Apr 16, 2014

474 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 474

എതാവനേവ സംസാര ഇദമസ്ത്വി യന്‍മന:
അസ്യ തൂപശമോ മോക്ഷ ഇത്യേവം ജ്ഞാനസംഗ്രഹ :  (6/126/85)

വസിഷ്ഠന്‍ തുടര്‍ന്നു: നാലാമത്തെ പടിയില്‍ യോഗികള്‍ മനസ്സില്‍ അവിഛിന്നമായ എകാത്മകതയെ അറിയുന്നു. വിഭിന്നതകള്‍ ഒടുങ്ങി, ഏകാത്മഭാവം ദൃഢമായുറച്ചതിനാല്‍ അവര്‍ ഈ ലോകത്തെ വെറുമൊരു സ്വപ്നമെന്നപോലെ കണക്കാക്കുന്നു. അഞ്ചാമത്തെ പടിയിലെത്തുമ്പോള്‍പ്പിന്നെ ഏകാത്മകത എന്ന പരമസത്ത മാത്രമേയുള്ളൂ. അതിനാല്‍ ആ അവസ്ഥയെ ദീര്‍ഘനിദ്രയുമായി താരതമ്യപ്പെടുത്താം. ഈ അവസ്ഥയില്‍ എത്തിയ ഒരാള്‍ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴും സ്വയം അവനവനില്‍ പ്രശാന്തിയടഞ്ഞിരിക്കുന്നു. അങ്ങിനെ പടികള്‍ ഓരോന്നായി കയറിക്കയറി സാധകന്‍ ആറാം പടിയായ തുരീയത്തില്‍ എത്തിച്ചേരുന്നു.

അവിടെ അയാള്‍ ‘ഞാന്‍ സത്തോ അസത്തോ അല്ല, അഹങ്കാരമുക്തന്‍പോലുമല്ല. ഞാന്‍ ഏകതയ്ക്കും ദ്വന്ദതയ്ക്കും അതീതനാണ്. എല്ലാ സംശയങ്ങള്‍ക്കും അറുതിയായിരിക്കുന്നു’ എന്ന്‍ സ്വയം അറിയുന്നു. അത് നിര്‍വ്വാണപദത്തിലെ വിളക്കല്ല എങ്കിലും അയാള്‍ ചിത്രപടത്തിലെ ദീപമെന്നപോലെയിരിക്കുന്നു. എണ്ണയില്ലാതെ സ്വയം ജ്വലിക്കുന്ന പ്രകാശജ്യോതി. അയാളുടെ അകവും പുറവും പൊള്ളയാണ്. അകമൊഴിഞ്ഞ പാത്രമെന്നപോലെ അത് നിശ്ശൂന്യമാണ്. എന്നാല്‍ അകമേയും പുറമേയും അയാള്‍ പരിപൂര്‍ണ്ണനിറവിലുമാണ്. കടലില്‍ മുങ്ങിയിരിക്കുന്ന പാത്രംപോലെ പൂര്‍ണ്ണമായും നിറഞ്ഞാണവനിരിക്കുന്നത്.

എന്നാല്‍ ഏഴാമത്തെ പടിയിലെത്തിയവര്‍ 'വിദേഹമുക്ത'രാണ്. അവരുടെ അവസ്ഥയെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ക്ക് കഴിവില്ല. എങ്കിലും പലവിധത്തില്‍ മഹാന്മാര്‍ അതിനെ വിവരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ഏഴവസ്ഥകള്‍ സാധനയാക്കുന്ന ഒരുവനെ ആകുലതകള്‍ ബാധിക്കുകയില്ല.

എങ്കിലും കാട്ടില്‍ ഒരു ഭീകരനായ മദയാന മേഞ്ഞു നടക്കുന്നു എന്നറിയുക. ഈ ആനയെ നിഗ്രഹിച്ചാല്‍ മനുഷ്യന് ഇപ്പറഞ്ഞ ഏഴവസ്ഥകളിലും വിജയിയാകാം. ആശയെന്ന ഈ മദയാനയെ ഇല്ലാതാക്കാതെ അത് സാധ്യമല്ല. ശരീരമെന്ന കാനനത്തിലാണ് ആ മത്തഗജം വിഹരിക്കുന്നത്. ഇന്ദ്രിയാനുഭൂതിയുടെ വലയില്‍പ്പെട്ടാണ് ആനയ്ക്ക് മദംപൊട്ടിയത്. വാസനകളാലും ഉപാധികളാലും ബന്ധിക്കപ്പെട്ട് ആന അശാന്തനായി വലയുകയാണ്. ഈ ആനയാണ് ലോകത്തിലെ എല്ലാവരെയും നശിപ്പിക്കുന്നത്. ആശ, വാസന, മനോപാധികള്‍, പ്രവണത, മനസ്സ്, ചിന്ത, വികാരം, ആസക്തി, ഒട്ടല്‍, എന്നിങ്ങിനെ പലപേരുകളില്‍ ആന അറിയപ്പെടുന്നു. ഏകാത്മകതയെന്ന അറിവിന്റെ വെളിച്ചത്തില്‍ ദൃഢചിത്തതയോടെ ആനയെ കൊല്ലുകയേ നിവൃത്തിയുള്ളൂ. വിഷയാനുബദ്ധമായ അസ്തിത്വത്തില്‍ വിശ്വസിക്കുന്നവനില്‍ മാത്രമേ ആശകള്‍ ഉദിക്കുകയുള്ളു.

" ‘ഇത്', 'അത്’, എന്ന തോന്നലുകള്‍ തന്നെയാണ് സംസാരം. ആ തോന്നലിന്റെ അവസാനമാണ് മോക്ഷം. ഈ അറിവാണ് ജ്ഞാനസാരം”. വിഷയങ്ങളെ വിവേചിച്ചറിയുന്നത് ആശകള്‍ക്ക് വഴിതെളിക്കുന്നു. വിഷയങ്ങളെ തന്നില്‍ നിന്നും വിഭിന്നമായി തിരിച്ചറിയാതിരിക്കുമ്പോള്‍ ആശകളുമില്ല. ആശകളുടെ അഭാവത്തില്‍ ജീവന്‍ സ്വപരിമിതികളില്‍ നിന്നും പുറത്തുകടക്കുന്നു. അതിനാല്‍ മഹാന്മാര്‍ തങ്ങള്‍ കടന്നുപോയ അനുഭവങ്ങളെ സംബന്ധിച്ചോ ഇതുവരെ അനുഭവിക്കാത്തവയെക്കുറിച്ചോ ചിന്തിക്കുന്നതേയില്ല.

രണ്ടു കയ്യുമുയര്‍ത്തി ഞാന്‍ പറയട്ടെ, ചിന്താരഹിതമായ, ധാരണകളില്ലാത്ത (സംവേദനവും അസംവേദനവും ഇല്ലാത്ത) അവസ്ഥയാണ് ഏറ്റവും ഉത്തമം. ഭൂലോകചക്രവര്‍ത്തിയെന്ന പദവിയെക്കാളും അനന്തകോടി മടങ്ങ് ഔന്നത്യമുള്ളതാണാ അവസ്ഥ. ചിന്തകളടങ്ങിയ അവസ്ഥയാണ് യോഗാവസ്ഥ. ആ അതുല്യമായ തലത്തില്‍ വിരാജിച്ചുകൊണ്ട് ഉചിതമായ കര്‍ത്തവ്യങ്ങള്‍ ചെയ്താലും. അല്ലെങ്കില്‍ ഒന്നും ചെയ്യാതിരിക്കൂ. ‘ഞാന്‍’, ‘എന്റെ’ എന്നീ ചിന്തകള്‍ ഉള്ളിടത്തോളം ആകുലതകള്‍ വിട്ടൊഴിയില്ല എന്ന് നിശ്ചയം. ആ ചിന്തകള്‍ അവസാനിക്കുമ്പോള്‍ ദുഃഖം അവസാനിച്ചു. ഈ അറിവിന്റെ വെളിച്ചത്തില്‍ നീ നിന്റെ ഹിതാനുസരണം വര്‍ത്തിച്ചാലും.


** ‘ചിന്ത’, ‘ചിന്താരാഹിത്യം’,  എന്നീ പദങ്ങള്‍ ഉളവാക്കുന്നതിലുപരി അര്‍ഥതലങ്ങള്‍ ‘സംവേദനം’, ‘അസംവേദനം’, എന്നീ പദങ്ങള്‍ക്കുണ്ട്. അനുഭവം, പ്രജ്ഞ, ചിന്ത, അറിവ്, വികാരം, ഗ്രഹണം, ധാരണ എന്ന വാക്കുകളാല്‍ വിവക്ഷിക്കുന്ന കാര്യങ്ങള്‍ സംവേദനം എന്ന പദത്തില്‍ അടങ്ങിയിട്ടുണ്ട്. 

Apr 15, 2014

473 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 473

സംസാരാംബുനിധേ: പാരേ സാരേ പരമകാരണേ
നാഹം കര്‍തേശ്വര: കര്‍ത്താ കര്‍മ വാ പ്രാകൃതം മമ  (6/126/32)
വസിഷ്ഠന്‍ തുടര്‍ന്നു: ഈ യോഗത്തെ നിസ്തന്ദ്രമായി അഭ്യസിക്കുന്നതുകൊണ്ടും സദ്‌പുരുഷന്മാരെ സേവിക്കുന്നത്കൊണ്ടും ദുഷ്ടസംസര്‍ഗ്ഗം ഒഴിവാക്കുന്നതിലൂടെയും സത്യസാക്ഷാത്കാരം ഉണ്ടാവും. 
“അങ്ങിനെ ഒരുവന്‍ സംസാരസാഗരത്തിനുമപ്പുറമുള്ള ഏകസത്തയായ പരമസത്യത്തെ സാക്ഷാത്ക്കരിക്കുമ്പോള്‍,  'ഞാനല്ല ഒന്നും ചെയ്യുന്നത്, എല്ലാം ഈശ്വരകൃതമാണ്, പണ്ടുകാലത്തും ഞാന്‍ ഒന്നും ചെയ്തിട്ടില്ല’, എന്ന തിരിച്ചറിവ് അവനില്‍ ഉണ്ടാവുന്നു.”
വൃഥാവാക്കുകള്‍ ഉപേക്ഷിച്ച് അകമേ നിശ്ശബ്ദനായി, അന്തര്‍മുഖനായി അയാളിരിക്കുന്നു. അതാണ്‌ അനാസക്തിയുടെ പാരമ്യം, സ്വാതന്ത്ര്യം. മുകളിലോ താഴെയോ ഉള്ള, അകത്തും പുറത്തുമുള്ള, സ്പഷ്ടവും അസ്പഷ്ടവുമായ, ചൈതന്യവത്തും അല്ലാത്തതുമായ എല്ലാ സമാശ്രയത്വവും പരാധീനതകളും അയാള്‍ ഉപേക്ഷിച്ചിരിക്കുന്നു. അനന്തവും ആലംബരഹിതവുമായ ആകാശംപോലെ അയാള്‍ പ്രോജ്വലിക്കുന്നു. അതാണ്‌ സ്വാതന്ത്ര്യത്തിന്റെ പരമകാഷ്ഠ.
അതില്‍ അയാള്‍ ശാന്തിയും സമാധാനവും കണ്ടെത്തുന്നു. ഐശ്വര്യവും സംശുദ്ധിയും ആസ്വദിക്കുന്നു. അറിവും ആത്മാന്വേഷണവും ആര്‍ജ്ജിക്കുന്നു. 

പാവനകര്‍മ്മങ്ങള്‍ കൊണ്ട് സമ്പന്നമായ നിര്‍മലജീവിതം നയിച്ചുവരുമ്പോള്‍ ഒരുവനില്‍ യോഗത്തിന്റെ ആദ്യപടി ആകസ്മികമെന്നപോലെ സ്വയം വന്നുചേരുന്നതാണ്. ആ ചവിട്ടുപടിയില്‍ പദമൂന്നിക്കഴിഞ്ഞാല്‍പ്പിന്നെ അയാള്‍ ശദ്ധാലുവായി, ജാഗരൂകനായി അതിനെ പരിരക്ഷിക്കണം. ഏറെ ശ്രദ്ധയോടെയുള്ള പരിശ്രമം അയാളെ അടുത്ത പടിയായ ആത്മാന്വേഷണത്തിലേയ്ക്ക് നയിക്കും. ശുഷ്കാന്തിയോടെയുള്ള ആത്മാന്വേഷണം അയാളെ മൂന്നാമത്തെ പടിയിലേയ്ക്ക്, അതായത് മുക്തിപദത്തിലേയ്ക്ക് നയിക്കുന്നു.

രാമന്‍ ചോദിച്ചു: ക്ഷുദ്രജാതിയില്‍ ജനിച്ച അജ്ഞാനിയായ ഒരുവന്, സത്സംഗത്തിനുള്ള അവസരം ലഭിച്ചിട്ടില്ലാത്ത ഒരാള്‍ക്ക്, എങ്ങിനെയാണ് സംസാരസാഗരം തരണം ചെയ്യാനാവുക? മാത്രമല്ല, ഈ യോഗപദ്ധതിയുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ പടിയില്‍ എത്തി ജീവന്‍ വെടിയുന്നവര്‍ക്ക് എന്താണ് സംഭവിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: വളരെയധികം ജന്മങ്ങള്‍ കടന്നുപോയിക്കഴിയുമ്പോള്‍ അജ്ഞാനിയായവനും ആകസ്മികമായ ഒരുണര്‍വ്വില്‍ ജഗരൂകനായിത്തീരും. അതുണ്ടാവുംവരെ അയാള്‍ സംസാരത്തില്‍ ഉഴന്നുകൊണ്ടേയിരിക്കും. അയാളില്‍ അനാസക്തി അങ്കുരിക്കാന്‍ തുടങ്ങുമ്പോള്‍ സംസാരം പതുക്കെ പിന്‍വലിയാന്‍ ആരംഭിക്കും. അത്ര ഉത്തമമൊന്നും അല്ലെങ്കിലും അയാള്‍ അനുഷ്ഠിക്കുന്ന യോഗസാധന അയാളെ പൂര്‍വ്വാര്‍ജിത പാപങ്ങളില്‍ നിന്നും വിമുക്തനാക്കാന്‍ പര്യാപ്തമത്രേ.

ഈ സാധനയ്ക്കിടയ്ക്ക് ജീവന്‍ പോവുകയാണെങ്കില്‍ അയാള്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് ആനയിക്കപ്പെടുന്നു. പിന്നീട് തന്റെ വളര്‍ച്ചയ്ക്ക്  ഉചിതവും, യോഗസാധനകള്‍ക്ക് അനുയോജ്യവുമായ ചുറ്റുപാടുകളില്‍ പുനര്‍ജനിയ്ക്കുന്നു. താമസംവിനാ അയാള്‍ യോഗസാധനയുടെ പടവുകള്‍ കയറിപ്പോവുന്നു. ഈ മൂന്നും ജാഗ്രദാവസ്ഥകളാണ്. കാരണം ആ അവസ്ഥകളില്‍ ബോധത്തിനു ഭിന്നഭാവങ്ങളുണ്ടല്ലോ. എന്നാല്‍ സാധകന്‍ എല്ലാവര്‍ക്കും അഭിമതനായ ആര്യനായിത്തീരുന്നു. അജ്ഞാനിപോലും അയാളുടെ സാമീപ്യംകൊണ്ട് ആത്മജ്ഞാനപ്രചോദിതനാകുന്നു. ധര്‍മ്മപ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ദുഷ്ടതയെ വര്‍ജ്ജിക്കുകയും ചെയ്യുന്നവനാണ് എല്ലാവര്‍ക്കും അഭിമതന്‍, അല്ലെങ്കില്‍ ആര്യന്‍.

ഈ ആര്യത്വം യോഗസാധനയിലെ ആദ്യപടിയായ പാവനത്വമെന്ന വിത്താണ്‌. രണ്ടാമത്തെ പടിയില്‍ അത് തളിരിടുന്നു. മൂന്നാമത്തേതില്‍ അത് കായ്ക്കുന്നു. അങ്ങിനെ ആര്യപദവിയിലെത്തി സദ്‌ചിന്തകളെ വളര്‍ത്തിയശേഷം  മരണമടയുന്നവന്‍ സ്വര്‍ഗ്ഗസുഖത്തില്‍ ഏറെക്കാലം കഴിഞ്ഞശേഷം യോഗിയായി പുനര്‍ജനിക്കുന്നു.

യോഗസാധനയിലെ ഈ മൂന്നു പടികള്‍ ശുഷ്കാന്തിയോടെ അനുഷ്ഠിക്കുന്നതുകൊണ്ട് അജ്ഞാനം നശിക്കുന്നു, ഉണര്‍ന്നുയരുന്ന ജ്ഞാനത്തിന്റെ പരമപ്രകാശം സാധകന്റെ മനസ്സിനെ പ്രബുദ്ധമാക്കുന്നു.  

Apr 14, 2014

472 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 472

യത: കുതശ്ചിദാനീയ ജ്ഞാനശാസ്ത്രാണ്യവേക്ഷതേ
ഏവം വിചാരവാന്യ: സ്യാത്സംസാരോത്താരണം പ്രതി (6/126/13)

രാമന്‍ ചോദിച്ചു: എങ്ങിനെയാണ് ഒരുവന്‍ യോഗത്തിന്റെ ഏഴുപടികള്‍ താണ്ടുന്നത്? ആ പടികളുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?

വസിഷ്ഠന്‍ തുടര്‍ന്നു: മനുഷ്യന്‍ ഒന്നുകില്‍ ലോകത്തെ അംഗീകരിക്കുന്ന  പ്രവൃത്തിനിരതനോ ലോകത്തെ നിരാകരിക്കുന്ന നിവൃത്തനോ ആണല്ലോ. പ്രവൃത്തിനിരതന്‍ ചിന്തിക്കുന്നത് ഇങ്ങിനെയാണ്‌. ‘എന്താണീ മുക്തി? എനിക്ക് സംസാരവും ജീവിതവും മതി. അത് തന്നെയാണ് എനിക്ക് ശേയസ്കരം.’ എന്ന് പറഞ്ഞ് അയാള്‍ ലൌകീകമായ പ്രവൃത്തികളില്‍ മുഴുകി ജീവിക്കുന്നു. അയാള്‍ക്ക് പലപല ജന്മങ്ങള്‍ക്ക് ശേഷം ജ്ഞാനമുണ്ടാവുന്നു. ലോകകര്‍മ്മങ്ങളെല്ലാം വെറും അര്‍ത്ഥരഹിതമായ ആവര്‍ത്തനങ്ങള്‍ മാത്രമാണെന്ന് പോകെപ്പോകെ അയാളറിയുന്നു. ഇനി അത്തരം വൃഥാ പ്രയത്നങ്ങള്‍ വേണ്ട എന്നയാള്‍ തീരുമാനിക്കുന്നു. 

‘എന്താണിതിന്റെയൊക്കെ അര്‍ത്ഥം? ഞാനിതില്‍ നിന്നുമൊക്കെ വിരമിക്കട്ടെ.’ എന്ന് കരുതുന്ന അയാളാണ് നിവൃത്തന്‍.

ഞാനെങ്ങിനെയാണ് നിര്‍മമതയെന്ന അനാസക്തി വളര്‍ത്തിയെടുത്ത് ഈ സംസാരസാഗരം കടക്കുക? എന്നയാള്‍ അനുസ്യൂതം ചിന്തിക്കുന്നു. ഈ ചിന്ത ദിനംതോറും അയാളില്‍ അനാസക്തി വളര്‍ത്തുന്നു. ഹൃദയത്തില്‍ പ്രശാന്തിയും ആനന്ദവും ഉദിച്ചുയരുന്നു. ലോകവ്യാപാരങ്ങളില്‍ അയാള്‍ക്ക് താല്‍പര്യം നശിക്കുന്നു. പുണ്യപ്രവൃത്തികള്‍ക്ക് അയാള്‍ സമയം കണ്ടെത്തുന്നു. പാപപ്രവര്‍ത്തങ്ങള്‍ ചെയ്യാന്‍ അയാള്‍ക്ക് ഭയമാണ്. അയാളുടെ വാക്കുകള്‍ സൌമ്യവും സമയോചിതവും സത്യവും മധുരവുമായിരിക്കും.

അയാള്‍ യോഗത്തിന്റെ ആദ്യപടി എത്തിയിരിക്കുന്നു. മാമുനിമാരെ പരിചരിക്കുന്നതില്‍ അയാള്‍ ശ്രദ്ധാലുവാണ്. “എവിടെ നിന്നെങ്കിലും എന്ത് ശാസ്ത്രഗ്രന്ഥങ്ങള്‍ കിട്ടിയാലും അയാളത് പഠിക്കാന്‍ ശ്രമിക്കുന്നു. സംസാരസാഗരതരണമാണ് അയാളുടെ നിരന്തരമായ ചിന്ത.”

അയാളാണ് സാധകന്‍. മറ്റുള്ളവര്‍ സ്വാര്‍ത്ഥന്മാര്‍ മാത്രമാണ്. അയാള്‍ യോഗസാധനയുടെ രണ്ടാമത്തെ പടി കയറുന്നു. അത് ആത്മവിചാരമാണ്. ആത്മാന്വേഷണം. ശാസ്ത്രജ്ഞാനമുള്ള മഹാന്മാരുടെ സത്സംഗമാണ് അയാള്‍ തേടുന്നത്. സാധനാമാര്‍ഗ്ഗങ്ങളില്‍ വഴികാട്ടിയായി ഒരു ഗുരുവിനെ അയാള്‍ തേടുന്നു. എന്താണ് കരണീയം, എന്താണ് ചെയ്യരുതാത്തത്‌ എന്നൊക്കെ അയാള്‍ക്ക് നല്ല നിശ്ചയമുണ്ട്. എല്ലാ പൊങ്ങച്ചങ്ങളും, ദുരഭിമാനങ്ങളും, അസൂയ, ഡംഭ്, ലോഭം, അത്യാഗ്രഹം എന്നിത്യാദിയും അയാള്‍ ഉപേക്ഷിക്കുന്നു. യോഗാഭ്യാസത്തിന്റെ രഹസ്യം അയാള്‍ ഗുരുക്കന്മാരില്‍ നിന്നും പഠിക്കുന്നു. അങ്ങിനെ ക്രമേണ അയാള്‍ യോഗത്തിന്റെ മൂന്നാമത്തെ അവസ്ഥയായ അസംഗംവും അനാസക്തവുമായ അവസ്ഥയില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. വനങ്ങളിലെ ഏകാന്തതയില്‍ മനശ്ശാന്തി തേടി അയാള്‍ അലയുന്നു.
ശാസ്ത്രോക്തികള്‍ പിന്തുടര്‍ന്നു പാവനചരിതനായി വര്‍ത്തിക്കുന്നതിനാല്‍ അയാള്‍ക്ക് സത്യം കാണാകുന്നു. 

അനാസക്തന്റെ ഈ സ്വാതന്ത്ര്യം രണ്ടു തരമാണ് – സാധാരണമായതും പരമമായതും.  “ഞാന്‍ കര്‍ത്താവും ഭോക്താവുമല്ല, ഞാന്‍ മറ്റുള്ളവരെ ബാധിക്കുന്നില്ല. അവരാല്‍ ഞാനും ബാധിക്കപ്പെടുന്നില്ല. എല്ലാം പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലമായാണ്, ദൈവഗത്യായാണ് സംഭവിക്കുന്നത്. സുഖമോ ദുഖമോ ഒന്നും ഞാന്‍ ചെയ്യുന്നതല്ല. ഭാഗ്യദൌര്‍ഭാഗ്യങ്ങള്‍ എന്റെ വരുതിയിലല്ല. പരസ്പരം കണ്ടുമുട്ടി പിരിയലും മനോവ്യഥകളും, രോഗങ്ങളും, എല്ലാം കാലത്തിന്റെ വരുതിയിലാണ്.” എന്നിങ്ങിനെ ചിന്തിച്ച് അയാള്‍ സത്യത്തെ തേടുന്നു. ഇത് കേവലമായ  അനാസക്തിയാണ്.  അല്ലെങ്കില്‍ സ്വാതന്ത്ര്യമാണ്.


** വിചാരം എന്നാല്‍ നേരിട്ടുള്ള നിരീക്ഷണം, കാഴ്ച എന്നൊക്കെ അര്‍ത്ഥമുണ്ട്. 

Apr 13, 2014

471 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 471

നിര്‍വാണവാന്നിര്‍മനന: ക്ഷീണചിത്ത: പ്രശാന്തധീ:
ആത്മന്യേവാസ്സ്വ ശാന്താത്മാ മൂകാന്ധബധിരോപമ: (6/125/4)

രാമന്‍ ചോദിച്ചു: ഭഗവാനേ, ജാഗ്രദ്-സ്വപന-സുഷുപ്തികളിലൂടെ തിരിച്ചറിയപ്പെടാതെ കടന്നുപോകുന്ന തുരീയം എന്ന അവസ്ഥ എന്താണെന്ന് വിവരിച്ച് തന്നാലും.

വസിഷ്ഠന്‍ തുടര്‍ന്നു: നാലാമത്തെ അവസ്ഥയാകുന്ന തുരീയം അഹങ്കാരത്തിന്റെയോ അനഹന്കാരത്തിന്റെയോ; സത്തിന്റെയോ അസത്തിന്റെയോ, വരുതിയില്‍പ്പെടാത്ത സമതയാണ്. അതാണ്‌ പ്രബുദ്ധമുനിമാരുടെ ബോധതലം. അവിച്ഛിന്നമായ സാക്ഷിബോധത്തിന്റെ അനുസ്യൂതമായ സാന്നിദ്ധ്യമാണത്.

ചിന്താസഞ്ചാരങ്ങളാല്‍ ബന്ധുരമായ ജാഗ്രദ്-സ്വപ്ന അവസ്ഥകളില്‍ നിന്നും തുലോം വിഭിന്നമായ ഒരു തലമാണത്. മന്ദതയാലും അജ്ഞാനത്താലും ചലനരഹിതമായിരിക്കുന്ന ദീര്‍ഘസുഷുപ്തിയുടെ തലവുമല്ല അത്. അഹങ്കാരം ഉപേക്ഷിക്കുമ്പോള്‍ സമ്പൂര്‍ണ്ണസമതയെന്ന സമതുലിതാവസ്ഥ സംജാതമാവുന്നു. അവിടെ തുരീയം സ്വയമുണരുന്നു.

ഞാന്‍ അതിനെപ്പറ്റി ഇനിയൊരു കഥപറയാം. നീ പ്രബുദ്ധതയില്‍ എത്തിയെങ്കിലും ഈ കഥാശ്രവണം ഒരുവനെ പ്രബുദ്ധനാക്കാന്‍ പോന്ന ഒന്നാണ്. ഒരു വനത്തില്‍ ഒരു മാമുനി വാണിരുന്നു.അനിതരസാധാരണനായ മുനിയെക്കണ്ട് ഒരു വേടന്‍ അദ്ദേഹത്തോട് ഇങ്ങിനെ ചോദിച്ചു. ‘എന്റെ അമ്പ്‌ കൊണ്ട് മുറിവേറ്റ ഒരു മാന്‍പേട ഇപ്പോള്‍ ഇതിലേ ഓടിപ്പോയി. അതെങ്ങോട്ടാണ് പോയത്?’

മുനി പറഞ്ഞു: ഞങ്ങള്‍ വനവാസികളായ താപസന്മാരാണ്. ഞങ്ങളുടെ സ്വഭാവം അഹങ്കാരരഹിതമായ പ്രശാന്തതയാണ്. അഹങ്കാരവും മനസ്സുമാണ് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. എന്നാല്‍ ഇന്ദ്രിയങ്ങള്‍ എന്നില്‍ വിശ്രാന്തിയടഞ്ഞിരിക്കുകയാണ്. ജഗ്രദ്-സ്വപ്ന-സുഷുപ്തി അവസ്ഥകള്‍ എന്തെന്ന് എനിക്കറിയില്ല. ഞാന്‍ തുരീയത്തില്‍ ആമഗ്നനാണ്. ഈ അവസ്ഥയില്‍ കാണാന്‍ ഒരു വസ്തു എന്നില്‍ നിന്നും വേറിട്ടില്ല.’

വേടന് മുനി പറഞ്ഞ കാര്യം എന്തെന്ന് മനസ്സിലായില്ല. അയാള്‍ അവിടെ നിന്നും പോയി. അതാണ്‌ രാമാ തുരീയത്തിന്റെ അവസ്ഥ. അത് ഉപാധിരഹിതമായ ബോധമാണ്. ആ ബോധം മാത്രമേയുള്ളൂ. ജഗ്രദ്-സ്വപ്ന-സുഷുപ്തി അവസ്ഥകള്‍ മനസ്സിന്റെയാണ്. അവ, മനസ്സൊടുങ്ങുന്നതോടെ അവസാനിക്കുന്നു. സത്വം മാത്രമേ അവശേഷിക്കുന്നുള്ളൂ. അതാണ്‌ യോഗികള്‍ എത്താന്‍ ശ്രമിക്കുന്ന ഇടം. ഇതാണ് എല്ലാ ശാസ്ത്രഗ്രന്ഥങ്ങളും ഉദ്ഘോഷിക്കുന്നത്. അവിദ്യയും, മായയും ഇല്ലാത്ത വസ്തുക്കളാണ്. 

ബ്രഹ്മം മാത്രമേയുള്ളൂ. ചിലരതിനെ നിശ്ശൂന്യത എന്ന് പറയുന്നു.ചിലര്‍ ഭഗവാന്‍ എന്നും പറയുന്നു. എന്നിട്ട് അവരതിനെക്കുറിച്ച് തര്‍ക്കിക്കുന്നു. ഈ ധാരണകളെഎല്ലാം ഉപേക്ഷിക്കൂ.

“ചിന്താസഞ്ചാരമില്ലാത്ത നിര്‍വാണപദത്തിലഭിരമിക്കൂ. മനസ്സിനെ ഏറെ നേര്‍മ്മയുള്ളതാക്കി ബുദ്ധിയെ പ്രശാന്തമാക്കി, മൂകനെപ്പോലെ, അന്ധനെപ്പോലെ, ബധിരനെപ്പോലെ,  ആത്മാവിലഭിരമിച്ചാലും” 

ഉള്ളില്‍ എല്ലാറ്റിനെയും ഉപേക്ഷിക്കൂ. പുറമേ ഉചിതമായ പ്രവൃത്തികളില്‍ ഏര്‍പ്പെടൂ. മനസ്സ് തന്നെയാണ് സുഖങ്ങളും ദുഖങ്ങളും. നിര്‍മനാവസ്ഥയില്‍ ഇവയെല്ലാം താനേ ഇല്ലാതെയാവട്ടെ. ആകര്‍ഷണീയം അനാകര്‍ഷണീയം എന്നിങ്ങനെ വസ്തുക്കളെ തരം തിരിക്കാതിരിക്കുക. ഈ ആത്മീയതകൊണ്ട് സംസാരത്തെ മറികടക്കാം. സുഖദുഖങ്ങളെയും അവകള്‍ക്കിടയിലുള്ളതിനെയും തിരിച്ചറിഞ്ഞ് അവയ്ക്ക് അസ്ഥിത്വം നല്‍കാതെ അവയ്ക്കതീതനവൂ. സ്വപ്രയത്നമായ ഈ സാധന അനന്തതയെ സാക്ഷാത്ക്കരിക്കാന്‍ നിനക്കുതകും.   

Apr 12, 2014

470 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 470

ഏതാവദേവ ഖലു ലിംഗമലിംഗമൂര്‍ത്തേ
സംശാന്തസംസൃതി ചിരഭ്രമനിര്‍വൃതസ്യ
തജ്ജ്ഞസ്യ യന്‍മദനകോപവിഷാദമോഹ
ലോഭാപദാമനുദിനം നിപുണം തനുത്വം                     (6/123/6)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ മനുവിന്റെ ഉപദേശം സ്വീകരിച്ച ഇഷ്വാകു പ്രബുദ്ധനായി. രാമാ, അങ്ങിനെയൊരു മനോഭാവം നീയും വളര്‍ത്തിയെടുക്കൂ.

രാമന്‍ ചോദിച്ചു: അങ്ങ് പറഞ്ഞതുപോലെയാണ് പ്രബുദ്ധനായ ഒരുവന്റെ സ്വഭാവമെങ്കില്‍ അതിലെന്താണിത്ര അസാധാരണത്വം? എന്താണതിനൊരു പ്രത്യേകതയുള്ളത്?

വസിഷ്ഠന്‍ തുടര്‍ന്നു: മറിച്ച് ആകാശഗമനാദി സിദ്ധികളും മാനസീകമായ മറ്റുകഴിവുകളും  നേടിയാലും എന്താണതിനൊരു പ്രത്യേകത? സമതാഭാവം ഇല്ലാതിരിക്കുക എന്നതാണ് അജ്ഞാനിയുടെ സ്വഭാവം. എന്നാല്‍ പ്രബുദ്ധതയാര്‍ജ്ജിച്ച ജ്ഞാനിയുടേതോ, മനശ്ശുദ്ധിയും അനാസക്തിയുമാണ് സ്വഭാവം.

“പ്രബുദ്ധരായവര്‍ അവരുടെ സ്വഭാവസവിശേഷതകളാലല്ല അറിയപ്പെടുന്നത്. അയാളില്‍ ഭ്രമമോ ചിന്താക്കുഴപ്പമോ ഇല്ല. സംസാരം, അല്ലെങ്കില്‍ ലോകം അയാളില്‍ അവസാനിച്ചിരിക്കുന്നു. കാമക്രോധമദമാല്‍സര്യാദികളും മറ്റു ഗുണങ്ങളും അയാളില്‍ തീരെ ക്ഷയിച്ച് നാമമാത്രമായ അവസ്ഥയിലാണ്.

ഭഗവാനാണ് വ്യക്തിഗതജീവനായി സ്വയം മാറുന്നത്. അഹേതുകമായാണ് മൂലഘടകങ്ങള്‍ വിശ്വത്തില്‍ ഉയര്‍ന്നുവരുന്നത്. ഭഗവാനില്‍ നിന്നും ഉദ്ഭവിച്ച വ്യക്തി, വിഷയങ്ങളെ (ഘടകങ്ങളെ) അനുഭവിക്കുന്നത് അവ ഭഗവല്‍സൃഷ്ടികളാണെന്ന ഭാവത്തിലാണ്. അങ്ങിനെ ആദ്യമായി ജീവനുകള്‍ ഉണ്ടായിവുന്നതിന് കാരണങ്ങള്‍ ഇല്ല. എന്നാല്‍ അവയുടെ തുടര്‍ന്നുള്ള കര്‍മ്മങ്ങള്‍ അവരുടെ പിന്‍കാലത്തെ സുഖദുഖാദി അനുഭവങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.

വ്യക്തിയുടെ അറിവിന്റെ പരിമിതികളാണ് അവന്റെ കര്‍മ്മങ്ങള്‍ക്ക് ഹേതുവാകുന്നത്. ആ പരിമിതജ്ഞാനവും ധാരണകളുമാണ് വ്യക്തിയെ ബന്ധനത്തിലാക്കുന്നത്. അവയുടെ അഭാവമാണ് മുക്തി.

അതുകൊണ്ട് എല്ലാ സങ്കല്‍പ്പധാരണകളെയും അവസാനിപ്പിക്കൂ. ഇവിടെ നിന്നെ എന്തെങ്കിലും ആകര്‍ഷിക്കുന്നുണ്ടെങ്കില്‍ അത് നിന്നെ ബന്ധിക്കുന്നു എന്നര്‍ത്ഥം. ഒന്നിനോടും നിനക്ക് ആകര്‍ഷണമില്ലായെങ്കില്‍ നീ സ്വതന്ത്രന്‍. നീയെന്തു ചെയ്യുമ്പോഴും ആസ്വദിക്കുമ്പോഴും നീയല്ല അതിന്റെ കര്‍ത്താവ്. ഈ അറിവില്‍ അഭിരമിക്കൂ. 

ധാരണകള്‍ എല്ലാം മനസ്സിലാണ്. മനസ്സിനെ മനസ്സിനാല്‍ത്തന്നെ കീഴടക്കൂ. മനസ്സിനെ മനസ്സുകൊണ്ട് നിര്‍മ്മലമാക്കൂ. മനസ്സിനെ മനസ്സുകൊണ്ട് ഇല്ലാതാക്കൂ. വസ്ത്രമലക്കുന്നവന്‍ ഒരു ചെളി ഉപയോഗിച്ചാണ് മറ്റു ചെളികള്‍ ഇളക്കി വസ്ത്രം വൃത്തിയാക്കുന്നത്. ഒരു മുള്ളെടുക്കാന്‍ മറ്റൊരു മുള്ളുകൊണ്ട് സാധിക്കും. വിഷത്തിനു പരിഹാരം മറ്റൊരു വിഷം.

ജീവന് സ്ഥൂലം, സൂക്ഷ്മം, പരമം എന്നിങ്ങിനെ മൂന്നുതരം ഭാവങ്ങളുണ്ട്. ഭൌതീകശരീരമാണ് സ്ഥൂലമായ ഭാവം. മനസ്സും അതിലെ സങ്കല്‍പ്പധാരണകളും ചേര്‍ന്നതാണ് സൂക്ഷ്മഭാവം. ഈ രണ്ടിനെയും ഉപേക്ഷിച്ച് നിത്യശുദ്ധവും  ഉപാധിരഹിതവുമായ ബോധത്തെ സമാശ്രയിക്കൂ. മറ്റു രണ്ടിനെയും ഉപേക്ഷിച്ച് ഈ ഒന്നില്‍ സുദൃഢമായി വിരാജിക്കൂ. 

Apr 11, 2014

469 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 469

വര്‍ണ്ണധര്‍മ്മാശ്രമാചാര ശാസ്ത്രയന്ത്രണയോജ്ഝിത:
നിര്‍ഗഛതി ജഗജ്ജാലാത് പഞ്ജരാദിവ കേസരീ (6/122/2)
മനു തുടര്‍ന്നു: ജീവന്‍മുക്തനായ ഋഷി ചിലപ്പോള്‍ സര്‍വ്വസംഗപരിത്യാഗിയായ സന്യാസിയോ, അല്ലെങ്കില്‍ ഒരു ഗൃഹസ്ഥനോ ആവാം. എന്നാല്‍ ‘ഞാന്‍ ഒന്നും ചെയ്യുന്നില്ല’ എന്ന അറിവുള്ളതുകൊണ്ട് അയാള്‍ക്ക് ദുഖങ്ങളില്ല. ‘എന്റെ മനസ്സിനു  നിറഭേദമുന്ടാണ്ടാക്കാന്‍ യാതൊരുപാധികള്‍ക്കും കഴിയില്ല, ഞാന്‍ സര്‍വ്വസ്വതന്ത്രനായ അനന്താവബോധമാണ്’ എന്ന അറിവുള്ളതിനാല്‍ അയാള്‍ക്ക് ദുഖങ്ങളില്ല. ‘ഞാന്‍’, ‘അവന്‍’, എന്നിങ്ങിനെ വിഭജിച്ചതായ ഒരു ലോകമവനില്‍ ഇല്ലാത്തതിനാല്‍ അവനു ദുഖങ്ങളില്ല.
സമൂഹത്തില്‍ എവിടെയായിരുന്നാലും എന്തായിരുന്നാലും എല്ലാറ്റിന്റെയും ഉണ്മയെപ്പറ്റി അയാള്‍ക്ക് ഉത്തമബോദ്ധ്യമുള്ളതിനാല്‍ അയാള്‍ക്ക് ആകുലതകളില്ല. ദിക്കുകളെല്ലാം ആത്മജ്യോതിയുടെ പ്രഭാപൂരമാണെന്നും അത് ശാശ്വതമാണെന്നും അറിയുന്നവന് ദുഖമെവിടെ? തീര്‍ച്ചയായും അജ്ഞാനം മൂലം സ്വയം സങ്കല്‍പ്പിച്ചുണ്ടാക്കിയ പരിമിതികളാണ് ദുഖഹേതു. അജ്ഞാനജന്യമായ സ്വപരിമിതികള്‍ പരിക്ഷീണമാവുകയോ ഇല്ലാതാവുകയോ ചെയ്യുമ്പോള്‍ അമിതാഹ്ളാദമോ അതീവദുഖങ്ങളോ ഉണ്ടാവുകയില്ല. അത്തരം ക്ഷീണവാസനകളുടെ ഫലമായുണ്ടാവുന്ന കര്‍മ്മങ്ങള്‍ ‘അകര്‍മ്മങ്ങള്‍’ ആണ്. കാരണം ആ കര്‍മ്മങ്ങളുടെ ബീജത്തിന് ഇനിയും മുളപൊട്ടി വളരാനുള്ള കരുത്തില്ല. മനസ്സും ഹൃദയവും പരമാത്മാവില്‍ വിലീനമായതിനാല്‍ ദേഹാവയവങ്ങള്‍ അതാതിന്റെ കര്‍മ്മം പ്രകൃത്യാ അനുഷ്ഠിക്കുന്നു എന്ന് മാത്രം.

സ്വായത്തമാക്കിയ എല്ലാ കഴിവുകളും വീണ്ടും വീണ്ടും ഉപയോഗിച്ച് മിനുക്കിയെടുത്തില്ലെങ്കില്‍ അവയിലുള്ള നമ്മുടെ മിടുക്ക് കൈമോശം വരും. എന്നാല്‍ ആത്മജ്ഞാനമെന്ന ഈ അറിവ് ദിനം തോറും വളര്‍ന്നുകൊണ്ടേയിരിക്കുന്നതത്രേ. സുഖാന്യോഷണത്വര ഉള്ളിടത്തോളം മാത്രമേ വ്യക്തിഗതജീവന് നിലനില്‍പ്പുള്ളൂ. ഈ ആശ പോലും അജ്ഞാനജന്യമാണ്. ആത്മജ്ഞാനം ഉണരുന്നതോടെ ആശകള്‍ വിട്ടകലുന്നു; വ്യക്തിത്വമെന്ന സങ്കല്പം തന്നെ ഇല്ലാതാവുന്നു; ആത്മാവിന്റെ അനന്തത സാക്ഷാത്ക്കരിക്കപ്പെടുന്നു.  

‘ഇതെന്റെത്’, 'ഞാന്‍ ഇതാണ്’, എന്നിത്യാദി ചിന്തകള്‍ ഉള്ളവര്‍ അജ്ഞാനത്തിന്റെ പടുകുഴിയില്‍ വീണു പോവുന്നു. അത്തരം ധാരണകളെ മനസ്സില്‍ നിന്നും ഹൃദയത്തില്‍ നിന്നും നീക്കം ചെയ്തവര്‍ ഉയരങ്ങളിലേയ്ക്ക് ഉത്തരോത്തരം കയറിപ്പോവുന്നു. എല്ലാറ്റിനെയും ജാജ്വല്യമാനമാക്കുന്ന സ്വയംപ്രഭമായ ആത്മജ്യോതിയെ കാണൂ. സര്‍വ്വവ്യാപിയായ ബോധസ്വരൂപത്തെ ആരൊരുവാന്‍ ഒരു മാത്രയെങ്കിലും സാക്ഷാത്ക്കരിച്ചുവെങ്കില്‍ അവന്‍ സംസാരസാഗരത്തെ തരണം ചെയ്തു എന്നര്‍ത്ഥം.

ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ എന്തൊക്കെ ചെയ്തുവോ അതെല്ലാം ചെയ്തത് നീയാണ്. എന്തെല്ലാം എവിടെയെല്ലാം എപ്പോഴെല്ലാം കാണപ്പെടുന്നുവോ അതെല്ലാം ആത്മാവാണ്, അനന്തമായ ബോധമാണ്. നീയാണാ ബോധം.

അതിനെ എന്തുമായാണ് താരതമ്യപ്പെടുത്താനാവുക? നീ നിശ്ശൂന്യതയല്ല. അതിന്റെ അഭാവവും അല്ല. ബോധമോ അബോധമോ അല്ല. ആത്മാവോ മറ്റെന്തെങ്കിലുമോ അല്ല.

അറിവില്‍ അഭിരമിക്കൂ. മുക്തിപദമെന്ന ‘ഒരിട’മോ മറ്റൊരിടമോ വാസ്തവത്തില്‍ ഇല്ല.

അഹംകാരം ഇല്ലാതാവുമ്പോള്‍ അജ്ഞാനം നശിക്കുന്നു. അത് തന്നെയാണ് മുക്തി. ആത്മജ്ഞാനം നേടിയവന്‍ കൂടു പൊട്ടിച്ചിറങ്ങിയ സിംഹത്തെപ്പോലെ  ‘ജാതിവര്‍ണ്ണങ്ങള്‍ക്കും ധര്‍മ്മശാസ്ത്രങ്ങള്‍ക്കും, നിബന്ധനകള്‍ക്കും, പുരുഷാര്‍ത്ഥങ്ങള്‍ക്കും അതീതനായി വര്‍ത്തിക്കുന്നു.

അയാളുടെ പ്രവര്‍ത്തനങ്ങള്‍ ഇച്ഛാനുസരണമല്ല. യാതൊരുവിധത്തിലുള്ള ആഗ്രഹങ്ങളും ആ കര്‍മ്മങ്ങള്‍ക്ക് പിറകില്‍ ഇല്ല. അതുകൊണ്ട് അവയുടെ പുണ്യപാപവിവേചനങ്ങള്‍ അയാളെ കളങ്കപ്പെടുത്തുന്നില്ല. നിന്ദാസ്തുതികള്‍ക്ക് അയാള്‍ വിലകൊടുക്കുന്നില്ല. അയാള്‍ ആരെയും പൂജിക്കുന്നില്ല, അയാള്‍ ആരുടെയും പൂജകള്‍ ആഗ്രഹിക്കുന്നുമില്ല. അയാള്‍ മറ്റുള്ളവരെ സംഭ്രമിപ്പിക്കുകയോ സ്വയം സംഭ്രമിക്കുകയോ ചെയ്യുന്നില്ല.

അങ്ങിനെയുള്ളവര്‍ മാത്രമാണ് പൂജാര്‍ഹരായുള്ളത്. അവരാണ് ബഹുമാനമര്‍ഹിക്കുന്നത്. അവരെയാണ് നമസ്കരിക്കേണ്ടത്. യജ്ഞകര്‍മ്മാദികളല്ല, ഇങ്ങിനെയുള്ള മഹാത്മാക്കളെ പൂജിക്കുകയെന്നതാണ് കൂടുതല്‍ അഭികാമ്യം.

468 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 468

സംസ്ഥാപ്യ സങ്കല്‍പകളങ്കമുക്തം
ചിത്തം ത്വമാത്മന്യുപശാന്തകല്‍പ
സ്പന്ദേപ്യസംസ്പന്ദമിവേഹ തിഷ്ഠ
സ്വസ്ഥ: സുഖീ രാജ്യമിദം പ്രശാധി (6/118/18)

മനു തുടര്‍ന്നു: ശുദ്ധാവബോധം സ്വയം സങ്കല്‍പ്പപ്രതീതികള്‍ ഉണ്ടാക്കുമ്പോഴാണ്‌ സ്വതന്ത്രജീവന്‍ ഉണ്ടാവുന്നത്. അങ്ങിനെയുള്ള ജീവന്മാര്‍ സംസാരത്തില്‍ - പ്രത്യക്ഷലോകത്തില്‍ -അലയുന്നു.

ഗ്രഹണസമയത്ത് പണ്ട് കാണാന്‍ കഴിയാതിരുന്നതിനെപ്പോലും ചിലപ്പോള്‍ കാണാന്‍ കഴിയുന്നതുപോലെ ചിലപ്പോള്‍ വ്യക്തികള്‍ക്ക് സ്വാനുഭവങ്ങളിലൂടെ അനന്താവബോധമെന്ന നിര്‍മ്മലാനുഭവം സുവിദിതമാവാം. ഈ ആത്മജ്ഞാനം ശാസ്ത്രപഠനങ്ങളിലൂടെയോ ഒരു ഗുരുവിന്റെ സഹായത്തോടെയോ അല്ല ലഭ്യമാവുന്നത്. അത് സ്വയം ആത്മാവിനെ ആത്മാവുകൊണ്ട് അറിയുന്ന ഒരവസ്ഥയാണ്. നിന്റെ ശരീരവും ഇന്ദ്രിയങ്ങളും മറ്റും അനുഭവങ്ങളെ സ്വാംശീകരിക്കാനുള്ള സാമഗ്രികള്‍ മാത്രമാണ്. അവ ആത്മാവല്ല. ‘ഞാന്‍ ശരീരമാണ്’ എന്ന ചിന്ത സാധകനു ചേര്‍ന്നതല്ല, അതിനാല്‍ ആ ചിന്ത ഉപേക്ഷിക്കുക. 

‘ഞാന്‍ ശുദ്ധാവബോധമല്ലാതെ മറ്റൊന്നുമല്ല’, എന്ന അറിവ് നിസ്തന്ദ്രമായി നിലകൊള്ളുമ്പോള്‍ അത് മുക്തിപ്രദായകമത്രേ. ജരാനരകളും മരണവും തീണ്ടാത്ത ആത്മാവിനെ സാക്ഷാത്കരിക്കാത്ത ഒരുവന്‍ മാത്രമേ ‘അയ്യോ ഞാന്‍ ചത്തേ, ഞാന്‍ നിസ്സഹായനാണേ’, എന്നിങ്ങിനെ വിലപിക്കുകയുള്ളു. അങ്ങിനെയുള്ള ചിന്തകളാണ് അജ്ഞാനത്തെ ഊട്ടി ഉറപ്പിക്കുന്നത്.

“നിന്റെ മനസ്സിനെ അത്തരം മലിനചിന്തകളില്‍ നിന്നും വിമുക്തമാക്കിയാലും. അത്തരം വികലപ്രതീതികളാല്‍ കളങ്കിതമാവാതെ ആത്മാവില്‍ അഭിരമിച്ചാലും. വൈവിദ്ധ്യമാര്‍ന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാലും. പൂര്‍ണ്ണമായ സമതാഭാവത്തെ കൈക്കൊള്ളു. ശാന്തിയോടെ, സന്തോഷത്തോടെ ചക്രവര്‍ത്തിപദം അലങ്കരിക്കൂ.”

ഭഗവാന്‍ പ്രകടിതമായ ഈ ലോകത്ത് ലീലയാടിയിട്ട് സ്വയം ഉള്‍വലിയുകയാണ്. ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കുന്ന ഊര്‍ജ്ജം തന്നെയാണ് സൃഷ്ടിസര്‍ഗ്ഗത്തിനും മുക്തിക്കും നിദാനമായ ചൈതന്യമായി വര്‍ത്തിക്കുന്നതും. ഒരുമരം അതിന്റെ എല്ലാ ശാഖകളിലും ഇലകളിലും നിറഞ്ഞു നില്‍ക്കുന്നതുപോലെ അനന്താവബോധം വിശ്വത്തെ മുഴുവന്‍ ചൂഴ്ന്നു നിലകൊള്ളുന്നു.

കഷ്ടം! അയാളുടെ ഓരോ അണുവിലും നിറഞ്ഞു വിളങ്ങുന്ന സത്തയാണെങ്കിലും അജ്ഞാനി ഇതറിയുന്നില്ല. എല്ലാറ്റിലും ആത്മാവിനെ ദര്‍ശിക്കുന്നവനാണ് ആനന്ദം അനുഭവിക്കുന്നത്. ഈ അറിവ് ഒരുവനുണ്ടാവുന്നത് ശാസ്ത്രപഠനത്തിലൂടെയും ഗുരുക്കന്മാരുമായുള്ള സത്സംഗം കൊണ്ടുമാണ്.അതാണ്‌ ആദ്യപടി. മനനമാണ് രണ്ടാമത്തെത്. മാനസീകമായി സ്വയം മുക്തനാവുക, അതായത് അനാസക്തി പരിശീലനമാണ് മൂന്നാമത്തേത്. വാസനകളെയും മറ്റുപാധികളെയും അറുത്തു മാറ്റുകയാണ് നാലാമത്തെ പടി. ശുദ്ധാവബോധത്തില്‍ നിന്നും ഉണരുന്ന ആനന്ദമാണ് അഞ്ചാമത്തേത്. ആത്മജ്ഞാനമാണ് അടുത്തത്. 

ദീര്‍ഘനിദ്രയിലെന്നവണ്ണം ആനന്ദതുന്ദിലമായ ഒരവസ്ഥയാണിത്. ഏഴാമത്തേത് തുരീയമാണ്. ഇന്ദ്രിയാതീതം. മുക്തിയാണത്. സമ്പൂര്‍ണ്ണസമത. നൈര്‍മ്മല്യം! ഇതേ തലത്തില്‍ത്തന്നെയുള്ള തുരീയാതീതമായ അടുത്ത അവസ്ഥയെ വിവരിക്കാനാവില്ല.

ആദ്യത്തെ മൂന്നവസ്ഥകള്‍ ‘ജാഗ്രദാണ്’- ഉണര്‍ന്നിരിക്കുന്ന അവസ്ഥകള്‍. നാലാമത്തേത് സ്വപ്നാവസ്ഥ, അഞ്ചാമത്തേത് ആനന്ദപൂര്‍വ്വമായ ദീര്‍ഘനിദ്ര. ആറാമത് തുരീയം, അദ്വൈതമായ അവബോധം. ഏഴാമത്തെ അവസ്ഥ വിവരണാതീതം. ഈ അവസ്ഥയിലെത്തിയ ആളില്‍ വിഷയ-വിഷയീ വിഭജനം ഇല്ല. ജീവന്‍ നിലനിര്‍ത്താനോ, മരണം വരിക്കാനോ അയാള്‍ക്ക് ആശങ്കയേതുമില്ല. എകാത്മകതയുടെ പൂര്‍ണ്ണതയാണയാള്‍. അയാളുടെ സ്വത്വം വ്യക്തിഗതമല്ല. 

Apr 10, 2014

467 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 467

ഭാവാഭാവവിരുദ്ധോപി വിചിത്രോപി മഹാനപി
നാനന്ദായ ന ഖേദായ സതാം സംസൃതിവിഭ്രമ: (6/116/10)

 രാമന്‍ ചോദിച്ചു: ഭഗവാനേ അങ്ങേയ്ക്ക് സത്യം എന്തെന്നറിയാം. അഹംകാരം മനസ്സില്‍ വിലീനമായിക്കഴിഞ്ഞാല്‍ സത്വമുണരുന്നതായി എങ്ങിനെയാണൊരുവന് തിരിച്ചറിയാനാവുക?

വസിഷ്ഠന്‍ പറഞ്ഞു: അങ്ങിനെയുള്ള മനസ്സിനെ അങ്ങേയറ്റത്തെ സ്വാധീനങ്ങള്‍ക്ക്പോലും, ലോഭമോഹാദികളാല്‍ മലീമസമാക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ ഐശ്വര്യസമ്പന്നതയില്‍ ആ മനസ്സ് ആഹ്ളാദഭരിതമായിരിക്കും.

മാനസീകോപാധികളുടെയും ധാരണാവാസനകളുടെയും കെട്ടുപാടുകള്‍ ആ മനസ്സില്‍ നിന്നും അറുത്തു മാറ്റിയിരിക്കുന്നു. ക്രോധം ആ മനസ്സിലില്ല. മോഹഭ്രമങ്ങള്‍ ആ മനസ്സിനെ അലട്ടുന്നില്ല. ആശകള്‍ക്ക് ആ മനസ്സില്‍ സ്ഥാനമില്ല. ലോഭം അവിടം വിട്ടുപോയിരിക്കുന്നു. ഇന്ദ്രിയങ്ങള്‍ സമചിത്തതയോടെ വര്‍ത്തിക്കുന്നു. അമിതാഹ്ളാദമോ ആകുലതകളോ അവയെ വലയ്ക്കുന്നില്ല. അങ്ങിനെയുള്ള സാധകന്റെ മുഖത്ത് സുഖദുഃഖങ്ങള്‍ പ്രകടമായാലും മനസ്സിലേയ്ക്കവയ്ക്ക്  പ്രവേശനമില്ല. ആ ഹൃദയം സമതയില്‍ അഭിരമിച്ചു കഴിയുന്നു.

പ്രബുദ്ധനായ മനുഷ്യന്‍ ഇത്തരം സദ്‌ഗുണങ്ങളെ ആയാസരഹിതമായി തന്റെ ശരീരത്തില്‍ ആഭരണമായി അണിയുന്നു. “ഭാവാഭാവങ്ങളും  ഐശ്വര്യാനൈശ്വര്യങ്ങളും പരസ്പരം പിന്തുടര്‍ന്നു വിവിധങ്ങളായ വിരോധാഭാസങ്ങളെ സൃഷ്ടിക്കുമ്പോഴും മഹാത്മാവില്‍ അവ ആഹ്ളാദമോ നിരാശയോ ഉണ്ടാക്കുന്നില്ല.”

സമഗ്രമായ ആത്മജ്ഞാനത്തിന്റെ പാതയിലേയ്ക്ക് സ്വബുദ്ധിയെ തിരിച്ചു വിടാത്തവന്‍ ഗര്‍ഹണീയനാണ്. 

സംസാരസാഗരത്തെ (ജനനമരണചക്രത്തെ) തരണം ചെയ്യുവാനും അതുവഴി പരമപ്രശാന്തിയടയുവാനുമുള്ള മാര്‍ഗ്ഗം ‘ഞാന്‍ ആര്?’, ‘ഈ ലോകമെന്ത്?’, ‘സത്യമെന്താണ്?’ തുടങ്ങിയ ആത്മാന്വേഷണം മാത്രമാണ്. 

നിന്റെ പൂര്‍വ്വികനായ ഇഷ്വാകു ചക്രവര്‍ത്തി ഒരു ദിവസം ഇങ്ങിനെ ആലോചിച്ചു: ‘ജരാനരകള്‍, മരണം, സുഖം, ദുഃഖം, വിഭ്രമങ്ങള്‍ എന്നിങ്ങിനെ വൈവിദ്ധ്യമാര്‍ന്ന ആകുലതകളും കഷ്ടപ്പാടുകളും നിറഞ്ഞ ഈ ലോകത്തിന്റെ തുടക്കം എവിടെയാണ്?’ അദ്ദേഹത്തിനതിന്റെ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ബ്രഹ്മാവിന്റെ പുത്രനായ മനുവാണല്ലോ ചക്രവര്‍ത്തിയുടെ പിതാവ്. അദ്ദേഹം തന്റെ അച്ഛനോട് ചോദിച്ചു: ഭഗവാനേ, അങ്ങയുടെ മുന്നില്‍ ഒരു പ്രശ്നം അവതരിപ്പിക്കാന്‍ എന്നെ അനുവദിക്കൂ. ഈ ലോകത്തിന്റെ ആരംഭം എന്താണ്? എങ്ങിനെയാണ്? എനിക്കീ സംസാരത്തില്‍ നിന്നും അങ്ങിനെ മുക്തനാകാം?

മനു പറഞ്ഞു: ‘നീയിവിടെ കാണുന്നതൊന്നും ഉള്ളതല്ല, യാതൊന്നും സത്യമായി നിലനില്‍ക്കുന്നവയല്ല. നിനക്ക് കാണപ്പെടാത്തതായും ഒന്നുമില്ല. മനസ്സേന്ദ്രിയങ്ങള്‍ക്ക് അതീതമായും യാതൊന്നുമില്ല. എന്നാല്‍ ഒന്നുമാത്രമുണ്ട്. ആത്മാവ്. അത് ശാശ്വതമാണ്; അനന്തമാണ്‌. വിശ്വമായി കാണുന്നത് ആത്മാവിന്റെ പ്രതിഫലനം മാത്രമാണ്. ബോധത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ചൈതന്യവിശേഷം വിശ്വമായും വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങളായും കാണപ്പെടുന്നു. അതിനെ ലോകം എന്ന് വിളിക്കുന്നു. ബന്ധനമോ മുക്തിയോ ഒന്നും ഉള്ളവയല്ല. ഒരേയൊരനന്തബോധം മാത്രമേ നിലവിലുള്ളു. പലതില്ല. ബന്ധനത്തിന്റെയും മുക്തിയുടെയും തെറ്റിദ്ധാരണകള്‍ ഉപേക്ഷിച്ച് ശാന്തിയടയൂ.’ 

Apr 9, 2014

466 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 466

സര്‍വ്വാ: ശങ്കാ: പരിത്യജ്യ ധൈര്യമാലംബ്യ ശാശ്വതം
മഹാഭോക്താ മഹാകര്‍ത്താ മഹാത്യാഗീ ഭവാനഘ (6/115/9)

വസിഷ്ഠന്‍ തുടര്‍ന്നു: നിന്റെ സംശയങ്ങളെയെല്ലാം ഇല്ലാതാക്കൂ. എന്നിട്ട് ധര്‍മ്മത്തിന്റെ ശക്തിയില്‍ ജീവിക്കൂ. കര്‍മ്മത്തില്‍ ഏറ്റവും നിപുണനായി വര്‍ത്തിക്കൂ. ആനന്ദത്തില്‍ ആമഗ്നനായിക്കഴിയൂ, പരിത്യാഗത്തിലും നീ ഉത്തമനായ സംന്യാസിയാവൂ.

ഈദൃശമായ മൂന്നു സാധനകളും ഭഗവാന്‍ പരമശിവന്‍ ഭൃംഗീശന് പണ്ടുകാലത്ത് ഉപദേശിച്ചതാണ്. അത് അദ്ദേഹത്തെ സമ്പൂര്‍ണ്ണമുക്തിയിലേയ്ക്ക് നയിക്കുകയുണ്ടായി. ഭൃംഗീശന്‍ പാരമ്പര്യരീതികള്‍ക്കനുസരിച്ചു കഴിഞ്ഞുപോന്ന ഒരു സാധാരണക്കാരനായിരുന്നു. അയാള്‍ ഒരിക്കല്‍ ഭഗവാന്‍ ശിവന്റെ അടുക്കല്‍ ഇങ്ങിനെ പ്രാര്‍ത്ഥച്ചു. ‘ഭഗവാനേ, ഞാനീ പ്രത്യക്ഷലോകത്തിന്റെ കാഴ്ച കണ്ട്  ആകെ ചിന്താക്കുഴപ്പത്തിലാണ്. എങ്ങിനെയുള്ള ചിന്താഗതി എന്നിലുണ്ടാക്കിയാലാണ് ഈ ചിന്താക്കുഴപ്പത്തിന് അറുതി വരിക എന്നെനിക്കുപദേശിച്ചാലും.

ഭഗവാന്‍ പറഞ്ഞു: “നിന്റെ സംശയങ്ങളെ ഉപേക്ഷിക്കൂ. ധര്‍മ്മശക്തിയെ ആശ്രയിക്കൂ. നീ സ്വയം മഹാഭോക്തനും, മഹാകര്‍ത്താവും, മഹാത്യാഗിയുമാവൂ.”

മഹാകര്‍ത്താവ് എന്നാല്‍ സംശയലേശമന്യേ എല്ലാ കര്‍മ്മങ്ങളും ഉചിതമായി പ്രകൃത്യായുള്ള ചോദനയ്ക്കനുസരിച്ച് ചെയ്യുന്നവനാണ്. ധാര്‍മ്മികം/ അധാര്‍മ്മികം, അഭികാമ്യം/അനഭികാമ്യം, ജയം/പരാജയം, എന്നിങ്ങനെയുള്ള തരംതിരിവുകള്‍ കൂടാതെ ഇഷ്ടാനിഷ്ടങ്ങളുടെ സ്വാധീനമില്ലാതെ  അഹംകാരമോ അസൂയയോ ബാധിക്കാതെ മനസാ മൌനിയായും നിര്‍മ്മലനായും കര്‍മ്മങ്ങള്‍ ചെയ്യുന്നവനാണ് മഹാകര്‍ത്താവ്.  

അയാള്‍ക്ക് ഒന്നിനോടും ആസക്തിയില്ല. എന്നാല്‍ എല്ലാറ്റിനെയും ഒരു സാക്ഷിഭാവത്തില്‍ അയാള്‍ കാണുന്നുണ്ട്. അയാളില്‍ സ്വാര്‍ത്ഥപരമായ ആഗ്രഹങ്ങള്‍ ഇല്ല. അത്യാഹ്ളാദമോ ആകുലതകളോ അയാളില്‍ ഇല്ല. മനസ്സ് പ്രശാന്തം. ദുഖരഹിതം. കര്‍മ്മാകര്‍മ്മങ്ങളോട് നിര്‍മ്മമനാണയാള്‍. പ്രകൃത്യാ അയാള്‍ ശാന്തനും സമതാഭാവമുള്ളവനുമാണ്. ജനനം, ജീവിതം, മരണം എന്നിവയാലൊന്നും അയാളിലെ സമതാഭാവത്തിനു മാറ്റങ്ങള്‍ ഉണ്ടാവുന്നില്ല.

മഹാഭോക്തന്‍ - എല്ലാം അനുഭവിച്ചു രസിക്കുന്നവന്‍- ഒന്നിനെയും വെറുക്കാന്‍ കഴിയാത്തവനാണ്. സ്വാഭാവികമായി വരുന്ന എല്ലാറ്റിനെയും അയാള്‍ ആസ്വദിക്കുന്നു. ഒരു കര്‍മ്മത്തില്‍ മുഴുകിയിരിക്കുമ്പോഴും അയാള്‍ ആ കര്‍മ്മമായിപ്പോലും മമതാബന്ധത്തിലല്ല. അതിനെ അയാള്‍ തള്ളിപ്പറയുന്നുമില്ല. അയാള്‍ അനുഭവത്തിലൂടെ അനുഭവിക്കുകയല്ല ചെയ്യുന്നത്; അയാള്‍ അനുഭവങ്ങളെ സാക്ഷീഭാവത്തില്‍ അറിയുകയാണ്. ലോകലീലകള്‍ അയാളെ ബാധിക്കുന്നില്ല. അയാളുടെ ഹൃദയം ജീവിതത്തിലെ സന്തോഷസന്താപങ്ങളാല്‍ വിവശമാവുന്നില്ല. ജരാനരകളെയും, മരണത്തെപ്പോലും അയാള്‍ സന്തോഷത്തോടെ നേരിടുന്നു. ദാരിദ്ര്യവും സര്‍വ്വധിപത്യവും അയാള്‍ക്കൊരുപോലെ. കൊടിയദുരന്തങ്ങളും, ഭാഗ്യാതിരേകവും അയാളില്‍ ചാഞ്ചല്യമുണ്ടാക്കുന്നില്ല.  അയാളുടെ സ്വഭാവം ആഹിംസാത്മകമാണ്. ധര്‍മ്മനിഷ്ഠമാണ്. മധുരവും കയ്പ്പും അയാള്‍ക്കൊരുപോലെ. കാരണം അയാള്‍ ‘ഇതാസ്വാദ്യകരം’, ‘ഇത് ദുഷ്കരം’, എന്നിങ്ങിനെ ഒന്നിനെയും തരം തിരിക്കുന്നില്ല.

ഇനി മഹാത്യാഗി ആരാണെന്ന് നോക്കാം. ധര്‍മ്മം, അധര്‍മ്മം; സുഖം, ദുഃഖം; ജനനം, മരണം; ആശ, നിരാശ; സംശയങ്ങള്‍, ദൃഢനിശ്ചയങ്ങള്‍, എന്നിവയെ എല്ലാം ത്യജിച്ചവനാണ്. മനസ്സിന്റെയും ശരീരത്തിന്റെയും സുഖദുഖങ്ങളിലെ വ്യാജത അയാള്‍ക്ക് തിരിച്ചറിയാം. ‘എനിക്ക് ദേഹമില്ല, ജനനമില്ല, ശരി-തെറ്റുകള്‍ ഇല്ല’ എന്നിങ്ങിനെയുള്ള അവബോധം അയാളില്‍ സജീവമാണ്. ലോകമെന്ന കാഴ്ച്ചയെ, അതിന്റെ ധാരണകളടക്കം  അയാള്‍ പരിത്യജിച്ചിരിക്കുന്നു.

വസിഷ്ഠന്‍ പറഞ്ഞു: ഭഗവാന്‍ പരമശിവന്റെ ഈ ഉപദേശം കേട്ട ഭൃംഗീശന്‍ പ്രബുദ്ധനായി. ഭൃംഗീശനു കൈവന്ന മനോഭാവത്തോടെ രാമാ, നീയും ജീവിതത്തെ നേരിടൂ.

Apr 8, 2014

465 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 465

ജന്തോര്‍യഥാ മനോരാജ്യം വിവിധാരംഭഭാസുരം
ബ്രാഹ്മം തഥേദം വിതതം മനോരാജ്യം വിരാജതേ (6/114/21)

വസിഷ്ഠന്‍ തുടര്‍ന്നു: ചിന്താശക്തിയും ഭാവനാത്മകതയും നിറഞ്ഞ മനസ്സ് ആദ്യമായി ഉദിച്ചത് പരബ്രഹ്മത്തില്‍ നിന്നുമാണ്. ഈ മനസ്സ് പൂവിലെ സുഗന്ധംപോലെ, കടലിലെ അലകള്‍ പോലെ, സൂര്യനിലെ രശ്മികള്‍ പോലെ ബ്രഹ്മത്തില്‍ നിലകൊള്ളുന്നു. അതീവസൂക്ഷ്മവും അദൃശ്യവുമാകയാല്‍ ബ്രഹ്മത്തെ മറന്നിട്ടെന്നതുപോലെയാണ് ലോകമെന്ന കെട്ടുകാഴ്ചയ്ക്ക് യഥാര്‍ത്ഥ്യഭാവം കല്‍പ്പിച്ചുകിട്ടിയിരിക്കുന്നത്‌. സൂര്യരശ്മി, സൂര്യനില്‍ നിന്നും വിഭിന്നമാണെന്ന് ചിന്തിക്കുന്നവനെ സംബന്ധിച്ചിടത്തോളം സൂര്യരശ്മികള്‍ക്ക് തനതായ, വ്യതിരിക്തമായ ഒരു അസ്തിത്വം ഉണ്ട്. സ്വര്‍ണ്ണനിര്‍മ്മിതമായ ഒരു കൈവള, വെറും വളയായി കണക്കാക്കുന്നവന് അതിലെ സ്വര്‍ണ്ണത്തിന്റെ അസ്തിത്വം സുവിദിതമല്ല.    

എന്നാല്‍ സൂര്യരശ്മികള്‍ സൂര്യനില്‍ നിന്നും വിഭിന്നമല്ല എന്നറിയുന്നവന്റെ അറിവ് നിര്‍വികല്‍പ്പമാണ്. കടല്‍ത്തിരകള്‍ കടലില്‍ നിന്നും വിഭിന്നമല്ല എന്ന അറിവ് നിര്‍വികല്‍പ്പമാണ്. സ്വര്‍ണ്ണവളയും സ്വര്‍ണ്ണവും വിഭിന്നങ്ങളല്ല എന്നുള്ള അറിവും നിര്‍വ്വികല്പ്പമാണ്.

തീപ്പൊരിയുടെ തിളക്കം മാത്രം കാണുന്നവന്‍ അത് തീയാണെന്ന് തിരിച്ചറിയുന്നില്ല. ആളിപ്പോങ്ങി നിലത്തു ചിതറിയൊടുങ്ങുന്ന തീപ്പൊരികളെപ്പോലെ അയാളുടെ മനസ്സ് സുഖദുഖങ്ങളെ അനുഭവിക്കുന്നു. അയാള്‍ ഈ തിളക്കമേറിയ ജ്വാലാകണങ്ങളെ അഗ്നിമാത്രമായി തിരിച്ചറിയുന്നത് നിര്‍വികല്‍പ്പമായ അറിവാണ്. അങ്ങിനെ നിര്‍വികല്‍പ്പമായ അറിവില്‍ വിരാജിക്കുന്നവനാണ് മഹാനായ ജ്ഞാനി. അയാളുടെ അറിവിന്‌ ഗ്ളാനിയില്ല. നേടാന്‍ യോഗ്യമായത് അയാള്‍ നേടിക്കഴിഞ്ഞിരിക്കുന്നു. വസ്തുക്കളിലും വിഷയങ്ങളിലും അയാളുടെ ഹൃദയം ആമഗ്നമല്ല.

അതിനാല്‍ രാമാ, ഈ നാനത്വമെന്ന തോന്നല്‍ അല്ലെങ്കില്‍ വിഷയീകരണം എല്ലാം അവസാനിപ്പിച്ച് ബോധസ്വരൂപത്തില്‍ നിലകൊണ്ടാലും. ആത്മാവ് എന്ത് സങ്കല്‍പ്പിക്കുന്നുവോ, അത് സാധിതമാകാനുള്ള ശക്തി, ബോധത്തില്‍ വിലീനമാണ്. അങ്ങിനെ ഉടലെടുത്ത ചിന്തയാണ് സ്വതന്ത്രമായ ഒന്നായി തോന്നുന്നത്. അതുകൊണ്ടാണ് ചിന്താശക്തിയുള്ള മനസ്സ് ആലോചിക്കുന്നതൊക്കെയും ക്ഷണത്തില്‍ നടപ്പാവുന്നത്. വൈവിദ്ധ്യതകളുടെ തുടക്കം ഇവിടെയാണ്. അതിനാല്‍ ലോകമെന്ന കാഴ്ച സത്തെന്നോ അസത്തെന്നോ പറയാന്‍ വയ്യ.

“ജീവികള്‍ തങ്ങളുടെ ദിവാസ്വപ്നങ്ങളില്‍ വിവിധങ്ങളായ അനുഭവങ്ങളെ ഉണ്ടാക്കി അനുഭവിക്കുന്നതുപോലെ പരബ്രഹ്മത്തിന്റെ ദിവാസ്വപ്നമത്രേ ഈ പ്രത്യക്ഷലോകമെന്ന പ്രതിഭാസം!”

ഈ ലോകത്തെ ബ്രഹ്മമെന്നു തിരിച്ചറിയുമ്പോള്‍ ലോകമെന്ന കാഴ്ചയും ഇല്ലാതാകുന്നു. അപ്പോള്‍ ആത്യന്തികമായ കാഴ്ചപ്പാടില്‍ ലോകം നിലനില്‍ക്കുന്ന ഒന്നല്ല എന്ന് വരുന്നു. ബ്രഹ്മം സ്വയം അങ്ങിനെ തന്നെ, മാറ്റങ്ങള്‍ ഏതുമില്ലാതെ നിലകൊള്ളുന്നു. മുന്‍പേതന്നെ നിലവിലില്ലാത്ത ഒന്നും അത് പുതുതായി സൃഷ്ടിക്കുന്നില്ല.

രാമാ, നീ എന്തൊക്കെ ചെയ്താലും അത് ശുദ്ധാവബോധം മാത്രമാണെന്നറിയുക. ബ്രഹ്മം തന്നെയാണ് ഒളിഞ്ഞും തെളിഞ്ഞും ഇവിടെ കാണപ്പെടുന്നതും അല്ലാത്തതുമായ എല്ലാം. ‘അതിനും’, ‘ഇതിനും’, മറ്റും ഇവിടെ ഇടമില്ല. അതിനാല്‍ ബന്ധനം, മോക്ഷം, തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ക്കുപോലും സാധുതയില്ല. അതിനാല്‍ അവയെ ഉപേക്ഷിക്കൂ. നിത്യശുദ്ധമായ അഹങ്കാരരഹിതമായ സ്വരൂപത്തില്‍ സ്വാഭാവികമായി വരുന്ന കര്‍മ്മങ്ങളെ അനുഷ്ഠിച്ചു സ്വതന്ത്രനായി ജീവിക്കൂ.

464 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 464

അഹംകാരമസദ്‌വിദ്ധി മൈനമാശ്രമമാ ത്യജ
അസത: ശശശൃംഗസ്യ കില ത്യാഗഗ്രഹൌ കുത: (6/112/3)

വസിഷ്ഠന്‍ തുടര്‍ന്നു: അത്യുന്നതമായ ജ്ഞാനോപദേശം കിട്ടിയ കചന്‍ പ്രബുദ്ധനായി. അഹംഭാവത്തില്‍ നിന്നും, എന്തെങ്കിലും സ്വയമായി നേടുന്നതില്‍ നിന്നുമെല്ലാം അദ്ദേഹം സ്വതന്ത്രനായി. രാമാ, നീയും കചനെപ്പോലെ ജീവിക്കൂ.

“അഹം ഭാവം എന്നത് അസത്താണ്. അതിനെ വിശ്വസിക്കരുത്. അതിനെ ഉപേക്ഷിക്കയുമരുത്. ഇല്ലാത്ത ഒന്നിനെ എങ്ങിനെയാണ് അറിഞ്ഞുകൊണ്ട് ഉപേക്ഷിക്കാന്‍ കഴിയുക?”

അഹംഭാവം തന്നെ ഇല്ലാത്ത ഒന്നാകുമ്പോള്‍പ്പിന്നെ ജനനവും മരണവും എന്താണ്? നീ സുക്ഷ്മവും നിര്‍മ്മലവുമായ ബോധമാണ്. ആ ബോധം അവിച്ഛിന്നവും സങ്കല്‍പ്പങ്ങള്‍ക്ക് അതീതവും എന്നാല്‍ എല്ലാ ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്നതുമാണ്. അജ്ഞാനത്തിന്റെ അവസ്ഥയില്‍ മാത്രമേ ലോകം ഒരു മായക്കാഴ്ച്ചയായി നിലനില്‍ക്കുന്നുള്ളൂ. എന്നാല്‍ പ്രബുദ്ധന്റെ ദൃഷ്ടിയില്‍ എല്ലാം ബ്രഹ്മം മാത്രം. ഏകത, അനേകത തുടങ്ങിയ എല്ലാ സങ്കല്‍പ്പങ്ങളെയും അതിജീവിച്ച് ആനന്ദചിത്തനായി കഴിഞ്ഞാലും. വിഭ്രമത്തിനടിമയായ ഒരുവനെപ്പോലെ പെരുമാറി ദുരിതമനുഭവിക്കാന്‍ നിനക്കിടയാവാതിരിക്കട്ടെ.

രാമന്‍ പറഞ്ഞു:അങ്ങയുടെ അമൃതസമാനമായ വാക്കുകള്‍ എന്നില്‍ അനുഭൂതി നിറയ്ക്കുന്നു. അതിഭൌതീകമായ ജ്ഞാനത്തിന്റെ നിറവിലാണിപ്പോള്‍ ഞാന്‍ മരുവുന്നത്. എങ്കിലും സമ്പൂര്‍ണ്ണ സംതൃപ്തി എന്നൊന്നില്ല. അതുകൊണ്ട് ഞാന്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്നു. അമൃതുപോലും ഒരുവന് മതിവരല്‍ ഇല്ലല്ലോ. അങ്ങ് പറഞ്ഞ വിഭ്രാന്തിയില്‍പ്പെട്ട മനുഷ്യന്‍ ആരാണ്?

വസിഷ്ഠന്‍ പറഞ്ഞു: അത്തരത്തിലുള്ള വിഭ്രാന്തനായ ഒരുവന്റെ രസകരമായ കഥ കേട്ടാലും. വിഭ്രാന്തിയുണ്ടാക്കുന്ന ഒരു യന്ത്രമാണ് ഈ മനുഷ്യനെ സൃഷ്ടിച്ചത്. അയാള്‍ ഒരു മരുഭൂമിയിലാണ് ജനിച്ചത്. അവിടെത്തന്നെ അയാള്‍ വളര്‍ന്നു.

അയാളില്‍ ഒരു തോന്നല്‍ ഉണ്ടായി. ‘ഞാന്‍ ആകാശമാണ്‌, ഞാന്‍ ആകാശത്തില്‍ നിന്നും ജനിച്ചു. ആകാശം കാലമാണ്. അതിനാല്‍ ആകാശത്തിന്റെ പരിരക്ഷ എന്റെ ചുമതലയാണ്.’ ഇങ്ങിനെ നിശ്ചയിച്ച് അയാള്‍ ആകാശത്തെ സംരക്ഷിക്കാനായി ഒരു വീടുണ്ടാക്കി. ആകാശത്തെ വീട്ടിനുള്ളില്‍ ഭദ്രമായി വച്ച് അയാള്‍ സന്തുഷ്ടനായി. എന്നാല്‍ കാലക്രമത്തില്‍ ആ വീട് തകര്‍ന്നു. അയാള്‍ വിലപിക്കാന്‍ തുടങ്ങി. ‘കഷ്ടം! ആകാശമേ, നീയെങ്ങുപോയി? എല്ലാം തകര്‍ന്നു പോയല്ലോ!’

പിന്നീടയാള്‍ ഒരു കിണര്‍ കുഴിച്ച് ആകാശത്തെ അതിനുള്ളില്‍ സൂക്ഷിക്കാം എന്ന് കരുതി. അതും കാലക്രമത്തില്‍ നഷ്ടമായി. ആകാശത്തെ സൂക്ഷിക്കാന്‍ അയാള്‍ പിന്നെ ഒരു കുടമുണ്ടാക്കി, കുഴികുത്തി, ഒരു തോട്ടത്തില്‍ നാല് സാലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചു. ഇവയെയെല്ലാം കാലം അപഹരിച്ചു. ആ ഭ്രമബാധിതനായ മനുഷ്യന് ദുഖമായി.

രാമാ, ഇനി ഇക്കഥയുടെ ആന്തരാര്‍ത്ഥം എന്തെന്നു നോക്കിയാലും. വിഭ്രാന്തനായ മനുഷ്യന്‍ അഹംഭാവം തന്നെയാണ്. കാറ്റില്‍ ചലനമെന്നതുപോലെ അഹമുയരുകയാണ്. അതിന്റെ സത്തയും ബ്രഹ്മം തന്നെ. ഇത് തിരിച്ചറിയാതെ അഹംഭാവം ആകാശത്തെ നോക്കി, അതിനെ സ്വന്തമാക്കാന്‍, അല്ലെങ്കില്‍ പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നു. അങ്ങിനെ അത് ദേഹവുമായി താദാത്മ്യം പ്രാപിച്ച് അതിനെ പരിരക്ഷിക്കാന്‍ ശ്രമിക്കുന്നു. ദേഹാദികള്‍ കുറച്ചുകാലം നിലനിന്ന് പിന്നീട് കാലത്തിന്റെ തന്നെ പിടിയില്‍പ്പെട്ട് നശിക്കുന്നു.

ഈ വിഭ്രാന്തി കാരണം അഹംഭാവം ആവര്‍ത്തിച്ചുള്ള ആകുലതകള്‍ ഏറ്റുവാങ്ങി നരകിക്കുന്നു. അഹം നഷ്ടമായി, ഇല്ലാതായി, മരിച്ചു എന്നിങ്ങിനെയെല്ലാം മാഴ്കുമ്പോഴും ആകാശത്തിനു മാറ്റമേതുമില്ല. രാമാ, ദേഹാദികള്‍ ഇല്ലാതാകുമ്പോഴും ആത്മാവ് മാറ്റമില്ലാതെ നിലകൊള്ളുന്നു. ആത്മാവ് ആകാശത്തേക്കാള്‍ സൂക്ഷ്മതരമാണ്. അതിനെ ഒന്നിനും ബാധിക്കാനാവില്ല. അത് ജനിച്ചിട്ടില്ല. അതിനാല്‍ത്തന്നെ അതിനു മരണമില്ല. ഈ ലോകമെന്ന കാഴ്ചയായി നിലകൊള്ളുന്നതും അനന്തബോധമെന്ന പരബ്രഹ്മം തന്നെയാണ്. ഈ അറിവിന്റെ നിറവില്‍ നീ ആനന്ദത്തോടെ സുചിരം വാണാലും.

Apr 7, 2014

463 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 463

 ചിത്തം നിജമഹാങ്കാരം വിദുശ്ചിത്തവിദോ ജനാ:
അന്തര്യോയ മഹംഭാവോ ജന്തോസ്തച്ചിത്തമുച്യതേ (6/111/28)

ബൃഹസ്പതി പറഞ്ഞു: മകനേ, ഈ സംസാരമെന്ന കാരാഗ്രഹത്തില്‍ നിന്നും വിടുതല്‍ കിട്ടാന്‍ സംപൂര്‍ണ്ണമായ ത്യാഗം ഒന്നുകൊണ്ടു മാത്രമേ സാധിക്കൂ.

വസിഷ്ഠന്‍ പറഞ്ഞു: ഇത് കേട്ട കചന്‍ എല്ലാമുപേക്ഷിച്ചു കാട്ടിലേയ്ക്ക് തപസ്സിനായി പോയി. ബൃഹസ്പതി ഈ സംഭവങ്ങളില്‍ തീരെ ആകുലനായില്ല. ജ്ഞാനിക്ക് വിരഹവും സംഗവും ഒരുപോലെയാണല്ലോ. 

നീണ്ട എട്ടു വര്‍ഷങ്ങള്‍ ഏകാന്തതയിലും തപസ്സിലും കഴിഞ്ഞ ശേഷം ഒരു ദിനം കചന്‍ പിതാവിനെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം ബൃഹസ്പതിയോട് ചോദിച്ചു: പിതാവേ, ഞാന്‍ എട്ടുകൊല്ലം സര്‍വ്വവും ത്യജിച്ചു കഠിനതപം ചെയ്തിട്ടും എന്നില്‍  എന്തുകൊണ്ടാണ് സമ്പൂര്‍ണ്ണമായ പ്രശാന്തിയുണ്ടാവാത്തത്?

ബൃഹസ്പതി വീണ്ടും തന്റെ ഉപദേശം ആവര്‍ത്തിക്കുക മാത്രം ചെയ്തു. ‘സര്‍വ്വവും പരിത്യജിക്കുക’

ഇതൊരു സൂചനയായിക്കരുതി കചന്‍ തന്റെ ശരീരം മറച്ചിരുന്ന മരവുരി പോലും ഉപേക്ഷിച്ചു. വീണ്ടും ഒരു മൂന്നുകൊല്ലം തപസ്സനുഷ്ഠിച്ചു. വീണ്ടും തന്റെ പിതാവിനെ കാണാന്‍ ആഗ്രഹിച്ച നിമിഷം അദ്ദേഹം പ്രത്യക്ഷനായി.

‘അച്ഛാ, ഞാന്‍ എല്ലാമെല്ലാം ഉപേക്ഷിച്ചു. എന്റെ ദണ്ഡും മരവുരിയും പോലും കളഞ്ഞു. എന്നിട്ടും ആത്മജ്ഞാനം എന്നില്‍ അങ്കുരിച്ചില്ലല്ലോ?’

ബൃഹസ്പതി പറഞ്ഞു: പൂര്‍ണ്ണം എന്ന് പറഞ്ഞാല്‍ മനസ്സ് എന്നര്‍ത്ഥം. മനസ്സാണെല്ലാം. മനസ്സ് ഉപേക്ഷിച്ചാല്‍ എല്ലാം ഉപേക്ഷിച്ചു. ഇത്രയും പറഞ്ഞു മുനി അവിടം വിട്ടുപോയി.

കചന്‍ തന്റെ ഉള്ളില്‍ മനസ്സ് തിരഞ്ഞു. അതിനെ കണ്ടുപിടിച്ച് ഉപേക്ഷിക്കുകയായിരുന്നു ഉദ്ദേശം. എന്നാല്‍ കചന് തന്റെ മനസ്സിനെ അവിടെ കണ്ടെത്താനായില്ല.
 
അദ്ദേഹം ഇങ്ങിനെ ചിന്തിച്ചു: ഈ ഭൌതികവസ്തുക്കള്‍, ശരീരം മുതലായവ, മനസ്സല്ല. അപ്പോള്‍പ്പിന്നെ ഈ നിരപരാധിയായ മനസ്സിനെ ഞാന്‍ എന്തിനാണ് കഷ്ടപ്പെടുത്തുന്നത്? എന്റെ അച്ഛനെ കണ്ട് ഈ മനസ്സെന്ന ദുഷ്ടശത്രു  എവിടെയാണ് വസിക്കുന്നതെന്ന് ചോദിക്കുക തന്നെ.!

ഇങ്ങിനെ തീരുമാനിച്ച് കചന്‍ അച്ഛനെ ചെന്ന് കണ്ടു ചോദിച്ചു: പറയൂ, മനസ്സ് എന്നാല്‍ എന്താണ്? അതറിഞ്ഞിട്ടുവേണം എനിക്കതിനെ പരിത്യജിക്കാന്‍.

ബൃഹസ്പതി പറഞ്ഞു: “മനസ്സ് എന്തെന്നറിയാവുന്നവര്‍ പറയുന്നത് അഹമാണ് മനസ്സെന്നാണ്. ഒരുവന്റെ ഉള്ളില്‍ ഉണരുന്ന അഹം ഭാവമാണ് മനസ്സ്.”

‘പക്ഷെ ഇത് ദുഷ്കരമാണ്. ഒരുപക്ഷെ അസാദ്ധ്യവുമാണ്’ കചാന്‍ പറഞ്ഞു.

ബൃഹസ്പതി പറഞ്ഞു: എന്നാല്‍ കയ്യില്‍ വച്ചൊരു പൂവിതള്‍ ഞരിക്കുന്നതുപോലെ എളുപ്പവുമാണിത്. കണ്ണടച്ചു തുറക്കുന്നതുപോലെ ക്ഷിപ്രസാദ്ധ്യം. പ്രത്യക്ഷത്തില്‍ കാണുന്നതെല്ലാം അജ്ഞാനജന്യങ്ങളാകയാല്‍ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അവയെല്ലാം ഇല്ലാതെയാകും. 

സത്യത്തില്‍ അഹം എന്നൊന്നില്ല. അജ്ഞാനവും തദ്ജന്യമായ വിഭ്രമവും തന്നെയാണ് അഹം ഉണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്നത്. എവിടെയാണ് അഹംഭാവം? എങ്ങിനെയാണത്‌ ഉണ്ടായത്? എന്താണത്?

എല്ലാറ്റിലും എവിടെയും ഉള്ളത് അനന്തമായ ബോധം മാത്രം. സത്യാവസ്ഥ അങ്ങിനെയിരിക്കുമ്പോള്‍ അഹംഭാവം എന്നത് കേവലം ഒരു വാക്ക് മാത്രം. മകനേ, നീ അതിനെ ത്യജിക്കൂ. അങ്ങിനെ നിന്റെ പരിമിതികളെ ഉപേക്ഷിക്കൂ. മാനസീകോപാധികളെ പരിത്യജിക്കൂ. കാലദേശാദി പരിമിതികള്‍ ഒന്നുമില്ലാത്ത അനന്തതയാണ് നീ. നീ ഒരിക്കലും ഉപാധികളാല്‍ ബന്ധിതനായിരുന്നിട്ടില്ല.

Apr 6, 2014

462 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 462

ഭുക്ത്വാ ഭോഗാനനേകാന്‍ഭുവി സകല മഹീപാലചൂഡാമണിത്വേ
സ്ഥിത്വാവൈ ദീര്‍ഘകാലം പരമാമൃതപദം പ്രാപ്തവാന്‍സത്ത്വശേഷ:
ഏവം രാമാഗതം ത്വം പ്രകൃതമനുസരന്‍കാര്യജാതം വിശോക-
സ്തിഷ്ഠോത്തിഷ്ഠ സ്വയം വാ പ്രസഭമനുഭവന്‍ഭോഗമോക്ഷാദിലക്ഷ്മീ: (6/110/30)

വസിഷ്ഠന്‍ തുടര്‍ന്നു: സൂര്യോദയമായപ്പോള്‍ ആ ദമ്പതികള്‍ ഉണര്‍ന്ന് പ്രഭാതാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെട്ടു. ചൂഡാല തന്റെ ദിവ്യശക്തികൊണ്ട് സപ്തസമുദ്രങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥം സ്വര്‍ണ്ണകലശങ്ങളില്‍ വരുത്തിച്ചു. ആ ജലത്തില്‍ രാജാവിനെ കുളിപ്പിച്ച് കിരീടധാരിയാക്കി.

രാജ്ഞി പറഞ്ഞു: വിശ്വം ഭരിക്കുന്ന അഷ്ടദിക്പാലകരും അവരുടെ ദിവ്യ പ്രഭയാല്‍ അങ്ങില്‍ അനുഗ്രഹം ചൊരിയട്ടെ.

അതുപോലെ രാജാവ് ചൂഡാലയെ രാജ്ഞിയായി അവരോധിച്ചു.

തന്റെ ചിന്താശക്തികൊണ്ട് ഒരു സൈന്യത്തെ തയ്യാറാക്കാന്‍ രാജാവ് ചൂഡാലയോട് അഭ്യര്‍ഥിച്ചു. രാജ്ഞി അങ്ങിനെ ഒരു സൈന്യത്തെ സൃഷ്ടിച്ചു. ആനപ്പുറത്തിരിക്കുന്ന ഈ രാജദമ്പതികളുടെ നേതൃത്ത്വത്തില്‍ സൈന്യം രാജധാനിയിലേയ്ക്ക് അടിവെച്ചു നീങ്ങി. വഴിയില്‍ താന്‍ തപശ്ചര്യയില്‍ ചിലവഴിച്ച ഇടങ്ങള്‍ ശിഖിധ്വജന്‍ ചൂഡാലയ്ക്ക് കാട്ടിക്കൊടുത്തു. അവര്‍ നഗരപ്രാന്തത്തില്‍ എത്തിയപ്പോഴേയ്ക്കും പ്രജകള്‍ അവരെ തിരിച്ചറിഞ്ഞു സ്വീകരണവും ആഘോഷവും തുടങ്ങി. അവരങ്ങിനെ രാജധാനിയില്‍ പുനപ്രവേശിച്ചു. ചൂഡാലയുടെ സഹായത്തോടെ ശിഖിധ്വജന്‍ പതിനായിരം കൊല്ലം രാജ്യം ഭരിച്ച് ഒടുവില്‍ നിര്‍വാണപദം പൂകി. കാറ്റില്ലാത്തിടത്ത് കത്തിച്ചുവച്ച ദീപനാളംപോലെ, അക്ഷോഭ്യമായ, ഇനിയൊരു പുനര്‍ജ്ജന്മം ഇല്ലാത്ത അനന്തതയത്രേ നിര്‍വാണപദം.

“രാജാക്കന്മാരില്‍ അഗ്രഗണ്യനായ അദ്ദേഹം ലോകസുഖങ്ങളെല്ലാം അനുഭവിച്ച് ഏറെക്കാലം ജീവിച്ച് പരമപദം പ്രാപിച്ചു. അദ്ദേഹത്തില്‍ ചെറിയൊരു ‘സത്വ’ ഗുണം മാത്രമേ ശേഷിച്ചിരുന്നുള്ളു. അതുപോലെ രാമാ, നീയും നൈസര്‍ഗ്ഗികമായി ചേതനയില്‍  ഉണരുന്ന കര്‍മ്മങ്ങളെ ആകുലമില്ലാതെ ചെയ്തു തീര്‍ക്കൂ. ഉണരൂ. ലോകസുഖങ്ങളെ ആസ്വദിക്കൂ. അവസാനം പരമപദത്തെ പ്രാപിക്കൂ.”

രാമാ ഇതാണ് ശിഖിധ്വജന്റെ കഥ. ഈ പാത പിന്തുടരുന്നത് നിന്നെ ദുഃഖവിമുക്തനാക്കും. അദ്ദേഹത്തെപ്പോലെ രാജ്യഭരണം കയ്യാളൂ. ലോകസുഖങ്ങളെ ഉപേക്ഷിക്കാതെതന്നെ നിനക്ക് നിര്‍വാണപദം പ്രാപിക്കാം. ബൃഹസ്പതിയുടെ പുത്രനായ കചന്‍ ഈ മാര്‍ഗ്ഗത്തിലൂടെ പ്രബുദ്ധതയെ പ്രാപിച്ച കഥയും പ്രശസ്തമാണ്.

രാമന്‍ പറഞ്ഞു: ബൃഹസ്പതീസുതനായ കചന്റെ കഥ കേള്‍ക്കാനും എനിക്കാഗ്രഹമുണ്ട്.

വസിഷ്ഠന്‍ പറഞ്ഞു: ശിഖിധ്വജനെപ്പോലെ കചനും പ്രബുദ്ധനായി. ചെറുതായിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന് സംസാരത്തില്‍ നിന്നും മുക്തിവേണം എന്ന ആഗ്രഹം ഉണ്ടായി. ഒരുദിവസം അദ്ദേഹം അച്ഛനായ ബൃഹസ്പതിയുടെ അടുക്കല്‍ ചെന്ന് ചോദിച്ചു: അങ്ങ് എല്ലാമറിയുന്ന ആളാണല്ലോ. ‘എങ്ങിനെയാണ് ഒരുവന്‍ സംസാരമെന്ന കാരാഗ്രഹത്തില്‍ നിന്നും മുക്തി നേടുന്നത്?’  

Apr 5, 2014

461 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 461

ന രാജന്‍ മമ ഭോഗേഷു വാന്‍ഛ നാ പി വിഭൂതിഷു
സ്വഭാവസ്യ വാസ ദേവ യഥാ പ്രപ്ത്യേന മി സ്ഥിതി: (6/109/68)

ചൂഡാല പറഞ്ഞു: പ്രിയനേ, അങ്ങ് അര്‍ത്ഥരഹിതമായ തപശ്ചര്യകള്‍ ചെയ്യുന്നത് കണ്ട് എന്റെ ഹൃദയം തപിച്ചു. ആ മനോവേദന തീര്‍ക്കാനാണ് ഞാന്‍ അങ്ങയെ ഇവിടെ വന്നുകണ്ട് അങ്ങിലെ ആത്മചൈതന്യത്തെ ഉണര്‍ത്താന്‍ ശ്രമിച്ചത്. അതെന്റെ ആനന്ദത്തിനും ആഹ്ളാദത്തിനും വേണ്ടിത്തന്നെയാണ് ചെയ്തത്. യാതൊരു അഭിനന്ദനങ്ങളും ഞാനര്‍ഹിക്കുന്നില്ല.  

ശിഖിധ്വജന്‍ പറഞ്ഞു: ഇന്നുമുതല്‍ നീ ചെയ്തതുപോലെ എല്ലാ ഭാര്യമാര്‍ക്കും അവരുടെ സ്വാര്‍ത്ഥം സഫലമാവാന്‍ വേണ്ടിയാണെങ്കിലും സ്വഭര്‍ത്താക്കന്മാരെ പ്രബുദ്ധരാക്കാന്‍ സാധിക്കുമാറാകട്ടെ.

ചൂഡാല പറഞ്ഞു: പണ്ടുണ്ടായിരുന്നതുപോലെയുള്ള തുച്ഛമായ ആഗ്രഹങ്ങളോ ചിന്തകളോ വികാരങ്ങളോ അങ്ങയെ അലട്ടുന്നതായി ഞാന്‍ കാണുന്നില്ല. പറയൂ, അങ്ങിപ്പോള്‍ ആരാണ്? എന്തിലാണ് അങ്ങ് അടിയുറച്ചു നില്‍ക്കുന്നത്? അങ്ങ് കാണുന്നതെന്താണ്?

ശിഖിധ്വജന്‍ പറഞ്ഞു: എന്നിൽ നീ ഉള്ളിലുണര്‍ത്തിയ ആത്മസത്തയിലാണ് ഞാന്‍ അഭിരമിക്കുന്നത്. എന്നില്‍ ആസക്തികളിലല്ല. ഞാന്‍ അനന്തമായ ആകാശംപോലെ അവിച്ഛിന്നമായി നിലകൊള്ളുന്നു. ഞാന്‍ പ്രശാന്തിയാണ്. വിഷ്ണുവിനും ശിവനും കൂടി സാക്ഷാത്ക്കരിക്കാന്‍ തുലോം പ്രയാസമായ ഇടത്തിലാണ് ഞാനിപ്പോള്‍ ഉള്ളത്. എന്നിലിനി മോഹങ്ങളോ ചിന്താകാലുഷ്യമോ അവശേഷിക്കുന്നില്ല.

ഞാനിപ്പോള്‍ സന്തോഷമോ സന്താപമോ അനുഭവിക്കുന്നില്ല. ‘അത്’ എന്നും ‘ഇത്’ എന്നും ഒന്നിനെയും ഞാന്‍ വേര്‍തിരിച്ചു കാണുന്നില്ല. ഞാന്‍ എല്ലാ ആവരണങ്ങളില്‍ നിന്നും പൂര്‍ണ്ണമുക്തനാണ്. അതുകൊണ്ട്തന്നെ എന്നിലെ അന്തര്യാമിയിലൂടെ ഞാന്‍ ആനന്ദം അനുഭവിക്കുന്നു. ഞാന്‍ ഞാനാണ്. വാക്കുകള്‍ക്ക് വിവരിക്കാന്‍ ആവാത്ത ഒരു തലമാണത്. നീയെന്റെ ഗുരുവാണ്. നിനക്ക് നമസ്കാരം. പ്രിയേ, നിന്റെ കൃപയാലാണ് ഞാനീ സംസാരസാഗരത്തെ തരണം ചെയ്തത്. ഇനിയും ഞാന്‍ ആ മായാസമുദ്രത്തില്‍ വീഴുകയില്ല.

ചൂഡാല ചോദിച്ചു: അങ്ങിനെയെങ്കില്‍ ഇനി എന്താണ് അങ്ങ് ചെയ്യാനാഗ്രഹിക്കുന്നത്?

ശിഖിധ്വജന്‍ പറഞ്ഞു: എനിക്ക് യാതൊരു നിബന്ധനകളും ഇല്ല. നീ എന്ത് ചെയ്യുന്നുവോ അവ ഉചിതമാവും എന്നെനിക്കുറപ്പുണ്ട്. നീ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കൂ. ഞാന്‍ നിന്നെ അനുധാവനം ചെയ്യാം.

ചൂഡാല പറഞ്ഞു: പ്രഭോ നാമിപ്പോള്‍ മുക്തരായ മാമുനിമാരുടെ പ്രബുദ്ധമായ അവസ്ഥയിലാണ്. നമുക്ക് ആഗ്രഹങ്ങളും അതിന്റെ നേര്‍വിപരീതമായ അവസ്ഥയും തമ്മില്‍ മാറ്റമേതുമില്ല. ഇനിയിപ്പോള്‍ പ്രാണായാമം, ആത്മധ്യാനം മുതലായ അനുഷ്ഠാനങ്ങള്‍ കൊണ്ടെന്താണ് പ്രയോജനം? അതിനാല്‍ നാം ആദിയിലെപ്പോലെത്തന്നെ മദ്ധ്യത്തിലും അന്ത്യത്തിലും നിലകൊണ്ട് അവസാനം ബാക്കിയാവുന്ന വസ്തുവിനെയും പരിത്യജിക്കണം. നാം ആദ്യവും മദ്ധ്യത്തിലും അവസാനവും രാജാ-രാജ്ഞിമാരാണ്. പിന്നെ ബാക്കിയുള്ളത് മോഹവിഭ്രമങ്ങളാണ്. അതാണ്‌ ഉപേക്ഷിക്കേണ്ടത്. അതുകൊണ്ട് നമുക്ക് കൊട്ടാരത്തിലേയ്ക്ക് തിരിച്ചു പോകാം. നാടിന് ഒരുത്തമചക്രവര്‍ത്തിയുടെ ആവശ്യമുണ്ട്.

ശിഖിധ്വജന്‍ ചോദിച്ചു: അങ്ങിനെയെങ്കില്‍ നമുക്കെന്തുകൊണ്ട് ഇന്ദ്രന്‍ നമുക്കായി വെച്ച്നീട്ടിയ സ്വര്‍ഗ്ഗം സ്വീകരിച്ചുകൂടാ?

ചൂഡാല പറഞ്ഞു: “രാജാവേ, ഞാന്‍ രാജ്ഞിയുടെ പദവിയോ സുഖാനുഭവങ്ങളോ ആഗ്രഹിക്കുന്നില്ല. എന്റെ സ്വരൂപത്തിന്റെ പ്രകൃതി എന്താണോ അതില്‍ ഞാന്‍ അചഞ്ചലയായി അഭിരമിക്കുകയാണ്.” ‘ഇത് സുഖം’ എന്ന ചിന്തയും അതിനെതിരായി, ‘ഇതല്ല സുഖം’ എന്ന ചിന്ത ഉയരുന്നതോടെ രണ്ടും ഇല്ലാതാവുന്നു. ഇതിനെ അതിജീവിക്കുന്ന പ്രശാന്തതയിലാണെന്റെ നിവാസം.

പ്രബുദ്ധരായ ഈ ദമ്പതികള്‍ രതിസുഖത്തോടെ ആ രാത്രി അവിടെ കഴിച്ചുകൂട്ടി.  

Apr 4, 2014

460 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 460

സഖാ ഭ്രാതാ സുഹൃദ്ഭൃത്യോ ഗുരുര്‍മിത്രം ധനം സുഖം
ശാസ്ത്രമായതനം ദാസ: സര്‍വം ഭര്‍ത്തു: കുലാംഗനാ: (6/109/27)
ശിഖിധ്വജന്‍ പറഞ്ഞു: നീയാരാണ്‌? സുന്ദരിയും സുഭാഗയുമായ നീ എങ്ങിനെയാണിവിടെ എത്തിയത്? കുറച്ചു നേരമായോ വന്നിട്ട്? കണ്ടിട്ട് എന്റെ പ്രിയതമയുടെ നല്ല ഛായ തോന്നുന്നു.
ചൂഡാല പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ചൂഡാലതന്നെയാണ്. ഞാനാണ് കുംഭന്റെയും മദനികയുടെയും വേഷമിട്ടത്. അങ്ങയില്‍ ആത്മജ്ഞാനമുണര്‍ത്താന്‍ അങ്ങിനെയൊരു നാടകം കളിച്ചതാണ്. ഞാന്‍ തന്നെയാണ് അങ്ങിപ്പോള്‍ കണ്ട രമണീയമായ ഈ നന്ദനോദ്യാനവും മറ്റും ആയി ഇവിടെ നിലകൊണ്ടത്.
അങ്ങ് പെട്ടെന്നുള്ള ഒരാവേശത്തില്‍ രാജ്യമുപേക്ഷിച്ചു വനത്തില്‍ തപസ്സിനായി പോയ അന്നുമുതല്‍ അങ്ങയില്‍ ആത്മീയതയുണര്‍ത്താന്‍ എന്താണ് മാര്‍ഗ്ഗം എന്ന് ഞാന്‍ ചിന്തിച്ചു വന്നു. അങ്ങിനെയാണ് കുംഭന്റെ വേഷത്തില്‍ ഞാനങ്ങയെ ഉപദേശിക്കാനിടയായത്. അങ്ങ് കണ്ടതായ കുംഭനും മറ്റും സത്യമല്ല. വെറും കാഴ്ചമാത്രം. അങ്ങിപ്പോള്‍ പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുന്നു. അറിയേണ്ട എല്ലാം അങ്ങ് അറിഞ്ഞിരിക്കുന്നു.

വസിഷ്ഠന്‍ തുടര്‍ന്നു: ശിഖിധ്വജന്‍ ഉടനെ തന്നെ തന്റെ ദിവ്യദൃഷ്ടിയില്‍ താന്‍ രാജ്യം ഉപേക്ഷിച്ചു പോന്നതിനു ശേഷമുണ്ടായ എല്ലാക്കാര്യങ്ങളും തെളിഞ്ഞുകണ്ടു. അതീവ സംപ്രീതനായ അദ്ദേഹത്തിന് തന്റെ പ്രിയതമയോട് വളരെയധികം സ്നേഹം തോന്നി. ദേഹബോധത്തിലേയ്ക്ക് തിരികെ വന്ന രാജാവ് പറയാനരുതാത്ത പ്രേമവായ്പ്പോടെ  രാജ്ഞിയെ ഗാഢം പുണര്‍ന്നു. അവര്‍ രണ്ടാളും കുറേനേരം അങ്ങിനെ അലൌകീകമായ ആനന്ദത്തിലാറാടി ലോകബോധമില്ലാതെ നിന്നു.

ശിഖിധ്വജന്‍ പറഞ്ഞു; പ്രിയപെട്ടവളേ, നീയെത്ര മധുരോദാരമായി എന്നെ സ്നേഹിക്കുന്നു! അമൃതിനേക്കാള്‍ മധുരമാണ് നിന്റെ പ്രേമം. എനിക്കുവേണ്ടി എന്തെല്ലാം കഷ്ടങ്ങള്‍ നീ സഹിച്ചില്ല! അതിദുര്‍ഘടമായ സംസാരസാഗരത്തില്‍ നിന്നും നീ എന്നെ വീണ്ടെടുത്തു. നീയതിനായി കണ്ടെത്തിയ മാര്‍ഗ്ഗത്തിനു സമമായി മറ്റൊന്ന് പറയാനില്ല. നമ്മുടെ സംസ്കാരം ഉത്തമചരിതകളായ വനിതാരത്നങ്ങളെ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അവരില്‍ പലരും ഉത്തമസഹധര്‍മ്മിണികളും ആയിരുന്നു. എന്നാല്‍ നിന്നെപ്പോലെ ആരുമില്ല. അവരെ എല്ലാവരെക്കാളും ഉയരെയാണ് നിന്റെ സ്വഭാവവൈശിഷ്ട്യങ്ങള്‍. നിന്റെ കഠിനപ്രയത്നം എന്നില്‍ പ്രബുദ്ധതയുളവാകാന്‍ കാരണമായി. നിനക്കെന്താണ് ഞാന്‍ പകരം തരിക? സ്നേഹവതികളായ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ സംസാരസാഗരതരണത്തില്‍ സഹായിക്കുന്നതെത്ര പരിപാവനം! ശാസ്ത്രങ്ങളോ, ഗുരുക്കന്മാരോ, മന്ത്രങ്ങളോ നല്‍കാത്ത പുണ്യം സ്വഭര്‍ത്താവിനെ സ്നേഹിച്ചു നേര്‍വഴി നയിക്കുന്നതിലൂടെ ഭാര്യമാര്‍ക്ക് ലഭിക്കുന്നു.  

“ഭാര്യ ഭര്‍ത്താവിന്റെ എല്ലാമെല്ലാമാണ്. സുഹൃത്ത്, സഹോദരി, അഭ്യുദയകാംക്ഷി, ഭൃത്യ, ഗുരു, സഖാവ്, സമ്പത്ത്, സന്തോഷം, ശാസ്ത്രം, മറുകരകടക്കാനുള്ള തോണി, അടിമ, എല്ലാമാണവള്‍” അങ്ങിനെയുള്ള ഭാര്യ എല്ലാക്കാലത്തും പൂജാര്‍ഹയാണ്. ചൂഡാലേ, പ്രിയപ്പെട്ടവളേ, നീ അങ്ങിനെയുള്ള ഒരുത്തമമഹിളാരത്നം തന്നെയാണ്. വരൂ, എന്നെ വീണ്ടും ആലിംഗനം ചെയ്യൂ.

വസിഷ്ഠന്‍ പറഞ്ഞു: ഇങ്ങിനെ പറഞ്ഞു രാജാവ് രാജ്ഞിയെ വീണ്ടും വീണ്ടും പ്രേമപൂര്‍വ്വം പുണര്‍ന്നു.