Apr 10, 2013

328 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 328


വരാകീ സൃഷ്ടിശഫരീ സ്ഫുരന്തീ ഭവപല്വലേ
കൃതാന്തവൃദ്ധഗൃദ്ധ്രേണ ശഠേന വിനിഗൃഹ്യതേ      (6/7/32)

വസിഷ്ഠന്‍ തുടര്‍ന്നു: ലോകം നിലനില്‍ക്കുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാവുന്നത് ഇന്ദ്രിയങ്ങളും അവയുടെ പരിമിതപ്രഭാവവും, മറ്റ്ഉപാധികളും ആശകളുടെ പ്രബലമായ കയറുകൊണ്ട് കോര്‍ത്തൊരുക്കി വച്ചിട്ടുള്ളതുകൊണ്ടാണ്. എന്നാല്‍ ഈ ലോകം തരളമായ ഒരു വള്ളിച്ചെടിപോലെ ലോലമാണ്. പ്രാണന്റെ ഓരോ ചലനത്തിലും അതാടിയുലയുന്നു. അതില്‍ എല്ലാത്തരം ജീവികളും ഉതിര്‍ന്നു വീണു നാശമടയുന്നു.     

എന്നാല്‍ അനേകം മഹാത്മാക്കള്‍ പ്രത്യക്ഷലോകമെന്ന ചെളിക്കുണ്ടില്‍ നിന്നും കരയേറി എല്ലാ സംശയങ്ങളും തീര്‍ന്ന് കുറച്ചുകാലം കഴിഞ്ഞു കൂടിയതായി നമുക്കറിയാം. അവരാണ് ദിവ്യന്മാർ . നീലാകാശത്തിലെ താമരപോലെ അവര്‍ വിരാജിക്കുന്നു.

എന്നാല്‍ സൃഷ്ടിയില്‍ , കര്‍മ്മങ്ങള്‍ എന്നത് വ്യര്‍ഥമായ ആശകളുടെ അഴുക്കുപിടിച്ച താമരയാണ്. അവയുടെ ഫലങ്ങള്‍ ചാലകസ്വഭാവമാകുന്ന ഗന്ധം പേറുന്ന  മനസീകോപാധികളത്രേ. “പ്രത്യക്ഷലോകം എന്നത് അനന്തതയിലെ ഒരു ചെറിയ മത്സ്യം മാത്രമാണ്. അതിനെ അജയ്യനും ഭീകരരൂപിയുമായൊരു ഗരുഡന്‍, കൃതാന്തന്‍, ഉടനെതന്നെ പിടിച്ചു വിഴുങ്ങുന്നു.” (കൃതാന്തം എന്നാല്‍ കര്‍മ്മത്തിന്റെ അന്ത്യം)

എങ്കിലും വൈവിദ്ധ്യമാര്‍ന്ന കാഴ്ചകള്‍ , കടലലകള്‍ പോലെ ഓരോദിവസവും ഉണ്ടായി മറയുന്നു. കാലമെന്ന കുശവന്‍ അവന്റെ ചക്രത്തിലെന്നപോലെ ഇതെല്ലാം നടത്തിക്കൊണ്ടിരിക്കുന്നു. കാലമെന്ന കാട്ടുതീയില്‍പ്പെട്ട് എണ്ണമൊടുങ്ങാത്ത സൃഷ്ടികളാകുന്ന കാടുകള്‍ കത്തിയൊടുങ്ങിയിരിക്കുന്നു! അതാണ്‌ സൃഷ്ടിയുടെ അവസ്ഥ.

ഇതൊക്കെയാണെങ്കിലും അജ്ഞാനി തന്റെ തെറ്റിദ്ധാരണകളില്‍ ആണ്ട് മുഴുകിയിരിക്കുന്നതിനാല്‍ ലോകത്തിന്റെ ക്ഷണികതയോ തനിക്ക് അടിക്കടി കിട്ടിക്കൊണ്ടിരിക്കുന്ന അടികളോ അവനെ ഉണര്‍ത്താന്‍ പര്യാപ്തമാകുന്നില്ല. ഈ മനോപാധികള്‍ , സ്വയം ഉണ്ടാക്കിയ പരിമിതികള്‍ , ദേവരാജാവായ ഇന്ദ്രന്റെ ശരീരം പോലെ നിലനിന്നുപോവുന്നു. എന്നാല്‍ ഇതിനിടയില്‍ ആകസ്മികമായി ചില ദിവ്യാത്മാക്കള്‍ അവരുടെ നിത്യശുദ്ധസ്വരൂപവുമായി അവതരിക്കപ്പെടുന്നുമുണ്ട്. 

ലോകത്തുള്ള സ്ഥാവര വസ്തുക്കള്‍ ചലനമില്ലാതെ കാലത്തിന്റെ കനിവിനുവേണ്ടി കാത്തു നില്‍ക്കുന്നതുപോലെ, ധ്യാനനിരതരായി കഴിയുന്നതായി തോന്നുന്നു. ചലനസ്വഭാവമുള്ളവ വിപരീത ദ്വന്ദശക്തികളുടെ പ്രഭാവത്തില്‍ ചാഞ്ചാടി രാഗദ്വേഷങ്ങള്‍ , ഇഷ്ടാനിഷ്ടങ്ങള്‍ , സുഖദുഖങ്ങള്‍ , എന്നിവ അനുഭവിച്ച്, വാര്‍ദ്ധക്യം, മരണം, എന്നിവയിലൂടെ പലവട്ടം കടന്നുപോവുന്നു. അവയില്‍ കൃമികീടങ്ങള്‍ അവരുടെ കര്‍മ്മഫലങ്ങള്‍ ശാന്തരായി അനുഭവിച്ച് ക്ഷമയോടെ ധ്യാനനിരതരായി കാലം കഴിച്ചുകൂട്ടുന്നു എന്ന് പറയാം. എങ്കിലും കാലം (കാലന്‍)) ) എല്ലാ ധ്യാനചിന്തകള്‍ക്കും അതീതനാണ്. അതെല്ലാത്തിനെയും ഇല്ലാതാക്കുന്നു. 

Apr 9, 2013

327 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 327


കാല: കവലിതാനന്ദജഗത്പക്വഫലോപ്യയം
ഘസ്മരാചാരജഠര: കല്‍പൈരപി ന നൃപ്യതി (6/7/15)

വസിഷ്ഠന്‍ തുടര്‍ന്നു: മുത്തുമണിമാലകളും മറ്റാഭാരണങ്ങളും അണിഞ്ഞു വരുന്ന സുന്ദരസുഭഗകളായ സ്ത്രീകള്‍ എല്ലാം നിന്റെ സങ്കല്‍പ്പം മാത്രം. അവ കാമമാകുന്ന സമുദ്രത്തിന്‍റെ ഉപരിതലത്തിലുള്ള അലകള്‍ മാത്രമാണ് എന്നറിഞ്ഞാലും. രക്താസ്ഥിമാംസചര്‍മ്മസംഘാതമായ അവരുടെ ദേഹത്തോട് മോഹവും ആകര്‍ഷണവും തോന്നുന്നത് വെറും ഭ്രമം മൂലമാണ്. ഇതേ ഭ്രമമാണ് സ്ത്രീകളുടെ സ്തനങ്ങള്‍ക്ക് പൊന്നിന്‍കുടത്തിന്റെ ലാവണ്യവും ചുണ്ടുകള്‍ക്ക് അമൃത് ചുരത്താന്‍ കഴിവുണ്ടെന്നും തോന്നിപ്പിക്കുന്നത്. മന്ദബുദ്ധികള്‍ക്ക് അതീവമധുരതരമായി തോന്നുന്ന സമ്പത്തും ഐശ്വര്യവും കുറച്ചുകഴിയുമ്പോള്‍ സന്തോഷസന്താപങ്ങള്‍ , സുഖദുഖങ്ങള്‍ , വിജയപരാജയങ്ങള്‍ മുതലായ ദ്വന്ദശക്തികള്‍ക്ക് വശംവദമാവുന്നു. താമസിയാതെ അവ നഷ്ടപ്പെടുകയും ചെയ്യുന്നു.
 
ഐശ്വര്യമാര്‍ജ്ജിക്കുവാനുള്ള പ്രയത്നങ്ങള്‍ എണ്ണമറ്റ സുഖാനുഭവങ്ങളും അതിന്റെ കൂടെ ദുഖങ്ങളും പ്രദാനം ചെയ്യുന്നു. ഭ്രമാത്മകത കാലാതീതമായി ഒഴുകുന്നൊരു നദിയാണ്. വ്യര്‍ത്ഥമായ കര്‍മ്മങ്ങളും അവയുടെ പ്രതിഫലമായുണ്ടാകുന്ന പ്രതികരണങ്ങളും ചേര്‍ന്ന് ഈ നദിയിലെ ജലത്തെ പങ്കിലമാക്കിയിരിക്കുന്നു. സുഖത്തിനും സന്തോഷത്തിനും വേണ്ടി ചെയ്തുകൂട്ടുന്ന കര്‍മ്മങ്ങളുടെ പരിണിതഫലമായി ആവര്‍ത്തിച്ചുള്ള ജനന മരണങ്ങള്‍ ഉണ്ടാവുന്നു. അത്തരം കര്‍മ്മങ്ങള്‍ ശാരീരികവും മാനസീകവുമായ രോഗങ്ങളുടെ പൊടിപടലങ്ങള്‍ പരത്തുന്ന ചുഴലിക്കാറ്റുപോലെയാണ്.

“ഇവയെല്ലാം കാലക്രമത്തില്‍ മരണത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. മരണത്തിനാണെങ്കില്‍ ആര്‍ത്തിയൊടുങ്ങാത്ത വിശപ്പാണ്. ഇഹലോകത്തിലെ പക്വമായ എല്ലാത്തിനെയും അത് പിടിച്ചു വിഴുങ്ങുന്നു എന്ന് തോന്നുന്നു.” വിവേകത്തിന്റെ ചന്ദ്രന്‍ ഉള്ളില്‍ പ്രോജ്വലിക്കാത്തപ്പോള്‍ വിഷാദങ്ങളും ആശങ്കകളും പ്രേതങ്ങളായി യുവത്വത്തെ വേട്ടയാടുന്നു. അങ്ങിനെ യുവാക്കള്‍ കൂടുതല്‍ സാന്ദ്രമായ ഭ്രമകല്‍പ്പനയുടെ ഇരുട്ടിലേയ്ക്ക് നീങ്ങുന്നു.

ഒരുവന്‍ അപരിഷ്കൃതരുമായവര്‍ക്കുവേണ്ടിയും മൂല്യവത്തല്ലാത്തവയെക്കുറിച്ചും നാവലച്ചു സ്വയം പരിക്ഷീണനാകുന്നു. അതേസമയം ദാരിദ്ര്യം വന്നു മൂടി അസംതൃപ്തി അതിന്റെ ആയിരം ശാഖകളോടു കൂടി വളര്‍ന്നു പന്തലിക്കുന്നു. അപ്പോഴും വെറും വ്യര്‍ത്ഥമായ ദംഭിനാല്‍ താന്‍ വിജയംകണ്ടുവെന്നു വെറുതേ അഭിമാനിക്കുന്നു. അത് അയാളുടെ ആത്മീയ പുരോഗതിയെ തടസ്സപ്പെടുത്തി കൂടുതല്‍ ആന്ധ്യത്തിനു കാരണമാകുന്നു. എന്നാലത് സമ്മതിക്കാന്‍ അയാള്‍ തയ്യാറല്ല. 
 
യുവത്വമാകുന്ന എലിയെപ്പിടിക്കാന്‍ വാര്‍ദ്ധക്യം എന്ന പൂച്ച ജരാനരകളാകുന്ന നഖങ്ങളുമായി എപ്പോഴും തയ്യാറായി ഇരിക്കുകയാണ്. സൃഷ്ടിക്ക് വാസ്തവത്തില്‍ ഉണ്മയൊന്നുമില്ല. എങ്കിലും അത് ഒരു വ്യര്‍ത്ഥമായ വ്യക്തിത്വം കൈക്കൊള്ളുകയാണ്. അത് ധര്‍മ്മാര്‍ത്ഥങ്ങളെ പരിപോഷിപ്പിക്കുകപോലും ചെയ്യുന്നു. സൂര്യചന്ദ്രന്മാരാകുന്ന കണ്ണുകളും ആകാശവിതാനവും എല്ലാം കൂടിച്ചേര്‍ന്ന് ലോകം ഉണ്മയാണെന്ന ഒരു പ്രതീതി ഉണ്ടാവുന്നതും എല്ലാം വെറും ഭ്രമം മാത്രമാണ്. ഈ പ്രത്യക്ഷലോകമെന്ന തടാകത്തില്‍ പൊട്ടിവിടര്‍ന്നു വളരുന്ന ആമ്പല്‍മുകുളങ്ങളാണ് ഈ ദേഹങ്ങള്‍ .  അവയില്‍ തേനുണ്ണാന്‍ വരുന്ന ഈച്ചകളാണ് പ്രാണ, വ്യാന, സമാന, ഉദാനാദികള്‍ പ്രാണനുകള്‍

Apr 8, 2013

326 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 326


ജന്മ ബാല്യം വ്രജത്യേതദ്ധ്യൌവനം യുവതാ ജരാം
ജരാമരണമഭ്യേതി മൂഢസ്യൈവ പുന:പുന:  (6/6/45) 

വസിഷ്ഠന്‍ തുടര്‍ന്നു: മൂഢന്റെ കണ്ണില്‍ മാത്രമേ സ്ത്രീയാകുന്ന വിഷവള്ളിയില്‍ തിളങ്ങുന്ന കണ്ണുകളും മുത്തുപോലുള്ള പല്ലുകളും മൊട്ടിടുന്നതായി തോന്നുകയുള്ളൂ. ദുഷ്ടലാക്കുള്ള ഹൃദയത്തിനുടമയായവരില്‍ മാത്രമേ വാസനകളാകുന്ന അനേകം കിളികള്‍ക്ക് കൂടുകൂട്ടാനിടം നല്‍കുന്ന മനം മയക്കുന്ന ആ ഭീകരവൃക്ഷം തളിര്‍ത്തു വളരുകയുള്ളൂ .  

വിഷയാസക്തന്റെ ഹീനഹൃദയമാകുന്ന കാട്ടില്‍ സ്പര്‍ദ്ധയുടെ കാട്ടുതീയാണാളിക്കത്തുന്നത്. അയാളുടെ മനസ്സ് അസഹിഷ്ണുതയില്‍ മുങ്ങിയിരിക്കുന്നു. മറ്റുള്ളവരുടെ നിന്ദയാകുന്ന കുറ്റിച്ചെടികളാണ്  അയാള്‍ക്ക്‌ ചുറ്റുമുള്ളത്. അയാളിലെ ഒരേയൊരു ഹൃദയകമലം അസൂയയാണ്. അതാണെങ്കില്‍ അന്തമില്ലാത്ത ആശങ്കകളാകുന്ന തേനീച്ചകളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. അത്തരം മൂഢന്മാര്‍ക്കുള്ളതാണ് മരണം. “ജനനവും ബാല്യവും യൌവനത്തിലേയ്ക്കും പിന്നീട് വാര്‍ദ്ധക്യത്തിലേയ്ക്കും ഒടുവില്‍ മരണത്തിലേയ്ക്കും എത്തിച്ചേരുന്നു. ഇതെല്ലാം അജ്ഞാനി ആവര്‍ത്തിച്ച്‌ അനുഭവിക്കുന്നു.”

ലോകമെന്ന കയറുകൊണ്ട് കെട്ടിത്തൂക്കിയ ഒരു കുടംപോലെയാണ് അജ്ഞാനിയായ മനുഷ്യന്‍.. ആ കയറുകൊണ്ട് അയാളെ സംസാരമെന്ന അന്ധകൂപത്തിലെയ്ക്ക് ഇടക്കിടയ്ക്ക് ആരോ ഇറക്കിയും വലിച്ചുകയറ്റിയും കളിക്കുകയാണ്. എന്നാല്‍ ജ്ഞാനിക്ക് ഈ വിശാലലോകമെന്ന സംസാരസംസാരം വെറുമൊരു ഗോഷ്പദത്തിന്റെയത്ര (കാളിക്കുളമ്പടി) വലുപ്പം മാത്രമേയുള്ളു. അജ്ഞാനിക്കത് അളവറ്റ ദുരിതത്തിന്റെ മഹാസമുദ്രമാണ്. കൂട്ടിലടക്കപ്പെട്ട കിളി ഒരു പക്ഷെ സ്വതന്ത്രനായേക്കാം. എന്നാല്‍ സ്വന്തം ആസക്തികളെ തൃപ്തിപ്പെടുത്താന്‍ ഉഴറുന്ന അജ്ഞാനി ഒരിക്കലും സ്വതന്ത്രനാവുകയില്ല.

അയാളുടെ മനസ്സ് എണ്ണമറ്റ വാസനകളാലും ഉപാധികളാലും കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. അതിനാല്‍ അയാള്‍ക്ക്‌ ജനനമരണ ചക്രത്തിന്റെ ചുറ്റൽ വ്യക്തമായി കാണാന്‍ കഴിയാതെ പോകുന്നു. സ്വയം ബന്ധനത്തില്‍ നിലനില്‍ക്കാനുംമറ്റുമായി അയാള്‍ തന്റെ മായാമോഹത്തെ ലോകം മുഴുവനും വ്യാപരിപ്പിച്ച് മയാബന്ധങ്ങളുടെ വലിയൊരു ശൃംഖലതന്നെ പണിയുകയാണ്.

മൂഢന്‍ ചെറിയൊരു മാംസക്കഷണം മാത്രമായ കണ്ണുകൊണ്ട് ഭൂമിയുടെ ഒരു ചെറു ഭാഗം നോക്കി അതിനെ മലകളായും കാടുകളായും നഗരങ്ങളായും കാണുന്നു. അനേകം ശാഖകളായി എല്ലാ ദിശകളിലേയ്ക്കും പടര്‍ന്നു പന്തലിച്ച് മായാവസ്തുക്കളാകുന്ന ഇലകളോടുകൂടി അവിദ്യയെന്ന വന്‍മരം നില്‍ക്കുന്നു. അതില്‍ അജ്ഞാനിയുടെ സുഖാനുഭവങ്ങളാകുന്ന കിളികള്‍ താമസിക്കുന്നു. ജനനമാണതിലെ ഇലകള്‍. കര്‍മ്മങ്ങള്‍ പൂമൊട്ടുകള്‍.പുണ്യപാപങ്ങള്‍ അതിലെ കായ്കനികള്‍. സമ്പത്തും ഐശ്വര്യങ്ങളുമാണതില്‍ വിരിയുന്ന പൂക്കള്‍.

സൂര്യനസ്തമിക്കുമ്പോള്‍ ഉദിക്കുന്ന ചന്ദ്രനാണ് അവിദ്യ. ആവര്‍ത്തിച്ചുള്ള ജനനങ്ങള്‍ ആ ചന്ദ്രന്റെ കിരണങ്ങളാണ്. എല്ലാ അപൂര്‍ണ്ണതകളുടെയും വൈകല്യങ്ങളുടെയും ഉറവിടമാണീ അവിദ്യ. വാസനകളും ശീലങ്ങളുമാണ് ഈ  ചന്ദ്രനില്‍ നിന്നും ഊറുന്ന അമൃതരശ്മികള്‍. ആശകളും പ്രത്യാശകളുമാകുന്ന പക്ഷികള്‍ ഈ അമൃതുണ്ട് വളരുന്നു. അവിദ്യയില്‍ ആമഗ്നനായിരുന്നുകൊണ്ട് വിഷയവസ്തുക്കളില്‍ താന്‍ അനുഭവിക്കുന്നത് സുഖമാണെന്ന്, സന്തോഷമാണെന്ന് മൂഢന്‍ അനുമാനിക്കുന്നു. ബാഹ്യവസ്തുക്കളില്‍ മധുരിമ തോന്നുന്നത് അജ്ഞാനംകൊണ്ടാണ്. ആ വസ്തുക്കൾക്കും അവ തരുന്ന അനുഭവങ്ങൾക്കും ആദിയന്തങ്ങളുണ്ട്. നശ്വരമായതിനാല്‍ അവയ്ക്ക് പരിമിതമായ അസ്തിത്വമേയുളളു.

Apr 7, 2013

325 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 325


ഭേദമഭ്യുപഗമ്യാപി ശൃണു ബുദ്ധിവിവൃദ്ധയേ
ഭാവേദല്‍പ്പപ്രബുദ്ധാനാമപി നോ ദുഖിതാ യഥാ (6/6/2)

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, നീ എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്. അതിനാല്‍ ഈ സത്യത്തെ ഞാന്‍ നിനക്കായി വീണ്ടും വെളിപ്പെടുത്തി തരാം. ശ്രദ്ധിച്ചു കേട്ടാലും. “ശ്രവണം എന്ന കര്‍മ്മത്തിലും വൈവിദ്ധ്യം നിലനില്‍ക്കുന്നു എന്ന ഒരനുമാനമുണ്ട്. എന്നാല്‍ അതുകൊണ്ട് നിന്റെ ബോധം വികാസം പ്രാപിക്കുകയാണ് ചെയ്യുന്നത്. ഞാനിവിടെ വിശദീകരിക്കാന്‍ പോവുന്ന സത്യം, പ്രബുദ്ധത പൂര്‍ണ്ണമായും ഉണര്‍ന്നിട്ടില്ലാത്തവരിൽപ്പോലും ദു:ഖശാന്തിയെ പ്രദാനം ചെയ്യും”
 
അജ്ഞതയില്‍ ഒരുവന്‍ തന്റെ ശരീരമാണ് ആത്മാവെന്നു കരുതുന്നു. അപ്പോള്‍ ഇന്ദ്രിയങ്ങള്‍ അയാളുടെ ബദ്ധശത്രുക്കളാകുന്നു. എന്നാല്‍ സത്യമറിഞ്ഞ, ആത്മജ്ഞാനനിരതനായ ഒരുവന്റെ ഇന്ദ്രിയങ്ങള്‍ അവന്റെ ഉത്തമസുഹൃത്താണ്. കാരണം അവ സ്വയം സംപ്രീതരായി അവനെ ശല്യപ്പെടുത്താതെ കഴിഞ്ഞുകൊള്ളും. ശരീരത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും  അവജ്ഞയോടെ കാണുന്നവന്‍ ശരീരവിഷയങ്ങളില്‍ ആമഗ്നമാവുകയില്ല. അതുകൊണ്ടുതന്നെ ഒരു ദുരിതവും അവനെ ബാധിക്കുകയുമില്ല. ആത്മാവിനെ  ശരീരം യാതൊരു തരത്തിലും ബാധിക്കുന്നില്ല. അവരണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല. അവ തമ്മില്‍ ഇരുട്ടും വെളിച്ചവും പോലുള്ള അന്തരമാണുള്ളത്.

ആത്മാവ് ഭാവാഭാവങ്ങള്‍ക്കതീതമാണ്. യാതൊരുവിധത്തിലുമുള്ള ഉപാധികളോ മാറ്റങ്ങളോ അതിനു ബാധകമല്ല. അത് ഉണ്ടായി മറയുന്ന വസ്തുവല്ല. എന്തൊക്കെ സംഭവിക്കുന്നുവോ അതെല്ലാം ജഡമായ, ചൈതന്യരഹിതമായ, പരിമിതമായ, നശ്വരമായ, നന്ദികെട്ട ഈ ശരീരത്തിന് മാത്രമാണ്. അതങ്ങിനെ നടന്നുകൊള്ളട്ടെ. പക്ഷെ ഇന്ദ്രിയങ്ങളിലൂടെ മാത്രം അറിവ് നേടുന്ന ഈ ശരീരം എങ്ങിനെയാണ് ശാശ്വതമായ അവബോധത്തെ അറിയുക? 

ദേഹമോ ആത്മാവോ, ഇവയില്‍ ഒന്ന് സത്യമെന്നു കരുതിയാല്‍ മറ്റേതിന് അസ്തിത്വം ഇല്ലാതാകുന്നു. അവയുടെ അനുഭവതലം തികച്ചും വ്യത്യസ്തമായി ഇരിക്കുന്നതുകൊണ്ട് അവയ്ക്കുണ്ടാവുന്ന സുഖദുഖ അനുഭവങ്ങള്‍ എങ്ങിനെയാണ് സമാനമാവുക? അവ തമ്മില്‍ യാതൊരുവിധ ബന്ധവും സാദ്ധ്യമല്ല എന്നിരിക്കെ അവ രണ്ടും ഒരേസമയം നിലനില്‍ക്കുന്നതെങ്ങിനെ? സൂര്യനുദിക്കുമ്പോള്‍ രാത്രി ഇല്ലാതാവുന്നതുപോലെ ഒന്നുയരുമ്പോള്‍ മറ്റേത് അസ്തമിക്കുന്നു.
  
ആത്മജ്ഞാനം ഒരിക്കലും ആത്മ-അജ്ഞാനം ആവുകയില്ല. എത്ര തെളിഞ്ഞതാണെങ്കിലും നിഴലിനു ചൂടുണ്ടാവുക അസാദ്ധ്യം. പരംപൊരുളായ ബ്രഹ്മം ഉണ്മയാണ്. വൈവിദ്ധ്യത്തെപ്പറ്റിയുള്ള അവബോധം ഉണ്ടെങ്കിലും അത് അതൊരിക്കലും അസത്താവുകയില്ല. ദേഹത്തിന് ഒരിക്കലും അനന്താവബോധത്തിന്റെ സ്വരൂപമാര്‍ജ്ജിക്കാന്‍ ആവുകയില്ല. ജലത്തില്‍ സദാ നില്‍ക്കുന്ന താമരയെ ജലം ബാധിക്കാത്തതുപോലെ ആത്മാവ് സര്‍വ്വവ്യാപിയാണെങ്കിലും അതിനെ ശരീരാദികള്‍ ബാധിക്കുന്നില്ല. കാറ്റിന്റെ സഞ്ചാരങ്ങള്‍ ആകാശത്തെ ബാധിക്കാത്തതുപോലെ ആത്മാവിനെ ജരാനരകളും മരണവും സുഖദുഖങ്ങളും ബാധിക്കുന്നില്ല. അസ്തിത്വ-അനസ്തിത്വ പ്രശ്നങ്ങളെല്ലാം ശരീരത്തെ ബാധിക്കുന്നവയാണ്. ആത്മാവിനെയല്ല.
 
ഭ്രമാത്മകമായ അറിവിന്റെ ഫലമായാണ് ഇക്കാണായ ദേഹാദികള്‍ ഉണ്ടാവുന്നതെങ്കിലും അവ സമുദ്രോപരി കാണപ്പെടുന്ന അലകളെപ്പോലെയാണ്. എല്ലാം അനന്താവബോധത്തിലാണ് നിലകൊള്ളുന്നത്. വൈവിദ്ധ്യതയും കാഴ്ചയിലെ വൈകല്യവും പ്രതിഫലനംചെയ്യുന്ന മാദ്ധ്യമത്തിന്റെതാണ്, വസ്തുവിന്റെയല്ല. സത്യം, അനന്തത, ആത്മാവ് എന്നെല്ലാമറിയപ്പെടുന്ന ഉണ്മ വൈവിദ്ധ്യങ്ങളാല്‍ ബാധിക്കപ്പെടുന്നില്ല. അനേകം കണ്ണാടികളിലും മറ്റു വസ്തുക്കളിലും പ്രതിഫലിക്കുന്ന സൂര്യനെ പ്രതിഫലനമാദ്ധ്യമത്തിന്റെ വൈവിദ്ധ്യം ബാധിക്കുകയില്ലല്ലോ.
ആത്മാവിന്റെ സത്യസ്ഥിതി അറിഞ്ഞു കഴിഞ്ഞാല്‍ ആത്മാവിനെക്കുറിച്ചുള്ള അജ്ഞാനം ക്ഷണത്തില്‍ ഇല്ലാതാവുന്നു.   

Apr 6, 2013

324 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 324


ആദ്യാഹം പ്രകൃതിസ്ഥോസ്മി സ്വസ്ഥോസ്മി മുദിതോസ്മി ച
ലോകാരാമോസ്മി രാമോസ്മി നമോ മഹ്യം നമോസ്തുതേ  (6/5/7)

വസിഷ്ഠന്‍ തുടര്‍ന്നു; രാമാ, മനസ്സ്‌, ബുദ്ധി, അഹംകാരം, ഇന്ദ്രിയങ്ങള്‍ എന്നിവയ്ക്കൊന്നും സ്വതന്ത്രമായ ഒരു  മേധാശക്തിയില്ല. അപ്പോള്‍പ്പിന്നെ ജീവനും മറ്റു പ്രഭാവങ്ങളും എവിടെയാണ് അധിവസിക്കുന്നത്? കണ്ണിന്റെ കാഴ്ച്ചത്തകരാറു കൊണ്ട് ചന്ദ്രബിംബം ഒന്നെയുളളുവെങ്കിലും അതിനെ പലതായി തോന്നുന്നതുപോലെയും, പ്രതിഫലിക്കുന്ന മാദ്ധ്യമത്തിലുണ്ടാകുന്ന ഇളക്കം പ്രതിബിംബത്തെ ചലിപ്പിക്കുന്നതുപോലെയുമാണ് ഒരെയോരാത്മാവിനെ, അല്ലെങ്കില്‍  അവബോധത്തിനെ, ചിന്തകളുടെ ചലനം ഹേതുവായി പലതായി കാണാന്‍ ഇടയാകുന്നത്. അന്ധകാരം ഇല്ലാതാവുന്നതോടെ രാത്രി അവസാനിക്കുന്നു. അതുപോലെയാണ് ആസക്തികള്‍ ഇല്ലാതാവുന്നതോടെ അവിദ്യയും മറയുന്നത്.   

വേദശാസ്ത്രങ്ങളിലെ ആഹ്വാനങ്ങള്‍ സുഖാന്വേഷണാസക്തിയെന്ന രോഗത്തെ ക്ഷണത്തില്‍ മാറ്റുവാനുള്ള ദിവ്യൗഷധമായ സൂക്തങ്ങളത്രേ. പവിഴമണിമാല കോര്‍ത്ത ചരട് പൊട്ടിയാല്‍ മണികള്‍ ഉതിര്‍ന്നുവീഴുംപോലെ മനസ്സിലെ ദുഷ്ടതയും മന്ദതയും ഇല്ലാതായാല്‍ മനസ്സും അതിന്റെ കൂട്ടുകാരും ക്ഷണത്തില്‍ ഇല്ലാതെയാകും. അതിനാല്‍ രാമാ, വേദശാസ്ത്രങ്ങളെ അവഗണിക്കുന്നവര്‍ വെറും പുഴുക്കളുടെ ജീവിതമാണ് നയിക്കുന്നത്. അത് അവരുടെ പതനത്തിനു കാരണമാകുന്നു. കാറ്റടങ്ങുമ്പോള്‍ സമുദ്രോപരിയുള്ള അലകളും അടങ്ങുന്നു. അതുപോലെ അവിദ്യാജന്യമായ വിക്ഷോഭങ്ങള്‍ ഇല്ലാതാവുമ്പോള്‍ ഭാര്യാപുത്രാദി ബന്ധങ്ങളും സുഖവസ്തുക്കളും സൃഷ്ടിക്കുന്ന  ദൃഷ്ടിഭ്രംശവും അവസാനിക്കുന്നു. 

രാമാ, നീ തീര്‍ച്ചയായും ആ സുദൃഢാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. എന്റെ വാക്കുകളെ നീ ശ്രദ്ധയോടെ ശ്രവിച്ചതിനാല്‍ നിന്നിലെ അജ്ഞാനത്തിന്റെ മൂടുപടം നീങ്ങിയിരിക്കുന്നു. സാധാരണ മനുഷ്യര്‍ പോലും അവരുടെ ഗോത്രഗുരുവിന്റെ ഉപദേശങ്ങള്‍ കേട്ട് സമൂല പരിവര്‍ത്തനത്തിന് വിധേയരാവുന്നു. അപ്പോള്‍പ്പിന്നെ നിന്നെപ്പോലെ വിശാലമായ വീക്ഷണമുള്ളവര്‍ക്ക് അതെത്ര പ്രയോജനപ്രദമായിരിക്കും!

രാമന്‍ പറഞ്ഞു: അങ്ങയുടെ വിജ്ഞാനപ്രദമായ വാക്കുകള്‍ കേട്ട് ബാഹ്യലോകത്തിന് ഞാന്‍ ഇതുവരെ കല്‍പ്പിച്ചിരുന്ന മൂല്യം നഷ്ടമായിരിക്കുന്നു. എന്നില്‍ മനസ്സ് നിലച്ചിരിക്കുന്നു. എന്നിലിപ്പോള്‍ പരമപ്രശാന്തിയാണുള്ളത്. അനന്താവബോധം അനന്തമായ നാമരൂപങ്ങളായി എന്റെ മുന്നില്‍ പ്രത്യക്ഷമാകുന്നത് ഞാന്‍ അറിയുന്നു. ഞാന്‍ ഇപ്പോള്‍ കാര്യങ്ങളെ അതിന്റെ സത്യസ്ഥിതിയില്‍ കാണുന്നു. എന്റെ സംശയങ്ങള്‍ക്കറുതിയായി. ശല്യപ്പെടുത്താന്‍ എന്നിലിപ്പോള്‍ ആകര്‍ഷണങ്ങളോ വികര്‍ഷണങ്ങളോ ഇല്ല. “സ്വരൂപത്തില്‍ അഭിരമിക്കുന്നതിനാല്‍ ഞാന്‍ സ്വസ്ഥനാണ്. സംപ്രീതനാണ്. ലോകത്തിനു മുഴുവന്‍ അഭയം പ്രാപിക്കാവുന്ന രാമനാണ് ഞാന്‍.. എനിക്കായും അങ്ങേയ്ക്കായും നമസ്കാരം!”

എന്നില്‍ മനോപാധികള്‍ ഇല്ലാതായിരിക്കുന്നു. മനസ്സ് നിലച്ചിരിക്കുന്നു. ഞാന്‍ എല്ലാറ്റിലും ആത്മാവിനെ കാണുന്നു. എന്നില്‍ എല്ലാറ്റിനെയും കാണുന്നു. ദ്വന്ദത എന്ന മായക്കാഴ്ച്ചയെ ഞാന്‍ ഇത്രകാലം കൊണ്ട് നടന്നത് എത്ര മൂഢതയായിരുന്നു! എനിക്കതോര്‍ത്ത് ചിരിവരുന്നു. അങ്ങയുടെ അമൃതസമാനമായ വാക്കുകളാണ് ഈ തിരിച്ചറിവെന്നിലുണ്ടാക്കിയത്. ഈ ലോകത്ത് ജീവിക്കുമ്പോള്‍ത്തന്നെ ഞാന്‍ ആ അനന്തപ്രഭയില്‍ അഭിരമിക്കുന്നു. വിജ്ഞാനത്തിന്റെ നിറകുടമായ അങ്ങയുടെ ഹൃദയത്തില്‍ നിന്നും നിര്‍ഗ്ഗളിച്ച  വാക്കുകളുടെ പ്രഭാപൂരത്താല്‍ ഞാന്‍ ഇപ്പോള്‍ , ഇവിടെത്തന്നെ, പരമാനന്ദത്തില്‍ അഭിരമിക്കുന്നു. 

Apr 5, 2013

323 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 323


മഹാതരംഗഗംഭീര ഭാസുരാത്മചിദര്‍ണവ:
രാമാഭിധോര്‍മിസ്തിമിത: സമ സൌമ്യോസി വ്യോമവത് (6/3/4)
വസിഷ്ഠന്‍ തുടര്‍ന്നു: അനേകം വിശ്വങ്ങള്‍ എണ്ണമറ്റ അലകളും ചുഴികളുമെന്നപോലെ പ്രത്യക്ഷമായി കാണപ്പെടുന്ന അനന്തമായ ബോധസമുദ്രമാണ് നീ. ഭാവാഭാവങ്ങള്‍ക്ക് അതീതനാണ് നീ. കാരണം അവ രണ്ടും വെറും മനോധാരണകളാണല്ലോ. അത്തരം എല്ലാ ഉപാധികളില്‍ നിന്നും ഉയര്‍ന്ന് എല്ലാ ദ്വന്ദതകള്‍ക്കും അതീതനായി വര്‍ത്തിക്കൂ. നിന്നിലെങ്ങിനെയാണ് വാസനകളും പരിമിതികളും നിലനില്‍ക്കുക?

‘ഇത് വാസനകളാണ്’, ‘ഇത് ജീവനാണ്’, എന്നിത്യാദി ധാരണകള്‍ ഉദിക്കുന്നത് ബോധത്തിലാണല്ലോ. അതുകൊണ്ട് ആ ധാരണകള്‍  ബോധത്തില്‍ നിന്നും വിഭിന്നമാകുന്നതെങ്ങിനെ? അല്ല, അവ ബോധവിഭിന്നമാണെങ്കില്‍ ബോധത്തില്‍ നിന്നാണവ ഉദിച്ചതെന്നു പറയുക വയ്യല്ലോ.

“രാമന്‍ എന്ന് അറിയപ്പെടുന്നയാള്‍ വാസ്തവത്തില്‍ മഹത്തും അനന്തവുമായ ബോധസാഗരമാണ്. അതില്‍ അലകളെപ്പോലെ ഉണ്ടായി മറയുന്ന മായക്കാഴ്ചകള്‍ മാത്രമാണ് എണ്ണമറ്റ വിശ്വങ്ങൾ . നീ അനന്തമായ ആകാശംപോലെ ബൃഹത്തും മഹത്തുമാണ്.” ആ സമ്പൂര്‍ണ്ണ സമതാഭാവത്തില്‍ ,  സമതുലിതാവസ്ഥയില്‍ സ്വയം അഭിരമിക്കൂ.

ചൂടില്‍ നിന്നും അഗ്നിയെ വേര്‍തിരിക്കാനാവില്ല. താമരപ്പൂവില്‍ നിന്നും സുഗന്ധം മാറ്റാനാവില്ല. കണ്‍മഷിയില്‍നിന്നും കറുപ്പോ, മഞ്ഞില്‍നിന്നു വെളുപ്പോ  എടുത്തുകളയാന്‍ കഴിയില്ല. കരിമ്പിന്‍തണ്ടില്‍ നിന്നും മധുരം മാറ്റാനും തിളക്കമുറ്റ ഒരു വസ്തുവില്‍ നിന്ന് പ്രകാശത്തെ മാറ്റാനും സാദ്ധ്യമല്ല. അതുപോലെ ബോധത്തില്‍ നിന്നും വിഭിന്നമല്ല അനുഭവം. 

സമുദ്രത്തില്‍ നിന്നും അലകള്‍ വിഭിന്നമല്ലാത്തതുപോലെ ലോകങ്ങള്‍ , പ്രപഞ്ചങ്ങള്‍ , ഒന്നും ബോധത്തില്‍ നിന്നും വിഭിന്നങ്ങളല്ല. അനുഭവം ബോധത്തില്‍ നിന്നും ഭിന്നമല്ല. അഹംകാരം അനുഭവത്തില്‍ നിന്നും ഭിന്നമല്ല. ജീവന്‍ അഹംകാരത്തില്‍ നിന്നും ഭിന്നമല്ല. മനസ്സ് ജീവനില്‍ നിന്നും ഭിന്നമല്ല. ഇന്ദ്രിയങ്ങള്‍ മനസ്സില്‍ നിന്നുമാണ് ഉണ്ടായത്‌.. ദേഹമോ, ഇന്ദ്രിയങ്ങളില്‍ നിന്നും ഭിന്നവുമല്ല. ലോകം ദേഹത്തില്‍ നിന്നും ഭിന്നമല്ല. ലോകമല്ലാതെ മറ്റൊന്നും ഇല്ലല്ലോ.

പരസ്പര ബന്ധുതയിൽ നിലകൊള്ളുന്ന ഈ ആപേക്ഷികവൈവിദ്ധ്യങ്ങള്‍ എക്കാലവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയുടെ ചലനം ആരും തുടങ്ങിവെച്ചതല്ല. അത് ഏറെക്കാലമായിട്ടുള്ളതാണോ അതോ കുറഞ്ഞൊരു കാലമായിട്ടുള്ളതാണോ എന്ന് നമുക്ക് നിശ്ചയിക്കാനാവില്ല. വാസ്തവമെന്താണെന്നുവച്ചാല്‍ , ഇതെല്ലാം ആത്മാവ് സ്വയം അനന്തതയെ അനുഭവിക്കുന്നതല്ലാതെ മറ്റൊന്നുമല്ല എന്നതാണ്. നിശ്ശൂന്യതയില്‍ ശൂന്യതയുണ്ട്. ബ്രഹ്മത്തില്‍ ബ്രഹ്മം വ്യാപരിച്ചിരിക്കുന്നു. സത്യം സത്യത്തില്‍ പ്രഭപരത്തി നില്‍ക്കുന്നു. പൂര്‍ണ്ണതയെ പൂര്‍ണ്ണത സംപൂര്‍ണ്ണമാക്കുന്നു. 

ജ്ഞാനി ഇഹലോകത്തില്‍ കഴിയുമ്പോഴും ഒന്നും 'ചെയ്യുന്നില്ല'. ഒന്നിനായും ആഗ്രഹിക്കുന്നുമില്ല. രാമാ, ആകാശംപോലുള്ള നിര്‍മലതയില്‍ കഴിയുമ്പോഴും ബാഹ്യമായി ഉചിതകര്‍മ്മങ്ങില്‍ ഏര്‍പ്പെടുക. വിഷാദമോ അമിതാഹ്ലാദമോ ഉണ്ടാവാനിടയുള്ള അവസരങ്ങളില്‍ വെറുമൊരു മരക്കഷണംപോലെ, അചഞ്ചലനായിരിക്കുക.

തന്നെ കൊല്ലാന്‍ തുനിയുന്നവനെപ്പോലും സുഹൃത്താക്കാന്‍ കഴിയുന്നവനാണ് സത്യദര്‍ശി. അങ്ങിനെ ഇഷ്ടാനിഷ്ടങ്ങളെ (രാഗദ്വേഷങ്ങളെ) വെല്ലാന്‍ കഴിയാത്ത ആരും നമ്മുടെ ആദരവര്‍ഹിക്കുന്നില്ല. അഹംകാരപരമോ ആശാപ്രോക്തമോ ആയ കര്‍മ്മങ്ങളില്‍നിന്നും മുക്തനായി, ഒന്നിനോടും ആസക്തിയില്ലാത്തവനായി കഴിയുന്നവനാണ് ജീവന്മുക്തന്‍.. അവന്‍ ലോകത്തെ നശിപ്പിച്ചാല്‍ പോലും അവനെ ആ കര്‍മ്മം ബാധിക്കുകയില്ല. അവനില്‍ ആശാധാരണകള്‍ ഇല്ലാതായിരിക്കുന്നു. വാസനകള്‍ ഉറവ വറ്റിയൊടുങ്ങിയിരിക്കുന്നു. എല്ലാമനോപാധികളും ബന്ധനങ്ങളും ഒഴിഞ്ഞു പോയിരിക്കുന്നു. എണ്ണയില്ലാതെതന്നെ  ഭംഗിയായി എരിഞ്ഞുകത്തി പ്രഭചൊരിയുന്ന ഒരു വിളക്കെന്നപോലെ സ്വയംപ്രഭനാണയാള്‍ .  

Apr 4, 2013

322 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 322


ജീവന്മുക്താ മഹാത്മാനോ യെ പരാവരദര്‍ശിന:
തേഷാം യാ ചിത്തപദവി സാ സത്ത്വമിദി കഥ്യതേ   (6/2/42)

വസിഷ്ഠന്‍ തുടര്‍ന്നു: പരിപൂര്‍ണ്ണമായും അനാസക്തിനിരതരായ ജ്ഞാനികളുടെ സത്സംഗം ഇല്ലാതെ, ഉള്ളിലെ ദുഷ്ടതയെ ക്ഷയിപ്പിക്കാതെ, സത്യാനുഭവം സ്വായത്തമാക്കാതെയിരിക്കുന്ന കാലത്തോളം മാത്രമേ മനസ്സാദി വിഭ്രമാത്മകധാരണകള്‍ നിലനില്‍ക്കുകയുള്ളൂ. കേവലമായ സത്യദര്‍ശനത്തില്‍ നിന്നും ഉദ്ഭൂതമാവുന്ന ചൈതന്യത്തിന്റെ പ്രഭയില്‍  ലോകമെന്ന ആപേക്ഷിക അനുഭവത്തെ അസത്തെന്നു തിരിച്ചറിയാന്‍ കഴിയാത്തിടത്തോളംകാലം മനസ്സ്‌ മുതലായ ഭ്രമങ്ങള്‍ സത്യമായിത്തന്നെ അനുഭവപ്പെടും. പദാര്‍ത്ഥാനുഭവങ്ങള്‍ക്കായുള്ള ആസക്തി ഹേതുവായി ഒരുതരം അന്ധമായ ബന്ധനം തുടര്‍ന്നുകൊണ്ടേയിരിക്കും. അതിന്റെകൂടെ കുറച്ചു ദുഷ്ടതയും കൂടെയുണ്ടെങ്കില്‍ വിഭ്രാന്തിയാണ് ഫലം.

എന്നാല്‍ ആരൊരുവന്‍ സുഖാനുഭവങ്ങളാല്‍ ആകര്‍ഷിക്കപ്പെടുന്നില്ലയോ, ആരുടെ ഹൃദയം നിര്‍മ്മലതയാൽ സുഖശീതളമായിരിക്കുന്നുവോ, ആരൊരുവന്‍ തന്റെ ആശകളെയും പ്രത്യാശകളെയും ആസക്തികളെയും തീരെ ഇല്ലാതാക്കിയോ അയാളില്‍ മനസ്സെന്ന ഭ്രമചിന്തയ്ക്കവസാനമായി എന്നറിഞ്ഞാലും. ഈ ദേഹംപോലും അസത്തായ ഒന്നിന്റെ ഭ്രമാത്മകമായ ‘അനുഭവം’ മാത്രമാണെന്നറിവുറച്ച ഒരുവനില്‍ പിന്നെ മനസ്സെങ്ങിനെ ഉയരാനാണ്? അനന്തതയുടെ പരമോന്നതമായ അഭൌമദര്‍ശനം പ്രാപിച്ച് പ്രത്യക്ഷലോകം സ്വഹൃദയത്തില്‍ വിലീനമായ ഒരുവന്‍ ജീവന്‍ മുതലായ ഭ്രമാത്മകധാരണകള്‍ വെച്ചുപുലര്‍ത്തുകയില്ല.
      
തെറ്റിദ്ധാരണകളും പ്രതീതികളും അവസാനിച്ച് ഹൃദയത്തില്‍ ആത്മജ്ഞാനത്തിന്റെ സൂര്യോദയം സിദ്ധിച്ചവന് മനസ്സില്ല എന്നറിയുക. തീയിലെരിഞ്ഞ കരിയിലയെന്നപോലെ അതുപിന്നെ നാമ്പിടുകയില്ല. “ജീവിച്ചിരിക്കെ മുക്തിപദം പ്രാപിച്ചവരുടെ മനസ്സ് പരമസത്യവും ആപേക്ഷികമായ കാഴ്ചകളും ഒരുപോലെ വ്യക്തമായി കാണുന്നു. ആ മനസ്സ് സത്വം (സുതാര്യം) എന്നറിയപ്പെടുന്നു.” അതിനെ മനസ്സെന്നു പറയുന്നത് തെറ്റാണ്. അത് സത്വം മാത്രമാണ്. സത്യജ്ഞാനമാര്‍ജ്ജിച്ചവര്‍ നിര്‍മനരാണ്. അവര്‍ പൂര്‍ണ്ണസമതയില്‍ അഭിരമിക്കുന്നവരാണ്. അവരുടെ ജീവിതം ഉല്ലാസപ്രദമായ വെറുമൊരു ലീലാവിനോദം മാത്രമാണ്.

വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍ ആമഗ്നരായിരിക്കുമ്പോഴും അവരുടെ അന്ത:പ്രകാശം ജാജ്വല്യമാനമാണ്. തെളിവാർന്നതാണ്. അവരുടെ ഹൃദയത്തില്‍ വാസനകളും ഉപാധികളും ഇല്ലാത്തതിനാല്‍ ദ്വന്ദത, എകാത്മകത, തുടങ്ങിയ ധാരണകളൊന്നും ഉദിക്കുന്നതേയില്ല. സത്വസ്ഥിതിയില്‍ അജ്ഞതയുടെ വിത്ത്‌ എരിഞ്ഞടങ്ങിയതിനാല്‍ ഇനിയതിനു മുളപൊട്ടാന്‍ കഴിയില്ല.

രാമാ, നീയാ സത്വസ്ഥിതിയില്‍ എത്തിയിരിക്കുന്നു. വിവേകവിജ്ഞാനത്തിന്റെ തീയില്‍ നിന്റെ മനസ്സിനെ എരിച്ചടക്കാന്‍ നിനക്ക് കഴിഞ്ഞല്ലോ. എന്താണീ ജ്ഞാനം? അനന്തമായ ബോധം, പരബ്രഹ്മം തന്നെയാണെന്നും, കാണപ്പെടുന്ന ലോകം വെറുമൊരു മായക്കാഴ്ചമാത്രമാണെന്നും അതിന്റെ സത്തപോലും ബ്രഹ്മം തന്നെയാണെന്നും ഉള്ള അറിവാണത്. 

രാമാ, ഈ കാഴ്ച, ഉദാഹരണത്തിന് നിന്റെ ദേഹം, വെറും ജഡമാണ്. അസത്താണത്. അതിന്റെ സത്ത, അതിന്റെ അടിസ്ഥാനമായ ബോധത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. സ്വന്തമായി അതിനൊരു നിലനില്‍പ്പില്ല. അപ്പോള്‍പ്പിന്നെ നീയെന്തിനാണ് ദു:ഖിക്കുന്നത്?
എന്നാല്‍ എല്ലാമെല്ലാം ബോധം മാത്രമാണെന്ന് നിനക്ക് തോന്നുന്നുവെങ്കില്‍ നിന്നില്‍ വൈവിദ്ധ്യത, അതായത്‌ വ്യതിരിക്തമായ ധാരണകള്‍ ഒരിക്കലും ഉദിക്കുകയില്ല. നിന്റെ അടിസ്ഥാനതത്വം, സഹജസ്വരൂപം അനന്തമായ ബോധമാണെന്ന് ഒരിക്കലും മറക്കാതിരിക്കുക. എല്ലാ നാനാത്വഭാവനകളെയും നീ ഉപേക്ഷിക്കുക.

നീ നീയാകുന്നു. എന്നാല്‍ ആ ധാരണപോലും നിന്നെ നിര്‍വചിക്കാന്‍ പര്യാപ്തമല്ല. അതിനെല്ലാമപ്പുറം, നീ സ്വയംപ്രഭനായ ഉണ്മയാണ്. വിശ്വസത്തയും അനന്താവബോധവുമായ നിനക്കെന്റെ നമസ്കാരം.!   

Apr 2, 2013

321 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 321


ദേഹേ യാവദഹംഭാവോ ദൃശ്യേസ്മിന്‍യാവദാത്മനാ
യാവന്‍മമേദമിത്യാസ്ഥാ താവച്ചിത്താദിവിഭ്രമ:   (6/2/31)

വാല്‍മീകി തുടര്‍ന്നു: ഉണര്‍ന്നുയരുന്ന അന്ത:പ്രജ്ഞ ഹേതുവായി മനോപാധികള്‍ പിന്‍വാങ്ങുന്നപോലെ പെട്ടെന്ന്‍ തന്നെ രാത്രിയുടെ അന്ധകാരം സൂര്യോദയത്തിന്റെ പ്രകാശത്തിനു വഴിമാറിക്കൊടുത്തു. കിഴക്ക് നിന്നും പുറപ്പെട്ട സൂര്യകിരണങ്ങള്‍ എല്ലാ ദിക്കുകളെയും പ്രകാശമാനമാക്കി. രാമലക്ഷ്മണന്മാരും മറ്റുള്ളവരും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉറക്കമെഴുന്നേറ്റു പ്രഭാതപൂജകള്‍ നടത്തി. എന്നിട്ടവര്‍ പെട്ടെന്നുതന്നെ വസിഷ്ഠമഹര്‍ഷിയുടെ കുടിലില്‍ ചെന്നു. അദ്ദേഹത്തിനെ നമസ്കരിച്ചു ബഹുമാനിച്ച് കൊട്ടാരസദസ്സിലേയ്ക്ക് ആനയിച്ചു. സഭയില്‍ നിറയെ ആകാംക്ഷാഭരിതരായി ആളുകള്‍ നിശ്ശബ്ദം മഹര്‍ഷിയെ കാത്തിരിപ്പുണ്ടായിരുന്നു. മുന്‍പത്തെ ദിവസങ്ങളില്‍ തങ്ങള്‍ക്കു നിശ്ചയിച്ചു നല്‍കിയ ആസനങ്ങളില്‍ അവര്‍ ഇരുപ്പുറപ്പിച്ചു. രാമന്‍ വസിഷ്ഠമുനിയുടെ മുഖത്തേയ്ക്ക് ഭക്തിപുരസരം, സാകൂതം നോക്കി.

വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ഇതുവരെ നിനക്ക് പറഞ്ഞു തന്ന ആത്മജ്ഞാനപ്രദായകങ്ങളായ വാക്കുകള്‍ നിനക്ക് ഓര്‍മ്മയുണ്ടാകുമല്ലോ. പരിപൂര്‍ണ്ണത എങ്ങിനെയാണ് ശാശ്വതമായി നമ്മില്‍ ദൃഢീകരിക്കുവാനാവുക എന്ന് ഞാന്‍ നിനക്ക് വീണ്ടും പറഞ്ഞു തരാം. മനോപാധികളില്ലാതെ അനാസക്തനായി, സത്യത്തെക്കുറിച്ച് ശരിയായ അറിവുറയ്ക്കുമ്പോള്‍ നിനക്ക് ഈ സംസാരസാഗരത്തെ, അതായത്‌ ജനനമരണങ്ങള്‍ എന്ന ബന്ധനചക്രത്തെ മറികടക്കാന്‍ കഴിയും. അതുകൊണ്ട് ഇതിനു സാദ്ധ്യമാവുന്ന തരം കര്‍മ്മങ്ങളില്‍ നീ സദാ വ്യാപൃതനായാലും.

വാസനകള്‍ ഇല്ലാതായി, മനോപാധികള്‍ നശിച്ച്, തെറ്റിദ്ധാരണകള്‍ പൂര്‍ണ്ണമായി അസ്തമിച്ച് സത്യം സാക്ഷാത്കരിക്കുമ്പോള്‍ ദുഃഖ നിവൃത്തിയായി. അനന്താവബോധം, അതായത്‌ കേവലമായ അസ്തിത്വം മാത്രമേ ഉണ്മയായുള്ളു. അത് കാലദേശാദി ധാരണകള്‍ക്കതീതവും അവിഛിന്നവുമാണ്. അനന്തത മാത്രമേയുള്ളൂ എങ്കിലും അതില്‍ എങ്ങിനെയോ ദ്വന്ദത ഉളവായി. അനന്തതയെ എങ്ങിനെയാണ് രണ്ടായി വിഭജിക്കുക? അത് സാധ്യമല്ലതന്നെ. ഈ സത്യമറിഞ്ഞുകൊണ്ട് അഹംകാരമുക്തനായി ആനന്ദത്തില്‍ അഭിരമിച്ചാലും.

ശരിയായ അര്‍ത്ഥത്തില്‍ മനസ്സില്ല, അവിദ്യയില്ല, ജീവാത്മാവും (വ്യക്തിഗതമായ ആത്മാവ്) ഇല്ല. ഇവയെല്ലാം സൃഷ്ടികര്‍ത്താവായ ബ്രഹ്മാവില്‍ അങ്കുരിച്ച സങ്കൽപ്പധാരണകള്‍ മാത്രമാണ്. എന്തൊക്കെ വസ്തുക്കളുണ്ടോ, മനസ്സ്‌ എന്തൊക്കെയാണോ, ആ മനസ്സെന്തോക്കെയാണോ ആഗ്രഹിക്കുന്നത്, അവയെല്ലാം എകാത്മകമായ- ഒരേയൊരു വിശ്വാവബോധം മാത്രമാണ്. ഒരേയൊരു സത്തയാണ് സ്വര്‍ഗ്ഗത്തിലും നരകത്തിലും ഭൂമിയിലും പ്രഭപരത്തി ജ്വലിക്കുന്നത്.

അജ്ഞതയില്‍ നിന്ന് ജനിച്ച ധാരണകള്‍ ഉള്ളിടത്തോളം കാലം, അനന്തതയെക്കുറിച്ചല്ലാതെയുള്ള മറ്റു പ്രതീതികള്‍ ഉള്ളിടത്തോളം, ആശകളും പ്രത്യാശകളും നിലനില്‍ക്കുന്നിടത്തോളം, മാത്രമേ മനസ്സെന്ന ധാരണയ്ക്ക് സാധുതയുള്ളൂ.

“ദേഹത്തെ ‘ഞാന്‍’ എന്ന് കരുതി,  പ്രത്യക്ഷമായി കാണപ്പെടുന്നതുമായാണ്   ആത്മാവ്  ബന്ധപ്പെട്ടിരിക്കുന്നതെന്ന് ധരിച്ച്, വിഷയങ്ങളില്‍ ആശവച്ച്, ‘ഇതെന്റെത്’, 'ഇത് മറ്റൊരുവന്റെത്',  എന്ന് കരുതിയിരിക്കുന്നിടത്തോളം മനസ്സ് മുതലായ വിഭ്രാന്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

Apr 1, 2013

320 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 320


ആറാം ഭാഗം - നിര്‍വാണ പ്രകരണം ആരംഭം

അനയൈവ ദിയാ രാമ വിഹരന്നൈവ ബദ്ധ്യസേ
അന്യഥാധ: പതസ്യാശു വിന്ധ്യഖാതെ യഥാ ഗജ: (6/1/26)

വാല്‍മീകി: ഉപശമപ്രകരണത്തിന്റെ വിശദമായ ഉപന്യാസം അവസാനിപ്പിച്ചിട്ട് വസിഷ്ഠമുനി ഇങ്ങിനെ പറഞ്ഞു: ‘രാമാ, നീയിതുവരെ ഉപശമപ്രകരണം കേട്ടുവല്ലോ. ഇനി മുക്തിയെ സംബന്ധിക്കുന്ന ശാസ്ത്രഭാഗങ്ങള്‍ - നിർവാണ പ്രകരണം ഞാന്‍ വിശദീകരിക്കാം.’

സഭയില്‍ സന്നിഹിതരായിരുന്നവരെല്ലാം മഹാനായ വസിഷ്ഠന്റെ പ്രഭാഷണത്തിന്റെ ചാതുര്യത്തിൽ ആമഗ്നരായി ഇരുന്നു. അദ്ദേഹത്തിന്‍റെ ഓരോ വാക്കുകളിലും ഭാവഹാവാദികളിലും അവര്‍ ജാഗ്രതയോടെ ശ്രദ്ധയുറപ്പിച്ചിരുന്നു. ജീവനുള്ള മനുഷ്യരൂപങ്ങളെ വരച്ചുവെച്ചതുപോലെ, നിര്‍നിമേഷരായിട്ടായിരുന്നു അവരുടെ ഇരുപ്പ്‌.. സൂര്യചന്ദ്രാദികളും കാറ്റും പക്ഷിമൃഗാദികളും, എന്നുവേണ്ട പ്രകൃതി മുഴുവനും മഹര്‍ഷിയുടെ പ്രഭാഷണം ശ്രദ്ധയോടെ ശ്രവിച്ചു. അതിലെ സൂക്ഷ്മതരമായ ആത്മജ്ഞാനത്തില്‍ ആണ്ടുമുങ്ങി അവരുടെ ആത്മാവ് വിലീനമായിത്തീര്‍ന്നിരുന്നു. സൂര്യാസ്തമയമായപ്പോഴേക്ക് കൊട്ടാരത്തില്‍ ഭേരിയും കാഹളവും മുഴങ്ങി.

ഈ കോലാഹലം വസിഷ്ഠമുനിയുടെ ശബ്ദത്തിനു മുകളില്‍ പൊങ്ങി നിന്നിരുന്നുവെങ്കിലും അതൊന്നടങ്ങിയപ്പോള്‍ മഹര്‍ഷി രാമനോട് ഇങ്ങിനെ ചോദിച്ചു: രാമാ, പരമോന്നതമായ സത്യത്തെ വാക്കുകള്‍കൊണ്ട് ഊടും പാവും ചേർത്ത് ഒരു വലനെയ്യുംപോലെ ഞാന്‍ നിനക്ക് പറഞ്ഞു തന്നു. ഈ വലയില്‍ നിന്റെ മനസ്സാകുന്ന പക്ഷിയെ നീ ബന്ധിച്ചാലും. അങ്ങിനെ മനസ്സ് നിന്റെ ഹൃദയത്തില്‍ വിശ്രാന്തിയടയട്ടെ. അതുവഴി നിനക്ക് ആത്മജ്ഞാനം പ്രാപിക്കാം. ഞാന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ നിന്നില്‍ വേണ്ടത്ര ആഴ്ന്നിറങ്ങിയിട്ടുണ്ടോ? പാലും വെള്ളവും വേര്‍തിരിച്ച് പാലുമാത്രം കുടിക്കുവാന്‍  കഴിവുള്ള ജീവിയാണ് അരയന്നം എന്നൊരു ചൊല്ലുണ്ടല്ലോ? അതുപോലെ നിനക്കും ഞാന്‍ പറഞ്ഞ അനവധി കഥകളില്‍ നിന്നും ഉദാഹരണങ്ങളില്‍ നിന്നും സത്യസാരം വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചുകാണുമല്ലോ. ഈ സത്യത്തെപ്പറ്റി നീ തുടര്‍ച്ചയായി ധ്യാനം ചെയ്യണം. ഞാന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും മനനം ചെയ്തുറപ്പിച്ച് നീയീ പാതയില്‍ സധീരം മുന്നേറിയാലും.
 
“നിന്റെ പ്രജ്ഞ സത്യത്തില്‍ അടിയുറച്ചിരുന്നാല്‍പ്പിന്നെ ലൌകീകമായി വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളിലും വ്യവഹാരങ്ങളിലും നീ  മുഴുകിയിരുന്നാലും നിന്നെ അവ ബാധിക്കുകയില്ല. എന്നാല്‍ സത്യജ്ഞാനത്തില്‍ നിന്ന് വ്യതിചലിച്ചാലോ, അഗാധ ഗര്‍ത്തത്തില്‍ പതിക്കുന്ന ആനയെപ്പോലെ നിന്റെ പതനവും സുനിശ്ചയമാണ്.” ഈ സത്യജ്ഞാനത്തെ സ്വന്തം ജീവിതത്തില്‍ അനുവര്‍ത്തിക്കാതെ അതൊരു ബുദ്ധിവ്യായാമമോ വിനോദാനുഭവമോ മാത്രമായി നീ എടുക്കുകയാണെങ്കില്‍ ഒരന്ധനു പറ്റുന്ന വീഴ്ച്ചപോലെയാവും അതിന്റെ ഫലം.

ഞാന്‍ പറഞ്ഞുതന്ന മുക്തിതലം അല്ലെങ്കില്‍ പരിപൂര്‍ണ്ണസ്ഥിതിയെ  പ്രാപിക്കണമെങ്കില്‍ അനാസക്തനായി നീ ഓരോ അവസരത്തിലും ഉചിതമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. എല്ലാ വേദശാസ്ത്രങ്ങളുടെയും പ്രധാന സന്ദേശം അനാസക്തിയാണെന്ന് അറിഞ്ഞാലും.

സഭ പിരിയാന്‍ അനുവാദം കിട്ടിയപ്പോള്‍ എല്ലാവരും അവരവരുടെ വാസഗൃഹങ്ങളിലേയ്ക്ക് മടങ്ങി. അവര്‍ വസിഷ്ഠമുനിയുടെ പ്രഭാഷണത്തെപ്പറ്റി പരസ്പരം ചര്‍ച്ചചെയ്തും അതിനെപ്പറ്റി മനനം ചെയ്തും രാത്രി കഴിച്ചുകൂട്ടി. അങ്ങിനെ അന്നുരാത്രി വളരെക്കുറച്ചു സമയം മാത്രമേ അവര്‍ ദീര്‍ഘനിദ്രയില്‍ കഴിഞ്ഞുള്ളു.  

Mar 30, 2013

319 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 319

ഭാവാഭാവേ പദാര്‍ത്ഥാനാം ഹര്‍ഷാമര്‍ഷവികാരദാ
മലിനാ വാസനാ യൈഷാ സാ സംഗ ഇതി കഥ്യതേ  (5/93/84)

രാമന്‍ ചോദിച്ചു: ഭഗവന്‍, എന്താണ് സംഗം എന്ന് ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: “പ്രപഞ്ചവസ്തുക്കളുടെ ആപേക്ഷികമായ ഭാവാഭാവങ്ങള്‍ക്കനുസരിച്ച് സുഖദുഃഖാനുഭവങ്ങളെ ആവര്‍ത്തിച്ചു വേദ്യമാക്കി മനോപാധികളെ കൂടുതല്‍ സാന്ദ്രവും ബലവത്തുമാക്കുന്നതെന്തോ അതാണ്‌ സംഗം.” അതുമൂലം അനുഭവവേദ്യമായ വസ്തുക്കളുമായുള്ള ബന്ധുത്വം അനിവാര്യമായ ഒന്നാണെന്ന് മനസ്സ് ഉറച്ചു വിശ്വസിക്കുന്നു. സുഖാനുഭാവങ്ങളുമായി അങ്ങിനെ ഒടുങ്ങാത്ത ആസക്തി സംജാതമാവുന്നു.   

എന്നാല്‍ മുക്തിപദം പ്രാപിച്ച മുനിക്കും മനോപാധികള്‍ ഉണ്ടാകാമെങ്കില്‍പ്പോലും അവയ്ക്ക് സുഖദുഖാനുഭവങ്ങളുമായി ബന്ധമില്ല. അവ ശുദ്ധമാണ്. ക്ഷീണിച്ചതോ നാശപ്രായമായതോ ആയ ഉപാധികളാണവ. ശരീരം വീണടിയുന്നത് വരെ ഈ മനോപാധികള്‍ നിലനില്‍ക്കുന്നുവെങ്കിലും അവ കര്‍മ്മങ്ങള്‍ക്ക് കാരണമാകുന്നുവെങ്കിലും അവയുടെ പരിശുദ്ധി ഹേതുവായി ആ കര്‍മ്മങ്ങള്‍ക്ക് പുനര്‍ജന്മാദിഫലങ്ങളെ ഉണ്ടാക്കുവാന്‍ കഴിയില്ല. എന്നാല്‍ അജ്ഞാനിയിലെ കട്ടിപിടിച്ചുറച്ച മനോപാധികള്‍ സംഗം തന്നെയാണ്.

വികലമായ ധാരണാസങ്കല്‍പ്പങ്ങളെ നിന്നിലങ്കുരിപ്പിക്കുന്ന ഈ സംഗത്തെ  ഉപേക്ഷിച്ച് നിന്നില്‍ സഹജമായും പ്രവര്‍ത്തോനോന്മുഖമാകുന്ന പ്രവർത്തനങ്ങള്‍ ചെയ്യുമ്പോള്‍ അവ നിന്നെ ബാധിക്കുകയില്ല. സുഖദു:ഖങ്ങളെ ഒരുപോലെ കണ്ട്, ആകര്‍ഷണ വികര്‍ഷണങ്ങളില്‍ നിന്നും സ്വതന്ത്രനായി, ഭീതിരഹിതനായിരിക്കുമ്പോള്‍ നിന്നില്‍ സംഗമില്ല. ദുഖത്തില്‍ വ്യാകുലപ്പെടാതെയും സന്തോഷത്തില്‍ അമിതാഹ്ലാദിയാകാതേയും ആശകളിലും പ്രത്യാശകളിലും പെട്ടുഴറാതെയുമിരിക്കുമ്പോള്‍ നിന്നില്‍ സംഗമില്ല. ഇവിടെ, വ്യവഹാരലോകത്തില്‍ നിന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമ്പോഴും സത്യസ്വരൂപത്തെപ്പറ്റിയുള്ള അവബോധം നിന്നിലുണ്ടെങ്കില്‍ നിനക്ക് സംഗമില്ല. ആത്മജ്ഞാനനിരതനായി സമതാദര്‍ശനത്തോടെ ആകസ്മികവും ഉചിതവുമായ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ നിന്നില്‍ സംഗമില്ല.
 
പ്രയാസരഹിതമായി, അനാസക്തനായി, ഒന്നിനോടും സംഗം കൂടാതെ മുക്തനായ ഒരു മുനിയെപ്പോലെ നിനക്കും ഇവിടെ വിരാജിക്കാം. മുനി തന്റെ അന്ത:പ്രശാന്തതയില്‍ അഭിമാനമോ അഹങ്കാരമോ അസൂയയോ വെച്ച്പുലര്‍ത്താതെ ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായും തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തി ജീവിക്കുന്നു. ലോകത്തുള്ള സകല വസ്തുക്കളും മുന്നിലുള്ളപ്പോഴും അനാസക്തനായ മുക്തപുരുഷനെ അവയൊന്നും പ്രലോഭിപ്പിക്കുന്നില്ല. അയാള്‍ തനിക്ക് നൈസര്‍ഗ്ഗികവും സ്വാഭാവികവുമായ കര്‍മ്മങ്ങളില്‍ മാത്രം വ്യാപൃതനായിക്കഴിയുന്നു. 
അനിവാര്യമായതും ഉചിതവുമാണയാളുടെ കര്‍മ്മങ്ങള്‍.  അയാള്‍ ആനന്ദം കണ്ടെത്തുന്നത് തന്റെയുള്ളില്‍ നിന്നുമാണ്. പ്രത്യക്ഷലോകം അയാളെ യാതൊരുവിധത്തിലും ബന്ധിപ്പിക്കുന്നില്ല. തിളച്ചുമറിയുമ്പോഴും പാലിന്റെ നിറം മാറുന്നില്ലാത്തതുപോലെ മുക്തപുരുഷന്റെ ജ്ഞാനം എത്ര ദുരിതങ്ങള്‍ നേരിടേണ്ടിവന്നാലും അചഞ്ചലമായിരിക്കും. ഏറ്റവും വലിയ ദു:ഖമനുഭവിക്കുമ്പോഴും സ്വര്‍ഗ്ഗചക്രവര്‍ത്തിയായി അവരോധിക്കുമ്പോഴും അദ്ദേഹത്തില്‍ ഭാവവ്യത്യാസങ്ങളില്ല. എപ്പോഴും അയാള്‍ സമതയില്‍ അഭിരമിക്കുന്നു.

അതുകൊണ്ട് രാമാ നീയും ആത്മവിചാരം തുടരുക. ആത്മജ്ഞാനത്തില്‍ ദൃഢചിത്തനാവുക. പിന്നീട് നിനക്കൊരിക്കലും ജനനമരണ ബന്ധനങ്ങള്‍ ഉണ്ടാവുകയില്ല.

(വിചാരം എന്ന് പറയുന്നത് വെറും അന്വേഷണമല്ല. അന്ത:പ്രജ്ഞയുടെ ചലനമാണത്. എന്നാലത് ബുദ്ധിപരമായ വ്യായാമവുമല്ല. തന്റെ തന്നെ ഉള്ളിലേയ്ക്ക് നടത്തുന്ന നിരീക്ഷണവും നേരറിവുമാണത്.)

ഉപശമപ്രകരണം എന്ന അഞ്ചാം ഭാഗം അവസാനിച്ചു.

Mar 29, 2013

318 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 318


കിംചിത്പ്രൌഢവിചാരം തു നരം വൈരാഗ്യപൂര്‍വകം
സംശ്രയന്തി ഗുണാ: ശുദ്ധാ: സര: പൂര്‍ണ്ണമിവാണ്ഡജ: (5/93/3)

വസിഷ്ഠന്‍ തുടര്‍ന്നു: ഒരുവന്‍ ആത്മാന്വേഷണത്താല്‍ അല്‍പ്പമെങ്കിലും മനോനിയന്ത്രണം കൈവരിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ ജീവിതം ഫലവത്തായി എന്നുപറയാം. കാരണം ആത്മാന്വേഷണം അയാളുടെ ഹൃദയത്തെ വിശാലമാക്കും. “അത്തരം അന്വേഷണം അനാസക്തിയുടെ പിന്‍ബലത്തോടെയാണെങ്കില്‍ , അത് അഭ്യാസംകൊണ്ട് അടിയുറച്ചിട്ടുണ്ടെങ്കില്‍ ,  പവിത്രമായ ഗുണങ്ങള്‍ സ്വാഭാവികമായും സാധകനില്‍ വന്നുചേരും.”

ആത്മാന്വേഷണനിരതനായി, വസ്തുക്കളെ അതിന്റെ ഉണ്മയിൽ ദർശിക്കുന്ന ഒരുവനെ അവിദ്യയും അതിന്റെ കൂട്ടാളികളും ശല്യപ്പെടുത്തുകയില്ല. ആത്മീയപാതയില്‍ സ്വയമുറപ്പിച്ച കാലടികളോടെ സഞ്ചരിക്കുന്നവനെ ഇന്ദ്രിയസുഖാദികളാകുന്ന കള്ളന്മാര്‍ക്ക് കീഴടക്കാനാവില്ല. എന്നാല്‍ ആത്മാന്വേഷണത്തില്‍ അടിയുറക്കാത്തവരെ ഇന്ദ്രിയസുഖങ്ങള്‍ എളുപ്പത്തില്‍ കീഴടക്കും. ആത്മാന്വേഷണത്തില്‍ താല്‍പ്പര്യമില്ലാതെയും അതുകൊണ്ട് ആത്മാവിനെപ്പറ്റി അറിയാതെയും ഇരിക്കുന്നവന്‍ മരിച്ചതിനു തുല്യമാണ്.

അതിനാല്‍ രാമാ, ഈ ആത്മാന്വേഷണം തുടരുക തന്നെ വേണം. അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി സത്യത്തെ കാണിച്ചുതരുന്നത് ഈ അന്വേഷണമാണ്. സത്യജ്ഞാനം ദു:ഖത്തെ ദൂരീകരിക്കുന്നു. ജ്ഞാനത്തിനൊപ്പം അതിന്റെ അനുഭവവും വേദ്യമാവും. എന്നാല്‍ വേദശാസ്ത്രപഠനത്തിന്റെ ഫലമായുണ്ടാകുന്ന ആന്തരീകമായ വെളിച്ചത്തില്‍ ജ്ഞാനവും അതിന്റെ അനുഭവവും സമഗ്രമായി വെളിപ്പെടുന്നു. ഈ അന്ത:പ്രകാശം തന്നെയാണ് ആത്മജ്ഞാനം. അതിന്റെ അനുഭവമോ, ജ്ഞാനത്തിൽ നിന്ന് വേറിട്ട ഒന്നല്ല. അവതമ്മില്‍ ഭേദമില്ല. അദ്വയമാണത്.

ആത്മജ്ഞാനം നേടിയ ആള്‍ അതില്‍ സദാ ആനന്ദമഗ്നനായിരിക്കുന്നു. ജീവിച്ചിരിക്കുമ്പോഴേ മുക്തനാണയാൾ. ലോകത്തിന്റെ ചക്രവര്‍ത്തിയെന്നപോലെ അയാള്‍ വിരാജിക്കുന്നു. വൈവിദ്ധ്യങ്ങളായ അനുഭവങ്ങള്‍ -സുഖമോ ദു:ഖമോ ആയിക്കൊള്ളട്ടെ- അവ അയാളെ അലട്ടുന്നില്ല. സുഖങ്ങള്‍ അയാളെ കീഴടക്കുന്നില്ല. അയാളില്‍ സുഖത്തിനായി യാതൊരാസക്തിയും അവശേഷിക്കുന്നുമില്ല. അയാള്‍ സ്വയം സംപ്രീതനാണ്. ആരുമായും അടുപ്പമോ ഒട്ടലോ ഇല്ലാത്തതിനാല്‍ അയാള്‍ക്ക്‌ എല്ലാവരും സുഹൃത്താണ്. അയാളില്‍ ആരോടും ശത്രുതയില്ല. പടയില്‍ ശത്രുവിന്റെ അലര്‍ച്ചയോ കാട്ടിലെ സിംഹഗര്‍ജനമോ അയാളെ നടുക്കുന്നില്ല.
നന്ദനോദ്യാനങ്ങള്‍ അയാളില്‍ പ്രഹര്‍ഷമോ, മരുഭൂമികള്‍ വിഷാദമോ ഉണ്ടാക്കുന്നില്ല. അകമേ പ്രശാന്തനാണെങ്കിലും ബാഹ്യമായി അതത് സമയത്തെ ആവശ്യമനുസരിച്ച് ഉചിതമായ കര്‍മ്മപരിപാടികളില്‍ സദാ നിരതനാണയാൾ. കൊലപാതകിയോടും ഉദാരശീലനോടും അയാള്‍ക്ക്‌ ഒരേ മനോഭാവമാണുള്ളത്. അയാളുടെ വിശ്വവീക്ഷണത്തില്‍ ചെറുതും വലുതുമായ എല്ലാറ്റിനും ഒരേ മൂല്യമാണുള്ളത്. എല്ലാമെല്ലാം ശുദ്ധമായ അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല എന്നയാള്‍ അറിഞ്ഞിട്ടുണ്ടല്ലോ. 

ആരൊരുവന്‍ ആസക്തിലേശമില്ലാതെ അവയവങ്ങളെ  ഉചിതമായി ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവോ അവനെ യാതൊന്നും –സുഖങ്ങളോ ദുഃഖങ്ങളോ ബാധിക്കുകയില്ല. അവന്റെ പ്രവര്‍ത്തനങ്ങള്‍ അനിഛാപൂര്‍വ്വം നടക്കുകയാണ്. അവന്‍ കാണുന്നില്ല; അവന്റെ കണ്ണുകള്‍ കാണുന്നു.അവൻ കേള്‍ക്കുന്നില്ല; അവന്റെ കാതുകള്‍ കേള്‍ക്കുന്നു. അവന്‍ സ്പര്‍ശിക്കുന്നില്ല; അവന്റെ ശരീരം തൊടുന്നു.

തീര്‍ച്ചയായും ആസക്തിയാണ് ലോകമെന്ന ഈ ഭ്രമാത്മകമായ പ്രകടിതദൃശ്യങ്ങള്‍ക്ക് കാരണം. വസ്തുക്കളെ സൃഷ്ടിക്കുന്നതും അതാണ്‌.. ആസക്തിയാണ് ബന്ധനങ്ങളും ഒടുങ്ങാത്ത ദു:ഖങ്ങളും ഉണ്ടാക്കുന്നത്. അതിനാലാണ് മഹാത്മാക്കള്‍ അനാസക്തിയാണ് മുക്തി എന്ന് പറയുന്നത്. രാമാ, നീയും  ആസക്തികളെ ഉപേക്ഷിച്ച് ജീവന്മുക്തനായ ഒരു ഋഷിയാവൂ.

Mar 28, 2013

317 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 317


അദ്ധ്യാത്മവിദ്യാധിഗമ: സാധുസംഗമ ഏവ ച
വാസനാസംപരിത്യാഗ: പ്രാണസ്പന്ദനിരോധനം  (35/92/35)

രാമന്‍ ചോദിച്ചു: ഭഗവന്‍, എങ്ങിനെയാണൊരുവന്‍ തന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന കാരണങ്ങളെ എല്ലാമകറ്റി പരമമായ ആ അവസ്ഥയെ പ്രാപിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ഈ ദു:ഖത്തിന്റെ വിത്തുകള്‍ ഓരോന്നോരോന്നായി, ഒന്നിനൊന്നു കാരണമായവയെ നശിപ്പിച്ച് ഇല്ലാതാക്കാം. എന്നാല്‍ മാനസീകോപാധികളെ എല്ലാം ഒരൊറ്റയടിക്ക് നശിപ്പിക്കാന്‍ കഴിഞ്ഞാല്‍ , സ്വപരിശ്രമത്താല്‍ ആ പരമസത്തയില്‍ അഭിരമിക്കാനായാല്‍ , അതില്‍ ഒരു മാത്രയെങ്കിലും വിശ്രാന്തിയടയാന്‍ കഴിഞ്ഞാല്‍ , നിനക്കാ പരമാവസ്ഥയിൽ ശാശ്വതമായി നിവസിക്കാം. എന്നാല്‍ ആ നിര്‍മലമായ പരമസത്തയുടെ പൊരുള്‍ അറിയാനായി മാത്രമാണ് നീയാഗ്രഹിക്കുന്നതെങ്കില്‍ അശ്രാന്തപരിശ്രമം കൊണ്ട് നിനക്കതിനും കഴിയും.   

അതുപോലെ അനന്താവബോധത്തെപ്പറ്റി ധ്യാനം ചെയ്തും നിനക്കാ സത്തയില്‍ അഭിരമിക്കാം.   എങ്കിലും അത് വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു പാതയാണ്. അനുഭവങ്ങളെ പ്രദാനം ചെയ്യുന്ന വസ്തുക്കള്‍ ധ്യാനത്തിനുതകുകയില്ല. കാരണം അവ ബോധത്തില്‍ അല്ലെങ്കില്‍ ആത്മാവില്‍ മാത്രം നിലകൊള്ളുന്നവയാണല്ലോ. എന്നാല്‍ നീ ധാരണകള്‍ , സങ്കല്‍പ്പങ്ങള്‍ , ശീലങ്ങള്‍ തുടങ്ങിയ മനോപാധികളെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ക്ഷണനേരംകൊണ്ട് എല്ലാ സ്ഖലിതങ്ങളും മാഞ്ഞുപോവും. പക്ഷെ മുന്‍പ് പറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ നിന്നുമൊക്കെ ഇത് കഠിനതരമാണ്.   

മനസ്സില്‍ ചിന്താസഞ്ചാരങ്ങള്‍ ഇല്ലാതാവും വരെ ഉപാധികള്‍ നശിക്കുക എന്നതസാദ്ധ്യം. നേരേ തിരിച്ചും അങ്ങിനെതന്നെയാണ്. സത്യസാക്ഷാത്കാരം പ്രാപിക്കാതെ മനോവ്യാപാരങ്ങള്‍ അവസാനിക്കില്ല. തിരിച്ചും അങ്ങിനെതന്നെ. അതുപോലെ തന്നെയാണ് ഉപാധികള്‍ അവസാനിച്ചാലല്ലാതെ അനുപാധികമായ സത്യം വെളിപ്പെടുകയില്ല എന്ന കാര്യവും. സത്യസാക്ഷാത്കാരം, മനോനിഗ്രഹം, മനോപാധികളുടെ അന്ത്യം എന്നിവ അതീവരഹസ്യമായി പരസ്പരം ഇഴപാകി ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവയെ ഓരോന്നോരോന്നായി വേറിട്ട്‌ കൈകാര്യം ചെയ്യുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് രാമാ, അവയെ ഒന്നിച്ചു സമഗ്രമായി കീഴടക്കുക. അതിനായി എല്ലാ ശക്തിയുമുപയോഗിച്ചു നിന്നിലെ സുഖാന്വേഷണത്വരകളെ സംത്യജിച്ചാലും. കുറെയേറെക്കാലം ഇതഭ്യസിച്ചാല്‍ മാത്രമേ ഫലമുണ്ടാവുകയുള്ളു.

രാമാ, ഈ ലോകമെന്ന പ്രത്യക്ഷപ്രപഞ്ചം ഏറെക്കാലമായി നാം സത്യമെന്നു വിശ്വസിച്ചു പോരുന്നു. അതിനാല്‍ തുടര്‍ച്ചയായ അഭ്യാസത്താല്‍ മാത്രമേ, ഇപ്പറഞ്ഞ മൂന്നും ഒരുമിച്ചു മറികടക്കാന്‍ നിനക്ക് കഴിയൂ. ജ്ഞാനികള്‍ പറയുന്നത് പ്രാണനിയന്ത്രണവും മനോപാധികളെ അടക്കുന്നതും ഒരേ ഫലമാണുണ്ടാക്കുന്നതെന്നാണ്. അതുകൊണ്ട് നീ അവ രണ്ടും ഒരുമിച്ചു പരിശീലിക്കൂ. ഒരു യോഗഗുരുവിന്റെ നിര്‍ദ്ദേശാനുസരണം പ്രാണയാമത്തിലൂടെ പ്രാണവായുവിനെ നിനക്ക് നിയന്ത്രിക്കാന്‍ കഴിയും.

അനുഭവദാദാക്കളായ വസ്തുക്കള്‍ മുന്നില്‍ കാണുമ്പോഴും മനസ്സില്‍ ആശയോ വെറുപ്പോ, ആസക്തിയോ ഉദിക്കുന്നില്ലെങ്കില്‍ മനോപാധികള്‍ക്ക് ക്ഷീണം ബാധിച്ചിരിക്കുന്നു എന്നര്‍ത്ഥം. അപ്പോള്‍ വിവേകമുദിക്കുന്നു. അതും ഉപാധികളെ കൂടുതല്‍ ക്ഷീണിപ്പിക്കുന്നു. അങ്ങിനെ മനസ്സ് ഇല്ലാതാവുന്നു. ഉചിതമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാലല്ലാതെ മനസ്സിനെ കൊല്ലാന്‍ കഴിയില്ല.

“ആത്മജ്ഞാനം, മഹത്പുരുഷന്മാരുടെ സത്സംഗം, മനോപാധികളെ ത്യജിക്കല്‍ , പ്രാണനിയന്ത്രണം എന്നിവയാണ് മനസ്സിനെ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗങ്ങൾ.” ഈ സത്യം മനസ്സിലാക്കാതെ കൂടുതല്‍ തീക്ഷ്ണമായ തപശ്ചര്യകള്‍ ചെയ്യുന്നതും, ഹഠയോഗം മുതലായ യോഗമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതും, തീര്‍ത്ഥയാത്രകള്‍ , യഗാദികള്‍ എന്നിവയില്‍ ആമ്ഗനമാവുന്നതും വൃഥാവ്യായാമങ്ങളാണ്. ആത്മജ്ഞാനം മാത്രമേ നിനക്ക്‌  അന്തമില്ലാത്ത ആനന്ദത്തെ പ്രദാനം ചെയ്യുകയുള്ളൂ. ആത്മജ്ഞാനമാര്‍ജ്ജിച്ചവന്‍ മാത്രമേ ശരിയായി ജീവിക്കുന്നുളളു. രാമാ, അതിനാല്‍ നീയും ആത്മജ്ഞാനം നേടൂ.

Mar 27, 2013

316 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 316


ബാദ്ധ്വാത്മാനം രുദിത്വാ കോശകാരകൃമിര്‍യഥാ
ചിരാത്കേവലതാമേപി സ്വയം സംവിത്സ്വഭാവത: (5/91/93)

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ പറഞ്ഞ ആ അവസ്ഥയെ പ്രാപിക്കുക എത്രകണ്ട് ദുഷ്കരമാണെങ്കിലും രാമാ, അതിനു വേണ്ടി നാം പരിശ്രമിക്കുകതന്നെ വേണം. അങ്ങിനെ ഈ ദു:ഖസാഗരം തരണം ചെയ്യണം. അനുഭവങ്ങള്‍ ആര്‍ജ്ജിക്കുവാനുള്ള ആശ ബോധത്തിലെ ഒരു ചിന്താശകലമായാണ് ആദ്യം ഉദിച്ചുയരുന്നത്. എന്നാല്‍ ആ ചിന്തയുടെ ആവര്‍ത്തനം അതിനെ ദൃഢതരമാക്കുന്നു. അതങ്ങിനെ പ്രബലമാകുന്നു. 

അങ്ങിനെ ഈ ഭ്രമാത്മകമായ സൃഷ്ടിസഞ്ചയത്തെ സ്വയമുണ്ടാക്കി, ബോധം തന്നെത്താന്‍ മുക്തിപദത്തിലേയ്ക്ക് നയിക്കപ്പെടുന്നു. ബോധം എന്ത് ഇഛിക്കുന്നുവോ അത് മൂര്‍ത്തമായി, പ്രത്യക്ഷമായി നടപ്പിലാവുന്നു. “പട്ടുനൂല്‍പ്പുഴു സ്വയം തന്റെതന്നെ നൂലുകൊണ്ട് നിര്‍മ്മിച്ചൊരു കൂട്ടില്‍ ബന്ധനത്തിലാകുന്നതുപോലെ ആത്മാവ് ദു:ഖാനുഭവങ്ങളെ സ്വാംശീകരിച്ച് സ്വയം അവയില്‍ ബന്ധിക്കുന്നു. ഈ പുഴു കൂടുപൊട്ടിച്ചു ചിത്രശലഭമായി മുക്തിപ്രാപിക്കുന്നതുപോലെ  കാലക്രമത്തില്‍ ആത്മാവ് സംസാരദു:ഖത്തില്‍ നിന്നും മുക്തിപ്രാപിക്കുന്നു. അനന്താവബോധം അതിന്റെ സഹജഭാവമാണല്ലോ” എന്തൊക്കെ ഈ വിശ്വത്തില്‍ കാണപ്പെടുന്നുവോ അതെല്ലാം അനന്താവബോധം മാത്രമാണ് രാമാ. അനന്താവബോധത്തിന്റെ മൂലമോ, ശുദ്ധമായ അസ്തിത്വവുമാണ്. അവ സൂര്യനും സൂര്യരശ്മിയും പോലെ അവിഭാജ്യങ്ങളാണ്. 

ശുദ്ധമായ അസ്തിത്വത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്ന് നാനാത്വം. മറ്റേത് ഏകത്വം. ‘അത്’, ‘ഇത്’, ‘ഞാന്‍’, ‘നീ’ എന്നൊക്കെ വിവക്ഷിക്കുന്നത് നാനാത്വമാണ്. ഈ വൈവിദ്ധ്യങ്ങളെ ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാവുന്ന ശുദ്ധമായ അസ്തിത്വത്തെ, ഏകമായ അന്തസ്സത്തയെന്ന്‍ അറിഞ്ഞാലും. നാനാത്വം ഉപേക്ഷിച്ച് ഏകതയെ പുല്‍കുമ്പോള്‍ പിന്നെ ‘അനുഭവം’ ഇല്ല. അതിനാല്‍ ഏകത്വം എന്നത് അനുഭവയോഗ്യമായ ഒരു ‘വസ്തു’ അല്ല. ഈ ഏകത ശാശ്വതവും നാശരഹിതവുമാണ്.

അതുകൊണ്ട് രാമാ, കാലത്തിന്റെയോ, ഘടകങ്ങളുടെയോ, വസ്തുക്കളുടെയോ ഫലമായുണ്ടാകാവുന്ന എല്ലാത്തരം വിഭജനങ്ങളെയും ഉപേക്ഷിക്കൂ. കാരണം അവയെല്ലാം ധാരണാസങ്കല്‍പ്പകല്‍പ്പിതങ്ങള്‍ മാത്രമാണ്. അവ അനന്താവബോധത്തില്‍ നിന്നും വിഭിന്നമല്ല. അവ വസ്തുതകളുമല്ല. വിഭജന-വിഘടന ചിന്തകളോ അവയെക്കുറിച്ചുള്ള മനനമോ നമ്മുടെ ദര്‍ശനങ്ങളെ നിര്‍മലമാക്കുകയില്ല.

ഇതുവരെ നാം പറഞ്ഞ എല്ലാത്തിനും മൂലകാരണമായിരിക്കുന്നത് നിര്‍മലമായ ശുദ്ധാസ്തിത്വമാണല്ലോ. അതാണ് കേവല സത്ത. എന്നാല്‍ ഈ സത്തിന് ബീജമായി വേറെ കാരണങ്ങള്‍ ഒന്നുമില്ല. സ്വയം എല്ലാറ്റിന്റെയും ഹേതുവായിരിക്കുമ്പോഴും അത് അഹൈതുകമാണ്. അതിലാണ് എല്ലാമെല്ലാം പ്രതിഫലിക്കുന്നത്. നാക്ക് വൈവിദ്ധ്യമാര്‍ന്ന സ്വാദുകള്‍ രുചിക്കുന്നതുപോലെ ഈ സത്തിലാണ് വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ പ്രതിഫലിക്കുന്നത്. അനന്തകോടി പ്രപഞ്ചങ്ങള്‍ ഉണ്ടായി നിലനിന്ന് തമ്മില്‍ത്തമ്മില്‍ കാലദേശാനുസാരിയായി ചില ബന്ധങ്ങള്‍ സ്ഥാപിച്ച് ഒടുവില്‍ നശിച്ചുപോകുന്നു.

ഈ ശുദ്ധസത്ത ഭാരമുള്ള വസ്തുക്കളുടെ ഘനമാണ്. എല്ലാ വെളിച്ചത്തിന്റെയും  പ്രഭയാണ്. സൂക്ഷ്മവും സ്ഥൂലവും ആയ എല്ലാമതാണ്. ഒന്നാമന്മാരില്‍ ഒന്നാമനും അവസാനക്കാരില്‍ ഒടുവിലത്തെതും അതാണ്‌.. വിളക്കിന്റെ വെളിച്ചവും ഇരുട്ടിന്റെ ഇരുട്ടുമാണത്. പദാര്‍ത്ഥങ്ങളുടെ വസ്തുതയും ആകാശവും ഈ സത്തയാണ്. അത് യാതൊന്നുമല്ല. എന്നാല്‍ എല്ലാമാണ്താനും. അത് ഭാവവും അഭാവവുമാണ്. അത് കാണപ്പെടുന്നതും കാണപ്പെടാത്തതുമാണ്. അത് ഞാനാണ്. എന്നാല്‍ ഞാനല്ല.

അതുകൊണ്ട് രാമാ, നിന്റെ എല്ലാ പരിശ്രമവും ഉപയോഗിച്ച് ആ പരമമായ അവസ്ഥയെ പ്രാപിക്കൂ. എന്നിട്ട് എന്താണുചിതമെന്നു വച്ചാല്‍ അത് നടപ്പിലാക്കുക. നിത്യശുദ്ധമുക്തസ്വരൂപമായ, ആത്മാവായ ആ പരമസത്തയെ പ്രാപിച്ചയാള്‍ പരമപ്രശാന്തിയിലാണ് നിലകൊള്ളുന്നത്. ആ തലത്തില്‍ എത്തുന്നതോടെ ഈ പ്രത്യക്ഷലോകത്തിന്റെ എല്ലാവിധ ഭയാശങ്കകളില്‍ നിന്നും നിനക്ക് സംപൂര്‍ണ്ണമുക്തിയായി.  

Mar 26, 2013

315 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 315


ഹൃദി സംവേദ്യമാപ്യൈവ പ്രാണസ്പന്ദോഥ വാസനാ
ഉദേതി തസ്മാത്സംവേദ്യം കഥിതം ബീജമേതയോ:  (5/91/64)

വസിഷ്ഠന്‍ തുടര്‍ന്നു: “രാമാ, വസ്തുധാരണകള്‍ , അനുഭവധാരണകള്‍ എന്നിവ പ്രാണന്റെ ചലനത്തിനും ദൃഢഭാവനയ്ക്കും ബീജമാകുന്നു. കാരണം അത്തരം അനുഭവങ്ങള്‍ക്കായി ഹൃദയത്തില്‍ ആഗ്രഹം ഉദിക്കുമ്പോള്‍ മാത്രമാണ് പ്രാണസഞ്ചാരവും മനോപാധികളും സംഭവിക്കുന്നത്.” ഇത്തരം അനുഭവങ്ങള്‍ക്കായുള്ള ആഗ്രഹത്തെ പാടേയുപേക്ഷിച്ചാല്‍ ഇവ രണ്ടും ക്ഷണത്തില്‍ ഇല്ലാതെയാവും. തീര്‍ച്ചയായും അന്തര്യാമിയായ ബോധമാണീ ആഗ്രഹങ്ങളുടെ വിത്ത്. ബോധത്തിന്റെ അഭാവത്തില്‍  അത്തരം അനുഭവങ്ങള്‍ക്കായുള്ള ആഗ്രഹങ്ങള്‍ എങ്ങിനെ ഉദിച്ചുയരാനാണ്?

എന്നാല്‍ ബോധത്തിന് അകത്തോ പുറത്തോ അനുഭവങ്ങള്‍ക്കായി മാത്രം പ്രത്യേകമൊരു വസ്തു അതില്‍നിന്നും വ്യതിരിക്തമായി ഇല്ല. ചിന്തകളുടെ ചലനം ഹേതുവായി ബോധം സ്വയം ഒരു വസ്തുഅനുഭവം (വിഷയാനുഭവം) ആര്‍ജ്ജിക്കാന്‍ ഇഛിക്കുകയാണ്. ഒരാള്‍ തന്റെ മരണത്തെപ്പറ്റിയോ തന്റെ വിദേശയാത്രയെപ്പറ്റിയോ സ്വപ്നം കാണുന്നതുപോലെ ബോധം അതിന്റെ സ്വന്തം നിപുണതകൊണ്ട് സ്വയമൊരു വിഷയാനുഭവമായി തീരുകയാണ്. രാമാ അത്തരം അനുഭവങ്ങളുടെ സാക്ഷാത്കാരമാണ് പ്രത്യക്ഷലോകമായി കാണപ്പെടുന്നത്. ഈ സത്യം അറിയുമ്പോള്‍ ഭ്രമചിന്തകള്‍ ഒടുങ്ങുന്നു.
 
എന്താണ് സത്യം? ഇതെല്ലാം ഒരേയൊരു അനന്താവബോധം മാത്രമല്ലാതെ മറ്റൊന്നുമല്ല എന്നതാണ് ഉണ്മ. ബോധമല്ലാതെ മറ്റൊന്നും ഇല്ലതന്നെ. കാണപ്പെടുന്നതും കാണപ്പെടാത്തതുമെല്ലാം അതേ അവബോധം തന്നെ. ജ്ഞാനി ഇതറിയുന്നു. അയാളുടെ വീക്ഷണം നിര്‍മലമാവുന്നു. ഇനിയും നിര്‍മലമാകാത്ത ദൃഷ്ടിയാലാണ് വെറും പ്രതീതി മാത്രമായ 'ലോക'ത്തെ അയാൾ കാണുന്നത്. എന്നാല്‍ ദൃഷ്ടി നിര്‍മലമായി അനന്താവബോധത്തെ അറിയുന്നതാണ് മുക്തി. അതുകൊണ്ട് രാമാ, ഈ അനുഭവങ്ങള്‍ ആര്‍ജ്ജിക്കുവാനുള്ള ആഗ്രഹത്തെ നിന്നില്‍ നിന്നും നിര്‍മാര്‍ജ്ജനം ചെയ്താലും. മന്ദതയെ ദൂരെക്കളയൂ. എല്ലാ അനുഭവങ്ങളില്‍ നിന്നും അവയ്ക്കായുള്ള ആഗ്രഹങ്ങളിൽ നിന്നും പൂര്‍ണ്ണസ്വതന്ത്രനാവൂ.

രാമന്‍ ചോദിച്ചു: ഭഗവാനേ, ഈ രണ്ടും തമ്മില്‍ എങ്ങിനെ പൊരുത്തപ്പെടും? കര്‍മ്മാനുഭവങ്ങളില്‍ നിന്നും നൈഷ്കര്‍മ്മ്യത്തില്‍ നിന്നും എനിക്ക് മുക്തിപദം പ്രാപിക്കാനാവുമോ ? 

വസിഷ്ഠന്‍ പറഞ്ഞു: യാതൊന്നിനായും ഉള്ള പ്രത്യാശയോ ആഗ്രഹമോ വെച്ചുപുലര്‍ത്താത്ത, കര്‍മ്മരഹിതമായ വിശ്രമാവസ്ഥയ്ക്കായി  ഇഛിക്കാത്ത ഒരുവന്‍ ജീവഭാവത്തില്‍ നിലനില്‍ക്കുകയില്ല. അങ്ങിനെ ജീവഭാവത്തിലല്ലാത്ത അയാള്‍ കര്‍മ്മരഹിതനാണെന്ന് പറയുക വയ്യ. അയാള്‍ അനുഭവങ്ങള്‍ക്കായി ആഗ്രഹിക്കുകയും ഇല്ല. എന്നാല്‍ അനുഭവങ്ങള്‍ക്കായോ ദൃശ്യപ്രതീതികള്‍ക്കായോ ആശിക്കാതെ അന്തമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു സദാ കര്‍മ്മനിരതനായി ജീവിക്കുന്നയാള്‍ യാതൊന്നും ‘ചെയ്യുന്നില്ല’. ആ കര്‍മ്മങ്ങള്‍ അയാളില്‍ യാതൊന്നും ശേഷിപ്പിക്കുന്നില്ലാത്തതിനാല്‍ അയാള്‍  യാതൊന്നും അനുഭവിക്കുന്നുമില്ല. അയാള്‍ കര്‍മ്മരഹിതനുമല്ല എന്ന് നിശ്ചയം. അനുഭവം എന്ന വസ്തുത അയാളുടെ ഹൃദയത്തെ ബാധിക്കുന്നതേയില്ല എന്നതാണ് വാസ്തവം. അതിനാല്‍ ആരുടെ ബോധതലമാണോ കര്‍മ്മരഹിതമല്ലാതെയിരിക്കുന്നത്, അയാള്‍ ഇവിടെ, ഇപ്പോള്‍ മുക്തിതലത്തില്‍ എത്തിയവനാണ്.

എല്ലാ ഉപാധികളില്‍ നിന്നും സ്വതന്ത്രനായി, അവിഛിന്നമായ ബോധസ്വരൂപത്തില്‍ സുദൃഢമായി നിലകൊള്ളുന്ന യോഗി ഒരു കൊച്ചു കുട്ടിയെപ്പോലെയോ മന്ദബുദ്ധിയെപ്പോലെയോ ചിലപ്പോള്‍ പ്രവര്‍ത്തിച്ചുവെന്നിരിക്കും. എന്നാല്‍ ആകാശത്തിന്റെ നീലിമപോലെ അയാളില്‍ നൈസര്‍ഗ്ഗികമായി ആനന്ദമുണ്ട്. ഈ ആനന്ദം വെറുമൊരനുഭവമല്ല. അത് ബോധത്തിന്റെ സഹജമായ ഗുണമാണ്. അതിനാല്‍ ഈ ആനന്ദം ബോധത്തില്‍ നിന്ന് വേറിട്ട്‌ ഒരു ശല്യമായി (അഭികാമ്യമോ അല്ലാത്തതോ ആയ അനുഭവമായി) നില്‍ക്കുന്ന ഒന്നല്ല. അത് ബോധത്തില്‍ അവിഭാജ്യമത്രേ. അപ്പോള്‍ എല്ലാ അനുഭവങ്ങളില്‍ നിന്നുമുള്ള മുക്തിയായി. യോഗി എപ്പോഴും നിസ്തന്ദ്രമായി കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ട് കഴിയുന്നതുകൊണ്ട് അദ്ദേഹം അകര്‍മ്മത്തില്‍ നിന്നും സദാ സ്വതന്ത്രനുമാണ്.  

Mar 25, 2013

314 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 314


ദൃഢഭാവനയാ ത്യക്തപൂര്‍വ്വാപരവിചാരണം
യദാദാനം പദാര്‍ത്ഥസ്യ വാസനാ സാ പ്രകീര്‍ത്തിതാ  (5/91/29)

വസിഷ്ഠന്‍ തുടര്‍ന്നു: “ദൃഢമായൊരു ഭാവനാസങ്കല്‍പ്പത്തില്‍ ബലമായി ഒട്ടിചേർന്നുനിന്നുകൊണ്ട് സത്യത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ നിന്നും സ്വയം വിമുഖനാവുമ്പോള്‍ ഒരുവനില്‍ ആ ഭാവനാവസ്തുവിനെപ്പറ്റി പ്രത്യക്ഷമായ ഒരറിവ് അങ്കുരിക്കുന്നു. ഈ അറിവിനെയാണ് ഉപാധികള്‍ അല്ലെങ്കില്‍ പരിമിതികള്‍ എന്നുപറയുന്നത്.” ഈ അറിവില്‍ തീവ്രമായും തുടര്‍ച്ചയായും അഭിരമിക്കുമ്പോള്‍ പ്രത്യക്ഷലോകമെന്ന ഒരു പ്രതീതി (പെർസെപ്ഷൻ) ബോധതലത്തില്‍ ഉദിച്ചുയരുന്നു. അവനവന്‍ തന്നെയുണ്ടാക്കിയ ആ ദൃശ്യവിസ്മയത്തില്‍ ആണ്ടുമുങ്ങി അവന്‍ തന്റെ സ്വരൂപത്തെ മറന്നു പോകുന്നു. പ്രതീതിയാണ് സത്യമെന്ന് അവന്‍ ഭ്രമിച്ചു വശാവുന്നു. അപ്പോൾ അവന്റെ ബോധസീമയില്‍ ഭ്രമാത്മകമായ, വെറും പ്രതീതിമാത്രമായ  ഈ ലോകം മാത്രമേയുള്ളു.  

ഇതെല്ലാം അജ്ഞാനിക്ക് മാത്രം സംഭവിക്കുന്നതാണ്. വികലമായ പ്രതീതിയാണ് മനസെന്നറിയപ്പെടുന്നത്.  മനസ്സ്‌ തന്നിലെ വികല്‍പങ്ങളെ തന്നില്‍ത്തന്നെ സങ്കൽപ്പിച്ചുറപ്പിക്കുന്നതാണ് ആവര്‍ത്തിച്ചുള്ള ജനനങ്ങള്‍ക്കും ജരാനരകള്‍ക്കും മരണത്തിനും ഹേതുവാകുന്നത്. 

അഭികാമ്യം, അനഭികാമ്യം എന്നിങ്ങിനെയുള്ള ഇഷ്ടാനിഷ്ടവിവേചനം ഉള്ളിലുയരുന്നില്ലെങ്കില്‍ മനസ്സില്ല എന്ന് നിശ്ചയം. അവിടെയുള്ളത് പരമപ്രശാന്തി മാത്രം. ആശയം, ധാരണ, സങ്കല്‍പ്പം, ചിന്ത, ഓര്‍മ്മ എന്നിവയാണ് മനസ്സിന്റെ ഘടകവസ്തുക്കള്‍ .  ഘടകവസ്തുക്കളുടെ അഭാവത്തില്‍ മനസ്സെങ്ങിനെയുണ്ടാവാനാണ്? 
  
അഭാവ അവസ്ഥയിലുള്ള ഒരുവന്‍, തന്റെ അവസ്ഥയെപ്പറ്റി, അതായത്‌ താന്‍  ഭാവ-അവസ്ഥയെ പ്രാപിച്ചിട്ടില്ലാ എന്ന അറിവില്‍ അഭിരമിക്കുന്നതായാല്‍ അയാള്‍ കാര്യങ്ങളെ അതേപടി, സത്യത്തില്‍ നിറഭേദം ചേര്‍ക്കാതെ കാണുന്നവനാണ്. അത് നിര്‍മനമാണ്. അമനസ്സാണ്.
മാനസീകമായ ഉപാധികളും വാസനകളും അത്രയധികം സാന്ദ്രമല്ലെങ്കില്‍ , അവ സുതാര്യമാണെങ്കില്‍ , ഒരുവന്‍ ജീവന്‍മുക്തനായി ജീവിക്കുന്നത് പൂര്‍വ്വാര്‍ജ്ജിതകര്‍മ്മങ്ങളുടെ ചാലകശക്തിയാലാണ്. ആ ചാലകശക്തി ഇനിയും കെട്ടടങ്ങിയിട്ടില്ലാത്തതിനാലാണ്.  പുതിയ ചാലകശക്തിയൊന്നും ചെലുത്തിയില്ലെങ്കിലും കുശവന്റെ ചക്രം കുറച്ചു നേരംകൂടി കറങ്ങുന്നതു പോലെയാണിത്. അങ്ങിനെയുള്ള ജീവന്മുക്തനു പുനര്‍ജനിയില്ല. വറുത്തുണക്കിയ വിത്തിന് മുളപൊട്ടാന്‍ കഴിയാത്തതുപോലെ ലോകമെന്ന വിഭ്രമദൃശ്യം അവനെയിനി അലട്ടുകയില്ല. അവന്റെ ദേഹം പതിക്കുമ്പോള്‍ ജീവന്‍ അനന്താവബോധത്തില്‍ വിലീനമാവുന്നു.

ലോകദൃശ്യമെന്ന വിഭ്രമത്തിനു കാരണമായ ദൃഢഭാവന, പ്രാണശക്തി, എന്നിവയില്‍ ഒരെണ്ണം ഇല്ലാതായാല്‍ മറ്റേതും താനേ ഇല്ലാതാവുന്നു. കാരണം അവ പരസ്പരപൂരകങ്ങളാണ്. മനസ്സാണ് ലോകമുണ്ടാക്കിയത്. മനസ്സിനെ ഉണ്ടാക്കിയതോ, പ്രാണന്റെ ഉപാധികളിലൂടെയുള്ള സഞ്ചാരവുമാണ്. ഭാവന കാരണമാണ് പ്രാണന് ചാലകശക്തി ഉണ്ടായത്‌..  ഇതൊരു ദുര്‍വൃത്ത ചക്രമാണ്. ഒന്ന് മറ്റേതിനു വളമാകുന്നു. അങ്ങിനെ പരസ്പരം പരിപോഷിപ്പിച്ച് അവ തഴച്ചുവളരുന്നു. ഒന്ന് മറ്റേതിനെ കർമ്മനിരതമാക്കുന്നു.

ചലനം പ്രാണന് സഹജമാണ്. അത് ബോധത്തില്‍ ചലിക്കുമ്പോള്‍ മനസ്സുദിക്കുന്നു. ഉപാധികള്‍ പ്രാണനു വേണ്ട ചാലകശക്തി നല്‍കുന്നു. അവയില്‍ ഒരെണ്ണം നിര്‍ത്തുമ്പോള്‍ മറ്റേതും താനേ നില്‍ക്കുന്നു. മാനസീകമായുള്ള ഉപാധികളാണ് പറയാനരുതാത്ത വേദനകളേയും ദുരിതങ്ങളേയും ക്ഷണിച്ചു വരുത്തുന്നത്. അതാണ്‌ അവിദ്യയുടെ മൂലം. എന്നാല്‍ ഈ ഉപാധികള്‍ ഇല്ലാതാവുന്നതോടെ മനസ്സും ഇല്ലാതാവുന്നു. അതിനാല്‍ പ്രാണന്റെ നിയന്ത്രണം (പ്രാണായാമം) വഴി മനസ്സിനെ ലോകദൃശ്യങ്ങളില്‍ ഭ്രമിക്കാന്‍ വിടാതെ പിടിച്ചു നിര്‍ത്താന്‍ നമുക്ക് കഴിയും.   

Mar 24, 2013

313 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 313


ദ്വേ ബീജേ ചിത്തവൃക്ഷസ്യ വൃത്തിവൃതതിധാരിണ:
ഏകം പ്രാണപരിസ്പന്ദോ ദ്വിതീയം ദൃഢഭാവനാ (5/91/14)

രാമന്‍ ചോദിച്ചു: ഭഗവാനേ. ഈ മനസ്സെന്ന ഭീകരവൃക്ഷത്തിന്റെ വിത്തെന്താണ്? ആ വിത്തിന്റെ ബീജമായ വിത്തും അങ്ങിനെയങ്ങിനെ അതിന്റെ ഏറ്റവും അറ്റത്തെ ആദിമമൂലമായിരിക്കുന്നതെന്താണ്?

വസിഷ്ഠന്‍ പറഞ്ഞു: ഈ പ്രത്യക്ഷലോകത്തിന്റെ ബീജമെന്നത് ഈ ദേഹം തന്നെയാണ്. അതിനുള്ളിലെ നന്മതിന്മകളെക്കുറിച്ചുള്ള ചിന്തകള്‍ , ധാരണകള്‍ , എന്നിവയാണിതിനു  മൂലമാകുന്നത്.

ഈ ദേഹത്തിനൊരു ബീജമുണ്ട്. അത് മനസ്സാകുന്നു. ആശകളുടെയും പ്രത്യാശകളുടെയും പിറകേ ഓടുന്ന മനസ്സ്. ഭാവാഭാവങ്ങളെക്കുറിച്ചുള്ള ധാരണകള്‍ക്ക് ഇടം നല്‍കുന്നതും തജ്ജന്യമായ ദു:ഖങ്ങളെ ജനിപ്പിക്കുന്നതും ഈ മനസ്സാണ്. പ്രത്യക്ഷലോകം മനസ്സിന്റെ സൃഷ്ടിയാണല്ലോ. സ്വപ്നാവസ്ഥതന്നെ ഒരുദാഹരണം. നാം ഇവിടെ കാണുന്നതൊക്കെ മനസ്സിന്റെ വികാസം മാത്രമാണ്. മണ്‍കുടം എന്നത് മണ്ണിന്റെ ഒരു വകഭേദം മാത്രമാണല്ലോ. 

“അസംഖ്യം ധാരണകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും ഇടം നല്‍കുന്ന മനസ്സെന്ന വൃക്ഷത്തിനു രണ്ടു വിത്തുകളാണുള്ളത്. ഒന്ന് പ്രാണശക്തി; രണ്ട് ദൃഢഭാവന.” ശരിയായ പാതകളിലൂടെ പ്രാണവായു സഞ്ചരിക്കുമ്പോള്‍ ബോധത്തിന്‍റെ ചലനവും അങ്ങിനെ മനസ്സിന്റെ ഉദയവും സംഭവിക്കുന്നു. പ്രാണന്റെ ഈ സഞ്ചാരമാണ് മനസ്സ് പ്രത്യക്ഷലോകമായി അറിയുന്നത്. അത് ആകാശത്തിന്റെ നീലനിറംപോലെ ‘സത്യ’മത്രേ.  സര്‍വ്വവ്യാപിയായ ബോധത്തിന് പ്രാണസഞ്ചാരം മൂലം പുതിയൊരു ‘ഉണര്‍വ്വു’ണ്ടാവുന്നു എന്നപോലെയാണത്. ഇതുണ്ടായില്ലെങ്കില്‍ എത്ര നന്നായിരുന്നു! പ്രാണവായുവിന്റെ ചലനം നിലയ്ക്കുമ്പോള്‍ ലോകമില്ലാതാകുന്നു.

ഇങ്ങിനെ ബോധത്തിന് ‘ഉണര്‍വ്വു’ണ്ടായിക്കഴിഞ്ഞാല്‍ അത് പദാര്‍ത്ഥങ്ങളെ അറിയാനും ആശയങ്ങളെ ഉണ്ടാക്കാനും അങ്ങിനെ ദു:ഖങ്ങളെ സമാഹരിക്കാനും തുടങ്ങുന്നു. എന്നാല്‍ ഈ ബോധം സ്വരൂപത്തില്‍ പ്രശാന്തമായി ദീര്‍ഘനിദ്രയിലെന്നപോലെ വിശ്രാന്തിയടയുകയാണെങ്കില്‍ ഏറ്റവും അഭികാമ്യമായ പരമപദം പ്രാപിക്കുന്നു. 
അതിനാല്‍ പ്രാണന്റെ നിയന്ത്രണം വഴി, ധാരണകളെ ഉയരാന്‍ അനുവദിക്കാതെ  ഇനിയും ജനിച്ചിട്ടില്ലാത്ത ബോധത്തിന്‍റെ അഭൌമതലം നിനക്ക് സാക്ഷാത്ക്കരിക്കാം. അല്ലെങ്കില്‍ ബോധത്തിന്റെ സാന്ദ്രഭാവത്തെ ശല്യപ്പെടുത്താതിരുന്നാലും മതി. ഈ ബോധസാന്ദ്രതയില്‍ ഉണ്ടാവുന്ന അശാന്തിയാണ് മനസ്സിനെ ജനിപ്പിച്ച് വൈവിദ്ധ്യത അനുഭവവേദ്യമാക്കുന്നത്. ഈ മാനസീകവ്യാപാരങ്ങള്‍ കര്‍മ്മങ്ങളില്‍ ചെന്നെത്തിച്ചേരുന്നു. 

മനസ്സിനെ പ്രശാന്തമാക്കാനായി യോഗികള്‍ ഉചിതമായ അഭ്യാസക്രമത്തില്‍ പ്രാണായാമം, ധ്യാനം എന്നിവയില്‍ ഏര്‍പ്പെടുന്നു. മഹാന്മാരായ യോഗികള്‍ പലരും പ്രാണായാമമാണ് മനശാന്തിക്ക് ഏറ്റവും ഉചിതമെന്ന് കരുതുന്നു.

ഇനി ഞാന്‍ മറ്റൊരു മാര്‍ഗ്ഗം പറയാം. അത് ജ്ഞാനികള്‍ അവരുടെ നേരറിവിന്റെ, അനുഭവത്തിന്റെ വെളിച്ചത്തില്‍ കണ്ടെത്തിയതാണ്. അവര്‍ പറയുന്നത് മനസ്സുണ്ടാവുന്നത് ഒരുവന്റെ ദൃഢഭാവനകൊണ്ടും ഭ്രമാത്മകസങ്കല്‍പ്പങ്ങള്‍ മൂലവുമാണെന്നാണ്