Apr 17, 2013

335 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 335


മനോബുദ്ധിരഹങ്കാരസ്തന്മാത്രാണീന്ദ്രിയാണി ച
ബ്രഹ്മൈവ സര്‍വം നാനാത്മ സുഖം ദുഃഖം ന വിധ്യതെ (6/11/43)

വസിഷ്ഠന്‍ തുടര്‍ന്നു: ലോകത്തിലെ എല്ലാ വസ്തുക്കളും ബ്രഹ്മം മാത്രമാണ്. ‘ഞാന്‍’ ബ്രഹ്മമാകുന്നു.

വികാരം, നിര്‍വികാരം, ആസക്തി, അനാസക്തി എന്നിവയെല്ലാം വെറും ധാരണകള്‍ മാത്രമാണ്. ദേഹം ബ്രഹ്മമാണ്. മരണവും ബ്രഹ്മം. സങ്കല്‍പ്പത്തിലുള്ള പാമ്പും ശരിയ്ക്കുമുള്ള കയറും ഒന്നാണെന്ന് അറിഞ്ഞാല്‍പ്പിന്നെ ദുഖമെവിടെ? അതുപോലെ ദേഹവും അതനുഭവിക്കുന്ന സുഖവും ബ്രഹ്മമാണ്. അപ്പോള്‍പ്പിന്നെ ശരീരസുഖത്തിന് കാരണമായിരിക്കുന്നതെന്താണ്?

ശാന്തമായ സമുദ്രോപരി കാണപ്പെടുന്ന അലകള്‍ അശാന്തമാണെങ്കിലും അത് ജലം തന്നെയാണല്ലോ. പ്രത്യക്ഷലോകമായി ബ്രഹ്മം അശാന്തമായിരിക്കുന്നുവെങ്കിലും അതിന്റെ സ്വരൂപം നഷ്ടമാവുന്നില്ല. അതിനാല്‍ ‘ഞാന്‍’, ‘നീ’ എന്നിത്യാദി വൈവിദ്ധ്യങ്ങള്‍ക്ക് യാതൊരു സാദ്ധ്യതയും ഇല്ല.   

ജലത്തിലെ ഓളങ്ങള്‍ നിലയ്ക്കുമ്പോള്‍ മൂല്യവത്തായ ഒന്നും ഇല്ലാതാവുന്നില്ല. മരണമെന്ന ബ്രഹ്മം ദേഹമെന്ന ബ്രഹ്മത്തെ ഏറ്റെടുക്കുമ്പോള്‍ ഒന്നും നഷ്ടമാവുന്നില്ല. ജലത്തിനെന്നപോലെ ബ്രഹ്മത്തിനും പ്രശാന്തമായിരിക്കാനും കലുഷമായി ഇളകാനും കഴിയുന്നു. അതാണ്‌ പ്രകൃതിനിയമം. ‘ഇത് ജീവാത്മാവ്’, ‘ഇത് ജഡം’, എനിങ്ങിനെ വിഭജിക്കുന്നത് അജ്ഞാനം മൂലമുള്ള വിഭ്രാന്തിയാണ്. ജ്ഞാനിക്ക് അത്തരം ധാരണകളില്ല.

അജ്ഞാനിക്ക് ലോകം മുഴുവനും ശോകഗ്രസ്ഥമാണ്. ജ്ഞാനിക്ക് അതേലോകം ആനന്ദസ്രോതസ്സുമാണ്. അന്ധന് ലോകം മുഴുവന്‍ ഇരുട്ടാണ്. നല്ല കാഴ്ചശക്തിയുള്ളവന് ലോകം പ്രകാശമയമാണ്. ബ്രഹ്മം എല്ലാടവും വ്യാപരിച്ചിരിക്കുമ്പോള്‍ മരണമെവിടെ? ജീവനെവിടെ? കടലലകള്‍ ജനിക്കുന്നും മരിക്കുന്നുമുണ്ടോ? അതുപോലെയാണ് ലോകത്തിലെ സൃഷ്ടികള്‍ .

‘ഇതുണ്ട്’, ‘ഇതില്ല’, എന്നിങ്ങിനെയുള്ള വിഭ്രമാത്മകധാരണകള്‍ ആത്മാവില്‍ ഉയരുന്നതിനു പ്രത്യേക കാരണങ്ങളോ ഉദ്ദേശങ്ങളോ ഇല്ല. സ്ഫടികക്കഷണം വിവിധ നിറങ്ങളില്‍ പ്രകാശം പ്രതിബിംബിപ്പിക്കുന്നത് നിയതമായ യാതൊരുദ്ദേശവും ഇല്ലാതെയാണല്ലോ. അതതിന്റെ സ്വഭാവമാണ്. പ്രകൃതിയാണ്.

ബോധമണ്ഡലത്തിലേയ്ക്ക് അനേകം വൈവിദ്ധ്യതകളെ വിക്ഷേപിക്കുന്ന ചൈതന്യം സജീവമായി ലോകമെന്ന നാമരൂപ സംഘാതമായി കാണപ്പെടുമ്പോഴും ആത്മാവ് മാറ്റമൊന്നുമില്ലാതെ നിലകൊള്ളുന്നു. ‘വ്യക്തി’, ‘ദേഹം’ മുതലായി സ്വതന്ത്രരൂപത്തില്‍ ലോകത്ത് യാതൊന്നും ഇല്ല. ശരീരമായും ധാരണകളായും, വിഷയപ്രതീതികളായും, നാശമുള്ളതായും ഇല്ലാത്തതായും, ചിന്തകളായും വികാരങ്ങളായും, അവയുടെ അര്‍ത്ഥതലങ്ങളായും ഉള്ള സകലതും ബ്രഹ്മമാണ്. അനന്താവബോധമാണ്.

അജ്ഞാനം മൂലം ഒരുവന്റെ വിഭ്രമാത്മകമായ കണ്ണില്‍ മാത്രമേ ദ്വന്ദത നിലനില്‍ക്കുന്നുള്ളു. “മനസ്സ്‌, ബുദ്ധി, അഹങ്കാരം, വിശ്വത്തിന്റെ മൂലഘടകങ്ങളായ പഞ്ചഭൂതങ്ങള്‍ , ഇന്ദ്രിയങ്ങള്‍ , വൈവിദ്ധ്യമാര്‍ന്ന പ്രതിഭാസങ്ങള്‍ , എന്നിവയെല്ലാം ബ്രഹ്മമാണ്. സുഖദുഃഖങ്ങള്‍ വെറും മായക്കാഴ്ചയാണ്.” അവ അര്‍ത്ഥമില്ലാത്ത വെറും വാക്കുകള്‍ മാത്രം. മലമുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഒരു ശബ്ദം അനേകം തവണ മാറ്റൊലിക്കൊളളുന്നതുപോലെ, ബോധം സ്വയമേവ അനവധി അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ‘ഇത് ഞാന്‍’, ‘ഇതെന്റെ മനസ്സ്’, തുടങ്ങിയ ധാരണകളില്‍ മുഴുകുന്നു. സ്വപ്നത്തില്‍ പലതു കാണുന്നവനെപ്പോലെ ഒരേയൊരു അനന്താവബോധം ആത്മാവില്‍ വൈവിദ്ധ്യതയെ ദര്‍ശിക്കുന്നു.  

Apr 16, 2013

334 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 334


പുന:പുനരിദം രാമ പ്രബോധാര്‍ത്ഥം മയോച്യതേ
അഭ്യാസേന വിനാ സാധോ നാഭ്യുദേത്യാത്മഭാവനാ (6/11/1)

വസിഷ്ഠന്‍ തുടര്‍ന്നു: “രാമാ, നിന്റെ ആത്മോല്‍ക്കര്‍ഷത്തിനായി ഞാനിത് ആവര്‍ത്തിച്ചു പറയുകയാണ്‌ . ഇങ്ങിനെ ആവര്‍ത്തിച്ചു പറഞ്ഞുറപ്പിച്ചാലല്ലാതെ, ആവര്‍ത്തിച്ചഭ്യസിക്കുന്ന സാധനകള്‍ കൂടാതെ നിന്നില്‍  ആത്മസാക്ഷാത്കാരമുണ്ടാവുകയില്ല.”

ദേഹത്തിനകത്തും പുറത്തുമായി അനേകായിരം ജന്മങ്ങളിലൂടെ പ്രകടിപ്പിച്ചും ഇന്ദ്രിയങ്ങളിലൂടെ അനുഭവിച്ചും ഈ അവിദ്യയെന്ന അജ്ഞാനം നമ്മില്‍ ഘനസാന്ദ്രമായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍ ആത്മജ്ഞാനമോ, അത് ഇന്ദ്രിയാനുഭാവങ്ങളുമായി ബന്ധമേതുമില്ലാത്തതാണ്. അതുണ്ടാവുന്നത് പഞ്ചേന്ദ്രിയങ്ങളും ആറാമിന്ദ്രിയമായ മനസ്സും അടങ്ങുമ്പോഴാണ്. രാമാ, അറിയേണ്ടതറിഞ്ഞ ശേഷം ഇഹലോക ജീവിതത്തില്‍ അഭിരമിച്ച ജനകമഹാരാജാവിനെപ്പോലെ, ആത്മജ്ഞാനം സിദ്ധിച്ചശേഷം നീയും ജീവിതം നയിക്കൂ. ജനകന്റെ കാര്യത്തില്‍ അദ്ദേഹം പ്രവര്‍ത്തനനിരതനായിരിക്കുമ്പോഴും അല്ലെങ്കിലും, ഉണര്‍ന്നിരിക്കുമ്പോഴും അല്ലെങ്കിലും സത്യത്തിന്റെ നേരറിവ് അദ്ദേഹത്തില്‍ സദാ പ്രോജ്വലിക്കുന്നുണ്ടായിരുന്നു. 
    
ഭഗവാന്‍ വിഷ്ണു ഇഹലോകത്തില്‍ അവതാരങ്ങളെടുക്കുന്നത് ആത്മജ്ഞാനത്തിന്റെ മൂര്‍ത്തരൂപങ്ങളായിട്ടാണ്. അതുപോലെ തന്നെയാണ് പരമശിവനും ബ്രഹ്മാവും. അവരെല്ലാം ആത്മജ്ഞാനത്തില്‍ രൂഢമൂലരാണ്. രാമാ, നീയും അതുപോലെയാവൂ.

രാമന്‍ ചോദിച്ചു: ഭഗവാനേ, ഈ മഹാത്മാക്കളെല്ലാം സുദൃഢമായി അഭിരമിക്കുന്ന ഈ ആത്മജ്ഞാനത്തിന്റെ സ്വരൂപം എന്താണ്? എന്താണതിന്റെ പ്രകൃതി?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, നിനക്കിത് നേരത്തെതന്നെ അറിയാവുന്നതാണ്. എങ്കിലും ഒന്നുകൂടി വ്യക്തമാക്കാന്‍വേണ്ടി നീയിതു ചോദിക്കുന്നതാണെന്ന് ഞാനറിയുന്നു. എന്തൊക്കെയുണ്ടോ? എന്തൊക്കെ ഈ മായാലോകമായി കാണപ്പെടുന്നോ അതെല്ലാം ബ്രഹ്മം, അല്ലെങ്കില്‍ അനന്താവബോധം മാത്രമാണ്.

ബോധം ബ്രഹ്മം. ലോകം ബ്രഹ്മം. പഞ്ചഭൂതങ്ങള്‍ ബ്രഹ്മം. ഞാനും എന്റെ ശത്രുവും ബ്രഹ്മം. എന്റെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ബ്രഹ്മം. ഭൂതഭാവിവര്‍ത്തമാനങ്ങളാകുന്ന മൂന്നു കാലങ്ങളും ബ്രഹ്മം തന്നെ. കാരണം എല്ലാമെല്ലാം വേരുറപ്പിച്ചിരിക്കുന്നത് ബ്രഹ്മത്തിലാണല്ലോ.

സമുദ്രം കൂടുതല്‍ വ്യാപരിച്ചിരിക്കുന്നതായി തോന്നുന്നത് അതിലെ അലകള്‍ കാരണമാണ്. അതുപോലെ ബ്രഹ്മത്തിനു അനന്തമായ വ്യാപ്തിയുള്ളതായി തോന്നുന്നത് അനന്തവൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ ഉള്ളതിനാലാണ്. ബ്രഹ്മം ബ്രഹ്മത്തെ അറിയുന്നു. ബ്രഹ്മം ബ്രഹ്മത്തെ അനുഭവിച്ചും ആസ്വദിച്ചും അറിയുന്നു. ബ്രഹ്മത്തിന്റെ പ്രാഭവംകൊണ്ട് ബ്രഹ്മത്താല്‍ ബ്രഹ്മം മൂര്‍ത്തീകരിക്കുന്നു.

ബ്രഹ്മമായ എന്നെ വിഷമിപ്പിക്കുന്ന ശത്രുവും ബ്രഹ്മം തന്നെയെങ്കില്‍ ആര്‍ക്ക് മറ്റൊരാളെ എന്ത് ചെയ്യാനാവും? ആകര്‍ഷണവികര്‍ഷണങ്ങള്‍ , ഇഷ്ടാനിഷ്ടങ്ങള്‍ , എന്നിവയെല്ലാം മനസ്സിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. ചിന്തകളുടെ അഭാവത്തില്‍ അവയെല്ലാം നശിക്കുന്നു. അപ്പോള്‍പ്പിന്നെ അവയെങ്ങിനെയാണ് പര്‍വ്വതീകരിച്ചു പ്രകടമാവുന്നത്?

ബ്രഹ്മത്തില്‍ത്തന്നെ ബ്രഹ്മമായി ചരിക്കുമ്പോള്‍ , എല്ലാറ്റിലും ബ്രഹ്മം മാത്രമാണെന്നറിവുറച്ചാല്‍പ്പിന്നെ എന്താണ് സുഖം ? എന്താണ് ദുഃഖം? ബ്രഹ്മം ബ്രഹ്മത്തില്‍ സംപ്രീതമത്രേ. അതില്‍ സ്വയം രൂഢമൂലവുമാണ്. ‘ഞാന്‍’, ‘മറ്റുള്ളവര്‍ ’ എന്നിങ്ങനെ രണ്ടു സത്തകള്‍ ഇല്ല. എല്ലാം ഒരേയോരുണ്‍മ മാത്രം.

Apr 15, 2013

333 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 333


യത്രാസ്തി വാസനാബീജം തത്സുഷുപ്തം ന സിദ്ധയേ
നിര്‍ബീജാ വാസനാ യത്ര തത്തുര്യം സിദ്ധിദം സ്മൃതം  (6/10/20)

വസിഷ്ഠന്‍ തുടര്‍ന്നു: ഹൃദയത്തില്‍ പരിമിതികളും മാനസീകോപാധികളും സൂക്ഷ്മമായൊരു ബീജം പോലെ ബാക്കിയുണ്ടെങ്കില്‍ അത് ദീര്‍ഘസുഷുപ്തിയില്‍ത്തന്നെയാണെന്ന് കണക്കാക്കാം. പ്രശാന്തതയുടെ അനുഭവം ആര്‍ജ്ജിച്ചാലും മനസ്സ് സ്വരൂപത്തില്‍ അഭിരമിച്ചുവെന്നു തോന്നിയാലും ആ ബീജം  പുനര്‍ജന്മത്തിന് വഴിതെളിക്കും. അത് ജഡാവസ്ഥയുടെ ഒരു തലം തന്നെയാണ്. അത് അസന്തുഷ്ടിയുടെ സ്രോതസ്സുമാണ്. കല്ല്, മുതലായ ചൈതന്യമറ്റ സ്ഥാവരജഡവസ്തുക്കളുടെ അവസ്ഥ അതാണ്‌. അവ സ്വപരിമിതികളില്‍ (വാസനകൾ ) നിന്നും സ്വതന്ത്രമല്ല. ഒരു വിത്ത്‌ മുളപൊട്ടി ചെടി വളര്‍ന്നു വലുതായി പൂത്ത് തളിര്‍ക്കാനുള്ള സാദ്ധ്യത വിത്തില്‍ ലീനമായുണ്ടല്ലോ.  വിത്തില്‍ പൂക്കള്‍ എന്നപോലെ, ചെളിമണ്ണില്‍ കുടമെന്നപോലെ വാസനകള്‍ ജഡാവസ്ഥയിലും വസ്തുക്കളിൽ  മറഞ്ഞിരിക്കുന്നു.

“സ്വപരിമിതി, ഉപാധി, പ്രവണത, എന്നെല്ലാം അറിയപ്പെടുന്ന വാസനയുടെ വിത്തുകള്‍ ഉള്ളപ്പോള്‍ അത് ദീര്‍ഘസുഷുപ്തിയുടെ അവസ്ഥയാണ്. അത് പരിപൂര്‍ണ്ണതയല്ല. എല്ലാ വാസനകളും ഇല്ലാതായി വാസനകളുടെ സാദ്ധ്യതകള്‍ പോലും അവസാനിച്ച് നിര്‍മനമായിരിക്കുന്ന തലമാണ് ജാഗ്രദ്,സ്വപ്ന,സുഷുപ്തി അവസ്ഥകള്‍ക്കു മൂന്നിനും അതീതമായ നാലാമത്തെ അതീന്ദ്രിയാവസ്ഥ.” അത് പരിപൂര്‍ണ്ണതയെ ആനയിക്കുന്നു.
  
വാസനകള്‍ , അഗ്നി, കടം, ശത്രുക്കള്‍ , സുഹൃത്തുക്കള്‍ , പശ, വെറുപ്പ്‌, വിഷം എന്നിവ പരിശ്രമത്തിലൂടെ മാറ്റിക്കളഞ്ഞിട്ടും അല്പമെങ്കിലും അവശേഷിക്കുകയാണെങ്കില്‍ അത് തീരെ ഇല്ലാതാക്കുക ക്ലേശകരമാണ്. എല്ലാ വാസനകളെയും പൂര്‍ണ്ണമായും നീക്കിക്കളഞ്ഞാല്‍പ്പിന്നെ സാധകന്‍ തന്റെ സ്വരൂപമായ ശുദ്ധഭാവത്തില്‍ പ്രതിഷ്ഠിതനാവും. അങ്ങിനെയുള്ള ഒരുവന്‍ ജീവനോടെയിരിക്കുന്നുവെങ്കിലും അല്ലെങ്കിലും അയാളെ ദുഃഖങ്ങള്‍ ബാധിക്കുകയില്ല. 

ചലനരഹിതമായ സ്ഥാവരവസ്തുക്കളില്‍ കുടികൊള്ളുന്ന ചിത്ശക്തി, അതായത്‌ ചൈതന്യം, ബോധം, ലീനവാസനയായാണ് നിലകൊള്ളുന്നത്. ഈ ചിത്ശക്തിയാണ് ആ വസ്തുവിന്റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത്. അതാണ്‌ ഓരോ വസ്തുക്കളുടെയും തന്മാത്രകളില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാനമായ നൈസര്‍ഗ്ഗീകഗുണങ്ങള്‍ . ഈ ചിത്ശക്തിയെ (വാസനയെ) ആത്മശക്തിയായി, ആത്മചൈതന്യമായി, അനന്താവബോധമായി സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രത്യക്ഷലോകമെന്ന ഭ്രമദൃശ്യം ഉണ്ടാവും. എന്നാല്‍ ആ വാസനയെ സത്യമായി, അനന്താവബോധമായി സാക്ഷാത്ക്കരിക്കുവാന്‍ സാധിച്ചാല്‍പ്പിന്നെ എല്ലാ ദുഖങ്ങള്‍ക്കും അന്ത്യമായി.
    
ഈ സത്യാവസ്ഥയെ കാണാന്‍ കഴിയാത്തതാണ് അവിദ്യ, അല്ലെങ്കില്‍ അജ്ഞാനം. ഈ അവിദ്യയാണ് പ്രത്യക്ഷലോകത്തിനു നിദാനമായിരിക്കുന്നത്. മറ്റെല്ലാ ധാരണകള്‍ക്കും കാരണമാവുന്നത് ലോകമെന്ന ‘അജ്ഞാനം’ ആണല്ലോ. ആദ്യമായുണ്ടാവുന്ന ചിന്താശകലം പോലും ദീര്‍ഘസുഷുപ്തിയെ ശല്യപ്പെടുത്തി നിദ്രയ്ക്കു ഭംഗം വരുത്തും. അതുപോലെ അജ്ഞാനത്തെ നീക്കി ഇല്ലാതാക്കുവാന്‍ സത്യത്തിലേയ്ക്കുള്ള അന്ത:പ്രജ്ഞയുടെ ചെറിയൊരുണര്‍വ്വിനുപോലും സാധിക്കും. ഇരുട്ടിലേയ്ക്ക് വിളക്കുമായി കടന്നുചെല്ലുന്നതോടെ ഇരുട്ടില്ലാതാവുന്നു. അന്വേഷണത്തിന്റെ വിളക്കാണ് അജ്ഞാനത്തിന്റെ ഇരുട്ടിനെ നീക്കുന്നത്.

രക്താസ്ഥിമാംസ സഞ്ചയമായ ഈ ദേഹത്തില്‍ കുടികൊള്ളുന്ന ‘ഞാന്‍’ ആരാണ്? എന്ന അന്വേഷണം ആരംഭിക്കുന്നതോടെ അവിദ്യ അവസാനിക്കുന്നു. തുടക്കമുള്ള എല്ലാറ്റിനും അവസാനമുണ്ട്. ആരംഭമുള്ള എല്ലാറ്റിനെയും മാറ്റി നിര്‍ത്തിയാല്‍ ശേഷിക്കുന്നത് സത്യം മാത്രം. അതാണ്‌ അവിദ്യയുടെ അവസാനം. അതിനെ എന്തെങ്കിലും വസ്തു ആയോ ഒന്നുമല്ലാത്ത 'അവസ്തു'വായോ കണക്കാക്കാം. അജ്ഞാനം ഇല്ലാതാവുമ്പോള്‍ ഇതിനെയാണ് നാം പ്രാപിക്കുന്നത്. 

ഒരാള്‍ക്ക് രുചിക്കുന്ന മധുരരസം മറൊരാള്‍ക്ക് അനുഭവവേദ്യമല്ല. മറ്റൊരാള്‍ അവിദ്യ അവസാനിച്ചതിനെപ്പറ്റി പറയുന്നത് കേട്ടതുകൊണ്ട് നീ പ്രബുദ്ധതയെ പ്രാപിക്കുകയില്ല. ഒരോരുത്തരും അത് സ്വയം സാക്ഷാത്കരിക്കേണ്ടതുണ്ട്.

ചുരുക്കത്തില്‍ അവിദ്യ എന്നത് ‘ബ്രഹ്മേതരമായി, വിശ്വാവബോധമല്ലാതെയുള്ള മറ്റേതോ ഒരു സത്ത ഉണ്ട് എന്ന വിശ്വാസമാണ്.’ എന്നാല്‍ എല്ലാമെല്ലാം ബ്രഹ്മം മാത്രമാണ് എന്ന അറിവുണരുമ്പോഴാണ് അവിദ്യ ഇല്ലാതാവുന്നത്.      

Apr 14, 2013

332 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 332


പരിജ്ഞായ പരിത്യാഗോ വാസനാനാം യ ഉത്തമ:
സത്താസാമാന്യരൂപത്വം തത്കൈവല്യപദം വിദു: (6/10/14)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ പ്രത്യക്ഷലോകവും അതിലെ ചരാചരങ്ങളും ഒന്നും വാസ്തവമല്ല. ഉന്മയല്ല. യാതൊന്നും ഭൗതീകമായി സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഭാവാഭാവധാരണകളെ സൃഷ്ടിക്കുന്ന സങ്കല്‍പ്പവിശേഷം ഇല്ലെങ്കില്‍പ്പിന്നെ ഈ വ്യക്തിഗതജീവനുകള്‍ - ജീവാത്മാവ്- എന്നത് വെറും വ്യര്‍ത്ഥജല്‍പ്പനങ്ങള്‍ മാത്രമാണ്. ഹൃദയത്തിലുണ്ടാകുന്ന അവിദ്യാജന്യമായ ബന്ധങ്ങള്‍ എല്ലാം സത്തില്ലാത്തവയാണ്. നിലനിൽപ്പില്ലാത്തവയാണ്. കയറിനെ പാമ്പായി തെറ്റിദ്ധരിച്ചുവെന്നിരിക്കിലും ആ ‘പാമ്പിന്’ ആരെയും കടിക്കാനാവില്ല.!  

ആത്മവിദ്യയുടെ അഭാവമാണ് അവിദ്യ, അല്ലെങ്കില്‍ ഭ്രമം. എന്നാല്‍ ആത്മതലത്തില്‍ എത്തിയാല്‍ ഒരുവന് അന്തമില്ലാത്ത പ്രജ്ഞയും മേധാശക്തിയും സ്വായത്തമാണ്. ബോധം തന്നെത്താന്‍ ഒരു ബോധവസ്തുവായി കണക്കാക്കി സ്വയം വിഷയവും വിഷയിയും ആയാല്‍ അതും അവിദ്യ തന്നെ. ഈ വിഷയ-വിഷയീഭിന്നതയും തല്‍ജന്യമായ ബന്ധങ്ങളും നീക്കിയാല്‍ ഉള്ള സത്താണുണ്മ. വ്യക്തിത്വമാര്‍ജ്ജിച്ച മനസ്സ് മാത്രമാണ് ജീവന്‍. മനസ്സൊടുങ്ങുമ്പോള്‍ വ്യക്തിയും ഇല്ലാതാകുന്നു. വ്യക്തിഗതമനസ്സുള്ളിടത്തോളമേ അതിനു നിലനില്‍പ്പുള്ളൂ.  

ഒരു കുടമുള്ളിടത്തോളം അതിനുള്ളിലെ ആകാശമെന്ന സങ്കല്‍പ്പത്തിനു സാധുതയുണ്ട്. എന്നാല്‍ ആ കുടമുടഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അനന്തമായ ആകാശം മാത്രമേയുള്ളൂ. കുടാകാശമായി നേരത്തേയുണ്ടായിരുന്ന ആ പരിമിതാകാശവും ഇപ്പോള്‍ അനന്താകാശത്തില്‍ വിലീനമാണല്ലോ. 

രാമന്‍ ചോദിച്ചു: ഭഗവാനേ, ഈ വിശ്വപ്രജ്ഞ, അല്ലെങ്കിൽ ചൈതന്യം, എങ്ങിനെയാണ് ചൈതന്യരഹിതമായ പാറക്കല്ലുകളും മറ്റുമായി ഭവിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ഈ പാറക്കല്ലുകളിലും ബോധമുണ്ട്. എന്നാല്‍ അത് ഇനിയും ചൈതന്യവത്തായി ഉണർന്നിട്ടില്ലാത്ത അവസ്ഥയിലാണ്. എന്നാല്‍ അവ ‘നിര്‍മ്മന’മെന്ന മനസ്സില്ലാത്ത അവസ്ഥയെത്തിയിട്ടുമില്ല. അത് ദീര്‍ഘനിദ്രപോലെയാണ്. ആ തലം മുക്തിപദത്തില്‍ നിന്നും എത്രയോ ദൂരെയാണ്!

രാമന്‍ വീണ്ടും ചോദിച്ചു: എങ്കിലും അവ ധാരണകള്‍ക്കും പ്രതീതികള്‍ക്കും വശംവദമാകാതെ ദീര്‍ഘസുഷുപ്തിയില്‍ നിലകൊളളുന്നുവെങ്കില്‍ അത് മുക്തിപദത്തോട് ഏറെ അടുത്ത ഒരവസ്ഥതന്നെയാണ് എന്നെനിക്ക് തോന്നുന്നു. 

വസിഷ്ഠന്‍ പറഞ്ഞു: മോക്ഷം, മുക്തി, അല്ലെങ്കില്‍ അനന്തതയെ സാക്ഷാത്കരിക്കല്‍ എന്ന് പറഞ്ഞാല്‍ വെറും അചരമായ ജീവിയായി, അചേതനമായി ഒരിടത്ത് കിടക്കുക എന്നല്ല അര്‍ത്ഥം. മോക്ഷമെന്നാല്‍ സാധനാനിരതനായ ഒരുവന്‍ ആത്മാന്വേഷണത്തിലൂടെ ലഭിക്കുന്ന അന്തരാവബോധത്തിലുണര്‍ന്ന് പരമപ്രശാന്തതയില്‍ വിലീനമാവുന്ന ഒരവസ്ഥയാണ്. “കൈവല്യം- പൂര്‍ണ്ണസ്വാതന്ത്ര്യം എന്നത് ബോധപൂര്‍വ്വമുള്ള ആത്മാന്വേഷണത്തിലൂടെ ലഭ്യമാകുന്ന, എല്ലാ മാനസീകോപാധികള്‍ക്കും ഉപരിയായി നിലകൊള്ളുന്ന ശുദ്ധബുദ്ധമായ ഒരു തലമാണ്.”

ശാസ്ത്രങ്ങളില്‍ പ്രതിപാദിക്കപ്പെട്ട സത്യത്തെക്കുറിച്ച്, പ്രബുദ്ധരായ മാമുനിമാരുടെ സത്സംഗസഹായത്തോടെ സമഗ്രമായ ആത്മാന്വേഷണം നടത്തിമാത്രമേ ബ്രഹ്മത്തെ പ്രാപിക്കുവാനാവൂ എന്നാണ് ജ്ഞാനികളുടെ അഭിപ്രായം.

Apr 13, 2013

331 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 331


ഉദേത്യവിദ്യാ വിദ്യായാ: സലിലാദിവ ബുദ്ബുദ:
വിദ്യായാം ലീയതേവിദ്യാ പയസീവ: ബുദ്ബുദ: (6/9/16)

രാമന്‍ ചോദിച്ചു: ഭഗവാനേ, അങ്ങ് പറയുന്നു വിഷ്ണുവും ശിവനും പോലുള്ള ഈശ്വരന്മാര്‍ പോലും ഈ അവിദ്യയുടെ ഭാഗമാണെന്ന്. എന്നെയിതത്ഭുതപ്പെടുത്തുന്നു. ദയവായി വിശദീകരിച്ചാലും.

വസിഷ്ഠന്‍ പറഞ്ഞു: സത്ത്-ചിത്ത്-ആനന്ദം എന്ന സമ്യഗവസ്ഥ ആലോചനകള്‍ക്കും അറിവുകള്‍ക്കും അതീതമാണ്. അത് സര്‍വ്വവ്യാപിയായ പരമപ്രശാന്തതയാണ്. സങ്കല്‍പ്പങ്ങള്‍ക്കും വിവരണങ്ങള്‍ക്കും വഴങ്ങാത്തതാണതിന്റെ അര്‍ത്ഥതലങ്ങള്‍ .  സങ്കൽപ്പ ധാരണകളുണ്ടാക്കാനുള്ള സഹജമായ കഴിവുകള്‍ സൂക്ഷ്മം, മധ്യമം, സ്ഥൂലം എന്നിങ്ങിനെ മൂന്നു തരമാണ്. പ്രജ്ഞ അവയെ സാത്വീകം, രാജസീകം, താമസം എന്ന് തിരിച്ചറിയുന്നു. ഈ മൂന്നും ചേര്‍ന്നാല്‍ പ്രകൃതിയായി.  

അവിദ്യ, അല്ലെങ്കില്‍ അജ്ഞാനം ഈ പ്രകൃതിയാണ്. അതും മൂന്നു തരമാണ്. ഇവയാണ് എല്ലാ ജീവജാലങ്ങള്‍ക്കും കാരണമാകുന്നത്. അതിനപ്പുറം കടന്നാല്‍ പിന്നെ പരംപൊരുളാണ്. സത്വ, രജസ്, തമോഗുണങ്ങള്‍ക്കും സൂക്ഷ്മം, മധ്യമം, സ്ഥൂലം എന്നിങ്ങിനെ മൂന്നു ഗുണവിശേഷങ്ങളുണ്ട് – അങ്ങിനെ എല്ലാം ചേര്‍ന്ന് ഒന്‍പതു തരം ഗുണഗണങ്ങളായി. വിശ്വം മുഴുവന്‍ ഉണ്ടായത്‌ ഈ ഒന്‍പതു ഗുണങ്ങള്‍ ചേര്‍ന്നാണ്.
 
മഹര്‍ഷിമാര്‍ , മുനികള്‍ , പ്രബുദ്ധര്‍ , പാതാളവാസികള്‍ , ദേവതകള്‍ , ആകാശവാസികള്‍ എന്നിവരെല്ലാം അവിദ്യയുടെ  സാത്വീകഭാഗത്തില്‍ നിന്നും ഉദ്ഭൂതമായവയാണ്. ഇവരില്‍ ആകാശവാസികളും പാതാളവാസികളും മറ്റും തമസ്സ് ആകുന്നു. സാധകരും മാമുനിമാരും ചേര്‍ന്ന്  രജസ്സും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും ദേവതകളും ചേര്‍ന്ന് സാത്വീകതയും ആകുന്നു. സാത്വീകതയില്‍ എത്തിയവര്‍ക്ക് പുനര്‍ജന്മങ്ങളില്ല. അതിനാല്‍ അവരെ മുക്തരെന്നു വിളിക്കുന്നു. ലോകമുള്ളിടത്തോളം കാലം അവരും ഉണ്ട്.

മാമുനിമാരെപ്പോലുള്ള സാധകര്‍ ജീവന്മുക്തരത്രേ. അവര്‍ സമയമാകുമ്പോള്‍ തങ്ങളുടെ ദേഹമുപേക്ഷിച്ച് ദേവലോകത്ത് എത്തുന്നു. ലോകമുള്ളിടത്തോളം കാലം അവിടെക്കഴിഞ്ഞിട്ട് ഒടുവില്‍ അവര്‍ സാത്വീകരെപ്പോലെ മുക്തിയെ പ്രാപിക്കുന്നു. അങ്ങിനെ അവിദ്യയുടെ ഈ അംശംതന്നെ സ്വയം ജ്ഞാനം അല്ലെങ്കില്‍ ആത്മവിദ്യയായി തീരുകയാണ്.! “കടലില്‍ അലകള്‍ ഉണ്ടാവുന്നതുപോലെ ജ്ഞാനത്തില്‍ അജ്ഞാനം ഉണ്ടാവുന്നു. ഒടുവില്‍ അലകള്‍ കടലില്‍ അലിഞ്ഞില്ലാതാവുന്നത്പോലെ  അജ്ഞാനം ജ്ഞാനത്തില്‍ വിലീനമാവുന്നു.”

അലകളും ജലവും തമ്മിലുള്ള അന്തരം വെറും വാക്കുകളില്‍ മാത്രമാണല്ലോ. ഈ അന്തരം സത്യമല്ല. വാസ്തവത്തില്‍ അജ്ഞാനം ഇല്ലാത്തതാണ്, ജ്ഞാനം പോലും ഉണ്മയല്ല. എപ്പോള്‍ ജ്ഞാനത്തെയും അജ്ഞാനത്തെയും രണ്ടായി വേറിട്ട്‌ കാണാതിരിക്കുന്നുവോ അപ്പോള്‍ നിലനില്‍ക്കുന്നതെന്താണോ അതാണ്‌ സത്ത. ജ്ഞാനത്തെക്കുറിച്ചുള്ള ചിന്തപോലും അവിദ്യയത്രേ. വിദ്യ, അവിദ്യ എന്നീ രണ്ടു ധാരണകളും ഒടുങ്ങിയാല്‍ ശേഷിക്കുന്നത് സത്യം. അത് ‘ഉള്ളതോ’ ‘ഇല്ലാത്തതോ’ എന്ന് നിര്‍വ്വചിക്കാന്‍ കഴിയില്ല.

അത് സര്‍വ്വശക്തമാണ്. ശൂന്യാകാശത്തെക്കാള്‍ നിശ്ശൂന്യമാണ്. എന്നാല്‍ അത് ശൂന്യമല്ല, കാരണം അത് നിറയെ ബോധമാണ്. കുടത്തിലെ ആകാശം പോലെ ഒരിക്കലും നശിപ്പിക്കാനാവാത്തതും എല്ലാടവും നിറഞ്ഞതുമാണത്. അതാണ്‌ എല്ലാ ജീവജാലങ്ങളിലെയും ഉണ്മ. കാന്തം അതിന്റെ സാന്നിദ്ധ്യമാത്രം കൊണ്ട് ഇരുമ്പുശകലങ്ങളെ ആകര്‍ഷിച്ചു ചലിപ്പിക്കുന്നതുപോലെ ‘അത്’ പ്രപഞ്ചത്തെ അനിച്ഛാപൂര്‍വ്വം നയിക്കുന്നു. എന്നാല്‍ ‘അത്’ യാതൊന്നും ചെയ്യുന്നില്ല.  

Apr 12, 2013

330 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 330


അജ്ഞാനാദ്വൃദ്ധിമായാതി തദേവ സ്യാത്ഫലം സ്ഫുടം
ജ്ഞാനേനായാതി സംവിത്തിസ്ഥാമേവാന്തേ പ്രയച്ഝതി (6/8/6)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ അജ്ഞാനമെന്ന വള്ളിച്ചെടി എങ്ങിനെയാണ് എല്ലാ ദിശകളിലേയ്ക്കും പടര്‍ന്നു വളരുന്നതെന്ന് ഞാനിനി പറഞ്ഞു തരാം. പ്രത്യക്ഷലോകമെന്ന കാട്ടില്‍ തഴച്ചുവളരുന്ന ഇതിന്റെ വേരുകള്‍ ബോധമെന്ന പര്‍വ്വതത്തിലാണ് ഉറച്ചിട്ടുള്ളത്. മൂന്നു ലോകങ്ങളുമാണതിന്റെ തടിത്തണ്ട്. പ്രപഞ്ചം മുഴുവനും അതിന്റെ തോലാണ്. അതിന്റെ വേരും കായുമാവുന്നത് സുഖദുഖങ്ങളും, ഭാവാഭാവങ്ങളും ജ്ഞാനാജ്ഞാനങ്ങളും ആണ്. ആ അജ്ഞാനം സുഖാനുഭവം സങ്കൽപ്പിക്കുമ്പോള്‍ സുഖാനുഭവം. മറിച്ചു സങ്കല്പ്പിക്കുമ്പോള്‍ ദുഖാനുഭവം. ഭാവസങ്കല്‍പ്പത്തില്‍ ഭാവം (ജീവികൾ) ഉണ്ട്. അഭാവസങ്കല്‍പ്പത്തില്‍ അഭാവവുമുണ്ട്.      

“ഈ അജ്ഞാനം വ്യാപരിക്കുന്നത് അജ്ഞാനം മൂലമാണ്. അത് കൂടുതല്‍ ഇരുണ്ട അജ്ഞാനത്തിനു വഴി തെളിക്കുന്നു. എന്നാല്‍ വിവേകത്തെ വിവേകം തന്നെ പരിപോഷിപ്പിക്കുന്നു. അത് ജ്ഞാനം തന്നെയായിത്തീരുന്നു.” അജ്ഞാനം മാനസീകാവസ്ഥകളിലും വിശ്രമവേളകളില്‍പ്പോലും പ്രകടമാവുന്നു. എന്നാല്‍ എപ്പോഴെങ്കിലും അത് ജ്ഞാനവുമായി ബന്ധപ്പെടാന്‍ ഇടയായി സ്വയം പവിത്രമാവുകതന്നെ ചെയ്യും. എന്നാല്‍ അത് വീണ്ടും വിഷയങ്ങളിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു സംഗത്തിലാവുന്നു. അതാണ്‌ എല്ലാ വികാരങ്ങള്‍ക്കും ഇന്ദ്രിയാനുഭവങ്ങള്‍ക്കും കാരണം. ആ വള്ളിച്ചെടിയുടെ മജ്ജ പൂര്‍വ്വാനുഭവസ്മൃതികളത്രേ. 

വിചാരം അല്ലെങ്കില്‍ ആത്മാന്വേഷണം ആ ചെടിയെ കാര്‍ന്നു തിന്നുന്ന ചിതലാണ്. അകാശത്തു തിളങ്ങിക്കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും അതിന്റെ പൂക്കളാണ്. മനസ്സാണീ ചെടിയെ പിടിച്ചു കുലുക്കുന്നത്. ധാരണകളാകുന്ന പക്ഷികള്‍ ഈ ചെടിയില്‍ വന്നിരിക്കുന്നു. ഇന്ദ്രിയങ്ങളാകുന്ന വിഷസര്‍പ്പങ്ങള്‍ ചെടിക്ക് ചുറ്റും വളഞ്ഞിരിക്കുന്നു. നിഷിദ്ധകര്‍മ്മങ്ങളാകുന്ന പെരുമ്പാമ്പ്‌ ഈ ചെടിയിലാണ് വസിക്കുന്നത്. സ്വര്‍ഗ്ഗത്തിന്റെ വെളിച്ചമാണിതിനെ പ്രകാശിപ്പിക്കുന്നത്. എല്ലാ ജീവികളുടെയും ജീവിതമാര്‍ഗ്ഗം ഈ ചെടിയെ അവലംബിച്ചിരിക്കുന്നു.

മൂഢനെ ഭ്രമിപ്പിക്കുവാനുതകുന്ന വസ്തുക്കള്‍ , സാധകനില്‍ വിവേകമുദിപ്പിക്കാന്‍ സഹായകമായ ഉപാധികള്‍ , എണ്ണമറ്റ ജീവജാലങ്ങള്‍ എന്നിവയാണ് ഇതിലുള്ള മറ്റു സംഗതികള്‍ .  ഇതിലാണ് ജനിച്ചിട്ടുള്ളവരും ഇനി ജനിക്കാനുള്ളവരും, മരിച്ചവരും ഇനി മരിക്കാനുള്ളവരും ഇരിക്കുന്നത്. ചിലപ്പോള്‍ ഈ ചെടി ഭാഗികമായി മുറിഞ്ഞും മറ്റു ചിലപ്പോള്‍ പൂര്‍ണ്ണമായ അവസ്ഥയിലും (വിവേകം തീരെയുദിക്കാത്തവര്‍ ) ഇരിക്കുന്നു. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സാദ്ധ്യമല്ല.

ഭൂത, വര്‍ത്തമാന, ഭാവികൾ ഇതിലാണുളളത്. ഈ ചെടി ജീവികളുടെ വിവരം കെടുത്തുന്ന കിനാവള്ളിയാണ്. എന്നാല്‍ ദൃഢനിശ്ചയത്തോടെ അന്വേഷിക്കുമ്പോള്‍ അതിനന്ത്യമാകുന്നു. ഈ ചെടിതന്നെയാണ് മുന്‍പ് പറഞ്ഞ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളും ജീവികളുമായി പരിണമിച്ചത്‌...  ഗ്രഹങ്ങളും താരകളും, ജീവികളും, ചെടികളും, പഞ്ചഭൂതങ്ങളും, സ്വര്‍ഗ്ഗവും, ഭൂമിയും, ദേവതകളും, കൃമികീടങ്ങളും എല്ലാമായി കാണുന്നത് ഈ ചെടിതന്നെയാണ്. ഇഹലോകത്തില്‍ , ഈ പ്രപഞ്ചത്തില്‍ നിലകൊള്ളുന്ന എല്ലാം ഈ അവിദ്യയാല്‍ വ്യാപരിച്ചിരിക്കുന്നു. ഇതിനപ്പുറം പോകാനായാല്‍ നിനക്ക് ആത്മജ്ഞാനം സിദ്ധമായി.

Apr 11, 2013

329 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 329


യാ: സംപദോ യദുത സംതതമാപദശ്ച
യദ്ബാല്യയൌവനജരാമരണോപതാപാ:
യന്മജ്ജനം ച സുഖദുഃഖപരമ്പരാഭി
രജ്ഞാനതീവ്രതിമിരസ്യ വിഭൂതയസ്താ: (6/7/47)

വസിഷ്ഠന്‍ തുടര്‍ന്നു: മരങ്ങള്‍ തണുപ്പും കാറ്റും ചൂടും സഹിച്ച് ദുരിതമയമായ ഒരേ നില്‍പ്പ് തുടരുന്നു. എന്നാല്‍ അപ്പോഴും അവ പൂക്കളും പഴങ്ങളും മറ്റുള്ളവർക്കായി കരുതി വയ്ക്കുന്നു. ലോകമെന്ന താമരമൊട്ടില്‍ കുടുങ്ങിയിരിക്കുന്ന ഈച്ചകളെപ്പോലെ അസ്വാസ്ഥ്യരായി ജീവികള്‍ മൂളി മൂളി കഴിച്ചു കൂട്ടുന്നു. ഈ വിശ്വം മുഴുവനും കലിയുടെ ഭിക്ഷാപാത്രമെന്നപോലെ സഹജമായ ചലനങ്ങളാലും കര്‍മ്മങ്ങളാലും സദാ തിരക്കില്‍ത്തന്നെയാണ്. കലി ഈ ഭിക്ഷാപാത്രത്തില്‍ ജീവികളെ നിറച്ചു വീണ്ടുംവീണ്ടും തന്റെ നാഥനായ കാലനുമുന്നില്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നു.   

ഈ വിശ്വമൊരു വൃദ്ധയാണ്. അജ്ഞാനമാകുന്ന അന്ധകാരമാണവളുടെ തലമുടി. സൂര്യചന്ദ്രന്മാര്‍ അവളുടെ വിശ്രാന്തിയെന്തെന്നറിയാത്ത കണ്ണുകളാണ്. അകത്തും പുറത്തുമായി വിരാജിക്കുന്ന ദേവതകളും, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും പര്‍വ്വതങ്ങളും, എന്നുവേണ്ട എല്ലാം അവളുടെ പ്രകൃതിയാണ്. ബ്രഹ്മത്തെക്കുറിച്ചുള്ള സൂക്ഷ്മരഹസ്യത്തിന്റെ അറ അവളുടെ നെഞ്ചിലാണുള്ളത്. ബോധചൈതന്യം, അല്ലെങ്കില്‍ ഊര്‍ജ്ജമാണ് അവളുടെ അമ്മ. മേഘപടലങ്ങള്‍പോലെ പെട്ടെന്ന് കലുഷമാകുന്നതും ഒരിടത്തും ഉറച്ചു നില്‍ക്കാത്തതുമാണ് അവളുടെ സ്വഭാവം. നക്ഷത്രങ്ങള്‍ അവളുടെ പല്ലുകളാണ്. ഉദയാസ്തമയങ്ങളാണ് അവളുടെ ചുണ്ടുകള്‍ .  അവളുടെ കൈപ്പത്തി താമരപ്പൂവാണ്. അകാശമാണവളുടെ വായ.  അവൾ പവിഴമണികൾ കോര്‍ത്തണിയുന്ന  കണ്ഠാഭരണമാണ് ഏഴു കടലുകള്‍. നീലാകാശത്തിന്റെ ഉടയാടയാണ്  അവളണിഞ്ഞിരിക്കുന്നത്. ധ്രുവം അവളുടെ നാഭിയാണ്. കാടുകള്‍ അവളുടെ ദേഹരോമങ്ങളാണ്.

ഈ വൃദ്ധ ആവര്‍ത്തിച്ചു ജനിച്ചു മരിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം സംഭവിക്കുന്നത് ബോധപ്രകാശത്തിലാണ്. ഇതില്‍ ബ്രഹ്മാവിന്റെ കണ്ണിമവെട്ടുന്ന നേരം കൊണ്ട് ദേവതകള്‍ സൃഷ്ടിക്കപ്പെടുന്നു. ബ്രഹ്മാവൊന്നു കണ്ണടയ്ക്കുമ്പോള്‍ അനേകം ജീവികള്‍ ഇല്ലാതാവുന്നു. ആ പരമബോധത്തില്‍ രുദ്രന്മാരുണ്ടായി അവര്‍ അനേകായിരം കാലചക്രങ്ങള്‍ തുടങ്ങി ഞൊടിയിടയില്‍ അവസാനിപ്പിക്കുന്നു. എന്നാല്‍ ഈ രുദ്രനെയും ഞൊടിയിടയില്‍ സൃഷ്ടിച്ചു സംഹരിക്കുന്ന ദേവതകളും ബോധത്തില്‍ ഉണ്ടാകുന്നുണ്ട്. തീര്‍ച്ചയായും ഇത്തരം  പ്രത്യക്ഷ മൂര്‍ത്തീകരണങ്ങള്‍ അനന്തമാണ്.

അനന്തവിഹായസ്സില്‍ , അനന്താവബോധത്തിനു നടത്തിയെടുക്കാന്‍ കഴിയാത്തതായി എന്തുണ്ട്? എന്നാല്‍ പ്രത്യക്ഷമായി കാണപ്പെടുന്ന ഇതെല്ലാം അവിദ്യയുടെ പരിധിയില്‍ വരുന്ന സങ്കല്‍പം മാത്രമാണെന്ന് ജ്ഞാനിക്കറിയാം.

“എല്ലാ ഐശ്വര്യങ്ങളും ദുരിതങ്ങളും, ബാല്യം, യൌവനം, വാര്‍ദ്ധക്യം, മരണം, ദുഃഖങ്ങള്‍ , സന്തോഷ സന്താപങ്ങള്‍ , എന്നുവേണ്ട എല്ലാം സാന്ദ്രഘനമാർന്ന അവിദ്യാന്ധകാരത്തിന്റെ സന്തതികള്‍ തന്നെയാണ്.

Apr 10, 2013

328 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 328


വരാകീ സൃഷ്ടിശഫരീ സ്ഫുരന്തീ ഭവപല്വലേ
കൃതാന്തവൃദ്ധഗൃദ്ധ്രേണ ശഠേന വിനിഗൃഹ്യതേ      (6/7/32)

വസിഷ്ഠന്‍ തുടര്‍ന്നു: ലോകം നിലനില്‍ക്കുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാവുന്നത് ഇന്ദ്രിയങ്ങളും അവയുടെ പരിമിതപ്രഭാവവും, മറ്റ്ഉപാധികളും ആശകളുടെ പ്രബലമായ കയറുകൊണ്ട് കോര്‍ത്തൊരുക്കി വച്ചിട്ടുള്ളതുകൊണ്ടാണ്. എന്നാല്‍ ഈ ലോകം തരളമായ ഒരു വള്ളിച്ചെടിപോലെ ലോലമാണ്. പ്രാണന്റെ ഓരോ ചലനത്തിലും അതാടിയുലയുന്നു. അതില്‍ എല്ലാത്തരം ജീവികളും ഉതിര്‍ന്നു വീണു നാശമടയുന്നു.     

എന്നാല്‍ അനേകം മഹാത്മാക്കള്‍ പ്രത്യക്ഷലോകമെന്ന ചെളിക്കുണ്ടില്‍ നിന്നും കരയേറി എല്ലാ സംശയങ്ങളും തീര്‍ന്ന് കുറച്ചുകാലം കഴിഞ്ഞു കൂടിയതായി നമുക്കറിയാം. അവരാണ് ദിവ്യന്മാർ . നീലാകാശത്തിലെ താമരപോലെ അവര്‍ വിരാജിക്കുന്നു.

എന്നാല്‍ സൃഷ്ടിയില്‍ , കര്‍മ്മങ്ങള്‍ എന്നത് വ്യര്‍ഥമായ ആശകളുടെ അഴുക്കുപിടിച്ച താമരയാണ്. അവയുടെ ഫലങ്ങള്‍ ചാലകസ്വഭാവമാകുന്ന ഗന്ധം പേറുന്ന  മനസീകോപാധികളത്രേ. “പ്രത്യക്ഷലോകം എന്നത് അനന്തതയിലെ ഒരു ചെറിയ മത്സ്യം മാത്രമാണ്. അതിനെ അജയ്യനും ഭീകരരൂപിയുമായൊരു ഗരുഡന്‍, കൃതാന്തന്‍, ഉടനെതന്നെ പിടിച്ചു വിഴുങ്ങുന്നു.” (കൃതാന്തം എന്നാല്‍ കര്‍മ്മത്തിന്റെ അന്ത്യം)

എങ്കിലും വൈവിദ്ധ്യമാര്‍ന്ന കാഴ്ചകള്‍ , കടലലകള്‍ പോലെ ഓരോദിവസവും ഉണ്ടായി മറയുന്നു. കാലമെന്ന കുശവന്‍ അവന്റെ ചക്രത്തിലെന്നപോലെ ഇതെല്ലാം നടത്തിക്കൊണ്ടിരിക്കുന്നു. കാലമെന്ന കാട്ടുതീയില്‍പ്പെട്ട് എണ്ണമൊടുങ്ങാത്ത സൃഷ്ടികളാകുന്ന കാടുകള്‍ കത്തിയൊടുങ്ങിയിരിക്കുന്നു! അതാണ്‌ സൃഷ്ടിയുടെ അവസ്ഥ.

ഇതൊക്കെയാണെങ്കിലും അജ്ഞാനി തന്റെ തെറ്റിദ്ധാരണകളില്‍ ആണ്ട് മുഴുകിയിരിക്കുന്നതിനാല്‍ ലോകത്തിന്റെ ക്ഷണികതയോ തനിക്ക് അടിക്കടി കിട്ടിക്കൊണ്ടിരിക്കുന്ന അടികളോ അവനെ ഉണര്‍ത്താന്‍ പര്യാപ്തമാകുന്നില്ല. ഈ മനോപാധികള്‍ , സ്വയം ഉണ്ടാക്കിയ പരിമിതികള്‍ , ദേവരാജാവായ ഇന്ദ്രന്റെ ശരീരം പോലെ നിലനിന്നുപോവുന്നു. എന്നാല്‍ ഇതിനിടയില്‍ ആകസ്മികമായി ചില ദിവ്യാത്മാക്കള്‍ അവരുടെ നിത്യശുദ്ധസ്വരൂപവുമായി അവതരിക്കപ്പെടുന്നുമുണ്ട്. 

ലോകത്തുള്ള സ്ഥാവര വസ്തുക്കള്‍ ചലനമില്ലാതെ കാലത്തിന്റെ കനിവിനുവേണ്ടി കാത്തു നില്‍ക്കുന്നതുപോലെ, ധ്യാനനിരതരായി കഴിയുന്നതായി തോന്നുന്നു. ചലനസ്വഭാവമുള്ളവ വിപരീത ദ്വന്ദശക്തികളുടെ പ്രഭാവത്തില്‍ ചാഞ്ചാടി രാഗദ്വേഷങ്ങള്‍ , ഇഷ്ടാനിഷ്ടങ്ങള്‍ , സുഖദുഖങ്ങള്‍ , എന്നിവ അനുഭവിച്ച്, വാര്‍ദ്ധക്യം, മരണം, എന്നിവയിലൂടെ പലവട്ടം കടന്നുപോവുന്നു. അവയില്‍ കൃമികീടങ്ങള്‍ അവരുടെ കര്‍മ്മഫലങ്ങള്‍ ശാന്തരായി അനുഭവിച്ച് ക്ഷമയോടെ ധ്യാനനിരതരായി കാലം കഴിച്ചുകൂട്ടുന്നു എന്ന് പറയാം. എങ്കിലും കാലം (കാലന്‍)) ) എല്ലാ ധ്യാനചിന്തകള്‍ക്കും അതീതനാണ്. അതെല്ലാത്തിനെയും ഇല്ലാതാക്കുന്നു. 

Apr 9, 2013

327 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 327


കാല: കവലിതാനന്ദജഗത്പക്വഫലോപ്യയം
ഘസ്മരാചാരജഠര: കല്‍പൈരപി ന നൃപ്യതി (6/7/15)

വസിഷ്ഠന്‍ തുടര്‍ന്നു: മുത്തുമണിമാലകളും മറ്റാഭാരണങ്ങളും അണിഞ്ഞു വരുന്ന സുന്ദരസുഭഗകളായ സ്ത്രീകള്‍ എല്ലാം നിന്റെ സങ്കല്‍പ്പം മാത്രം. അവ കാമമാകുന്ന സമുദ്രത്തിന്‍റെ ഉപരിതലത്തിലുള്ള അലകള്‍ മാത്രമാണ് എന്നറിഞ്ഞാലും. രക്താസ്ഥിമാംസചര്‍മ്മസംഘാതമായ അവരുടെ ദേഹത്തോട് മോഹവും ആകര്‍ഷണവും തോന്നുന്നത് വെറും ഭ്രമം മൂലമാണ്. ഇതേ ഭ്രമമാണ് സ്ത്രീകളുടെ സ്തനങ്ങള്‍ക്ക് പൊന്നിന്‍കുടത്തിന്റെ ലാവണ്യവും ചുണ്ടുകള്‍ക്ക് അമൃത് ചുരത്താന്‍ കഴിവുണ്ടെന്നും തോന്നിപ്പിക്കുന്നത്. മന്ദബുദ്ധികള്‍ക്ക് അതീവമധുരതരമായി തോന്നുന്ന സമ്പത്തും ഐശ്വര്യവും കുറച്ചുകഴിയുമ്പോള്‍ സന്തോഷസന്താപങ്ങള്‍ , സുഖദുഖങ്ങള്‍ , വിജയപരാജയങ്ങള്‍ മുതലായ ദ്വന്ദശക്തികള്‍ക്ക് വശംവദമാവുന്നു. താമസിയാതെ അവ നഷ്ടപ്പെടുകയും ചെയ്യുന്നു.
 
ഐശ്വര്യമാര്‍ജ്ജിക്കുവാനുള്ള പ്രയത്നങ്ങള്‍ എണ്ണമറ്റ സുഖാനുഭവങ്ങളും അതിന്റെ കൂടെ ദുഖങ്ങളും പ്രദാനം ചെയ്യുന്നു. ഭ്രമാത്മകത കാലാതീതമായി ഒഴുകുന്നൊരു നദിയാണ്. വ്യര്‍ത്ഥമായ കര്‍മ്മങ്ങളും അവയുടെ പ്രതിഫലമായുണ്ടാകുന്ന പ്രതികരണങ്ങളും ചേര്‍ന്ന് ഈ നദിയിലെ ജലത്തെ പങ്കിലമാക്കിയിരിക്കുന്നു. സുഖത്തിനും സന്തോഷത്തിനും വേണ്ടി ചെയ്തുകൂട്ടുന്ന കര്‍മ്മങ്ങളുടെ പരിണിതഫലമായി ആവര്‍ത്തിച്ചുള്ള ജനന മരണങ്ങള്‍ ഉണ്ടാവുന്നു. അത്തരം കര്‍മ്മങ്ങള്‍ ശാരീരികവും മാനസീകവുമായ രോഗങ്ങളുടെ പൊടിപടലങ്ങള്‍ പരത്തുന്ന ചുഴലിക്കാറ്റുപോലെയാണ്.

“ഇവയെല്ലാം കാലക്രമത്തില്‍ മരണത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. മരണത്തിനാണെങ്കില്‍ ആര്‍ത്തിയൊടുങ്ങാത്ത വിശപ്പാണ്. ഇഹലോകത്തിലെ പക്വമായ എല്ലാത്തിനെയും അത് പിടിച്ചു വിഴുങ്ങുന്നു എന്ന് തോന്നുന്നു.” വിവേകത്തിന്റെ ചന്ദ്രന്‍ ഉള്ളില്‍ പ്രോജ്വലിക്കാത്തപ്പോള്‍ വിഷാദങ്ങളും ആശങ്കകളും പ്രേതങ്ങളായി യുവത്വത്തെ വേട്ടയാടുന്നു. അങ്ങിനെ യുവാക്കള്‍ കൂടുതല്‍ സാന്ദ്രമായ ഭ്രമകല്‍പ്പനയുടെ ഇരുട്ടിലേയ്ക്ക് നീങ്ങുന്നു.

ഒരുവന്‍ അപരിഷ്കൃതരുമായവര്‍ക്കുവേണ്ടിയും മൂല്യവത്തല്ലാത്തവയെക്കുറിച്ചും നാവലച്ചു സ്വയം പരിക്ഷീണനാകുന്നു. അതേസമയം ദാരിദ്ര്യം വന്നു മൂടി അസംതൃപ്തി അതിന്റെ ആയിരം ശാഖകളോടു കൂടി വളര്‍ന്നു പന്തലിക്കുന്നു. അപ്പോഴും വെറും വ്യര്‍ത്ഥമായ ദംഭിനാല്‍ താന്‍ വിജയംകണ്ടുവെന്നു വെറുതേ അഭിമാനിക്കുന്നു. അത് അയാളുടെ ആത്മീയ പുരോഗതിയെ തടസ്സപ്പെടുത്തി കൂടുതല്‍ ആന്ധ്യത്തിനു കാരണമാകുന്നു. എന്നാലത് സമ്മതിക്കാന്‍ അയാള്‍ തയ്യാറല്ല. 
 
യുവത്വമാകുന്ന എലിയെപ്പിടിക്കാന്‍ വാര്‍ദ്ധക്യം എന്ന പൂച്ച ജരാനരകളാകുന്ന നഖങ്ങളുമായി എപ്പോഴും തയ്യാറായി ഇരിക്കുകയാണ്. സൃഷ്ടിക്ക് വാസ്തവത്തില്‍ ഉണ്മയൊന്നുമില്ല. എങ്കിലും അത് ഒരു വ്യര്‍ത്ഥമായ വ്യക്തിത്വം കൈക്കൊള്ളുകയാണ്. അത് ധര്‍മ്മാര്‍ത്ഥങ്ങളെ പരിപോഷിപ്പിക്കുകപോലും ചെയ്യുന്നു. സൂര്യചന്ദ്രന്മാരാകുന്ന കണ്ണുകളും ആകാശവിതാനവും എല്ലാം കൂടിച്ചേര്‍ന്ന് ലോകം ഉണ്മയാണെന്ന ഒരു പ്രതീതി ഉണ്ടാവുന്നതും എല്ലാം വെറും ഭ്രമം മാത്രമാണ്. ഈ പ്രത്യക്ഷലോകമെന്ന തടാകത്തില്‍ പൊട്ടിവിടര്‍ന്നു വളരുന്ന ആമ്പല്‍മുകുളങ്ങളാണ് ഈ ദേഹങ്ങള്‍ .  അവയില്‍ തേനുണ്ണാന്‍ വരുന്ന ഈച്ചകളാണ് പ്രാണ, വ്യാന, സമാന, ഉദാനാദികള്‍ പ്രാണനുകള്‍

Apr 8, 2013

326 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 326


ജന്മ ബാല്യം വ്രജത്യേതദ്ധ്യൌവനം യുവതാ ജരാം
ജരാമരണമഭ്യേതി മൂഢസ്യൈവ പുന:പുന:  (6/6/45) 

വസിഷ്ഠന്‍ തുടര്‍ന്നു: മൂഢന്റെ കണ്ണില്‍ മാത്രമേ സ്ത്രീയാകുന്ന വിഷവള്ളിയില്‍ തിളങ്ങുന്ന കണ്ണുകളും മുത്തുപോലുള്ള പല്ലുകളും മൊട്ടിടുന്നതായി തോന്നുകയുള്ളൂ. ദുഷ്ടലാക്കുള്ള ഹൃദയത്തിനുടമയായവരില്‍ മാത്രമേ വാസനകളാകുന്ന അനേകം കിളികള്‍ക്ക് കൂടുകൂട്ടാനിടം നല്‍കുന്ന മനം മയക്കുന്ന ആ ഭീകരവൃക്ഷം തളിര്‍ത്തു വളരുകയുള്ളൂ .  

വിഷയാസക്തന്റെ ഹീനഹൃദയമാകുന്ന കാട്ടില്‍ സ്പര്‍ദ്ധയുടെ കാട്ടുതീയാണാളിക്കത്തുന്നത്. അയാളുടെ മനസ്സ് അസഹിഷ്ണുതയില്‍ മുങ്ങിയിരിക്കുന്നു. മറ്റുള്ളവരുടെ നിന്ദയാകുന്ന കുറ്റിച്ചെടികളാണ്  അയാള്‍ക്ക്‌ ചുറ്റുമുള്ളത്. അയാളിലെ ഒരേയൊരു ഹൃദയകമലം അസൂയയാണ്. അതാണെങ്കില്‍ അന്തമില്ലാത്ത ആശങ്കകളാകുന്ന തേനീച്ചകളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. അത്തരം മൂഢന്മാര്‍ക്കുള്ളതാണ് മരണം. “ജനനവും ബാല്യവും യൌവനത്തിലേയ്ക്കും പിന്നീട് വാര്‍ദ്ധക്യത്തിലേയ്ക്കും ഒടുവില്‍ മരണത്തിലേയ്ക്കും എത്തിച്ചേരുന്നു. ഇതെല്ലാം അജ്ഞാനി ആവര്‍ത്തിച്ച്‌ അനുഭവിക്കുന്നു.”

ലോകമെന്ന കയറുകൊണ്ട് കെട്ടിത്തൂക്കിയ ഒരു കുടംപോലെയാണ് അജ്ഞാനിയായ മനുഷ്യന്‍.. ആ കയറുകൊണ്ട് അയാളെ സംസാരമെന്ന അന്ധകൂപത്തിലെയ്ക്ക് ഇടക്കിടയ്ക്ക് ആരോ ഇറക്കിയും വലിച്ചുകയറ്റിയും കളിക്കുകയാണ്. എന്നാല്‍ ജ്ഞാനിക്ക് ഈ വിശാലലോകമെന്ന സംസാരസംസാരം വെറുമൊരു ഗോഷ്പദത്തിന്റെയത്ര (കാളിക്കുളമ്പടി) വലുപ്പം മാത്രമേയുള്ളു. അജ്ഞാനിക്കത് അളവറ്റ ദുരിതത്തിന്റെ മഹാസമുദ്രമാണ്. കൂട്ടിലടക്കപ്പെട്ട കിളി ഒരു പക്ഷെ സ്വതന്ത്രനായേക്കാം. എന്നാല്‍ സ്വന്തം ആസക്തികളെ തൃപ്തിപ്പെടുത്താന്‍ ഉഴറുന്ന അജ്ഞാനി ഒരിക്കലും സ്വതന്ത്രനാവുകയില്ല.

അയാളുടെ മനസ്സ് എണ്ണമറ്റ വാസനകളാലും ഉപാധികളാലും കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. അതിനാല്‍ അയാള്‍ക്ക്‌ ജനനമരണ ചക്രത്തിന്റെ ചുറ്റൽ വ്യക്തമായി കാണാന്‍ കഴിയാതെ പോകുന്നു. സ്വയം ബന്ധനത്തില്‍ നിലനില്‍ക്കാനുംമറ്റുമായി അയാള്‍ തന്റെ മായാമോഹത്തെ ലോകം മുഴുവനും വ്യാപരിപ്പിച്ച് മയാബന്ധങ്ങളുടെ വലിയൊരു ശൃംഖലതന്നെ പണിയുകയാണ്.

മൂഢന്‍ ചെറിയൊരു മാംസക്കഷണം മാത്രമായ കണ്ണുകൊണ്ട് ഭൂമിയുടെ ഒരു ചെറു ഭാഗം നോക്കി അതിനെ മലകളായും കാടുകളായും നഗരങ്ങളായും കാണുന്നു. അനേകം ശാഖകളായി എല്ലാ ദിശകളിലേയ്ക്കും പടര്‍ന്നു പന്തലിച്ച് മായാവസ്തുക്കളാകുന്ന ഇലകളോടുകൂടി അവിദ്യയെന്ന വന്‍മരം നില്‍ക്കുന്നു. അതില്‍ അജ്ഞാനിയുടെ സുഖാനുഭവങ്ങളാകുന്ന കിളികള്‍ താമസിക്കുന്നു. ജനനമാണതിലെ ഇലകള്‍. കര്‍മ്മങ്ങള്‍ പൂമൊട്ടുകള്‍.പുണ്യപാപങ്ങള്‍ അതിലെ കായ്കനികള്‍. സമ്പത്തും ഐശ്വര്യങ്ങളുമാണതില്‍ വിരിയുന്ന പൂക്കള്‍.

സൂര്യനസ്തമിക്കുമ്പോള്‍ ഉദിക്കുന്ന ചന്ദ്രനാണ് അവിദ്യ. ആവര്‍ത്തിച്ചുള്ള ജനനങ്ങള്‍ ആ ചന്ദ്രന്റെ കിരണങ്ങളാണ്. എല്ലാ അപൂര്‍ണ്ണതകളുടെയും വൈകല്യങ്ങളുടെയും ഉറവിടമാണീ അവിദ്യ. വാസനകളും ശീലങ്ങളുമാണ് ഈ  ചന്ദ്രനില്‍ നിന്നും ഊറുന്ന അമൃതരശ്മികള്‍. ആശകളും പ്രത്യാശകളുമാകുന്ന പക്ഷികള്‍ ഈ അമൃതുണ്ട് വളരുന്നു. അവിദ്യയില്‍ ആമഗ്നനായിരുന്നുകൊണ്ട് വിഷയവസ്തുക്കളില്‍ താന്‍ അനുഭവിക്കുന്നത് സുഖമാണെന്ന്, സന്തോഷമാണെന്ന് മൂഢന്‍ അനുമാനിക്കുന്നു. ബാഹ്യവസ്തുക്കളില്‍ മധുരിമ തോന്നുന്നത് അജ്ഞാനംകൊണ്ടാണ്. ആ വസ്തുക്കൾക്കും അവ തരുന്ന അനുഭവങ്ങൾക്കും ആദിയന്തങ്ങളുണ്ട്. നശ്വരമായതിനാല്‍ അവയ്ക്ക് പരിമിതമായ അസ്തിത്വമേയുളളു.

Apr 7, 2013

325 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 325


ഭേദമഭ്യുപഗമ്യാപി ശൃണു ബുദ്ധിവിവൃദ്ധയേ
ഭാവേദല്‍പ്പപ്രബുദ്ധാനാമപി നോ ദുഖിതാ യഥാ (6/6/2)

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, നീ എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്. അതിനാല്‍ ഈ സത്യത്തെ ഞാന്‍ നിനക്കായി വീണ്ടും വെളിപ്പെടുത്തി തരാം. ശ്രദ്ധിച്ചു കേട്ടാലും. “ശ്രവണം എന്ന കര്‍മ്മത്തിലും വൈവിദ്ധ്യം നിലനില്‍ക്കുന്നു എന്ന ഒരനുമാനമുണ്ട്. എന്നാല്‍ അതുകൊണ്ട് നിന്റെ ബോധം വികാസം പ്രാപിക്കുകയാണ് ചെയ്യുന്നത്. ഞാനിവിടെ വിശദീകരിക്കാന്‍ പോവുന്ന സത്യം, പ്രബുദ്ധത പൂര്‍ണ്ണമായും ഉണര്‍ന്നിട്ടില്ലാത്തവരിൽപ്പോലും ദു:ഖശാന്തിയെ പ്രദാനം ചെയ്യും”
 
അജ്ഞതയില്‍ ഒരുവന്‍ തന്റെ ശരീരമാണ് ആത്മാവെന്നു കരുതുന്നു. അപ്പോള്‍ ഇന്ദ്രിയങ്ങള്‍ അയാളുടെ ബദ്ധശത്രുക്കളാകുന്നു. എന്നാല്‍ സത്യമറിഞ്ഞ, ആത്മജ്ഞാനനിരതനായ ഒരുവന്റെ ഇന്ദ്രിയങ്ങള്‍ അവന്റെ ഉത്തമസുഹൃത്താണ്. കാരണം അവ സ്വയം സംപ്രീതരായി അവനെ ശല്യപ്പെടുത്താതെ കഴിഞ്ഞുകൊള്ളും. ശരീരത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും  അവജ്ഞയോടെ കാണുന്നവന്‍ ശരീരവിഷയങ്ങളില്‍ ആമഗ്നമാവുകയില്ല. അതുകൊണ്ടുതന്നെ ഒരു ദുരിതവും അവനെ ബാധിക്കുകയുമില്ല. ആത്മാവിനെ  ശരീരം യാതൊരു തരത്തിലും ബാധിക്കുന്നില്ല. അവരണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല. അവ തമ്മില്‍ ഇരുട്ടും വെളിച്ചവും പോലുള്ള അന്തരമാണുള്ളത്.

ആത്മാവ് ഭാവാഭാവങ്ങള്‍ക്കതീതമാണ്. യാതൊരുവിധത്തിലുമുള്ള ഉപാധികളോ മാറ്റങ്ങളോ അതിനു ബാധകമല്ല. അത് ഉണ്ടായി മറയുന്ന വസ്തുവല്ല. എന്തൊക്കെ സംഭവിക്കുന്നുവോ അതെല്ലാം ജഡമായ, ചൈതന്യരഹിതമായ, പരിമിതമായ, നശ്വരമായ, നന്ദികെട്ട ഈ ശരീരത്തിന് മാത്രമാണ്. അതങ്ങിനെ നടന്നുകൊള്ളട്ടെ. പക്ഷെ ഇന്ദ്രിയങ്ങളിലൂടെ മാത്രം അറിവ് നേടുന്ന ഈ ശരീരം എങ്ങിനെയാണ് ശാശ്വതമായ അവബോധത്തെ അറിയുക? 

ദേഹമോ ആത്മാവോ, ഇവയില്‍ ഒന്ന് സത്യമെന്നു കരുതിയാല്‍ മറ്റേതിന് അസ്തിത്വം ഇല്ലാതാകുന്നു. അവയുടെ അനുഭവതലം തികച്ചും വ്യത്യസ്തമായി ഇരിക്കുന്നതുകൊണ്ട് അവയ്ക്കുണ്ടാവുന്ന സുഖദുഖ അനുഭവങ്ങള്‍ എങ്ങിനെയാണ് സമാനമാവുക? അവ തമ്മില്‍ യാതൊരുവിധ ബന്ധവും സാദ്ധ്യമല്ല എന്നിരിക്കെ അവ രണ്ടും ഒരേസമയം നിലനില്‍ക്കുന്നതെങ്ങിനെ? സൂര്യനുദിക്കുമ്പോള്‍ രാത്രി ഇല്ലാതാവുന്നതുപോലെ ഒന്നുയരുമ്പോള്‍ മറ്റേത് അസ്തമിക്കുന്നു.
  
ആത്മജ്ഞാനം ഒരിക്കലും ആത്മ-അജ്ഞാനം ആവുകയില്ല. എത്ര തെളിഞ്ഞതാണെങ്കിലും നിഴലിനു ചൂടുണ്ടാവുക അസാദ്ധ്യം. പരംപൊരുളായ ബ്രഹ്മം ഉണ്മയാണ്. വൈവിദ്ധ്യത്തെപ്പറ്റിയുള്ള അവബോധം ഉണ്ടെങ്കിലും അത് അതൊരിക്കലും അസത്താവുകയില്ല. ദേഹത്തിന് ഒരിക്കലും അനന്താവബോധത്തിന്റെ സ്വരൂപമാര്‍ജ്ജിക്കാന്‍ ആവുകയില്ല. ജലത്തില്‍ സദാ നില്‍ക്കുന്ന താമരയെ ജലം ബാധിക്കാത്തതുപോലെ ആത്മാവ് സര്‍വ്വവ്യാപിയാണെങ്കിലും അതിനെ ശരീരാദികള്‍ ബാധിക്കുന്നില്ല. കാറ്റിന്റെ സഞ്ചാരങ്ങള്‍ ആകാശത്തെ ബാധിക്കാത്തതുപോലെ ആത്മാവിനെ ജരാനരകളും മരണവും സുഖദുഖങ്ങളും ബാധിക്കുന്നില്ല. അസ്തിത്വ-അനസ്തിത്വ പ്രശ്നങ്ങളെല്ലാം ശരീരത്തെ ബാധിക്കുന്നവയാണ്. ആത്മാവിനെയല്ല.
 
ഭ്രമാത്മകമായ അറിവിന്റെ ഫലമായാണ് ഇക്കാണായ ദേഹാദികള്‍ ഉണ്ടാവുന്നതെങ്കിലും അവ സമുദ്രോപരി കാണപ്പെടുന്ന അലകളെപ്പോലെയാണ്. എല്ലാം അനന്താവബോധത്തിലാണ് നിലകൊള്ളുന്നത്. വൈവിദ്ധ്യതയും കാഴ്ചയിലെ വൈകല്യവും പ്രതിഫലനംചെയ്യുന്ന മാദ്ധ്യമത്തിന്റെതാണ്, വസ്തുവിന്റെയല്ല. സത്യം, അനന്തത, ആത്മാവ് എന്നെല്ലാമറിയപ്പെടുന്ന ഉണ്മ വൈവിദ്ധ്യങ്ങളാല്‍ ബാധിക്കപ്പെടുന്നില്ല. അനേകം കണ്ണാടികളിലും മറ്റു വസ്തുക്കളിലും പ്രതിഫലിക്കുന്ന സൂര്യനെ പ്രതിഫലനമാദ്ധ്യമത്തിന്റെ വൈവിദ്ധ്യം ബാധിക്കുകയില്ലല്ലോ.
ആത്മാവിന്റെ സത്യസ്ഥിതി അറിഞ്ഞു കഴിഞ്ഞാല്‍ ആത്മാവിനെക്കുറിച്ചുള്ള അജ്ഞാനം ക്ഷണത്തില്‍ ഇല്ലാതാവുന്നു.   

Apr 6, 2013

324 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 324


ആദ്യാഹം പ്രകൃതിസ്ഥോസ്മി സ്വസ്ഥോസ്മി മുദിതോസ്മി ച
ലോകാരാമോസ്മി രാമോസ്മി നമോ മഹ്യം നമോസ്തുതേ  (6/5/7)

വസിഷ്ഠന്‍ തുടര്‍ന്നു; രാമാ, മനസ്സ്‌, ബുദ്ധി, അഹംകാരം, ഇന്ദ്രിയങ്ങള്‍ എന്നിവയ്ക്കൊന്നും സ്വതന്ത്രമായ ഒരു  മേധാശക്തിയില്ല. അപ്പോള്‍പ്പിന്നെ ജീവനും മറ്റു പ്രഭാവങ്ങളും എവിടെയാണ് അധിവസിക്കുന്നത്? കണ്ണിന്റെ കാഴ്ച്ചത്തകരാറു കൊണ്ട് ചന്ദ്രബിംബം ഒന്നെയുളളുവെങ്കിലും അതിനെ പലതായി തോന്നുന്നതുപോലെയും, പ്രതിഫലിക്കുന്ന മാദ്ധ്യമത്തിലുണ്ടാകുന്ന ഇളക്കം പ്രതിബിംബത്തെ ചലിപ്പിക്കുന്നതുപോലെയുമാണ് ഒരെയോരാത്മാവിനെ, അല്ലെങ്കില്‍  അവബോധത്തിനെ, ചിന്തകളുടെ ചലനം ഹേതുവായി പലതായി കാണാന്‍ ഇടയാകുന്നത്. അന്ധകാരം ഇല്ലാതാവുന്നതോടെ രാത്രി അവസാനിക്കുന്നു. അതുപോലെയാണ് ആസക്തികള്‍ ഇല്ലാതാവുന്നതോടെ അവിദ്യയും മറയുന്നത്.   

വേദശാസ്ത്രങ്ങളിലെ ആഹ്വാനങ്ങള്‍ സുഖാന്വേഷണാസക്തിയെന്ന രോഗത്തെ ക്ഷണത്തില്‍ മാറ്റുവാനുള്ള ദിവ്യൗഷധമായ സൂക്തങ്ങളത്രേ. പവിഴമണിമാല കോര്‍ത്ത ചരട് പൊട്ടിയാല്‍ മണികള്‍ ഉതിര്‍ന്നുവീഴുംപോലെ മനസ്സിലെ ദുഷ്ടതയും മന്ദതയും ഇല്ലാതായാല്‍ മനസ്സും അതിന്റെ കൂട്ടുകാരും ക്ഷണത്തില്‍ ഇല്ലാതെയാകും. അതിനാല്‍ രാമാ, വേദശാസ്ത്രങ്ങളെ അവഗണിക്കുന്നവര്‍ വെറും പുഴുക്കളുടെ ജീവിതമാണ് നയിക്കുന്നത്. അത് അവരുടെ പതനത്തിനു കാരണമാകുന്നു. കാറ്റടങ്ങുമ്പോള്‍ സമുദ്രോപരിയുള്ള അലകളും അടങ്ങുന്നു. അതുപോലെ അവിദ്യാജന്യമായ വിക്ഷോഭങ്ങള്‍ ഇല്ലാതാവുമ്പോള്‍ ഭാര്യാപുത്രാദി ബന്ധങ്ങളും സുഖവസ്തുക്കളും സൃഷ്ടിക്കുന്ന  ദൃഷ്ടിഭ്രംശവും അവസാനിക്കുന്നു. 

രാമാ, നീ തീര്‍ച്ചയായും ആ സുദൃഢാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. എന്റെ വാക്കുകളെ നീ ശ്രദ്ധയോടെ ശ്രവിച്ചതിനാല്‍ നിന്നിലെ അജ്ഞാനത്തിന്റെ മൂടുപടം നീങ്ങിയിരിക്കുന്നു. സാധാരണ മനുഷ്യര്‍ പോലും അവരുടെ ഗോത്രഗുരുവിന്റെ ഉപദേശങ്ങള്‍ കേട്ട് സമൂല പരിവര്‍ത്തനത്തിന് വിധേയരാവുന്നു. അപ്പോള്‍പ്പിന്നെ നിന്നെപ്പോലെ വിശാലമായ വീക്ഷണമുള്ളവര്‍ക്ക് അതെത്ര പ്രയോജനപ്രദമായിരിക്കും!

രാമന്‍ പറഞ്ഞു: അങ്ങയുടെ വിജ്ഞാനപ്രദമായ വാക്കുകള്‍ കേട്ട് ബാഹ്യലോകത്തിന് ഞാന്‍ ഇതുവരെ കല്‍പ്പിച്ചിരുന്ന മൂല്യം നഷ്ടമായിരിക്കുന്നു. എന്നില്‍ മനസ്സ് നിലച്ചിരിക്കുന്നു. എന്നിലിപ്പോള്‍ പരമപ്രശാന്തിയാണുള്ളത്. അനന്താവബോധം അനന്തമായ നാമരൂപങ്ങളായി എന്റെ മുന്നില്‍ പ്രത്യക്ഷമാകുന്നത് ഞാന്‍ അറിയുന്നു. ഞാന്‍ ഇപ്പോള്‍ കാര്യങ്ങളെ അതിന്റെ സത്യസ്ഥിതിയില്‍ കാണുന്നു. എന്റെ സംശയങ്ങള്‍ക്കറുതിയായി. ശല്യപ്പെടുത്താന്‍ എന്നിലിപ്പോള്‍ ആകര്‍ഷണങ്ങളോ വികര്‍ഷണങ്ങളോ ഇല്ല. “സ്വരൂപത്തില്‍ അഭിരമിക്കുന്നതിനാല്‍ ഞാന്‍ സ്വസ്ഥനാണ്. സംപ്രീതനാണ്. ലോകത്തിനു മുഴുവന്‍ അഭയം പ്രാപിക്കാവുന്ന രാമനാണ് ഞാന്‍.. എനിക്കായും അങ്ങേയ്ക്കായും നമസ്കാരം!”

എന്നില്‍ മനോപാധികള്‍ ഇല്ലാതായിരിക്കുന്നു. മനസ്സ് നിലച്ചിരിക്കുന്നു. ഞാന്‍ എല്ലാറ്റിലും ആത്മാവിനെ കാണുന്നു. എന്നില്‍ എല്ലാറ്റിനെയും കാണുന്നു. ദ്വന്ദത എന്ന മായക്കാഴ്ച്ചയെ ഞാന്‍ ഇത്രകാലം കൊണ്ട് നടന്നത് എത്ര മൂഢതയായിരുന്നു! എനിക്കതോര്‍ത്ത് ചിരിവരുന്നു. അങ്ങയുടെ അമൃതസമാനമായ വാക്കുകളാണ് ഈ തിരിച്ചറിവെന്നിലുണ്ടാക്കിയത്. ഈ ലോകത്ത് ജീവിക്കുമ്പോള്‍ത്തന്നെ ഞാന്‍ ആ അനന്തപ്രഭയില്‍ അഭിരമിക്കുന്നു. വിജ്ഞാനത്തിന്റെ നിറകുടമായ അങ്ങയുടെ ഹൃദയത്തില്‍ നിന്നും നിര്‍ഗ്ഗളിച്ച  വാക്കുകളുടെ പ്രഭാപൂരത്താല്‍ ഞാന്‍ ഇപ്പോള്‍ , ഇവിടെത്തന്നെ, പരമാനന്ദത്തില്‍ അഭിരമിക്കുന്നു. 

Apr 5, 2013

323 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 323


മഹാതരംഗഗംഭീര ഭാസുരാത്മചിദര്‍ണവ:
രാമാഭിധോര്‍മിസ്തിമിത: സമ സൌമ്യോസി വ്യോമവത് (6/3/4)
വസിഷ്ഠന്‍ തുടര്‍ന്നു: അനേകം വിശ്വങ്ങള്‍ എണ്ണമറ്റ അലകളും ചുഴികളുമെന്നപോലെ പ്രത്യക്ഷമായി കാണപ്പെടുന്ന അനന്തമായ ബോധസമുദ്രമാണ് നീ. ഭാവാഭാവങ്ങള്‍ക്ക് അതീതനാണ് നീ. കാരണം അവ രണ്ടും വെറും മനോധാരണകളാണല്ലോ. അത്തരം എല്ലാ ഉപാധികളില്‍ നിന്നും ഉയര്‍ന്ന് എല്ലാ ദ്വന്ദതകള്‍ക്കും അതീതനായി വര്‍ത്തിക്കൂ. നിന്നിലെങ്ങിനെയാണ് വാസനകളും പരിമിതികളും നിലനില്‍ക്കുക?

‘ഇത് വാസനകളാണ്’, ‘ഇത് ജീവനാണ്’, എന്നിത്യാദി ധാരണകള്‍ ഉദിക്കുന്നത് ബോധത്തിലാണല്ലോ. അതുകൊണ്ട് ആ ധാരണകള്‍  ബോധത്തില്‍ നിന്നും വിഭിന്നമാകുന്നതെങ്ങിനെ? അല്ല, അവ ബോധവിഭിന്നമാണെങ്കില്‍ ബോധത്തില്‍ നിന്നാണവ ഉദിച്ചതെന്നു പറയുക വയ്യല്ലോ.

“രാമന്‍ എന്ന് അറിയപ്പെടുന്നയാള്‍ വാസ്തവത്തില്‍ മഹത്തും അനന്തവുമായ ബോധസാഗരമാണ്. അതില്‍ അലകളെപ്പോലെ ഉണ്ടായി മറയുന്ന മായക്കാഴ്ചകള്‍ മാത്രമാണ് എണ്ണമറ്റ വിശ്വങ്ങൾ . നീ അനന്തമായ ആകാശംപോലെ ബൃഹത്തും മഹത്തുമാണ്.” ആ സമ്പൂര്‍ണ്ണ സമതാഭാവത്തില്‍ ,  സമതുലിതാവസ്ഥയില്‍ സ്വയം അഭിരമിക്കൂ.

ചൂടില്‍ നിന്നും അഗ്നിയെ വേര്‍തിരിക്കാനാവില്ല. താമരപ്പൂവില്‍ നിന്നും സുഗന്ധം മാറ്റാനാവില്ല. കണ്‍മഷിയില്‍നിന്നും കറുപ്പോ, മഞ്ഞില്‍നിന്നു വെളുപ്പോ  എടുത്തുകളയാന്‍ കഴിയില്ല. കരിമ്പിന്‍തണ്ടില്‍ നിന്നും മധുരം മാറ്റാനും തിളക്കമുറ്റ ഒരു വസ്തുവില്‍ നിന്ന് പ്രകാശത്തെ മാറ്റാനും സാദ്ധ്യമല്ല. അതുപോലെ ബോധത്തില്‍ നിന്നും വിഭിന്നമല്ല അനുഭവം. 

സമുദ്രത്തില്‍ നിന്നും അലകള്‍ വിഭിന്നമല്ലാത്തതുപോലെ ലോകങ്ങള്‍ , പ്രപഞ്ചങ്ങള്‍ , ഒന്നും ബോധത്തില്‍ നിന്നും വിഭിന്നങ്ങളല്ല. അനുഭവം ബോധത്തില്‍ നിന്നും ഭിന്നമല്ല. അഹംകാരം അനുഭവത്തില്‍ നിന്നും ഭിന്നമല്ല. ജീവന്‍ അഹംകാരത്തില്‍ നിന്നും ഭിന്നമല്ല. മനസ്സ് ജീവനില്‍ നിന്നും ഭിന്നമല്ല. ഇന്ദ്രിയങ്ങള്‍ മനസ്സില്‍ നിന്നുമാണ് ഉണ്ടായത്‌.. ദേഹമോ, ഇന്ദ്രിയങ്ങളില്‍ നിന്നും ഭിന്നവുമല്ല. ലോകം ദേഹത്തില്‍ നിന്നും ഭിന്നമല്ല. ലോകമല്ലാതെ മറ്റൊന്നും ഇല്ലല്ലോ.

പരസ്പര ബന്ധുതയിൽ നിലകൊള്ളുന്ന ഈ ആപേക്ഷികവൈവിദ്ധ്യങ്ങള്‍ എക്കാലവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയുടെ ചലനം ആരും തുടങ്ങിവെച്ചതല്ല. അത് ഏറെക്കാലമായിട്ടുള്ളതാണോ അതോ കുറഞ്ഞൊരു കാലമായിട്ടുള്ളതാണോ എന്ന് നമുക്ക് നിശ്ചയിക്കാനാവില്ല. വാസ്തവമെന്താണെന്നുവച്ചാല്‍ , ഇതെല്ലാം ആത്മാവ് സ്വയം അനന്തതയെ അനുഭവിക്കുന്നതല്ലാതെ മറ്റൊന്നുമല്ല എന്നതാണ്. നിശ്ശൂന്യതയില്‍ ശൂന്യതയുണ്ട്. ബ്രഹ്മത്തില്‍ ബ്രഹ്മം വ്യാപരിച്ചിരിക്കുന്നു. സത്യം സത്യത്തില്‍ പ്രഭപരത്തി നില്‍ക്കുന്നു. പൂര്‍ണ്ണതയെ പൂര്‍ണ്ണത സംപൂര്‍ണ്ണമാക്കുന്നു. 

ജ്ഞാനി ഇഹലോകത്തില്‍ കഴിയുമ്പോഴും ഒന്നും 'ചെയ്യുന്നില്ല'. ഒന്നിനായും ആഗ്രഹിക്കുന്നുമില്ല. രാമാ, ആകാശംപോലുള്ള നിര്‍മലതയില്‍ കഴിയുമ്പോഴും ബാഹ്യമായി ഉചിതകര്‍മ്മങ്ങില്‍ ഏര്‍പ്പെടുക. വിഷാദമോ അമിതാഹ്ലാദമോ ഉണ്ടാവാനിടയുള്ള അവസരങ്ങളില്‍ വെറുമൊരു മരക്കഷണംപോലെ, അചഞ്ചലനായിരിക്കുക.

തന്നെ കൊല്ലാന്‍ തുനിയുന്നവനെപ്പോലും സുഹൃത്താക്കാന്‍ കഴിയുന്നവനാണ് സത്യദര്‍ശി. അങ്ങിനെ ഇഷ്ടാനിഷ്ടങ്ങളെ (രാഗദ്വേഷങ്ങളെ) വെല്ലാന്‍ കഴിയാത്ത ആരും നമ്മുടെ ആദരവര്‍ഹിക്കുന്നില്ല. അഹംകാരപരമോ ആശാപ്രോക്തമോ ആയ കര്‍മ്മങ്ങളില്‍നിന്നും മുക്തനായി, ഒന്നിനോടും ആസക്തിയില്ലാത്തവനായി കഴിയുന്നവനാണ് ജീവന്മുക്തന്‍.. അവന്‍ ലോകത്തെ നശിപ്പിച്ചാല്‍ പോലും അവനെ ആ കര്‍മ്മം ബാധിക്കുകയില്ല. അവനില്‍ ആശാധാരണകള്‍ ഇല്ലാതായിരിക്കുന്നു. വാസനകള്‍ ഉറവ വറ്റിയൊടുങ്ങിയിരിക്കുന്നു. എല്ലാമനോപാധികളും ബന്ധനങ്ങളും ഒഴിഞ്ഞു പോയിരിക്കുന്നു. എണ്ണയില്ലാതെതന്നെ  ഭംഗിയായി എരിഞ്ഞുകത്തി പ്രഭചൊരിയുന്ന ഒരു വിളക്കെന്നപോലെ സ്വയംപ്രഭനാണയാള്‍ .  

Apr 4, 2013

322 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 322


ജീവന്മുക്താ മഹാത്മാനോ യെ പരാവരദര്‍ശിന:
തേഷാം യാ ചിത്തപദവി സാ സത്ത്വമിദി കഥ്യതേ   (6/2/42)

വസിഷ്ഠന്‍ തുടര്‍ന്നു: പരിപൂര്‍ണ്ണമായും അനാസക്തിനിരതരായ ജ്ഞാനികളുടെ സത്സംഗം ഇല്ലാതെ, ഉള്ളിലെ ദുഷ്ടതയെ ക്ഷയിപ്പിക്കാതെ, സത്യാനുഭവം സ്വായത്തമാക്കാതെയിരിക്കുന്ന കാലത്തോളം മാത്രമേ മനസ്സാദി വിഭ്രമാത്മകധാരണകള്‍ നിലനില്‍ക്കുകയുള്ളൂ. കേവലമായ സത്യദര്‍ശനത്തില്‍ നിന്നും ഉദ്ഭൂതമാവുന്ന ചൈതന്യത്തിന്റെ പ്രഭയില്‍  ലോകമെന്ന ആപേക്ഷിക അനുഭവത്തെ അസത്തെന്നു തിരിച്ചറിയാന്‍ കഴിയാത്തിടത്തോളംകാലം മനസ്സ്‌ മുതലായ ഭ്രമങ്ങള്‍ സത്യമായിത്തന്നെ അനുഭവപ്പെടും. പദാര്‍ത്ഥാനുഭവങ്ങള്‍ക്കായുള്ള ആസക്തി ഹേതുവായി ഒരുതരം അന്ധമായ ബന്ധനം തുടര്‍ന്നുകൊണ്ടേയിരിക്കും. അതിന്റെകൂടെ കുറച്ചു ദുഷ്ടതയും കൂടെയുണ്ടെങ്കില്‍ വിഭ്രാന്തിയാണ് ഫലം.

എന്നാല്‍ ആരൊരുവന്‍ സുഖാനുഭവങ്ങളാല്‍ ആകര്‍ഷിക്കപ്പെടുന്നില്ലയോ, ആരുടെ ഹൃദയം നിര്‍മ്മലതയാൽ സുഖശീതളമായിരിക്കുന്നുവോ, ആരൊരുവന്‍ തന്റെ ആശകളെയും പ്രത്യാശകളെയും ആസക്തികളെയും തീരെ ഇല്ലാതാക്കിയോ അയാളില്‍ മനസ്സെന്ന ഭ്രമചിന്തയ്ക്കവസാനമായി എന്നറിഞ്ഞാലും. ഈ ദേഹംപോലും അസത്തായ ഒന്നിന്റെ ഭ്രമാത്മകമായ ‘അനുഭവം’ മാത്രമാണെന്നറിവുറച്ച ഒരുവനില്‍ പിന്നെ മനസ്സെങ്ങിനെ ഉയരാനാണ്? അനന്തതയുടെ പരമോന്നതമായ അഭൌമദര്‍ശനം പ്രാപിച്ച് പ്രത്യക്ഷലോകം സ്വഹൃദയത്തില്‍ വിലീനമായ ഒരുവന്‍ ജീവന്‍ മുതലായ ഭ്രമാത്മകധാരണകള്‍ വെച്ചുപുലര്‍ത്തുകയില്ല.
      
തെറ്റിദ്ധാരണകളും പ്രതീതികളും അവസാനിച്ച് ഹൃദയത്തില്‍ ആത്മജ്ഞാനത്തിന്റെ സൂര്യോദയം സിദ്ധിച്ചവന് മനസ്സില്ല എന്നറിയുക. തീയിലെരിഞ്ഞ കരിയിലയെന്നപോലെ അതുപിന്നെ നാമ്പിടുകയില്ല. “ജീവിച്ചിരിക്കെ മുക്തിപദം പ്രാപിച്ചവരുടെ മനസ്സ് പരമസത്യവും ആപേക്ഷികമായ കാഴ്ചകളും ഒരുപോലെ വ്യക്തമായി കാണുന്നു. ആ മനസ്സ് സത്വം (സുതാര്യം) എന്നറിയപ്പെടുന്നു.” അതിനെ മനസ്സെന്നു പറയുന്നത് തെറ്റാണ്. അത് സത്വം മാത്രമാണ്. സത്യജ്ഞാനമാര്‍ജ്ജിച്ചവര്‍ നിര്‍മനരാണ്. അവര്‍ പൂര്‍ണ്ണസമതയില്‍ അഭിരമിക്കുന്നവരാണ്. അവരുടെ ജീവിതം ഉല്ലാസപ്രദമായ വെറുമൊരു ലീലാവിനോദം മാത്രമാണ്.

വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍ ആമഗ്നരായിരിക്കുമ്പോഴും അവരുടെ അന്ത:പ്രകാശം ജാജ്വല്യമാനമാണ്. തെളിവാർന്നതാണ്. അവരുടെ ഹൃദയത്തില്‍ വാസനകളും ഉപാധികളും ഇല്ലാത്തതിനാല്‍ ദ്വന്ദത, എകാത്മകത, തുടങ്ങിയ ധാരണകളൊന്നും ഉദിക്കുന്നതേയില്ല. സത്വസ്ഥിതിയില്‍ അജ്ഞതയുടെ വിത്ത്‌ എരിഞ്ഞടങ്ങിയതിനാല്‍ ഇനിയതിനു മുളപൊട്ടാന്‍ കഴിയില്ല.

രാമാ, നീയാ സത്വസ്ഥിതിയില്‍ എത്തിയിരിക്കുന്നു. വിവേകവിജ്ഞാനത്തിന്റെ തീയില്‍ നിന്റെ മനസ്സിനെ എരിച്ചടക്കാന്‍ നിനക്ക് കഴിഞ്ഞല്ലോ. എന്താണീ ജ്ഞാനം? അനന്തമായ ബോധം, പരബ്രഹ്മം തന്നെയാണെന്നും, കാണപ്പെടുന്ന ലോകം വെറുമൊരു മായക്കാഴ്ചമാത്രമാണെന്നും അതിന്റെ സത്തപോലും ബ്രഹ്മം തന്നെയാണെന്നും ഉള്ള അറിവാണത്. 

രാമാ, ഈ കാഴ്ച, ഉദാഹരണത്തിന് നിന്റെ ദേഹം, വെറും ജഡമാണ്. അസത്താണത്. അതിന്റെ സത്ത, അതിന്റെ അടിസ്ഥാനമായ ബോധത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. സ്വന്തമായി അതിനൊരു നിലനില്‍പ്പില്ല. അപ്പോള്‍പ്പിന്നെ നീയെന്തിനാണ് ദു:ഖിക്കുന്നത്?
എന്നാല്‍ എല്ലാമെല്ലാം ബോധം മാത്രമാണെന്ന് നിനക്ക് തോന്നുന്നുവെങ്കില്‍ നിന്നില്‍ വൈവിദ്ധ്യത, അതായത്‌ വ്യതിരിക്തമായ ധാരണകള്‍ ഒരിക്കലും ഉദിക്കുകയില്ല. നിന്റെ അടിസ്ഥാനതത്വം, സഹജസ്വരൂപം അനന്തമായ ബോധമാണെന്ന് ഒരിക്കലും മറക്കാതിരിക്കുക. എല്ലാ നാനാത്വഭാവനകളെയും നീ ഉപേക്ഷിക്കുക.

നീ നീയാകുന്നു. എന്നാല്‍ ആ ധാരണപോലും നിന്നെ നിര്‍വചിക്കാന്‍ പര്യാപ്തമല്ല. അതിനെല്ലാമപ്പുറം, നീ സ്വയംപ്രഭനായ ഉണ്മയാണ്. വിശ്വസത്തയും അനന്താവബോധവുമായ നിനക്കെന്റെ നമസ്കാരം.!   

Apr 2, 2013

321 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 321


ദേഹേ യാവദഹംഭാവോ ദൃശ്യേസ്മിന്‍യാവദാത്മനാ
യാവന്‍മമേദമിത്യാസ്ഥാ താവച്ചിത്താദിവിഭ്രമ:   (6/2/31)

വാല്‍മീകി തുടര്‍ന്നു: ഉണര്‍ന്നുയരുന്ന അന്ത:പ്രജ്ഞ ഹേതുവായി മനോപാധികള്‍ പിന്‍വാങ്ങുന്നപോലെ പെട്ടെന്ന്‍ തന്നെ രാത്രിയുടെ അന്ധകാരം സൂര്യോദയത്തിന്റെ പ്രകാശത്തിനു വഴിമാറിക്കൊടുത്തു. കിഴക്ക് നിന്നും പുറപ്പെട്ട സൂര്യകിരണങ്ങള്‍ എല്ലാ ദിക്കുകളെയും പ്രകാശമാനമാക്കി. രാമലക്ഷ്മണന്മാരും മറ്റുള്ളവരും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉറക്കമെഴുന്നേറ്റു പ്രഭാതപൂജകള്‍ നടത്തി. എന്നിട്ടവര്‍ പെട്ടെന്നുതന്നെ വസിഷ്ഠമഹര്‍ഷിയുടെ കുടിലില്‍ ചെന്നു. അദ്ദേഹത്തിനെ നമസ്കരിച്ചു ബഹുമാനിച്ച് കൊട്ടാരസദസ്സിലേയ്ക്ക് ആനയിച്ചു. സഭയില്‍ നിറയെ ആകാംക്ഷാഭരിതരായി ആളുകള്‍ നിശ്ശബ്ദം മഹര്‍ഷിയെ കാത്തിരിപ്പുണ്ടായിരുന്നു. മുന്‍പത്തെ ദിവസങ്ങളില്‍ തങ്ങള്‍ക്കു നിശ്ചയിച്ചു നല്‍കിയ ആസനങ്ങളില്‍ അവര്‍ ഇരുപ്പുറപ്പിച്ചു. രാമന്‍ വസിഷ്ഠമുനിയുടെ മുഖത്തേയ്ക്ക് ഭക്തിപുരസരം, സാകൂതം നോക്കി.

വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ഇതുവരെ നിനക്ക് പറഞ്ഞു തന്ന ആത്മജ്ഞാനപ്രദായകങ്ങളായ വാക്കുകള്‍ നിനക്ക് ഓര്‍മ്മയുണ്ടാകുമല്ലോ. പരിപൂര്‍ണ്ണത എങ്ങിനെയാണ് ശാശ്വതമായി നമ്മില്‍ ദൃഢീകരിക്കുവാനാവുക എന്ന് ഞാന്‍ നിനക്ക് വീണ്ടും പറഞ്ഞു തരാം. മനോപാധികളില്ലാതെ അനാസക്തനായി, സത്യത്തെക്കുറിച്ച് ശരിയായ അറിവുറയ്ക്കുമ്പോള്‍ നിനക്ക് ഈ സംസാരസാഗരത്തെ, അതായത്‌ ജനനമരണങ്ങള്‍ എന്ന ബന്ധനചക്രത്തെ മറികടക്കാന്‍ കഴിയും. അതുകൊണ്ട് ഇതിനു സാദ്ധ്യമാവുന്ന തരം കര്‍മ്മങ്ങളില്‍ നീ സദാ വ്യാപൃതനായാലും.

വാസനകള്‍ ഇല്ലാതായി, മനോപാധികള്‍ നശിച്ച്, തെറ്റിദ്ധാരണകള്‍ പൂര്‍ണ്ണമായി അസ്തമിച്ച് സത്യം സാക്ഷാത്കരിക്കുമ്പോള്‍ ദുഃഖ നിവൃത്തിയായി. അനന്താവബോധം, അതായത്‌ കേവലമായ അസ്തിത്വം മാത്രമേ ഉണ്മയായുള്ളു. അത് കാലദേശാദി ധാരണകള്‍ക്കതീതവും അവിഛിന്നവുമാണ്. അനന്തത മാത്രമേയുള്ളൂ എങ്കിലും അതില്‍ എങ്ങിനെയോ ദ്വന്ദത ഉളവായി. അനന്തതയെ എങ്ങിനെയാണ് രണ്ടായി വിഭജിക്കുക? അത് സാധ്യമല്ലതന്നെ. ഈ സത്യമറിഞ്ഞുകൊണ്ട് അഹംകാരമുക്തനായി ആനന്ദത്തില്‍ അഭിരമിച്ചാലും.

ശരിയായ അര്‍ത്ഥത്തില്‍ മനസ്സില്ല, അവിദ്യയില്ല, ജീവാത്മാവും (വ്യക്തിഗതമായ ആത്മാവ്) ഇല്ല. ഇവയെല്ലാം സൃഷ്ടികര്‍ത്താവായ ബ്രഹ്മാവില്‍ അങ്കുരിച്ച സങ്കൽപ്പധാരണകള്‍ മാത്രമാണ്. എന്തൊക്കെ വസ്തുക്കളുണ്ടോ, മനസ്സ്‌ എന്തൊക്കെയാണോ, ആ മനസ്സെന്തോക്കെയാണോ ആഗ്രഹിക്കുന്നത്, അവയെല്ലാം എകാത്മകമായ- ഒരേയൊരു വിശ്വാവബോധം മാത്രമാണ്. ഒരേയൊരു സത്തയാണ് സ്വര്‍ഗ്ഗത്തിലും നരകത്തിലും ഭൂമിയിലും പ്രഭപരത്തി ജ്വലിക്കുന്നത്.

അജ്ഞതയില്‍ നിന്ന് ജനിച്ച ധാരണകള്‍ ഉള്ളിടത്തോളം കാലം, അനന്തതയെക്കുറിച്ചല്ലാതെയുള്ള മറ്റു പ്രതീതികള്‍ ഉള്ളിടത്തോളം, ആശകളും പ്രത്യാശകളും നിലനില്‍ക്കുന്നിടത്തോളം, മാത്രമേ മനസ്സെന്ന ധാരണയ്ക്ക് സാധുതയുള്ളൂ.

“ദേഹത്തെ ‘ഞാന്‍’ എന്ന് കരുതി,  പ്രത്യക്ഷമായി കാണപ്പെടുന്നതുമായാണ്   ആത്മാവ്  ബന്ധപ്പെട്ടിരിക്കുന്നതെന്ന് ധരിച്ച്, വിഷയങ്ങളില്‍ ആശവച്ച്, ‘ഇതെന്റെത്’, 'ഇത് മറ്റൊരുവന്റെത്',  എന്ന് കരുതിയിരിക്കുന്നിടത്തോളം മനസ്സ് മുതലായ വിഭ്രാന്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

Apr 1, 2013

320 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 320


ആറാം ഭാഗം - നിര്‍വാണ പ്രകരണം ആരംഭം

അനയൈവ ദിയാ രാമ വിഹരന്നൈവ ബദ്ധ്യസേ
അന്യഥാധ: പതസ്യാശു വിന്ധ്യഖാതെ യഥാ ഗജ: (6/1/26)

വാല്‍മീകി: ഉപശമപ്രകരണത്തിന്റെ വിശദമായ ഉപന്യാസം അവസാനിപ്പിച്ചിട്ട് വസിഷ്ഠമുനി ഇങ്ങിനെ പറഞ്ഞു: ‘രാമാ, നീയിതുവരെ ഉപശമപ്രകരണം കേട്ടുവല്ലോ. ഇനി മുക്തിയെ സംബന്ധിക്കുന്ന ശാസ്ത്രഭാഗങ്ങള്‍ - നിർവാണ പ്രകരണം ഞാന്‍ വിശദീകരിക്കാം.’

സഭയില്‍ സന്നിഹിതരായിരുന്നവരെല്ലാം മഹാനായ വസിഷ്ഠന്റെ പ്രഭാഷണത്തിന്റെ ചാതുര്യത്തിൽ ആമഗ്നരായി ഇരുന്നു. അദ്ദേഹത്തിന്‍റെ ഓരോ വാക്കുകളിലും ഭാവഹാവാദികളിലും അവര്‍ ജാഗ്രതയോടെ ശ്രദ്ധയുറപ്പിച്ചിരുന്നു. ജീവനുള്ള മനുഷ്യരൂപങ്ങളെ വരച്ചുവെച്ചതുപോലെ, നിര്‍നിമേഷരായിട്ടായിരുന്നു അവരുടെ ഇരുപ്പ്‌.. സൂര്യചന്ദ്രാദികളും കാറ്റും പക്ഷിമൃഗാദികളും, എന്നുവേണ്ട പ്രകൃതി മുഴുവനും മഹര്‍ഷിയുടെ പ്രഭാഷണം ശ്രദ്ധയോടെ ശ്രവിച്ചു. അതിലെ സൂക്ഷ്മതരമായ ആത്മജ്ഞാനത്തില്‍ ആണ്ടുമുങ്ങി അവരുടെ ആത്മാവ് വിലീനമായിത്തീര്‍ന്നിരുന്നു. സൂര്യാസ്തമയമായപ്പോഴേക്ക് കൊട്ടാരത്തില്‍ ഭേരിയും കാഹളവും മുഴങ്ങി.

ഈ കോലാഹലം വസിഷ്ഠമുനിയുടെ ശബ്ദത്തിനു മുകളില്‍ പൊങ്ങി നിന്നിരുന്നുവെങ്കിലും അതൊന്നടങ്ങിയപ്പോള്‍ മഹര്‍ഷി രാമനോട് ഇങ്ങിനെ ചോദിച്ചു: രാമാ, പരമോന്നതമായ സത്യത്തെ വാക്കുകള്‍കൊണ്ട് ഊടും പാവും ചേർത്ത് ഒരു വലനെയ്യുംപോലെ ഞാന്‍ നിനക്ക് പറഞ്ഞു തന്നു. ഈ വലയില്‍ നിന്റെ മനസ്സാകുന്ന പക്ഷിയെ നീ ബന്ധിച്ചാലും. അങ്ങിനെ മനസ്സ് നിന്റെ ഹൃദയത്തില്‍ വിശ്രാന്തിയടയട്ടെ. അതുവഴി നിനക്ക് ആത്മജ്ഞാനം പ്രാപിക്കാം. ഞാന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ നിന്നില്‍ വേണ്ടത്ര ആഴ്ന്നിറങ്ങിയിട്ടുണ്ടോ? പാലും വെള്ളവും വേര്‍തിരിച്ച് പാലുമാത്രം കുടിക്കുവാന്‍  കഴിവുള്ള ജീവിയാണ് അരയന്നം എന്നൊരു ചൊല്ലുണ്ടല്ലോ? അതുപോലെ നിനക്കും ഞാന്‍ പറഞ്ഞ അനവധി കഥകളില്‍ നിന്നും ഉദാഹരണങ്ങളില്‍ നിന്നും സത്യസാരം വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചുകാണുമല്ലോ. ഈ സത്യത്തെപ്പറ്റി നീ തുടര്‍ച്ചയായി ധ്യാനം ചെയ്യണം. ഞാന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും മനനം ചെയ്തുറപ്പിച്ച് നീയീ പാതയില്‍ സധീരം മുന്നേറിയാലും.
 
“നിന്റെ പ്രജ്ഞ സത്യത്തില്‍ അടിയുറച്ചിരുന്നാല്‍പ്പിന്നെ ലൌകീകമായി വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളിലും വ്യവഹാരങ്ങളിലും നീ  മുഴുകിയിരുന്നാലും നിന്നെ അവ ബാധിക്കുകയില്ല. എന്നാല്‍ സത്യജ്ഞാനത്തില്‍ നിന്ന് വ്യതിചലിച്ചാലോ, അഗാധ ഗര്‍ത്തത്തില്‍ പതിക്കുന്ന ആനയെപ്പോലെ നിന്റെ പതനവും സുനിശ്ചയമാണ്.” ഈ സത്യജ്ഞാനത്തെ സ്വന്തം ജീവിതത്തില്‍ അനുവര്‍ത്തിക്കാതെ അതൊരു ബുദ്ധിവ്യായാമമോ വിനോദാനുഭവമോ മാത്രമായി നീ എടുക്കുകയാണെങ്കില്‍ ഒരന്ധനു പറ്റുന്ന വീഴ്ച്ചപോലെയാവും അതിന്റെ ഫലം.

ഞാന്‍ പറഞ്ഞുതന്ന മുക്തിതലം അല്ലെങ്കില്‍ പരിപൂര്‍ണ്ണസ്ഥിതിയെ  പ്രാപിക്കണമെങ്കില്‍ അനാസക്തനായി നീ ഓരോ അവസരത്തിലും ഉചിതമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. എല്ലാ വേദശാസ്ത്രങ്ങളുടെയും പ്രധാന സന്ദേശം അനാസക്തിയാണെന്ന് അറിഞ്ഞാലും.

സഭ പിരിയാന്‍ അനുവാദം കിട്ടിയപ്പോള്‍ എല്ലാവരും അവരവരുടെ വാസഗൃഹങ്ങളിലേയ്ക്ക് മടങ്ങി. അവര്‍ വസിഷ്ഠമുനിയുടെ പ്രഭാഷണത്തെപ്പറ്റി പരസ്പരം ചര്‍ച്ചചെയ്തും അതിനെപ്പറ്റി മനനം ചെയ്തും രാത്രി കഴിച്ചുകൂട്ടി. അങ്ങിനെ അന്നുരാത്രി വളരെക്കുറച്ചു സമയം മാത്രമേ അവര്‍ ദീര്‍ഘനിദ്രയില്‍ കഴിഞ്ഞുള്ളു.