Aug 31, 2012

114 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 114

മനസൈവ മനസ്‌തസ്മാത്‌പൌരുഷേണ പുമാനിഹ
സ്വകമേവ സ്വകേനൈവ യോജയേത്‌പാവനേ പഥി  (3/92/28)

വസിഷ്ഠന്‍ ബ്രഹ്മാവിനോടു ചോദിച്ചു: ഭഗവാനേ, മാമുനിയുടെ ശാപം ഇന്ദ്രന്റെ മനസ്സിനെ ബാധിക്കാതെ ശരീരത്തെമാത്രം ബാധിക്കാനിടവന്നതെന്തുകൊണ്ടാണ്‌? ശരീരം മനസ്സില്‍നിന്നു വിഭിന്നമല്ലെങ്കില്‍ ആ ശാപം മനസ്സിനേയും ബാധിക്കേണ്ടതല്ലേ?. എങ്ങിനെയാണ്‌ മനസ്സ്‌ ബാധിക്കപ്പെടുന്നതെന്നും ബാധിക്കപ്പെടാതിരിക്കുന്നതെന്നും ദയവായി പറഞ്ഞു തരൂ.

ബ്രഹ്മാവു പറഞ്ഞു: മകനേ, ഈ വിശ്വം, ബ്രഹ്മാവു മുതല്‍ മാമലകള്‍ വരെ മൂര്‍ത്തിമത്തായുള്ള എല്ലാറ്റിലും രണ്ടുതരം ശരീരങ്ങളുണ്ട്‌. ഒന്നാമത്തേത്‌ മാനസീകശരീരം- അത്‌ അശാന്തമാണ്‌.. ക്ഷിപ്രമാണതിന്റെ പ്രവര്‍ത്തനങ്ങള്‍ . രണ്ടാമത്തേത്‌ മാംസനിബദ്ധമായ ശരീരം. അത്‌ സ്വയമായി ഒന്നും ചെയ്യുന്നില്ല. ഈ ശരീരത്തെയാണ്‌ അനുഗ്രഹങ്ങളും ശാപങ്ങളും ബാധിക്കുക. അതിനു ബുദ്ധിയോ ശക്തിയോ ഇല്ല. താമരയിലയിലെ ജലകണം പോലെ അതു ചഞ്ചാടിക്കൊണ്ടിരിക്കുന്നു. അത്‌ വിധിയെ, നിയതിയെ, മറ്റു ഘടകങ്ങളെ എല്ലാം ആശ്രയിച്ചിരിക്കുന്നു. മനസ്സാകട്ടെ ബന്ധിതമെന്നു തോന്നുമെങ്കിലും സ്വതന്ത്രമാണ്‌.. ഈ മനസ്സ്‌ ധൈര്യപൂര്‍വ്വം സ്വപ്രയത്നങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ദു:ഖങ്ങള്‍ക്കതീതമാണ്‌.. എപ്പോഴെല്ലാം ഉദ്യമങ്ങളില്‍ ഏര്‍പ്പെടുന്നുവോ അപ്പോഴെല്ലാം ആ ഉദ്യമങ്ങള്‍ക്ക്‌ ഉചിതമായ ഫലം കാണുന്നുമുണ്ട്‌.. ഭൌതീകശരീരം ഒന്നും നേടുന്നില്ല. മാനസീകശരീരമാണ്‌ എല്ലാം നേടുന്നത്‌.. മനസ്സ്‌ എപ്പോഴും ശുദ്ധബോധത്തില്‍ ഉറച്ചിരിക്കുമ്പോള്‍ അതിനെ ശാപങ്ങള്‍ ബാധിക്കയില്ല. ശരീരം തീയിലോ ചെളിയിലോ വീണേക്കാം. എന്നാല്‍ അതിനെക്കുറിച്ച്‌ ചിന്തിച്ചാല്‍ മാത്രമേ മനസ്സിലത് അനുഭവമായി തീരുകയുള്ളു. ഇതാണ്‌ ഇന്ദ്രന്റെ അനുഭവത്തിലൂടെ നമുക്കറിയാന്‍ കഴിയുന്നത്‌..

ദീര്‍ഘതപന്‍ എന്നു പേരായ മുനിയുടെ അനുഭവവും ഇക്കാര്യം വെളിപ്പെടുത്തുന്നു. അദ്ദേഹം ഒരു യാഗം നടത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനുവേണ്ട സാമഗ്രികള്‍ സംഘടിപ്പിക്കുന്നതിനിടയില്‍ അദ്ദേഹമൊരു കിണറ്റില്‍ വീണുപോയി. അദ്ദേഹം മനസ്സില്‍ യാഗം പൂര്‍ത്തീകരിച്ച്‌ ഭൌതീകമായി യാഗം ചെയ്താലുണ്ടാവുന്ന ഫലങ്ങളെല്ലാം നേടി. നേരത്തേ പറഞ്ഞ മഹാത്മാവിന്റെ പത്തു പുത്രന്മാര്‍ക്ക്‌ ബ്രഹ്മപദവി ലഭിച്ചതും സ്വമന:പ്രയത്നത്താല്‍ ആണല്ലോ. മാനസീകമോ ശാരീരികമോ ആയ അസുഖങ്ങള്‍ , ശാപങ്ങള്‍ , കണ്ണേറ്‌  തുടങ്ങിയവ ആത്മാഭിമുഖമായിരിക്കുന്ന മനസ്സിനെ ബാധിക്കുകയില്ല. പാറക്കല്ലില്‍ താമരപ്പൂ വീണാല്‍ അതു രണ്ടായിപൊട്ടിപ്പൊളിയുകില്ലല്ലോ. "അതുകൊണ്ട്‌ ഒരുവന്‍ മനസ്സിനെ മനസ്സുകൊണ്ടുതന്നെ ശുദ്ധപാതയിലേയ്ക്കു നയിക്കണം. ആത്മാവിനെ അത്മാവുകൊണ്ടുതന്നെ സദ്മാര്‍ഗ്ഗങ്ങളിലേയ്ക്കുന്മുഖമാക്കണം"

മനസ്സ്  വിചാരിക്കുന്നതെന്തോ അത്‌ അപ്പോള്‍ത്തന്നെ നടപ്പിലാവുന്നു. തീവ്രമായ ധ്യാനംകൊണ്ട്‌ ഒരുവനുള്ളില്‍ സമൂലമായ മാറ്റം വരുത്താനും തെറ്റായ കഴ്ച്ചപ്പാടുമൂലം ഉണ്ടായ ഭ്രമകല്‍പ്പനയില്‍ നിന്നു വിമുക്തിയാര്‍ജ്ജിക്കാനും നമുക്ക്  സാധിക്കും. മനസ്സു ചെയ്യുന്നതാണ്‌ സത്യമായി അനുഭവപ്പെടുന്നത്‌. നിലാവിന്റെ ശീതളിമയിലിരിക്കുന്നവന്‌ സൂര്യന്റെ തീവ്രതാപം മനസാ അനുഭവവേദ്യമാവാം. അതുപോലെ തിരിച്ചും. മനസ്സിന്റെ മായികശക്തി ഇപ്രകാരമെല്ലാമാണ്‌.. 

Aug 30, 2012

113 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 113

കഥ്യതേ ജീവനാമ്നൈതച്ചിതം  പ്രതനുവാസനം
ശാന്തദേഹചമത്കാരം ജീവം വിദ്ധി ക്രമാത്‌പരം (3/91/23)

സൃഷ്ടാവായ ബ്രഹ്മാവ്‌ പറഞ്ഞു: മനസ്സ്‌ എന്ന വ്യക്തിബോധത്തിന്‌ വൈവിദ്ധ്യമേറിയ ഗുണങ്ങളും സാധ്യതകളുമുണ്ട്‌... സുഗന്ധവസ്തുക്കളില്‍ അവയ്ക്ക്  യോജിച്ച സ്വാദും അടങ്ങിയിട്ടുണ്ടല്ലോ. ബോധം തന്നെയാണ്‌ സൂക്ഷ്മശരീരമാവുന്നതും ഭൌതീകരൂപമെടുത്ത്‌ സ്ഥൂലശരീരമാവുന്നതും."ഈ വ്യക്തിബോധത്തിന്‌ ജീവന്‍ എന്നും ജീവാത്മാവ്‌ എന്നും പറയുന്നു. അതിലും അനന്തസാധ്യതകള്‍ അന്തര്‍ലീനമാണെങ്കിലും ആ സാദ്ധ്യതകള്‍ അതീവ സൂക്ഷ്മ നിലയിലാണുള്ളത്‌.. എന്നാല്‍ ജീവന്റെ മായാജാലങ്ങളെല്ലാം അവസാനിക്കുമ്പോള്‍ അതു തന്നെയാണ്‌ പരമാത്മാവായി തിളങ്ങുന്നത്‌.". ഞാനോ മറ്റാരെങ്കിലുമോ ഈ പ്രപഞ്ചത്തില്‍ ഇല്ല. എല്ലാം അനന്താവബോധം മാത്രം. ആ ചെറുപ്പക്കാരുടെ ഉദ്ദേശം സാധിതമായപോലെ ഇക്കാണപ്പെടുന്നതെല്ലാം അനന്താവബോധത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിലനില്‍ക്കുന്നത്‌.. ആ ചെറുപ്പക്കാര്‍ക്ക്‌ അവരുടെ ഉദ്ദേശം സൃഷ്ടിനിര്‍വ്വഹണമായിരുന്നതുകൊണ്ട്‌ അവരില്‍ , അവരാണ്‌ സൃഷ്ടാക്കള്‍ എന്ന തോന്നലുണ്ടായി. അതുപോലെ തന്നെ എനിക്കും എന്റെ സൃഷ്ടി വൈഭവത്തെപറ്റി ഒരവബോധമുണ്ടായി.

അനന്താവബോധം തന്നെയാണ്‌ സ്വയം ജീവനായി ഭാവിച്ച്‌ മനസ്സാകുന്നതും പിന്നീട്‌ ശരീരഭാവമെടുത്ത്‌ അതു മൂര്‍ത്തീകരിക്കുന്നതും. സ്വപ്നംപോലെയുള്ള ഈ മാസ്മരീക ഭ്രമം നീണ്ടുപോവുന്തോറും യാഥാര്‍ത്ഥ്യമാണെന്ന തോന്നലുണ്ടാവുന്നു. അത്‌ സത്തും അസത്തുമാണ്‌.. മനസ്സില്‍ അതിനെ ഭാവനചെയ്തു കണ്ടതുകൊണ്ട്‌ അതു സത്താണ്‌.. പക്ഷേ സ്വതവേയുള്ള വിരോധാഭാസംകൊണ്ട്‌ അതു അസത്തുമാണ്‌.. മനസ്സ്‌ ചേതനയുള്ളതാണ്‌. കാരണം അത്‌ ബോധത്തിലധിഷ്ടിതമാണല്ലോ.  എന്നാല്‍ ബോധത്തില്‍നിന്നും വിഭിന്നമായി അതിനെക്കണ്ടാല്‍ അത്‌ ഭ്രമാത്മകമായ വെറും ജഢമാണ്‌.. മനസ്സ്‌ ഒന്നിനെപ്പറ്റി ആലോചിക്കുമ്പോള്‍ ആ വസ്തുവായി സ്വയം ഗ്രഹിക്കുകയാണ്‌.. കൈവളയുടെ രൂപത്തില്‍ മനസ്സില്‍ കാണുമ്പോള്‍ ഒരു സ്വര്‍ണ്ണവള  ആഭരണമാണ്‌.. എന്നാല്‍ മൂല്യവസ്തുവായ സ്വര്‍ണ്ണമാണല്ലോ ആഭരണത്തില്‍ സത്തായിട്ടുള്ളത്‌. .

എല്ലാം ബ്രഹ്മം തന്നെയായതുകൊണ്ട്‌ ജഢമെന്നു പറയുന്നതും അതേ അനന്താവബോധം തന്നെ. എന്നില്‍നിന്നു തുടങ്ങി വെറും കല്ലുവരെ ഒന്നിനേയും സചേതനമെന്നോ അചേതനമെന്നോ നിര്‍വ്വചിക്കുക അസാദ്ധ്യം. തികച്ചും വ്യത്യസ്ഥങ്ങളായ രണ്ടു വസ്തുക്കളെപ്പറ്റി ചിന്താക്കുഴപ്പത്തിനോ ആശങ്കക്കോ  സാദ്ധ്യതയില്ല . വിഷയവും വിഷയിയും തമ്മില്‍ സാമ്യമുണ്ടാവുമ്പോള്‍ മാത്രമേ ഏത്‌ ഏതെന്ന സംശയങ്ങള്‍ ഉണ്ടാവുകയുള്ളു. എല്ലാം നിര്‍വ്വചനാതീതമാണെന്നുള്ളതു കൊണ്ട്‌ ജഢം, ചൈതന്യം, എന്നൊക്കെയുള്ള വാക്കുകള്‍ കേവലശബ്ദങ്ങള്‍ മാത്രം.

മനസ്സിനെ സംബന്ധിച്ചിടത്തോളം വിഷയം ജഢവും, വിഷയി (അറിയുന്നയാള്‍ ചൈതന്യവുമാണ്‌. . അങ്ങിനെ ഭ്രമത്തില്‍ ഉഴന്ന് ജീവന്‍ ചുറ്റിപ്പറ്റിനില്‍ക്കുന്നു. വാസ്തവത്തില്‍ ദ്വന്ദതയെന്നതും മനസ്സിന്റെ വിഭ്രമം മാത്രം. അത്തരം വിഭ്രമം ഉള്ളതാണോ അല്ലയോ എന്നും നമുക്ക്‌ നിശ്ചയിക്കുക വയ്യ. അനന്താവബോധമാണെല്ലാം. ഭ്രമാത്മകമായ വിഭജനങ്ങളാണീ കാണപ്പെടുന്നതെല്ലാം എന്ന തിരിച്ചറിവില്ലാത്തപ്പോള്‍ അഹങ്കാരം ഉടലെടുക്കുന്നു. എന്നാല്‍ മനസ്സ്‌ സ്വരൂപത്തില്‍ ധ്യാനനിമഗ്നമാവുമ്പോള്‍ എല്ലാ വിഭജനങ്ങളും ഇല്ലാതാവുന്നു. അനന്താവബോധസാക്ഷാത്കാരം  ഉണ്ടാവുമ്പോള്‍ പരമാനന്ദവും ആവുന്നു. 

Aug 29, 2012

112 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 112

പ്രതിഭാസമുപായാതി യഥ്യദസ്യ  ഹി ചേതസ:
തത്തത്‌പ്രകടതാമേതി സ്ഥൈര്യം സഫലതാമപി  (3/91/17)

സൂര്യന്‍ തുടര്‍ന്നു: ഭഗവാനേ, അതുകഴിഞ്ഞ്‌ രാജാവ്‌ ഭരതമുനിയെ സമീപിച്ച്‌ ശാരീരികശിക്ഷകള്‍ക്കൊന്നും വഴങ്ങാത്ത ഈ കമിതാക്കള്‍ക്കുചിതമായ ശിക്ഷയായി ഒരു ശാപം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. മുനി അവരെ ശപിച്ചു. പക്ഷേ അവര്‍ മുനിയോടു പറഞ്ഞു: കഷ്ടം! നിങ്ങള്‍ക്കു രണ്ടാള്‍ക്കും ബുദ്ധി അല്‍പ്പം കുറവുണ്ട് എന്ന് തോന്നുന്നു. ഞങ്ങളെ ശപിച്ചതുകൊണ്ട്‌ നിങ്ങളാര്‍ജ്ജിച്ച തപോബലത്തിനു കുറവുണ്ടായിരിക്കുന്നു എന്നതാണ് സത്യം. ആ ശാപം കൊണ്ട്‌ ഞങ്ങളുടെ ശരീരത്തെ നശിപ്പിക്കാം; എന്നാല്‍ ഞങ്ങള്‍ക്കതുകൊണ്ട്‌ ഒന്നും നഷ്ടമാവുന്നില്ല. ഞങ്ങളുടെ മനസ്സിനെ ആര്‍ക്കും നശിപ്പിക്കാനാവില്ല.

മുനിശാപം മൂലം അവരുടെ ദേഹം നശിച്ചു. ഈ ശരീരത്തില്‍നിന്നും പിന്നിടവര്‍ മൃഗങ്ങളായും പക്ഷികളായും ജന്മമെടുത്തു. അവസാനം ഉത്തമമായ ഒരു ഗൃഹത്തില്‍ മനുഷ്യ ദമ്പതികളായി. ഇപ്പോഴും പരസ്പരമുള്ള സമ്പൂര്‍ണ്ണാനുരാഗത്തിന്റെ ശക്തികൊണ്ട്‌ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി ജന്മമെടുത്തിരിക്കുന്നു. കാട്ടിലെ മരങ്ങള്‍പോലും ഇവരുടെ പ്രേമവായ്പ്പുകണ്ട്‌ പ്രചോദിതരായി. മുനിശാപംകൊണ്ടും ഇവരുടെ മനസ്സു നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അതുപോലെ, ഭഗവാനേ ഈ പത്തുപേരുടെ സൃഷ്ടികളെ യാതൊരുവിധത്തിലും സ്വാധീനിക്കാന്‍ അങ്ങേയ്ക്കാവില്ല. അവര്‍ സ്വയം സൃഷ്ടിസര്‍ഗ്ഗത്തില്‍ തുടരുന്നതുകൊണ്ട്‌ അങ്ങേയ്ക്കെന്താണു നഷ്ടം? അവര്‍ അവരുടെ മനസ്സിന്റെ സൃഷ്ടികളെ തുടരട്ടെ. സ്ഫടികത്തില്‍ നിന്നും  അതിനുള്ളിലെ പ്രതിഫലനം മാത്രമായി നീക്കി മാറ്റാനരുതാത്തതുപോലെയാണത്‌. ഭഗവന്‍, അങ്ങയുടെ ബോധമണ്ഡലത്തില്‍ ,  സ്വാഭീഷ്ടമനുസരിച്ച്  ഒരു ലോകം സ്വയം സൃഷ്ടിച്ചാലും.

സത്യത്തില്‍ അനന്താവബോധവും മനസ്സും (ഒരുവന്റെ ബോധം) അനന്തമായ ആകാശവുമെല്ലാം ഒരേയൊരു വസ്തുവാണ്‌.. അനന്താവബോധം സര്‍വ്വവ്യാപിയാണ്‌. . അതുകൊണ്ടീചെറുപ്പക്കാര്‍ സൃഷ്ടിച്ച ലോകങ്ങളെന്തായാലും അങ്ങേക്കിഷ്ടം പോലെയുള്ള  മറൊരു ലോകനിര്‍മ്മിതി ചെയ്താലും.

ബ്രഹ്മാവ്‌ വസിഷ്ഠനോടു പറഞ്ഞു: അപ്രകാരമുള്ള സൂര്യവചനം കേട്ട്‌ എന്റെ സ്വാഭാവപ്രകടനം എന്ന നിലയില്‍ ഞാന്‍ ലോകങ്ങളെ ഉണ്ടാക്കാന്‍ തുടങ്ങി. ഈ ഉദ്യമത്തില്‍ ആദ്യത്തെ പങ്കാളിയാകാന്‍ ഞാന്‍ സൂര്യനെ ക്ഷണിച്ചു. ഈ സൂര്യന്‍ ചെറുപ്പക്കാരുടെ സൃഷ്ടിയില്‍ പങ്കെടുത്തതുകൂടാതെ എന്റെ സൃഷ്ടിയില്‍ മനുഷ്യകുലത്തിന്റെ പൂര്‍വ്വികനായ പ്രജാപതിയായും വര്‍ത്തിച്ചു. സൂര്യന്‍ ഈ രണ്ടു ജോലികളും ഭംഗിയായി ചെയ്തു. എന്റെ ഉദ്ദേശങ്ങള്‍ക്കനുസൃതമായി അദ്ദേഹം ഈ ലോകനിര്‍മ്മിതി നടത്തി. "എന്തൊക്കെ ഒരാളുടെ ബോധമണ്ഡലത്തില്‍ പ്രത്യക്ഷമാവുന്നുവോ അതുണ്ടാവുന്നു, നിലനില്‍ക്കുന്നു, ഫലപ്രാപ്തിയുമുണ്ടാവുന്നു. അതാണ്‌ മനസ്സിന്റെ ശക്തി!"

ആ മഹാത്മാവിന്റെ പുത്രന്മാര്‍ സ്വമന:ശ്ശക്തികൊണ്ട്‌ ലോകസൃഷ്ടാക്കളുടെ സ്ഥാനത്തെത്തിയപോലെ ഞാനും ലോകസൃഷ്ടാവായി. മനസ്സാണ്‌ ഇവിടെ വസ്തുക്കളെ പ്രകടമാക്കുന്നത്‌...  മനസ്സില്‍ത്തന്നെയാണ് ശരീരബോധമുണ്ടാവുന്നതും ശരീരമെന്ന 'കാഴ്ച്ച' പ്രകടമാവുന്നതും. 

Aug 28, 2012

111 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 111

മനോ ഹി ജഗതാം കര്‍തൃ മനോ ഹി പുരുഷ: പര:
മന: കൃതം കൃതം ലോകേ ന ശരീരകൃതം  കൃതം (3/89/1)

സൂര്യന്‍ തുടര്‍ന്നു: "മനസ്സുതന്നെയാണ്‌ ലോക സൃഷ്ടാവ്‌.. മനസ്സു തന്നെയാണ്‌ പരമപുരുഷന്‍.. മനസ്സിനാല്‍ ചെയ്യപ്പെടുന്നതാണു കര്‍മ്മം. ശരീരംകൊണ്ടു ചെയ്യുന്നത്‌ കര്‍മ്മമല്ല." മനസ്സിന്റെ ശക്തി നോക്കൂ! ദൃഢമായ ചിന്തകൊണ്ട്‌ മഹാത്മാവിന്റെ പുത്രരായ ആ പത്തുപേര്‍ സൃഷ്ടാക്കളായി. എന്നാല്‍ ഏതൊരുവന്‍ 'ഞാനീ ചെറിയ ശരീരമാണ്‌' എന്നു ചിന്തിക്കുന്നുവോ അവനു മൃത്യു സുനിശ്ചയമാണ്‌.. ഒരുവന്റെ ബോധം ബാഹ്യലോകത്തേക്ക്‌ ഉന്മുഖമാകുമ്പോള്‍ സുഖദു:ഖങ്ങളെന്ന ദ്വന്ദങ്ങളുണ്ട്‌.. എന്നാല്‍ യോഗിയുടെ ദൃഷ്ടി ഉള്ളിലേയ്ക്കാണ്‌.. അവിടെ സുഖദു:ഖങ്ങള്‍ എന്ന ധാരണകള്‍ ഇല്ല. ഇതിനെക്കുറിച്ചുള്ള ഒരു കഥ ഞാന്‍ പറയാം.

മഗധ രാജ്യത്ത്‌ ഇന്ദ്രദ്യുമ്നന്‍ എന്നുപേരായ ഒരു രാജാവു വാണിരുന്നു. അദ്ദേഹത്തിന്റെഭാര്യ അഹല്യ. ആ സ്ഥലത്ത്‌ ഇന്ദ്രന്‍ എന്നു പേരായി ദുര്‍മ്മാര്‍ഗ്ഗിയെങ്കിലും സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. ദേവേന്ദ്രന്‍ മുനിപത്നിയായ അഹല്യയെ വശീകരിച്ച കഥ അഹല്യാ റാണി ഒരുദിവസം പ്രഭാഷണമദ്ധ്യേ കേട്ടു. അതുകേട്ട്‌ രാജ്ഞിക്ക്‌ ഇന്ദ്രന്‍ എന്ന ചെറുപ്പക്കാരനോട്‌ പ്രേമം തോന്നി. പ്രേമം മൂത്ത്‌ തന്റെ തോഴിമാരുടെ സഹായത്തോടെ അവള്‍ ഇന്ദ്രനെ തന്റെ അരമനയിലേയ്ക്ക്‌ കൊണ്ടുവന്നു. തുടര്‍ന്ന് അവരിരുവരും രഹസ്യമായി സന്ധിച്ചു സുഖിച്ചു വന്നു. അഹല്യയ്ക്ക്‌ ഇന്ദ്രനെപ്പറ്റിയല്ലാതെ മറ്റൊരു ചിന്തയുമില്ലായിരുന്നു. അതുകൊണ്ടവള്‍ നോക്കുന്നിടത്തൊക്കെ ഇന്ദ്രനെക്കണ്ടു. അവനെക്കുറിച്ചുള്ള ചിന്തകള്‍ അവളുടെ മുഖത്തെ പ്രഫുല്ലമാക്കി. അവരുടെ പ്രേമം മൂത്തപ്പോള്‍ ജനമറിഞ്ഞു; രാജാവിന്റെ ചെവിയിലും കാര്യമെത്തി. ക്രുദ്ധനായ രാജാവ്‌ അവരെ ശിക്ഷിക്കാനായി പലതുംചെയ്തു. തണുത്ത വെള്ളത്തില്‍ അവരെ മുക്കി; തിളച്ച എണ്ണയിലവരെ വറുത്തു; ആനയുടെ കാലുകളില്‍ ബന്ധിച്ചു; ചാട്ടവാറുകൊണ്ടടിച്ചു. ഇന്ദ്രന്‍ പൊട്ടിച്ചിരിച്ചുകൊണ്ട്‌ രാജാവിനോടു പറഞ്ഞു: എനിക്കീ ലോകം മുഴുവനും എന്റെ പ്രിയപ്പെട്ടവള്‍ - അഹല്യയല്ലാതെ മറ്റൊന്നുമല്ല. ഈ ശിക്ഷകളൊന്നും ഞങ്ങളെ എശുകയില്ല. ഞാന്‍ മനസ്സുമാത്രമാണ്‌.. മനസ്സാണ്‌ വ്യക്തി. നിങ്ങള്‍ക്ക്‌ ശരീരത്തെ ശിക്ഷിക്കാം; എന്നാല്‍ നിങ്ങള്‍ക്ക്‌ മനസ്സിനെ ശിക്ഷിക്കാനോ ചെറുതായിപ്പോലും മാറ്റാനോ കഴിയില്ല. മനസ്സ്‌ എന്തിലെങ്കിലും ആമഗ്നമായിരിക്കുമ്പോള്‍ ശരീരത്തിനെന്തു സംഭവിച്ചാലും മനസ്സിനെയത്‌ ബാധിക്കുന്നില്ല.

മനസ്സിന്‌ ശാപത്താലോ അനുഗ്രഹത്താലോ ചഞ്ചല്യമുണ്ടാവുന്നില്ല. വലിയൊരു മാമല കേവലം ചെറിയ വന്യജീവികളുടെ കൊമ്പുകൊണ്ട്‌ കുത്തിയിളക്കാനാവുകയില്ലല്ലോ. ശരീരമല്ല മനസ്സിനെയുണ്ടാക്കുന്നത്‌, മറിച്ച്‌ മനസ്സാണ്‌ ശരീരത്തെ സൃഷ്ടിക്കുന്നത്‌.. മനസ്സുമാത്രമാണ്‌ ശരീരത്തിന്റെ വിത്ത്‌.. മരം മരിക്കുമ്പോഴും വിത്ത്‌ നശിക്കുന്നില്ല. എന്നാല്‍ വിത്ത്‌ നശിക്കുമ്പോള്‍ അതിലെ വൃക്ഷവും നശിക്കുന്നു. ശരീരം നശിച്ചാല്‍ മനസ്സിന്‌ സ്വയം മറ്റൊരു ശരീരം സൃഷ്ടിക്കുവാനാവും. 

Aug 27, 2012

110 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 110

യഥൈവ കര്‍മ്മകരണേ കാമനാ നാസ്തി ധീമതാം
തഥൈവ കര്‍മ്മസംത്യാഗേ കാമനാ നാസ്തി ധീമതാം (3/88/12)

സൂര്യന്‍ തുടര്‍ന്നു: പ്രഭോ,  സൃഷ്ടിവാഞ്ഛയുമായി ആ പത്തുപേര്‍ ധ്യാനനിരതരായി ഇരുന്നു. അവരുടെ ശരീരം ക്ഷയിച്ചു നശിച്ചു. ബാക്കിയായ ഭാഗങ്ങള്‍ വന്യമൃഗങ്ങള്‍ക്ക്‌ ആഹാരമായി. അവര്‍ ദേഹമില്ലാത്ത അവസ്ഥയിലും അങ്ങിനെതന്നെ ധ്യാനമഗ്നരായി നിലകൊണ്ടു.  യുഗാവസാനം വരെ  ആ നില്‍പ്പ്‌ നീണ്ടു നിന്നു. യുഗാന്ത്യത്തില്‍ പൊള്ളിക്കുന്ന സൂര്യതാപവും ഇടിവെട്ടലും എല്ലാറ്റിനേയും നശിപ്പിച്ചു. ഈ മഹാത്മാക്കളാകട്ടെ അവരുടെ ധ്യാനസപര്യ തുടര്‍ന്നു. അവരുടെ ആഗ്രഹം വിശ്വസൃഷ്ടാക്കളാകണം എന്നതായിരുന്നുവല്ലോ. പുതിയ യുഗാരംഭത്തിലും ഈ പത്തുമഹാത്മാക്കള്‍ അതേ സ്ഥലത്ത്‌ തന്നെ നിലകൊണ്ടു. അവരങ്ങിനെ സൃഷ്ടികര്‍ത്താക്കളായി. ആ പത്തുപേരുണ്ടാക്കിയ പ്രപഞ്ചങ്ങളാണ്‌ അവിടുന്ന് ദര്‍ശിച്ചത്‌. പ്രഭോ, അവരുണ്ടാക്കിയ വിശ്വങ്ങളിലൊന്നിലെ സൂര്യനാണു ഞാന്‍...

ബ്രഹ്മാവ്‌ സൂര്യനോടു ചോദിച്ചു: ഹേ സൂര്യാ, ഈ പത്തുപേര്‍ വിശ്വനിര്‍മ്മിതിയെല്ലാം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇനി എനിക്ക്‌ എന്താണു ചെയ്യാനുള്ളത്‌? എന്റെ കര്‍ത്തവ്യം എന്താണ്‌?

സൂര്യന്‍ പറഞ്ഞു: ഭഗവാനേ അവിടുത്തേയ്ക്ക്‌ ആഗ്രഹങ്ങളൊന്നും ഇല്ലല്ലോ. അങ്ങയെ പ്രചോദിപ്പിക്കാന്‍  അങ്ങില്‍ വാസനകള്‍ ഒന്നുമില്ലതാനും . അതായത്‌ അങ്ങേയ്ക്ക്‌ ചെയ്യേണ്ടതായി ഒരു കര്‍മ്മവുമില്ല. വിശ്വനിര്‍മ്മിതികൊണ്ട്‌ അങ്ങേയ്ക്കെന്തു പ്രയോജനം? വിശ്വനിര്‍മ്മിതിയെന്ന സര്‍ഗ്ഗപ്രവൃത്തി അങ്ങേയ്ക്ക്‌ കാരണമേതുമില്ലാത്ത വെറുമൊരു നേരമ്പോക്കും ലീലയുമാണ്‌.. ഭഗവാനേ അങ്ങില്‍ നിന്നും സൃഷ്ടികളുണ്ടാവുന്നത്‌ അന്തര്‍പ്രേരണകൊണ്ടോ ആഗ്രഹംകൊണ്ടോ അല്ല. സൂര്യപ്രകാശം ജലത്തില്‍ പ്രതിഫലിക്കുന്നതും അതിനെ പ്രകാശമാനമാക്കുന്നതും സൂര്യന്റെ ഉദ്ദേശലക്ഷ്യമല്ല. ജലവും എതെങ്കിലും ഉദ്ദേശലക്ഷ്യങ്ങളോടെയല്ല പ്രതിഫലനം ഏറ്റെടുക്കുന്നത്‌.. ഹേതുരഹിതമായി സൂര്യന്‍ എങ്ങിനെ ദിനരാത്രങ്ങള്‍ക്കു കാരണമാവുന്നുവോ, അപ്രകാരം അങ്ങും ഇഛാരഹിതനായി സൃഷ്ടിയിലേര്‍പ്പെട്ടാലും. അങ്ങയുടെ സ്വഭാവവത്തേയും ധര്‍മ്മത്തേയും വെടിഞ്ഞിട്ട്‌ എന്തു നേട്ടമാണങ്ങേയ്ക്കുണ്ടാവുക?

"ജ്ഞാനികള്‍ യാതൊരു പ്രവര്‍ത്തങ്ങള്‍ക്കായും ആഗ്രഹിക്കുന്നില്ല; അവര്‍ കര്‍മ്മങ്ങളെ ത്യജിക്കാനും ആഗ്രഹിക്കുന്നില്ല." അങ്ങു മനക്കണ്ണില്‍ കാണുന്നത്‌ ആ മഹാത്മാക്കള്‍ സൃഷ്ടിച്ച ലോകങ്ങളാണ്‌.. മനക്കണ്ണില്‍ ആദ്യം ദര്‍ശിച്ച (സൃഷ്ടിച്ച) വസ്തുക്കള്‍ മാത്രമേ ഭൌതീകമായി ഒരുവന്‍ പിന്നീടു കാണുന്നുള്ളു. മനസ്സില്‍ക്കണ്ട വസ്തുക്കളാകട്ടെ നശിപ്പിക്കാനരുതാത്തതാണ്‌.. മൂലപദാര്‍ത്ഥങ്ങളുടെ സംഘാതമായ വസ്തുക്കള്‍ പരിണാമത്തിനും നാശത്തിനും വിധേയമാണ്‌.. ഒരാളുടെ വ്യക്തിത്വം, അവന്റെ മനസ്സില്‍ സ്വത്വത്തെപ്പറ്റി ദൃഢമായി സ്ഥിരീകരിച്ച സത്യബോധമല്ലതെ മറ്റൊന്നുമല്ല..

Aug 26, 2012

109 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 109

ഐശ്വര്യാണാം ഹി സര്‍വേഷാമകല്‍പ്പം ന  വിനാശി യത്‌
രോചതേ ഭ്രാതരസ്‌തന്‍മേ ബ്രഹ്മത്വമിഹ നേതരത്‌(31) (((3/86/31)

സൂര്യന്‍ പറഞ്ഞു: ദേവാദിദേവാ, കൈലാസപര്‍വ്വതത്തിനടുത്ത്‌ സുവര്‍ണജാതം എന്നയിടത്ത്‌ അങ്ങയുടെ പുത്രന്മാര്‍ ഉണ്ടാക്കിയ ഒരു ജനപദമുണ്ട്‌... കശ്യപമുനിപരമ്പരയില്‍പ്പെട്ട ഇന്ദു എന്നുപേരായ ഒരു മഹാത്മാവ്‌ അവിടെയുണ്ടായിരുന്നു. സന്താനഭാഗ്യമൊഴിച്ച്‌ എല്ലാ ഐശ്വര്യങ്ങളും അദ്ദേഹത്തിനും ഭാര്യക്കും ഉണ്ടായിരുന്നു. സന്താന ഭാഗ്യലാഭത്തിനായി അവര്‍ കൈലാസത്തില്‍പ്പോയി കഠിനമായ തപസ്സിലേര്‍പ്പെട്ടു. കുറച്ചു ജലം മാത്രമേ അവര്‍ ദിവസേന ആഹരിച്ചിരുന്നുള്ളു. അവര്‍ മരങ്ങളേപ്പോലെ ഒരേയിടത്ത്‌ ചലിക്കാതെ നില്‍പ്പായി. പരമശിവന്‍ അവരില്‍ സംപ്രീതരായി അവര്‍ക്കുമുന്നില്‍ പ്രത്യക്ഷമായി. വരമെന്തുവേണമെന്ന ചോദ്യത്തിനുത്തരമായി അവര്‍  ധര്‍മിഷ്ഠരും ഈശ്വരഭക്തിയുള്ളവരുമായ പത്തുപുത്രന്മാരെ വേണമെന്നാണാവശ്യപ്പെട്ടത്‌. പരമേശ്വരന്‍ അവര്‍ ആവശ്യപ്പെട്ട വരമരുളി. താമസംവിനാ അവര്‍ക്ക്‌ പ്രസരിപ്പുള്ള പത്തു സുപുത്രന്മാര്‍ ഉണ്ടായി. അവര്‍ വളര്‍ന്നു യുവക്കളായി. കേവലം ഏഴു വയസ്സായപ്പോഴേയ്ക്ക്‌ അവര്‍ക്ക്‌ വേദങ്ങള്‍ സ്വായത്തമായിരുന്നു. കുറച്ചുകഴിഞ്ഞ്‌ ആ മാതാപിതാക്കള്‍ ദിവംഗതരായി. അവര്‍ക്ക്‌ മുക്തിപദം ലഭിച്ചു.

ഈ പുത്രന്മാര്‍ക്ക്‌ മാതാപിതാക്കളുടെ ദേഹവിയോഗം ദുസ്സഹമായിരുന്നു. അവര്‍ ഒരുദിവസം ഒത്തുകൂടി ഇങ്ങിനെ ആലോചിച്ചു. 'സഹോദരന്മാരേ, നമുക്ക്‌ ഇനിയിപ്പോള്‍ ഏറ്റവും ശുഭോദര്‍ക്കമായ എന്താണു ലക്ഷ്യമാക്കേണ്ടത്‌? എന്താണു നമുക്ക്‌ നേടാന്‍ ഉചിതമായത്‌? എന്താണ്‌ നമ്മെ ദു:ഖത്തിലേയ്ക്ക്‌ നയിക്കുകില്ല എന്നുറപ്പുള്ള മാര്‍ഗ്ഗം?' രാജപദവി, ചക്രവര്‍ത്തിപദം, ദേവേന്ദ്രപദവി, എല്ലാം വെറും നിസ്സാരം. സ്വര്‍ഗ്ഗം ഭരിക്കുന്ന ഇന്ദ്രപദവി ബ്രഹ്മാവിന്റെ ഒന്നരമണിക്കൂര്‍ നേരത്തേക്കുള്ള ഒരു താല്‍ക്കാലിക തസ്തിക മാത്രമല്ലേ? "അതുകൊണ്ട്‌, സൃഷ്ടാവിന്റെ സ്ഥിതിയെ പ്രാപിക്കുക എന്നതാണ്‌ ഏറ്റവും നല്ലതെന്ന് എനിക്കു തോന്നുന്നു. ഒരു യുഗം മുഴുവന്‍ തീരാതെ സൃഷ്ടികര്‍ത്താവിന്റെ ആയുസ്സൊടുങ്ങുകയില്ലല്ലോ". മറ്റുള്ളവരും ഇതിനെ സര്‍വ്വാത്മനാ അംഗീകരിച്ചു.

അവര്‍ ആത്മഗതമായിപ്പറഞ്ഞു: എന്നാല്‍ നമുക്ക്‌ ബ്രഹ്മപദത്തിലെത്തുക തന്നെ ലക്ഷ്യം. അവിടെ ജരാനരകളോ മരണമോ ഇല്ല. ഏറ്റവും മുതിര്‍ന്ന സഹോദരന്‍ പറഞ്ഞു: എല്ലാവരും ഞാന്‍ പറയുന്നതുപോലെ ചെയ്യുക. ഇനിമുതല്‍ നമുക്ക്‌ ഇങ്ങിനെ ധ്യാനിക്കാം: "ഞാന്‍ വിടര്‍ന്ന താമരയിലിരിക്കുന്ന ബ്രഹ്മാവാണ്‌.". സഹോദരന്മാര്‍ എല്ലാവരും അങ്ങിനെ ചെയ്തു. "ഞാന്‍ വിശ്വസൃഷ്ടാവായ ബ്രഹ്മാവാണ്‌.; മാമുനിമാരും, വിദ്യാദേവതയായ സരസ്വതീദേവിയും എന്നില്‍ അവരുടെ വ്യക്തിപ്രാഭവത്തോടെ കുടികൊള്ളുന്നു. സ്വര്‍ഗ്ഗവും അതിലെ ദേവന്മാരുമെന്നിലാണ്‌.. പര്‍വ്വതങ്ങളും സമുദ്രവും ഭൂഖണ്ഡങ്ങളുമെന്നിലാണ്‌.. ഉപദേവതകളും രാക്ഷസന്മാരുമെന്നിലാണ്‌.. എന്നിലാണ്‌ സൂര്യന്‍ പ്രഭാസിക്കുന്നത്‌.. ഇപ്പോളിതാ സൃഷ്ടി സംഭവിക്കുന്നു. ഇതാ, സൃഷ്ടി, സ്ഥിതിചെയ്യുന്നു. ഇതാ, സൃഷ്ടിക്കു സ്വയമില്ലാതാവാന്‍ സമയമായി. അങ്ങിനെ ഒരു യുഗമിതാകഴിഞ്ഞു. ബ്രഹ്മാവിന്റെ ഒരു രാത്രിയായി. എനിക്ക്‌ ആത്മജ്ഞാനമുണ്ടായിരിക്കുന്നു; ഞാന്‍ മുക്തനായിരിക്കുന്നു." ഇങ്ങിനെ നിരന്തരം ധ്യാനം ചെയ്ത്‌ അവര്‍ ധ്യാനവസ്തുതന്നെ ആയിത്തീര്‍ന്നു. 

Aug 25, 2012

108 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 108


സദസദിതി കാലഭിരാതതം യത്
സദസദ്ബോധവിമോഹദായിനീഭി:
അവിരതരചനാഭിരീശ്വരാത്മൻ
പ്രവിലസതീഹ മനോ മഹന്മഹാത്മൻ (3/85/39)

വസിഷ്ഠന്‍ തുടര്‍ന്നു: ഒരിക്കല്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനോട്‌ ഈ വിശ്വനിര്‍മ്മിതി ആദ്യം എങ്ങിനെയാണു സംഭവിച്ചതെന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങിനെപറഞ്ഞു: മകനേ മനസ്സാണ്‌ ഇക്കാണായതെല്ലാം ആവുന്നത്‌. ഈ യുഗാരംഭത്തില്‍ എനിക്കെന്തു സംഭവിച്ചുവെന്ന് ഞാന്‍ പറയാം. കഴിഞ്ഞ യുഗാന്ത്യത്തില്‍ വിശ്വമുറങ്ങിക്കിടന്ന രാത്രിയുടെ അന്ത്യത്തില്‍ ഞാനുണര്‍ ന്നു. പ്രഭാതത്തിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ്‌ വിശ്വനിര്‍മ്മിതി എന്ന ആശയത്തോടെ ഞാന്‍ ചുറ്റും നോക്കി. ഞാനാ അനന്തശ്ശൂന്യതയിലേയ്ക്കു നോക്കിയപ്പോള്‍ അത്‌ ഇരുണ്ടതോ ദീപ്തമോ ആയിരുന്നില്ല. എന്റെ മനസ്സില്‍ സൃഷ്ടിക്കുള്ള അഭിവാഞ്ഛയുണ്ടായപ്പോള്‍ ഹൃദയത്തില്‍ സൂക്ഷ്മമായ ദൃശ്യങ്ങള്‍ പ്രത്യക്ഷമാവാന്‍ തുടങ്ങി. മനക്കണ്ണുകൊണ്ട്‌ ഞാന്‍ അനേകം വിവിധങ്ങളായ പ്രപഞ്ചങ്ങള്‍ കണ്ടു. അവകളിലെല്ലാം എന്നേപ്പോലുള്ള സൃഷ്ടികര്‍ത്താക്കളേയും ഞാന്‍ കണ്ടു. ആ ലോകങ്ങളില്‍ ഞാന്‍ എല്ലാത്തരം ജീവജാലങ്ങളേയും കണ്ടു. മലകളും നദികളും, സമുദ്രവും കാറ്റും, സൂര്യനും സ്വര്‍ഗ്ഗവാസികളും, പാതാളവും രാക്ഷസന്മാരും എല്ലാം എനിക്കു കാണായി.

ആ വിശ്വങ്ങളിലെല്ലാം വേദങ്ങളും ആചാരമര്യാദാ പ്രമാണങ്ങളും കണ്ടു. അവയാണല്ലോ നന്മ-തിന്മകളെയും സ്വര്‍ഗ്ഗ-നരകങ്ങളെയും നിശ്ചയിക്കുന്നത്‌. അവിടെ ഞാന്‍ മുക്തി മാര്‍ഗ്ഗവും സൌഖ്യമാര്‍ഗ്ഗവും വിവരിക്കുന്ന വേദങ്ങളേയും കണ്ടു. ഇത്തരം വിവിധങ്ങളായ പല ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ആളുകളേയും ഞാന്‍ കണ്ടു. ഞാന്‍ ഏഴുലോകങ്ങളും ഏഴു ഭൂഖണ്ഡങ്ങളും മലകളും സമുദ്രങ്ങളും എല്ലാം നാശത്തിലേയ്ക്കു പായുന്നതായും കണ്ടു. ദിനരാത്രങ്ങളടക്കമുള്ള കാലഗണനകള്‍ ഞാന്‍ കണ്ടു. ദിവ്യനദിയായ ഗംഗ, മൂന്നുലോകങ്ങളേയും -സ്വര്‍ഗ്ഗം, ആകാശം, ഭൂമി എന്നിവയെ- കോര്‍ത്തിണക്കുന്നതായും ഞാന്‍ കണ്ടു. ആകാശത്തുണ്ടാക്കിയ കോട്ടപോലെ സൃഷ്ടി, അതാതിന്റെ ഭൂമിയും, സമുദ്രവും ആകാശവുമൊക്കെയായി വിസ്തൃതമായി നിലകൊണ്ടു. ഇതൊക്കെക്കണ്ട്‌ ഞാന്‍ വിസ്മയചകിതനായി. "എന്താണു ഞാനെന്റെ മനസ്സില്‍ ഇവയെല്ലാം കാണുന്നത്‌? എന്റെ കണ്ണൂകള്‍ ഇവയെ ഇതുവരെ കണ്ടിട്ടുമില്ല." ഞാന്‍ ഇതിനെപ്പറ്റി കുറേയേറെ ആലോചിച്ചു. അവസാനം സൌരയൂഥങ്ങളില്‍ ഒന്നിലെ ഒരു സൂര്യനെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ട്‌ അദ്ദേഹത്തോട്‌ എനിക്കരികിലേയ്ക്ക്‌ വരാന്‍ പറഞ്ഞു. എന്നെ അലട്ടിയിരുന്ന ഈ പ്രശ്നത്തെപ്പറ്റി ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു.

സൂര്യന്‍ മറുപടിയായി പറഞ്ഞു: "അല്ലയോ മഹാത്മന്‍, സര്‍വ്വശക്തനായ സൃഷ്ടാവെന്ന നിലയില്‍ അങ്ങ്‌ ഈശ്വരന്‍ തന്നെയാണ്‌.. മനസ്സുതന്നെയാണ്‌ ഈ നിലയ്ക്കാത്ത പ്രവര്‍ത്തനങ്ങളും അന്തമില്ലാത്ത സൃഷ്ടികളൂം ആയി കാണപ്പെടുന്നത്‌.. അവിദ്യയുടെ പ്രാഭവംകൊണ്ട്‌ ഇവയെല്ലാം യാഥാര്‍ത്ഥ്യമാണെന്നുള്ള ധാരണ ഒരുവനെ ഭ്രമിപ്പിക്കുകയാണ്‌.". തീര്‍ച്ചയായും അങ്ങേയ്ക്കു സത്യമറിയാമെങ്കിലും എന്നോട്‌ ഉത്തരം പറയാന്‍ ആവശ്യപ്പെട്ടതുകൊണ്ട്‌ ഞാനിതു പറഞ്ഞു എന്നേയുള്ളു.

Aug 23, 2012

107 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 107

അവിബോധാദയം വാദോ ജ്ഞാതേ ദ്വൈതം ന വിധ്യതേ
ജ്ഞാതേ സംശാന്തകലനം മൌനമേവാവശിഷ്യതേ (3/84/25)

വസിഷ്ഠന്‍ തുടര്‍ന്നു: കാര്‍ക്കടി ഇന്നും രാജാവിന്റെ പിന്മുറക്കാരെ സംരക്ഷിച്ചുപോരുന്നു. അവള്‍ ഞണ്ടിന്റെ രൂപസാദൃശ്യമുള്ള ഒരു രാക്ഷസന്റെ പുത്രിയായിരുന്നു. രാക്ഷസര്‍ വെള്ള, കറുപ്പ്‌, പച്ച, ചുവപ്പ്‌ എന്നീ വിവിധ നിറങ്ങളുള്ളവരും വിവിധ തരക്കാരുമാണ്‌... കാര്‍ക്കടി കറുത്തവളായിരുന്നു. അവളുടെ ചോദ്യങ്ങളും രാജാവിന്റെ ഉത്തരങ്ങളും എന്റെ ഓര്‍മ്മയിലെത്തിയതുകൊണ്ട്‌ ഞാന്‍ അവളുടെ കഥ പറഞ്ഞുവെന്നേയുള്ളു. ചെറിയൊരു വിത്തില്‍ വന്മരത്തിന്റെ എല്ലാ പ്രഭാവങ്ങളും - ഇലകള്‍ , പൂക്കള്‍ , കായ്കള്‍ , എല്ലാം..- അടങ്ങിയിരിക്കുമ്പോള്‍ അവിടെ വ്യതിരിക്തത ഇല്ല. അതുപോലെ ഈ വൈവിദ്ധ്യമാര്‍ന്ന പ്രപഞ്ചം അനന്താവബോധത്തില്‍ നിന്നും വ്യാപൃതമത്രേ. രാമ: എന്റെയീ വാക്കുകള്‍ കേട്ടാല്‍ത്തന്നെ നീ പ്രബുദ്ധനാവുമെന്നെനിക്കുറപ്പുണ്ട്‌... വിശ്വം ബ്രഹ്മത്തില്‍നിന്നുദ്ഭൂതമാണെന്നും അത്‌ ബ്രഹ്മത്തില്‍നിന്നും വിഭിന്നമല്ലെന്നും അറിയുക.

രാമന്‍ ചോദിച്ചു: ഈ ഏകാത്മകത എന്നതാണുണ്മ എങ്കില്‍ എന്തിനാണു നാം 'ഇന്നതിലൂടെ അതിനെ പ്രാപിക്കാം' എന്നും മറ്റും പ്രസ്താവിക്കുന്നത്‌?

വസിഷ്ഠന്‍ പറഞ്ഞു: വേദങ്ങളില്‍ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്‌ കാര്യങ്ങള്‍ പഠിപ്പിക്കാനാണ്‌.. കാര്യവും കാരണവും, ആത്മാവും ഈശ്വരനും, വ്യത്യാസവും അതിന്റെ അഭാവവും, വിദ്യയും അവിദ്യയും, വേദനയും സുഖവും, ഇങ്ങനെയുള്ള ദ്വന്ദസംജ്ഞകളെ വികസിപ്പിച്ചെടുത്തിട്ടുള്ളത്‌ പഠനത്തിനായാണ്‌.. അവ സ്വയം യാഥാര്‍ഥ്യമല്ല. "ഈ ചര്‍ച്ചയും തര്‍ക്കവും നടക്കുന്നത്‌ അവിദ്യകൊണ്ടു മാത്രമാണ്‌. ജ്ഞാനമുണരുമ്പോള്‍ ദ്വന്ദതയില്ലാതാവുന്നു. സത്യസാക്ഷാത്കാരമുണ്ടാവുമ്പോള്‍ എല്ലാ വിവരണങ്ങളും നിലയ്ക്കുന്നു. മൌനം മാത്രം ബാക്കിയാവുന്നു." അപ്പോള്‍ നീയറിയും, 'ഒന്നു' മാത്രമേയുള്ളു എന്ന്. അതിന്‌ ആദിയും അന്തവുമില്ല. പക്ഷേ സത്യത്തെ നിര്‍വ്വചിക്കാന്‍ പദങ്ങള്‍ ഉപയോഗിക്കുന്നിടത്തോളം ദ്വന്ദത അനിവാര്യമാണ്‌.. എന്നാല്‍ ഈ ദ്വന്ദത സത്യമല്ല. എല്ലാ വിഭാഗീയതകളും ഭ്രമാത്മകമാണ്‌...

ഞാന്‍ വേറൊരുദാഹരണം പറയാം. ശ്രദ്ധിച്ചു കേട്ടാലും. എന്റെ വിശദീകരണങ്ങളാകുന്ന ശക്തിയേറിയ മരുന്നുകൊണ്ട്‌ നിന്റെ രോഗവും മനപ്രയാസവുമെല്ലാം മാറും. ഇക്കാണുന്ന ലോകം ഇഷ്ടാനിഷ്ടങ്ങള്‍ നിറഞ്ഞ മനസ്സാണ്‌. മനസ്സ്‌ അവയില്‍നിന്നും സ്വതന്ത്രമായാല്‍ ഈ പ്രത്യക്ഷലോകത്തിന്‌ അവസാനമായി. മനസ്സിലെ ബോധമാണ്‌ എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും ബീജമാവുന്നത്.  മനസ്സിന്റെ ജഢമായ വശമാണ്‌ ഈ ദൃശ്യപ്രപഞ്ചമെന്ന മായക്കാഴ്ച്ചകള്‍ക്ക്‌ കാരണം. ബോധത്തിന്റെ സര്‍വ്വവ്യാപിത്വം കാരണം മനസ്സ്‌ 'അറിയപ്പെടുന്നതായി' ഭവിക്കുന്നു. അത്‌ വിശ്വനിര്‍മ്മിതിക്കു കാരണവുമാവുന്നു. മനസ്സ്‌, ഒരു കുഞ്ഞിന്റെ ഭാവന പോലെ ലോകത്തെ ഉണ്ടാക്കുന്നു. മനസ്സിനു തെളിച്ചമുണ്ടാവുമ്പോള്‍ അത്‌ തനിക്കുള്ളില്‍ അനന്താവബോധത്തെ അനുഭവിക്കുന്നു. വിഷയം-വിഷയി വിഭജനം എങ്ങിനെയെന്ന് ഇനി ഞാന്‍ പറഞ്ഞുതരാം

Aug 22, 2012

106 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 106


മഹാതാമേവ സംപര്‍ക്കാത്പുനര്‍ദു:ഖം ന ബാദ്ധ്യതേ
കോ ഹി  ദീപശിഖാഹസ്ഥസ്തമസാ പരിഭൂയതേ (3/82/8)


വസിഷ്ഠന്‍ തുടര്‍ന്നു: രാജാവിന്റെ ഈ വാക്കുകള്‍കേട്ട്‌ കാര്‍ക്കടി പരമശാന്തിയെ പ്രാപിച്ചു. അവളുടെ രാക്ഷസീയരൂപം അവളെവിട്ടുപോയി.

അവള്‍ അവരോടു പറഞ്ഞു: ജ്ഞാനികളേ, നിങ്ങള്‍ രണ്ടും ആരാധ്യരാണ്‌.. നിങ്ങളുടെ സദ്സംഗം കൊണ്ട്‌ ഞാന്‍ ഉണര്‍ന്നിരിക്കുന്നു. "മഹത്തുക്കളുടെ സദ്സംഗം ആസ്വദിക്കുന്നവര്‍ക്ക്‌ ഇഹലോക ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരികയില്ല. കയ്യില്‍ ദീപമുള്ളവന്‌ ഒരിടത്തും ഇരുട്ട്‌ കാണാനാവാത്തതുപോലെയാണത്‌.". പറയൂ, നിങ്ങള്‍ ക്കുവേണ്ടി എന്താണു ഞാന്‍ ചെയ്യേണ്ടത്‌?

രാജാവു പറഞ്ഞു: മഹിളാമണീ, എന്റെ രാജ്യത്ത്‌ അനേകജനങ്ങള്‍ വാതം കൊണ്ടും ഹൃദയരോഗങ്ങള്‍കൊണ്ടും കഷ്ടപ്പെടുന്നുണ്ട്‌.. രാജ്യത്ത്‌ അതിസാരവും പടര്‍ന്നിരിക്കുന്നു. ഇതിനെക്കുറിച്ച്‌ അന്വേഷിച്ചറിഞ്ഞ്‌ പരിഹാരം തേടാനാണ്‌ ഞാനും മന്ത്രിയും ഈ രാത്രിയില്‍ കൊട്ടാരംവിട്ട്‌ പുറത്തുവന്നത്‌.. എന്റെ വിനീതമായ അഭ്യര്‍ത്ഥന ഇത്രമാത്രം: എന്റെ പ്രജകളുടെ ജീവനെടുക്കരുത്‌.. (കാര്‍ക്കടി രാജാവിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു.) ഇനി പറഞ്ഞാലും- നിന്റെ ദയവിന്‌ ഞാനെന്തു പകരം തരും? നിന്റെ വിശപ്പെങ്ങിനെയാണകറ്റുക?

കാര്‍ക്കടി പറഞ്ഞു: ഒിക്കല്‍ ഹിമാലയത്തില്‍പ്പോയി തപസ്സുചെയ്ത്‌ ഈ ദേഹമുപേക്ഷിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനാ ആഗ്രഹം ഉപേക്ഷിച്ചിരിക്കുന്നു. ഞാന്‍ എന്റെ ജീവിതകഥ നിങ്ങള്‍ക്കായി പറയാം. പണ്ട്‌ ഞാന്‍ ഭീമാകാരയായ ഒരു രാക്ഷസിയായിരുന്നു. എനിക്ക്‌ മനുഷ്യരെ തിന്നാന്‍ ആര്‍ത്തിയുണ്ടായിട്ട്‌ അതു തീര്‍ക്കാന്‍ ഞാന്‍ തപസ്സിലേര്‍പ്പെടുകയും ചെയ്തു. ബ്രഹ്മാവില്‍ നിന്നുകിട്ടിയ വരത്താല്‍ ഞാന്‍ ഒരു വിഷൂചികയായി. അതിസാരം (വൈറസ്‌)) ജനങ്ങള്‍ക്ക്‌ പറയാനരുതാത്ത ദുരിതങ്ങള്‍ വിതച്ചു. മാതാപിതാക്കളില്‍ നിന്നും മക്കളിലേയ്ക്ക്‌ ഞാന്‍ ലുക്കീമിയ അണുക്കളെ പകര്‍ച്ച വ്യാധിയായി കടത്തിവന്നിരുന്നു. ബ്രഹ്മാവിനാല്‍ രചിതമായ ഒരു മന്ത്രത്താലാണ്‌ എന്നെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിച്ചത്‌.. നിങ്ങളും ഈ മന്ത്രം പഠിച്ചാലും- ഇതുകൊണ്ട്‌ വാതം, ഹൃദയരോഗങ്ങള്‍ , ലുക്കീമിയ, തുടങ്ങിയ രക്തസംബന്ധിയായ ദോഷങ്ങള്‍ ഇല്ലാതാക്കാം.

മൂവരും നദീതീരത്തു പോയി. അവിടെവച്ച്‌ കാര്‍ക്കടിയില്‍ നിന്നും രാജാവിന്‌ മന്ത്രോപദേശം കിട്ടി. ഈ മന്ത്രം ജപത്തിലൂടെയാണ്‌ പ്രാബല്യത്തിലാവുക. നന്ദിപൂര്‍വ്വം രാജാവു പറഞ്ഞു: അല്ലയോ ദയാശീലേ, നീയെന്റെ സുഹൃത്തും ഗുരുവുമാണ്‌.. സദ്ജനങ്ങള്‍ സൌഹൃദത്തിനെ വിലമതിക്കുന്നു. ദയവായി സൌമ്യസുന്ദരമായ ഒരു രൂപം സ്വീകരിച്ചാലും. എന്നിട്ട്‌ എന്റെ കൊട്ടാരത്തില്‍ വന്ന് ആതിഥ്യം സീകരിച്ചു വസിച്ചാലും. സജ്ജനങ്ങളെ തീരെ ബാധിക്കാതെ കഴിയൂ, പാപികളേയും കള്ളന്മാരേയും നിനക്കു ഭക്ഷിക്കാന്‍ തരാം. കാര്‍ക്കടി സമ്മതിച്ചു. അവള്‍ ഒരു സുന്ദരയുവതിയായി രാജാവിന്റെ കൂടെ അതിഥിയായി താമസം തുടങ്ങി. രാജാവ്‌ കള്ളന്മാരേയും കൊള്ളക്കാരേയും അവള്‍ക്ക്‌ വിട്ടുകൊടുത്തു. എന്നും രാത്രിയില്‍ അവള്‍ തന്റെ ഭീമാകാരം പൂണ്ട്‌ അവരെ ആഹരിച്ചുപോന്നു. പകല്‍ സമയം അവള്‍ തന്റെ സുന്ദരരൂപത്തില്‍ രാജാവിന്റെ സുഹൃത്തായി വിലസി. ഭക്ഷണം കഴിഞ്ഞാല്‍ അവള്‍ പലപ്പോഴും വര്‍ഷങ്ങളോളം സമാധിയില്‍ ആയിരിക്കും. പിന്നീടവള്‍ സാധാരണ ബോധത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും തിരിച്ചുവരുന്നു. 

Aug 19, 2012

105 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 105


ദൃഷ്ടാ ദൃശ്യതയാ തിഷ്ഠന്ത്രഷ്ടൃതാമുപജീവതിസത്യം കടകസംവിത്തൌ ഹേമ കാഞ്ചനതാമിവ  (3/81/80)


രാജാവു തുടര്‍ന്നു: മാമുനിമാര്‍ അകത്തേതും പുറത്തേതും എന്നൊക്കെപ്പറയുന്നത്‌ വെറും വാക്കുകള്‍ മാത്രം. അവയില്‍ 'വസ്തു' ഇല്ല. അത്തരം വിവരണങ്ങളെല്ലാം അജ്ഞാനികള്‍ക്കു മനസ്സിലാക്കാന്‍ വേണ്ടിയാണ്‌... ദൃഷ്ടാവ്‌, അദൃശ്യനായിരുന്നുകൊണ്ട്‌ സ്വയം കാണുന്നു. അയാള്‍ സ്വയം ബോധത്തിലെ ഒരു വിഷയമായിത്തീരുന്നില്ലതാനും. ദൃഷ്ടാവും ദൃശ്യവും ഒന്ന്. ലീനമായ മനോവാസനകള്‍ അവസാനിക്കുമ്പോള്‍ ദൃഷ്ടാവിനു ശുദ്ധവസ്തുപ്രാപ്തിയുണ്ടാവുന്നു. പുറംവസ്തുക്കളെ ഭാവന ചെയ്യുമ്പോള്‍ ദൃഷ്ടാവിന്റെ ജനനമായി. വിഷയി ഇല്ലെങ്കില്‍ , വിഷയം ഇല്ല. ദൃഷ്ടാവില്ലെങ്കില്‍ ദൃശ്യവുമില്ല. മകനാണല്ലോ ഒരാളെ അച്ഛനാക്കുന്നത്‌. ദൃഷ്ടാവാണ്‌ സ്വയം ദൃശ്യമാവുന്നത്‌. കാരണം, കാണുന്നവനില്ലെങ്കില്‍ കാണപ്പെടുന്ന വസ്തുവും ഇല്ല. അച്ഛനില്ലാതെ മകനുണ്ടാവുക സാദ്ധ്യമല്ലല്ലോ. ദൃഷ്ടാവെന്നത്‌ ശുദ്ധബോധമായതിനാല്‍ അതിന്‌ പദാര്‍ത്ഥങ്ങളെ ഇന്ദ്രജാലത്തില്‍ എന്നപോലെ ഉണ്ടാക്കിയെടുക്കാന്‍ ആവുന്നു. ഇതു തിരിച്ചാവുക വയ്യ. ദൃശ്യത്തിന്‌ ദൃഷ്ടാവിനെ സൃഷ്ടിക്കുക വയ്യ. അതുകൊണ്ട്‌ ദൃഷ്ടാവു മാത്രമാണുണ്മ. പദാര്‍ത്ഥങ്ങള്‍ വെറും ഭ്രമം. സ്വര്‍ണ്ണം മാത്രം സത്യം. കൈവള എന്നത്‌ ഒരു നാമവും രൂപവും. "കൈവളയിലെ ബോധസാന്നിദ്ധ്യം മൂലം സ്വര്‍ണ്ണം അതിന്റെ സ്വര്‍ണ്ണ സ്വരൂപം തിരിച്ചറിയുന്നു. ദൃഷ്ടാവ്‌ ദൃശ്യമായി പ്രകടിപ്പിക്കപ്പെടുമ്പോള്‍ സ്വയം ബോധസാക്ഷാത്കാരമുണ്ടാവുന്നു."

ഒന്ന് മറ്റേതിന്റെ പ്രതിഫലനമാണ്‌. അത്‌ ശരിക്കും ദ്വന്ദതയല്ല. ദൃഷ്ടാവ്‌ ദൃശ്യത്തിനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്വയം (കാണുന്നില്ല) അറിയുന്നില്ല. അതിനാല്‍ സ്വയം ഉണ്മയാണെന്നറിയാതെ അയാഥാര്‍ത്ഥ്യമായി കാണപ്പെടുന്നു. എന്നാല്‍ ആത്മജ്ഞാനലാഭമുണ്ടായാല്‍ കാഴ്ച്ചകള്‍ ഇല്ലാതായി ദൃഷ്ടാവ്‌ സ്വയം പരമ്പൊരുളായി സാക്ഷാത്കാരം നേടുന്നു.

വിഷയം നിലനില്‍ക്കുന്നത്‌ വിഷയി ഉള്ളതുകൊണ്ടാണ്‌.. വിഷയം വിഷയിയിലെ ഒരു പ്രതിഫലനം മത്രം. രണ്ടില്ലാത്തയിടത്ത്‌ ദ്വന്ദത ഉണ്ടാവുകവയ്യ. ഒന്നേയുള്ളൂ എങ്കില്‍ ഏകാത്മകത എന്ന ആശയത്തിന്‌ എന്താണു പ്രസക്തി? ഇങ്ങിനെ വിചാരം ചെയ്തു ശരിയായ ആറിവുണര്‍ന്നാല്‍ , പരമവിജ്ഞാനമായി. അത്‌ വാക്കുകള്‍കൊണ്ട്‌ വിവരിക്കാവുന്നതല്ല. അത്‌ ഒന്നെന്നോ പലതെന്നോ പറയുക വയ്യ. അത്‌ ദൃശ്യമോ ദൃഷ്ടാവോ അല്ല. വിഷയമോ വിഷയിയോ അല്ല. അതും ഇതുമൊന്നും അല്ല. ഏകത്വമൊ അനേകത്വമോ സത്യമായി നിര്‍വ്വചിക്കാനാവില്ല. ഏതു നിലപാടെടുത്താലും അതിനൊരെതിര്‍ നിലപാടുണ്ടാവും. എന്നാല്‍ ഒന്ന് മറ്റൊന്നില്‍ നിന്നും വിഭിന്നമല്ല. അലകളില്‍നിന്നും ജലം വിഭിന്നമല്ലാത്തതുപോലെ. കൈവള സ്വര്‍ണ്ണത്തില്‍ നിന്നും വിഭിന്നമല്ലാത്തതുപോലെ. ഈ വിഭജനം എന്നതും ഏകാത്മകത എന്നതും തമ്മില്‍ വിരോധാഭാസമേതുമില്ല. നാനാത്വത്തേയും ഏകത്വത്തേയും കുറിച്ചുള്ള ഈ അനുമാനങ്ങളെല്ലാം ദു:ഖ നിവാരണത്തിനുള്ളതാണ്‌. ഇവകള്‍ക്കെല്ലാമപ്പുറമാണ്‌ പരം പൊരുളായ സത്യം.

Aug 13, 2012

104 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 104


ചിദണോരന്തരേ സന്തി സമഗ്രാനുഭവാണവ:
യഥാ മധുരസസ്യാന്ത: പുഷ്പപത്രഫലാശ്രിയ: (3/81/35)

രാജാവ്‌ തുടര്‍ന്നു: ആത്മജ്ഞാനത്തിന്റെ വെളിച്ചത്തിലാണ്‌ എല്ലാ അനുഭവങ്ങളും പ്രദീപ്തമാവുന്നത്‌.. എന്നാല്‍ ആത്മജ്ഞാനം സ്വപ്രകാശിതമാണ്‌.. സൂര്യന്‍ മുതലിങ്ങോട്ട്‌ എല്ലാ വെളിച്ചവും ഇല്ലാതായാല്‍ ഏതുവെളിച്ചംകൊണ്ടാണൊരുവന്‍ കാണുക (അറിയുക)? ആ ഉള്‍വെളിച്ചം മാത്രമുണ്ടാവും. ആ വെളിച്ചം പുറത്തുള്ള വസ്തുക്കളെ പ്രകാശിപ്പിക്കുന്നു എന്നു തോന്നുകയാണ്‌. മറ്റ്‌ എല്ലാ വെളിച്ചങ്ങളും അജ്ഞാനാന്ധകാരത്തില്‍ നിന്നും വിഭിന്നമല്ല. അവയെല്ലാം തിളങ്ങുന്നു എന്നു തോന്നുന്നു എന്നു മാത്രം. മൂടല്‍മഞ്ഞും മേഘവും തമ്മില്‍ യഥാര്‍ത്ഥത്തില്‍ യാതൊരു വ്യത്യാസവുമില്ലെങ്കിലും (രണ്ടും വസ്തുക്കളെ മറയ്ക്കുന്നു) കാഴ്ച്ചയില്‍ മേഘം വെളിച്ചത്തെ മറയ്ക്കുന്നതായും മൂടല്‍മഞ്ഞ്‌ വെളിച്ചത്തെ പ്രസരിപ്പിക്കുന്നതായും കാണുന്നു. എന്നാല്‍ ബോധമെന്ന ഉള്‍വെളിച്ചം അകത്തുള്ളതിനേയും പുറത്തുള്ളതിനേയും രാത്രിയോപകലോ എന്ന ഭേദമില്ലാതെ പ്രദീപ്തമാക്കുന്നു. അത്ഭുതമെന്നുപറയട്ടെ ഈ വെളിച്ചമാണ്‌ അവിദ്യയുടെ ഇരുട്ടിനെ നീക്കാതെതന്നെ അജ്ഞാനത്തിന്റെ ഫലങ്ങളെ പ്രകാശിപ്പിക്കുന്നത്‌. (അറിയാന്‍ ഇടയാക്കുന്നത്‌). രാത്രിപകലുകള്‍ എന്ന സങ്കല്‍പ്പത്തെക്കൊണ്ട്‌ എപ്പോഴും ജാജ്വല്യമാനമായ സൂര്യന്‍ തന്റെ പ്രാഭവം വെളിവാക്കുന്നു. അതുപോലെ ആത്മാവ്‌ സ്വരൂപം വെളിപ്പെടുത്തുന്നത്‌, ബോധം, അജ്ഞാനം എന്നി സങ്കല്‍പ്പങ്ങളെക്കൊണ്ടാണ്‌. .

"അണുമാത്രമായ ബോധമണ്ഡലത്തില്‍ എല്ലാ അനുഭവങ്ങളും കുടികൊള്ളുന്നു. ഒരു തേന്‍ തുള്ളിയില്‍ പൂക്കളുടേയും, കായ്കളുടേയും, ഇലകളുടെയും സൂക്ഷ്മസത്ത ഉള്‍ക്കൊണ്ടിട്ടുണ്ടല്ലോ." ആ ബോധത്തില്‍നിനാണ്‌ എല്ലാ  അനുഭവങ്ങളും ഉദ്ഭൂതമായി വികസ്വരമാവുന്നത്‌.. അനുഭവമെന്നത്‌ ഒരേയൊരു 'അനുഭവി' (ബോധം) തന്നെയാണ്‌.. ഒരനുഭവത്തെ എങ്ങിനെയെല്ലാം വിവരിച്ചാലും അവയെല്ലാം ബോധമണ്ഡലത്തിലെ അനുഭവം മാത്രമാണ്‌.. എല്ലാം അനന്താവബോധം മാത്രം. എല്ലാ കൈകാലുകളും ആ ബോധത്തിനധീനമാണെങ്കിലും അതീവ സൂക്ഷ്മമായതിനാല്‍ അതിന്‌ അവയവങ്ങളില്ല. ഇമവെട്ടുന്ന നേരംകൊണ്ട്‌ ഈ അനന്താവബോധം യുഗങ്ങളെ അനുഭവിച്ച്‌ തീര്‍ക്കുന്നു. ചെറിയൊരു സ്വപ്നത്തില്‍ ഒരാള്‍ യുവത്വവും ജരാനരയും, മരണവും അനുഭവിക്കുന്നതു പോലെയാണത്‌.. ബോധമണ്ഡലത്തില്‍ കാണപ്പെടുന്ന എല്ലാം ബോധം തന്നെയാണ്‌.. കല്ലില്‍കൊത്തിയുണ്ടാക്കിയ ശില്‍പ്പം കല്ലു തന്നെയാണല്ലോ. വന്മരത്തിന്റെ ഭാവി സാദ്ധ്യതകള്‍ എല്ലാം ഒരു ചേറുവിത്തില്‍ അന്തര്‍ലീനമായിരിക്കുന്നതുപോലെ അണുമാത്രയായ ബോധത്തില്‍ ഭൂത-ഭാവി വര്‍ത്തമാനങ്ങളോടു കൂടിയ വിശ്വം ഉള്‍ക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്‌ ആത്മാവ്‌ സ്വയം കര്‍ത്താവോ ഭോക്താവോ അല്ല എന്നിരിക്കിലും എല്ലാറ്റിന്റേയും കര്‍ത്താവും ഭോക്താവും ബോധത്തില്‍നിന്നും വിഭിന്നമല്ല. ബോധാണുവില്‍ കര്‍മ്മം ചെയ്യുന്നവനും ഫലങ്ങള്‍ അനുഭവിക്കുന്നവനും സഹജമായി കുടികൊള്ളുന്നു.

ഈ ലോകം സൃഷ്ടിക്കപ്പെട്ടിട്ടേയില്ല. അതിനാല്‍ത്തന്നെ അപ്രത്യക്ഷമാവുകയുമില്ല. അതിനെ 'അയഥാര്‍ത്ഥ്യം' എന്ന് ആപേക്ഷികമായി പറയുന്നു. എങ്കിലും നിരുപാധികമായി നോക്കിയാല്‍ ലോകവും ബോധമണ്ഡലവും വിഭിന്നങ്ങളല്ല. 

Aug 6, 2012

103 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 103


ആത്മാ യത്നശതപ്രാപ്യോ ലബ്ധേ സ്മിന്ന ച കിംചന
ലബ്ധം ഭവതി തച്ചൈതത്പരം വാ ന കിംചന (3/81/9)


കാര്‍ക്കടി പറഞ്ഞു: രാജാവേ അങ്ങയുടെ മന്ത്രിയുടെ ഉത്തരങ്ങളില്‍ ഞാന്‍ സംപ്രീതയാണ്‌. ഇനി അങ്ങയുടെ ഉത്തരങ്ങള്‍ എന്തെന്നറിയണം. 

രാജാവ്‌ പറഞ്ഞു: ഭവതിയുടെ ചോദ്യങ്ങള്‍ ശാശ്വതമായ ബ്രഹ്മത്തെക്കുറിച്ചാണ്‌.. അത്‌ ശുദ്ധ അസ്തിത്വമാണ്‌.. ജാഗ്രത്ത്‌, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകള്‍ അവസാനിച്ച്‌ മാനസീകവ്യാപാരങ്ങള്‍ എല്ലാം നിലയ്ക്കുമ്പോള്‍ അതിനെ അറിയാന്‍ കഴിയും. ബ്രഹ്മത്തിന്റെ പ്രത്യക്ഷഭാവമായ വിക്ഷേപവും ആവരണവുമാണ്‌ സൃഷ്ടിയും പ്രളയവുമായി പൊതുവേ പറഞ്ഞുവരുന്നത്‌.. നിശ്ശബ്ദതയുടെ ആഴത്തില്‍ 'അറിവിന്റെ' ഭാരമെല്ലാമൊഴിഞ്ഞ്‌, എല്ലാ ആവിഷ്കാരങ്ങള്‍ക്കും അതീതമായി അതു നിലകൊള്ളുന്നു. അതിന്റെ മദ്ധ്യഭാഗം അതീവ സൂക്ഷ്മമത്രേ. ഈ മദ്ധ്യത്തിനു രണ്ടു വശങ്ങളുണ്ട്‌.  ഇക്കാണുന്ന വിശ്വം അതിന്റെ ലീലാവിലാസമായ ബോധവിക്ഷേപം മാത്രമാണ്‌.. കാണപ്പെടുന്നതായ നാനാത്വമായി അറിയുന്നുവെങ്കിലും അത്‌ അവിച്ഛിന്നമാണ്‌.. ഈ ബ്രഹ്മം ഇച്ഛിക്കുമ്പോള്‍ വായു ഉണ്ടാവുന്നു. ഈ വായുവോ, അതും ശുദ്ധബോധം തന്നെ. അതുപോലെ ശബ്ദത്തെപറ്റി ആലോചിക്കുമ്പോള്‍ ശബ്ദമുണ്ടാവുന്നു. എന്നാല്‍ സത്യത്തില്‍ ശബ്ദമായോ ശബ്ദമെന്നു വിവക്ഷിക്കുന്നതിന്റെ അര്‍ത്ഥമായോ വസ്തുവായോ ബ്രഹ്മത്തിനു ബന്ധമൊന്നുമില്ല.

ആ പരമാണു എല്ലാമാണ്‌; എന്നാല്‍ ഒന്നുമല്ല. ഞാന്‍ അതാണ്‌; എന്നാല്‍ ഞാനല്ല. അതു മാത്രമേ ഉണ്മയായുള്ളു. അത്‌ സര്‍വ്വശക്തമാകയാല്‍ ഇക്കാണായതെല്ലാം നമുക്ക്‌ പ്രത്യക്ഷമാണ്‌.. "ഈ ആത്മാവിനെ പ്രാപിക്കാന്‍ നൂറുകണക്കിനു മാര്‍ഗ്ഗങ്ങളുണ്ട്‌.. എന്നാലാ സാക്ഷാത്കാരമായിക്കഴിഞ്ഞാല്‍ യാതൊന്നും 'നേടിയിട്ടില്ല'. അതു പരമാത്മാവാണ്‌.. എങ്കിലും അത്‌ 'ഒന്നും' അല്ല". സംസാരമെന്ന ഈ കാനനത്തില്‍ അലയാന്‍, ചാക്രികമായ ഈ ചരിതം ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്‌ ഇല്ലാത്തതിനെ ഉള്ളതാണെന്നു തോന്നുന്ന അവിദ്യകൊണ്ടാണ്‌. അറിവിന്റെ സൂര്യോദയം മാത്രമേ ഈ രൂഢമൂലമായ അവിദ്യയെ ഇല്ലാതാക്കാന്‍ ഉതകൂ. ജലദൃശ്യംകാരണം മരുപ്പച്ചയിലേക്ക്‌ ആകര്‍ഷിക്കപെടുന്ന അജ്ഞാനിക്കെന്നപോലെ അജ്ഞാനിക്ക്‌ ലോകദൃശ്യം സത്യമായിത്തോന്നുന്നു. അനന്താവബോധം ഈ വിശ്വത്തെ ഭാവനചെയ്ത്‌ സ്വന്തം മായാശക്തിയാല്‍ പ്രത്യക്ഷമാകുകയാണ്‌.. ബോധമണ്ഡലത്തിനകമേ കാണുന്ന ലോകം പുറത്തു പ്രതിബിംബിക്കുകയാണ്‌.. കാമഭ്രാന്തന്റെ വിഭ്രമം പോലെയത്രേ ഇത്‌..

അത്മാവ്‌ അണുപോലെ സൂക്ഷ്മമായ ശുദ്ധ അവബോധമായതിനാല്‍ വിശ്വം മുഴുവന്‍ വ്യാപരിച്ചിരിക്കുന്നു. സര്‍വ്വവ്യാപിയായതിനാല്‍ ദൃശ്യപ്രപഞ്ചം മുഴുവന്‍ അതിന്റെ താളത്തിനു തുള്ളാന്‍ പ്രചോദിതമാവുന്നു. അതിനു മുടിനാരിന്റെ നൂറിലൊരംശം വലുപ്പമില്ലെങ്കിലും സഹജമായ സര്‍വ്വവ്യാപിത്വം കാരണം അതിനേക്കാള്‍ വലുതായി ഒന്നുമില്ല.

Aug 5, 2012

102 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 102


യാവത്കടകസംവിത്തിസ്താവന്നാസ്തീവ ഹേമതാ
യാവച്ച ദൃശ്യാതാപത്തിസ്താവന്നാസ്തീവ സാ കലാ (3/80/48)


മന്ത്രി തുടര്‍ന്നു: ആത്മാവ്‌ നിര്‍മ്മല ബോധമാണെങ്കിലും ജഢതയോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ അത്‌ ചൈതന്യരഹിതമായും ജഢമായും തോന്നുന്നു. അനന്തമായ ആകാശത്തില്‍ ഈ അനന്താവബോധം എണ്ണമറ്റ പദാര്‍ത്ഥങ്ങളെ പ്രകടമാക്കുന്നു. ഇങ്ങിനെയെല്ലാം വൈവിദ്ധ്യമാര്‍ന്ന നിര്‍മ്മിതികള്‍ സത്യമാണെന്നു തോന്നുന്നുവെങ്കിലും സത്യത്തില്‍ അതെല്ലാം വെറും ഭ്രമം മാത്രമാണ്‌.. ആത്മാവ്‌ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട്‌ ആത്മാവ്‌ ബോധവും ജഢവുമാണ്‌..  കര്‍ത്താവും അകര്‍ത്താവുമാണ്‌. .  അഗ്നിയിലെ ഉണ്മ ആത്മാവാണ്‌..  എന്നാല്‍ അത്‌ ഒന്നിനേയും എരിക്കുന്നില്ല.സ്വയം എരിയുന്നുമില്ല. അത്‌ എല്ലാറ്റിന്റേയും അന്ത:സത്തയാണ്‌..  സൂര്യചന്ദ്രന്മാര്‍ക്കും അഗ്നിക്കും ദീപ്തിയേകുന്ന ശാശ്വതപ്രഭയായിരിക്കുമ്പോഴും അത്‌ അവയില്‍നിന്നും സ്വതന്ത്രമാണ്‌..  ഈ പ്രകാശ വസ്തുക്കള്‍ അണഞ്ഞാലും ആത്മാവിന്റെ പ്രഭ അണയുന്നതേയില്ല. അത്‌ എല്ലാറ്റിന്റേയും ഉള്ളില്‍നിന്ന് പ്രഭചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു.

മരങ്ങളിലും വള്ളിച്ചെടികളിലും സ്ഥിതിചെയ്ത്‌ അവയെ പരിരക്ഷിക്കുന്ന പ്രജ്ഞ അതുതന്നെയാണ്‌..  ആ അനന്താവബോധം സാധാരണ വ്യാവഹാരിക തലത്തില്‍ നിന്നുനോക്കുമ്പോള്‍ സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ ചെയ്യുന്നയാളാണ്‌..  എന്നാല്‍ പാരമാര്‍ത്ഥിക തലത്തില്‍ , എല്ലാറ്റിന്റേയും ആത്മാവായതിനാല്‍ അതിന്‌ സൃഷ്ടിസ്ഥിതിസംഹാരം മുതലായ പരിമിത ജോലികള്‍ ഒന്നുമില്ല. ഈ ബോധത്തില്‍നിന്നും സ്വതന്ത്രമായി ലോകമില്ല. മാമലകള്‍പോലും അണുമാത്രമായ ആത്മാവിലാണു നിലകൊള്ളുന്നത്‌. സ്വപ്നാവസ്ഥയില്‍ കാണുന്ന വസ്തുക്കള്‍ സത്യമായിത്തോന്നുന്നപോലെ ആത്മാവില്‍ ക്ഷണനേരത്തേയ്ക്ക്‌ കാണപ്പെടുന്ന ഭ്രമം യുഗദൈര്‍ഘ്യം ഉള്ളതായും ഉണ്മയായും തോന്നുന്നു. ഇമചിമ്മുന്ന നേരത്തിനിടയില്‍ ഒരുയുഗം കടന്നുപോകുന്നു. വലിയൊരു നഗരം കണ്ണാടിയില്‍ പ്രതിഫലിക്കുന്നു. കാര്യങ്ങള്‍ അങ്ങിനെയിരിക്കേ എങ്ങിനെയാണ്‌ അദ്വൈതത്തെയോ ദ്വൈതത്തേയോ പറ്റി ഉറപ്പിച്ചുപറയാനാവുക? അടുത്തായും അകലെയായും ഞൊടിയിടയായും യുഗമായും കാണപ്പെടുന്നത്‌ ആ അനന്താവബോധം തന്നെയാണ്‌. ഒന്നും അതില്‍നിന്നു വേറിട്ടല്ല നിലകൊള്ളുന്നത്‌. ഇതില്‍ വിരോധാഭാസം ഒന്നുമില്ല. ഒരുകൈവളയെ കൈവള മാത്രമായി കാണുമ്പോള്‍ സ്വര്‍ണ്ണമായി ആരും അതിനെ  പരിഗണിക്കുന്നില്ല. എന്നാല്‍ കൈവള എന്നത്‌ വെറുമൊരു നാമരൂപ'വസ്തുവായി' കാണുമ്പോള്‍ സ്വര്‍ണ്ണം കാണാകുന്നു. "അതുപോലെ ഈ ലോകം സത്യമെന്നു കരുതുമ്പോള്‍ ആത്മാവിനെ കാണുന്നില്ല. എന്നാലീ വിചാരം മാറുമ്പോള്‍ ബോധം വെളിപ്പെടുന്നു." 

എല്ലാം അതാണ്‌..  അതിനാല്‍ അതുമാത്രമാണുണ്മ. അതനുഭവവേദ്യമല്ലാത്തതിനാല്‍ അത്  ഉണ്മയുമല്ല എന്നും പറയാം. വിഷയം, വിഷയി എന്നിങ്ങനെയുള്ള വേര്‍തിരിവ്‌ മായയുടെ ജാലവിദ്യയെന്നപോലെ ബോധത്തെ വിഭജിക്കുന്നതായി തോന്നുകയാണ്‌. സ്വപ്നനഗരം എന്നപോലെ അയാഥാര്‍ത്ഥമാണത്‌..  അത്‌ സത്തോ അസത്തോ അല്ല. ദീര്‍ഘമായ ഒരു ഭ്രമദൃശ്യമാണത്‌..  ഈ വിഭജനമെന്ന തോന്നലാണ്‌ ബ്രഹ്മാവു മുതല്‍ കീടങ്ങള്‍വരെയുള്ള സൃഷ്ടികളെ ഉണ്ടാക്കുന്നത്‌..  ഒരൊറ്റവിത്തില്‍ വന്മരത്തിന്റെ എല്ലാ സ്വഭാവസവിശേഷതകളും നിര്‍ലീനമായിരിക്കുന്നതുപോലെ ബോധമായി ഈ ആത്മാവില്‍ നാനാത്വം നിലകൊള്ളുന്നു. 

Aug 4, 2012

101 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 101


സര്‍വ്വാത്മകത്വാന്നൈവാസൌ ശൂന്യോ ഭവതി കര്‍ഹിചിത്
യാദസ്തി ന തദസ്തീതി വക്താ മന്താ ഇതി സ്മൃത: (3/80/10)


മന്ത്രി മറുപടിയായി പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ഉത്തരം പറയാം. താങ്കളുടെ ചോദ്യങ്ങള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത്‌ പരമാത്മാവിലേയ്ക്കാണ്‌...  ആ അത്മാവ്‌ ആകാശത്തേക്കാള്‍ സൂക്ഷ്മമാണ്‌. അതിന്‌ നാമമില്ല; അതു വിവരണാതീതവുമാണ്‌.. മനസ്സേന്ദ്രിയങ്ങള്‍ക്ക്‌ അതിനെ സമീപിക്കാനോ അറിയാനോ കഴിയില്ല. അതു ശുദ്ധ ബോധമാണ്‌.. ഒരു വിത്തിനുള്ളില്‍ എങ്ങിനെയാണോ വലിയൊരു മരം അതിസൂക്ഷ്മായി കുടികൊള്ളുന്നത്‌, അപ്രകാരം ഈ വിശ്വം മുഴുവന്‍, ബോധമെന്ന അണുവിലാണുള്ളത്‌.. വിശ്വത്തിന്‌ ബോധമായിമാത്രമേ നിലനില്‍പ്പുള്ളു. ആ ബോധം മാത്രമേ ഉണ്മയായുള്ളു. എല്ലാവരുടേയും അനുഭവം വച്ചു നോക്കിയാലും ആ ബോധം തന്നെയാണ്‌ എല്ലാവരിലും കുടികൊള്ളുന്ന ആത്മാവ്‌.. അതുള്ളതുകൊണ്ട്‌ മറ്റ്‌ എല്ലാമുണ്ട്‌. .

അത്മാവ്‌ അകാശം പോലെ ശൂന്യമാണ്‌.. എന്നാല്‍ അത്‌ 'ഒന്നുമില്ലായ്മ' അല്ല. കാരണം അത്‌ ബോധമാണല്ലോ. മനസ്സേന്ദ്രിയങ്ങളാല്‍ അറിയാന്‍ കഴിയാത്ത ഒന്നായതിനാല്‍ അതിനെ ഉണ്ടെന്നും ഇല്ലെന്നും പറയാം. എല്ലാറ്റിന്റേയും ആത്മസത്തയാകയാല്‍ അത്‌ ആര്‍ക്കും 'അനുഭവിക്കാവുന്ന' ഒരു വസ്തുവല്ല. ഏകമാണെങ്കിലും അനേകം അണുക്കളില്‍ പ്രതിഫലിക്കുന്നതുകൊണ്ട്‌ അവയ്ക്കെല്ലാം ഉണ്മയുള്ളതുപോലെ തോന്നുന്നു. ഒന്ന് പലതായി കാണപ്പെടുന്നു. എന്നാല്‍ കാണപ്പെടുന്നവ സത്തായ വസ്തുവല്ല - സ്വര്‍ണ്ണാഭരണത്തില്‍ സ്വര്‍ണ്ണം മാത്രമാണു മൂല്യവസ്തു എന്നതുപോലെയാണത്‌. "അത്‌ നിശ്ശൂന്യ്മായ ഒന്നുമില്ലായ്മയല്ല, കാരണം അതെല്ലാവരുടേയും ആത്മാവാണ്‌.. അതങ്ങിനെയാണെന്നു പറയുന്നവന്റേയും അതംഗീകരിക്കാത്തവന്റേയും സത്ത ആത്മാവു തന്നെയാണ്‌.". അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന കര്‍പ്പൂരഗന്ധത്തില്‍നിന്നും അതിന്റെ അസ്തിത്വം അനുഭവിക്കുന്നതുപോലെ അത്മാവിന്റെ അസ്തിത്വം അനുഭവിക്കാനാകും. അതുതന്നെയാണ്‌ എല്ലാവരുടേയും അത്മാവ്‌-. ബോധം. അതാണ്‌ പദാര്‍ത്ഥങ്ങളുടെ സഞ്ചയമായ ഈ ദൃശ്യപ്രപഞ്ചത്തിനു കാരണമാകുന്നതും. ഒഴുക്കുവെള്ളത്തിന്റെ സ്വഭാവമായ ചുഴികളും വെള്ളം തന്നെ; അതുപോലെ സഹജമായി, അനന്തമായ വിശ്വാവബോധസമുദ്രത്തിലെ ചുഴികളായി ത്രിലോകങ്ങള്‍ ഉണ്ടായിമാറി മറയുന്നു. 

ഈ ബോധം, മനസ്സേന്ദ്രിയങ്ങള്‍ക്ക്‌ അറിയാനാവാത്തതുകൊണ്ട്‌ നിശ്ശൂന്യമാണെന്നു തോന്നാമെങ്കിലും അതു ശരിയല്ല. ആത്മാന്വേഷണത്തിലൂടെ അതിനെ അറിയാമല്ലോ. ബോധമെന്നത്‌ ഭാഗിക്കാനരുതാത്തതായതുകൊണ്ട്‌ ഞാന്‍ നീയും; നീ, ഞാനുമാണ്‌. എന്നാല്‍ ആ അവിച്ഛിന്നബോധം ഞാനോ, നീയോ ഒന്നും ആയി മാറിയിട്ടില്ല. 'നീ', 'ഞാന്‍' എന്നിങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ ഉപേക്ഷിച്ചാല്‍ ഉണരുന്ന അവബോധം, നീയോ ഞാനോ, മറ്റ്‌ എല്ലാമോ അല്ല. അവബോധം മാത്രമേ സത്തായിട്ടുള്ളു. അനന്തമായതുകൊണ്ട്‌ ആത്മാവ്‌ ചലിക്കുന്നുവെങ്കിലും ചലിക്കുന്നില്ല. എന്നാല്‍ ഓരോ അണുക്കളിലും അതു ദൃഢീകരിച്ചിരിക്കുന്നു. ആത്മാവ്‌ വരുന്നും പോവുന്നുമില്ല; കാരണം കാലവും ദൂരവും പോലുള്ള ആശയങ്ങള്‍ക്കുറവായതും ഈബോധം മാത്രമാണ്‌.. എല്ലാം ഉള്‍ക്കൊണ്ടിരിക്കേ ആത്മാവിന്‌ എങ്ങോട്ടുപോകാന്‍ കഴിയും? ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്കു മാറ്റിയതുകൊണ്ട്‌ ഒരു കുടത്തിനകത്തെ ആകാശത്തിന്‌ സ്ഥലമാറ്റം ഉണ്ടാകുന്നില്ല. എല്ലാം സ്ഥിതിചെയ്യുന്നത്‌ ആകാശത്തിലാണല്ലോ. 

100 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 100


ഏകസ്യാനേക സംഖ്യസ്യ കസ്യാണോരംബുധേരിവ
അന്തര്‍ബ്രഹ്മാണ്ഡലക്ഷാണി ലീയന്തേ ബുദ്ബുദാ ഇവ (3/79/2)


രാക്ഷസി ചോദിച്ചു:"രാജാവേ, എന്താണ്‌ ഏകമായിരിക്കുമ്പോഴും പലതായിരിക്കുന്നത്‌? ഏതൊന്നിലാണ്‌ കോടിക്കണക്കിനു പ്രപഞ്ചങ്ങള്‍ തിരമാലകള്‍ സമുദ്രജലത്തില്‍ വിലീനമാകുമ്പോലെ വിലീനമാവുന്നത്‌?" കാഴ്ച്ചയില്‍ അങ്ങിനെയല്ലെങ്കിലും, എന്താണ്‌ ശുദ്ധാകാശം?,  എന്നില്‍ ഉള്ള നീയും നിന്നിലുള്ള ഞാനും എന്താണ്‌? എന്താണ്‌ ചലിക്കുന്നുണ്ടെങ്കിലും അചലമായിരിക്കുന്നത്‌? എന്താണ്‌ ബോധത്തില്‍ പാറപോലെ ഉറച്ചിരിക്കുന്നതും എന്നാല്‍ ആകാശത്ത്‌ മാസ്മരിക വിദ്യകള്‍ ലീലയായി ആടുന്നതും? സൂര്യചന്ദ്രന്മാരും അഗ്നിയുമല്ലെങ്കിലും എപ്പോഴും പ്രഭാപൂരമായുള്ളതെന്താണ്‌? ഏറെ അകലെയെന്നുതോന്നുമെങ്കിലും ഏറ്റവും അടുത്തുള്ള ആ അണു എന്താണ്‌? എന്താണ്‌ ബോധ സ്വഭാവമുള്ളതെങ്കിലും അറിയാന്‍ കഴിയാത്ത വസ്തു? എന്താണ്‌ എല്ലാമായിരിക്കുമ്പോഴും യാതൊന്നും അല്ലാതിരിക്കുന്നത്‌? എന്താണ്‌ എല്ലാറ്റിന്റേയും ആത്മസത്തയാണെങ്കിലും അവിദ്യയാല്‍ മൂടിയതും പലേ ജന്മങ്ങളിലെ നിരന്തരവും തീവ്രവുമായ സാധനയിലൂടെ മാത്രം ലഭ്യമാവുന്നത്‌? എന്താണ്‌ അണുരൂപത്തിലിരിക്കുമ്പോഴും മലകളെ ഉള്‍ക്കൊള്ളാന്‍ പോന്ന വസ്തു? എന്തിനാണ്‌ ത്രിലോകങ്ങളേയും വെറും പുല്‍ക്കൊടിയാക്കാന്‍ കഴിയുക? എന്താണ്‌ അപരിമേയമെങ്കിലും അണുസമാനമായുള്ളത്‌? എന്താണ്‌ അണുരൂപത്തിലിരിക്കുമ്പോഴും ഏറ്റവും വലുപ്പമാര്‍ജ്ജിച്ചിരിക്കുന്നത്‌? 

വിശ്വപ്രളയ സമയത്ത്‌ വിത്തില്‍ ചെടിയെന്നപോലെ വിശ്വത്തെമുഴുവന്‍ ഉള്‍ക്കൊള്ളുന്ന പരമാണു എന്താണ്‌? പ്രപഞ്ച ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായിരിക്കുമ്പോഴും യാതൊരു കര്‍മ്മവും ചെയ്യാതിരിക്കുന്നതാരാണ്‌? സ്വര്‍ണ്ണാഭരണങ്ങളില്‍ സ്വര്‍ണ്ണമെന്നപോലെ, കാണുന്നവന്‍, കാഴ്ച്ച, കാണല്‍ എന്നീ ത്രിപുടികളുടെ അടിസ്ഥാനമെന്താണ്‌? ഈ ത്രിപുടികളുടെ പ്രത്യക്ഷഭാവത്തെ മൂടിമറച്ച്‌ പിന്നീട്‌ വെളിപ്പെടുത്തുന്ന പ്രതിഭാസമെന്താണ്‌? വിത്തില്‍ മരമെന്നപോലെ എന്തിലാണ്‌ ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ മൂന്നു കാലങ്ങള്‍ ഉറപ്പിച്ചിരിക്കുന്നത്‌? വിത്തില്‍ നിന്നു മരവും മരത്തില്‍നിന്നു വിത്തും ഇടവിട്ടിടവിട്ട്‌ സംജാതമാകുന്നതുപോലെ എന്താണ്‌ പ്രകടീകൃതമായി മറഞ്ഞ്‌ വീണ്ടും പ്രത്യക്ഷമാവുന്നത്‌? 

രാജാവേ ഈ പ്രപഞ്ചസൃഷ്ടാവെന്താണ്‌? ആരുടെ ശക്തിയിലാണങ്ങു ദുഷ്ടജന ശിക്ഷയും ശിഷ്ടജന പരിരക്ഷയും നടത്തി രാജാവായി വിലസുന്നത്‌? ആരുടെ ദര്‍ശനത്താലാണ്‌ അങ്ങയുടെ ദൃഷ്ടി നിര്‍മ്മലമാവുന്നത്‌? ആരാണ്‌ അങ്ങയുടെ അവിച്ഛിന്നമായ നിലനില്‍പ്പിനു കാരണമായുള്ളത്‌? ജീവനില്‍ കൊതിയുണ്ടെങ്കില്‍ രാജാവേ ഈ ചോദ്യങ്ങള്‍ക്ക്‌ ഉചിതമായ മറുപടിയേകിയാലും. അങ്ങയുടെ ജ്ഞാനത്തിന്റെ പ്രഭയില്‍ എന്റെ സംശയത്തിന്റെ ഇരുട്ട്‌ നീങ്ങട്ടെ. അവിദ്യയുടേയും സംശയത്തിന്റേയും വേരറുക്കാനുതകുന്ന ഉത്തരം നല്‍കാത്തവന്‍ ജ്ഞാനിയല്ല. അങ്ങേയ്ക്കെന്റെ സംശയങ്ങള്‍ ദൂരീകരിക്കാനായില്ലെങ്കില്‍ എന്റെ വിശപ്പടക്കാനാവും.

Aug 2, 2012

099 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 099


സംരംഭദ്വാരമുത്സൃജ്യ സമതാ സ്വച്ഛയാ ദിയാ
യുക്ത്യാ ച വ്യവഹാരിണ്യാ സ്വാര്‍ത്ഥ: പ്രാജ്ഞേന സാദ്ധ്യതേ (3/78/25) 


വസിഷ്ഠന്‍ തുടര്‍ന്നു: 'രാജാവിനേയും മന്ത്രിയേയും ഒന്നു പരീക്ഷിക്കാന്‍ കാര്‍ക്കടി കാതു തുളയ്ക്കുന്ന ഒരലര്‍ച്ച പുറപ്പെടുവിച്ചു. എന്നിട്ടവള്‍ ആക്രോശിച്ചു: ഹേയ്‌, നിങ്ങള്‍ രണ്ടു കീടങ്ങള്‍ ഈ നിബിഢവനത്തില്‍ എന്തിനാണു ചുറ്റിനടക്കുന്നത്‌? ആരാണു നിങ്ങള്‍ ? വേഗം മറുപടി പറഞ്ഞില്ലെങ്കില്‍ ഞാനിപ്പോള്‍ നിങ്ങളെ വിഴുങ്ങിക്കളയും.'

രാജാവ്‌ ചോദിച്ചു: 'ഹേ, പിശാചിനീ, നീയാരാണ്‌? നീയെവിടെയാണ്‌? എനിക്കു നിന്നെ കേള്‍ക്കാമെങ്കിലും കാണാനാവുന്നില്ല. നീയാരാണെന്ന് വെളിപ്പെടുത്തുക.' രാജാവിന്റെ ശാന്തവും ഉചിതവുമായ മറുപടികേട്ട്‌ തൃപ്തയായ കാര്‍ക്കടി അവളുടെ സ്വരൂപം വെളിപ്പെടുത്തി. രാജാവും മന്ത്രിയും അവളുടെ ഭീകരരൂപം കണ്ടിട്ടും ഭയലേശം പോലും പ്രകടിപ്പിച്ചില്ല. മന്ത്രി അവളോടു ചോദിച്ചു: 'നിനക്കെന്താണിത്ര ക്രോധം? ജീവികള്‍ ഇരതേടുക എന്നത്‌ സാധാരണമാണ്‌. അവരവരുടെ സഹജ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ക്രോധഭാവമെന്തിനാണ്‌?'

"സ്വാര്‍ത്ഥപരമായ കാര്യങ്ങള്‍പോലും വിവേകശാലികള്‍ നേടുന്നത്‌ ഉചിതവും ഉത്തമവുമായ കര്‍മ്മങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയുമാണ്‌. അവരതിനുവേണ്ടി ക്രോധവും മനസിന്റെ ചാഞ്ചല്യവും കളഞ്ഞ്‌ സമതയോടുകൂടി മനസ്സിനെ ശുദ്ധീകരിക്കുന്നു." 

നിന്നേപ്പോലുള്ള ആയിരക്കണക്കിനു കീടങ്ങളെ ഞങ്ങള്‍ ഉചിതമായി കൈകാര്യം ചെയ്തിട്ടുണ്ട്‌.. ദുഷ്ട ശിക്ഷണവും ശിഷ്ട പരിപാലനവും രാജധര്‍മ്മമാണല്ലോ. ക്രോധമെല്ലാം കളഞ്ഞ്‌ നീ നിന്റെ ലക്ഷ്യം നേടുന്നതിനായി പ്രശാന്തയാകൂ. തന്റെ ലക്ഷ്യം നേടിയാലുമില്ലെങ്കിലും ഒരുവന്‍ തന്റെ പെരുമാറ്റം സമാധാനപരവും കുറ്റമറ്റതുമാക്കണം. പറയൂ, നിനക്ക്‌ എന്തുവേണം? ഞങ്ങള്‍ ഒരു യാചകനേയും വെറുംകയ്യോടെ തിരിച്ചയച്ചിട്ടില്ല.

കാര്‍ക്കടിക്ക്‌ അവരുടെ ധൈര്യത്തേയും അറിവിനെയും കുറിച്ച്‌ മതിപ്പുണ്ടായി. അവര്‍ സാധാരണ മനുഷ്യരല്ലെന്നും അവര്‍ പ്രബുദ്ധരാണെന്നും അവളറിഞ്ഞു. അവരെ കണ്ട മാത്രയില്‍ അവളില്‍ ശാന്തി നിറഞ്ഞു. രണ്ടു ജ്ഞാനികളുടെ സദ്സംഗമുണ്ടാവുമ്പോള്‍ അവരുടെയുള്ളം ശാന്തിയും സമാധാനവും കൊണ്ടു നിറയും. മലമുകളില്‍നിന്നുള്ള രണ്ടരുവികള്‍ സംഗമിക്കുന്നതുപോലെയത്രേ ഇത്‌. മരണത്തിനുമുന്നില്‍പ്പോലും പ്രശാന്തനിര്‍ഭയനായിരിക്കാന്‍ ജ്ഞാനിക്കല്ലാതെയാര്‍ക്കു സാധിക്കും?

അവളാലോചിച്ചു: ഞാനീ അവസരം എന്റെയുള്ളിലെ സംശയനിവാരണത്തിനായി ഉപയോഗിക്കട്ടെ. മഹാത്മാക്കളുടെ സദ്സംഗമുണ്ടായിട്ടും തന്റെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ആ അവസരം ഉപയോഗിക്കാത്തവര്‍ തുലോം വിഡ്ഢികളത്രേ. അവള്‍ ചോദിച്ചതിനുത്തരമായി മന്ത്രി രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അവളെ അറിയിച്ചു. 

കാര്‍ക്കടി പറഞ്ഞു: രാജാവേ നിങ്ങളുടെ മന്ത്രിക്ക്‌ വിവരമുണ്ടെന്നു തോന്നുന്നില്ല. നല്ലൊരു മന്ത്രിയാണ്‌ രാജാവിനെ വിജ്ഞാനിയാക്കുന്നത്‌.. 'യഥാ രാജാ തഥാ പ്രജാ'. പ്രഭുത്വവും സമതയും രാജവിദ്യയായ ആത്മവിദ്യയില്‍നിന്നും ലഭിക്കുന്നു. ഈ അറിവില്ലാത്തവന്‍ നല്ലൊരുമന്ത്രിയോ വിവേകമുള്ള രാജാവോ ആവില്ല. നിങ്ങള്‍ രണ്ടും ആത്മജ്ഞാനികള്‍ അല്ലെങ്കില്‍ എന്റെ സഹജസ്വഭാവമനുസരിച്ച്‌ എനിക്കു നിങ്ങള്‍ രണ്ടാളേയും ഭക്ഷിക്കാം. അതിനായി ഞാന്‍ നിങ്ങളോട്‌ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പോവുന്നു. എനിക്കതു മാത്രം മതി. 

Jul 30, 2012

098 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 098


അകൃത്രിമം സുഖം കീര്‍ത്തിമായുശ്ചൈവാഭിവാഞ്ഛതാ
സര്‍വാഭിമതദാനേന പൂജനീയാ ഗുണാന്വിതാ:  (3/77/26)


വസിഷ്ഠന്‍ തുടര്‍ന്നു: കാര്‍ക്കടിക്ക്‌ പഴയ ഭീകരരൂപം തിരിച്ചു കിട്ടിയിരുന്നുവെങ്കിലും അവളിലെ രാക്ഷസീയത തീരെ ഇല്ലാതായിപ്പോയിരുന്നു. അവളുടെ അവബോധം അതിഭൌതീകമായി നിലകൊണ്ടു. അവള്‍ അതേയിടത്ത്‌ പത്മാസനത്തിലിരുന്ന് ധ്യാനനിരതയായിക്കഴിഞ്ഞു. ആറുമാസം കഴിഞ്ഞപ്പോഴെയ്ക്ക്‌ അവള്‍ക്ക്‌ പുറം ലോകത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ബോധമുണ്ടായി. ഉടനേ അവള്‍ക്ക്‌ വിശപ്പനുഭവപ്പെട്ടു. ശരീരമുള്ളിടത്തോളം അതിന്റെ നിയത നിയമങ്ങള്‍ - വിശപ്പ്‌, ദാഹം എന്നിവയടക്കം- ബാധകമാകാതെ വയ്യല്ലോ. കാര്‍ക്കടി ആലോചിച്ചു: ഞാന്‍ എന്താണു തിന്നേണ്ടത്‌? ആരെയാണു ഞാന്‍ വിഴുങ്ങേണ്ടത്‌? ജീവികളെ സ്വജീവസന്ധാരണത്തിനായി കൊല്ലുന്നത്‌ വിവേകശാലികളായ മാമുനിമാര്‍ വിലക്കിയിട്ടുണ്ട്‌. അപ്പോള്‍ ഈ നിഷിദ്ധഭക്ഷണം കഴിക്കാതിരുന്നാല്‍ ഞാന്‍ എന്റെ ശരീരം ഉപേക്ഷിക്കുന്നു എന്നര്‍ത്ഥം. ഞാനതില്‍ തെറ്റൊന്നും കാണുന്നില്ല. ഉത്തമമല്ലാത്ത ഭക്ഷണം വിഷത്തിനു സമം. മാത്രമല്ല, പ്രബുദ്ധതയിലഭിരമിക്കുന്ന എന്നേപ്പോലുള്ളവര്‍ക്ക്‌ ജീവിതവും മരണവും തമ്മില്‍ വ്യത്യാസമൊന്നുമില്ല.'

കാര്‍ക്കടി ഇപ്രകാരം ചിന്തിക്കേ ഒരശരീരി ആകാശത്തില്‍നിന്നു കേള്‍ക്കായി. "കാര്‍ക്കടീ, നീ അജ്ഞാനികളേയും മോഹവിഭ്രാന്തരേയും സമീപിച്ച്‌ അവരില്‍ വിവേകമുണ്ടാക്കിയാലും. പ്രബുദ്ധതയിലേക്കുണര്‍ന്നവര്‍ക്ക്‌ ചെയ്യാന്‍ ഇതല്ലാതെ മറ്റ്‌ കര്‍മ്മങ്ങളൊന്നുമില്ല. അങ്ങിനെ നീ സമീപിച്ചുനോക്കിയിട്ടും സത്യത്തിലേയ്ക്കുണരാന്‍ കൂട്ടാക്കാത്തവരെ നിനക്കു ഭക്ഷണമാക്കാം. അങ്ങിനെയുള്ളവരെ പാപഭീതിയൊന്നും കൂടാതെ നിനക്ക്‌ വിഴുങ്ങാം." 

ഇതുകേട്ട്‌ കാര്‍ക്കടി മലയിറങ്ങിവന്ന് ഒരു നിബിഢവനത്തില്‍ പ്രവേശിച്ചു. അവിടെ ആദിവാസികളായ നായാട്ടുകാരാണു വസിച്ചിരുന്നത്‌.. രാത്രിയായി. അവരുടെ രാജാവാണ്‌ വിക്രമന്‍.രാത്രി തന്റെ മന്ത്രിയോടൊപ്പം കാട്ടില്‍ , ഇരുട്ടിന്റെമറവില്‍പ്പോയി തന്റെ പ്രജകളെ ദ്രോഹിക്കുന്ന കൊള്ളക്കാരേയും പിടിച്ചുപറിക്കാരേയും കീഴടക്കുന്നത്‌ വിക്രമന്റെ പതിവായിരുന്നു. ഈ രണ്ടു ധീരയോധാക്കള്‍ -രാജാവും മന്ത്രിയും- വനദേവതമാര്‍ക്കു പൂജ ചെയ്യുന്നത്‌ കാര്‍ക്കടി കണ്ടു. അവളാലോചിച്ചു: എന്റെ വിശപ്പുമാറ്റാനാണ്‌ ഇവരിപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നത്‌.. അവര്‍ അജ്ഞരും ഭൂമിക്കൊരു ഭാരവുമാണ്‌.. അവര്‍ ഇഹജന്മത്തിലും പരജന്മത്തിലും ദുരിതമനുഭവിക്കുന്നു. ദുരിതം മാത്രമാണവരുടെ ജന്മലക്ഷ്യമെന്നു തോന്നുന്നു. മരണം അവര്‍ക്കൊരനുഗ്രഹമായിരിക്കും, കാരണം അവര്‍ക്കീ ദുരിതത്തില്‍നിന്നു മോചനമാകുമല്ലോ. മാത്രമല്ല മരണശേഷം ചിലപ്പോള്‍ അവര്‍ക്ക്‌ വിവേകബോധമുദിക്കാനും മുക്തിപദം പ്രാപിക്കാനും അവസരം ലഭിച്ചേക്കാം. പക്ഷേ അവര്‍ രണ്ടാളും നല്ല ജ്ഞാനികളാണെങ്കിലോ? ജ്ഞാനികളെ കൊല്ലുന്നത്‌ എനിക്കിഷ്ടമല്ല. "കറപുരളാത്ത ആനന്ദം ആഗ്രഹിക്കുന്നവര്‍ ഏതുവിധേനെയും സദ്ജനങ്ങളെ വന്ദിച്ചു ബഹുമാനിക്കണം. അവര്‍ക്ക്‌ ഹിതമായതെല്ലാം ആവുന്നത്ര കൊടുക്കുകയുംവേണം". അവരുടെ ജ്ഞാനത്തെ ഒന്നു പരീക്ഷിച്ചുകളയാം. അവര്‍ ജയിച്ചാല്‍ ഞാനവരെ ഉപദ്രവിക്കുകയില്ല. വിവരമുള്ള സദ്ജങ്ങള്‍ മാനവീകതയ്ക്കൊരനുഗ്രമാണല്ലോ.

097 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 097


വിദിതപരമകാരണാദ്ധ്യ ജാതാ
സ്വയമനുചേതന സംവിദം വിചാര്യ
സ്വമനനകലനാനുസാര ഏക
സ്ത്വിഹ ഹി ഗുരു: പരമോ ന രാഘവാന്യ:   (3/74/28)


വസിഷ്ഠന്‍ തുടര്‍ന്നു: ഹിമാലയത്തില്‍ സൂചിക മറ്റൊരു പര്‍വ്വതശിഖരം പോലെ നില്‍ക്കുന്നത്‌ വായു കണ്ടു. അവള്‍ ആഹാരമൊന്നും കഴിക്കാതിരുന്നതുകൊണ്ട്‌ ദേഹം ഏതാണ്ടു മുഴുവനായിത്തന്നെ ഉണങ്ങി വരണ്ടിരുന്നു. വായു അവളുടെ വായില്‍ക്കയറിയപ്പോഴൊക്കെ അവളതിനെ പുറത്തേയ്ക്കു കളഞ്ഞു. പ്രാണവായുവിനെ ശിരസ്സിലേയ്ക്കു വലിച്ച്‌ ഉത്തമയായ ഒരു യോഗിനിയായി അവള്‍ നിലകൊണ്ടു. അവളെക്കണ്ട്‌ വായു അത്ഭുതസ്തബ്ധനായിപ്പോയി. അവളോടൊന്നു സംസാരിക്കാന്‍ പോലും വായുവിനായില്ല. തീവ്രതപസ്സില്‍ നിന്നവളെ ഇളക്കുക അസാദ്ധ്യമെന്നു കണ്ട്‌ വായു സ്വര്‍ഗ്ഗത്തിലേയ്ക്ക്‌ തിരിച്ചു ചെന്ന് ഇന്ദ്രനെ വിവരങ്ങള്‍ അറിയിച്ചു. "ജംബുദ്വീപ ഭൂഖണ്ഡത്തില്‍ സൂചിക അനിതരസാധാരണമായ ഒരു തപസ്സിലാണ്‌. . അവള്‍ വായിലേയ്ക്ക്‌ കാറ്റിനെപ്പോലും കടത്തിവിടുന്നില്ല. വിശപ്പിനെ അതിജീവിക്കാന്‍ അവള്‍ തന്റെ വയറിനെ കട്ടിലോഹമാക്കി മാറ്റി. ദയവായി അങ്ങെഴുന്നേറ്റ്‌ പോയി ബ്രഹ്മാവിനെ സമീപിച്ച്‌ അവള്‍ക്കുവേണ്ട വരം കൊടുത്ത്‌ ഈ കൊടുംതപം അവസാനിപ്പിക്കണം. അല്ലെങ്കില്‍ ആ താപത്തില്‍ നാമെല്ലാം എരിഞ്ഞടങ്ങും." 

ഇന്ദ്രന്റെ അഭ്യര്‍ത്ഥനമാനിച്ച്‌ ബ്രഹ്മാവ്‌ സൂചിക തപസ്സനുഷ്ഠിച്ചിരുന്നയിടത്തു ചെന്നു. അപ്പോഴേയ്ക്ക്‌ സൂചികയാകട്ടെ പരിപൂര്‍ണ്ണ നിര്‍മ്മലയായിക്കഴിഞ്ഞിരുന്നു. സ്വന്തം നിഴലും തപശ്ചര്യകളുടെ അഗ്നിയും അവള്‍ക്ക്‌ സാക്ഷികളായിരുന്നു. സാമീപ്യംകൊണ്ട്‌ അവള്‍ക്കു ചുറ്റുമുള്ള പൊടിപടലങ്ങളും കാറ്റും പരമമോക്ഷപദം പൂകി. "അപ്പോളവളുടെ മേധാശക്തിയുടെ പ്രഭാവത്തില്‍ എല്ലാത്തിന്റേയും അഹൈതുകഹേതുവിനെപ്പറ്റി അവള്‍ക്ക്‌ നേരറിവുണ്ടായി. തീര്‍ച്ചയായും ബോധതലത്തില്‍ അവനവന്റെ ചിന്താഗമനങ്ങളെ ആത്മാന്വേഷണത്തിലൂടെ അറിയുന്ന പ്രക്രിയ മഹാഗുരു തന്നെ. രാമ, മറ്റാരുമല്ല അതുനേടിത്തരുന്നത്‌". .

ബ്രഹ്മാവ്‌ അവളോടു പറഞ്ഞു: നിനക്കെന്തു വരം വേണം, ചോദിച്ചാലും. (അവള്‍ക്ക്‌ ഇന്ദ്രിയങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ഇതവള്‍ സ്വയം അനുഭവിച്ചറിയുകയാണുണ്ടായത്‌).. ഇതിനു മറുപടിപറയാന്‍ അവള്‍ കുറച്ചാലോചിച്ചു: ഞാന്‍ പരം പൊരുളിനെ സാക്ഷാത്കരിച്ചിരിക്കുന്നു. എന്നില്‍ യാതൊരു സംശയങ്ങളും ആവശ്യങ്ങളും ഇല്ല. വരം കിട്ടിയിട്ട്‌ ഞാന്‍ എന്തു ചെയ്യാനാണ്‌? ഞാന്‍ അജ്ഞാനം നിറഞ്ഞ ഒരു പെണ്‍കുട്ടിയായിരുന്നപ്പോള്‍ ആശകള്‍ എന്ന പിശാചെന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഇപ്പോള്‍ ആത്മജ്ഞാനത്തിലൂടെ ആശാപിശാചിനെ ഞാന്‍ അടക്കം ചെയ്തു കഴിഞ്ഞു. 

ബ്രഹ്മാവ്‌ പറഞ്ഞു: അല്ലയോ താപസശ്രേഷ്ഠേ, ശാശ്വതമായ ലോകനിയമം മാറ്റാന്‍ കഴിയില്ല. അതിനാല്‍ നീ പഴയ രൂപം ധരിക്കേണ്ടതുണ്ട്‌. ഏറെക്കാലം സന്തോഷത്തോടെ ജീവിച്ച്‌ മുക്തിപദം പ്രാപിച്ചാലും. നീ പ്രബുദ്ധമായ ജീവിതമാണിനി നയിക്കുക. ദുഷ്ടരേയും പാപികളേയും മാത്രം ബാധിച്ച്‌, വളരെക്കുറച്ചുമാത്രം ദുരിതം വിതച്ച്‌ - അതും എന്റെ വിശപ്പടാക്കാന്‍ മാത്രം - നിനക്കു കഴിയാം. സൂചിക ബ്രഹ്മാവിന്റെ അനുഗ്രഹമായി ഇതു സ്വീകരിച്ചു. ഉടനേ തന്നെ സൂചികയുടെ ദേഹം വളര്‍ന്നുപൊന്തി പര്‍വ്വതാകാരമായി. 

Jul 28, 2012

096 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 096


സതി ധര്‍മിണീ ധര്‍മ്മാ ഹി സംഭവന്തീഹ നാസതി
ശരീരം വിദ്ധ്യതേ യസ്യ തസ്യ തത്കില തൃപ്തതി (3/73/32) 


ഇന്ദ്രന്റെ അഭ്യര്‍ത്ഥനയനുസരിച്ച്‌ നാരദന്‍ കാര്‍ക്കടിയുടെ കഥ വിവരിച്ചു: ഈ നികൃഷ്ടയായ കാര്‍ക്കടി ജീവനുള്ള ഒരു സൂചിയായി ലോഹസൂചിയുടെ രൂപത്തില്‍ ഇരിക്കുന്നു. പാപപങ്കിലരായ ആളുകളുടെ പേശികളെ കുത്തിത്തുളച്ച്‌ അവരുടെ സന്ധികളേയും രക്തത്തേയും ദുഷിപ്പിക്കുന്നു. അവള്‍ കാറ്റുപോലെ ശരീരങ്ങളില്‍ക്കടന്ന് കുത്തിപ്പിളര്‍ക്കുന്ന, തുളച്ചുകയറുന്നതരം വേദനയുളവാക്കുന്നു. ശുദ്ധമല്ലാത്ത, മാംസം മുതലായ ഭക്ഷണങ്ങളാല്‍ പരിപോഷിക്കപ്പെട്ട ശരീരങ്ങളിലവള്‍ ഈ വേദനയുമായി ആഴ്ന്നിറങ്ങുന്നു. കഴുകന്‍ മുതലായ ജീവികളുടെ ശരീരത്തിലും അവള്‍ പ്രവേശിച്ച്‌ അവയെ ആര്‍ത്തിയോടെ ആഹരിക്കുന്നു. തീവ്രതപസ്സനുഷ്ഠിച്ചതിന്റെ ഫലമായി തന്റെ ഇരകളുടെ മനസ്സിലും ഹൃദയത്തിലും അവള്‍ക്കു പ്രവേശനമുണ്ട്‌. അതുകൊണ്ട്‌ ആതിഥേയന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അവള്‍ പങ്കാളിയാവുന്നു. സ്വയം വായുപോലെ സൂക്ഷ്മരൂപിയും അഗോചരവും ആണെങ്കില്‍ ഒരാള്‍ക്ക്‌ എന്താണസാദ്ധ്യം? എങ്കിലും അവള്‍ക്ക്‌ തന്റെ വാസനാമാലിന്യം കാരണം ചിലജീവികളോട്‌ ഏറെ പ്രിയവും മറ്റുചിലതിനോട്‌ അപ്രിയവും ഉണ്ടായി. അവയോട്‌ ബന്ധപ്പെട്ട്‌, അവള്‍ അവരെച്ചുറ്റിപ്പറ്റി നിന്നു. അവള്‍ സ്വതന്ത്രയായി ചുറ്റി നടന്നുവെങ്കിലും ചിലപ്പോളൊക്കെ തന്റെ സൂചികാ രൂപത്തിലേയ്ക്കവള്‍ മടങ്ങിവന്നു. അവിവേകികളങ്ങിനെയാണല്ലോ കുഴപ്പങ്ങളില്‍പ്പെടുന്നത്‌. .

"അസ്തിത്വമുള്ളതിനു മാത്രമേ അനുഭവങ്ങളിലൂടെ കടന്നുപോവാന്‍ കഴിയൂ. ശരീരമില്ലാത്ത ഒരു സത്വത്തിന്‌ എങ്ങിനെയാണ്‌ സംതൃപ്തിയെന്ന അനുഭവം ഉണ്ടാവുക?" അങ്ങിനെ സൂചിക അതീവ ദു:ഖിതയായിരുന്നു. തന്റെ ഭീമാകാരരൂപം തിരികെകിട്ടാന്‍ അവള്‍ വീണ്ടും തപസ്സു തുടര്‍ന്നു. അവള്‍ ഒരു കഴുകന്റെ ശരീരത്തില്‍ക്കയറി. കഴുകന്‍ അവളെ ഹിമാലയത്തില്‍ ഉപേക്ഷിച്ചു പറന്നുപോയി. ഖരരൂപത്തിലുള്ള ആ സൂചിയെ അവലംബമാക്കി ഇപ്പോഴും അവള്‍  തപസ്സു തുടരുന്നു. അല്ലയോ ഇന്ദ്രാ, അവളുടെ തപസ്സിനു വിഘ്നം വരുത്തിയില്ലെങ്കില്‍ തപശ്ശക്തികൊണ്ട്‌ അവള്‍ ലോകം മുടിക്കും. 

വസിഷ്ഠന്‍ തുടര്‍ന്നു: ഇതുകേട്ട്‌ കാര്‍ക്കടി തപസ്സുചെയ്യുന്ന ഇടം കൃത്യമായി കണ്ടുപിടിക്കാന്‍ ഇന്ദ്രന്‍ വായുവിനെ നിയോഗിച്ചു. പ്രപഞ്ചമെല്ലാം, വിവിധ സൌരയൂഥങ്ങളിലുമെല്ലാം ചുറ്റിയടിച്ചുവന്ന കാറ്റ്‌ അവസാനം ഭൂമിയില്‍ ഹിമാലയ പരിസരത്ത്‌ വന്നു. അവിടം സൂര്യതാപം കൊണ്ട്‌ ചെടികളൊന്നുമില്ലാതെ ഉണങ്ങിവരണ്ട്‌ മരുഭൂമിപോലെ ആയിരുന്നു.

Jul 27, 2012

095 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 095


ആപതദ്ദ്ധി മനോ മോഹം പൂര്‍വ്വമാപത്പ്രയച്ഛതി
പാശ്ചാദനര്‍ദ്ധവിസ്ഥാരരൂപേണ പരിജൃംഭാതേ (3/71/12)



വസിഷ്ഠന്‍ തുടര്‍ന്നു: ഇപ്രകാരം ഏറെക്കാലം കഴിഞ്ഞ കാര്‍ക്കടി രാക്ഷസിക്ക്‌ മോഹഭംഗവും മന:പരിവര്‍ത്തനവും വന്നു. അവള്‍ അളുകളെ തിന്നണമെന്ന തന്റെ മൂഢമോഹത്തെപ്പറ്റിയോര്‍ത്ത്‌ പശ്ചാത്തപിച്ചു. ഈ ആര്‍ത്തി തീരാന്‍വേണ്ടി താന്‍ ആയിരംകൊല്ലം തപസ്സുചെയ്തു, വിഷൂചികയായി അധമജീവിതം നയിക്കുകയും ചെയ്തു. അവള്‍ സ്വയംകൃതാനര്‍ത്ഥത്തെച്ചൊല്ലി വേവലാതി പറഞ്ഞു: എന്റെ പര്‍വ്വതാകാര ശരീരമെവിടെ? ഈ സൂചിയെവിടെ? ചിലപ്പോള്‍ ചെളിയിലും മലത്തിലുമാണു ഞാന്‍.. ആളുകള്‍ എന്നെ ചവിട്ടി മെതിക്കുന്നു. എന്തുചെയ്യണമെന്നെനിക്കറിയില്ല. എനിക്കാരും കൂട്ടുകാരായില്ല. എന്നില്‍ ആര്‍ക്കും അനുകമ്പയുമില്ല. എനിക്കു  വീടില്ല, കാണാന്‍ തക്ക വലുപ്പത്തില്‍ ഒരു ശരീരം പോലുമില്ല. എന്റെ മനസ്സും ഇന്ദ്രിയങ്ങളും വൃഥാവിലായിരിക്കുന്നു. 

"കൊടും ദുരിതത്തിലേയ്ക്കു നടന്നടുക്കുന്നവര്‍ ആദ്യം മോഹവിഭ്രമവും ദുഷ്ടതയും സൃഷ്ടിക്കുന്നു. അവയാണ്‌ പിന്നീട്‌ ദു:ഖവും നിര്‍ഭാഗ്യവുമാവുന്നത്‌.". ഞാന്‍ ഒരിക്കലും സ്വതന്ത്രയല്ല. മറ്റുള്ളവരുടെ ദയവിലാണ്‌ എന്റെ അസ്തിത്വം. അവര്‍ എന്നേക്കൊണ്ടു ചെയ്യിക്കുന്നതൊക്കെ ഞാന്‍ ചെയ്തു കൂട്ടുകയാണ്‌.. എല്ലാവരേയും തിന്നൊടുക്കാനുള്ള അത്യാര്‍ത്തിയെന്ന പിശാചിനെ പ്രീണിപ്പിക്കാനായി ചെയ്ത മരുന്ന് രോഗത്തേക്കാള്‍ മോശപ്പെട്ട അവസ്ഥയില്‍ എന്നെ എത്തിച്ചിരിക്കുന്നു. മുന്‍പത്തേതിലും വലിയ പിശാച്‌ ഉണ്ടായിരിക്കുന്നു. തീര്‍ച്ചയായും ഞാനൊരു ബുദ്ധിയില്ലാത്ത മൂഢ. വലിയൊരു ശരീരം വേണ്ടെന്നുവച്ചിട്ട്‌ ഈ സൂചിപോലെ (വൈറസ്സ്‌)?)  വൃത്തികെട്ട രൂപമെടുത്തുവല്ലോ!. പുഴുവിനേക്കാള്‍ കഷ്ടമായുള്ള എന്റെയീ അവസ്ഥയില്‍നിന്നും ആരാണെന്നെ മോചിപ്പിക്കുക? മാമുനിമാരുടെ ഉള്ളിലൊന്നും എന്നേപ്പോലൊരു നികൃഷ്ടജീവിയെപ്പറ്റി ആലോചനകളേയുണ്ടാവില്ല. എനിക്കിനിയെന്നാണ്‌ പണ്ടത്തെപ്പോലെ ഭീമാകാരം പൂണ്ട്‌ വലിയ വലിയ ജീവികളുടെ രക്തം കുടിക്കുവാനാവുക? ഞാന്‍ വീണ്ടും തപസ്സുചെയ്യാന്‍ പോവുന്നു..

കാര്‍ക്കടി, ജീവജാലങ്ങളെ ഭക്ഷിക്കാനുള്ള കൊതിയെല്ലാമുപേക്ഷിച്ച്‌ ഹിമാലയപര്‍വ്വതത്തില്‍പ്പോയി തീവ്രതപസ്സു തുടങ്ങി. ഒറ്റക്കാലിലാണവള്‍ നിന്നത്‌.. തീവ്രതപം കൊണ്ട്‌ അവളുടെ തലയില്‍നിന്നും പുക വമിക്കാന്‍ തുടങ്ങി. അതുമൊരു സൂചികയായി, അവളുടെ സഹചാരിയായി. അവളുടെ നിഴലും മറ്റൊരു സൂചികയായി. മറ്റൊരു സുഹൃത്ത്‌. , മരങ്ങളും വള്ളിച്ചെടികളും അവളുടെ തപസ്സുകണ്ട്‌ അഭിനന്ദനപൂര്‍വ്വം അവള്‍ക്ക്‌ ഭക്ഷണമായി പാരഗവിതരണം ചെയ്തു. എന്നാല്‍ അവള്‍ ഭക്ഷണമേതും കഴിച്ചില്ല. അവള്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. സ്വര്‍ഗ്ഗാധിപന്‍ അവള്‍ നിന്നിടത്ത്‌ മാംസത്തിന്റെ ചെറുതുണ്ടുകള്‍ ഇട്ടുകൊടുത്തു. അതുമവള്‍ തൊട്ടില്ല. അങ്ങിനെയവള്‍ കാറ്റിലോ, കാട്ടുതീയിലോ മഴയിലോ കൂസലൊന്നും കൂടാതെ ഏഴായിരം കൊല്ലം തപസ്സുചെയ്തു. അവളിലെ പപപങ്കിലമായ എല്ലാ വാസനകളും ഇല്ലാതായി. കാര്‍ക്കടിയുടെ സമഗ്രജീവന്‍ നിര്‍മ്മലമായി ഭവിച്ചു. അവളില്‍ പരമജ്ഞാനോദയമുണ്ടായി. അവളിലെ തപോര്‍ജ്ജം ഹിമാലയപര്‍വ്വതത്തെ ജാജ്വല്യമാനമാക്കി. ദേവരാജാവായ ഇന്ദ്രന്‍ നാരദമുനിയില്‍നിന്നും കാര്‍ക്കടിയുടെ അനിതരസാധാരണമായ ഈ തപസ്സിനെപ്പറ്റി അറിഞ്ഞു. 

Jul 26, 2012

094 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 094


വിനാ പരാപകാരേണ തീക്ഷ്ണാ മരണമീഹതേ
വേദനാദ്രോധിതാ സൂചീ കര്‍മപാശോ പ്രലംബതേ (3/70/66)


വസിഷ്ഠന്‍ തുടര്‍ന്നു: നിലത്തുള്ള ചെളിയിലും പൊടിയിലും, വൃത്തിഹീനമായ വിരലുകളില്‍ , തുണികളിലെ നൂലിഴകളില്‍ , ദേഹത്തിലെ പേശികള്‍ക്കുള്ളില്‍ , പൊടികൊണ്ടുമൂടിയ വൃത്തിഹീനമായ തൊലിപ്പുറത്ത്‌, കൈകള്‍ വിണ്ടുകീറിയ ഇടങ്ങളില്‍ , ജരബാധിച്ച ശരീരഭാഗങ്ങളില്‍ , ഈച്ചയാര്‍ക്കുമിടങ്ങളില്‍ , ശവശരീരങ്ങളില്‍ , ജീര്‍ണ്ണിച്ച ഇലകള്‍ കൂട്ടിയിട്ടയിടങ്ങളില്‍ , നല്ല മരങ്ങളില്ലാത്തയിടങ്ങളില്‍ , വൃത്തിയില്ലത്ത വസ്ത്രം ധരിക്കുന്നവരില്‍ , ആരോഗ്യശീലം ഇല്ലാത്തവരില്‍ , കാടുവെട്ടിത്തെളിച്ച്‌ ബാക്കിയായ മരകുറ്റികളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൂത്താടികള്‍പെരുകി കൃമികീടങ്ങളുണ്ടായതില്‍ , കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ , മലിനജലത്തില്‍ , നഗരവീഥിയ്ക്കു നടുവിലെ തുറന്ന ഓടകളില്‍ , വഴിയാത്രക്കാര്‍ തങ്ങുന്ന സത്രങ്ങളില്‍ , ആനയും കുതിരയും ഏറെയുള്ള നഗരങ്ങളില്‍ എല്ലാം സൂചിക ഒളിച്ചുതാമസിക്കുന്നു. 


സ്വയം അവളൊരു സൂചി -തുന്നാനുള്ളത്‌))-- ---ആയതിനാല്‍ പാതയോരത്തുകിടക്കുന്ന അഴുക്കുതുണികള്‍ കൂട്ടിത്തുന്നി അവളണിയുന്നു. രോഗികളുടെ ദേഹത്തിലവളോടിക്കളിക്കുകയാണ്‌..  തുന്നല്‍ക്കാരന്റെ സൂചിയും കഠിനമായ , തുടര്‍ച്ചയായ അദ്ധ്വാനംകാരണം തളര്‍ച്ച അനുഭവപ്പെട്ട്‌ നിലത്തുവിഴാം.  അതുപോലെ സൂചികയ്ക്കും ഈ നശീകരണം മടുത്തു. സൂചിയുടെ സ്വഭാവം കുത്തിത്തുളയ്ക്കലാണെന്നതുപോലെ സൂചികയുടെ സ്വഭാവം ക്രൂരതയാണ്‌..  തന്നിലൂടെ കടന്നുപോവുന്ന നൂലിനെ സൂചി വിഴുങ്ങുന്നതുപോലെ സൂചിക അവളുടെ ഇരകളെ നശിപ്പിച്ചുകൊണ്ടേയിരുന്നു. അതിക്രൂരരായവര്‍ പോലും ചിലപ്പോള്‍ മറ്റുള്ളവരുടെ പട്ടിണിയും ദയനീയാവസ്ഥയും ഏറെനാള്‍ കണ്ടുകണ്ട്‌ ദയയുള്ളവരാകുന്നതായി കാണാറുണ്ട്‌. സൂചികയും എണ്ണമറ്റ നൂലുകള്‍ തന്റെ വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്‌ (അവളുടെ കര്‍മ്മ സഞ്ചയം). അതവളെ അലോസരപ്പെടുത്തി. അവളുടെ മുഖം അവള്‍തന്നെ തുന്നിയ ഒരു കറുത്തതുണികൊണ്ട്‌ മൂടപ്പെട്ടതായി അവള്‍ക്കു തോന്നി. അവളുടെ കണ്ണൂകള്‍ കെട്ടിയിരുന്നു. 'ഈ കണ്‍കെട്ട്‌ ഞാനെങ്ങിനെ കീറിക്കളയും?' എന്നവള്‍ ആലോചിച്ചു. അവള്‍ സൂചിയെന്നനിലയില്‍  ശുഭ്ര വസ്ത്രത്തിലും (സദ്ജനങ്ങള്‍ ) ജീര്‍ണ്ണവസ്ത്രത്തിലും (ദുര്‍ജ്ജനങ്ങള്‍ ) യഥേഷ്ടം കയറിയിറങ്ങി. വിഡ്ഢികളോ ദുഷ്ടന്മാരോ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ വിവേചനബുദ്ധിയോടെ സമീപിക്കാറില്ലല്ലോ. 

"ആരുടേയും ശല്യമോ പ്രകോപനമോ കൂടാതെ സൂചിക മറ്റുള്ളവരുടെ നാശത്തിനും മരണത്തിനുമായി പ്രവര്‍ത്തിക്കുന്നു. ആപത്കാരിയായ ഈ നൂലിന്റെ ബന്ധനംകൊണ്ട്‌ അതും തൂക്കിയിട്ട്‌ അവള്‍ അലയുന്നു"

ജീവസൂചിക എന്നും അവള്‍ അറിയപ്പെടുന്നു. എല്ലാ ജീവജാലങ്ങളിലും പ്രാണന്റേയും അപാനന്റേയും സഹായത്താല്‍ ജീവശക്തിയായി അവള്‍ ജീവനെ ദുരിതപ്പെടുത്തുന്നു. തീവ്രവും സൂചി കുത്തുന്നതുപോലെയുമുള്ള വേദനകൊണ്ട്‌ (വാതം, രക്തവാതം മുതലായവ) ഒരുവന്റെ മനസ്സു കെടുത്തുന്നു. കാലുകളില്‍ (സൂചിപോലെ) തുളഞ്ഞുകയറി രക്തം കുടിക്കുന്നു. എല്ലാ ദുഷ്ടരേയും പോലെ അന്യരുടെ ദുരിതത്തില്‍ അവള്‍ സന്തോഷിക്കുന്നു. 

വസിഷ്ഠന്‍ ഇത്രയും പറഞ്ഞപ്പോഴേയ്ക്ക്‌ മറ്റൊരു ദിനം കൂടി കഴിഞ്ഞു. സന്ധ്യാ വന്ദനത്തിനുള്ള സമയമായി. സഭ അടുത്തദിവസം കൂടുവാനായി പിരിഞ്ഞു. 

Jul 25, 2012

093 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 093


സ്വാര്‍ത്ഥക്രിയോഗ്രസാമര്‍ദ്ധ്യാതി ഭാവനയാന്യതാം
പദാര്‍ത്ഥോഭിമതാം ശാഠൃോ നി:ശ്വാസേനേവ ദര്‍പ്പണ: (3/70/19)


വസിഷ്ഠന്‍ തുടര്‍ന്നു: രാമ: ആ പര്‍വ്വതാകാരയായിരുന്ന രാക്ഷസി ചുരുങ്ങിച്ചുരുങ്ങി ഒരു സൂചിയുടെയത്ര (സൂചിക) ചെറുതായി. അവളുടെ രൂപം ഭാവനയില്‍ മാത്രം കാണാവുന്ന തരത്തില്‍ അതി സൂക്ഷ്മമായിരുന്നു. നട്ടെല്ലിന്റെ അടിമുതല്‍ ശിരസ്സിന്റെ മുകളറ്റംവരെ ബന്ധിപ്പിക്കുന്ന സുഷുമ്നാ നാഡിപോലെ അവള്‍ അതിസൂക്ഷ്മമായി നിലകൊണ്ടു. അവള്‍ ബുദ്ധമതക്കാര്‍ പറയുമ്പോലെ 'അലയ' ബോധത്തിലായിരുന്നു. അവളുടെ മറ്റേ രൂപമായ വിഷൂചിക (കോളറ) അനവരതം അവളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അവള്‍ അതിസൂക്ഷ്മവും അദൃശ്യയും ആയിരുന്നുവെങ്കിലും അവളിലെ രാക്ഷസീയതയ്ക്ക്‌ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അവള്‍ ആവശ്യപ്പെട്ട വരം ലഭിച്ചുവെങ്കിലും എല്ലാ ജീവികളേയും ആഹരിക്കണമെന്ന അവളുടെ ആഗ്രഹം നടപ്പായില്ല. കാരണം അവള്‍ രൂപത്തില്‍ സൂചിയുടെയത്ര ചുരുങ്ങിപ്പോയിരുന്നല്ലോ. എത്ര വിചിത്രം! മോഹവിഭ്രമത്തില്‍പ്പെട്ടവര്‍ക്ക്‌ ദീര്‍ഘവീക്ഷണം എങ്ങിനെയുണ്ടാവാനാണ്‌?

"സ്വാര്‍ത്ഥന്റെ, തന്‍കാര്യം നേടാനുള്ള ഉഗ്രകര്‍മ്മങ്ങള്‍ അവനെ മറ്റുഫലങ്ങളിലേയ്ക്കു നയിക്കുന്നു. ഒരാള്‍ ഏറെദൂരം ഓടിക്കിതച്ചുവന്ന് മുഖക്കണ്ണാടി നോക്കിയാല്‍ തന്റെ മുഖം വ്യക്തമായി കാണാന്‍ കഴിയില്ല. കാരണം അവന്റെ ഉഛ്വാസനീരാവി കണ്ണാടിയില്‍ മങ്ങലുണ്ടാക്കുമല്ലോ." ഈ രാക്ഷസിക്ക്‌ വലിയൊരു രൂപമുണ്ടായിരുന്നു. അവളാ രൂപമുപേക്ഷിച്ചത്‌ സൂക്ഷ്മരൂപിയാകാനാണ്‌. അതിനായി അവള്‍ മരിച്ചു!. സ്വാര്‍ത്ഥലാഭത്തില്‍ ഇത്തരം അത്യാസക്തിയുള്ളപ്പോള്‍ മരണം പോലും അഭിലഷണീയമായിത്തോന്നും. വിഷൂചിക പ്രഭായോലുന്നതും പുഷ്പഗന്ധം പോലെ സൂക്ഷ്മവുമായിരുന്നു. മറ്റുള്ള ജീവനുകള്‍ കൊണ്ട്‌ അവള്‍ കര്‍മ്മനിഷ്ഠയായി വാണു. സൂചികയും വിഷൂചികയുമായി അവള്‍ എല്ലാവരേയും ബാധിച്ചുകൊണ്ട്‌ ലോകം മുഴുവന്‍ ചുറ്റിനടന്നു. അവളുടെ സ്വേഛപ്രകാരമാണ്‌ അവള്‍ സൂക്ഷ്മരൂപിയായത്‌. എന്താവണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നുവോ, ഒരുവന്‍ അതായിത്തീരുന്നു. ഹീനചിന്തയുള്ളവര്‍ തുലോം തുച്ഛമായ കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഈ രാക്ഷസി ആഗ്രഹിച്ചത്‌ ക്രൂരയായ സൂചിയാകാനാണല്ലോ. ഒരാളുടെ ജന്മസ്വഭാവം തപസ്സുകൊണ്ടുപോലും മാറ്റുക ദുഷ്കരം!

നേരത്തേതന്നെ സ്ഥൂലശരീരമുള്ളവരുടേയും രോഗങ്ങള്‍ക്കടിപ്പെട്ടവരുടേയും ദേഹത്ത്‌ സൂചിക പ്രവേശിച്ച്‌ സ്വയം വിഷൂചികയായി പരിണമിക്കുന്നു. സൂചിക ഏത്‌ അരോഗദൃഢഗാത്രന്റേയും ഹൃദയത്തില്‍ പ്രവേശിച്ച്‌ അവന്റെ ബുദ്ധിയെ വഴിതെറ്റിക്കുന്നു. ചിലരുടെ കാര്യത്തില്‍ , ചികില്‍സകാരണംകൊണ്ടോ മന്ത്രബലംകൊണ്ടോ മരുന്നുകൊണ്ടോ അവള്‍ രോഗിയെ ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതയാവുന്നു. അങ്ങിനെ അവള്‍ ഏറെക്കാലം ഭൂമിയില്‍ ചുറ്റി നടന്നു.

(കോളറാ വൈറസ്സിനെപറ്റിയാവണം ഈ വിവരണം. ഭക്ഷണം, ജീവിതരീതി എന്നിവയുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്‌ രസകരമാണ്‌.)

092 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 092

അഥ വര്‍ഷസഹസ്രേണ താം പിതാമഹ ആയയൌദാരുണം ഹി തപ: സിദ്ധയൈ വിഷാഗ്നിരപി ശീതള: (3/69/1)


വസിഷ്ഠന്‍ തുടര്‍ന്നു: ഇതിനെ സംബന്ധിച്ച്‌ പഴയൊരൈതീഹ്യമുള്ളത്‌ ഞാന്‍ നിനക്ക്‌ പറഞ്ഞു തരാം. ഹിമാലയ പര്‍വ്വതസാനുക്കള്‍ക്കും വടക്കായി ഒരിടത്ത്‌ കാര്‍ക്കടി എന്നുപേരായ ഒരു രാക്ഷസി ജീവിച്ചിരുന്നു. കറുത്തിരുണ്ടതും വലിപ്പമേറിയതും കാണുവാന്‍ ഭയങ്കരവുമായിരുന്നു അവളുടെ രൂപം. ആവശ്യത്തിനു ഭക്ഷണം ലഭിക്കാഞ്ഞ്‌ എപ്പോഴും വിശപ്പായിരുന്നു അവള്‍ക്ക്‌..  അവള്‍ വിചാരിച്ചു: 'ജംബുദ്വീപില്‍ നിവസിക്കുന്ന എല്ലാവരേയും ഒന്നിച്ചു തിന്നാന്‍ കിട്ടിയിരുന്നുവെങ്കില്‍ എന്റെ വിശപ്പ്‌ പെരുമഴയ്ക്കുശേഷം മരീചികയെന്നപോലെ അപ്രത്യക്ഷമായേനെ! എന്നാല്‍ അത്തരം ഒരു പ്രവര്‍ത്തനം ഒരുവന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഉചിതമാവുകയില്ല. മാത്രമല്ല ജംബുദ്വീപിലെ നിവാസികള്‍ ധര്‍മ്മിഷ്ഠരും സഹാനുഭൂതിയുള്ളവരും ഈശ്വരഭക്തിയുള്ളവരും പച്ചമരുന്നുകളെപ്പറ്റി അറിവുള്ളവരുമാണ്‌. ഇങ്ങിനെ സമാധാനമായി ജീവിക്കുന്നവരെ ഉപദ്രവിക്കുന്നത്‌ ശരിയല്ല. അതുകൊണ്ട്‌ ഞാന്‍ ഒരു തപസ്സിലേര്‍പ്പെടാന്‍ പോവുകയാണ്‌..  കിട്ടാന്‍ വളരെ ദുഷ്കരമായ കാര്യം സാദ്ധ്യമാക്കാന്‍ തപസ്സിനോളം ഉത്തമമായി മറ്റൊന്നുമില്ല.'

കാര്‍ക്കടി, മഞ്ഞുമലയുടെ ഉത്തുംഗശിഖരങ്ങളിലൊന്നില്‍പ്പോയി ഒറ്റക്കാലില്‍ തപസ്സു തുടങ്ങി. അവളുടെ തീരുമാനം കല്ലുപോലെ ഉറച്ചതും ശ്രദ്ധ സുദൃഢവുമായതിനാല്‍ ദിവസങ്ങളും മാസങ്ങളും കടന്നുപോയത്‌ അവളറിഞ്ഞില്ല. കാലക്രമത്തില്‍ അവളുടെ ദേഹം ശോഷിച്ച്‌ സുതാര്യമായ ചര്‍മ്മത്തില്‍ പൊതിഞ്ഞ അസ്ഥിപഞ്ചരം മാത്രമായി.അവളങ്ങിനെ ഒരായിരംകൊല്ലം തപസ്സുചെയ്തു. "ആയിരംകൊല്ലം കഴിഞ്ഞപ്പോള്‍ ബ്രഹ്മാവ്‌ അവളില്‍ സം പ്രീതനായി പ്രത്യക്ഷപ്പെട്ടു. തീവ്രതപസ്സുകൊണ്ട്‌ ഒരുവന്‌ എന്തും നേടാം. വിഷപ്പുകപോലും നിര്‍വ്വീര്യമാക്കി അണയ്ക്കാം." മനസാ ബ്രഹ്മാവിനെ വന്ദിച്ച്‌ എന്തു വരമാണു ചോദിക്കേണ്ടതെന്ന് അവള്‍ ചിന്തിച്ചു. 'ഓ കിട്ടിപ്പോയി!', അവള്‍ ആലോചിച്ചു: എനിക്കൊരു ജീവനുള്ള സൂചികയാവണം (ഇരുമ്പു സൂചി- രോഗത്തിന്റെ മൂര്‍ത്തിമദ്‌ ഭാവം) എന്ന വരം ആവശ്യപ്പെടാം. ഈ വരം ലഭിച്ചാല്‍ അതുമായി എനിക്ക്‌ എല്ലാജീവജാലങ്ങളുടേയും ഹൃദയത്തില്‍ക്കയറി എന്റെ ആഗ്രഹം നടപ്പാക്കാം, എന്റെ വിശപ്പും തീരും. 

ബ്രഹ്മാവു പറഞ്ഞു: നിന്റെ തപസ്സില്‍ നാം സംപ്രീതനാണ്‌. നിന്റെ ആഗ്രഹമെന്താണ്‌? അവള്‍ തന്റെ ആഗ്രഹമറിയിച്ചു. 'തഥാസ്തു!' ബ്രഹ്മാവു പറഞ്ഞു. അങ്ങിനെയാവട്ടെ, നിനക്ക്‌ വിഷൂചികയും ആവാം. സൂക്ഷ്മമായിനിലകൊണ്ട്‌ മോശപ്പെട്ട ആഹാരം കഴിക്കുന്നവരിലും ദുര്‍ന്നടത്ത ശീലമാക്കിയവരിലും അവരുടെ ഹൃദയത്തില്‍ക്കയറി നിനക്ക്‌ ആധിയുണ്ടാക്കാം. എന്നാല്‍ ഇനിപ്പറയുന്ന മന്ത്രം ജപിക്കുന്നവര്‍ക്ക്‌ ഈ ദുരിതത്തില്‍നിന്നു മോചനം ലഭിക്കും.

"ഹിമാദ്രേര്‍ ഉത്തരേ പാര്‍ശ്വേ കാര്‍ക്കടീ നാമ രാക്ഷസീ
വിഷൂചികാഭിധാന സാനാംനാപ്യന്യയാബാധികാ
ഓം ഹ്രാം ഹ്രീം ശ്രീം രം വിഷ്ണുശക്തയേ  നമോ ഭഗവതീ
വിഷ്ണുശക്തി  ഏഹി ഏനം ഹര ഹര ദാഹ ദാഹ ഹാന ഹാന പച പച
മാത മാത ഉത്സദായ ഉത്സദായ ദൂരേ കുരു കുരു സ്വാഹ വിഷൂചികേ
ത്വാം ഹിമവന്തം ഗഛ ഗഛ ജീവസാര ചന്ദ്രമണ്ഡലം ഗതോ സി സ്വാഹ

ഈ മന്ത്രത്തില്‍ പ്രാവീണ്യം നേടിയയാള്‍ അതു തന്റെ ഇടതുകരത്തില്‍ ധരിച്ച്‌ ചന്ദ്രനെ ധ്യാനിച്ച്‌ ആ കൈ രോഗിയുടെമേല്‍ വെച്ചാല്‍ ആ ക്ഷണം അയാള്‍ സുഖപ്പെടും.

Jul 23, 2012

091 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 091

യഥാ സംപധ്യതേ ബ്രഹ്മാ കീട: സംപധ്യതേ തദാ
കീടസ്തു രൂഠഭൂതൌഘവലനാത്തുച്ഛകര്‍മക: (3/67/69)

വസിഷ്ഠന്‍ തുടര്‍ന്നു: പലേവിധ കാരണങ്ങള്‍ കൊണ്ട്‌ ചിന്തകളുടെ ചലനം ഉണ്ടാവുന്നു. ചിലര്‍ ഒരേയൊരുജന്മം കൊണ്ട്‌ ഇതില്‍നിന്നും മോചിതരാവുന്നു. മറ്റുചിലര്‍ ആയിരം ജന്മംകഴിഞ്ഞ്‌ മുക്തരാവുന്നു. ചിന്തകള്‍ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ സത്യദര്‍ശനം സാദ്ധ്യമല്ല,കാരണം അപ്പോളവിടെ 'ഞാന്‍' ഉണ്ട്‌, 'ഇതെന്റേതാണ്‌' തുടങ്ങിയ ധാരണകള്‍ അപ്പോള്‍  നിലവിലുണ്ടല്ലോ. 

കാണപ്പെടുന്ന ലോകം അവബോധത്തിന്റെ ജാഗ്രതാവസ്ഥയാണ്‌.. അഹംകാരം അതിന്റെ സ്വപ്നാവസ്ഥയാണ്‌.. മനസ്സെന്ന വസ്തുവാണതിന്റെ സുഷുപ്തി അവസ്ഥ. ശുദ്ധബോധമാണ്‌ നാലാമത്തെ അവസ്ഥ. അത്‌ വൈരുദ്ധ്യമേതുമില്ലാത്ത, നിഷേധിക്കാനരുതാത്ത സത്യമത്രേ. ഈ നാലാമത്തെ അവസ്ഥയ്ക്കുമപ്പുറം ബോധത്തിന്റെ പരമനൈര്‍മ്മല്യമുണ്ട്‌.. ഈ സത്യത്തില്‍ ദൃഢീകരിച്ചവനെ ദു:ഖം തീണ്ടുകയില്ല. കാണപ്പെടുന്ന ഈ ലോകത്തിന്റെ കാരണമായി പരബ്രഹ്മത്തിനെ പറയുന്നു. ഒരു വൃക്ഷം വളര്‍ന്നു വലുതാവാനുള്ള കാരണം ആകാശമാണെന്നു പറയുന്നതുപോലെയാണത്‌.. (അകാശം മരത്തിന്റെ വളര്‍ച്ചയെ തടയുന്നില്ല;അതുകൊണ്ട്‌ ആകാശം വളര്‍ച്ചക്കു ഹേതുവാകുന്നു). സമഗ്രമായ അന്വേഷണത്തിലൂടെ, വാസ്തവത്തില്‍ ബ്രഹ്മം സജീവമായി യതൊന്നിനും ഹേതുവായി വര്‍ത്തിക്കുന്നില്ല എന്നറിയാന്‍ കഴിയും. മണ്ണുകുഴിച്ചുനീങ്ങുന്നവന്‍ അവസാനം കണ്ടെത്തുന്നത്‌ ശൂന്യമായ ആകാശമാണെന്നതുപോലെ അന്വേഷണം തുടരുമ്പോള്‍ ഇതെല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല എന്നറിയുന്നു. 

രാമന്‍ ചോദിച്ചു: ഈ സൃഷ്ടിജാലങ്ങള്‍ ഇത്ര ബ്രഹത്തായതെങ്ങിനെയെന്ന് ദയവായി പറഞ്ഞു തരൂ. 

വസിഷ്ഠന്‍ തുടര്‍ന്നു: ബോധത്തിലെ ആന്ദോളനവും അനന്താവബോധത്തിലെ കമ്പനങ്ങളും വ്യത്യസ്ഥമല്ല. ആന്ദോളനങ്ങളില്‍നിന്നും ജീവന്‍ പ്രത്യക്ഷമാവുന്നതുപോലെ ജീവനില്‍ മനസ്സുണ്ടാവുന്നത്‌ ചിന്തകളുള്ളതുകൊണ്ടാണ്‌.. മനസ്സ്‌ സ്വയം പഞ്ചഭൂതങ്ങളാണെന്ന  ധാരണ പുലര്‍ത്തി അവയായിത്തീരുന്നു. മനസ്സ്‌ എന്തു ചിന്തിക്കുന്നുവോ അതുമാത്രം കാണുന്നു. അതുകഴിഞ്ഞ്‌ ഓരോന്നോരോന്നായി ജീവന്‍ - നാവ്‌, കണ്ണുകള്‍ , മൂക്ക്‌, സ്പര്‍ശം തുടങ്ങിയ ഇന്ദ്രിയങ്ങളെ ആര്‍ജ്ജിക്കുന്നു. ഇതില്‍ ഇന്ദ്രിയങ്ങളും മനസ്സും തമ്മില്‍ കാര്യ കാരണബന്ധമില്ല. എന്നാല്‍ കാക്കയും പനമ്പഴവും പോലുള്ള ആകസ്മികതയാണ്‌ ചിന്തകളും ഇന്ദ്രിയങ്ങളുടെ ആവിര്‍ഭാവവും. ഒരു കാക്ക പറന്നുവന്ന് പനയില്‍ ഇരിക്കുന്ന നിമിഷം നിലത്തുവീഴുന്ന പനമ്പഴം കാക്ക കൊത്തിയിട്ടതാണെന്നു കാണികള്‍ക്കു തോന്നാം, അത്രമാത്രം. അങ്ങിനെയാണ്‌ ആദ്യത്തെ വിശ്വജീവന്‍ ഉണ്ടായത്‌.

രാമന്‍ ചോദിച്ചു: അവിദ്യയെന്നത്‌ സത്യത്തില്‍ നിലനില്‍പ്പില്ലാത്ത ഒന്നാണല്ലോ. അപ്പോള്‍പ്പിന്നെ എന്തിനാണു നാം മുക്തിയെപ്പറ്റിയും ആത്മാന്വേഷണത്തെപ്പറ്റിയും ആലോചിച്ച്  വിഷമിക്കുന്നത്‌? 

വസിഷ്ഠന്‍ പറഞ്ഞു: രാമ: ആ ചോദ്യം അതുയരേണ്ട സമയത്തുയരണം, ഇപ്പോഴല്ല. പൂക്കള്‍ വിടരുന്നതും കായ്കള്‍ പഴുക്കുന്നതും അതതിന്റെ സമയത്താണല്ലോ. ഈ വിശ്വജീവന്‍ 'ഓം' എന്നുരുവിട്ട്‌ ശുദ്ധമായ ഇഛകൊണ്ട്‌ ഇക്കാണായതെല്ലാം സൃഷ്ടിക്കുന്നു. "ബ്രഹ്മാവിനെ ഇഛയാല്‍ എങ്ങിനെ സൃഷ്ടിച്ചുവോ അങ്ങിനെതന്നെയാണ്‌ ഒരു പുഴുവിനെ സൃഷ്ടിച്ചതും. പുഴുവില്‍ മാലിന്യമുള്ളതുകൊണ്ട്‌ അതിനു തുഛമായ കര്‍മ്മമേ അനുഷ്ഠിക്കാനുള്ളു." ഇവ തമ്മിലുള്ള അന്തരം വെറും ഭാവനമാത്രം. സത്യത്തില്‍ സൃഷ്ടിയേ ഇല്ല, അതിനാല്‍ ഭിന്നതയും ഇല്ല.

090 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 090


ചിദ്ഘനേനൈകതാമേത്യ യദാ തിഷ്ഠതി നിശ്ചല:
ശാമ്യന്വയവഹരന്വാപി തദാ സംശാന്ത ഉച്യതെ (3/66/12)


വസിഷ്ഠന്‍ തുടര്‍ന്നു: രാമാ ആ 'ഒന്ന്' ഒരിക്കലും പലതായിട്ടില്ല. ഒരു തിരിയില്‍നിന്നും മറ്റുതിരികളിലേയ്ക്ക്‌ ദീപം കൊളുത്തുമ്പോള്‍ അതെല്ലാം ഒരേ ദീപനാളം തന്നെ. ഒരേ ബ്രഹ്മം പലതായി കാണപ്പെടുന്നു. ഈ നാനാത്വത്തിന്റെ അയാഥാര്‍ഥ്യത്തെപ്പറ്റി ബോധ്യമാവുമ്പോള്‍ അവന്‌ ദു:ഖനിവൃത്തിയുണ്ടാവുന്നു. ജീവനെന്നത്‌ പരിമിതപ്പെട്ട ബോധം മാത്രം. പരിമിതികള്‍ ഇല്ലാതാവുമ്പോള്‍ ശാന്തി അനുഭവിക്കുമാറാകുന്നു. പാദരക്ഷ ധരിച്ചവന്‌ ഭൂമി മുഴുവന്‍ തോലുപൊതിഞ്ഞപോലെയാണല്ലോ.

എന്താണു ലോകം? അതൊരു പ്രകടനം മാത്രം. വാഴത്തട എന്നുപറയുന്നത്‌ ഇലകള്‍ അല്ലാതെ മറ്റൊന്നുമല്ലല്ലോ. മദ്യപാനം ഒരുവനെ ശൂന്യാകാശത്ത്‌ മായക്കാഴ്ചകള്‍ കാണുമാറാക്കുന്നതുപോലെ മനസ്സിന്‌ ഒന്നിനെ പലതായി കാണാന്‍ കഴിയുന്നു. കുത്തനെ നില്‍ക്കുന്ന ഒരു സ്തംഭം ചലിക്കുന്നതായി മദ്യപനു തോന്നുന്നതു പോലെ അജ്ഞാനിക്കു ലോകത്തില്‍ ചലനങ്ങള്‍ ദൃശ്യമാകുന്നു. മനസ്സ്‌ ദ്വന്ദഭാവം കൈക്കൊള്ളൂമ്പോള്‍ ദ്വന്ദതയും അതിന്റെ പ്രതിരൂപമായ ഏകതയും ഉണ്ട്‌. . മനസ്സില്‍നിന്നും ഈ ധാരണ മാറുമ്പോള്‍ ദ്വന്ദതയോ ഏകതയോ ശേഷിക്കുന്നില്ല. "അനന്താവബോധത്തിന്റെ ഏകാത്മകതയില്‍ ദൃഢീകരിച്ചുകഴിഞ്ഞാല്‍ ഒരുവന്‍ നിശ്ശബ്ദനായി, നിഷ്ക്രിയനായിരുന്നാലും കര്‍മ്മങ്ങളില്‍ സജീവമായി മുഴുകിയാലും അയാള്‍ സ്വയം പ്രശാന്തനാണ്‌." ഇപ്രകാരം പരമപദത്തെ പ്രാപിച്ചവന്‍ അനാത്മാവസ്ഥയിലാണെന്നു പറയപ്പെടുന്നു. അത്‌ നിശ്ശൂന്യതയെക്കുറിച്ച്‌ അറിയുന്ന ഒരു തലമാണ്‌..

മനസ്സിലെ പ്രക്ഷോഭങ്ങളാണ്‌ ബോധത്തെ അറിവിനു വിധേയമായ വസ്തുവാണെന്ന തോന്നലുണ്ടാക്കുന്നത്‌.. പിന്നീട്‌, മനസ്സില്‍ 'ഞാന്‍ ജനിച്ചു' മുതലായ തെറ്റിദ്ധാരണകള്‍ ഉദിക്കുന്നു. ആ അറിവും മനസ്സുതന്നെയാണ്‌.. അതുകൊണ്ട്‌ അതിനെ 'അവിദ്യ' അല്ലെങ്കില്‍ ഭ്രമം എന്നു വിളിക്കുന്നു. ഒരുവന്‌ സംസാരമെന്ന ഈ രോഗത്തില്‍നിന്നു മുക്തിയേകാന്‍ ആത്മജ്ഞാനമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല. കയറില്‍ പാമ്പിനെ കണ്ടതിനു പ്രതിവിധി ശരിയായ അറിവുണ്ടാവുകമാത്രമാണ്‌.. അത്തരം അറിവുറയ്ക്കുമ്പോള്‍ മനസ്സില്‍ ഇന്ദ്രിയസുഖങ്ങളോടുള്ള ആസക്തി ഇല്ലാതാവുന്നു. അതാണല്ലോ അജ്ഞതയെ പെരുപ്പിക്കുന്നത്‌.അതുകൊണ്ട്‌ ആസക്തികളെ, ആര്‍ത്തികളെ പ്രീണിപ്പിക്കാതിരിക്കുക. എന്താണതിനു ബുദ്ധിമുട്ട്‌?

മനസ്സ്‌ വിഷയ (പദാര്‍ത്ഥ) ധാരണയിലിരിക്കുമ്പോള്‍ പ്രക്ഷുബ്ധമാണ്‌.. എന്നാല്‍ വിഷയങ്ങളോ ആശയങ്ങളോ മഥിക്കാത്ത മനസ്സില്‍ ചിന്തകളില്ല. ചലനമില്ല. ലോകമെന്ന ദൃശ്യവിക്ഷേപവും അവിടെയില്ല. ചിന്തകളുടെ സഞ്ചാരമാണ്‌ ജീവന്‍.. കാരണവും കര്‍മ്മവും. അതാണ്‌ ലോകദൃശ്യത്തിന്റെ വിത്ത്‌.. പിന്നീടുള്ളത്‌ ശരീരസൃഷ്ടിയാണ്‌.