്കുന്നില്ല.

സംശയത്തിന്റെ കൊടുങ്കാട്ടില്‍പ്പെട്ട് ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേയ്ക്ക് ചാഞ്ചാടിയാടി അത് ദുഖമനുഭവിക്കുന്നു. ആത്മജ്ഞാനം അങ്കുരിക്കുന്നതുവരെ ‘ഞാനാണ് ഇത്’ എന്ന തെറ്റിദ്ധാരണകള്‍ ഒഴിയുകയില്ല. മുക്തിമാര്‍ഗ്ഗം ആരായുന്നതിലൂടെ മാത്രമേ ആത്മജ്ഞാനമുണ്ടാവൂ. അതിനാല്‍ ഏതു വിധേനെയും ഒരുവന്‍ മുക്തിമാര്‍ഗ്ഗം തേടണം.

മനസ്സ് സദാ ‘എന്റെ ജീവശക്തി – പ്രാണന്‍ - എന്റെ ജീവിതം തന്നെയാണ്’ എന്ന ധാരണയില്‍ കഴിയുന്നതിനാല്‍ മനസ്സ് പ്രാണനില്‍ ഇളവേല്‍ക്കുകയാണ്. ദേഹം ആരോഗദൃഢമായിരിക്കുമ്പോള്‍ മനസ്സ് നന്നായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ദേഹത്തിനുണ്ടാകുന്ന ക്ഷീണം മനസ്സിനെ ബാധിക്കുന്നു. മനസ്സ് മറ്റൊന്നും കാണാതെ ദേഹത്തിന്റെ അസ്വാസ്ഥ്യങ്ങളെ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നു.

“പ്രാണന്‍ തന്റെ സ്വതസിദ്ധമായ ചലനത്തില്‍ വ്യഗ്രതയോടെയിരിക്കുമ്പോള്‍ അത് സ്വയം മറന്നെന്നപോലെ വര്‍ത്തിക്കുന്നു. അപ്പോള്‍ ആത്മാന്വേഷണത്വരയുണ്ടാവുക സാദ്ധ്യമല്ല.”

പ്രാണനും മനസ്സും തമ്മിലുള്ള ബന്ധം വണ്ടിയും സാരഥിയും എന്നതുപോലെയാണ്. അനന്താവബോധത്തിലെ ആദ്യസങ്കല്‍പ്പം ഇങ്ങിനെയായതിനാല്‍ അതിപ്പോഴും തുടരുന്നു. പ്രബുദ്ധതയിലെത്താത്തവര്‍ക്ക് ഇത് അറിവാകുകയില്ല.

അജ്ഞാനികള്‍ സമയം, ദൂരം, വിഷയം, മനസ്സ്, പ്രാണന്‍, ദേഹം എന്നിവയെക്കുറിച്ചെല്ലാമുള്ള ധാരണകളില്‍ ഇളക്കമേതുമില്ലാതെ വര്‍ത്തിക്കുന്നു. മനസ്സും പ്രാണനും സമ്യക്കായി പ്രവര്‍ത്തിക്കുമ്പോള്‍ വ്യക്തി വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ അവ തമ്മില്‍ പൊരുത്തക്കേടുണ്ടാകുമ്പോള്‍ സ്വരഭംഗം ഉണ്ടാവുന്നു. രണ്ടും വിശ്രമിക്കുമ്പോള്‍ സുഷുപ്തിയായി.

നാഡികളില്‍ ഭക്ഷണവസ്തുക്കള്‍ അടിഞ്ഞുകൂടി മന്ദതയുണ്ടാവുമ്പോഴും ദേഹം പരിക്ഷീണമാവുമ്പോഴും പ്രാണസഞ്ചാരത്തിനു തടസ്സമുണ്ടാവുന്നു. പ്രാണന് സഞ്ചരിക്കാന്‍ പ്രയാസമാവുമ്പോള്‍ സുഷുപ്തി വന്നണയുന്നു.

എന്തെങ്കിലും കാരണവശാല്‍ നാഡികള്‍ മൃദുവും ക്ഷീണിതവും ആകുമ്പോള്‍ അവയില്‍ പലവിധത്തിലുള്ള മാലിന്യങ്ങളും അടിയാന്‍ ഇടയാവുന്നു. പ്രാണന്‍ അസാധാരണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും  സുഷുപ്തി ആഗതമാവാം.

മുനി പറഞ്ഞു: ഇരുട്ട് പരന്നപ്പോള്‍ ഞാന്‍ ആരുടെ ഹൃദയത്തിലാണോ കയറി പാര്‍പ്പുറപ്പിച്ചത്, അയാള്‍ ദീര്‍ഘനിദ്രയിലായി. ഞാനും ആ നിദ്ര ആസ്വദിച്ചു. എന്നാല്‍ അയാള്‍ കഴിച്ചിരുന്ന ആഹാരം ദഹിച്ചു കഴിഞ്ഞപ്പോള്‍ നാഡികള്‍ ശുദ്ധമാവുകയും പ്രാണന്‍ വീണ്ടും സഞ്ചരിക്കാന്‍ തുടങ്ങുകയും ചെയ്തു. സുഷുപ്തി ക്ഷീണിതമായിത്തീർന്നു.

618 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 618

യദാ താദാത്മകാത്മൈകപരോ ഹൃദി സഹസ്ഥിതം
അപ്രധാനീകരോത്യേതച്ചിത്തം സ്വാര്‍ത്ഥസ്വഭാവത: (6.2/138/21)
മുനി തുടര്‍ന്നു: അത് കഴിഞ്ഞപ്പോൾ എനിയ്ക്ക് അനന്തബോധത്തില്‍  വിലയിച്ചൊന്നാവണമെന്നു തോന്നി. ആ ജീവിയുടെ ഓജസ്സ് വിട്ട് ബോധഘനത്തില്‍ ആമഗ്നനാവാന്‍ തുടങ്ങവേ എന്റെ ഇന്ദ്രിയങ്ങള്‍ വീണ്ടും പ്രവര്‍ത്തനോന്മുഖമായി. എന്നാല്‍ ഞാനതിനെ നിയന്ത്രിച്ച്‌ ബോധത്തില്‍ പ്രവേശിച്ചു. ബോധത്തില്‍ പ്രവേശിച്ചയുടനെ ഞാന്‍ രണ്ടു ലോകങ്ങളെ ഒരേസമയം അനുഭവിക്കാന്‍ തുടങ്ങി. എല്ലാം രണ്ടായി കാണപ്പെട്ടു. എന്നാല്‍ ഞാന്ൻ കാണാന്‍ ഉപയോഗിക്കുന്ന മേധാശക്തി ഒരുപോലെയായിരുന്നതിനാല്‍ ഞാന്‍ കണ്ട ദ്വന്ദതയും വളരെ സാമ്യമുള്ളവയായിരുന്നു. പാലും വെള്ളവുംപോലെ അവ നന്നായി ഇഴുകിച്ചേര്‍ന്നിരുന്നു.
ക്ഷണത്തില്‍ ഞാന്‍ മറ്റേ ജീവിയുടെ ബോധാത്തിലേയ്ക്ക് എന്റെ ബോധത്തെ സംക്രമിപ്പിച്ചു. രണ്ടുലോകവും ഒന്നായി. എല്ലാറ്റിനെയും രണ്ടായിക്കാണുന്ന കണ്ണില്‍ ദീനമുള്ളവന്‍, രണ്ടു ചന്ദ്രബിംബങ്ങളെ കാണുന്നു. എന്നാല്‍ അസുഖം ഭേദമാകുന്നതോടെ അയാള്‍ക്ക് ഒരേയൊരു ചന്ദ്രനെ മാത്രം കാണാകുന്നു.

ഞാന്‍ എന്റെ ജ്ഞാനത്തെ ഉപേക്ഷിച്ചില്ല. എങ്കിലും എന്റെ ചിന്താവ്യാപാരങ്ങള്‍ പരിക്ഷീണമായിത്തീര്‍ന്ന് മറ്റേ ജീവിയുടെ ചിന്തകള്‍ സ്വായത്തമാക്കി. അതോടെ ആ ജീവിയുടെ ലോകം എനിക്കും അനുഭവവേദ്യമായി. കുറച്ചു നേരം കഴിഞ്ഞ് അയാള്‍ ഉറക്കമായി. ഒരാമ തന്റെ അവയവങ്ങളെ തോടിനുള്ളിലേയ്ക്ക് പിന്‍വലിക്കുന്നതുപോലെ അയാൾ തന്റെ  മനോതരംഗങ്ങളെ പിന്‍വലിച്ചു.

അയാളുടെ ഇന്ദ്രിയങ്ങള്‍ മൃതപ്രായമായി. അവ ഏതോ കലാകാരന്‍ വിരുതോടെ വരച്ചു വെച്ച ഛായാപടമെന്നപോലെ നിലകൊണ്ടു. ഒരുനിമിഷം ബാഹ്യമായ വ്യാപാരങ്ങള്‍ ഒഴിഞ്ഞ് ഓജസ്സിന്റെ നിറവില്‍ ഞാനാ നിദ്രാവസ്ഥയെ നന്നായി ആസ്വദിച്ചു.

ക്ഷീണം മൂലം അയാളുടെ നാഡീവ്യൂഹങ്ങള്‍ ഘനസാന്ദ്രവും ഇടതിങ്ങിയതും ആയിരുന്നു. ആഹരിച്ചിരുന്ന ഭക്ഷണപാനീയങ്ങള്‍ ഇടതിങ്ങിയതിനാല്‍ അയാളുടെ ശ്വാസോച്ഛ്വാസം വളരെ പതുക്കെയായിരുന്നു. “പ്രാണശക്തി ഹൃദയത്തില്‍ സ്വയം ഉയര്‍ന്നുണര്‍ന്ന്‍ മനസ്സെന്ന വസ്തുവിന് പ്രാമുഖ്യമില്ലാതാക്കുന്നു. അതായത് മനസ്സിനെ അപ്രധാനമാക്കുന്നു. കാരണം പ്രാണന്‍ സ്വയം അവബോധിക്കുന്ന ഒന്നാണല്ലോ.” 

ഇപ്പോള്‍ ആത്മാവിന്റെ വിഷയം ആത്മാവ് തന്നെയാണ്.മറ്റു ബാഹ്യപ്രവര്‍ത്തനങ്ങള്‍ ഒന്നും ഇപ്പോഴില്ല. അത് സ്വയം ആത്മാവായി പ്രഭാസിക്കുന്നു.

രാമന്‍ ചോദിച്ചു: മനസ്സിന് ചിന്തിക്കാനുള്ള കഴിവ് പ്രാണശക്തിയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേയുള്ളൂ. അതിനു സ്വയമായി ഒരസ്തിത്വം ഇല്ല. അപ്പോള്‍ അതില്‍ എന്താണുള്ളത്?

വസിഷ്ഠന്‍ പറഞ്ഞു: ദേഹം അനുഭവപ്പെടുന്നുവെങ്കിലും അത് സത്യത്തില്‍ ഉള്ളതല്ല. മനസ്സെന്ന വസ്തുവിന് സ്വപ്നത്തില്‍ കാണുന്ന ഒരു പര്‍വ്വതത്തിന്റെ എന്നതുപോലെയുള്ള യാഥാര്‍ത്ഥ്യസ്വഭാവമാണുള്ളത്.  യാതൊരു വസ്തുവും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല, കാരണം ആ സൃഷ്ടികള്‍ക്ക് നിദാനമായ കാരണങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ട് മനസ്സ് ഉള്ളതല്ല.

എല്ലാമെല്ലാം ബ്രഹ്മം മാത്രം. ബ്രഹ്മമാണ് എല്ലാമെല്ലാം. അതിനാല്‍ ലോകം അങ്ങിനെ തന്നെ നിലകൊള്ളുന്നു. ദേഹമനസ്സുകള്‍ ബ്രഹ്മമാകുന്നു. എന്നാല്‍ സത്യദര്‍ശികള്‍ എങ്ങിനെയാണിവയെ കാണുന്നതെന്ന് നമുക്ക് വിവരിക്കാനാവില്ല.

അവിച്ഛിന്നമായ അനന്തബോധം സ്വയം അതിനു വിവക്ഷിക്കാനുള്ള വിഷയമായി. അത് മനസ്സായി. ചലനം എന്നൊരു പ്രതീതി അതിലുണ്ടായപ്പോള്‍ പ്രാണന്‍ ജീവശക്തിയായി ഉല്‍പ്പന്നമായി. പ്രാണന്‍ ഇന്ദ്രിയങ്ങളിലൂടെ അനുഭവങ്ങളെ ഉല്‍പ്പന്നമാക്കുന്നു. അങ്ങിനെ ലോകമുണ്ടാവുന്നു.

617 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 617

സ്വപ്ന: സ്വപ്നോ ജാഗരായാമേഷ സ്വപ്നേ തു ജാഗരാ
സ്വപ്നസ്തു ജാഗരൈവേതി ജാഗരൈവ സ്ഥിതാ ദ്വിധാ (6.2/137/38)

മഹര്‍ഷി തുടര്‍ന്നു: ആ സ്വപ്നലോകത്ത് പോലും സൂര്യചന്ദ്രന്മാരും മാമലകളും സമുദ്രങ്ങളും ദേവാസുരനര ജാതികളും പട്ടണങ്ങളും കാടുകളും കാലഗണനകളും ദിശകളും എല്ലാമെല്ലാം ഉണ്ടായിരുന്നു. ആ സ്വപ്നദൃശ്യം യഥാതഥമെന്നും തോന്നിയിരുന്നു. എന്റെ നിദ്രയ്ക്ക് ശേഷം ഉയര്‍ന്നു പൊങ്ങിയതാണ് ആ ലോകമെന്നെനിയ്ക്ക് തോന്നി.

ഞാന്‍ സ്വയം ചോദിച്ചു: ഞാനിപ്പോള്‍ ഉറക്കത്തിലല്ലെങ്കിലും എന്തുകൊണ്ടാണീ സ്വപ്നദൃശ്യം ഞാന്‍ ഇപ്പോൾ കാണുന്നത്?

കുറച്ചു നേരം ആലോചിച്ചപ്പോള്‍ എനിക്കതിന്റെ പൊരുള്‍ പിടി കിട്ടി. ‘തീര്‍ച്ചയായും അത് ബോധസത്യത്തിന്റെ ഒരു ദിവ്യരൂപം തന്നെയാണ്. ആ ബോധത്തില്‍ എന്തൊക്കെ പ്രടിതമാവുന്നവോ അതാണ്‌ ലോകമാവുന്നത്.’ 

ഈ ബോധബീജം എവിടെയൊക്കെ തന്റെ സ്വരൂപത്തെ കാണുന്നുവോ അവിടെ, അപ്പോള്‍, ലോകത്തെ കാണുകയായി. എന്നാല്‍ ബോധം തന്റെ അനന്താവബോധമെന്ന സ്വത്വത്തെ ഒരിക്കലും ഉപേക്ഷിക്കുന്നില്ല. സ്വപ്ന വസ്തുവായി കാണപ്പെടുന്ന ലോകം ഈ അനന്തബോധത്തിലുല്‍പ്പന്നമാവുന്ന വെറും പ്രതീതി മാത്രമാണെന്ന് ഞാനറിയുന്നു. ഈ ബോധത്തിന്റെ പ്രഭാസഭാസുരതയാണ് ജാഗ്രദ് ലോകം. അത് അവിച്ഛിന്നവും അദ്വയവുമായ ഒരേയൊരു വസ്തുവാണ്.

“ജാഗ്രദ് അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വപ്നമെന്നത് വെറും സ്വപ്നമാണ്. എന്നാല്‍ സ്വപ്നമെന്നത് സ്വപ്നാവസ്ഥയില്‍ ജാഗ്രദാണ്. അപ്പോള്‍ സ്വപ്നവും ജാഗ്രദുമായി വ്യത്യാസമൊന്നുമില്ല. ജാഗ്രദ് അവസ്ഥ രണ്ടു തരത്തിലുണ്ട്.”

ഒരു വ്യക്തി എന്ന് പറഞ്ഞാല്‍ അത് ബോധമാണ്. നൂറുകണക്കിന് ദേഹങ്ങള്‍ നശിച്ചാലും ബോധം നശിക്കുന്നില്ല. ബോധം ആകാശംപോലെയാണ്‌. എന്നാല്‍ അതിനു നിയതമായ ഒരു ‘ശരീര’മുള്ളതുപോലെ നിലകൊള്ളുകയാണ്. അനന്തത അനേകം നിയതമായ വസ്തുക്കളായി അകത്തും പുറത്തും നിലകൊള്ളുന്നു എന്ന് പറയാം. കാരണം എണ്ണമില്ലാത്തത്ര വസ്തുക്കള്‍ അനുഭവഭാസുരമാവുന്നത് ഈ അനന്തബോധത്തില്‍ നിന്നുകൊണ്ടാണ്. ജീവന്‍ ആന്തരലോകങ്ങളിലേയ്ക്ക് പോകുമ്പോള്‍ സ്വപ്നം ഉയരുന്നു. ജീവനില്‍ ബാഹ്യബോധം അങ്കുരിക്കുമ്പോള്‍ ജാഗ്രദായി. ജീവന്‍ തന്റെ നോട്ടത്തെ സ്വന്തം അസ്തിത്വത്തിലെയ്ക്ക് കേന്ദ്രീകരിക്കുമ്പോള്‍ സ്വപ്നമുണ്ടാകുന്നു.

ഈ ജീവനാണ് പുറമേയ്ക്ക് ദൃശ്യമായാലും അല്ലെങ്കിലും ആകാശമായും ഭൂമിയായും കാറ്റായും മലയായും കടലായും മറ്റും വിസ്തരമായിരിക്കുന്നത്. ഈ സത്യം അറിയുന്നതോടെ ഒരുവന്‍ വാസനകള്‍ എന്ന മനോപാധികളില്‍ നിന്നും മുക്തനാകുന്നു.

പിന്നീട് ഞാന്‍ ‘എന്താണ് നിദ്ര?’ എന്ന് സ്വയം ചോദിച്ചു. അതിനെപ്പറ്റി ധ്യാനിക്കാന്‍ ആരംഭിച്ചു.
ഈ വസ്തുപ്രപഞ്ചവുമായി എനിക്ക് എന്ത് ബന്ധമാണുള്ളത്? ഞാനിനി കുറച്ചു വിശ്രമിക്കട്ടെ, എന്ന്‍ എപ്പോഴാണൊരുവനു തോന്നുന്നത്, അപ്പോള്‍ ഉറക്കം വന്നണയുന്നു. ദേഹത്തില്‍ സചേതനവും അചേതനവുമായ (നഖം, മുടി, ഇത്യാദികള്‍) ഘടകങ്ങള്‍ ഉള്ളതുപോലെ ഉറക്കത്തേയുംചേതനയുടെ അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കാം. 

മനസ്സില്‍ ‘ഞാനൊന്ന് പ്രശാന്തനായി വിശ്രമിക്കട്ടെ’ എന്നാ തോന്നല്‍ ഉണ്ടാവുമ്പോള്‍ നിദ്രയുണ്ടാവുന്നു. ഇത് ജാഗ്രദ് അവസ്ഥയിലും സംജാതമാവാം.

അതുകഴിഞ്ഞ് ഞാന്‍ നാലാമത്തെ അവസ്ഥയായ ‘തുരീയ’ത്തെക്കുറിച്ചു പഠിക്കാന്‍ തുടങ്ങി. ഈ അവസ്ഥയില്‍ ലോകമെന്ന കാഴ്ച ഇല്ലാതാവുന്നത് പരിപൂര്‍ണ്ണപ്രകാശം നിറയുന്നതിന്റെ ഫലമായാണ്.

ലോകം യഥാതഥമായി നിലകൊള്ളുന്നു. യാതൊന്നിനും മാറ്റമില്ല. തുരീയാവസ്ഥ മാറ്റമില്ലാതെ നിലകൊള്ളുന്നത് കൊണ്ടാണ് ജാഗ്രാദ്-സ്വപ്ന-നിദ്രാവസ്ഥകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകാതെ തുടരുന്നത്.

‘ഈ ലോകം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല, അതിനുള്ള കാരണങ്ങള്‍ ഒന്നുമില്ല’ എന്ന അറിവിന്റെ നിറവില്‍ ‘ബ്രഹ്മമാണ് ലോകമായി പ്രഭാസിക്കുന്നത്’ എന്ന തിരിച്ചറിവിന്റെ തലമാണ് തുരീയം. 

616 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 616

വിവേശ മാനസാ മൌനി തത: ശാസ്ത്രവിവേകിതാം
ദിനൈരേവ യഥാ പുഷ്പമാമോദേന നരാശയം (6.2/137/4)
വ്യാധന്‍ ചോദിച്ചു: അങ്ങിനെയാണെങ്കില്‍ കഠിനമായതോ ലഘുവായതോ ആയ സാധനകള്‍ ഒന്നുമില്ലാതെ ഒരുവനെങ്ങിനെ ദുഃഖം ഇല്ലായ്മ ചെയ്യാനാവും?
മുനി പറഞ്ഞു: നിന്റെ കയ്യിലെ അമ്പും വില്ലും ഇപ്പോള്‍ത്തന്നെ ഉപേക്ഷിക്കുക. എന്നിട്ട് ഇവിടെത്തന്നെ ജീവിതകാലം മുഴുവന്‍ നിശ്ശബ്ദനായിരുന്നു ദുഃഖമില്ലാത്തവനാവുക.
വസിഷ്ഠന്‍ പറഞ്ഞു: വേടന്‍ നിഷ്പ്രയാസം ആ ഉപദേശം ചെവിക്കൊണ്ടു. “ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തില്‍  വേദശാസ്ത്രപ്രോക്തങ്ങളായ അറിവുകള്‍ ഉണ്ടായി. പൂക്കളിലെ പരിമളം ഒരാളുടെ ദേഹത്ത് കയറുന്നതുപോലെ അയത്നലളിതമായിരുന്നു അത്.”
ഒരുദിവസം അദ്ദേഹം ആ മുനിയോടു ചോദിച്ചു: മഹാമുനേ, അന്തരംഗത്തില്‍ ഉളവാകുന്ന സ്വപ്നദൃശ്യങ്ങള്‍ എന്തുകൊണ്ടാണ് ബാഹ്യമായി കാണപ്പെടുന്നത്?

മഹര്‍ഷി പറഞ്ഞു: ആദ്യമാദ്യം ഈ ചോദ്യം എന്റെയുള്ളിലും പൊന്തിയിരുന്നു. അതിനൊരുത്തരം കണ്ടെത്താനായി ഞാന്‍ എന്റെ ശ്രദ്ധയെ കേന്ദ്രീകരിച്ചു ധ്യാനിക്കാന്‍ തുടങ്ങി. ശുദ്ധബോധധ്യാനത്തോടെ ഞാന്‍ പദ്മാസനത്തില്‍ ഇരുന്നു. ആയിരക്കണക്കിന് വസ്തുക്കളിലേയ്ക്ക് പാലായനം ചെയ്തിരുന്ന മനസ്സിന്റെ കിരണങ്ങളെ ഞാനെന്റെ ഹൃദയത്തില്‍ കേന്ദ്രീകരിച്ചു. പ്രാണശക്തിയോടൊപ്പം ഞാനെന്റെ മനസ്സിനെ പുറത്തേയ്ക്ക് ഉഛ്വസിച്ചു കളഞ്ഞു. ആ പ്രാണന്‍ ഒരു ജീവിയില്‍ പ്രവേശിച്ച് എന്റെ മുന്നില്‍ വന്നു നിന്നു. ആ ജീവി പ്രാണനെ ശ്വസിച്ച് അതിന്റെ ഹൃദയത്തില്‍ സ്വീകരിച്ചു. അപ്പോള്‍ ഞാനാ ജീവിയുടെ ഹൃദയത്തില്‍ പ്രവേശിച്ചു. എന്റെ മേധാശകക്തിയാല്‍ ഞാനാ ജീവിയെ പിന്തുടര്‍ന്നു.

ഞാനാ വ്യക്തിയുടെ ഉള്‍ഭാഗം അനവധി കുഴലുകളും ചാലുകളുമായി വിഭജിക്കപ്പെട്ടതായി പുറമേയെന്നപോലെ കണ്ടു. കരള്‍, സ്പ്ലീഹ, മുതലായ ആന്തരാവയവങ്ങളും ഞാനതില്‍ കണ്ടു. വീട്ടുപകരണങ്ങള്‍ തിങ്ങി നിറച്ച ഒരു വീടിനെ കാണുന്നതുപോലെയുള്ള കാഴ്ചയായിരുന്നു അത്. അകത്ത് നല്ല ചൂടുണ്ടായിരുന്നു. പുറമെനിന്നു കൃത്യമായി അകത്തേയ്ക്ക് ശീതളവായു വന്നിരുന്നതുകൊണ്ട് ദേഹം ജീവനോടെ നിലനിന്നിരുന്നു. അവിടെക്കണ്ട കുഴലുകള്‍ രക്തചംക്രമണം നടത്തി. അകമാകെ നരകംപോലെ ഇരുട്ടായിരുന്നു.
പ്രാണവായുവിന്റെ ചലനത്തില്‍ എന്തെങ്കിലും അപാകത വന്നാല്‍ ഈ രക്തക്കുഴലുകള്‍ ദേഹത്തിന്റെ രോഗാവസ്ഥയെ കൃത്യമായി കാണിച്ചു തന്നിരുന്നു. അതിലൊരു കുഴല്‍ താമരത്തണ്ടിനെപ്പോലെയായിരുന്നു. അതിലൂടെ അതിവേഗം ശക്തിയുള്ള കാറ്റടിച്ച് ചെറിയൊരു കുഴലിലൂടെ വായു സഞ്ചാരം നടക്കുമ്പോള്‍ ഉണ്ടാവുന്ന ആരവം കേള്‍ക്കായി. പലവിധ വസ്തുക്കള്‍ കൊണ്ട് അവിടം നിറഞ്ഞിരുന്നു. എന്നാല്‍ പ്രാണവായുവിന്റെ സഞ്ചാരം ഈ വസ്തുക്കളെ കൂട്ടിയിണക്കി നിലനിര്‍ത്തിയിരുന്നു.

ദേഹത്തിനുള്ളിലെ ചിലയിടങ്ങള്‍ സന്തുഷ്ടവും മറ്റു ചിലയിടങ്ങള്‍ കലുഷവും ആയിരുന്നു. നാവിന്റെ അടിയിലായി എവിടെയോ ആകാശഗായകരുടെ സദിര് നടക്കുന്നതുപോലെയും മറ്റിടങ്ങളില്‍ സുന്ദര സംഗീതമുയരുന്നതുപോലെയും തോന്നി. ഞാനാ ജീവിയുടെ ഹൃദയത്തില്‍ പ്രവേശിച്ചു. അതില്‍ ഞാന്‍ പ്രകാശതത്വമായിത്തീര്‍ന്നു. അതില്‍ മൂന്നു ലോകങ്ങളും പ്രതിഫലിച്ചു. അത് മൂന്നു ലോകങ്ങള്‍ക്കും കാഴ്ച്ചയേകുന്ന പ്രകാശമായിരുന്നു. എല്ലാ ജീവജാലങ്ങളുടെയും ആന്തരസത്ത അത് തന്നെയാണ്. അതിലാണ് ജീവന്റെ നിവാസം.

ജീവന്‍ ദേഹം മുഴുവന്‍ വ്യാപരിച്ചിരിക്കുന്നു. എന്നാല്‍ ഓജസ്സ് എന്ന ആന്തര പ്രഭയ്ക്ക് നിയതമായ ഒരിരിപ്പിടമുണ്ട്. ചുറ്റുപാടും പ്രാണവായുവിന്റെ പരിരക്ഷ യിലാണത് നിലകൊള്ളുന്നത്. മണ്‍കുടത്തില്‍ വെള്ളമെന്നതുപോലെ ഞാനതില്‍ പ്രവേശിച്ചു. എന്റെ ഓജസ്സില്‍ നിന്നെന്നപോലെ അവിടെയിരുന്നു ഞാന്‍ വിശ്വത്തെ മുഴുവന്‍ ദര്‍ശിച്ചു.

Sep 25, 2014

615 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 615

ബ്രഹ്മാദീനാം തൃണാന്താനാം ദ്വിധാ ഭവതി സംഭവ:
ഏകോ ബ്രഹ്മമയോന്യസ്തു ഭ്രാന്തിജസ്താവിമൌ ശൃണു  (6.2/136/22)

ദേവന്മാര്‍ തുടര്‍ന്നു: നോക്കൂ പിശാചുക്കള്‍ എല്ലാവരും കൂടി ഇപ്പോഴാ ശവം ഭക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഭൂമിയെ കാണാമെന്നായി. ആ ദേഹത്തിലെ എല്ലുകള്‍ ഇപ്പോഴിതാ പുതിയ മലകളായിത്തീര്‍ന്നിരിക്കുന്നു.

ദേവന്മാര്‍ ഇങ്ങിനെ പറഞ്ഞപ്പോഴേയ്ക്ക് പിശാചുക്കള്‍ ആകാശത്ത് നൃത്തമാരംഭിച്ചു. ദേവന്മാര്‍ ഭൂമിയില്‍ കുറച്ചു രക്തം ബാക്കിയുണ്ടായിരുന്നതെടുത്ത് സമുദ്രങ്ങളില്‍ നിറച്ചു. എന്നിട്ട് അത് മദ്യമാകട്ടെ എന്ന് സങ്കല്‍പ്പിച്ചു. പിശാചുക്കള്‍ ആ മദ്യം കുടിച്ചുമദിച്ചു നൃത്തം തുടര്‍ന്നു. അവരിപ്പോഴും നൃത്തം തുടരുന്നു.

ഈ ഭൂമി മേദസ്സ്കൊണ്ട് നിര്‍മിച്ചതായതിനാല്‍ അതിനു മേദിനി എന്ന് പേരായി. അങ്ങിനെ ഭൂമിയും അതിലെ ജീവജാലങ്ങളും വീണ്ടും ഉണ്ടായി. സൃഷ്ടാവ് പുതിയൊരു മനുഷ്യകുലത്തെ ഉരുവാക്കി.

ഭാസന്‍ പറഞ്ഞു: പിന്നീട് ഞാന്‍ അഗ്നിഭഗവാനോടു ചോദിച്ചു: മരണപ്പെടുന്നതിനു മുന്പ് ആരായിരുന്നു?

അഗ്നിദേവന്‍ എന്നോടാ കഥപറഞ്ഞു: കേള്‍ക്കൂ, ഒരനന്തമായ ഇടമുണ്ട്. അതുമുഴുവന്‍ ശുദ്ധബോധമാണ്. അതില്‍ അസംഖ്യം ലോകങ്ങള്‍ അണുക്കളെന്നപോലെ പൊങ്ങിയൊഴുകിനടക്കുന്നു. അതില്‍ ഒരു വിശ്വപുരുഷന്‍ ഉദയം ചെയ്തു. അയാള്‍ക്ക് ആത്മാവബോധം ഉണ്ടായിരുന്നു. നാം സ്വപ്നം കാണുന്നതുപോലെ അയാള്‍ക്ക് സ്വയം തന്റെ പ്രാഭവം സ്വപ്രകാശത്താല്‍ ദൃശ്യമായിരുന്നു. അയാളുടെ അനുഭവങ്ങളില്‍ നിന്നും പഞ്ചേന്ദ്രിയങ്ങള്‍, അവയുടെ അതാതവയവങ്ങള്‍, എല്ലാമുണ്ടായി; അതൊരു ദേഹമായി. ഇന്ദ്രിയങ്ങള്‍ അവയ്ക്ക് ചേര്‍ന്ന വസ്തുക്കളെപ്പറ്റി അവബോധിച്ച് ഒന്ന്ചേര്‍ന്ന് ലോകമായി. 

ആ ലോകത്ത് അസുരന്‍ എന്ന പേരിലൊരു ജീവിയുണ്ടായി. അയാള്‍ക്ക് സ്വയം തന്റെ പ്രാഭവത്തില്‍ മതിപ്പ് തോന്നി. എന്നാല്‍ ഒരിക്കല്‍ അയാള്‍ ഒരു മഹര്‍ഷിയുടെ പര്‍ണ്ണശാല നശിപ്പിച്ചതിന്റെ ശാപം മൂലം ഒരു കൊതുകായിത്തീര്‍ന്നു. ‘നിന്റെ ഭീമാകാരദേഹത്തിനെപ്പറ്റിയുള്ള ദുരഭിമാനമാണ് നിന്നെക്കൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നത്. നീ ചത്തൊരു മശകമായിപ്പോകട്ടെ!’ മുനി ശപിച്ചു. ശാപാഗ്നിയില്‍ അസുരന്‍ പെട്ടെന്ന് ചാരമായിത്തീര്‍ന്നു..

ബോധംകെട്ടുകിടക്കുന്ന ഒരാളിന്റെ മനസ്സുപോലെ അയാള്‍ ദേഹമില്ലാത്ത ഒരു വ്യക്തിത്വമായി പരിണമിച്ചു.  അത് ആകാശവുമായി വിലയിച്ചു. പിന്നീടത് വായുവുമായി ഒന്നുചേര്‍ന്നു. വായു എന്നത് പ്രാണശക്തിയാണല്ലോ. പെട്ടെന്ന് ദേഹരഹിതനായ അസുരനില്‍ ജീവനുണര്‍ന്നു. അത് ഊര്‍ജ്ജവും ജലവും സംഘടിപ്പിച്ചു. തന്മാത്രകളായ പഞ്ചഭൂതങ്ങളെയും അനന്തബോധത്തിന്റെ ഒരു കണികയും ചേര്‍ത്ത് വെച്ച് ആ സത്ത ഒരു വ്യതിരിക്ത ഭാവത്തോടെ കമ്പനം കൊള്ളാന്‍ തുടങ്ങി. അനുകൂല സാഹചര്യത്തില്‍ വിത്തില്‍ നിന്നും മുളപൊട്ടുന്നതുപോലെ അയാളില്‍ അവബോധമങ്കുരിച്ചു.

ആ അവബോധത്തില്‍ മഹര്‍ഷിയുടെ ശാപം, കൊതുകിന്റെ സങ്കല്‍പ്പം എല്ലാം ഉണ്ടായിരുന്നു. അങ്ങിനെ ആ സത്വം ഒരു കൊതുകായി.

രാമന്റെ ചോദ്യത്തിനുത്തരമായി വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മാവ്‌ മുതല്‍ പുല്‍ക്കൊടിവരെയുള്ള ജീവജാലങ്ങള്‍ രണ്ടു തരം ജന്മങ്ങള്‍ക്ക് വശംവദരാണ്. ഒന്ന് ബ്രഹ്മാവിന്റെ സൃഷ്ടി’ രണ്ട്, ഭ്രമാത്മകമായ സൃഷ്ടി”

സൃഷ്ടാവിന്റെയുള്ളില്‍ ആകസ്മികമായി പൊടുന്നനെയുണ്ടാവുന്ന, മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആദ്യസങ്കല്‍പ്പം ബ്രഹ്മാവിന്റെ സൃഷ്ടിയാണ്. അത് ഗര്‍ഭപാത്രത്തില്‍ നിന്നുമുള്ള ജനനമല്ല. ലീനമായ വാസനകളാലും ഭ്രമകല്‍പ്പനകളാലും ഉരുവാകുന്ന സൃഷ്ടികള്‍ മായാ സൃഷ്ടികളാണ്. വിഷയ-വിഷയീ നിബദ്ധമായ സൃഷ്ടികള്‍.

കൊതുക് ഒരു പുല്‍ക്കൊടിക്ക് മുകളില്‍ തന്റെ പ്രിയപ്പെട്ടവളുമായി സസുഖം വാണു. പുല്‍ക്കൊടിയെ ഒരു മാന്‍കിടാവ് ഭക്ഷിച്ചു. മാനിനെ കണ്ടുകൊണ്ടു മരിച്ചതിനാല്‍ ആ കൊതുക് ഒരു മാനായി ജന്മമെടുത്തു. ഒരു വേടന്‍ ആ മാനിനെ അമ്പെയ്ത് കൊന്നു. അടുത്ത ജന്മം മാനൊരു വേടനായി. 

വ്യാധന്‍ വനത്തില്‍ അലയുന്ന സമയത്ത് അദ്ദേഹത്തിനൊരു മാമുനിയെ കാണാന്‍ ഭാഗ്യമുണ്ടായി. മഹര്‍ഷി അവനിലെ ബോധത്തെ ഉണര്‍ത്തി: ’എന്തിനാണ് നീ ഈ നിഷ്ഠൂരമായ പ്രവര്‍ത്തി ചെയത് ജീവിക്കുന്നത്? വേടനായുള്ള ഈ ജീവിതം ഉപേക്ഷിച്ച് മോക്ഷമാര്‍ഗ്ഗത്തിലൂടെ നിര്‍വ്വാണപദം പ്രാപിച്ചാലും’.


614 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 614

ദേവാ ഊചുരയം ദേവി ഉപഹാരി കൃതോഅംബികേ
സാര്‍ധം സ്വപരിവാരേണ ശീഘ്രമാഹ്രിയതാമിതി (6.2/134/14)
ഭാസന്‍ തുടര്‍ന്നു: സിദ്ധന്മാരുടേയും മാമുനിമാരുടേയും പ്രാര്‍ത്ഥനയനുസരിച്ച് ദിവ്യജനനിയായ കരിങ്കാളി  പ്രത്യക്ഷയായി. അവള്‍ ചോരയും നീരുമില്ലാതെ ഉണങ്ങി വരണ്ടിരുന്നു. അനേകം പിശാചുക്കളും ചെകുത്താന്മാരും അവളെ അകമ്പടി സേവിക്കാന്‍ ഉണ്ടായിരുന്നു. അവള്‍ക്ക് ആകാശത്തോളം ഉയരമുണ്ടായിരുന്നു. പരമപുരുഷനില്‍ സുദൃഢയായിരുന്ന അവള്‍ ആ ശവത്തിനു മുകളില്‍ ഇരുന്നു.
 ദേവന്മാര്‍ പറഞ്ഞു: "ദിവ്യ ജനനീ, അമ്മയ്ക്കുള്ള അര്‍ഘ്യമാണിത്. കൂടെയുള്ള പാര്‍ഷദന്മാരോടൊപ്പം അമ്മ ഈ ശവത്തെ സ്വീകരിച്ചു ക്ഷണത്തില്‍ ഭക്ഷിച്ചാലും.”

ദേവന്മാര്‍ ഇത്രയും പറഞ്ഞപ്പോഴേയ്ക്ക് കാളി തന്റെ പ്രാണശക്തിയുപയോഗിച്ച് ആ ദേഹത്തില്‍ നിന്നും പ്രാണരക്തം വലിച്ചൂറ്റി കുടിക്കാന്‍ തുടങ്ങി. ദേഹത്ത് രക്തം കയറാന്‍ തുടങ്ങിയപ്പോള്‍ അവളുടെ ക്ഷീണിച്ച ദേഹം പുഷ്ടിപ്പെട്ടു വന്നു. വയര്‍ നിറഞ്ഞു വീര്‍ത്തു. അവള്‍ നൃത്തമാരംഭിച്ചു.

ലോകാലോക പര്‍വ്വതനിരയില്‍, ലോകത്തിന്റെ അതിര്‍ത്തിയില്‍ ഇരുന്ന ദേവന്മാര്‍ ഈ കാഴ്ച കണ്ടിരുന്നു.പിശാചുക്കള്‍ ആ ശവം ആഹരിച്ചു തുടങ്ങി. ലോകത്തിന്റെ സ്ഥിതി അപ്പോള്‍ ഏറെ പരിതാപകരമായിരുന്നു. ലോകത്തുള്ള പര്‍വ്വതങ്ങള്‍ തകര്‍ന്നടിഞ്ഞിരുന്നു. ആകാശം ചുവന്ന തുണികൊണ്ട് മൂടിയതുപോലെ രക്തഛവി പൂണ്ടിരുന്നു. നൃത്തവേളയില്‍ കാളിയമ്മ തന്റെ ആയുധങ്ങള്‍ ചുഴറ്റിയെറിഞ്ഞു. അങ്ങിനെ ബാക്കിയുണ്ടായിരുന്ന നഗരങ്ങളും പട്ടണങ്ങളും നശിച്ചു. അവയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ മാത്രമേ ബാക്കിയായുള്ളു.

ലോകമാകെ കാളിയുടെ കൂടെയുള്ള പിശാചുക്കള്‍ നിറഞ്ഞു. ലോകാലോകപര്‍വ്വതങ്ങളിലെ ദേവന്മാര്‍ ആശങ്കാകുലരായി.

രാമന്‍ വസിഷ്ഠനോട് ചോദിച്ചു.: ആ നിര്‍ജ്ജീവദേഹം ലോകമാകെ മൂടിനിറഞ്ഞിരുന്നു എന്ന് പറഞ്ഞുവല്ലോ, അപ്പോള്‍പ്പിന്നെ ലോകാലോക പര്‍വ്വതങ്ങള്‍ പുറത്തു കാണാന്‍ എങ്ങിനെയാണ് സാധിച്ചത്?

വസിഷ്ഠന്‍ പറഞ്ഞു: ആ പര്‍വ്വതങ്ങള്‍ ശവത്തിന്റെ തോളുകള്‍ക്ക് മുകളിലായി കാണാമായിരുന്നു.

ആകുലരായ ദേവന്മാര്‍ ഇങ്ങിനെ ചിന്തിച്ചു: ‘അയ്യയ്യോ! ഈ ഭൂമിയ്ക്കെന്തു പറ്റി! സമുദ്രങ്ങള്‍ എങ്ങാണ് പോയി മറഞ്ഞത്? മനുഷ്യര്‍ക്കും മലകള്‍ക്കുമെല്ലാം എന്തുപറ്റി? എവിടെയാണ് ചന്ദനവനങ്ങള്‍ നിറഞ്ഞ, സുഗന്ധപുഷ്പവാടികകളുള്ള മലയപര്‍വ്വതം? 

ഹിമാലയത്തിലെ ശുഭ്രമായ മഞ്ഞില്‍ ചെളിപുരണ്ടു കാണപ്പെടുന്നു. ഭഗവാന്‍ വിഷ്ണുവിന്റെ വാസസ്ഥലമായ പാല്‍ക്കടല്‍, ഇഷ്ടവരപ്രദായിനിയായ കല്പവൃക്ഷം, തൈര്, തേന്‍, വീഞ്ഞ്, ക്ഷീരം, എന്നിവ നിറഞ്ഞിരുന്ന സമുദ്രങ്ങള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. കേരവൃക്ഷങ്ങള്‍ നിറഞ്ഞ മലകളും കാണാനില്ല.

ക്രൌഞ്ച ഭൂഖണ്ഡവും അതിലെ മലനിരകളും, ബ്രഹ്മാവിന്റെ വാഹനമായ ഹംസം വിളയാടുന്ന, അപ്സരസ്സുകള്‍ കേളിയാടുന്ന, താമരപ്പൂക്കള്‍ നിറഞ്ഞ തടാകങ്ങളും മാമുനിമാര്‍ നിവസിക്കുന്ന ഗുഹകളും ഉള്ള പുഷ്കര ദ്വീപും ഇപ്പോഴില്ല. ശുദ്ധജലത്താല്‍ ചുറ്റപ്പെട്ട ഗോമേദക ദ്വീപ്‌, സ്മരണമാത്രയില്‍ ഐശ്വര്യം തരുന്ന ശാകദ്വീപ്‌ ഇവയെല്ലാം നശിച്ചിരിക്കുന്നു.
പൂവാടികകളും വനങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ക്ഷീണിച്ചവശരായ ആളുകള്‍ എവിടെയാണിനി വിശ്രമിക്കുക? കരിമ്പ് തോട്ടങ്ങള്‍ എല്ലാം നശിച്ചതുകൊണ്ട് ഇനിയെന്നാണ് നമുക്ക് മധുരം നുണയാന്‍ കഴിയുക?

മറ്റെല്ലാ ദ്വീപുകളേയും സമ്പുഷ്ടമാക്കാന്‍ പോന്ന ജംബു ദ്വീപുപോലും ഇല്ലാതായിരിക്കുന്നു. കഷ്ടം! ആ സര്‍വ്വാഭയദായിനിയായ ഭൂമിയെവിടെപ്പോയി മറഞ്ഞു?