Jan 15, 2013

248 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 248


സ്തുത്യാ പ്രണത്യാ വിജ്ഞപ്ത്യാ ശമേന നിയമേന ച
ലബ്ധോയം ഭഗവാനാത്മാ ദൃഷ്ടശ്ചാധിഗത: സ്ഫുടം  (5/35/49)

പ്രഹ്ലാദന്റെ മനനം തുടര്‍ന്നു: എന്റെ ഭാഗ്യാതിരേകമെന്നു പറയട്ടെ, ഇന്ദ്രിയ സുഖാസസക്തിയുടെ സര്‍പ്പങ്ങള്‍ എന്നെ വിട്ടുപോയിരിക്കുന്നു. എന്നില്‍ എല്ലാ പ്രത്യാശകളും ഭ്രമകല്‍പ്പനകളും അസ്തമിച്ചിരിക്കുന്നു. പരമസത്യത്തിന്റെ തലത്തില്‍ ഞാനെത്തിയിരിക്കുന്നു.

“ഭഗവദ് കീര്‍ത്തനങ്ങളിലൂടെ, നമസ്കാരങ്ങളിലൂടെ, പ്രാര്‍ത്ഥനകളിലൂടെ, അച്ചടക്കമുള്ള ജീവിതചര്യകളിലൂടെ, ആര്‍ജ്ജിച്ച മന:സമാധാനത്തിനാല്‍ എനിക്ക് ആത്മസ്വരൂപനായ ഭഗവാനെ ദര്‍ശിക്കാന്‍ കഴിഞ്ഞു.”  വിഷ്ണു ഭഗവാന്റെ അനുഗ്രഹത്താല്‍ പരംപൊരുളിനെ സാക്ഷാത്കരിക്കാനും അത് ഹൃദയത്തിലുറപ്പിക്കാനും എനിക്കായി. ഇതുവരെ എന്നെ പീഢിപ്പിച്ചുകൊണ്ടിരുന്ന അജ്ഞതയും പരിമിതികളും വിഭ്രാന്തികളും എന്നെ വിട്ടുപോയിരിക്കുന്നു.

അജ്ഞാനത്തിന്റെ കൊടുംകാട്ടില്‍ ഇന്ദ്രിയാസക്തികളാകുന്ന വിഷസര്‍പ്പങ്ങള്‍ വാഴുന്ന വലിയ മണ്‍പുറ്റുകളുണ്ട്. മരണമെന്ന ഇരുള്‍ക്കുഴികളുണ്ട്. ദു:ഖദുരിതങ്ങളുടെ കാട്ടുതീയുണ്ട്. ക്രോധലോഭങ്ങളാകുന്ന കള്ളന്മാരവിടെ മേഞ്ഞുനടക്കുന്നുണ്ട്. അതിനൊക്കെപ്പുറമേ, അഹംഭാവമെന്ന വന്‍ശത്രുവും അവിടെയാണ് വാസം.

ഇപ്പോള്‍ സ്വപ്രയത്നത്താലും വിഷ്ണുകൃപയാലും ഞാനതില്‍ നിന്നും സ്വതന്ത്രനായി. എന്റെ മേധാശക്തി പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുന്നു. ആ പ്രബുദ്ധതയില്‍ അഹംഭാവമെന്ന ഒരു വസ്തുവിനെ എനിക്ക് തിരിച്ചറിയാനേ ആവുന്നില്ല. സൂര്യപ്രഭയില്‍ ഇരുട്ടിനെ എങ്ങിനെ കാണാനാണ്? അഹംഭാവമെന്ന പിശാചിനെ ഒടുക്കിയതിനാല്‍ ഇപ്പോള്‍ ഞാന്‍ പ്രശാന്തനാണ്. സത്യം സാക്ഷാത്കരിക്കുകയും അഹംഭാവത്തെ ഇല്ലാതാക്കുകയും ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ ഭ്രമാത്മകതയ്ക്കും ദു:ഖത്തിനും ആസക്തികള്‍ക്കും പ്രത്യാശകള്‍ക്കും മനോവിഭ്രാന്തികള്‍ക്കും ഇടമെവിടെ?  

സ്വര്‍ഗ്ഗനരകങ്ങള്‍ , മുക്തിയെക്കുറിച്ചുള്ള ഭ്രമചിന്തകള്‍ , എന്നിവയ്ക്കെല്ലാം അഹംഭാവമുള്ളപ്പോള്‍ മാത്രമേ നിലനില്‍പ്പുള്ളൂ. ശൂന്യാകാശത്ത് ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയില്ലല്ലോ? അതിനൊരു മാദ്ധ്യമം വേണം. ശരത്കാലപൂര്‍ണ്ണചന്ദ്രന്‍ നഗരത്തെ ശോഭായമാനമാക്കുന്നതുപോലെ അഹംകാരത്തിന്റെ കാര്‍മേഘമെല്ലാം നീങ്ങി, ആസക്തികളാവുന്ന കൊടുങ്കാറ്റടങ്ങിയ എന്നിലെ മേധാശക്തി ആത്മജ്ഞാനത്തിന്റെ നിറവില്‍ ഭാസുരകാന്തിയോടെ നിലകൊള്ളുന്നു.

അഹംകാരവിമുക്തമായ ആത്മാവിനെ ഞാന്‍ നമസ്കരിക്കുന്നു. ഭയാനകങ്ങളായ ഇന്ദ്രിയങ്ങളും എല്ലാത്തിനെയും വിഴുങ്ങുന്ന മനസ്സും അടക്കിയ ആത്മാവിനെന്റെ നമോവാകം. പരമാനന്ദത്തിന്റെ താമരവിരിഞ്ഞുല്ലസിക്കുന്ന ആത്മാവിനെന്റെ നമസ്കാരം. ബോധവും ധ്യാനവും ഇരുചിറകുകളായ, ഹൃദയകമലനിവാസിയായ, അത്മാവിനെന്റെ കൂപ്പുകൈ. അജ്ഞാനത്തിന്റെ ഇരുട്ടകറ്റുന്ന സൂര്യനായ ആത്മാവിനെന്റെ നമസ്കാരം.  പ്രേമസ്വരൂപമായ, പ്രേമവര്‍ദ്ധനവിനു കാരണമായ, പ്രപഞ്ചത്തിലെ എല്ലാത്തിനെയും സംരക്ഷിക്കുന്ന ആത്മാവിനെന്റെ നമോവാകം.
ചൂടേറിയ ഇരുമ്പു മുറിക്കാന്‍ ഇരുമ്പുതന്നെ ഉപയോഗിക്കുന്നതുപോലെ ഞാനെന്റെ മനസ്സിനെ അടക്കി നിര്‍മ്മലമാക്കിയത് മനസ്സുകൊണ്ട് തന്നെയാണ്. ഞാന്‍ ആസക്തികളെയും, അജ്ഞതയെയും മൂഢതയെയും അവയുടെയെല്ലാം ദ്വന്ദങ്ങളെയും മനസ്സുപയോഗിച്ചു തന്നെ  അറുത്തുമുറിച്ചു കളഞ്ഞു .

അഹംകാരമില്ലാതെ എന്റെ ദേഹം അതിന്റെ നൈസര്‍ഗ്ഗികമായ  ഊര്‍ജ്ജത്താല്‍ വര്‍ത്തിക്കുന്നു. ജന്മവാസനകള്‍ , മനോപാധികള്‍ , പരിമിതികള്‍ , എല്ലാം എന്നില്‍ അവസാനിച്ചിരിക്കുന്നു. ഞാനെങ്ങിനെ ഈ മായാവലയില്‍ കുടുങ്ങി ഇത്രകാലം കഴിഞ്ഞുകൂടിയെന്നു ഞാന്‍ അത്ഭുതപ്പെടുന്നു. സര്‍വ്വസ്വാതത്ര്യത്തോടെ, ചിന്താഭാരമില്ലാതെ, ആസക്തികളോ ആശകളോ ഇല്ലാതെ, അഹം എന്ന ഭാവനാസത്വത്തിന്റെ അസ്തിത്വത്തെപ്പറ്റിയുള്ള അജ്ഞ്ഞതയില്ലാതെ, സുഖാന്വേഷണത്വരയില്‍ ചാഞ്ചാടി ഉല്ലസിക്കാതെയും വലയാതെയും,  ഞാന്‍ പരമപ്രശാന്തിയില്‍ എത്തിയിരിക്കുന്നു. എല്ലാ ദു:ഖങ്ങള്‍ക്കും അവസാനമായി. പരമാനന്ദമായി. 

Jan 14, 2013

247 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 247


സംബന്ധ: കോസ്തു ന: കാമൈര്‍ഭാവാഭാവൈരഥേന്ദ്രിയൈ:
കേന സംബദ്ധ്യതേ വ്യോമ കേന സംബാദ്ധ്യതേ മന:    (5/35/32)

പ്രഹ്ലാദന്‍ ധ്യാനം തുടര്‍ന്നു: ആത്മാവ് ആകാശത്തിലെ നിശ്ശൂന്യതയാണ്. ചരവസ്തുക്കളുടെ ചലനമാണത്. ഭാസുരവസ്തുക്കളിലെ പ്രഭയാണത്. ദ്രവവസ്തുക്കളിലെ സ്വാദാണത്. ഭൂമിയുടെ ദൃഢതയും അഗ്നിയിലെ ചൂടും ചാന്ദ്രശീതളിമയും എന്നുവേണ്ട ഈ ലോകത്തിന്റെ അസ്തിത്വം തന്നെ ആത്മാവിലാണ്. 

പദാര്‍ത്ഥങ്ങളിലെ സഹജഗുണങ്ങള്‍പോലെ ദേഹത്തിന്റെ നാഥനാണാത്മാവ്. എല്ലായിടത്തുമുള്ള ‘അസ്തിത്വ’ത്തിന്റെ നിലനില്‍പ്പുപോലെ, എല്ലാക്കാലവും സമയത്തിനു നിലനില്‍പ്പുള്ളതുപോലെ, ആത്മാവ് എല്ലാ ദേഹങ്ങളിലും ദേഹിയായി ശാരീരികവും മാനസീകവുമായ എല്ലാ പ്രഭാവങ്ങളോടും കൂടി നിലകൊള്ളുന്നു. ആത്മാവ്, ശാശ്വതമായ അസ്തിത്വമാണ്. ദേവതകളെപ്പോലും പ്രബുദ്ധരാകുന്ന ചൈതന്യവിശേഷം.

ഞാന്‍ ആത്മാവ് മാത്രമാണ്. എന്നില്‍ മറ്റുധാരണകളോ വിഷയങ്ങളോ ഇല്ല. പാറിനടക്കുന്ന പൊടിപടലങ്ങള്‍ ആകാശത്തെ ബാധിക്കാത്തതുപോലെ ജലത്തില്‍ വളരുന്ന ചെടിയാണെങ്കിലും താമരയിതളുകളെ ജലം നനയ്ക്കാത്തതുപോലെ എന്നെ ഒന്നും ബാധിക്കുന്നില്ല. ശരീരം സന്തോഷസന്താപങ്ങളെ അനുഭവിച്ചോട്ടെ. അതുകൊണ്ട് ആത്മാവിനെന്തു ചേതം? ചരടുകൊണ്ടുണ്ടാക്കിയ തിരിയാണ് വിളക്കിലെരിയുന്നതെങ്കിലും തീനാളത്തെ തളച്ചിടാന്‍ ആ ചരടിനാവുമോ? യാതൊരു പദാര്‍ത്ഥങ്ങള്‍ക്കും ആത്മാവിനെ ബാധിക്കുവാനാവില്ല. ആത്മാവ് വസ്തു പരിമിതികള്‍ക്കെല്ലാം  അതീതമത്രേ.
   
“അസ്തിത്വ-അനസ്തിത്വ ധാരണകളില്‍ നിന്നും ഇന്ദ്രിയങ്ങളില്‍ നിന്നും സംജാതമാവുന്ന ആസക്തികളും ആത്മാവും തമ്മിലെങ്ങിനെ, എന്ത്  ബന്ധമുണ്ടാവാനാണ്? ആര്‍ക്കാണ് ആകാശത്തെ ബന്ധിക്കാനാവുക? ആര്‍ക്കാണ് മനസ്സിനെ തളയ്ക്കാനാവുക?” ശരീരത്തെ നൂറായി നുറുക്കിയാലും ആത്മാവിനെ അത് ബാധിക്കില്ല. മണ്‍കുടത്തെ ഉടച്ചുപൊടിച്ചാലും കുടത്തിനുള്ളിലെ  ആകാശത്തിനെന്തു നാശമാണുണ്ടാവുക? ഈ മനസ്സെന്ന പിശാച് വെറും വാക്കുകളാല്‍ മാത്രം നിലകൊള്ളുന്ന വെറും അസത്താണ്. അത് നശിച്ചാല്‍ എന്ത് നഷ്ടപ്പെടാനാണ്?

എന്നില്‍ സന്തോഷസന്താപധാരണകളാല്‍ ചാഞ്ചാടിക്കൊണ്ടിരുന്ന ഒരു മനസ്സുണ്ടായിരുന്നു. പക്ഷെ ഇപ്പോളാ ധാരണകള്‍ നശിച്ചിരിക്കുന്നുവെങ്കില്‍ എന്റെ മനസ്സെവിടെപ്പോയി? ‘ഒന്ന് മറ്റൊന്നിനെ ആസ്വദിക്കുന്നു’ എന്നും ‘ഒരാള്‍ മറ്റൊരാളെ കാണുന്നു’ എന്നും ‘ഒരാള്‍ ദുരിതമനുഭവിക്കുന്നു’ എന്നും മറ്റുമുള്ള ധാരണകള്‍ ഏതു മൂഢനാണ് വെച്ചുപുലര്‍ത്തുക? ആസ്വാദനം പ്രകൃതിക്കാണ്. മനസ്സാണ് 'ഗ്രഹിക്കുന്നതും' ധാരണകളെയുണ്ടാക്കുന്നതും. ദുരിതാനുഭവങ്ങള്‍ ദേഹത്തിനാണ്. ദുഷ്ടനായവന്‍ വാസ്തവത്തില്‍ വിഡ്ഢിതന്നെയാണ്. എന്നാല്‍ മുക്തനോ ഈ പ്രശ്നങ്ങളൊന്നുമില്ല.

എനിക്ക് സുഖത്തിനായുള്ള ആസക്തിയോ സുഖാനുഭാവങ്ങളോടു വേറുപ്പോ ഇല്ല. വരുന്നത് വരട്ടെ. പോകുന്നത് പോയ്ക്കൊള്ളട്ടെ*. വൈവിദ്ധ്യമാര്‍ന്ന അനുഭവധാരണകള്‍ എന്നിലുണരാതെയിരിക്കട്ടെ. എന്റെ ദേഹത്തിലവ അടിഞ്ഞുകൂടാതെയിരിക്കട്ടെ. ഞാനവയിലോ അവയില്‍ ഞാനോ ഇല്ല. അജ്ഞാനമെന്ന ശത്രുവിന്റെ വരുതിയില്‍പ്പെട്ട് അതിന്റെ അടിമയായി എന്റെ വിജ്ഞാനവിവേകങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ തീവ്രമായ സ്വപ്രയത്നത്താലും വിഷ്ണുകൃപയാലും എന്നില്‍ വിവേകമുദിച്ചിരിക്കുന്നു. അത്മജ്ഞാനമെന്ന മാസ്മരീക ശക്തിയാല്‍ അഹംകാരമെന്ന പിശാചിനെ ഞാന്‍ ഓടിച്ചിരിക്കുന്നു. ഭ്രമകല്‍പ്പനകള്‍ ഇല്ലാത്ത ഞാന്‍ പരമദൈവതം തന്നെയാണ്. ഞാന്‍ അറിയേണ്ടതെല്ലാം അറിഞ്ഞുകഴിഞ്ഞു. കാണാന്‍ യോഗ്യമായതെല്ലാം കണ്ടും കഴിഞ്ഞു. എല്ലാത്തിലും അതീതമായി, എത്താനൊരിടമില്ലാത്ത, കാലദേശാനുസാരിയല്ലാത്ത  ആ പരമോന്നതതലത്തില്‍ ഞാനെത്തിക്കഴിഞ്ഞിരിക്കുന്നു.

*ആയാതമായതമലംഘനീയം ഗതം ഗതം സര്‍വ്വ മുപേക്ഷണീയം...

Jan 13, 2013

246 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 246


വിചരത്യേഷ ലോകേഷു ജീവ ഏവ ജഗസ്ഥിതൌ
വിലസത്യേവ ഭോഗേഷു പ്രസ്ഫുരത്യേവ വസ്തുഷു (5/35/21)

പ്രഹ്ലാദന്‍ തന്റെ ധ്യാനം തുടര്‍ന്നു: യാതൊരു വികലതകളും ഇല്ലാത്ത അദ്വൈതബോധമാണ്  'ഓം' എന്ന ശബ്ദം കൊണ്ട് സൂചിപ്പിക്കപ്പെടുന്ന ആത്മാവ്. ലോകത്തിലെന്തെല്ലാമുണ്ടോ അതെല്ലാം ഇപ്പറഞ്ഞ ഏകമായ ആത്മാവ് മാത്രം. ഈ ദേഹത്തിലെ മാംസാസ്ഥിസഞ്ചയവും, എല്ലാറ്റിനെയും ഭാസുരമാക്കുന്ന പ്രജ്ഞയും പ്രകാശസ്രോതസ്സുകളായ സൂര്യചന്ദ്രാദികളും എല്ലാം ആത്മാവ് തന്നെ. അതഗ്നിക്ക് ചൂട് നല്‍കുന്നു; മധുരഫലങ്ങള്‍ക്ക് മധുരിമയേകുന്നു; ഇന്ദ്രിയങ്ങളിലൂടെ അനുഭവങ്ങള്‍ വേദ്യമാക്കുന്നു. നില്‍ക്കുന്നുവെങ്കിലും അത് സ്ഥാവരമല്ല. ചലിക്കുന്നുവെങ്കിലും അത് ജംഗമമല്ല. നിശ്ചലമെങ്കിലും അത് സദാ ചടുലവും ജാഗരൂകവുമത്രേ. കര്‍മ്മനിരതമെങ്കിലും അതിനു മാറ്റങ്ങളേതുമില്ല. ഭൂത-ഭാവി-വര്‍ത്തമാനകാലങ്ങളിലും അവിടെയുമിവിടെയുമെല്ലാടവും എല്ലാ ആപേക്ഷികമായ നാമരൂപവ്യതിയാനങ്ങളിലും അതിനു മാറ്റമൊന്നുമില്ല.

ഭയലേശമില്ലാതെയും പരിമിധികളില്ലാതെയും ഈ ബോധമാണ് ബ്രഹ്മാവ്‌ മുതല്‍ പുല്‍ക്കൊടിവരെയുള്ള അനേകമനേകം ജീവ-നിര്‍ജീവജാലങ്ങളെ പ്രത്യക്ഷപ്രകടമാക്കി അവയ്ക്ക് നിലനില്‍ക്കാനിടനല്‍കുന്നത്. അതെപ്പോഴും ചടുലവും കര്‍മ്മനിരതവുമാണ്. എന്നാല്‍ വലിയൊരു പാറപോലെ ഉറച്ചതും അനങ്ങാത്തതുമാണ് താനും. യാതൊന്നിനാലും ബാധിക്കപ്പെടാത്ത ആകാശത്തിനോളം പോലും കര്‍മ്മങ്ങള്‍ അതിനെ ബാധിക്കുന്നില്ല. 

ഈ ആത്മാവാണ് കാറ്റിലുലയുന്ന കരിയിലപോലെ മനസ്സിനെ കര്‍മ്മനിരതമാക്കുന്നത്. കുതിരയെ നയിക്കുന്ന സവാരിക്കാരനെപ്പോലെ അത് ഇന്ദ്രിയങ്ങളെ സംവേദനപ്രാപ്തമാക്കുന്നു. ആത്മാവ് ഈ ദേഹത്തിന്റെ നാഥനാണെങ്കിലും അതൊരടിമയെപ്പോലെ എണ്ണമില്ലാത്ത, വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി തോന്നുന്നു. ഈ ആത്മാവൊന്നുമാത്രമേ ആശ്രയിക്കാനും പൂജിക്കാനും ധ്യാനിക്കാനും യോഗ്യമായുള്ളു. 

അതിനെ സമാശ്രയിച്ചാലേ ഈ ലോകമെന്ന ജനനമരണചക്രത്തില്‍ നിന്നും ഭ്രമകല്‍പ്പനകളില്‍നിന്നും ഒരുവന് രക്ഷ കിട്ടൂ. നല്ലൊരു സുഹൃത്തിനെപ്പോലെ എളുപ്പത്തില്‍ അതിനെ വെല്ലാന്‍ കഴിയും, കാരണം അത് നിവസിക്കുന്നത് എല്ലാവരുടെയും ഹൃദയകമലത്തിലാണല്ലോ. ക്ഷണിക്കാതെ പോലും സ്വദേഹത്തില്‍ത്തന്നെ അത് ക്ഷിപ്ര സിദ്ധം. ഒരിക്കലെങ്കിലും ധ്യാനിച്ചാലത് പ്രത്യക്ഷമായി വെളിപ്പെടും. അത് പ്രപഞ്ചത്തിലെ എല്ലാറ്റിന്റെയും നാഥനാണെങ്കിലും ആത്മാവുണര്‍ന്നവന് അഹംകാരമോ ദംഭോ ഉണ്ടാവുകയില്ല. പൂക്കളിലെ സൌരഭ്യം പോലെ ആത്മാവ് ദേഹങ്ങളില്‍ സര്‍വ്വവ്യാപിയായി സ്ഥിതികൊള്ളുന്നു.  

ആരും അതെക്കുറിച്ച്, അതായത് സ്വന്തം അസ്ഥിത്വത്തെക്കുറിച്ച് ആരായാത്തതുകൊണ്ടാണ് 'അതെ'ല്ലാവര്‍ക്കും ഗമ്യമല്ലാത്തതാണെന്നു തോന്നുന്നത് . ആത്മാന്വേഷണത്തിലൂടെ മാത്രമാണത്‌ ലഭ്യമാവുക. അത് പരമാനന്ദത്തിന്റെയും സത്യത്തിന്റെയും മരണമില്ലാത്ത ഒരുത്തമദര്‍ശനമത്രേ. എല്ലാ ബന്ധനങ്ങളുമഴിഞ്ഞും  ശത്രുക്കളെല്ലാമകന്നും ആസക്തികളൊഴിഞ്ഞും നിലകൊള്ളുമ്പോള്‍ മനസ്സിനെവിടെനിന്നാണിളക്കം വരിക?  അത് കണ്ടാല്‍പ്പിന്നെ എല്ലാം കണ്ടു. അതു കേട്ടാല്‍പ്പിന്നെ എല്ലാം കേട്ടു. അത് തൊട്ടാല്‍പ്പിന്നെ എല്ലാം തൊട്ടു. ലോകം അതുള്ളതുകൊണ്ടാണുള്ളത്. ഒരുവനുറങ്ങുമ്പോള്‍ അതുണര്‍ന്നിരിക്കുന്നു. അത് മൂഢനെ ഉണര്‍ത്തുന്നു; ദു:ഖിതരുടെ ദു:ഖമകറ്റുന്നു. അഭീഷ്ടസിദ്ധിയെ പ്രദാനം ചെയ്യുന്നു.

“സൃഷ്ടിയില്‍ അത് ജീവനെന്നപോലെ (ജീവജാലമായി) നിലകൊള്ളുന്നു; അത് സുഖാനുഭവം ആസ്വദിക്കുന്നതായി തോന്നുന്നു; പ്രപഞ്ചവസ്തുക്കളില്‍ സ്വയം വിപുലമായി ലയിക്കുന്നതായും തോന്നുന്നു.” എങ്കിലും എല്ലാ ദേഹങ്ങളിലും അതാത്മാവായി വര്‍ത്തിക്കുന്നു. പരമപ്രശാന്തതയോടെ സ്വയം അനുഭവവേദ്യമാവുന്നു. വിശ്വപ്രപഞ്ചത്തിന്റെ ഒരേയൊരു പരമസത്ത അത് മാത്രമാണ്. 

Jan 12, 2013

245 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 245


ഭാവനാഭാവമാശ്രിത്യ ഭാവസ്ത്യജതി ദു:ഖതാം
പ്രേക്ഷ്യ ഭാവമഭാവേന ഭാവസ്ത്യജതി ദുഷ്ടതാം (5/34/99)

പ്രഹ്ലാദന്‍ തന്റെ മനനം തുടര്‍ന്നു: അനന്താവബോധം എണ്ണമറ്റ  ലോകങ്ങളെ കാലത്തിന്റെ മൂന്നു ഘട്ടങ്ങളിലും അനുഭവിക്കുന്നു. അതെല്ലാത്തിനെയും വലയം ചെയ്യുന്നു, എല്ലാറ്റിനെയും കാണുന്നു. സ്വയം മാറ്റങ്ങള്‍ക്കോ അസന്തുലിതാവസ്ഥകള്‍ക്കോ വശംവദമല്ലാത്തതുകൊണ്ട് എല്ലാക്കാലവും നിലനില്‍ക്കുന്നത് അതൊന്നേയുള്ളു. ഈ ബോധത്തിന് ഒരേസമയം മാധുര്യമേറിയതും കയ്പ്പുനിറഞ്ഞതുമായ അനുഭവങ്ങളെ സംവദിക്കുവാനാകും. അത് സദാ പ്രശാന്തതയില്‍ അഭിരമിച്ചു നിശ്ചലമായി നിലകൊള്ളുന്നു. വിവിധങ്ങളായ അവസ്ഥാവിശേഷങ്ങളെ നേരിടുമ്പോഴും അനന്തതയ്ക്ക് മാറ്റമൊന്നുമില്ല. കാരണം, അതെല്ലാ ഉപാധികള്‍ക്കും മാറ്റത്തിനും അതീതമാണ്. ധാരണകളും വിവക്ഷകളും ഇല്ലാത്ത ഒരു തലമാണത്. മാത്രമല്ല, ഒരേസമയം അതു സൂക്ഷ്മവും നാനാവിധ അനുഭവങ്ങളെ ഒരേസമയം വേദിക്കാന്‍ കഴിവുള്ളതുമാണ്. എന്നുമെല്ലായ്പ്പോഴും പ്രശാന്തവും ഘനസാന്ദ്രവുമായ സത്താണത്.
  
“ഒരിക്കലും മാറ്റങ്ങള്‍ക്കു വിധേയമായിട്ടില്ലാത്ത പൊരുളിനെ പരിണാമപ്രക്രിയയിലൂടെ കടന്നുവന്ന ഒരു സത്ത സമാശ്രയിക്കുമ്പോള്‍ അതു ദു:ഖനിവൃത്തി നേടുന്നു. അചഞ്ചലമായ ആ പൊരുള്‍ (സാക്ഷീഭാവത്തില്‍ , (മനസ്സ്) അതിനെ ‘ദര്‍ശിക്കു’മ്പോഴാകട്ടെ അതിലുണ്ടായിരുന്ന ദുഷ്ടതയെല്ലാം ഇല്ലാതെയാവുന്നു.” 

അനന്താവബോധം ത്രികാല സംബന്ധിയായ ധാരണകളെ ഉപേക്ഷിക്കുമ്പോള്‍ അത് വിഷയസംബന്ധിയായ എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തി നേടുന്നു. അപ്പോള്‍ ധാരണാവികല്‍പ്പങ്ങളൊഴിഞ്ഞ് പ്രശാന്തത കളിയാടുന്നു. അതിന് വ്യതിരിക്തമായ 'ഉണ്മ' ഇല്ലെന്നു തന്നെപറയാം, കാരണം അത് വിവരണാതീതമാണല്ലോ. ചിലരതുകൊണ്ട് ആത്മാവ് എന്നൊരു സത്ത ഇല്ല എന്നൊരു സിദ്ധാന്തം പ്രചരിപ്പിക്കുന്നു. ബ്രഹ്മം അല്ലെങ്കില്‍ ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന വാദമെങ്ങിനെയായാലും  മാറ്റമില്ലാത്ത, നാശമില്ലാത്ത അവസ്ഥ തന്നെയാണ് പരമമുക്തി.

ചിന്തകളാകുന്ന ചഞ്ചലത കൊണ്ട് ബോധം മറഞ്ഞിരിക്കുന്നതായി തോന്നുന്നു. അതിനെ നമുക്ക്‌ സാക്ഷാത്കരിക്കാന്‍ കഴിയാതെ വരുന്നു. ആസക്തികളിലും വിരക്തികളിലും ആമഗ്നരായവര്‍ക്ക് അതപ്രാപ്യം തന്നെ. അവര്‍ ചിന്താവലയത്തില്‍ പെട്ടുഴറുന്നു. എന്റെ പൂര്‍വ്വികര്‍ അങ്ങിനെയായിരുന്നു. രാഗദ്വേഷങ്ങളുടെ പിടിയില്‍പ്പെട്ട്, ദ്വന്ദഭാവങ്ങളില്‍ അഭിരമിച്ച് അവര്‍ പുഴുക്കളെപ്പോലെ ജീവിതം നയിച്ചു. ആശാപിശാചുക്കളും ദുഷ്ടതയും ഒടുങ്ങി, അജ്ഞാനചിന്തകളുടെ മായാമറ നീങ്ങി, മനോവൈകല്യങ്ങള്‍ അവസാനിച്ച്, ലഭിക്കുന്ന ശരിയായ ഉള്ളുണര്‍വ്വ് ആര്‍ക്കുണ്ടോ അവന്‍ മാത്രമേ ജീവിക്കുന്നുള്ളു. അനന്താവബോധമെന്ന ഒരേയൊരു സത്തമാത്രം ഉള്ളപ്പോള്‍ അവിടെയെങ്ങിനെ മറ്റൊരു ധാരണ ഉടലെടുക്കും?

ഞാന്‍ ആത്മാവിനെ നമസ്കരിക്കുന്നു. ഞാന്‍ എന്നെ നമസ്കരിക്കുന്നു. അവിച്ഛിഹ്നമായ അനന്താവബോധം, കാണപ്പെടുന്നതും അല്ലാത്തതുമായ ലോകങ്ങളുടെ മകുടമണി തന്നെയാണ്. നിന്നെ പ്രാപിക്കുക ക്ഷിപ്രസാദ്ധ്യം. നിന്നെ ലഭിച്ചു കഴിഞ്ഞിരിക്കുന്നു. നിന്നെ തൊട്ടറിഞ്ഞിരിക്കുന്നു. നിന്നെ ഞാന്‍ സാക്ഷാത്കരിച്ചിരിക്കുന്നു. എല്ലാ വികലതകള്‍ക്കും അതീതമായി നിന്നെ ഞാന്‍ ഉയര്‍ത്തിയിരിക്കുന്നു. നീ നീയാകുന്നു. നീ ഞാനാകുന്നു. ഞാന്‍ നീയും. നിനക്കെന്റെ നമോവാകം.

നിനക്കും എനിക്കും ശിവനും ദേവദേവനും പരംപൊരുളിനും നമസ്കാരം. സ്വരൂപത്തില്‍ അഭിരമിക്കുന്ന ആത്മാവിനെന്റെ നമോവാകം. സ്വയം ആത്മാവില്‍ ആത്മാവ് സ്ഥാപിതമാകയാല്‍  അജ്ഞാനത്തിന്‍റെ മൂടുപടമോ ചിന്താ ധാരണകളാകുന്ന അവിദ്യയോ ആത്മാവിനു ബന്ധനമാകുന്നില്ല.

Jan 11, 2013

244 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 244


സര്‍വ്വഭാവാന്തരസ്ഥായ ചേത്യമുക്തചിദാത്മനേ
പ്രത്യക്ചേതനരൂപായ മഹ്യമേവ നമോ നമ:  (5/34/69)

പ്രഹ്ലാദന്‍ മനനം തുടര്‍ന്നു: തീര്‍ച്ചയായും ആ അനന്താവബോധം മാത്രമല്ലേ എപ്പോഴും ഉണ്ടായിരുന്നുള്ളൂ? പിന്നെയെങ്ങിനെയാണ് നിയതമായ യാതൊരു കാരണവും അടിസ്ഥാനവുമില്ലാതെ  ഈ പരിമിതപ്പെട്ട അഹംഭാവം അതില്‍ ഉയര്‍ന്നു വന്നത്? ‘ഇത് ഞാന്‍’; ‘അത് നീ’, തുടങ്ങിയ ഭ്രമാത്മക ചിന്തകള്‍ക്കും ധാരണകള്‍ക്കും കാരണമായതെന്താണ്?

ഈ ശരീരമെന്നതെന്താണ്? ശരീരമില്ലാത്ത അവസ്ഥയെന്താണ്? അരാണീ ശരീരത്തില്‍ നിവസിക്കുന്നത്? ആരാണു മരണപ്പെടുന്നത്? തീര്‍ച്ചയായും എന്റെ പൂര്‍വികര്‍ അവരുടെ അജ്ഞതമൂലം അനന്താവബോധത്തെ അവഗണിച്ചുകൊണ്ട് അവരീ ചെറിയഭൂമിയില്‍ ചുറ്റിക്കറങ്ങി.  അനന്തതയുടെ അപാരതയും ഈ ചെറുഭൂമിയുടെ പൊങ്ങച്ചഭാവവും തമ്മില്‍ എങ്ങിനെ താരതമ്യപ്പെടുത്താനാവും? ചെറുതെങ്കിലും ഇവിടെ അതിഭീതിതമായ ആസക്തിയും ആശാത്വരകളും നിറഞ്ഞിരിക്കുകയല്ലേ?

എന്നാല്‍ അനന്താവബോധത്തിന്റേതായ ദര്‍ശനം അതീവ നിര്‍മലവും പരമപ്രശാന്തി ദായകവുമാണ്. ഈ പ്രപഞ്ചത്തില്‍ സാദ്ധ്യമായതില്‍ വെച്ചേറ്റവും ഉത്തമമാണ് അനന്താവബോധത്തിന്റ ഈ ദര്‍ശനം. “എന്റെയുള്ളില്‍ സ്ഥിതിചെയ്യുന്ന ആത്മാവിനെ (അന്തര്യാമിയെ) ഞാനിതാ നമസ്കരിക്കുന്നു. എല്ലാ വസ്തു–വിഷയ ബോധങ്ങള്‍ക്കും ധാരണകള്‍ക്കും അതീതമായി വര്‍ത്തിക്കുന്ന അത് ജീവജാലങ്ങളുടെ മേധാശക്തിയാണ്.” ഇനിയും ജനിച്ചിട്ടില്ലാത്ത(അജന്‍))എന്നില്‍ ലോകം അപ്രത്യക്ഷമായിരിക്കുന്നു. ലഭിക്കുവാന്‍ യോഗ്യമായതെന്തോ അത് ഞാന്‍ നേടിയിരിക്കുന്നു. ഞാന്‍ വിജയിയായി പരിലസിക്കുന്നു. വിശ്വാവബോധം ഉപേക്ഷിച്ച് ലഭിക്കുന്ന രാജ്യഭരണത്തില്‍ ഞാന്‍ ലേശംപോലും ആഹ്ലാദം കാണുന്നില്ല.

ഈ ലൌകീകതയില്‍ മുഴുകിയിരിക്കുന്ന അസുരവര്‍ഗ്ഗത്തിനോടെനിക്ക് കഷ്ടം തോന്നുന്നു. എന്റെ അച്ഛന്‍ എത്ര അജ്ഞാനിയായിരുന്നു! ഭൌതീകമായ നിലനില്‍പ്പില്‍ മാത്രം അഭിരമിച്ചു ജീവിതം പാഴാക്കിക്കളഞ്ഞു അദ്ദേഹം. ഏറെക്കാലം ജീവിച്ചിട്ടും, ചെറിയൊരു മണ്‍കൂന മാത്രമായ ഈ ലോകം ഭരിച്ചിട്ടും അദ്ദേഹമെന്തു നേടി? അത്തരം നിസ്സാരമായ അനേകം ലോകങ്ങളുടെ അധിപസ്ഥാനവും ആത്മാനന്ദത്തിനു സമമായി വരികയില്ല. മറ്റൊന്നുമില്ലെങ്കിലും ആത്മജ്ഞാനിയായ ഒരുവന്‍ എല്ലാം തികഞ്ഞവനത്രേ. ഇതുപേക്ഷിച്ച് മറ്റെന്തെങ്കിലും തേടുന്നവന്‍ ബുദ്ധിമാനല്ല.
 
ക്ഷണഭംഗുരമായ, നശ്വരമായ, മരുഭൂമിപോലെ വരണ്ട  ഭൌതീകമായ ഈ താല്‍ക്കാലികമായ നിലനില്‍പ്പെവിടെ? പ്രസാദമാധുരിമയേകുന്ന നന്ദനോദ്യാനം പോലെയുള്ള ആത്മസാക്ഷാത്കാരത്തിന്റെ ശാശ്വതമായ നിറവെവിടെ? മൂന്നുലോകങ്ങളുടെയും അധീശത്വവും നിലനില്‍പ്പും ബോധത്തില്‍ മാത്രമാണ്.   ഈ സത്യമനുഭവിച്ചറിഞ്ഞ് ബോധത്തിനപ്പുറം ഒന്നും ഉണ്മയായില്ല എന്ന് മനുഷ്യര്‍ തിരിച്ചറിയാത്തത് എന്തുകൊണ്ടാണ്? അവിച്ഛിന്നവും സര്‍വ്വവ്യാപിയും, സര്‍വ്വശക്തവുമായ അനന്താവബോധത്തിലൂടെ എല്ലാമെല്ലാം എല്ലായിടത്തും എപ്പോഴും സുലഭ്യമാണ്. 

സൂര്യചന്ദ്രന്മാരില്‍ പ്രഭാസിക്കുന്ന വെളിച്ചം, ദേവതകളില്‍ പരിലസിക്കുന്ന ചൈതന്യവിശേഷം, മനസ്സിന്റെ സ്വഭാവസവിശേഷതകള്‍ , പ്രകൃതിയിലെ എല്ലാ വസ്തുക്കളിലും സഹജമായി കാണപ്പെടുന്ന ഗുണഗണങ്ങള്‍ , ഊര്‍ജ്ജത്തിന്റെ അനന്തകോടി പ്രസ്ഫുരണങ്ങള്‍ , വിശ്വാവബോധത്തില്‍ പ്രകടിതമാവുന്ന വികാസപരിണാമങ്ങള്‍ , എന്നിവയ്ക്കെല്ലാം അടിസ്ഥാനമായിരിക്കുന്ന ആത്മാവിനു മാറ്റങ്ങളോ വൈരുദ്ധ്യങ്ങളോ ഇല്ല. യാതൊരുവിധപക്ഷഭേദവും കൂടാതെ താപവും പ്രകാശവും വിതരണം ചെയ്യുന്ന സൂര്യപ്രഭപോലെ ക്ഷിപ്രനിരന്തരമായ അനന്താവബോധം പ്രപഞ്ചത്തിലെ എല്ലാറ്റിനെയും പ്രകാശമാനമാക്കുന്നു. 

Jan 10, 2013

243 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 243


ഘൃതം യഥാന്തഃ പയസോ രസശക്തിര്‍യഥാ ജലേ
ചിച്ഛക്തി: സര്‍വഭാവേഷു തഥാന്തരഹമാസ്ഥിത:  (5/34/56)

പ്രഹ്ലാദന്‍ തന്റെ ധ്യാനം തുടര്‍ന്നു: ജീവികളുടെ എല്ലാം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ആത്മാവ് ഒന്നാണ്. അതാണ്‌ എല്ലാം അനുഭവിക്കുന്നത്. അതിനാല്‍ ആത്മാവിന് ആയിരം കൈകളും കണ്ണുകളുമുണ്ടെന്നു പറയപ്പെടുന്നു. സൂര്യന്റെ സൌഭഗശരീരമായും വായുവായും മറ്റെല്ലാമായും ആത്മാവ് ‘ഞാന്‍’ ആയി ആകാശം മുഴുവന്‍ വ്യാപരിക്കുന്നു. ശംഖ-ചക്ര-ഗദാ പങ്കജ ധാരിയായ ദേവതയായി (വിഷ്ണു) ഈ ജഗത്തിനെ അലങ്കരിക്കുന്നതും ആത്മാവത്രേ. ഇതേ ആത്മാവാണ് താമരയില്‍ ഇരുന്നു സൃഷ്ടി ചെയ്യുന്ന ബ്രഹ്മദേവന്‍.. ഈ ലോകചക്രത്തിന്റെ അന്ത്യത്തില്‍ എല്ലാറ്റിനെയും വിലയനം ചെയ്യിക്കുന്ന സംഹാരദേവതയും (മഹേശ്വരന്‍))))  )  ആത്മാവ്‌ തന്നെ.
  
ഇന്ദ്രനാല്‍ മൂര്‍ത്തീകരിക്കപ്പെട്ട, ‘ഞാന്‍’ എന്നറിയപ്പെടുന്ന ആത്മാവാണ് ലോകത്തെ സംരക്ഷിക്കുന്നത്. ഞാന്‍ ആണാണ്. പെണ്ണാണ്. യുവാവാണ്. ജരാനര ബാധിച്ച വൃദ്ധനാണ്. ദേഹമെടുത്തതുകൊണ്ട് ‘ഞാനി’വിടെ ജനിച്ചവനായി തോന്നുകയാണ്. ഞാന്‍ സര്‍വവ്യാപിയാണ്‌.. അനന്താവബോധത്തിന്റെ ഭൂമിയില്‍ ഞാന്‍ മരങ്ങളായും ചെടികളായും അവയിലെ അന്ത:സത്തയായും നിലകൊള്ളുന്നു. കൊച്ചുകുട്ടിയുടെ കയ്യിലെ കളിമണ്ണുപോലെ എന്റെതന്നെ പ്രാഭവത്താല്‍ പ്രത്യക്ഷലോകം മുഴുവന്‍ ഞാന്‍ നിറഞ്ഞിരിക്കുന്നു. ഈ ലോകത്തിന്റെ ഉണ്മ എന്നില്‍ , ആത്മാവില്‍ ,  നിക്ഷിപ്തമാണ്. അതെന്നില്‍ എന്നിലൂടെ വര്‍ത്തിക്കുന്നു. എന്നാല്‍ ഞാനതിനെ നിരാകരിക്കുമ്പോള്‍ അല്ലെങ്കില്‍ ഉപേക്ഷിക്കുമ്പോള്‍ അതിനു മൂല്യമില്ലാതാവുന്നു. ലോകത്തിനുണ്ടെന്നു അതുവരെ തോന്നിയിരുന്ന ആപേക്ഷികമായ ഉണ്മ ഇല്ലാതെയാവുന്നു.
  
കണ്ണാടിയില്‍ കാണുന്ന പ്രതിഫലനമെന്നപോലെ ഈ ലോകം എന്നില്‍ , ആത്മാവില്‍ , അനന്താവബോധത്തില്‍ , നിലകൊള്ളുന്നു. പൂക്കളിലെ സൌരഭം ഞാനാണ്. പ്രകാശത്തിലെ ഭാസുരത ഞാനാണ്. അവകളിലെ അനുഭവവേദ്യതയും ഞാനാണ്. സര്‍വ്വചരാചരങ്ങളുടേയും പരമസത്ത ഞാനാണ്. എല്ലാ ഉപാധികളുമൊഴിഞ്ഞ ബോധമാണ് ഞാന്‍.
. വിശ്വപ്രപഞ്ചത്തിലെ എല്ലാറ്റിന്റെയും അന്ത:സത്ത ഞാനാണ്.

“പാലില്‍ വെണ്ണപോലെ, ജലത്തിന്റെ ദ്രാവകാവസ്ഥപോലെ, ബോധത്തിലെ ചൈതന്യം പോലെ അസ്തിത്വമുള്ള എല്ലാറ്റിന്റെയും ഉണ്മ ഞാനാണ്.”
  
ഭൂത-ഭാവി-വര്‍ത്തമാന അവസ്ഥകളില്‍ ഉള്ള ഈ ലോകം അനന്താവബോധത്തില്‍ നിലകൊള്ളുന്നത് യാതൊരുവിധ വിഷയഭിന്നതകളും കൂടാതെയാണ്. സര്‍വ്വവ്യാപിയും സര്‍വ്വശക്തനുമായ വിശ്വപുരുഷനാണ് ആത്മാവ്, അല്ലെങ്കില്‍ ഞാന്‍ എന്നറിയപ്പെടുന്നത്. ഈ വിശ്വം യദൃഛയാ എന്നില്‍ വന്നു നിറഞ്ഞു
എന്നാല്‍ത്തന്നെ  പരക്കെ വ്യാപരിക്കപ്പെട്ടു. ഞാന്‍ ആത്മാവായി, പരമാവബോധമായി, പ്രളയശേഷവും  വിശ്വം മുഴുവന്‍ പ്രപഞ്ചസമുദ്രമെന്നതുപോലെ നിറഞ്ഞിരിക്കുന്നു. വികലാംഗങ്ങളോടു കൂടിയ ജലജീവികള്‍പോലും സമുദ്രത്തിന്റെ അനന്തതയെ അറിയുന്നതുപോലെ ഞാനും എന്റെ സഹജ സ്വരൂപമായ  അപാരതയെ, അളക്കാന്‍ കഴിയാത്ത അനന്തതയായി മാത്രം അറിയുന്നു.

അനന്താവബോധത്തില്‍ ഈ ലോകമെന്നത് വെറുമൊരു ധൂളീകണം മാത്രം. അതെന്നെ സംതൃപ്തനാക്കാന്‍ പോന്നതല്ല. ആനയുടെ വിശപ്പടക്കാന്‍ ചെറിയൊരു പഴത്തിനെങ്ങിനെ സാധിക്കും? ബ്രഹ്മാവിന്റെ ഗൃഹത്തില്‍ നിന്നും വികാസം തുടങ്ങിയ നാമരൂപങ്ങള്‍ ഇപ്പോഴും അനവരതം ഉണ്ടായി വളര്‍ന്നു വികാസം പ്രാപിച്ചുകൊണ്ടേയിരിക്കുന്നു.

Jan 9, 2013

242 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 242


ആ ഇദാനീം സ്മൃതം സത്യമേതത്തദഖിലം മയാ
നിര്‍വികല്‍പ്പചിദാഭാസ ഏഷ ആത്മാസ്മി സര്‍വഗ: (5/34/19)

പ്രഹ്ലാദന്റെ ചിന്തകള്‍ കൂടുതല്‍ ആഴത്തില്‍ ഇങ്ങിനെ തുടര്‍ന്നു: ഞാന്‍ സര്‍വ്വവ്യാപിയായ സത്യവസ്തുവാണ്. അതില്‍ വിഷയങ്ങളോ തല്‍സംബന്ധിയായ ധാരണകളോ സങ്കല്‍പ്പങ്ങളോ ഇല്ല. ഞാന്‍ ശുദ്ധബോധം മാത്രമാണ്. ഈ ബോധത്തിന്റെ പ്രാഭവത്താലാണ് ചെറിയൊരു മണ്‍കുടം മുതല്‍ സദാ പ്രോജ്ജ്വലിക്കുന്ന സൂര്യനെ വരെ നമുക്കറിയാനാവുന്നത്. “ആഹാ. ഇപ്പോള്‍ ഞാനറിയുന്നു. ഞാന്‍ സര്‍വ്വവ്യാപിയായ, ധാരണാ വികല്‍പ്പങ്ങളൊന്നുമില്ലാത്ത ആത്മാവാണ്.”
 
ആത്മാവാണ് എല്ലാ ഇന്ദ്രിയങ്ങളുടേയും ഉള്‍വെളിച്ചമായി അവയുണ്ടാക്കുന്ന അനുഭവങ്ങളെ വേദ്യമാക്കുന്നത്. വസ്തുക്കള്‍ക്ക് സ്ഥാവരസാധുതയുണ്ടെന്ന തോന്നലുണ്ടാക്കുന്നതും ആത്മാവിന്റെ ആ വെളിച്ചമാണ്. ഉപാധികളേതുമില്ലാത്ത ആ ബോധപ്രകാശത്തിന്റെ മഹിമകൊണ്ടാണ് സൂര്യന് ചൂടും ചന്ദ്രന് തണുപ്പും പര്‍വ്വതങ്ങള്‍ക്ക് ഖനവും ജലത്തിന് ദ്രവരൂപവും  ഉണ്ടായത്. മൂര്‍ത്തീകൃതമായ, പ്രത്യക്ഷമായ എല്ലാറ്റിന്റെയും കാരണം അതാണ്‌.. എന്നാല്‍ ആത്മാവ് സ്വയം കാരണരഹിതമത്രേ. ആത്മാവിന്റെ, ബോധപ്രകാശം കാരണമായാണ് വൈവിദ്ധ്യമാര്‍ന്ന എല്ലാ പ്രപഞ്ചവസ്തുക്കള്‍ക്കും അതാതിന്റെ  സ്വഭാവസവിശേഷതകള്‍ ഉണ്ടായത്. സ്വയം രൂപരഹിതമെങ്കിലും എല്ലാ രൂപങ്ങള്‍ക്കും നിദാനമായത് ആത്മാവത്രേ. എല്ലാ വൈവിദ്ധ്യങ്ങളോടും കൂടി ഈ പ്രപഞ്ചം ഉദ്ഗമിച്ചത് അതില്‍നിന്നാണ്. സൃഷ്ടി-സ്ഥിതി-സംഹാരകാരകരായ  ബ്രഹ്മാ-വിഷ്ണു-രുദ്ര ത്രിമൂര്‍ത്തികള്‍ ആത്മാവില്‍ നിന്നുണ്ടായി. എന്നാല്‍ ആത്മാവിനു കാരണമായി യാതൊന്നുമില്ല. സ്വയംപ്രഭമായ ആത്മാവിനെ ഞാന്‍ നമസ്കരിക്കുന്നു. അത് അറിവ്-അറിവാളി; വിഷയം-വിഷയി തുടങ്ങിയ എല്ലാ ദ്വന്ദങ്ങള്‍ക്കും അതീതമാണ്.

പ്രപഞ്ചത്തിലെ എല്ലാറ്റിലും ആത്മാവ് നിറഞ്ഞു വിളങ്ങുന്നു. അത് പ്രപഞ്ചവസ്തുക്കളില്‍ നിവസിക്കുന്നു. അത് എന്തെല്ലാം നിനയ്ക്കുന്നുവോ അപ്രകാരം ബാഹ്യമായി സംഭവിക്കുന്നു. അത് പ്രപഞ്ചവസ്തുക്കളെ ഇഛാമാത്രം കൊണ്ട് സൃഷ്ടിക്കുകയും ഇഛകൊണ്ട് തന്നെ സംഹരിക്കുകയും ചെയ്യുന്നു. അന്തമില്ലാത്ത വസ്തുക്കള്‍ പ്രത്യക്ഷമാവുന്നത് അനന്തമായ ബോധമണ്ഡലത്തിലാണ്. സൂര്യപ്രകാശത്തില്‍ നിഴലെന്നപോലെ അവ ഉണ്ടായി വലുതായി ചുരുങ്ങി അപ്രത്യക്ഷമാവുന്നതായി നാം കാണുന്നു. എന്നാല്‍ ഈ വെളിച്ചം, ആത്മാവ്, ഗോചരമല്ല. അതിനെ അറിയാനും സാദ്ധ്യമല്ല.  ഹൃദയസംശുദ്ധി കൈവന്നവര്‍ക്ക് മാത്രം എത്തിച്ചേരാവുന്ന ഒരു തലമത്രേ അത്. 
    
എന്നാല്‍ മഹത്പുരുഷന്മാര്‍ അതിനെ അതീവ നിര്‍മ്മലമായ അനന്തവിശ്വാവബോധമായി അറിയുന്നു. ഈ ആത്മാവ് മൂന്നു ലോകങ്ങളിലും അവിച്ഛിന്നമായി, പുല്‍ക്കൊടിമുതല്‍ ബ്രഹ്മാവ്‌ വരെ അനന്തഭാസുരപ്രഭയായി സ്വയം നിറഞ്ഞു വിളങ്ങുന്നു.  അതിന് ആദിയും അന്തവുമില്ല. അതെല്ലാത്തിലും നിറഞ്ഞിരിക്കുന്നു. ജീവ-നിര്‍ജീവ ജാലങ്ങളിലെല്ലാം ആന്തരാനുഭാവസാന്നിദ്ധ്യമായി അത് നിലകൊള്ളുന്നു. 

Jan 8, 2013

241 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 241


സര്‍വ്വസംഭ്രമസംശാന്ത്യൈ പരമായ ഫലായ ച
ബ്രഹ്മവിശ്രാന്തിപര്യന്തോ വിചാരോസ്തു തവാനഘ(5/34/3)
ഭഗവാന്‍ പറഞ്ഞു: പ്രഹ്ലാദാ, നിന്നില്‍ സദ്ഭാവങ്ങളുടെ ഒരു കടലുതന്നെയുണ്ട്. തീര്‍ച്ചയായും അസുരന്മാരുടെ മണിരത്നമാണ് നീ. ജന്മാദിദുഃ:ഖങ്ങള്‍ ഇല്ലാതെയാക്കാനുതകുന്ന  ഏതു വരം വേണമെങ്കിലും ചോദിച്ചു കൊള്ളൂ.
പ്രഹ്ലാദന്‍ പറഞ്ഞു: ഭാഗവാനേ അവിടുന്നു സകലജീവികളുടെയും ഹൃദയത്തില്‍ നിവസിക്കുന്നു. ഞങ്ങളുടെ അഭീഷ്ടങ്ങളെ സാധിച്ചു തരുന്നു. അനന്തവും അപരിമേയവുമായി അങ്ങ് കരുതന്നതെന്തോ അതാണെനിക്ക് വരമായി വേണ്ടത്.

“ഭഗവാന്‍ പറഞ്ഞു: പ്രഹ്ലാദാ നിനക്ക് അനന്തമായ ബ്രഹ്മത്തില്‍ വിരാജിക്കുന്നതുവരെ അചഞ്ചലമായ ആത്മാന്വേഷണത്വര ഉണ്ടാവട്ടെ. അങ്ങിനെ നിന്നിലെ ഭ്രമകല്‍പ്പനകള്‍ അവസാനിച്ച് പരമപദമെന്ന ഉന്നതഫലം അനുഗൃഹമായിത്തീരട്ടെ.”

വസിഷ്ഠന്‍ പറഞ്ഞു: ഇത്രയും പറഞ്ഞു ഭഗവാന്‍ അപ്രത്യക്ഷനായി. ഭഗവല്‍ നാമസ്തോത്ര കീര്‍ത്തനജപങ്ങളോടെ പ്രഹ്ലാദന്‍ പൂജ അവസാനിപ്പിച്ചു. എന്നിട്ടിങ്ങിനെ ആലോചിച്ചു: ‘തുടര്‍ച്ചയായി നീ അന്വേഷണം ചെയ്യുക’ എന്നാണ് ഭഗവാന്‍ അരുളിയത്. ആത്മാവിനെക്കുറിച്ച് തീവ്രമായി അന്വേഷിക്കുക തന്നെ. നടക്കുകയും, സംസാരിക്കുകയും നില്‍ക്കുകയും ഈ വിശാലലോകത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഞാന്‍ ആരാണെന്നാദ്യം കണ്ടുപിടിക്കണം. തീര്‍ച്ചയായും മലകളും മരങ്ങളും ചെടികളും നിറഞ്ഞ ജഢമായ ഈ ബാഹ്യലോകമല്ല ഞാന്‍. ചെറിയൊരു കാലയളവ്‌ മാത്രം ജീവിക്കുന്ന, പ്രാണവായുവിന്റെ നീക്കം കൊണ്ട് സംജാതമായ ഈ പരിമിതദേഹവുമല്ല ഞാന്‍.    

വെറും ജഢമായ ഇന്ദ്രിയത്താല്‍ (ചെവിയാല്‍ ) തിരിച്ചറിയുന്ന വാക്കോ, ശബ്ദമോ അല്ല ഞാന്‍. കാരണം വായുവിന്റെ താല്‍ക്കാലിക സഞ്ചാരമാണല്ലോ ഈ സംവേദനത്തിന് കാരണം. അത് സ്ഥിരമല്ല. ഞാന്‍ സ്പര്‍ശവുമല്ല. അതും താല്ക്കാലീകം മാത്രം. അനന്താവബോധത്തിന്റെ പ്രഭാവത്തില്‍ മാത്രമേ അതിനും നിലനില്‍പ്പുള്ളു. ഞാന്‍ നാവിലെ രുചിയുമല്ല. കാരണം അതെപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. നാവാണെങ്കില്‍ ബാഹ്യവസ്തുക്കളുമായി എപ്പോഴും ബന്ധത്തിലാണ്. ഞാന്‍ എപ്പോഴും മാറിമറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ച്ചയുമല്ല. കാഴ്ച്ചക്കാരന്റെ അറിവിന്റെ വൈചിത്ര്യമനുസരിച്ചു മാറിമറയുന്ന രൂപങ്ങളുമല്ല ഞാന്‍. ഞാന്‍ ഘ്രാണശക്തിയുമല്ല. മൂക്കിന്റെ ഭാവനാ സങ്കല്‍പ്പം മാത്രമാണ് അനിയതരൂപങ്ങളുള്ള മണം.

ഈ ഭാവനാഗുണങ്ങളൊന്നും എന്റേതല്ല. ഇന്ദ്രിയങ്ങളുടെ നടത്തിപ്പുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞാന്‍ ശുദ്ധബോധമാണ്. ചിന്തകള്‍ക്കതീതമായ പ്രശാന്തിയാണ് ഞാന്‍. 

Jan 7, 2013

240 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 240


ത്രിഭുവനഭാവനാഭിരാമകോശം
സകലകളങ്കഹരം പരം പ്രകാശം
അശരണശരണം ശരണ്യമീശം
ഹരിമജമച്യുതമീശ്വരം പ്രപദ്ധ്യേ (5/33/19)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ദേവന്മാരെ സമാധാനിപ്പിച്ച് വിഷ്ണുഭഗവാന്‍ അപ്രത്യക്ഷനായി. ദേവന്മാര്‍ അവരവരുടെ സവിധങ്ങളിലേയ്ക്ക് മടങ്ങി. അപ്പോഴെയ്ക്ക് അവര്‍ പ്രഹ്ലാദനുമായി സൌഹൃദത്തിലുമായി. പ്രഹ്ലാദന്‍ ദിവസവും മനസാ വാചാ കര്‍മ്മണാ വിഷ്ണുപൂജ ചെയ്തു വന്നു. 

ഇങ്ങിനെയുള്ള പൂജയുടെ തല്‍ക്ഷണഫലമെന്ന നിലയ്ക്ക് പ്രഹ്ലാദനില്‍ പവിത്രഗുണങ്ങളായ വിവേകം, അനാസക്തി എന്നിവ സംജാതമായി. അദ്ദേഹം സുഖം തേടിയില്ല. ആ മനസ്സ് അതിനായി ആഗ്രഹിച്ചതേയില്ല. സുഖാസക്തി ഉപേക്ഷിച്ചതോടെ പ്രഹ്ലാദന്റെ മനസ്സിനുപാധിയായി മറ്റൊന്നും ഉണ്ടായിരുന്നില്ല. പ്രഹ്ലാദന്റെ ഈയവസ്ഥ അറിഞ്ഞ വിഷ്ണുഭഗവാന്‍ പാതാളലോകത്ത് അദ്ദേഹം പൂജ ചെയ്തിരുന്ന സ്ഥലത്തെത്തി. ഭഗവാനെ കണ്ട പ്രഹ്ലാദന്‍ അതീവ സന്തോഷത്തോടെ വീണ്ടും വീണ്ടും പൂജ തുടര്‍ന്നു. പ്രഹ്ലാദന്‍ പ്രാര്‍ത്ഥിച്ചു:

“മൂന്നുലോകങ്ങളും വിരാജിക്കുന്ന ആ ഭഗവാനില്‍ ഞാന്‍ അഭയം തേടുന്നു. എല്ലാവിധ അന്ധകാരങ്ങളും അജ്ഞാനങ്ങളും ഇല്ലാതാക്കുന്ന പരമപ്രകാശമാണാ ഭഗവാന്‍.. അഗതികള്‍ക്കൊരാശ്രയമായുള്ളതും ഭഗവാന്‍ മാത്രം. ഇനിയും ജനിച്ചിട്ടില്ലാത്ത (അതിനാല്‍ത്തന്നെ മരണമില്ലാത്ത) ആ ഭഗവാനിലുള്ള അഭയം മാത്രമേ അഭികാമ്യമായുള്ളു. എക്കാലവും ഉറപ്പുള്ള സംരക്ഷ ആ ഭഗവല്‍സവിധത്തില്‍ മാത്രമേയുള്ളൂ.
     
നീലക്കല്ലുപോലെയോ നീലത്താമാരപോലെയോ പ്രഭാഭാസുരമാണവിടുത്തെ രൂപം. ശിശിരകാലത്തെ തെളിഞ്ഞ നീലാകാശത്തിന്റെ കിരീടം പോലെ ആ തിരുരൂപമെത്ര  പ്രോജ്ജ്വലം! കൈകളില്‍ വിഷ്ണുഛിഹ്നങ്ങളുമായി നില്‍ക്കുന്ന അവിടുത്തെ ഞാന്‍ ആശ്രയിക്കുന്നു. വേദശാസ്ത്രങ്ങളുല്‍ഘോഷിക്കുന്ന സത്യമാണവിടുത്തെ ശബ്ദം. അവിടുത്തെ നാഭീപങ്കജത്തിലത്രേ സൃഷ്ടാവായ ബ്രഹ്മദേവന്‍ നിലകൊള്ളുന്നത്.! അവിടുന്നു സര്‍വ്വഭൂതങ്ങളുടേയും ഹൃദയനിവാസിയത്രേ!

ആരുടെ കാല്‍നഖങ്ങളാണോ ആകാശതാരകള്‍ പോലെ തിളക്കമാര്‍ന്നത്, ആരുടെ മുഖകമലമാണോ ചന്ദ്രബിംബംപോലെ പുഞ്ചിരിപൂണ്ടത്, ആരുടെ ഹൃദയത്തിലാണോ ഗംഗാനദിയൊഴുക്കുന്നതും പ്രഭാകിരണങ്ങള്‍ പേറുന്നതുമായ രത്നക്കല്ലുകള്‍ പ്രശോഭിക്കുന്നത്, ആരാണോ ശരല്‍ക്കാലഗഗനത്തെ വസ്ത്രമാക്കിയത്,  ആ ഭാഗവാനാണെനിക്കഭയം.

ആരുടെയുള്ളിലാണോ ഈ സ്ഥൂലമായ വിശ്വപ്രപഞ്ചം കുറവുകളൊന്നുമില്ലാതെ നിലകൊള്ളുന്നത്, ആരാണോ അജനും മാറ്റങ്ങള്‍ക്കു വിധേയമല്ലാത്തതായുമുള്ളത്, ആരുടെ ദേഹമാണോ ഐശ്വര്യഗുണങ്ങളാല്‍ നിര്‍മ്മിതമായുള്ളത്, ആരാണോ ആലിലയില്‍ പള്ളികൊള്ളുന്നത്, ആ പരമപദത്തെ ഞാന്‍ സമാശ്രയിക്കുന്നു. 

അസ്തമയസൂര്യന്റെ കാന്തിപോലെ പരമസൌന്ദര്യം വഴിയുന്ന ലക്ഷീദേവി ആരുടെ വാമഭാഗമാണോ അലങ്കരിക്കുന്നത്, ആ ഭഗവാനാണെനിക്കാശ്രയം. മൂലോകങ്ങളിലെയും താമരപ്പൂക്കള്‍ക്ക് സൂര്യനെന്നപോലെ വിരാജിക്കുന്ന, അജ്ഞാനാന്ധകാരം പാടേ മാറ്റുന്ന  മണിവിളക്കായി നിലകൊള്ളുന്ന, അനന്താവബോധമായ, പ്രപഞ്ചദു:ഖങ്ങളെയും ദുരിതങ്ങളേയും ഇല്ലാതാക്കുന്ന ആ ഭഗവാനില്‍ ഞാന്‍ അഭയം തേടുന്നു.   

Jan 6, 2013

239 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 239


ഗുണവാന്നിര്‍ഗുണോ ജാത ഇത്യനര്‍ഥക്രമം വിദു:
നിര്‍ഗ്ഗുണോ ഗുണവാഞ്ജാത ഇത്യാഹു: സിദ്ധിതം ക്രമം.

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ സ്വയം വിഷ്ണുവിന്റെ സാരൂപ്യം അവലംബിച്ചശേഷം പ്രഹ്ലാദന്‍ വിഷ്ണുപൂജ ചെയ്യേണ്ടതിനെപ്പറ്റി ഇപ്രകാരം ചിന്തിച്ചു. ‘ഇതാ ഇവിടെ ഗരുഡവാഹനനായ  മറ്റൊരു വിഷ്ണു. വിഷ്ണുവിന്റെതായി പറയപ്പെടുന്ന എല്ലാ ഛിഹ്നങ്ങളും ദിവ്യഗുണങ്ങളും ശക്തിവിശേഷവും ഉള്ള മറ്റൊരു വിഷ്ണുരൂപം. ആ വിഷ്ണുവിനെ ആചാരക്രമമനുസരിച്ചു തന്നെ  ഞാനിതാ മനസാ പൂജിക്കുന്നു. അങ്ങിനെ തീരുമാനിച്ച് എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടി ശാസ്ത്രവിധിപ്രകാരം  പ്രഹ്ലാദന്‍ മനസാ വിഷ്ണുപൂജ ചെയ്തു. ബാഹ്യമായ ആചാരക്രമങ്ങളും പ്രഹ്ലാദന്‍ തുടര്‍ന്നു ചെയ്യുകയുണ്ടായി. പൂജ കഴിഞ്ഞ് പ്രഹ്ലാദന്‍ സന്തോഷചിത്തനായി. അന്നുമുതല്‍ ദിവസവും പ്രഹ്ലാദന്റെ വിഷ്ണുപൂജ ഇത്തരത്തിലുള്ളതായിരുന്നു.
  
പ്രഹ്ലാദനെ പിന്തുടര്‍ന്ന്‍ അസുരന്മാരെല്ലാവരും വിഷ്ണുഭക്തന്മാരായിത്തീര്‍ന്ന്‍   ഇപ്രകാരം വിഷ്ണുപൂജ ചെയ്യാനാരംഭിച്ചു. ഈ വാര്‍ത്ത കാട്ടുതീപോലെ സ്വര്‍ഗ്ഗത്തിലും പരന്നു. ഇന്നേവരെ വിഷ്ണുവിന്റെ ബദ്ധശത്രുക്കളായിരുന്ന അസുരവര്‍ഗ്ഗം ഇപ്പോള്‍ വിഷ്ണുഭക്തരായി മാറിയിരിക്കുന്നു.! രാക്ഷസവര്‍ഗ്ഗമെങ്ങിനെ ഭക്തന്മാരാകും? ദേവന്മാര്‍ പെട്ടെന്ന് വിഷ്ണുഭഗവാനെക്കണ്ട് വിവരം അന്വേഷിച്ചു. ‘ഭഗവാനേ, എന്താണീ മറിമായത്തിനു പിന്നില്‍ ? അസുരന്മാര്‍ അങ്ങയുടെ ശത്രുക്കളാണല്ലോ? ഇപ്പോളവര്‍ അങ്ങയുടെ ഭക്തന്മാരായതില്‍ എന്തോ കള്ളക്കളിയോ ചതിയോ ഉണ്ട്. രാക്ഷസവര്‍ഗ്ഗത്തിന്റെ ആസുരീക സ്വഭാവമെവിടെപ്പോയൊളിച്ചു? ജീവികള്‍ക്ക് പൂര്‍വ്വജന്മാര്‍ജ്ജിത സുകൃതത്താല്‍ മാത്രം ലഭ്യമാവുന്ന ഭക്തിയെങ്ങിനെയാണവര്‍ക്ക് ലഭിക്കുക? നന്മയും പവിത്രതയും ഈ അസുരന്മാരുമായി ഒത്തുപോകുന്നതെങ്ങിനെ? അവിശ്വസനീയം!

ഒരു ജീവിയുടെ സ്വഭാവം അതിന്റെ പ്രകൃത്യായുള്ള സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരൊറ്റ രാത്രികൊണ്ട് ഈ അസുരന്മാര്‍ ഭക്തന്‍മാരായി എന്നത് ഞങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്നു. കാലക്രമം കൊണ്ട് പടിപടിയായി അവര്‍ സദ്ഗുണങ്ങളാര്‍ജ്ജിച്ചുവെന്നു പറഞ്ഞാല്‍ , അങ്ങിനെയാണവര്‍ അവിടുത്തെ ഭക്തന്മാരായത് എന്നുവച്ചാല്‍ ഞങ്ങള്‍ക്കതു മനസ്സിലാക്കാം. എന്നാല്‍ ദുഷ്ടന്മാരായിരുന്നവര്‍ പൊടുന്നനെ ഭക്തശിരോമണികളായി എന്നത് വിശ്വസിക്കാന്‍ പ്രയാസം.

ഭഗവാന്‍ പറഞ്ഞു: ദേവജനങ്ങളേ, നിങ്ങള്‍ വെറുതെ വിഷമിക്കണ്ട. സംശയിക്കുകയും വേണ്ട. പ്രഹ്ലാദന്‍ എന്റെ ഉത്തമഭക്തനായി. ഇതയാളുടെ അവസാനത്തെ ജന്മമാണ്. അതിനാല്‍ മുക്തിപദം ഇപ്പോള്‍ത്തന്നെ അയാളര്‍ഹിക്കുന്നു. അയാളിലെ അജ്ഞാനത്തിന്റെ വിത്തുകള്‍ പാടേ എരിഞ്ഞു  ചാമ്പലായിപ്പോയിരിക്കുന്നു. ഇനി അയാള്‍ക്ക് ജന്മമെടുക്കേണ്ടതില്ല.

“വാസ്തവത്തില്‍ ഒരു സദ്പുരുഷന്‍ ദുഷ്ടനായി മാറി എന്നറിയുന്നതാണ് വേദനാജനകവും അര്‍ത്ഥശൂന്യവുമായ കാര്യം. എന്നാല്‍ സദ്‌ഗുണങ്ങളില്ലാത്ത ഒരസുരന്‍ ഗുണവാനായി എന്നത് ഏറ്റവും ഉചിതമായ, അഭികാമ്യമായ കാര്യമാണെന്ന് നിങ്ങളറിയുക .” പ്രഹ്ലാദനിലെ ഈ മാറ്റം നിങ്ങള്‍ക്കും നല്ലതിനാണ്.

(മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ , ഉപാധികളാല്‍ പരിമിതപ്പെട്ടവന്‍ അപരിമിതനായി എന്ന് പറയുന്നത് ശരിയല്ല. എന്നാല്‍ ഉപാധികളില്ലാത്ത ബ്രഹ്മം ഉപാധികളോടു കൂടിയതായി കാണപ്പെട്ടു എന്ന് പറഞ്ഞാല്‍ അതു ശരിയാണ്.) 

Jan 5, 2013

238 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 238


അവിഷ്ണു: പൂജയന്‍വിഷ്ണും ന പൂജാഫലഭാഗ്ഭവേത്
വിഷ്ണുര്‍ഭൂത്വാ യജേദ്  വിഷ്ണുമയം വിഷ്ണുരഹം സ്ഥിത:   (5/31/40)

പ്രഹ്ലാദന്‍ തന്റെ ഗാഢചിന്ത തുടര്‍ന്നു: മഞ്ഞണിഞ്ഞ ഹിമാലയപര്‍വ്വതശിഖരങ്ങള്‍  സൂര്യതാപത്താല്‍ ഉരുകി ഇല്ലാതാകുന്നില്ല. അതുപോലെ ഭഗവാന്‍ വിഷ്ണുവിന്റെ അഭയം ലഭിച്ചവരെ ദുരിതങ്ങള്‍ ബാധിക്കുന്നില്ല. മരക്കൊമ്പിലിരിക്കുന്ന ചെറിയൊരു കുരങ്ങനുപോലും താഴെ നില്‍ക്കുന്ന വലിയൊരു നായയെ അലോസരപ്പെടുത്തുവാനാകും. അതുപോലെ ദേവന്മാരിപ്പോള്‍ വിഷ്ണുവിന്റെ സംരക്ഷയുടെ ബലത്തിലാണ് അസുരന്മാരെ ഉപദ്രവിക്കുന്നത്. 

ഭഗവാന്‍ വിഷ്ണുവാണല്ലോ വിശ്വത്തെ മുഴുവന്‍ സംരക്ഷിച്ചു നിലനിര്‍ത്തുന്നത്. വിഷ്ണുഭഗവാന്‍ ആയുധമുപേക്ഷിച്ചാല്‍ക്കൂടി ആര്‍ക്കും അദ്ദേഹത്തെ ചെറുക്കാനാവില്ല. നരസിംഹം സ്വന്തം കൈനഖങ്ങളല്ലാതെ ആയുധങ്ങള്‍ ഒന്നും ഉപയോഗിച്ചില്ല. ആ ഭഗവാന്‍ മാത്രമാണ് എല്ലാ ജീവജാലങ്ങള്‍ക്കും ഏകാശ്രയം. അതുകൊണ്ട് ആ സവിധത്തില്‍ അഭയം തേടുക മാത്രമാണൊരു വഴി. ആരും അദ്ദേഹത്തിനു മുകളിലില്ല. സൃഷ്ടി-സ്ഥിതി-സംഹാരങ്ങള്‍ എല്ലാം നിയന്ത്രിക്കുന്നതദ്ദേഹമാണല്ലോ. ഈ നിമിഷം മുതല്‍ ഞാനും ഭഗവാന്‍ വിഷ്ണുവിനെ ശരണം പണിഞ്ഞ് ആ സാന്നിദ്ധ്യം ഉള്ളില്‍ നിറച്ച് ജീവിക്കാന്‍ പോവുന്നു. ‘ഓം നമോ നാരായണായ’ എന്ന മന്ത്രം ഭക്തനില്‍ സകലവിധ അനുഗൃഹങ്ങളും ചൊരിയുന്ന ദിവ്യൌഷധമത്രേ. അതെന്റെ മനസ്സില്‍ നിന്നും ഒരിക്കലും പിരിയാതിരിക്കട്ടെ.

 “എന്നാല്‍ സ്വയം വിഷ്ണുവല്ലാത്ത ഒരുവന് വിഷ്ണുവില്‍ നിന്നും യാതൊരനുഗ്രഹവും ലഭ്യമല്ല. ഒരുവന്‍ വിഷ്ണുവിനെ പൂജിക്കേണ്ടത് വിഷ്ണുവായിത്തന്നെയാണ്. അതുകൊണ്ട് ഞാന്‍ വിഷ്ണുവാണ്.” പ്രഹ്ലാദന്‍ എന്നറിയപ്പെടുന്ന ആള്‍ വിഷ്ണു തന്നെയാണ്. അവിടെ ദ്വന്ദമില്ല. വിഷ്ണുവിന്റെ ഗരുഡവാഹനം എന്റേതാണ്. എന്റെ അവയവങ്ങളില്‍ വിഷ്ണുഛിഹ്നങ്ങളുണ്ട്. വിഷ്ണുപത്നിയായ ലക്ഷ്മീദേവി എന്റെയടുത്തുണ്ട്. വിഷ്ണുവിന്റെ ദിവ്യപ്രഭ ഇപ്പോഴെന്റേതാണ്. വിഷ്ണുവിനെ അലങ്കരിച്ചിരുന്ന ശംഖം, ചക്രം, ഗദ, പങ്കജം. വാള്‍ തുടങ്ങിയ ദിവ്യായുധങ്ങളിപ്പോള്‍ എന്നെയാണലങ്കരിക്കുന്നത്.

വിഷ്ണുനാഭിയില്‍ എന്നപോലെ എന്റെ നാഭിയില്‍നിന്നുമുയര്‍ന്നുവന്ന താമരയില്‍ ബ്രഹ്മാവ്‌ നിലകൊള്ളുന്നു. എന്റെ വയറ്റില്‍ അനവധി അണ്ഡകഠാഹങ്ങള്‍ ഉണ്ടായി നിലനിന്നു നശിച്ചു കൊണ്ടിരിക്കുന്നു. എന്റെ നിറമിപ്പോള്‍ വിഷ്ണുവര്‍ണ്ണമായ നീലയാണ്. വിഷ്ണുവിനേപ്പോലെ പീതാംബാരധാരിയാണ് ഞാന്‍.. ഞാന്‍ വിഷ്ണുവാണ്.

എനിക്കാരുണ്ട് ശത്രുവായി? ആരുണ്ടെനിക്കൊരെതിരാളി? ഞാന്‍ വിഷ്ണുവാകയാല്‍ എന്റെ എതിരാളികളെല്ലാം അങ്ങേലോകമെത്തിക്കഴിഞ്ഞിരിക്കുന്നു. എന്നില്‍ നിന്നുള്ള പ്രഭാപൂരം താങ്ങാനാവാതെ അസുരന്മാര്‍ കുഴങ്ങുന്നു. ഞാന്‍ വിഷ്ണുവാകയാല്‍ ദേവന്മാര്‍ എന്നെ പ്രകീര്‍ത്തിച്ചു പാടുന്നു. ഞാന്‍ എന്നിലെ എല്ലാ ദ്വന്ദഭാവങ്ങളും നീക്കി വിഷ്ണുവായിരിക്കുന്നു. മൂലോകങ്ങള്‍ കുക്ഷിയിലടക്കി, വിശ്വത്തിലെ എല്ലാ തിന്മകളെയും ഒതുക്കി, എല്ലാ ജീവജാലങ്ങള്‍ക്കും അഭയം നല്‍കി, അവരിലെ ആശങ്കകള്‍ നീക്കി വിരാജിക്കുന്ന വിഷ്ണുവാണ് ഞാന്‍.. ആ മഹാവിഷ്ണുവിനെ ഞാന്‍ നമസ്കരിക്കുന്നു.

Jan 4, 2013

237 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 237


മനാക്ചലതി പര്‍ണേപി ദൃഷ്ടാരിഭയഭീതയ:
വദ്ധ്വസ്ത്രസ്യന്തി വിദ്ധ്വസ്താ മൃഗ്യോ ഗ്രാമഗതാ ഇവ. (5/31/12)

വസിഷ്ഠന്‍ തുടര്‍ന്നു: യാതൊരുവിധ തടസ്സങ്ങള്‍ക്കും ഇടയില്ലാത്ത മറ്റൊരു പാതയിലൂടെ ഒരാള്‍ ആത്മസാക്ഷാത്കാരം നേടിയതിനെപ്പറ്റി ഒരു കഥ ഇനിഞാന്‍ പറഞ്ഞു തരാം. പാതാളലോകത്തുണ്ടായിരുന്ന മറ്റൊരു അസുരരാജാവാണ് ഹിരണ്യകശിപു. ഇന്ദ്രനില്‍ നിന്നും മൂന്നുലോകങ്ങളുടെയും അധീശസ്ഥാനം അദ്ദേഹം ബലമായി നേടിയെടുത്തിരുന്നു. അദ്ദേഹത്തിന് അനേകം ആണ്‍മക്കളുമുണ്ടായിരുന്നു. അവരിലൊരാളാണ് ഭക്തശിരോമണിയായ പ്രഹ്ലാദന്‍.. മൂന്നു ലോകങ്ങളുടേയും അധികാരസ്ഥാനം, നല്ല സേനകള്‍ , മിടുക്കരായ മക്കള്‍ എന്നിങ്ങനെയുള്ള സൌഭാഗ്യങ്ങള്‍ ഹിരണ്യകശിപുവിനെ ധിക്കാരിയും അഹംകാരിയുമാക്കി. അയാളുടെ അനീതിയും അക്രമവും ദേവന്മാരെ വല്ലാതെ വ്യാകുലപ്പെടുത്തി. അവര്‍ തങ്ങളുടെ പ്രശ്നപരിഹാരത്തിനായി സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവനോടു സഹായമാഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഭഗവാന്‍ ഹരിയാണ്  നരസിംഹരൂപമെടുത്ത്‌ അസുരനിഗ്രഹം ചെയ്ത് ദേവന്മാരെ സഹായിച്ചത്.
ഭഗവാന്‍ അവതാരമെടുത്ത നരസിംഹരൂപം ഭയാനകവും അതിശക്തവും ഭീമാകാരവുമായിരുന്നു. കൂര്‍ത്തുമൂര്‍ത്ത നഖങ്ങളും പല്ലുകളും തീ പാറുന്ന കുണ്ഡലങ്ങളും മലപോലുള്ള വയറും അഗ്നിശലാകകള്‍ പോലുള്ള രോമങ്ങളും ചാട്ടുളിപോലുള്ള അംഗങ്ങളും കൊണ്ട് കൊടുംഭീകരമായിരുന്നു നരസിംഹമൂര്‍ത്തി.     
നരസിംഹത്തിന്റെ ക്രോധദൃഷ്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ രാക്ഷസന്മാര്‍ നാനാദിക്കുകളിലേയ്ക്കും ഓടിപ്പോയി. കൊട്ടാരത്തിലെ അന്തപ്പുരങ്ങള്‍ കത്തി ചാരമായി. പ്രഹ്ലാദന്‍ മാത്രം ഭയമേതുമില്ലാതെ അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. അദ്ദേഹം മുറിവേറ്റവര്‍ക്ക് സാന്ത്വനമേകി. ഭീകരമായ നാശത്തിന്റെ അളവുകണ്ട് പ്രഹ്ലാദനും കൂട്ടരും സ്തബ്ധരായി നിന്നു.

പ്രഹ്ലാദന്‍ പറഞ്ഞു: ഇപ്പോള്‍ നമ്മെ സഹായിക്കാന്‍ ആരുണ്ട്? അസുരവംശത്തിന്റെ വേര് തന്നെ ഭഗവാന്‍ഹരി കടപുഴക്കിയിരിക്കുന്നു. നമ്മുടെ ശത്രുക്കള്‍ സേനയെ അപ്പാടേ കീഴടക്കി. എന്റെ അച്ഛന്റെ പാദം തൊട്ടു നമസ്കരിക്കാറുള്ള ദേവന്മാര്‍ നമ്മുടെ വസതികള്‍പോലും കീഴടക്കിയിരിക്കുന്നു. നമ്മുടെ ബന്ധുക്കളുടെ പ്രാമുഖ്യമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ തൊഴിലില്ലാതെ, ഉത്സാഹം നശിച്ച് അനാഥരായിരിക്കുന്നു. ഒരിക്കല്‍ അതീവ ബാലവാന്മാരായിരുന്ന അസുരന്മാരിപ്പോള്‍ തുലോം അവശരും ഭയചകിതരുമായിരിക്കുന്നു. നിയതിയുടെ ലീല അതിവിചിത്രം തന്നെ!

“ഭീരുവായ ഒരു മാന്‍പേട പരിചയമില്ലാത്ത ഒരു ഗ്രാമത്തിലെത്തിയാല്‍പ്പിന്നെ ഒരില നിലത്തുവീണാല്‍പ്പോലും ഭയന്ന് വിറയ്ക്കും. അതുപോലെ ഒരുകാലത്ത് വീരയോദ്ധാക്കളായിരുന്ന ഈ അസുരന്മാര്‍ എന്ത് കണ്ടാലും പരിഭ്രമിക്കുന്നു.”

നമ്മുടേതായിരുന്ന കല്‍പ്പവൃക്ഷം ദേവന്മാര്‍ കൊണ്ടു പോയി. പണ്ട് അസുരന്മാര്‍ ദേവസുന്ദരിമാരുടെ മുഖം കൊതിയോടെ നോക്കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ദേവന്മാര്‍ അസുരസുന്ദരിമാരെ നോട്ടമിട്ടിരിക്കുന്നു. അസുരന്മാരുടെ അന്തപ്പുരങ്ങളില്‍ സുഖമായിക്കഴിഞ്ഞിരുന്ന അപ്സരസ്സുകള്‍  കാട്ടിലേയ്ക്കോ മഹാമേരുവിന്റെ മുകളിലേയ്ക്കോ ഓടിപ്പോയി പക്ഷികളെപ്പോലെ ആകാശത്തിനു കീഴില്‍ കഴിയുന്നു. എന്റെ അമ്മമാര്‍ ദു:ഖമൂര്‍ത്തികളായിത്തീര്‍ന്നിരിക്കുന്നു. എന്റെ അച്ഛനെ വീശിയിരുന്ന വിശറിയിപ്പോള്‍ ഇന്ദ്രനെയാണ് സേവിക്കുന്നത്. ഭഗവാന്‍ വിഷ്ണുവിന്റെ ‘കൃപയാല്‍ ’ അനിതരസാധാരണവും വിവരണാതീതവുമായ കെടുതികളാണ് നാം ഇപ്പോളനുഭവിക്കുന്നത്. ആലോചിക്കുന്തോറും ഈ ദുരവസ്ഥയില്‍ നിന്ന് കരകേറാന്‍ മാര്‍ഗ്ഗമോ പ്രത്യാശയ്ക്കുള്ള വഴികളോ ഞാന്‍ കാണുന്നില്ല.

Jan 3, 2013

236 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 236


യേഷു യേഷു പ്രദേശേഷു മനോ മജ്ജതി ബാലവത്
തേഭ്യസ്തേഭ്യ: സമാഹൃത്യ തദ്ധി തത്ത്വേ നിയോജയേത് (5/29/54)

വസിഷ്ഠന്‍ തുടര്‍ന്നു: ബലി മഹാരാജാവ് തുടര്‍ന്നും ഭംഗിയായി രാജ്യം ഭരിച്ചു. യാതൊന്നും മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിക്കാതെ തന്നെ യദൃച്ഛയാ വരുന്ന അവസരങ്ങള്‍ക്കനുസൃതമായി അദ്ദേഹം ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചു. ബ്രാഹ്മണരെയും, ദേവതകളെയും മഹാത്മാക്കളേയും അദ്ദേഹം വന്ദിച്ചു പൂജിച്ചു വന്നു.  ബന്ധുജനങ്ങളോട് അദ്ദേഹം ആദരപൂര്‍വ്വം പെരുമാറി. ഭ്രുത്യജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ കയ്യയച്ച് നല്‍കി. ആവശ്യക്കാര്‍ക്ക് വേണ്ടി  പ്രതീക്ഷിക്കാവുന്നതിലേറെ  ദാനധര്‍മങ്ങള്‍ ചെയ്തു. വനിതകളുമായും അദ്ദേഹം യഥേഷ്ടം കേളിയാടി. ഒന്നും അദ്ദേഹത്തിനു വര്‍ജ്ജ്യമായിരുന്നില്ല.

അങ്ങിനെയിരിക്കെ അതിമഹത്തായ ഒരു യാഗം വിപുലമായിത്തന്നെ  നടത്താനും അങ്ങിനെ പുകള്‍ നേടാനും അദ്ദേഹത്തിനു കലശലായ ആഗ്രഹം തോന്നി. അതിനുവേണ്ട സാമഗ്രികളും ആളുകളും ഉടനെ തയാറായി. യഥോചിതമായി അദ്ദേഹം ആ യാഗകര്‍മ്മം തുടങ്ങി വച്ചു. ഈ യാഗസമയത്താണ് ഭഗവാന്‍ വിഷ്ണു ബലിയുടെ പക്കല്‍ നിന്നും മൂന്നു ലോകങ്ങളുടെയും ഭരണാധികാരം മാറ്റി അത് ഇന്ദ്രന് നല്‍കാനായി വാമനരൂപം പൂണ്ട് അവതരിച്ചത്. ബലിയുടെ പക്കല്‍ നിന്നും മൂന്നു ലോകങ്ങളെയും ദാനമായി വാങ്ങിയാണ് വിഷ്ണു ഇത് സാധിച്ചത്.  രാമാ, ഈ ബലിക്കാണ്  അടുത്ത ഇന്ദ്രപദവി. വിഷ്ണുഭഗവാന്‍ ദാനം കൊടുത്ത് നിസ്വനായ ബലിയെ പാതാളലോകമായ സുതല്‌ത്തിലേയ്ക്ക് അയക്കുകയാണുണ്ടായത്. അതിനാലാണ് അദ്ദേഹം അവിടെ മുക്തനും പ്രബുദ്ധനുമായി സ്വര്‍ഗ്ഗഭരണമേറ്റെടുക്കാനുള്ള   തന്റെ ഊഴവും കാത്തിരിക്കുന്നത്. ഐശ്വര്യമോ ആപത്തോ തന്നെ സന്ദര്‍ശിക്കുന്നത് എന്ന വിവേചനം അദ്ദേഹത്തിനില്ല. സന്തോഷ-സന്താപ അനുഭവങ്ങളില്‍ അദ്ദേഹം അമിതമായി  ആനന്ദിക്കുകയോ വിലപിക്കുകയോ ചെയ്യുന്നില്ല. അനേക കോടി വര്‍ഷങ്ങള്‍ അദ്ദേഹം മൂന്നു ലോകങ്ങളും ഭരിച്ചു. എന്നാലിപ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം വിശ്രമിക്കുകയാണ്. ഇനിയും അദ്ദേഹം ഇന്ദ്രപദവിയില്‍ ഏറെക്കാലം മൂലോകങ്ങളും ഭരിക്കും. എന്നാലദ്ദേഹത്തിനു ഇന്ദ്രപദവിയില്‍ താല്‍പ്പര്യമൊന്നുമില്ല. രാജപദവി നഷ്ടപ്പെട്ടപ്പോഴും പാതാളത്തിലേയ്ക്ക് കൊണ്ടുപോയപ്പോഴും അദ്ദേഹം വിലപിച്ചില്ല. യാദൃഛയാ വന്നു ചേരുന്നതിനെ സര്‍വ്വാത്മനാ സ്വീകരിച്ച് സ്വയം പ്രശാന്തയില്‍ അദ്ദേഹം അഭിരമിക്കുന്നു.

ഇതാണ് ബലി മഹാരാജാവിന്റെ കഥ. രാമാ, അദ്ദേഹത്തിനുണ്ടായിരുന്ന പോലെയുള്ള ഉള്‍ക്കാഴ്ചയുമായി പരമപദത്തില്‍ നീയും അഭിരമിക്കൂ. ഉപയോഗശൂന്യവും അസത്തുമായ ലൌകീകസുഖങ്ങളില്‍ ആസക്തനാകാതിരിക്കൂ. ദൂരെക്കാണുന്ന പാറക്കല്ലുകള്‍പോലെ മാത്രമേ ഈ ലോകത്തുള്ള ആകര്‍ഷണവസ്തുക്കള്‍ക്ക് നിന്റെയുള്ളില്‍ സ്ഥാനമുണ്ടാവാന്‍ പാടുള്ളൂ. അവ നിന്റെ ശ്രദ്ധയോ ആദരവോ അര്‍ഹിക്കുന്നില്ല. ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് ചാഞ്ചാടുന്ന നിന്റെ മനസ്സ് ദൃഢമായി ഹൃദയത്തില്‍ ഉറപ്പിച്ചാലും. രാമാ, നീ അനന്താവബോധത്തിന്റെ നിതാന്തഭാസുരതയാണ്. ലോകങ്ങള്‍ നിന്നില്‍ വേരുറപ്പിച്ചിരിക്കുന്നു. നിനക്ക് സുഹൃത്തായും  ശത്രുവായും ആരുണ്ട്? നീ അനന്തതയാണ്. മാലയില്‍ കോര്‍ത്ത മണികള്‍ പോലെയാണ് നിന്നില്‍ ലോകങ്ങള്‍ നിലകൊള്ളുന്നത്. നീയാകുന്ന ആ വ്യതിരിക്ത സത്വം ജനിച്ചിട്ടില്ല, മരിക്കുകയുമില്ല. ആത്മാവാണുണ്മ. ജനനമരണങ്ങള്‍ വെറും ഭാവനകള്‍ മാത്രം. വെറും മിഥ്യ. ജീവിതത്തിലെ എല്ലാ ദുരിതങ്ങളേയും കുറിച്ച് ആരായുക. എന്നാല്‍ ഒന്നിലും ഒട്ടാതിരിക്കുക. നീയാണ് രാമാ ഭഗവാനും ഭഗവദ്പ്രഭയും. ലോകം ആ പ്രഭയിലാണ് ദര്‍ശിതമാവുന്നത്. ലോകത്തിന്, വേറിട്ട്  സ്വതന്ത്രമായി നില്‍ക്കുന്ന  ഒരസ്തിത്വമില്ല. പണ്ട് നിന്നില്‍ ഇഷ്ടാനിഷ്ടങ്ങളുടെ ദ്വന്ദശക്തികള്‍ വര്‍ത്തിക്കുന്നുണ്ടായിരുന്നുവല്ലോ. അവയെ ഉപേക്ഷിച്ചാല്‍ നിനക്ക് സമതാ ഭാവം കൈക്കൊള്ളാനാവും. അതോടെ ജനന മരണ ചക്രത്തിന്റെ അവസാനവുമാവും.

“മനസ്സ് ആഴ്ന്നിറങ്ങാന്‍ സാദ്ധ്യതയുള്ള എല്ലാത്തില്‍ നിന്നും അതിനെ പിന്‍വലിച്ച് സത്യത്തിലേയ്ക്ക് ഉന്മുഖമാക്കുക.” സത്യത്തിന്റെ നേരറിവില്ലാത്തവരും സ്വയം ഗുരുക്കളായി അവരോധം ചെയ്തവരുമായവരുടെ വാഗ്ധോരണികളില്‍ നീ വീണുപോകാതെ സൂക്ഷിക്കണം. പക്ഷേ എന്റെയീ പ്രഭാഷണം നിന്നെ നേര്‍വഴിക്കു നയിച്ച് നിന്നെ ആത്മസാക്ഷാത്കാരത്തിനു പാത്രമാക്കും എന്ന് നിനക്ക് ഞാന്‍ ഉറപ്പ് തരുന്നു.  

Jan 2, 2013

235 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 235

ന ചിഞ്ചിദപി കര്‍ത്തവ്യം യദി നാമ മയാധുനാ
തത്കസ്മാന്ന കരോമീദം കിംചിത്പ്രകൃതകര്‍മ്മ വൈ (5/29/19)

വസിഷ്ഠന്‍ തുടര്‍ന്നു: ബലി മഹാരാജാവിന്റെ പ്രജകളായ അസുരന്മാര്‍ കൊട്ടാരത്തിലേയ്ക്ക് ഓടിയെത്തി ധ്യാനനിരതനായിരിക്കുന്ന രാജാവിനെ വളഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നറിയാഞ്ഞ് അവര്‍ ഗുരുവായ ശുക്രനെ മനസാ സ്മരിച്ചു വരുത്തി. ബലി ധ്യാനത്തിന്റെ അതീന്ദ്രിയമായ  അബോധാവസ്ഥയിലാണെന്ന് ശുക്രന്‍ മനസ്സിലാക്കി. അദ്ദേഹം സന്തോഷസൂചകമായ ഒരു ചെറുപുഞ്ചിരിയോടെ അസുരന്മാരോടിങ്ങിനെ പറഞ്ഞു: ഇതെത്ര മഹാഭാഗ്യം! അല്ലയോ അസുരന്മാരേ, ബാലിരാജന്‍ സ്വപ്രയത്നത്താല്‍ പരമപദപ്രാപ്തി കൈവരിച്ചിരിക്കുന്നു. അദ്ദേഹമങ്ങിനെ ആത്മസ്വരൂപത്തില്‍ വിരാജിച്ചിരുന്നുകൊള്ളട്ടെ. ഇഹലോകത്തെപ്പറ്റി തിരിച്ചറിയുന്ന മാനസികവ്യാപാരം അദ്ദേഹത്തില്‍ ഇപ്പോഴില്ല. അതുകൊണ്ട് രാജാവിനോടിപ്പോഴൊന്നും ചോദിക്കണ്ട. അജ്ഞാനത്തിന്റെ ഇരുട്ടകന്നാല്‍പ്പിന്നെ ആത്മജ്ഞാനത്തിന്റെ സൂര്യോദയമായി. ബാലിരാജന്റെ അവസ്ഥ അതാണ്‌.. കുറച്ചു കഴിഞ്ഞ് അദ്ദേഹം താനേ ഈയവസ്ഥയില്‍നിന്നും എഴുന്നേല്‍ക്കും. അദ്ദേഹത്തിന്‍റെ ബോധമണ്ഡലത്തില്‍ ഈ ലോകം വീണ്ടും മുളപൊട്ടിവിടരും. അതുകൊണ്ട് നിങ്ങളേവരും നിങ്ങളുടെ ജോലികളിലേയ്ക്ക് തിരിച്ചു പോയാലും.  അദ്ദേഹം ഒരായിരം കൊല്ലം കഴിഞ്ഞു മാത്രമേ  ഈ ലോകബോധത്തിലേയ്ക്ക് തിരിച്ചു വരൂ.
 
ഇതു കേട്ട അസുരന്മാര്‍ താന്താങ്ങളുടെ കര്‍മമങ്ങളിലേയ്ക്ക് മടങ്ങിപ്പോയി. ആയിരം ദേവ വര്‍ഷങ്ങള്‍ ധ്യാനത്തില്‍ കഴിഞ്ഞ ബലി ദേവഗന്ധര്‍വ്വന്മാരുടെ സംഗീതം കേട്ടുണര്‍ന്നു. അദ്ദേഹത്തില്‍ നിന്നും ഉദ്ഗമിച്ച ഒരലൌകിക പ്രഭ നഗരത്തെ ശോഭായമാനമാക്കി. അസുരന്മാര്‍ വീണ്ടും കൊട്ടാരത്തില്‍ എത്തും മുമ്പ് അദ്ദേഹമിങ്ങിനെ ആലോചിച്ചു. കുറച്ചുനേരത്തേയ്ക്ക് ഞാനിരുന്ന ഈ അവസ്ഥ എത്ര അത്ഭുതകരമായിരുന്നു ! എനിയ്ക്ക് ആ സ്ഥിതിയില്‍ തുടരണമെന്നുണ്ട്. പക്ഷെ ബാഹ്യലോകത്തിലെ കാര്യങ്ങള്‍ക്കായി  ഞാന്‍ എന്ത് ചെയ്യണം?  ഇപ്പോള്‍ എന്റെ ഹൃദയം പരമാനന്ദത്താല്‍ പൂരിതമാണ്.

അപ്പോഴെയ്ക്ക് അസുരന്മാര്‍ ബാലിക്ക് ചുറ്റും വന്നു കൂടിയിരുന്നു. അപ്പോഴും ബലി ഇങ്ങിനെ ചിന്തിച്ചു: ഞാന്‍ ബോധമാണ്. എന്നില്‍ വക്രതയും  വൈചിത്ര്യങ്ങളൊന്നുമില്ല. എന്നില്‍ ഉപേക്ഷിക്കാനോ എനിക്ക് നേടാനോ എന്തുണ്ട്? എന്ത് തമാശയാണിത്! ഞാന്‍ മുക്തി ആശിക്കുന്നു. പക്ഷെ ഞാനെപ്പോഴാണ് ബന്ധിതനായത്?ആരാണെന്നെ ബന്ധിച്ചത്? എങ്ങിനെയാണതുണ്ടായത്? ഇപ്പോഴും ഞാനെന്തു കൊണ്ടാണ് മുക്തി ആശിക്കുന്നത്? ബന്ധവും മുക്തിയും ഒന്നും ഇല്ല. ധ്യാനസപര്യ കൊണ്ടും ധ്യാനിക്കാത്തതു കൊണ്ടും എന്താണ് ഞാന്‍ നേടാന്‍ പോവുന്നത്? ധ്യാനമെന്ന ഭ്രമത്തില്‍നിന്നും മുക്തനായി എന്തുസ്ഥിതിയാണോ എപ്പോഴുമുള്ളത് അതില്‍ത്തന്നെ നിലകൊള്ളുന്നതാണ് നല്ലത്. എനിക്ക് നേടാനും നഷ്ടപ്പെടാനും ഒന്നുമില്ല.

ഞാന്‍ ധ്യാനാവസ്ഥയും ധ്യാനമില്ലാത്ത അവസ്ഥയും ഒന്നും ആഗ്രഹിക്കുന്നില്ല. ആഹ്ലാദമോ അനാഹ്ലാദമോ എനിക്ക് വേണ്ട. പരമപദവും ലോകവും ഒന്നും എനിക്ക് വേണ്ട. ഞാന്‍ ജീവിക്കുന്നില്ല, മരിച്ചിട്ടുമില്ല. ഞാന്‍ സത്തും അസത്തുമല്ല. അനന്തസത്യവസ്തുവായ എനിക്ക് നമസ്കാരം! ഈ ലോകമെന്റെ സാമ്രാജ്യമായിക്കൊള്ളട്ടെ. ഞാനങ്ങിനെതന്നെ നിലകൊള്ളട്ടെ. എനിക്കീ സാമ്രാജ്യം ഇല്ലാതാവട്ടെ. എനിക്ക് മാറ്റമൊന്നുമുണ്ടാവുകയില്ല.

ധ്യാനംകൊണ്ടും സാമ്രാജ്യം കൊണ്ടും ഞാനെന്തു ചെയ്യാനാണ്? കാര്യങ്ങള്‍ അങ്ങിനെത്തന്നെ ആവട്ടെ. ഞാന്‍ ആര്‍ക്കും അധീനമല്ല. എനിക്കാരും അധീനരായില്ല. എനിക്കാരുമില്ല. ആരുമെന്റേതല്ല.! “ഞാന്‍ എന്നറിയപ്പെടുന്ന എനിക്ക് ചെയ്യേണ്ടതായി ഒന്നുമില്ല. അപ്പോള്‍പ്പിന്നെ സഹജമായി, സ്വാഭാവികമായി വന്നുചേരുന്ന കര്‍മ്മങ്ങളെ എനിക്കെന്തുകൊണ്ട് ചെയ്തുകൂടാ?” ഇത്രയും പറഞ്ഞ് ബലി രാജാവ് തന്റെ പ്രജകളെ തന്റെ പ്രഭയേറിയ കണ്ണുകള്‍ കൊണ്ട് നോക്കി. ആ നോട്ടം, ഉദയസൂര്യന്‍ താമരയെ നോക്കുമ്പോലെ ചാരുതയാര്‍ന്നതായിരുന്നു .  

Jan 1, 2013

234 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 234


ധ്യാതൃധ്യേയധ്യാനഹീനോ  നിര്‍മല: ശാന്തവാസന:
ബഭൂവാവാതദീപാഭോ ബലി: പ്രാപ്തമഹാപദ: (5/27/33)
ശുകമുനി പോയിക്കഴിഞ്ഞപ്പോള്‍ ബലി ഇങ്ങിനെ ചിന്തിച്ചു: എന്റെ ഗുരുനാഥന്‍ പറഞ്ഞത് സത്യവും ഉചിതവുമാണ്. തീര്‍ച്ചയായും എല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല. ആ ബോധസത്ത ‘ഇത് സൂര്യനാണ്’ എന്ന് ചിന്തിക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും വ്യതിരിക്തമായി സുര്യന്‍ നിലകൊള്ളുന്നു. വെളിച്ചത്തെ ഇരുട്ടില്‍ നിന്നും തിരിച്ചറിയാന്‍ പര്യാപ്തമാക്കുന്നത് ഈ ബോധമാണ്. ഭൂമിയെ ഭൂമിയായും ആകാശദിക്കുകളെ അപ്രകാരവും ലോകത്തെ ലോകമായും നിലനിര്‍ത്തുന്നത് ബോധമാണ്.  

ബോധം ഒരു പര്‍വ്വതത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ അതിനു നിലനില്‍പ്പുണ്ടോ? ഇക്കാണുന്നതെല്ലാം ബോധം തന്നെ. ഇന്ദ്രിയങ്ങളും ദേഹവും മനസ്സിലുദിക്കുന്ന ആശകളും അകത്തുള്ളതും പുറത്തുള്ളതും ആകാശവും മാറ്റമെന്ന പ്രഹേളികയുമെല്ലാം ബോധം മാത്രം. ബാഹ്യവസ്തുക്കളുമായി എനിക്കുണ്ടാകുന്ന സമ്പര്‍ക്കവും അനുഭവങ്ങളുമെല്ലാം ബോധമാണുണ്ടാക്കുന്നത്. ശരീരമല്ല അതിനു ഹേതു. ശരീരമില്ലാതെതന്നെ ഞാന്‍ ബോധസ്വരൂപമാണ്. അത് തന്നെയാണീ വിശ്വത്തിന്റെ ആത്മാവ്.

രണ്ടാമതൊന്നില്ലാതെ (അദ്വൈതം) ബോധം എങ്ങും നിറഞ്ഞു വിളങ്ങുമ്പോള്‍ എനിക്കാരാണ് സുഹൃത്ത്? ആരാണെനിയ്ക്ക് ശത്രു? ഈ ബലിയെന്നു വിളിക്കുന്നയാളിന്റെ തല അരിഞ്ഞു കളഞ്ഞാലും അനന്താവബോധത്തിന്റെ തലയ്ക്ക് എന്ത് പറ്റാനാണ്? വെറുപ്പ് തുടങ്ങിയ ഇതര ഗുണങ്ങളും ഈ ബോധത്തിലെ വ്യതിയാനങ്ങള്‍ മാത്രമാണ്. എന്നാല്‍ മനസ്സും അതിന്റെ മാറ്റങ്ങളും, വെറുപ്പ്, ആസക്തി എന്നീ ഗുണങ്ങള്‍ പോലും യാഥാര്‍ത്ഥ്യമാവുക അസാദ്ധ്യം. കാരണം അനന്തതയില്‍ വികലതകള്‍ ഉണ്ടാവുന്നതെങ്ങിനെ? അത് നിത്യശുദ്ധമാണ്. അനന്തമാണ്‌. ബോധം അതിന്റെ പേരല്ല. അതൊരു സാമ്രാജ്യമത്രേ. അതിനു നാമമില്ല. രൂപമില്ല.

ഞാന്‍ ശാശ്വതമായ പരംപൊരുളാണ്. വിഷയങ്ങളും ആഖ്യാനങ്ങളും എനിക്കാവശ്യമില്ല. വശീകരണഗുണമുളള വസ്തു-വിഷയ സംബന്ധിയായ യാതൊരു ധാരണകള്‍ക്കും വശംവദമാവാത്തതും നിതാന്തസ്വതന്ത്രവുമായ ആ സര്‍വ്വവ്യാപിയെ- ബോധത്തെ, ഞാന്‍ നമിക്കട്ടെ. വിഷയ-വിഷയീ വ്യത്യാസമേതുമില്ലാത്ത എന്റെ ആത്മസത്തയേയും ഞാന്‍ പ്രണമിക്കുന്നു. എല്ലാ പ്രകടിതഭാവങ്ങളിലും ഉള്ള പ്രഭാസ്ഫുരണവും അതുതന്നെയാണെന്ന് നിശ്ചയം. അനുഭവങ്ങള്‍ക്കായുള്ള ത്വരയടങ്ങിയ ബോധസ്വരൂപമാണ് ഞാന്‍.. ആകാശം പോലെ അനന്തമാണു ഞാന്‍.. സുഖദു:ഖങ്ങളെന്നെ ചഞ്ചലപ്പെടുത്തുന്നില്ല. അവയെന്നെ എങ്ങിനെവേണമെങ്കിലും ബാധിക്കട്ടെ. എനിക്കവയില്‍ യാതൊരു പ്രതിപത്തിയുമില്ല. സുഖത്തോടോ ദു:ഖത്തോടോ - രണ്ടിനോടുമെനിക്ക് പക്ഷപാതവുമില്ല.

ഒരു വസ്തുവില്‍ നിന്നും മറ്റൊരു വസ്തുവിലേയ്ക്കുള്ള ഊര്‍ജ്ജപ്രവാഹം – ചൈതന്യത്തിന്റെ ചലനം, നഷ്ടലാഭങ്ങളെ ഉണ്ടാക്കുന്നില്ല. ബോധം മാത്രം ഉള്ളപ്പോള്‍ ചിന്തകളോ അവയുടെ പരിണാമവികാസങ്ങളോ ചുരുങ്ങലോ ഒന്നും  ബോധത്തില്‍ മാറ്റമുണ്ടാക്കുന്നില്ല. അതുകൊണ്ട് ആത്മാവില്‍ പരമശാന്തി കൈവരുന്നതുവരെ ഞാന്‍ കര്‍മനിരതനായി തുടരും. 

വസിഷ്ഠന്‍ തുടര്‍ന്നു: പിന്നീട്  ഓംകാരം ജപിച്ച് ബലി മൌനമായിരുന്നു. “എല്ലാ സംശയങ്ങളും ഒഴിഞ്ഞ്, വസ്തുധാരണകള്‍ നീക്കി വിഷയ-വിഷയീ ഭേദഭാവമില്ലാതെ, ചിന്ത-ചിന്തകന്‍--ചിന്ത്യവിഷയം (ധ്യാനം, ധ്യാനി, ധ്യാനവിഷയം) എന്ന തോന്നലുകളില്ലാതെ ബലി അവിടെയിരുന്നു. ഉദ്ദേശ ലക്ഷ്യങ്ങളൊന്നുമില്ലാതെ പ്രശാന്തനായി, മനസ്സടങ്ങി, കാറ്റില്ലാത്തയിടത്തു കത്തിച്ച  ദീപമെന്നപൊലെ അദ്ദേഹം പരമപദത്തില്‍ അഭിരമിച്ചു.” അദ്ദേഹമങ്ങിനെ ഏറെ നാള്‍ കഴിഞ്ഞു. 

Dec 31, 2012

233 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 233


ഭവ്യോസി ചേത്തദേതസ്മാത്സര്‍വമാപ്നോഷി നിശ്ചയാത്
നോ ചേത്തദ്വഹ്വപി പ്രോക്തം ത്വയി ഭസ്മനി ഹൂയതേ  (5/26/12)
ബലി സ്വയം ഇങ്ങിനെ പറഞ്ഞു: ഭാഗ്യാതിരേകം കൊണ്ട് അച്ഛന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ എനിക്കോര്‍മ്മ വന്നു. ഇപ്പോള്‍ സുഖാനുഭാവങ്ങള്‍ക്കായുള്ള ആസക്തി എന്നില്‍ ഇല്ലാതായിരിക്കുന്നു. എനിക്ക് അമൃതസമാനമായ ആ  പ്രശാന്ത സ്ഥിതിയെ പ്രാപിക്കണം. ആവര്‍ത്തിച്ചുള്ള ധനസമ്പാദനത്തിലും ആഗ്രഹപൂര്‍ത്തീകരണത്തിലും ലൈംഗീകസുഖത്തിലും  എനിക്ക് താത്പ്പര്യമറ്റിരിക്കുന്നു. ഈ പ്രശാന്താവസ്ഥ തികച്ചും ആഹ്ലാദദായകം തന്നെ. ആന്തരീകമായ പ്രശാന്തിയില്‍ എല്ലാ സുഖദു:ഖങ്ങളും മൂല്യമറ്റവയായിത്തീരുന്നു. ജീവിതം എന്നത് അനുഭവങ്ങളുടെ തുടര്‍ച്ചയായ ആവര്‍ത്തനങ്ങളാണ്. യാതൊരു നവീനാനുഭവങ്ങളും വാസ്തവത്തില്‍ നമുക്കുണ്ടാവുന്നില്ല.
ഞാന്‍ എല്ലാമുപേക്ഷിച്ച് മനസാ സുഖാസക്തികളില്‍ നിന്നും പിന്മാറി ആത്മസ്വരൂപത്തില്‍ അഭിരമിക്കാന്‍ തീരുമാനിക്കുന്നു. ഈ വിശ്വം എന്നത് മനസ്സിന്റെ സൃഷ്ടിയാണല്ലോ. അതുപേക്ഷിച്ചതുകൊണ്ട് നമുക്ക് നഷ്ടപ്പെടാന്‍ എന്തുണ്ട്? മാനസാന്തരത്തെപ്പറ്റിയുള്ള ഈ ചര്‍ച്ചയും എനിക്ക് മതിയായി. കാരണം ഒരു രോഗത്തിന് അവശ്യം വേണ്ടത് ഉടനെയുള്ള ചികിത്സയാണ്. അവസാനിക്കാതെ നീളുന്ന ചര്‍ച്ചകളല്ല. ‘ഞാന്‍ ആരാണ്?’; ‘ഇതെല്ലാം എന്താണ്?’ ഈ ചോദ്യങ്ങള്‍ ശുക്രാചാര്യനോടു തന്നെ ചോദിക്കാം. 

വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ തീരുമാനിച്ചുറച്ച് ബലി ശുക്രാചാര്യരെ ധ്യാനിച്ചു. അനന്താവബോധത്തില്‍ സ്വയം അഭിരമിച്ചിരുന്നതുകൊണ്ട് സര്‍വ്വവ്യാപിയായ ശുക്രാചാര്യര്‍ തന്റെ ശിഷ്യന് തന്റെ സാന്നിദ്ധ്യം ആവശ്യമുണ്ടെന്നറിഞ്ഞു. ക്ഷണത്തില്‍ അദ്ദേഹം ബലിയുടെ സവിധം എത്തിച്ചേര്‍ന്നു. ഗുരുസമക്ഷം ബാലിയില്‍ ഒരു ദിവ്യപ്രഭ കളിയാടി. ബലി അതീവഭക്തിയോടെ ഗുരുവിനെ ഉചിതമായി സ്വീകരിച്ച് പാദപൂജ ചെയ്തു നമസ്കരിച്ചു.

ബലി ശുക്രനോടു ചോദിച്ചു: ഭഗവന്‍, അങ്ങയുടെ ദിവ്യപ്രഭ തന്നെയാണ് അവിടുത്തെ മുന്നില്‍ ഈ പ്രശ്നം അവതരിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. എനിക്ക് സുഖങ്ങളില്‍ ആസക്തി ഒന്നുമില്ല. പക്ഷേ, എനിക്ക് സത്യമറിയാന്‍ ആഗ്രഹമുണ്ട്. ഞാന്‍ ആരാണ്? അങ്ങ് ആരാണ്? ഈ ലോകം എന്താണ്? ഇതെല്ലാം എനിക്ക് പറഞ്ഞു തന്നാലും. 

ശുകമുനി പറഞ്ഞു: അല്ലയോ ബലീ ഞാന്‍ മറ്റൊരു ലോകത്തേയ്ക്ക് പോകുന്ന വഴിയാണ്. അതുകൊണ്ട് ചുരുങ്ങിയ വാക്കുകള്‍കൊണ്ട് ജ്ഞാനത്തിന്റെ സാരാംശം ഞാന്‍ പറയാം. 'ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു. ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം. എല്ലാടവും നിറഞ്ഞു നില്‍ക്കുന്നതും ബോധം. നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല.'   

“നിനക്ക് വിനയവും ആത്മാര്‍ത്ഥതയും ഉള്ളപക്ഷം ഞാനീ പറഞ്ഞതില്‍ നിന്നുതന്നെ നിനക്കെല്ലാം നേടാം. അതില്ലെങ്കില്‍ എത്ര വിവരിച്ചു പറഞ്ഞാലും അഗ്നികുണ്ഡത്തിലവശേഷിച്ച ചാരക്കൂമ്പാരത്തില്‍ അര്‍ഘ്യം അര്‍പ്പിക്കുന്നതുപോലെ വ്യര്‍ത്ഥമാവുമത്.” ആളുന്ന അഗ്നിയില്‍ അര്‍പ്പിച്ചാല്‍ മാത്രമേ അര്‍ഘ്യം സ്വീകരിക്കപ്പെടുകയുള്ളു എന്ന് നിനക്കറിയാം.

ബോധത്തില്‍ ഉണ്ടാവുന്ന വിഷയത്വം, ധാരണാകല്‍പ്പനകള്‍ എന്നിവയാണ് ബന്ധനങ്ങള്‍.  അവയുടെ നിരാസമാണു മുക്തി. അവബോധത്തില്‍ നിന്നും ധാരണകള്‍ (വസ്തുബോധം) നീക്കിയാല്‍ എല്ലാറ്റിന്റെയും സത്യസ്ഥിതിയായി. എല്ലാ തത്വചിന്തകളുടെയും അടിസ്ത്ഥാനമിതാണ്. ഈ ദര്‍ശനത്തില്‍ സ്വയം സ്ഥിരപ്രതിഷ്ഠനായാല്‍ നിനക്ക് അനന്താവബോധത്തിലെത്താം. ഇനിയെനിക്ക് ദേവന്മാര്‍ക്കായുള്ള കുറച്ചു ജോലികള്‍ ചെയ്യാനുണ്ട്. ഞാനിപ്പോള്‍ പോകുന്നു. ദേഹമെടുത്താല്‍പ്പിന്നെ അതിനനുയോജ്യമായ ഉചിതകര്‍മ്മങ്ങളെ ഉപേക്ഷിക്കുന്നത് ശരിയല്ലല്ലോ.