Jul 12, 2014

584 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 584

ന നാസ്തിക്യാന്ന ചാസ്തിക്യാത്കഷ്ടാനുഷ്ഠാനവൈദികാ:
മനോജ്ഞമധുരാചാരാ: പ്രിയപേശല വാദിന: (6.2/98/3)
വസിഷ്ഠന്‍ തുടര്‍ന്നു: പവിത്രതയുടെ ശത്രുക്കളായ ലോഭം, മോഹവിഭ്രമം തുടങ്ങിയ കാര്യങ്ങള്‍ ജ്ഞാനികളില്‍ വളരെ ക്ഷീണിതമായിരിക്കും. അവരില്‍ അനാസക്തിയാണ് പ്രബലമായി കാണപ്പെടുക. അവര്‍ പരംപൊരുളില്‍ അഭിരമിക്കുന്നവരാണല്ലോ. അവര്‍ ക്രോധത്തിനോ അമിതാഹ്ളാദത്തിനോ വശംവദരാകുന്നില്ല. അവര്‍ യാതൊന്നിലും പങ്കാളികളല്ല, അവര്‍ക്ക് യാതൊന്നും ആവശ്യവുമില്ല.
അവര്‍ ആളുകളില്‍ കലുഷതയുണ്ടാക്കുന്നില്ല. അവര്‍ മറ്റുള്ളവരാല്‍ കലുഷമാവുന്നുമില്ല.

“അവര്‍ നിരീശ്വരവാദം വെച്ചു പുലര്‍ത്തുന്നവരല്ല, എങ്കിലും പ്രാചീനമായ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമല്ല. ശാസ്ത്രാനുസാരിയാനെങ്കില്‍ക്കൂടി  സ്വയം പീഡിപ്പിക്കുന്ന വിധത്തിലുള്ള അചാരങ്ങളോ അഭ്യാസങ്ങളോ അവര്‍ക്കില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ സാമാന്യബുദ്ധിക്കുന്ന നിരക്കുന്നതും, മാധുരിമയാര്‍ന്നതും സൌമ്യവും സ്നേഹപൂര്‍വുമായിരിക്കും.”

അവര്‍ ആളുകളുടെ ഹൃദയത്തെ ആഹ്ളാദപൂരിതമാക്കുന്നു. അവര്‍ ജ്ഞാനമാര്‍ഗ്ഗത്തെ കാണിച്ചുതരുന്നു. പ്രകൃത്യാതന്നെ ക്ഷണനേരം കൊണ്ട്  നന്മയുടെ പാതയിലുള്ള അഭികാമ്യമായ പ്രവൃത്തികളില്‍ അവര്‍ ഏര്‍പ്പെടുന്നു.

പുറമേയ്ക്ക് വിവിധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നാലും അവരുടെ ഉള്ളം സുഖശീതളവും പ്രശാന്തവും ആയിരിക്കും. അവര്‍ ശാസ്ത്രഗ്രന്ഥങ്ങളിലുള്ള തത്വങ്ങളെയും അവയുടെ അര്‍ത്ഥതലങ്ങളെപ്പറ്റിയും ഗവേഷണം ചെയ്യാന്‍ ഉത്സുകരായിരിക്കും.

ആളുകള്‍ പാകത വന്നവരാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ജ്ഞാനിക്ക് കഴിയുന്നു. എന്താണ് ഗ്രാഹ്യമെന്നും ത്യാജ്യമെനും അയാള്‍ക്കറിയാം. ഓരോരോ സന്ദര്‍ഭങ്ങളില്‍ ഉചിതമായ കര്‍ത്തവ്യമെന്തെന്നറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അവര്‍ക്കറിയാം. നിഷിദ്ധപ്രവര്‍ത്തങ്ങളില്‍ നിന്നുമവര്‍ ഒഴിഞ്ഞു നില്‍ക്കുന്നു. സത്സംഗമാണവര്‍ ആഗ്രഹിക്കുന്നത്. അവരുടെ സത്സംഗം ആഗ്രഹിക്കുന്നവരെ ജ്ഞാനത്തിന്റെ പൂക്കളര്‍പ്പിച്ചാണവര്‍ പൂജിക്കുന്നത്. മറ്റുള്ളവരുടെ ദുഖവും സങ്കടവും കവര്‍ന്ന് കളയാന്‍ അവര്‍ക്ക് സാമര്‍ത്ഥ്യമുണ്ട്. 

കൃപാശീലരും മാന്യന്മാരുമാണവര്‍. എന്നാല്‍ ഭൂമിപാലന്മാര്‍ അധാര്‍മ്മികളാവുമ്പോള്‍ അവര്‍ മലകളെപ്പോലും ഇളക്കാന്‍ പോന്നമട്ടില്‍ സടകുടഞ്ഞെഴുന്നെല്‍ക്കുന്നു. ദുരിതമനുഭവിക്കുന്നവരെ അവര്‍ പ്രത്യാശാഭരിതരാക്കുന്നു. സന്തുഷ്ടരുടെ ആഹ്ളാദത്തെ വര്‍ദ്ധിപ്പിക്കുന്നു. അജ്ഞാനികളായ ആളുകളുടെ മൂഢതയെ അവര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു. ദുരിതങ്ങളാലും മാനസീകമായ പിരിമുറുക്കംകൊണ്ടും ദുഖാര്‍ത്തികള്‍ കൊണ്ടും വലയുന്നവരെ സഹായിക്കാന്‍ ഈ മഹാന്മാര്‍ മാത്രമേയുള്ളൂ.

ഇപ്പറഞ്ഞ സ്വഭാവ സവിശേഷതകള്‍ നോക്കി മഹദ് വ്യക്തികളെ കണ്ടുപിടിച്ച് അവരില്‍ അഭയം തേടാം. കാരണം സംസാരസാഗാരത്തെ തരണം ചെയ്യാന്‍ അവരുടെ സഹായം കൂടിയേ തീരൂ. ‘വരുന്നത് വരട്ടെ’ എന്ന മട്ടില്‍ വിധിവിഹിതവും പ്രതീക്ഷിച്ചുകൊണ്ട് ഒരിക്കലും നിഷ്ക്രിയനായി ഇരിക്കരുത്.

ഇപ്പറഞ്ഞ ഗുണങ്ങള്‍ എല്ലാം തികഞ്ഞ വ്യക്തിയല്ലെങ്കില്‍പ്പോലും അവയില്‍ ഒരു ഗുണമെങ്കിലും തികഞ്ഞയാള്‍ മഹാത്മാവ് തന്നെയാണ്. അയാളുടെ മറ്റെല്ലാ പോരായ്മകളും നമുക്കവഗണിക്കാം. മറ്റുള്ളവരിലെ നന്മയെ കാണാനും അംഗീകരിക്കാനും പഠിക്കണം. തിന്മകളെ മനസ്സിലാക്കുകയും വേണം. അങ്ങിനെയാണ് സദ്‌വൃത്തരെ കണ്ടെത്തുക. നന്മ നിറഞ്ഞ ഒരാളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍പ്പോലും അയാളെ സേവിക്കുക. എന്നാല്‍ അയാളിലെ തിന്മകളെ പ്രോത്സാഹിപ്പിക്കരുത്. ദുര്‍വാസനകളെ കീഴടക്കിയില്ലെങ്കില്‍ ഏതൊരു മഹാനും തിന്മയിലേയ്ക്ക് വീണുപോകാം.

ഇതൊക്കെ ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതാണ്. നന്മയുള്ള ഒരാള്‍ സാഹചര്യങ്ങളുടെ പിടിയില്‍പ്പെട്ട് തിന്മയിലേയ്ക്ക് തിരിയുന്നത് ദൌര്‍ഭാഗ്യകരം തന്നെ. അത് സമൂഹത്തില്‍ ദുരിതം വിതയ്ക്കും. അതിനാല്‍ മറ്റു പ്രവര്‍ത്തികള്‍ എല്ലാം വിട്ട് മഹാത്മാക്കളെ സേവിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുക. ഇതുമാത്രമേ ഇഹത്തിലും പരത്തിലും നമുക്ക് സഹായകരമാവൂ.

മഹാത്മാക്കളില്‍ നിന്നും അകന്നു ജീവിക്കരുത്. കാരണം അവര്‍ സാന്നിദ്ധ്യമാത്രം കൊണ്ട് മഹാത്മാക്കള്‍ എല്ലായിടത്തും നന്മയുടെ സുഗന്ധം പരത്തുന്നവരാണ്.

583 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 583

സര്‍വ്വ ഏവാനിശം ശ്രേയോ ധാവന്തി പ്രാണിനോ ബലാത്
പരിനിമ്നം പയാംസീവ തദ്വിചാര്യ സമാശ്രയേത് (6.2/97/22)
വസിഷ്ഠന്‍ തുടര്‍ന്നു: സ്വപ്രവര്‍ത്തികളിലും ശാസ്ത്രജ്ഞാനത്തിലും പരിജ്ഞാനികളായ ആളുകള്‍ അവിടെയും ഇവിടെയും ഉണ്ട്. അവരുമായുള്ള സത്സംഗമാണ് നാം തേടേണ്ടത്. ശാസ്ത്രത്തെപ്പറ്റി ഏറെ വാചോടാപം ചെയ്യുന്നവരുണ്ട്. എന്നാല്‍ നാം കണ്ടുപിടിക്കേണ്ടത് മറ്റുള്ളവര്‍ക്ക് ആനന്ദത്തെ പ്രദാനം ചെയ്യാന്‍ കഴിവുള്ളവരെയാണ്. അവരുടെ പെരുമാറ്റം കുറ്റമറ്റതായിരിക്കും.
“ആരോ ബലമായി പ്രേരിപ്പിച്ചിട്ടെന്നതുപോലെ എല്ലാവരും എല്ലാക്കാലത്തും സ്വന്തം നന്മയെ ലക്ഷ്യമാക്കിയാണല്ലോ പ്രവര്‍ത്തിക്കുക. ജലത്തിന്റെ ഒഴുക്കെപ്പോഴും താഴ്ന്ന നിലത്തേയ്ക്കായിരിക്കും. ഇതറിഞ്ഞു സാധകന്‍ സദ്ജനങ്ങളുമായി സംസര്‍ഗ്ഗം പുലര്‍ത്തണം.”
രാമന്‍ ചോദിച്ചു: പരംപൊരുളെന്ന മരത്തില്‍ ചുറ്റിപ്പടര്‍ന്നുകയറുന്ന വള്ളിച്ചെടിയെന്നപോലെയാണ് ലോകം നിലകൊള്ളുന്നത്. അതില്‍ ഭൂത-ഭാവികളെപ്പറ്റി അന്വേഷിച്ചറിഞ്ഞു പരമസത്യത്തെ കാണുന്നവര്‍ ആരൊക്കെയാണ്?

വസിഷ്ഠന്‍ പറഞ്ഞു: എല്ലാ സമൂഹത്തിലും ലോകത്തെ പ്രകാശമാനമാക്കുന്ന, പ്രഭാപൂരത്തോടെ വര്‍ത്തിക്കുന്ന, ജ്ഞാനസമ്പന്നരായ കുറച്ചാളുകളുണ്ട്. സംസാരസാഗരത്തില്‍ പൊന്തിക്കിടന്ന് ഒഴുകിനടക്കുന്ന ഉണക്കയിലകള്‍പോലെ മനുഷ്യരെല്ലാം അങ്ങുമിങ്ങും അലയുന്നു. 

സ്വര്‍ഗ്ഗവാസികള്‍ ആത്മാവിനെ മറന്ന് സുഖാനുഭവമെന്ന അഗ്നിയില്‍ വെന്തെരിയുന്നു. രാക്ഷസവര്‍ഗ്ഗങ്ങള്‍ അവരുടെ ശത്രുക്കളായ ദേവന്‍മാരുടെ പീഡനമേറ്റ് നശിച്ച് ഒടുവില്‍ ഭഗവാന്‍ നാരായണന്‍ അവരെ നരകത്തിലേയ്ക്ക് നയിക്കുന്നു. 

ആകാശചാരികളായ ഗന്ധര്‍വ്വന്മാര്‍ ജ്ഞാനഗന്ധംപോലുമില്ലാതെയാണ് കഴിയുന്നത്. അവര്‍ തങ്ങളുടെ സംഗീതാസ്വാദനത്തില്‍ മുഴുകി ഭ്രമിച്ചിരിക്കുന്നു. 

വിദ്യാധരന്മാര്‍ (വിദ്യയ്ക്ക് ആധാരമായവര്‍) വിദ്യാവിചക്ഷണന്‍മാരാണ്. എന്നാലതിന്റെ ഗര്‍വ്വും അവര്‍ക്കുള്ളതിനാലവര്‍ മാമുനിമാരെ ആദരിക്കുന്നില്ല.

യക്ഷന്മാര്‍ സ്വയം ചിരഞ്ജീവികളായി കണക്കാക്കി ജരാനരകള്‍ ബാധിച്ചവര്‍ക്കും രോഗികള്‍ക്കും മുന്നില്‍ തങ്ങളുടെ പ്രാവീണ്യം പ്രടിപ്പിച്ചു വിലസുന്നു. 

രാക്ഷസന്മാര്‍ വിഭ്രാന്തിയിലാണെപ്പോഴും. പിശാചുക്കള്‍ മറ്റുള്ളവരെ കഷ്ടപ്പെടുത്തുന്നതില്‍ താല്‍പരരാണ്. പാതാളവാസികളായ നാഗന്മാര്‍ മൂഢരും മന്ദബുദ്ധികളുമാണ്. അവര്‍ക്കെല്ലാം ജ്ഞാനമുണ്ടാവുന്നതെങ്ങിനെ?

ജീവിതമെന്ന നിസ്സാരതയ്ക്ക് പുറകെ വിറളിപിടിച്ചുഴറുന്ന മനുഷ്യര്‍ സങ്കുചിതമായ ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. ദുഷ്ടചിന്തകളുമായി ആസക്തിപൂണ്ടു കഴിയുകയാണവര്‍. അവര്‍ നന്മയുള്ള ഒന്നുമായും സംഗത്തിലാവാന്‍ മെനക്കെടുന്നില്ല. ദംഭും ആഡംബരഭ്രമവും ആഗ്രഹങ്ങളും അവരെ ജ്ഞാനമാര്‍ഗത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്നു. ദുര്‍മന്ത്രവാദിനികളായ യോഗിനിമാര്‍ തിന്നുകുടിച്ചുമദിച്ച്   സംസ്കാരരഹിതരെപ്പോലെ അപചയിക്കുന്നു.

എന്നാല്‍ പ്രബുദ്ധതയിലെത്തിയകുറച്ചുപേര്‍ (വിഷ്ണു, ബ്രഹ്മാവ്‌, രുദ്രന്‍ മുതലായവര്‍) ദേവവൃന്ദത്തിലുണ്ട്. നേതൃനിരയില്‍ കശ്യപന്‍, നാരദന്‍, സനത്കുമാരന്മാര്‍ മുതലായവരുണ്ട്. അസുരന്മാരില്‍ ഹിരണ്യകശിപു, ബലി, പ്രഹ്ലാദന്‍ എന്നിവരും, രാക്ഷസന്മാരില്‍ വിഭീഷണന്‍, പ്രഹസ്തന്‍, ഇന്ദ്രജിത്ത് എന്നിവരും നാഗന്മാരില്‍ തക്ഷകനും പ്രബുദ്ധരായവരില്‍പ്പെടുന്നു.

മനുഷ്യരില്‍പ്പോലും പ്രബുദ്ധരായ ചിലരുണ്ട്. എന്നാലവരുടെ എണ്ണം തുലോം വിരളമാണ്. ലക്ഷക്കണക്കായ ജനങ്ങളില്‍ പ്രബുദ്ധരായവര്‍ ഒന്നോ രണ്ടോ മാത്രം! 

582 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 582

തസ്മാത്സ്വനിശ്ചയേ യസ്മിന്‍യ: സ്ഥിത: സ തഥാ തത:
അവശ്യം ഫലമാപ്നോതി ന ചേദ്ബാല്യാന്നിവര്‍ത്ത്തേ (6.2/97/8)
വസിഷ്ഠന്‍ തുടര്‍ന്നു: പരമാത്മാവിന്റെ സ്വപ്നമാണ് ഈ ലോകം. എല്ലാമെല്ലാം ബ്രഹ്മമാണ്. അനുഭവവും ബ്രഹ്മം.
ലോകമെന്ന ഭ്രമക്കാഴ്ച വെറും പ്രകടനമാണ്. എന്നാല്‍ പരമബോധം ദൃഷ്ടമായ ഒന്നല്ല. അതുകൊണ്ട് ഭ്രമക്കാഴ്ച്ചയെ സത്യമായി, ആത്മാവിന്റെ സങ്കല്‍പ്പമായി കരുതാന്‍ ഇടയാകുന്നു. അനന്തബോധത്തിന്റെ സത്യാവസ്ഥ ‘മനസ്സിലാക്കാവുന്ന’ ഒരു തലത്തിലല്ലാ എങ്കിലും ലോകമെന്ന കാഴ്ചയെ ഭ്രമമായിത്തന്നെ കണക്കാക്കണം. നിശ്ശൂന്യതയെന്ന ധാരണയ്ക്ക് അങ്ങിനെയാണ് സാംഗത്യമുണ്ടാവുന്നത്. 
അനന്തബോധം അല്ലെങ്കില്‍ അതില്‍ നിന്നും ഉണരുന്ന പരമപുരുഷന്‍ കര്‍മ്മങ്ങളില്‍ പങ്കാളിയല്ല. അഹേതുകഹേതുവാണ് ലോകത്തിന്റെ ഉദ്ഭവത്തിന് നിദാനം. ഇതെല്ലാവര്‍ക്കും അനുഭവമുള്ളതും അറിയാവുന്നതുമാണ്. ചിലര്‍ പറയുന്നത് ബ്രഹ്മം ലോകമായി കാണപ്പെടുന്നു എന്നാണ്. ഇരുട്ടില്‍ കയറിനെ പാമ്പായി കാണുന്നതുപോലെയുള്ള അവിദ്യാദര്‍ശനമാണത്. എങ്കിലും അനുഭവത്തില്‍ ഇതും സത്യമാണ്. 

വിശ്വമെന്നത് അണുക്കളുടെ ഒരു സംഘാതമാണ്‌ എന്ന തത്വത്തിനും പ്രസക്തിയുണ്ട്. ഈ അറിവും ഉത്തമനിരീക്ഷണത്തോടെ വന്നുചേര്‍ന്ന അറിവാണല്ലോ. മറ്റുചിലരുടെ അഭിപ്രായത്തില്‍ ലോകമെന്നത് നാം എന്ത് കാണുന്നോ അതാണ്‌. ഈ തത്വം നാം കാണാത്ത ഇതരലോകങ്ങളിലും ബാധകമാണല്ലോ. അതിനാല്‍ ലോകമെന്നത് സത്തോ അസത്തോ അല്ല. അത് വെറും ആപേക്ഷികം മാത്രം. ഇനിയും ചിലരുടെ നോട്ടത്തില്‍ ബാഹ്യലോകം മാത്രമേ സത്യമായുള്ളൂ. മറ്റൊരു സത്തയും ഉണ്ടെന്നു കണക്കാക്കേണ്ടതില്ല. അവരെയും തെറ്റ് പറയാനാവില്ല. അവര്‍ അവരവരുടെ അനുഭവമനുസരിച്ച്‌, അവര്‍ക്ക് എത്താന്‍ കഴിയാത്ത അനുഭവതലങ്ങളെ തിരസ്കരിക്കുന്നു എന്നേയുള്ളു. മറ്റുള്ളവരുടെ അനുഭവങ്ങള്‍ക്ക് അങ്ങിനെ ഒരതീതതലം ഉണ്ടാവാം എന്നൊരു സാദ്ധ്യത അവര്‍ കാണുന്നതേയില്ല.

എല്ലാമെല്ലാം എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന തത്വവും പ്രസക്തമാണ്. ഈ മാറ്റങ്ങള്‍ക്ക് നിദാനമായ ശക്തി സര്‍വ്വശക്തമായിരിക്കണമല്ലോ. ദേഹമെന്ന കിളിക്കൂട്ടില്‍ ജീവനെന്ന കിളി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നും മരണത്തോടെ ആ കിളി കൂടുവിട്ടു പറന്നു മറ്റൊരു ധാമത്തിലേയ്ക്ക് പോകുന്നുവെന്നും ഉള്ള വിശ്വാസം ചില വിദേശങ്ങളില്‍ പ്രബലമാണ്. അവരുടെ സമൂഹത്തില്‍ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള ഈ തത്വത്തിനും സാംഗത്യമുണ്ട്.

മഹാന്മാര്‍ എല്ലാത്തിനെയും സമതാഭാവത്തില്‍ വീക്ഷിക്കുന്നു. യഥാര്‍ത്ഥ്യമായുള്ളത് എല്ലാറ്റിന്റെയും ആത്മാവാണെന്ന സത്യത്തെ അവര്‍ അറിയുന്നു. ചൈതന്യവത്തായ പ്രത്യേകകാരണങ്ങള്‍ (സൃഷ്ടാവ്) ഒന്നും കൂടാതെ പ്രകൃതി സ്വയമേവ ഉരുത്തിരിഞ്ഞുണ്ടാവുന്നു എന്ന് കരുതുന്നവരുമുണ്ട്. കാരണം പ്രകൃതിയില്‍ അനഭികാമ്യങ്ങളായ അനേകം പ്രശ്നങ്ങള്‍ - പ്രകൃതി ദുരന്തങ്ങള്‍ മുതലായവ ഉണ്ടാകുന്നുണ്ടല്ലോ. എന്നാല്‍ എല്ലാറ്റിന്റെയും സൃഷ്ടാവായി ഒരു വിശ്വശില്പി-നിയന്താവുണ്ടെന്നു പറയുന്നവരുടെ വാദവും വിലയുള്ളതാണ്. വിശ്വശക്തിയുടെ കേദാരമായി ആ ഭഗവാനെ അവര്‍ കാണുന്നു. 

മറ്റുള്ള ലോകങ്ങളും ഈ ലോകവും നിലകൊള്ളുന്നുണ്ടെന്ന് പറയുന്നവരും ശരിയാണ്. അവരെ സംബന്ധിച്ചിടത്തോളം തീര്‍ത്ഥയാത്ര, പൂജാദികര്‍മ്മങ്ങള്‍, ഇവയ്ക്കെല്ലാം അര്‍ത്ഥമുണ്ട്. എല്ലാമെല്ലാം പൂര്‍ണ്ണശൂന്യമാണെന്ന വാദവും വൃഥാവിലല്ല. കാരണം ധ്യാനാത്മകനിരീക്ഷണത്തില്‍ നിന്നാണല്ലോ അവര്‍ അത്തരം ഒരു വിശ്വാസമാര്‍ജ്ജിച്ചിട്ടുണ്ടാവുക.

അനന്തബോധമെന്നത് ശുദ്ധസ്ഫടികം പോലെയാണ്. അതിനെല്ലാറ്റിനെയും, സകലമാന ധാരണകളേയും പ്രതിഫലിപ്പിക്കാനാവും.

അറിവുള്ളവര്‍ അനന്തബോധത്തെ ശൂന്യമെന്നോ ശൂന്യമല്ലെന്നോ കണക്കാക്കുന്നില്ല. അത് അനന്തശക്തിയുള്ളതാണ്. പരിമിതമായ ദൃഷ്ടിക്കും അറിവിനും അതിനെ അളക്കാനാവില്ല.

“അതിനാല്‍ എന്തിലാണോ ഒരുവന്‍ സുദൃഢമായി വിശ്വസിക്കുന്നത്, അവന്‍ അതില്‍ത്തന്നെ സധീരം അടിയുറച്ചു നില്‍ക്കുകയാണെങ്കില്‍, അയാള്‍ ആ ഭാവനാസാക്ഷാത്ക്കരത്തെ വെറും കുട്ടിക്കളിയായി കണക്കാക്കാതിരിക്കുന്ന പക്ഷം, അയാള്‍ ആ ലക്ഷ്യത്തില്‍ എത്തുകതന്നെ ചെയ്യും.

സാധകന്‍ സത്യാന്വേഷികളുമായി സത്സംഗം ചേര്‍ന്ന്‍ സത്യത്തെ അറിയാന്‍ ശ്രമിക്കണം. എന്നിട്ട് അവനവന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എത്തിച്ചേരുന്ന തീരുമാനങ്ങളില്‍ ചാഞ്ചല്യമില്ലാതെ അടിയുറച്ചു നില്ക്കണം.

581 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 581


ന ചദ്യാപി മൃതം രാമ ചിന്മാത്രം കസ്യചിത്ക്വചിത്
നച ശൂന്യാ സ്ഥിതാ ഭൂമിസ്തസ്മാത്ച്ചിത്പുരുഷോക്ഷയ: (6.2/96/16)

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ ആ പാറയുടെ കഥ പറഞ്ഞത് നിനക്ക് സത്യസാക്ഷാത്ക്കാരമുണ്ടാവാനായാണ്. വാസ്തവത്തില്‍ യാതൊന്നും ഒരിടത്തും ഒരുകാലത്തും ഇല്ല. ബ്രഹ്മം മാത്രമേയുള്ളൂ. അതൊരുകാലത്തും വിഛിന്നമാവുകയില്ല.
ബ്രഹ്മം എന്നത് ബോധഘനമാണ്. അത് മാറ്റങ്ങള്‍ക്ക് വിധേയമല്ല. വിശ്വപുരുഷന്‍, സൂക്ഷ്മമായിരുന്നാലും സ്ഥൂലമായിരുന്നാലും ആ ബോധഘനത്തിലെ സ്വപ്നവസ്തുവാണ്. അതിനാല്‍ സൃഷ്ടികര്‍ത്താവായി ഒരു ബ്രഹ്മാവില്ല, സൃഷ്ടികളുമില്ല. ഉള്ളത് അനന്തമായ, അവിഭാജ്യമായ ബോധം മാത്രം.
സ്വപ്നത്തിലെ നാനാത്വം സ്വപ്നം കാണുന്നവനില്‍ ഇല്ല. അതുപോലെ ബോധത്തില്‍ സൃഷ്ടിയെന്ന ധാരണയുണ്ടായാലും ബോധത്തിനെ അത് ബാധിക്കുന്നതേയില്ല. ബോധം മാത്രമേയുള്ളൂ. സൃഷ്ടി ഇല്ലാത്തതാണ്, മിഥ്യയാണ്. സ്വപ്നത്തിലെ മാമല മലയല്ല, അത് സ്വപ്നമാണ്.
ഞാനും വിശ്വപുരുഷനും നീയുമെല്ലാം ബോധഘനമായ ചിദാകാശമാണ്. ചിദാകാശമെന്ന ‘ഞാന്‍’ ഇല്ലെങ്കില്‍ ദേഹം വെറും പിണം.
അനന്തബോധത്തെ മുറിക്കാനോ, എരിച്ചുകളയാനോ അവസാനിപ്പിക്കാനോ ആവില്ല. അതിനാല്‍ ആരുമൊരിക്കലും മരിക്കുന്നില്ല; ജനിക്കുന്നുമില്ല. ഒരുവന്‍ മരിക്കുമ്പോള്‍ ബോധവും മരിക്കുന്നു എന്ന് പറയുന്നത് മകന്‍ മരിക്കുമ്പോള്‍ അച്ഛനും മരിക്കുന്നു എന്ന് പറയുന്നതുപോലെ അസംബന്ധമാണ്. ബോധം ഇല്ലാതായാല്‍ പിന്നെ ഒന്നുമില്ല. ലോകമില്ല.

“രാമാ, ഈ ബോധം ഇപ്പോഴും മരിച്ചിട്ടില്ല. ഒരിക്കലും ഒരിടത്തും ആരിലും നാശമുണ്ടായിട്ടില്ല. സൃഷ്ടിയൊരു ശൂന്യതയായും നിലനിന്നിട്ടില്ല. അതിനാല്‍ എല്ലാവരിലെയും ആന്തരസത്ത  മാറ്റങ്ങള്‍ക്കു വിധേയമല്ലാത്ത നിര്‍മ്മലബോധം മാത്രമാകുന്നു.”

ഇക്കാര്യം ഉള്ളിലുണര്‍ന്നാല്‍പിന്നെ ജനനമെവിടെ? മരണമെവിടെ? ‘ഞാന്‍ ശുദ്ധബോധമാകുന്നു’ എന്ന സാക്ഷാത്ക്കാരം ലഭിച്ചവന്‍ ജീവനെപ്പറ്റിയും മരണത്തെപ്പറ്റിയും, സുഖദുഖങ്ങളെപ്പറ്റിയും ആകുലപ്പെടുന്നതെന്തിന്?

ഈ ഉണര്‍വ്വേര്‍പ്പെടാത്തവന്റെ കാര്യം കഷ്ടം! ബോധസാക്ഷാത്ക്കാരനിറവിലുള്ള ഒരുവനെ യാതൊരാപത്തുകളും ബാധിക്കുകയില്ല. അയാള്‍ക്ക് മാനസീകമായ പ്രശ്നങ്ങളോ രോഗങ്ങളോ ഉണ്ടാവുകയില്ല. ‘ഞാന്‍ ഈ ദേഹമാണ്’ എന്ന ചിന്തയില്‍ കഴിയുന്നവന്‍ തന്റെ ശക്തിയും ജ്ഞാനവും നഷ്ടപ്പെടുത്തുകയാണ്. ‘ഞാന്‍ ശുദ്ധബോധമാണ്’ എന്നുറച്ചവനില്‍ ശക്തിജ്ഞാനാദികള്‍ കൂടുതല്‍ പ്രബലമാവുന്നു. അവനില്‍ ലോഭ-മോഹ-മദ-മാല്‍സര്യങ്ങള്‍ ഇല്ല.

‘നാം മരിച്ചുപോകും’ എന്ന് വിലപിക്കുന്നവരുടെ മൂഢത നോക്കൂ. അവര്‍ ചിന്തിക്കുന്നത് ഈ ദേഹത്തെപ്പറ്റി മാത്രമാണ്. ‘ഞാന്‍ ബോധമാണ്’ എന്ന അറിവില്‍ വിരാജിക്കുന്നവര്‍ക്ക് ഏറ്റവും ശക്തിയേറിയ ആയുധം കൊണ്ടുള്ള പ്രഹരംപോലും പൂക്കള്‍ കൊണ്ടുള്ള തലോടലായി അനുഭവപ്പെടുന്നു.

ബോധത്തിന് മരിക്കാനാവുമെങ്കില്‍ ആളുകള്‍ ഇപ്പോഴും മരിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങിനെയാണെങ്കില്‍ നീ പണ്ടേ മരിച്ചിരിക്കുന്നു. വാസ്തവത്തില്‍ ആരും മരിക്കുന്നില്ല, ഒന്നും ഇല്ലാതാവുന്നില്ല.

ബോധമാണ് ‘എനിക്ക് ജീവനുണ്ട്’, ‘ഞാന്‍ മരിച്ചു’ എന്നെല്ലാമുള്ള ധാരണ വെച്ചുപുലര്‍ത്തുന്നത്. ബോധം സംസാരത്തെ (ലോകത്തെ) കാണുന്നു, അതാവുന്നു. അതേ ബോധം തന്നെ മോക്ഷത്തെപ്പറ്റിയുള്ള അവബോധമാവുന്നു. സുഖദുഖങ്ങളെപ്പറ്റി ബോധം അറിയുന്നു, എന്നാല്‍ അവയുടെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ഇടയാക്കുന്നില്ല.

ആത്മ-അവിദ്യയുടേതായ ഒരു തലത്തില്‍ ബോധം ഭ്രമാത്മകമാവുന്നു. ആത്മ-വിദ്യയുടെ തലത്തില്‍ അത് ഭ്രമവിമുക്തവുമാകുന്നു. എന്നാല്‍ ബോധം ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല.

വാസ്തവത്തില്‍ ഉണ്മ എന്നൊന്ന് ഇല്ല. അജ്ഞാനം, അസത്ത്, എന്നതും ‘ഇല്ലാത്ത’താണ്. ഒരാള്‍ എന്തെന്തു നിനയ്ക്കുന്നുവോ അതങ്ങിനെതന്നെ ആയി നിലകൊള്ളുകയാണ്. 

Jul 2, 2014

580 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 580

മോക്ഷ: ശീതളചിത്തത്വം ബന്ധ: സന്തപ്തചിത്തതാ
എതസ്മിന്നപി നാര്‍ത്ഥിത്വമഹോ ലോകസ്യ മൂഢതാ (6.2/95/29)

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ പറഞ്ഞുവല്ലോ, ആകാശങ്ങളില്‍ ഞാനൊരു പ്രേതപിശാചായി അലയുകയായിരുന്നു. ആരും എന്നെ കണ്ടില്ല. ദേവന്മാര്‍  എന്റെ നിയന്ത്രണത്തിലായിരുന്നു, എന്നാല്‍ അവര്‍ക്കെന്നെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല.
ഒരു ദിവസം ഞാന്‍ വിചാരിച്ചു. ‘എന്റെ ആഗ്രഹം സഫലമാവട്ടെ, ഈ ദേവജനങ്ങള്‍ക്ക് എന്നെ കാണുമാറാകട്ടെ.’ ആ ആഗ്രഹം ഉടന്‍ നടപ്പിലായി. അവര്‍ എന്നെ കണ്ടു. അവര്‍ക്കിടയില്‍ എന്റെ രൂപഭാവങ്ങളെപ്പറ്റി യുണ്ടായിരുന്ന ധാരണകള്‍ തുലോം വിഭിന്നങ്ങളായിരുന്നു.
എന്റെ വ്യക്തിത്വത്തെപ്പറ്റി അറിയാതിരുന്ന അവരില്‍ ചിലര്‍ വിചാരിച്ചത് ഞാന്‍ ഭൂമിയില്‍ നിന്നും പൊട്ടിമുളച്ചതാണെന്നത്രേ. അവരെന്നെ ‘പാര്‍ത്ഥിവ വസിഷ്ഠന്‍’ എന്ന് വിളിച്ചു. ചിലര്‍ കരുതി ഞാന്‍ സൂര്യകിരണങ്ങളില്‍ നിന്നും ഉണ്ടായതാണെന്ന്. അവരെന്നെ ‘തൈജസവസിഷ്ഠന്‍’ എന്നഭിസംബോധനചെയ്തു. കാറ്റിലൂയലാടി ഞാനെത്തിയതാണെന്ന് കരുതിയ ചിലരെന്നെ ‘വാതവസിഷ്ഠ’നെന്നാണു വിളിച്ചത്. ജലത്തില്‍ നിന്നുമാണെന്റെ ഉദ്ഭവം എന്ന് കരുതിയ ചിലരെന്നെ ‘വാരിവസിഷ്ഠന്‍’ എന്നും വിളിച്ചു.  
കാലക്രമത്തില്‍ എനിക്ക് പദാര്‍ത്ഥസഞ്ചയമായ ഒരു സ്തൂലദേഹം കിട്ടി. എന്നെ സംബന്ധിച്ചിടത്തോളം സൂക്ഷ്മദേഹവും സ്ഥൂലദേഹവും തമ്മില്‍ അന്തരമേതുമില്ല. രണ്ടും വാസ്തവത്തില്‍ ബോധം തന്നെയാണല്ലോ. ഇപ്പോള്‍ ഇവിടെയും ഞാന്‍ ആ ശരീരത്തിലൂടെ ഈ പ്രഭാഷണാര്‍ത്ഥം വര്‍ത്തിക്കുന്നു.

ജീവന്മുക്തനായ മുനി ബ്രഹ്മം തന്നെയാകുന്നു. അയാളുടെ ദേഹം ലോലലോലമാണ്. എന്നാല്‍ വിദേഹനായ മുനിയും ബ്രഹ്മമാകുന്നു. ബ്രഹ്മേതരമായി എന്നില്‍ യാതൊരു ധാരണയും ഇല്ല. അതിനാല്‍ വൈവിദ്ധ്യങ്ങളായ കാര്യങ്ങള്‍ ചെയ്യുമ്പോഴും എന്നില്‍ ബ്രഹ്മബോധം അവസാനിക്കുന്നതേയില്ല. സ്വപ്നം കാണുന്നവന് അജനും അമൂര്‍ത്തവുമായ സ്വപ്നവസ്തു എപ്രകാരം യാഥാര്‍ത്ഥ്യമാണോ അപ്രകാരം ഈ ലോകവും പദാര്‍ഥങ്ങളും എനിക്കും യാഥാര്‍ത്ഥ്യമാണ്.

ഈ സൃഷ്ടികളുടെയെല്ലാം നിജസ്ഥിതി അത് തന്നെ. സത്യമെന്ന മട്ടില്‍ പ്രശോഭിതമായി കാണപ്പെടുന്നുവെങ്കിലും അവ ഒരിക്കലും സൃഷ്ടമായിട്ടുണ്ടായിരുന്നിട്ടില്ല.

ലോലലോലനായ സൂക്ഷ്മശരീരിയായ വസിഷ്ഠന്‍ എന്നൊരാളെപ്പറ്റി നിങ്ങള്‍ക്കെല്ലാമുള്ള ധാരണകള്‍ ഘനീഭവിച്ച് ഞാന്‍ നിങ്ങളുടെ മുന്നിലിപ്പോള്‍ മൂര്‍ത്തമായിരിക്കുന്നു. എന്നാല്‍ ഇതെല്ലാം പൂര്‍ണ്ണനിശ്ശൂന്യത മാത്രമാണ്. ഈ ധാരണകള്‍ എല്ലാം സൃഷ്ടാവിന്റെ മനസ്സില്‍ ഉണ്ടായവ മാത്രമാണ്.

നിങ്ങളുടെ ബോധത്തില്‍ ‘ഞാന്‍’, ‘നീ’, മുതലായ സങ്കല്‍പ്പങ്ങള്‍ ഉറച്ചുപോയിരിക്കുന്നു. എന്നാല്‍ അവയെപ്പറ്റി ഗവേഷണം ചെയ്യാന്‍ നിങ്ങളിതുവരെ പരിശ്രമിച്ചിട്ടില്ല. അവയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയാല്‍, അവയുടെ സ്വരൂപമെന്തെന്നു മനസ്സിലാക്കിയാല്‍ അവ പൊടുന്നനേ അപ്രത്യക്ഷമാകുന്നു. സത്യം വെളിവാകുമ്പോള്‍ സൃഷ്ടിയെന്ന മിഥ്യ മരുമരീചികയില്‍നിന്നും ജലമെന്നപോലെ പോലെ എങ്ങോ പോയിമറയും.

വാസ്തവത്തില്‍ യോഗവാസിഷ്ഠമെന്ന മഹാരാമായണം പഠിക്കുന്നതോടെ ഒരുവനില്‍ അനായാസം ഈ സത്യസാക്ഷാത്ക്കാരം നിറവാകും. എന്നാല്‍ മോക്ഷം ലക്ഷ്യമാക്കാത്തവന്‍ വെറും കീടമാണ്. അവനെ മനുഷ്യനെന്ന് വിളിക്കാന്‍ വയ്യ. മോക്ഷത്തിന്റെ ആനന്ദവും അജ്ഞതയില്‍ നിന്നുളവാകുന്ന ദുഖവും സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. മഹാരാമായണം പഠിക്കുന്നതിലൂടെ പരമപ്രശാന്തിയില്‍ എത്തിച്ചേരാം.

“മുക്തി, അന്ത:ശീതളിമയെ പ്രദാനം ചെയ്യുന്നു. എന്നാല്‍ ബന്ധനം മാനസീകമായ പിരിമുറുക്കവും തദ്ജന്യമായ കൊടുംചൂടുമാണ് നല്‍കുന്നത്. ഇക്കാര്യം അറിഞ്ഞിട്ടും മനുഷ്യന്‍ മോക്ഷത്തിനായി പ്രവര്‍ത്തിക്കുന്നില്ല. എത്ര മൂഢമതികളാണീ ജനങ്ങള്‍!”

ഇന്ദ്രിയസുഖാനുഭവങ്ങള്‍ക്കായുള്ള അദമ്യമായ ആഗ്രഹം അവരെ കീഴ്പ്പെടുത്തുന്നു. എന്നാല്‍ അങ്ങിനെയുള്ളവര്‍ക്കുപോലും ഈ ശാസ്ത്രം പഠിക്കുന്നതിലൂടെ മോക്ഷത്തിനായുള്ള ആഗ്രഹം വളര്‍ത്തിയെടുക്കാനാകും. 


ഏഴാം ദിവസം അവസാനിക്കേ, സഭ പിരിഞ്ഞു.

579 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 579

സത്ത്വാവഷ്ടംഭയന്ത്രേണ മന്ത്രേണാരാധിതേന വാ
ദൃശ്യന്തേപി ച ഗൃഹ്യന്തേ കദാചിത്കേനചിത്ക്വചിത് (6.2/94/39)
വസിഷ്ഠന്‍ തുടര്‍ന്നു: ചില പിശാചുക്കള്‍ക്ക് നമ്മെപ്പോലെ കൈകാലുകളും മറ്റും ഉണ്ടെങ്കിലും അവരുടേത് അതിലോലമായ ദേഹമാണ്. മറ്റു ചില പിശാചുക്കള്‍ക്ക് ഭയാനകമായ നിഴല്‍ രൂപങ്ങളാണുള്ളത്. അവര്‍ മനുഷ്യദേഹങ്ങളെയും മനസ്സുകളെയും അതിക്രമിച്ചു ബാധിക്കുന്നു. അവരില്‍ ചിലര്‍ മനുഷ്യരെ കൊല്ലുന്നു. ചിലര്‍ മൂടല്‍മഞ്ഞ് പോലെയും മറ്റുചിലര്‍ സ്വപ്നജീവികള്‍ പോലെയുമായിരിക്കും. ചിലരുടെ ദേഹം വായുനിര്‍മ്മിതമാണ്. ചില പിശാചുക്കള്‍ക്ക് അവയെ കാണുന്നവന്റെ ഭ്രമത്തിനൊത്ത ദേഹരൂപങ്ങളായിരിക്കും ഉണ്ടാവുക.
അവരെ നമുക്ക് അറിയാനാകില്ല. അവര്‍ക്ക് മറ്റുള്ളവരെയും അങ്ങിനെതന്നെ. എന്നാല്‍ അവര്‍ സുഖം, ദുഃഖം, ഉഷ്ണം, ശീതം എന്നിവയെല്ലാം അനുഭവിക്കുന്നുണ്ട്. അവര്‍ക്ക് തിന്നാനോ കുടിക്കാനോ ആവില്ല. അവര്‍ക്ക് ഒന്നും എടുക്കാനും കഴിയില്ല. എന്നാലവര്‍ക്കും ആശ, വെറുപ്പ്, ഭയം, ക്രോധം,ദുര, ഭ്രമം എന്നിത്യാദി വികാരങ്ങളുണ്ട്. അവരെ ആകര്‍ഷിച്ച് നമ്മുടെ വരുതിയിലാക്കാന്‍ മന്ത്രങ്ങളും, മരുന്നുകളും, തപസ്സും, ദാനവും, ധൈര്യവും, ധര്‍മ്മവും എല്ലാം ഉപയോഗിക്കാം.

“സത്വഗുണപ്രധാനിയായ ഒരുവനെപ്പോലും പിശാചുക്കള്‍ ബാധിച്ചേക്കാം. മാസ്മരീകങ്ങളായ കളമെഴുത്തുകള്‍, കോലങ്ങള്‍, മണ്ഡലങ്ങള്‍, മന്ത്രങ്ങള്‍, ആരെങ്കിലും എവിടെയെങ്കിലും എപ്പോഴെങ്കിലും ചെയ്യുന്ന പൂജകള്‍ എന്നിവയെല്ലാം കൊണ്ട് ബാധയുണ്ടാവാം”

എന്നാല്‍ ചില പ്രേതങ്ങള്‍ പവിത്രമാണ്. അവര്‍ ദേവതകളായി കാണപ്പെടുന്നു. ചിലര്‍ മനുഷ്യരൂപികളും മറ്റുചിലര്‍ സര്‍പ്പരൂപികളുമാണ്. ചിലര്‍ നായ്ക്കളെയും ചെന്നായ്ക്കളെയും പോലെ ഗ്രാമങ്ങളിലും കാടുകളിലും പൊട്ടക്കിണറുകളിലും വഴിയോരങ്ങളിലും മറ്റ് മലിനസ്ഥലങ്ങളിലും  അധിവസിക്കുന്നു. അവരുടെ ഉദ്ഭവം എങ്ങിനെയെന്ന് ഇനി പറയാം.

അനന്തബോധത്തില്‍ ജീവന്‍ എന്നൊരു ധാരണ ഉദിച്ചുയരുന്നു. അതിന്റെ മാന്ദ്യം വര്‍ദ്ധിച്ച് കൂടുതല്‍ സാന്ദ്രതയാര്‍ന്ന് അഹംകാരമാവുന്നു, അല്ലെങ്കില്‍ മനസ്സാകുന്നു. അതാണ്‌ പിന്നീട് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവായി അറിയപ്പെടുന്നത്.

ഈ പ്രപഞ്ചമാകെ ഉയര്‍ന്നുണര്‍ന്നു നിലകൊള്ളുന്നത് വെറും ധാരണയിലാണ്. അതുകൊണ്ടുതന്നെ അത് മിഥ്യയാകുന്നു. എന്നാല്‍ അതിന്റെ അനുഭവം യാഥാര്‍ത്ഥ്യമെന്നപോലെയാണ്. തന്റെ തോന്നല്‍ മാത്രമാണ് സത്യമെന്ന തോന്നല്‍ ഒരുവന് ഉണ്ടാകാമല്ലോ. ഈയര്‍ത്ഥത്തില്‍ ദേവന്മാരും മറ്റു സൃഷ്ടികളുമെല്ലാം സത്യമെന്ന് തോന്നാം. വാസ്തവത്തില്‍ ഇവിടെ ഒരു കൃഷിയിടമില്ല, വിത്തില്ല, കൃഷിക്കാരനില്ല, മരമില്ല, - ചുരുക്കത്തില്‍ സൃഷ്ടിയെന്നത് ഇല്ലാത്ത വസ്തുവാണ്.

എന്നാല്‍ സൃഷ്ടിയെന്ന സങ്കല്‍പ്പഭാവനയില്‍ ഇതെല്ലാം ഉണ്ട് താനും. അവയില്‍ ജാജ്വല്യമാനപ്രഭയുള്ളവരാണ് ദേവന്മാര്‍. പകുതി വെന്ത – പക്വതയെത്താത്തവരാണ് മനുഷ്യര്‍. കട്ടികൂടിയ മാലിന്യമാകുന്ന മൂടുപടം കൊണ്ട് കാഴ്ച മറഞ്ഞിരിക്കുന്നവരാണ് മൃഗങ്ങളും കൃമികീടങ്ങളും എന്നാല്‍ യാതൊരുപകാരവുമില്ലാതെ അശരീരികളായുള്ളവരാണ് പ്രേതപിശാചുക്കള്‍. ഈ ഭേദങ്ങള്‍ ഉരുത്തിരിയുന്നത് ബ്രഹ്മാവിന്റെ ഇഛയ്ക്കൊത്തല്ല, പ്രത്യുത എല്ലാത്തിനും കാരണം അവരവരുടെ സ്വതന്ത്രേഛമാത്രമാണ്. ഒരുവന്‍ എന്താഗ്രഹിക്കുന്നുവോ എന്ത് ഭാവിക്കുന്നുവോ അതായിത്തീരുന്നു.
 
എന്നാല്‍ എല്ലാമെല്ലാം അതിവാഹികനെന്ന സൂക്ഷ്മ ദേഹമായി കാണുന്നുവെങ്കിലും അതെല്ലാം ബോധം മാത്രമാണ്. തുടര്‍ച്ചയായി ആത്മവഞ്ചന (തെറ്റിദ്ധാരണ) യില്‍ തുടരുന്നതുമൂലമാണ് അവര്‍ക്ക് ഭൌതികദേഹവും മൂര്‍ത്തരൂപവും ഉണ്ടാകുന്നത്. പിശാചുക്കളും അവരവരുടെ സ്വരൂപങ്ങളില്‍ നിലകൊള്ളുന്നു. ചെയ്യേണ്ടതെല്ലാം യഥേഷ്ടം ചെയ്ത് സ്വഭാവത്തിനനുസരിച്ചുള്ള അനുഭവങ്ങള്‍ സ്വായത്തമാക്കുകയാണ്. അവര്‍ ഒരു സ്വപ്നത്തിലെന്നവണ്ണം പരസ്പരം കാണുകയും സംവദിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ സംവേദനക്ഷമരല്ലാത്തതിനാല്‍ അവര്‍ സ്വപ്നവസ്തുക്കളെപ്പോലെ നിലകൊള്ളുന്നു.

പ്രേതപിശാചുക്കളെപ്പോലെ തന്നെ വേതാളങ്ങളും ഉടലില്ലാത്തവരുമുണ്ട്. അവര്‍ സ്വയം അജ്ഞാനത്തിന്റെ, അല്ലെങ്കില്‍ ഇരുട്ടിന്റെ ഒരു വലയമുണ്ടാക്കി സൂര്യകിരണങ്ങളെപ്പോലും പ്രവേശിപ്പിക്കാതെ അതിനുള്ളിലിരിക്കുന്നു. അവര്‍ അജ്ഞതയുടെ ഇരുട്ടിലാണ് തഴച്ചുവളരുന്നത്. ജ്ഞാനത്തിന്റെ പ്രകാശം അവര്‍ക്ക് ശത്രുവാണ്.

578 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 578

ജനോ ജരഢഭേദത്വാന്ന സങ്കല്‍പ്പാര്‍ത്ഥഭാജനം
സ ഏഷ ജീര്‍ണ്ണഭേദത്വാത്സത്യകാമത്വഭാജനം (6.2/94/22)

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ മഹര്‍ഷിയോടിങ്ങിനെ പറഞ്ഞു: അങ്ങയുടെ കഥ കേട്ടിട്ട് അങ്ങ് ആ പര്‍ണ്ണശാലയില്‍ത്തന്നെ തുടര്‍ന്നും ജീവിക്കണം എന്നാണെനിക്ക് പറയാനുള്ളത്. എഴുന്നേല്‍ക്കൂ, നമുക്ക് സിദ്ധപുരുഷന്മാരുടെ ഉത്തമലോകങ്ങളില്‍ വിഹരിക്കാം. നമുക്കൊരോരുത്തര്‍ക്കും അവരവര്‍ക്ക് ഉചിതമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നതാണല്ലോ അഭികാമ്യമായുള്ളത്. അങ്ങിനെ നമ്മുടെ മനസ്സിന് വ്യതിചലനമില്ലാതെ ഏകാഗ്രമായിരിക്കാം.
ഞങ്ങള്‍ ആകാശത്തുയര്‍ന്നുപൊങ്ങി പരസ്പരം ആദരവര്‍പ്പിച്ച് അവരവരുടെ വഴിക്ക് പിരിഞ്ഞു.
രാമന്‍ ചോദിച്ചു: അങ്ങയുടെ ദേഹം ഭൂമിയില്‍ പൊടിഞ്ഞു ജീര്‍ണ്ണമായിത്തീര്‍ന്നിരുന്നുവല്ലോ. അപ്പോള്‍പ്പിന്നെ ഏതു ദേഹത്തിലാണ് അങ്ങ് സിദ്ധലോകത്ത് പാറിനടന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ദേവരാജാവായ ഇന്ദ്രന്റെ നഗരിയില്‍ ചെന്നപ്പോള്‍ എനിക്ക് ആകാശദേഹമായിരുന്നതിനാല്‍ ആര്‍ക്കുമെന്നെ കാണാന്‍ കഴിഞ്ഞില്ല. എന്നെയാര്‍ക്കും തൊടാനോ പിടിക്കാനോ കഴിഞ്ഞിരുന്നില്ല. ഞാന്‍ ഒരു ചിന്താശകലം പോലെ ശുദ്ധസങ്കല്‍പ്പസമ്പന്നമായിരുന്നു. ഇത് സ്വപ്നത്തില്‍ സൃഷ്ടിക്കപ്പെടുന്ന വസ്തുദേഹാദികളെപ്പോലെയാണ്. അത്തരം സ്വപന്സൃഷ്ടികളുണ്ടാക്കാന്‍ പിണ്ഡമുള്ള പദാര്‍ത്ഥങ്ങള്‍ വേണ്ടല്ലോ.

ഇതെല്ലാം അസംഭാവ്യം എന്ന് തള്ളിക്കളയുന്നവര്‍ സ്വപ്നാനുഭവത്തെ തള്ളിക്കളയുന്നവരാണ്. അത്തരം സുവിദിതമായ അനുഭവങ്ങളെ തള്ളിക്കളയുന്നവരെ നമുക്കവഗണിക്കാം. എനിക്ക് മറ്റുള്ളവരെ, പ്രത്യേകിച്ചും ഭൌതികദേഹമുള്ളവരെ കാണാന്‍ കഴിഞ്ഞിരുന്നു. അവര്‍ക്ക് എന്നെ കാണാന്‍ കഴിയുമായിരുന്നില്ല. 

രാമന്‍ വീണ്ടും ചോദിച്ചു: അപ്പോള്‍ ആ ഋഷിക്ക് അങ്ങയെ കാണാന്‍ സാധിച്ചതെങ്ങിനെ?

വസിഷ്ഠന്‍ പറഞ്ഞു: ഞങ്ങളെപ്പോലുള്ളവര്‍ക്ക് സ്വാഭീഷ്ടങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. യാതൊന്നും ഞങ്ങളുടെ ഇഛകൂടാതെ സംഭവിക്കുകയില്ല. ലൌകീകജീവിതത്തില്‍ ആണ്ടുമുങ്ങിയവര്‍ മാത്രമേ തങ്ങളിലെ ആതിവാഹികനെ (സൂക്ഷ്മദേഹം) ക്ഷണനേരത്തെയ്ക്കെങ്കിലും മറക്കുകയുള്ളു. ‘ഈ ഋഷി എന്നെ കാണട്ടെ’ എന്ന് ഞാന്‍ ചിന്തിച്ചപ്പോള്‍ അദ്ദേഹം എന്നെ കണ്ടു.

“വിഭജനാത്മകമായ ദൃഷ്ടി ഉള്ളില്‍ വേരൂന്നിയവര്‍ക്ക് അവരവരുടെ ഇഛകളെ സാക്ഷാത്ക്കരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ആ മുനിയെപ്പോലെ ഭേദചിന്തയില്ലാത്തവര്‍ക്ക് അഭീഷ്ടസിദ്ധി ക്ഷിപ്രസാദ്ധ്യമത്രേ.”

മനോസുതാര്യതയുള്ള സിദ്ധപുരുഷന്മാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിപുണതയുള്ളതാക്കാന്‍ സാധിക്കും.

ഇനി കഥയിലേയ്ക്ക് തിരിച്ചു വരാം. ഞാന്‍ ആകാശദേശങ്ങളില്‍ ഒരു പ്രേതപിശാചുക്കളെപ്പോലെ പാറിപ്പറന്നു നടന്നു.

രാമന്‍ ചോദിച്ചു: ഭഗവന്‍, വാസ്തവത്തില്‍ പ്രേതപിശാചുക്കള്‍ ഉണ്ടോ?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, പിശാചുക്കള്‍ ഈ ലോകത്തുണ്ട്. അവര്‍ എന്താണെന്നും അവര്‍ എന്ത് ചെയ്യുന്നുവെന്നും ഞാനിനി പറയാം. ഒരു ചോദ്യം ചോദിക്കുമ്പോള്‍ അതിനുചിതമായ ഉത്തരങ്ങള്‍ നല്‍കാത്തവന്‍ നല്ലൊരു ഗുരുവല്ല.

577 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 577

ജീര്യന്തേ ജീര്യത: കേശ ദന്താ ജീര്യന്തി ജീര്യത:
ക്ഷീയതേ ജീര്യതേ സര്‍വം തൃഷ്ണൈ വൈകാ ന ജീര്യതേ (6.2/93/86)
മുനി തുടര്‍ന്നു: ‘ഇത് ഇന്നുണ്ടായി’, ‘ഇതെന്റെതാണ്’, ‘ഇത് അവന്റെതാണ്’, എന്നെല്ലാം ചിന്തിച്ച്‌ കാലം കടന്നു പോകുന്നത് മനുഷ്യന്‍ അറിയുന്നില്ല. നമ്മള്‍ ഏറെ കുടിക്കുകയും തിന്നുകയും ചെയ്തിരിക്കുന്നു. ഏറെയിടങ്ങളില്‍ ചുറ്റിക്കറങ്ങി നടന്നിട്ടുമുണ്ട്. സുഖദുഖങ്ങളും കുറെയേറെ അനുഭവിച്ചു. ഇനിയെന്താണ് ചെയ്യാനായി ബാക്കിയുള്ളത്?
എങ്ങിനെയാണ് നമ്മില്‍ പരമപ്രശാന്തി കൈവരിക? എല്ലാ മരങ്ങളും തടിയാണ്; എല്ലാ ജീവികളും മാംസപിണ്ഡമാണ്. മണ്ണെല്ലാം കളിമണ്ണ്. എല്ലാം അശാശ്വതവും ദുഃഖപൂരിതവുമാണ്. പിന്നെ എന്തിലാണ് ഞാന്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടത്? എനിക്ക് ആരാണഭയം?
സുഹൃത്തുക്കളോ ബന്ധുക്കളോ പരിചിതമായ സുഖങ്ങളോ ഒന്നും നമുക്കുതകുകയില്ല. കാരണം അവയെല്ലാം കാലത്തിന്റെ കനിവിലാണ് നിലകൊള്ളുന്നത്. എല്ലാവരും നാളെ ചത്ത് മണ്ണടിയാനുള്ളവരാണ് എന്നറിഞ്ഞിട്ടും പിന്നെ എന്തിലാണ് ഞാന്‍ വിശ്വാസം സുദൃഢമാക്കുക? ശാസ്ത്രവിധിപ്രകാരമുള്ള ആചാരക്രമങ്ങളും കര്‍മ്മങ്ങളും പോലും ജലം ഉയര്‍ന്ന നിരപ്പില്‍ നിന്നും താഴേയ്ക്ക് ഒഴുകുന്നത്പോലെ  ഒരുവനെ സംസാരത്തിലേയ്ക്ക് നയിക്കുകയാണ്.

അവ ഒരുവനെ ചിന്താക്കുഴപ്പത്തില്‍ ചാടിച്ച് അവനില്‍ അങ്കലാപ്പുളവാക്കുന്നു. വാസ്തവത്തില്‍ അസത്തായത്, തുടര്‍ച്ചയായ സങ്കല്‍പ്പം കൊണ്ട് സത്തായി തോന്നുകയാണ്. അസത്ത് അസത്ത് മാത്രമാണ്. അതൊരിക്കലും ഉണ്മയാവുകയില്ല.

എന്നാല്‍ ഭ്രമചിന്തയില്‍ അമര്‍ന്നിരിക്കുന്ന മനുഷ്യര്‍ ഇന്ദ്രിയസുഖങ്ങള്‍ക്ക് പിറകേ ഓടിയോടി നദിയൊഴുകി കടലില്‍ ചെന്ന്ചേര്‍ന്ന് സ്വയമില്ലാതാവുന്നതുപോലെ  സ്വയം നശിക്കുന്നു. അജ്ഞാനകലുഷമായ മനസ്സ്, വില്ലില്‍ നിന്നും പുറപ്പെട്ട അമ്പെന്നപോലെ ഇന്ദ്രിയാനുഭൂതികളിലേയ്ക്ക് പാഞ്ഞടുക്കുന്നു. നന്മയിലേയ്ക്ക് ഉന്മുഖമല്ല അതിന്റെ ദിശ. സുഖം വാസ്തവത്തില്‍ ദുഖമാണ്. ഐശ്വര്യം അനൈശ്വര്യമാണ്. ഇന്ദ്രിയസുഖമെന്നത് രോഗപീഢയാണ്. സുഖാന്വേഷണത്വര കേവലം ജുഗുപ്സാവഹം.

വിപത്തുക്കള്‍ വാസ്തവത്തില്‍ അനുഗ്രഹമാണ്. സുഖത്തിനു പിറകേ ദുഃഖം സഹജമായുമുണ്ട്. ജീവിതം മരണത്തില്‍ അവസാനിക്കുന്നു.

ആഹാ മായാശക്തി എത്ര അപാരം!

ഇന്ദ്രിയ സുഖമെന്നത് കൊടിയ വിഷമുള്ള സര്‍പ്പത്തെക്കാള്‍ അപകടകരം. വെറും സ്പര്‍ശനമാത്രയില്‍ നമ്മെയത് നശിപ്പിച്ചുകളയും. സമ്പത്ത് ഭ്രമഹേതുവാകയാല്‍ അതും വിഷത്തേക്കാള്‍ നികൃഷ്ടം!  സുഖം ആസ്വാദ്യകരവും ഐശ്വര്യം നല്ലതുമാണെന്നു പറയാമെങ്കിലും ജീവിതം ക്ഷണഭംഗുരമാകയാല്‍ അതിലൊന്നും യാതോരര്‍ത്ഥവുമില്ല. സുഖസമ്പത്തുക്കള്‍ ബാഹ്യദൃഷ്ടിയില്‍ സന്തോഷപ്രദമാണ്, എന്നാല്‍ അവയുടെ അവസാനം അസന്തുഷ്ടിയും ദുഖവുമാണ്.

“പ്രായം കൂടുമ്പോള്‍ മുടി നരയ്ക്കുന്നു. പല്ലുകളും മറ്റ് അവയവങ്ങളും ദേഹശക്തിയും എല്ലാം അപചയിക്കുന്നു. എന്നാല്‍ ആസക്തിയ്ക്ക് മാത്രം ഒരു കുറവുമില്ല.”

ബാല്യവും യൌവ്വനവും ഒരു കാര്യത്തില്‍ സാമ്യമുള്ളതാണ്. രണ്ടും പെട്ടെന്ന് കടന്നു പോകുന്നു. ഒരുപുഴപോലെ ജീവിതം ഒഴുകിത്തീരുന്നു. കഴിഞ്ഞുപോയ കാലത്തെ ഒരിക്കലും തിരികെ കൊണ്ടുവരാനാവില്ല.

കുറേക്കാലം കഴിഞ്ഞ് എന്നില്‍ അഹങ്കാരം ശമിച്ചു. സ്വര്‍ഗ്ഗീയസുഖങ്ങളില്‍ എനിക്ക് പ്രതിപത്തി ഇല്ലാതായി. മഹര്‍ഷേ, അങ്ങയെപ്പോലെ ഞാനും ഏകാന്തമായ ഒരിടം കണ്ടെത്താന്‍ ആഗ്രഹിച്ചു. അങ്ങിനെയാണ് ആകാശത്ത് ഞാനാ പര്‍ണ്ണശാലയില്‍ എത്തിയത്. അതങ്ങയുടെ ധാമമാണെന്നോ അങ്ങൊരു ദിവസം തിരികെ വരുമെന്നോ ഞാനറിഞ്ഞിരുന്നില്ല. ഇപ്പോഴാണ് ഞാനത് മനസ്സിലാക്കുന്നത്.

ഈദൃശകാര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കുമ്പോള്‍ മാത്രമേ ഒരുവന്‍ തന്റെ മേധാശക്തിയാകുന്ന അന്തര്‍നേത്രങ്ങള്‍ കൊണ്ട് ഭൂതവര്‍ത്തമാനഭാവി കാര്യങ്ങള്‍ മനസ്സിലാക്കുകയുള്ളൂ. അതാണ്‌ മനസ്സിന്റെ സ്വഭാവം. ദേവന്മാര്‍ക്ക് പോലും ഇത് ബാധകമാണ്.

576 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 576

സ്വപ്നസംകല്‍പ്പ സംശാന്തൌ സ്വപ്ന സംകല്‍പ്പപത്തനം
യദാ സാ സുകുടീ നഷ്ടാ മത് സംകല്‍പ്പോപശാന്തിത: (6.2/93/15)
വസിഷ്ഠന്‍ തുടര്‍ന്നു: ഇതെല്ലാം കഴിഞ്ഞ് ഞാന്‍ ബാഹ്യാകാശത്തിലുള്ള എന്റെ പര്‍ണ്ണശാലയില്‍ വീണ്ടും പ്രവേശിച്ചു. ഞാനെന്റെ ദേഹത്തെ അവിടെ തിരഞ്ഞെങ്കിലും അവിടെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ അവിടെയൊരു വൃദ്ധമുനിയെ കാണുകയുണ്ടായി. അദ്ദേഹം പദ്മാസനത്തില്‍ ദീര്‍ഘധ്യാനത്തിലായിരുന്നു.
അന്തരാ ഉള്ള ആനന്ദത്തിനും പരമപ്രശാന്തിയ്ക്കുമൊത്ത പവിത്രതയും പ്രഭയും അദ്ദേഹത്തിന്‍റെ മുഖത്തു കാണാമായിരുന്നു. നാഭിയ്ക്ക് മുന്നില്‍ കൈകള്‍ പദ്മമുദ്രയാക്കി ഇരുന്ന ആ മുനിയുടെ മുഖം അസാമാന്യ പ്രഭയാര്‍ന്നു പ്രശോഭിച്ചിരുന്നു. 
ദേഹബോധത്തിനതീതനായിരുന്ന അദ്ദേഹത്തിന്‍റെ നയനങ്ങള്‍ അടഞ്ഞിരുന്നു. എന്റെ ദേഹത്തെ കാണാതെ, ഈ ദിവ്യമഹര്‍ഷിയുടെ ധ്യാനമൂര്‍ത്തരൂപം മുന്നില്‍ക്കണ്ടിരിക്കെ ഞാനിങ്ങിനെ ആലോചിച്ചു: ഇത് മഹാനായ ഒരു ഋഷിവര്യന്‍ തന്നെയാണ്. എന്നെപ്പോലെ അദ്ദേഹവും ഏകാന്തമായ ഒരിടം തേടി വന്നതാവണം. ഏകാന്തമായ ഒരിടം തേടി അദ്ദേഹവും ആകാശത്തെ ഈ കുടില്‍ കണ്ടുപിടിച്ചതാവണം. ഒരു പക്ഷെ ഞാന്‍ ഇവിടെയെന്റെ ദേഹത്തിലേയ്ക്ക്  തിരിച്ചെത്തിക്കാണും എന്ന് പ്രതീക്ഷിച്ചു വന്നതാവം. അല്ലെങ്കില്‍ എന്നെക്കാണാഞ്ഞ് ഇക്കുടിലില്‍ നിന്നും എന്റെ ചൈതന്യരഹിതമായ ദേഹത്തെ വലിച്ചെറിഞ്ഞു കളഞ്ഞ് ഇവിടെ താമസമാക്കിയതാവാനും മതി. ഞാനെന്‍റെ സ്വധാമമായ പൂര്‍വ്വസ്ഥിതിയിലേയ്ക്ക് മടങ്ങട്ടെ.

എന്നിങ്ങിനെ ചിന്തിക്കവേ, ഈ പര്‍ണ്ണശാലയില്‍ താമസിക്കാനുള്ള എന്റെ ആഗ്രഹം ഇല്ലാതായപ്പോള്‍ ആ കുടിലും മുനിയും എല്ലാം അപ്രത്യക്ഷമായി.
“ഒരുവനിലെ ഭാവന അല്ലെങ്കില്‍ സങ്കല്‍പ്പധാരണകള്‍ അവസാനിക്കുന്ന മാത്രയില്‍ അവന്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയതെന്തോ അതെല്ലാം അവസാനിക്കുന്നു. എന്നിലെ  ഭാവന അവസാനിച്ചപ്പോള്‍ തദ്ഭവമായ പര്‍ണ്ണശാലയും ഇല്ലാതായി.”

ഒരു ബഹിരാകാശക്കപ്പല്‍ വീണുടയുന്നതുപോലെ എല്ലാ സങ്കല്‍പ്പ ധാരണകളും  തകര്‍ന്നടിഞ്ഞു. മാമുനിയും താഴെ വീഴ്കേ ഞാനും അദ്ദേഹത്തോടൊപ്പം ഭൂമിയിലേയ്ക്ക് തിരിച്ചു. അദ്ദേഹം വീണത് ധ്യാനനിരതനായി പര്‍ണ്ണശാലയില്‍ ഇരുന്ന അതേ ആസനത്തില്‍ത്തന്നെയാണ്. കാരണം പ്രാണനും അപാനനും സമ്യക്കായി അദ്ദേഹത്തില്‍ ഒത്തുചേര്‍ന്നതിനാല്‍ ഗുരുത്വാകര്‍ഷണം അദ്ദേഹത്തെ ബാധിച്ചിതേയില്ല. അദ്ദേഹം ധ്യാനത്തില്‍ നിന്നും എഴുന്നേറ്റുപോലുമില്ല. അദ്ദേഹത്തിന്‍റെ ദേഹം പാറപോലെ ഉറച്ചതും എന്നാല്‍ പഞ്ഞിപോലെ ലോലവുമായിരുന്നു. 
 
അദ്ദേഹത്തെ വീണ്ടും ദേഹബോധത്തിലെയ്ക്ക് തിരികെ കൊണ്ട് വരാനായി ഞാന്‍ വലിയൊരു മഴമേഘമായി ഇടിവേട്ടോടുകൂടിയ മഴചൊരിഞ്ഞതോടെ അദ്ദേഹം കണ്ണ് തുറന്നു.
ഞാന്‍ ചോദിച്ചു: അങ്ങ് ആരാണ്? എവിടെയാണിപ്പോള്‍? അങ്ങെന്തു ചെയ്യുന്നു? ആകാശത്തുനിന്നും താഴെ വീണപ്പോഴും ആ വീഴ്ച അങ്ങയെ ബാധിക്കാഞ്ഞത് എന്തുകൊണ്ടാണ്?
കുറച്ചു നിമിഷം വീണ്ടും ധ്യാനനിരതനായിട്ട് മുനി പറഞ്ഞു: മഹര്‍ഷെ, ഞാന്‍ അങ്ങയെ തിരിച്ചറിയുന്നു. മഹാത്മാവേ, നമസ്കാരം. നേരത്തെതന്നെ അങ്ങേയ്ക്ക് നമോവാകം നല്‍കാഞ്ഞതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു. മാമുനിമാരുടെ സ്വഭാവമാണ് ക്ഷമാശീലമെന്നു ഞാനറിയുന്നു. ഞാന്‍ ദേവന്മാരുടെ ധാമങ്ങളില്‍ കുറച്ചു നാള്‍ അലഞ്ഞു. ഈ സംസാരത്തില്‍ എനിക്ക് താല്‍പ്പര്യമില്ല. എല്ലാമെല്ലാം ശുദ്ധമായ ബോധം മാത്രമായിരിക്കെ  നാം സുഖമെന്ന് പറയുന്നത് എന്തിനെയാണ്?

അതിനാല്‍ ഞാന്‍ മനോപാധികളും ആസക്തികളും തീണ്ടാതെ ആകാശത്ത് വസിക്കുകയാണ്. ഇന്ദ്രിയാനുഭവങ്ങള്‍ യാതൊന്നും സത്യമല്ല. ബോധത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുമ്പോള്‍ എല്ലാ ഇന്ദ്രിയാനുഭവങ്ങളും വിഷം. ലൈംഗികചിന്തകള്‍ വെറും ഭ്രമം. മധുരം ‘അനുഭവിക്കുന്ന’വനില്‍ നിന്നും മാധുര്യം പൊയ്പ്പോവുന്നു. അത്തരം അനുഭവങ്ങള്‍ക്ക് വശംവദനാവുന്നവന്‍ നശിക്കുന്നു. എല്ലാവര്‍ക്കുമുള്ളത് അല്‍പമായ ജീവിതമാണ്. അതുമുഴുവന്‍ പലവിധസംഭ്രാന്തികള്‍ നിറഞ്ഞതുമാണ്. ആകസ്മികമായി ചിലപ്പോള്‍ ചിലരില്‍ ആനന്ദനിമിഷങ്ങള്‍ സംജാതമാവുന്നു. ഒന്നും ശാശ്വതമല്ല. ഉറപ്പുള്ളതല്ല. കുലാലന്റെ ചക്രത്തിലെ കലംപോലെ ദേഹം നിസ്തന്ദ്രമായി ചുറ്റിക്കറങ്ങുകയാണ്. ഇന്ദ്രിയങ്ങളെ പിടിച്ചു വലിക്കുന്ന വസ്തുക്കളാകുന്ന  പ്രബലതസ്കരന്മാര്‍ എങ്ങും നിറഞ്ഞിരിക്കുന്നു. അതിനാല്‍ ഞാന്‍ തികച്ചും ജഗരൂകനാവേണ്ടതുണ്ട്. 

575 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 575

സര്‍വ്വപാതാള പാദേന ഭൂതലോദരധാരിണാ
ഖമൂര്‍ധ്നാപി തദാ രാമ ന ത്യക്താഥ പരാണുതാ (6.2/91/50)

വസിഷ്ഠന്‍ തുടര്‍ന്നു: പിന്നീട്  വായുധാരണയിലൂടെ സ്വയം വായുവായി ധ്യാനിച്ചുറച്ച് ഞാന്‍ വായുധാതുവായി. പുല്ലിനെയും ഇലകളെയും വള്ളിപ്പടര്‍പ്പുകളെയും വയ്ക്കോല്‍ത്തുരുമ്പിനെയും നൃത്തമാടാന്‍ പഠിപ്പിച്ചത് ഞാനാണ്!. ഊയലാടുന്ന മന്ദശീതളമാരുതനായി ഞാന്‍ തരുണീമണികള്‍ക്ക്  ഇഷ്ടക്കാരനായി.

എന്നാല്‍ അതേസമയം എന്നിലെ താപഗരിമ ഉഷ്ണവാതമായും കൊടുങ്കാറ്റായും ഭീതിപരത്തിക്കൊണ്ടുമിരുന്നു. നന്ദനോദ്യാനങ്ങളില്‍ ഞാന്‍ മാധുര്യമാര്‍ന്ന സുഗന്ധം പേറി ഉലാവിയിരുന്നു. എന്നാല്‍ നരകങ്ങളില്‍ ഞാന്‍ അഗ്നിസ്ഫുലിംഗങ്ങളെ പറത്തിക്കൊണ്ടിരുന്നു.

എന്റെ ഗതിവേഗം കണ്ട് ആളുകള്‍ മനസ്സും ഞാനും സഹോദരങ്ങളാണോ എന്ന് സംശയിക്കുന്നു. ഗംഗാനദിയിലെ ഒഴുക്കിനനുസരിച്ച് ഞാന്‍ നീങ്ങി. മറ്റുള്ളവരുടെ ക്ഷീണമകറ്റാനും അവര്‍ക്ക് സാന്ത്വനമേകാനും വേണ്ടി എത്ര പ്രയത്നിക്കാനും എനിക്കുല്‍സാഹമായിരുന്നു.  

ശബ്ദതരംഗങ്ങളെ ഞാന്‍ വഹിച്ചു നടന്നു. അതിനാല്‍ എന്നെ ആകാശത്തിന്റെ ഉത്തമസുഹൃത്തായി കണക്കാക്കുന്നു. എല്ലാ ജീവികളുടെയും മര്‍മ്മപ്രധാനമായ അവയവങ്ങളില്‍ ഞാനുണ്ട്. അഗ്നിയുടെ രഹസ്യം എനിക്കറിയാം. ഞാന്‍ അഗ്നിയുടെ സുഹൃത്താണ്. പ്രാണവായുവായി ജീവനുള്ള എല്ലാ ദേഹങ്ങളെയും ചലിപ്പിക്കുന്നത് ഞാനാണ്. അതിനാല്‍ അവര്‍ക്കെല്ലാം ഞാന്‍ അവരുടെ മിത്രമാണ്, അതേസമയം ശത്രുവുമാണ്. ഞാന്‍ എല്ലാവര്‍ക്കും മുന്നില്‍ എപ്പോഴുമുണ്ടെങ്കിലും ആര്‍ക്കുമെന്നെ കാണാന്‍ കഴിയില്ല. വിശ്വപ്രളയവേളയില്‍ പരവ്വതങ്ങളെപ്പോലും എടുത്തെറിയാന്‍ എനിക്കാകും.

വായുവെന്ന നിലയില്‍ വസ്തുക്കളെ കൂട്ടിച്ചേര്‍ക്കുക, ഉണക്കുക, ഉയര്‍ത്തിപ്പിടിച്ചു താങ്ങിനിര്‍ത്തുക, കമ്പനങ്ങള്‍ അല്ലെങ്കില്‍ ചലനങ്ങളുണ്ടാക്കുക, ഗന്ധം പരത്തുക, ശീതളിമ നല്‍കുക എന്നീ ആറു കര്‍ത്തവ്യങ്ങള്‍ എനിക്കുണ്ട്. ദേഹങ്ങളെ ഉണ്ടാക്കലും നശിപ്പിക്കലും എന്റെ ജോലിയുടെ ഭാഗമാണ്. വായുധാതുവായി ഞാന്‍ ഓരോരോ അണുക്കള്‍ക്കുള്ളിലും വിശ്വത്തെ മുഴുവന്‍ ദര്‍ശിക്കുന്നു. ആ വിശ്വങ്ങളില്‍ ഞാന്‍ അതിസൂക്ഷ്മങ്ങളായ അണുക്കളെയും അവയ്ക്കുള്ളില്‍ വിശ്വങ്ങളെയും ദര്‍ശിക്കുന്നു. 

അവയൊന്നും വാസ്തവത്തില്‍ ‘ഉള്ളവ’യല്ല. എല്ലാം ആകാശത്തില്‍ അല്ലെങ്കില്‍ ബ്രഹ്മാണ്ഡ നിശ്ശൂന്യതയില്‍ ധാരണാസൃഷ്ടമായ കാഴ്ചകളാണ്. അവിടെയും ദേവതമാരും ഗ്രഹങ്ങളും മലകളും സമുദ്രങ്ങളും ജനന-ജരാ-മരണങ്ങളെന്ന ധാരണാ വിലാസങ്ങളും ഉണ്ട്. എന്റെ ഹൃദയത്തില്‍ നിറവുണ്ടാകുന്നത്ര ഞാന്‍ എല്ലാടവും കറങ്ങിത്തിരിഞ്ഞിരിക്കുന്നു. എന്റെ ദേഹത്തില്‍ എണ്ണമറ്റ ജീവജാലങ്ങളും യക്ഷകിന്നരഗന്ധര്‍വ്വാദികളും, ഈച്ചകളും മശകങ്ങളും  കുടിപാര്‍ത്തിരിക്കുന്നു. ഞാന്‍ മൂലമാണവര്‍ക്ക് മൂര്‍ത്തരൂപങ്ങള്‍ ഉണ്ടായത്. എന്റെ സ്പര്‍ശനമാത്രയില്‍ അവര്‍ക്ക് ആഹ്ലാദമുണ്ടാകുന്നു, എങ്കിലും അവര്‍ക്ക് ഞാന്‍ ദൃഷ്ടിഗോചരമല്ല.

“പാതാളം എന്റെ പാദങ്ങളാണെങ്കിലും ഭൂമി ഉദരമാണെങ്കിലും ആകാശം ശിരസ്സാണെങ്കിലും ഞാന്‍ എന്റെ അണുമാത്രമായ സ്വഭാവത്തെ ഉപേക്ഷിച്ചില്ല.”

ഞാന്‍ എല്ലാ ദിശകളിലേയ്ക്കും വ്യാപിച്ച് എല്ലാ കാലത്തും എല്ലാമെല്ലാം ചെയ്തുകൊണ്ട് നിലകൊള്ളുന്നു. ഞാന്‍ എല്ലാറ്റിന്റെയും ആത്മാവാണ്. ഞാന്‍ എല്ലാമെല്ലാമാണ്. എങ്കിലും ശുദ്ധമായ ശൂന്യതയാണ് ഞാന്‍.

ഞാന്‍ എന്തോ ആയി നിലകൊള്ളുന്നതായി അനുഭവിച്ചു; ഞാന്‍ ഒന്നുമല്ലാ എന്നും അനുഭവിച്ചു. മൂര്‍ത്തമായും അമൂര്‍ത്തമായും നിലകൊണ്ടു. ഈ അവസ്ഥകളെക്കുറിച്ചെല്ലാം ഞാന്‍ അവബോധത്തോടു കൂടെയും അല്ലാതെയും കഴിഞ്ഞു. ഞാന്‍ അനുഭവിച്ചതുപോലെയുള്ള അനന്തകോടി വിശ്വങ്ങളുണ്ട്. 
 
മനുഷ്യന്‍ സ്വപ്നത്തില്‍ അസംഖ്യം വസ്തുക്കളെ കാണുന്നു. അതുപോലെ ഞാന്‍ ഓരോരോ അണുവിനുള്ളിലും ബ്രഹ്മാണ്ഡങ്ങളെ കണ്ടു; അവകളില്‍ നിറഞ്ഞിരിക്കുന്ന അണുക്കളേയും വ്യക്തമായിക്കണ്ടു.

ഞാന്‍ തന്നെയാണീ കാണപ്പെട്ട വിശ്വങ്ങളായിത്തീര്‍ന്നത്. അതിന്റെയെല്ലാം ആത്മാവായി അവയില്‍ നിറഞ്ഞു വിളങ്ങിയതും ഞാന്‍. എങ്കിലും ഞാന്‍ അവയെ പൊതിഞ്ഞു എന്നു പറയുക വയ്യ.

ഇതെല്ലാം വെറും വാക്കുകളുടെ കസര്‍ത്താണ്‌. ‘അഗ്നിയില്‍ താപം ഉണ്ട്’ എന്ന കാര്യം പറയാന്‍ വസ്തുത ഒന്ന് മാത്രമാണെങ്കിലും മൂന്നു വാക്കുകള്‍ വേണം.! 

574 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 574

ഹേമാദിഷു സുവര്‍ണത്വം നരാദിഷു പരാക്രമ:
കാചകച്യം ച രത്നാദൌ വര്‍ഷാദിഷ്വവഭാസനം  (6.2/91/17)

വസിഷ്ഠന്‍ തുടര്‍ന്നു: പിന്നീട് ഞാന്‍ തേജോധാരണയിലൂടെ അഗ്നിയെ ധ്യാനിച്ച്‌  അഗ്നിധാതുവായി. അഗ്നി അല്ലെങ്കില്‍ പ്രകാശം ഏറെയും സത്വമാണ്. അതിനാല്‍ അതെപ്പോഴും പ്രകാശം പരത്തിക്കൊണ്ടിരിക്കും. രാജാവിന്റെ സാന്നിദ്ധ്യം തസ്കരന്മാരെ അകറ്റുന്നതുപോലെ ഇരുട്ടിനെ അകറ്റാന്‍ അഗ്നിക്കാവുന്നു.
ഇരുട്ടിന്റെ ദുരിതം എന്തെന്ന് ഞാനറിയുന്നു. കാരണം അത് നന്മയുടെ ഗുണങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. എല്ലാത്തിനെയും ‘സു’ദൃശ്യമാക്കുന്ന വെളിച്ചമായി ഞാനെങ്ങും പരക്കുന്നു. താതന്‍ പുത്രന് രൂപം നല്‍കുന്നതുപോലെ പ്രകാശം എല്ലാറ്റിനും രൂപമേകുന്നു.
പാതാളങ്ങളില്‍ വെളിച്ചം തുലോം മങ്ങിയിരിക്കും. അതില്‍ കൊടിയ ഇരുട്ടുണ്ട്. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ എല്ലായിടത്തും എല്ലാസമയത്തും പ്രകാശം മാത്രമേയുള്ളൂ. കര്‍മ്മത്തിന്റെ താമരയെ വിരിയിക്കുന്ന സൂര്യനാണ് പ്രകാശം.
“ഞാന്‍ സ്വര്‍ണ്ണത്തിലും മറ്റും സുവര്‍ണ്ണമായി; പുരുഷന്മാരില്‍ ഞാന്‍ വീര്യമായി; രത്നക്കല്ലുകളില്‍ ഞാന്‍ തിളക്കമായി; മഴമേഘങ്ങളില്‍ ഞാന്‍ ഇടിമിന്നലിന്റെ ഒളിയായി.”

വശ്യസ്ത്രീകളുടെ കണ്ണുകളിലെ തിളക്കമായി ഞാന്‍. സിംഹങ്ങളുടെ ശക്തിയായി. ദേവന്മാരില്‍ അസുരവിരോധമായും അസുരന്മാരില്‍ ദേവവിരോധമായും കുടികൊള്ളുന്നത് ഞാനാണ്. എല്ലാ ജീവജാലങ്ങളുടെയും സത്ത ഞാനാകുന്നു.

ഞാന്‍ സൂര്യനായും ചന്ദ്രനായും നക്ഷത്രങ്ങളായും രത്നക്കല്ലുകളായും വിശ്വത്തെ എരിക്കാന്‍ പോന്ന അഗ്നിയായും വിളക്കായും മിന്നലായും വിരാജിച്ചു.

അഗ്നിയാകുമ്പോള്‍ എരിയുന്ന കനലുകള്‍ എന്റെ പല്ലുകളാണ്. പുകയാണെന്റെ മുടി. തീ ആളിക്കത്തിക്കാനുള്ള എണ്ണ, ജീവികള്‍ കഴിക്കുന്ന ആഹാരമാണ്. കൊല്ലന്റെ ആലയില്‍ ഇരുമ്പിനെ ഉരുക്കി സ്വര്‍ണ്ണവര്‍ണ്ണമാക്കുന്ന അഗ്നിയാണ് ഞാന്‍. കൊല്ലന്‍ തന്റെ  കൂടമെടുത്ത് ചുട്ടുപഴുത്ത ഇരുമ്പില്‍ ആഞ്ഞടിക്കുമ്പോള്‍ പാറുന്ന തീക്കനലുകളായി ജ്വലിക്കുന്നതും ഞാനാണ്.

രാമന്‍ ചോദിച്ചു: മാമുനേ, അങ്ങങ്ങിനെ അഗ്നിധാതുവായി വിരാജിച്ചപ്പോള്‍ സന്തോഷമായിരുന്നോ ദുഖമായിരുന്നോ ഉണ്ടായിരുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ഒരുവന്‍ ഉറങ്ങുമ്പോള്‍ താല്‍ക്കാലികമായി അവന്‍ ചേതനാരഹിതനാണ്. അവനെ സംബന്ധിച്ച് ബോധം എന്നത് ജഡമാണ്.  അവന്‍ സ്വയം ഭൂമി മുതലായ ധാതുക്കളായി ധരിക്കുമ്പോള്‍ (പ്രഥ്വീധാരണ..) അത് സ്വയം ചേതനാരഹിതമായി കണക്കാക്കുന്നു.

വാസ്തവത്തില്‍ ബോധത്തില്‍ (ബ്രഹ്മത്തില്‍) വിഷയ-വിഷയീ ഭേദമില്ല. ഭൂമിയായും ജലമായും അഗ്നിയായും ഞാന്‍ അനുഭവങ്ങളെ സ്വാംശീകരിച്ചതെല്ലാം ബ്രഹ്മഭാവത്തിലായിരുന്നു.
വെറും ജഡമായിരുന്നുവെങ്കില്‍ ഭൂമിയും മറ്റും ഞാനെങ്ങിനെ അനുഭവിച്ചറിഞ്ഞു? ഉറങ്ങുമ്പോള്‍ ചേതനയുള്ള ഒരുവന്‍ ‘ഞാനുറക്കത്തിലാണ്’ എന്ന് ചിന്തിക്കുന്നു; എന്നാല്‍ അയാള്‍ ചേതനാരഹിതഭാവത്തിലാണ് നില്‍ക്കുന്നത്.

തന്നെക്കുറിച്ചുള്ള സത്യത്തില്‍ ഉണര്‍ന്നവനില്‍ ദേഹബുദ്ധി പോയ്‌പോയിരിക്കുന്നു. പിന്നീട് അതിവാഹിക ദേഹം കൊണ്ട് (സൂക്ഷ്മദേഹം) അയാള്‍ക്ക് എവിടെയും കയറിച്ചെല്ലാം. സൂക്ഷ്മശരീരം എന്നത് ശുദ്ധമായ പ്രജ്ഞയാണ്. ഈ പ്രജ്ഞയുമായി സ്വേച്ഛയാല്‍ ഏതസ്തിത്വതലങ്ങളില്‍ എത്തിയാലും അയാള്‍ക്ക് ദുഖാനുഭവങ്ങള്‍ അനുഭവിക്കേണ്ടതില്ല. സ്വപ്നത്തില്‍ ഇരുളടഞ്ഞതും അജ്ഞാനകലുഷവുമായ ലോകത്തെ  അനുഭവിച്ചാലും അത് സത്തല്ല എന്നതുപോലെ മറ്റു ധാതുക്കളുടെ അനുഭവവും, അപ്രകാരമാണ്.

ഒരുവന്‍മനസ്സില്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ നദിയില്‍ നിറയെ മുതലകള്‍ ഉണ്ടെങ്കിലും അവന് ആ നദിയില്‍ ഇറങ്ങുമ്പോള്‍ പേടിക്കേണ്ടതില്ല. എന്റെ പഞ്ചഭൂതാനുഭവങ്ങളും അപ്രകാരമായിരുന്നു.   

573 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 573

സര്‍വത്രൈവാസ്തി പൃഥ്വ്യാദി സ്ഥൂലം തച്ച ന കിഞ്ചന
ചിദ്വ്യോമൈവ യഥാ സ്വപ്നപൂരം പരമജാതവത് (6.2/90/5)
വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ എന്റെ ഹൃദയത്തില്‍ ഞാന്‍ ഭൂമിയെ അനുഭവിച്ചു. എന്തെല്ലാം കണ്ടിട്ടുണ്ടോ അനുഭവിച്ചിട്ടുണ്ടോ അതെല്ലാം അവിടെ, എന്റെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവ വിഷയ-വിഷയീ ബന്ധത്തിലെന്നപോലെ എന്നില്‍ നിന്നും വേറിട്ടതായി എനിക്ക് തോന്നി.  കാരണം സര്‍വ്വവ്യാപിയായ വിശ്വം എങ്ങും നിറഞ്ഞിരിക്കുന്നു; ബ്രഹ്മം എങ്ങും നിറഞ്ഞിരിക്കുന്നു; നിശ്ശൂന്യതയും എങ്ങുമെങ്ങും നിറഞ്ഞിരിക്കുന്നുവല്ലോ.
ഭൂമിതലം സര്‍വ്വവ്യാപിയായിരിക്കുന്നു; എങ്കിലും അത് ശുദ്ധബോധമാണ്. ഒരു സ്വപ്നനഗരംപോലെ അതൊരിക്കലും വാസ്തവത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല.

വാസ്തവത്തില്‍ വൈവിദ്ധ്യതയോ അതിന്റെ അഭാവമോ ഇല്ല. ഭാവഭാവങ്ങള്‍ക്കും ഉണ്മയില്ല. ‘ഞാന്‍’ ഇല്ല. എങ്ങിനെയാണ് എന്തെങ്കിലും ‘ഉണ്ട്’ എന്ന് പറയാന്‍ കഴിയുക? അനുഭവിക്കുന്നുവെങ്കിലും സൃഷ്ടിയെന്നത് ഒരിക്കലും ഇല്ലാത്ത, ഉണ്ടാവാത്ത കാര്യമാണ്! അല്ല, എന്തെങ്കിലുമുണ്ടെന്നു വരികില്‍ അത് ബ്രഹ്മം മാത്രമാകുന്നു. സ്വപ്നനഗരത്തിന്റെ ഉണ്മയെപ്പറ്റി അസന്നിഗ്ധമായി ആര്‍ക്ക് തെളിവ് നല്‍ക്കാന്‍ കഴിയും?

പ്രിഥ്വിധാരണയില്‍ ഭൂമിയെനിക്ക് അനുഭവമായതുപോലെ ജലധാരണയില്‍ എനിക്ക് ജലം അനുഭവമായി. ജലത്തെ ധ്യാനിച്ച്‌ ഞാന്‍ ജലമായി. സ്വയം ജഡമല്ലെങ്കിലും ഞാനങ്ങിനെയായി. സമുദ്രത്തിന്റെ കുക്ഷിയില്‍ ഞാന്‍ ഏറെനേരം കഴിഞ്ഞത് ഉചിതമായ ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടാണ്. ഞാന്‍ ചെടികളുടെയും വള്ളിപ്പടര്‍പ്പുകളുടെയും ദേഹത്തില്‍ വസിച്ചു. അവരുമായി സംവദിച്ചു. ജീവജാലങ്ങളുടെ വദനത്തില്‍ പ്രവേശിച്ച് അവയുടെ മര്‍മ്മാവയവങ്ങളില്‍ കുടിപാര്‍ത്തു. നദീതടങ്ങളില്‍ ഇടതടവില്ലാതെ ഞാനൊഴുകിയൊഴുകി ഇടയ്ക്കുള്ള അണക്കെട്ടുകളില്‍ ഇളവേറ്റ് കിതച്ചുനിന്നു.

ഞാന്‍ നീരാവിയായി ഉയര്‍ന്ന് ആകാശത്ത് മഴമേഘമായി കുടിയേറി. അവിടെയെന്റെ തോഴനായ ഇടിമിന്നലിന്റെകൂടെ കുറച്ചുനേരം ചിലവഴിച്ചു. അനന്തബോധം എല്ലാടവും നിറഞ്ഞിരിക്കുന്നതുപോലെ ജലധാതുവായി ഞാന്‍ എല്ലാ ജീവജാലങ്ങളിലും നിറഞ്ഞു.  നാവിലെ രസമുകുളങ്ങളുമായി ചങ്ങാത്തത്തിലായ ഞാന്‍ വ്യത്യസ്തമായ രുചിഭേദങ്ങള്‍ അനുഭവിച്ചു. അത് ശുദ്ധമായ ജ്ഞാനമാണ്!. 
 
ഈ സ്വാദുകള്‍ അറിഞ്ഞത് ഞാനല്ല, എന്റെ ദേഹമല്ല, മറ്റാരുമല്ല. അന്തരാനുഭവത്തിന്റെ അനുഭവം – അനുഭവം വിഷയവും വിഷയിയും ആവുക എന്നത് അസാദ്ധ്യമാകയാല്‍ അതും മിഥ്യ.
കൂമ്പിനിന്ന പൂക്കള്‍ വിടരുമ്പോള്‍ അതില്‍ ഞാന്‍ ബാഷ്പകണമായി. തേനീച്ചകള്‍ മധുവുണ്ട് കഴിഞ്ഞ് ബാക്കിവന്ന മധുരിമ ഞാനും ആസ്വദിച്ചു.

പതിന്നാലുതരം ജീവികളില്‍ ഞാന്‍ സ്വാദിന്റെ അവബോധമായി ജീവിച്ചു. ജലകണികകളായിമാറി കാറ്റിന്റെ തോണിയില്‍ ഞാന്‍ ദൂരദൂരങ്ങള്‍ സഞ്ചരിച്ചു. അങ്ങിനെ ജലത്തിന്റെ ധാതുതലത്തില്‍ നിന്നുകൊണ്ട് വൈവിദ്ധ്യമാര്‍ന്ന, കൌതുകസമ്പന്നമായ അനുഭവങ്ങള്‍ ഞാനാര്‍ജിച്ചു.
നൂറുകണക്കിന് ലോകങ്ങള്‍ ഉണ്ടായി മറയുന്നതിനു ഞാന്‍ സാക്ഷിയായി. ഈ ലോകത്തിനു രൂപമുണ്ടായിക്കൊള്ളട്ടെ ഇല്ലാതെയിരുന്നുകൊള്ളട്ടെ, അത് ശുദ്ധമായ ബോധമാണ്. നിശ്ശൂന്യമാണ്.

രാമാ നീയും ഒന്നുമല്ല; എന്നാല്‍ നീ അസ്തിത്വരഹിതനല്ല. നീ പരിശുദ്ധമായ, പരമബോധമാണ്. 

572 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 572

ഇദം ച മാനസം ചാഹം സമ്പന്ന: പൃഥുഭൂതലം
നേദം ന മാനസം നൈവ സംപന്നോ വസ്തുതസ്ത്വഹം  (6.2/89/2)
വസിഷ്ഠന്‍ തുടര്‍ന്നു: ഭൂമിബോധത്തില്‍ ഞാനിരുന്നപ്പോള്‍ ഞാനതില്‍ ഒഴുകുന്ന നദികളടക്കം എല്ലാ അനുഭവങ്ങളേയും സ്വാംശീകരിച്ചു. ഇവിടെ ഞാന്‍ ബന്ധുക്കളെയും സ്വജനങ്ങളെയും നഷ്ടപ്പെട്ടവരുടെ കണ്ണീരും അലമുറയും അനുഭവിച്ചറിഞ്ഞു. ലാസ്യനൃത്തമാടുന്ന പെണ്‍കൊടികളുടെ ആനന്ദം ഞാനറിഞ്ഞു. വിശപ്പിന്റെ നിലവിളികള്‍, വരള്‍ച്ചയുടെ കെടുതികള്‍, ഭൂമികുലുക്കത്തിന്റെ നാശങ്ങള്‍, യുദ്ധത്തിന്റെ കെടുതികള്‍, കളകൂജനം പൊഴിക്കുന്ന കിളികള്‍, സുന്ദരതടാകങ്ങള്‍, കഷ്ടപ്പെട്ടുഴറുന്ന കീടങ്ങള്‍, സമ്പന്നന്റെ ആഹ്ലാദകേളികള്‍, തഴച്ചുവളരുന്ന കാടുകള്‍, ധ്യാനനിരതരായ മാമുനിമാര്‍ എല്ലാം എന്നില്‍, എന്റെ ഭൂമി-ദേഹത്തില്‍ അനുഭവമായി.
രാമന്‍ ചോദിച്ചു: അങ്ങ് ഭൂമിയെ ധ്യാനിച്ചിരുന്ന (പാര്‍ത്ഥിവധാരണ) അവസ്ഥയില്‍ ആ ഭൂമി സത്യമായിരുന്നോ അതോ വെറും മനോസങ്കല്‍പ്പം മാത്രമോ?

വസിഷ്ഠന്‍ പറഞ്ഞു: “വാസ്തവത്തില്‍ അവയെല്ലാം മനസ്സിലെ ഭാവനകളായിരുന്നു. എന്നാല്‍ അവ ഭാവനകള്‍ ആയിരുന്നുമില്ല. ഞാന്‍ വാസ്തവത്തില്‍ ഭൂമിയായി ഭവിച്ചുമില്ല.”

മനസ്സിനെക്കൂടാതെ ഭൂമിയില്ല. എന്തിനെയെങ്കിലും സത്തെന്നോ അസത്തെന്നോ കണക്കാക്കുന്നത് മനോവ്യാപാരമാണ്.

സത്യത്തില്‍ ഞാന്‍ പരിശുദ്ധമായ അനന്തബോധമാണ്. അതില്‍ ധാരണകള്‍ ഉണ്ടാവുമ്പോള്‍ അവയെ സങ്കല്‍പ്പo, ചിന്ത, ഭാവന, എന്നൊക്കെ നാം പറയുന്നു. ആ ധാരണ മനസ്സാണ്, ഭൂമിയാണ്‌, ലോകമാണ്, ബ്രഹ്മാവാണ്. ആകാശത്ത് ലോകമായി പ്രത്യക്ഷമാവുന്നത് ഈ ധാരണയാലാണ്. ആകാശത്ത് കാണുന്ന സങ്കല്‍പ്പനഗരംപോലുള്ള കാഴ്ചയാണ് ലോകം.
ഞാന്‍ ഭൂമിയായി അനുഭവിച്ചത് അത്തരം ഒരു മനോഭാവനയാണ്. അത് മനസ്സില്‍ വ്യാപിച്ചിരിക്കുന്നു. അതിനെപ്പറ്റി തുടര്‍ച്ചയായി ചെയ്യുന്ന ധ്യാനം ആ ധാരണയെ ദൃഢീകരിച്ചു ഭൂമിയെപ്പോലെ ഉറപ്പുള്ളതാക്കുകയാണ്.

ഭൂമിയെന്ന തലം മനസ്സിലാണ്. അത് ബോധത്തില്‍ ഉയര്‍ന്നുണരുന്ന ഭാവനയാണ്. അല്ലെങ്കില്‍ അത് ശൂന്യമാണ്. ഈ ഭൂമിഭാവന ഏറെക്കാലം മനസ്സില്‍ ഇരുന്ന് കഴിയുമ്പോള്‍ ഒടുവില്‍ ആ മാനസീകാവസ്ഥയ്ക്ക് പകരം ഉറച്ച വസ്തുക്കള്‍ ദൃഢീകരിച്ചുറഞ്ഞ ഭൂമിയായി ഭവിക്കുകയാണ്. ഇങ്ങിനെ നോക്കിയാല്‍ ഭൂമിയ്ക്ക് അസ്തിത്വമില്ല.

എന്നാല്‍ സൃഷ്ടിയുടെ ആദ്യം മുതലേതന്നെ ഭൂമിയെന്ന ഖരവസ്തു ‘ഉണ്ടായിരുന്നു’. സ്വപ്നത്തിലെ വസ്തുക്കള്‍ വാസ്തവത്തില്‍ സ്വപ്നം കാണുന്നവന്റെ ബോധം തന്നെയാണ് എന്നതുപോലെ അനന്തബോധമാണ് ലോകമെന്ന കാഴ്ചയെ സ്വപ്നം കാണുന്നത്. ബോധത്തിലുണരുന്ന ധാരണയും ശുദ്ധബോധം തന്നെ. അപ്പോള്‍ ലോകവും ശുദ്ധബോധമാണ്. സത്യത്തില്‍ യാതൊരു ധാരണയും ഇല്ലാ എന്നതിനാല്‍ ലോകമോ ആത്മാവോ ഒന്നും ‘ഉള്ളതല്ല’. 

ഇങ്ങിനെ നോക്കുമ്പോള്‍ ലോകത്തിന് അസ്തിത്വമില്ല. സൂക്ഷ്മമായ ആത്മനിരീക്ഷണത്തില്‍ നിന്നും ദൃഷ്ടിമാറ്റിയാലുടന്‍ ലോകം പ്രത്യക്ഷമാവുന്നതായാണ് അനുഭവം. സ്ഫടികം അതിനുള്ളില്‍ നിന്നും പ്രകാശത്തെ വിവിധ നിറങ്ങളില്‍ പ്രതിഫലിപ്പിച്ചു വിക്ഷേപിക്കുന്നത് അതങ്ങിനെ ചെയ്യണം എന്ന ഇച്ഛയൊന്നും ഉണ്ടായിട്ടല്ല. അതുപോലെ അനന്തബോധം അനിച്ഛാപൂര്‍വമെങ്കിലും ലോകത്തെ വിക്ഷേപിക്കുകയാണ്.

ലോകം മാനസീകമായ ഭാവനയോ ദ്രവ്യപ്രപഞ്ചമോ രണ്ടുമല്ല. ശുദ്ധമായ ബോധമാണ് ലോകമായി കാണുന്നത്. മൂന്നു ലോകങ്ങളിലുമുള്ള എണ്ണമറ്റ ജീവജാലങ്ങളുടെ തെറ്റിദ്ധാരണ ഘനീഭവിച്ചുണ്ടായതാണ് ലോകം. അതുകൊണ്ടാണ് ലോകത്തിന് ആപേക്ഷികമായ അസ്തിത്വം അനുഭവപ്പെടുന്നത്.

‘ഞാനാണിതെല്ലാം, എല്ലാത്തിലുമെല്ലാം ഞാനാണ്!’ ഈ സത്യത്തെ സ്വാംശീകരിച്ചാണ് ഞാന്‍ എല്ലാമെല്ലാം കണ്ടത്.

571 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 571

ഏവംരൂപമഹം ജാലം ഭാവയന്‍യത്തദാസ്ഥിത:
തദഹങ്കാര ഇത്യദ്യ കഥ്യതേ ത്വാദൃശൈര്‍ജനൈ:  (6.2/87/35)
വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും ഉണ്ടായതോടെ അതിനനുസരിച്ചുള്ള ജ്ഞാനവും അനുഭവവും എന്നില്‍ ഉദിക്കുകയുണ്ടായി. അവയ്ക്ക് രൂപഭാവങ്ങള്‍ ഇല്ലാത്തതിനാല്‍ അസ്തിത്വവും ഇല്ലായിരുന്നു. അവ വെറും മായമാത്രമായിരുന്നു.
“ഞാനങ്ങിനെ എന്നിലെ ധാരണകളെയും അനുഭവങ്ങളെയും കുറിച്ച് ധ്യാനിച്ചിരുന്നു. ആ അവസ്ഥ നിങ്ങള്‍ക്ക് അഹംകാരമെന്നോ ‘അഹം’ എന്നോ ഉള്ള പേരുകളില്‍ അറിയാം.”
ഈ അവസ്ഥയ്ക്ക് കൂടുതല്‍ ഘനം പ്രാപിച്ചു സ്ഥൂലമാവുമ്പോള്‍ അത് ബുദ്ധിയായി. അതുപിന്നെയും സ്ഥൂലമാകുന്നതാണ് മനസ്സ്. അങ്ങിനെ  ശുദ്ധാവബോധമാണെങ്കിലും ഞാന്‍ ഒരു സൂക്ഷ്മദേഹവും അന്തക്കരണവും (മനസ്സും ബുദ്ധിയും ചേര്‍ന്നത്) ആര്‍ജ്ജിച്ചതായി കാണപ്പെടുന്നു. അപ്പോഴും ഞാന്‍ വായുവിനേക്കാള്‍ സൂക്ഷ്മവും ശൂന്യവുമായതിനാല്‍ യാതൊന്നിന്റെ ഭാവനയ്ക്കും ഞാനൊരു തടസ്സമാവുന്നില്ല. 
എന്നാല്‍ ഞാനിങ്ങിനെയൊരു ധാരണാസ്തിത്വത്തില്‍ ഏറെക്കാലം തുടരുമ്പോള്‍ നിങ്ങള്‍ എനിക്കൊരു സ്ഥൂലദേഹത്തെ സങ്കല്‍പ്പിച്ചു നല്‍കുകയാണ്. എന്നെപ്രതി നിങ്ങള്‍ക്കുണ്ടാവുന്ന സങ്കല്‍പ്പധാരണയുടെ ഫലമായാണ് ഞാന്‍ ഈ വാക്കുകളെ ശബ്ദമായി സൃഷ്ടിക്കുന്നത്. നിങ്ങള്‍ അത് കേള്‍ക്കുന്നത് സ്വപ്നത്തില്‍ കേള്‍ക്കുന്ന ശബ്ദം പോലെയാണ്. ഒരു ശിശുവിന്റെ ആദ്യശബ്ദം ‘ഓം’ എന്നാണ്. അതുകൊണ്ടാണ് ‘ഓം’ ശബ്ദങ്ങളില്‍ പ്രഥമമാണ് എന്ന് പറയുന്നത്. അതിനുശേഷം ഞാന്‍ സ്വപ്നത്തിലെന്നവണ്ണം എന്തുപറയുന്നുവോ അത് നിങ്ങള്‍ക്കെന്റെ വാക്കുകളായിത്തീരുന്നു.

ഞാന്‍ പരബ്രഹ്മമാണ്! സ്വയം പരിപൂര്‍ണ്ണനായ ഞാനാണ് എല്ലാ സൃഷ്ടിയ്ക്കും കാരണം. ഞാന്‍ എല്ലാവര്‍ക്കും ഗുരുവാകുന്നു. ഞാനിതെല്ലാം എന്റെ ചിന്തകളില്‍ നിന്നും ഭാവനകളില്‍ നിന്നും സൃഷ്ടിച്ചവയാണ്. ഞാനങ്ങിനെ നിലകൊള്ളുന്നുവെങ്കിലും ഞാന്‍ അജനാണ്. ഇനിയും ജനിച്ചിട്ടില്ലാത്തവനാണ്. ഞാനീ വിശ്വത്തെ മുഴുവന്‍ കണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ കണ്ടതെല്ലാം ശുദ്ധമായ നിശ്ശൂന്യത മാത്രം.

ഇതെല്ലാം ശുദ്ധമായ അനുഭവം മാത്രമാകുന്നു. ഭൂമിയടക്കം യാതൊന്നും നിലനില്‍ക്കുന്നില്ല. യാതൊന്നും ഒരിക്കലും ഉണ്ടായിട്ടുമില്ല. അകത്തും പുറത്തും ഒന്നുമില്ല. എല്ലാം ബോധം മാത്രമാകുന്നു. എല്ലാം ബോധത്തിനുള്ളിലാകുന്നു. ബ്രഹ്മത്തില്‍ ലോകമില്ല. എന്നാല്‍ ബ്രഹ്മമാണ് ലോകത്തെ കാണുന്നതും അനുഭവിക്കുന്നതും. തോന്നലുകള്‍ ഒരിക്കലും സത്യമല്ല. അവ ഭാവനകള്‍ മാത്രമാണ്.

കണ്ണുകള്‍ക്ക് സത്യത്തെ കാണാനാവില്ല. അവയ്ക്ക് വിഷയവസ്തുക്കളെ കാണാം അത്രതന്നെ. എന്നാല്‍ അന്തര്‍നേത്രങ്ങളായ ആതിവാഹികമിഴികള്‍ക്ക് സൃഷ്ടിജാലത്തെ അറിയാനാകുന്നു. സത്യത്തെ ബ്രഹ്മമായും നിര്‍വാണതലമായും സൂക്ഷ്മനേത്രങ്ങള്‍ക്ക് കാണാം.

ആകാശത്തെ ഞാന്‍ അനുഭവിക്കുമ്പോള്‍ ഞാന്‍ ഭൂമിയെ അറിയുന്നു; ഞാന്‍ ഭൂമിയാകുന്നു.
ആ ഭൂമിയില്‍ ഞാന്‍ എണ്ണമില്ലാത്ത അനേകം വിശ്വങ്ങളെ അറിയുന്നു. അപ്പോഴും എന്റെ ഉണ്മ അനന്തമായ അവബോധമാണെന്നുള്ള ശാശ്വതമായ അറിവ് എന്നില്‍ ജ്വലിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.

എന്റെയുള്ളില്‍ ഞാന്‍ അത്യത്ഭുതകരങ്ങളായ അനേകം പ്രതിഭാസങ്ങളേയും സംഭവങ്ങളേയും കണ്ടറിഞ്ഞു. കര്‍ഷകന്‍ ഞാനാകുന്ന ഭൂമിയെ ഉഴുതു മറിക്കുന്നതിന്റെ അനുഭവം എന്നിലുണ്ടായി. സൂര്യതാപത്തിന്റെ പൊള്ളല്‍ എന്നെ എരിച്ചു. കോരിച്ചൊരിയുന്ന മഴവെള്ളത്തിന്റെ തണുപ്പെന്നെ പൊതിഞ്ഞു. ബ്രഹ്മാണ്ഡത്തിന്റെ അതിരുകള്‍ കാക്കുന്ന ലോകാലോകപര്‍വ്വതങ്ങള്‍ നിലകൊള്ളുന്ന ഭയാനകമായ ആകാശമായി ഞാന്‍ മാറി. എണ്ണമറ്റ ജീവജാലങ്ങളുടെ കര്‍മ്മകലാപങ്ങള്‍ക്ക് ഞാന്‍ വേദിയായി. വൈവിദ്ധ്യതയോടെ അനേകം ദേവാസുരമാനവമൃഗകീട ജീവികള്‍ എന്നില്‍ നിറഞ്ഞ് എന്നെ പൂര്‍ണ്ണനാക്കി. ഭൂമിയിലെ മലകളും കാടുകളും എല്ലാം എന്നില്‍ നിറഞ്ഞുവിളങ്ങി.